സ്ത്രീയെക്കുറിച്ച് എഴുതുമ്പോള്‍ തന്‍റെ ഉള്ളിലുള്ള പുരുഷനെ ഉറക്കിക്കിടത്തണം -- മനുഷി/ഷാഫി ചെറുമാവിലായി


     ബന്ധങ്ങളിലുള്ള

വിശ്വാസത്തെയും അവിശ്വാസത്തെയും അളവറ്റ സ്നേഹത്തെയും അത് നല്‍കുന്ന ദുഃഖത്തെയും തന്‍റെ കവിതകളില്‍ എഴുതിവരുന്ന പ്രശസ്ത തമിഴ് യുവകവയിത്രിയാണ് മനുഷി. അഞ്ച് കവിതാ സമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചു. څആദിക്കാതലിന്‍ നിനൈവുക്കുറിപ്പുകള്‍چ എന്ന കവിതാ സമാഹാരത്തിന് 2017 ലെ കേന്ദ്ര സാഹിത്യ അക്കാദമിയുടെ څയുവ സാഹിത്യ പുരസ്കാരംچ ലഭിച്ചു.


താങ്കളെ കവിത എഴുതാന്‍ പ്രേരിപ്പിച്ചത് വായനാനുഭവമാണോ അതോ സ്വാഭാവികമായുണ്ടായ പ്രേരണയോ; താങ്കള്‍ എങ്ങനെയാണ് എഴുത്തിനെ തിരഞ്ഞെടുത്തത്?


മനുഷി: ഇവ രണ്ടും തന്നെയാണ്. പരന്ന വായന ഒരാളെ എഴുത്തിലേക്ക് കൂട്ടിക്കൊണ്ടു പോകും. എനിക്ക് ചെറുപ്പം തൊട്ടേ കഥകള്‍ വായിക്കുന്നതിലും, കഥകള്‍ കേള്‍ക്കുന്നതിലും വലിയ താല്‍പര്യമായിരുന്നു. തുടരെയുള്ള വായന കവിതകളും കഥകളും എഴുതാനുള്ള പ്രേരണ നല്‍കി.


വായന, സ്വാഭാവികമായ പ്രേരണ ഇവയൊക്കെ മറികടന്ന് മറ്റൊരു കാര്യവും ഉള്ളതായി ഞാന്‍ വിചാരിക്കുന്നു. ചെറുപ്പം മുതല്‍ക്കേ എന്നെ പിന്തുടര്‍ന്നുവരുന്ന ഏകാന്തതാബോധം കവിതയുടെ കരങ്ങള്‍ പിടിക്കാന്‍ കാരണമായിരിക്കുന്നു. രചനാ പ്രവര്‍ത്തികള്‍ക്ക് അടിസ്ഥാനമായിരിക്കുന്നത് മനസ്സില്‍ കുടികൊണ്ടിരിക്കുന്ന ഒരുതരം അനാഥത്വ ബോധമാണ്. സുഹൃത്തുക്കളോടൊപ്പവും ബന്ധുക്കളോടൊപ്പവും ചേര്‍ന്നിരുന്നപ്പോഴും മനസ്സിനകത്ത് ഉറച്ചുകിടക്കുന്ന ഈ അനാഥത്വബോധത്തിന് ഒരു കൈവഴി ആവശ്യമായി വരുന്നു. അതാണ് രചനകളായി രൂപം കൊള്ളുന്നത്. അനാഥത്വബോധത്തില്‍ നിന്നും അല്‍പമെങ്കിലും മോചനം നേടി വന്ന് ഈ ജീവിതത്തിന്‍റെ സൗന്ദര്യം ദര്‍ശിക്കുവാന്‍ കവിതയാണ് എനിക്ക് തുണയായിരിക്കുന്നത്. എന്‍റെ കവിതകള്‍ എന്‍റെ ആത്മാവിന്‍റെ ശബ്ദമല്ലാതെ മറ്റൊന്നുമല്ല.


ജീവിതത്തിലെ ഒരു അനുഭവം അല്ലെങ്കില്‍ ഒരു സംഭവം മാത്രം പങ്കുവയ്ക്കുന്നത് കവിതയാകുമോ?


മനുഷി: എന്നെ സംബന്ധിച്ചിടത്തോളം കവിത എന്നത് മുന്‍കൂട്ടി തീരുമാനിച്ച് ചെയ്യുന്നതല്ല. ഇതൊക്കെ കവിതയാക്കണം, ഇതൊക്കെ കവിതയാക്കിയാല്‍ ശ്രദ്ധിക്കപ്പെടും എന്ന വിചാരങ്ങള്‍ക്കപ്പുറത്ത്, കവിയുടെ മനസ്സിനകത്ത് കവിത തന്നെ കൊത്തിവയ്ക്കുന്നു. ഒരു കവിയെ ഏത് ആത്മാര്‍ത്ഥമായി തൊടുന്നുവോ, ഏതൊരു സംഭവം അല്ലെങ്കില്‍ തീരുമാനം കവിതയായി എഴുതാന്‍ നിര്‍ബന്ധിക്കുന്നുവോ അത് ഭാഷയുടെ വായിലൂടെ കവിതയാകുന്നു. ഒരു തോട്ടത്തില്‍ വിവിധ വര്‍ണങ്ങളില്‍, വിവിധ സുഗന്ധങ്ങളില്‍, വിവിധ രൂപങ്ങളില്‍ ധാരാളം പൂക്കള്‍ ഇരിക്കുന്നു. ഒരു പൂമ്പാറ്റ എല്ലാ പൂക്കളിലും ചെന്നിരുന്നിട്ട് തേന്‍ നുകരുന്നില്ല. അത് എന്തുകൊണ്ടാണ് ഒരു പ്രത്യേക പൂവില്‍ മാത്രം പോയി ഇരിക്കുന്നത്. അതുപോലെ തന്നെയാണ് കവിത എഴുതുന്ന അനുഭവവും. മാത്രമല്ല, ഒരു കവി എന്തുകൊണ്ട് ഇതെല്ലാം എഴുതുന്നില്ല എന്നു ചോദിക്കുന്നതും, എന്തുകൊണ്ട് ഇതുമാത്രം എഴുതിക്കൊണ്ടിരിക്കുന്നു എന്ന് ചോദിക്കുന്നതും അത്ഭുതമായിരിക്കുന്നു. നിങ്ങള്‍ ഒരു കവിത എഴുതണം എന്നു വിചാരിക്കുന്നതിനേക്കാളും, നിര്‍ബന്ധിക്കുന്നതിനേക്കാളും ഭാഷ വശത്താക്കി നിങ്ങള്‍ക്കുതന്നെ എഴുതാമല്ലോ. എഴുതിയ കവിത, കവിതയായിരിക്കുന്നോ, അതിനകത്ത് സത്യം ഉണ്ടോ, കവിയുടെ അനുഭവം വായനാനുഭവമായി പരിണമിക്കുന്നുണ്ടോ... അതുമതി.


പുരുഷാധിപത്യ സമൂഹത്തെ മറികടന്ന് ഒരു സ്ത്രീ തന്‍റെ കൃതികളിലൂടെ തിരിച്ചറിയപ്പെടുന്നു എന്നത് പ്രയാസകരമായ കാര്യമല്ലെ; നിങ്ങളുടെ അനുഭവത്തെക്കുറിച്ച്?


മനുഷി: പുരുഷാധിപത്യ സമൂഹത്തിനകത്തിരുന്നു കൊണ്ട് സ്ത്രീക്ക് രചനകള്‍ നിര്‍വഹിക്കുക എന്നത് വലിയ വെല്ലുവിളി തന്നെയാണ്. കുടുംബത്തിന്‍റെ കെട്ടുറപ്പ്, ഉത്തരവാദിത്തം, കുടുംബബന്ധങ്ങള്‍ ഒക്കെ സ്ത്രീക്ക് വലിയ ഭാരമാണ്. വിവിധ മേഖലകളില്‍ സ്ത്രീകള്‍ കാലുറപ്പിച്ച് നേട്ടങ്ങള്‍ കൈവരിച്ചുകൊണ്ടിരുന്നാലും കൂടി ഈ ഭാരം ഒഴിയുന്നില്ല. കലാ-സാഹിത്യ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ പലതരം തടസ്സങ്ങള്‍ മറികടന്നിട്ടാണ് അവരുടെ സ്ഥാനം ഉറപ്പിക്കുന്നത്, അവര്‍ അംഗീകാരം നേടുന്നത്. എന്നാല്‍ അത് അത്രയ്ക്ക് എളുപ്പമല്ല. സ്ത്രീകളുടെ രചനകള്‍ക്ക് ലഭിക്കുന്ന അംഗീകാരം എന്നത് അവരുടെ സ്വാതന്ത്ര്യ (വിമോചന) ശബ്ദത്തിനായുള്ള അംഗീകാരമാണ്.

എന്നെ സംബന്ധിച്ചിടത്തോളം പ്രയാസകരം എന്നത് സാഹിത്യ ചുറ്റുപാടിലുള്ള സംഘരാഷ്ട്രീയം തന്നെയാണ്. ആരുടെ രചന പൊതുസമൂഹത്തില്‍ സംസാരിക്കണം, ആരുടെ രചന അവഗണിച്ച് മൗനം പാലിക്കണം എന്നതില്‍ വലിയ സംഘരാഷ്ട്രീയം പ്രവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നു. അതിനെയൊക്കെ മറികടന്ന്, എന്‍റെ കവിതകള്‍ക്ക് ഞാന്‍ സത്യമായിരിക്കുന്നു. അതാണ് എനിക്കുള്ള അംഗീകാരത്തെ വായനക്കാരുടെ മദ്ധ്യേ സൃഷ്ടിച്ചു നല്‍കുന്നത്. ആര് വായിക്കുന്നു, ആര് കൊണ്ടാടുന്നു, ആര് വിമര്‍ശിക്കുന്നു, ആര് അവഗണിക്കുന്നു എന്നതൊന്നും പ്രശ്നമല്ല.


ലിംഗഭേദമില്ലാത്തതാണ് നല്ല കവിത എന്നതിനോട് യോജിക്കുന്നുണ്ടോ?


മനുഷി: ലിംഗഭേദമറ്റതാണ് നല്ല കവിത എന്നൊന്നും പറയില്ല. എന്നാല്‍, കവിതയെ ലിംഗഭേദങ്ങള്‍ കൊണ്ട് ആഘോഷിക്കുന്നതിനെയും, നിരാകരിക്കുന്നതിനെയും ഞാന്‍ എതിര്‍ക്കുന്നു. എഴുതുമ്പോള്‍ എഴുതുന്ന ആ മാനസീകാവസ്ഥ ലിംഗഭേദമറ്റതായിരിക്കണം. ലിംഗഭേദമറ്റവരായി ഇരുന്ന് എഴുതുമ്പോള്‍ അങ്ങനെയുള്ള ലിംഗ അടയാളത്തെ മറികടന്ന് കവിത എഴുതുവാന്‍ സാധിക്കും. എന്തുകൊണ്ടെന്നാല്‍ കവിത എന്നത് അനുഭവത്തില്‍ നിന്നുമുള്ളതാണ്. അനുഭവത്തിന് സ്ത്രീയെന്നോ പുരുഷനെന്നോ വ്യത്യാസങ്ങളില്ല. ചില അനുഭവങ്ങള്‍ അങ്ങനെ ഉണ്ടായേക്കാം. സിദ്ധാന്തം എന്ന അതിര്‍വരമ്പു വച്ചുകൊണ്ട് കവിത എഴുതുന്നതിനോട് ഞാന്‍ യോജിക്കുന്നില്ല.

കവിത മാത്രമല്ല, പൊതുവായി സാഹിത്യം എന്നത് ജാതി, മത, വര്‍ഗ, ലിംഗ അടയാളങ്ങള്‍ കടന്ന് മനുഷ്യത്വത്തെക്കുറിച്ച് പറയുന്നതായിരിക്കണം. എന്നാല്‍, ഒന്നു ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു. തമിഴ് പുതു സാഹിത്യത്തില്‍ പെണ്ണെഴുത്ത്, ആണെഴുത്ത്, ദലിത് എഴുത്ത്, ട്രാന്‍സ്ജെന്‍റര്‍ എഴുത്ത് എന്നൊക്കെ വേര്‍തിരിച്ച് സാഹിത്യത്തെ ഒറ്റപ്പെടുത്തേണ്ടതില്ല. പുതു സാഹിത്യം, പുതു എഴുത്ത്, പുതുക്കവിത. അത്രതന്നെ.


തമിഴ് പുതുക്കവിതകളില്‍, പുരുഷന്‍റെ രചനകളില്‍ സ്ത്രീയെ എങ്ങനെയാണ് ചിത്രീകരിക്കേണ്ടത് എന്നാണ് വിചാരിക്കുന്നത്?


മനുഷി: പൊതുവായി പുരുഷന്‍ എന്ന ബിംബത്തെ ഉപേക്ഷിച്ചിട്ട് ഒരു പെണ്ണിനെ കവിതയ്ക്കകത്ത് എഴുതുക എന്നത് വെല്ലുവിളിയായ കാര്യമാണെന്നു വിചാരിക്കുന്നു. പുരുഷന്മാര്‍, സ്ത്രികളെക്കുറിച്ച് എഴുതുന്നതില്‍ രണ്ടു കാര്യങ്ങള്‍ ഉണ്ട്. ഒന്ന്, സ്ത്രീവര്‍ഗത്തിന്‍റെ ദുഃഖങ്ങളില്‍ പരിതപിക്കല്‍. മറ്റൊന്ന്, തനിക്ക് അനുകൂലമായ സ്വതന്ത്രസ്ത്രീയെ സൃഷ്ടിക്കല്‍. അവരെ സ്വീകരിക്കുന്ന സ്ത്രീ ലോകത്തെയാണ് ഭൂരിപക്ഷം പുരുഷന്മാരും പറഞ്ഞിരിക്കുന്നത്. അതായത്, പുരുഷന്‍ എന്ന ഇടത്തില്‍ നിന്ന് സ്ത്രീയെ കാണല്‍. അങ്ങനെയുള്ള കവിതകളുടെ പൊള്ളത്തരം വേഗത്തില്‍ പിടിക്കപ്പെടും. ഓരോ പുരുഷന്‍റെ ഉള്ളിലും ഒരു സ്ത്രീ ഉണ്ട് എന്ന് പറയപ്പെടുന്നു. പുരുഷന്മാര്‍, സ്ത്രീകളുടെ ലോകത്തെക്കുറിച്ച് എഴുതുമ്പോള്‍, തന്‍റെയുള്ളിലുള്ള പുരുഷനെ ഉറക്കിക്കിടത്തി, സ്ത്രീയെ ഉണര്‍ത്തുമ്പോള്‍ അതില്‍ അല്‍പം യഥാര്‍ത്ഥ സ്ത്രീ വെളിപ്പെടും.


കവിതയില്‍ താങ്കള്‍ക്ക് ഉപേക്ഷിക്കാനാവാത്ത അംശം എന്താണെന്നാണ് കരുതുന്നത്?


മനുഷി: അങ്ങനെ ഞാന്‍ കരുതുന്നത് സ്നേഹമാണ്. ദ്രോഹത്തെ കടന്നുപോകുന്ന മനഃപക്വതയെ തരുന്ന അപാര സ്നേഹം.


അന്യ സംസ്ഥാനങ്ങളില്‍ കവിത ചൊല്ലുവാന്‍ പോകുമ്പോള്‍ ലഭിക്കുന്ന അനുഭവങ്ങളില്‍ പ്രധാനപ്പെട്ടത് എന്താണ്?


മനുഷി: 2015 ല്‍ ഷില്ലോങ്ങില്‍ നടന്ന സാഹിത്യ അക്കാദമിയുടെ യുവ എഴുത്തുകാരുടെ കൂട്ടായ്മയില്‍ പങ്കെടുത്തുകൊണ്ട് ڇഞാന്‍ എന്തിനാണ് എഴുതുന്നത്?ڈ എന്ന വിഷയത്തെക്കുറിച്ച് സംസാരിക്കുവാന്‍ എന്നെ ക്ഷണിച്ചിരുന്നു. എന്‍റെ ആദ്യത്തെ അന്യസംസ്ഥാന യാത്രയായിരുന്നു അത്. അവിടെ വായിച്ച കവിതകള്‍, ചെറുകഥകള്‍ ഒക്കെ കേട്ടപ്പോള്‍ കവിതയിലും ചെറുകഥയിലും മറ്റു സംസ്ഥാനങ്ങളേക്കാളും നമ്മള്‍ അല്‍പം മുന്നേറിക്കൊണ്ടിരിക്കുന്നു എന്നു മനസ്സിലായി; അഭിമാനകരമായിരുന്നു അത്. എന്നാല്‍ ഇവിടെ നമ്മളില്‍ അങ്ങനെ അഭിമാനിക്കുവാനുള്ള മനസ്സ് കുറവാണെന്നു തോന്നി. നമ്മള്‍ മനസ്സിലാക്കി വച്ചിരിക്കുന്ന അളവിലേക്ക് ലോകസാഹിത്യ പരിചയം, മറ്റു ഭാഷയിലുള്ള യുവ എഴുത്തുകാരില്‍ ഇല്ല. അതേ സമയം, അതിനെക്കുറിച്ച് അവര്‍ക്ക് യാതൊരു മനഃപ്രയാസവും ഇല്ല. അവരുടെ നിലത്തെ, അവരുടെ ജീവിതത്തെ, അവരുടെ സംസ്കാരത്തെ, അവരുടെ രാഷ്ട്രീയത്തെ അവരുടെ ഭാഷയില്‍ ദൃഢമായി എഴുതുന്നു.


