ഞാന്‍ മടങ്ങിയിട്ടില്ല അമേരിക്കയില്‍ തന്നെ


(കോവിഡ് 19 കാലം അമേരിക്കയില്‍ അകപ്പെട്ട യുവകഥാകാരന്‍ വിനോദ് കൃഷ്ണ തന്‍റെ ദിനങ്ങളെക്കുറിച്ച്)
വിനോദ് കൃഷ്ണ
     അമേരിക്കയിലെ ലോസ് ആഞ്ചലസില്‍ ആണ് ഹോളിവുഡ് സ്ഥിതി ചെയ്യുന്നത്. ഞാന്‍ സംവിധാനം ചെയ്ത 'ഈലം' എന്ന ചിത്രം ഹോളിവുഡിലെ ഗോള്‍ഡന്‍ സ്റ്റേറ്റ് ഫിലിം ഫെസ്റ്റിവലില്‍ ഒഫീഷ്യല്‍ എന്‍ട്രി ആയിരുന്നു. അതിന്‍റെ ഭാഗമായി ക്ഷണം കിട്ടിയാണ് ഞാന്‍ അമേരിക്കയില്‍ എത്തിയത്. കൊറോണ പൊട്ടിപ്പുറപ്പെടുകയും യാത്രാ നിയന്ത്രണങ്ങള്‍ വരുകയും ചെയ്തതിനാല്‍ എനിക്കിതു വരെ നാട്ടില്‍ തിരിച്ചെത്താന്‍ സാധിച്ചിട്ടില്ല.
     ലോകപ്രശസ്തമായ ചൈനീസ് തിയറ്ററില്‍ ആയിരുന്നു ഈലം പ്രദര്‍ശിപ്പിച്ചത്. ഹോളിവുഡിലെ പ്രധാന ടൂറിസ്റ്റ് സ്പോട്ട് ആണ് ചൈനീസ് തിയറ്ററും അത് സ്ഥിതി ചെയ്യുന്ന ഹോളിവുഡിലെ walk of fame ഉം. കൊറോണ കാരണം അവിടെ ഒക്കെ ഇപ്പോള്‍ ശോകമൂകമാണ്. ടൂറിസ്റ്റുകള്‍ ഇല്ല. വലിയ ഹോട്ടലുകള്‍ പോലും ആളില്ലാതെ അടച്ചിട്ടിരിക്കുന്നു. പല ഹോട്ടലുകളും ലോക്കല്‍ ബോഡി ഏറ്റെടുത്തു ക്വാറന്‍റൈന്‍ കേന്ദ്രങ്ങള്‍ ആക്കിയിട്ടുമുണ്ട്. വിദേശികള്‍ ആണ് ഹോട്ടലുകളില്‍ അധികവും കുടുങ്ങിക്കിടക്കുന്നത്. ഇവിടത്തെ വമ്പന്‍ തിയറ്റര്‍ ഗ്രൂപ്പുകള്‍ എല്ലാം തന്നെ കടക്കെണിയില്‍ ആയി. കൊറോണ കാരണം പ്രദര്‍ശനങ്ങള്‍ ഇല്ല. എങ്കിലും കറന്‍റ് ചാര്‍ജും മറ്റു ചെലവുകളും മള്‍ട്ടിപ്ലക്സ് മെയിന്‍റനന്‍സും ഒക്കെയായി മാസം നല്ലൊരുതുക ചെലവുവരുന്നുണ്ട്. ഈ ബിസിനസ് രംഗം പിടിച്ചു നിര്‍ത്താനായി ട്രംപ് മള്‍ട്ടിപ്ലക്സ് കമ്പനികള്‍ക്ക് വലിയ ഫണ്ട് അനുവദിച്ചിരിക്കുകയാണ്. നികുതി അടക്കുന്ന എല്ലാവര്‍ക്കും 1200 ഡോളര്‍ വീതം ട്രംപ് അനുവദിച്ചിട്ടുണ്ട്. ജോലിയില്ലാതെ വീട്ടില്‍ ഇരിക്കുന്നവര്‍ക്ക് ഇതു വലിയ ആശ്വാസമാണ്.
     ഫെസ്റ്റിവല്‍ കഴിഞ്ഞ ശേഷം ഞാന്‍ കാലിഫോര്‍ണിയയിലെ പല പ്രധാന സ്ഥലങ്ങളും ചുറ്റിക്കണ്ടിരുന്നു. നടനും നിര്‍മാതാവുമായ ജോസ്കുട്ടി മഠത്തില്‍ ആണ് സ്ഥലങ്ങള്‍ എല്ലാം കാണിച്ചുതന്നത്. ഞങ്ങള്‍ സഞ്ചരിച്ച വഴികള്‍ എല്ലാം തന്നെ വിജനമാണിന്ന്.


