അതേ, ഏതാണ്ട് 18 വയസ്സായപ്പോള്‍ ഉത്തരവാദിത്വം മാഡത്തിന്‍റെ തലയില്‍ കേറിയതാണ്. അന്നു മുതല്‍ക്ക് തന്നെ പെന്‍റിംഗ് ആയി കിടക്കുന്നതാണ് ഈ ആഗ്രഹവും. ഇതൊരു ദുരാഗ്രഹമോ അത്യാഗ്രഹമോ അല്ല, ഏതൊരു സര്‍ക്കാരും ആഗ്രഹിക്കുന്ന മിനിമം കോമണ്‍ പരിപാടികള്‍ പോലെ ഒരു കേവലം മനുഷ്യസ്ത്രീയുടെ മിനിമം കോമണ്‍ ആഗ്രഹം മാത്രം. ആ ആഗ്രഹം നിറവേറ്റാന്‍ കഴിഞ്ഞ കട്ട സന്തോഷത്തിലാണ് ജയ്സി മാഡം. ഇപ്പോള്‍ മോശമല്ലാത്ത ഒരു സര്‍ക്കാര്‍ ഉദ്യോഗത്തില്‍ ആണെങ്കിലും മാഡത്തിന്‍റെ ചെറുപ്പകാലം അത്ര സമ്പന്നമായിരുന്നില്ല. അപ്പന്‍ ഒരു കട്ട സഖാവായിരുന്നു. പ്രളയഫണ്ട് വിതരണ കാലത്തെ കട്ട സഖാക്കന്മാരെ പോലെയല്ല. ശരിക്കും കാറല്‍ മാര്‍ക്സിനെ ആരാധ്യപുരുഷനായി കണ്ട, കമ്മ്യൂണിസത്തെ ആമാശയമാക്കാതെ ആശയമായി കണ്ട കറ തീര്‍ന്ന സഖാവ്. മാര്‍ക്സിസം തലയ്ക്ക് പിടിച്ചതുകൊണ്ട് തന്‍റെ മൂത്ത മകന് പേരിട്ടത് തന്നെ ലെനിന്‍ എന്നായിരുന്നു. മാഡത്തിന് പുത്രനുണ്ടായപ്പോഴും അപ്പന്‍റെ പാത പിന്തുടര്‍ന്ന് കാറല്‍ മാര്‍ക്സിലെ കാറല്‍ കടമെടുത്തു. ഭര്‍ത്താവിന്‍റെ ചെവിയില്‍ പേര് ഓതിക്കൊടുക്കാന്‍ ആഞ്ഞപ്പോഴാണ് അമ്മയെ ഓര്‍ത്തത്. അപ്പന് മാര്‍ക്സിസം എത്ര അളവിലുണ്ടായിരുന്നോ അതിനേക്കാള്‍ കുറച്ചുകൂടി കൂടിയ അളവില്‍ ക്രിസ്തുവിനെ മുറുകെ പിടിച്ച ആളായിരുന്നു മാഡത്തിന്‍റെ അമ്മ കര്‍മ്മലി. അതുകൊണ്ട് പകുതി പേര് അമ്മയുടെ വകയുമായി ചേര്‍ത്തു. കാറല്‍ യോഹാന്‍ എന്ന് പേരിട്ടു. യോഹാന്‍ എന്നത് സ്നാപക യോഹന്നാന്‍റെ ചുരുക്കപ്പേരാണ്. ജീവിതത്തില്‍ ലാളിത്യവും തീരുമാനത്തില്‍ ചങ്കുറപ്പും കാണിച്ച സ്നാപക യോഹന്നാനെ പണ്ടെ തന്നെ മാഡത്തിന് ഇഷ്ടമായിരുന്നു. ഒരുപക്ഷേ യേശുവിനേക്കാള്‍ കേമന്‍ ഈ യോഹന്നാന്‍ അല്ലേ എന്ന് ചിലപ്പോഴൊക്കെ മാഡത്തിന് സംശയവും തോന്നിയിട്ടുണ്ട്.