അവസാനമായി ഒരു ചോദ്യം കൂടി. തമിഴില്‍ ധാരാളം പ്രണയ കവിതകള്‍ എഴുതിയത് നിങ്ങളാണെന്ന് കരുതുന്നു. പ്രണയത്തോട് ഇത്രയ്ക്കും പ്രണയം തോന്നാന്‍ എന്താണ് കാരണം?


മനുഷി: ഇതിനെ എന്‍റെ കവിതകള്‍ക്കുള്ള അഭിനന്ദനമായും വിമര്‍ശനമായും എടുത്തുകൊള്ളുന്നു. പ്രണയത്തോട് അടങ്ങാത്ത പ്രണയമാണെനിക്ക്. പ്രണയം ആഘോഷിക്കുവാനുള്ള കാരണം അതാണ് ജീവിതത്തിനായുള്ള മോചനം (സ്വാതന്ത്ര്യം) എന്നു ഞാന്‍ വിശ്വസിക്കുന്നതുകൊണ്ടാണ്. നമ്മള്‍ പ്രിയപ്പെട്ടവരാല്‍ സ്നേഹിക്കപ്പെടുന്നു എന്ന ബോധം നമ്മളെ ഇനിയും സുന്ദരമാക്കും. ജീവിതത്തെ കവിതാമയമാക്കും. പ്രണയത്തെക്കുറിച്ച് പാടുക എന്നത് സംഘസാഹിത്യകാലം തൊട്ട് ഇന്നുവരെ തുടര്‍ന്നുകൊണ്ടിരിക്കുന്നു. ഒളവൈ പാടാത്ത പ്രണയത്തെ, ആണ്ടാള്‍ പാടാത്ത പ്രണയത്തെ ഞാന്‍ എഴുതിയിട്ടില്ല. അവരുടെ തുടര്‍ച്ചയായി ഞാന്‍ ഇന്ന് എഴുതിക്കൊണ്ടിരിക്കുന്നു. മാത്രമല്ല, പുരുഷാധിപത്യസമൂഹത്തില്‍ സ്ത്രീക്ക് തന്നെ വെളിപ്പെടുത്തുന്നതിന് തടസ്സങ്ങള്‍ ഉണ്ട്; സ്ത്രീക്ക് തന്‍റെ ജീവിത പങ്കാളിയെ അവളുടെ ഇഷ്ടത്തിനനുസരിച്ച് തിരഞ്ഞെടുക്കുവാനുള്ള അവകാശം നിഷേധിക്കപ്പെടുന്നു. കുടുംബാഭിമാനം എന്നത് സ്ത്രീയുടെ വൈവാഹിക ജീവിതത്തോട് ചേര്‍ന്നു കാണുന്നു. അതിനാല്‍, മാതാപിതാക്കളുടെ ആഗ്രഹങ്ങള്‍ക്ക് എതിരായി സ്ത്രീ (പെണ്‍കുട്ടി) പ്രേമിക്കുമ്പോള്‍ ജാതിയുടെ പേരില്‍, മതത്തിന്‍റെ പേരില്‍ കൊന്ന് ഭീതിയിലാഴ്ത്തപ്പെടുന്നു. ഇത്തരം ചുറ്റുപാടില്‍, സ്ത്രീ തന്‍റെ പ്രണയത്തെ, തന്‍റെ ഹൃദയത്തില്‍ നിന്നും സംസാരിക്കുന്നതും, കലാസാഹിത്യത്തില്‍ അടയാളപ്പെടുത്തുന്നതും ഒരു രാഷ്ട്രീയ പ്രവൃത്തിയായേ ഞാന്‍ കാണുന്നുള്ളൂ. എന്‍റെ കവിതകളില്‍ ഞാന്‍ പറയുന്ന പ്രണയം എന്നത് മനുഷിയുടെ പ്രണയം മാത്രമല്ല, പ്രണയം വെളിപ്പെടുത്തുവാനുള്ള അവകാശത്തെ നിഷേധിക്കപ്പെട്ട എല്ലാ മനുഷിമാരുടെയും ശബ്ദം തന്നെയാണ്. അതിനാല്‍, പ്രണയത്തെ, പ്രണയത്തോട് എഴുതുന്നു. അതിലൂടെ, ജീവിതത്തെ ആഘോഷമാക്കി മാറ്റാന്‍ ശ്രമിക്കുന്നു.

Share:

പോളിഷ് കഥ - വാന്‍-ഡോറയുടെ അത്ഭുതക്കിണര്‍ --സിപ്പി പള്ളിപ്പുറം




     പോളണ്ടിലെ ഒരു ഗ്രാമത്തില്‍ വളരെ ദയാലുവായ ഒരു പ്രഭു ജീവിച്ചിരുന്നു. څറുഡോള്‍ഫ്چ എന്നായിരുന്നു അദ്ദേഹത്തിന്‍റെ പേര്.

     മഞ്ഞണിഞ്ഞ മലകള്‍ക്കു നടുവിലുള്ള ഹരിതാഭമായ ഒരു താഴ്വരയിലായിരുന്നു റുഡോള്‍ഫ് പ്രഭുവിന്‍റെ കൊട്ടാരം. കൊട്ടാരത്തിനു ചുറ്റുമായി കണ്ണഞ്ചിപ്പിക്കുന്ന ഒരു വര്‍ണപ്പൂന്തോട്ടമുണ്ടായിരുന്നു. പൂന്തോട്ടത്തിനപ്പുറം ഓറഞ്ചും മുന്തിരിയും ചെറിയും സ്ട്രോബറിയുമെല്ലാം കുലകുലയായി പഴുത്തുതൂങ്ങുന്ന വിശാലമായ ഒരു പഴത്തോട്ടമായിരുന്നു. അതിനുമപ്പുറത്തായി കതിരണിഞ്ഞു നില്‍ക്കുന്ന ഗോതമ്പുവയലുകളും വയലിനുമപ്പുറം തലയുയര്‍ത്തിനില്‍ക്കുന്ന മലനിരകളുമൊക്കെ കണ്ടാല്‍ ആര്‍ക്കും കണ്ണെടുക്കാന്‍ കഴിയുമായിരുന്നില്ല.

     റുഡോള്‍ഫ് പ്രഭുവിനെക്കുറിച്ചും അദ്ദേഹത്തിന്‍റെ കൊട്ടാരത്തെക്കുറിച്ചും അറിയാത്തവരായി ആ നാട്ടില്‍ ആരുമുണ്ടായിരുന്നില്ല. അതിനു കാരണമെന്തെന്നൊ? കൊട്ടാരവളപ്പില്‍ വളരെ പേരുകേട്ട ഒരു അത്ഭുതക്കിണറുണ്ടായിരുന്നു.

     കൊട്ടാരക്കിണറ്റിലെ ജലം വളരെ ദിവ്യശക്തിയുള്ളതായിരുന്നു. വിലപിടിച്ച മരുന്നുകളെപ്പോലും വെല്ലുന്ന ഔഷധവീര്യം ആ ജലത്തിനുണ്ടായിരുന്നു.

     കൊട്ടാരക്കിണറ്റിലെ ജലം തേടി ഓരോ രാജ്യത്തുനിന്നും നിരവധി പേര്‍ ഓരോ ദിവസവും അവിടെ എത്താറുണ്ടായിരുന്നു. ആ ജലം കോരിക്കുടിച്ച പലരും മഹാരോഗങ്ങളില്‍ നിന്നുപോലും രക്ഷപ്പെട്ട് ജീവിതത്തിലേക്ക് തിരിച്ചുവന്നു.

     ഒരിക്കല്‍ ജ്വരപ്പനിയും വിറയലും ബാധിച്ച് തീരെ അവശനായ ഒരാളെ ഒരു മഞ്ചലില്‍ കിടത്തി അയാളുടെ കുടുംബക്കാര്‍ അവിടെ കൊണ്ടുവന്നു. മൂന്നു ദിവസം കൊട്ടാരക്കിണറ്റിലെ ജലം കുടിച്ചതോടെ രോഗം അയാളെ വിട്ടകന്നു. അയാള്‍ക്കും കുടുംബത്തിനുമുണ്ടായ ആനന്ദത്തിന് അതിരില്ല.

     പിന്നീടൊരിക്കല്‍ അകലെയുള്ള ഒരു നാട്ടില്‍ നിന്ന് വളരെക്കാലമായി തളര്‍വാതരോഗം പിടിപെട്ട് കിടപ്പിലായ ഒരു കര്‍ഷകനെ ഏതാനും ആളുകള്‍ ചേര്‍ന്ന് കട്ടിലില്‍ കിടത്തി കിണറ്റിനരികില്‍ കൊണ്ടുവന്നു. കൊട്ടാരക്കിണറ്റിലെ വെള്ളം കുടിച്ചതോടെ അയാളുടെ തളര്‍ച്ച നിശ്ശേഷം മാറി. അന്നുതന്നെ അയാള്‍ എഴുന്നേറ്റു നടന്നു.

     താമസിയാതെ അയാള്‍ തന്‍റെ വീട്ടിലേക്ക് നടന്നുപോയി. ഇതുകണ്ട എല്ലാവര്‍ക്കും വലിയ അത്ഭുതവും ആനന്ദവുമുണ്ടായി.

     സാമാന്യം സാമ്പത്തികശേഷിയുള്ള ഒരു കര്‍ഷകനായിരുന്നു അയാള്‍. ഒരു ദിവസം അയാള്‍ ഒരു പണക്കിഴിയുമായി റുഡോള്‍ഫ് പ്രഭുവിന്‍റെ കൊട്ടാരത്തിലെത്തി.

     കര്‍ഷകന്‍ മണിയടിച്ചപ്പോള്‍ കൊട്ടാരത്തിനകത്തുനിന്ന് പ്രഭുവിന്‍റെ പരിചാരകന്‍ ഓടിവന്നു.

     ڇഎന്താ? ആരാ? എന്തിനാ വന്നത്?ڈ പരിചാരകന്‍ ചോദിച്ചു.

     ڇഞാന്‍ ഇവിടത്തെ പ്രഭുവിനു സമ്മാനിക്കാന്‍ ഒരു പണക്കിഴിയുമായി വന്നതാണ്.ڈ അയാള്‍ പറഞ്ഞു.

     ڇപണക്കിഴിയോ? എന്തിനാണിത് യജമാനനു നല്‍കുന്നത്?ڈ

     ڇഇവിടത്തെ കൊട്ടാരക്കിണറ്റിലെ ഔഷധജലമാണ് എന്നെ മരണക്കിടക്കയില്‍ നിന്ന് രക്ഷിച്ചത്. വളരെക്കാലം കിടക്കയില്‍ തളര്‍ന്നു കിടന്ന ഞാന്‍ നാളെ മുതല്‍ വീണ്ടും വയലില്‍ പണിക്കിറങ്ങുകയാണ്. ആ അത്ഭുത ജലത്തിനുള്ള ഒരെളിയ പ്രതിഫലമാണിത്. ഇത് അദ്ദേഹത്തെ ഏല്‍പ്പിച്ചേക്കൂ.ڈ കര്‍ഷകന്‍ പണക്കിഴി അയാളുടെ നേര്‍ക്കുനീട്ടി.

     ڇഎന്‍റെ പൊന്നു ചങ്ങാതീ, റുഡോള്‍ഫ് പ്രഭു ആരുടെ കൈയില്‍ നിന്നും ഒരു പ്രതിഫലവും സ്വീകരിക്കുന്ന ആളല്ല. കൈയിലുള്ളത് ഇല്ലാത്തവര്‍ക്ക് വാരിക്കോരി കൊടുക്കാന്‍ മാത്രമെ അദ്ദേഹത്തിനറിയൂ. ഇത് നിങ്ങള്‍ തന്നെ എടുത്തോളൂ.ڈ പരിചാരകന്‍ വ്യക്തമാക്കി.

     കര്‍ഷകന്‍ പണക്കിഴിയുമായി ചാരിതാര്‍ത്ഥ്യത്തോടെ തിരിച്ചുപോയി.

     എന്നാല്‍ നിര്‍ഭാഗ്യമെന്നു പറയട്ടെ, ഉള്ളതെല്ലാം മറ്റുള്ളവരെ സഹായിക്കാന്‍ വാരിക്കോരി ചെലവഴിച്ച് നല്ലവനായ റുഡോള്‍ഫ് പ്രഭു തീരെ ദരിദ്രനായി മാറി.

     നിത്യവൃത്തിക്കുപോലും വകയില്ലാതായപ്പോള്‍ റുഡോള്‍ഫ് പ്രഭു തന്‍റെ കൊട്ടാരവും തോട്ടങ്ങളും കിണറുമെല്ലാം കിട്ടിയ കാശിന് څവാന്‍-ഡോറچ എന്ന മറ്റൊരു പ്രഭുവിനു വിറ്റു. അറുത്ത കൈക്ക് ഉപ്പുതേക്കാത്ത ഒരു ദുഷ്ടനായിരുന്നു څവാന്‍-ഡോറچ.

     റുഡോള്‍ഫ് പ്രഭുവിന്‍റെ കൊട്ടാരവും പരിസരവും തന്‍റെ കൈയില്‍ വന്നപ്പോള്‍ څവാന്‍-ഡോറچ പ്രഭു കൂടുതല്‍ അഹങ്കരിച്ചു.

     ڇഅത്ഭുതക്കിണറ്റിലെ വെള്ളം വിറ്റാല്‍ത്തന്നെ എനിക്ക് വലിയ കോടീശ്വരനാകാം.ڈ വാന്‍-ഡോറ കണ്ടവരോടൊക്കെ പൊങ്ങച്ചം പറഞ്ഞു.

     പിറ്റേ ദിവസം മുതല്‍ څവാന്‍-ഡോറയുടെ കൊട്ടാരംچ എന്ന പേരിലാണ് ആ പ്രഭുമന്ദിരം അറിയപ്പെട്ടത്. കൊട്ടാരക്കിണറ്റില്‍ നിന്നും വെള്ളമെടുക്കാന്‍ വരുന്നവരോടെല്ലാം വാന്‍-ഡോറ കുത്തിപ്പിടിച്ച് പണം വാങ്ങാന്‍ തുടങ്ങി.

     ഒരു ദിവസം വളരെ സാധുവായ ഒരു കിഴവി അവശനായ തന്‍റെ ഭര്‍ത്താവിനെയും കൂട്ടി കൊട്ടാരവാതില്‍ക്കലെത്തി.

     ڇഎന്‍റെ ഭര്‍ത്താവ് അര്‍ബുദ രോഗം പിടിപെട്ട് തീരെ അവശനാണ്. കൊട്ടാരക്കിണറ്റിലെ കുറച്ചു ജലം കിട്ടിയാല്‍ അദ്ദേഹത്തിന്‍റെ രോഗം മാറും.ڈ അമ്മൂമ്മ പറഞ്ഞു.

     ڇഎന്‍റെ കിണറ്റിലെ ജലം കിട്ടണമെങ്കില്‍ പണം വേണം. കണ്ടവരുടെയൊക്കെ രോഗം മാറ്റാനുള്ളതല്ല എന്‍റെ കിണറ്. പണമില്ലെങ്കില്‍ വന്ന വഴിക്കു തന്നെ തിരിച്ചോളൂ.ڈ വാന്‍-ഡോറ വഴിയിലേക്ക് വിരല്‍ചൂണ്ടി. അവര്‍ കരഞ്ഞുകൊണ്ട് അവിടെ നിന്നും തിരിച്ചുപോയി.

     ഈ സങ്കടവാര്‍ത്തയറിഞ്ഞ് റുഡോള്‍ഫ് പ്രഭു പിറ്റേ ദിവസം വാന്‍-ഡോറയെ കാണാനെത്തി.

     ڇവാന്‍-ഡോറ, കൊട്ടാരക്കിണറ്റിലെ ഔഷധജലം ദൈവത്തിന്‍റെ ദാനമാണ്; അത് വില്‍പ്പനച്ചരക്കല്ല. ഞാനോ എന്‍റെ പൂര്‍വികരോ ഒരിക്കല്‍പോലും ഇതിന്‍റെ പേരില്‍ ഒരു പൈസ പോലും ആരോടും വാങ്ങിയിട്ടില്ല. ഇത് പാവപ്പെട്ട രോഗികള്‍ക്ക് സൗജന്യമായി മാത്രം നല്‍കണം.ڈ റുഡോള്‍ഫ് പ്രഭു ഉപദേശിച്ചു.

     ڇഇക്കാര്യത്തില്‍ തന്‍റെ ഉപദേശമൊന്നും വേണ്ട; ഇതിപ്പോള്‍ എന്‍റെ അവകാശത്തില്‍പ്പെട്ട ജലമാണ്. അതിനു ഞാന്‍ ശരിക്കും പണം ഈടാക്കും.ڈ വാന്‍-ഡോറ അവകാശപ്പെട്ടു.

     ڇഎന്തിനാണ് തനിക്ക് ഇത്രയേറെ പണം?ڈ റുഡോള്‍ഫ് പ്രഭു ആരാഞ്ഞു.

     ڇപണമോ? പണം കൊണ്ട് ഞാനീ കൊട്ടാരം നിറയ്ക്കും. അതെല്ലാം വാരിക്കൊടുത്ത് ഞാനെന്‍റെ മകളെ ഏറ്റവും വലിയ പ്രഭുകുമാരനെക്കൊണ്ട് വിവാഹം ചെയ്യിക്കും. താന്‍ തന്‍റെ വഴിക്ക് പൊയ്ക്കോളൂ.ڈ വാന്‍-ഡോറ റൂഡോള്‍ഫ് പ്രഭുവിനെ പുച്ഛിച്ചു പറഞ്ഞയച്ചു.

     നാളുകള്‍ കുറെ കഴിഞ്ഞു. കൊട്ടാരക്കിണറ്റിലെ ജലം വിറ്റ് വാന്‍-ഡോറ സമ്പന്നരില്‍ സമ്പന്നനായി. മകളെ ഒരു മഹാപ്രഭുവിന്‍റെ മകനെക്കൊണ്ട് വിവാഹം ചെയ്യിക്കാനും അദ്ദേഹം നിശ്ചയിച്ചു.