     ലോകത്തില്‍ ഏറ്റവും കൂടുതല്‍ ഫോട്ടോഗ്രാഫ് ചെയ്യപ്പെട്ട പാലമാണ് ഗോള്‍ഡന്‍ ഗേറ്റ് ബ്രിഡ്ജ്. ആയിരക്കണക്കിന് സഞ്ചാരികളാണ് നിത്യവും ഇവിടെ എത്തുന്നത്. കാലാവസ്ഥ മാറുമ്പോള്‍ പാലത്തിനു വേറൊരു ഭാവമാണ്. മഞ്ഞില്‍ കുളിച്ചു നില്‍ക്കുന്ന ബ്രിഡ്ജ് അല്ല വെയിലില്‍ കിടക്കുന്നത്! അത്ഭുതപ്പെടുത്തുന്ന എഞ്ചിനീയറിങ്. രമണീയമായ പ്രകൃതി. ചരിത്രമുറങ്ങുന്ന നഗരത്തിന്‍റെ നെടുംതൂണ്‍. ഇങ്ങനെ പല കാരണങ്ങള്‍ കൊണ്ട് ഗോള്‍ഡന്‍ ഗേറ്റ് ബ്രിഡ്ജ് സഞ്ചാരികളുടെ ഇഷ്ട ഇടമാണ്. എപ്പോഴും വന്‍ തിരക്കാണ്.Stay at Place ഓര്‍ഡര്‍ വരുന്നതിനും രണ്ടാഴ്ച മുമ്പാണ് ഞാനും ജോസുകുട്ടിയും ഗോള്‍ഡന്‍ ഗേറ്റ് ബ്രിഡ്ജ് കാണാന്‍ പോയത്. ഇന്നവിടെ ശൂന്യമാണ്. ഒരു വൈറസ് എല്ലാ വിസ്മയ കാഴ്ചകളെയും അടച്ചു കളഞ്ഞിരിക്കുന്നു. ദിവസവും ആയിരക്കണക്കിന് വാഹനങ്ങളാണ് ബ്രിഡ്ജ് വഴി കടന്നുപോകുന്നത്. ഒരു ദിവസം ടോള്‍ ഇനത്തില്‍ മാത്രം മൂന്ന് ലക്ഷം ഡോളര്‍ ആണ് ഗോള്‍ഡന്‍ ഗേറ്റ് ബ്രിഡ്ജ് അതോറിറ്റിക്ക് കോവിഡ് കാരണം നഷ്ടം ഉണ്ടാവുന്നത്. പുലര്‍ച്ചെ 5 മുതല്‍ രാവിലെ പത്തു വരെ വെറും 6700 വാഹനങ്ങള്‍ മാത്രമാണ് Stay at Home നടപ്പിലായപ്പോള്‍ ഇതുവഴി കടന്നുപോയത്. ഇതില്‍ തന്നെ 70% ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് ഗോള്‍ഡന്‍ ഗേറ്റ് ബ്രിഡ്ജ് ഡിസ്ട്രിക്ട് മാനേജര്‍ ഡെന്നിസ് മുള്ളിഗന്‍ പറയുന്നു. ക്യാപിറ്റലിസ്റ്റ് രാജ്യമായ അമേരിക്കയുടെ സമ്പദ് വ്യവസ്ഥയെ കോവിഡ് 19 എങ്ങനെ ബാധിക്കുന്നു എന്നതിന്‍റെ ഏറ്റവും ചെറിയ ഉദാഹരണമാണിത്.

