നമ്പി നാരായണന്‍ - സത്യത്തെ പ്രകാശിപ്പിക്കുന്ന ഒരാള്‍


     ഇന്നോളം ഫിനിക്സ് എന്ന പക്ഷി കല്‍പിതകഥകളിലെ അരൂപിയായിരുന്നു. ചാരത്തില്‍ നിന്ന് ഫിനിക്സ് ഉയിര്‍ത്തെഴുന്നേല്‍ക്കുന്നത് പരാജയപ്പെട്ടവന്‍ നടത്തുന്ന വിജയക്കുതിപ്പിന്‍റെ ചരിത്രാതീത വിശേഷണമായിതീര്‍ന്നു. എന്നാല്‍ ഇന്ന് ചാരക്കഥയില്‍ നിന്ന് കനല്‍വച്ച കണ്ണുകളുമായി നമ്പി നാരായണന്‍ എന്ന ശാസ്ത്രജ്ഞന്‍ ഉയിര്‍ത്തെഴുന്നേറ്റത് ഒരു ചരിത്രമായി മാറുകയും ഫിനിക്സിന് ഒരു മുഖമുണ്ടാവുകയും ചെയ്തിരിക്കുന്നു. അസത്യത്തെ അദ്ദേഹം കത്തിച്ചു ചാമ്പലാക്കി. സത്യത്തെ മാണിക്യമായി തലയില്‍ ചൂടി.
     നമ്പി നാരായണന്‍ څമൂല്യശ്രുതിچയോടു സംസാരിക്കുന്നു. ഓരോ ദിവസവും അദ്ദേഹം ആവര്‍ത്തിക്കുന്ന സത്യങ്ങള്‍ക്കു കൂടുതല്‍ പ്രകാശം... മുന്നോട്ടുവെക്കുന്ന ജീവിതാനുഭവങ്ങള്‍ക്ക് തിളയ്ക്കുന്ന വെയിലിന്‍റെ തീക്ഷ്ണത... നഷ്ടബോധങ്ങളുടെ നിശ്വാസങ്ങള്‍ക്ക് ശൂന്യജീവിതത്തിന്‍റെ നിലയ്ക്കാത്ത താളം...
     ബൊമ്മക്കൊലുകള്‍ ഒരുക്കുന്ന നവരാത്രി ദിനങ്ങളുടെ തലേന്നായിരുന്നു അദ്ദേഹത്തെ കണ്ടത്. ഭൂതകാലം എവിടെയോ ഇറക്കി വച്ച് ഒരു കാറ്റൊഴുകുന്ന നിര്‍മമതയോടെ നമ്പി നാരായണന്‍ ചലിക്കുന്നു.
     ڇസുപ്രീം കോടതി വിധി വന്നതില്‍പ്പിന്നെ അലട്ടിയിരുന്ന ശാരീരികാസ്വസ്ഥതകള്‍ കുറെയൊക്കെ വിട്ടുപോയിڈ. അദ്ദേഹം ആശ്വസിച്ചു.
     ~ഒരു പുരുഷായുസിന്‍റെ മുക്കാല്‍ ഭാഗവും ചാരനായി അറിയപ്പെടേണ്ടി വന്ന ശാസ്ത്രജ്ഞന്‍... ചാരനല്ലെന്നു തെളിയിക്കാന്‍ എടുത്ത രണ്ടു വ്യാഴവട്ടക്കാലം സമൂഹത്തില്‍, ആള്‍ക്കൂട്ടങ്ങളുടെ നടുവില്‍ ചരിച്ച ഏകാകി... സ്ഥാപിത താല്‍പര്യങ്ങളുടെ നിഗൂഢമായ കുരുക്കിലും, ക്രൂരതകളിലും കുടുംബവും കരുത്തും ഹോമിക്കപ്പെട്ട മനുഷ്യന്‍... ജീവിതം നല്‍കിയ നെരിപ്പോട് പുകഞ്ഞു തീര്‍ന്നപ്പോള്‍ വെളിവായ തെളിഞ്ഞ ലോകത്തില്‍ ബാക്കി കാലമെങ്കിലും ആരോപണവിധേയനല്ലാതെ, സാധാരണ ജീവിതം സന്തോഷത്തോടെ ജീവിച്ചു തീര്‍ക്കാമെന്ന് ആഗ്രഹിക്കുന്നു നമ്പി നാരായണന്‍.
     ഈ പുതിയ ലോകത്തെക്കുറിച്ചും, ബാക്കിയുള്ള ചില സ്വപ്നങ്ങളെക്കുറിച്ചും നമ്പി നാരായണന്‍ മനസ് തുറന്നു. വര്‍ത്തമാനകാലത്തെക്കുറിച്ചു സംസാരിക്കുമ്പോള്‍ മറന്നുകളയാനാണിഷ്ടമെങ്കിലും കെട്ടഴിച്ചുകളയാനാകാത്ത കറുത്ത ഭൂതകാലത്തെക്കുറിച്ചും അതോടൊപ്പം സംസാരിക്കാതെ വയ്യല്ലോ; അത് കൊണ്ട് ചില പരാമര്‍ശങ്ങളും, കണ്ടെത്തലുകളും, അവിരാമം തുടരുന്ന വ്യവസ്ഥിതികളും പങ്കുവെക്കുന്നു അദ്ദേഹം.
തീച്ചൂളയില്‍ വെന്ത ജീവിതചരിത്രം
     നമ്മുടെ കേരളത്തില്‍ അതിന്‍റെ ശാസ്ത്ര ശാഖയുടെ നെടുംതൂണായ കടഞഛ യെ ബന്ധപ്പെടുത്തി ആര്‍ക്കോ ഒരു ചാരക്കഥ വേണമായിരുന്നു. അത് ആസൂത്രണം ചെയ്തവര്‍ തന്നെയാണ് ആ കഥ യഥാര്‍ത്ഥ സംഭവമെന്ന് വരുത്തിത്തീര്‍ക്കാന്‍ പശ്ചാത്തലങ്ങള്‍ തീര്‍ത്തത്. അതിലെ മുഹൂര്‍ത്തങ്ങള്‍ മെനഞ്ഞത്. അതിന്‍റെ ഇരയാണ് താന്‍. ഒരു ഇല്ലാത്ത കഥ പറഞ്ഞ് ഒരു രാഷ്ട്രത്തെ പറ്റിക്കണമെങ്കിലോ, ജനങ്ങളെ വിശ്വസിപ്പിക്കണമെങ്കിലോ യഥാര്‍ത്ഥ സംഭവങ്ങള്‍ അരങ്ങേറണം. താനടക്കമുള്ളവരുടെ അറസ്റ്റ് അതിനായിരുന്നു. എന്നാല്‍ കഥ അവതരിപ്പിച്ചവര്‍ക്ക് വലിയ അബദ്ധങ്ങള്‍ പറ്റി. ഏതു മേഖലയിലാണോ ചാരപ്രവര്‍ത്തനം നടന്നു എന്നാരോപിച്ചത് അതില്‍ ഐപിഎസ് ചിഹ്നമടക്കം പേറുന്നവര്‍ക്ക് അടിസ്ഥാന ജ്ഞാനം പോലുമില്ലാത്തതുകൊണ്ട് കഥയുണ്ടാക്കാന്‍ നടത്തിയ നാടകമെല്ലാം വിഡ്ഢികളുടേതായി. എന്തിനാണ് അറസ്റ്റ് ചെയ്തത്, അറസ്റ്റിന്‍റെ സാങ്കേതിക വശങ്ങള്‍ ന്യായീകരിക്കത്തക്കതാണോ എന്നൊന്നും ചിന്തിച്ചിരുന്നില്ല ഇവര്‍. എല്ലാം ആര്‍ക്കോ വേണ്ടി ചെയ്തതുപോലെയായി. കടഞഛ റോക്കറ്റിന്‍റെ സ്കെച്ചുകള്‍ കൈമാറാറുണ്ട്; ലാര്‍സണ്‍ ആന്‍ഡ് ട്യൂബ്രോ പോലെയുള്ള കമ്പനികള്‍ക്ക്... അതില്‍ ഒരു രഹസ്യവും അടക്കാന്‍ പറ്റില്ല. രണ്ടക്ഷരം കൂട്ടിവായിക്കാന്‍ അറിയാത്ത മറിയം റഷീദക്കോ ഫൗസിയക്കോ അത് കൈമാറ്റം ചെയ്തിട്ടെന്തു കിട്ടാന്‍? തന്നെയുമല്ല ക്രയോജനിക്ക് എഞ്ചിന്‍റെയോ വികാസ് എഞ്ചിന്‍റെയോ സാങ്കേതിക വിദ്യ വെറും ഒരു രൂപരേഖയില്‍ നിന്ന് ചാരവൃത്തി നടത്താന്‍ പ്രേരിപ്പിക്കുന്ന രാജ്യത്തിന് ലഭിക്കുകയുമില്ല. (ക്രയോജനിക് എഞ്ചിന്‍റെ സാങ്കേതിക വിദ്യ അക്കാലത്ത് ഇന്ത്യ സ്വായത്തമാക്കിയിട്ടില്ല). ഇതും പറഞ്ഞായിരുന്നു അറസ്റ്റ്.
     മറ്റൊരു പ്രധാനപ്പെട്ട വസ്തുത എന്ന് പറയുന്നത് കേരള പൊലീസിന്‍റെ അധികാര പരിധിയില്‍ വരുന്നതോ, അവര്‍ക്കു കേസെടുക്കാന്‍ കഴിയുന്നതോ ആയ സംഭവമല്ല അവര്‍ ഉന്നയിച്ച ചാരക്കേസ്. ഒരു ഐപിഎസ് പൊലീസ് ഓഫീസര്‍ക്ക് അതറിയില്ല എന്നാണോ വിശ്വസിക്കേണ്ടത്?
     എനിക്കൊരു സ്വഭാവമുണ്ട്. കടഞഛ യില്‍ ജോലി ചെയ്യുന്ന കാലത്തെ സങ്കീര്‍ണമായ പല ആശയങ്ങളും ക്രോഡീകരിക്കാന്‍ കഴിയാതെ വരുമ്പോള്‍ എല്ലാം എഴുതിവയ്ക്കും. ചിന്തയുടെയും പ്രവൃത്തിയുടെയും ഒരു ചെറിയ കണിക പോലും, ഒരു അക്ഷരം പോലും വിട്ടുപോവാതെ. ഇത് പിന്നീട് പരിശോധിക്കുമ്പോള്‍ ഏതോ തീര്‍ത്തും അപ്രധാനമായ ഒരിടത്തു അതിനുള്ള ഉത്തരവും കിടക്കുന്നുണ്ടാകും. പൊലീസിന്‍റെ മൂന്നാം മുറകളുടെയും, അതിക്രൂരമായ പീഡനങ്ങളുടെയും കാലം കഴിഞ്ഞ്, ഒന്ന് ചിന്തിക്കാന്‍ മനസ് പാകപ്പെട്ടപ്പോള്‍ ആദ്യം ചെയ്തത് തന്നെ ഗ്രസിച്ച ദുര്‍ന്നിമിത്തങ്ങളെ ഒട്ടൊന്നു മാറി നിന്ന് നോക്കിക്കാണുകയായിരുന്നു. ഒരു സംഭവവും വിടാതെ... ഒരു സംശയത്തെയും മാറ്റിനിര്‍ത്താതെ... ശശികുമാറിന്‍റെ അറസ്റ്റ്, ശര്‍മയുടെ അറസ്റ്റ്, മാലിദ്വീപ് വനിതകളുടെ അറസ്റ്റ്, തന്‍റെ അറസ്റ്റ്... മറുവശത്ത്
കേരള പൊലീസ്, സിബി മാത്യൂസ്, പൊലീസ് സംഘം, വേറൊരു രാഷ്ട്രീയ മണ്ഡലത്തില്‍ അന്നത്തെ മുഖ്യമന്ത്രി കെ.കരുണാകരന് എതിരെ ഉയര്‍ന്നുവന്ന ആരോപണങ്ങളുടെ കൊടുങ്കാറ്റ്, സംഭവങ്ങള്‍ നടന്ന ദിവസങ്ങള്‍, ഹൈക്കോടതിയിലെ കേസ്, കേസ് സിബിഐയ്ക്കു കൈമാറുന്നത്... അതില്‍ നിന്ന് തനിക്കു കിട്ടിയ ഉത്തരങ്ങളും, വെളിപാടുകളുമാണ് ഇന്ന് സത്യമായി വിധിക്കപ്പെട്ടിരിക്കുന്നത്. ഏറ്റവും ബുദ്ധിസാമര്‍ത്ഥ്യമുള്ള നൂറ്റമ്പതു ശാസ്ത്രജ്ഞരടങ്ങുന്ന ഒരു സംഘം പത്തോ പതിനഞ്ചോ വര്‍ഷം ഒരു സംഘമായി ഇരുന്നു രൂപപ്പെടുത്തിയാല്‍ മാത്രം സംഭവിക്കാവുന്ന ഒരു ദൗത്യമാണ് പേരിനു പോലും അക്ഷരമറിയാത്ത രണ്ടു മാലി വനിതകള്‍ക്ക് കടത്തി എന്ന് പറയുന്നത്. താനിതു വീണ്ടും വീണ്ടും പറയുന്നത് ഈ സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളത് രാജ്യത്തിന് ഭീഷണിയായി ചാരപ്രവര്‍ത്തനം നടന്നു എന്ന് തെളിയിക്കലായിരുന്നില്ല, മറിച്ച് ചാരപ്രവര്‍ത്തനം നടന്നു എന്നാരോപിച്ചു മറ്റെന്തൊക്കെയോ നേടലായിരുന്നു... അതിനു വേണ്ടി കേരള പൊലീസ് സേനയിലെ ഒരു സംഘം മനപ്പൂര്‍വം പ്രവര്‍ത്തിച്ചു.
സത്യം വെളിവാക്കുക എന്ന ദൗത്യവുമായി
     ചാരക്കേസിന് ശേഷം മനസ്സിലായി തനിക്കു മാത്രം അറിയാവുന്ന ഒരു സത്യവും പേറി നടക്കുന്നതുകൊണ്ടു തനിക്കു പോലും പ്രയോജനമില്ലെന്ന്. നമ്പി നാരായണന്‍ തെറ്റുകാരനല്ലെന്ന് ലോകം വിളിച്ചു പറയണമെന്നായിരുന്നു എന്‍റെ ആഗ്രഹം. അതിന് നീതി തേടിയുള്ള തന്‍റെ യാത്രയില്‍ പല തടസ്സങ്ങളും നേരിട്ടിരുന്നു. അതില്‍ പ്രധാനപ്പെട്ടത് 1998 ല്‍ ചാരക്കേസ് വീണ്ടും അന്വേഷിക്കണം എന്ന ഹര്‍ജി സുപ്രീം കോടതി തള്ളിയത് ആദ്യ അന്വേഷണത്തിലും സിബിഐയുടെ കണ്ടെത്തലുകളിലും തൃപ്തി രേഖപ്പെടുത്തിക്കൊണ്ടായിരുന്നു. എന്നാല്‍ ഇത് വെറും സാങ്കേതിക വശമാണെന്ന പരാമര്‍ശം പല കോണുകളില്‍ നിന്നായി വന്നു. ഇതുമൂലം വീണ്ടും തനിക്ക് പഴയ ആഗ്രഹവുമായി കുറെ അധികം കാലം അലയേണ്ടതായി വന്നു. ഒടുവില്‍ പരമോന്നത കോടതി പറഞ്ഞു മലീഷ്യസ് പ്രോസിക്യൂഷന്‍ (ങമഹശരശീൗെ ുൃീലെരൗശേീി) ആണ് ചാരക്കേസില്‍ നടന്നത് എന്ന്. അഗ്നിശുദ്ധി വരുത്തി സമൂഹത്തില്‍ ജീവിക്കാനുള്ള എന്‍റെ ആഗ്രഹത്തിന്‍റെ പൂര്‍ത്തീകരണമായിരുന്നു സത്യം വെളിവാക്കി കൊണ്ടുള്ള സുപ്രീം കോടതി വിധി.
അന്യന്‍റെ പാപഭാരം ചുമന്നതിന്‍റെ വില
