څഞായറാഴ്ച മഴ പെയ്യുന്നുچ മുതല്‍ څപി.എഫ് മാത്യൂസിന്‍റെ തിരഞ്ഞെടുത്ത കഥകള്‍چ വരെ ശ്രദ്ധേയമായ കഥാസമാഹാരങ്ങള്‍, ചാവുനിലം, ഇരുട്ടിലൊരു പുണ്യാളന്‍ തുടങ്ങിയ എണ്ണം പറഞ്ഞ നോവലുകള്‍. മിഖായേലിന്‍റെ സന്തതികള്‍, മേഘം തുടങ്ങിയ ഉള്‍ക്കാമ്പുള്ള സീരിയലുകള്‍. പുത്രന്‍, കുട്ടിസ്രാങ്ക്, ഈ.മ.യൗ, അതിരന്‍ തുടങ്ങിയ ദേശീയ, അന്തര്‍ദ്ദേശീയ തലങ്ങളില്‍ വരെ ശ്രദ്ധിക്കപ്പെട്ട തിരക്കഥകള്‍. തിരക്കഥയ്ക്കുള്ള ദേശീയ അവാര്‍ഡ് മുതല്‍ നിരവധി പുരസ്കാരങ്ങള്‍... പി.എഫ് മാത്യൂസ് എന്ന എഴുത്തുകാരന് വിശേഷണങ്ങള്‍ അനവധിയാണ്.
തന്‍റെ രാഷ്ട്രീയ, സാഹിത്യ, സിനിമാ നിലപാടുകളെക്കുറിച്ച് അദ്ദേഹം മനസ്സു തുറക്കുന്നു.
*
വായിക്കാന്‍ അനുവദിക്കാത്ത അപ്പച്ചനുള്ള വീട്ടില്‍ നിന്നാണ് പി.എഫ് മാത്യൂസ് എന്ന വലിയ വായനക്കാരനും അറിയപ്പെടുന്ന എഴുത്തുകാരനും ഉണ്ടായത്. മാതൃഭൂമി ആഴ്ചപ്പതിപ്പിലെ ചെറിയ ലോകവും വലിയ മനുഷ്യനുമൊക്കെ വായിച്ചാണ് വായന ആരംഭിച്ചതെന്നും കേട്ടിട്ടുണ്ട്. എങ്ങനെയായിരുന്നു ഇതിലേക്കുള്ള തുടക്കം?
ഒരു തരത്തില്‍ വായിക്കാന്‍ അനുവദിക്കാതിരുന്ന വീട്ടുകാരായിരുന്നു എന്നെ വായിക്കാന്‍ പ്രേരിപ്പിച്ചതെന്ന് പറയാം. കാരണം ധിക്കരിക്കാനുള്ള പ്രവണത എല്ലാ മനുഷ്യരിലും ഉണ്ടല്ലോ. പൊതുവെ അന്നത്തെ കാലത്തെ ഒരു ക്രിസ്തീയ കുടുംബത്തില്‍ കലയും, എഴുത്തുമെല്ലാം പടിക്കു പുറത്തായിരുന്നു. അങ്ങനെ ആഗ്രഹമുണ്ടെങ്കില്‍ ബൈബിള്‍ വായിക്കുകയോ, ഭക്തിഗാനങ്ങള്‍ ആലപിക്കുകയോ ചെയ്യുന്നതില്‍ അവസാനിപ്പിക്കണം, അതായിരുന്നു ഒരു രീതി.
കലയും സാഹിത്യവുമെല്ലാം പണ്ടു മുതലേ സവര്‍ണരുടേതായിരുന്നു. ക്രിസ്റ്റ്യാനിറ്റി കല്‍പിക്കുന്ന ഒരു മതമായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്. അതുകൊണ്ട് തന്നെ വീടുകളില്‍ അനുസരണയുണ്ടാവും. അച്ചടക്കം ഒരു കലാകാരനെ സൃഷ്ടിക്കുന്നില്ല. അതുകൊണ്ടാവണം ഒരുപാട് വലിയ കലാകാരന്മാരൊന്നും ഈ സമൂഹത്തില്‍ നിന്നുണ്ടാവാതെ പോയത്.
