പലമയുടെ പൊന്നാനിപ്പൂക്കള്‍ കെ.പി രാമനുണ്ണി


     കലകളേയും സാംസ്ക്കാരികോത്സവങ്ങളേയും സവര്‍ണവും അവര്‍ണവുമായി വേര്‍തിരിക്കുന്നവര്‍ ഓര്‍ക്കാതെ പോകുന്ന ഒരു കാര്യമുണ്ട്. അവര്‍ണത്തില്‍ നിന്ന് മാത്രമേ, അതായത് മണ്ണില്‍ നിന്നും പൊടിയില്‍ നിന്നും പണിയെടുക്കലില്‍ നിന്നും മാത്രമേ കലകളുടേയും സാംസ്ക്കാരികോത്സവങ്ങളുടേയും വിത്തുകള്‍ മുളയ്ക്കാറുള്ളു. പിന്നീട് വരേണ്യവര്‍ഗം അവയെല്ലാം പറിച്ചെടുത്ത് കഴുകി വൃത്തിയാക്കി അവരുടേതാക്കി മാറ്റുകയാണ് പതിവ്.
     ഈ പൊതുതത്വത്തിന് വിപരീതമാണ് ഓണമെന്ന സാംസ്ക്കാരികോത്സവത്തിന്‍റെ ഉത്ഭവമെന്ന് പറയാം. സവര്‍ണമായൊരു പ്രത്യയശാസ്ത്രത്തില്‍ പിറവിയെടുത്തതായിരുന്നു പണ്ട് വാമനോത്സവമെന്ന് അറിയപ്പെട്ടിരുന്ന ഓണം. ദേവലോകത്തെ അസൂയപ്പെടുത്തുന്ന തരത്തില്‍ നാടിനെ നാകമാക്കി മാറ്റിയതിന്‍റെ പേരില്‍ മഹാബലി ചക്രവര്‍ത്തിയെ വാമനന്‍ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തിയതിന്‍റെ ആഘോഷമായാണ് വാമനോത്സവം കൊണ്ടാടപ്പെട്ടത്. പിന്നീട് ജനക്ഷേമതല്‍പ്പരനായ പ്രജാപതിയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പിന്‍റെ പൊന്നോണമാക്കി വാമനോത്സവത്തെ കൃഷിക്കാരും കൈവേലക്കാരും കീഴാളരും പുനഃസൃഷ്ടിക്കയായിരുന്നു.
     എന്‍റെ കുട്ടിക്കാലത്ത് ജന്മദേശമായ പൊന്നാനിയില്‍ ജാതിയേയും മതത്തേയും അതിവര്‍ത്തിക്കുന്ന നാടിന്‍റെ പൂത്തുലയലായാണ് ഓണക്കാലം എഴുന്നള്ളിയിരുന്നത്.
     څഉണ്ണ്യേ, നോമ്പും പെരുന്നാളും കഴിഞ്ഞാല്‍ പിന്നെ ഓണായില്യേ.چ
     അല്ലെങ്കില്‍
     څഇക്കുറി പെരുന്നാളും ഓണവും ഒന്നിച്ചാണല്ലോ.چ
     എന്നിങ്ങനെ ഖയ്യൂമിന്‍റെ ബാപ്പ അബ്ദുള്ളാജിയില്‍ നിന്നുള്ള തെര്യപ്പെടുത്തലോടെയായിരിക്കും എ.വി ഹൈസ്ക്കൂള്‍ പഠനകാലത്ത് ഓരോ വര്‍ഷവും ഞാന്‍ ആദ്യമായി ഓണത്തിലേക്കുണരുന്നത്. പിന്നീട് മാത്രമേ അരക്കൊല്ലപ്പരീക്ഷയെക്കുറിച്ചുള്ള അറിയിപ്പും പൂവട്ടി തയ്യാറാക്കിയുള്ള ആശാരിച്ചിയുടെ വരവും സംഭവിക്കയുള്ളു. എങ്ങനെയെങ്കിലും പരീക്ഷ മുടിച്ച് പുസ്തകക്കെട്ട് മൂലക്കിട്ടാല്‍ പിന്നെ അത്തത്തിന്‍റെ പൂപ്പറിക്കലിലേക്കുള്ള എടുത്തുചാട്ടമാണ്. തറവാട്ടു വീട്ടിലെ സഹോദരീസഹോദരന്മാര്‍ക്കൊപ്പം പത്തോടി ഹൗസിലെ അബ്ദുള്ളാജിയുടെ മാപ്ലക്കുട്ടികളും എന്‍റെയൊപ്പം കാടും മേടും കയറിയിറങ്ങും. ആശാരിച്ചിയുണ്ടാക്കിയ പൂവട്ടിയില്‍ മുസ്ലീം-മേനോന്‍ പിഞ്ചുങ്ങളുടെ കൈവിരലുകള്‍ മുക്കുറ്റിപ്പൂവും തുമ്പപ്പൂവും നെല്ലിപ്പൂവും കോളാമ്പിപ്പൂവും വീശിനിറക്കും. വിചിത്രമനോഹരമായ പലമകള്‍ കൊണ്ട് ഞങ്ങളുടെ പൂക്കളങ്ങള്‍ രചിക്കപ്പെടും.
     പുഷ്പസംഭരണത്തിന് മാത്രമല്ല, പുറംപണിക്കാരന്‍ കൃഷ്ണന്‍ പാടത്തു നിന്ന് കളിമണ്ണ് കോരിയെടുത്ത് തൃക്കാക്കരപ്പനെ പിടിക്കുമ്പോഴും ഖയ്യൂമും സക്കീറും ലത്തീഫുമെല്ലാം ആദ്യാവസാനം എന്‍റെ കൂടെയുണ്ടായിരുന്നു. ചെങ്കല്ല് ചോര പോലെ അരച്ചുകൊടുക്കുന്നതും തൃക്കാക്കരപ്പന്‍റെ നെറും തലക്ക് ഓട്ട കുത്താന്‍ ഈര്‍ക്കില്‍ ഇരിഞ്ഞു കൊണ്ടുവരുന്നതും മിക്കപ്പോഴും അവര്‍ തന്നെയാണ്. തടിച്ച് കൊഴുത്ത കുട്ടപ്പന്മാരായി തൃക്കാക്കരപ്പന്മാര്‍ ഒരുങ്ങിക്കഴിഞ്ഞാല്‍ പിന്നെ അവയെ ഉണക്കിയെടുത്ത് ഉമ്മറക്കോലായില്‍ അണിയിച്ചിരുത്തലായി. പണ്ട് സാമൂതിരിപ്പാട് മുസ്ലീം സമുദായാംഗങ്ങള്‍ അഞ്ച് നേരം നിസ്ക്കരിക്കുന്നില്ലേയെന്ന് നിരീക്ഷിച്ചിരുന്ന തരത്തിലാണ് അമ്മയുടെ നേതൃത്വത്തിലുള്ള എന്‍റെ തൃക്കാക്കരപ്പ പൂജ കണ്‍പാര്‍ത്ത് ഖയ്യും ഉമ്മറത്തൂണില്‍ ചാരിനില്‍ക്കുക.
     څതുളസിപ്പൂവ് മൂന്ന് പ്രാവശ്യം ഇട്ടിട്ടില്ല.چ
     څസാമ്പ്രാണി നാല് വട്ടം ഉഴിഞ്ഞുപോയി.چ
     എന്‍റെ അനുഷ്ഠാനങ്ങളിലെ തെറ്റുകുറ്റങ്ങള്‍ അവന്‍ അപ്പപ്പോള്‍ ചൂണ്ടിക്കാട്ടും.
