മാംസമീമാംസ -- പ്രമോദ് കൂവേരി

 കഥ



     കുളിമുറിയില്‍ ഒഴിച്ച കള്ളമൂത്രം പോലെ അടുത്ത കാലത്തായി അവര്‍ക്കിടയില്‍ ഒരു നാറ്റം രൂപപ്പെട്ടു. ഞാനോ നീയോയെന്ന് ചോദിക്കാതെ ഒളിച്ചുകടത്തുന്ന ഇരകളെയുമെടുത്ത് വീടിന്‍റെ ഏതെങ്കിലും മൂലയിലേക്ക് അവര്‍ പതുങ്ങിപോയി ഇരുന്നു.

     ڇചില ജീവികള്‍ പരമ്പരാഗതമായി മനുഷ്യസഹവാസത്തിലേക്ക് കുടിയേറി പാര്‍ത്തവരാണ്.ڈ

     ഇന്നലെ രാത്രി അടുക്കളയിലും കട്ടിലിന്‍റെ അടിയിലുമൊക്കെ കാറിക്കൂട്ടിയതിന്‍റെ യാതൊരു കുറ്റബോധവുമില്ലാതെ മുറ്റത്തൂടെ നടന്നുവരുന്ന വൃത്തിയില്ലാത്ത കണ്ടന്‍ പൂച്ചയെ നോക്കി വിവേക് പറഞ്ഞു. 

     അപ്പറഞ്ഞത് തന്നെ ഉദ്ദേശിച്ചാണെന്ന് തെറ്റിദ്ധരിച്ച് താര വല്ലാത്തൊരു നോട്ടം വിവേകിനു നേരെ കൊളുത്തി. കൂട്ടിന് ആരെയോ വിളിച്ചുകൊണ്ട് പൂച്ച മുറ്റത്ത് നിന്ന് കാളി. അത് താരയുടെ പേര് പോലെ വിവേകിന് തോന്നി.

     ڇഖട്സ് വേണം.ڈ

     വിവേകിന്‍റെ രൂക്ഷമായ നോട്ടത്തെ അങ്ങനെയാണ് താര ഒതുക്കിയത്. നിവര്‍ത്തി വായിച്ചോണ്ടിരുന്ന പത്രത്താള് ക്രമം തെറ്റിച്ച് കൂടാരം പോലെ ടീപ്പോയിലിട്ട് അവള്‍ കനത്തില്‍ എഴുന്നേറ്റ് പോയി. വിവേക് കൂടാരത്തിലേക്ക് വെറുപ്പോടെ നോക്കി. പത്രമെടുത്ത് ഭംഗിയായി മടക്കിവച്ചു. താര എഴുന്നേറ്റുപോയ വഴിയില്‍ പോലും അവളോടുള്ള പുച്ഛങ്ങള്‍ പ്രസരിപ്പിച്ചു. കുറച്ചുനേരം കൂടി അങ്ങനെ നോക്കിയിരിക്കുന്നതിനിടെ പൂച്ച മുറ്റത്ത് നിന്ന് വീണ്ടും കാളി.

     ടീപ്പോയിലുള്ള ഫ്ളവര്‍വെയ്സ് എടുത്ത് വിവേക് പൂച്ചയ്ക്കിട്ട് എറിഞ്ഞു. കൊണ്ടില്ല. പൂച്ച പറമ്പത്തോട്ട് വാണംവിട്ടതു പോലെ ഓടി. ഒരിടത്ത് നിന്ന് ക്രൂരമായി തിരിഞ്ഞുനോക്കി. ഫ്ളവര്‍വെയ്സ് പൊട്ടിയത് മിച്ചം.

     താര പറഞ്ഞതാണ് ശരി. ഖട്സില്ല. പൂച്ചയെപ്പോയിട്ട് ഒരു ഉറുമ്പിനെപ്പോലും കൊല്ലാനുള്ള ഖട്സ് വിവേകിനില്ല. ആകെ കൊല്ലുന്നത് ഓട്ടുറുമകളെയാണ്. രാത്രി ലൈറ്റിന് ചുറ്റും പാറി വന്ന് ചുമരില്‍ പറ്റി നില്‍ക്കുന്ന കുരിപ്പുകളെ മെഴുകുതിരി കൊണ്ട് കുണ്ടിക്ക് തീകൊളുത്തി കൊന്നൊടുക്കുന്നതില്‍ മാത്രം അയാള്‍ക്ക് യാതൊരു ദാക്ഷിണ്യവുമില്ല. വെളുത്ത ചുമരില്‍ ഓട്ടുറുമകളെ കൊന്നൊടുക്കിയ കരി വിരുന്നുകാര്‍ക്കിടയില്‍ വിവേകിനെയും താരയെയും നോക്കി ഇളിച്ചു.

     ڇഇതെന്ത് മ്യൂറല്‍ പെയിന്‍റിംഗാ...ڈ ചുമര് നോക്കി ആരെങ്കിലും പറഞ്ഞാല്‍ വിവേകിന്‍റെ തല താഴും.

     ڇഅതിന് മണ്ണെണ്ണ പസ്റ്റാ... തളിച്ചാ മതി.ڈ വന്നവരുടെ കൈയില്‍ സ്ഥിരമായി ഒരു ഫോര്‍മുല കാണും.

     ڇഎന്നാലൊന്നും പോവത്തില്ല. ഈ ചുറ്റുവട്ടത്ത് ഇവിടെ മാത്രമെ ഉള്ളൂ... പുതിയ വീടായിരുന്നിട്ടും എന്താണതിന്‍റെ ഗുട്ടന്‍സ് എന്നറിയില്ല. വലിയ നാണക്കേടാ.ڈ

     ڇഅതിന് കാരണമുണ്ട്.ڈ

     പറഞ്ഞ ആളുടെ മുഖത്തേക്ക് വിവേകിന്‍റെ കണ്ണുകള്‍ പാറിപ്പറ്റി.

     ڇവീടിന് ഉപയോഗിച്ച മരത്തടികളൊക്കെ പുതിയതാണോ...?ڈ

     ڇമുഴുവനും അല്ല. പഴയ വീടിന്‍റെ മച്ചൊക്കെ എടുത്തിട്ടുണ്ട്.ڈ

     ڇഅതിന്‍റെ ഗന്ധം പോളിഷടിച്ചാലൊന്നും പോകത്തില്ല.ڈ

     പരമ്പരാഗതവും സഹവാസവും കുടിയേറിപ്പാര്‍ക്കലുമൊക്കെ അങ്ങനെയാണ് വിവേകിന് ലഭിച്ചത്. ഇഷ്ടമില്ലാത്ത എന്തിന്‍റെ പുറത്തും അയാളത് വിദഗ്ധമായി ഉപയോഗിക്കാന്‍ തുടങ്ങി. 

     താരയുടെ പണ്ടം പണയം വച്ചും സുഹൃത്തുക്കളോട് കടം വാങ്ങിയും ആദ്യമായി എടുത്ത സിനിമയുടെ ബിജിഎം റിക്കാഡിങ്ങുണ്ട് മകം സ്റ്റുഡിയോയില്‍. താന്‍ റെഡിയായെന്ന സ്റ്റുഡിയോ ഉടമ ഹരിയുടെ മെസേജ് കണ്ടപാടെ വിവേക് ചാടിയെഴുന്നേറ്റ് ബാത്ത് റൂമിലേക്കോടി. ഷവര്‍ തുറന്നു. നേര്‍ത്ത വെള്ളത്തുള്ളികള്‍ മഴപ്പാമ്പുകളെപ്പോലെ ഇഴഞ്ഞു. കുളിര്‍ത്തു.

     വെള്ളത്തില്‍ പൊതിര്‍ന്ന സോപ്പില്‍ താരയുടെ മുടി പറ്റിപ്പിടിച്ച് കണ്ടപ്പോള്‍ വിവേകിന് ഞെട്ടം തോന്നി.

     കുളി കഴിഞ്ഞ് ബ്രേക്ക്ഫാസ്റ്റിന് വന്നിരിക്കുന്നുവെന്ന് അയാള്‍ പാത്രം കൊണ്ട് ശബ്ദമുണ്ടാക്കി. ഭക്ഷണം കഴിച്ചു പോകേണ്ട സമയമായിട്ടും മുമ്പിലെത്താത്ത ഓരോ നിമിഷവും അയാള്‍ അവളോട് മല്ലിട്ടു. 

     കാര്‍ സ്റ്റാര്‍ട്ട് ചെയ്യുന്ന ശബ്ദം കേട്ടു. താര ഉമ്മറത്തേക്ക് വന്ന് എത്തിനോക്കി.

     സ്റ്റുഡിയോയുടെ വാതില്‍ തുറന്നു.

     ഒരു സിഗരറ്റ് വലിക്കാനായി ഓങ്ങി നില്‍ക്കുകയായിരുന്നു ഹരി. വായില്‍ നിന്ന് സിഗരറ്റെടുത്ത് കൈയില്‍ പിടിച്ച് ഹരി മെഡി കീബോര്‍ഡിന് മുന്നിലേക്ക് വിവേകിനെ ആനയിച്ചു.

     ڇഇരി.ڈ

     നഗരത്തില്‍ നിന്ന് കുറച്ചുമാറി വാടക വീടിന്‍റെ രണ്ടുമുറി സ്റ്റുഡിയോയില്‍ ഉപജീവിക്കുന്നവനാണ് ഹരി. പ്രസവാനന്തരം ഭാര്യ മാറി നില്‍ക്കുന്നതിന്‍റെ ആനന്ദം അവന്‍റെ മുഖത്തുണ്ടെങ്കിലും വീടിന്‍റെ പരിസരത്തില്‍ അതില്ല.

     കീബോര്‍ഡിന്‍റെ മേലെ കിടന്ന് ഹരിയുടെ പൂച്ച പുച്ഛത്തോടെ വിവേകിനെ നോക്കി.

     ڇഅതിനെയെടുത്തങ്ങ് മാറ്റ്.ڈ

     പാവമാണെന്ന് ചിരിച്ചുതള്ളി ഹരി മറ്റെന്തിലോ ധൃതിപ്പെട്ടു.

     ڇസ്കെല്‍ട്ടന്‍ കണ്ടില്ലേ...? എന്തെങ്കിലും സജഷന്‍?ڈ

     വിവേക് തന്‍റെ ഇരിപ്പിടത്തില്‍ സ്വസ്ഥനായി ഇരുന്ന് ഹരിയെ നോക്കി. കൈയിലെ സിഗരറ്റ് വാതിലിനപ്പുറത്തേക്ക് ഹരിയെ പിടിച്ചുവലിച്ചുകൊണ്ടിരുന്നു.

     ڇകൊഴപ്പൂല്ല, ഓഫ് ബീറ്റ് സിനിമയല്ലേ... നമ്മള്‍ക്ക് നന്നാക്കാം.ڈ

     കമ്പ്യൂട്ടറില്‍ പ്ലേ ബട്ടന് നേരെ കേഴ്സല്‍ കൊണ്ടുവച്ചപ്പോള്‍ പൂച്ച അപരിചിതനെ പോലെ വിവേകിനെ നോക്കി വാലനക്കി.

     ڇതീം മ്യൂസിക്കിനെ നമ്മള്‍ക്ക് അവസാനം വരെ ഒറ്റ പാറ്റേണില്‍ കൊണ്ടുപോകാം. നല്ല മെര്‍ജിംഗ് കിട്ടും. അതല്ലേ നല്ലത്.ڈ

     ഹരി വാതിലിന്‍റെ പാതിയില്‍ നിന്നു.

     ڇഅതാ നല്ലത്. സിംഗ് സൗണ്ടായതു കൊണ്ട് ഡാര്‍ക്ക് ഇടണ്ട. ഒന്നും കേക്കത്തില്ല.ڈ

     ڇനീ വലിച്ചിട്ടു വാ...ڈ

     ഹരി വാതിലിനപ്പുറത്തേക്ക് രക്ഷപ്പെട്ടു. പൂച്ച എഴുന്നേറ്റ് മൂരിനിവര്‍ന്ന് കീബോര്‍ഡിലൂടെ നടന്നു. സൗണ്ട് ബോക്സില്‍ പുച്ഛം മുഴങ്ങി.

     എലിയെ പിടിക്കാത്ത പൂച്ചകളെ ഓമനിച്ചു വളര്‍ത്താന്‍ തുടങ്ങിയതിന് ശേഷമാണ് അത് ഒരു വളര്‍ത്തുമൃഗമായതെന്നാണ് വിവേകിന്‍റെ വാദം. ഒരു വികാരവും ഒരു സ്നേഹവുമില്ലാത്ത, എന്നാല്‍ മനുഷ്യനില്‍ നിന്ന് എല്ലാ പ്രിവിലേജുകളും ആസ്വദിച്ച് അനുഭവിക്കുന്ന വൃത്തികെട്ട ജന്തു.

     സ്കൂളില്‍ പഠിക്കുന്ന കാലത്ത് കൂട്ടുകാരന്‍റെ വീട്ടിലെ പൂച്ച പെറ്റത് കൊതിയോടെ വിവേക് കാണാന്‍ പോയിരുന്നു. ഒരു ചൊക്കിപ്പൂച്ചയെ തനിക്ക് തരണമെന്ന് ഏല്‍പ്പിച്ചിരുന്നു. കണ്ണ് കീറിയപാടെ അതിനെയും വാങ്ങി വീട്ടില്‍ കൊണ്ടുവന്ന് അടുപ്പിന് ചുറ്റും മൂന്നുതവണ പൂച്ചയെ വലംചുറ്റി അടുപ്പിന്‍ തിണ്ണയില്‍ തന്നെ ചോറിട്ടു കൊടുത്തു. പൂച്ച ചോറ് മുഴുവന്‍ കഴിച്ചിട്ടുണ്ടെങ്കില്‍ വീടുമായി ഒടുക്കം വരെ മെരുങ്ങുമെന്നാണ് വിശ്വാസം. ഇല്ലെങ്കില്‍ പാതിക്ക് ഇറങ്ങിപ്പോകും. അങ്ങനെ ഇറങ്ങിപ്പോയവയാണ് മറ്റ് വീടുകള്‍ക്ക് ചുറ്റും അലയുന്നത്.

     ڇഎ. ആര്‍ റഹ്മാന്‍റെ ഒരു പാറ്റേണുണ്ട്. രംഗ്തെ ബസന്തിയൊക്കെ കണ്ടിട്ടില്ലേ... നമുക്കത് ഫോളോ ചെയ്യാ...ڈ

     സിഗരറ്റ് വലിക്കുന്നതിനിടെ കിട്ടിയ ഐഡിയയുമെടുത്ത് ഹരി വന്നു.

     ڇടിറ്റോ അടിക്കണ്ട. ചെയ്ഞ്ച് വേണം.ڈ 

     ڇമലയാളത്തില്‍ ഷാന്‍ റഹ്മാന്‍ നന്നായി ഉപയോഗിച്ചിട്ടുണ്ട്. തട്ടത്തിന്‍ മറയത്ത് പോലെ.ڈ

     സ്ക്രീനില്‍ സിനിമ പ്ലേയായി, കീബോര്‍ഡില്‍ ഹരിയുടെ വിരലുകളോടി.