     വിവാഹത്തലേന്നു തന്നെ വാന്‍-ഡോറ കൊട്ടാരം മുഴുവന്‍ വര്‍ണവിളക്കുകള്‍ കൊണ്ട് അലങ്കരിച്ചു. അതിഥികളുടെ തണുപ്പുമാറ്റാന്‍ ചുറ്റിലും കല്‍ക്കരിയടുപ്പുകള്‍ കത്തിച്ചു വച്ചു. പേരുകേട്ട പാചകക്കാര്‍ വന്ന് ഏറ്റവും സ്വാദിഷ്ടമായ വിഭവങ്ങള്‍ ഒരുക്കാന്‍ തുടങ്ങി. വാദ്യമേളങ്ങള്‍ ഉയര്‍ന്നുപൊങ്ങി. നര്‍ത്തനശാലയില്‍ നര്‍ത്തകിമാര്‍ ആടിത്തിമര്‍ത്തു. അതിഥികള്‍ മദ്യം കുടിച്ചു കൂത്താടി!

     ഇതിനിടയില്‍ മദോന്മത്തനായ വാന്‍-ഡോറ തന്‍റെ ഭൃത്യനോടു പറഞ്ഞു:

     ڇഎടാ വെറുതേ ചെറിയൊരു കിണറ്റില്‍ നിന്നാണ് ഞാന്‍ ഇക്കാണുന്ന സമ്പത്തൊക്കെ ഉണ്ടാക്കിയത്. അപ്പോള്‍ കിണറിന്‍റെ സ്ഥാനത്ത് വലിയൊരു തടാകമായിരുന്നെങ്കില്‍ എന്താകുമായിരുന്നു സ്ഥിതി?ڈ അയാള്‍ സ്വയം ഒന്നു ഞെളിഞ്ഞു.

     څവാന്‍-ഡോറچ ഇങ്ങനെ പറഞ്ഞ ഉടനെ കിണറ്റില്‍ നിന്നും څഗുളുഗുളു ഗുഗ്ഗുളുچ എന്ന് ശബ്ദം ഉയര്‍ന്നു കേള്‍ക്കാന്‍ തുടങ്ങി. കിണറ്റിലെ വെള്ളം ഉയര്‍ന്നു പൊങ്ങുന്ന ശബ്ദമായിരുന്നു അത്.

     കിണറ്റിലൂടെ ഉയര്‍ന്ന ജലം അവിടെങ്ങും പരന്നൊഴുകാന്‍ തുടങ്ങി. പാടവും തോടും തടാകങ്ങളും തോട്ടങ്ങളും നിറഞ്ഞ് മേലോട്ടു പൊങ്ങിയ ജലം അധികം വൈകാതെ കൊട്ടാരത്തിനുള്ളിലെങ്ങും നിറഞ്ഞു.

     വിവാഹപ്പന്തലും നര്‍ത്തനശാലയും വാദ്യമേളക്കാരുമെല്ലാം വെള്ളത്തില്‍ മുങ്ങിപ്പൊങ്ങി.

     പേടിച്ചരണ്ട വധൂവരന്മാരും വാന്‍-ഡോറയും കൊട്ടാരത്തിലെ അന്തേവാസികളുമെല്ലാം മുകളിലെ നിലയിലേക്ക് ഓടിക്കയറി.

     ڇഹയ്യോ!... പ്രളയം പ്രളയം!... നാമെങ്ങനെ രക്ഷപ്പെടും?ڈ പരിഭ്രാന്തരായ അതിഥികളുടെ നിലവിളി വാനിലുയര്‍ന്നു.

     څവാന്‍-ഡോറچ പേടിച്ച് നാലുപാടും ചുറ്റിത്തിരിഞ്ഞു. പക്ഷെ എന്തുചെയ്യാന്‍? അല്‍പസമയം കൊണ്ട് പ്രഭുവും കുടുംബവും അന്തേവാസികളും കൊട്ടാരവുമെല്ലാം മഹാപ്രളയത്തില്‍ മുങ്ങി. വാന്‍-ഡോറയുടെ കൊട്ടാരവും പൂന്തോട്ടവും പഴത്തോട്ടവും വയലേലകളുമെല്ലാം നശിച്ചു.

     പിറ്റേന്ന് മലനിരകള്‍ക്കു നടുവില്‍ ഒരു പുതിയ തടാകം രൂപം കൊണ്ടു. മലനിരകളില്‍ താമസിക്കുന്ന ആളുകള്‍ ഈ മാറ്റം കണ്ട് അമ്പരന്നു. താഴ്വരയില്‍ കാര്യമായ എന്തൊക്കെയോ സംഭവിച്ചു എന്നു മാത്രം അവര്‍ക്ക് മനസ്സിലായി.

     ഈ മാറ്റങ്ങളെല്ലാം വാന്‍-ഡോറയുടെ അഹങ്കാരം മൂലമുണ്ടായതാണെന്ന് അവരെല്ലാം കണക്കുകൂട്ടി. അവര്‍ തമ്മില്‍ തമ്മില്‍ പറഞ്ഞു: ڇവാന്‍-ഡോറയുടെ അഹംഭാവമാണ് താഴ്വരയുടെ സര്‍വനാശത്തിനു കാരണം. പണം കൊണ്ട് എല്ലാം വെട്ടിപ്പിടിക്കാമെന്ന് ആ മൂഢന്‍ മോഹിച്ചു. പക്ഷെ ദൈവം അയാള്‍ക്ക് ഉചിതമായ ശിക്ഷ തന്നെ നല്‍കി; ഒടുവില്‍ അയാള്‍ പോലും ഇല്ലാതായി. നന്നായി: അഹംഭാവം ആര്‍ക്കും നന്നല്ല.ڈ

Share:

തിരുശേഷിപ്പുകള്‍ -- ഏഴാച്ചേരി രാമചന്ദ്രന്‍ ( കവിത )




ഗ്രാമത്തിലിപ്പോള്‍ ചുരുള്‍മുടിക്കാരിയാം

പാവം ശതാവരിയില്ല; വയല്‍പ്പാട്ടു

മൂളുന്ന താളിക്കടവില്ല, കുന്നിന്‍റെ 


നാഭിച്ചുഴി വിട്ടു താഴേയ്ക്കൊഴുകുന്ന

നീരൊഴുക്കിന്‍ നിറം നീലക്കറുപ്പല്ല

കുന്തളം കോതുന്ന പൂക്കൈതയുമില്ല

കണ്ണീര്‍ക്കവിതയുമില്ല.


2

ഒത്തിരിയാണ്ടുകള്‍ പിന്നിട്ടു തന്‍പ്രിയ

മക്കളെത്തേടിയിറങ്ങിയ പാപിയാം

വൃദ്ധന്‍റെ നൊമ്പരം പള്ളിമുറ്റത്തുള്ള

വൃക്ഷത്തലപ്പത്തുപൂവി, ട്ടതില്‍ച്ചെന്നു

മുത്തുന്ന നഗ്നസുഗന്ധിയാം കാറ്റിന്‍റെ

സ്വപ്നാടനങ്ങളും കെട്ടു.


3

മാറാത്തതായൊന്നു മാത്രം, മനസ്സിന്‍റെ

താളം തളച്ചിട്ട ചങ്ങലയില്‍ക്കിട-

ന്നാരെയോ തേടു, മശാന്തമാം ഭ്രാന്തിന്‍റെ

തീയലകള്‍ വച്ചുനീട്ടിച്ചിലയ്ക്കുന്ന

പേരില്ലാപ്പക്ഷിയും പക്ഷിച്ചിറകിലെ

പാതിരാക്കാമവും മാത്രം.


4

വൃശ്ചിക സന്ധ്യ വ്രതശുദ്ധി പോരെന്നു

മക്കളാം ശീതങ്ങളോടു പിണങ്ങുന്നു;

സത്യവാക്കാകും കിനാക്കള്‍ നിഷാദന്‍റെ

പുത്രരോടന്ന മിരന്നു തൊടികളില്‍

ചുറ്റും ദയനീയതയെ വരയ്ക്കുന്നു

നിദ്രാരഹിതയാം രാത്രി.


5

ഗ്രാമത്തില്‍ നിന്നും പുകയും മണങ്ങളും

നാടുകടത്തപ്പെടുന്നു; നരവീണ

കാമുകിമാരുടെ കണ്ണില്‍ കപാലിയാം

തേവരേത്തേടും തിരുവാതിരയുമി-

ല്ലാകെയസ്വസ്ഥത മാത്രം; ഇതിന്‍റെ പേ-

രാകുമോ സച്ചിദാനന്ദം.

Share:

പന്നിയെലി മുളകിട്ടതിന്‍റെ പ്രിവിലേജുകള്‍ -- ബിജു സി. പി



     അത്രത്തോളം സന്തുഷ്ടനായ മറ്റൊരു മനുഷ്യനെ എനിക്ക് പരിചയമുണ്ടായിരുന്നില്ല. അത്രയ്ക്ക് ഇണക്കമുള്ള മറ്റ് മനുഷ്യഇണകളെയും അധികം പരിചയമുണ്ടായിരുന്നില്ല. ബേബിയും തങ്കയും. അത്രയും പോരാ. നാടി ബേബിയും നാടി തങ്കയും. വിഷ്ണു രമയ്ക്കു നിശയ്ക്കു ശശാങ്കനുമയ്ക്കു ഹരന്‍ നളനോര്‍ക്കില്‍ നിനക്കും എന്ന് പറഞ്ഞതു പോലെ തങ്കയ്ക്കു ബേബിയും.

     വീടിനോടു ചേര്‍ന്നുള്ള ഞങ്ങളുടെ പീടികമുറ്റത്തേക്ക് ബേബിയും തങ്കയും വരുന്നത് പലപ്പോഴും സ്കൂട്ടറിലായിരിക്കും. സാങ്കല്‍പ്പിക സ്കൂട്ടറില്‍. സ്കൂട്ടര്‍ ഓടിക്കുമ്പോഴെന്ന പോലെ അരമണ്ഡലത്തില്‍ ഇരുന്ന് കൈകള്‍ ഹാന്‍ഡിലിലേക്കെന്നോണം നീട്ടിപ്പിടിച്ച് സ്കൂട്ടറിന്‍റെ കുടുകുടു ശബ്ദങ്ങള്‍ കേള്‍പ്പിച്ച് ബേബി ഓടി വരും. ബേബിയുടെ പിന്നില്‍ ഒരു വശം ചെരിഞ്ഞ് തോളില്‍പ്പിടിച്ച് ഒപ്പം ഓടി തങ്കയും. പീടികയുടെ അടുത്തു


വരെ ആടിപ്പാടി നടന്നു വന്നിട്ടാണ്, എന്നാല്‍ സ്കൂട്ടറെടുക്കാടീ... നീ പിടിച്ചിരുന്നോ എന്നു പറഞ്ഞ് ബേബി സാങ്കല്‍പ്പിക സ്കൂട്ടര്‍ സ്റ്റാര്‍ട്ടാക്കുന്നത്. ബേബിയുടെ തോളില്‍ പിടിച്ച് തങ്ക സ്കൂട്ടറിനു പിന്നില്‍ കയറും! സങ്കല്‍പ്പത്തിലാണെങ്കില്‍ പോലും വായുവിമാനത്തിലേറാനൊന്നും അവര്‍ക്കു കഴിയുമായിരുന്നില്ലല്ലോ എന്ന് ഇപ്പോള്‍ തിരിച്ചറിയാനാവുന്നുണ്ട്.

     ഒരു പാളേങ്കോടന്‍ പഴത്തിന് 10 പൈസയാണ്. രണ്ടെണ്ണത്തിന് 15 പൈസ. രണ്ടു പഴവും പിന്നെ കുലയുടെ ഏറ്റവും മുകളില്‍ നില്‍ക്കുന്ന ഞാറുവാലി പിടിച്ച കായകളൊക്കെ സൗജന്യമായും വാങ്ങി രണ്ടു പേരും കൂടി കഴിക്കും. ചേച്ചിയേ... ഇച്ചിരി കഞ്ഞിവെള്ളം തന്നേരേ... എന്ന് അടുക്കളയിലേക്ക് അപേക്ഷ അയച്ച് കാത്തിരിക്കും. കഞ്ഞിവെള്ളത്തില് രണ്ട് വറ്റു കൂടുതലിട്ടേര് കെട്ടോ എന്ന് അപേക്ഷയിലേക്ക് ആഡ് ഓണ്‍ ചെയ്യും. വീടിനോടു ചേര്‍ത്ത് പണിയിച്ച ഒരു മുറിയില്‍ത്തന്നെയായിരുന്നു പീടിക എന്നതിനാല്‍, കടയില്‍ വരുന്നവരില്‍ ആരെങ്കിലുമൊക്കെയായി എന്നും കഞ്ഞിവെള്ളം കുടിക്കാന്‍ ആളുണ്ടാവും. അതു കണക്കാക്കി അധികം വെള്ളത്തിലാണ് കഞ്ഞി വേവിക്കാറുള്ളത്.

     വലിയ പിഞ്ഞാണക്കോപ്പയുടെ അടിയില്‍ ഇത്തിരി കഞ്ഞിയുമായി കഞ്ഞി വെള്ളമെത്തുമ്പോള്‍ എന്നാ പിന്നെ ഇച്ചിരി ചമ്മന്തീം കൂടി തന്നേക്കാരുന്ന്... എന്ന് നേരത്തേ അപേക്ഷ സമര്‍പ്പിക്കാത്തതിലുള്ള നൈരാശ്യം അഭിനയിച്ചു ഫലിപ്പിക്കും. പാളേങ്കോടന്‍ പഴവും കഞ്ഞിവെള്ളവുമൊക്കെയായി ഉഷാറായിക്കഴിഞ്ഞാല്‍, പിന്നെ ബേബി ഒരു ചാര്‍മിനാര്‍ സ്വന്തമാക്കി വലിച്ച് ആസ്വദിക്കാന്‍ തുടങ്ങും. തങ്ക വാടിയ വെറ്റിലയുടെ നെടുകെ ഛേദിച്ച ഒരു പകുതി കറുത്ത ചകിരിത്തലയില്‍ ഉരച്ച് വെടിപ്പാക്കി നിറയെ ചുണ്ണാമ്പു പൂശി വൈറ്റ് വാഷ് ചെയ്ത് അടയ്ക്ക നുറുക്കാതെ തന്നെ വെറ്റിലയില്‍ തെറുത്ത് വായിലാക്കും. അത് ഒന്ന് ചവച്ച് പതമായാല്‍ വടക്കന്‍ പുകലയുടെ ഞെട്ടുമായി മല്‍പ്പിടിത്തമാണ്. ആവശ്യത്തിന് പൊട്ടിച്ചെടുക്കാന്‍ കുറച്ചു പാടാണ്, എല്ലു പോലെയുള്ള പുകല ഞെട്ട്. ബേബിയെക്കാത്ത് മിക്കപ്പോഴും തൊഴിലുടമകള്‍ ഇരിക്കുന്നുണ്ടാവും. തെങ്ങില്‍ കയറണം, എലി പിടിക്കണം, തേന്‍ എടുക്കണം, ചക്കയിടണം, കടന്നല്‍ക്കൂട് കത്തിക്കണം, കിണറ്റിലിറങ്ങണം... എലി പിടിത്തവും തേങ്ങയിടീലുമാണ് ഡിഫോള്‍ട് ടാക്സുകള്‍. 



     കുറിയ കാലുകള്‍ കുറുകെ ചവിട്ടി നാടി ബേബി തെങ്ങുകയറുന്നത് ഒരു കാര്‍ട്ടൂണ്‍ കോമിക് കഥാപാത്രത്തിന്‍റെ തവളച്ചാട്ടം പോലെയാണ്. മുകളില്‍ കയറിയിട്ട് പുള്ളി ചൂളം വിളിച്ച് ആംഗ്യം കാണിച്ച് ചില അപേക്ഷകള്‍ വയ്ക്കും. ഞാന്‍ രണ്ടു കരിക്ക് ഇട്ടോട്ടേ എന്നായിരിക്കും പ്രധാന ചോദ്യം. രണ്ടു കരിക്കിലൊന്ന് വീട്ടിലെ ഞങ്ങള്‍ പിള്ളേര്‍ക്കുള്ളതാണ്. ഒന്ന് ബേബിയുടെ മകള്‍ക്കായി കൊണ്ടു പോകാനും.