     څഒന്ന് നേരാംവണ്ണം വെപ്രാളമടിക്കാതെ ചെയ്താണ് ഉണ്ണ്യേ. ഖയ്യൂമിനെക്കൊണ്ട് പൂജിപ്പിക്യാ നല്ലത്!چ
     കളിക്കൂട്ടുകാരനെ പുകഴ്ത്തിപ്പുകഴ്ത്തി അമ്മ എന്നെ ഇകഴ്ത്തും.
     തിരുവോണ ദിവസം എന്‍റെ വീട്ടില്‍ നിന്ന് പത്തോടി ഹൗസിലേക്ക് പകര്‍ച്ച ചെല്ലുന്നതും നോമ്പുകാലത്ത് പത്തിരിയും ഇറച്ചിയും ഇങ്ങോട്ട് കൊണ്ടുവരുന്നതും കര്‍ക്കടകപ്പേമാരി പോലെ വര്‍ഷാവര്‍ഷത്തെ തെറ്റാത്ത കോലാഹലമായിരുന്നു. ഓണമുണ്ണുന്നതിനേക്കാള്‍ വലിയ ജഗപൊകയാണ് ഖയ്യൂമിന്‍റെ വീട്ടിലേക്കുള്ളത് എടുത്ത് വെക്കണ്ടേ, കൊടുത്ത് അയക്കണ്ടേ എന്നിങ്ങനെ ഉച്ചയടുക്കുമ്പോഴേക്ക് അമ്മയില്‍ നിന്നും അടുക്കളക്കാരി ചന്ദ്രമതിയില്‍ നിന്നും ഉയരുന്ന വിളിതെളികള്‍. ടിഫിന്‍ കേരിയറിന്‍റെ അടിക്കള്ളിയില്‍ കോരി നിറക്കുന്ന ചുടുപായസം, രണ്ടാം കള്ളിയില്‍ കട്ടകുത്തിക്കുന്ന പഴം നുറുക്കുകള്‍, മൂന്നാം കള്ളിയില്‍ കൊഴുകൊഴുക്കനെ കാളന്‍, നാലാം കള്ളിയില്‍ എല്ലൊടിച്ച് കിടത്തിയ അവിയല്‍, അഞ്ചാം കള്ളിയില്‍ മുഖത്തിടിച്ച് പപ്പടമാക്കിയ വല്യപ്പടങ്ങള്‍...
     സര്‍വകാര്യസഹായിയായ ഗോപ പത്തോടി ഹൗസിലേക്കുള്ള പകര്‍ച്ചയെത്തിച്ച് കാലിപ്പാത്രവുമായി മടങ്ങി വന്നാല്‍ അമ്മ എപ്പോഴും ചോദിക്കുന്ന ഒരു ചോദ്യമുണ്ട്.
     څആരെയാ കണ്ട്, എന്തേ പറഞ്ഞ്?چ
     څഖയ്യൂമിന്‍റെ ബാപ്പയെ കണ്ടു, ഉമ്മയെക്കണ്ടു.
     എന്തിനാത് ഞങ്ങള്‍ക്കും ഓണല്യേന്ന് ചോദിച്ചു.چ
     എല്ലാ വര്‍ഷവും ഗോപ പറയുന്ന മറുപടിയുമാണിത്.
     അതെ, ഖയ്യൂമിനും വീട്ടുകാര്‍ക്കും ഓണവും പെരുന്നാളും ഉണ്ടാകുമ്പോള്‍ എനിക്കും അമ്മയ്ക്കും ഓണം മാത്രം - ഉണ്ടാകുന്നു. അങ്ങനെ രണ്ടും ഒപ്പം കിട്ടിയതിന്‍റെ നിറവിലും സന്തോഷത്തിലും സംതൃപ്തിയിലുമായിരിക്കണം ഭാരതപ്പുഴ മുറിച്ച് ഇങ്ങോട്ട് കടക്കാന്‍ മുതിര്‍ന്ന മാപ്ലലഹളക്കാരോട് നില്‍ക്കവിടെ എന്ന് പൊന്നാനിത്തങ്ങള്‍ 1921 ല്‍ കല്‍പ്പിച്ചത്.
     ഓണവും റംസാന്‍ നോമ്പും ഒന്നിച്ച് വരുന്ന സന്ദര്‍ഭങ്ങളില്‍ എന്‍റെ അമ്മയ്ക്ക് കടുത്ത വേവലാതിയായിരുന്നു. കാരണം നോമ്പു പിടിച്ചായിരിക്കും ഖയ്യൂമും സക്കീറും ലത്തീഫുമെല്ലാം പൂവറുക്കാനും തൃക്കാക്കരപ്പനെ ഒരുക്കാനും ഞങ്ങളുടെ വീട്ടിലേക്ക് കയറിവരിക. അവരുടെ മുമ്പില്‍ വച്ച് പഴം നുറുക്കോ വറുത്തുപ്പേരിയോ ഞാന്‍ നൊട്ടിനുണഞ്ഞ് മാപ്ലച്ചെക്കന്മാര്‍ വെള്ളമിറക്കിപ്പോയാലോ.
     څഉണ്ണ്യേ, മര്യാദക്ക് ചിറി തുടച്ച് നിന്നാണ്.چ
     അമ്മ ഇടക്കിടെ ഭീഷണിപ്പെടുത്തും.
     ഖയ്യൂമിന്‍റെയും സക്കീറിന്‍റെയും ലത്തീഫിന്‍റെയുമെല്ലാം നോമ്പ് മുറിയുന്നതില്‍ അവരെ കളിക്കാന്‍ വിടുന്ന ഉമ്മ-ബാപ്പമാരേക്കാള്‍ വലിയ ബേജാറ് എന്‍റെ അമ്മയ്ക്കായിരിക്കും.
     അത്തം തൊട്ട് പത്തുദിവസം എന്‍റേയും വല്യമ്മയുടേയും വീടുകളില്‍ മത്സ്യമാംസാദികള്‍ വാങ്ങാറില്ല. എന്നാല്‍ നോമ്പു പ്രമാണിച്ച് പത്തോടി ഹൗസില്‍ നിന്ന് കൊടുത്തയക്കുന്ന പത്തിരിക്കോ ഇറച്ചിക്കോ കോഴിയടക്കോ മുട്ടമാലക്കോ ഞങ്ങള്‍ അശുദ്ധി കല്‍പ്പിക്കാറില്ല. ഉത്രാടമായാലും തിരുവോണമായാലും ഞാന്‍ അതെല്ലാം വെട്ടിവിഴുങ്ങും. പോത്തിറച്ചിയും മൂരിയിറച്ചിയും രാമനുണ്ണിയുടെ വീട്ടില്‍ ഉപയോഗിക്കില്ലെന്ന് അറിയുന്നതു കൊണ്ട് അത്തരം വിഭവങ്ങള്‍ ഖയ്യൂമിന്‍റെ ഉമ്മ അടുക്കുപാത്രത്തില്‍ എടുത്തുവയ്ക്കില്ലെന്ന് മാത്രം.
     ഒരു പൂരാടനാളില്‍ ഖയ്യൂമിന്‍റെ വീട്ടില്‍ നിന്ന് നോമ്പ് പകര്‍ച്ച വലിയൊരു സഞ്ചിയില്‍ കൊടുത്തയച്ചതായിരുന്നു. പാത്രം പിന്നെ വാങ്ങാമെന്ന് പറഞ്ഞ് റുക്കിയ മടങ്ങിപ്പോയതും അടുക്കളയില്‍ നിന്ന് ചന്ദ്രമതിയുടെ ചീറല്‍ കേട്ടു.
     څഅയ്യോ, ഇത് മൂരിയിറച്ചിയാ!چ
     പിന്നെ നിശ്ശബ്ദതയുടെ വിങ്ങല്‍ മാത്രം.