കമ്മ്യൂണിസ്റ്റ് മാത്തപ്പനും ക്രിസ്ത്യാനി കര്‍മ്മലിക്കും 8 മക്കളായിരുന്നു. മൂന്നു പെണ്ണും അഞ്ച് ആണും. സാധാരണ ഗതിയില്‍ ഇളയ പെണ്‍കുട്ടിയായ തനിക്ക് ആവശ്യത്തിലേറെ പുന്നാരവും സമ്മാനവും കിട്ടിയിട്ടുണ്ടാവുമെന്ന് സാമൂഹ്യ സാഹചര്യങ്ങള്‍ വച്ച് സംസാരിക്കുന്ന ദേശവാസികള്‍ ഉണ്ടായിരുന്നു. രണ്ട് ചേച്ചിമാരും അഞ്ചാങ്ങളമാരും അപ്പനും അമ്മയും ചേര്‍ന്ന് കേന്ദ്ര സര്‍ക്കാരുകള്‍ ബജറ്റില്‍ പ്രതിരോധ വിഹിതം മാറ്റി വയ്ക്കുന്നതു പോലെ സ്നേഹവും കരുതലും വാരിക്കോരി നല്‍കിയിട്ടുണ്ടാകും എന്നും പലരും കരുതിയിട്ടുണ്ടെങ്കിലും പ്രായപൂര്‍ത്തിയാകുന്ന കാലം വരെ വിദ്യാര്‍ത്ഥി എന്ന പരിഗണന കിട്ടിയെന്നല്ലാതെ പ്രായപൂര്‍ത്തി വോട്ടവകാശം ലഭിച്ചതിന്‍റെയൊപ്പം പ്രാരബ്ദത്തിന്‍റെ ഓട്ടവകാശവും മാഡത്തിന് ലഭിച്ചു. കൊച്ചിന്‍ പോര്‍ട്ടിലെ ഉദ്യോഗസ്ഥനായിരുന്നു എങ്കിലും വിപ്ലവം വീര്യത്തോടെ വിളമ്പാന്‍ അല്‍പം വിപ്ലവം അകത്താക്കുന്ന ശീലം മാത്തപ്പനുണ്ടായിരുന്നു. അതുക്കു മേലെ വലിയ പരോപകാര മനസ്സും വര്‍ഗബോധവും ഉള്ളിലുണ്ടായിരുന്നതു കൊണ്ട് പലപ്പോഴും എഴുതിത്തള്ളുന്ന കടങ്ങള്‍ പലര്‍ക്കും കൊടുക്കുന്നതിനാല്‍ കൈയില്‍ മിച്ചമൊന്നും ഉണ്ടായിരുന്നില്ല. അഭിമാനിയായിരുന്ന കര്‍മ്മലി അരമുറുക്കി ഉടുക്കാനും കഞ്ഞിവെള്ളം കുടിച്ച് വയറു നിറയെ പ്രാര്‍ത്ഥന കഴിച്ച് കിടന്നുറങ്ങാനും മക്കളെ പഠിപ്പിച്ചു. ഒരു പപ്പടം പലതായി കീറി എല്ലാവര്‍ക്കും ഓരോ കഷണം വീതവും ഒരു മുട്ട പൊരിച്ചത് യേശുക്രിസ്തുവിനെ പോലെ എല്ലാവര്‍ക്കും വിളമ്പി തൃപ്തരാക്കി മിച്ചം വരുത്തുന്നതിലും അമ്മയ്ക്കുണ്ടായിരുന്ന സാമര്‍ത്ഥ്യം ഇന്നും ബുള്‍സൈ ഉണ്ടാക്കി മക്കള്‍ക്ക് കൊടുക്കാന്‍ മുട്ട പൊട്ടിക്കുമ്പോള്‍ മാഡം ഓര്‍ക്കാറുണ്ട്. കെട്ടിയവനോടും മക്കളോടും അത് പങ്കുവയ്ക്കാറുമുണ്ട്. വിപ്ലവവും ദിനേശ് ബീഡിയും ചേര്‍ന്ന് മാത്തപ്പന്‍റെ ജീവിതം സര്‍വീസ് തീരുന്നതിന് മുമ്പ് തീര്‍ന്നു. ക്രിസ്തുവോ മാര്‍ക്സോ ആരോ ഒരാള്‍ സഖാവിനെ മുകളിലേക്ക് വിളിച്ചു. ഇതിനിടയില്‍ മൂത്ത മകളുടെ വിവാഹം കഴിഞ്ഞിരുന്നു. ബാക്കി 7 കോഴിക്കുഞ്ഞുങ്ങളെയും ചിറകിന്‍ കീഴില്‍ ചേര്‍ത്ത് കര്‍മ്മലി തന്‍റെ പേരിന് കാരണക്കാരിയായ കര്‍മ്മല മാതാവിന്‍റെ മുന്നില്‍ മുട്ടിന്മേല്‍ നിന്ന് നിറകണ്ണുകളോടെ വിളിച്ചു. കര്‍മ്മലിയുടെ വിളി വെറുതെയായില്ല. അമേരിക്കയിലുള്ള ആങ്ങളയുടെ രൂപത്തില്‍ കര്‍മ്മലമാതാവ് പ്രത്യക്ഷപ്പെട്ടു. കര്‍മ്മലിയെ അമേരിക്കയിലേക്ക് കൊണ്ടു പോയി. അമേരിക്കയിലേക്ക് പോയ അമ്മച്ചി വീടിന്‍റെ താക്കോല്‍ കൈയിലേക്ക് വച്ചുകൊടുക്കുമ്പോള്‍ മാഡത്തിന് ഇലക്ഷന്‍ കമ്മീഷന്‍ തരുന്ന വോട്ടവകാശത്തിനുള്ള തിരിച്ചറിയല്‍ കാര്‍ഡ് കൈയില്‍ കിട്ടിയിട്ട് ഏതാനും ദിവസങ്ങളേ ആയിരുന്നുള്ളൂ. വെളുപ്പിന് നാലു മണിക്കെഴുന്നേറ്റ് ഒന്നര മണിക്കൂര്‍ പി. എസ്. സി പഠനം, അഞ്ചര മണിക്ക് അടുക്കളയിലെ അങ്കം തുടങ്ങിയാലേ കല്ലശാരിയുടേയും മരാശാരിയുടെയും ശിഷ്യന്മാരായി പോകുന്ന മൂത്ത ആങ്ങളമാര്‍ക്ക് ചോറുപൊതി കെട്ടിക്കൊടുത്ത് കുളിച്ചൊരുങ്ങി തനിക്ക് 8.30 ന് വക്കീല്‍ ഓഫീസില്‍ എത്താനാവൂ. 5.30 വരെ നീളുന്ന ഓഫീസ് യുദ്ധത്തിന് ശേഷം വീട്ടില്‍ എത്തുമ്പോള്‍ തന്നെ കറിയാകാനും പൊരിച്ചെടുക്കാനും ഞാന്‍ തയ്യാര്‍ എന്നു പറഞ്ഞ് മണ്‍ചട്ടികളില്‍ ഒന്നില്‍ ഏതെങ്കിലുമൊരു മീന്‍ കൂട്ടം തന്നെക്കാത്തിരിപ്പുണ്ടാവും. അതിനെ പരുവപ്പെടുത്തി അത്താഴം കാലമാവുമ്പോള്‍ 8 മണി. സന്ധ്യയ്ക്കുള്ള കുടുംബപ്രാര്‍ത്ഥന മുടക്കാന്‍ അമ്മച്ചി ഇതുവരെ അനുവദിച്ചിട്ടില്ല.
വിവാഹത്തിന് ശേഷവും മാഡം ആ പതിവ് തെറ്റിച്ചിട്ടുമില്ല. മിക്കവാറും ആങ്ങളമാരാരുമില്ലാതെ തന്നെ അഞ്ചാകാശങ്ങളിലും നന്മ നിറഞ്ഞ മറിയവും ത്രിത്വസ്തുതിയും ലുത്തിനിയയുമടങ്ങുന്ന അമ്പത്തിമൂന്ന് മണി ജപം കൂടാതെ മരിച്ചുപോയ അപ്പനു വേണ്ടി പ്രത്യേക പ്രാര്‍ത്ഥനയും നടത്തി ബൈബിളും വായിച്ചിരുന്നത് മാഡം ഒറ്റയ്ക്കു തന്നെയായിരുന്നു. ആങ്ങളമാരെത്തുന്നതു വരെ വീടു വൃത്തിയാക്കലും നാളത്തേക്കുള്ള കറിക്ക് വേണ്ട മുന്നൊരുക്കങ്ങളും നടത്തും. ആങ്ങളമാരുടെ പാത്രങ്ങള്‍ കൂടി കഴുകിവച്ചിട്ട് ഉറങ്ങുന്നതിന് മുമ്പ് ഒരു മണിക്കൂര്‍ കൂടി പി. എസ്. സി പഠനം. അത് 12 മണി വരെ നീളും. 