     തെങ്ങുകയറ്റത്തെക്കാള്‍ പക്ഷെ, ബേബിക്ക് ഇഷ്ടം എലി പിടിത്തമാണ്. തെങ്ങുകയറാന്‍ വേറെയും ആളെ കിട്ടും. എലി പിടിക്കാന്‍ നാടി ബേബിയല്ലാതെ വേറെ അധികം ആളുകളില്ല. ചൂട്ടുകത്തിച്ച് എലിമാളത്തിന്‍റെ വായിലേക്കു വയ്ക്കും. കവുങ്ങിന്‍ പാള ചെത്തിയുണ്ടാക്കിയ വീശു പാള കൊണ്ട് (വീശാമ്പാള എന്നാണ് ഓമനപ്പേര്!) പുക മാളത്തിനുള്ളിലേക്ക് അടിച്ചു കയറ്റും. മാളത്തിനുള്ളില്‍ പുക നിറഞ്ഞ് പന്നിയെലി ശ്വാസം മുട്ടി ചാകും. മാളത്തിന്‍റെ ആഴങ്ങളിലേക്ക് കൈയിട്ട് ബേബി ഒരു മാജിക്കുകാരനെപ്പോലെ വമ്പന്‍ പന്നിയെലികളെ പുറത്തെടുക്കും. അര്‍ദ്ധ പ്രാണനായി പിടയുന്ന എലികളെ അധികം വിഷമിപ്പിക്കാതെ അപ്പോള്‍ത്തന്നെ തലയ്ക്കടിച്ചു കൊന്ന് തങ്ക കൂട്ടിലാക്കും, പൊരിച്ചു തിന്നാന്‍. നല്ല പോലെ ഇച്ചിരി മൊളകു പൊടിയും ഇച്ചിരി മല്ലിപ്പൊടിയും കൊറച്ച് ചൊമന്നുള്ളീം ചേര്‍ത്ത് ഒരു മാതിരി പെരളനായിട്ടാണ് എലിയെ കറി വയ്ക്കുന്നത്. കൊള്ളിക്കല്‍ കവലയിലെ കൊടും വളവുകളുടെ വശങ്ങളില്‍ വഴിയോരത്ത് കൂണു പോലെ നില്‍ക്കുന്ന കൂരകളിലാണ് നാടികള്‍ കഴിഞ്ഞിരുന്നത്. ഇടയ്ക്ക് ഏതോ പദ്ധതികളില്‍ പെടുത്തി കൂരുമലയുടെ മുകളിലെ പുറമ്പോക്കില്‍ നാലോ അഞ്ചോ ചെറുവീടുകള്‍ സര്‍ക്കാര്‍ പണിതു കൊടുത്തു. അതോടെ അതിനു ചുറ്റുമായി പത്തു പതിനഞ്ചു കൂരകള്‍ കൂടി വന്ന് അവിടെയും കോളനിയായി.

     ഒന്നോ രണ്ടോ വീടുകളില്‍ തേങ്ങ ഇടുകയും എലി പിടിക്കുകയും ചെയ്താല്‍ പിന്നെ ബേബിയും തങ്കയും വിശ്രമത്തിലായിരിക്കും. ഇത്തിരി വറ്റുകളുള്ള കഞ്ഞി തരപ്പെടുത്തി കുടിച്ചു കഴിഞ്ഞാല്‍ തങ്ക ആദ്യത്തേതിന്‍റെ മറുപാതി വെറ്റിലയെടുത്ത് ഒന്നു കൂടി മുറുക്കും. ബേബിക്ക് മുറുക്കലില്ല. ചാര്‍മിനാറാണ്. മുറുക്കുന്നതിനിടയിലും തങ്ക വന്ന് ബേബിയുടെ കൈയില്‍ നിന്ന് ചാര്‍മിനാര്‍ വാങ്ങി രണ്ടു പുകയെടുക്കും. തങ്കയും മൂക്കിലൂടെ പുകവിടും. കണ്ണില്‍ കൂടി പുക വിടുന്നത് കാണണോ... എന്ന് ചോദിച്ച് ബേബി ചിലപ്പോള്‍ കുട്ടികളെ അടുത്തേക്ക് വിളിക്കും. കണ്ണിലേക്ക് സൂക്ഷിച്ചു നോക്കിയിരിക്കുന്ന കുട്ടിയുടെ കാലില്‍ നല്ലൊരു നുള്ളു കൊടുക്കും. നുള്ളുവല്ല വേണ്ടേ... ദേ ഇതും കൊണ്ട് ഒരു കുത്താ തരണ്ടത്, അപ്പഴേ കണ്ണിക്കൂടി തീപ്പൊരു വരുവൊള്ള്... ആ... എന്നു പറഞ്ഞ് ബേബി സിഗരറ്റിലെ തീ കാണിച്ചു തരും. കുഞ്ഞുങ്ങളെ പൊള്ളിക്കാന്‍ പക്ഷെ, ബേബിക്ക് ധൈര്യമില്ല. മനസ്സ് ഒട്ടുമില്ല.

     സ്കൂളില്‍ ഞങ്ങളുടെ കൂടെ നാടികളുടെ കുട്ടികളുണ്ടാവാറുണ്ട്. ഉള്ളാടര്‍ സമുദായത്തില്‍പ്പെട്ടവരെയാണ് നാട്ടുകാര്‍ നാടികളെന്ന് വിളിച്ചിരുന്നതെന്ന് ഏറെ വൈകിയാണ് മനസ്സിലാക്കിയത്. ബേബിയുടെ ബന്ധുക്കളും മറ്റുമായി ഒരു പത്തമ്പത് കുടുംബങ്ങളെങ്കിലും ഉണ്ടായിരുന്നു അന്ന് ചുറ്റുവട്ടത്ത്. നാമക്കുഴിയിലെ ഏതാണ്ടെല്ലാ ക്ലാസ്സ് ഡിവിഷനുകളിലും ഉണ്ടായിരുന്നു നാടിക്കുട്ടികള്‍. പക്ഷെ, ആരും എട്ട് ഒമ്പതിനപ്പുറം പോകാറില്ല. നാട്ടിന്‍പുറത്തെ തികച്ചും സാധാരണക്കാരുടെയും ദരിദ്രരുടെയും കുട്ടികള്‍ മാത്രം പഠിക്കുന്ന സര്‍ക്കാര്‍ സ്കൂളിലായിട്ടു പോലും നാടിക്കുട്ടികളോട് ആരും അങ്ങനെ കൂട്ടുകൂടാനൊന്നും പോകാറില്ലായിരുന്നു. സംസാരശേഷിയില്ലാത്തവരെപ്പോലെ അത്രമേല്‍ നിശ്ശബ്ദരായിരുന്നു സ്കൂളില്‍ പോലും മിക്കവരും.

     ഏഴിലും എട്ടിലും ഞങ്ങളുടെ ക്ലാസ്സില്‍ ഒരു റീജ ഉണ്ടായിരുന്നു. ക്ലാസ്സിലെ ഏറ്റവും വലിയ കുട്ടി. നന്നായി പാട്ടു പാടും. മനോഹരമായി വായിക്കും. പടം വരച്ചതു പോലുള്ള കൈയക്ഷരം. സ്കൂളിലെ സകല കാര്യങ്ങള്‍ക്കും റീജയെയാണ് ടീച്ചര്‍മാര്‍ വിളിക്കുക. ചെറിയ ക്ലാസ്സിലെ കുട്ടികളാരെങ്കിലും ക്ലാസ്സില്‍ ഛര്‍ദിച്ചാല്‍ കഴുകിക്കൊടുക്കാന്‍ സഹായിക്കണം. സേവനവാരത്തിന് കപ്പ പുഴുങ്ങണം. കാന്താരിച്ചമ്മന്തി അരയ്ക്കണം. സ്പോര്‍ട്സും യൂത്ത് ഫെസ്റ്റിവലും വരുമ്പോള്‍ സകല കാര്യങ്ങളും നോക്കണം. ഷോട്പുട്ട് മത്സരത്തിലും റീജ പങ്കെടുത്തിട്ടുണ്ട്. പക്ഷെ, എട്ടാം ക്ലാസ്സ് കഴിഞ്ഞ് റീജ ക്ലാസ്സില്‍ വന്നിട്ടില്ല. പഴയ തലമുറയിലുള്ളവരിലേറെയും തെരുവില്‍ അലയുന്നതു കാണാമായിരുന്നു. ഇന്ന് പക്ഷെ, അത്തരക്കാര്‍ കുറവ്. അങ്ങനെ അലഞ്ഞിരുന്നവരില്‍ ഏറെപ്പേരും പിറവത്ത് ടൗണില്‍ പലപ്പോഴും മദ്യത്തിന്‍റെയോ മറ്റെന്തിന്‍റെയെങ്കിലുമോ ലഹരിയിലായിരിക്കും. കത്തുന്ന പട്ടിണിയെ വില കുറഞ്ഞ മദ്യം കൊണ്ട് ശമിപ്പിക്കാനുള്ള ശ്രമം പാളി അസുഖങ്ങള്‍ വന്ന് നേരത്തെ മരിച്ചവര്‍ കുറവല്ല.

     അന്ന് സുലഭമായിരുന്ന അടിയന്തരങ്ങളിലും കല്യാണ സദ്യകളിലും ഒരു പന്തിക്ക് ഇരിക്കാന്‍ മാത്രം നാടികളുണ്ടാവാറുണ്ട്. ഇല മടക്കി കൊണ്ടു ചെന്നിടുന്ന കുഴിയില്‍ നിന്ന് പഴവും ഉപ്പേരികളും ശേഖരിച്ച് കിഴി കെട്ടി അതുമായിട്ടാണ് അവര്‍ പുറവര്‍ക്കുള്ള പന്തിയില്‍ വന്നിരിക്കുക. നിറയെ ചോറും എല്ലാ കറികളും ഒരുമിച്ച് വിളമ്പിയെടുത്ത് വലിയ ചുമടാക്കി കൊണ്ടു പോവുകയല്ലാതെ പന്തിയിലിരുന്ന് അവര്‍ ഉണ്ണാറില്ല. ബേബിയും തങ്കയും പക്ഷെ, ഇല വടിക്കാന്‍ പോകാറില്ല. അറിയാവുന്ന വീടുകളില്‍ പോയി പ്രത്യേകമായി എടുത്തു കൊടുക്കുന്നവയേ കെട്ടിച്ചുമന്ന് കൊണ്ടുപോകാറുള്ളൂ. അവരും പക്ഷെ, ചോറും സകല കറികളും ഒരുമിച്ച് ഒറ്റ പൊതിയായിട്ടാണ് കെട്ടുക. കറികളെല്ലാം കൂടിക്കുഴഞ്ഞ് ഒന്നും വേറിട്ടറിയാന്‍ പറ്റാത്ത മട്ടിലായിപ്പോകും.

     പച്ചമരുന്നുകള്‍ പറിച്ചെടുത്തു വില്‍ക്കുന്നത് ചിലരുടെ പ്രധാന തൊഴിലുകളിലൊന്നായിരുന്നു. തേന്‍ എടുത്തു കൊണ്ടു നടന്ന് വില്‍ക്കുന്നവരുമുണ്ടായിരുന്നു. ബേബിയുടെ ചേട്ടനാണെന്നു തോന്നുന്നു പത്രോ. ഉമിക്കരി ഇട്ട് ഇറയത്ത് കെട്ടിത്തൂക്കാന്‍ പറ്റുന്ന ചെറിയ വള്ളം കൊത്തിയെടുക്കുന്നതില്‍ അതി വിദഗ്ധന്‍. മിക്കപ്പോഴും പത്രോച്ചേട്ടന്‍റെ കൈയില്‍ കാപ്പിയുടെയോ തേക്കിന്‍റെയോ ഒക്കെ വേരുകള്‍ കാണാറുണ്ട്. ആ വേരുകള്‍ ചെത്തിമിനുക്കി മനോഹരശില്‍പങ്ങളാക്കി മാറ്റും. അന്നൊന്നും അതിലൊന്നു പോലും വിറ്റിട്ടുണ്ടാവില്ല അദ്ദേഹം. പക്ഷെ, എന്തു മിനുപ്പും ഭംഗിയുമായിരുന്നെന്നോ മാന്‍കൊമ്പു പോലെ പിണഞ്ഞു നില്‍ക്കുന്ന ആ വേരുശില്‍പങ്ങള്‍ക്ക്!

     ഒരിക്കല്‍ ബേബിയോടൊപ്പം മകളും സഞ്ചാരത്തിനിടെ കയറി വന്ന് മുറ്റത്തിരുന്നു. സിന്ധുവെന്നോ ബിന്ദു എന്നോ ആയിരുന്നു പേര്. ബംഗ്ലാവ് സ്കൂളില്‍ പഠിക്കുന്നുണ്ട്. ഉച്ചയ്ക്ക് ഊണ് കഴിഞ്ഞ് മുറുക്കി തങ്ക മുറ്റത്തിന്‍റെ ഒരു കോണില്‍ ചുരുണ്ടു കിടന്നുറങ്ങുമ്പോള്‍ ബേബി മകളുടെ തലയില്‍ നിന്ന് പേന്‍ പിടിച്ച് അവളുടെ മുടിയെല്ലാം കെട്ടിക്കൊടുത്തു. ബേബി പാട്ടു പാടുമ്പോള്‍ മോള്‍ ഷീലയെപ്പോലെ അഭിനയിച്ചു കാണിച്ചു. മോളെ മയിസ്ട്രേട്ട് ആക്കാന്‍ പോവുകയാണ് എന്നാണ് ബേബി പറഞ്ഞത്.

     ഒരു ദിവസം ഉച്ചയോടെ ബേബി പീടികവരാന്തയിലേക്ക് വന്നത് കൈയില്‍ ഇറുക്കിപ്പിടിച്ച ഒരു കൂറ്റന്‍ പല്ലിയെയും കൊണ്ടാണ്. പിന്നെയാണ് അറിഞ്ഞത് അത് ഉടുമ്പാണെന്ന്. ബേബിയോളം നീളമുണ്ട്. മുതലയെപ്പോലൊരു ജീവി. ഉടുമ്പാണെന്നറിഞ്ഞതോടെ എവിടെ നിന്നൊക്കെയോ പലരും എത്തി. ഗുല്‍മന്‍ ജോയിച്ചേട്ടന്‍ അപ്പോള്‍ത്തന്നെ വില പറഞ്ഞു - പത്തോ ഇരുപതോ രൂപയാണെന്നു തോന്നുന്നു. എല്ലാവരും കൂടി താഴെ പണിക്കന്‍റെ പറമ്പിലേക്ക് പോയി. ആരോ പീടികയില്‍ വന്ന് പുതിയൊരു അശോകാ ബ്ലേഡ് വാങ്ങി. ഉടുമ്പിന്‍റെ തൊലി പൊളിക്കാന്‍ ബ്ലേഡാണ് നല്ലത്. ഉള്ളിയും മുളകും മറ്റും പീടികയില്‍ നിന്ന് വാങ്ങി. പീടികയുടെ പിന്നിലെ ഉപ്പു പെട്ടിയില്‍ നിന്ന് ആവശ്യത്തിന് വാരിക്കൊണ്ടു പോയി. പാത്രം എവിടെ നിന്നാണോ! അര മണിക്കൂറിനുള്ളില്‍ ഉടുമ്പിനെ നുറുക്കി പൊരിച്ചു. വലിയ ആള്‍ക്കൂട്ടമായിരുന്നു ഉടുമ്പിനെ തിന്നാന്‍.

     അച്ഛന്‍ വെജിറ്റേറിയനായിരുന്നതു കൊണ്ട് ഞങ്ങളും ഡിഫോള്‍ട് വെജിറ്റേറിയന്മാരായിരുന്ന കാലം. ഉടുമ്പിനെ തിന്നാന്‍ പറ്റാത്തതില്‍ കുറച്ചൊരു വിഷമം തോന്നാതിരുന്നില്ല. പക്ഷെ, അപ്പോഴേക്ക് വല്ലപ്പോഴുമൊക്കെ റോഡില്‍ വണ്ടിക്കടിയില്‍ പോകുന്ന കോഴികളെ വടക്കേവീട്ടിലെ രവിച്ചേട്ടന്‍ വന്ന് ശരിയാക്കി വീട്ടില്‍ കൊണ്ടു പോയി കറിവച്ച് അച്ഛന്‍ കാണാതെ ഒരു കോപ്പയിലാക്കി ഞങ്ങള്‍ക്ക് കൊണ്ടുവന്നു തരുമായിരുന്നു. ഒമ്പതാം ക്ലാസ്സിലെ വെക്കേഷന്‍ കാലമൊക്കെ ആയപ്പോഴേക്കും വടക്കേ വീട്ടില്‍ പോയി കപ്പയും മീനും അല്ലെങ്കില്‍ കോഴിയിറച്ചിയും ഒക്കെ കഴിക്കുന്നത് അത്ര രഹസ്യമല്ലാത്ത രഹസ്യമായി.

     അക്കാലത്താണ് ഒരിക്കല്‍ എലി പിടിക്കാന്‍ വന്ന ബേബി പന്നിയെലിയുടെ മാളത്തില്‍ കൈയിട്ട് ഒന്നിനു പിറകെ ഒന്നായി ആറേഴ് എലിക്കുഞ്ഞുങ്ങളെ പുറത്തെടുത്തത്. അയ്യോടാ... പാവം... കണ്ണു തുറന്നിട്ടില്ലല്ലോ... എന്ന് സങ്കടപ്പെട്ട് ബേബി ആ എലിക്കുഞ്ഞുങ്ങള്‍ക്ക് വെള്ളവും ചോറുവറ്റുകളുമൊക്കെ കൊടുക്കാന്‍ ശ്രമിച്ചു. പക്ഷെ, എല്ലാം ചത്തു പോയിരുന്നു. പന്നിയെലിയുടെ തള്ളയെയും ബേബി പിടിച്ചു. പേറുകാലത്തുള്ള എലിയാണ് പിള്ളേര്‍ക്ക് തിന്നാന്‍ നല്ലതാണ് എന്ന് തങ്ക പറഞ്ഞെങ്കിലും അതിനെ കൊണ്ടു പോകണ്ടെടീ എന്ന് ബേബി വിലക്കി. പ്രീഷ്... ക്രീഷ്... എന്നൊക്കെ കുറെ ശബ്ദമുണ്ടാക്കിയിട്ട് ബേബി ചോദിച്ചു മക്കളേ നിങ്ങള്‍ക്ക് തിന്നോളാവോ... ബേബി പൊരിച്ചു തരാം...

