രാജ്യം സ്വതന്ത്രമായിട്ട് എഴുപതു വര്‍ഷം പിന്നിട്ടിട്ടും ഇന്ത്യയില്‍ വര്‍ണ, ജാതി ഘടനക്കു വലിയ മാറ്റമൊന്നും വന്നിട്ടില്ലെന്നത് യാഥാര്‍ത്ഥ്യമാണ്. സ്വന്തം അനുഭവത്തിന്‍റെ കൂടി അടിസ്ഥാനത്തില്‍ വര്‍ണ, ജാതി വ്യവസ്ഥ എത്ര ആഴത്തിലാണ് ഇന്ത്യന്‍ സമൂഹത്തില്‍ വേരൂന്നിയിട്ടുള്ളതെന്നു തിരിച്ചറിഞ്ഞ ഡോ. അംബേദ്കര്‍ ഈ യാഥാര്‍ത്ഥ്യത്തെക്കുറിച്ച് സ്വാതന്ത്ര്യത്തിനു മുന്‍പ് തന്നെ പ്രവചിച്ചിരുന്നു. സാമൂഹ്യ സംവരണം പോലുള്ള പ്രായോഗിക നടപടികളിലൂടെ ഈ സാമൂഹ്യ വിഭജിതാവസ്ഥയുടെ രൂക്ഷത കുറക്കാനുള്ള സംവിധാനം അദ്ദേഹം ഭരണഘടനയിലൂടെ ആവിഷ്ക്കരിക്കുകയും ചെയ്തു. ലോകത്തിലെ ഏറ്റവും മെച്ചപ്പെട്ട ജനാധിപത്യ ഭരണഘടനകളിലൊന്നു ഇന്ത്യയില്‍ നിലവില്‍ വന്നതോടെ അതിന്‍റെ പ്രവര്‍ത്തനത്തിലൂടെ സാമൂഹ്യ അസമത്വങ്ങള്‍ ക്രമേണ അപ്രത്യക്ഷമാവുമെന്നും കണക്കാക്കപ്പെട്ടിരുന്നു.
ഭരണഘടന നിലവില്‍ വന്നിട്ട് ദശകങ്ങള്‍ പിന്നിട്ടിട്ടും ഈ ദിശയിലുള്ള മാറ്റങ്ങളൊന്നും ഇവിടെ ഉണ്ടായില്ല. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും നേതൃത്വങ്ങളില്‍ സവര്‍ണ വിഭാഗങ്ങളില്‍ നിന്നുള്ളവര്‍ക്ക് തന്നെയാണ് മേധാവിത്തം ഉണ്ടായിരുന്നതെന്നത് ഈ അവസ്ഥക്കു ഒരു കാരണമാണ്. രാഷ്ട്രീയ രംഗത്ത് സവര്‍ണ മേധാവിത്ത ശക്തികളെ ചോദ്യം ചെയ്യാവുന്ന വിധം അവര്‍ണ വിഭാഗങ്ങള്‍ മുന്നോട്ടു വന്നിരുന്നില്ല. چ80 കളുടെ അവസാനം ബാബറി മസ്ജിദ് പ്രശ്നത്തെ തുടര്‍ന്നു സവര്‍ണ/അവര്‍ണ ധ്രുവീകരണത്തിന് രാഷ്ട്രീയരൂപം ലഭിക്കുകയും അവര്‍ണ വിഭാഗങ്ങളുടെ സമ്മര്‍ദ്ദഫലമായി മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കപ്പെടുകയും ചെയ്തതോടെയാണ് അവര്‍ണ ശക്തികള്‍ രാഷ്ട്രീയാധികാരത്തിലെത്തുന്നത്. യു.പി യിലും ബീഹാറിലും ദളിത്, പിന്നോക്ക വിഭാഗങ്ങള്‍ തങ്ങളുടെ രാഷ്ട്രീയ പാര്‍ട്ടികളുണ്ടാക്കി അധികാരം പിടിച്ചെടുത്തത് ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തില്‍ സംഭവിച്ച ശ്രദ്ധേയമായ രാഷ്ട്രീയപരിണാമമായിരുന്നു. ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായി സവര്‍ണ ശക്തികള്‍ അധികാരത്തില്‍ നിന്നു പിന്തള്ളപ്പെട്ട സന്ദര്‍ഭമായിരുന്നു അത്. ഇത്തരം പ്രകടമായ അവര്‍ണ/സവര്‍ണ രാഷ്ട്രീയ ധ്രുവീകരണം യു.പി യിലും ബീഹാറിലും മാത്രമേ സംഭവിച്ചിട്ടുള്ളൂ എങ്കിലും ഈ രണ്ട് സംസ്ഥാനങ്ങള്‍ ആണ് സവര്‍ണ ശക്തികളുടെ കോട്ട കൊത്തളങ്ങള്‍ എന്നതുകൊണ്ട് ഈ സംഭവ വികാസങ്ങളുടെ രാഷ്ട്രീയ പ്രാധാന്യം ശ്രദ്ധേയം തന്നെയാണ്.
