ആരോഗ്യരംഗത്തു കോവിഡ് വരുത്തുന്ന മാറ്റങ്ങള്‍ പ്രവചനാതീതമാണ്. കാരണം, ലോകമെമ്പാടും ഈ വൈറസ് ചെന്നെത്തുമെന്നുള്ളതുകൊണ്ടാണ്. അത് എപ്പോള്‍ എത്തും, എങ്ങനെയെത്തും, എന്ത് അവസ്ഥ സൃഷ്ടിക്കും എന്നു ചില അനുമാനങ്ങള്‍ ഉണ്ടെങ്കിലും, കാര്യങ്ങള്‍ അങ്ങനെയാകണമെന്നില്ല. ഭൂമുഖത്തു നിന്നും ഈ വൈറസ് അപ്രത്യക്ഷമാകുവാന്‍ എത്രകാലം പിടിക്കുമെന്നുള്ളതും ഒരു ചോദ്യമാണ്. മരുന്നുകള്‍ കണ്ടുപിടിച്ച് ഈ വൈറസിനെ ചികിത്സിക്കുക അപ്രായോഗികമാണെങ്കിലും വാക്സിന്‍ കണ്ടുപിടിച്ച് ഈ രോഗത്തെ ചെറുക്കുവാന്‍ നമുക്കു സാധിച്ചേക്കാം. അപ്പോഴും ലോകാരോഗ്യ സംഘടന വിദഗ്ധര്‍ പറയുന്നു ഈ വൈറസ് ഏതെങ്കിലും ഒരു രൂപത്തില്‍ ഈ ഭൂമുഖത്തുണ്ടാകുമെന്ന്. അതുകൊണ്ട് കോവിഡിനോടു സമരസപ്പെട്ടു ജീവിക്കുവാനേ നമുക്കു സാധിക്കുകയുള്ളൂവെന്നതാണ് യാഥാര്‍ത്ഥ്യം.
പല വിദേശ രാജ്യങ്ങളിലും പലവിധ രോഗാണുക്കളും രോഗങ്ങളുമുണ്ട്. ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും മലേറിയ, ഡെങ്കിപ്പനി തുടങ്ങിയ രോഗങ്ങളുണ്ട്. കേരളത്തില്‍ എലിപ്പനി, ഡെങ്കിപ്പനി, ഒ1ച1 തുടങ്ങിയ രോഗങ്ങള്‍ പല കാലാവസ്ഥയിലും വരാറുണ്ട്. ഇത്തരം രോഗങ്ങളുടെ മേല്‍ കോവിഡ് എന്ത് ആധിപത്യം സ്ഥാപിക്കുമെന്ന് ഇപ്പോള്‍ പറയാനാവില്ല. അതുകൊണ്ട് മുന്‍കരുതല്‍ എല്ലാ തലത്തിലും ഊര്‍ജിതപ്പെടുത്തണം. ഇവിടെ നാം അംഗീകരിക്കേണ്ട വസ്തുത ഒന്നേയുള്ളു. വ്യക്തിപരമായി നാം എത്ര സൂക്ഷിച്ചാലും, എന്തൊക്കെ കരുതലുണ്ടായാലും, നമ്മുടെ ആരോഗ്യം നമുക്കു മാത്രമായി നിലനിര്‍ത്തുവാന്‍ സാധ്യമല്ല. ഒരുവന്‍റെ ആരോഗ്യം അയാള്‍ ജീവിക്കുന്ന സമൂഹത്തിന്‍റെ ആരോഗ്യവുമായി വളരെയധികം ബന്ധപ്പെട്ടു കിടക്കുന്നു.