     ڇതീയേറ്ററില്‍ ഓടിയില്ലെങ്കിലും ഫെസ്റ്റിവല്‍ കിട്ടണം.ڈ

     ഹരി കവിളിലേക്ക് കയറ്റി ഒരു ചിരി ചിരിച്ചു.

     ഇടയ്ക്ക് വിവേകിന്‍റെ ഫോണിലേക്ക് കോള്‍ വന്നു. കുറച്ചുനേരത്തേക്കുള്ള നിര്‍ദ്ദേശങ്ങള്‍ ഒന്നിച്ചു നല്‍കി അയാള്‍ പുറത്തേക്ക് പോയി. പുറത്തിരുന്നാലും സ്ക്രീന്‍ കാണുന്ന വിധത്തില്‍ കസേരയില്‍ ഇരുന്നു.

     സിനിമയെന്നു പറഞ്ഞ് കുറച്ചു ദിവസം രാത്രി വിളിച്ചു കിട്ടാത്തതിലെ മുഷിച്ചിലോടെ ശ്രീ ഫോണിന്‍റെ മറുതലയ്ക്കല്‍ മിണ്ടാതിരുന്നു. അവള്‍ മിണ്ടാതിരിക്കുന്ന ഓരോ സമയവും വിവേകിന് ഹൃദയമിടിപ്പേറും. അവളുടെ പ്രിയപ്പെട്ട പമ്മനെ ഇപ്പോള്‍ മടിയിലിരുത്തി തലോടുന്നുണ്ടാവുമെന്ന് അയാള്‍ പേടിച്ചു.

     ڇനിന്‍റെ പൂച്ചയെവിടെ?ڈ

     ڇപമ്മന്‍.ڈ

     പലയാവര്‍ത്തി അവള്‍ പറഞ്ഞതാണ് പൂച്ചയുടെ പേര്. വിവേക് ബോധപൂര്‍വം മറക്കുന്നതും. ഫെയ്സ്ബുക്കില്‍, വാട്സ്ആപ്പില്‍ പൂച്ചയെ കെട്ടിപ്പിടിച്ചുള്ള അവളുടെ ഫോട്ടോയിലേക്ക് നോക്കാന്‍ ത്രാണിയില്ലാതെ അയാള്‍ തന്‍റെ അപ്ഡേഷനു പോലും ഫോണ്‍ ഉപയോഗിക്കുന്നത് പരിമിതപ്പെടുത്തി.

     പമ്മന്‍റെ വിശേഷങ്ങള്‍ ചോദിച്ചാല്‍ ശ്രീയുടെ മൂഡ് ശരിയാകുന്നത് വിവേക് പലപ്പോഴും വേദനയോടെ അനുഭവിച്ചിട്ടുണ്ട്. 

     ڇഅവനിപ്പോ ഒരു പണിയൊപ്പിച്ചു.ڈ

     താല്‍പര്യമില്ലാഞ്ഞിട്ടും വിവേക് എന്താണെന്ന് മൂളിക്കൊടുത്തു.

     ڇഅപ്പുറത്തെ വീട്ടില്‍ നിന്ന് ഒരു മുഴുത്ത മീന്‍ കടിച്ചുകൊണ്ടുവന്ന് കറുമുറെ തിന്നുന്നു.ڈ

     വലിയൊരു കുസൃതി കണ്ടെത്തിയ പോലെ അവള്‍ ചിരിച്ചുകിതച്ചു. 

     ആവശ്യമില്ലാത്ത ഒരു സീനില്‍ ഹരി ഹാപ്പിമോഡ് സെലക്ട് ചെയ്തത് തിരുത്തിക്കൊണ്ട് വിവേക് ഉള്ളിലേക്ക് ഓടിവന്നു.

     ڇഅല്ല, ഇവിടെ ഡാര്‍ക്കാണ്. നായിക ഫോണ്‍ ചെയ്യുന്ന സമയത്ത് ഭര്‍ത്താവ് വന്ന് സംസാരിക്കുമ്പോള്‍ കേട്ടുനില്‍ക്കേണ്ടി വരുന്നത് അവളുടെ ഗതികേടാണ്.ڈ

     ഹരി മറ്റൊരു മോഡ് ക്രിയേറ്റിങ്ങിലേക്ക് നീങ്ങി.

     വിവേക് ചെവിക്കുപിടിച്ച ഫോണോടെ വീണ്ടും പുറത്തേക്കിറങ്ങി.

     ڇഫോണില്‍ സംസാരിക്കുമ്പോള്‍ മറ്റ് പണിയിലേര്‍പ്പെടുന്നത് ഡാര്‍ക്കാണെന്ന് നീയല്ലേ പറയാറ്.ڈ

     ڇഅത് ഞാന്‍ ജെസ്റ്റ് കണ്ടപ്പോള്‍ പറഞ്ഞതാ... നീയവന്‍റെ ബാക്കി കുസൃതികള്‍ പറ.ڈ

     അവള്‍ ഫോണ്‍ കട്ട് ചെയ്തു.

     ڇഭാര്യ ഫോണ്‍ ചെയ്യുമ്പോള്‍ ഭര്‍ത്താവ് വന്ന് ഷൗട്ട് ചെയ്യുന്ന ഷോവനിസമൊക്കെ വര്‍ക്കൗട്ടാകുമോ സര്‍? അതും ഇക്കാലത്ത്.ڈ

     ആ സീനില്‍ കൃത്യമായ മോഡ് ഇടാനാവാതെ കുഴയുകയാണ് ഹരി.

     ڇതീര്‍ച്ചയായും.ڈ

     തന്‍റെ സിനിമയെ കുറിച്ചുള്ള ആദ്യത്തെ വിമര്‍ശനത്തില്‍ സന്തോഷം പൂണ്ട് വിവേക് കസേര കുറച്ചുകൂടി അടുത്തേക്ക് വലിച്ചിട്ടു.

     ڇതൊഴില്‍രഹിതനായ ഭര്‍ത്താവ്. വില്ലേജോഫീസറായ നായിക ഒഫീഷ്യല്‍ കോള്‍ ചെയ്യുമ്പോള്‍ പറയുന്നതെന്താണെന്ന് നോക്ക്. ഏതോനെയാടീ കൂത്തിച്ചീ നീ വിളിക്കുന്നതെന്ന്. അത് കേട്ടപ്പോള്‍ അവളുടെ പരുങ്ങല്‍ കണ്ടോ. അതിന് കാരണമുണ്ട്.ڈ

     ڇഎന്താ കാരണം.ڈ

     ڇആ... എനിക്ക് തോന്നി. സിനിമയുടെ സ്കെല്‍ട്ടന്‍ കണ്ടാലൊന്നും നിനക്ക് മനസ്സിലാവില്ല.ڈ

     കീബോര്‍ഡില്‍ നിന്ന് വിരലുകളെടുത്ത് ഹരി താടിക്ക് കൈകൊടുത്ത് വിവേകിനെ തിരിഞ്ഞുനോക്കി.

     ڇനിലയില്‍ താണ കലക്ടറായാലും വീട്ടിലെ നായര് തല്ലും മോനേ...ڈ

     രാത്രി മടങ്ങാന്നേരം ശ്രീയുടെ അഞ്ചാമത്തെ കോള്‍ കാറിന്‍റെ ബ്ലൂടൂത്തിലിട്ട് വിവേക് അറ്റന്‍റ് ചെയ്തു. പന്ത്രണ്ട് മണിയായിട്ടും ഉറങ്ങാത്ത കാത്തിരിപ്പില്‍ ഏകാന്തമായ ഒരിടത്ത് ഒറ്റക്ക് പെയ്യുന്ന മഴ പോലെ വിവേക് നനഞ്ഞു. അവളുടെ കുളിരൊച്ചയുടെ കണങ്കാലില്‍ പമ്മന്‍ പതുങ്ങിപ്പതുങ്ങി വന്ന് ഇക്കിളിപ്പെടുത്തുന്നതായി അവളറിയിച്ചപ്പോള്‍ മഴ തോര്‍ന്നു.

     വിവേക് ഫോണ്‍ കട്ട് ചെയ്തു.

     കാര്‍ വീട്ടിലേക്ക് കയറ്റി. ചെടികള്‍ക്കിടയില്‍ കണ്ണുളിയന്മാര്‍ വിവേകിനെ നോക്കിപേടിപ്പിച്ചു. അകത്തേക്ക് കയറാന്‍ പഴുതു കിട്ടാതെ പൂച്ചകള്‍ മുറ്റത്തൂടെ പരക്കം പാഞ്ഞു.

     കോളിംഗ് ബെല്ലിന്‍റെ തുമ്പത്ത് താര ഉറക്കച്ചടവോടെ വാതില്‍ തുറന്നുവച്ച് പോയി കിടന്നു. കുളി കഴിഞ്ഞ് ഊണുകഴിക്കാനായപ്പോള്‍ എഴുന്നേറ്റ് വന്ന് വിളമ്പി കിടന്നു. കഴിച്ചു കഴിയാറായപ്പോള്‍ വെള്ളം തരാനായി എഴുന്നേറ്റ് വന്നുകിടന്നു. പാത്രം എടുത്തുവയ്ക്കുകയോ കഴുകിവയ്ക്കുകയോ ചെയ്യാനായി അവള്‍ വീണ്ടും എഴുന്നേറ്റു വന്നു കിടന്നു. നാലു തവണത്തെ എഴുന്നേറ്റവും കിടത്തവും നശിപ്പിച്ച സ്വാസ്ഥ്യത്തില്‍ ഉറക്കത്തെ കാത്തിരുന്ന് വിവേക് ഉമ്മറത്ത് ചാരുകസേരയിലിരുന്ന് ശ്രീ അയച്ച വാട്സ്ആപ്പ് ഫോട്ടോകളില്‍ മുഖം കുനിച്ചു. അവളുടെ മാറില്‍ സുഖിച്ചുറങ്ങുന്ന പമ്മനെ കണ്ടപ്പോള്‍ വിവേകിന്‍റെ ഞരമ്പുപൊട്ടി. വിറപിടിച്ച വിരലുകള്‍ കൊണ്ട് അയാള്‍ തോന്നിയതൊക്കെ ടൈപ്പ് ചെയ്തയച്ചു. അവള്‍ കാണുന്നതിന് മുന്നേ ഡിലീറ്റ് ചെയ്തു.

     തന്‍റെ ഇഷ്ടങ്ങളുടെ സ്വാതന്ത്ര്യത്തില്‍പ്പെട്ട ഒന്നാണ് നീയും എന്ന് തിരിച്ചൊരു മെസേജ് വായിക്കാന്‍ ശക്തിയില്ലാതെ, മറ്റൊരു രീതിയിലും പ്രതികാരം ചെയ്യാനാവാതെ അയാള്‍ എഴുന്നേറ്റ് മുറിയിലേക്ക് പോയി താരയോട് ചേര്‍ന്നുകിടന്നു. ഉറങ്ങിയ അവളുടെ ഉടലിലേക്ക് ടൈപ്പ് ചെയ്തയച്ചു.

     നടപ്പുശീലം കെട്ട പാതയോരം പോലെ താരയുടെ ശരീരത്തിലെ വിവിധ വഴികള്‍ കാടുമൂടി അടഞ്ഞുകിടക്കുന്നു.

     കാമസുഗന്ധിയായ ഇണയെ പ്രാപിക്കാന്‍ പൂച്ചകള്‍ മുറ്റത്ത് യുദ്ധം ആരംഭിച്ചു. പൂച്ചകള്‍ ഇഷ്ടപ്പെട്ട ഇണയെ നേടുന്നതുവരെ യുദ്ധം ചെയ്യും. അതിനിടെ മുറിവേല്‍ക്കുന്നതല്ല, പിന്മാറുന്നതാണ് തോല്‍വിയെന്ന് തിരിച്ചറിഞ്ഞവര്‍ പുലരുവോളം നിര്‍ത്താതെ അലറിക്കൊണ്ടിരിക്കുന്നത് കേട്ട് വിവേകിന്‍റെ ഉറക്കം കെട്ടു.

     രാവിലെ അരമതിലില്‍ പാതിയുറക്കത്തില്‍ ചടഞ്ഞുകൂനിയിരിക്കുന്ന അവനെ കണ്ടപ്പോള്‍ വിവേകിന്‍റെ പത്രവായനയും കൂടെയുള്ള ചായയും മുടങ്ങി. ആഹാരം പോലും തേടാതെ അടുത്ത അവസരത്തിലേക്കുള്ള തപസ്സാണവന്‍റെ. വികാരങ്ങളെ ഉള്ളിലൊതുക്കി വച്ച്, ജാഗ്രതയുള്ള കണ്ണുകള്‍ ഇടയ്ക്കിടെ വീട്ടിനുള്ളിലേക്ക് നുഴഞ്ഞുകയറ്റി അവന്‍ ഇരിപ്പ് തുടര്‍ന്നു.

     ശ്രീയോട് നല്ല രീതിയില്‍ സംസാരിച്ചിട്ട് നാളുകളായെന്ന് വിവേക് ഓര്‍ത്തെടുത്തു. പുതുക്കിക്കൊണ്ടിരിക്കാത്ത സ്വപ്നങ്ങള്‍ എളുപ്പം ജപ്തി ചെയ്യപ്പെടുമെന്ന് അയാള്‍ പേടിച്ചു.

     ഫോണില്‍ ശ്രീയുടെ വോയിസ് മെസേജ് നിറഞ്ഞുകിടക്കുന്നു. ചെവിയോട് ചേര്‍ത്തുവച്ചപ്പോള്‍ ധൃതിപിടിച്ചുള്ള അവളുടെ പറച്ചില്‍ കേട്ടു.

     ڇപമ്മനെ രാവിലെ വണ്ടിയിടിച്ചു. സീരിയസ്സാണ്.ڈ

     കൂറ്റനൊരു ലോറി റോഡിലൂടെ ഇരമ്പി പാഞ്ഞിട്ടും അരമതിലിലെ പൂച്ച അനങ്ങിയില്ല.

     നല്ല ഒരു മനുഷ്യനെ എളുപ്പം മോശപ്പെട്ടവനാക്കുന്ന നിയമമാണ് പ്രേമമെന്ന് തിരിച്ചറിഞ്ഞിട്ടും അതിലൊട്ടും ആകുലപ്പെടാതെ വിവേക് സ്റ്റുഡിയോയിലേക്ക് പോയി.

     ഉച്ചയായിട്ടും രാവിലത്തെ മെസേജിന് ഒരു മറുപടിയും കിട്ടാതെ വിവേകിനെ വിളിച്ച് ശ്രീ പ്രകോപിതയായി.

     ڇഎന്‍റെ സങ്കടത്തില്‍ നിനക്ക് ഒരു റോളും ഇല്ലേ?ڈ

     നായിക വീടിറങ്ങി നടന്നുപോകുന്ന ലോംഗ് ഷോട്ട്. അതുകണ്ട് ഞെട്ടിനില്‍ക്കുന്ന ഭര്‍ത്താവ്. മോഡ് ചേര്‍ക്കാന്‍ മറന്നുകൊണ്ട് വിഷമിച്ചിരിക്കുകയായിരുന്നു ഹരി.