അന്ന് ആരംഭിച്ച ഇന്ത്യന്‍ രാഷ്ട്രീയത്തിലെ അവര്‍ണ/സവര്‍ണ രാഷ്ട്രീയ ധ്രുവീകരണം ഏറിയും കുറഞ്ഞും ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. 1998-2004 കാലത്തെ വാജ്പേയി സര്‍ക്കാരിനു നേതൃത്വം നല്‍കിയത് ബി.ജെ.പി ആയിരുന്നെങ്കിലും അവര്‍ക്ക് കുത്തകാധികാരം ഉണ്ടായിരുന്നില്ല. പിന്നീട് യു.പി.എ സര്‍ക്കാര്‍ പത്തു കൊല്ലം തുടര്‍ച്ചയായി ഭരിച്ചപ്പോള്‍ ഇന്ത്യന്‍ ജനാധിപത്യം പക്വത നേടുന്നു എന്ന അന്തരീക്ഷമാണ് സൃഷ്ടിക്കപ്പെട്ടത്. എന്നാല്‍ തുടര്‍ന്നു അധികാരത്തില്‍ വന്ന മോദി സര്‍ക്കാരിന് തുടര്‍ച്ച നിലനിര്‍ത്താനായിരിക്കുന്നു എന്നത് ഇന്ത്യന്‍ ജനാധിപത്യത്തിന്‍റെ ദൗര്‍ബല്യത്തെയാണ് പ്രതിഫലിപ്പിക്കുന്നത്. എന്‍.ഡി.എ യുടെ വോട്ടു ശതമാനം 38 ല്‍ നിന്ന് 45 ആയി വര്‍ദ്ധിക്കുകയും ചെയ്തിരിക്കുന്നു.
മതേതര ജനാധിപത്യത്തെ അടിസ്ഥാനപരമായി അംഗീകരിക്കാത്ത മതാധിഷ്ഠിത ഭരണമാണ് ഉണ്ടാവേണ്ടതെന്ന് ലക്ഷ്യംവയ്ക്കുന്ന അധികാരികള്‍ അധികാരത്തില്‍ വരുന്നതിന്‍റെ അപകടം തിരിച്ചറിയാത്ത അഥവ അത് അപകടമാണെന്ന് അംഗീകരിക്കാത്ത ഗണ്യമായ വിഭാഗം വോട്ടര്‍മാരാണ് അവര്‍ക്ക് വോട്ടു ചെയ്തതെന്ന് വ്യക്തമാണല്ലോ. ഇന്ത്യന്‍ ജനാധിപത്യം പക്വത നേടിയിട്ടില്ലെന്നാണ് ഇത് കാണിക്കുന്നത്. അതുകൊണ്ട് ഹിന്ദുത്വവാദികളുടെ മേധാവിത്വം ചോദ്യം ചെയ്യപ്പെടാതെ തുടരുമെന്ന് കരുതേണ്ടതുണ്ടോ?
