സമയം പാതിരാത്രി. ന്യൂയോര്‍ക്കിലെ പ്രധാന തെരുവില്‍ സന്നദ്ധ സംഘടനകള്‍ സൗജന്യമായി വിതരണം ചെയ്യുന്ന ഭക്ഷണത്തിനായി ആയിരങ്ങള്‍ ക്യു നില്‍ക്കുന്നു. 15 ദിവസം മാത്രം പ്രായമായ കുട്ടിയെയും കൊണ്ട് ഒരമ്മ ഭക്ഷണത്തിന് കാക്കുന്നു. തൊഴില്‍ നഷ്ടപ്പെട്ട തന്‍റെ ഭര്‍ത്താവിനും രണ്ടു മക്കള്‍ക്കും വേണ്ടി. കോവിഡ് കാലത്തു അമേരിക്കയിലെ ദുരിതങ്ങള്‍ ഇനിയും ഏറെ.
ചൈനയില്‍ നിന്ന് യാത്ര തുടങ്ങി ലോകരാജ്യങ്ങളിലേക്ക് വൈറസ് വ്യാപിക്കുകയാണ്. രാജ്യങ്ങള്‍ അടച്ചുപൂട്ടി. ജീവിതം നിശ്ചലം. ആരോഗ്യമേഖല പല രാജ്യങ്ങളിലും പരാജയപ്പെടുന്ന കാഴ്ചയാണ് നാം കണ്ടത്. സമ്പന്ന രാജ്യങ്ങള്‍ വൈറസിനു മുന്നില്‍ മുട്ടുമടക്കുന്നു. പ്രഗത്ഭരായ ഭരണാധികാരികള്‍ പകച്ചു നില്‍ക്കുന്നു. ആരോഗ്യമേഖല സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ എത്ര വലിയ പ്രതിസന്ധി ഘട്ടത്തിലും ലക്ഷ്യം ലാഭം മാത്രം. അതുകൊണ്ടാണ് ആരോഗ്യമേഖല പൂര്‍ണമായും സര്‍ക്കാര്‍ ഉടമസ്ഥതയില്‍ ആയിരിക്കണം എന്ന് ജനങ്ങള്‍ ആവശ്യപ്പെടുന്നത്. കൊച്ചു ക്യൂബയാണ് പല രാജ്യങ്ങള്‍ക്കും ആശ്വാസം നല്‍കിയത്.
നവലിബറല്‍ നയങ്ങള്‍ നടപ്പിലാക്കുമ്പോള്‍ സര്‍ക്കാരിന്‍റെ ചെലവുകള്‍ കുറയ്ക്കുന്നു. ജനക്ഷേമം ഉറപ്പുവരുത്തേണ്ട ചെലവുകള്‍ ഭരണകൂടങ്ങള്‍ വെട്ടിക്കുറയ്ക്കുന്നു. ആരോഗ്യമേഖലയ്ക്ക് അര്‍ഹമായ പരിഗണന നഷ്ടപ്പെടുന്നു. ആശുപത്രികള്‍, ഡോക്ടര്‍മാര്‍, നഴ്സുമാര്‍, മറ്റു ആരോഗ്യ പ്രവര്‍ത്തകര്‍, മരുന്നുകള്‍, വെന്‍റിലേറ്റര്‍ പോലെ സൗകര്യങ്ങള്‍ ഒന്നും ഇല്ലാതെ പല രാജ്യങ്ങളും വീര്‍പ്പുമുട്ടി. ചികിത്സ കിട്ടാതെ രോഗികള്‍ മരിച്ചുവീണു. ബജറ്റുകളില്‍ ആരോഗ്യമേഖലക്കുള്ള വിഹിതം കുറഞ്ഞുവന്നു.