     കുറച്ച് കഴിഞ്ഞതും സാരല്യാ, ഞാന്‍ തെങ്ങിന്‍ തടത്തില്‍ തട്ടിക്കോളാമെന്ന് പറഞ്ഞ് ശാരദ വരുന്ന പെരപ്പ് കേട്ടു.
     څവേണ്ട, ശാരദേ, മനുഷ്യന്മാര്‍ക്ക് തിന്നാനുള്ളത് ഒരിക്കലും വലിച്ചെറിയരുത്. ദാമോദരേട്ടന്‍ എപ്പോഴും പറയാറുള്ളതാ. ഉണ്ണി അത് കഴിച്ചോട്ടെ.چ
     കര്‍ശനമായിരുന്നു അമ്മ അപ്പോള്‍ നടത്തിയ ഇടപെടല്‍. അങ്ങനെ കാളക്കറിയിലൂടെ ആയിത്തീര്‍ന്നു അക്കൊല്ലത്തെ എന്‍റെ ഉത്രാടപ്പാച്ചില്‍.
     ഞങ്ങളുടെ നാട്ടിലെ ഓണത്തിലും ഓണാഘോഷത്തിലും മുസ്ലീംങ്ങളുടെ മാത്രമല്ല സകല ജാതിക്കാരുടേയും മതക്കാരുടേയും പൂര്‍ണ പങ്കാളിത്തമുണ്ടായിരുന്നു. ഓണത്തിനുള്ള കാഴ്ചക്കുലകളുമായി പുഷ്പ്പോത്തെ വല്യമ്മയുടെ വീട്ടില്‍ ആദ്യമായി എത്തിയിരുന്നത് കുടിയാനായ പൗലോസായിരുന്നു. പൗലോസിന് ഓണക്കോടി കിട്ടിയതിന് ശേഷമേ വല്യമ്മയുടെ വര്‍ക്കത്തുള്ള കൈയില്‍ നിന്ന് സ്വന്തം മക്കള്‍ക്ക് പോലും ഒരു കഷ്ണം ശീട്ടിത്തുണി ലഭിക്കയുള്ളു. അത്തം തൊട്ട മുതല്‍ കരുവാന്‍ പിച്ചാങ്കത്തി കാഴ്ചവയ്ക്കാനും കരുവാത്തി അമ്മി കൊത്താനും പണിക്കത്ത്യാര്‍ ആണ്ട് ഫലം കുറിക്കാനും എത്തിച്ചേരും. ഫ്യൂഡല്‍ ബന്ധാവശിഷ്ടങ്ങള്‍ ഇത്തരം ആഘോഷക്കൂട്ടായ്മയില്‍ കണ്ടെത്താമെങ്കിലും അന്നൊരു കൂട്ടായ്മയുണ്ടായിരുന്നു എന്നത് സത്യമാണ്. ഇന്നത്തെ പോലെ ആള്‍ക്കൂട്ടത്തിനിടയിലും ഒറ്റക്കുള്ള അവസ്ഥയായിരുന്നില്ല.
     എന്‍റെ ബാല്യകാല ഓണസ്മരണകളില്‍ ഏറ്റവുമധികം തിളങ്ങി നിന്നിരുന്ന മറ്റൊരു കക്ഷി ചെറുമക്കളായ താമിയും കാളിയുമായിരുന്നു. ഞങ്ങളുടെ വീടിന്‍റെ പടിഞ്ഞാറെ വയലിലുള്ള തറയിലാണ് മക്കളൊന്നുമില്ലാതെ അവര്‍ ജീവിച്ചിരുന്നത്. കള്ളു കുടിച്ച് കുടിലില്‍ ചെന്നാല്‍ കാളിയോടുള്ള താമിയുടെ ഉച്ചത്തിലുള്ള സ്വകാര്യം പറച്ചില്‍ ചുറ്റുവട്ടത്തെ കുട്ടികളുടെ രാത്രിത്തമാശയായിരുന്നു. ആളുയരത്തില്‍ മുള്ളുവേലി കെട്ടുക, ആകാശമരങ്ങള്‍ വെട്ടുക, തെങ്ങ് കമ്പി വലിച്ച് കുരുക്കി നിര്‍ത്തുക തുടങ്ങി വിശേഷവൈദഗ്ദ്ധ്യം ആവശ്യമുള്ള പണികള്‍ ആവശ്യമായാല്‍ അമ്മ താമിയെ വളപ്പിലേക്ക് വിളിപ്പിക്കും. കൂടാതെ ഓണത്തിന് കാഴ്ച വസ്തുക്കളുമായി താമിയും കാളിയും പടി കടന്ന് വരും. കായക്കുലയുടേയും വെള്ളരിക്കയുടേയും കൂട്ടത്തില്‍ സ്വന്തം കൈ കൊണ്ടുണ്ടാക്കിയ പലതരം കളിസാമാനങ്ങള്‍ താമി എനിക്ക് വേണ്ടി കരുതി വച്ചിരിക്കും. വാകമരത്തിന്‍റെ നേരിയ ചീളുകളാല്‍ പണിഞ്ഞ് കളറടിച്ച കുതിരകള്‍, രഥങ്ങള്‍, റിക്ഷകള്‍...
     ഓരോന്നും സഞ്ചിയില്‍ നിന്ന് പെറുക്കിത്തരുമ്പോള്‍ താമി തന്‍റെ അമിതപ്രഭയുള്ള മേല്‍വരിപ്പല്ലുകളാല്‍ നിര്‍ത്താതെ ചിരിച്ചുകൊണ്ടിരിക്കും. ആ ചിരിക്കൊപ്പം നിരുപാധികമായൊരു സ്നേഹത്തിന്‍റെ ഊര്‍ജവും എന്നിലേക്ക് പ്രസരിച്ച് കയറും.
     ഏയ്, ഏയ്, തമ്പ്രാന്‍ കുട്ടിയെ ഇങ്ങനെ തൊടണ്ടാന്നും.
     തൊട്ടും പിടിച്ചും കളിസാമാനങ്ങള്‍ എനിക്ക് തന്നുകൊണ്ടിരിക്കുന്ന താമിയോട് കള്ളച്ചിരിയോടെ കാളി കയര്‍ക്കും. എന്നാല്‍ ആ പരുപരുത്ത വിരല്‍സ്പര്‍ശത്തെ, പായല്‍ക്കുളത്തിന്‍റെ പച്ചവീറുള്ള ഗന്ധത്തെ എനിക്ക് കാളിയുടെ ബ്ലൗസിടാത്ത കരിംമുലകള്‍ പോലെത്തന്നെ ഇഷ്ടമായിരുന്നു.
     പിന്നീട് ഗോഡ് ഓഫ് സ്മോള്‍ തിങ്സില്‍ വച്ച് വെളുത്തയെ കണ്ടുമുട്ടിയപ്പോള്‍ ഞാന്‍ പൊട്ടിത്തരിച്ച പോയത് താമിയെപ്രതിയുള്ള ഓര്‍മകള്‍ കൊണ്ടാണ്. കാളിതാമിമാരുടെ മണ്‍പശിമയോടുള്ള പ്രേമാതിരേകം തന്നെയായിരുന്നു ജീവിതത്തിന്‍റെ പുസ്തകം എന്ന നോവല്‍ രചിക്കുമ്പോള്‍ എന്നെ കീഴാളജീവിതത്തില്‍ സ്വര്‍ഗം കണ്ടെത്തിച്ചതും.
     ഇത്രയും പറഞ്ഞതു കൊണ്ട് മാനുഷരെല്ലാം ഒന്നു പോലായ ഓണമായിരുന്നു പൊന്നാനിയുടേതെന്ന് വിചാരിക്കരുത്. പക്ഷെ മനുഷ്യന്മാര്‍ പരസ്പരം കണ്ടാല്‍ അറിഞ്ഞിരുന്നു, തീര്‍ച്ച.