ഏഴാം ക്ലാസിലെ സമപ്രായക്കാര്‍ക്ക് വേണ്ടി എഴുതിയ നാടകമായിരുന്നു എഴുത്തിലെ എന്‍റെ തുടക്കം. പതിനഞ്ച് പതിനാറ് വയസായപ്പോഴാണ് ചെറുകഥയിലേക്ക് മാറി നോക്കിയത്. അപ്പോഴും വാര്‍പ്പു മാതൃകകളെ പിന്തുടര്‍ന്നായിരുന്നു എഴുത്ത്. പ്രത്യേകിച്ച് എം.ടിയെ പോലുള്ളവരെ അനുകരിച്ചുകൊണ്ട്. എഴുതേണ്ടത് ഇതൊന്നുമല്ല എന്ന തിരിച്ചറിവിലേക്ക് വന്നത് അതിനും ഒരുപാട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ്. എഴുതാനുള്ള വാസന ഉണ്ടാക്കിയെടുക്കാന്‍ കഴിയില്ല, അത് ജന്മനാ ഉണ്ടാവേണ്ടതാണ്.
*
മഹാന്മാരായ നിരവധി എഴുത്തുകാരെ വായിച്ചിട്ടുണ്ടല്ലോ? ജീവിതത്തേയും എഴുത്തിനേയും സ്വാധീനിച്ച എഴുത്തുകാരന്‍ ആരാണ്?
ചെറുപ്പം മുതലുള്ള വായനയെ പോഷിപ്പിച്ചവര്‍ പലരുണ്ട്. കോട്ടയം പുഷ്പനാഥ്, മുട്ടത്തുവര്‍ക്കി, വൈക്കം മുഹമ്മദ് ബഷീര്‍, ഒ.വി വിജയന്‍, എം.ടി വാസുദേവന്‍ നായര്‍, ദസ്തയേവ്സ്ക്കി, മാര്‍ക്കേസ്, മിലന്‍ കുന്ദേര എന്നിവരെല്ലാം അതില്‍ പെടും. എഴുത്തുകാരേക്കാളും എന്നെ സ്വാധീനിച്ചത് ഞാന്‍ പരിചയപ്പെട്ട ചുറ്റുപാടുമുള്ള മനുഷ്യരാണ്. എന്നാല്‍ എന്നെ ബാധിച്ച ഒരെഴുത്തുകാരന്‍ ദസ്തയേവ്സ്ക്കിയാണ്.
*
എന്തായിരിക്കണം ഒരു സാഹിത്യകൃതി ലക്ഷ്യം വയ്ക്കേണ്ടത്?
സാഹിത്യത്തിന് പ്രത്യേകിച്ച് ലക്ഷ്യമില്ല എന്നതാണ് എന്‍റെ അഭിപ്രായം. ഒരു പൂവിരിയുന്നത് എന്തിനു വേണ്ടിയാണ് എന്നു ചോദിച്ചാല്‍ ലോകത്തെ കൂടുതല്‍ സുന്ദരമാക്കാന്‍ എന്നു പറയുന്നതു പോലെയാണ് സാഹിത്യ സൃഷ്ടിയും.
പ്രത്യേക ലക്ഷ്യം വച്ചുള്ള ഒന്നിനെ څവര്‍ക്ക് ഓഫ് ആര്‍ട്ട്چ എന്നു പറയാന്‍ പറ്റില്ല. ലക്ഷ്യം വച്ചുള്ള സാഹിത്യ സൃഷ്ടി പരസ്യ ചിത്രത്തിന് തുല്യമാകും. മനോഹരമായിരിക്കുക, മനുഷ്യവിരുദ്ധമാകാതിരിക്കുക ഇതൊക്കെയാണ് സാഹിത്യകൃതികളുടെ ലക്ഷ്യമായി കരുതേണ്ടത്.
*
കൊച്ചിയുടെ കഥാകാരന്‍ എന്ന വിളിപ്പേരിനോട് യോജിപ്പുണ്ടോ?
ഇല്ല. ഞാന്‍ ന്യൂയോര്‍ക്ക് സിറ്റിയെക്കുറിച്ച് എഴുതിയാലും അതില്‍ കൊച്ചി കടന്നുവരും. അതൊരു സ്വാഭാവിക പ്രക്രിയ മാത്രമാണ്. അവനവന്‍ ജീവിക്കുന്ന പശ്ചാത്തലത്തെ അങ്ങനെ ഉപേക്ഷിക്കാന്‍ കഴിയില്ല. അതുകൊണ്ട് അത് കൊച്ചിയുടെ കഥയാവണമെന്നില്ല. ഞാന്‍ മനുഷ്യാവസ്ഥയെക്കുറിച്ച് തന്നെയാണ് എഴുതുന്നത്. സൂക്ഷ്മതയില്ലാത്ത വായനയാണ് എന്നെ അങ്ങനെ വിശേഷിപ്പിക്കുന്നത്.