     ڇഞെട്ടുമ്പോള്‍ അമിട്ടുപൊട്ടുന്ന സാധനൊന്നും ഇട്ടേക്കല്ലേ,ڈ വിവേക് അട്ടഹസിച്ചു.

     ശ്രീയുടെ വോയ്സ് വന്നു.

     ڇഎനിക്കിവനെ കണ്ടുനില്‍ക്കാനാവുന്നില്ല. കാലിലൂടെ ടയര്‍ കറങ്ങിയിറങ്ങിയിട്ടുണ്ട്. അതും വലിച്ചോണ്ടു പോകുമ്പോള്‍ അവന്‍ എന്നെയൊരു നോട്ടം നോക്കി.ڈ

     മൊബൈലില്‍ കണ്ണുകള്‍ പുറത്തേക്ക് തള്ളിയുള്ള ഞെട്ടലിന്‍റെ സിമ്പല്‍ ഇടേണ്ട പണിയെ ഉണ്ടായിരുന്നുള്ളൂ. രാവിലെ അത് ചെയ്യാത്തതിലുള്ള കച്ചറ വിവേകിനെ ബാധിച്ചു. പകരമായി പറയേണ്ട അനവധി വാക്കുകള്‍ക്കും സമയങ്ങള്‍ക്കും ഇടയില്‍പ്പെട്ട് വിവേക് കുറെനേരം നിശബ്ദമായപ്പോള്‍ ശ്രീ ഫോണ്‍ കട്ട് ചെയ്തു.

     ഉച്ചയൂണിന് ഹരിയോടൊത്ത് പുറത്തിറങ്ങിയപ്പോള്‍ ശ്രീ വീണ്ടും വിളിച്ചു.

     ڇവാട്സ്ആപ്പില്‍ ഒരു പ്രിസ്ക്രിപ്ഷന്‍ അയച്ചിട്ടുണ്ട്. മരുന്ന് ഇവിടെ കിട്ടാത്തതുകൊണ്ടാ. അവിടന്ന് വാങ്ങി ഒരു ബസ്സിന് കൊടുത്തുവിടാമോ.ڈ

     അതെങ്കിലും ചെയ്തേക്കാമെന്ന് വിവേകിന് തോന്നി.

     മുഖത്തെ മ്ലാനത കണ്ട് എന്തുപറ്റിയെന്ന് ഹരി ചോദിച്ചു. ഒരു സുഹൃത്ത് ഹോസ്പിറ്റലിലുണ്ട് മരുന്ന് വാങ്ങി കൊടുത്തുവിടണമെന്ന് പറഞ്ഞപ്പോള്‍ ഹരിയുടെ മുഖത്തേക്കും ആതുരത പകര്‍ന്നു.

     കാര്‍ നിര്‍ത്തി അവന്‍ കാണാത്ത വിധത്തില്‍ വെറ്ററിനറി മെഡിക്കല്‍ ഷോപ്പിലേക്ക് കയറി സര്‍ജിക്കല്‍ പിന്നും ആവശ്യപ്പെട്ട മരുന്നുകളും വാങ്ങി വരുന്നതിനിടെ വളംകടയില്‍ കയറി കുറച്ച് ഫ്യൂരഡാനും വാങ്ങി.

     ഫ്യൂരഡാന്‍ പൊതിഞ്ഞുതന്ന പയ്യന്‍ അനാവശ്യമായി തന്നെ നോക്കുന്നതെന്തിനെന്ന് വിവേക് ഓര്‍ത്തു.

     മരുന്ന് ബസ്സിന് കൊടുത്തുവിട്ട് കാറില്‍ ഉച്ചക്ക് സ്ഥിരമായി കഴിക്കുന്ന ഹോട്ടലിലേക്ക് പോയി.

     കീശയില്‍ ഫ്യൂരഡാന്‍ പൊതി മുഴച്ചു നിന്നു.

     പമ്മന്‍റെ ദുരന്തവും ആരോഗ്യത്തിലേക്കുള്ള തിരിച്ചുവരവിനും എടുക്കുന്ന കാലയളവു വരെ ശ്രീയുടെ മാനസികാവസ്ഥ ഏതുവിധമായിരിക്കുമെന്നും അതിനെ എങ്ങനെ ഫോളോ ചെയ്യണമെന്നും വിചാരിച്ച് വിവേകിന് ചോറിറങ്ങിയില്ല. പച്ചച്ചോറില്‍ കൈകുത്തിയിരിക്കുന്നത് കണ്ട് ഹരി ചോദിച്ചു.

     ڇഏതാ സുഹൃത്ത്? സീരിയസ്സാണോ...?ڈ

     ڇലേശം.ڈ

     ڇഎങ്കില്‍ ബസ്സിന് കൊടുത്തുവിടാതെ കാറിന് കൊണ്ടുപോയി കൊടുക്കാരുന്നു.ڈ

     അങ്ങനെ ചെയ്യുമെന്ന് ശ്രീ കരുതിയിട്ടുണ്ടാകുമോ? ഉണ്ടെങ്കില്‍ ബസ്സിന് കൊടുത്തുവിട്ടത് തന്‍റെ ഉള്ളിലിരിപ്പാണെന്ന് അവള്‍ എപ്പോഴെങ്കിലും വിമര്‍ശിക്കും.

     ഉച്ചക്ക് ശേഷം സ്റ്റുഡിയോയിലേക്ക് പോകാതെ വിവേക് വീട്ടിലേക്ക് തിരിച്ചു. അരമതിലില്‍ ആരുമില്ല. അടുക്കളയില്‍ കയറി പഴയൊരു പാത്രം തിരയുന്നതിനിടെ ശബ്ദം കേട്ട് താര എത്തിനോക്കി. ഉടന്‍ തിരിച്ചുപോയി.

     ഫ്യൂരഡാന്‍റെ മൂല മുറിച്ചു. മൂക്കിലേക്ക് ഗന്ധം ഇരച്ചുകയറി. ചോറില്‍ മീങ്കറി ഒഴിച്ച് കുഴച്ച് വിവേക് അരമതിലിന് മുകളില്‍ കൊണ്ടുവച്ച് ഉമ്മറത്തെ പത്രത്താളുകള്‍ക്കിടയില്‍ പതുങ്ങിയിരുന്നു.

     രാത്രിയില്‍ ശ്രീ തളര്‍ന്നുതളര്‍ന്നു വന്ന് കഥ പറഞ്ഞു. രാവിലെ പമ്മനെ അടുത്തുള്ള വെറ്ററിനറി ഹോസ്പിറ്റലിലേക്ക് എടുത്തോടിയതും ഓപ്പറേഷനായി ജില്ലാ വെറ്ററിനറി ഹോസ്പിറ്റലിലേക്ക് പോയതും കണ്ടുനില്‍ക്കാനാവാതെ കുഴഞ്ഞുവീണതുമൊക്കെ ഏറെ സമയമെടുത്ത് അവള്‍ പറഞ്ഞ് പൂര്‍ത്തിയാക്കി.

     ڇസമയത്തിന് മരുന്നെത്തിച്ചത് നന്നായി. നീ ഇല്ലായിരുന്നെങ്കില്‍...ڈ

     വിവേകിന്‍റെ മനസ്സ് കുളിര്‍ത്തു

     അവന്‍ ശ്രീയെ നെഞ്ചിലേക്ക് ചേര്‍ത്തുപിടിച്ച് ആശ്വസിപ്പിച്ചു.

     നമ്മളെ പമ്മന് ഒന്നും സംഭവിക്കില്ല.

     അരമതിലില്‍ ഒരുക്കിയ ഭക്ഷണം കഴിച്ച്, താഴേക്ക് കുഴഞ്ഞുവീണ്, ചുമരിലും മരത്തിലുമിടിച്ച്, എവിടെയെങ്കിലും പോയി ഛര്‍ദ്ദിച്ചുമരിക്കുന്ന പൂച്ചകളെ സ്വപ്നം കണ്ട് വിവേക് സമാധാനത്തോടെ ഉറങ്ങി.

     അടുക്കളയില്‍ പാത്രങ്ങളുടെ ഒരു ശബ്ദവും കേള്‍ക്കാതെ വിവേക് വൈകി എഴുന്നേറ്റു. ടോയ്ലറ്റില്‍ പോയി വരുമ്പോഴേക്കും കൂടാരം തീര്‍ക്കാത്ത പത്രമെടുത്ത് നിവര്‍ത്തി. കൂടെ കിട്ടാത്ത ചായയിലേക്ക് വിവേക് തിരിഞ്ഞുനോക്കി.

     വാട്സ്ആപ്പില്‍ ശ്രീ അയച്ച മെസേജും ഇമേജും വന്നുകിടക്കുന്നു.

     ڇപമ്മന്‍ പോയി.ڈ

     കരഞ്ഞുകലങ്ങിയ അവളുടെ മുഖവും.

     നോക്കിനോക്കി നില്‍ക്കെ വിവേക് വലിയൊരു കുഴിയിലേക്ക് വീഴുന്നു.

     ശ്രീ അയച്ച സെല്‍ഫിയിലേക്ക് വിവേക് നോക്കി.

     താന്‍ മരിച്ചുകഴിഞ്ഞാല്‍ ഇത്രയും കരഞ്ഞുവീര്‍ക്കാന്‍ സാധ്യതയില്ലാത്ത അവളുടെ കണ്ണുകളോട് വിവേകിന് വെറുപ്പ് തോന്നി.

     വിവേക് അരമതിലിലേക്ക് നോക്കി. ഇന്നലെ വച്ച ഭക്ഷണം അതുപോലെ ഇരിക്കുന്നു.


Share:

ചോമാ മാധവി -- ജയചന്ദ്രന്‍ തോന്നയ്ക്കല്‍

കവിത

ചോമാ മാധവി


ജയചന്ദ്രന്‍ തോന്നയ്ക്കല്‍

ചന്ദ്രികയല്ലതുപൗര്‍ണമിയല്ല

ചന്ദ്രിക പെയ്തു കുളിര്‍കോരുന്നവള്‍

കണ്ണാല്‍ കയ്യാലധരപുടത്താല്‍

കവിളാല്‍ മിന്നും മുല്ലപ്പല്ലാല്‍


ലാസ്യച്ചിറകുവിടര്‍ത്തിയിറങ്ങി

മേദിനിമേദുരമഴകില്‍മുങ്ങി

ആരിവളപ്സരകന്യകളന്തം

വിട്ടുരിയാടാതന്ധാളിക്കെ


പോയചെറുപ്പവസന്തംതിരിയെ

കിട്ടാന്‍വൃദ്ധതമുകതകൊള്‍കേ

എന്തു നിശ്ശബ്ദത! നിര്‍വൃതികൊണ്ടവര്‍

മാനവജന്തുചരാചരമഖിലം.


പെട്ടെന്നാണാരാഹുവിഴുങ്ങിചന്ദ്ര-

ക്കലയെ. വിളക്കുകരിന്തിരി

ലാസ്യം ശോകം. അപശബ്ദങ്ങളില്‍

മുങ്ങീസംഗീതത്തിന്‍തേനുംവീഞ്ഞും.


തറവാടില്‍ത്തടിമൂത്തൊരു

കാര്‍ണോരത്രേകേറിയരങ്ങില്‍

നര്‍ത്തകമണിയെകയ്ക്കുപിടിച്ചു

ക്രോധജ്ജ്വാലകളാവേശിക്കെ


വലിച്ചുമിഴച്ചുംതെറിയാല്‍വസ്ത്രാ

ക്ഷേപംചെയ്തുംഇരുളിന്‍പാറകള്‍

തട്ടിയുടച്ചുനടന്നുടനെത്തീതന്നുടെ

തറവാട്ടറയില്‍മറിച്ചൂപെണ്ണിനെ!


പെണ്ണുപിറന്നാല്‍പ്പോലുംപിശകാ-

മെന്നാല്‍ ڇതേവിടിയാട്ടംڈ ആരുപൊറുക്കും?

കാര്‍ണോര്‍ക്കത്രേയാളുകള്‍തുണയായ്

ദാസ്യാട്ടത്തിനുപെണ്ണുതുനിഞ്ഞാല്‍

പറയാനുണ്ടോപതനം? പണ്ടേ

പലരുംചൊല്ലിയറിഞ്ഞതുസത്യം.


ആരുതുണയ്ക്കാനബലയെ? യവളാ-

ത്തറവാട്ടറയില്‍ത്തന്‍വിധിനോക്കി

മുഖാമുഖമെത്രകരഞ്ഞൂ തന്‍കല

തന്നിലലിഞ്ഞൂമറന്നൂതന്നെത്തന്നെ.


അമൃതുഭുജിച്ചവളമൃതുതുളിച്ചവ

ളനവധിമനസ്സുകളാറാടിച്ചവള്‍

ഉടനേകെട്ടില്ലുണ്മയെനോക്കി

പിന്നെപ്പിന്നെവാടിയണഞ്ഞു.


അന്നാവഴിയേപോയവര്‍കേട്ടൂ

മോഹിനിയാട്ടം താളംകൊട്ടി

ച്ചുവടുകള്‍വച്ചിട്ടാടുംകലയുടെ

അപ്സരചലനം അവശം പിന്നെ.


പിന്നെപ്പിന്നെച്ചൊല്ലുകള്‍കേട്ടു

ഭ്രാന്താണത്രേ. കുലദ്രോഹത്തിന്‍ വിധിയാണത്രേ. നര്‍ത്തകി

യങ്ങനെയിന്നുചരിത്രം.


ചോമാമാധവിമാരേമാപ്പ്

മോഹനമല്ലാതാക്കിചരിത്രം

മോശംചിലരുടെയജ്ഞതയെന്നാ-

ലവരുടെമണ്ണാലത്രേനിന്‍തിരുപ്രതിമ.

Share:

കോവിഡാനന്തര വിദ്യാഭ്യാസം - തകര്‍ച്ചയും, സാധ്യതകളും -- പ്രൊഫ. അമൃത് ജി. കുമാര്‍

 ലേഖനം: 




രാവിലെ ഏഴു മണിയോടു കൂടി പ്രധാനപ്പെട്ട റോഡുകളിലൂടെ തലങ്ങും വിലങ്ങും പായുന്ന സ്കൂള്‍ ബസ്സുകളും, ലൈന്‍ ബസ്സിലെ കണ്ടക്ടറുടെയും കിളിയുടെയും പരുഷമായ കുത്തുവാക്കുകള്‍ ചേമ്പിലയിലെ വെള്ളം പോലെ ഒഴുക്കിക്കളഞ്ഞു യാത്രയുടെ ഓരോ നിമിഷവും ആസ്വദിക്കുന്ന വിദ്യാര്‍ത്ഥികളും ഒക്കെ ഓര്‍മയായിട്ട് ഏതാണ്ട് പത്തു മാസത്തോളം ആകുന്നു. സ്കൂള്‍ മണികള്‍ ശബ്ദം മറന്നിട്ടുണ്ടാവുമോ? സ്കൂള്‍ - കോളെജ് കാമ്പസുകള്‍ ശബ്ദത്തിന്‍റെ ശവക്കോട്ടകളായി മാറിയിരിക്കുന്നു. ഇത്തരത്തില്‍ നമ്മുടെ വിദ്യാഭ്യാസത്തെ അടയാളപ്പെടുത്തുന്ന കാഴ്ചകള്‍, ശബ്ദങ്ങള്‍ എന്നിവയെല്ലാം കോവിഡാനന്തര കാലഘട്ടത്തില്‍ എന്തു തരത്തിലുള്ള മാറ്റങ്ങള്‍ക്കാണ് വിധേയമാകാന്‍ പോകുന്നത്?

     വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അറിവിന്‍റെ വാതായനം എന്നതില്‍ നിന്ന് തൊഴിലിന്‍റെ വാതായനം എന്നതിലേക്കുള്ള പരിവര്‍ത്തനം ഇപ്പോള്‍ തന്നെ സംഭവിച്ചു കഴിഞ്ഞിട്ടുണ്ടല്ലോ. ദേശീയ വിദ്യാഭ്യാസ നയം ഇത്തരത്തിലൊരു പരിവര്‍ത്തനത്തിന്‍റെ അനിവാര്യതയെ അടിവരയിടുന്നുണ്ട്. വലിയൊരളവുവരെ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ക്ക് ഒരു രാസത്വരകം എന്ന രീതിയില്‍ മാത്രമായിട്ടാണ് കോവിഡ് മഹാമാരിയെ കാണേണ്ടത്. കോവിഡിനു മുമ്പ് പച്ചപരിഷ്കാരമായി മുദ്രകുത്തപ്പെട്ടിരുന്ന പല കാര്യങ്ങളും കോവിഡാനന്തര വിദ്യാഭ്യാസത്തില്‍ ഒരുപക്ഷെ അനിവാര്യതയായി മാറിയേക്കാം. ഉദാഹരണമായി പഠന സമയങ്ങളില്‍ മൊബൈല്‍ ഫോണിന്‍റെ ഉപയോഗം കോവിഡ് പൂര്‍വ കാലഘട്ടത്തില്‍ അധ്യാപകരെ ചൊടിപ്പിക്കുന്ന കാര്യം ആയിരുന്നുവെങ്കില്‍ കോവിഡ് കാലഘട്ടം ഈ അസ്പര്‍ശ്യതയെ  ഇല്ലാതാക്കിയിരിക്കുന്നു. കോവിഡാനന്തര കാലഘട്ടത്തിലും മൊബൈല്‍ അല്ലെങ്കില്‍ ഡിജിറ്റല്‍ പഠനസഹായികളെ നിഷേധിക്കുക അസാധ്യമായി മാറും.

     അതുപോലെ തന്നെ പരീക്ഷാ സമയങ്ങളില്‍ പുസ്തകം നോക്കി എഴുതുന്നത് കോപ്പി അടിക്കുക എന്ന അനാശാസ്യം ആയി കണക്കാക്കിയിരുന്നതില്‍ നിന്ന് തുറന്ന പരീക്ഷാ സമ്പ്രദായവും മറ്റും വിദ്യാഭ്യാസത്തിന്‍റെ ദൈനംദിന പ്രവൃത്തിയുടെ ഭാഗമായി മാറും. അപ്രതിരോധ്യമായ രീതിയില്‍ ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെ കടന്നുകയറ്റം വിദ്യാഭ്യാസത്തില്‍ കോവിഡാനന്തര കാലഘട്ടത്തില്‍ ഉണ്ടാകും. ഒരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ കോവിഡാനന്തരം വിദ്യാഭ്യാസരംഗം ഒരു ഡിജിറ്റല്‍ കോളനിയായി മാറും. അതുകൊണ്ടു തന്നെ കാര്യങ്ങള്‍ പഠിച്ചിട്ടു വിശകലനം ചെയ്യുക, വിമര്‍ശനാത്മകമായി സമീപിക്കുക തുടങ്ങിയ വൈജ്ഞാനിക ശേഷികളെക്കാള്‍ കൂടുതല്‍ അറിവിനെ ഡിജിറ്റല്‍ ഉപകരണങ്ങളുടെ സഹായത്തോടുകൂടി കണ്ടെത്തുക (ഹീരമശേിഴ സിീംഹലറഴല) എന്നുള്ളത് സുപ്രധാനമായിട്ടുള്ള ഒരു ശേഷിയായി മാറും. ഇത്തരത്തില്‍ സൂക്ഷ്മതലത്തില്‍ ഉള്ള പല മാറ്റങ്ങളും ഉണ്ടാകാന്‍ സാധ്യതയുണ്ട് എങ്കിലും സാമാന്യമായി ഉണ്ടാവാന്‍ സാധ്യതയുള്ള മാറ്റങ്ങളെ നാം മുന്‍കൂട്ടി കാണേണ്ടതുണ്ട്.


എല്ലാവരും ഹാജരാണ്:

     സര്‍വകലാശാലകളുടെ ഏറ്റവും പ്രധാനപ്പെട്ട വരുമാന മാര്‍ഗങ്ങളിലൊന്നാണ് നിര്‍ദ്ദിഷ്ട ഹാജര്‍ ഇല്ലാത്ത വിദ്യാര്‍ത്ഥികളുടെ കൈകളില്‍ നിന്നും ഈടാക്കുന്ന കണ്ടോണെഷന്‍ (ഇീിറീിമശേീി) ഫീസ്. രാഷ്ട്രീയ പ്രവര്‍ത്തനം, ശാരീരിക ബുദ്ധിമുട്ടുകള്‍, ജോലി ചെയ്ത് പഠിക്കേണ്ടി വരുന്നവര്‍, വിവാഹം എന്നിങ്ങനെ  പല കാരണങ്ങളാല്‍ ഉന്നതവിദ്യാഭ്യാസ രംഗത്ത് വിദ്യാര്‍ത്ഥികള്‍ക്ക് അറ്റന്‍ഡന്‍സ് കുറവ് ഉണ്ടാവാറുണ്ട്.  എന്നാല്‍ കോവിഡാനന്തര കാലഘട്ടത്തില്‍ ഭൗതികമായ അറ്റന്‍ഡന്‍സിനു ബദലായി ഓണ്‍ലൈന്‍ അറ്റന്‍ഡന്‍സ് എന്ന ആശയം ഒരു ഭരണഘടനാപരമായ അവകാശമായി പോലും വിശദീകരിക്കപ്പെട്ടാല്‍ അത്ഭുതപ്പെടാനില്ല. എല്ലാ അധ്യാപകരും തങ്ങളുടെ റെഗുലര്‍ ക്ലാസ്സ് മുറികളില്‍ ഒരു ഗൂഗിള്‍ മീറ്റ് ആപ്ലിക്കേഷന്‍/മൈക്രോസോഫ്റ്റ് ടീം സ്ഥിരമായി ഓണ്‍ ചെയ്ത് വയ്ക്കേണ്ടത് ഒരു കസ്റ്റമര്‍ കെയര്‍ പ്രാക്ടീസ് ആയി മാറാനുള്ള സാധ്യതയാണ് കാണുന്നത്. സ്ഥാപനങ്ങള്‍ പരസ്യം ചെയ്യാന്‍ പോകുന്ന ഒരു പ്രധാനപ്പെട്ട ഘടകം ആയി ഇതു മാറും. ഭൗതിക അറ്റന്‍ഡന്‍സ് ഇല്ലാത്തതിന്‍റെ പേരില്‍ പരീക്ഷ എഴുതാന്‍ സാധിക്കാത്തത് വിദ്യാഭ്യാസ അവകാശ ലംഘനം ആയി തന്നെ വ്യാഖ്യാനിക്കപ്പെടുന്ന അവസ്ഥയിലേക്ക് കോടതികള്‍ പോലും എത്തിച്ചേരാനുള്ള സാധ്യത നിലനില്‍ക്കുന്നു. ഇത്തരത്തില്‍ സാങ്കേതികവിദ്യ വിദ്യാഭ്യാസത്തിന്‍റെ ഭൗതികവും സാമൂഹികവുമായ തലങ്ങളെ പൂര്‍ണമായും അരികുവല്‍ക്കരിക്കുന്ന ദുരവസ്ഥയിലേക്ക് എത്തിച്ചേര്‍ന്നിട്ടുണ്ട്. 

     ഇതിന് വളരെ പ്രധാനപ്പെട്ട ചില ഗുണങ്ങളുണ്ട് എങ്കില്‍ കൂടിയും ഇതിന്‍റെ ദുരുപയോഗം നമ്മുടെ വിദ്യാഭ്യാസത്തിന്‍റെ ഗുണനിലവാരത്തെ കാര്യമായി സ്വാധീനിക്കുന്ന ഒരു അവസ്ഥ സംജാതമാക്കും. വളരെ ദുര്‍ബലമായ പരീക്ഷാ സമ്പ്രദായവും പരീക്ഷ എഴുതുന്നവര്‍ എല്ലാവരും തന്നെ 70 ശതമാനത്തിലധികം മാര്‍ക്കും വാങ്ങുന്ന കാഴ്ചയാണ് സ്കൂള്‍ തലം മുതല്‍ കോളെജ് തലം വരെ നാമിപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്. അതുകൊണ്ടു തന്നെ പഠനത്തെ മുഖ്യ അജണ്ടയല്ലാതെ കണക്കാക്കുന്ന വലിയ ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് കുറ്റബോധമില്ലാതെ അക്കാദമിക സാഹചര്യങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുന്നതിനുള്ള അവസരം സൃഷ്ടിക്കപ്പെടുന്നു. പ്രൈവറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇത്തരത്തില്‍ വിദ്യാര്‍ത്ഥികളുടെ നിര്‍ബന്ധിത അറ്റന്‍ഡന്‍സ് പരിപൂര്‍ണമായി പ്രോത്സാഹിപ്പിച്ചു കൊള്ളണമെന്നില്ല. കാരണം റെഗുലര്‍ ആയി വിദ്യാര്‍ത്ഥികള്‍ കോളെജുകളില്‍ എത്തിച്ചേരുന്നത് സ്ഥാപനത്തിന്‍റെ ദൈനംദിന ചെലവുകള്‍ വര്‍ദ്ധിപ്പിക്കും എന്നുള്ളത് കൊണ്ട് തന്നെ ഒരു കച്ചവടപരമായ നേട്ടം ഇത്തരത്തില്‍ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കാണാനിടയുണ്ട്. 

     ജോലി എടുത്തുകൊണ്ട് പഠിക്കുക എന്ന ആശയം കാണാമറയത്ത് ഇരുന്നുകൊണ്ട് ഒരു ശക്തമായ തൊഴില്‍ വിപണി നമ്മുടെ മുമ്പിലേക്ക് വച്ചുനീട്ടുന്നു. ഇത്തരത്തില്‍ ഒരു വിഭാഗം യുവജനതയെ (സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന) പഠിച്ചുകൊണ്ട് ജോലി എടുക്കുന്നതിന് ലഭ്യമാകുന്നത് വഴി തൊഴില്‍ വിപണിയിലെ തൊഴിലാളികളുടെ അധിക ലഭ്യതയും ആരിലൊക്കെയോ ലാഭ പ്രതീക്ഷകള്‍ ഉണര്‍ത്തുന്നുണ്ട്.

     ട്രാജഡി ഓഫ് കോമണ്‍സിന്‍റെ ഏറ്റവും വലിയ ഉദാഹരണമായി ഭാവിയില്‍ ഇത്തരം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മാറാനുള്ള സാധ്യതയാണ് കാണുന്നത്. എല്ലാ വിദ്യാര്‍ത്ഥികളും ചിന്തിക്കുക ഞാന്‍ സ്ഥിരമായി കോളെജില്‍ പോയിട്ട് എന്താ കാര്യം മറ്റുള്ളവര്‍ ആരും വരുന്നില്ലല്ലോ എന്നുള്ളതാണ്. ഞാന്‍ മാത്രം പോയിട്ടെന്താ മറ്റുള്ളവര്‍ ആരും വരില്ല എന്നുള്ളതുകൊണ്ട് ഞാനും പോകേണ്ട ആവശ്യമില്ല എന്നുള്ളതിലേക്ക് വിദ്യാര്‍ത്ഥികള്‍ എത്തിച്ചേരും. ഇത് വിദ്യാഭ്യാസത്തെ വിദ്യാര്‍ത്ഥികളുടെ സെക്കന്‍ഡറി പരിഗണന മാത്രം ആവശ്യമുള്ള ഒരു പ്രവര്‍ത്തിയാക്കി ചുരുക്കും. 

     വിദ്യാഭ്യാസത്തെ ആസ്വാദ്യകരമായ ഒരു സാമൂഹ്യ പ്രക്രിയ ആക്കി മാറ്റുകയല്ലാതെ ഈ വെല്ലുവിളിയെ നേരിടാന്‍ വലിയ ബുദ്ധിമുട്ടായിരിക്കും. കാരണം സാമൂഹ്യ ബന്ധങ്ങളും സാമൂഹ്യ ഇടപെടലുകളും പോലെ ഒരു മനുഷ്യനെ ഒരു സമ്പ്രദായത്തില്‍ കൊരുത്തിടാന്‍ പറ്റിയ വേറെ മാര്‍ഗങ്ങള്‍ ഒന്നും തന്നെ ഇല്ല. നിശ്ശബ്ദതയാണ് ഒരു ഗുണനിലവാരമുള്ള ക്ലാസ്സ് മുറിയുടെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷത എന്നതില്‍ നിന്ന് സാമൂഹികതയുടെ ആസ്വാദ്യത വിദ്യാഭ്യാസ ഗുണനിലവാരത്തെ ഏറ്റവും പ്രധാനപ്പെട്ട സൂചികയായി മാറേണ്ടതുണ്ട്. അതുകൊണ്ടു തന്നെ ചുരുങ്ങിപ്പോകുന്ന വ്യക്തി എന്നതില്‍ നിന്നും വളരുന്ന സമൂഹമെന്ന ആശയത്തെ ഊന്നിക്കൊണ്ടുള്ള ഒരു തത്ത്വചിന്ത കോവിഡാനന്തര കാലഘട്ടത്തില്‍  പൊതുസമൂഹത്തില്‍ ശക്തിപ്പെടുത്തേണ്ട വിത്തുകള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നാണ് വിതയ്ക്കപ്പെടേണ്ടത്.