Share:

കവിത -- ആളോഹരിമാലിന്യം -- ലതാലക്ഷ്മി


മുഖപുസ്തകമാണ് ഓര്‍മപ്പെടുത്തിയത്
ആപ്പ് കാലഹരണപ്പെട്ടു എന്ന്.

ഡൗണ്‍ലോഡ് ചെയ്തിട്ട പല ആപ്പുകളും
നിര്‍ഗുണമെന്ന് സിസ്റ്റം മുന്നറിയിപ്പ് നല്‍കി.

അയാള്‍ ആപ്പിലായി.

പ്രഭാതഭക്ഷണശേഷം
സ്വയം അലക്കിവെളുപ്പിച്ച വടിവൊത്ത
കുപ്പായത്തില്‍ അയാള്‍ അയാളെ
കാണുമ്പോള്‍ അമ്മ
തെറ്റാത്ത ശീലം മൊഴിഞ്ഞു.
ڇവേസ്റ്റ്!ڈ

ഉദ്യോഗത്തിനിറങ്ങുമ്പോള്‍ അമ്മ:

ڇഎടുത്തുവോ നീ... വേസ്റ്റ്!ڈ

വാഹനപ്രളയത്തിലൂടെ നുഴഞ്ഞു
ഉരുട്ടിയും കയറിയും ചവുട്ടിയും
ലക്ഷ്യത്തിലെത്തി
څനഗരസഭയുടെ ബോര്‍ഡ്چ
കൂമ്പാരച്ചോട്ടിലേക്ക് ആഞ്ഞൊരേറ്!
ഇത്രനന്നായൊരേറ് മുമ്പൊരിക്കലും ഉണ്ടായിട്ടില്ല.

നാസികാഗ്രത്തില്‍ തുളച്ചുകയറിയ വാടയില്‍നിന്ന്
മൂക്കറ്റം വിയര്‍പ്പിയ്ക്കും ഫയലില്‍ ജീവന്‍ പൊന്തും
രേഖകളില്‍, ഞാനവള്‍, അയാള്‍, ഞാനവന്‍

പഞ്ചിങ്ങ് മെഷീനില്‍ വിരല്‍സ്പര്‍ശിച്ചിറങ്ങി
വരുമ്പോള്‍ അയാള്‍ പിറുപിറുത്തു...
ڇവേസ്റ്റ്!ڈ

പാതിചത്ത് വീട്ടിലെത്തുമ്പോള്‍
പതിവുമായമ്മ: ڇകളഞ്ഞുവോ നീڈ
ڇവേസ്റ്റ്!ڈ
ڇസ്ഥിരം സ്ഥലത്തോ ഇട്ടത്!ڈ

ڇനാളെ ഏതുകവറിലിടണം?ڈ
ڇപ്ലാസ്റ്റിക് കവര്‍ ചെറുതേയുള്ളൂ... വലുതില്ല...ڈ

അമ്മേ ഞാനും ഒരു ആപ്പാണ്
കാലഹരണപ്പെട്ട ആപ്പ്!
അമ്മയ്ക്ക് തിരിയുന്ന ഭാഷയല്ല

പറഞ്ഞില്ല!