*
പുതിയ കാലത്തെ എഴുത്തുകാരെ വായിക്കാറുണ്ടോ? പ്രതീക്ഷ ജനിപ്പിക്കുന്ന പുതിയ കാലത്തെ എഴുത്തുകാര്‍ ആരൊക്കെയാണ്?
വിദേശത്തുള്ളവരേയും മലയാളത്തിലുള്ളവരേയും സൂക്ഷ്മതയോടെ വായിക്കാറുണ്ട്. എസ്.ഹരീഷിന് ശേഷം വന്ന എഴുത്തുകാരായ ഫ്രാന്‍സിസ് നൊറോണ, വിനോയ് തോമസ്, ദേവദാസ്, വിവേക് ചന്ദ്രന്‍, സുദീപ് ടി. ജോര്‍ജ്... ഇവരെയൊക്കെ വളരെ കൃത്യമായി ഫോളോ ചെയ്യുന്നുണ്ട്. ഒരു രചന ശ്രദ്ധിക്കപ്പെട്ടെന്ന് തോന്നിയാല്‍ തേടിപ്പിടിച്ച് വായിക്കാന്‍ ശ്രമിക്കാറുണ്ട്. ഇവരില്‍ മിക്കവാറും പേരുമായി ആശയ വിനിമയം നടത്താറുണ്ട്. സാഹിത്യത്തിന്‍റെ ഭൂമി ഭദ്രമാണ്.
*
എഴുത്തില്ലെങ്കില്‍ എന്തായിരിക്കും ഇഷ്ടപ്പെടുക?
എഴുത്ത് തന്നെയാണ് ഏറെയിഷ്ടം. പതിമൂന്ന് പതിനാല് വയസില്‍ ഞാന്‍ നന്നായിട്ട് പാടുമായിരുന്നു. പിന്നെ ചിത്രം വരക്കുകയും, കളിമണ്ണു കൊണ്ട് ശില്‍പങ്ങള്‍ ഉണ്ടാക്കുകയും ചെയ്തിരുന്നു. പിന്നീട് എഴുത്ത് തന്നെയാണ് എന്‍റെ വഴിയെന്ന് ഞാന്‍ തിരിച്ചറിയുകയും മറ്റൊന്നിലും വേണ്ടത്ര ശ്രദ്ധ കൊടുക്കാതെയാവുകയും ചെയ്തു.
എഴുത്തില്ലെങ്കില്‍ വായനയും സിനിമ കാണലും തന്നെയാണ് ആശ്രയം.
*
കഥാകൃത്ത്, തിരക്കഥാകൃത്ത്, നോവലിസ്റ്റ് ഇതില്‍ ഏതായിരിക്കും കൂടുതല്‍ ഇഷ്ടപ്പെടുക?
തീര്‍ച്ചയായും നോവലിസ്റ്റ് ആയി അറിയപ്പെടാനാണ് ഞാനാഗ്രഹിക്കുന്നത്. ഞാനെന്നെ തന്നെ കാണുന്നത് ഒരു നോവലിസ്റ്റ് ആയിട്ടാണ്. ബാക്കിയെല്ലാം പരിസരത്തുള്ള കാര്യങ്ങളാണ്.
*
വിവാഹ ഭവനത്തില്‍ പോകുന്നതിലും നല്ലത് വിലാപ ഭവനത്തില്‍ പോകുന്നതാണെന്ന ഒരു ബൈബിള്‍ വചനമുണ്ട്. അതുപോലെ പി.എഫ് മാത്യൂസിന്‍റെ എഴുത്തുകളിലും സിനിമയിലുമെല്ലാം വിലാപ ഭവനങ്ങളും മരണവും പതിഞ്ഞു കിടക്കുന്നു. എന്തുകൊണ്ടാണിത്?