ഒരു രാജ്യത്തിന്‍റെ പുരോഗതി വിലയിരുത്തേണ്ടത് ആ രാജ്യത്തെ ജനങ്ങളുടെ ദൈനംദിന ജീവിതത്തിലൂടെയാണ്. ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം, ചികിത്സ, ശുചിത്വം, കുടിവെള്ളം, വിദ്യാഭ്യാസം, തൊഴില്‍, ക്ഷേമപദ്ധതികള്‍ എല്ലാം എല്ലാവര്‍ക്കും ലഭ്യമാക്കണം. എല്ലാവര്‍ക്കും പരിമിതമായ ജീവിതം ഉറപ്പുവരുത്തണം. കോവിഡ് വ്യാപനത്തിന് മുമ്പുതന്നെ ലോക സാമ്പത്തികരംഗം വലിയ ക്ഷീണത്തിലായിരുന്നു. പല രാജ്യങ്ങളിലും അപരിഹാര്യമായ സാമ്പത്തിക പ്രതിസന്ധി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് കൊറോണ വ്യാപിച്ചത്. അമേരിക്കയുടെ സ്ഥിതി പരിശോധിക്കാം. ഏറ്റവും കൂടുതല്‍ രോഗികളും മരണമടഞ്ഞവരും അമേരിക്കയില്‍. പ്രായോഗിക നടപടികള്‍ ഒന്നുമില്ല. ജനങ്ങള്‍ ദുരിതങ്ങളില്‍. തൊഴിലില്ലായ്മ 40 ശതമാനം. സാധാരണ ജനജീവിതം ഇത്രമേല്‍ ദുരിതപൂര്‍ണമായ ദിനങ്ങള്‍ ചരിത്രത്തില്‍ അപൂര്‍വമായിരിക്കും.
ലുഫ്താന്‍സ യൂറോപ്പിലെ ഏറ്റവും വലിയ വിമാനക്കമ്പനി. തൊഴിലാളികള്‍ക്ക് എതിരായ നടപടികള്‍ വേഗത്തിലാക്കാന്‍ തീരുമാനിച്ചത് ലോകം മുഴുവന്‍ കോവിഡ് 19 ന്‍റെ പിടിയില്‍ അമരുമ്പോഴാണ്. തൊഴിലാളികള്‍ ഉള്‍പ്പെടെ സമൂഹത്തിലെ എല്ലാ വിഭാഗം ആളുകളുടെയും സംരക്ഷണം എല്ലാ അര്‍ത്ഥത്തിലും ഉറപ്പുവരുത്തേണ്ട നിര്‍ണായക സമയത്തു ലക്ഷക്കണക്കിനാളുകള്‍ക്ക് ജീവിതം എല്ലാ അര്‍ത്ഥത്തിലും നഷ്ടപ്പെടുന്നു.
വിമാനയാത്ര പാടെ നിലച്ചു. ലുഫ്താന്‍സയുടെ 763 വിമാനങ്ങളില്‍ 700 വിമാനങ്ങളും വിശ്രമത്തില്‍. കമ്പനിയില്‍ 135000 തൊഴിലാളികള്‍. വിമാനയാത്ര പൂര്‍വസ്ഥിതി പ്രാപിക്കാന്‍ എത്ര നാള്‍ വേണ്ടിവരും എന്നതിന് ഒരു നിശ്ചയവും ഇല്ല. ഒരു രാജ്യവും കമ്പനിയെ സഹായിച്ചില്ല എന്ന് ഉടമകള്‍. എന്നാല്‍ പല രാജ്യങ്ങളും മില്യണ്‍ കണക്കിന് ഡോളര്‍ കമ്പനിക്ക് നല്‍കിയതായി തൊഴിലാളികള്‍. മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തപ്രകാരം കമ്പനിക്ക് 10 ബില്യണ്‍ യൂറോ ലഭിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു. ബ്രസ്സല്‍സ്, വിയെന്ന, ബെര്‍ലിന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും കമ്പനിക്ക് സഹായം ലഭിച്ചു.
തൊഴില്‍ശക്തി കുറയ്ക്കാനും ബാക്കിയുള്ളവരുടെ അധ്വാനഭാരം വര്‍ധിപ്പിക്കാനും ഉടമകള്‍ നേരത്തെതന്നെ പരിപാടികള്‍ തയാറാക്കിയിരുന്നു. ഘടനാപരമായ പരിഷ്കാരങ്ങള്‍ എന്ന ഓമനപ്പേരില്‍ നടപ്പാക്കുന്ന പരിഷ്കാരങ്ങള്‍ പൂര്‍ണമായും തൊഴിലാളിവിരുദ്ധം. തൊഴിലാളികളുടെ വ്യാപക പിരിച്ചുവിടല്‍ മാത്രമാണ് ഇത്തരം പരിഷ്കാരങ്ങളുടെ ബാക്കിപത്രം. ലുഫ്താന്‍സ ഇപ്പോള്‍ 18000 തൊഴിലാളികളെ പിരിച്ചുവിടും. അത്രയും കുടുംബങ്ങള്‍ ദുരിതങ്ങളില്‍ അകപ്പെടും.