സാമൂഹിക ആരോഗ്യത്തെക്കുറിച്ചു പറയുമ്പോള്‍, കേരളത്തെ സംബന്ധിച്ചിടത്തോളം സഞ്ചാരവും, ടൂറിസവും പ്രവാസികളുമെല്ലാമായി ഇതു പരസ്പരം ബന്ധപ്പെട്ടു കിടക്കുകയാണ്. കേരളം സുരക്ഷിതമാണോ? ഈ ചോദ്യം എല്ലാവരും ആവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. കേരളത്തിന്‍റെ പ്രത്യേകതകള്‍ വച്ചും, വിവിധങ്ങളായ കാരണങ്ങള്‍ കൊണ്ടും കേരളം സുരക്ഷിതമാണെന്നു അനുമാനിക്കുവാന്‍ വയ്യ. കേരളം ലോകത്തിലേക്കു തുറന്നിട്ട വാതായനമാണെന്നു പറഞ്ഞാല്‍ അതില്‍ അതിശയോക്തിയില്ല. മലയാളികള്‍ പ്രവാസികളായി കടന്നുചെല്ലാത്ത രാജ്യം ലോകത്തെവിടെയുമില്ല. ഉദ്യോഗാര്‍ത്ഥികളായും, വിദ്യാര്‍ത്ഥികളായും, വ്യാപാരികളായും, തൊഴില്‍സംരംഭകരായും, സഞ്ചാരികളായും എന്തിനേറെ കര്‍ഷകരായും കര്‍ഷകത്തൊഴിലാളികളായും മലയാളി കൈവയ്ക്കാത്ത മേഖല ചുരുക്കം. കോവിഡ് മിക്ക ഭൂഖണ്ഡങ്ങളിലും, രാജ്യങ്ങളിലും കടന്നുകയറ്റം നടത്തിയിട്ടുണ്ടെങ്കിലും അതിന്‍റെ വ്യാപനം നടന്നിട്ടില്ല. അതുകൊണ്ടു തന്നെ ലോകത്തെ എല്ലാ രാജ്യങ്ങളില്‍ നിന്നും കൊറോണ എന്ന അണു അപ്രത്യക്ഷമാകുന്നതുവരെ കേരളം സുരക്ഷിതമായിരിക്കുകയില്ല. ഇക്കാര്യത്തില്‍ വിദേശരാജ്യങ്ങളെ മാത്രം നോക്കിക്കാണരുത്. ലക്ഷക്കണക്കിനു മലയാളികള്‍ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ജോലി ചെയ്യുന്നു. ലക്ഷക്കണക്കിനു അതിഥി തൊഴിലാളികള്‍ കേരളത്തില്‍ വന്നുപോകുന്നു. ലോകത്തെവിടെയും സഞ്ചരിക്കുവാന്‍ വാതായനം തുറന്നിട്ട കേരളം നന്മ നിറഞ്ഞ അടുത്ത ഗ്രാമത്തിലേക്കു പോകുവാന്‍ നിബന്ധനകള്‍ ഏര്‍പ്പെടുത്തിയതിന്‍റെ പൊരുള്‍ ഇതുതന്നെയാണ്.
കോവിഡ് ലോകത്തെവിടെയും സൃഷ്ടിക്കുന്ന സാമ്പത്തിക പ്രത്യാഘാതങ്ങളേക്കാള്‍ ഗുരുതരമായിരിക്കും കേരളത്തിലേത്. പ്രവാസികളെ ആശ്രയിച്ചും, ടൂറിസവുമായി ബന്ധപ്പെട്ടും, സുഗന്ധദ്രവ്യങ്ങളുടെ കയറ്റുമതിയിലൂടെയും കിട്ടുന്ന വരുമാനമാണ് കേരളത്തിന്‍റേത്. പ്രവാസികളുടെ ജോലി സംബന്ധമായ അസ്ഥിരതയും കാര്‍ഷിക മേഖലയുടെ തകര്‍ച്ചയും കേരളത്തിന്‍റെ സാമ്പത്തിക തകര്‍ച്ചക്ക് ആക്കം കൂട്ടിയേക്കാം.
മൂന്നുനാലു പതിറ്റാണ്ടുകള്‍ക്കപ്പുറം മലയാളി തനിക്കു വേണ്ടതായ ആഹാരങ്ങളില്‍ മിക്കവയും തനതായ രീതിയില്‍ ഗ്രാമീണമേഖലയില്‍ ഉല്‍പാദിപ്പിച്ചിരിക്കുന്നു. മാറി വന്ന സംസ്ക്കാരവും പാശ്ചാത്യ അനുകരണവും മലയാളിയുടെ ആഹാര രീതി മാറ്റി. കാര്‍ഷിക മേഖലയെ പൂര്‍ണമായും കൈവിട്ടു. തികച്ചും ഉപഭോക്തൃ സംസ്ഥാനമായി മാറുന്ന കേരളം ഭക്ഷ്യവസ്തുക്കള്‍ക്കായി അന്യസംസ്ഥാനങ്ങളെ നോക്കേണ്ട സാഹചര്യം കോവിഡ് കാലത്തുണ്ടായി.
