ലോകചരിത്രത്തെ തന്നെ രണ്ടായി വിഭജിക്കുന്ന തരത്തില്‍ കൊറോണ വൈറസ് നമ്മെ ആകെ സ്തംഭിപ്പിച്ചു നിര്‍ത്തിയിരിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. അത് ഏതൊരു വ്യക്തിയുടെയും ജീവിതത്തില്‍ സുപ്രധാനമായ മാറ്റങ്ങള്‍ കൊണ്ടുവരും എന്നുള്ളത് നിസ്സംശയം പറയാം. വ്യക്തികളുടെയും സംസ്ഥാനങ്ങളുടെയും രാജ്യങ്ങളുടെയും മൊത്തം ലോകത്തിന്‍റെ തന്നെയും ഗതി മാറ്റി വിട്ടേക്കാവുന്ന ഈ കാലഘട്ടത്തില്‍ ഇന്നു വരെ ലോകം കണ്ടിട്ടില്ലാത്ത പലതരത്തിലുള്ള വ്യത്യാസങ്ങളും പുതിയ സംഭവവികാസങ്ങളും ഉണ്ടാകാന്‍ പോകുന്നു. ഇത് എന്തൊക്കെയാണ് എന്ന് ചിന്തിക്കുന്നത് നമ്മുടെ ഭാവി ആസൂത്രണം ചെയ്യാനും ഇതിനെ നേരിടാന്‍ കരുതലോടെ ഇരിക്കാനും സഹായിക്കും.
It’s recession when your neighbour loses his job, and it’s a depression when you lose yours. അതായത്, നിങ്ങളുടെ അയല്‍ക്കാരന് ജോലി നഷ്ടപ്പെടുമ്പോള്‍ അത് സാമ്പത്തിക മാന്ദ്യം ആകുന്നു. നിങ്ങള്‍ക്ക് തന്നെ ജോലി നഷ്ടമാകുമ്പോള്‍ അത് സാമ്പത്തിക തകര്‍ച്ചയും ആകുന്നു.
അമേരിക്കയുടെ 33-ാമത്തെ പ്രസിഡന്‍റായിരുന്ന ഹാരി എസ്. ട്രൂമാന്‍ പറഞ്ഞു:
വളരെ വേഗത്തില്‍, വളരെ ദൂരത്തില്‍ കുതിച്ചു കൊണ്ടിരിക്കുകയായിരുന്നു ലോകം. വിവരസാങ്കേതികവിദ്യ വിളമ്പി തന്നെ വികസനത്തിന്‍റെ വിദൂര സാധ്യതകളെ ലോകം വളരെ പെട്ടെന്നാണ് കൈപ്പിടിയിലൊതുക്കിയത്. വിരല്‍ തുമ്പില്‍ വിരിയുന്ന വിസ്മയ പ്രതിഭാസമായി ലോകം മനുഷ്യനു മുമ്പില്‍ മിഴി തുറന്നപ്പോള്‍ കോവിഡ് 19 എന്ന മഹാമാരി ലോകത്തെ മുഴുവന്‍ മുള്‍മുനയില്‍ നിര്‍ത്തിയിരിക്കുകയാണ്. കൊറോണ എന്ന മഹാവ്യാധിയില്‍ ലോകം മുഴുവന്‍ വിറങ്ങലിച്ച് നില്‍ക്കുമ്പോള്‍ ഇതിനുശേഷം ഇനിയെന്ത് എന്ന ചോദ്യം ഉയര്‍ന്നു തുടങ്ങി. ഭരണകൂടവും ആരോഗ്യപ്രവര്‍ത്തകരും സമൂഹം ഒന്നാകെയും മഹാമാരിയെ അതിജീവിക്കാനുള്ള തീവ്രയത്നത്തിലാണ്.