     ഇരുപത്തിനാലു വര്‍ഷം നമ്പി നാരായണന്‍ അന്യന്‍റെ പാപം സ്വയം ചുമന്ന് ഹോമിക്കപ്പെടുകയായിരുന്നു. ജയിലില്‍ നിന്നും പുറത്തുവന്ന് സമൂഹമെന്ന വലിയ കാരാഗൃഹത്തില്‍ അടക്കപ്പെട്ടവന്‍റെ നിരാശയും പേറി നീതിക്കായി അലഞ്ഞു. ഇടയ്ക്കെപ്പൊഴോ മനമിടറി എല്ലാം അവസാനിപ്പിക്കാമെന്നുറച്ച് ഒരു അഭിഭാഷകനോട് വില്‍പത്രം തയ്യാറാക്കാനാവശ്യപ്പെട്ടു. ഇതറിഞ്ഞ മകള്‍ തന്നോട് പറഞ്ഞ വാക്കുകളാണ് പിന്നീടുള്ള പോരാട്ടങ്ങള്‍ക്ക് കരുത്തു പകര്‍ന്നത്. ڇഅച്ഛന്‍ ജീവിതം അവസാനിപ്പിച്ചാല്‍ പിന്നെ ഞങ്ങള്‍ ചാരന്‍റെ മക്കളായി ജീവിച്ചു മരിക്കേണ്ടി വരും. അത് മാത്രമല്ല വരാനിരിക്കുന്ന തലമുറകളെ പോലും ഈ അപമാനം വേട്ടയാടും.ڈ
     പലയിടത്തു നിന്നും കടം വാങ്ങിയാണ് കേസ് നടത്തിയത്. 24 വര്‍ഷം കേസ് നടത്തി. സുപ്രീം കോടതിയിലെ കേസിനു വരുന്ന ചെലവുകള്‍ ഊഹിക്കാവുന്നതേയുള്ളൂ. കടങ്ങളെല്ലാം തിരിച്ചു കൊടുക്കണം. സുപ്രീം കോടതിയുടെ പരമാധികാരം ഉപയോഗിച്ച് പരിപൂര്‍ണ നീതി ഉറപ്പാക്കുന്നതിനായി (ആര്‍ട്ടിക്കിള്‍ 142) വിധിന്യായത്തില്‍ പറഞ്ഞ് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ധനസഹായം അതിനായി ഉപയോഗിക്കും.
കഴിഞ്ഞ കാലം ചാരം മൂടട്ടെ
     എനിക്ക് മതിയായി. ഒരു മനുഷ്യന്‍ എന്തെല്ലാം പരീക്ഷണങ്ങളിലൂടെ കടന്നുപോവാമോ അതെല്ലാം കാലം പൂര്‍ത്തിയാക്കി ഒരു വൃത്തത്തിനപ്പുറം എന്നെ കൊണ്ടുവന്നു നിര്‍ത്തിയിരിക്കുന്നു. പുറന്തള്ളപ്പെട്ട ജീവിതം, ദുരിതമയമായ ജീവിതം, അപമാനിതനായ ജീവിതം, തീവ്ര വേദനകള്‍ സഹിച്ച ജീവിതം. ഇതില്‍ കൂടുതല്‍ ഒന്നുമില്ല അനുഭവിക്കാന്‍. പിന്നെ കേസുകള്‍... അറസ്റ്റ് ചെയ്തു റിമാന്‍ഡിലാക്കിയ കേസ്, ജാമ്യക്കേസ്, ചാരക്കേസ്, ഡിഫമേഷന്‍ കേസ്, ഹൈക്കോടതിയിലെയും സുപ്രീം കോടതിയിലെയും തുടരന്വേഷണ കേസുകള്‍... ഒന്നും ഓര്‍മിക്കാന്‍ ആഗ്രഹിക്കുന്നില്ല. ഈശ്വരനാണ് താങ്ങി നിര്‍ത്തിയത്.
ഏകാകിയുടെ വിങ്ങല്‍
     24 വര്‍ഷവും ദുരന്തങ്ങള്‍ തനിയെ നേരിട്ടു. നീതിക്കുവേണ്ടി ഏകനായ് അലഞ്ഞു. പൊലീസിനെതിരെ, അദൃശ്യരായ ശത്രുക്കള്‍ക്കെതിരെ നടത്തിയ പോരാട്ടവും തനിയെ. അവയില്‍ നിന്നെല്ലാം ഊതിക്കാച്ചിയ അനുഭവങ്ങള്‍ ലഭിച്ചു. അതില്‍ പ്രധാനപ്പെട്ടതാണ് സാഹചര്യങ്ങളെക്കുറിച്ചുള്ള വ്യക്തവും, കൃത്യവുമായ തിരിച്ചറിവുകള്‍. ഉദാഹരണത്തിന് നിങ്ങള്‍ക്കൊരു പ്രശ്നമുണ്ടെങ്കില്‍ അത് പരിഹരിക്കാന്‍ നിങ്ങളെക്കാള്‍ മിടുക്കനായ മറ്റൊരാളില്ല. അത് ശാരീരിക അവശതകളായാലും, മാനസികവും വൈകാരികവുമായ പ്രശ്നങ്ങളായാലും. ജീവിതത്തില്‍ നേരിട്ട അപമാനത്തിനും നഷ്ടങ്ങള്‍ക്കും കണക്കുകള്‍ കൊണ്ട് മറുപടി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല, കാരണം ദൈവം നിശ്ചയിച്ച എന്‍റെ ജീവിതയാത്ര മറ്റൊന്നായിരിക്കണം. ഇന്ന് കടഞഛ യുടെ തലപ്പത്തിരിക്കുന്ന പല ചെയര്‍മാന്‍മാരെക്കാളും അറിയപ്പെടുന്ന ആളാണ് നമ്പി നാരായണന്‍... എന്തൊരു വിധിവൈപരീത്യം... പിന്നെ കുടുംബം, അത് നഷ്ടപ്പെട്ടതിനു തുല്യമായിരുന്നു ഇക്കാലമത്രയും ജീവിതം. ഒരു നല്ല ഭര്‍ത്താവാകാന്‍ പറ്റിയില്ല. ശാസ്ത്രത്തെയും കടഞഛ യെയും അത്രമേല്‍ സ്നേഹിച്ചിരുന്നു... ആ സ്നേഹം കൊണ്ടുതന്നെ പിന്നീടുള്ള ദുരന്തങ്ങളും എത്തി... ഇതിനിടയില്‍ മക്കളുടെ വളര്‍ച്ച, അച്ഛനായിരിക്കുമ്പോള്‍ വേണ്ട ആത്മഹര്‍ഷം ഒന്നും അനുഭവിക്കാനോ നല്‍കാനോ കഴിഞ്ഞില്ല... തന്‍റെ ചെറുപ്പകാലത്ത് തന്നെ അച്ഛന്‍ മരിച്ചതു കൊണ്ട് കുടുംബത്തിന്‍റെ ചുമതല മുഴുവന്‍ തലയിലേറ്റേണ്ടി വന്നിരുന്നു. രോഗിയായ അമ്മ, സഹോദരിമാരുടെ വിവാഹം, തന്‍റെ പഠിത്തം... കഷ്ടപ്പാടുകള്‍ക്കിടയിലും പ്രിന്‍സ്ടണ്‍ സര്‍വകലാശാലയില്‍ പോയി പഠനം... അതൊന്നും തന്നെ സംബന്ധിച്ചിടത്തോളം സങ്കടകരമായ അവസ്ഥകളേ ആയിരുന്നില്ല... സംതൃപ്തിയോടെ ഉത്തരവാദിത്വങ്ങള്‍ നിറവേറ്റിയിരുന്നു. ചാരക്കേസ് എന്നെ തകര്‍ത്തു. സ്വന്തം കുടുംബത്തിന്‍റെ കാര്യം ഓര്‍ക്കുമ്പോള്‍ ഏറെ ദുഃഖമുണ്ട്.
വിശ്വാസത്തിന്‍റെ പിന്തുണ
     കേസ് ജയിക്കുമെന്നുള്ള പരിപൂര്‍ണ വിശ്വാസം ഉണ്ടായിരുന്നു. കാലങ്ങള്‍ കഴിയവേ വീട്ടുകാരടക്കം കേസിന്‍റെ പരിസമാപ്തിയില്‍ സംശയം പ്രകടിപ്പിച്ചിരുന്നുവെങ്കിലും. ലോകത്തില്‍ ഒരാളും താന്‍ അഴിമതിക്കാരനാണ്, ചാരനാണ്, കള്ളനാണ് എന്നൊന്നും പറയരുത്... അതിനുവേണ്ടിയായിരുന്നു തീപ്പാടങ്ങള്‍ താണ്ടി ഇന്നിവിടെ എത്തിയത്. ആ പറഞ്ഞ പേരുകളിലൊന്നും ഇനി നമ്പി നാരായണന്‍ അറിയപ്പെടില്ല എന്ന് വിചാരിക്കുമ്പോള്‍ വലിയ സമാധാനം. ദൈവം തന്നതാണത്... എന്‍റെ വിശ്വാസം മാത്രമല്ല ഇത്. പലരും തന്നെ ഇന്ന് സമീപിക്കുന്നു തിരഞ്ഞെടുപ്പില്‍ മത്സരിക്കണം എന്ന് പറഞ്ഞുകൊണ്ട്. മത്സരിച്ചാല്‍ നല്ല മനുഷ്യനായതുകൊണ്ടു ഞാന്‍ ജയിക്കുമായിരിക്കും... ആ ഉദ്യമത്തിന് ഒരിക്കലും ഒരുങ്ങില്ല. എങ്കിലും സമൂഹമധ്യത്തില്‍ കറയില്ലാത്തവനായി എന്നതിന്‍റെ തെളിവല്ലേ അത്?
അവകാശങ്ങളുടെ പുതിയ ചരിത്രത്തിന്‍റെ നാന്ദി
     നിയമകാര്യ കമ്മീഷന്‍റെ 277-ാമത് റിപ്പോര്‍ട്ട് പ്രകാരം നമ്പി നാരായണന്‍റെ നിയമ പോരാട്ടവും തുടര്‍ന്ന് നല്‍കപ്പെട്ട നഷ്ടപരിഹാരങ്ങളും പുതിയൊരു നിയമ രൂപീകരണത്തിന് വഴി വച്ചു. ഇീിശെേൗശേേീിമഹ ഹശമയശഹശ്യേ എന്നാണു കമ്മീഷന്‍ അതിനെ വിശേഷിപ്പിച്ചിരിക്കുന്നത്. തന്നെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് നിരത്തിയ ന്യായീകരണങ്ങളെല്ലാം തള്ളിക്കൊണ്ടായിരുന്നു സുപ്രീം കോടതി തനിക്ക് അനുകൂലമായ അനുമാനങ്ങളില്‍ എത്തിയതും വിധി പ്രസ്താവിച്ചതും. ഇനി ഇത്തരം മാനദണ്ഡങ്ങള്‍ വച്ച് നിരപരാധികളെ അറസ്റ്റ് ചെയ്യാനും ക്രൂശിക്കാനും നിയമപാലകര്‍ക്കാവില്ല.
സ്വപ്നങ്ങള്‍ അന്ന്... സ്വപ്നങ്ങള്‍ ഇന്ന്...
     സാമ്പത്തികമായി സ്വന്തം കാലില്‍ നില്‍ക്കുന്ന ഐഎസ്ആര്‍ഒ എന്നത് അന്നത്തെ സ്വപ്നമായിരുന്നു. ക്രയോജനിക് എഞ്ചിനുകളുടെ നിര്‍മാണത്തില്‍ ഏറെ ശ്രദ്ധ പതിപ്പിച്ചത് അതുകൊണ്ടായിരുന്നു. താന്‍ കടഞഛ യില്‍ ഉണ്ടായിരുന്നുവെങ്കില്‍ ക്രയോജനിക് സാങ്കേതിക വിദ്യ 2000 ത്തില്‍ തന്നെ വികസിപ്പിക്കാന്‍ കഴിയുമായിരുന്നു എന്ന് തോന്നിയിട്ടുണ്ട്. 2014 ല്‍ ആണ് ഐഎസ്ആര്‍ഒ യ്ക്ക് അത് സാധിച്ചത്. അതിനര്‍ത്ഥം പല അവസരങ്ങളിലായി 3 ലക്ഷം കോടിയുടെ ബിസിനസ് നടത്താന്‍ പത്തു വര്‍ഷം താമസിച്ചു എന്നാണ്. ഈ കേസ് കെട്ടിച്ചമച്ച ശക്തികളുടെയും ലക്ഷ്യം അത് തന്നെ ആയിരിക്കണം.
     ഇപ്പോള്‍ താന്‍ ചില സ്വപ്നങ്ങളുടെ പിറകെയാണ്. സ്വന്തമായി യാത്രാവിമാനങ്ങള്‍ നിര്‍മിക്കാന്‍ നമ്മുടെ രാജ്യത്തിന് കഴിഞ്ഞിട്ടില്ല. ഒന്നോ രണ്ടോ വര്‍ഷം നീളുന്ന പ്രോജക്ടുകള്‍ ലഭിച്ചാല്‍ വളരെ എളുപ്പത്തില്‍ ചെയ്യാന്‍ കഴിയും എന്ന് വിശ്വസിക്കുന്നു. ഐഎസ്ആര്‍ഒ യുടെ പിഎസ്എല്‍വിയില്‍ താന്‍ ചെയ്ത സാങ്കേതികവിദ്യ വിജയകരമായി പ്രയോഗിക്കാമെങ്കില്‍ ഇത് തീര്‍ത്തും എളുപ്പമാണ്. കുടുംബത്തോടൊപ്പം ഇനിയുള്ള കാലം സമാധാനമായി കഴിയണം എന്നുള്ളതാണ് മറ്റൊരു സ്വപ്നം.
ഇരകളാക്കപ്പെടുന്നവരോട്...
     തെറ്റ് ചെയ്തിട്ടില്ല എന്ന വിശ്വാസത്തിന് അമാനുഷിക ശക്തിയുണ്ട്. തങ്ങളുടെ നേര്‍ക്ക് നീളുന്ന കരങ്ങളെ മനസുകൊണ്ടു പിന്തുടരുക. അപകടം മണക്കാനുള്ള കഴിവ് ആര്‍ജിക്കുക. ജയിലില്‍ തന്നെ അതീവ സുരക്ഷാ സെല്ലില്‍ ആണ് പാര്‍പ്പിച്ചിരുന്നത്. എഴുന്നേറ്റു നടക്കാന്‍ പോലും പ്രാപ്തിയില്ലായിരുന്നു. അവിടെ വച്ച് പരിചയപ്പെട്ട തടവുകാരില്‍ 40 ശതമാനവും നിരപരാധികളായിരുന്നു. ശിക്ഷ വിധിക്കുന്നതുവരെയെ ഒരാള്‍ കള്ളം പറയൂ... അത് കഴിഞ്ഞാല്‍ കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ ഉണ്ടെന്നും ഇല്ലെങ്കില്‍ ഇല്ല എന്നും പറയും.
ചില കരുണാര്‍ദ്രമായ, മറക്കാനാകാത്ത മുഖങ്ങള്‍...
     പല മുഖങ്ങളും ഇനി ഒരിക്കലും കാണരുതെന്ന് ആശിക്കുന്നവയാണ്. കാണാനാഗ്രഹിക്കുന്ന സ്നേഹത്തിന്‍റെ മുഖങ്ങളും ഉണ്ട്. അതില്‍ പ്രധാനപ്പെട്ടത് രണ്ടും ജയിലുമായി ബന്ധപ്പെട്ടതാണ്. ഒന്ന് അസിസ്റ്റന്‍റ് ജയിലര്‍ ശിവാനന്ദന്‍, മറ്റൊന്ന് കോണ്‍സ്റ്റബിള്‍ അനില്‍... ഈ രണ്ടു പേരെയും കാണാന്‍ ആഗ്രഹമുണ്ട്... കണ്ടുമുട്ടും എന്ന് കരുതുന്നു.
Share:

പാലൂര്‍: കവിതയില്‍ ജീവിതത്തില്‍ - ദേശമംഗലം രാമകൃഷ്ണന്‍

നിറുത്തട്ടെഞാനെന്‍
മഹാമോഹഭംഗ-
സ്വരം പൊന്നുഷസ്സേ
വരൂ, നിന്നില്‍നിന്നും
കൊളുത്തട്ടെ പത്തല്ല
നൂറല്ല കത്തി-
ജ്വലിക്കുന്ന പന്തങ്ങള്‍,
എന്‍പിന്‍മുറക്കാര്‍-
വരും, ഞാനവര്‍ക്കായ്
വഴിക്കൊക്കെയോരോ
വെറും മണ്‍ചിരാതെങ്കിലും
വെച്ചുപോകാം.
അതാണെന്‍റെ മോഹം
അതാണെന്‍റെ ദാഹം
അതാണെന്‍റെ ജീവന്‍റെ
ശക്തിപ്രവാഹം
(ഉഷസ്സ്: എം.എന്‍ പാലൂര്‍)
     വിദേശികളുടെ അധിനിവേശത്തില്‍ നിന്ന് സ്വാതന്ത്ര്യം കിട്ടിയിട്ടും ഭാരതം ഉണര്‍ന്നിരുന്നില്ല. ജീവിതം അനാഥമായിരുന്നു. ദാരിദ്ര്യവും തൊഴിലില്ലായ്മയും പെരുകിവന്നു. പ്രതീക്ഷകള്‍ അസ്തമിച്ചുകൊണ്ടിരുന്നു. 1960-കളോടെ, ചിന്തിക്കുന്നവരുടെയും സ്വപ്നം കാണുന്നവരുടെയും മുന്നിട്ടിറങ്ങി പ്രവര്‍ത്തിക്കുന്നവരുടെയുമൊക്കെ വൈയക്തികവും സാമൂഹികവുമായ സ്വരങ്ങള്‍ മോഹഭംഗം നിറഞ്ഞതായി. ഈ തകര്‍ച്ചയുടെ ചിഹ്നങ്ങളായിട്ടാണ് കലയിലെയും കവിതയിലെയും രൂപഭാവങ്ങളുടെ ശിഥിലീകരണങ്ങളെ കാണേണ്ടത്. മലയാള കവിതയില്‍ ജീവിതത്തകര്‍ച്ചയുടെ പ്രതിഫലനമായിട്ടാണ് ആധുനികം എന്നു വിശേഷിപ്പിക്കാവുന്ന ഘടനാവിശേഷങ്ങളും ശിഥിലബിംബങ്ങളും വിരുദ്ധവീക്ഷണങ്ങളും കടന്നുവന്നത്.
     ഈ തകര്‍ച്ചകള്‍ക്കിടയിലും, വൈയക്തിക ജീവിതത്തിന്‍റെ അനാഥത്വത്തിനിടയിലും ഭാവിയെ പ്രതീക്ഷയോടെ ഉറ്റുനോക്കുവാനാണ് എം.എന്‍ പാലൂര്‍ എന്ന ആധുനിക കവി ഇഷ്ടപ്പെട്ടത്. ഓത്തു മാത്രം പഠിച്ച ഉണ്ണിനമ്പൂതിരി, ജീവിക്കാനുതകുന്നതൊന്നും പഠിച്ചില്ലെന്ന് വൈകിയാണ് മനസ്സിലാക്കിയത്. കഥകളിയും ഡ്രൈവര്‍ പണിയും പഠിച്ചു. തൃപ്തിയായില്ല. അഭിമാനവും തോന്നിയില്ല. കൃഷി ചെയ്യാനോ ഇരുന്നുണ്ണാനോ നിവൃത്തിയില്ല. ദയാമസൃണമായ ഹൃദയം മാത്രം കൈമുതല്‍. അനീതിക്കെതിരെ അമര്‍ഷം കൊള്ളുന്ന പ്രകൃതം. ഇതാണ് എം.എന്‍ പാലൂര്‍ എന്ന മനുഷ്യന്‍. വൈലോപ്പിള്ളി എഴുതിയ ڇകാളിയും മനുഷ്യനുംڈ എന്ന കവിതയില്‍ പാലൂര്‍ എന്ന വ്യക്തിത്വമാണ് ചിത്രണം ചെയ്തിരിക്കുന്നത്. വൈലോപ്പിള്ളിക്കവിതയിലെ പഞ്ചവര്‍ണക്കിളി പാലൂര്‍ എന്ന മനുഷ്യന്‍റെ പ്രതിഛായയാകുന്നു. ചിറകുകള്‍ കത്രിക്കപ്പെട്ട് എല്ലാവരാലും പീഡിപ്പിക്കപ്പെടുന്ന അത് സര്‍വോപരി മോചനത്തിനു കൊതിക്കുന്നു - എന്തു ദുഃഖം സഹിച്ചും സ്വാതന്ത്ര്യം ശ്വസിക്കാന്‍, വളരാന്‍.
ڇഒരു ദുര്‍മ്മണമേറ്റാന്‍
ചുളിയും മൂക്കാണെനി-
ക്കൊരു ദൂനത കണ്ടാ-
ലുരുകും മിഴികളും
ഒരു സൗഹൃദം തൊട്ടാ-
ലലിയും ഹൃദയവും
ഇരിമ്പായ് ചമയേണ്ടു-
മീയന്ത്രയുഗത്തിങ്കല്‍!ڈ
എന്ന വാങ്മയത്തില്‍ പാലൂര്‍ ഉണ്ട്.
     ഒടുവില്‍ വിമാനത്താവളത്തില്‍ (മുംബൈ) ഒരു ഡ്രൈവറായിത്തീര്‍ന്ന്, മറുനാടന്‍ ജീവിയായി അന്യത്വമേറെ സഹിച്ച്, കഴിഞ്ഞുകൂടുമ്പോഴും പാലൂരിലെ കവി എഴുതിക്കൊണ്ടിരുന്നു:
     ڇഎവിടെയോവെച്ചു വലിയെപ്പേറിയ വലിയ ദുഃഖത്തില്‍ മുഷിഞ്ഞ ഭാണ്ഡവും ചുമന്നേറെച്ചുമലിടിഞ്ഞൊരു മഹാവികൃതരൂപമുണ്ടൊരു څവെറും കവിچ! അവനിതൊക്കെയും വെറും തമാശയാണവഗണനയാണവന്‍റെ കണ്‍കളില്‍. അവനൊരു വെറും څമുഴുപ്പിരിچയനെന്നപഹസിക്കുകിലതും ചിതം വരാ. അവനിരുപതാം ശതകത്തിലിപ്പോള്‍ څഅനാമ്പിچനാക്കുന്നു പ്രധാന ഭക്ഷണം!
(വിമാനത്താവളത്തില്‍ ഒരു കവി)
     മലയാളത്തിലെ ആധുനികകാല കവിതയുടെ അടയാളങ്ങളില്‍ പ്രമുഖമായിരുന്നു പാലൂരിന്‍റെ വേദനാസംഹാരിയായ കാവ്യബിംബം.
     എന്നും മൂല്യനഷ്ടത്തില്‍, സൗന്ദര്യസംസ്കാരനഷ്ടത്തില്‍ വിഷാദം കൊണ്ട് കവിതയെഴുതി, പാലൂര്‍. څപാലൂരിന്‍റെ പാട്ട്چ എന്നൊരു കവിതതന്നെ ദൃഷ്ടാന്തം. അതിനിടയിലും നര്‍മബോധം പുലര്‍ത്താന്‍ മടിക്കുന്നില്ല:
ڇഒന്നു നിവര്‍ന്നു കിടന്നു മരിക്കണ-
മെന്നൊരു മോഹം മാത്രം ശേഷി-
ക്കുന്നൂ, നിനച്ചാലിന്നതിനില്ലൊരു
മാര്‍ഗ്ഗം, മന്നിതുരുണ്ടാണല്ലോ.ڈ
     ഉള്ളിന്‍റെ ഉള്ളിലേയ്ക്ക്, എന്തിന്‍റെയും ഉള്ളിന്‍റെ ഉള്ളിലേയ്ക്ക് ചുഴിഞ്ഞുനോക്കാനുള്ള ത്വരയാണ് പാലൂരിന്‍റെ څവിമാനത്താവളچ കാലഘട്ടത്തിനു ശേഷമുള്ള കവിതകളില്‍ മുന്നിട്ടുനില്‍ക്കുന്നത്.
ڇഒന്നിനും കൊള്ളാതെ
ഭാഷ മറന്നു ഞാന്‍
ഒന്നെന്‍റെയുള്ളി-
ലിറങ്ങി മുങ്ങീടവേ
എങ്ങും മരതക-
പ്പച്ചയാണദ്ഭുതംആ
എങ്ങുനിന്നെത്തീ
മറന്ന വര്‍ണ്ണങ്ങളേڈ
(വര്‍ണ്ണങ്ങള്‍)
     ഉള്ളില്‍ ഉറങ്ങിക്കിടക്കുന്ന ഇതിഹാസത്തിന്‍റെ ധ്വനികള്‍ക്കു കാതോര്‍ത്ത് അവയുടെ ഭാവവ്യാഖ്യാനം കവിതാ രൂപത്തില്‍ ആവിഷ്കരിക്കുക - അങ്ങനെയൊരു വിതാനത്തിലേയ്ക്കാണ് പില്‍കാല പാലൂര്‍ ഉയര്‍ന്നുവന്നത് അഥവാ ഇറങ്ങി നിന്നത്. കവികാലം, ഗൃദ്ധ്യഗോമായു സംവാദം... ഇങ്ങനെയുള്ള കവിതകള്‍ പാലൂരിന്‍റെ മഹാബാരത ഹൃദയജ്ഞാനം വെളിപ്പെടുത്തുന്നു. ڇപ്രസ് ബട്ടനില്ലാത്ത സന്ധ്യകളില്‍, പൊട്ടിത്തെറിക്കുന്ന മധ്യാഹ്നങ്ങളില്‍, ഭിന്നിപ്പിക്കുന്ന മോണിങ്ങുകളില്‍, ഏകാന്തരാവുകളില്‍ പ്രപഞ്ചത്തെക്കുറിച്ചും മനുഷ്യനെക്കുറിച്ചും പാരമ്പര്യങ്ങളെക്കുറിച്ചും പൈതൃക സംസ്കാരങ്ങളെക്കുറിച്ചും ഞാനോര്‍ത്തു പോവുകയാണ്. എനിക്കു ദുഃഖം തോന്നുന്നു.ڈ (څവായനക്കാരോട്چ, പേടിത്തൊണ്ടന്‍ - കവിതാസമാഹാരം, 1962).
     നഷ്ടമൂല്യവിഷാദം നിറഞ്ഞതായിരുന്നു ആ കവിയുടെ ജീവിതം; ആ കനക ദുഃഖത്തിന്‍റെ കാന്തിയാണ് പാലൂര്‍ കവിത. മനുഷ്യന്‍ കുനിഞ്ഞു പോകരുത്; കനിവോടെ, കനവോടെ എഴുന്ന് ഉയര്‍ന്നു നില്‍ക്കണം - അതാണ് പാലൂരിന്‍റെ ധീരമായ ആദര്‍ശം:
ڇനിവര്‍ന്നു നില്‍ക്കാത്തോര്‍
വളഞ്ഞുപോമെന്നു
നചികേന്തസ്സിന്‍റെ കഥ പറയുന്നു!ڈ
(പേടിസ്വപ്നം 24.8.98)
     സുഹൃത്തും ആചാര്യനും നല്ല മനുഷ്യനുമായ പാലൂരിന് പ്രണാമം, 1962 ല്‍ അദ്ദേഹം എഴുതിയ ചില വരികള്‍ കൂടി ഓര്‍ത്തുകൊണ്ട്:
ڇമരണത്തിനെക്കാള്‍ അഭികാമ്യമാണ് ജീവിതമെന്ന് ഞാന്‍ കരുതുന്നു. എന്തെന്നാല്‍ ജീവിതം ദുഃഖമാണെന്നു മനസ്സിലാക്കാനുള്ള അഹന്ത എനിക്കുണ്ടായിരിക്കുന്നു. മരണത്തെക്കുറിച്ചൊരു പിടിയുമില്ലല്ലോ.....ڈ

Share:

ഈ സ്നേഹവിശ്വാസങ്ങളില്‍ അഭിലാഷ് ടോമി കടലും കടക്കുന്നു

നിങ്ങള്‍ വിചാരിച്ചേക്കാം ഞാനൊരു ധൈര്യശാലിയാണെന്ന്. എന്നാല്‍ ഞാന്‍ ആഗ്രഹിക്കുന്നത് സ്വാതന്ത്ര്യമാണ്. ഏകാന്തതയുടെ സ്വാതന്ത്ര്യം.ڈ അഭിലാഷ് ടോമി.
     ഒരച്ഛന്‍ മകനനുവദിച്ചു നല്‍കിയ ജീവിതത്തെക്കുറിച്ചു കൂടിയാകാം അഭിലാഷ് ടോമി പറഞ്ഞത്. സ്വാതന്ത്ര്യം മോഹിച്ച ഒരു ബാലന് ജീവിതത്തില്‍ അത് തേടാനും, അനുഭവിക്കാനും സമ്മതം നല്‍കിയ ഒരു പിതാവായിരുന്നു റിട്ടയേര്‍ഡ് ലെഫ്റ്റനന്‍റ് കമാണ്ടര്‍ ടോമി. എഞ്ചിനീയറിങ്ങും, മെഡിസിനും ഉപേക്ഷിച്ച് നാവികസേനയില്‍ ചേരാന്‍ മകന് എല്ലാ പിന്തുണയും നല്‍കിയ പിതാവ്. ഏകാന്തമായ കടലും, അപാരതയിലൂടെ തനിച്ചുള്ള യാത്രയുമാണ് സ്വാതന്ത്ര്യം എന്നതുകൊണ്ട് മകന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമായപ്പോള്‍ മനസ്സുകൊണ്ട് ഒപ്പം പോയ പിതാവ്. പ്രാര്‍ത്ഥന ആ മകനുവേണ്ടിയാക്കിയ പിതാവ്.
     സ്വന്തം ജന്മഗേഹം പോലെയായിരുന്നു അഭിലാഷ് ടോമി കരയില്‍ നിന്നും കടലിലേക്ക് പോയിരുന്നത്. സാധാരണ മനുഷ്യര്‍ക്ക് കരയാണ് ജീവിതത്തെ ഉറപ്പിച്ചിരുന്നതെങ്കില്‍ അഭിലാഷിനു നേരെ തിരിച്ചായിരുന്നു. ഒരു മഴയോ കാറ്റോ ഉത്ഭവ ബിന്ദുവിലേക്കു ഉള്‍വലിയും പോലെ അഭിലാഷ് എന്നും കടലിന്‍റെ ഏകാന്തതയിലേക്ക് മടങ്ങിച്ചെന്നു. ലോകത്തിനു അതെന്നും ഒരു മലയാളിയുടെ നേട്ടത്തിന്‍റെ വാര്‍ത്തകൂടിയായിരുന്നു. ലോകം ഒറ്റയ്ക്ക്, യാനയാത്രയുടെ ഇടവേളകളോ, ഇളവേല്‍ക്കലുകളോ ഇല്ലാതെ ചുറ്റിസഞ്ചരിച്ചുവന്ന, ലോക സഞ്ചാര ചരിത്രത്തില്‍ തലയെടുപ്പോടെ ഇടം പിടിച്ച ആദ്യ മലയാളി.
     എനിക്ക് അറിയാം, അവന്‍റെ സ്വാതന്ത്ര്യത്തില്‍ അടങ്ങിയിരിക്കുന്ന അപകടം... അവന്‍റെ യാത്രകളുടെ വെല്ലുവിളികള്‍... എന്നാല്‍ ഞാന്‍ ഇന്നും വിശ്വസിക്കുന്നത് സ്വന്തം വഴി വെട്ടിത്തെളിക്കുന്നതില്‍ അവന്‍ കാണിക്കുന്ന ആത്മവിശ്വാസത്തിലാണ്... അഭിലാഷ് ടോമി ഗോള്‍ഡന്‍ ഗ്ലോബ് മത്സരത്തിനിടെ അപകടം പറ്റി കിടക്കവേ മൂല്യശ്രുതിക്കനുവദിച്ച അഭിമുഖത്തിനിടെ ടോമി പറഞ്ഞു.
     അഭിലാഷ് ടോമിക്ക് അപകടം പറ്റി എന്നറിഞ്ഞ ദിവസം മുതല്‍ രക്ഷപ്പെടുത്തിയ ദിവസം വരെ മകന്‍റെ ജീവിതത്തെ ഒരു പിതാവ് നല്‍കിയ സ്വാതന്ത്ര്യത്തിന്‍റെ വെളിച്ചത്തില്‍ പുനര്‍നിര്‍വചിക്കാന്‍ നാവികസേനയില്‍ ലെഫ്റ്റനന്‍റ് കമാന്‍ഡര്‍ ആയിരുന്ന ടോമി ശ്രമിച്ചില്ല. ڇകാരണം ഞാന്‍ അവന്‍റെ കര്‍മ മണ്ഡലത്തിന്‍റെ നല്ല വശങ്ങള്‍ മാത്രമേ ചിന്തിക്കാന്‍ ആഗ്രഹിച്ചിരുന്നുള്ളൂ... അതിനു ഒട്ടേറെ ദുരന്ത സാധ്യതകള്‍ ഉണ്ടെങ്കില്‍ കൂടി.ڈ
     ഗോള്‍ഡന്‍ ഗ്ലോബ് മത്സരത്തിന്‍റെ സംഘാടകരില്‍ ഒരാളാണ് ഫ്രാന്‍സില്‍ നിന്നും തന്നെ വിളിച്ച് അഭിലാഷ് അപകടത്തിലാണെന്ന് പറയുന്നത്. അപകടത്തിന്‍റെ സ്വഭാവമോ, അതിന്‍റെ വ്യാപ്തിയോ ഒന്നും അപ്പോള്‍ അറിയാന്‍ കഴിഞ്ഞില്ല. ഒരു കാര്യം മാത്രം അറിയാമായിരുന്നു. അഭിലാഷിന് എഴുന്നേല്‍ക്കാനും നടക്കാനും കഴിയുമെങ്കില്‍ അവന്‍ ഏതെങ്കിലും തീരം അണയുമെന്ന്.
     ڇഓടി അടുത്തു ചെല്ലാനുള്ള ദൂരത്തിലോ, കരയിലോ ആയിരുന്നില്ലല്ലോ അവന്‍. പെര്‍ത്തില്‍ നിന്നും 3200 കിലോമീറ്റര്‍ അകലെ കടല്‍ സംഹാരതാണ്ഡവമാടിയ ഇന്ത്യന്‍ മഹാസമുദ്രത്തിന്‍റെ ദക്ഷിണാന്തര്‍ ഭാഗത്ത് 10 മീറ്റര്‍ നീളമുള്ള തുരിയാ പായ്കപ്പല്‍ തകര്‍ന്നിരുന്നു. മണിക്കൂറില്‍ 150 കിലോമീറ്റര്‍ വേഗതയില്‍ അടിച്ച കൊടുങ്കാറ്റ് തിരമാലകളെ 50 അടി ഉയരത്തില്‍ പൊക്കി തുരിയയെ 360 ഡിഗ്രിയില്‍ രണ്ടു പ്രാവശ്യം ചുഴറ്റി എറിഞ്ഞിരുന്നു. കപ്പലിന്‍റെ പാമരം ഒടിഞ്ഞു വീണു നട്ടെല്ലിന് സാരമായ പരിക്കേറ്റു അനങ്ങാനാവാതെ കിടക്കുകയായിരുന്നു അഭിലാഷ് ടോമി എന്ന ധീര നാവികന്‍. പിന്നീട് മാതാവ് വത്സമ്മയ്ക്കും തനിക്കും ആകെ ചെയ്യാനുണ്ടായിരുന്നത് ദൈവത്തെ വിളിക്കുക എന്ന കര്‍മമായിരുന്നു. പ്രാര്‍ത്ഥന അതിന്‍റെ പരമപ്രകാശം വെളിവാക്കി തന്ന ദിനങ്ങളായിരുന്നു പിന്നീടെന്നു അദ്ദേഹം ഓര്‍ത്തു. നാല് ദിവസത്തോളം അഭിലാഷ് അനങ്ങാന്‍ വയ്യാതെ തകര്‍ന്ന കപ്പലില്‍ കിടന്നു. ഒസീരിസ് എന്ന മീന്‍പിടിത്ത കപ്പല്‍ ഡീക്കമ്മീഷന്‍ ചെയ്യാനുള്ള അവസാന യാത്രയില്‍ അഭിലാഷിന്‍റെ രക്ഷാദൗത്യം ഏറ്റെടുത്തുവെങ്കിലും അഭിലാഷിന് പരിക്കുപറ്റി കിടക്കുന്ന പ്രദേശത്തു കടല്‍ വീണ്ടും പ്രക്ഷുബ്ധമായത് തങ്ങളെ ആശങ്കയിലാഴ്ത്തിയതായി ടോമി പറഞ്ഞു. പക്ഷെ എന്തുകൊണ്ടോ കടല്‍ ശാന്തമായെന്നും അഭിലാഷിനെ രക്ഷിച്ചെന്നും പ്രാര്‍ത്ഥനയ്ക്കിടയില്‍ അറിഞ്ഞു...ڈ ഒസീരിസിന്‍റെ അവസാന യാത്രയും ഒരു ജീവന്‍രക്ഷാ ദൗത്യമായി മാറി.
     പഴയ കാലത്തെ കടല്‍ സഞ്ചാരത്തിന്‍റെ അതേ മാതൃകയില്‍ ആണ് ഗോള്‍ഡന്‍ ഗ്ലോബ് മത്സരം വിഭാവനം ചെയ്തിരിക്കുന്നത്. 1968 ല്‍ റോബിന്‍ നോക്സ് ജോണ്‍സറ്റന്‍ എന്ന ബ്രിട്ടീഷ് നാവികന്‍ ഗോള്‍ഡന്‍ ഗ്ലോബ് മത്സരം ജയിച്ചു, ഒറ്റയ്ക്ക് നിര്‍ത്താതെ കടല്‍ യാത്ര ചെയ്തു ലോകം ചുറ്റുന്ന ആദ്യത്തെ സഞ്ചാരിയായി. ഈ യാത്രയുടെ ഓര്‍മക്കായാണ് ഗോള്‍ഡന്‍ ഗ്ലോബ് മത്സരം സംഘടിപ്പിക്കുന്നത്. 1968 നു ശേഷം കണ്ടുപിടിച്ച ഒരു ആധുനിക ഉപകരണവും ഈ യാത്രയില്‍ ഉപയോഗിക്കാന്‍ പാടില്ല എന്നതാണ് നിയമം.
   