12 നും 4 നുമിടയിലുള്ള 4 മണിക്കൂര്‍ ഉറക്കം. ബാക്കി 20 മണിക്കൂര്‍ അധ്വാനം. അന്നു മുതല്‍ ബാക്കി കിടക്കുന്നതാണ് ഈ ഉറക്കം. ഒന്ന് കൊതി തീരെ രണ്ടു ദിവസം ഉറങ്ങാന്‍ വേണ്ടി മാത്രമായിട്ടൊന്നുറങ്ങാന്‍ അവസാന ഉറക്കത്തിന് മുമ്പ് കഴിയണേ എന്ന് മാത്രമായിരുന്നു മാഡത്തിന്‍റെ പ്രാര്‍ത്ഥന. എന്തായാലും കല്യാണം കഴിയുമ്പോള്‍ അതിന് സാധിക്കും എന്നവര്‍ക്കുറപ്പായിരുന്നു. അമേരിക്കയില്‍ നിന്നും അമ്മച്ചി അവധിക്ക് നാട്ടില്‍ വന്നപ്പോള്‍ തന്നെ കല്യാണം നടത്താന്‍ തീരുമാനിച്ചു. തന്നെ കെട്ടാന്‍ വരുന്ന വരനെക്കുറിച്ച് ചെറിയ സങ്കല്‍പങ്ങള്‍ മാത്രമെ മാഡത്തിനുണ്ടായിരുന്നുള്ളൂ. അയാള്‍ സിനിമയെ ഒരുപാടിഷ്ടപ്പെടുന്നവനല്ലെങ്കിലും വെറുക്കുന്നവനാകരുത്. കാരണം ഉറക്കം പോലെ തന്നെ അവര്‍ക്ക് പ്രിയപ്പെട്ടതാണ് സിനിമയും. ക്രിസ്തുവും മാര്‍ക്സും ചേര്‍ന്ന് പരുവപ്പെടുത്തിയ തന്‍റെ വ്യക്തിത്വത്തെ നിഷ്ക്കരുണം ചവിട്ടിത്തേക്കുന്നവനാകരുത്. ആണിന് പെണ്ണിന്‍റെ മേല്‍ പ്രത്യേകിച്ച് വിശേഷാധികാരം ഒന്നുമില്ല. ഓരോ വ്യക്തിക്കും അവനവന്‍റെ വ്യക്തിത്വം വിലപ്പെട്ടതാണെന്ന നിലപാടുകാരിയാണ് മാഡം അന്നുമിന്നും. ശാക്തീകരണത്തിന് ആദ്യം വേണ്ടത് അഭിപ്രായമാണെന്നാണ് മാഡത്തിന്‍റെ പക്ഷം. കെട്ടിയവന്‍ ഒരു മമ്മൂട്ടി ഫാന്‍ അല്ലെങ്കിലും മുഖത്ത് കുറച്ച് മീശയും നെഞ്ചത്ത് കുറച്ച് രോമവും ഒത്ത ഉയരവും തന്നെക്കാള്‍ അല്‍പം കൂടുതല്‍ നിറവും വേണം. കറുപ്പ് ഇഷ്ടമല്ലാത്തതു കൊണ്ടല്ല, വെളുപ്പാണ് കറുപ്പിനേക്കാള്‍ ഇഷ്ടം. അതു കൊണ്ടു മാത്രം, പെണ്ണുകാണാന്‍ വരുന്നവരുടെ നെഞ്ചത്തേക്ക് ഒളികണ്ണിട്ട് നോക്കുന്നതും ഉയരം കൃത്യമായി ചോദിച്ചറിയുന്നതും മദ്യപാനം, പുകവലി തുടങ്ങിയ ദുഃശീലങ്ങള്‍ ഒരു ശീലമാക്കാത്തയാളാണോ എന്നു തുടങ്ങിയ തന്‍റെ ആഗ്രഹങ്ങള്‍ പരിശോധിച്ചറിയാന്‍ അവര്‍ ശ്രദ്ധിച്ചിരുന്നു. ഈ ചെറിയ ആഗ്രഹങ്ങള്‍ തികഞ്ഞ ഒരാളെ ഭര്‍ത്താവായി ലഭിച്ചു. ലാളിത്യം ഇഷ്ടമാണെങ്കില്‍ പോലും കല്യാണത്തിന് ഭര്‍ത്താവ് കാണിച്ച ലാളിത്യം അധികരിച്ചു എന്ന് തന്നെയാണ് അവരുടെ അഭിപ്രായം. ഗാന്ധിജയന്തി ദിനത്തില്‍ കല്യാണം തീരുമാനിച്ച് വൈകുന്നേരത്തെ ഒറ്റച്ചായയില്‍ സല്‍ക്കാരമൊതുക്കിയതില്‍ തന്‍റെ ബന്ധുക്കള്‍ക്കുള്ള ആക്ഷേപം ഭര്‍ത്താവ് കേള്‍ക്കാതെ അവരിപ്പോഴും പറയും. അത് പറയുമ്പോള്‍ അദ്ദേഹത്തിന്‍റെ മറുപടി എനിക്കതില്‍ അഭിമാനം മാത്രമേയുള്ളൂ. ഒരുത്തന്‍റേയും കവര്‍ വാങ്ങിയിട്ടല്ല കല്യാണം നടത്തിയത്. അതൊരു മാമാങ്കമാക്കി നടത്താന്‍ താന്‍ ഉദ്ദേശിച്ചിരുന്നില്ല. അതിന്‍റെ പേരില്‍ കേള്‍ക്കുന്ന കളിയാക്കലുകള്‍ തനിക്ക് സന്തോഷമാണ് തരുന്നത്. കല്യാണം കഴിഞ്ഞ് ഭര്‍ത്താവിന്‍റെ വീട്ടില്‍ തന്നെ ആക്കി ബന്ധുജനങ്ങള്‍ പിരിഞ്ഞപ്പോള്‍ തുടങ്ങിയ മഴയും കാറ്റും നാടിനെയും വീടിനെയും അന്ധകാരത്തിലാക്കി. പരിചയമില്ലാത്ത മുഖങ്ങള്‍, ആദ്യരാത്രി ഒരതിഭയങ്കര രാത്രിയായിരുന്നു. മെഴുകുതിരി വെളിച്ചത്തില്‍ ഉറങ്ങാന്‍ കഴിയാത്ത ആദ്യരാത്രി. ഇനിയങ്ങോട്ട് എങ്ങനെയായിരിക്കും? കല്യാണം തന്‍റെ ഭാഗ്യമോ ദോഷമോ? പിന്നീടങ്ങോട്ട് തെളിഞ്ഞ ദിനങ്ങളായിരുന്നു. കെട്ടിയവന്‍റെ വീട്ടില്‍ നാത്തൂന്മാര്‍ ആറുണ്ടായിരുന്നെങ്കിലും എല്ലാവരെയും കെട്ടിച്ചു എന്നു കേട്ടപ്പോള്‍ മാഡത്തിന് വലിയ സന്തോഷമൊന്നും തോന്നിയില്ല. കുടുംബത്തിലുള്ളവരോട് കൂട്ടുകൂടുന്നതിന് അവര്‍ക്കിഷ്ടമായിരുന്നു. എങ്കിലും ഒരാശ്വാസം തോന്നാതെയുമിരുന്നില്ല. ഏതു തരക്കാരാണെന്നറിയില്ലല്ലോ. അമ്മായിയമ്മ ധരിച്ചിരുന്ന വെള്ള ചട്ടയും മുണ്ടും പോലെ വെളുത്ത ചിരിയും മനസ്സും ഉള്ളവരായിരുന്നതിനാല്‍ അമ്മായിയമ്മ പോര് എന്ന ടെന്‍ഷനൊഴിവായി. മധുവിധുവിന്‍റെ മണം മാറും മുമ്പ് സര്‍ക്കാരില്‍ നിന്നും ജോലിക്കുള്ള അഡ്വൈസ് മെമ്മോ വന്നു. കല്യാണം കഴിഞ്ഞ് നിയമനം വന്നതിനാല്‍ കഷ്ടപ്പെട്ട് താന്‍ പഠിച്ചിട്ടും ജോലിയുടെ ക്രെഡിറ്റ് ഭര്‍ത്താവ് അങ്ങേരുടെ പേരില്‍ പെടുത്തും.