     അമ്മ അറിയാതെ പഴയ ചീനച്ചട്ടിയും ഉപ്പും മുളകും മഞ്ഞളുമൊക്കെ ഞങ്ങള്‍ പണിക്കന്‍റെ പറമ്പില്‍ എത്തിച്ചു. മിനിറ്റു വച്ച് ബേബി തൊലി പൊളിച്ച് എലിയെ നുറുക്കി എണ്ണയിലിട്ട് പൊരിച്ചു. ഓരോ കഷണമൊക്കെയെ ഞങ്ങള്‍ക്ക് കിട്ടിയുള്ളൂ. പ്ഫ! പന്നക്കഴുവേറീ! നാടിത്തീറ്റ പുള്ളേരെക്കൊണ്ട് തീറ്റിക്കണോടാ... എന്നു ചോദിച്ച് വല്യച്ചന്‍ വലിയ പുളിവാറുമായി വന്ന് അടുത്തെത്തിയപ്പോഴേ കണ്ടുള്ളൂ. എല്ലാവരും ഓടിയെങ്കിലും ഞങ്ങളിലൊരാള്‍ വല്യച്ഛന്‍റെ കൈയില്‍ പെട്ടു. അയ്യോ തണ്ണാനേ... കൊച്ചിനെ തല്ലല്ലേ... എന്ന് ബേബി ശരിക്കും വല്യച്ഛന്‍റെ കാലില്‍ പിടിച്ചു കരഞ്ഞു. അടിയുടെ പാടുകള്‍ ബേബിയുടെ പുറത്ത് തിണര്‍ത്തു കിടന്നു.

     ഏറെക്കാലത്തേക്ക് പിന്നെ ബേബിയെ കാണാനില്ലായിരുന്നു. എലിയെ പിടിക്കാന്‍ വേറെ വഴിയില്ലാത്തതിനാല്‍ വിഷം വയ്ക്കുകയും അതു തിന്ന് കോഴികള്‍ ചാവുകയും അതിനെച്ചൊല്ലി അയലോക്കംകാരുമായി വഴക്കും വക്കാണവും പതിവായി.

     വളരെ വര്‍ഷങ്ങള്‍ കഴിഞ്ഞ് പിറവത്ത് പുതുതായുണ്ടാക്കിയ ബസ്സ്റ്റാന്‍റിനുള്ളില്‍ ബസ് കയറി ഒരാള്‍ മരിക്കാനിടയായതിനെക്കുറിച്ച് അതോടിച്ച ഡ്രൈവറുടെ അനുഭവവിവരണം സുകുച്ചേട്ടനാണ് പീടികയിലെ ബെഞ്ചിലിരുന്ന് വിവരിച്ചത്. റോട്ടില്‍ ആരാണ്ട് കൊട്ടടയ്ക്ക കൊണ്ട് ഇട്ടത് വണ്ടി കേറി ഞെരിയണ പോലെ ഒരൊച്ച കേട്ടാരുന്ന്... എന്ന്. തങ്കയുടെ തലയിലൂടെയാണ് ബസ് കയറിയിറങ്ങിയത്. തങ്കയില്ലാത്ത ബേബിയെക്കുറിച്ച് പിന്നെയൊന്നും കേട്ടില്ല.

     ഏറെയേറെക്കഴിഞ്ഞ് ഒരിക്കല്‍ വീട്ടില്‍ രണ്ടു പിരിവുകാര്‍ വന്നു. പ്രായമുള്ള ഒരാളും ഒരു സ്ത്രീയും. അതിലെ പ്രായമുള്ളയാള്‍ ഉള്ളാട മഹാസഭയുടെ സംസ്ഥാന നേതാവാണെന്നു പറഞ്ഞു. കൂടെയുള്ള സ്ത്രീയും സഭയുടെ നേതാവോ പ്രവര്‍ത്തകയോ ആണ്. ഒരു ബിന്ദു. ഇവിടെയുള്ള ആളുകള്‍ക്കൊക്കെ ഞങ്ങളുടെ അച്ഛനെ അറിയാം. ബേബി... എലി പിടിക്കാനൊക്കെ വരുമായിരുന്നു... ബിന്ദു പറഞ്ഞു.

     കൊള്ളിക്കല്‍ കവലയില്‍ ഇന്ന് നാടികളുടെ കുടിലുകള്‍ ഇല്ല. റോഡ് സൗന്ദര്യവല്‍ക്കരിച്ചു! മിക്കവരും ഏതൊക്കെയോ മലമുകളിലെ പാറക്കൂട്ടങ്ങള്‍ക്കിടയിലുണ്ടാക്കിയ കോളനിക്കൂരകളിലേക്ക് ചേക്കേറി. സ്ത്രീ പുരുഷ ഭേദമില്ലാതെ അക്കൂട്ടത്തിലെ ചിലര്‍ ഇന്നും ബിവറേജസ് ഷോപ്പിനു മുന്നില്‍ കൂലിക്ക് ക്യൂ നിന്ന് സാധനം വാങ്ങിക്കൊടുത്ത് പങ്ക് കൈപ്പറ്റുന്നു. രാത്രിയില്‍ ടൗണിലെ പീടികത്തിണ്ണകളില്‍ മയങ്ങി വീഴുന്നു. സ്കൂളില്‍ പോകണമെന്നും പഠിക്കണമെന്നും ജീവിക്കാന്‍ അവസരങ്ങളും സാധ്യതകളും കണ്ടെടുക്കാനാവുമെന്നും അവരോടൊന്നു പറയാന്‍ പോലും ആരുമുണ്ടായിരുന്നില്ല. അഥവാ ആരെങ്കിലും പറഞ്ഞു കൊടുത്താലും ആയിരക്കണക്കിനു വര്‍ഷങ്ങളായി ആ മനസ്സുകളില്‍ അടിഞ്ഞു കൂടി കട്ടപിടിച്ച പേടികളെയും അപകര്‍ഷതകളെയും മറികടക്കാന്‍ നാലോ അഞ്ചോ തലമുറകളുടെ കാലം തന്നെ പിടിച്ചേക്കും. ശക്തി കുറഞ്ഞ സമുദായമായതു കൊണ്ട് രാഷ്ട്രീയക്കാരോ പൊതുസമൂഹമോ ഇപ്പോള്‍ പോലും അവരെ അങ്ങനെ മൈന്‍ഡ് ചെയ്യാറില്ല. വിദ്യാഭ്യാസം നല്‍കുന്ന സാധ്യതകളും കേരളത്തിലെ പൊതുവെ തുറന്ന സാമൂഹിക സാഹചര്യവും വലിയൊരു വിഭാഗം ദലിത് സമുദായങ്ങളെയും മുഖ്യധാരയിലേക്ക് എത്തിച്ചു കൊണ്ടിരിക്കുന്നുണ്ട്. ശരിയാണ്. എന്നാല്‍, ഇപ്പോള്‍ പോലും അസ്പര്‍ശ്യതയുടെയും അകറ്റി നിര്‍ത്തലിന്‍റെയും പ്രാഥമിക വിവേചനങ്ങള്‍ പോലും നേരിടുന്ന നൂറുകണക്കിനാളുകളുണ്ട് നമുക്കു ചുറ്റും. സ്കൂളുകളിലേക്കും വിദ്യാഭ്യാസത്തിലേക്കുമൊക്കെ എത്തുന്നതേയുള്ളൂ അവരുടെ പുതുതലമുറകള്‍. എത്രയോ ആയിരം കൊല്ലങ്ങളായി അവര്‍ പുലര്‍ത്തിപ്പോരുന്ന കട്ടി പിടിച്ച നിശ്ശബ്ദതയുണ്ട്. പൊതുസമൂഹത്തിന്‍റെ മുന്നിലേക്ക് കടന്നു നില്‍ക്കാനും ഒരേ ബെഞ്ചിലിരിക്കുന്ന കൂട്ടുകാരോട് തോളൊത്തു നിന്ന് വര്‍ത്തമാനം പറയാനും ചിരിക്കാനും കഴിഞ്ഞിട്ടു വേണമല്ലോ പഠിക്കാനും പരീക്ഷയെഴുതാനും പിന്നെ സംവരണം അനുഭവിച്ചു തുടങ്ങാനുമൊക്കെ! വയനാട്ടിലെ ആദിവാസി വിഭാഗങ്ങളില്‍ നിന്നു പോലും ഡോക്ടര്‍മാരൊക്കെ ഉണ്ടായിത്തുടങ്ങിയിട്ടുണ്ട്. എന്നാല്‍ നാട്ടിന്‍പുറങ്ങളിലും നഗരങ്ങളിലുമായി ചിതറിത്തെറിച്ചു കിടക്കുന്ന ആദിവാസി വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് അതിജീവനസാധ്യതകള്‍ കണ്‍വെട്ടത്തിലേക്ക് എത്തിത്തുടങ്ങിയിട്ടേയുള്ളൂ. 

     ബേബിയുടെ മകളെപ്പോലൊരാള്‍ക്ക് ഒരു സമുദായത്തെയാകെ ചുമലിലേറ്റി സാധാരണ മലയാളിയുടെ നിലയിലേക്ക് എത്തിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍... നാട്ടിലെ ആദിവാസികള്‍ കാട്ടിലെ ആദിവാസികളെക്കാള്‍ ഉപേക്ഷിക്കപ്പെട്ടവരാണ്. ചിതറി നുറുങ്ങിയവരാണ്... അവരെ ആരെങ്കിലും ഏതെങ്കിലും തരത്തില്‍ പരിഗണിക്കുന്നതായി ഇന്നോളം കേട്ടിട്ടില്ല. സംവരണം കൊണ്ട് അവര്‍ ആരുടെയൊക്കെയൊ എന്തൊക്കെയൊ തട്ടിയെടുക്കുന്നു എന്ന ചിലരുടെ ശാപസങ്കടങ്ങളല്ലാതെ.

Share:

കഥ -- ----പാപ്പന്‍കുത്ത് ----- അജിജേഷ് പച്ചാട്ട്




     തൊള്ളായിരത്തിയെണ്‍പതാണ് കാലം. അവിടമവിടങ്ങളിലായി രണ്ടോ മൂന്നോ ഓട് പാകിയ കെട്ടിടങ്ങളും ഒരു വലിയ പഞ്ചായത്ത് കിണറും ഒറ്റപ്പെട്ട കുറച്ച് കടകളും മാത്രമാണ് അങ്ങാടിയുടേതെന്ന് പറയാന്‍ പറ്റുന്ന സമ്പാദ്യം.

     ചൂടി വാസ്വേട്ടന്‍റെ പീടികയില്‍ അന്നത്തെ വൈകുന്നേരങ്ങളില്‍ എന്നും മലപ്പുറം കത്തി അരയില്‍ തിരുകിയ ഒരാളുണ്ടാവും. പാപ്പന്‍ എന്നായിരുന്നു മൂപ്പരെ എല്ലാവരും പൊതുവായി വിളിച്ചിരുന്നത്. പത്തമ്പത് വയസ്സ് പ്രായം വരും. കത്തി അരയില്‍ വയ്ക്കുമെന്നേയുള്ളൂ. നാളിതുവരെ അതൊന്ന് പുറത്തെടുത്ത ചരിത്രം അയാളെ കുറിച്ച് വിശദീകരിക്കുന്ന ആര്‍ക്കും പറയാന്‍ കഴിയില്ല. ഷര്‍ട്ടിടില്ല, അമ്പതോളം വര്‍ഷത്തിന്‍റെ തൂക്കമുള്ള അമ്മിഞ്ഞയും കാട്ടി നടക്കും. പണി കഴിഞ്ഞാല്‍ പിന്നെ വെള്ളമുണ്ടാണ് വേഷം. ഏകദേശം വീരപ്പന്‍റെ ശരീരമാണ്, എന്നാലോ അത്രയ്ക്കങ്ങട്ട് ഉയരമില്ലതാനും.

     പ്രേംനസീറിന്‍റെ പെന്‍സില്‍ മീശയും വച്ചുകൊണ്ട് മലപ്പുറം കത്തി അരയില്‍ തിരുകി നടക്കുന്ന അയാളുടെ കാഴ്ച ക്രമേണ ആര്‍ക്കും സഹിക്കാന്‍ പറ്റാതെയായി. അത് കാണുമ്പോള്‍ എല്ലാവര്‍ക്കും എന്തോ മനഃസുഖക്കുറവ്. ഒരു കത്തിയാവുമ്പോള്‍ ഇടയ്ക്കൊക്കെ പുറത്തെടുത്ത് എന്തെങ്കിലുമൊക്കെ ചെയ്യണ്ടേ? വെറുതെയിങ്ങനെ അരയില്‍ തിരുകി നടന്നാല്‍ മതിയോ? നാട്ടുകാര്‍ക്ക് ഇരിക്കപ്പൊറുതിയില്ലാതെയായി. അങ്ങനെ അവരെല്ലാവരും കൂടി പാപ്പനെകൊണ്ട് കത്തി പുറത്തേക്ക് കാണിക്കാനുള്ള സൂത്രപ്പണികള്‍ ആസൂത്രണം ചെയ്തു. ഇടയ്ക്കും തലയ്ക്കും മൂപ്പരെ പ്രകോപിപ്പിക്കുക എന്നതായിരുന്നു അതിലൊന്ന്. വാക്കാലും നോക്കാലുമൊക്കെ അവര്‍ പഠിച്ച പണി പതിനെട്ടും പയറ്റി നോക്കി. പറഞ്ഞിട്ടെന്ത്, ചെയ്തിട്ടെന്ത് - പാപ്പന്‍ കത്തി മാത്രം പുറത്തേക്കെടുത്തില്ല.

     അങ്ങനെയിരിക്കെ ഒരിക്കല്‍, പണി കഴിഞ്ഞ് അങ്ങാടിയിലേക്കിറങ്ങിയ പാപ്പന്‍ വാസ്വേട്ടന്‍റെ ചൂടിക്കെട്ടിന് മുകളിലിരുന്ന് ഒന്ന് കണ്ണ് മാളിപ്പോയി. ആ സമയത്താണ് ചൂടിക്കെട്ടിനുള്ളില്‍ നിന്നും ഒരു ചെറിയ പ്രാണി അതിന്‍റെ കെട്ട്യോളുമായി പിണങ്ങി അന്തംവിട്ട് പറന്നത്. അത് നേരെ കയറിയതാണെങ്കില്‍ പാപ്പന്‍റെ മൂക്കിലേക്കും. ഉറക്കെ തുമ്മിപ്പോയ പാപ്പന്‍ മയക്കത്തില്‍ നിന്നും ചാടിയെഴുന്നേറ്റ് അരയിലെ കത്തി വലിച്ചൂരി. സാമാന്യം നല്ല ആളുകള്‍ കൂടിയ അങ്ങാടിയായിരുന്നു അന്ന്. കത്തി തലങ്ങും വിലങ്ങും വായുവില്‍ വീശി പാപ്പന്‍ പ്രാണിയെ പുറത്തേക്കെത്തിക്കാന്‍ കിണഞ്ഞു പരിശ്രമിച്ചു. ഇറങ്ങില്ലാന്ന് പ്രാണിയും, ഇറക്കിയേ അടങ്ങൂ എന്ന് പാപ്പനും. വീശുന്നതിനനുസരിച്ച് മലപ്പുറം കത്തി വൈകുന്നേരവെയിലേറ്റ് താളത്തില്‍ തിളങ്ങി. കത്തി വലിച്ചൂരി അലറുന്ന മനുഷ്യനെ കണ്ട് എല്ലാവരും പേടിച്ചു. ഉടനെതന്നെ ആരോ പൊലീസ് സ്റ്റേഷനിലേക്ക് സൈക്കിളെടുത്ത് ആഞ്ഞു ചവിട്ടി. ആളുകള്‍ കൂടിക്കൊണ്ടിരുന്നു. വൈകാതെ പൊലീസെത്തി. പാപ്പനെ സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയും എസ്. ഐ കത്തി വാങ്ങി വയ്ക്കുകയും ചെയ്തു. അങ്ങനെ വെറും പാപ്പന്‍ കത്തി എസ്. ഐ ക്ക് ദാനം നല്‍കിയെന്ന പേരില്‍ അന്നു മുതല്‍ കത്തിപ്പാപ്പനായി.

     ചുരുക്കത്തില്‍ പാപ്പന്‍ കത്തിയൂരിയത് എന്തിനാണെന്ന് ആ പ്രാണിക്കും പടച്ച തമ്പുരാനും മാത്രമെ അറിയൂ.

     കത്തി നഷ്ടപ്പെട്ടു എന്നതൊക്കെ അതിന്‍റെ പാട്ടിന് പോട്ടെ. എന്തൊക്കെ ടൈറ്റിലിട്ട് വിളിച്ചാലും കത്തിപാപ്പന്‍ കൂറുറുമ്പുകാര്‍ക്ക് ശരിക്കും പേരു കേട്ട കല്‍പ്പണിക്കാരനായിരുന്നു. ഒരു ലോഡ് കല്ല് ഒരൊറ്റ ദിവസം കൊണ്ട് ചെത്തിത്തീര്‍ന്ന കഥ വരെയുണ്ട് മൂപ്പരെ കുറിച്ച്. കല്ലെന്ന് പറയുമ്പോള്‍ മഴു കൊണ്ടുള്ള കൈക്കൊത്താണ്. ഓരോ കല്ലിന്‍റെയും തോത് തീര്‍ത്ത് ആറ് പുറവും ചെത്തണം. ഒരാള് ഏറിപ്പോയാല്‍ നൂറോ നൂറ്റിയിരുപതോ കല്ല് ചെത്തുന്ന കാലത്താണ് ലോറിക്കൊരു ലോഡ് കല്ല് ചെത്തി എന്നൊക്കെ പറയുന്നത്. കത്തിപ്പാപ്പന്‍ അത് വാസ്വേട്ടന്‍റെ ചൂടിക്കെട്ടിന് മുകളിലിരുന്ന് പറയുമ്പോള്‍ ഒരുപാട് ആളുകള്‍ ഉണ്ടായിരുന്നു കേള്‍ക്കാന്‍.



     മദ്രസ്സയിലെ ഉസ്താദിന്‍റെ വീടുപണിയാണ്. ഉണ്ടക്കണ്ണന്‍ ലോറിക്ക് കൊടികുത്തിപ്പറമ്പില്‍ നിന്നും ഇറക്കിയ കല്ലട്ടിയെ നോക്കി ഉസ്താദ് വെളുപ്പോടിയ താടിയുഴിഞ്ഞു, മേപ്പാറയാണ്. പാപ്പനേതായാലും പേര് കേട്ട കല്‍പ്പണിക്കാരനല്ലേ, ഒന്ന് വലച്ചുകളയാം. ഉസ്താദ് ഊറിച്ചിരിച്ചു.

