അലറുന്നുണ്ടാരോ
എവിടുന്നോ
നിണമൊഴുകി വരുന്നുണ്ടല്ലോ.
ഒടിഞ്ഞ പാലത്തിന്നടിയില്‍
പച്ച മറഞ്ഞൊരു ജീവന്‍
അനാഥമായൊരു കളിയാട്ടം.
കാണുന്നൂ കവിഗേഹം മുമ്പില്‍
നോക്കുകുത്തിച്ചിരി പോലെ,
ഈ നടയ്ക്കലാരേ കുത്തിവരച്ചൂ
കാട്ടാളക്കോലങ്ങള്‍.
തുള വീണൊരിടയ്ക്കയില്‍
മൗനം നിന്നു കലമ്പുന്നു
അരങ്ങു നിറഞ്ഞു പടര്‍ന്നൂ
മുള്ളുകള്‍ കാട്ടപ്പകളും.
പൊന്നാനിക്കരിക്കുകളില്‍
മൂളി മൂളിയുറുഞ്ചുന്നാരോ,
ഇല്ല ശിങ്കിടികള്‍ക്കിന്നും പെരുമ
ഇല്ല കല്‍പിത ബിരുദങ്ങള്‍.
ശങ്കിച്ചാണാള്‍ക്കാരന്തിയില്‍
ഇവിടെ പടികേറുന്നൂ
കേള്‍ക്കാനേയില്ലൊരു കേളി.
നിളയോരപ്പകലുകള്‍ പോയോ
നിളയോര സ്സന്ധ്യകള്‍ പോയോ
കഥകളിരാവുകളേ
തിരികെ വരിന്‍
എന്‍ കണ്ണു മിഴിപ്പിക്കിന്‍.
ആരാരുടെ ക്രൗര്യത്താല്‍
മുറ്റി വളര്‍ന്നൊരു
മുള്‍ക്കാടായിന്നെന്‍റെ നിളേ
എന്‍റെ നിളേ
ഞാറ്റുവേലപ്പദ-
മേളം കൊണ്ടൊരു കവിഹൃദയം
മേളപ്പദമാടുകകൊണ്ടേ
നീയൊഴുകിയതന്നെന്‍റെ നിളേ
എന്‍റെ നിളേ.
കണ്ണില്ലാത്താകാശം
ഇരുളാഴികള്‍ ചൊരിയുന്നൂ
ചുട്ടി പൊടിഞ്ഞുതിരുന്നൂ.
ആളുകള്‍ ശങ്കിച്ചല്ലോ
പടിവാതിലില്‍ മുട്ടുന്നൂ
ഇല്ല വിളക്കിന്‍വെട്ടം
പടുതിരി കത്തിയണഞ്ഞൂ
കള്ളിമുള്ളു ചവയ്ക്കുന്നൂ നീ
എന്‍റെ നിളേയെന്‍റെ നിളേ...
No comments:
Post a Comment