ഒരു പെണ്‍കുട്ടിയെ പൊട്ടു കുത്തിച്ച് കണ്ണെഴുതിച്ച് മുടി പിന്നിയിട്ട് വളര്‍ത്തിയെടുക്കുവാന്‍ ആണ് ആഗ്രഹിച്ചതെങ്കിലും മാഡത്തിന് മൂന്ന് തകര്‍പ്പന്മാരെയാണ് സമ്മാനപ്പൊതികളായി ലഭിച്ചത്. തന്‍റെ പ്രസവകാലത്ത് ഭര്‍ത്താവ് ഒപ്പം നിന്നു, ആങ്ങളമാര്‍ കൂടെയും നിന്നു. എങ്കിലും ഇത്രയും നാള്‍ കുടുംബം നോക്കിയ തന്‍റെ ഏതെങ്കിലും പ്രസവനേരത്ത് തന്‍റെ അമ്മ കൂടെയുണ്ടാകും എന്ന് മാഡം ഒന്നാമത്തെ പ്രസവം മുതല്‍ മോഹിച്ചെങ്കിലും മൂന്നാമത്തെ പ്രസവം വരെ അത് വെറുതെ മോഹിച്ച മോഹമായി പോയി. കല്യാണത്തിന് മുമ്പ് തന്നെ തന്‍റെ അപ്പനെപ്പോലെ ഭര്‍ത്താവിന്‍റെ അപ്പനും ഇഹലോകവാസം വെടിഞ്ഞിരുന്നു. മൂന്നാമത്തെ മകന് 3 വയസ്സെത്തിയപ്പോള്‍ അമ്മായിയമ്മയും പോയി. അപ്പനും അമ്മയും അവിടെയും ഇവിടെയുമില്ലാതെ മൂന്നു മല്ലന്മാരെയും കാക്കക്കാലിലും പരുന്തും കാലിലും നിന്ന് രക്ഷപെടുത്തുന്നതിനിടയില്‍ മാഡത്തിന്‍റെ ഉറക്കമെന്ന സ്വപ്നത്തിനുള്ള സാധ്യതകള്‍ കുറഞ്ഞതല്ലാതെ കൂടിയില്ല. എല്ലാ ദിവസവും രാവിലെ അഞ്ചു മണി മുതല്‍ രാത്രി പതിനൊന്നു മണി വരെ നീളുന്ന അടുക്കളയിലും ആഫീസിലുമുള്ള അഭ്യാസങ്ങള്‍ പറയത്തക്ക ബുദ്ധിമുട്ടുകളില്ലാതെ മുന്നോട്ട് നീങ്ങി. നിര്‍ബന്ധബുദ്ധികളില്ലാത്ത ഭര്‍ത്താവും മക്കളും അവര്‍ക്ക് ടെന്‍ഷനുണ്ടാക്കിയില്ലെങ്കിലും ഉറക്കകുടിശിക കൂടിക്കൊണ്ടേയിരുന്നു. ഞായറാഴ്ച രാവിലെ ഒന്നുറങ്ങണം എന്നു തീരുമാനിച്ചാല്‍ തൊട്ടടുത്ത പള്ളിയില്‍ കുര്‍ബാന രാവിലെ 6 മണിക്ക്. ഞായറാഴ്ച കുര്‍ബാന കാണാതെ ഇരിക്കുന്നത് സ്വര്‍ഗത്തിലേക്കുള്ള വഴി ഞെരുക്കമുള്ളതും വാതില്‍ ഇടുങ്ങിയതുമാക്കും എന്നമ്മ പറഞ്ഞിട്ടുള്ളതിനാല്‍ അത് മുടക്കാന്‍ സാധ്യമല്ല. രണ്ടാം