ലോകത്തോടു മുഴുവന്‍ അട്ടഹസിച്ചുകൊണ്ട് കൊറോണ ചോദിക്കുകയാണ് - എവിടെ നിങ്ങളുടെ വലിയ വലിയ വിപ്ലവകരമായ നേട്ടങ്ങള്‍, നിങ്ങളുടെ ഫൈറ്റര്‍ ജെറ്റുകളും, മിസൈലുകളും, ആറ്റം ബോംബുകളും എവിടെ? ഈ ചോദ്യത്തിന് ഉത്തരം ഒന്നുമില്ലാതെ ലോകരാഷ്ട്രങ്ങള്‍ എല്ലാം നാണിച്ചു തല താഴ്ത്തി ഇരിക്കുകയാണ്. 20 ലക്ഷത്തിനു മേല്‍ ഞങ്ങളെ ആക്രമിച്ച, ഒന്നേകാല്‍ ലക്ഷത്തിലധികം അല്ലെങ്കില്‍ ഏകദേശം ഒന്നരയോ രണ്ടോ ലക്ഷം ആള്‍ക്കാരുടെ ജീവന്‍ കവര്‍ന്നെടുത്തത് ഒരു കുഞ്ഞന്‍ വൈറസാണ്. ഇപ്പോള്‍ മനസ്സുകളെയും തകര്‍ത്തുകൊണ്ട്, ശരീരങ്ങളോടൊപ്പം മനസ്സിനേയും തകര്‍ത്തുകൊണ്ട് അതിന്‍റെ ജൈത്രയാത്ര ക്രൂരമായി തുടര്‍ന്നുകൊണ്ടിരിക്കുന്നത്.
ജന്മം നല്‍കിയ മാതാപിതാക്കള്‍ക്കും ജീവിതപങ്കാളിക്കും മക്കള്‍ക്കും കൂടപ്പിറപ്പുകള്‍ക്കും പോലും അന്ത്യചുംബനം നല്‍കി യാത്രയാക്കാന്‍ പോലും പറ്റാത്തത്, ഗുരുതരാവസ്ഥയില്‍ ആയ ഉറ്റവരെ ഒരു നോക്ക് കാണാന്‍ സാധിക്കാത്തത്, ജോലി നഷ്ടമായത്, ഇഷ്ടഭക്ഷണവും വിനോദവും കൈ വിടേണ്ടി വന്നത് തുടങ്ങി എത്രയോ ദുരിതങ്ങളും കഷ്ടപ്പാടുകളും ആണ് ഈ മഹാമാരി കൊണ്ടുവന്നിരിക്കുന്നത്. പകര്‍ച്ചവ്യാധി എത്രത്തോളം നിലനില്‍ക്കുമെന്നോ ആവര്‍ത്തിക്കുമോ എന്നും അറിയില്ല.
1918 ല്‍ സ്പാനിഷ് ഇന്‍ഫ്ളുവന്‍സ ലോകജനതയുടെ 3 ശതമാനം കവര്‍ന്നു. മലേറിയയും വസൂരിയും സമാനമായ മറ്റു പകര്‍ച്ചവ്യാധികളും ഒട്ടേറെ നാശനഷ്ടങ്ങള്‍ വിതച്ചിട്ടുണ്ട്. സാമൂഹിക അകലം പാലിക്കുക എന്നതു മാത്രമാണ് കോവിഡ് - 19 രോഗത്തിനെതിരെ ഇന്ന് നമുക്കുള്ള ഒരു പ്രതിവിധി. ഈ സത്യം മനസ്സിലാക്കി രാജ്യത്തുടനീളം ലോക്ഡൗണ്‍ നടപ്പാക്കി. ശക്തമായ സുരക്ഷാ നടപടികള്‍ സ്വീകരിച്ചു. അതിന്‍റെ ഫലമായി നമ്മുടെ രാജ്യവും പ്രത്യേകിച്ച് കേരളം എന്ന കൊച്ചു സംസ്ഥാനം ആഗോളതലത്തില്‍ പ്രത്യേക പ്രശസ്തിക്കും പാത്രമായി തീര്‍ന്നു. ഒരുമിച്ച് ഒറ്റക്കെട്ടായി നിന്ന് പകര്‍ച്ചവ്യാധിയെ അതിജീവിക്കുവാന്‍ മലയാളിക്ക് കഴിയുമെന്ന് പ്രളയദുരിതത്തിന്‍റെ നാള്‍വഴികള്‍ ഇപ്പുറം ഉറക്കെ ഉദ്ഘോഷിക്കപ്പെടുകയാണ്. അതേ സമയം കൊറോണക്ക് ശേഷം എന്ത് എന്നുള്ളതാണ് ഇന്ന് നമ്മുടെ മുമ്പിലുള്ള മുഖ്യ ചോദ്യം.