ഒന്നേ അറിയൂ...
ڇവേസ്റ്റ്!ڈ

Share:

അഭിമുഖം കഥയുടെ കായലോരം... ട്രൈബി പുതുവയല്‍


     څഞായറാഴ്ച മഴ പെയ്യുന്നുچ മുതല്‍ څപി.എഫ് മാത്യൂസിന്‍റെ തിരഞ്ഞെടുത്ത കഥകള്‍چ വരെ ശ്രദ്ധേയമായ കഥാസമാഹാരങ്ങള്‍, ചാവുനിലം, ഇരുട്ടിലൊരു പുണ്യാളന്‍ തുടങ്ങിയ എണ്ണം പറഞ്ഞ നോവലുകള്‍. മിഖായേലിന്‍റെ സന്തതികള്‍, മേഘം തുടങ്ങിയ ഉള്‍ക്കാമ്പുള്ള സീരിയലുകള്‍. പുത്രന്‍, കുട്ടിസ്രാങ്ക്, ഈ.മ.യൗ, അതിരന്‍ തുടങ്ങിയ ദേശീയ, അന്തര്‍ദ്ദേശീയ തലങ്ങളില്‍ വരെ ശ്രദ്ധിക്കപ്പെട്ട തിരക്കഥകള്‍. തിരക്കഥയ്ക്കുള്ള ദേശീയ അവാര്‍ഡ് മുതല്‍ നിരവധി പുരസ്കാരങ്ങള്‍... പി.എഫ് മാത്യൂസ് എന്ന എഴുത്തുകാരന് വിശേഷണങ്ങള്‍ അനവധിയാണ്.
     തന്‍റെ രാഷ്ട്രീയ, സാഹിത്യ, സിനിമാ നിലപാടുകളെക്കുറിച്ച് അദ്ദേഹം മനസ്സു തുറക്കുന്നു.

* വായിക്കാന്‍ അനുവദിക്കാത്ത അപ്പച്ചനുള്ള വീട്ടില്‍ നിന്നാണ് പി.എഫ് മാത്യൂസ് എന്ന വലിയ വായനക്കാരനും അറിയപ്പെടുന്ന എഴുത്തുകാരനും ഉണ്ടായത്. മാതൃഭൂമി ആഴ്ചപ്പതിപ്പിലെ ചെറിയ ലോകവും വലിയ മനുഷ്യനുമൊക്കെ വായിച്ചാണ് വായന ആരംഭിച്ചതെന്നും കേട്ടിട്ടുണ്ട്. എങ്ങനെയായിരുന്നു ഇതിലേക്കുള്ള തുടക്കം?
ഒരു തരത്തില്‍ വായിക്കാന്‍ അനുവദിക്കാതിരുന്ന വീട്ടുകാരായിരുന്നു എന്നെ വായിക്കാന്‍ പ്രേരിപ്പിച്ചതെന്ന് പറയാം. കാരണം ധിക്കരിക്കാനുള്ള പ്രവണത എല്ലാ മനുഷ്യരിലും ഉണ്ടല്ലോ. പൊതുവെ അന്നത്തെ കാലത്തെ ഒരു ക്രിസ്തീയ കുടുംബത്തില്‍ കലയും, എഴുത്തുമെല്ലാം പടിക്കു പുറത്തായിരുന്നു. അങ്ങനെ ആഗ്രഹമുണ്ടെങ്കില്‍ ബൈബിള്‍ വായിക്കുകയോ, ഭക്തിഗാനങ്ങള്‍ ആലപിക്കുകയോ ചെയ്യുന്നതില്‍ അവസാനിപ്പിക്കണം, അതായിരുന്നു ഒരു രീതി.
കലയും സാഹിത്യവുമെല്ലാം പണ്ടു മുതലേ സവര്‍ണരുടേതായിരുന്നു. ക്രിസ്റ്റ്യാനിറ്റി കല്‍പിക്കുന്ന ഒരു മതമായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്. അതുകൊണ്ട് തന്നെ വീടുകളില്‍ അനുസരണയുണ്ടാവും. അച്ചടക്കം ഒരു കലാകാരനെ സൃഷ്ടിക്കുന്നില്ല. അതുകൊണ്ടാവണം ഒരുപാട് വലിയ കലാകാരന്മാരൊന്നും ഈ സമൂഹത്തില്‍ നിന്നുണ്ടാവാതെ പോയത്.
ഏഴാം ക്ലാസിലെ സമപ്രായക്കാര്‍ക്ക് വേണ്ടി എഴുതിയ നാടകമായിരുന്നു എഴുത്തിലെ എന്‍റെ തുടക്കം. പതിനഞ്ച് പതിനാറ് വയസായപ്പോഴാണ് ചെറുകഥയിലേക്ക് മാറി നോക്കിയത്. അപ്പോഴും വാര്‍പ്പു മാതൃകകളെ പിന്തുടര്‍ന്നായിരുന്നു എഴുത്ത്. പ്രത്യേകിച്ച് എം.ടിയെ പോലുള്ളവരെ അനുകരിച്ചുകൊണ്ട്. എഴുതേണ്ടത് ഇതൊന്നുമല്ല എന്ന തിരിച്ചറിവിലേക്ക് വന്നത് അതിനും ഒരുപാട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ്. എഴുതാനുള്ള വാസന ഉണ്ടാക്കിയെടുക്കാന്‍ കഴിയില്ല, അത് ജന്മനാ ഉണ്ടാവേണ്ടതാണ്.

* മഹാന്മാരായ നിരവധി എഴുത്തുകാരെ വായിച്ചിട്ടുണ്ടല്ലോ? ജീവിതത്തേയും എഴുത്തിനേയും സ്വാധീനിച്ച എഴുത്തുകാരന്‍ ആരാണ്?
ചെറുപ്പം മുതലുള്ള വായനയെ പോഷിപ്പിച്ചവര്‍ പലരുണ്ട്. കോട്ടയം പുഷ്പനാഥ്, മുട്ടത്തുവര്‍ക്കി, വൈക്കം മുഹമ്മദ് ബഷീര്‍, ഒ.വി വിജയന്‍, എം.ടി വാസുദേവന്‍ നായര്‍, ദസ്തയേവ്സ്ക്കി, മാര്‍ക്കേസ്, മിലന്‍ കുന്ദേര എന്നിവരെല്ലാം അതില്‍ പെടും. എഴുത്തുകാരേക്കാളും എന്നെ സ്വാധീനിച്ചത് ഞാന്‍ പരിചയപ്പെട്ട ചുറ്റുപാടുമുള്ള മനുഷ്യരാണ്. എന്നാല്‍ എന്നെ ബാധിച്ച ഒരെഴുത്തുകാരന്‍ ദസ്തയേവ്സ്ക്കിയാണ്.