ടീച്ചിങ് എക്സിക്യൂട്ടീവുകള്‍:

     ഉന്നത വിദ്യാഭ്യാസരംഗത്ത് നടപ്പാക്കപ്പെട്ടു കൊണ്ടിരിക്കുന്ന ചോയ്സ് ബേസ്ഡ് ക്രെഡിറ്റ് ആന്‍റ് സെമസ്റ്റര്‍ അതിന്‍റെ യഥാര്‍ത്ഥ അര്‍ത്ഥത്തില്‍ നടപ്പാക്കുകയാണെങ്കില്‍ ഓരോ വര്‍ഷവും അധ്യാപകര്‍ക്ക് കോഴ്സുകളുടെ സിലബസ് (പുതിയ അക്കാദമിക ഭാഷയില്‍ കോഴ്സ് എന്നാല്‍ പഴയ ഭാഷയില്‍ പേപ്പര്‍ എന്നാണ് അര്‍ത്ഥം. ഉദാഹരണമായി എം. എ ഇക്കണോമിക്സ് പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മൈക്രോ ഇക്കണോമിക്സ് എന്നുപറയുന്ന പേപ്പര്‍ ഒരു കോഴ്സ് ആണ്. എം. എ ഒരു പ്രോഗ്രാം എന്നും അറിയപ്പെടും) നിര്‍വഹിക്കുന്നതിനും പുതിയ കോഴ്സുകള്‍ ആവിഷ്കരിക്കുന്നതിനും ഉള്ള സ്വാതന്ത്ര്യം ഉണ്ട്. സോഫ്റ്റ് കോഴ്സുകള്‍ നല്‍കി ഒരു കോളെജിലെ തന്നെ അല്ലെങ്കില്‍ സര്‍വകലാശാലയിലെ തന്നെ മറ്റു വിഭാഗങ്ങളില്‍ നിന്നു കൂടി അധ്യാപകര്‍ക്ക് വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കുവാന്‍ സാധിക്കും. ഇതു മാത്രവുമല്ല മൂക്ക് (ങഛഛഇ) കോഴ്സുകളിലൂടെ അധ്യാപകര്‍ രാജ്യമെമ്പാടും നിന്നും വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കാന്‍ ഉള്ള സാധ്യതകള്‍ തുറന്നിടപ്പെടുകയാണ് കോവിഡാനന്തര കാലഘട്ടത്തില്‍ സൃഷ്ടിക്കപ്പെടുന്നത്. അതുകൊണ്ടു തന്നെ ഏറ്റവും അധികം വിദ്യാര്‍ത്ഥികള്‍ എന്‍റോള്‍ ചെയ്യപ്പെട്ട കോഴ്സുകള്‍ ഉള്ള അധ്യാപകന്‍ ഏറ്റവും വിലയേറിയ അധ്യാപകനായി അറിയപ്പെടും. അതായത് വലിയ ഒരു അളവു വരെ അധ്യാപക നൈപുണ്യവും, അറിവിന്‍റെ ആഴവും ഒന്നും ആയിരിക്കുകയില്ല മറിച്ച് അധ്യാപകര്‍ മുന്നോട്ടു വയ്ക്കുന്ന കോഴ്സിന്‍റെ വിപണി സാധ്യത വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കുന്നതിനുള്ള വലിയ ഘടകമായി മാറും. ഇതോടൊപ്പം തന്നെ വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കുന്നതിനുള്ള പ്രധാനപ്പെട്ട മറ്റൊരു ഘടകമായി മാറുന്നത് ഈ അധ്യാപകര്‍ പഠിപ്പിക്കുന്ന സ്ഥാപനങ്ങളുടെ പേരും വിശ്വാസ്യതയും ആണ്. അത്തരത്തിലുള്ള പേരും വിശ്വാസ്യതയും ആര്‍ജിച്ചെടുക്കുന്നതിനു വേണ്ടി സ്ഥാപനങ്ങള്‍ ആശ്രയിക്കുക അക്രെഡിറ്റിങ് ഏജന്‍സികളെയാണ്. പുതിയ ദേശീയ വിദ്യാഭ്യാസ നയം അക്രെഡിറ്റേഷന്‍ എന്നുള്ള ആശയത്തെ ദ്വിതല മത്സരമായി തുറന്നിടുകയാണ് ചെയ്യുന്നത്. അതായത് അക്രെഡിറ്റേഷന്‍ നേടിയെടുക്കുന്നതിനു വേണ്ടി സ്ഥാപനങ്ങള്‍ മത്സരിക്കുമ്പോള്‍ തന്നെ അക്രെഡിറ്റ് ചെയ്യുന്ന സ്ഥാപനങ്ങളും പരസ്പരം മത്സരിക്കുന്ന അവസ്ഥയിലേക്ക് എത്തിച്ചേരും. ഇത്തരത്തില്‍ തീര്‍ത്തും മത്സരാത്മകമായും വാണിജ്യാടിസ്ഥാനത്തിലും സ്ഥാപനങ്ങള്‍ നേടിയെടുക്കുന്ന പേരും പ്രശസ്തിയും അധ്യാപകരുടെ കോഴ്സുകളിലേക്ക് വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കുന്നതിനുള്ള പ്രധാനപ്പെട്ട ഒരു ഉപാധിയായി മാറും. ഓണ്‍ലൈന്‍ കോഴ്സുകളിലും മറ്റും എന്‍റോള്‍ ചെയ്യപ്പെടുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ വലിയ പരിധിയൊന്നും നിശ്ചയിക്കേണ്ട കാര്യം ഇല്ലാത്തതിനാലും അവയ്ക്ക് റെഗുലര്‍ കോഴ്സുകള്‍ക്ക് തത്തുല്യമായ മൂല്യം അംഗീകരിക്കപ്പെടുന്നതിനാലും നമ്മുടെ സാധാരണ കോളെജുകളും മറ്റും വലിയ അസ്തിത്വ പ്രതിസന്ധിയാണ് നേരിടുവാന്‍ പോകുന്നത്. 

     ഇതിനൊക്കെയുള്ള പ്രതികരണം ഒരു സാധാരണ കോളെജില്‍ നിന്നും കോളെജിലെ മാനേജ്മെന്‍റുകളില്‍ നിന്നും മറ്റും ഉണ്ടാവുക ഒരു ബിസിനസ് മാതൃക പൂര്‍ണമായും പിന്തുടരുക എന്നുള്ളതായിരിക്കും. അതായത് കൂടുതല്‍ വിദ്യാര്‍ത്ഥികളെ തങ്ങളുടെ അധ്യാപകര്‍ മുന്നോട്ടുവയ്ക്കുന്ന കോഴ്സുകളില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനു വേണ്ടി ഉള്ള തന്ത്രങ്ങള്‍ കോളെജിന്‍റെ നിലനില്‍പ്പിന്‍റെ ഭാഗമായി മാറും. വിക്ടോറിയന്‍ കാലഘട്ടത്തില്‍ അധ്യാപകരുടെ ശമ്പളം നിശ്ചയിച്ചിരുന്നത് അവരുടെ ക്ലാസ്സുകളില്‍ ഉണ്ടായിരുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണത്തിന് ആനുപാതികമായി ആയിരുന്നു. 

     അതുകൊണ്ടുതന്നെ അധ്യാപകര്‍ തങ്ങളുടെ ക്ലാസ്സിലേക്ക് വിദ്യാര്‍ത്ഥികളെ പരമാവധി ആകര്‍ഷിക്കുന്നതിന് വേണ്ടിയുള്ള എല്ലാവിധ തന്ത്രങ്ങളും ആവിഷ്കരിച്ചു. ഇതില്‍ കാണാന്‍ സാധിച്ചത് യഥാര്‍ത്ഥത്തില്‍ അറിവും വിവേകവും ഉള്ള അധ്യാപകര്‍ക്ക് ആയിരുന്നില്ല കൂടുതല്‍ വിദ്യാര്‍ത്ഥികളെ ലഭിച്ചിരുന്നത് എന്നുള്ളതാണ്. മറിച്ച് ആകര്‍ഷകമായ പെരുമാറ്റം, കൂടുതല്‍ മാര്‍ക്കും ഗ്രേഡും ലഭിക്കുന്നതിനുള്ള സാധ്യത, തമാശകളിലൂടെയും ആകര്‍ഷകമായ ബോധന രീതികളിലൂടെയുമൊക്കെ വിദ്യാര്‍ത്ഥികളെ ഒരു അധ്യാപകന്‍ ക്ലാസ്സിലേക്ക് ആകര്‍ഷിക്കുന്നതിന് കാരണമായി. എന്നാല്‍ ഇത്തരം ക്ലാസ്സുകള്‍ ആഴത്തിലുള്ള പഠനബോധന പ്രവര്‍ത്തനങ്ങളെ ക്ലാസ്സ് മുറിക്കു പുറത്തു നിര്‍ത്തി. കോവിഡാനന്തര കാലഘട്ടത്തില്‍ മേല്‍പ്പറഞ്ഞ എല്ലാവിധ സാധ്യതകളും ക്ലാസ്സ് മുറികളില്‍ പരീക്ഷിക്കപ്പെടും എന്നുള്ള കാര്യത്തില്‍ സംശയമില്ല. അതോടൊപ്പം തന്നെ ഏറ്റവും നിര്‍ണായകമായി മാറാന്‍ സാധ്യതയുള്ള ഒരു കാര്യമാണ് വിദ്യാര്‍ത്ഥികളുടെ തൊഴില്‍ സാധ്യതകള്‍ക്ക് സൗകര്യപ്രദമായ കോഴ്സുകള്‍ നല്‍കുക എന്നുള്ളത്. അതായത് ഓരോ അധ്യാപകന്‍റെയും താല്‍പര്യം വിപണിയില്‍ ലഭ്യമാകുന്ന തൊഴില്‍ സാധ്യതകളുടെ അടിസ്ഥാനത്തില്‍ നിര്‍ണയിക്കപ്പെടുന്ന ഒന്നായി മാറുന്നു. ഇത്തരത്തില്‍ വിപണിയില്‍ നിര്‍മിക്കപ്പെടുന്ന താല്‍പര്യങ്ങളുടെ ഓര്‍ഡര്‍ എടുത്തുകൊണ്ട് തൊഴില്‍ വിപണിക്ക് ഡെലിവറി ചെയ്യുന്ന മധ്യവര്‍ഗം ആയി അധ്യാപകര്‍ രൂപാന്തരപ്പെടുന്നത് ചുരുങ്ങിയ കാലങ്ങള്‍ക്കുള്ളില്‍ തന്നെ നമുക്ക് കാണാന്‍ സാധിക്കും.

     തങ്ങളുടെ കോഴ്സുകളുടെ ഉത്തരവാദിത്വം തങ്ങള്‍ക്കു തന്നെ എന്നുള്ളതുകൊണ്ട് തന്നെ ഓരോ വര്‍ഷവും കോഴ്സുകള്‍ മാറിമറിഞ്ഞു കൊണ്ടേയിരിക്കും. അധ്യാപകരുടെ ഇന്‍സൈറ്റിനെക്കാളും താല്‍പര്യങ്ങളെക്കാളും വിപണിയില്‍ താല്‍പര്യങ്ങളുള്ള കോഴ്സുകള്‍ കൂടുതലായി കുമിഞ്ഞുകൂടും. അധ്യാപകര്‍ ടീച്ചിങ് എക്സിക്യൂട്ടീവ് എന്ന നിലയിലേക്ക് തങ്ങളുടെ കോഴ്സുകളെ കൂടുതല്‍ അഡ്വൈസ് ചെയ്യുന്നതിനും ആള്‍ക്കാരെ ആകര്‍ഷിക്കുന്നതിനും വേണ്ടിയുള്ള ശ്രമങ്ങളിലേക്ക് ഇടപെടേണ്ടതായി വരും. വായനയെക്കാളും, തയ്യാറെടുപ്പിനെക്കാളും കൂടുതല്‍ തങ്ങളുടെ കോഴ്സിനെ മാര്‍ക്കറ്റ് ചെയ്യുക എന്നുള്ളത് അധ്യാപകരുടെ ഹോംവര്‍ക്കായും ഹാര്‍ഡ് വര്‍ക്കായും മാറും. 

     വിപണിക്കു വേണ്ട കോഴ്സുകള്‍ നെയ്തെടുക്കുന്ന നെയ്ത്തുകാര്‍ എന്ന അവസ്ഥയില്‍ നിന്നും അധ്യാപകര്‍ സ്വയം വിടുതല്‍ നേടുകയും സാമൂഹിക പ്രതിബദ്ധമായ കാഴ്ചപ്പാടുകളിലൂടെ സമൂഹത്തിനും സമ്പദ്വ്യവസ്ഥക്കും പുരോഗമനപരമായ രൂപങ്ങള്‍ തീര്‍ക്കുന്നതിനുള്ള കൂട്ടായ്മകളില്‍ പങ്കാളിയാകുന്നതു വഴിയാണ് ഇത്തരം മാറ്റങ്ങളോട് അധ്യാപകര്‍ പ്രതികരിക്കേണ്ടത്. തങ്ങളെ ചൂഴ്ന്നുനില്‍ക്കുന്ന അന്യവല്‍ക്കരണത്തിന്‍റെ ചരടുകളെ പൊട്ടിച്ചെറിയുന്നതിന് വിമര്‍ശനാത്മകതയില്‍ ഊന്നിയ പഠനബോധന സംസ്ക്കാരം അധ്യാപക വിദ്യാഭ്യാസത്തിന്‍റെ ഭാഗമായി മാറേണ്ടതുണ്ട്.


പരീക്ഷാ വ്യവസായശാലകള്‍:

     വിദ്യാഭ്യാസ ലക്ഷ്യങ്ങളെക്കാള്‍ ഉപരി നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളെ നയിച്ചുകൊണ്ടിരിക്കുന്നത് പരീക്ഷാ ലക്ഷ്യങ്ങളാണ്. വിദ്യാഭ്യാസ മേഖലയില്‍ പരീക്ഷ എന്ന ഘടകം പുലര്‍ത്തുന്ന അപ്രമാദിത്വം വളരെ വ്യക്തമാണ്. അതുകൊണ്ടു തന്നെ പരീക്ഷയെ സംബന്ധിക്കുന്ന ഒരു സമ്പദ്വ്യവസ്ഥ വിദ്യാഭ്യാസത്തോട് അനുബന്ധിച്ച് രൂപപ്പെട്ടു വന്നിട്ടുണ്ട്. പൊതുഖജനാവില്‍ നിന്ന് വിദ്യാഭ്യാസത്തിന് ചെലവാക്കുന്ന തുകയെക്കാള്‍ കൂടുതല്‍ സ്വകാര്യവ്യക്തികള്‍ മൊത്തത്തില്‍ പരീക്ഷയ്ക്ക് വേണ്ടി ചെലവാക്കുന്നുണ്ട്. പരീക്ഷയില്‍ ഉയര്‍ന്ന റാങ്ക് വാങ്ങുന്നതിനു വേണ്ടി സഹായിക്കുന്ന പഠനസഹായികള്‍, ലേണിങ് ആപ്പുകള്‍, ട്യൂഷന്‍ ക്ലാസ്സുകള്‍, കോച്ചിങ് ക്ലാസ്സുകള്‍ എന്നിവയ്ക്കു വേണ്ടി ചെലവാക്കുന്ന മൊത്തം തുക ഗവണ്‍മെന്‍റിന്‍റെ വിദ്യാഭ്യാസ ബജറ്റിനെക്കാള്‍ കൂടുതലാണ് എന്നുള്ളത് പച്ചയായ യാഥാര്‍ത്ഥ്യമാണ്. പരീക്ഷയെ സഹായിക്കുന്ന ഇത്തരത്തിലുള്ള ഒരു വ്യവസായം നിലനില്‍ക്കുന്നു എന്ന  യാഥാര്‍ത്ഥ്യം നിലനില്‍ക്കുമ്പോള്‍ തന്നെ പരീക്ഷ എന്ന ആശയം തന്നെ ഒരു പുതു വ്യവസായമായി മാറുന്ന കാഴ്ചയാണ് കോവിഡാനന്തര കാലഘട്ടത്തിന്‍റെ സംഭാവന. പരീക്ഷ വ്യവസായം ഇപ്പോള്‍ തന്നെ നിലനില്‍ക്കുന്നുണ്ട്. ഇതിനുള്ള ഏറ്റവും നല്ല ഉദാഹരണമാണ് സി ബി എസ് ഇ രാജ്യത്തുടനീളം നടത്തിയിരുന്ന നീറ്റ്, യു ജി സി തുടങ്ങിയ പരീക്ഷകള്‍. നമ്മുടെ സി ബി എസ് ഇ സ്കൂള്‍ അധ്യാപകര്‍ക്ക് ബോധനം എന്നതു പോലെ തന്നെ ഇത്തരത്തിലുള്ള പരീക്ഷകള്‍ നടത്തിക്കുന്നതിലും പ്രാഗത്ഭ്യം ഉള്ളവരാണ്. മിക്കവാറും എല്ലാ ശനി, ഞായര്‍ ദിവസങ്ങളിലും ഇത്തരത്തിലുള്ള പ്രവേശന പരീക്ഷകളും, അതുപോലെ തന്നെ ജോലിക്ക് ആള്‍ക്കാരെ തിരഞ്ഞെടുക്കുന്ന പരീക്ഷകളും നടത്തേണ്ട ചുമതല സി ബി എസ് ഇ സ്കൂളുകള്‍ക്ക് ഉണ്ടാവാറുണ്ട്. ഇത് വലിയൊരു സാമ്പത്തിക സ്രോതസ്സ് ആണ് എന്നുള്ളത് കൊണ്ട് തന്നെ സ്കൂളുകളും അധ്യാപകരും ഇതിനെ സഹര്‍ഷം സ്വാഗതം ചെയ്യുകയാണ് പതിവ്. 