അത് മനഃപൂര്‍വമല്ല. ഓരോ മനുഷ്യനും ഓരോ നിര്‍മിതിയാണല്ലോ. ജീവിതസാഹചര്യങ്ങള്‍, അനുഭവങ്ങള്‍, വായിച്ച പുസ്തകങ്ങള്‍, പരിചയപ്പെട്ട മനുഷ്യര്‍, കണ്ട സിനിമകള്‍ ഇവയെല്ലാമാണല്ലോ ഒരു മനുഷ്യനെ രൂപപ്പെടുത്തിയെടുക്കുന്നത്. എല്ലാത്തിലുമുപരി നമ്മുടെ മനസ്സുണ്ട്. അതാണല്ലോ എല്ലാം സ്വാംശീകരിച്ച് പുറത്തേക്ക് വിടുന്നത്. എന്‍റെ മനസ്സ് എപ്പോഴും സ്വാംശീകരിച്ചത് മുഴുവനും ഇത്തരം ഇരുണ്ട പ്രദേശങ്ങളേയും ഇരുണ്ട ജീവിതങ്ങളേയുമാണ്. എനിക്കധികം വെളിച്ചമുള്ള ഇടങ്ങള്‍ ഇഷ്ടമല്ല. അല്‍പം ഇരുട്ടുള്ള സ്ഥലങ്ങളാണ് എനിക്കിഷ്ടം. അവിടെയാണ് ഇരുട്ടിന്‍റേയും വെളിച്ചത്തിന്‍റേയും മാന്ത്രികതയുള്ളതെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. മനുഷ്യന്‍റെ ദുരിതങ്ങളിലാണ് ഞാന്‍ ഫോക്കസ് ചെയ്യുന്നത്. എന്‍റെ ചായ്വ് എപ്പോഴും മനുഷ്യന്‍റെ വിലാപങ്ങളിലേക്കും ദുരിതങ്ങളിലേക്കുമാണ്. ദുരിതങ്ങളിലൂടെ സഞ്ചരിക്കുമ്പോഴേ ഒരു മനുഷ്യന്‍റെ സ്വത്വം തെളിഞ്ഞുവരുന്നുള്ളു എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.
*
എഴുത്തില്‍ എത്രത്തോളം സ്വന്തം ജീവിതം കെട്ടുപിണഞ്ഞു കിടക്കുന്നുണ്ട്?
എഴുത്തില്‍ സ്വന്തം ജീവിതം കടന്നു വരരുത് എന്ന് കരുതുന്ന ഒരാളാണ് ഞാന്‍. എന്നാല്‍ അതിനു കഴിയുന്നില്ല. പട്ടം ആകാശത്ത് പറക്കുമ്പോഴും അതിന്‍റെ ചരടറ്റം പിടിക്കുന്ന കുട്ടിക്കൊരു മനസ്സുണ്ടല്ലോ... എന്നെ കാണുന്നതിലുമുപരി ഞാന്‍ മറ്റുള്ളവരെ കാണാനാണ് ശ്രമിക്കുന്നത്. അത് എന്നിലൂടെയാണെന്ന് മാത്രം. ആത്മകഥാപരമായ കുറിപ്പുകളുടെ സമാഹാരമായ څതീരജീവിതത്തിനൊരു ഒപ്പീസില്‍چ പോലും ഒരു ദേശത്തെക്കുറിച്ച് പറയാനാണ് ഞാന്‍ ശ്രമിച്ചത്.
*
ഒരു കഥ പിറക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ എന്തെല്ലാമാണ്?
ഒരു കഥയുടെ കനല്‍ മനസ്സില്‍ വീണാല്‍ എനിക്കത് പെട്ടെന്ന് എഴുതാന്‍ കഴിയാറില്ല. ചുറ്റുപാടും നമ്മള്‍ കണ്ടെത്തുന്ന മനുഷ്യരാണ് അത് വളര്‍ത്തുന്നത്. നമ്മുടെ സൊസൈറ്റിയാണ് കഥയുടെ ഗര്‍ഭപാത്രം. അവിടെ നിന്നും സ്വീകരിക്കുന്ന പലതിനേയും മനസ്സ് രൂപപ്പെടുത്തുന്നു. കടലാസിലേക്ക് പകര്‍ത്തിയെഴുതുമ്പോഴും ഞാന്‍ വളരെ സൂക്ഷ്മത പുലര്‍ത്താറുണ്ട്. പിന്നീട് പല തവണ മാറ്റിയെഴുതിയാണ് തൃപ്തിയുള്ള ഘടനയില്‍ എത്തിക്കുന്നത്. ഒറ്റയെഴുത്തിന്‍റെ മാന്ത്രികത എനിക്ക് വശമില്ല.
*
സിനിമയെ തദ്ദേശിയമായി മാറ്റുകയും എന്നാല്‍ അതിനെ ലോകനിലവാരത്തിലേക്ക് എത്തിക്കുകയും ചെയ്തതില്‍ നൂറു ശതമാനം വിജയിച്ച സിനിമയാണ് څഈ.മ.യൗچ. ചിത്രത്തെക്കുറിച്ച് പറയാമോ...?