ഏതൊരു ജനാധിപത്യ സമൂഹത്തിലുമെന്നപോലെ ഇന്ത്യന്‍ സമൂഹത്തിലും താരതമ്യേന പകുതിയോളം പേരൊക്കെയേ സ്ഥായിയായ രാഷ്ട്രീയ നിലപാടോ പാര്‍ട്ടികൂറോ പുലര്‍ത്തുന്നവരുണ്ടാകൂ. ഇന്ത്യയില്‍ 90 കോടി വോട്ടര്‍മാരാണ് ഉള്ളത്. ഇത്തവണ വോട്ടു ചെയ്തത് 67 ശതമാനം അഥവ ഏതാണ്ട് 60 കോടി പേരാണ്. ഇതില്‍ 30 കോടി രാഷ്ട്രീയ നിലപാടനുസരിച്ചു വോട്ടു ചെയ്തിട്ടുണ്ടാവാമെങ്കില്‍ ബാക്കി മുപ്പതു കോടി താല്‍ക്കാലിക സാഹചര്യങ്ങള്‍ക്കനുസരിച്ച് വോട്ടു ചെയ്തവരാകാം. അവരാണ് എല്ലായ്പ്പോഴും ഫലത്തെ നിര്‍ണയിക്കുന്നത്. ഓരോ തിരഞ്ഞെടുപ്പിലും അവരുടെ തിരഞ്ഞെടുപ്പ്, അഥവാ ആര്‍ക്കു വോട്ടു ചെയ്യണമെന്ന അവരുടെ തീരുമാനം മാറിക്കൊണ്ടിരിക്കും. യഥാര്‍ത്ഥത്തില്‍ ജനാധിപത്യത്തെ ചലനാന്‍മകമാക്കുന്നത് ഈ വിഭാഗമാണ്. കേരളത്തില്‍ ഈ വിഭാഗം ചെറുതാണെങ്കിലും അഖിലേന്ത്യാ തലത്തില്‍ അത് വലുതാണ്. പകുതിയോ അതിലധികമോ വരാം.
ഇന്ത്യന്‍ ജനാധിപത്യത്തെ ലോകശ്രദ്ധയില്‍ പിടിച്ചുനിര്‍ത്തുന്നതില്‍ ഈ ചലനാത്മകത വലിയ പങ്ക് വഹിക്കുന്നുണ്ട്. അനവധി ഭാഷകള്‍, മതങ്ങള്‍, ജാതികള്‍, മറ്റു സാമൂഹ്യ വിഭാഗങ്ങള്‍ എന്നിവയെല്ലാം ചേര്‍ന്ന അതിബൃഹത്തായ ഒരു സമൂഹം ലോകനിലവാരത്തില്‍ തന്നെ മെച്ചപ്പെട്ട ചിട്ടയായ തിരഞ്ഞെടുപ്പ് പ്രക്രിയയിലൂടെ ഒരു ഫെഡറല്‍ ജനാധിപത്യ സമൂഹമായി കെട്ടുറപ്പോടെ നിലനില്‍ക്കുന്നത് ലോകത്തിനു അത്ഭുതമാണ്. ഇന്ത്യന്‍ ജനാധിപത്യത്തിന്‍റെ കരുത്തും അതുതന്നെയാണ്. ഈ സങ്കീര്‍ണതകളെ മുഴുവന്‍ ഉള്‍ക്കൊള്ളാനും നിരപ്പാക്കാനും മതവാദത്തിന് കഴിയില്ല.
അനവധി ഭാഷാസമൂഹങ്ങളായി ഇന്ത്യന്‍ സമൂഹം വിഭജിച്ചു നില്‍ക്കുന്നതും അതിനനുസൃതമായി ഒരു ഫെഡറല്‍ രാഷ്ട്രീയഘടന ശക്തമായ രീതിയില്‍ ഇവിടെ നിലനില്‍ക്കുന്നതും മതത്തിലധിഷ്ഠിതമായ രാജ്യം എന്ന ആശയത്തെ പിന്തുണക്കുന്നവര്‍ തിരിച്ചറിയുന്നുണ്ട്. അതുകൊണ്ടുതന്നെ അതിനെ മറികടന്നുകൊണ്ടു മുന്നോട്ടു പോവാനുള്ള മാര്‍ഗങ്ങളാണ് അവര്‍ തേടുന്നത്. വിവിധ നിയമസഭാ തിരഞ്ഞെടുപ്പുകളും ലോകസഭാ തിരഞ്ഞെടുപ്പുകളും എല്ലാം ഒരുമിച്ചു ഒറ്റ തവണയായി നടത്തണം എന്ന നിര്‍ദേശം ഇലക്ഷന്‍ കമ്മീഷന്‍ മുന്നോട്ട് വച്ചിട്ടുള്ളത് മേല്‍പറഞ്ഞ ലക്ഷ്യം മുന്‍നിര്‍ത്തി തന്നെയാണ്. ഇനിയും അതുപോലുള്ള പല നിര്‍ദേശങ്ങളും വരാനിരിക്കുന്നതേയുള്ളൂ. ഇത്തരം ഏകീകരണ പദ്ധതികള്‍ കൊണ്ട് പരിഹരിക്കാനാവാത്ത രാഷ്ട്രീയ ഘടനയാണ് ഇന്ത്യന്‍ സമൂഹത്തിനുള്ളത്. ലോകത്ത് മറ്റൊരു രാജ്യത്തും കാണാത്തവിധം ജനാധിപത്യ വിരുദ്ധമായ ഒരു ആന്തരിക സാമൂഹ്യഘടനയാണ് ഇന്ത്യന്‍ സമൂഹത്തിനുള്ളത്. ഇവിടെ നിലനില്‍ക്കുന്ന വര്‍ണ, ജാതി ഘടനയാണ് ഉദ്ദേശിച്ചത്. വെള്ളം ചോരാത്ത അറകളിലെന്ന പോലെ അനവധി വര്‍ണ, ജാതി ഉപസമൂഹങ്ങളായി ഇന്ത്യന്‍ സമൂഹം വിഭജിക്കപ്പെട്ടു നില്‍ക്കുന്നു. നൂറ്റാണ്ടുകളല്ല സഹസ്രാബ്ധങ്ങളായി നിലനിന്നുപോരുന്ന ഈ വിഭജിതാവസ്ഥയെ എളുപ്പത്തില്‍ മറികടക്കാനാവുകയില്ല.