     മുന്‍പ് സൂചിപ്പിച്ചതു പോലെ കോവിഡ് ഈ വ്യവസായത്തിന് ഒരു രാസത്വരകമായി മാറുകയാണ്. ഓണ്‍ലൈന്‍ കോഴ്സുകളും ങഛഛഇ പ്രോഗ്രാമുകളും വ്യാപകമാകുന്നതോടു കൂടി ഡിജിറ്റല്‍ ആയിട്ടുള്ള പ്രൊക്റ്റേര്‍ഡ് (ജൃീരീൃലേറ) പരീക്ഷകള്‍ക്ക് ആവശ്യം പതിന്മടങ്ങ് വര്‍ദ്ധിക്കും. നൂറു കമ്പ്യൂട്ടറുകള്‍ വാങ്ങിവച്ചാല്‍ എല്ലാ മാസവും ചുരുങ്ങിയത് ശരാശരി അഞ്ച് പരീക്ഷ വച്ചെങ്കിലും നടത്തി നല്ല ഒരു തുക നേടിയെടുക്കുന്നതിന് സ്ഥാപനങ്ങള്‍ക്ക് സാധിക്കും. 

     ലൈബ്രറികളും കളിസ്ഥലങ്ങളും മറ്റുമാണ് ഒരു വിദ്യാഭ്യാസ സ്ഥാപനത്തെ പൊതുജനങ്ങള്‍ക്കിടയില്‍ അടയാളപ്പെടുത്തുന്ന പ്രധാനപ്പെട്ട ഘടകങ്ങള്‍. ഇതില്‍ നിന്നും മാറി പരീക്ഷാനടത്തിപ്പ് കേന്ദ്രങ്ങളായി വിദ്യാഭ്യാസ സ്ഥാപനങ്ങളെ കാണുന്ന പൊതു കാഴ്ചപ്പാട് അക്കാദമികതയെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ആഢംബരമാക്കി മാറ്റും. അക്കാദമികത തിരിച്ചു പിടിച്ചു കൊണ്ട് മാത്രമെ ഇത്തരത്തിലുള്ള അപകടങ്ങളില്‍ നിന്നും നമുക്ക് രക്ഷപ്പെടാന്‍ സാധിക്കുകയുള്ളൂ. കാമ്പസുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും സമൂഹം നേരിടുന്ന വിവിധ തരത്തിലുള്ള പ്രശ്നങ്ങളെ ശാസ്ത്രത്തിന്‍റെയും മാനവികതയുടെയും കാഴ്ചപ്പാടുകളിലൂടെ ചര്‍ച്ച ചെയ്യുന്ന പ്രധാന വേദികളായി പൊതുസമൂഹത്തിന് അനുഭവവേദ്യമാകുന്ന അവസ്ഥ കോവിഡാനന്തര കാലഘട്ടത്തില്‍ വിദ്യാഭ്യാസത്തെ തിരിച്ചുപിടിക്കുന്നതിനുള്ള പ്രതിരോധ പ്രവര്‍ത്തനമായി മാറ്റേണ്ടതുണ്ട്. 


രണ്ടുതരം വിദ്യാര്‍ത്ഥികള്‍: 

     റെഗുലര്‍ ആയിട്ടുള്ള കോളെജ് പഠനം പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ വരുന്ന വലിയ വിഭാഗം വിദ്യാര്‍ത്ഥികള്‍ ആശ്രയിച്ചിരുന്നത് പാരലല്‍ കോളെജുകളെയും വിദൂര വിദ്യാഭ്യാസ സ്ഥാപനങ്ങളെയും ആണ്. എന്നാല്‍ മൂക്ക് കോഴ്സുകളുടെ വ്യാപനവും അറ്റന്‍ഡന്‍സ് സംബന്ധിയായ നിര്‍ബന്ധങ്ങളും ഇല്ലാതാകുന്നതോടു കൂടി റെഗുലര്‍ ആയി പഠിക്കുക എന്നുള്ളത് തൊഴില്‍ വിപണിയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നതിനുള്ള ഡിസൈറബിള്‍ (റലശെൃമയഹല) ക്വാളിഫിക്കേഷന്‍ ആയി മാറാനുള്ള സാധ്യതയുണ്ട്. അതുകൊണ്ടു തന്നെ റെഗുലര്‍ ആയി വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ എത്തി പഠിക്കുന്ന വിദ്യാര്‍ത്ഥികളില്‍ നിന്ന് കൂടുതല്‍ ഫീസ് അടക്കം വാങ്ങുന്ന രീതിയില്‍ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഗവണ്‍മെന്‍റ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ തന്നെയുള്ള സ്വകാര്യ കോഴ്സുകളും മാറാം. ചുരുക്കം പറഞ്ഞാല്‍ എല്ലാ ദിവസവും കോളെജില്‍ പോയി പഠിക്കുക എന്നുള്ളത് ഒരു ആഢംബരമായി വരുംകാലങ്ങളില്‍ കണക്കാക്കപ്പെടാം. സാമ്പത്തികവും ശാരീരികവും അടക്കമുള്ള മറ്റു പല കാരണങ്ങളാലും കോളെജുകളില്‍ റെഗുലര്‍ ആയി പഠിക്കാന്‍ എത്താന്‍ പറ്റാത്ത വിദ്യാര്‍ത്ഥികള്‍ ഈ പ്രിവിലേജ് സൊസൈറ്റിയുടെ പുറത്തായി പോകും. ഫലത്തില്‍ സാമ്പത്തികമായ അതിര്‍വരമ്പുകളിലൂടെ വിദ്യാര്‍ത്ഥികള്‍ രണ്ടായി തിരിക്കപ്പെടാം. ഒരു വിഭാഗം സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഒന്നും തന്നെ ഇല്ലാതെ സ്കൂളുകളിലും കോളെജുകളിലും റെഗുലര്‍ ആയി പഠിച്ച് ബിരുദങ്ങള്‍ നേടുന്നവരും മറ്റൊരു വിഭാഗം സാമ്പത്തികമായ ബുദ്ധിമുട്ടുകള്‍ മൂലം ജോലികള്‍ക്കും മറ്റും പോകേണ്ടതിനാല്‍ ങഛഛഇ വഴിയും ഇനി അഥവാ റെഗുലര്‍ കോളെജുകളില്‍ എന്‍റോള്‍ ചെയ്തിട്ടുണ്ടെങ്കില്‍ത്തന്നെ കൂടുതലും ഓണ്‍ലൈന്‍ സാധ്യതകളിലൂടെയും പഠന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ എന്നിങ്ങനെ. സാമൂഹികവും സാമ്പത്തികവുമായ അതിര്‍വരമ്പുകളെ  ഇല്ലാതാക്കുന്നതില്‍ ഒരു വലിയ പങ്ക് നമ്മുടെ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വഹിച്ചിട്ടുണ്ട് എന്ന കാര്യത്തില്‍ സംശയമില്ല. വ്യത്യസ്തതകളുള്ള വിഭാഗങ്ങളെ ഒരു പൊതുഇടത്തില്‍ സാമൂഹികമായി ഇടപഴകുന്നതിന് സഹായിക്കുന്നത് വഴിയാണ് വലിയൊരളവുവരെ ഇത് സാധിച്ചിട്ടുള്ളത്. ഇത്തരത്തിലുള്ള പൊതുഇടങ്ങള്‍ എന്നുള്ള സങ്കല്‍പം നിര്‍ബന്ധമല്ലാതാവുക എന്നുള്ളത് ഭാവി സമൂഹത്തെ സംബന്ധിക്കുന്ന അപായ സൂചനകള്‍ നല്‍കുന്നുണ്ട്.

     വിദ്യാഭ്യാസ മേഖലയെ സംബന്ധിച്ചിടത്തോളം കോവിഡ് ഒരു ബിസിനസ് വൈറസ് ആയിരുന്നോ  എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കാരണം നിലനിന്നിരുന്ന വ്യാവസായിക താല്‍പര്യങ്ങളെ കൂടുതല്‍ ത്വരിതപ്പെടുത്തുകയും നിയമാനുസൃതമാക്കുകയും ചെയ്യുകയാണ് വിദ്യാഭ്യാസത്തില്‍ കോവിഡ് കാലഘട്ടം ഉണ്ടാക്കുന്ന ഒരു പ്രധാനപ്പെട്ട മാറ്റം. ഇത് സാധ്യമാകുന്നത് സ്വാതന്ത്ര്യം, സ്വയംപര്യാപ്തത തുടങ്ങിയ അവിതര്‍ക്കിതമായ ആശയങ്ങളെ വ്യാവസായികമായ രീതിയില്‍ പുനര്‍നിര്‍വചനം ചെയ്തുകൊണ്ടാണ്. അത് വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും മുന്നില്‍ മുമ്പോട്ട് വയ്ക്കുന്നത് സ്വാതന്ത്ര്യത്തിന്‍റെ വലിയ ഒരു ലോകമാണ്. വിദ്യാര്‍ത്ഥികള്‍ക്ക് തങ്ങളുടെ സൗകര്യങ്ങള്‍ അനുസരിച്ച് ക്ലാസ്സുകള്‍ അറ്റന്‍ഡ് ചെയ്യുന്നതിനും പരീക്ഷ എഴുതുന്നതിനും മറ്റുമുള്ള സൗകര്യവും അധ്യാപകര്‍ക്ക് തങ്ങളുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പുതിയ കോഴ്സുകള്‍ വിഭാവനം ചെയ്യുന്നതിനും അവതരിപ്പിക്കുന്നതിനും മറ്റുമുള്ള സൗകര്യങ്ങളും ഇതിന്‍റെ ഭാഗമായി ഉണ്ടാവും. ഈ സ്വാതന്ത്ര്യം മത്സരാത്മകതയെ അതിനുള്ള വിലയായി ആവശ്യപ്പെടും. പൂര്‍ണമായും സ്വതന്ത്രമായ ഒരു വിദ്യാഭ്യാസ പ്രക്രിയ ആസ്വദിക്കുവാനുള്ള അവസരം ലഭ്യമാക്കുക വഴി തങ്ങളുടെ പ്രവര്‍ത്തിയുടെ മുഴുവന്‍ ഉത്തരവാദിത്വവും അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും സ്വയം ഏറ്റെടുക്കേണ്ടതായി വരും. ഇതിലൂടെ പരസ്പരം മത്സരിക്കുന്ന അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും ഒരു സമൂഹമാണ് ഉരുത്തിരിഞ്ഞു വരുന്നത്. സ്വാതന്ത്ര്യം എന്ന ആശയത്തിന് ഒരു പുത്തന്‍ അര്‍ത്ഥമാണ് വിദ്യാഭ്യാസ ലോകത്ത് കോവിഡാനന്തര കാലഘട്ടം വിനിമയം ചെയ്യുന്നത്. ഈ സ്വാതന്ത്ര്യം പേടിപ്പെടുത്തുന്നതാണ്!

     

     


Share:

ഭാവനയിലെ സ്ഥലം അഥവാ കടലിന്‍റെ മണം -- പി. എഫ് മാത്യൂസ്





     ജീവിതം തികച്ചും അയഥാര്‍ത്ഥമായാണ് എനിക്കു തോന്നിയിട്ടുള്ളത്. ഞാനെഴുതുന്ന കഥകളാണ് എന്നോടു കൂടുതല്‍ അടുത്തു നില്‍ക്കുന്നത്.