ക്ലാസ്സ് മുറികളില്‍ അടച്ചിട്ട വിദ്യാഭ്യാസം, പരമ്പരാഗത പരീക്ഷാ രീതികള്‍, ആസ്വാദനത്തിനായ് സിനിമാശാലകളെ ആശ്രയിക്കുന്ന ശീലം, സാംസ്ക്കാരിക കൂട്ടായ്മ എന്നിവയെല്ലാം കോവിഡ് നമുക്ക് അപ്രാപ്യമാക്കി. സമരങ്ങള്‍ക്കും പ്രകടനങ്ങള്‍ക്കും പേരുകേട്ട രാഷ്ട്രീയ കേരളത്തിന് കൂച്ചുവിലങ്ങു വീണു. എന്തിനേറെ മലയാളിയുടെ വീട്ടുപടിക്കലേക്കു പതിവു സന്ദര്‍ശനം നടത്തുന്ന അച്ചടി മാധ്യമത്തിനും, ആസ്വാദനത്തെ മറ്റൊരു തലത്തില്‍ എത്തിച്ച, ദൃശ്യശ്രവണ മാധ്യമങ്ങള്‍ക്കു പോലും പ്രതിസന്ധി നേരിട്ടു. കുടുംബങ്ങള്‍ പല ദിക്കിലായതിന്‍റെ വേവലാതിയും, ഉറ്റവരും ഉടയവരും ഒറ്റപ്പെട്ടതിന്‍റെ നൊമ്പരവും നാം അറിഞ്ഞു. മുമ്പെങ്ങും ഉണ്ടാകാത്ത തരത്തില്‍ ഉത്സവങ്ങളും, പെരുന്നാളുകളും ഉപേക്ഷിക്കപ്പെട്ടു. ആരാധനാലയങ്ങള്‍ക്കു താഴിട്ടു. ഇങ്ങനെ... ഇങ്ങനെ കോവിഡ് കാലത്തു എത്രയെത്ര നൊമ്പരങ്ങള്‍, അനുഭവങ്ങള്‍.
പുതിയ ഒരു കാലം സൃഷ്ടിച്ച കോവിഡ് ലോകത്തിന്‍റെ കോലം മാറ്റുവാനിടവരുത്തി. മനുഷ്യന് പഠിക്കുവാന്‍ ഒന്നല്ല ഒത്തിരിയേറെ പാഠങ്ങള്‍ നല്‍കി. അതില്‍ ഏറ്റവും പ്രധാനം ആരോഗ്യം സര്‍വധനാല്‍ പ്രധാനം എന്ന പാഠമാണ്. ചെറു അണുപോലും അണുബോംബുകളെക്കാള്‍ ഭീകരമാണെന്നു നാം പഠിച്ചു. പൊതുജനാരോഗ്യത്തിന്‍റെ പ്രസക്തി, വ്യക്തിഗത ആരോഗ്യ സംരക്ഷണത്തിനുമപ്പുറം സാമൂഹ്യ ആരോഗ്യം പരിരക്ഷിക്കേണ്ടതിന്‍റെ ആവശ്യകത എന്നിവ നമ്മെ പഠിപ്പിച്ചു. പ്രകൃതിയെ ചൂഷണം ചെയ്താല്‍, അതിലെ പക്ഷിമൃഗാദികളെ തീന്‍മേശയിലെത്തിച്ചാലുള്ള ദുരന്തം എന്നിവ വുഹാനില്‍ നിന്നും പഠിച്ചു. ഇന്ത്യയിലെ വന്‍കിട നഗരങ്ങളിലെ ധാരാവി പോലുള്ള ചേരികള്‍ ഇനിയും നമ്മുടെ നാടിനു നാണക്കേടാണെന്നു തിരിച്ചറിഞ്ഞു. ഗ്രാമങ്ങളിലെ ജനങ്ങള്‍ക്കു അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കേണ്ട ആവശ്യകതയും, പ്രാഥമിക ആരോഗ്യരംഗത്തിന്‍റെ പ്രാധാന്യവും തിരിച്ചറിയേണ്ടതാണ്. ഗ്രാമങ്ങളുടെ പുനരുദ്ധാരണവും നഗരങ്ങളുടെ പുനരാവിഷ്ക്കരണവുമുണ്ടാകണം. ആരോഗ്യരംഗത്തു ഇന്നു മുതല്‍മുടക്കുന്ന കേവലം ഒരു ശതമാനം ഏ.ഉ.ജ മൂന്നോ നാലോ ശതമാനമായെങ്കിലും ഉയര്‍ത്തേണ്ട ആവശ്യകത കോവിഡ് കാലം നമ്മെ പഠിപ്പിച്ചു.
കേരളത്തിലെ ഹരിതാഭമായ നാട്ടിന്‍പുറങ്ങളിലെ കൃഷിയിടങ്ങള്‍ വഴി പച്ചക്കറിയും പഴവര്‍ഗ ഉല്‍പാദനവും വര്‍ദ്ധിപ്പിക്കണം. ഔഷധഗുണമുള്ള സസ്യങ്ങളുടെ നാശോന്മുഖത തടയുകയും ചെയ്യണം. കോഴികൃഷി, മത്സ്യകൃഷി തുടങ്ങി എന്തെല്ലാം നമുക്കു സാധിക്കും. ഏതിനുമുണ്ടൊരു നിമിത്തം. ഇതാണതിനു പറ്റിയ സമയം.