* എന്തായിരിക്കണം ഒരു സാഹിത്യകൃതി ലക്ഷ്യം വയ്ക്കേണ്ടത്?
സാഹിത്യത്തിന് പ്രത്യേകിച്ച് ലക്ഷ്യമില്ല എന്നതാണ് എന്‍റെ അഭിപ്രായം. ഒരു പൂവിരിയുന്നത് എന്തിനു വേണ്ടിയാണ് എന്നു ചോദിച്ചാല്‍ ലോകത്തെ കൂടുതല്‍ സുന്ദരമാക്കാന്‍ എന്നു പറയുന്നതു പോലെയാണ് സാഹിത്യ സൃഷ്ടിയും.
പ്രത്യേക ലക്ഷ്യം വച്ചുള്ള ഒന്നിനെ څവര്‍ക്ക് ഓഫ് ആര്‍ട്ട്چ എന്നു പറയാന്‍ പറ്റില്ല. ലക്ഷ്യം വച്ചുള്ള സാഹിത്യ സൃഷ്ടി പരസ്യ ചിത്രത്തിന് തുല്യമാകും. മനോഹരമായിരിക്കുക, മനുഷ്യവിരുദ്ധമാകാതിരിക്കുക ഇതൊക്കെയാണ് സാഹിത്യകൃതികളുടെ ലക്ഷ്യമായി കരുതേണ്ടത്.

* കൊച്ചിയുടെ കഥാകാരന്‍ എന്ന വിളിപ്പേരിനോട് യോജിപ്പുണ്ടോ?
ഇല്ല. ഞാന്‍ ന്യൂയോര്‍ക്ക് സിറ്റിയെക്കുറിച്ച് എഴുതിയാലും അതില്‍ കൊച്ചി കടന്നുവരും. അതൊരു സ്വാഭാവിക പ്രക്രിയ മാത്രമാണ്. അവനവന്‍ ജീവിക്കുന്ന പശ്ചാത്തലത്തെ അങ്ങനെ ഉപേക്ഷിക്കാന്‍ കഴിയില്ല. അതുകൊണ്ട് അത് കൊച്ചിയുടെ കഥയാവണമെന്നില്ല. ഞാന്‍ മനുഷ്യാവസ്ഥയെക്കുറിച്ച് തന്നെയാണ് എഴുതുന്നത്. സൂക്ഷ്മതയില്ലാത്ത വായനയാണ് എന്നെ അങ്ങനെ വിശേഷിപ്പിക്കുന്നത്.

* പുതിയ കാലത്തെ എഴുത്തുകാരെ വായിക്കാറുണ്ടോ? പ്രതീക്ഷ ജനിപ്പിക്കുന്ന പുതിയ കാലത്തെ എഴുത്തുകാര്‍ ആരൊക്കെയാണ്?
വിദേശത്തുള്ളവരേയും മലയാളത്തിലുള്ളവരേയും സൂക്ഷ്മതയോടെ വായിക്കാറുണ്ട്. എസ്.ഹരീഷിന് ശേഷം വന്ന എഴുത്തുകാരായ ഫ്രാന്‍സിസ് നൊറോണ, വിനോയ് തോമസ്, ദേവദാസ്, വിവേക് ചന്ദ്രന്‍, സുദീപ് ടി. ജോര്‍ജ്... ഇവരെയൊക്കെ വളരെ കൃത്യമായി ഫോളോ ചെയ്യുന്നുണ്ട്. ഒരു രചന ശ്രദ്ധിക്കപ്പെട്ടെന്ന് തോന്നിയാല്‍ തേടിപ്പിടിച്ച് വായിക്കാന്‍ ശ്രമിക്കാറുണ്ട്. ഇവരില്‍ മിക്കവാറും പേരുമായി ആശയ വിനിമയം നടത്താറുണ്ട്. സാഹിത്യത്തിന്‍റെ ഭൂമി ഭദ്രമാണ്.

* എഴുത്തില്ലെങ്കില്‍ എന്തായിരിക്കും ഇഷ്ടപ്പെടുക?
എഴുത്ത് തന്നെയാണ് ഏറെയിഷ്ടം. പതിമൂന്ന് പതിനാല് വയസില്‍ ഞാന്‍ നന്നായിട്ട് പാടുമായിരുന്നു. പിന്നെ ചിത്രം വരക്കുകയും, കളിമണ്ണു കൊണ്ട് ശില്‍പങ്ങള്‍ ഉണ്ടാക്കുകയും ചെയ്തിരുന്നു. പിന്നീട് എഴുത്ത് തന്നെയാണ് എന്‍റെ വഴിയെന്ന് ഞാന്‍ തിരിച്ചറിയുകയും മറ്റൊന്നിലും വേണ്ടത്ര ശ്രദ്ധ കൊടുക്കാതെയാവുകയും ചെയ്തു.
എഴുത്തില്ലെങ്കില്‍ വായനയും സിനിമ കാണലും തന്നെയാണ് ആശ്രയം.

* കഥാകൃത്ത്, തിരക്കഥാകൃത്ത്, നോവലിസ്റ്റ് ഇതില്‍ ഏതായിരിക്കും കൂടുതല്‍ ഇഷ്ടപ്പെടുക?
തീര്‍ച്ചയായും നോവലിസ്റ്റ് ആയി അറിയപ്പെടാനാണ് ഞാനാഗ്രഹിക്കുന്നത്. ഞാനെന്നെ തന്നെ കാണുന്നത് ഒരു നോവലിസ്റ്റ് ആയിട്ടാണ്. ബാക്കിയെല്ലാം പരിസരത്തുള്ള കാര്യങ്ങളാണ്.

* വിവാഹ ഭവനത്തില്‍ പോകുന്നതിലും നല്ലത് വിലാപ ഭവനത്തില്‍ പോകുന്നതാണെന്ന ഒരു ബൈബിള്‍ വചനമുണ്ട്. അതുപോലെ പി.എഫ് മാത്യൂസിന്‍റെ എഴുത്തുകളിലും സിനിമയിലുമെല്ലാം വിലാപ ഭവനങ്ങളും മരണവും പതിഞ്ഞു കിടക്കുന്നു. എന്തുകൊണ്ടാണിത്?
അത് മനഃപൂര്‍വമല്ല. ഓരോ മനുഷ്യനും ഓരോ നിര്‍മിതിയാണല്ലോ. ജീവിതസാഹചര്യങ്ങള്‍, അനുഭവങ്ങള്‍, വായിച്ച പുസ്തകങ്ങള്‍, പരിചയപ്പെട്ട മനുഷ്യര്‍, കണ്ട സിനിമകള്‍ ഇവയെല്ലാമാണല്ലോ ഒരു മനുഷ്യനെ രൂപപ്പെടുത്തിയെടുക്കുന്നത്. എല്ലാത്തിലുമുപരി നമ്മുടെ മനസ്സുണ്ട്. അതാണല്ലോ എല്ലാം സ്വാംശീകരിച്ച് പുറത്തേക്ക് വിടുന്നത്. എന്‍റെ മനസ്സ് എപ്പോഴും സ്വാംശീകരിച്ചത് മുഴുവനും ഇത്തരം ഇരുണ്ട പ്രദേശങ്ങളേയും ഇരുണ്ട ജീവിതങ്ങളേയുമാണ്. എനിക്കധികം വെളിച്ചമുള്ള ഇടങ്ങള്‍ ഇഷ്ടമല്ല. അല്‍പം ഇരുട്ടുള്ള സ്ഥലങ്ങളാണ് എനിക്കിഷ്ടം. അവിടെയാണ് ഇരുട്ടിന്‍റേയും വെളിച്ചത്തിന്‍റേയും മാന്ത്രികതയുള്ളതെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. മനുഷ്യന്‍റെ ദുരിതങ്ങളിലാണ് ഞാന്‍ ഫോക്കസ് ചെയ്യുന്നത്. എന്‍റെ ചായ്വ് എപ്പോഴും മനുഷ്യന്‍റെ വിലാപങ്ങളിലേക്കും ദുരിതങ്ങളിലേക്കുമാണ്. ദുരിതങ്ങളിലൂടെ സഞ്ചരിക്കുമ്പോഴേ ഒരു മനുഷ്യന്‍റെ സ്വത്വം തെളിഞ്ഞുവരുന്നുള്ളു എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.