എങ്ങനെ കൊറോണ എന്ന മഹാവ്യാധിയെ നേരിടാം?
1. വാക്സിന്‍ കണ്ടുപിടിക്കുക
2. ഹെര്‍ഡ് ഇമ്മ്യൂണിറ്റി
3. റിവേഴ്സ് ക്വാറന്‍റീന്‍
4. മരുന്ന് കണ്ടുപിടിക്കുക
എന്താണ് വാക്സിന്‍? എന്താണ് ഇപ്പോഴത്തെ അവസ്ഥ?
വാക്സിന്‍ എന്നു പറയുന്നത് ഈ രോഗത്തിനെതിരെ പാസ്സീവായ ഇമ്മ്യൂണിറ്റി അഥവാ രോഗപ്രതിരോധശേഷി, ഈ അസുഖത്തെ എതിര്‍ത്തു നില്‍ക്കാന്‍ ഉള്ള ആന്‍റിബോഡി നമ്മുടെ ശരീരത്തിലേക്ക് കുത്തിവയ്ക്കുന്നതാണ്. പല രാജ്യങ്ങളിലായി 78 പ്രോജക്ടുകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. വാക്സിന്‍ ഇഫക്ടീവ് ആകണമെങ്കില്‍ ഡോസ് കണ്ടുപിടിക്കണം? പ്രായമുള്ളവര്‍ക്ക് ഇത് കൊടുത്താല്‍ മതിയോ? ഇതിനു സൈഡ് ഇഫക്ട് ഉണ്ടോ? സാധാരണ ഒരു വര്‍ഷമെങ്കിലും പിടിക്കും വാക്സിന്‍ മാര്‍ക്കറ്റിലേക്ക് എത്താന്‍. എന്നാല്‍ ഇതുവരെ കൃത്യമായ വാക്സിന്‍ കണ്ടുപിടിച്ചിട്ടില്ല എന്നതാണ് സത്യം.
എന്താണ് റിവേഴ്സ് ക്വാറന്‍റീന്‍, ഹെഡ് ഇമ്മ്യൂണിറ്റി?
ഹോട്സ്പോട്ട് അല്ലെങ്കില്‍ രോഗത്തിന്‍റെ തീവ്രത ഒരുപാട് ആളുകളിലേക്ക് ബാധിച്ചിട്ടുള്ള ചില സംസ്ഥാനങ്ങള്‍ ഉണ്ട്. പ്രത്യേകിച്ച് ഗുജറാത്ത്, മഹാരാഷ്ട്ര, ഡല്‍ഹി, മുംബൈ, ഇന്‍ഡോര്‍ തുടങ്ങിയ സ്ഥലങ്ങള്‍. ഇവിടെയെല്ലാം പൂര്‍ണ ലോക്ഡൗണ്‍; ബാക്കി ഉള്ളടത്ത് ഭാഗിക ലോക്ഡൗണായി മുന്നോട്ടുപോകുക. വളരെ കുറച്ച് ആള്‍ക്കാര്‍ മാത്രമായിരിക്കാം ഇത് കൃത്യമായി പാലിക്കുക. എന്നാല്‍ മറ്റു ചിലര്‍ക്ക് പ്രത്യേകിച്ച് അന്യസംസ്ഥാന തൊഴിലാളികള്‍, കൂലിപ്പണിക്കാര്‍ തുടങ്ങിയ ഭൂരിഭാഗം ജനങ്ങള്‍ക്ക് പുറത്തിറങ്ങാതെ ഇരിക്കാന്‍ പറ്റാത്ത ഒരു അവസ്ഥയും സംജാതമാകും.