മത്സരത്തിന്‍റെ വ്യവസ്ഥകളിലൊന്നും ടോമിക്ക് ആശങ്കകളില്ലായിരുന്നു. കാരണം അഭിലാഷിന്‍റെ ജീവിതത്തെയും രീതികളെയും അദ്ദേഹത്തിന് നന്നായി അറിയാമായിരുന്നു. നിത്യജീവിതത്തില്‍ അഭിലാഷ് കൂടുതല്‍ സൗകര്യങ്ങള്‍ ഉപയോഗിക്കുകയോ, ആവശ്യങ്ങള്‍ ഉന്നയിക്കുകയോ ചെയ്തിരുന്ന വ്യക്തിയല്ല. എന്നാല്‍ ആന്തരികമായ ശക്തി വേണ്ടുവോളം ഉണ്ട് താനും. ഈ തിരിച്ചറിവ് പിതാവിന് ഉള്ളതുകൊണ്ടാണ്, കപ്പല്‍ അപകടത്തില്‍ പെട്ടു എന്നറിഞ്ഞപ്പോള്‍, പരിക്കൊന്നും പറ്റിയിട്ടില്ലെങ്കില്‍ ടോമി അപകടത്തെ അതിജീവിക്കും എന്ന് ഉറച്ചു വിശ്വസിക്കാന്‍ അദ്ദേഹത്തിന് പ്രേരണ നല്‍കിയത്. എന്നാല്‍ അഭിലാഷ് ഈ ധാരണയുടെ അല്പം കൂടി ഉയര്‍ന്ന തലം പിതാവിനു കാട്ടിക്കൊടുക്കുന്നു. ڇഅപകടം നടന്നു കഴിഞ്ഞതിനു ശേഷമുള്ള 70 മണിക്കൂര്‍ താന്‍ ചിന്തകളെ അകറ്റി നിര്‍ത്തിയതായി അഭിലാഷ് പറഞ്ഞത് എന്നെ അത്ഭുതപ്പെടുത്തി.ڈ ടോമി പറഞ്ഞു.
     തൂരിയാ എന്നാണു അഭിലാഷ് ടോമിയുടെ യാനത്തിന്‍റെ പേര്. നിര്‍വാണാവസ്ഥയ്ക്കു തൊട്ടുമുന്‍പ് മനസ് പരിപൂര്‍ണമായ ഉണര്‍വില്‍ എത്തിച്ചേരുന്നു. ബോധത്തിന്‍റെ നാലാമത്തെ അവസ്ഥ എന്നാണാ വാക്കിനര്‍ത്ഥം. അഭിലാഷിന്‍റെ ഭാര്യ ഊര്‍മിമാലയാണ് ആ പേര് നിര്‍ദേശിച്ചത്. യാത്രയില്‍ അഭിലാഷ് ഈ അവസ്ഥയില്‍ എത്തിച്ചേര്‍ന്നേക്കാം എന്നവര്‍ വിശ്വസിച്ചു. ടോമിയും വത്സമ്മയും അത് തന്നെ വിശ്വസിക്കുന്നു. കാരണം അനങ്ങാനാവാതെ നാല് ദിവസത്തോളം ഇന്ത്യന്‍ മഹാസമുദ്രത്തിന്‍റെ ഏറ്റവും വന്യവും ഏകാന്തവുമായ കോണില്‍ കിടക്കുമ്പോഴും അഭിലാഷ് ടോമി നിരാശനോ നിസ്സഹായനോ ആയിരുന്നില്ല. അഭിലാഷ് ടോമിയുടെ മാതാപിതാക്കള്‍ക്ക് മകനെ കുറിച്ചുള്ള ആത്മവിശ്വാസത്തിന്‍റെ ഒരു നേര്‍ചിത്രമാണത്.
Share:

വിരലിൽ നിന്നും വഴുതി വീണ വിഷാദരാഗം - സുധി സി ജെ

                                       
     ഒരേ സമയം പ്രണയത്തെയും വിരഹത്തെയും തീവ്രതയോടെ അനുഭവപ്പെടുത്തുന്ന അപൂര്‍വം ചില സംഗീതോപകരണങ്ങളില്‍ ഒന്നാണ് വയലിന്‍. 2018 ഒക്ടോബര്‍ രണ്ടിനു പക്ഷേ ആ വയലിനില്‍ നിന്ന് ഉയര്‍ന്നു കേട്ടത് ഏറ്റവും വിഷാദമായൊരു രാഗമായിരുന്നു. വാഹനാപകടത്തില്‍പ്പെട്ടു ചികിത്സയിലായിരുന്ന ബാലഭാസ്ക്കറിന്‍റെ ഹൃദയതാളം എന്നന്നേക്കുമായി നിലച്ചപ്പോള്‍ വലിഞ്ഞുമുറുകിയ വയലിന്‍ തന്ത്രികള്‍ പോലെ അദ്ദേഹത്തെയും സംഗീതത്തെയും സ്നേഹിച്ചവരുടെ ഹൃദയങ്ങളും പിടഞ്ഞു.
     څബാലഭാസ്ക്കര്‍چچ(ഉദയസൂര്യന്‍); അകാലത്തില്‍ അസ്തമിച്ച വയലിന്‍ മാന്ത്രികന്  ഇതിലും ഉചിതമായ മറ്റെന്തു പേരാണ് ഇണങ്ങുക. ഉദയസൂര്യനെ പോലെ ജ്വലിച്ചു നില്‍ക്കുമ്പോഴും ബാല്യത്തിന്‍റെ നിഷ്കളങ്കത തുളുമ്പുന്ന നറുപുഞ്ചിരി ചുണ്ടില്‍ ഒളിപ്പിക്കാനും കഴിഞ്ഞിരുന്നു ബാലഭാസ്ക്കറിന്. 40 വര്‍ഷം മാത്രം ആയുസുള്ള ഒരുവന്‍ കഴിഞ്ഞ കാല്‍നൂറ്റാണ്ടോളം സംഗീതത്തിലൂടെ ആസ്വാദകരോട് നിരന്തരം സംവദിച്ചുകൊണ്ടിരുന്നു എന്നത് തന്നെ ബാലഭാസ്ക്കറിന്‍റെ സംഗീതയാത്രയെ അവിശ്വസനീയമായൊരു അനുഭവമാക്കി മാറ്റുന്നു. പന്ത്രണ്ടാം വയസ്സില്‍ ആദ്യ കച്ചേരി. പതിനേഴാം വയസ്സില്‍ څമംഗല്യ പല്ലക്കിچലൂടെ മലയാളത്തിലെ ഏറ്റവും പ്രായംകുറഞ്ഞ ചലച്ചിത്ര സംഗീത സംവിധായകനായി അരങ്ങേറ്റം. യൂണിവേഴ്സിറ്റി കോളെജിലെ പഠനകാലത്ത് കൂട്ടുകാര്‍ക്കൊപ്പം ആരംഭിച്ച കണ്‍ഫ്യൂഷന്‍ എന്ന മ്യൂസിക് ബാന്‍ഡ് കേരളത്തിലെ തന്നെ ആദ്യത്തെ കലാലയ മ്യൂസിക് ബാന്‍ഡായി ചരിത്രത്തില്‍ ഇടം കണ്ടെത്തി. څകോണ്‍സണ്‍ഡ്രേറ്റഡ് ഇന്‍ ടു ഫ്യൂഷന്‍چچഎന്നതിന്‍റെ ചുരുക്കപ്പേരായി ബാന്‍റിന് څകണ്‍ഫ്യൂഷന്‍چچഎന്ന പേരു നല്‍കിയതും ബാലു തന്നെ. ഇലക്ട്രിക്ക് വയലിനെ ആദ്യമായി മലയാളികള്‍ക്ക് പരിചയപ്പെടുത്തിയതും ബാലഭാസ്ക്കറാണ്. പാശ്ചാത്യ, പൗരസ്ത്യ സംഗീതധാരകളെ കൂട്ടിയിണക്കിയ മ്യൂസിക്കല്‍ ഫ്യൂഷനിലൂടെ ആസ്വാദകര്‍ക്ക് മുന്നില്‍ അദ്ദേഹം സംഗീതത്തിന്‍റെ പുതിയ വാതായനങ്ങള്‍ തുറന്നിട്ടു. ഒരു തലമുറയുടെ യൂത്ത് ഐക്കണായും റോള്‍ മോഡലായും ബാലഭാസ്ക്കര്‍ മാറിയത് വയലിനില്‍ വിരലുകള്‍ ഓടിക്കുന്ന വേഗത്തിലായിരുന്നു.
    ഫ്യൂഷന്‍ സംഗീതം പോലെ സമ്മിശ്രമായ സ്വാഭവ സവിശേഷതകളുള്ള വ്യക്തിത്വത്തിന് ഉടമയായിരുന്നു ബാലഭാസ്ക്കര്‍. വയലിനുമായി വേദിയില്‍ അവതരണത്തിന് എത്തിയാല്‍ ബാലു ഒരു കൊച്ചുകുട്ടിയാകും. നിഷ്കളങ്കമായ നിറചിരിയോടെ വയലിന്‍വാദനത്തില്‍ സ്വയം ലയിച്ചു ചേരും. പ്രാക്ടീസിന്‍റെ കാര്യത്തില്‍ എല്ലാകാലത്തും ബാലഭാസ്ക്കര്‍ കാര്‍ക്കശ്യക്കാരനായിരുന്നു. പ്രശസ്തിയുടെ കൊടുമുടികള്‍ കീഴടക്കി നില്‍ക്കുമ്പോഴും എല്ലാ ദിവസവും മൂന്നോ നാലോ മണിക്കൂറുകള്‍  സാധകം ചെയ്യാന്‍ അദ്ദേഹം സമയം കണ്ടെത്തിയിരുന്നു. സംഗീത സംവിധായകനും ഗായകനുമായ ഇഷാന്‍ ഉള്‍പ്പടെയുള്ള തന്‍റെ ശിഷ്യഗണങ്ങളോട് ഒരു കൂട്ടുകാരനെ പോലെ, മുതിര്‍ന്ന സഹോദരനെ പോലെ അടുത്ത്  ഇടപഴകുമ്പോഴും പ്രാക്ടീസിന്‍റെ കാര്യത്തില്‍ അദ്ദേഹം ഒരിക്കലും വിട്ടുവീഴ്ച ചെയ്തിരുന്നില്ല. സമയം കിട്ടുമ്പോഴൊക്കെ അമ്മാവനും ഗുരുവുമായ ബി. ശശികുമാറിന്‍റെ അടുത്ത് എത്തും. അദ്ദേഹത്തോടൊപ്പം വയലിന്‍ വാദനത്തില്‍ മുഴുകും. പാശ്ചാത്യ, പൗരസ്ത്യ സംഗീതങ്ങളെ സമന്വയിപ്പിച്ച് വയലിന്‍ ഫ്യൂഷനിലൂടെ ജനപ്രിയ സംഗീതത്തിന്‍റെ അലകള്‍ ഉയര്‍ത്തുമ്പോഴും തന്‍റെ അടിസ്ഥാനശിലയായ ശാസ്ത്രീയ സംഗീതത്തെ അദ്ദേഹം എല്ലാകാലവും മുറുകെ പിടിച്ചിരുന്നു. സ്റ്റേജ് ഷോകളുടെ തിരക്കുകള്‍ക്കിടയിലും അമ്മാവനൊപ്പവും തനിച്ചും വയലിന്‍ കച്ചേരികള്‍ അവതരിപ്പിക്കാനും അദ്ദേഹം  സമയം കണ്ടെത്തിയിരുന്നു.
     സംഗീതത്തിലും പ്രണയത്തിലും സാഹസികനായിരുന്നു ബാലഭാസ്ക്കര്‍. മാര്‍ ഇവാനിയോസ് കോളെജിലെ പ്രീഡിഗ്രി പഠനകാലത്ത് ബാലഭാസ്ക്കറിന്‍റെയും കൂട്ടുകാരുടെയും ലോകം സംഗീതമായിരുന്നു. ഈ കാലഘട്ടത്തില്‍ പലരും ڇവയലിനിസ്റ്റോ?ڈ, ڇസംഗീതം കൊണ്ടൊക്കെ ജീവിക്കാന്‍ പറ്റുമോ?ڈ എന്നൊക്കെ നിരന്തരം പരിഹസിക്കുമായിരുന്നു. കമ്പോസിങ്ങിലേക്ക് തിരിയാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചതും ഇത്തരം ചോദ്യശരങ്ങളായിരുന്നു. സംഗീതം കൊണ്ടു ജീവിക്കണം, ജീവിച്ചു കാണിച്ചു കൊടുക്കണം എന്നത് അദ്ദേഹത്തിന്‍റെ വാശിയായി മാറി. ആ വാശി അദ്ദേഹത്തിന്‍റെ ജീവിതത്തില്‍ വഴിത്തിരിവായി. ഒട്ടേറെ യുവ സംഗീതജ്ഞര്‍ക്ക് പ്രചോദനമാകാനും അനന്തമായ സാധ്യതകള്‍ തുറന്നു കൊടുക്കാനും അദ്ദേഹത്തിന്‍റെ സംഗീത ജീവിതത്തിനായി. ബിഗ് ബാന്‍ഡ് എന്ന സംഗീത ബാന്‍ഡിലൂടെ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി, കലാമണ്ഡലം ഹൈദരാലി, ശിവമണി, സ്റ്റീഫന്‍ ദേവസി തുടങ്ങി സംഗീത ലോകത്തെ അതികായകന്‍മാര്‍ക്കൊപ്പം ബാലഭാസ്ക്കര്‍ ഫ്യൂഷനില്‍ മാന്ത്രികത തീര്‍ത്തു. തന്‍റെ സംഗീതത്തെ സ്വയം നവീകരിക്കുകയും അതിനെ നിരന്തരം പരീക്ഷണ വിധേയമാക്കുകയും ചെയ്തുകൊണ്ടിരുന്നു. څമഹാപ്രതിഭچ, څവയലിന്‍ മാന്ത്രികന്‍چچ എന്നീ പദപ്രയോഗങ്ങള്‍ പലപ്പോഴും അദ്ദേഹത്തെ അലോസരപ്പെടുത്തിയിരുന്നു. സംഗീതത്തില്‍ ഇനിയും ഏറെ ദൂരം മുന്നോട്ട് പോകാനുണ്ടെന്ന് അദ്ദേഹം സ്വയം ഓര്‍മപ്പെടുത്തിക്കൊണ്ടിരുന്നു. څബാലലീലچچഎന്ന ബാന്‍ഡിലൂടെ സംഗീത ലോകത്ത് പുത്തന്‍ വിസ്മയങ്ങള്‍ തീര്‍ക്കാന്‍ തയ്യാറെടുക്കുമ്പോഴാണ് അപൂര്‍ണമായൊരു ഗാനം പോലെ ആ വയലിന്‍ നാദം നിലക്കുന്നത്.
     തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളെജിലെ ബിരുദാനന്തര ബിരുദ പഠനകാലത്താണ് പ്രിയപത്നി ലക്ഷ്മിയുമായി  പ്രണയത്തിലാകുന്നത്. ബന്ധത്തെ വീട്ടുകാര്‍ എതിര്‍ത്തതോടെ വിവാഹമല്ലാതെ ഇരുവരുടെയും മുന്നില്‍ മറ്റു വഴികളുണ്ടായിരുന്നില്ല. വിദ്യാര്‍ഥികളായ ബാലഭാസ്ക്കറും ലക്ഷ്മിയും സുഹൃത്തുകളുടെയും ട്യൂഷന്‍ അധ്യാപകന്‍ വിജയമോഹന്‍റെയും പിന്തുണയോടെ വിവാഹിതരാകുമ്പോള്‍ ഇരുവര്‍ക്കും ജോലിയോ പഠന സര്‍ട്ടിഫിക്കറ്റ് പോലുമൊ ഉണ്ടായിരുന്നില്ല. പ്രണയം തന്നെയാണ് എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് മുന്നോട്ട് പോകാന്‍ ഇരുവര്‍ക്കും കരുത്തേകിയത്.
     ബാലുവിന്‍റെ സംഗീത ജീവിതത്തിലെ കയറ്റിറക്കങ്ങളിലും വികാര വേലിയേറ്റയിറക്കങ്ങളിലും തണലായി ഐശ്വര്യ څലക്ഷ്മിയായിچچഎന്നും പ്രിയ പത്നി കൂടെയുണ്ടായിരുന്നു. പതിനാറ് വര്‍ഷത്തെ ദാമ്പത്യത്തിനു ശേഷമുണ്ടായ മകള്‍ തേജസ്വിനി ബാലയെയാണ് മരണം ആദ്യം തട്ടിയെടുത്തത്. മകളുടെ കിളിക്കൊഞ്ചലുകളും ബാലുവിന്‍റെ സംഗീതവും നിലച്ച څഹിരണ്‍മയ്چയിലേക്കാണ് ലക്ഷ്മിക്ക് ഇനി തിരിച്ചു നടക്കേണ്ടത്. ബാലുവിന്‍റെയും തേജസ്വിനിയുടെയും മരിക്കാത്ത ഓര്‍മകള്‍ മുന്നോട്ടുള്ള യാത്രയില്‍ ലക്ഷ്മിക്ക് കരുത്തേകുമെന്നു പ്രത്യാശിക്കാം.