കോവിഡാനന്തര കാലത്തെ ടൂറിസം ഒരു ചോദ്യചിഹ്നമാണ്. എന്നാല്‍ ആരോഗ്യരംഗത്തു നാം വളര്‍ത്തിയ പ്രതിച്ഛായ ആരോഗ്യ ടൂറിസം വളര്‍ത്തുവാനും ചുരുങ്ങിയ ചെലവിലുള്ള ആരോഗ്യ പരിരക്ഷാ സംവിധാനം വിദേശികള്‍ക്കു മുന്നില്‍ അവതരിപ്പിക്കാനും പറ്റിയ സമയമിതാണ്. പക്ഷേ ആരോഗ്യ ശീലങ്ങള്‍ പാലിക്കുവാന്‍ മിടുക്കു കാട്ടുന്ന മലയാളി മാലിന്യ നിര്‍മാര്‍ജനത്തില്‍ കാണിക്കുന്ന അലംഭാവവും അക്ഷന്തവ്യമായ കുറ്റകൃത്യവും ഉപേക്ഷിക്കണം. നദിയും, പുഴയും, മണ്ണും, മരവും സംരക്ഷിക്കുന്നത് ആരോഗ്യ സന്തുലനത്തിന് അവശ്യ ഘടകങ്ങളാണെന്നു ഇനിയും മനസ്സിലാക്കുക. മാലിന്യമുക്തമായ കേരളത്തിലേക്കു വിദേശികള്‍ വന്നെത്തും.
വിദ്യാഭ്യാസ മേഖലയിലെ വൈജ്ഞാനിക മാറ്റം കോവിഡിന്‍റെ സംഭാവനയാണ്. ക്ലാസ്സുമുറികള്‍ക്കപ്പുറം വീട്ടിലിരുന്നു വിവരസാങ്കേതികവിദ്യയുടെ സഹായത്തോടെ പഠനവും പരീക്ഷയും ആകാമെന്നു നാം തിരിച്ചറിഞ്ഞു. തൊഴിലധിഷ്ഠിത വിദ്യാഭ്യാസം വഴിയായി ചെറുകിട വ്യവസായങ്ങള്‍ ആരംഭിക്കുവാനും സ്വയംതൊഴില്‍ സംരംഭകരുമാകുവാനും പറ്റിയ സമയമാണിത്.
അച്ചടി മാധ്യമങ്ങളുടെ പ്രസക്തി കുറയുന്നതും പണമിടപാടുകള്‍ ഡിജിറ്റലാകുന്നതിന്‍റെ വേഗത കൂടുന്നതും നാം കണ്ടു. സിനിമാ തിയേറ്ററിലെ തള്ളിക്കയറ്റം ഇനി ഇന്‍റര്‍നെറ്റ് അടിസ്ഥാനമാക്കിയ ഡിജിറ്റല്‍ സംവിധാനത്തിലേക്കു വളരെ വേഗം വന്നെത്തും. സാംസ്ക്കാരിക പ്രവര്‍ത്തനവും രാഷ്ട്രീയ പോരാട്ടങ്ങളും ഇനി ഡിജിറ്റലാകും. ആയിരങ്ങള്‍ ഒത്തുകൂടിയിരുന്ന കോണ്‍ഫറന്‍സുകള്‍ സ്വന്തം സ്വീകരണമുറിയിലേക്കെത്തിക്കഴിഞ്ഞു.
കോവിഡാനന്തര കാലത്ത് പുതിയ ഒരു സംസ്ക്കാരം ഉണ്ടാകണമെന്നു ഞാന്‍ പറയുന്നില്ല. കൈവിട്ടുപോയ, പൈതൃകമായ, സാഹോദര്യത്തിലൂന്നിയ നമ്മുടെ പഴയ സംസ്ക്കാരം തിരിച്ചുവരണം. പുത്തന്‍ശാസ്ത്രങ്ങളും, സാങ്കേതികവിദ്യകളും അതിനു മേമ്പൊടി ചേര്‍ക്കണം. കോവിഡാനന്തര കാലമല്ല കോവിഡിനോടൊപ്പമുള്ള കാലം നന്മ നിറഞ്ഞ മനസ്സുമായി നമുക്കു ജീവിക്കാം. പ്രകൃതിയും പ്രപഞ്ചവും നമുക്കു നല്‍കിയ പാഠമാണ്.
ഡോ. ജുനൈദ് റഹ്മാന്‍
No comments:
Post a Comment