     

ڇപാപ്പാ, യ്യ് വല്യ പണിക്കാരനാണെന്നൊക്കെയാണല്ലോ പറഞ്ഞ് കേള്‍ക്കണത്... ന്നാപ്പിന്നെ, വൈകുന്നേരാവുമ്പോളേക്കും ഈയൊരു കല്ലട്ടി വൃത്തിയായിട്ടങ്ങട്ട് ചെത്തിക്കാള്. അണക്കിതൊന്നും ഒരു വിഷയല്ലാന്നറിയാം... വൈന്നേരം പോകുമ്പോള്‍ ചായപ്പൈസ കൂട്ടി വാങ്ങാന്‍ മറക്കണ്ട.ڈ

     പറയുക മാത്രമല്ല, കല്ല് ചെത്തുന്നത് നോക്കി നില്‍ക്കുകയും ചെയ്തുകളഞ്ഞു ഉസ്താദ്. ജുമാ ഉള്ളതുകൊണ്ട് മാത്രം വാങ്കിന് മുമ്പ് മൂപ്പര് വീട് പിടിച്ചു. പാപ്പന് സമാധാനമായി. ഏറ്റ വാക്ക് തെറ്റിക്കാന്‍ പാടില്ലാലോ... വൈകുന്നേരമായപ്പോഴേക്കും ചാഞ്ഞും ചെരിഞ്ഞും കിടന്ന കല്ലട്ടിയെ കാണാന്‍ നല്ല ചൊറുചൊറുക്കുള്ള സുന്ദരന്‍ കല്ലട്ടിയാക്കി പാപ്പന്‍ മാറ്റി.

     കല്ലൊരു ലോഡ് ചെത്തിയതല്ലേ..., പിറ്റേന്നേക്ക് പാപ്പന്‍ ലീവും പറഞ്ഞു.

     പാപ്പന്‍ ലീവായതോടെ പടവ് ചെയ്യാന്‍ മറ്റൊരു മേശരിയായിരുന്നു അന്ന് ഉസ്താദിന്‍റെ വീട്ടിലെത്തിയത്. കുറച്ചുനേരം പടവ് യഥാതഥാ നടന്നു. അടിപൊളി. പിന്നെ അട്ടിയില്‍ നിന്നും കൈയ്യാള്‍* ഒരു കല്ലെടുത്ത് മേശരിക്ക് കൊടുക്കും. മേശരി അത് കുമ്മായത്തിന് മുകളില്‍ വച്ചുനോക്കി താഴേക്കിടും. അടുത്ത കല്ല് കൊടുക്കും. അതും മേശരിയൊന്ന് തിരിച്ചും മറിച്ചും നോക്കി താഴേക്കിടും. ആകാശത്ത് നിന്നെന്നവണ്ണം കല്ല് ചുറ്റുവട്ടത്തേക്കും വന്നുവീഴാന്‍ തുടങ്ങി.

     മദ്രസ്സയില്‍ പഠിപ്പിക്കാന്‍ പോലും പോകാതെ പണിക്കാരുടെ പണിയും നോക്കി നിന്ന ഉസ്താദിന്‍റെ കണ്ണ് തള്ളി. ഇതെന്ത് മറിമായം? ഇതെവിടത്തെ പടവ്?

     ചെത്താത്ത കല്ലെടുത്തു കൊണ്ടുവരുന്നതിന് മേശരിയോട് അളവില്‍ കൂടുതല്‍ പാچയും മാچയും കേട്ട് കിളിപറന്ന കൈയ്യാള് പോയി കല്ലട്ടി പരിശോധിച്ചിട്ട് ഉറക്കെ വിളിച്ചുപറഞ്ഞു.

     ڇയൂറേക്കാ... യൂറേക്കാ...ڈ

     ഉസ്താദിന്‍റെ നെറ്റി ചുളിഞ്ഞു. ڇഇവനെന്താ യൂറിക്കാന്നും ബാലരമാന്നും വിളിച്ച് പറയണ്‍ത്?ڈ

     ڇഉസ്താദേ, അട്ടിയുടെ ഉള്ളിലുള്ള കല്ലുകളൊന്നും ചെത്തിയിട്ടില്ല.ڈ

     നോക്കിയപ്പോള്‍ സംഗതി സത്യമായിരുന്നു. ഉസ്താദിന്‍റെ അണ്ണാക്കിലെ വെള്ളം വറ്റി.

     ഉടനെ തന്നെ ഉസ്താദ് ചാടിക്കിതച്ച് പാപ്പനടുത്തെത്തി. പാപ്പനപ്പോള്‍ ശങ്കരന്‍ വൈദ്യരുടെ പിണ്ണത്തൈലമൊക്കെ തേച്ച് പറമ്പിലേക്കിറങ്ങി ഉരച്ചുകുളിക്കാനുള്ള കുറുന്തോട്ടി വലിച്ചു പറിക്കുന്ന തിരക്കിലാണ്.

     ڇപാപ്പാ, യ്യ് കാണിച്ചത് ഒരുമാരി അട്പ്പ്ലെ പണ്യായിപ്പോയി.ڈ തെറി പറയാനായി ഉസ്താദ് ധൃതിയില്‍ തൊപ്പിയൂരി കൈയില്‍ പിടിച്ചു.

     പാപ്പന് കാര്യം മനസ്സിലായി. കൈയില്‍പോന്ന കുറുന്തോട്ടിയുടെ മൂട്ടിലുള്ള മണ്ണ് തട്ടിക്കൊണ്ട് പാപ്പന്‍ ചിരിച്ചു. ڇഎന്‍റെ പൊന്നുസ്താദേ, ഒരു ലോഡ് കല്ല് ഒരീസം കൊണ്ട് അങ്ങനൊക്ക്യല്ലേ ഒരാള്‍ക്ക് ചെത്താന്‍ പറ്റൂ. അതന്നെ ഞാനായതോണ്ട് ഒപ്പിച്ചതാണ്. കല്ലട്ടിയുടെ ചുറ്റുഭാഗവും നടന്ന് ചെത്ത്വാന്ന് പറഞ്ഞാ ചില്ലറ പണ്യാന്നാ ഞ്ഞളെ വിചാരം? അല്ല പിന്നെ.

     ഉസ്താദിന് തിരിച്ചൊന്നും പറയാനില്ലായിരുന്നു, അങ്ങനെയായിരുന്നു കത്തിപ്പാപ്പന്‍റെ ഇടപാട്. അതുകൊണ്ടുതന്നെ കത്തി അരയില്‍ വച്ചിട്ടോ, സ്റ്റേഷനിലേക്ക് ദാനം നല്‍കിയതുകൊണ്ടോ ഒന്നുമല്ല, മറിച്ച് വൈകുന്നേരം പണി മാറ്റി വന്ന് വെറുതെ ഇമ്മാതിരി കത്തിയടിക്കുന്നതുകൊണ്ടാണ് കത്തിപ്പാപ്പന്‍ എന്ന് ടൈറ്റില് വീണതെന്ന് കൂറുറുമ്പിലുള്ള ചിലരെങ്കിലും ഇടയ്ക്ക് രഹസ്യം പറയാറുണ്ട്.

     അത്തരം ആരോപണം ഒരിക്കല്‍ പാപ്പന്‍റെ കാതുകുത്തിയ ചെവിയിലുമെത്തിയതാണ്. പക്ഷെ മൂപ്പര് സമ്മതിച്ചില്ല. താന്‍ തന്നെക്കുറിച്ച് സത്യം മാത്രമെ ഇത്രകാലമായി പറഞ്ഞിട്ടുള്ളൂ എന്ന് ആണയിട്ട് പറഞ്ഞു. അതോടെ തന്നെക്കുറിച്ച് മറ്റാരോ ആവശ്യമില്ലാത്തതെന്തൊക്കെയൊ പറഞ്ഞ് പരത്തുന്നില്ലേ എന്ന് പാപ്പന് സംശയമായി.

     മലഞ്ചരക്ക് കട നടത്തുന്ന വിച്ചാപ്പ്വാക്കയുടെ പീടികയില്‍, വീടിന്‍റെ ഇറയത്ത് വീണ പത്തിരുപത് തേങ്ങ പൊളിച്ച് വില്‍ക്കാന്‍ ചെന്നപ്പോഴാണ് പാപ്പന്‍ തന്നെക്കുറിച്ച് വ്യാപിച്ച പുതിയ കത്തിയടിയെ കുറിച്ച് അറിയുന്നത്.

     ڇഅല്ല കത്ത്യേ, യ്യല്ലേ ഇന്നലെ വാസ്വേട്ടന്‍റെ ചൂടിക്കെട്ടിന് മോളില്‍ കിടന്ന് വല്യ കത്തിയടിച്ച്... ഒറ്റയടിക്ക് രണ്ട് ചാക്ക് സിമന്‍റ് തീര്‍ത്തെന്ന്. അതും ചുമര് തേച്ച്... എന്താപ്പോ അയിന്‍റൊരു ഇക്ക്മത്ത്?ڈ

     ڇഞാനോ! എപ്പോ...? ഞാനങ്ങനെ പറഞ്ഞിട്ടില്ലാലോ...ڈ

     പാപ്പന്‍റെ നെറ്റി ചുളിഞ്ഞു.

     ڇഏ, കത്തിയടിച്ചിട്ട് ഒന്നും അറ്യാത്തപോലെ... തേങ്ങേലെ വര്‍ത്താനം പറയാതെ കൊണ്ടോന്ന തേങ്ങയിങ്ങട്ടെട്ക്ക് ന്നാല്.ڈ

     തേങ്ങ വിറ്റ് കിട്ടിയ പൈസയും കീശയിലിട്ട് പാപ്പന്‍ വളരെ ആത്മസംഘര്‍ഷത്തോടെ മീന്‍ വില്‍ക്കുന്ന സ്ഥലത്തേക്ക് നടന്നു. നടക്കുമ്പോള്‍ തല കുത്തിമറിഞ്ഞ് ചിന്തിച്ചു. ഇല്ല, താന്‍ അങ്ങനെ പറഞ്ഞിട്ടില്ല. ശരിക്കും കൂറുറുമ്പങ്ങാടിയില്‍ മറ്റൊരു കത്തിയുണ്ടോ? തന്നെപ്പോലെയുള്ള മറ്റൊരാള്‍...? തന്നെ നാണം കെടുത്താന്‍ കത്തിയടി പരത്തുന്ന അപരന്‍?

     എന്തായിരിക്കും അയാള്‍ വിച്ചാപ്പ്വാക്കേനോട് പറഞ്ഞ പുതിയ കത്തിയടി? അതറിയാന്‍ പാപ്പന് വല്ലാത്ത മോഹം തോന്നി. പക്ഷെ ആരു പറഞ്ഞുതരാന്‍? വിച്ചാപ്പ്വാക്കയോട് ചോദിച്ചാലോ... വേണ്ട, താന്‍ പറയാത്ത തന്‍റെ കത്തിയടികളെന്തിന് മറ്റുള്ളവരോട് ചോദിക്കണം.

     കത്തിപ്പാപ്പന്‍ അന്ന് വീട്ടിലേക്ക് നടക്കാന്‍ വൈകി. കൈയില്‍ തേക്കിന്‍റെ ഇലയില്‍ പൊതിഞ്ഞ മത്തിയുണ്ട്. കൊണ്ടുപോയിട്ട് വേണം കറി വയ്ക്കാന്‍.

     വടക്കേ കോട്ടയുടെ പുല്ലാഞ്ഞിക്കാടിനോട് ചേര്‍ന്നുള്ള ഇടവഴിയിലൂടെ നടക്കുമ്പോള്‍ ഒരനക്കം. പാപ്പന്‍ ചെവി വട്ടം പിടിച്ചു. സ്ത്രീശബ്ദം! അപ്പുറത്തെ പാലയുടെ ചുവട്ടില്‍ നിന്നാണ്. വല്ല യക്ഷിയുമാണോ? പക്ഷെ കൂടെ പുരുഷശബ്ദവും കേള്‍ക്കുന്നുണ്ട്. ഒരു ധൈര്യത്തിനായി പാപ്പന്‍ അരയിലേക്ക് കൈ ചേര്‍ത്തു. കത്തിയില്ല! അതോടെ കവറില്‍ നിന്നും ലക്ഷണമൊത്തൊരു മത്തിയെടുത്ത് കത്തി പോലെ കൈയില്‍ പിടിച്ച് കാത് കൂര്‍പ്പിച്ചു.

     സ്ത്രീശബ്ദം - എന്നിട്ട്?

     പുരുഷശബ്ദം - എന്നിട്ടെന്താ അതും കേട്ട് ഉസ്താദ് തിരിച്ചുപോയി.

     സ്ത്രീശബ്ദം - ഈ കത്തിപ്പാപ്പന്‍ ആള് കൊള്ളാലോ

     പുരുഷശബ്ദം - പിന്നില്ലാതെ... കത്തിപ്പാപ്പന്‍റെ പുതിയ കത്തിയടി കേട്ടോ യ്യ്. മൂപ്പര് രണ്ടീസം മുമ്പ് രണ്ട് ചാക്ക് സിമന്‍റ് ഒറ്റയ്ക്ക് തേച്ച് തീര്‍ത്തെന്ന്. സാധാരണ ഒരു ചാക്ക് തീര്‍ക്കാന്‍ മൂന്ന് മേശരിമാരെങ്കിലും വേണം. ആ സ്ഥലത്താണ് മ്പളെ കത്തിയുടെ പൂണ്ടുവിളയാട്ടം.

     സ്ത്രീശബ്ദം - അതെങ്ങനെ?

     പുരുഷശബ്ദം - പറയാം. കീരിവാസ്വേട്ടന്‍റെ വീട്ടിലായിരുന്നു മൂപ്പര്‍ക്ക് പണി. അറിയാലോ? വാസ്വേട്ടന് മക്കള് പത്താണ്. മ്പളെ കത്തി പണിക്ക് ചെന്നതും മക്കളെല്ലാം കൂടി കൈയില്‍ കിട്ടിയ പാത്രങ്ങളെല്ലാമെടുത്ത് പൂഴിയിട്ട് കുമ്മായം കൂട്ടാന്‍ തുടങ്ങി. പാപ്പനോട് ഒരു ചോദ്യവുമില്ല ഉത്തരവുമില്ല. കുമ്മായം നനച്ച് കോരിയെടുത്ത് അവര്‍ വരിവരിയായി പാപ്പന് തേക്കാന്‍ കൊണ്ടുകൊടുത്തു തുടങ്ങി. മൂപ്പര് ചട്ടക*മെടുത്ത് കുമ്മായം കോരി ചുമരില്‍ അടിയോടടി. കുമ്മായമുണ്ടോ തീരുന്നു. ഒരു പാത്രത്തിലേത് തീരുമ്പോള്‍ അടുത്തത് വരും. അത് തീര്‍ക്കുമ്പോള്‍ അതിനടുത്തത് വരും... അങ്ങനെയെങ്ങനെ... കത്തി ശരിക്കും തളര്‍ന്നു. കോലുന്തുമ്പോഴേക്കും അടുത്ത കൂട്ടിന്‍റെ കുമ്മായം അരികില്‍ കുമിഞ്ഞ് കൂടാനും തുടങ്ങി. പക്ഷെ എന്തൊക്കെയായാലും മ്പളെ കത്തിയല്ലേ ആള്, വൈകുന്നരമാവുമ്പോഴേക്കും കുമ്മായങ്ങട്ട് തീര്‍ത്ത്...

     സ്ത്രീശബ്ദം അത്ഭുതത്തില്‍ - ആണോ, അതെങ്ങനെ?

     പുരുഷശബ്ദം ആവേശത്തില്‍ - പറയാം.

     പണി മാറ്റി പോകാന്‍ നേരം പാപ്പന്‍ വാസ്വേട്ടനോട് പറഞ്ഞു - നാളെ രാവിലെത്തന്നെ ആ മഞ്ച* ഒന്ന് മാറ്റിയിടണം. എന്നിട്ട് കുട്ട്യോളെയാരെങ്കിലും പറഞ്ഞയച്ചാല്‍ മതി എന്നെ വിളിക്കാന്‍. ഞാന്‍ വന്നിട്ട് ആ ഭാഗമങ്ങട്ട് തേക്കാം മ്പക്ക്.

     പിറ്റേന്ന് അതിരാവിലെ കീരിവാസ്വേട്ടനും കെട്ട്യോളും കൂടി മഞ്ച പിടിച്ചു. മഞ്ചയുണ്ടോ അനങ്ങുന്നു! മഞ്ചക്കുള്ളില്‍ നെല്ലും പതിരുമൊന്നുമില്ലല്ലോ... പിന്നെന്താദ്? കീരിവാസ്വേട്ടന് സംശയം. അപ്പോഴേക്കും അച്ഛന്‍റെയും അമ്മയുടെയും കൂടെ മക്കള് ഓരോരുത്തരായി വന്ന് പിടിച്ചു. എന്നിട്ടും മഞ്ച ഒരു നൂലിന് അനങ്ങിയില്ല.

     പത്താമത്തെ കുട്ടിയും കൂടി മഞ്ചയെ പിടിക്കാനെത്തിയപ്പോള്‍ ഒരു ഔദാര്യം കണക്കെ അതൊന്നിളകിക്കൊടുത്തു. ആ ഇളകല്‍ മുതലാക്കി അവര്‍ ബദ്ധപ്പെട്ട് അതിനെ നിരക്കി മാറ്റി.

     ഇരുപത്തിനാല് കണ്ണുകള്‍ ഒരുമിച്ച് പുറത്തേക്ക് മിഴിഞ്ഞു.