ന്യൂയോര്‍ക്ക് അമേരിക്കയുടെ സങ്കടം
     ഇവിടെ കൊറോണ പടര്‍ന്നുപിടിച്ചതു പല കാരണങ്ങള്‍ കൊണ്ടാണ്. അതിലൊന്ന് രാഷ്ട്രീയ പാപ്പരത്തവും മാനുഷികമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന നേതൃത്വം ഇല്ലാത്തതുമാണ്. ന്യൂയോര്‍ക്കിലെ ജനസാന്ദ്രത സ്ക്വയര്‍ കിലോമീറ്ററിന് 12,000-20,000 ആണ്. കേരളത്തില്‍ 860. ലോകത്തെ മുഴുവന്‍ ബന്ധപ്പെടുത്തുന്ന എയര്‍ റൂട്ടുകള്‍ ന്യൂയോര്‍ക്കിലേക്കുണ്ട്, ലക്ഷക്കണക്കിനു പേരാണ് അവിടേക്കുവരുന്നത്. ചൈനയിലെ വുഹാനില്‍ ജനുവരിയിലാണ് രോഗം വ്യാപിച്ചത്. എന്നാല്‍ ഫെബ്രുവരി രണ്ടിനാണ് ന്യൂയോര്‍ക്ക് വിമാനത്താവളം ഭാഗികമായി അടച്ചത്. പൂര്‍ണമായി വിമാനത്താവളം അടക്കാനാകില്ല. കാരണം, അവിടത്തെ 20 ശതമാനം പേരും വിദേശത്തു നിന്ന് വരുന്നവരാണ്. അതിനകം, 4,30,000 ചൈനക്കാര്‍ അമേരിക്കയിലെത്തിയിരുന്നു. വുഹാനില്‍ നിന്നു മാത്രം 40,000 പേര്‍ അമേരിക്കയിലെത്തി.
     ഈ വസ്തുതകള്‍ മുന്‍കൂട്ടി കണ്ടു മുന്‍കരുതലുകള്‍ എടുക്കാനും നടപടികള്‍ തുടങ്ങാനും വൈകി. 

അമേരിക്കയിലേക്കുള്ള ഫ്ളൈറ്റ് നിരോധിച്ചപ്പോള്‍, ചൈനക്കാര്‍ മിലാനില്‍ ചെന്നിറങ്ങി, അവിടെ നിന്ന് ന്യൂയോര്‍ക്കിലേക്ക് കണക്ഷന്‍ ഫ്ളൈറ്റ് എടുത്തു. ഇങ്ങനെ സാമൂഹികവ്യാപനം എളുപ്പത്തില്‍ നടന്നു. ഇവിടെ കൊറോണയ്ക്ക് മുന്നില്‍ ശാസ്ത്രം അല്ല തോറ്റത്, ടെക്നോളജി അല്ല തോറ്റത്, രാഷ്ട്രീയ വിവ
രക്കേടാണ്. നമ്മള്‍ പലരും കൊറോണ നിയന്ത്രിക്കുന്നതില്‍ അമേരിക്ക പരാജയപ്പെട്ടു എന്നു പറയുന്നുണ്ട്. അത് ഭരണ പരാജയം ആണ്. അല്ലാതെ അവര്‍ക്കു കഴിവില്ലാത്തതു കൊണ്ടോ അതിന്‍റെ സാങ്കേതികത അറിവില്ലാത്തതുകൊണ്ടോ അല്ല. ഇന്ന്, കൊറോണക്കെതിരെ നാം ഉപയോഗിക്കുന്നവയില്‍ 90 ശതമാനം സാങ്കേതികവിദ്യയും അമേരിക്കയുടേതാണ്. കോവിഡ് രോഗനിര്‍ണയത്തിന് അത്യന്താപേക്ഷിതമായ പി. സി. ആര്‍ സാങ്കേതികവിദ്യ (ജീഹ്യാലൃമലെ ഇവമശി ഞലമരശേീി  ജഇഞ) കണ്ടുപിടിച്ചത് അമേരിക്കന്‍ ബയോളജിസ്റ്റും ശാസ്ത്രജ്ഞനുമായ കാരി ബാങ്ക്സ് മുല്ലിസ് ആണ്. 1993 ല്‍ 49-ാം വയസ്സില്‍ അദ്ദേഹത്തിന് നൊബേല്‍ സമ്മാനവും ലഭിച്ചിരുന്നു.