മതേതര ജനാധിപത്യ രാഷ്ട്രീയഘടന മനുഷ്യസമൂഹത്തിന്‍റെ സ്വാഭാവിക പരിണാമത്തിലൂടെ ഉരുത്തിരിഞ്ഞു വന്നതാണ്. അതില്‍ നിന്നു പിന്തിരിഞ്ഞു പോവാന്‍ ഒരു സമൂഹത്തിനും കഴിയില്ല. മതേതര ജനാധിപത്യത്തെ നിഷേധിക്കുന്ന ഹിന്ദുത്വവാദത്തിനു ഫലപ്രദമായ ഒരു ബദല്‍ വയ്ക്കാനില്ലെന്നതാണ് വസ്തുത. ആര്‍ഷഭാരത പാരമ്പര്യത്തില്‍ അത്തരം രാഷ്ട്രീയ ബദലുകള്‍ ഇല്ല. ബുദ്ധനു മുമ്പും പിമ്പുമായിട്ടുള്ള പൗരാണിക ഭാരതത്തില്‍ ജനപഥങ്ങള്‍ എന്നറിയപ്പെട്ടിരുന്ന പ്രാദേശിക ജനാധിപത്യ സമൂഹങ്ങള്‍ വ്യാപകമായി നിലനിന്നിരുന്നതായി ചരിത്രകാരന്മാര്‍ കണ്ടെത്തിയിട്ടുണ്ട്. ഗ്രീക്ക് ജനാധിപത്യത്തെക്കാള്‍ വിപുലവും സങ്കീര്‍ണവുമായിരുന്നു ഈ ജനപഥങ്ങളുടെ ജനാധിപത്യമെന്നു ആധുനിക ഗവേഷകര്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. പക്ഷെ ഈ ജനാധിപത്യ പ്രക്രിയ പിന്നീടുള്ള ഇന്ത്യയുടെ ചരിത്രത്തില്‍ ഒരിക്കലും കാണാന്‍ കഴിയില്ല. വര്‍ണ, ജാതി വ്യവസ്ഥ ഇന്ത്യന്‍ സമൂഹത്തില്‍ പിടിമുറക്കിയതോടെ ഈ ജനാധിപത്യ പ്രക്രിയയ്ക്ക് പിന്നീട് തലപൊക്കാനായില്ല എന്നു കരുതേണ്ടിയിരിക്കുന്നു.
ആര്‍ഷഭാരത പാരമ്പര്യത്തിന്‍റെ പിന്നാലെ പോകുന്നവര്‍ക്ക് ആധുനിക മതേതര ജനാധിപത്യത്തെ നേരിടാനാവുകയില്ലെന്നു ഈ പശ്ചാത്തലത്തിലാണ് മനസ്സിലാക്കേണ്ടത്. താല്‍ക്കാലികമായ തിരിച്ചടികളാണ് ഇപ്പോഴത്തേത് പോലുള്ള അവസ്ഥകള്‍. ഇന്ത്യന്‍ ജനാധിപത്യത്തിന് ഇത്തരം തിരിച്ചടികളെ അതിജീവിക്കാനാകും എന്ന് തന്നെ കരുതേണ്ടിയിരിക്കുന്നു.
No comments:
Post a Comment