ഒരു വശത്ത് ഭക്ഷ്യവസ്തുക്കള്‍ അടക്കമുള്ള വസ്തുക്കളുടെ ക്ഷാമം. മറുവശത്ത് പട്ടിണി. ഇങ്ങനെയൊരു സാഹചര്യം ആളുകളെ പുറത്തിറങ്ങാനും ജീവന്‍ നിലനിര്‍ത്താന്‍ മറ്റു മാര്‍ഗങ്ങളിലേക്ക് അവരുടെ ശ്രദ്ധ തിരിയാനും ഇടയാക്കും. അങ്ങനെ സംഭവിച്ചാല്‍ അഞ്ചാറു മാസങ്ങള്‍ക്കുള്ളില്‍ പകര്‍ച്ചവ്യാധി പിടിച്ചു നിര്‍ത്താന്‍ പറ്റാത്ത സ്ഥിതിവിശേഷത്തില്‍ ആയിരിക്കും നാടിനെ കൊണ്ടെത്തിക്കുക. സമീപഭാവിയില്‍ വാക്സിനേഷനോ പ്രതിരോധമരുന്നോ അല്ലെങ്കില്‍ ഇതിനെതിരെ ചികിത്സിക്കാനുള്ള യഥാര്‍ത്ഥ മരുന്നോ കണ്ടുപിടിക്കാന്‍ പറ്റിയില്ല എങ്കില്‍ തീര്‍ച്ചയായും ഇത്തരത്തിലുള്ള ദൂരവ്യാപകമായ ഫലങ്ങള്‍ ഉണ്ടാകുകയും ചെയ്യും.
ഗള്‍ഫ്, യൂറോപ്യന്‍ രാജ്യങ്ങള്‍, അമേരിക്ക പോലുള്ള രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നും ഇന്ത്യയിലേക്ക് കടന്നുകയറ്റം പൂര്‍ണമായും തടയേണ്ടത് ആവശ്യമാണ്. അല്ലെങ്കില്‍ അവര്‍ക്ക് ക്വാറന്‍റീന്‍ പീരിഡില്‍ ഇവിടെ താമസിക്കാനും വേണ്ട ചികിത്സ ലഭ്യമാക്കാനുമുള്ള എല്ലാ സൗകര്യങ്ങളും ഏര്‍പ്പാട് ചെയ്തതിനുശേഷം ഘട്ടം ഘട്ടമായി അവരെ ഇങ്ങോട്ട് തിരിച്ചുകൊണ്ടുവരിക. ഇതേ നമ്മുടെ മുമ്പില്‍ ഒരു പോംവഴിയായുള്ളൂ. ഇനി എന്തെങ്കിലും ഒരു സാഹചര്യത്തില്‍ നാട്ടിലെത്തുന്നവരെ ക്വാറന്‍റീനില്‍ 30 ദിവസം താമസിപ്പിച്ച് കൃത്യമായി നിരീക്ഷിച്ച് കോവിഡ് - 19 പരിശോധനാഫലം നെഗറ്റീവ് ആണെന്ന് ഉറപ്പു വരുത്തിയതിനു ശേഷം നമുക്ക് നാട്ടിലേക്ക് പ്രവേശനാനുമതി നല്‍കാം.
ലോക്ഡൗണ്‍ തുടരുകയും അന്യ ജില്ലകളിലേക്കും സംസ്ഥാനങ്ങളിലേക്കും മറ്റുമുള്ള സാധനങ്ങളുടെ കയറ്റുമതി, യാത്രകള്‍ ഇവ നിജപ്പെടുത്തിയിരിക്കുന്നതിനാലും
അരി തുടങ്ങിയ അവശ്യസാധനങ്ങളുടെയും ഇതര ഭക്ഷണസാധനങ്ങളുടെയും ലഭ്യത ജനങ്ങളെ സാരമായി ബാധിക്കാന്‍ ഇടയുണ്ട്. അരി, പച്ചക്കറി എന്നിവയ്ക്ക് കേരളം പൂര്‍ണമായും അന്യസംസ്ഥാനങ്ങളെ ആണ് ആശ്രയിക്കുന്നത്. പ്രത്യേകിച്ച് തമിഴ്നാട്, ആന്ധ്ര പോലുള്ള സംസ്ഥാനങ്ങള്‍. അവശ്യസാധനങ്ങളുടെ ഇറക്കുമതി ചോദ്യ ചിഹ്നമായി നില്‍ക്കുന്നതിനാല്‍ കൃഷിസ്ഥലങ്ങളില്‍ കാര്‍ഷിക വിഭവങ്ങള്‍ കൃഷി ചെയ്ത് ഉണ്ടാക്കാനും, വീടുകളില്‍ അവശ്യസാധനങ്ങള്‍ ലഭ്യമാക്കാനും നാം തന്നെ നടപടികള്‍ സ്വീകരിക്കേണ്ടതും ആവശ്യമാണ്.