നഴ്സിംഗ് ഹോമുകള്‍
     വാര്‍ധക്യ സഹജമായ രോഗമുള്ളവരും പരസഹായമില്ലാതെ കഴിയാന്‍ പറ്റാത്തവരുമാണ് നഴ്സിംഗ് ഹോമുകളിലും മറ്റും ഉള്ളത്. ഇപ്പോള്‍ ഏറ്റവും കൂടുതല്‍ മരണം സംഭവിക്കുന്നത് നഴ്സിംഗ് ഹോമുകളില്‍ ആണ്. ഇതാണ് ആരോഗ്യ പ്രവര്‍ത്തകരെ അലട്ടുന്ന കാര്യം. പലയിടത്തും നഴ്സുമാരെയും കിടപ്പു രോഗികളെ നോക്കാനുള്ളവരെയും കിട്ടാനില്ല. കൊറോണ കാരണം ഇവിടങ്ങളില്‍ ജോലിക്ക് വേണ്ടത്ര സ്റ്റാഫില്ല. 
     'ബന്ധുക്കളെയും അടുപ്പക്കാരെയും ഒന്നും ഇപ്പോള്‍ നഴ്സിംഗ് ഹോമിലേക്ക് (അസിസ്റ്റഡ് ലിവിങ്) പ്രവേശിപ്പിക്കുന്നില്ല. മെഡിക്കല്‍ വര്‍ക്കേഴ്സ് വന്നാല്‍ പോലും പലവിധ ടെസ്റ്റുകള്‍ ചെയ്ത ശേഷമാണ് കാണാന്‍ അനുവദിക്കുന്നത്', ഗേറ്റ് വേ കെയര്‍ ആന്‍റ് റിഹാബ് സെന്‍ററിലെ ഹെഥേര്‍ ബോണാര്‍ പറയുന്നു. പല നഴ്സിംഗ് ഹോമുകളിലും ജീവനക്കാര്‍ക്കും പോസിറ്റീവ് ആണ്. ഇതും നിയന്ത്രണാതീതം അല്ല.