സമ്പദ്ഘടന അനുദിനം തകര്‍ന്നുകൊണ്ടിരിക്കുന്നു. ലോക് ഡൗണില്‍ ഉല്‍പാദനം നിലച്ചു. എല്ലാം നിശ്ചലം. ഇന്ത്യന്‍ സമ്പദ്ഘടന കോവിഡിന്‍റെ പിടിയില്‍ അമരുന്നതിനു മുമ്പേ വലിയ തോതില്‍ മാന്ദ്യം നേരിടുകയായിരുന്നു. 2020 ഏപ്രില്‍ മാസം ഇന്ത്യയിലെ തൊഴിലില്ലായ്മ 26%. ജനതയില്‍ നാലില്‍ ഒരാള്‍ക്ക് തൊഴിലില്ല.
കാര്‍ഷിക മേഖല ഉള്‍പ്പെടെ ഉല്‍പാദന മേഖല തകര്‍ന്നു. ഗ്രാമീണരുടെ വാങ്ങല്‍ ശേഷി അലിഞ്ഞ് അലിഞ്ഞ് ഇല്ലാതാകുന്നു. ഈ ഘട്ടത്തിലാണ് മഹാമാരിയുടെ ക്രൂരമായ ആക്രമണം. മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കണം. ഭക്ഷണം, മരുന്ന് തുടങ്ങി എല്ലാം എല്ലാവര്‍ക്കും പ്രാപ്തമാക്കണം. പണം വേണം എല്ലാത്തിനും.
പല രാജ്യങ്ങളും ദൈനംദിന കാര്യങ്ങള്‍ നടത്താന്‍ പോലും ബുദ്ധിമുട്ടുകയാണ്. ഈ പ്രതിസന്ധിഘട്ടത്തില്‍ ദുരിതം അനുഭവിക്കുന്ന ജനങ്ങള്‍ക്കു പരമാവധി സഹായം ലഭ്യമാക്കുകയാണ് പ്രധാനം. യൂറോപ്യന്‍ രാജ്യങ്ങള്‍ ഈ ദിശയില്‍ ആലോചനകള്‍ തുടങ്ങിക്കഴിഞ്ഞു. ഇതുമായി ബന്ധപ്പെട്ട് VOX CE PR പോളിസി പോര്‍ട്ടലില്‍ വന്ന ലേഖനം ശ്രദ്ധേയമാണ്. കാമില്ലേ ലാന്‍ഡൈസ്, ഇമ്മാനുവേല്‍ സെസ്, ഗബ്രിയേല്‍ സുസ്മാന്‍ എന്നീ മൂന്നുപേരും ചേര്‍ന്നാണ് ലേഖനം തയ്യാറാക്കിയത്. അവരുടെ നിഗമനത്തില്‍ എത്തിച്ചേര്‍ന്ന കണക്കുകള്‍ താഴെ -
Proposed parameters for a European Covid 19 wealth tax (in euros)
Wealth group Threshold (euros) Marginal tax rate
top 1% 2 million 1%
top 0.1% 8 million 2%
billionaires 1 billion 3%
ഇതുപോലെ ഇന്ത്യയിലെ അതിസമ്പന്നരില്‍ നിന്നും കോവിഡ് നികുതി ചുമത്തി സര്‍ക്കാരിന്‍റെ നികുതി വരുമാനം വര്‍ധിപ്പിക്കുന്നതിനെക്കുറിച്ചു നാം ഗൗരവമായി ആലോചിക്കണം. അതിനുമുമ്പായി നാം അറിയേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. ഇന്ത്യയില്‍ വെല്‍ത്ത് ടാക്സ് ഉണ്ടായിരുന്നു. പിന്നീട് വേണ്ടെന്ന് വയ്ക്കുകയായിരുന്നു. നിലവിലെ സാമ്പത്തിക പ്രതിസന്ധി മറികടക്കാനും ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ തടസമില്ലാതെ തുടരാനും പുതിയ നികുതി ഘടന വേണം.
No comments:
Post a Comment