കുറഞ്ഞ ചെലവില്‍ ജീവിക്കാന്‍ ജനങ്ങള്‍ ശീലിക്കണം. മിനിമലൈസേഷന്‍ എന്ന ആശയത്തിലേക്ക് നമുക്ക് വരാന്‍ കഴിയണം. ഇനിയൊരു ആറുമാസം നമുക്ക് ജോലി ഇല്ലാതെ വന്നാല്‍ പോലും വേറെ ജോലികള്‍ എന്തെങ്കിലും കണ്ടെത്താനോ എന്തു ജോലിയും ചെയ്യാന്‍ മനുഷ്യന്‍ തയ്യാറാവുകയോ വേണം. അങ്ങനെ മാത്രമെ നമ്മുടെ ജീവിതം മുന്നോട്ടു കൊണ്ടുപോകാന്‍ സാധിക്കുകയുള്ളൂ. ആഢംബരങ്ങള്‍ ഒഴിവാക്കി ഏറ്റവും കുറഞ്ഞ ചെലവില്‍ ജീവിക്കാന്‍ നാം ശീലിക്കണം. സ്വയം പര്യാപ്തത കൈവരിക്കാന്‍ എങ്ങനെ പറ്റും എന്ന് ഓരോ വ്യക്തിയും ചിന്തിക്കണം. അവ പ്രയോഗത്തില്‍ വരുത്തുകയും വേണം. തൊഴില്‍ അവസരങ്ങള്‍ നഷ്ടപ്പെടുന്ന ഒരു തലമുറയും സമൂഹവുമാണ് സമീപഭാവിയില്‍ ഉണ്ടാകുവാന്‍ പോകുന്നത്.
ഗള്‍ഫ് മേഖല, യൂറോപ്പ്, അമേരിക്ക, ഉപഭൂഖണ്ഡങ്ങള്‍ എന്നിവിടങ്ങളിലെല്ലാം നിര്‍മാണ മേഖലയിലും ശാസ്ത്ര സാങ്കേതിക മേഖലയിലും ജോലി സാധ്യത കുറയാന്‍ ഇടയുണ്ട്. നഴ്സിംഗ് മേഖലയും ആരോഗ്യ മേഖലയും ചിലപ്പോള്‍ പിടിച്ചു നിന്നേക്കാം. എങ്കില്‍ പോലും നമ്മുടെ നാട്ടിലെ ഭൂരിഭാഗം ജനങ്ങള്‍ തൊഴില്‍ തേടി മുകളില്‍ പ്രസ്താവിച്ച രാജ്യങ്ങളിലേക്ക് അഭയംതേടിയിട്ടുള്ളവരാണ്. ഓരോ രാജ്യവും ജോലി നഷ്ടപ്പെട്ട തദ്ദേശീയരായ ആള്‍ക്കാരെ ഒഴിവുള്ള ജോലിയിലേക്ക് നിയമിക്കാനും സാധ്യതയുണ്ട്.
നമ്മുടെ നാട്ടിലും വീട്ടിലെ അടുക്കളയിലും ഉള്‍പ്പെടെ പണിയെടുക്കുന്ന അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് പകരം നമ്മുടെ നാട്ടിലെ തൊഴിലാളികള്‍ തന്നെ തല്‍സ്ഥാനത്ത് നിയമിതരായാല്‍ കൊറോണ സൃഷ്ടിക്കുന്ന തൊഴില്‍ ദൗര്‍ലഭ്യത്തെ ഒരു പരിധിവരെ നമുക്ക് അകറ്റി നിര്‍ത്താനാവും. രാജ്യത്തിന്‍റെ മാത്രമല്ല നമ്മുടെ ഒട്ടുമിക്ക സമ്പദ്വ്യവസ്ഥയുടെയും ആണിക്കല്ലായ ടൂറിസം മേഖല കോവിഡ് - 19 ല്‍ വിറങ്ങലിച്ചു നില്‍ക്കുകയാണ്. ടൂറിസം കൊണ്ട് മാത്രം ജീവിച്ചുപോകുന്ന ദുബായ്, സിംഗപ്പൂര്‍, മാലിദ്വീപ്, തായ്ലന്‍ഡ് തുടങ്ങിയ രാജ്യങ്ങള്‍ ഇവയ്ക്കെല്ലാം തന്നെ വലിയൊരു തിരിച്ചടി സംഭവിച്ചേക്കാം.