മടുത്തു പുറത്തിറങ്ങുന്ന ജനം
     കാലിഫോര്‍ണിയയുടെ സംസ്ഥാന പുഷ്പമാണ് പോപ്പി. ഇപ്പോള്‍ ഇവിടെ പോപ്പി പൂവിട്ട സീസണ്‍ ആണ്. മലകളിലും റോഡുവക്കത്തും പാര്‍ക്കുകളിലും പോപ്പി നിറഞ്ഞുനില്‍ക്കുന്നു. കൊറോണ റിപ്പോര്‍ട്ട് ചെയ്ത ആദ്യകാലങ്ങളില്‍ മ്യെേ മേ വീാല നടപ്പിലാക്കിയിരുന്നെങ്കിലും പാര്‍ക്കുകള്‍ ഒന്നും അടച്ചിരുന്നില്ല. പോപ്പി കാണാന്‍ പല പാര്‍ക്കുകളിലും ജനം കൂട്ടത്തോടെ വരാന്‍ തുടങ്ങി. ഇതു ആശങ്ക ഉണ്ടാക്കിയപ്പോള്‍ ആണ് അധികൃതര്‍ പ്രധാന പാര്‍ക്കുകള്‍ എല്ലാം അടച്ചത്. തുടക്കത്തില്‍ പലരും ഇവിടെ ഈ രോഗവ്യാപനം ഭയന്നില്ല എന്നുവേണം കരുതാന്‍.
     തങ്ങളുടെ കാറിനേക്കാള്‍ വിലപിടിപ്പുള്ള പട്ടിയെയുമായി പാര്‍ക്കില്‍ ഉലാത്താന്‍ വരുന്നവരെ കൊണ്ട് സമ്പന്നമാണ്, റോക്ക് വില്‍ ഹില്‍സ് റീജിയണല്‍ പാര്‍ക്ക്. ഫെയര്‍ഫീല്‍ഡില്‍ ഞാന്‍ താമസിക്കുന്ന മാസ്റ്റേഴ്സ് ഡ്രൈവില്‍ നിന്നു ഏതാനും മിനിറ്റുകള്‍ ഡ്രൈവ് ചെയ്താല്‍ പാര്‍ക്കില്‍ എത്താം. അമേരിക്കയില്‍ കൊറോണ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടും അവിടെ നടക്കാന്‍ വരുന്നവരുടെ എണ്ണത്തില്‍ യാതൊരു കുറവും ഉണ്ടായിരുന്നില്ല. ജനങ്ങളോട് വീട്ടില്‍ തങ്ങാനുള്ള നിര്‍ദേശം കൗണ്ടി അധികൃതര്‍ പുറപ്പെടുവിച്ചപ്പോഴും പാര്‍ക്ക് അടച്ചിരുന്നില്ല. എങ്കിലും ശ്മശാനമുഖമായിരുന്നു അവിടെ. എന്നാല്‍ കഴിഞ്ഞ മാസം വീക്ക് എന്‍ഡില്‍ ജനങ്ങള്‍ എല്ലാം കാറ്റില്‍ പറത്തി. ഏക്കറു കണക്കിന് വിശാലമായി കിടക്കുന്ന പാര്‍ക്കിങ് ലോട്ടില്‍ കാറുകള്‍ നിറഞ്ഞു. ڇവാഹനം ഇടാനാവാതെ തിരിച്ചുപോയവരുടെ എണ്ണമായിരുന്നു കൂടുതല്‍ڈ - പാര്‍ക്ക് ഡയറക്ടര്‍ ലിഞ്ച് കാന്യോണ്‍ പറയുന്നു. വീട്ടില്‍ നിന്നു പുറത്തു ചാടുന്നവരെ പൂട്ടാന്‍ അധികൃതര്‍ കര്‍ശന നടപടികള്‍ തുടങ്ങിയിരിക്കുകയാണിപ്പോള്‍. ഫ്രീ വേകളില്‍ ട്രക്കുകള്‍ മാത്രം വിരളമായി കാണാം. അത്യാവശ്യത്തിനു പോകുന്നവരുടെ വാഹനങ്ങളെക്കാള്‍ പൊലീസ് വണ്ടികളാണ് റോഡില്‍ കൂടുതലും. ജോസ്കുട്ടിക്കൊപ്പം, സോളാനോ കൗണ്ടിയിലുള്ള ഇന്ത്യന്‍ സ്റ്റോറില്‍ പോയപ്പോഴാണ് നിരത്തിലെ ശൂന്യത പിടികിട്ടിയത്. കടന്നുപോകാന്‍ വാഹനങ്ങള്‍ ഇല്ലാതെ സിഗ്നല്‍ കത്തിക്കൊണ്ടിരുന്നു. അവിടെയൊക്കെ പുതിയ ഇലക്ട്രോണിക് സൈന്‍ ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. എല്ലാത്തിലും കൊറോണ ജാഗ്രത നിര്‍ദേശങ്ങള്‍ ആണ്. ഇന്ത്യന്‍ സ്റ്റോറിന്‍റെ മുതലാളി പഞ്ചാബിയാണ്. അവിടെ ആരും തന്നെ ഉണ്ടായിരുന്നില്ല, മുതലാളിയും മാസ്ക് ധരിച്ച ഒരു ജീവനക്കാരനും അല്ലാതെ. ഞങ്ങള്‍ ബില്ല് അടച്ചു പുറത്തിറങ്ങിയപ്പോള്‍ ഒരു വീാലഹലൈ വന്നു. പഞ്ചാബി അയാള്‍ക്ക് കുറെ പഴങ്ങളും ബ്രഡും വെറുതെ നല്‍കി. കാലിഫോര്‍ണിയ സ്റ്റേറ്റില്‍ മാത്രം ഒന്നര ലക്ഷം ഹോംലെസ്സുകള്‍ ഉണ്ടെന്നാണ് ഔദ്യോഗിക കണക്ക്. അമേരിക്കയില്‍ ന്യൂയോര്‍ക്കിലും കാലിഫോര്‍ണിയയിലുമാണ് ഏറ്റവും കൂടുതല്‍ ഹോംലെസ്സ് ഉള്ളത്. കൊറോണ ഇവരെയാണ് എല്ലാത്തരത്തിലും സാരമായി ബാധിക്കുന്നത്. 
     ഫെയര്‍ഫീല്‍ഡില്‍ ഉള്ള ഡോളര്‍ സ്റ്റോറില്‍ (ഏതെടുത്താലും ഒരു ഡോളര്‍) കുറഞ്ഞ വരുമാനക്കാരും ഹോംലെസ്സുകളും ആണ് അധികവും സാധനങ്ങള്‍ വാങ്ങാന്‍ വരുന്നത്. കൊറോണ ഭീതി പരന്നപ്പോള്‍ അവിടെ സാനിറ്റൈസറും നാപ്കിനും ടിഷ്യുപേപ്പറും വാങ്ങാന്‍ മറ്റുള്ളവരും ഇടിച്ചു കേറി. ഹോംലെസ്സുകള്‍ ആണ് ആദ്യം പുറംതള്ളപ്പെട്ടുപോയത്. സര്‍ക്കാര്‍ കുറഞ്ഞ വരുമാനക്കാര്‍ക്കും ഹോംലെസ്സുകള്‍ക്കും ഫുഡ് സ്റ്റാമ്പ് കൊടുക്കുന്നുണ്ട്. അതൊരു തരം പ്ലാസ്റ്റിക് മണി ആണ്. ഭക്ഷണം, മരുന്ന് എന്നിവ വാങ്ങാന്‍ ഈ കാര്‍ഡ് ഉപയോഗിക്കാം.