     തലേന്നാള്‍ കുഴച്ചുകൊണ്ടു കൊടുത്ത മുക്കാല്‍ ഭാഗം കുമ്മായവും മഞ്ചയുടെയും ചുമരിന്‍റെയും ഇടയില്‍ മതിലുപോലെ ഉറച്ചു നില്‍ക്കുന്നു!

     ഉറഞ്ഞുതുള്ളിയ കീരിവാസ്വേട്ടന്‍ പാപ്പന്‍റെ വീട്ടിലേക്ക് കുതിച്ചു.

     ڇയ്യെന്ത് പണ്യാണ് കാണിച്ചത് പാപ്പാ...?ڈ

     ڇപിന്നല്ലാതെ ഒരു മേശരിക്ക് തേക്കാന്‍ ലോകായലോകത്തുള്ള ആള്‍ക്കാരൊക്കെ കൂടി കുമ്മായം കൊയക്കാന്‍ നിന്നാ ഇങ്ങനൊക്കെത്തന്നെയാണ്.ڈ

     അതുകേട്ടതും കീരിയെപ്പോലെ വന്ന വാസ്വേട്ടന്‍ എലിയെപ്പോലെ തിരികെപ്പോയി.

     കത്തിയടി കേട്ട് പെണ്‍കുട്ടി വായ പൊത്തിച്ചിരിച്ചു. പാലപ്പൂവുകള്‍ പൊഴിഞ്ഞു. അതിന്‍റെ മണത്തില്‍ കത്തിപ്പാപ്പന് മത്ത് പിടിച്ചു. കത്തി പോലെ മത്തി പിടിച്ച് പാപ്പന്‍ തരിച്ച് നിന്നു.

     ആണ്‍കുട്ടി അവളെ ഒന്നുകൂടി അണച്ചുപിടിച്ചു. ഇനിയുണ്ടോ കത്തിയടികള്‍ എന്ന് അവള്‍ വിറയ്ക്കുന്ന ശബ്ദത്തോടെ ചോദിച്ചു. ഇനി കത്തിയല്ല, കവിതയാണുള്ളതെന്ന് ആണ്‍കുട്ടി. ഇരുവരും പ്രണയപരവേശത്താല്‍ പരസ്പരം ചുണ്ടുകളിലേക്ക് നോക്കുകയായിരുന്നു അപ്പോള്‍. ശരീരങ്ങള്‍ കൊണ്ട് കവിതകള്‍ നെയ്യുന്നത് കാണാനും കേള്‍ക്കാനും പാപ്പന്‍ പിന്നെയവിടെ നിന്നില്ല, മത്തി തിരിച്ച് പൊതിയിലേക്ക് തിരുകിക്കയറ്റി പതുക്കെ തിരിച്ചുനടന്നു.

     ദേശങ്ങളില്‍ നിന്നും ദേശങ്ങളിലേക്ക് വ്യാപിക്കുന്ന തന്നെക്കുറിച്ചുള്ള കത്തിയടികള്‍ പാപ്പന്‍റെ ഉറക്കം കെടുത്തി. അതോടെ അത്തരം കത്തിയടി നെയ്യുന്ന തന്നെപ്പോലെയുള്ള ആ മറ്റൊരാളെ കണ്ടുപിടിച്ചിട്ടു തന്നെ വേറെ കാര്യം എന്നായി പാപ്പന്‍. അതിനായി മൂപ്പര് എന്നും പണിമാറ്റി കുളിച്ച് അങ്ങാടിയിലേക്കിറങ്ങി വാസ്വേട്ടന്‍റെ ചൂടിക്കെട്ടിന് മുകളില്‍, തെക്കോട്ടും വടക്കോട്ടുമായി നോക്കിയിരുന്നു. അങ്ങനെയുള്ളയൊരാളെ കാണാതെയാവുമ്പോള്‍ അവിടെനിന്നുമിറങ്ങി റോഡിന്‍റെ കിഴക്കോട്ട് കുറെ നടക്കും, പടിഞ്ഞാറോട്ടും കുറെ നടക്കും. പിന്നെ വിച്ചാപ്പ്വാക്കേന്‍റെ പീടികയോട് ചേര്‍ന്ന് നിന്ന് വാസ്വേട്ടന്‍റെ ചൂടിക്കെട്ടിന് മുകളിലേക്ക് അയാള്‍ കത്തിയടിക്കാന്‍ വരുന്നുണ്ടോന്ന് പാളി നോക്കും. ദിവസങ്ങളോളം നിന്നിട്ടും തന്നെപ്പോലെയുള്ള മറ്റൊരു കത്തിയെ കണ്ടുപിടിക്കാന്‍ മാത്രം കത്തിപ്പാപ്പന് കഴിഞ്ഞില്ല.

     കത്തിപ്പാപ്പന് ശരിക്കും വിഷണ്ണകാലമായിരുന്നു അതെന്ന് പറയാം. വീടുപണിയുടെ അളവുകള്‍ പിഴയ്ക്കാന്‍ തുടങ്ങി. ജന്നല്‍കട്ടിള വയ്ക്കുന്ന സ്ഥലത്ത് വാതില്‍കട്ടിളയും വാതില്‍കട്ടിള വയ്ക്കേണ്ടയിടത്ത് ജന്നല്‍കട്ടിളയും വച്ചു. ഒരു സ്ഥലത്തെ കുളിമുറിക്ക് വാതില് തന്നെ വയ്ക്കാന്‍ മറന്നു. ഉള്ളില്‍ നിന്നുകൊണ്ട് പടുത്ത് പടുത്ത് വൈകുന്നേരമായപ്പോള്‍ വാതിലില്ല. പിന്നെ പടുത്തത് പൊളിച്ചിട്ടാണ് മൂപ്പരെ പുറത്തെത്തിച്ചത്. പോരാത്തതിന് വൈകുന്നേരം അങ്ങാടിയിലേക്കിറങ്ങിയാല്‍ വീട്ടിലെത്തുന്നത് നട്ടാപ്പാതിരാ കണക്കായി. കത്തിപ്പാപ്പന്‍റെ പാപ്പിക്ക് ആദ്യമൊന്നും കാര്യം മനസ്സിലായില്ല. പരിപാടി സ്ഥിരമായപ്പോള്‍ അവര് ഭര്‍ത്താവിനെ പിടിച്ച് മണത്തുനോക്കി. വല്ല പുതിയ ശീലവും തുടങ്ങിയോ എന്നറിയണമല്ലോ... ഇല്ല, ഒന്നുമില്ല. ഇനി പ്രേതമോ കുട്ടിച്ചാത്തനോ കുടുങ്ങിയതാണോ?! കുഞ്ഞുകുട്ടന്‍ മന്ത്രവാദിയുടെ കോഴിമുട്ട കൂടോത്രത്തിനായി അവര്‍ ദിവസവും രണ്ട് കോഴിമുട്ടയും അരയില്‍ തിരുകി പാപ്പനറിയാതെ യാത്ര തുടങ്ങി. എന്തുചെയ്യാന്‍, കുഞ്ഞുകുട്ടന്‍ ദക്ഷിണയായി വാങ്ങി പൊരുത്തം വച്ച മുട്ടകള് വിരിഞ്ഞ് കുട്ടികളുണ്ടായിട്ടും ആ കുട്ടികള് പ്രായപൂര്‍ത്തിയായിട്ടും കത്തിപ്പാപ്പന്‍റെ കാര്യത്തില്‍ മാത്രം യാതൊരു തീരുമാനവുമായില്ല.

     കത്തിയടികള്‍ പിന്നെയും വളര്‍ന്നു.

     പാപ്പന്‍ പിന്നീട് തന്‍റെ പുതിയ കത്തികേള്‍ക്കുന്നത് ടൈലര്‍ അപ്പുട്ടേട്ടന്‍റെ പീടികയില്‍ നിന്നായിരുന്നു. അയ്ലയും വാങ്ങി വരുമ്പോള്‍ വെറുതെ ഒന്ന് കാതോര്‍ത്തതാണ്.

     പടുത്തത് വളഞ്ഞ കഥയാണ് അപ്പുട്ടേട്ടന്‍ എടുത്തിട്ടലക്കുന്നത്. ഇതെപ്പോ? തന്‍റെ ഒരു കല്ലുപോലും ഇതുവരെ എവിടെയും തൂക്കം പോയിട്ടില്ല. ഇവരെന്തൊക്കെയാണ് പറയുന്നത്? പാപ്പന്‍ കത്തിയടി കേള്‍ക്കാന്‍ ഇരുട്ടും ചാരി നിന്നു.

     ചോദ്യം - എന്നിട്ടെന്തായി?

     ഉത്തരം - എന്താവാന്‍? ഉടമക്കാരന്‍ വൈകുന്നേരം വന്ന് നോക്കുമ്പോള്‍ പടവങ്ങനെ ചേര പോയ പോലെ വളഞ്ഞും പുളഞ്ഞുമാണ് പോയിട്ടുള്ളത്. ഉടനെ തന്നെ മൂപ്പര് പാപ്പന്‍റെ വീട്ടിലെത്തി. പാപ്പനോട് കാര്യം പറഞ്ഞു.

     നൂലും തൂക്കുണ്ടയും കാട്ടി പടുക്കുന്ന എന്‍റെ പടവ് വളയൂലാന്ന് പാപ്പന്‍.

     എന്നാല്‍ വളഞ്ഞിട്ടുണ്ടെന്ന് ഉടമസ്ഥന്‍.

     രാത്രിക്ക് രാത്രി പാപ്പന്‍ പണിസ്ഥലത്തെത്തി. എട്ടുകട്ട ടോര്‍ച്ചിന്‍റെ വെളിച്ചം പായിച്ച പാപ്പന്‍ വിറച്ചുപോയി. പടവ് څകയമൊയാچന്ന് പറഞ്ഞങ്ങനെ നില്‍ക്കുകയാണ്. എപ്പോ വേണമെങ്കിലും താഴെയെത്തും. ഇതെങ്ങനെ?

     രക്ഷപ്പെടണമല്ലോ...

     ڇഎവിടെ എന്‍റെ കൈയ്യാള്‍?ڈ പൊടുന്നനെ പാപ്പന്‍ അലറി

     ڇഎന്തേ കത്ത്യേ?ڈ ഉടമസ്ഥന്‍ ചോദിച്ചു.

     ڇഎവടെ ന്‍റെ കൈയ്യാള്, വിളിക്ക് ആ കള്ളഹിമാറിനെ. ഓന്‍ കെണര്‍ന്‍റെ ആള്‍മറയ്ക്ക് കെട്ടണ നൂലാണ് പടവിന് കെട്ടാന്‍ തന്നത്. ഓനെ ഞാനിന്ന് ശരിയാക്കും.ڈ പാപ്പന്‍ നിന്ന് തുള്ളി.

     ഉടമസ്ഥന്‍ ചിന്തിച്ചു. നൂല് മാറിയതാണോ? വെറുതെയല്ല പടവ് വളഞ്ഞത്. ഒരു കാര്യവുമില്ലാതെ പാപ്പനെ സംശയിച്ചു. ڇവേണ്ട കത്ത്യേ... മ്പളെ കുട്ട്യോളല്ലേ... പഠിച്ചു വര്വല്ലേ. കാര്യാക്കണ്ട യ്യേതായാലും നാളെ അതങ്ങട്ട് പൊളിച്ച് കെട്ടിക്കാളാ...ڈ

     കത്തിയടി കേട്ട് ടൈലര്‍ഷോപ്പിലെ ആളുകള്‍ തലതല്ലി ചിരിച്ചു.

     പാപ്പന്‍റെ കണ്ണുകള്‍ നിറഞ്ഞു. അങ്ങനെയൊരു സംഭവമേ ഉണ്ടായിട്ടില്ല. പാപ്പന്‍ പല്ലു ഞെരിച്ചു, എല്ലാം അവന്‍റെ ചെയ്തികളാ... വിടരുത് അവനെ. എന്നെങ്കിലും കൈയില്‍ കിട്ടാതിരിക്കില്ല. പാപ്പന്‍റെ വാശി കൂടി. എന്നത്തേയും പോലെ അന്നും അത്യധികം നിരാശയോടെയാണ് കത്തിപ്പാപ്പന്‍ വീട്ടിലേക്ക് മടങ്ങിയത്.

     അയാളെ കൈയോടെ പിടികൂടുന്നതിനെ കുറിച്ചാലോചിച്ച് പാപ്പന്‍റെ തല പുകഞ്ഞു. നടന്ന് നടന്ന് ചാനത്തെ കുളം കഴിഞ്ഞുള്ള ഇലഞ്ഞിയുടെ ചുവട്ടിലേക്കെത്തിയപ്പോള്‍ തൊട്ടുമുന്നില്‍ അതാ ഒരു കാല്‍പ്പെരുമാറ്റം!

     ആദ്യം ഒന്നും വ്യക്തമായില്ലെങ്കിലും പാപ്പനൊപ്പം മുകളില്‍ നിന്നും ചന്ദ്രനും കൂടി ഒന്നു പാളി നോക്കിയപ്പോള്‍ പാപ്പന് ആളെ മനസ്സിലായി.

     ശരിക്കുള്ള കത്തി! പാപ്പന്‍ സ്തബ്ധനായി.

     ഇത്രകാലം തന്നെപ്പറ്റി ഇല്ലാക്കഥകള്‍ പറഞ്ഞുനടന്ന ഹമ്ക്ക്. പാപ്പന്‍റെ നെഞ്ച് പടപടാന്ന് മിടിച്ചു. വളരെ ലാഘവത്തോടെ അയാള്‍ തന്‍റെ വീട്ടിലേക്ക് കയറാന്‍ പോകുന്നു! ഓടിപ്പോയി രണ്ടെണ്ണം പൊട്ടിച്ചാലോ... അതല്ലെങ്കില്‍ പിടിച്ചുവലിച്ച് പുറത്തിട്ടാലോ? രണ്ടും ചെയ്യാനായി പാപ്പന്‍റെ കാല് പൂതിപ്പെട്ടു.

     വേണ്ട. നട്ടാപ്പാതിരായ്ക്ക് ആളുകള്‍ കൂടും. അങ്ങനെ ആളുകള്‍ കൂടുമ്പോള്‍ ഒരുപോലുള്ള രണ്ടുപേരെ കാണും. പിന്നെ ആരാണ് യഥാര്‍ത്ഥ പാപ്പനെന്ന് അവര്‍ പരിശോധിക്കും. അതില്‍ യഥാര്‍ത്ഥ പാപ്പനായ താനെങ്ങാനും പരാജയപ്പെട്ടുപോയാലോ... പാപ്പന് അത് ആലോചിക്കാന്‍ കൂടി വയ്യായിരുന്നു. തല്‍ക്കാലം അവനെന്താണ് ചെയ്യുന്നതെന്ന് നോക്കാം... പാപ്പന്‍ മുന്നില്‍ നടക്കുന്ന അപരനായ കത്തിപ്പാപ്പന് പിന്നില്‍ ജാരനെപ്പോലെ പതുങ്ങി.

     ڇഎട്യേ... എട്യേ... പാപ്പ്യേ.ڈ

     മുറ്റത്തേക്ക് കയറിയതും അയാള്‍ വിളിക്കുന്നത് പാപ്പന്‍ കേട്ടു. പഠിച്ച കള്ളന്‍! ആ വിളിയില്‍ പോലും ആര്‍ക്കും കള്ളത്തരം പൊളിക്കാന്‍ കഴിയില്ല. താന്‍ വിളിക്കുന്ന അതേപോലെത്തന്നെ.

     അപ്പോഴേക്കും പാപ്പി വീട്ടിനുള്ളില്‍ നിന്നും ഇറങ്ങിവന്നു. പത്ത് നാല്‍പ്പത്തഞ്ച് വയസ്സ് പ്രായമുള്ള തന്‍റെ ഭാര്യയെ കണ്ടപ്പോള്‍ പാപ്പന്‍ ആദ്യമായി അന്തം വിട്ടു. അവള്‍ കണ്ണെഴുതി പൊട്ടുതൊട്ട് സുന്ദരിയായിരിക്കുന്നു. ഇവള്‍ക്കിതൊക്കെ ഇപ്പോഴും അറിയോ? പാപ്പി കണ്ണെഴുതിയത് പാപ്പന്‍ അവസാനമായി കണ്ടത് അവരുടെ ആദ്യരാത്രിയുടെ അന്നായിരുന്നു.

     ഓഹോ, അപ്പോള്‍ ഇത് കുറെ കാലമായി തുടങ്ങിയിട്ട്, പാപ്പന്‍റെ കണ്ണുകള്‍ സങ്കടം കൊണ്ട് പുതര്‍ന്നു.

     അയാള്‍ കൈയിലുള്ള പൊതി പാപ്പിക്ക് കൊടുക്കുകയാണ്.

     ڇഅയ്ലയാണ്. മൂന്നെണ്ണം പൊരിച്ചേക്ക്. രണ്ടെണ്ണം നിനക്കും ഒരെണ്ണം എനിക്കും.ڈ

     അത് കേട്ടതും പാപ്പന്‍ ഇടി വെട്ടിയതുപോലെ നടുങ്ങി. കൈയിലുള്ള പൊതിയിലേക്ക് നോക്കി. മൂന്ന് അയ്ലകള്‍ തന്‍റെയും കൈയിലുണ്ട്. വാങ്ങുമ്പോള്‍ രണ്ടെണ്ണം അവള്‍ക്ക് കണക്കാക്കി വാങ്ങിയതാണ്. രണ്ടെണ്ണം നിനക്കും എന്ന് കേട്ടതോടെ പാപ്പന്‍റെ ചങ്ക് പൊടിഞ്ഞു. പാപ്പന് പഴയപോലെ ഭാര്യയുമായുള്ള പരിപാടികള്‍ക്കൊന്നും പാങ്ങില്ല. മാസത്തിലൊരിക്കല്‍ മാത്രമാണ് സംഗതി. അതിന് തന്നെ ദിവസങ്ങളോളം അമുക്കുരുവും നായ്ക്കുരണ പൊടിയും പടപടാന്ന് അടിച്ചു കയറ്റുകയും വേണം. ആ മാസത്തിലൊരിക്കലാണ് പാപ്പന്‍ പാപ്പിക്ക് എല്ലാം അധികം നല്‍കുക.