സിനിമകള്‍ക്കും ടെലിവിഷന്‍ സീരിയലുകള്‍ക്കും വേണ്ടി ധാരാളം തിരക്കഥകള്‍ എഴുതിയിട്ടുണ്ടെങ്കിലും എനിക്ക് ഏറ്റവും തൃപ്തി നല്‍കിയ സിനിമയാണ് ഈ.മ.യൗ. ഒരു മരിച്ച വീടിന്‍റെ കഥ പറയുമ്പോഴും അവിടെ ജീവിതം ത്രസിച്ചു നില്‍ക്കുകയാണ്. അവിടെ പ്രണയവും, പ്രതികാരവും, അവിഹിതവും, പ്രണയ ലംഘനവും, സങ്കടവും, നിരാശയുമെല്ലാം കടന്നുവരുന്നുണ്ട്. തിരക്കഥ ഞാന്‍ പേപ്പറിലെഴുതിയെങ്കിലും സിനിമയില്‍ കഥ പറയേണ്ട ആള്‍ സംവിധായകനാണ്. ലിജോ ജോസ് പല്ലിശ്ശേരിക്കല്ലാതെ മറ്റൊരാള്‍ക്ക് ഇത്രയും കൃത്യതയോടെ ആ സിനിമ ചെയ്യാന്‍ കഴിയില്ലെന്ന് ഞാന്‍ വിശ്വസിക്കുന്നു.
ഞാന്‍ പറയുന്നത് ലിജോയ്ക്കും, ലിജോ പറയുന്നത് എനിക്കും പെട്ടെന്ന് ഉള്‍ക്കൊള്ളാന്‍ കഴിയുമായിരുന്നു. എന്‍റെ വാക്കുകളെ മികച്ച ഇമേജുകളാക്കി മാറ്റുന്നത് എന്നെ ആശ്ചര്യപ്പെടുത്തുന്ന തരത്തിലായിരുന്നു. ചാലക്കുടിക്കാരനും സുറിയാനി ക്രിസ്ത്യാനിയുമായ ലിജോ തീരദേശത്തെ ലത്തീന്‍ സമുദായത്തിന്‍റെ ജീവിതങ്ങളെ അതിന്‍റെ തനിമ ചോരാതെ വളരെ വേഗത്തിലും വ്യക്തമായും മനസിലാക്കിയത് എന്നെ അത്ഭുതപ്പെടുത്തി. മതം സ്ഥാപനവല്‍ക്കരിക്കപ്പെട്ടതിന്‍റെ ഭാഗമായി സാധാരണക്കാരന്‍റെ ജീവിതം ഞെരുക്കപ്പെട്ടു എന്നത് സത്യമായ കാര്യമാണ്. സവര്‍ണ തമ്പുരാക്കന്മാരുടെ തെമ്മാടിത്തത്തിന്‍റേയും സ്ത്രീവിരുദ്ധതയുടേയുമെല്ലാം കൂത്തരങ്ങായി മാറിയ മലയാള സിനിമക്ക് ഒരാശ്വാസമായിരുന്നു ഈ.മ.യൗ. നമ്മളെല്ലാം കറുത്തവരാണെങ്കിലും കറുത്തവന്‍റെ കഥ കേള്‍ക്കാന്‍ നാം ഇഷ്ടപ്പെട്ടിരുന്നില്ല. അതിനൊരു വെല്ലുവിളിയായിരുന്നു ഈ.മ.യൗ. നിന്ദകളോളം മനുഷ്യനെ മദിക്കുന്ന മറ്റൊന്നുമില്ല. അധികാര ശക്തിയെ നിരാകരിച്ച് ആത്മീയതയിലേക്ക് സ്വതന്ത്രനാകുന്ന ഓരോ പീഡിതന്‍റേയും കഥയാണ്
ഈ.മ.യൗ.
*
എന്താണ് പി.എഫ് മാത്യൂസിന്‍റെ രാഷ്ട്രീയം?