ഫുഡ് മാളുകളും കണ്‍സ്യൂമര്‍ സ്റ്റോറുകളും തകര്‍ന്നു
    കൊറോണ എല്ലാ തൊഴില്‍ മേഖലയെയും സാരമായി ബാധിച്ചിട്ടുണ്ട്. കോസ്കോ പോലുള്ള വന്‍ സൂപ്പര്‍ മാര്‍ക്കറ്റ് ചെയിന്‍ തകര്‍ച്ചയില്‍ ആവുമത്രെ. കൊറോണയുടെ തുടക്ക നാളുകളില്‍ സാധനങ്ങള്‍ വാങ്ങാന്‍ വന്‍തിരക്കായിരുന്നുവെങ്കിലും ഇപ്പോള്‍ ഫ്രീസര്‍ പ്രവര്‍ത്തിക്കുന്നതിന്‍റെ ചെലവ് പോലും ഒത്തുകിട്ടുന്നില്ല എന്നാണ് പറയുന്നത്.
     ഞാന്‍ കാലിഫോര്‍ണിയയുടെ തലസ്ഥാനമായ സാക്രമെന്‍റോയില്‍ പോയിരുന്നു. അവിടത്തെ സര്‍ക്കാര്‍ ഓഫീസുകള്‍ എല്ലാം ശൂന്യമാണ്. സിറ്റി മെട്രോയില്‍ ഡ്രൈവര്‍ മാത്രമേ ഉള്ളൂ! ബാങ്ക്, ഗ്രോസറി സ്റ്റോര്‍, ഫാര്‍മസി എന്നിവ മാത്രമെ തുറന്നിട്ടുള്ളു. ഏറ്റവും തിരക്കുണ്ടായിരുന്ന അമേരിക്കന്‍ ബാങ്ക് ഇപ്പോള്‍ ഒരു പ്രേത ഭവനമാണ്. റെസ്റ്റോറന്‍റുകളില്‍ മേസല മംമ്യ മാത്രമെ ഉള്ളൂ. ഇരുന്നു കഴിക്കാന്‍ ആള്‍ക്കാര്‍ക്ക് പേടിയാണ്. ഇവിടങ്ങളില്‍ പാര്‍ട്ട് ടൈം ജോലി ചെയ്യുന്ന ചെറുപ്പക്കാരെല്ലാം ഒറ്റ രാത്രിയോടെ വരുമാനമില്ലാത്തവരായി തീര്‍ന്നു. ഗോള്‍ഫ് ക്ലബ്ബുകള്‍ ആണ് കൊറോണ കാരണം വരുമാന നഷ്ടം സഹിക്കുന്ന മറ്റൊരു മേഖല. ഞാന്‍ താമസിക്കുന്ന ജോസ്കുട്ടിയുടെ വില്ലയ്ക്കു പിറകിലാണ് പാരഡയസ് വാലി ഗോള്‍ഫ് കോഴ്സ് ഉള്ളത്. അറുപതിനായിരം ഡോളര്‍ ആണത്രെ അവരുടെ പ്രതിദിന നഷ്ടം. അവിടെ മണിക്കൂറിനു ജോലി ചെയ്തിരുന്നവര്‍ക്കു പണി നഷ്ടമായി. പുല്ലു വെട്ടുന്നവരടക്കമുള്ള ഗോള്‍ഫിനെ ചുറ്റിപ്പറ്റിയുള്ള മറ്റു ജോലിക്കാരുടെയും ജീവിതം വഴിമുട്ടിയിരിക്കുകയാണ്. മെക്സിക്കന്മാരാണ് ഇത്തരം ലോ പ്രൊഫൈല്‍ ജോലികള്‍ ചെയ്യുന്നത്. കേരളത്തിലെ ബംഗാളികളെ പോലെ. കൊറോണ അവരുടെ ജീവിതമാണ് ഇല്ലാതാക്കിയത്. വീടു വൃത്തിയാക്കാനും കാര്‍ കഴുകാനും അവരെ ആരും വിളിക്കുന്നില്ല.