* എഴുത്തില്‍ എത്രത്തോളം സ്വന്തം ജീവിതം കെട്ടുപിണഞ്ഞു കിടക്കുന്നുണ്ട്?
എഴുത്തില്‍ സ്വന്തം ജീവിതം കടന്നു വരരുത് എന്ന് കരുതുന്ന ഒരാളാണ് ഞാന്‍. എന്നാല്‍ അതിനു കഴിയുന്നില്ല. പട്ടം ആകാശത്ത് പറക്കുമ്പോഴും അതിന്‍റെ ചരടറ്റം പിടിക്കുന്ന കുട്ടിക്കൊരു മനസ്സുണ്ടല്ലോ... എന്നെ കാണുന്നതിലുമുപരി ഞാന്‍ മറ്റുള്ളവരെ കാണാനാണ് ശ്രമിക്കുന്നത്. അത് എന്നിലൂടെയാണെന്ന് മാത്രം. ആത്മകഥാപരമായ കുറിപ്പുകളുടെ സമാഹാരമായ څതീരജീവിതത്തിനൊരു ഒപ്പീസില്‍چ പോലും ഒരു ദേശത്തെക്കുറിച്ച് പറയാനാണ് ഞാന്‍ ശ്രമിച്ചത്.

* ഒരു കഥ പിറക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ എന്തെല്ലാമാണ്?
ഒരു കഥയുടെ കനല്‍ മനസ്സില്‍ വീണാല്‍ എനിക്കത് പെട്ടെന്ന് എഴുതാന്‍ കഴിയാറില്ല. ചുറ്റുപാടും നമ്മള്‍ കണ്ടെത്തുന്ന മനുഷ്യരാണ് അത് വളര്‍ത്തുന്നത്. നമ്മുടെ സൊസൈറ്റിയാണ് കഥയുടെ ഗര്‍ഭപാത്രം. അവിടെ നിന്നും സ്വീകരിക്കുന്ന പലതിനേയും മനസ്സ് രൂപപ്പെടുത്തുന്നു. കടലാസിലേക്ക് പകര്‍ത്തിയെഴുതുമ്പോഴും ഞാന്‍ വളരെ സൂക്ഷ്മത പുലര്‍ത്താറുണ്ട്. പിന്നീട് പല തവണ മാറ്റിയെഴുതിയാണ് തൃപ്തിയുള്ള ഘടനയില്‍ എത്തിക്കുന്നത്. ഒറ്റയെഴുത്തിന്‍റെ മാന്ത്രികത എനിക്ക് വശമില്ല.

* സിനിമയെ തദ്ദേശിയമായി മാറ്റുകയും എന്നാല്‍ അതിനെ ലോകനിലവാരത്തിലേക്ക് എത്തിക്കുകയും ചെയ്തതില്‍ നൂറു ശതമാനം വിജയിച്ച സിനിമയാണ് څഈ.മ.യൗچ. ചിത്രത്തെക്കുറിച്ച് പറയാമോ...?
സിനിമകള്‍ക്കും ടെലിവിഷന്‍ സീരിയലുകള്‍ക്കും വേണ്ടി ധാരാളം തിരക്കഥകള്‍ എഴുതിയിട്ടുണ്ടെങ്കിലും എനിക്ക് ഏറ്റവും തൃപ്തി നല്‍കിയ സിനിമയാണ് ഈ.മ.യൗ. ഒരു മരിച്ച വീടിന്‍റെ കഥ പറയുമ്പോഴും അവിടെ ജീവിതം ത്രസിച്ചു നില്‍ക്കുകയാണ്. അവിടെ പ്രണയവും, പ്രതികാരവും, അവിഹിതവും, പ്രണയ ലംഘനവും, സങ്കടവും, നിരാശയുമെല്ലാം കടന്നുവരുന്നുണ്ട്. തിരക്കഥ ഞാന്‍ പേപ്പറിലെഴുതിയെങ്കിലും സിനിമയില്‍ കഥ പറയേണ്ട ആള്‍ സംവിധായകനാണ്. ലിജോ ജോസ് പല്ലിശ്ശേരിക്കല്ലാതെ മറ്റൊരാള്‍ക്ക് ഇത്രയും കൃത്യതയോടെ ആ സിനിമ ചെയ്യാന്‍ കഴിയില്ലെന്ന് ഞാന്‍ വിശ്വസിക്കുന്നു.
ഞാന്‍ പറയുന്നത് ലിജോയ്ക്കും, ലിജോ പറയുന്നത് എനിക്കും പെട്ടെന്ന് ഉള്‍ക്കൊള്ളാന്‍ കഴിയുമായിരുന്നു. എന്‍റെ വാക്കുകളെ മികച്ച ഇമേജുകളാക്കി മാറ്റുന്നത് എന്നെ ആശ്ചര്യപ്പെടുത്തുന്ന തരത്തിലായിരുന്നു. ചാലക്കുടിക്കാരനും സുറിയാനി ക്രിസ്ത്യാനിയുമായ ലിജോ തീരദേശത്തെ ലത്തീന്‍ സമുദായത്തിന്‍റെ ജീവിതങ്ങളെ അതിന്‍റെ തനിമ ചോരാതെ വളരെ വേഗത്തിലും വ്യക്തമായും മനസിലാക്കിയത് എന്നെ അത്ഭുതപ്പെടുത്തി. മതം സ്ഥാപനവല്‍ക്കരിക്കപ്പെട്ടതിന്‍റെ ഭാഗമായി സാധാരണക്കാരന്‍റെ ജീവിതം ഞെരുക്കപ്പെട്ടു എന്നത് സത്യമായ കാര്യമാണ്. സവര്‍ണ തമ്പുരാക്കന്മാരുടെ തെമ്മാടിത്തത്തിന്‍റേയും സ്ത്രീവിരുദ്ധതയുടേയുമെല്ലാം കൂത്തരങ്ങായി മാറിയ മലയാള സിനിമക്ക് ഒരാശ്വാസമായിരുന്നു ഈ.മ.യൗ. നമ്മളെല്ലാം കറുത്തവരാണെങ്കിലും കറുത്തവന്‍റെ കഥ കേള്‍ക്കാന്‍ നാം ഇഷ്ടപ്പെട്ടിരുന്നില്ല. അതിനൊരു വെല്ലുവിളിയായിരുന്നു ഈ.മ.യൗ. നിന്ദകളോളം മനുഷ്യനെ മദിക്കുന്ന മറ്റൊന്നുമില്ല. അധികാര ശക്തിയെ നിരാകരിച്ച് ആത്മീയതയിലേക്ക് സ്വതന്ത്രനാകുന്ന ഓരോ പീഡിതന്‍റേയും കഥയാണ്
ഈ.മ.യൗ.