Share:

കലയുടെ നടനം, ബിനാലെ - അനിതാ ദുബെ


     കലയുടെ വിഹായസ് എന്നും അവര്‍ണനീയമാണ്. പ്രകാശം വര്‍ഷിക്കുന്ന വിസ്ഫോടനങ്ങള്‍, പുതിയ ക്ഷീരപഥ പിറവികള്‍, താരജാലങ്ങളുടെ അഭൗമ കാന്തി, പിന്നെ ഇരുട്ടിന്‍റെ അഗാധ തമോഗര്‍ത്തങ്ങള്‍... ബിനാലെ കലയുടെ വാന വിസ്തൃതിയുള്ള പശ്ചാത്തലമാകുന്നത് അതുകൊണ്ടാണ്... ഇവിടെ അരങ്ങേറുന്നത് ഒരു പക്ഷെ കലയുടെ പുതിയ കാലം തന്നെയാകും... അല്ലെങ്കില്‍ വിസ്മയങ്ങളുടെ ആകാശഗംഗ...
     കൊച്ചി മുസിരിസ് ബിനാലെ നാലാമത് എഡിഷന്‍റെ ക്യൂറേറ്റര്‍ അനിതാ ദുബെയും, സ്റ്റുഡന്‍റ് ബിനാലെ ക്യൂറേറ്റര്‍ നിഷാദും തമ്മില്‍ മൂല്യശ്രുതിക്ക് വേണ്ടി സംസാരിച്ചു... സംഭാഷണത്തിലൂടെ...

1.  ബിനാലെയുടെ നാലാമത്തെ എഡിഷന്‍ പൊതുസമൂഹത്തോട് എങ്ങനെ സംവദിക്കുന്നു? എല്ലാ വിഭാഗങ്ങളെയും ഉള്‍ക്കൊള്ളുന്ന ഒരു കലാപ്രവര്‍ത്തനം ഇതില്‍ നടക്കുന്നുണ്ടോ?
എന്‍റെ മുന്‍പിലുള്ള വെല്ലുവിളി അത് തന്നെയാണ്. അതെങ്ങനെ പ്രായോഗികതയിലെത്തിക്കാം എന്നത് വെല്ലുവിളി തന്നെയാണ്. സമൂഹത്തോട് സംവദിക്കാനും, അതിന്‍റെ ജീവന്‍റെ ഉള്ളറകളിലേക്ക് കടന്നു ചെല്ലാനും നിരവധി വാതിലുകളുണ്ട്, സാധ്യതകളുണ്ട്. ഈ ബിനാലെയില്‍ പ്രാന്തവത്കരിക്കപ്പെടാത്ത, മുഴുവനായും ഒരു രൂപമുള്ള ഒരു സമൂഹത്തെ അഭിസംബോധന ചെയ്യാന്‍ ഉള്ള സാധ്യതകള്‍ ഞങ്ങള്‍ തേടുന്നു, ആരായുന്നു. സമൂഹം അതിന്‍റെ അടിസ്ഥാനത്തില്‍ നിന്നും വേര്‍പെടുന്നത് പല തട്ടുകളിലായാണ്. സംസ്കാരം, മതം, വര്‍ണങ്ങള്‍ സാമൂഹ്യസ്ഥിതി എല്ലാം അതിനുള്ള കാരണങ്ങളാണ്. ഞങ്ങള്‍ കലാകാരന്മാര്‍ ഈ അതിര്‍ത്തികള്‍ മായ്ക്കാന്‍ ശ്രമിക്കുന്നു. ബിനാലെ പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്ക് കൂടിയുള്ളതാണ്. സമൂഹം അകറ്റിനിര്‍ത്തിയിരിക്കുന്ന ദളിത് കലാകാരന്മാര്‍, സ്വവര്‍ഗാനുരാഗികള്‍, അറിയപ്പെടാത്തവര്‍ തുടങ്ങി എല്ലാവരും ബിനാലെയില്‍ ഭാഗഭാക്കാവുന്നു... ഒരു തരത്തില്‍ ഇവരെല്ലാം കൂടിയ ഒരൊറ്റ ലോകമാണ് ബിനാലെ. സ്വേച്ഛാധിപതികളുടെ സമൂഹത്തെ സൃഷ്ടിക്കുകയല്ലല്ലോ കലയുടെ ലക്ഷ്യം. പ്രകൃതിയിലെ ജന്തുവൈവിധ്യം പോലെ തന്നെയാണ് മനുഷ്യ സമൂഹവും സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. പല തരക്കാര്‍, പല വിധക്കാര്‍, പല സമൂഹങ്ങള്‍, ജന്തുജാലങ്ങള്‍ എല്ലാം ഇവിടെ അടങ്ങിയിരിക്കുന്നു. ഞങ്ങള്‍ ആ അവസ്ഥയെ അംഗീകരിക്കുന്നു, തിരിച്ചറിയുന്നു അത്രമാത്രം. ബിനാലെ വളരെ യഥാര്‍ത്ഥമായ അവസ്ഥകളെ തിരിച്ചറിയുകയും, അയഥാര്‍ത്ഥമായ വാദഗതികളെ തിരസ്കരിക്കുകയും ചെയ്യുന്നു.
പ്രകൃതിയെ അറിയുന്നവരും, അതില്‍ ഇഴുകിച്ചേര്‍ന്നു ജീവിക്കുന്നവരും കലാകാരന്മാരാണ്. ഇതിന്‍റെ വെളിച്ചത്തില്‍ സംസാരിക്കുകയാണെങ്കില്‍ ഇത്തവണത്തെ ബിനാലെ ആശയങ്ങളുടെ അനുഷ്ഠാനവും, കലയുടെ നടനവുമാണെന്നു പറയാം. കല വളരുന്നതിനാവശ്യമായ അര്‍ത്ഥവത്തായ വേദി നിലനില്‍ക്കുന്നുണ്ടെങ്കില്‍ കൂടി ചില തലങ്ങളില്‍ അതിനൊരു സന്തുലിതാവസ്ഥയില്ല. ഉദാഹരണത്തിന് കലയും അതിന്‍റെ ഭാഷയും. കലയുടെ ഭാഷ വളരെ പ്രധാനപ്പെട്ടതാണ്. ഭാഷയിലൂടെയാണ് കലാകാരന്‍ താനുമായി സംവദിക്കാനുള്ള സമൂഹത്തെ തിരഞ്ഞെടുക്കുന്നത്. ഭാഷയെന്നാല്‍ സംസാര ഭാഷയല്ല. കലയാണ് ഇവിടെ ഭാഷയായി മാറുന്നത്. ഈ കാഴ്ചപ്പാടിന്‍റെ അടിസ്ഥാനത്തില്‍ കാലഘട്ടത്തില്‍ ഉരുത്തിരിയുന്ന സാങ്കേതികവിദ്യ പോലും കലയുടെ ഭാഷയാവാം. ബിനാലെ അതിനെയും പ്രതിനിധീകരിക്കുന്നു. മറ്റൊരു കാര്യം സാങ്കേതികവിദ്യ കലയുടെ വളര്‍ച്ചയ്ക്കും പുഷ്ടിപ്പെടലിനും വളരെ പ്രധാനപ്പെട്ടതാണ്. സാങ്കേതികത സംസാരിക്കുന്ന കല എന്നത് പ്രധാനമാണ്.

2.  കലയുടെ സംഗ്രഹത്തെക്കാള്‍ പ്രധാനം സാങ്കേതികതയാണ് എന്നാണോ പറഞ്ഞു വരുന്നത്?
അങ്ങനെയല്ല അത്. സാങ്കേതികവിദ്യയുടെ നല്ല വശങ്ങളെടുക്കുക. സാങ്കേതികവിദ്യയെ ആശ്രയിക്കാതെ മുന്നോട്ടു പോവുക എന്നത് ഒരു ഗൃഹാതുരതയാണ്. സാങ്കേതികവിദ്യ ഇന്നോ നാളെയോ അവസാനിക്കുന്ന ഒരു പ്രതിഭാസമല്ല. സാമൂഹ്യ വ്യവസ്ഥിതിയായി അത് മാറിക്കഴിഞ്ഞിരിക്കുന്നു. സാങ്കേതികവിദ്യ നമ്മെ ഭരിക്കാതെ അതിനെ ഉപയോഗപ്പെടുത്താനാണ് എല്ലാ സമൂഹ ശാഖകളും ശ്രമിക്കേണ്ടത് എന്നാണ് എന്‍റെ അഭിപ്രായം. സാങ്കേതികവിദ്യക്ക് മനുഷ്യനെ മോചിപ്പിക്കാനോ സ്വതന്ത്രനാക്കാനോ കഴിയും. ഈ ആശയത്തിലാണ് എനിക്ക് താല്‍പര്യം. അറബ് വസന്തം സംഭവിച്ചതില്‍ പ്രധാന പങ്ക് മൊബൈലിനും വാട്സാപ്പിനും ഉണ്ട്. അതുകൊണ്ടു സാങ്കേതികവിദ്യ കലയ്ക്കും ഒരു മാധ്യമമാണ്. അതുപയോഗപ്പെടുത്തണം. ഇത്തവണത്തെ ബിനാലെയുടെ പ്രധാന ഭാഗമാണ് ഞങ്ങള്‍ നിര്‍മിച്ചിരിക്കുന്ന പവലിയന്‍. ഈ സംവിധാനത്തിന് നിരവധി തലങ്ങളുണ്ട്. ഒന്നാമത് ഇത് പൊതുസമൂഹത്തിനുള്ളതാണ്. സാങ്കേതികവിദ്യയുടെ നിരവധി മാധ്യമങ്ങള്‍ വഴി ഇവിടെ പരസ്പരം സംവദിക്കാം. നിങ്ങളുടെ സൃഷ്ടിയുടെ മികവ്, അതിന്‍റെ പ്രതിഫലനം എല്ലാം ചര്‍ച്ചചെയ്യപ്പെടുന്നതും പരിശോധിക്കപ്പെടുന്നതും ഈ സംവിധാനത്തിലൂടെയായിരിക്കും. നിങ്ങളുടെ ഭയം, ആത്മവിശ്വാസം, പങ്കുവെക്കല്‍ എല്ലാം ഇവിടെ സാധ്യമാവുന്നു... അഭിസംബോധന ചെയ്യപ്പെടുന്നു.

3. സാങ്കേതികവിദ്യയുടെ ജനകീയവത്കരണം നല്ല കാര്യമാണ്. എന്നാല്‍ കലയുടെ സാരാംശം അല്ലെങ്കില്‍ കാതല്‍ സാങ്കേതികവിദ്യയാകുന്നത് നല്ല പ്രവണതയാണോ?
അല്ല തന്നെ. ബിനാലെയില്‍ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള സൃഷ്ടികള്‍ ഒരു വിഭാഗം മാത്രമാണ്. കലയുടെ എല്ലാ തലങ്ങളെയും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള സന്തുലിത ആവിഷ്കാരമാണ് ബിനാലെ. സാങ്കേതികവിദ്യ തങ്ങളുടെ സൃഷ്ടികളില്‍ ഒന്ന് സ്പര്‍ശിക്കുക പോലും ചെയ്യാത്ത കലാകാരന്മാര്‍ ബിനാലെയിലുണ്ട്... ക്യാമറ കൊണ്ട് മാത്രം സൃഷ്ടികള്‍ അവതരിപ്പിക്കുന്ന കലാകാരന്മാരും ഉണ്ട്... കാലത്തിന്‍റെ വൈവിദ്ധ്യം എന്നേ പറയാനുള്ളൂ... നമ്മള്‍ ഇതിനെയെല്ലാം ബന്ധിപ്പിക്കണമെന്നാണ് എന്‍റെ അഭിപ്രായം, മറ്റൊരു സങ്കേതമായി വേര്‍തിരിച്ചു നിര്‍ത്താതെ. കലയില്‍ ജാതീയതക്കും സ്ഥാനമില്ല. സാങ്കേതികവിദ്യ മാത്രമല്ല ഏതു മാധ്യമവും ഉപയോഗപ്പെടുത്തിയാലേ അതിന്‍റെ സാധ്യതകള്‍ തിരിച്ചറിയാനും, തള്ളണോ കൊള്ളണോ എന്ന് തീരുമാനിക്കാനും സാധിക്കൂ... പ്രത്യേകിച്ചും കലയില്‍. സിദ്ധാന്തങ്ങളെയും പ്രവൃത്തികളെയും സംബന്ധിച്ച് അവ്യക്തത നിലനില്‍ക്കുന്നു. കല സിദ്ധാന്തങ്ങളോട് സംവദിക്കുമെങ്കിലും അതിനു അടിമപ്പെടാറുണ്ട് എന്ന് തോന്നുന്നില്ല. കലാകാരന്മാര്‍ സിദ്ധാന്തങ്ങള്‍ ഉള്‍ക്കൊള്ളുമെങ്കിലും സൃഷ്ടികള്‍ സിദ്ധാന്തങ്ങള്‍ക്ക് അനുസരിച്ചായിരിക്കില്ല രൂപപ്പെട്ടുവരുന്നത്. കലയുടെ മേഖലയില്‍ ഈ ആശയമെല്ലാം ക്രോഡീകരിച്ചുള്ള നല്ല നിരൂപണങ്ങള്‍ ഉണ്ടോ. സിദ്ധാന്തങ്ങളും, സൃഷ്ടികളും പൂര്‍ണമായി ഉള്‍ക്കൊണ്ടുള്ള ഒരു നിരൂപണവും ഇക്കാലത്തില്ല. നമുക്ക് സിദ്ധാന്തങ്ങള്‍ രൂപീകരിക്കാനാവുന്നില്ല... സിദ്ധാന്തങ്ങളുടെ ഉപഭോക്താക്കളാവുകയാണ് നാം ചെയ്യുന്നത്. കലയുടെയും സംസ്കാരത്തിന്‍റെയും ഉപഭോക്താക്കളാണ് നാം ഇന്ന്.

4. ഒരു സൃഷ്ടിയുടെ രക്ഷാകര്‍തൃത്വം എന്ന ആശയത്തെ ഫോട്ടോഗ്രാഫി പോലെയുള്ള സങ്കേതങ്ങളെ മുന്നില്‍ വച്ചുകൊണ്ട് എങ്ങനെയാണ് വിശദീകരിക്കുന്നത്... പലപ്പോഴും ഇന്ന് കലയുടെ ലോകത്ത് സൃഷ്ടിയും സൃഷ്ടി കര്‍ത്താവും തമ്മില്‍ വലിയ അന്തരം നിലനില്‍ക്കുന്നുണ്ട്?
പല ചിന്താഗതികള്‍, സങ്കേതങ്ങള്‍, പ്രസ്ഥാനങ്ങള്‍ എല്ലാം നിലനില്‍ക്കുന്നു ഇവിടെ. ഇവയ്ക്കെല്ലാം തന്നെ ഒരു പരിണാമവും സംഭവിച്ചിട്ടുണ്ട്. ഫോട്ടോഗ്രാഫിയില്‍ ആദ്യം ുശരീൃശേമഹശാെ വന്നു... പിന്നീട് മരശ്ശോെ വന്നു. ഋവേിീഴൃമുവ്യ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കലാകാരന്മാരുണ്ട്. ഒരേ മാധ്യമം തന്നെ പല വിധത്തില്‍ ഉപയോഗിക്കുന്ന കലാകാരന്മാരെ ഈ ബിനാലെയില്‍ പരിചയപ്പെടാം... അതിലൂടെ അവര്‍ സംവദിക്കുന്നു, സംസാരിക്കുന്നു.