ബോര്‍ഹസ്

     ശോഷിച്ച ഉടല്‍ കറുത്ത പര്‍ദ്ദയാല്‍ മറച്ച്, തിളങ്ങുന്ന മൂക്കുത്തിയും പ്രകാശമുള്ള പുഞ്ചിരിയുമണിഞ്ഞ്, കുട്ടികളെപ്പോലെ സംസാരിക്കുന്ന മാധവിക്കുട്ടിയെ ഓര്‍മ വരുന്നു. ഒരിക്കല്‍ സംവിധായകനായ കെ. പി കുമാരനോടൊപ്പം അവരുടെ വീട്ടില്‍ പോയപ്പോഴാണ് ആദ്യമായി കണ്ടതും മിണ്ടിയതും. അപരിചിത്വം തീരെയില്ല, ഇന്നലെ കണ്ടയാളെ ഇന്നു വീണ്ടും കാണുന്ന ലാഘവം. കണ്ടപാടെ, ആയിടെയുണ്ടായ അസ്വാസ്ഥ്യം നിറഞ്ഞ ഒരനുഭവത്തെക്കുറിച്ചു അവര്‍ പറയാന്‍ തുടങ്ങി. മതം മാറ്റത്തേത്തുടര്‍ന്ന് ധാരാളം ശത്രുക്കളുണ്ടായിരുന്ന സമയമാണ്. ഒരു ഉച്ചസമയത്ത് കാവല്‍ക്കാരന്‍റെ കണ്ണുവെട്ടിച്ച് അവരുടെ ഫ്ളാറ്റിലേക്ക് വെളുത്ത, പരുക്കനായ ഒരു ചെറുപ്പക്കാരന്‍ കയറിവന്നു. ആരാണ് എന്താണ് എന്ന ചോദ്യങ്ങള്‍ക്കൊന്നും മറുപടി പറയാന്‍ മെനക്കെടാതെ അധികാരത്തോടെ അയാള്‍ ഫ്ളാറ്റിലെമ്പാടും നടന്ന്, മുക്കും മൂലയും പരിശോധിക്കാന്‍ തുടങ്ങി. ബഹളമുണ്ടാക്കി ആളെ കൂട്ടുമെന്നു മാധവിക്കുട്ടി പറഞ്ഞപ്പോള്‍ ഒന്നു മയപ്പെട്ടു. ബാബുവെന്നാണ് പേരെന്നും മട്ടാഞ്ചേരിയില്‍ നിന്നാണ് വരുന്നതെന്നുമൊക്കെ അയാള്‍ പറഞ്ഞു. പിന്നെ കുറച്ചുനേരം ഞങ്ങളുടെ സംസാരം മുറിഞ്ഞുപോയി. അതിഥികളെ സല്‍ക്കരിക്കാന്‍ മറന്നുപോയല്ലോ എന്ന വിഷമത്തോടെ ഞങ്ങള്‍ക്ക് കുടിക്കാന്‍ ചായയോ നാരങ്ങാനീരോ എടുക്കാന്‍ മാധവിക്കുട്ടി സഹായിയോടു ആവശ്യപ്പെട്ടു. ചായകുടിക്കുന്നതിനിടയില്‍ അതുവരെ പറഞ്ഞുകൊണ്ടിരുന്ന സംഭവം പാടെ മറന്ന് കൊച്ചുവര്‍ത്തമാനങ്ങളിലും വിശേഷങ്ങളിലും മുഴുകി. പിന്നെ പെട്ടെന്ന് ഓര്‍മവന്നപ്പോള്‍, ഗുണ്ടയെപ്പോലെ വീട്ടിലേക്കു കയറിവന്ന ബാബുവിനെ തേടി മട്ടാഞ്ചേരിയിലേക്കു പോയ കാര്യം അവര്‍ പറയാന്‍ തുടങ്ങി. ഇടയ്ക്കു വച്ച് അതും മുറിഞ്ഞു. സംസാരമെല്ലാം തീര്‍ന്ന് ഞങ്ങള്‍ മടങ്ങുന്ന നേരത്ത് യാത്രയാക്കാനായി ഗോവണിയോളം നടന്നുവന്നിട്ട് അവര്‍ പൂര്‍ത്തിയാക്കാതിരുന്ന ആ സംഭവത്തെക്കുറിച്ചു വീണ്ടും വിവരിച്ചു. ബാബു എന്നു പേരുള്ള ആ യുവാവ് മട്ടാഞ്ചേരിയില്‍ കുപ്രസിദ്ധനായ വാടകക്കൊലയാളിയായിരുന്നു, മിക്കവാറും സമയങ്ങളില്‍ ജയിലിലാണ്. പുറത്തിറങ്ങിയാല്‍ പണത്തിനായി കുറ്റകൃത്യങ്ങളിലേര്‍പ്പെടും. കുറെ മനുഷ്യര്‍ അയാളുടെ കൈയാല്‍ മരിച്ചിട്ടുണ്ട്. അതുകേട്ട് ഒരക്ഷരം പറയാനാകാത്ത അവസ്ഥയിലാണ് ഞങ്ങള്‍ മടങ്ങിയത്. രണ്ടോമൂന്നോ ആഴ്ച കഴിഞ്ഞപ്പോള്‍ ഒരു പ്രസിദ്ധീകരണത്തില്‍ ഈ ബാബുവെക്കുറിച്ച് ഞാനൊരു കഥ വായിച്ചു. മാധവിക്കുട്ടി എഴുതിയ ആ കഥയുടെയും അതിലെ നായകന്‍റെയും പേര് വെളുത്തബാബു എന്നായിരുന്നു. ڇഎന്‍റെ അംഗരക്ഷകനായ പൊലീസുകാരനാണ് വെളുത്ത ബാബുവിനെപ്പറ്റി പറഞ്ഞു തന്നത്. മുപ്പതിനായിരം രൂപ കൊടുത്താല്‍ ബാബു ആരെയും കൊന്നുതരുംڈ - കഥ വിവരിക്കുന്ന ഞാന്‍ എന്ന സ്ത്രീകഥാപാത്രം മട്ടാഞ്ചേരിയിലെ ഒരു പുസ്തകക്കച്ചവടക്കാരനോടാണ് ഈ കൊലയാളിയെക്കുറിച്ച് അന്വേഷിക്കുന്നത്. കഥയിലെ സ്ത്രീ മടങ്ങാന്‍ നേരത്ത് പുസ്തകക്കച്ചവടക്കാരന്‍ ചോദിച്ചു. ഏതു ശത്രുവെ വധിക്കാനാണ് നിങ്ങള്‍ വാടകക്കൊലയാളിയെ തേടുന്നത്, ആരാണ് നിങ്ങളുടെ ശത്രു?

     ڇശത്രു ഞാന്‍ തന്നെ.ڈ അവള്‍ മറുപടി പറഞ്ഞു.

     എവിടെയും ഇല്ലാതിരുന്ന ഒരു കാര്യം ഭാവനയില്‍ നിന്നു സൃഷ്ടിക്കുന്നതിനെ സംബന്ധിച്ച പ്രധാനപ്പെട്ട ചില കാര്യങ്ങള്‍ ഞാന്‍ ആലോചിച്ചു തുടങ്ങിയ കാലമാണത്. കഥ എഴുതുന്നയാളുടെ ജീവിതത്തിലേക്ക് മനസ്സു സൃഷ്ടിച്ച ആ ലോകം അപൂര്‍വമായെങ്കിലും കടന്നുവരാതിരിക്കില്ല. കൂടുതല്‍ കാലം മുഴുകേണ്ടി വരുന്നതിനാല്‍ നോവലിസ്റ്റിന്‍റെ ജീവിതത്തെയാകും ഭാവന കൈയ്യേറുക. അങ്ങനെ സംഭവിച്ചാല്‍ അതു മാരകമായിത്തീര്‍ന്നുവെന്നും വരാം. ഡോണ്‍കിഹോട്ടെയും ഗ്രെഗര്‍ സാംസയും മീശയും അതേപടി ജീവിതത്തിലേക്കു കയറിവന്നാലുള്ള സ്ഥിതിയൊന്ന് ആലോചിച്ചു നോക്കൂ. യാഥാര്‍ത്ഥ്യത്തിനു പകരം നില്‍ക്കാന്‍ കഴിയാത്ത ചില കുറവുകളോടെയാണ് നോവല്‍ എന്ന മാദ്ധ്യമം പിറന്നതു തന്നെ. അതുകൊണ്ടുതന്നെ നോവലില്‍ ഒരു കഥാപാത്രത്തെ രണ്ടു വ്യത്യസ്തമായ മട്ടില്‍ കൊലപ്പെടുത്താം, കൊലപ്പെടുത്താതെയുമിരിക്കാം. ഫിക്ഷന്‍ അല്ലെങ്കില്‍ കഥ അതുമാത്രമായി നിലനില്‍ക്കും. സര്‍ഗാത്മകതയുള്ള വായനക്കാരനാണ് ചിലപ്പോഴെങ്കിലും അതിനെ ജീവിതത്തില്‍ പിടിച്ചു നിര്‍ത്തുന്നത്. ഒരു കഥയെ യഥാര്‍ത്ഥത്തില്‍ നടന്ന കഥ എന്നു വിശേഷിപ്പിച്ചാല്‍ കലയോടും യാഥാര്‍ത്ഥ്യത്തോടും ചെയ്യുന്ന അവഹേളനമാണെന്നു പറഞ്ഞത് വ്ളാഡിമര്‍ നബക്കോവാണ്. എന്നാല്‍ മനഃശ്ശാസ്ത്രഗ്രന്ഥങ്ങളെക്കാള്‍ മനുഷ്യമനസ്സിനെ അറിയുന്നത് നോവലുകളാണെന്നതും പറയേണ്ടതുണ്ട്. മനുഷ്യനെക്കുറിച്ചുള്ള യാതൊന്നും നോവലിന് അന്യവുമല്ല. അതിലെ സ്ഥലകാലങ്ങള്‍ പ്രത്യക്ഷയാഥാര്‍ത്ഥ്യത്തിന്‍റെ പകര്‍പ്പല്ലെന്നും അതൊരു പ്രതീതി മാത്രമാണെന്നും നല്ല വായനക്കാരനറിയാം. എന്നാല്‍ പുറമെ കാണുന്നത്രയ്ക്കു നിരുപദ്രവകാരിയല്ല ഫിക്ഷന്‍ എന്നും പറയാതിരിക്കാനാകില്ല. ഫാഷിസ്റ്റുകള്‍ മാത്രമല്ല ചില ജനാധിപത്യഭരണകൂടങ്ങള്‍ പോലും പുസ്തകങ്ങളെ നിരോധിച്ചിട്ടുള്ളത് ഫിക്ഷന്‍ അവരുടെ സുരക്ഷിതമായ നിലനില്‍പ്പിന് സഹായകമല്ല എന്നു തീര്‍ച്ചയുള്ളതുകൊണ്ടുതന്നെയാണ്. പലപ്പോഴും സാഹിത്യത്തിലൂടെ രൂപപ്പെട്ടുവരുന്ന കഥാലോകം നിലവിലുള്ള മതരാഷ്ട്രീയ സ്ഥാപനങ്ങളെ ചോദ്യം ചെയ്യുക മാത്രമല്ല സ്വാതന്ത്ര്യ പ്രഖ്യാപനം കൂടി നടത്തിയേക്കുമെന്ന് അധികാരത്തില്‍ രമിക്കുന്നവര്‍ക്കറിയാം.

     ഒരാള്‍ സാഹിത്യം എഴുതി ജീവിക്കാന്‍ തീരുമാനിക്കുമ്പോള്‍ മറ്റൊരു തരത്തിലുള്ള ജീവിതം തിരഞ്ഞെടുത്തു എന്നാണര്‍ത്ഥം. ഇതേ ആശയം വേറൊരു രീതിയില്‍ പണ്ടേ പറഞ്ഞിട്ടുണ്ട് ഫ്ളൊബേര്‍. മനുഷ്യാസ്തിത്വത്തിന്‍റെ അനേകം തലങ്ങള്‍ കണ്ടെത്തിയത് നോവലാണെന്നതും പുതിയ കണ്ടുപിടിത്തമൊന്നുമല്ല. നോവലിനു മാത്രം ഖനിച്ചെടുക്കാനാകുന്ന ചില സത്യങ്ങളാണ് നോവല്‍ കണ്ടെത്തേണ്ടതെന്ന് കുന്ദേരയ്ക്കും മുമ്പ് ഹെര്‍മന്‍ ബ്രോഹ് പറഞ്ഞുവച്ചിട്ടുണ്ട്. നോവല്‍ എന്ന കലാരൂപത്തില്‍ പ്രവര്‍ത്തിക്കുമ്പോള്‍ വ്യക്തമായിത്തന്നെ അറിയാം പ്രപഞ്ചത്തോളം വലുതായ പ്രതിഭകളായ മോബിഡിക്കുകള്‍ നീന്തിത്തുടിച്ച് കടന്നുപോയ വെള്ളമാണതെന്ന്. പുറമെ നിശ്ചലവും ശാന്തവുമായി തോന്നുമെങ്കിലും അതിന്‍റെ ആഴം അളക്കുവാനും അതില്‍ കൊത്തുവേല ചെയ്യാനും ചെറുമീനുകള്‍ക്ക് അത്ര എളുപ്പമല്ല എന്ന തെളിഞ്ഞ ബോധ്യത്തോടെയാണ് ഇത്തവണയും ഞാന്‍ നോവലെഴുത്തിലേക്ക് ഇറങ്ങിത്തിരിച്ചത്. څകടലിന്‍റെ മണംچ എന്‍റെ നാലാമത്തെ നോവലാണ്. കുറച്ചുകൂടി കൃത്യമായി പറഞ്ഞാല്‍ രണ്ടാമത്തെ നോവല്‍. 1996 ല്‍ څചാവുനിലംچ പുസ്തകമായതിനു ശേഷം പ്രത്യേകിച്ചൊന്നും സംഭവിക്കാത്ത പതിമൂന്നു വര്‍ഷങ്ങള്‍ കടന്നുപോയി. ജീവിക്കണമെങ്കില്‍ ജോലി ചെയ്യാതൊക്കില്ല എന്ന സ്ഥിതിവിശേഷം മൂലം ഫ്ളൊബേറിയന്‍ സങ്കല്‍പ്പത്തിലെ മറ്റൊരു മട്ടിലുള്ള ജീവിതമൊന്നും തിരഞ്ഞെടുക്കാന്‍ കഴിഞ്ഞില്ല. ചാവുനിലത്തിന്‍റെ കെട്ടു തീര്‍ത്തും വിട്ടുകഴിഞ്ഞിരുന്നുവെന്നു മാത്രമല്ല. വായനക്കാരും നിരൂപകരും തിരസ്ക്കരിച്ച നോവലായതിനാല്‍ വേറെ ഒഴിയാബാധകളുമുണ്ടായിരുന്നില്ല. നമ്മളില്‍ നിന്ന് ആരും ഒന്നും പ്രതീക്ഷിക്കാത്ത അവസ്ഥയും കൂടിച്ചേര്‍ന്നതാണല്ലോ സ്വാതന്ത്ര്യം. അങ്ങനെയുള്ള സമയത്താണ് څകടലിന്‍റെ മണംچ എന്നു പേരിട്ടിട്ടില്ലാത്ത ഈ നോവല്‍ തുടങ്ങുന്നത്. കടലാസില്‍ ആദ്യ രൂപം വളരെ വേഗത്തില്‍ത്തന്നെ എഴുതാന്‍ കഴിഞ്ഞു. ഒന്നാം കരട് ഒരാള്‍ക്കും വായിക്കാന്‍ കൊടുക്കരുതെന്ന ഗുരുക്കന്മാരുടെ ഉപദേശം തെറ്റിച്ചുകൊണ്ട് ഞാനത് ഒരാള്‍ക്ക് വായിക്കാന്‍ കൊടുത്തു. സത്യസന്ധനായ അയാള്‍ വളരെ ക്രൂരമായിത്തന്നെ ആ നോവലിനെ കീറിമുറിച്ചു മുന്നിലേക്കിട്ടു തന്നിട്ട് പറഞ്ഞു ഇത് ഉപേക്ഷിക്കുകയാണ് ഉത്തമം. എന്നിട്ട് മറ്റൊന്ന് എഴുതാന്‍ ശ്രമിക്കൂ. എന്തുകൊണ്ടാണ് ഞാനത് അന്ധമായി വിശ്വസിച്ചതെന്ന് ഇപ്പോഴും അറിയില്ല. എന്തുകൊണ്ടായാലും അതെനിക്കു ഗുണം ചെയ്തു എന്നു തന്നെയാണ് ഇപ്പോള്‍ തോന്നുന്നത്. അതുകൊണ്ടുമാത്രമാണ് څഇരുട്ടില്‍ ഒരു പുണ്യാളന്‍چ, څഅടിയാളപ്രേതംچ എന്നീ നോവലുകള്‍ എഴുതാന്‍ കഴിഞ്ഞത്. ചാവുനിലത്തിന്‍റെ ഭൂമികയില്‍ നിന്ന് മറ്റൊരു കൃതി എഴുതരുതെന്ന് ചില സ്നേഹിതര്‍ ഉപദേശിച്ചതാണെങ്കിലും അതിനു കാതു കൊടുക്കാതെയാണ് ഈ രണ്ടു നോവലുകളും എഴുതിയത്. അതങ്ങനെ എഴുതിപ്പോയി എന്നേ പറയാനാകൂ. ധാരാളം പണിയെടുത്തു എന്നതു സത്യമാണെങ്കിലും ആ രണ്ടു നോവലുകളും ഒട്ടും ആസൂത്രിതമായിരുന്നില്ല.