ഏതെങ്കിലും കക്ഷി രാഷ്ട്രീയത്തില്‍ എനിക്ക് വിശ്വാസമില്ല. ഏറ്റവും താഴ്ന്ന മനുഷ്യന് വരെ പൂര്‍ണ സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്ന ഒരു ലോകം; അതാണെന്‍റെ സങ്കല്‍പം. കമ്യൂണിസം കൊണ്ടും സോഷ്യലിസം കൊണ്ടും ഒന്നും സംഭവിച്ചില്ല. സത്യത്തില്‍ ഇപ്പോള്‍ രാഷ്ട്രീയപരമായി നിരാശയുടെ കാലഘട്ടമാണ്. അടിച്ചമര്‍ത്തപ്പെട്ടവനൊപ്പം നില്‍ക്കുന്ന ഏത് രാഷ്ട്രീയത്തിനൊപ്പവും ഞാനുണ്ടാവും.
*
ഒരു സിനിമ സംവിധാനം ചെയ്യുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടുണ്ടോ...?
ആലോചിച്ചിട്ടുണ്ട്. ഒരു സിനിമ മനസിലുണ്ടായിരുന്നു. ചില കഥകള്‍ ആലോചിക്കുമ്പോള്‍ അത് ഞാന്‍ ചെയ്താലേ നന്നാവൂ എന്ന് തോന്നിയിട്ടുണ്ട്. പക്ഷേ ഇപ്പോള്‍ അതിനുള്ള ആരോഗ്യമോ ആര്‍ജവമോ ഇല്ല. ഇപ്പോ എഴുത്താണ് കൂടുതല്‍ ഇഷ്ടം.
*
ജോര്‍ജ് ജോസഫ്.കെ, തോമസ് ജോസഫ് തുടങ്ങിയവരുടെ കമ്പനിയില്‍ നിന്നും പി.എഫ് മാത്യൂസ് ഇടയ്ക്ക് കൊഴിഞ്ഞു പോയി എന്ന് കേട്ടിട്ടുണ്ട്?
അത് അങ്ങനെയല്ല. ഞാനും ജോര്‍ജ് ജോസഫ്.കെ യും അയല്‍ക്കാരായിരുന്നു. ഒമ്പത് പത്ത് ക്ലാസുകളിലൊക്കെ വച്ച് ഞങ്ങള്‍ കഥകളെക്കുറിച്ച് പരസ്പരം സംസാരിക്കുമായിരുന്നു. چ88 കാലഘട്ടത്തില്‍ ജോര്‍ജ് ജോസഫിന്‍റെ വീട്ടില്‍ പലരും സംഘടിക്കുവാനും കഥകളെക്കുറിച്ച് ചര്‍ച്ച ചെയ്യാനുമൊക്കെ തുടങ്ങി. തോമാച്ചനും ജോര്‍ജുമൊക്കെ എന്നേക്കാള്‍ മൂത്തവരാണ്. എഴുത്ത് ഒറ്റയ്ക്ക് നിന്ന് പൊരുതി നേടേണ്ട ഒന്നാണെന്നാണ് എന്‍റെ പക്ഷം. ഗ്രൂപ്പുകളില്‍ കഴമ്പില്ല. സൗഹൃദത്തിലേ കാര്യമുള്ളൂ. ആശയപരമായ കൊടുക്കല്‍ വാങ്ങലുകള്‍ നല്ലതു തന്നെ.
*
ക്രിസ്തുവും സത്യവും രണ്ടാണെങ്കില്‍ ഞാന്‍ ക്രിസ്തുവിനൊപ്പം നില്‍ക്കും എന്ന് ദസ്തയേവ്സ്കി പറഞ്ഞിട്ടുണ്ട്. എന്താണ് പി.എഫ് മാത്യൂസിന്‍റെ ജീവിതത്തിലെ ക്രിസ്തു?
ക്രിസ്തുവിനെ സത്യവും സൗന്ദര്യവും ചേര്‍ന്ന ഒരാശയമായിട്ടാണ് ഞാന്‍ കാണുന്നത്. ചിത്രകാരന്‍ വരച്ച ചിത്രമായിട്ടോ, സഭ അവതരിപ്പിക്കുന്ന സംഹിതയായിട്ടോ ഞാന്‍ കാണുന്നില്ല. മനുഷ്യവംശത്തിന് മുഴുവന്‍ നവീകരണ വിപ്ലവമുണ്ടാക്കുന്ന ഒരാശയമാണ് ക്രിസ്തു. മനുഷ്യാവസ്ഥയില്‍ ഒരു കുതിച്ചുകയറ്റമുണ്ടാക്കുന്ന ഒരു സ്വത്വം അതാണ് ക്രിസ്തു.
*
കത്തോലിക്കാസഭയുമായിട്ടുള്ള ബന്ധം?