5.  ഈ ബിനാലെയുമായി ബന്ധപ്പെട്ട് പ്രാദേശികമായി ഉയരുന്ന ചില വ്യാകുലതകളെ, അതായത് പ്രാദേശിക കലാകാരന്മാരെ നിരാകരിക്കുന്നു... അവരുടെ പങ്കാളിത്തം നിരസിക്കുന്നു തുടങ്ങിയവ എങ്ങനെയാണ് നിര്‍വചിക്കുന്നത്?
ഞാനീ പ്രദേശത്തെ പ്രതിനിധീകരിക്കുന്നില്ല എന്നുള്ളത് ഒരുപക്ഷെ ഒരു പരിമിതി ആയിരിക്കാം. പക്ഷെ വീണ്ടും ഞാന്‍ പറയുന്നു ബിനാലെയില്‍ ഉയരുന്ന പവലിയന്‍ ഈ പ്രശ്നത്തെ വലിയ ഒരളവില്‍ പരിഹരിക്കുന്നു. ബിനാലെക്ക് എല്ലാവരെയും ഉള്‍ക്കൊള്ളാന്‍ ചിലപ്പോള്‍ കഴിഞ്ഞില്ലെന്നു വരും. പക്ഷെ ആ കുറവ് പവിലിയന്‍ നികത്തും എന്നുള്ള കാര്യം തീര്‍ച്ചയാണ്.

6. പിന്നെ ഇതിനുമപ്പുറം എന്താണ് നിങ്ങള്‍ ഉദ്ദേശിക്കുന്നത് എന്ന് ഒന്നോ രണ്ടോ ഉദാഹരണങ്ങള്‍ തരാമോ?
കഴിഞ്ഞ ബിനാലെ തീര്‍ത്തും വൈദേശികമായിരുന്നു എന്ന ഒരു പരാതിയുണ്ട്. പ്രാദേശിക കലാകാരന്മാര്‍ തീര്‍ത്തും ഒറ്റപ്പെട്ടുപോയ അവസ്ഥയുണ്ടായിരുന്നതായി പറയപ്പെടുന്നു. മാത്രമല്ല പെട്ടെന്ന് തന്നെ അപരിചിതമായ സങ്കേതങ്ങളോട് പൊരുത്തപ്പെടേണ്ടതായും വന്നു...

7. അത് ഒരുതരത്തില്‍ പാരസ്പര്യമല്ലേ... പ്രശ്നമാണോ? ബിനാലെ ഒരു അന്തര്‍ദ്ദേശീയ പ്രശ്നമല്ലേ... നമ്മള്‍ വിദേശത്തേക്ക് പോകുമ്പോള്‍ അവിടത്തെ പ്രാദേശികത നമ്മെ അലട്ടാറുണ്ടോ...?
എലന്‍ ബാഡിയോ തന്‍റെ ഒരു രചനയില്‍ തുറന്നു കിടക്കുന്ന ഗാലറികളെക്കുറിച്ചു പറഞ്ഞിട്ടുണ്ട്... പക്ഷെ, ഒരു സാധാരണക്കാരന്‍റെ അബോധ മനസ് അതിനുള്ളിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കുന്നില്ല... അബോധമനസിലെ വിചാരം പോലുമല്ല അത്. അത് വളരെ വ്യക്തമാണ്... വര്‍ഗവിവേചനമാണത്... സാമ്പത്തിക വിവേചനമാണത്... വാള്‍ട്ടര്‍ ബെന്യുമാന്‍റെ ലക്ഷണത്തില്‍ പറയുന്നുണ്ട്... റഷ്യന്‍ വിപ്ലവത്തിന് മുന്‍പ് ഒരു സാധാരണക്കാരന്‍ ഇത്തരം സ്ഥലത്തു പ്രവേശിച്ചാല്‍ അവന്‍ കള്ളനായി മുദ്രകുത്തപ്പെടുമായിരുന്നു എന്ന്.

8. നമ്മുടെ രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ എവിടെയാണ് സംസ്കാരത്തെക്കുറിച്ചും കലകളെക്കുറിച്ചും പഠിപ്പിക്കുന്നത്? ഒരു കളക്ടീവ് മൂവ്മെന്‍റിന്‍റെയോ റാഡിക്കല്‍ മൂവ്മെന്‍റിന്‍റെയോ പ്രതിനിധിയായിരുന്നു ഒരു കാലത്ത് അനിത ദുബെ. ഇന്ന് അത്തരം പ്രസ്ഥാനത്തിന് പ്രസക്തിയുണ്ടോ?
അതൊരു മൂവ്മെന്‍റിനെ കുറിച്ച് ആലോചിക്കാം എന്ന് തോന്നുന്നു... കല, കലാകാരന്‍ ഒറ്റപ്പെടുന്ന അവസ്ഥയുണ്ട്. പക്ഷെ കളക്ടീവ് മൂവ്മെന്‍റ് എന്നെ ഒരു കാര്യം പഠിപ്പിച്ചു... ഒരു മൂവ്മെന്‍റ് സ്ഥാപനവത്കരിക്കപ്പെട്ടാല്‍ അതിനു പിന്നെ അസ്തിത്വം നഷ്ടപ്പെടുന്നു. ഇനി അത്തരം ഒരു മൂവ്മെന്‍റിനെക്കുറിച്ചു ചിന്തിച്ചാലും അത് സ്ഥാപനവത്കരിക്കപ്പെടുമോ എന്നൊരു സംശയം നിലനില്‍ക്കുന്നുണ്ട്. അതുകൊണ്ട് വളരെ ചെറിയ സംഘങ്ങള്‍ പരസ്പരം സംവദിച്ചും, വാദപ്രതിവാദങ്ങളില്‍ ഏര്‍പ്പെട്ടും വലിയ പ്രസ്ഥാനങ്ങളോട് പോരാടുന്ന മൂവ്മെന്‍റ് ആണ് ഞാന്‍ വിഭാവനം ചെയ്യുന്നത്. മൈക്രോ ഓര്‍ഗാനിസം മാക്രോ ഓര്‍ഗാനിസത്തെ ശുദ്ധീകരിക്കുകയോ, ചോദ്യങ്ങള്‍ ചോദിക്കുകയോ ചെയ്യുന്ന അവസ്ഥ... ബിനാലെയില്‍ അത്തരം ഒരു പ്രവര്‍ത്തനം ഉണ്ടാവും. ചെറിയ സംഘങ്ങള്‍ വലിയ വ്യവസ്ഥിതികളെ അഭിസംബോധന ചെയ്തു തിരുത്തുന്ന ശൈലി ബിനാലെയുടെ മുഖമുദ്രയായിരിക്കും. നിങ്ങള്‍ ആജ്ഞാപിക്കുന്നതിനു പകരം ശ്രദ്ധിക്കുകയും സംഭാഷണത്തില്‍ ഏര്‍പ്പെടുകയും ചെയ്യുക. എനിക്ക് യുവാക്കളില്‍ വലിയ വിശ്വാസമുണ്ട്. അവര്‍ തിരഞ്ഞെടുപ്പില്‍ വിവേകം കാണിക്കുന്നു. ബിനാലെയും അവരെ ഒരു തിരഞ്ഞെടുപ്പിനെ അഭിസംബോധന ചെയ്യാനുള്ള ചരിത്രപരമായ വേദിയാണ്... ഇടതുപക്ഷം, വലതുപക്ഷം എന്നിങ്ങനെയുള്ള വേര്‍തിരിവൊന്നുമില്ലാതെ... പക്ഷങ്ങളല്ല നമുക്ക് വേണ്ടത്. സഹവര്‍ത്തിത്വം, മനുഷ്യത്വം, സഹാനുഭൂതി ഇവയിലൂന്നിയായിരിക്കണം അധീശത്വം വരേണ്ടത്.
Share:

വിവാഹേതരബന്ധം ക്രിമിനല്‍കുറ്റമല്ലാതാകുമ്പോള്‍


     ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 497-ാം വകുപ്പ് ഭരണഘടനാവിരുദ്ധമായി സുപ്രീം കോടതി പ്രഖ്യാപിച്ചിരിക്കുകയാണ്. വിവാഹിതയായ ഒരു സ്ത്രീയുമായി, ആ സ്ത്രീയുടെ ഭര്‍ത്താവിന്‍റെ സമ്മതം കൂടാതെ അവര്‍ വിവാഹിതയാണെന്ന അറിവോടെ ഒരു പുരുഷന്‍ ശാരീരികബന്ധത്തിലേര്‍പ്പെട്ടാല്‍, ആ പുരുഷനെതിരെ വിവാഹിതയായ സ്ത്രീയുടെ ഭര്‍ത്താവിന് ക്രിമിനല്‍ നടപടിക്കുള്ള അവകാശമാണ് യഥാര്‍ത്ഥത്തില്‍ 497-ാം വകുപ്പ്. 158 വര്‍ഷം പഴക്കമുള്ള ഈയൊരു വകുപ്പ് വിക്ടോറിയന്‍ കാലഘട്ടത്തിലെ സദാചാരനിയമങ്ങളുടെ പട്ടികയില്‍പ്പെടുന്ന ഒന്നായാണ് കണക്കാക്കപ്പെട്ടിരുന്നത്. ഇന്ത്യന്‍ ഭരണഘടനയുടെ അനുച്ഛേദം 14, 21 എന്നിവയില്‍ പറഞ്ഞിരിക്കുന്ന വ്യവസ്ഥകള്‍ക്ക് അനുയോജ്യമായ ഒന്നല്ല ഈ വകുപ്പ് എന്നുതന്നെയാണ് സുപ്രീം കോടതിയുടെ പരാമര്‍ശം. കാരണം സ്ത്രീയെ പുരുഷന്‍റെ സമ്പത്തിന്‍റെ ഭാഗമായി കണ്ടിരുന്ന ഒരു കാഴ്ചപ്പാടില്‍ നിന്നും ഉരുത്തിരിഞ്ഞതാണ് 497-ാം വകുപ്പ്. പുരുഷന്‍റെ സ്വത്തവകാശത്തിന്‍റെ സംരക്ഷണമായി വേണം ഇതിനെ കാണാന്‍. അതിനാലാണ് സ്ത്രീ ഇതില്‍ കുറ്റക്കാരിയാകാതെ പോകുന്നത്. കാരണം സ്വത്ത് അപഹരിച്ചുകൊണ്ടു പോയ വ്യക്തിയാണ് ശിക്ഷിക്കപ്പെടുന്നത്. വസ്തുവിനെ (സ്ത്രീയെ) ശിക്ഷിക്കുന്നതില്‍ കാര്യമില്ല. അതുകൊണ്ടുതന്നെയാണ് സ്ത്രീയുടെ അന്തസ്സിനെ ഹനിക്കുന്ന ഒന്നായി ഈ വകുപ്പിനെ കോടതി കണ്ടത്. ഭാര്യ ഒരു സ്ഥാവരജംഗമ വസ്തുവിന് സമാനമായി പരിഗണിക്കപ്പെടുന്നു എന്നതാണ് ഈ വകുപ്പിന്‍റെ പ്രത്യേകത. അതിന്‍റെ ഉടമസ്ഥത ഭര്‍ത്താവില്‍ നിക്ഷിപ്തവും. അതുകൊണ്ട് ڇവൗയെമിറ ശെ ിീേ വേല ാമലെേൃ ീള ംശളലڈ എന്ന് കോടതി നിരീക്ഷിച്ചത്. ഈയൊരു നിയമത്തിന്‍റെ പരിരക്ഷ ഇതേ വകുപ്പ് പ്രകാരം സ്ത്രീക്ക് ലഭ്യമല്ലതാനും. ഉദാഹരണത്തിന് ഭര്‍ത്താവ് മറ്റൊരു സ്ത്രീയുമായി വിവാഹേതര ബന്ധത്തിലേര്‍പ്പെട്ടാല്‍ ഭാര്യക്ക് 497-ാം വകുപ്പനുസരിച്ച് ഭര്‍ത്താവിന്‍റെ മിസ്ട്രസിനെതിരെ നിയമ നടപടിക്ക് നിയമം അനുശാസിക്കുന്നില്ല. യഥാര്‍ത്ഥത്തില്‍ നിലവിലുള്ള വകുപ്പിന്‍റെ ഭരണഘടനാവിരുദ്ധമായ ചിട്ടപ്പെടുത്തലിനെയാണ് കോടതി ഇല്ലാതാക്കിയത്.
     എന്നാല്‍ വിവാഹേതരബന്ധങ്ങള്‍ നിയമവിരുദ്ധമല്ല എന്ന രീതിയിലാണ് ഈ വിധിയെ സമൂഹം കണ്ടിരിക്കുന്നത്. വിവാഹേതരബന്ധങ്ങള്‍ സാധൂകരിക്കുന്ന ഒരു വിധി ആയിട്ടല്ല ഇതിനെ കാണേണ്ടത്. അങ്ങനെയെങ്കില്‍ ദ്വിഭാര്യത്വം നിയമവിരുദ്ധമല്ല എന്നു കോടതി പറയുമായിരുന്നു. പ്രസ്തുത വകുപ്പ് ഇപ്പോഴും ഇന്ത്യന്‍ ശിക്ഷാനിയമത്തില്‍ നിലവിലുണ്ട്. വിവാഹിതനായ ഒരു പുരുഷന്‍ ആ ബന്ധം നിലനില്‍ക്കുമ്പോള്‍ മറ്റൊരു സ്ത്രീയുമായി ബന്ധം നിലനിര്‍ത്തിയാല്‍ ആ സ്ത്രീയുടെ സ്ഥാനം എന്താണെന്നും സുപ്രീം കോടതി ഇന്ദ്രാ ശര്‍മ ഢെ. വി.കെ.വി. ശര്‍മ കേസില്‍ വ്യക്തമാക്കിയിട്ടുണ്ട്. നിയമപരമായി അംഗീകാരം ലഭിച്ചിട്ടില്ലാത്ത څരീിരൗയശിലچഎന്ന സ്ഥാനം മാത്രമേ ഈ ബന്ധത്തില്‍ ഉള്‍പ്പെട്ട സ്ത്രീക്ക് ലഭിക്കൂ. എന്നിരുന്നാലും ഈ വിധി സൃഷ്ടിക്കുന്ന ചില സാമൂഹിക പ്രത്യാഘാതങ്ങളെ അവഗണിക്കാനാവില്ല.
     വിവാഹം എന്നത് ഒരു ഉടമ്പടി മാത്രമല്ല. രണ്ട് വ്യക്തികള്‍ തമ്മിലുള്ള പരസ്പര വിശ്വാസത്തില്‍ ഊന്നിയുള്ള ഒരു ധാരണ കൂടിയാണത്. കുടുംബം പടുത്തുയര്‍ത്തല്‍, കുഞ്ഞുങ്ങളെ വളര്‍ത്തിയെടുക്കല്‍ ഇതൊക്കെ ഇതിനോടു ചേര്‍ന്ന് നില്‍ക്കുന്ന ഒന്നാണ്. സന്മാര്‍ഗ, സദാചാരമൂല്യങ്ങള്‍ ഇല്ലാത്ത കുടുംബങ്ങളെ വാര്‍ത്തെടുക്കുന്നത് സാമൂഹ്യപ്രതിബദ്ധത ഇല്ലാത്ത സമൂഹങ്ങളെ വാര്‍ത്തെടുക്കാന്‍ മാത്രമെ ഉപകരിക്കൂ. മാത്രമല്ല വിവാഹേതരബന്ധങ്ങള്‍ ക്രിമിനല്‍ കുറ്റമല്ലെന്ന് പറയുമ്പോള്‍ സാധാരണ ജനങ്ങള്‍ അത് മനസിലാക്കുന്നത് നിയമപരമായി പ്രശ്നങ്ങള്‍ ഇല്ലാത്ത ഒന്നാണ് ഇത്തരം ബന്ധങ്ങള്‍ എന്നാണ് ഹലഴശശോമര്യ ീള രവശഹറൃലി, സ്വത്തവകാശം, വിവാഹേതരബന്ധം സ്ഥാപിച്ചിട്ടുള്ള വ്യക്തിയുമായുള്ള വൈവാഹിക ബന്ധത്തിന്‍റെ പരിധിയില്‍പ്പെടാത്ത, നിയമം അംഗീകരിച്ചിട്ടില്ലാത്ത സ്റ്റാറ്റസ് ഉണ്ടാക്കാവുന്ന സാമൂഹിക പ്രശ്നങ്ങള്‍ ഇവയൊക്കെ ഇനിയും ചര്‍ച്ചയാവേണ്ടതാണ്. 497-ാം വകുപ്പ് ക്രിമിനല്‍ കുറ്റമല്ല എന്നേ കോടതി പറഞ്ഞിട്ടുള്ളൂ. നിയമവിധേയമായ ഒരു ബന്ധത്തിന്‍റെയും നിര്‍വചനത്തിന്‍റെയും കീഴില്‍ അത് വരുന്നില്ല. എന്നുമാത്രമല്ല, നാളെ ഇതില്‍ പങ്കാളിയായ സ്ത്രീ ഉഭയസമ്മതം ഇല്ലാതെ നടന്ന ഒരു ബന്ധത്തിന്‍റെ പരിധിയില്‍ ഇതിനെ പെടുത്തിയാല്‍ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ മറ്റു വകുപ്പുകള്‍ അവള്‍ക്ക് സംരക്ഷണത്തിനെത്തും. വിവാഹം എന്ന നിയമബന്ധത്തിന്‍റെ സാധുതയും പ്രസക്തിയും ഇവിടെയാണ് ശ്രദ്ധിക്കപ്പെടുന്നത്. څഘശ്ശിഴ ീഴേലവേലൃچ ബന്ധം പോലും ഇന്ന് ലൈംഗിക പീഡനകേസായി പരിണമിക്കുന്നത് പുറത്തു വരുന്ന സാഹചര്യത്തില്‍ പ്രത്യേകിച്ചും.
Share:

ഒരു സുനാമി ദുരന്തം കൂടി - ചില യാഥാര്‍ത്ഥ്യങ്ങള്‍ --ഡോ.ശിവാനന്ദന്‍ ആചാരി

ഇന്തോനേഷ്യ എന്നും ഒരു സുനാമി ദുരന്ത ഭൂമിയാണ്. പ്രകൃതി ദുരന്തങ്ങളുടെ വേദനയില്‍ സ്പന്ദിക്കുന്ന ഹൃദയമുള്ളവരുടെ നാട്.
     ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 28 വെള്ളിയാഴ്ച സുനാമി തിരമാലകള്‍ 384 ല്‍ അധികം മനുഷ്യരെയാണ് സുലാവസി എന്ന ദ്വീപില്‍ കൊന്നെടുത്തത്. അവിടത്തെ ജനനിബിഡമായ പാലു നഗരം ഒന്നാകെ അടിച്ചുതകര്‍ത്ത് മുന്നേറിയ തിരമാലകള്‍ക്ക് ശരാശരി ഏഴ് മീറ്ററിലധികം ഉയരം ഉണ്ടായിരുന്നു. കുറച്ചുപേരെങ്കിലും തീരത്ത് രക്ഷപെട്ടത് മരങ്ങളില്‍ കയറിപ്പറ്റിയും വലിയ കെട്ടിടങ്ങളില്‍ ഓടിക്കയറിയുമാണ്.
     ഇത്രയും മരണസംഖ്യയ്ക്ക് കാരണമായി ഭവിച്ചത് ജനങ്ങളുടെ ജാഗ്രതക്കുറവായിരുന്നു എന്ന് പറയപ്പെടുന്നു. സ്വയംരക്ഷാ നിര്‍ദ്ദേശങ്ങള്‍ ലഭിച്ചിരുന്നിട്ടു കൂടി ജനങ്ങള്‍ കടല്‍തീരത്ത് ഒരുമിച്ചു കൂടി ആഘോഷങ്ങളില്‍ വ്യാപൃതരായി. തൊട്ടു മുന്നിലെ തിരമാലകള്‍ 800 കിലോമീറ്റര്‍ വേഗതയില്‍ അടുക്കുന്നതിന്‍റെ ആദ്യ ലക്ഷണങ്ങള്‍ അവര്‍ക്കത്ര കാര്യമായി തോന്നിയില്ല. കൂറ്റന്‍ തിരമാലകള്‍ ജീവനും സ്വത്തും നഷ്ടപ്പെടുത്തി നഗരത്തെ നശിപ്പിച്ചു. ശേഷം കണ്ടത് തകര്‍ന്ന വീടുകളും നാശത്തിന്‍റെ തിരുശേഷിപ്പുകളായി കല്ലും മരക്കഷ്ണങ്ങളും, ഒഴുകി നടക്കുന്ന വാഹനങ്ങളും മറ്റ് ജീവനോപാധികളും. കടല്‍തീരത്ത് ശേഷം അടിഞ്ഞുകൂടി കിടന്നതില്‍ കണ്ടത് സുനാമി കവര്‍ന്നെടുത്ത മനുഷ്യരുടെ ശവശരീരങ്ങള്‍.
     സുനാമി മൂലം പാലു നഗരത്തിലെ 16700 ഓളം ജനങ്ങള്‍ ദുരിതാശ്വാസ ക്യാമ്പുകളിലായി. നഗരം ഒറ്റപ്പെട്ടു. പാലങ്ങള്‍ മിക്കതും തിരമാല എടുത്തുകൊണ്ടു പോയി. ആശുപത്രികള്‍ ഇല്ലാതായി. വെള്ളവും വെളിച്ചവും ഭക്ഷണവും ഇല്ലാതെ ജീവിതം ദുസ്സഹമായി. തകര്‍ന്നടിഞ്ഞ ആയിരക്കണക്കിന് വീടുകളില്‍ മനുഷ്യര്‍ ഒറ്റപ്പെട്ടു.
     റോഡരുകില്‍ അടുക്കിയിട്ടിരുന്ന ശവശരീരങ്ങളില്‍ മണിക്കൂറുകള്‍ക്ക് മുമ്പ് സുനാമി തിരമാലകള്‍ ഏല്‍പ്പിച്ച ആഘാതത്തിന്‍റെ അടയാളങ്ങള്‍ ഭീകരമായിരുന്നു. പാലു നഗരത്തിന്‍റെ വടക്ക് മൂന്നൂറ് കിലോമീറ്റര്‍ അപ്പുറം ഡോന്‍ഗ്ഗല എന്ന പ്രദേശമാണ് സുനാമിക്ക് കാരണമായ ഭൂകമ്പത്തിന്‍റെ (റിക്റ്റര്‍ സ്കെയിലില്‍ 7.5ന് തുല്യമായ ആഘാതമായിരുന്നു ഭൂകമ്പത്തിന്) പ്രഭവകേന്ദ്രമായി തിരിച്ചറിഞ്ഞത്.
     കേരളീയര്‍ക്ക് വളരെ അപരിചിതമായിരുന്ന ദുരന്തമായിരുന്നു സുനാമി. 2004 ഡിസംബര്‍ 26 തീരദേശത്ത് ജീവിക്കുന്ന ഓരോ ഇന്ത്യക്കാരനും കറുത്ത ഞായറാഴ്ചയായിരുന്നു. ലോകം കണ്ട രണ്ടാമത്തെ ഏറ്റവും വലിയ ഭൂകമ്പം (റിക്റ്റര്‍ സ്കെയില്‍ 9.2 ആഘാതം). ഇന്തോനേഷ്യയിലെ സുമാത്ര ദ്വീപിനടുത്തുള്ള സുന്ദ ട്രെഞ്ച് എന്ന സമുദ്രാന്തര്‍ഭാഗത്തെ ഗര്‍ത്തമേഖലയില്‍ ഭൂകമ്പമുണ്ടായതിന്‍റെ അനന്തരഫലമായി കൂറ്റന്‍ സുനാമി തിരമാലകള്‍ വന്ന് ദുരന്തം തീര്‍ത്ത ദിനം. പ്രഭവകേന്ദ്രത്തില്‍ നിന്ന് ബഹിര്‍ഗമിച്ച സുനാമി തിരകള്‍ ഇന്ത്യന്‍ മഹാസമുദ്രവുമായി അതിര്‍ത്തിയുള്ള 19 രാജ്യങ്ങളിലായി മൂന്നുലക്ഷത്തില്‍ പരം മനുഷ്യജീവനെടുക്കുകയുണ്ടായി.
Share:

കൂടിയാട്ടവും ഭാരതീയ രംഗവേദിയും

സംസ്കൃതസാഹിത്യത്തിനെ പൊതുവില്‍ ദൃശ്യകാവ്യമെന്നും ശ്രവ്യകാവ്യമെന്നും രണ്ടായി തരംതിരിച്ചിട്ടുണ്ട്. വായിച്ചു രസിക്കാന്‍ ഉതകുന്നവയാണ് ശ്രവ്യകാവ്യങ്ങള്‍. എന്നാല്‍ രംഗപ്രയോഗാര്‍ഹങ്ങളായ കൃതികളെയാണ് ദൃശ്യകാവ്യങ്ങള്‍ എന്നു പറയുന്നത്. യൂറോപ്യന്‍ പണ്ഡിതര്‍ സംസ്കൃതസാഹിത്യ ലോകത്തേക്ക് കടന്നു വന്നപ്പോള്‍ സംസ്കൃത നാടകങ്ങളെയെല്ലാം അവര്‍ കേവലം ശ്രവ്യസാഹിത്യമെന്ന് ധരിച്ചു. ഇത് ചിലര്‍ക്കെങ്കിലും ഭാരതീയ രംഗവേദിയെക്കുറിച്ച് തെറ്റിദ്ധാരണ ഉണ്ടാവാന്‍ കാരണമായിട്ടുണ്ട്.
     എന്നാല്‍ ദൃശ്യസാഹിത്യത്തിന്‍റെ ചരിത്രമന്വേഷിക്കുമ്പോള്‍ അത് വേദങ്ങളിലെത്തിനില്‍ക്കുന്നു. ഋഗ്വേദത്തിലെ (ആഇ 20001000) ഏതാനും സൂക്തങ്ങളില്‍ അഭിനയകലയുടെ ബീജരൂപം കാണാനാവും. സ്വര്‍ലോക നര്‍ത്തകിയായി വര്‍ണ്ണിക്കപ്പെട്ട ഉഷസ്സും കിതവ സൂക്തവും സംവാദ സൂക്തങ്ങളുമെല്ലാം ചില ഉദാഹരണങ്ങള്‍ മാത്രം. കിതവ സൂക്തത്തില്‍ ഏവരാലും പുച്ഛിക്കപ്പെടുന്ന ചൂതുകളിക്കാരന്‍റെ ഗതികേട് വര്‍ണിച്ചതില്‍ ഏകാഭിനയത്തിന്‍റെ ലക്ഷണങ്ങള്‍ അന്തര്‍ലീനമാണ്. പല കഥാപാത്രങ്ങളുള്ള സംവാദസൂക്തങ്ങളില്‍ ഒന്നായ ഉര്‍വ്വശീപുരൂരവ സംവാദം കാളിദാസന്‍റെ വിക്രമോര്‍വ്വശീയത്തിന് ആധാരമാണ്. സൈന്ധവ നാഗരികതയുടെ (ആഇ 25001700) അവശിഷ്ടങ്ങളിലൊന്നായ നര്‍ത്തകിയുടെ ശില്പവും അക്കാലത്തെ രംഗകലകളുടെ അസ്തിത്വത്തിന് തെളിവാണ് (ഡോ.കെ.ജി.പൗലോസ്, ഭാവശില്‍പം, ഗ്രീന്‍ ബുക്സ്, തൃശൂര്‍-2011, പുറം 15-16). രാമായണമഹാഭാരതാദികളിലും ബൗദ്ധസാഹിത്യത്തിലും വ്യാകരണാദിശാസ്ത്രഗ്രന്ഥങ്ങളിലുമെല്ലാം നാടകവേദിയുടെ സൂചനകള്‍ കാണാം. മനുസ്മൃതി കലകളോട് ആഭിമുഖ്യം കാണിയ്ക്കുന്നില്ലെങ്കിലും അര്‍ത്ഥശാസ്ത്രവും കാമശാസ്ത്രവുമെല്ലാം രംഗാവതരണങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കിയിട്ടുണ്ട്. ആഇ രണ്ടാം നൂറ്റാണ്ടിലെ ഭരതകൃതമായ നാട്യശാസ്ത്രത്തിലെത്തുന്നതോടെ പൂര്‍ണ്ണമായും നാട്യവിഷയം കൈകാര്യം ചെയ്യുന്ന ഗ്രന്ഥങ്ങളുണ്ടായി വരുന്നതായി കാണാം.
     ദശരൂപകം എന്ന ധനഞ്ജയ വിരചിതമായ ഗ്രന്ഥം രംഗകലകളെ പ്രധാനമായും മൂന്നായി തിരിക്കുന്നുണ്ട്. പൂര്‍ണ്ണമായും അഭിനയത്തിന് പ്രാധാന്യം നല്‍കുന്നതാണ് നാട്യം. താളലയാശ്രിതമായ ശരീരചലനങ്ങളാണ് നൃത്തം. അഭിനയവും നൃത്തവും ഇടകലരുന്ന ഭാവപ്രധാനമായ കലയാണ് നൃത്ത്യം. സംസ്കൃതത്തില്‍ രചിക്കുന്ന നാടകാദികളാണ് ഇത്തരം രംഗപ്രയോഗങ്ങള്‍ക്ക് ഉപയോഗിച്ചിരുന്നത്. ഭരതനും അദ്ദേഹത്തിന്‍റെ പിന്തുടര്‍ച്ചക്കാരുമെല്ലാം അക്കാലത്ത് നിലനിന്നിരുന്ന രംഗാവതരണങ്ങളെ ക്രോഡീകരിച്ച് സൈദ്ധാന്തികമായി അവതരിപ്പിക്കുകയാണ് ചെയ്തത്. പല പ്രദേശങ്ങളിലും അതാതു ദേശത്തിന്‍റെ വൈവിധ്യത്തോടെ രംഗകലകള്‍ അവതരിപ്പിച്ചു പോന്നിരുന്നു. ഇപ്രകാരമുള്ള സംസ്കൃതരംഗവേദിയുടെ അവശേഷിക്കുന്ന-സജീവമായ-ഒരേയൊരു കണ്ണിയാണ് കേരളത്തിലെ രംഗകലകളില്‍ പ്രധാനപ്പെട്ട കൂടിയാട്ടം.
     സംസ്കൃത നാടകങ്ങളാണ് കൂടിയാട്ടത്തില്‍ അവതരിപ്പിക്കുന്നത് എന്നതാണ് കൂടിയാട്ടത്തിന് സംസ്കൃതനാടക വേദിയുമായുള്ള ഏറ്റവുമടുത്ത ബന്ധം. അന്വയിച്ചഭിനയിക്കുന്ന രീതിയും കേരളീയ സംസ്കൃതപാരമ്പര്യത്തിന്‍റെ സ്വാധീനത്തിലാണുള്ളത്. പരമ്പരാഗത കൂടിയാട്ട രീതിയില്‍ അരങ്ങത്തുണ്ടായിരുന്ന നാടകങ്ങളെ ഇങ്ങനെ ക്രോഡീകരിക്കാം.
കല്പിതകഥകളെ ആസ്പദമാക്കിയവ
1. പ്രതിജ്ഞാ യൗഗന്ധരായണം
2. സ്വപ്നവാസവദത്തം
3. അവിമാരകം
4. ചാരുദത്തം (നാലും ഭാസകൃതം)
5. നാഗാനന്ദന്‍ (ഹര്‍ഷന്‍)
മഹാഭാരതകഥ
1. ദൂതവാക്യം
2. ദൂതഘടോല്‍ക്കചം
3. കര്‍ണ്ണഭാരം
4. ഊരുഭംഗം
5. പഞ്ചരാത്രം
6. മദ്ധ്യമ വ്യായോഗം (എല്ലാം ഭാസകൃതം)
7. സുഭദ്രാധനഞ്ജയം
8. തപതീസംവരണം (രണ്ടും കുലശേഖരകൃതം)
9. കല്യാണസൗഗന്ധികം (നീലകണ്ഠകവി)
ഭാഗവതകഥ
1. ബാലചരിതം (ഭാസന്‍)
രാമായണകഥ
1. പ്രതിമാനാടകം
2. അഭിഷേക നാടകം (രണ്ടും ഭാസകൃതം)
3. ആശ്ചര്യചൂഡാമണി (ശക്തിഭദ്രന്‍)
പ്രഹസനങ്ങള്‍
1. മത്തവിലാസം (മഹേന്ദ്രവിക്രമന്‍)
2. ഭഗവദ്ജ്ജകം (ബോധായനന്‍)
     ഇവയില്‍ ഭാസകൃതങ്ങളെന്നു പ്രസിദ്ധമായവ എല്ലാം രചിച്ചത് ഭാസന്‍ തന്നെയാണോ എന്ന വിഷയത്തില്‍ ഇപ്പോഴും പണ്ഡിതര്‍ക്കു ഭിന്നാഭിപ്രായങ്ങളുണ്ട്. കേരളീയ നാടകകൃത്തുക്കളായ ശക്തിഭദ്രന്‍, കുലശേഖരവര്‍മ്മന്‍, നീലകണ്ഠന്‍ എന്നിവരുടെ നാടകങ്ങള്‍ക്ക് കൂടിയാട്ട വേദിയില്‍ അര്‍ഹിക്കുന്ന സ്ഥാനമുണ്ട്. രാമായണനാടകങ്ങള്‍ മൂന്നിനും പ്രത്യേക പരിഗണന ലഭിച്ചിരുന്നു. കാലക്രമേണ ഇവയില്‍ പലതും പൂര്‍ണ്ണമായോ ഭാഗികമായോ അരങ്ങത്തുനിന്ന് അപ്രത്യക്ഷമായി. ശേഷിക്കുന്നവയെ നിലനിര്‍ത്താനും അപ്രത്യക്ഷമായവയെ തിരിച്ചുകൊണ്ടു വരാനും രംഗപ്രയോഗത്തിലില്ലാത്തവയെ അരങ്ങിലവതരിപ്പിക്കുന്നതിനും പുതിയ കാലത്തെ കൂടിയാട്ട പ്രയോക്താക്കള്‍ ബദ്ധശ്രദ്ധരാണ്.
     അന്ധമായി നാട്യശാസ്ത്രനിയമങ്ങളെ അനുകരിച്ച് സിദ്ധാന്തവല്‍ക്കരിക്കാനുള്ള പ്രവണത ഇപ്പോള്‍ കലാലോകത്ത് കാണുന്നുണ്ട്. അല്ലാതെതന്നെ ഭാരതീയ രംഗകലകള്‍ക്കെല്ലാം നാട്യശാസ്ത്രത്തിന്‍റെ സ്വാധീനം പ്രത്യക്ഷമായോ പരോക്ഷമായോ ഏറിയും കുറഞ്ഞും ഉള്ളതായി കാണാം. കൂടിയാട്ടത്തിന്‍റെ കാര്യത്തിലും അപ്രകാരം തന്നെ നാട്യശാസ്ത്രത്തില്‍ നിഷ്കര്‍ഷിച്ചിരിക്കുന്ന പല ഘടകങ്ങളുമായും സാമ്യവൈജാത്യങ്ങള്‍ കാണാന്‍ കഴിയുന്നതാണ്.
     ചതുര്‍വിധാഭിനയം, രസങ്ങള്‍, ചാരീവിധാനങ്ങള്‍, ഹസ്തമുദ്രകളുടെ ഉപയോഗം എന്നിവയിലൊക്കെ കൂടിയാട്ടത്തില്‍ നാട്യശാസ്ത്രത്തിന്‍റെ സ്വാധീനം കാണാവുന്നതാണ്. څഹസ്തലക്ഷണ ദീപികچ എന്ന കേരളീയ ഗ്രന്ഥത്തെ ആസ്പദമാക്കിയാണ് കൂടിയാട്ടത്തിലെ മുദ്രാവിനിയോഗം. നാട്യധര്‍മ്മി, ലോകധര്‍മ്മി എന്നിങ്ങനെ രണ്ടുവിധം അഭിനയരീതികളില്‍ നാട്യധര്‍മ്മി എന്ന ശൈലീകൃതമായ അഭിനയരീതിയാണ് കൂടിയാട്ടത്തില്‍ പരക്കെ കാണാവുന്നത്. വിദൂഷകനുള്‍പ്പെടെയുള്ള ചുരുക്കം ചില വേഷങ്ങള്‍ മാത്രമാണ് ലോകധര്‍മ്മിക്കനുസരിച്ച് അഭിനയിക്കുന്നത്. വാചികാഭിനയം (ഭാഷണങ്ങള്‍) പോലും നാട്യധര്‍മ്മീകൃതമായാണ് അവതരിപ്പിക്കുന്നത്. ഇങ്ങനെ കൂടിയാട്ടത്തില്‍ പല വിഷയങ്ങളിലും നാട്യശാസ്ത്ര സ്വാധീനം കാണാവുന്നതാണ്.
     ഇതോടൊപ്പം തന്നെ പ്രാദേശികമായ വിവിധ ഘടകങ്ങളും കൂടിയാട്ടത്തില്‍ ധാരാളമായുണ്ട്. വിദൂഷകന്‍ നാടകത്തില്‍ നിബന്ധിച്ച പ്രകാരം പ്രാകൃതഭാഷയിലുള്ള വാക്യങ്ങള്‍ ചൊല്ലുകയും അതിന്‍റെ സംസ്കൃതച്ഛായ പറഞ്ഞ് ദേശഭാഷയായ മലയാളത്തില്‍ അത് വിശദീകരിക്കുകയും ചെയ്യുന്നു. താന്‍ പറഞ്ഞതു കൂടാതെ താന്‍ കേള്‍ക്കുന്ന മറ്റു കഥാപാത്രങ്ങളുടെ സംഭാഷണവും ഇങ്ങനെ വിദൂഷകന്‍ മലയാളത്തില്‍ വിശദമായി ആഖ്യാനിക്കുന്നുണ്ട്. ഇതുകൊണ്ടുതന്നെ കൂടിയാട്ടം ആസ്വദിക്കാന്‍ പരിശീലിക്കുന്നതിന് വിദൂഷകനുള്ള കൂടിയാട്ടങ്ങളാണ് മലയാളികളെ സംബന്ധിച്ചിടത്തോളം അനുയോജ്യം. ഇത്തരത്തിലുള്ള വിദൂഷകന്‍റെ ആഖ്യാനത്തിലൂടെ പ്രതിശ്ലോകങ്ങളും ഭാഷാശ്ലോകങ്ങളും കൊണ്ട് സമ്പുഷ്ടമായ ശ്ലോകശാഖ മലയാള സാഹിത്യത്തിനുണ്ട്. പ്രതിശ്ലോകത്തിനുദാഹരണം ഇവിടെ കാണിക്കാം. സുഭദ്രാധനഞ്ജയത്തില്‍ അര്‍ജുനന്‍ സുഭദ്രയെ വര്‍ണിക്കുന്ന ഒരു ശ്ലോകമിങ്ങനെയാണ്:
സൗന്ദര്യം സുകുമാരതാ കാന്തിര്‍ മനോഹാരിതാ
ശ്രീമത്താ മഹിമേതി സര്‍ഗവിഭവാന്‍ നിശ്ശേഷനാരീഗുണാന്‍
ഏതസ്യാമുപയുജ്യ ദുര്‍വ്വിധതയാ ദീന: പരാമാത്മഭൂ:
സ്രഷ്ടും വാഞ്ഛതി ചേല്‍ കരോഉപുനരപ്യത്രൈവ ഭിക്ഷാടനം.
ഈ ശ്ലോകത്തിന് പ്രതിശ്ലോകമായി വിദൂഷകന്‍ തന്‍റെ പ്രിയയായ ചക്കിലെ ഇങ്ങനെ വര്‍ണിക്കുന്നു.
വാനാറ്റം കവര്‍നാറ്റമീറ പൊടിയും ഭാവം കൊടുംക്രൂരമാം
വാക്കും നോക്കുമിതാദി സര്‍ഗവിഭവാന്‍ നിശ്ശേഷചക്കീഗുണാന്‍.
ഏതസ്യാമുപയുജ്യ പദ്മജനഹോ ശക്ക്യംന ചക്ക്യന്തരം
സൃഷ്ടിപ്പാനതു വേണമെങ്കിലിഹ വന്നെല്ലാമിരന്നീടണം.
ഇത്തരം സന്ദര്‍ഭോചിതങ്ങളും സരസങ്ങളുമായ നിരവധി പ്രതിശ്ലോകങ്ങളും ഭാഷാശ്ലോകങ്ങളും കൂടിയാട്ടത്തിന്‍റെ രംഗപാഠസാഹിത്യത്തിലുണ്ട്.
     പ്രാദേശികഭാഷ പറയാന്‍ വിദൂഷകനെ നാട്യശാസ്ത്രം അനുവദിക്കുന്നുണ്ടെങ്കിലും ഇത്തരം വ്യാഖ്യാനങ്ങള്‍ അതിന്‍റെ ഒരു വിപുലനമായി കണക്കാക്കാം. ഇതിനുപുറമെ വിദൂഷകന്‍റെ വേഷവിധാനവും അരങ്ങണിവുമെല്ലാം പ്രാദേശികഘടകങ്ങള്‍ ഉള്‍ക്കൊണ്ടതാണ്. ശൂര്‍പ്പണഖയുടെ അവയവച്ഛേദനം കഴിഞ്ഞശേഷം അരങ്ങത്തുവരുന്ന നിണം (ചോരയില്‍ കുളിച്ച ശൂര്‍പ്പണഖ) മുടിയേറ്റ് മുതലായ പ്രാദേശിക കലകളില്‍ നിന്നും ഗുരുതിയില്‍ നിന്നുമെല്ലാം സ്വാധീനമുള്‍ക്കൊണ്ടതാണ്. ഇത്തരം രംഗങ്ങള്‍ നാട്യശാസ്ത്രം അനുവദിക്കുന്നില്ല തന്നെ. ദിവസങ്ങളോളം നീണ്ടുനില്‍ക്കുന്ന അഭിനയരീതിയും നാട്യശാസ്ത്രത്തില്‍ നിന്നും വ്യത്യസ്തമാണ്.
     ഇതിനെല്ലാം പുറമെ കൂടിയാട്ടത്തിന്‍റെ അതിപ്രധാനമായ സവിശേഷതകള്‍ നിര്‍വ്വഹണാഭിനയവും പകര്‍ന്നാട്ടവുമാണ്. ഒരു പ്രധാന കഥാപാത്രം അരങ്ങില്‍ വന്നു കഴിഞ്ഞാല്‍ ആ കഥാപാത്രത്തിന്‍റെ രംഗപ്രവേശം വരെയുള്ള പൂര്‍വകഥ അഭിനയിക്കലാണ് നിര്‍വ്വഹണം. ഉദാഹരണമായി സുഭദ്രാധനഞ്ജയം നാടകത്തിലെ നായകനായ അര്‍ജുനന്‍ അരങ്ങത്തുവന്നാല്‍ പ്രത്യേക തരത്തിലുള്ള മറവില്‍ ക്രിയ എന്ന നൃത്തത്തിനുശേഷം ആ കഥാപാത്രത്തിന്‍റെ ആദ്യത്തെ വാചികം അഭിനയിക്കും. അമ്മയേയും സഹോദരന്മാരെയും പാഞ്ചാലിയേയും കാണാനുള്ള ത്വരയാണ് അഭിനയവിഷയം. അതിനു ശേഷം നിത്യക്രിയ എന്ന നൃത്തത്തോടെ അന്നത്തെ അഭിനയം അവസാനിപ്പിക്കുന്നു. പിറ്റേന്ന്, തലേന്ന് അരങ്ങില്‍ വന്ന അതേ ഭാവത്തില്‍ നിന്ന് څഈ അവസ്ഥ ഒക്കെയും എങ്ങനെچ എന്ന് പിന്നോട്ട് പ്രശ്നരൂപത്തില്‍ അവതരിപ്പിക്കുന്നു. തുടര്‍ന്ന് സംക്ഷേപ രൂപത്തില്‍ കഥയുടെ ആദ്യഭാഗം അവതരിപ്പിച്ച ശേഷം, ആദ്യം ചോദിച്ച ചോദ്യങ്ങള്‍ക്കെല്ലാം സമാധാനം വിശദമായി അഭിനയിക്കുന്നു. കൂടിയാട്ടത്തില്‍ ശ്ലോകം ചൊല്ലി അഭിനയിക്കുകയാണെങ്കില്‍, നിര്‍വ്വഹണത്തില്‍ വിസ്തരിച്ച് അഭിനയിച്ച ശേഷം താളം പിടിക്കുന്ന കലാകാരി (പണ്ടത്തെ രീതിയില്‍ നങ്ങ്യാരമ്മ) ചൊല്ലുന്ന ശ്ലോകത്തിനനുസരിച്ച് കൈ മുദ്ര കാട്ടുന്നു. നാടകത്തില്‍ നിന്നുള്ള വിപുലനമായതുകൊണ്ട് കഥാപാത്രത്തിന്‍റെ വേഷം ധരിച്ച നടന്‍/നടി നേരിട്ട് ശ്ലോകം ചൊല്ലുന്നില്ല. ഇവിടെ ബ്രാഹ്മണന്‍റെ പശുക്കളെ രക്ഷിക്കാന്‍ പോയി സത്യഭംഗം നേരിട്ട് തീര്‍ത്ഥയാത്രയ്ക്കു പുറപ്പെട്ട കഥ ചുരുക്കിയഭിനയിച്ച ശേഷം തീര്‍ത്ഥയാത്ര പോയതു മുതല്‍ സുഭദ്രയില്‍ അനുരാഗം തോന്നുന്നതുവരെയുള്ള കഥ വിസ്തരിച്ചഭിനയിക്കുന്നു. ഈ നിര്‍വ്വഹണം അവസാനിച്ച ശേഷം നാടകഭാഗവുമായി അഭിനയത്തെ ബന്ധിപ്പിക്കുന്നു. വിദൂഷകന്‍റെ നിര്‍വ്വഹണം പുരുഷാര്‍ത്ഥകൂത്ത് എന്ന പേരില്‍ പ്രസിദ്ധമാണ്. തന്‍റെ ഗ്രാമത്തില്‍ നിന്ന് തന്നെ രാജസേവയ്ക്കായി മറ്റു ബ്രാഹ്മണര്‍ പറഞ്ഞയക്കുന്നതായാണ് വിദൂഷകന്‍ ആഖ്യാനിക്കുന്നത്. ധര്‍മ്മാര്‍ത്ഥകാമമോക്ഷങ്ങള്‍ എന്നിവയ്ക്കുപകരം വിനോദം, വഞ്ചനം, അശനം, രാജസേവ എന്നിവയെയാണ് വിദൂഷകന്‍ പുരുഷാര്‍ത്ഥങ്ങളായി അവതരിപ്പിക്കുന്നത്. മേല്‍ സൂചിപ്പിച്ച നാടകത്തിലാണെങ്കില്‍ ഇവയ്ക്കുശേഷം, അങ്ങനെ ഗ്രാമീണരുടെ നിര്‍ദേശമനുസരിച്ച് താന്‍ യോഗ്യനായ ധര്‍മ്മപുത്രരാജാവിന്‍റെ നര്‍മ്മ സചിവനാവാന്‍ പുറപ്പെടുകയും അദ്ദേഹത്തിന്‍റെ നിര്‍ദേശാനുസരണം അര്‍ജുനന്‍റെ തോഴരായിത്തീരുകയും ചെയ്തു എന്നുപറഞ്ഞ് കഥാബന്ധം വരുത്തുന്നു. ഇതില്‍ നിന്നും വ്യത്യസ്തമാണ് ചാക്യാര്‍കൂത്ത് എന്ന് പൊതുവില്‍ അറിയപ്പെടുന്ന പ്രബന്ധക്കൂത്ത്. ഇത് സ്വതന്ത്രമായ വാചികാഖ്യാനമാണ്. കേരളത്തിന്‍റെ സ്ത്രീനാട്യകല എന്ന് അറിയപ്പെടുന്ന നങ്ങ്യാര്‍കൂത്ത് ഇതേ നാടകത്തിലെ രണ്ടാമങ്കത്തില്‍ സുഭദ്രയുടെ തോഴിയായ കല്പലതിക എന്ന കഥാപാത്രത്തിന്‍റെ നിര്‍വ്വഹണമാണ്. കൂടിയാട്ടത്തില്‍ നിര്‍വ്വഹണാഭിനയത്തിന് ഏറെ പ്രാധാന്യമുണ്ട്. പുതിയ കാലത്തിന്‍റെ തിരക്കുകള്‍ക്കനുസരിച്ച് അവതരണദൈര്‍ഘ്യം കുറയ്ക്കുന്നതിന്‍റെ ഭാഗമായി നിര്‍വ്വഹണം ഒഴിവാക്കിയുള്ള അവതരണങ്ങള്‍ ധാരാളമായി വരുന്നുണ്ട്. പക്ഷേ, ഈ ഏകപാത്രാഭിനയം അഭിനേതാവിനെ സംബന്ധിച്ചിടത്തോളം വളരെയേറെ പ്രാധാന്യമര്‍ഹിക്കുന്നുണ്ട്.
     ഒരു കഥാപാത്രം മറ്റു കഥാപാത്രങ്ങളായി പകര്‍ന്നാടുന്നതാണ് പകര്‍ന്നാട്ടം. ഒരുദാഹരണത്തിലൂടെ വിശദീകരിക്കാം. കല്യാണസൗഗന്ധിക വ്യായോഗത്തില്‍ ഭീമന്‍ കാണുന്ന ഒരു കാഴ്ചയുണ്ട്. ഒരാനയുടെ പിന്‍കാല്‍ പെരുമ്പാമ്പ് വിഴുങ്ങുകയും, മസ്തകത്തിലേക്ക് ചാടിവീണ സിംഹം മസ്തകം പിളര്‍ന്ന് ചോര കുടിക്കുകയും ചെയ്യുന്നു. ഇവിടെ ഭീമന്‍ കെട്ടുന്ന നടന്‍ ആനയായും പെരുമ്പാമ്പായും സിംഹമായുമെല്ലാം പകര്‍ന്നാടി കാണികളെ വിസ്മയിപ്പിക്കുന്നു. പകര്‍ന്നാട്ടത്തിന്‍റെ സൗന്ദര്യം കണ്ടുതന്നെ അനുഭവിക്കേണ്ടതാണ്.
     1949 മുതല്‍ യശശ്ശരീരനായ പൈങ്കുളം രാമചാക്യരുടേയും മാണി മാധവചാക്യാരുടേയും പ്രവര്‍ത്തനഫലമായി കൂടിയാട്ടം കൂത്തമ്പലത്തില്‍ നിന്നു പുറത്തുകടക്കുകയും തുടര്‍ന്ന് പരിശീലനം സ്ഥാപനവല്‍കൃതമാവുകയും ചെയ്തു. ആഹാര്യ പരിഷ്കരണത്തില്‍ പൈങ്കുളം രാമചാക്യാര്‍ക്ക് നിസ്തുലമായ പങ്കുണ്ട്. പദ്മഭൂഷണ്‍ അമ്മന്നൂര്‍ മാധവചാക്യാരുടെ ശ്രദ്ധ പതിഞ്ഞത് അഭിനയത്തിന്‍റെ സൗന്ദര്യാംശത്തിലേക്കും.

ഭദ്ര പി.കെ.എം
കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയിലെ സാഹിത്യ വിഭാഗത്തില്‍ ഗവേഷക. കൂടിയാട്ടവും നാട്യശാസ്ത്രവും കേരളീയ രംഗകലകളും വാദ്യകലകളുമാണ് ഐച്ഛിക വിഷയം.

അമ്മന്നൂര്‍ രജനീഷ് ചാക്യാര്‍
പദ്മഭൂഷണ്‍ അമ്മന്നൂര്‍ മാധവ ചാക്യാരുടെ ശിഷ്യന്‍. അമ്മന്നൂര്‍ ചാച്ചു ചാക്യാര്‍ സ്മാരക ഗുരുകുലത്തിലെ കലാകാരന്‍. കലാമണ്ഡലത്തില്‍ കൂടിയാട്ട വിഭാഗത്തില്‍ ഗവേഷണം ചെയ്യുന്നു. ഇന്ത്യയ്ക്കകത്തും പുറത്തുമായി നിരവധി വേദികളില്‍ കൂടിയാട്ടവും പ്രബന്ധങ്ങളും അവതരിപ്പിച്ചിട്ടുണ്ട്.

Share:
മൂല്യസൃതി മാസിക വരിക്കാരാവുക

SUBSCRIBE ONLINE

SUBSCRIBE ONLINE
1 year - 360/- 2 Years - 720/- ,3 Years- 1080/-

Moolyasruthi Cover

Moolyasruthi Cover
JULY 2024

MOOLYASRUTHI MAGAZINE

CHAVARA INSTITUTE

CHAVARA INSTITUTE
ADMISSION STARTED

ADVERTISE HERE

ADVERTISE HERE
Ph : 0484 4863404

Chavara Matrimony

Chavara Matrimony

Popular Posts

Search This Site

Recent Posts