ലൈവ് സ്ട്രീമിംഗ് കമ്പനികള്‍ക്ക് കൊയ്ത്തുകാലം
     ശവദാഹചടങ്ങുകള്‍ ലൈവ് സ്ട്രീമിംഗ് വഴി കാണിക്കുന്നത് അത്ര കൗതുകം ഉളവാക്കുന്ന കാര്യം അല്ലായിരിക്കാം. പക്ഷെ സോഷ്യല്‍ ഡിസ്റ്റന്‍സിങ് കാരണം സെമിത്തേരികളില്‍ രണ്ടില്‍ കൂടുതല്‍ ആള്‍ക്കാരെ പങ്കെടുപ്പിക്കാന്‍ ആവില്ല. അതിനാല്‍ ലൈവ് സ്ട്രീമിങ് കമ്പനികള്‍ ചടങ്ങുകള്‍ പകര്‍ത്തി ഗാഡ്ജറ്റുകളില്‍ എത്തിക്കുന്നു. കാശ് എണ്ണിക്കൊടുത്താല്‍ മതി.
     ഓണ്‍ലൈന്‍ കമ്പനികള്‍ക്കാണ് ഈ വൈറസ് ബാധ കൊയ്ത്തുകാലം ആയി മാറിയത്. ഇവിടെ പിസ്സ ഡെലിവറി ബോയ്സിന് വലിയ ഡിമാന്‍റ് ആണ്. Instacard  എന്ന കമ്പനി മൂന്ന് ലക്ഷം പേരെയാണ് രണ്ടാഴ്ച കൊണ്ട് ഹയര്‍ ചെയ്തത്. ഒരു മണിക്കൂര്‍ ജോലി ചെയ്താല്‍ 20 ഡോളര്‍ വരെ കിട്ടും. യുണൈറ്റഡ് സ്റ്റേറ്റ്സ് പോസ്റ്റല്‍ സര്‍വീസും ആളെ എടുക്കുന്നുണ്ട്. ഓണ്‍ലൈന്‍ ട്യൂട്ടര്‍മാര്‍ക്കും വലിയ ഡിമാന്‍ഡ് ആണ്.
     രണ്ടാഴ്ചക്കുള്ളില്‍ ഒരു മില്യണ്‍ ആള്‍ക്കാരാണ് കാലിഫോര്‍ണിയയില്‍ മാത്രം അണ്‍എംപ്ലോയ്മെന്‍റ് ആനുകൂല്യങ്ങള്‍ക്ക് അപേക്ഷ കൊടുത്തിരിക്കുന്നത്. ഹോം ലോണ്‍ അടവുകള്‍ ബാങ്കുകള്‍ നീട്ടിക്കൊടുത്തത് വലിയ ആശ്വാസമാണ്. ഈ കാര്യത്തില്‍ സര്‍ക്കാര്‍ മൊറോട്ടോറിയം പ്രഖ്യാപിച്ചതാണ് ഏവര്‍ക്കും ആശ്വാസമായത്.

നൈറ്റ് ലൈഫ് ഇല്ലാതായി
     നിശാ ക്ലബ്ബുകള്‍ അടച്ചതോടെ അമേരിക്കയുടെ നൈറ്റ് ലൈഫ് അടഞ്ഞുപോയി. ഡി ജെ കള്‍ക്കൊന്നും പണിയില്ല. ഓണ്‍ലൈന്‍ വഴി virtual ഡി ജെ പയറ്റുകയാണ് പല സ്ഥാപനങ്ങളും. പക്ഷെ വരുമാന നഷ്ടം കുറയ്ക്കാന്‍ എന്നിട്ടും സാധിക്കുന്നില്ല. വിനോദ വ്യവസായം ആണ് അമേരിക്കയില്‍ കൊറോണ കാരണം കൂപ്പുകുത്തിയ മറ്റൊരു മേഖല. മുമ്പ് ലേക്ക് താഹോ കാണാന്‍ പോകുന്നവഴി കുറെ കാസിനോകള്‍ കണ്ടിരുന്നു. അതെല്ലാം ഇപ്പോള്‍ അടച്ചിരിക്കുകയാണ്. വൈറസ് എല്ലാ ഉന്മാദങ്ങളെയും കൊന്നുകളഞ്ഞു. ഹോളിവുഡിലും ലോലന്‍ഡിലും ഷൂട്ടിംഗ് നടക്കാത്തതിനാല്‍ വന്‍ തൊഴില്‍ നഷ്ടവും വരുമാന നഷ്ടവും ആണുള്ളത്. വന്‍ സ്റ്റുഡിയോകള്‍ എല്ലാം അടഞ്ഞിരിപ്പാണ്. യൂണിവേഴ്സല്‍ സ്റ്റുഡിയോ അനിശ്ചിത കാലത്തേക്ക് അടച്ചു. ഹോളിവുഡ് ഹോട്ടലുകള്‍ അന്‍പതു ശതമാനം ഓഫര്‍ നല്‍കിയിട്ടും ആളില്ല. ചൈന ഹോളിവുഡ് സിനിമകളുടെ വലിയ മാര്‍ക്കറ്റ് ആയിരുന്നു. പുതിയ ബോണ്ട് പടം അവിടെ റിലീസ് ചെയ്യാന്‍ കഴിയില്ല. കഴിഞ്ഞ തവണ ഇറങ്ങിയ സ്പെക്ടര്‍, സ്കൈഫാള്‍ എന്നിവ 80 മില്യണ്‍ ആണ് ചൈനയില്‍ നിന്നു മാത്രം നേടിയിരുന്നത്. ആ സാധ്യത മുഴുവനും കൊറോണ ഉണ്ടാക്കിയ സാമൂഹ്യ അന്തരീക്ഷം ഇല്ലാതാക്കിയിരിക്കുകയാണ്.

     കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകള്‍ മിക്ക സ്കൂളുകളും നടത്തുന്നുണ്ട്.
     ഇവിടെ മലയാളികള്‍ അധികവും ഐ ടി യിലും മെഡിക്കല്‍ ഫീല്‍ഡിലും ഒക്കെയാണ് കൂടുതലും ജോലി ചെയ്യുന്നത്. സാന്‍ഫ്രാന്‍സിസ്കോ ആണ് ഐ ടി ഹബ്, അവിടെയാണ് സിലിക്കണ്‍വാലി. ഗൂഗിള്‍ ഫയര്‍ഫോക്സ്, ഫേസ്ബുക്ക് ഒക്കെ അവിടെയാണ്. ഈ രംഗത്തും കൊറോണ സാമ്പത്തിക നഷ്ടം വരുത്തിയിട്ടുണ്ട്. ഇന്ത്യന്‍ റസ്റ്റോറന്‍റ് മുഴുവനും അടഞ്ഞിരിക്കുകയാണ്. ടേക്ക് ഓഫ് ഓര്‍ഡറുകള്‍ കൊണ്ട് പിടിച്ചു നില്‍ക്കാന്‍ അവര്‍ക്കാവുന്നില്ല. മലയാളികളും സിക്കുകാരും അവരുടെ സന്നദ്ധ സംഘടന വഴി സഹായങ്ങള്‍ ചെയ്തുവരുന്നുണ്ട്. കല്‍സ കെയര്‍ ഫൗണ്ടേഷന്‍ യാത്രികര്‍ക്ക് ഭക്ഷപ്പൊതി വിതരണം ചെയ്യുന്നുണ്ട്. ഭക്ഷണം കൊടുക്കുമ്പോള്‍ പല ഭാഷകളില്‍ Thank You  പറയുന്നത് കേള്‍ക്കാം. മനുഷ്യന്‍ മഹാമാരിക്കു മുന്നില്‍ ഒന്നാണെന്നു ഇതു നമ്മളെ പഠിപ്പിക്കുന്നുڈ - ഫൗണ്ടേഷന്‍ പ്രവര്‍ത്തകനായ ജസ്പ്രീത് സിംഗ് പറയുന്നു. ശരിയാണ് ഒരു വൈറസ് മനുഷ്യന്‍റെ ഉള്ളില്‍ ഉള്ള എല്ലാ വിവേചനത്തെയും ഇല്ലാതാക്കിയിരിക്കുന്നു; തല്‍ക്കാലത്തേക്കെങ്കിലും.


Share:

No comments:

Post a Comment

മൂല്യസൃതി മാസിക വരിക്കാരാവുക

SUBSCRIBE ONLINE

SUBSCRIBE ONLINE
1 year - 360/- 2 Years - 720/- ,3 Years- 1080/-

Moolyasruthi Cover

Moolyasruthi Cover
JULY 2024

MOOLYASRUTHI MAGAZINE

CHAVARA INSTITUTE

CHAVARA INSTITUTE
ADMISSION STARTED

ADVERTISE HERE

ADVERTISE HERE
Ph : 0484 4863404

Chavara Matrimony

Chavara Matrimony

Popular Posts

Search This Site

Recent Posts