സഭയുമായി ഒരു വഴക്കുമില്ല (ചിരിക്കുന്നു). ഈ അടുത്തകാലത്തുണ്ടായ ചില പ്രശ്നങ്ങളില്‍ സഭ ഇരകള്‍ക്കൊപ്പം നിന്നില്ല എന്നൊരു പരാതി എനിക്കുണ്ട്. പഴയകാലത്ത് എത്രയോ മിഷനറിമാര്‍ എന്തെല്ലാം ത്യാഗം സഹിച്ചാണ് ഇവിടെ പല കാര്യങ്ങളും ഡവലപ്പ് ചെയ്തത്. നമ്മുടെ ഭാഷയ്ക്ക് പോലും അവര്‍ ചെയ്ത സംഭാവനകള്‍ വിസ്മരിക്കാന്‍ പാടില്ലാത്തവയാണ്. പീഡിതന്‍റേയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവന്‍റേയും പക്ഷത്ത് നിന്ന് സഭ പിന്നോക്കം പോയിട്ടുണ്ടെങ്കില്‍ പുനര്‍ചിന്തനം നടത്തേണ്ടിയിരിക്കുന്നു എന്നാണ് എനിക്ക് പറയാനുള്ളത്.
*
കുടുംബം, ജോലി, എഴുത്ത് ഇവ മൂന്നിനും പരുക്ക് പറ്റാതെ സമാന്തരമായി കൊണ്ടുപോവുക എന്നത് ശ്രമകരമായിരുന്നില്ലേ...?
അതെ. അതില്‍ വിജയിച്ചോ എന്നെനിക്കറിയില്ല. വിജയിച്ചിട്ടുണ്ടെങ്കില്‍ അത് കുടുംബത്തിന്‍റെ മിടുക്കാണ്. എഴുത്തുകാരന്‍റെ ദുരന്തം അയാളെ ആരും മനസിലാക്കുന്നില്ല എന്നതാണ്. എന്നെ സംബന്ധിച്ച് എന്നേക്കാള്‍ നന്നായി എന്‍റെ ഭാര്യയും മക്കളും എന്നെ മനസിലാക്കി എന്നതാണ്. ഞാന്‍ ഹോട്ടല്‍ റൂമുകളിലിരുന്ന് അധികം എഴുതിയിട്ടില്ല. വീട്ടില്‍ ഇരുന്നാണ് എഴുത്ത്. അതിനുള്ള സാഹചര്യം എനിക്കുണ്ട്. എഴുത്തുമായി ബന്ധപ്പെട്ട് പതിമൂന്ന് വര്‍ഷം څലോസ് ഓഫ് പേچ എടുത്ത ആളാണ് ഞാന്‍. എനിക്ക് പെന്‍ഷന്‍ കുറവാണ്. സത്യത്തില്‍ സീരിയല്‍ എഴുതിയ വരുമാനം കൊണ്ടാണ് ഈ വീട് നിര്‍മിച്ചത്. എനിക്കിപ്പോഴും ടെലിവിഷന്‍ സീരിയലുകളോട് ബഹുമാനമാണ്. നല്ല ആശയങ്ങള്‍ പങ്കുവയ്ക്കാവുന്ന ഇടത്തെ പരദൂഷണ കഥകളുടെ വെറുക്കപ്പെട്ട ഇടമാക്കി മാറ്റിയതില്‍ ചാനല്‍ ഉദ്യോഗസ്ഥരും കാരണക്കാരാണ്. അവര്‍ക്ക് റേറ്റിംഗ് ആണ് പ്രധാനം.
*
അര്‍ഹിച്ച അംഗീകാരങ്ങള്‍ കിട്ടിയിട്ടില്ല എന്നു തോന്നുന്നുണ്ടോ?
അങ്ങനെയല്ല. 96چലാണ് څചാവുനിലംچ ഇറങ്ങുന്നത്. അന്ന് എന്‍റെ തലമുറയില്‍പ്പെട്ട ആരും തന്നെ അത് വായിച്ചില്ല. മരണം മണക്കുന്ന പുസ്തകമാണ് നല്ലതല്ല എന്നെല്ലാമായിരുന്നു കാരണങ്ങള്‍. 2010 നു ശേഷം ആ നോവലിന്‍റെ തലയിലെഴുത്തു മാറി. സോഷ്യല്‍ മീഡിയകളിലെല്ലാം സജീവമായ ഒരു പുതിയ തലമുറയാണ് അതിനെ പൊക്കിക്കാണ്ടു വന്നത്. ഇപ്പോള്‍ څചാവുനിലംچ നാലാം പതിപ്പ് മുഴുവന്‍ വിറ്റുതീര്‍ന്നു. അടുത്ത പതിപ്പ് ഇറങ്ങാന്‍ പോകുന്നു. അങ്ങനെ മുന്‍കാലങ്ങളില്‍ കുറച്ച് അവഗണനകള്‍ നേരിട്ടിട്ടുണ്ട്.