ശനിയാഴ്ചകളിലും അവധി ദിവസങ്ങളിലും ഏതെങ്കിലും ബന്ധുക്കളുടെ എന്തെങ്കിലും പരിപാടി വരും. തനിക്ക് സഹോദരങ്ങള്‍ 7, ഭര്‍ത്താവിന് 8. ബന്ധുബലം ആവശ്യം പോലെയുള്ളതിനാല്‍ പരിപാടികള്‍ക്ക് മുട്ടില്ല. പോരാത്തതിന് ഓഫീസ് വകയും നാട്ടുകാരുടെ വകയും. പലിശയും കൂട്ടുപലിശയും സഹിതം ഇനി എത്ര ഉറങ്ങിയാല്‍ ഉറക്കം തീരും?
അങ്ങനെ തന്‍റെ സ്വപ്നം സാക്ഷാത്കരിക്കില്ല എന്ന് ഏതാണ്ട് ഉറപ്പിച്ചിരിക്കുന്ന സമയത്താണ് കൊറോണ ലോകത്താകമാനമുള്ള മനുഷ്യരെ തന്‍റെ വരുതിയിലാക്കിക്കൊണ്ട് നൃത്തം ചെയ്യുവാന്‍ തുടങ്ങിയത്. ചരിത്രത്തിലാദ്യമായി ലോകം മുഴുവന്‍ ലോക്ക് ചെയ്തു. ആ ലോക്കില്‍ കേരളവും പെട്ടു. സര്‍ക്കാരുദ്യോഗസ്ഥര്‍ക്ക് വീട്ടിലിരുന്ന് ജോലി ചെയ്യുവാന്‍ അനുവാദം. വീട്ടിലുള്ള എല്ലാവര്‍ക്കും അവധി. നാട്ടിലെല്ലാവരും വീട്ടില്‍ തന്നെയിരിക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം. ലോക്ക് ഡൗണിന്‍റെ ആദ്യദിനം അറിയാതെ പതിവു പോലെ 5 മണിക്കെഴുന്നേറ്റെങ്കിലും മൂത്രമൊഴിച്ച് തിരികെ വന്ന് കിടന്ന് പിന്നെ കണ്ണു തുറക്കുമ്പോള്‍ മണി 11. 11 മണി വരെ നീണ്ട രാവിലെയുള്ള ആ ഉറക്കം എത്ര സുഖമുള്ളതാണ്. തന്‍റെ പാരമ്പര്യമാണ് മക്കള്‍ക്കും, വിളിച്ചില്ലെങ്കില്‍ പകലും രാത്രിയും വേണമെങ്കില്‍ ഉറങ്ങിക്കൊള്ളും. ഏതഡ്ജസ്റ്റ്മെന്‍റിനും ഭര്‍ത്താവ് തയ്യാര്‍. ബ്രെഞ്ച് എന്ന് കേട്ടിട്ടു മാത്രമുള്ള രാവിലത്തെയും ഉച്ചക്കത്തേക്കുമുള്ള ഭക്ഷണം ഒരുമിച്ച് 12 മണിക്ക് കുടുംബസമ്മേതം ഒരുമിച്ച് കഴിച്ച് ഓഫീസില്‍ നിന്നും ലഭിച്ച അത്യാവശ്യ ജോലികള്‍ ഓണ്‍ലൈനായി ചെയ്ത് ചാനല്‍ വാര്‍ത്തകള്‍ ശ്രവിച്ച് ഒരു ചെറിയ ഉറക്കം ഉച്ചയ്ക്കും സാധിച്ച് സന്ധ്യയ്ക്ക് വൈകിട്ടത്തെ സ്നാക്സും രാത്രിയിലെ സപ്പറും ചേര്‍ത്ത് സ്നപ്പറും (മാഡം കണ്ടു പിടിച്ച പുതിയ പ്രയോഗം) കഴിച്ച് സന്ധ്യാപ്രാര്‍ത്ഥനയ്ക്ക് പകരം ഭക്തിഗാനമാണ് മാഡത്തിന്‍റെ വീട്ടിലെ പതിവ്. പ്രാര്‍ത്ഥനയെക്കാള്‍ ഗാനാലാപനമാണ് നമ്മില്‍ കൂടുതല്‍ ഭക്തിയും ഏകാഗ്രതയും ഉണ്ടാക്കുന്നതെന്നും അതിനാല്‍ അതാണ് കൂടുതല്‍ ദൈവത്തിനിഷ്ടമെന്നുമാണ് ഭര്‍ത്താവിന്‍റെ ഭാഷ്യം. പാട്ടിനെ പ്രണയിക്കുന്ന മാഡവും പ്രാര്‍ത്ഥന ചെല്ലാന്‍ മടിയുള്ള മക്കളും അടങ്ങുന്ന സഭ ആ നിര്‍ദ്ദേശം മുഴുവന്‍ അംഗങ്ങളുടെയും പിന്തുണയോടെ പാസ്സാക്കി. മക്കളെയും ഭര്‍ത്താവിനെയും ക്യാരംസ് കളിക്കാന്‍ വിട്ട് മമ്മൂട്ടി സാറിന്‍റെ പഴയ കാല ചിത്രങ്ങള്‍ വിറ്റുകാശാക്കി അവസരം മുതലാക്കുന്ന ചാനലുകാരന്‍റെ കുബുദ്ധി മനസ്സിലാക്കാതെ തനിക്ക് വേണ്ടിയാണ് ഇന്നീ സിനിമ സംപ്രേക്ഷണം ചെയ്തത് എന്നാത്മരതിയില്‍ ആഹ്ലാദിച്ച് സിനിമയേക്കാള്‍ കൂടുതല്‍ പരസ്യം കണ്ട് തറയില്‍ വിരിച്ച തഴപ്പായയില്‍ കിടന്നുറങ്ങാന്‍ തുടങ്ങുമ്പോഴാണ് ആ സംശയം മാഡത്തിന്‍റെ മനസ്സിലേക്ക് ഒരു മിന്നായം പോലെ കടന്നു വന്നത്. കൊറോണ ശാസ്ത്രമോ മതമോ? അല്‍പനേരം ചിന്തിച്ച് ഉത്തരമില്ലാത്ത ചോദ്യത്തിന് ഉത്തരം കണ്ടെത്താന്‍ മെനക്കെടാതെ പണ്ടത്തെപ്പോലെ ഇരുപക്ഷത്തിനും പരാതിയുണ്ടാക്കാതെ മതവും ശാസ്ത്രവും ഒരേപോലെ പരാജയപ്പെട്ട അവയെ രണ്ടിനേയും പരാജയപ്പെടുത്തിയ കൊറോണയെപ്പറ്റി ശാസ്ത്രമാണ് കേമമെന്ന് അവിശ്വാസികളുടെ പറച്ചിലിനും കൊറോണയെന്ന വിശുദ്ധയുടെ കോപമാണീ രോഗമെന്ന വിശ്വാസികളുടെ കണ്ടെത്തലിനും ഇടയില്‍ അപ്പന്‍റൊപ്പം നിന്ന് മാര്‍ക്സിനും അമ്മയ്ക്കൊപ്പം നിന്ന് ക്രിസ്തുവിനും നന്ദി പറഞ്ഞു. തനിക്ക് സ്വപ്ന സാക്ഷാത്കാരത്തിന് അവസരം തന്ന കൊറോണയെ രോഗികള്‍ സുഖം പ്രാപിക്കട്ടെ എന്നും തനിക്കും തന്‍റെ വേണ്ടപ്പെട്ടവര്‍ക്കും ഇതൊന്നും വരാതിരിക്കട്ടെയെന്നും വിശേഷാല്‍ പ്രാര്‍ത്ഥ ചൊല്ലി കൈകള്‍ കൂപ്പി അമ്മയ്ക്കും മുഷ്ടി ചുരുട്ടി അപ്പനും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ജയ്സി മാഡം വീണ്ടും തന്‍റെ കൊറോണക്കാലത്തിലെ നിദ്രയിലേക്ക് നിപതിച്ചു.
No comments:
Post a Comment