     കൊച്ചിയുടെ എഴുത്തുകാരന്‍, മരണവും ഇരുട്ടുമുള്ള കൃതികള്‍ എഴുതുന്നവന്‍ തുടങ്ങിയ വിശേഷണങ്ങള്‍ വളരെ അനായാസം ചാര്‍ത്തിക്കിട്ടിയെങ്കിലും അത്തരം നിഷ്ക്കളങ്കമായ വിലയിരുത്തലുകളെ ഗൗരവത്തിലെടുത്തിട്ടില്ല. എനിക്ക് എന്‍റേതായ ശൈലിയുണ്ടെന്നു തന്നെ എനിക്കു തോന്നിയിട്ടില്ല. ആരോ പറഞ്ഞതുപോലെ ഓരോ പുസ്തകവും അതിന്‍റെ ശൈലി കണ്ടെത്തുകയാണ്. ഒരു കൃതി വായിക്കുന്നയാള്‍ അതിന്‍റെ എഴുത്തുകാരനെ ഓര്‍ക്കാതിരിക്കുക തന്നെ വേണം. ഒരിക്കലും സ്വന്തം ജീവിതാനുഭവമെഴുതുന്നയാളാകാന്‍ എനിക്കു താല്‍പര്യം തോന്നിയിട്ടില്ല. എഴുതുന്നവ സ്വന്തം കണ്ടെത്തലുകളൊന്നുമല്ല. മുന്നേ കടന്നുപോയ എത്രയൊ പേരുടെ ചുമടും പേറിയാണ് നടപ്പ്. എഴുതാന്‍ പഠിച്ചതു തന്നെ മുന്നേ പോയവരെ കണ്ടിട്ടാണ്. എഴുതപ്പെടുന്ന വാക്കുകളൊന്നും ഞാനല്ലെന്നും അറിയാം. ഈ നിമിഷത്തെ എഴുതുമ്പോള്‍ അത് അനന്തകാലത്തേക്കുള്ളതാകണമെന്നുമില്ല. അടുത്ത നിമിഷം എല്ലാം മാറിമറിയാം. യാഥാര്‍ത്ഥ്യമല്ല അയഥാര്‍ത്ഥ്യമാണ് ഒരു നോവലിലെ ലോകവും സത്തയും എന്നൊക്കെയാണ് ഇപ്പോഴത്തെ തോന്നല്‍. ഓസിപ് മാന്‍റല്‍സ്റ്റാമും അന്ന അഖ്മത്തോവയും ചേര്‍ന്ന് മരിച്ചുപോയ കവികളുടെ കവിതകളിലൂടെ സഞ്ചരിച്ച് അവര്‍ ജീവിച്ച കാലവും സ്ഥലവും സൃഷ്ടിച്ചിട്ടുള്ളതായി വായിച്ചിട്ടുണ്ട്. മുന്നേ കടന്നുപോയ കവികളുമായി ഒരു സംഭാഷണത്തിനുള്ള ശ്രമം നടത്തുകയാണവര്‍ ചെയ്തിരുന്നത്. ഇപ്പോഴില്ലാത്ത സ്ഥലത്തിലൂടെയും മനുഷ്യരിലൂടെയുമുള്ള ഇത്തരം യാത്രകള്‍ കൂടിയാണ് സാഹിത്യം. ഇതാണ് ഞാന്‍, ഇതാണെന്‍റെ ശൈലി എന്നു പ്രദര്‍ശിപ്പിക്കുന്ന പുസ്തകങ്ങള്‍ക്ക് എന്തോ കാര്യമായ കുറവുണ്ടെന്ന് എപ്പോഴും തോന്നിയിട്ടുണ്ട്. അവനവനെ അങ്ങനെ പരിമിതപ്പെടുത്തുന്നതിനോട് തീരെ താല്‍പര്യമില്ല എന്നതാണ് അതിനു പിന്നിലെ ആലോചന. څകടലിന്‍റെ മണംچ വായിക്കുന്ന ഒരാള്‍ അത്രയെങ്കിലും സമ്മതിച്ചു തരുമെന്നാണ് ഞാന്‍ കരുതുന്നത്. ഞാന്‍ വളരെയേറെ ആസ്വദിച്ച ഒരു ലോകമായിരുന്നു ആ നോവലിന്‍റേത്. പലപ്പോഴും എഴുത്തുമേശ വിട്ടുപോരാന്‍ പോലും എനിക്ക് മടിയായിരുന്നു. എഴുതപ്പെട്ട നോവലുകള്‍ക്കുള്ളിലും സിനിമകള്‍ക്കുള്ളിലും ജീവിക്കാനാഗ്രഹിക്കുന്ന രണ്ടു കഥാപാത്രങ്ങളോട് തീവ്രമായ മാനസികാടുപ്പം തന്നെ എനിക്കുണ്ടായി. അതിലൊരു കഥാപാത്രം ഒരടയാളവുമില്ലാതെ അപ്രത്യക്ഷമാകുകയാണ് ചെയ്യുന്നത്. അയാള്‍ ഏതു നോവലിലേക്കായിരിക്കും ഓടി രക്ഷപ്പെട്ടിരിക്കുക എന്ന് അയാളെ വല്ലാതെ സ്നേഹിച്ചുപോയ സഫിയ ആലോചിക്കുന്നുണ്ട്.

     നോവല്‍, സിനിമ അല്ലെങ്കില്‍ ഒരു കലാരൂപം ജീവിതത്തിലേതുപോലെ സമാന്തരമായ ഒരു സ്ഥലവും കാലവും മനുഷ്യര്‍ക്കു നല്‍കുന്നുണ്ടെന്ന ചിന്തയിലാണ് കഥാപാത്രങ്ങളും എഴുത്തുകാരനും ജീവിക്കുന്നത്. ഭാവനയാല്‍ സൃഷ്ടിക്കപ്പെടുന്ന ലോകത്തില്‍ മനുഷ്യനു താമസിക്കാന്‍ ഒരിടം ഉണ്ടാകുമ്പോഴാണ് നല്ല കലാസ്വാദകന്‍ അതില്‍ ജീവിക്കാനാഗ്രഹിക്കുന്നത്. څകടലിന്‍റെ മണംچ എന്നു പേരിട്ട ഈ നോവലില്‍ യഥാര്‍ത്ഥത്തില്‍ കടല്‍ ഇല്ല. ഇതിലെ ചില കഥാപാത്രങ്ങള്‍ അന്തരീക്ഷത്തില്‍ കടലു മണക്കുന്നുണ്ട്. കടല്‍ ഇല്ലാത്ത ഒരു നഗരത്തില്‍ അതിന്‍റെ മണം അനുഭവപ്പെടുമ്പോള്‍ വായനക്കാരനോടൊപ്പം കഥാപാത്രങ്ങളും തങ്ങളുടെ ഭാവനയിലെ പ്രപഞ്ചത്തിലേക്കു പ്രവേശിക്കുകയാണ്. കടല്‍ മറ്റൊരു ജീവിത സാദ്ധ്യതയാണ്. മനുഷ്യന്‍റെ മാലിന്യങ്ങളത്രയും അടിഞ്ഞുകൂടുന്ന അതിന്‍റെ അടിത്തട്ടില്‍ നിന്നാണ് ആ ഗന്ധം ഉയര്‍ന്ന് കരയിലേക്ക് വരുന്നത് എന്ന് നോവലിന്‍റെ കരട് വായിച്ച എന്‍റെ ഒരു സ്നേഹിതന്‍ പറഞ്ഞു. കര അനുവദിക്കാത്ത പുതിയൊരു ജീവിത സാധ്യത കടല്‍ വാഗ്ദാനം ചെയ്യുന്നുണ്ടെന്നത് ഒരു വസ്തുതയാണ്. മറ്റൊരു മട്ടിലുള്ള ജീവിതം സാധ്യമാണെന്ന് കടലിനടിയിലെ പ്രപഞ്ചം മനുഷ്യനെ ഓര്‍മിപ്പിക്കുന്നുമുണ്ട്. മരണത്തിനു തൊട്ടുമുമ്പ് മിക്കവാറും മനുഷ്യന്‍ ആലോചിക്കാനിടയുള്ള ഒരു കാര്യമാണ്, പുതിയൊരു ജീവിത സാധ്യത കൂടി ഉണ്ടായിരുന്നെങ്കില്‍ എന്ന്. അത് അസാധ്യമാണെന്നു തോന്നിയതിനാലാകും മഹത്തായ ചില നോവലുകളുടെ അന്ത്യരംഗം മാറ്റി എഴുതുന്ന ഒരു കഥാപാത്രത്തെ ഇറ്റാലിയന്‍ എഴുത്തുകാരനായ ജാനി ചെല്ലാത്തി സൃഷ്ടിച്ചത്. ജാനി ചെല്ലാത്തിയുടെ ഒരു ചെറുകഥയിലെ* നായകന്‍ പുസ്തകങ്ങളില്‍ മാത്രം ജീവിക്കുന്ന, പന്ത്രണ്ടു ഭാഷയറിയാവുന്ന ഒരു പണ്ഡിതനാണ്. അവസാനകാലത്ത് തന്‍റെ പുസ്തകശേഖരത്തില്‍ നിന്ന് ആഹാരം കഴിക്കാന്‍ പോലും പുറത്തിറങ്ങാതെ അയാള്‍ വലിയൊരു കര്‍മത്തില്‍ മുഴുകിയിരിക്കുകയായിരുന്നു. മഹത്തായ നോവലുകളുടെ ദുരന്ത പര്യവസായിയായ അന്ത്യരംഗം ഏതാനും വാക്കുകള്‍ കൊണ്ടു മാറ്റി എഴുതി ശുഭപര്യവസായിയാക്കുന്ന ജോലിയായിരുന്നു അത്. ഒരു റഷ്യന്‍ നോവലിന്‍റെ ദുരന്തപര്യവസായിയായ രംഗം വെറും മൂന്നു വാക്കുകള്‍കൊണ്ടു മാറ്റി എഴുതിക്കൊണ്ടിരിക്കുമ്പോഴാണ് അയാള്‍ മരിച്ചത്. അതായിരുന്നു അയാളുടെ മാസ്റ്റര്‍പീസ്.

     څകടലിന്‍റെ മണംچ എന്ന നോവലിന്‍റെ ലോകം എന്‍റെ മനസ്സിനോട് കൂടുതല്‍ അടുത്തുനില്‍ക്കുന്നുവെന്ന തോന്നലാണ് ഈ വരികള്‍ എഴുതിപ്പിച്ചത് എന്ന് ഒരുവട്ടം കൂടി പറയട്ടെ. ജാനി ചെല്ലാത്തിയുടെ വായനക്കാരനെപ്പോലെ എഴുത്തുകാരനും ഒരു തിരുത്തിനു മുതിരുന്നുണ്ട്. അസംഖ്യം സാധ്യതകള്‍ കണ്ടെത്തുന്ന വായനക്കാരനെ സ്വപ്നം കാണാത്ത പുസ്തകങ്ങളൊന്നും എഴുതപ്പെട്ടിട്ടുണ്ടാകില്ല. എഴുതിത്തീര്‍ന്ന നോവലില്‍ വായനക്കാരനുള്ള സ്വാതന്ത്ര്യം എഴുത്തുകാരനില്ലെന്ന ഉത്തമബോധ്യവുമുണ്ട് എനിക്ക്. നല്ല സെന്‍സിബിലിറ്റിയുള്ള വായനക്കാരന്‍ എഴുത്തുകാരനോളം പ്രതിഭയുള്ളവനാണെന്ന കാര്യത്തില്‍ സംശയമേയില്ല. അയാള്‍ മാത്രമായിരിക്കും ആ നോവലിന്‍റെ സ്ഥലകാലങ്ങളില്‍ ജീവിക്കുന്നത്. അയാള്‍ക്കു വേണ്ടിയായിരിക്കും ഒരു നോവലിസ്റ്റ് എഴുതുന്നതും. അതൊക്കെ ഓര്‍മിച്ചുകൊണ്ടാണ് څഇരുട്ടില്‍ ഒരു പുണ്യാളന്‍چ എന്ന നോവലിന്‍റെ പിന്‍കുറിപ്പില്‍ സമാനഹൃദയര്‍ക്കു വേണ്ടിയുള്ള രഹസ്യകോഡാണ് സാഹിത്യമെന്ന് ഞാനെഴുതിയത്. ഒരു കാര്യം തീര്‍ച്ച നോവലെഴുത്ത് ഏറെ കഷ്ടത നിറഞ്ഞ തീവ്രയജ്ഞമാണ്. സമ്പത്തും പ്രശസ്തിയും നേടിത്തരാത്ത, കഷ്ടപ്പാടു നിറഞ്ഞ ഈ കര്‍മത്തില്‍ ഒരെഴുത്തുകാരന്‍ എന്തുകൊണ്ട് മുഴുകുന്നു എന്നു സ്വയം ചോദിച്ചുകൊണ്ട് പ്രഗത്ഭ നോവലിസ്റ്റ് ഹവിയര്‍ മറിയാസ് പറയുന്നുണ്ട്, ഭാവനയില്‍ സൃഷ്ടിച്ച ആ ലോകത്തുള്ള ജീവിതം ആസ്വദിക്കുന്നതുകൊണ്ടുമാത്രമാണ് താന്‍ എഴുതുന്നതെന്ന്. അതോടൊപ്പം താന്‍ സൃഷ്ടിച്ച ലോകത്തു തന്നെപ്പോലെ ജീവിക്കാന്‍ കഴിയുന്ന മനസ്സടുപ്പമുള്ള വായനക്കാരന്‍റെ സഹവാസവും എന്നുകൂടി ഞാന്‍ കൂട്ടിച്ചേര്‍ക്കുന്നു.



* ഏശമിിശ ഇലഹഹമശേ യുടെ അ ടരവീഹമൃെ കറലമ ീള ഒമുു്യ ഋിറശിഴെ

Share:
മൂല്യസൃതി മാസിക വരിക്കാരാവുക

SUBSCRIBE ONLINE

SUBSCRIBE ONLINE
1 year - 360/- 2 Years - 720/- ,3 Years- 1080/-

Moolyasruthi Cover

Moolyasruthi Cover
JULY 2024

MOOLYASRUTHI MAGAZINE

CHAVARA INSTITUTE

CHAVARA INSTITUTE
ADMISSION STARTED

ADVERTISE HERE

ADVERTISE HERE
Ph : 0484 4863404

Chavara Matrimony

Chavara Matrimony

Popular Posts

Search This Site

Recent Posts