*
എപ്പോഴാണ് എഴുത്ത്?
ടെലിവിഷന്‍ എഴുതുന്ന കാലങ്ങളില്‍ രാത്രിയിലായിരുന്നു എഴുത്ത്. നേരം വെളുത്ത് വരുന്നതൊക്കെ നമുക്ക് കാണാം. ഉറക്കത്തിലേക്ക് എഴുത്തിന്‍റെ ലോകം കടന്നുവന്നിരുന്ന ഒരു കാലഘട്ടമുണ്ടായിരുന്നു. പകല് ജോലി രാത്രി എഴുത്ത് എന്നിങ്ങനെയായിരുന്നു ചാവുനിലത്തിന്‍റെ രചന. ഇപ്പോള്‍ പുലര്‍ച്ചെ മുതല്‍ ഉച്ചയ്ക്ക് ഒരു മണി രണ്ടു മണി വരെയാണ് എഴുത്ത് സമയം.
*
കുടുംബത്തെക്കുറിച്ച് പറയാമോ?
ഭാര്യ ശോഭ. ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്തിരുന്നു. ഇപ്പോള്‍ കുട്ടികള്‍ക്ക് വേണ്ടി ജോലി മതിയാക്കി. മുഴുവന്‍ സമയവും കുടുംബകാര്യങ്ങള്‍ നോക്കുന്നു. ഭാര്യയുടെ ഒരു സഹകരണമാണ് എന്‍റെ എഴുത്ത് ജീവിതത്തിനൊരു വലിയ സഹായം. മൂത്തമകന്‍ ഉണ്ണി ഏഷ്യാനെറ്റ് സതേണ്‍ മേഖല മാര്‍ക്കറ്റിംഗ് മാനേജരാണ്. അവന്‍റെ ഭാര്യ ബാംഗ്ളൂരില്‍ ചലച്ചിത്ര നിര്‍മ്മാണ കമ്പനിയില്‍ എച്ച്. ആര്‍ മാനേജരാണ്. രണ്ടാമത്തെ മകന്‍ ആനന്ദ്. കരിക്ക് വെബ് ചാനലിന്‍റെ എഡിറ്ററും ആക്ടറുമാണ്. മൂത്തമകന്‍ ഉണ്ണിയും ആക്ടറാണ്. ഇരുവരും സജീവമാണ്.
*
സിനിമയിലും സാഹിത്യത്തിലും ഭാവി പദ്ധതികള്‍ ഒന്ന് പറയാമോ?
സിനിമയില്‍ പലതും ആലോചനയിലുണ്ട്. പറയത്തക്ക പദ്ധതികളായിട്ടില്ല. മരിക്കുന്നതിന് മുമ്പ് മൂന്ന് നോവലുകള്‍ എഴുതി പൂര്‍ത്തീകരിക്കണമെന്ന് ആഗ്രഹമുണ്ട്. ഒന്നിന്‍റെ വര്‍ക്ക് നടന്നുകൊണ്ടിരിക്കുകയാണ്. കൊച്ചി പോലൊരു ലാന്‍ഡ്സ്കേപ്പില്‍ കീഴാളരുടെ കഥ പറയുന്ന ഒന്നാണത്... എല്ലാം നന്നായി വരുമെന്ന് കരുതുന്നു.
ഇരുട്ടും വെളിച്ചവും മാന്ത്രികത സൃഷ്ടിക്കുന്ന മരണത്തിന്‍റേയും ജീവിതത്തിന്‍റേയും ഇടയിലൂടെയുള്ള നൂല്‍പ്പാലത്തിലൂടെ വായനക്കാരനെ നടത്തി ജീവിത സത്യങ്ങള്‍ കണ്ടെത്താന്‍ പ്രേരിപ്പിക്കുന്ന ഈടുറ്റ രചനകള്‍ പി.എഫ് മാത്യൂസാറിന്‍റെ തൂലികയില്‍ നിന്നുണ്ടാവട്ടെയെന്ന് ആശംസിച്ചു.