കേരളത്തില്‍ പ്രവാസി നിക്ഷേപം കഴിഞ്ഞാല്‍ വിദേശനാണ്യം വഴി 15 ലക്ഷത്തിലധികം പേര്‍ക്ക് നേരിട്ടും അല്ലാതെയും ഉപജീവനം നല്‍കുന്നത് ടൂറിസം മേഖലയാണ്. വന്‍ തകര്‍ച്ചയിലേക്കാണ് ഇത് ഇന്ന് നീങ്ങിക്കൊണ്ടിരിക്കുന്നത്. ഹോട്ടല്‍, ഹോസ്പിറ്റാലിറ്റി മേഖലയെ ഇത് സാരമായി ബാധിക്കും. ജീവനക്കാര്‍ക്ക് ശമ്പളം ലഭിക്കാതെ കടുത്ത ആശങ്കയിലേക്കും പോകാനിടയുണ്ട്. വിദേശീയര്‍ ഒന്നു രണ്ട് വര്‍ഷത്തേക്ക് എങ്ങോട്ടേക്കും യാത്ര ചെയ്യാന്‍ സാധ്യത ഇല്ല. ലോക്ഡൗണ്‍ കാലത്തെ പോലെ തന്നെ വീടുകളില്‍ തന്നെ കഴിയേണ്ടിവരുന്ന മാനസികാവസ്ഥ തുടങ്ങി വൈകാരിക പ്രശ്നങ്ങള്‍ നിരവധിയാണ്. മുമ്പ് ജോലിക്ക് പോയിരുന്ന ഭാര്യാഭര്‍ത്താക്കന്മാര്‍ കൊറോണ സൃഷ്ടിച്ച പ്രകമ്പനം മൂലം വീടുകളില്‍ ഒതുങ്ങിക്കൂടിയതിനാല്‍ സ്വരച്ചേര്‍ച്ചയില്ലായ്മയും വാക്ക് തര്‍ക്കങ്ങളും രൂഢമൂലമായിരിക്കുന്നു. ഈയിടെ വനിതാ കമ്മീഷന്‍ പറഞ്ഞു ഇമെയിലുകളായും പരാതികള്‍ ലഭിക്കുന്നു എന്ന്. ഇമെയില്‍ അയക്കാന്‍ അറിയാവുന്നവര്‍ മാത്രമെ ഇതിന് ഒരുമ്പെടുകയുള്ളൂ. അല്ലാത്തവര്‍ ചിലപ്പോള്‍ സഹിക്കുകയും ക്ഷമിക്കുകയും ചെയ്തുകൊണ്ട് മുമ്പോട്ടു പോയേക്കാം. നേരെ തിരിച്ചും സംഭവിക്കാം. മാത്രമല്ല സ്ഥിരമായി മദ്യം, കഞ്ചാവ്, പുകവലി തുടങ്ങിയ ശീലങ്ങള്‍ ഉണ്ടായിരുന്നവര്‍ അതു കിട്ടാതെ വരുമ്പോള്‍ കടുത്ത മാനസിക അസ്വാസ്ഥ്യങ്ങളിലേക്ക് പോകാനിടയുണ്ട്. ഇതിന്‍റെ സൈക്കോളജിക്കല്‍ ഇംപാക്ട് എത്രമാത്രം ഉണ്ടാകും എന്ന് ഇപ്പോള്‍ ഗണിച്ചു പറയുക അസാധ്യമായിരിക്കും.
സമൂഹത്തിന്‍റെ ചിന്തകളില്‍ നിന്ന് ആസൂത്രണങ്ങള്‍ ഉണ്ടാവേണ്ടതുണ്ട്. മഹാമാരിയെ കരുതിയിരിക്കാനും നേരിടാനുമുള്ള എല്ലാ ശക്തിയും സംഭരിച്ചുവയ്ക്കണം. ഈ ചിന്തകള്‍ എളിമയോടെ ജീവിക്കാനും ലഘു സമ്പാദ്യ ശീലങ്ങളിലേക്കും പുതിയ തൊഴില്‍ ചിന്തകളിലേക്കും നമ്മളെ നയിക്കട്ടെ.
No comments:
Post a Comment