     ഭാര്യ തന്‍റെ അപരന്‍റെ കൂടെ കിടക്കുന്നതിനെ കുറിച്ചോര്‍ത്തപ്പോള്‍ പാപ്പന്‍റെ നെഞ്ച് നീറി.

     ആദ്യം നടന്ന പാപ്പന്‍ വീട്ടിലേക്ക് കയറിയതും ശരിക്കുള്ള പാപ്പന്‍ മീന്‍ പൊതിയും കൊണ്ട് തൊട്ടപ്പുറത്തെ വാഴക്കൂട്ടത്തിലേക്ക് നൂണ്ടതും ഏറെക്കുറെ ഒരുമിച്ചായിരുന്നു. ഒച്ച കേട്ട് വാഴക്കൂട്ടത്തില്‍ നിന്നും ഒരു പൂച്ച പുറത്തേക്ക് ചാടി. പെട്ടെന്ന് പാപ്പന്‍ ചൂണ്ടുവിരല്‍ ചുണ്ടറ്റത്ത് മുട്ടിച്ച് മിണ്ടരുതെന്ന് ആംഗ്യം കാണിച്ചു. പൂച്ച ചെറിയൊരു പുച്ഛം മുഖത്ത് മിന്നിച്ച് ആദ്യം വീട്ടിലേക്കും പിന്നെ പാപ്പനെയും നോക്കി വാലും ചുരുട്ടി തൊട്ടപ്പുറത്തേക്കും നടന്നു. പാപ്പന്‍ മീന്‍പൊതിയും പിടിച്ച് വാഴക്കല്ലകള്‍ക്കിടയില്‍ കുന്തിച്ചിരുന്നു.

     നിലാവ് തുറന്നു. നിലാവ് അടച്ചു. വീണ്ടും തുറന്നു, വീണ്ടും അടച്ചു.

     മീന്‍ പൊരിക്കുന്ന മണം പുറത്തേക്ക് വരാന്‍ തുടങ്ങി. ഇനി കാത്ത് നിന്നിട്ട് കാര്യമില്ല എന്ന് പാപ്പന് ബോധ്യം വന്നു. പതുക്കെ എഴുന്നേറ്റ് വീടിന്‍റെ പിന്‍ഭാഗത്തു കൂടി അടുക്കളയ്ക്കരികിലെത്തി. അവിടെയുള്ള ചെറിയ കിളിവാതിലിലൂടെ ഉള്ളിലേക്ക് നോക്കി.

     കത്തി ഭാര്യയുമായി കിന്നരിച്ചിരിക്കുകയാണ്. പാപ്പിയുടെ നഗ്നമായ വയറില്‍ ഇടയ്ക്ക് തൊടുകയും ഉമ്മ വയ്ക്കാന്‍ ശ്രമിക്കുകയുമൊക്കെ ചെയ്യുന്നുണ്ട്. അടുപ്പില്‍ നിന്നും അയ്ല വേവുന്നതിന്‍റെ അവസാന ഗന്ധം കിട്ടിയതോടെ പാപ്പന്‍ അള്ളിപ്പിടിച്ച് നിന്നിടത്ത് നിന്നും താഴേക്ക് ചാടി.

     ഭക്ഷണം കഴിഞ്ഞാല്‍ പിന്നെ അവരുടെ രതിയായിരിക്കും.

     ആദ്യം തന്നെപ്പറ്റി അങ്ങാടികളില്‍ കത്തിയടി പരത്തി. പിന്നെയിപ്പോ ദാ വീട്ടില്‍ കയറി കളിക്കാന്‍ തുടങ്ങിയിരിക്കുന്നു. എന്തായാലും ഇനിയും ഇതിങ്ങനെ മുന്നോട്ട് പോയാല്‍ ഉറപ്പാണ്, താന്‍ ഒരിക്കല്‍ വീട്ടില്‍ നിന്നും എന്നന്നേക്കുമായി പുറത്താക്കപ്പെടും. നിലനില്‍പ്പ് തന്നെ അവതാളത്തിലാകും. എന്തേലുമൊക്കെ ചെയ്തേ പറ്റൂ.

     പാപ്പന്‍ പതുക്കെ വിറകുപുരയിലേക്ക് നടന്നു. അടയ്ക്ക പൊളിക്കുന്ന കത്തിയായിരുന്നു ലക്ഷ്യം. മൂര്‍ച്ച കൂട്ടി ഇറയത്ത് വച്ചതാണ് തലേന്ന്. അവന്‍റെയുള്ളിലേക്ക് കുത്തിക്കയറ്റി കൊടലും പണ്ടവും വലിച്ച് താഴേക്കിടണം, അല്ല പിന്നെ. തപ്പിത്തടഞ്ഞ് മുഴുവന്‍ പരതിനോക്കി. പക്ഷെ അവിടെയൊന്നും കത്തിയുണ്ടായിരുന്നില്ല. അപ്പോഴേക്കും പാപ്പി പുറത്തേക്കിട്ടുകൊടുത്ത മീന്‍തല തിന്നുന്ന പൂച്ച പാപ്പനെ കണ്ട് തേറ്റ വിറപ്പിച്ചു. കൈയിലുള്ള മീന്‍ പൊതി അയാള്‍ ഊക്കില്‍ പൂച്ചക്കിട്ട് കൊടുത്തു. അതിലെ രണ്ട് അയ്ല കടിച്ചുപിടിച്ച് പൂച്ച എങ്ങോട്ടോ ധൃതിയില്‍ ഓടിപ്പോയി.

     അടയ്ക്കാക്കത്തി കാണാതെ തലയ്ക്ക് കൈയും കൊടുത്തിരിക്കുന്ന സമയത്തായിരുന്നു ചോറ്റുപാത്രങ്ങളുടെ ശബ്ദം ഉണ്ടായത്. അതോടെ പാപ്പന്‍ ജാഗരൂകനായി.

     പെട്ടെന്ന് പാപ്പി കൈയും മുഖവും കഴുകാന്‍ അടുക്കളപ്പുറത്തേക്ക് വന്നു, പിന്നാലെ ആ കത്തിയും. ആ തക്കത്തിന് പാപ്പന്‍ ചുമര് മറഞ്ഞ് ഉള്ളിലേക്ക് കയറി കിടക്കുന്ന മുറിയുടെ വാതിലിന് മറവില്‍ ഒളിച്ചുനിന്നു. കുറച്ച് കഴിഞ്ഞപ്പോള്‍ അയാള്‍ ആദ്യം മുറിയിലേക്ക് കടന്നുവന്നു. പാപ്പന്‍ കത്തിയെ ചിമ്മിനി വെട്ടത്തില്‍ ആദ്യമായി കണ്ടു. തന്‍റെ അതേ രൂപം. ഒരു മാറ്റവുമില്ല. ആളെ കൂട്ടാഞ്ഞത് നന്നായി. ഉറങ്ങുമ്പോള്‍ തീര്‍ക്കണം. പാപ്പി ഉറങ്ങിയാല്‍ പിന്നെ എടുത്തുകൊണ്ടുപോയാലും അറിയില്ല. അതുകൊണ്ട് കാര്യങ്ങള്‍ എളുപ്പമാണ്.

     പാപ്പന്‍ നല്ലൊരു സന്ദര്‍ഭത്തിനായി കാത്തുനിന്നു.

     അയാള്‍ കിടന്നു. ഉടനെ തന്നെ പാപ്പന്‍ തൊട്ടപ്പുറത്തെ ട്രങ്ക്പെട്ടിയുടെ മറവിലേക്ക് നൂണ്ടു. പാപ്പി ഒരു മൂളിപ്പാട്ടോടെ മുറിയിലേക്ക് കയറി കതകടച്ചു. വല്ലാത്തൊരു സുഗന്ധം അവിടെയൊന്നാകെ പരന്നു.

     ڇഎന്തൊരു മണം...ڈ ആ ഹമ്ക്ക് പറയുകയാണ്. പാപ്പന്‍ ചെവി വട്ടംപിടിച്ചു.

     ڇകൈതപ്പൂവിന്‍റെതാണ്. രണ്ടുമീന്‍ തരുന്ന അന്നിടാന്‍ വേണ്ടി കൈതപ്പൂവിട്ട് പൂട്ടിവച്ച കുപ്പായമാണ്.ڈ പാപ്പി ഒരു തരം പരവേശത്തോടെ പറഞ്ഞു.

     പാപ്പന്‍ പെട്ടിക്കരികില്‍ കിടന്ന് ഞെളിപിരി കൊണ്ടു. പഹയത്തി, വഞ്ചകീ, ദുഷ്ടേ... പാപ്പന്‍ പല്ലു ഞെരിച്ചു.

     ڇഇതെന്താ അടയ്ക്ക പൊളിക്കുന്ന കത്തിയുമായി?ڈ പാപ്പിയുടെ ചോദ്യം കേട്ട് മറഞ്ഞിരിക്കുന്ന കത്തിപ്പാപ്പന്‍റെ കണ്ണ് തുറിച്ചു. അടയ്ക്കാക്കത്തിയോ?! പാപ്പന്‍ പെട്ടിക്കിടയില്‍ നിന്നും ബദ്ധപ്പെട്ട് നോക്കി, അയാള്‍ അതാ കട്ടിലില്‍ കിടന്ന് അടയ്ക്കാക്കത്തിയുടെ മൂര്‍ച്ച പരിശോധിക്കുന്നു. ഇതെങ്ങനെ?

     ഭയങ്കരന്‍! അപ്പോ ഞാന്‍ തീര്‍ക്കുമെന്ന് അയാള്‍ക്കറിയാമായിരുന്നു. ആസൂത്രണങ്ങളെല്ലാം പാളുന്നതുപോലെ പാപ്പന് തോന്നി. ഇനിയിപ്പോ എന്തെല്ലാം കാണണം. സ്വന്തം ഭാര്യയുമായി അയാള്‍... ഛെ.

     എന്താണ് ചെയ്യേണ്ടത്?

     സ്വന്തം മുറിയില്‍ നിന്നും ഇറങ്ങിയോടേണ്ട ഗതികേട് വരുമോ?

     പാപ്പന്‍ രണ്ടും കല്‍പ്പിച്ച് ശ്വാസം മുറുകെ പിടിച്ചിരുന്നു.

     അപ്പോഴേക്കും കട്ടിലില്‍ നിന്നും ശീല്‍ക്കാരങ്ങളും അമര്‍ത്തിയ മൂളക്കങ്ങളും ഉയരാന്‍ തുടങ്ങി. പാപ്പന് അങ്ങോട്ട് നോക്കാനേ തോന്നിയില്ല. കണ്ണുകളില്‍ വെള്ളം നിറച്ച് അട്ടയെപ്പോലെ ചുരുണ്ടിരുന്നു.

     ഒന്നേ, രണ്ടേ, മൂന്നേ... എന്തോരം ഉമ്മകളാണ് അവള്‍ അയാള്‍ക്ക് നല്‍കുന്നത്! എണ്ണുന്നതിനനുസരിച്ച് പാപ്പന് സങ്കടം വന്നു. പല്ല് കടിച്ചുപിടിച്ച് കരയാതിരിക്കാനായി വായ പൊത്തിപ്പിടിച്ചു.

     കുറെ കഴിഞ്ഞപ്പോള്‍ പാപ്പിയുടെ കുണുങ്ങിയുള്ള ചിരി കേള്‍ക്കാന്‍ തുടങ്ങി. അനക്കങ്ങള്‍ അടങ്ങിയിട്ടുണ്ട്. പാപ്പന്‍ പതുക്കെ തലയുയര്‍ത്തി നോക്കി. ഇരുട്ടാണ്. കുറെ നേരം കൂര്‍പ്പിച്ച് നോക്കിയപ്പോള്‍ ചിത്രങ്ങള്‍ തെളിയാന്‍ തുടങ്ങി.

     നെഞ്ചിലേക്ക് കയറ്റിവച്ച അവളുടെ തലമുടിയില്‍ പതുക്കെ തലോടുകയാണ് അയാള്‍. കുറച്ച് കഴിഞ്ഞപ്പോള്‍ പാപ്പിയുടെ കൂര്‍ക്കംവലി പാപ്പന്‍ കേട്ടു. അവളുടെ മുടിയിഴകള്‍ക്കിടയില്‍ നിശ്ചലമായിപ്പോയ അയാളുടെ കൈകളും പാപ്പന്‍ കണ്ടു.

     ട്രങ്ക്പെട്ടിക്കരികില്‍ നിന്നും പാപ്പന്‍ പതുങ്ങിയ കാല്‍വയ്പ്പുകളോടെ പുറത്തേക്ക് കടന്നു. പതുക്കെ തലയിണയ്ക്ക് കീഴെ പരതി. അടയ്ക്കാക്കത്തി കൈയില്‍ തടഞ്ഞു. അത് ഒച്ചയുണ്ടാക്കാതെ പുറത്തേക്കെടുത്ത് വലതുകൈയില്‍ അമര്‍ത്തിപ്പിടിച്ച് പാപ്പിയെ പതുക്കെ ഇടതുകൈ കൊണ്ട് മാറ്റിക്കിടത്തി. പിന്നെ അയാളെ പുഷ്പം പോലെ മലര്‍ത്തിയിട്ടു. നെഞ്ചിന് താഴെ വയറ്റില്‍ കൊടലും പണ്ടവും വരുന്ന സ്ഥലത്ത് ഏകദേശം ധാരണ വച്ചു.

     കത്തി പതുക്കെ ഉയര്‍ത്തി. സര്‍വശക്തിയും ആഞ്ഞു സംഭരിച്ചു.

     ഒരൊറ്റ കുത്തിന് കത്തി ആഴങ്ങളിലേക്ക് പാഞ്ഞു, ഒരു തിരിക്കലും വലിക്കലുമായിരുന്നു പാപ്പന്‍.

     ചോര പുറത്തേക്ക് ചീറ്റി. പാപ്പി അറിയാതിരിക്കാന്‍ ഉയര്‍ന്നുപൊങ്ങിയ പിടച്ചിലുകളെ അമര്‍ത്തിപ്പിടിച്ച് ഒരൊറ്റ തള്ളിന് കട്ടിലിന് താഴേക്ക് ശരീരം മറിച്ചിട്ടു.

     നിലത്ത് ചോര തളം കെട്ടി.

     നാലുമാസം! നാലുമാസം കഴിഞ്ഞിട്ടാണ് കത്തിപ്പാപ്പന്‍ ആശുപത്രി വിട്ടത്. ഈച്ചഭാഗ്യത്തിനാണ് രക്ഷപ്പെട്ടതെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി. മുറിവുണങ്ങിയ അന്നുതന്നെ പാപ്പന്‍ അങ്ങാടിയിലേക്കിറങ്ങി. കുറെക്കാലത്തിന് ശേഷം കത്തിപ്പാപ്പനെ കണ്ടതും അറിയുന്ന ആളുകള്‍ പുതിയ കത്തിയടി പ്രതീക്ഷിച്ച് വട്ടം കൂടി. അവര്‍ മുറിപ്പാടിന്‍റെ നീളവും വീതിയും അളന്നു. പലരും കത്തി കൊണ്ട് കുത്തിയവനെ മനസ്സിലിട്ട് ആത്മാര്‍ത്ഥമായി പ്രാകി. ചിലര്‍ പിടികൊടുക്കാതെ ഓടിരക്ഷപ്പെട്ട അയാളുടെ വീര്യം പറഞ്ഞ് അതിശയപ്പെട്ടു.

     എല്ലാം കേട്ട് പാപ്പന്‍ ഉള്ളില്‍ ചിരിച്ചു.

     പിന്നീട് പാപ്പന്‍റെ കത്തിയടി കൂറുറുമ്പില്‍ ഉണ്ടായില്ല. ആരും മൂപ്പരെ കുറിച്ചുള്ള കത്തിയടികള്‍ പരസ്പരം പറഞ്ഞതുമില്ല. എങ്കിലും ഇപ്പോഴും പാപ്പന്‍ രാത്രിയൊക്കെ ഒറ്റയ്ക്ക് നടക്കുമ്പോള്‍ അരയിലെ അടയ്ക്കാക്കത്തിയിലേക്ക് കൈയമര്‍ത്തി ഇടയ്ക്ക് പിന്നിലേക്കും ഇടയ്ക്ക് കുറെ മുന്നിലേക്കും ഏന്തി നോക്കും.

     മറ്റവന്‍, അവന്‍ പിന്നേം കയറി വരുമോ? മരിക്കാതെ രക്ഷപ്പെട്ട് ഓടിയതാണ് അന്ന്... വിശ്വസിക്കാന്‍ പറ്റിയില്ല.



* കൈയ്യാള്‍ - സഹായി, * മഞ്ച - പത്തായം, * ചട്ടകം - കുമ്മായക്കത്തിക്ക് പ്രാദേശികമായി പറയുന്നത്.

Share:
മൂല്യസൃതി മാസിക വരിക്കാരാവുക

SUBSCRIBE ONLINE

SUBSCRIBE ONLINE
1 year - 240/- 2 Years - 480/- ,3 Years- 720/-

Moolyasruthi Cover

Moolyasruthi Cover
JUNE 2021

MOOLYASRUTHI MAGAZINE

CHAVARA INSTITUTE

CHAVARA INSTITUTE
ADMISSION STARTED

ADVERTISE HERE

ADVERTISE HERE
Ph : 0484 4863404

Chavara Matrimony

Chavara Matrimony

Popular Posts

Search This Site

Recent Posts