* എന്താണ് പി.എഫ് മാത്യൂസിന്‍റെ രാഷ്ട്രീയം?
ഏതെങ്കിലും കക്ഷി രാഷ്ട്രീയത്തില്‍ എനിക്ക് വിശ്വാസമില്ല. ഏറ്റവും താഴ്ന്ന മനുഷ്യന് വരെ പൂര്‍ണ സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്ന ഒരു ലോകം; അതാണെന്‍റെ സങ്കല്‍പം. കമ്യൂണിസം കൊണ്ടും സോഷ്യലിസം കൊണ്ടും ഒന്നും സംഭവിച്ചില്ല. സത്യത്തില്‍ ഇപ്പോള്‍ രാഷ്ട്രീയപരമായി നിരാശയുടെ കാലഘട്ടമാണ്. അടിച്ചമര്‍ത്തപ്പെട്ടവനൊപ്പം നില്‍ക്കുന്ന ഏത് രാഷ്ട്രീയത്തിനൊപ്പവും ഞാനുണ്ടാവും.

* ഒരു സിനിമ സംവിധാനം ചെയ്യുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടുണ്ടോ...?
ആലോചിച്ചിട്ടുണ്ട്. ഒരു സിനിമ മനസിലുണ്ടായിരുന്നു. ചില കഥകള്‍ ആലോചിക്കുമ്പോള്‍ അത് ഞാന്‍ ചെയ്താലേ നന്നാവൂ എന്ന് തോന്നിയിട്ടുണ്ട്. പക്ഷേ ഇപ്പോള്‍ അതിനുള്ള ആരോഗ്യമോ ആര്‍ജവമോ ഇല്ല. ഇപ്പോ എഴുത്താണ് കൂടുതല്‍ ഇഷ്ടം.

* ജോര്‍ജ് ജോസഫ്.കെ, തോമസ് ജോസഫ് തുടങ്ങിയവരുടെ കമ്പനിയില്‍ നിന്നും പി.എഫ് മാത്യൂസ് ഇടയ്ക്ക് കൊഴിഞ്ഞു പോയി എന്ന് കേട്ടിട്ടുണ്ട്?
അത് അങ്ങനെയല്ല. ഞാനും ജോര്‍ജ് ജോസഫ്.കെ യും അയല്‍ക്കാരായിരുന്നു. ഒമ്പത് പത്ത് ക്ലാസുകളിലൊക്കെ വച്ച് ഞങ്ങള്‍ കഥകളെക്കുറിച്ച് പരസ്പരം സംസാരിക്കുമായിരുന്നു. چ88 കാലഘട്ടത്തില്‍ ജോര്‍ജ് ജോസഫിന്‍റെ വീട്ടില്‍ പലരും സംഘടിക്കുവാനും കഥകളെക്കുറിച്ച് ചര്‍ച്ച ചെയ്യാനുമൊക്കെ തുടങ്ങി. തോമാച്ചനും ജോര്‍ജുമൊക്കെ എന്നേക്കാള്‍ മൂത്തവരാണ്. എഴുത്ത് ഒറ്റയ്ക്ക് നിന്ന് പൊരുതി നേടേണ്ട ഒന്നാണെന്നാണ് എന്‍റെ പക്ഷം. ഗ്രൂപ്പുകളില്‍ കഴമ്പില്ല. സൗഹൃദത്തിലേ കാര്യമുള്ളൂ. ആശയപരമായ കൊടുക്കല്‍ വാങ്ങലുകള്‍ നല്ലതു തന്നെ.

* ക്രിസ്തുവും സത്യവും രണ്ടാണെങ്കില്‍ ഞാന്‍ ക്രിസ്തുവിനൊപ്പം നില്‍ക്കും എന്ന് ദസ്തയേവ്സ്കി പറഞ്ഞിട്ടുണ്ട്. എന്താണ് പി.എഫ് മാത്യൂസിന്‍റെ ജീവിതത്തിലെ ക്രിസ്തു?
ക്രിസ്തുവിനെ സത്യവും സൗന്ദര്യവും ചേര്‍ന്ന ഒരാശയമായിട്ടാണ് ഞാന്‍ കാണുന്നത്. ചിത്രകാരന്‍ വരച്ച ചിത്രമായിട്ടോ, സഭ അവതരിപ്പിക്കുന്ന സംഹിതയായിട്ടോ ഞാന്‍ കാണുന്നില്ല. മനുഷ്യവംശത്തിന് മുഴുവന്‍ നവീകരണ വിപ്ലവമുണ്ടാക്കുന്ന ഒരാശയമാണ് ക്രിസ്തു. മനുഷ്യാവസ്ഥയില്‍ ഒരു കുതിച്ചുകയറ്റമുണ്ടാക്കുന്ന ഒരു സ്വത്വം അതാണ് ക്രിസ്തു.

* കത്തോലിക്കാസഭയുമായിട്ടുള്ള ബന്ധം?
സഭയുമായി ഒരു വഴക്കുമില്ല (ചിരിക്കുന്നു). ഈ അടുത്തകാലത്തുണ്ടായ ചില പ്രശ്നങ്ങളില്‍ സഭ ഇരകള്‍ക്കൊപ്പം നിന്നില്ല എന്നൊരു പരാതി എനിക്കുണ്ട്. പഴയകാലത്ത് എത്രയോ മിഷനറിമാര്‍ എന്തെല്ലാം ത്യാഗം സഹിച്ചാണ് ഇവിടെ പല കാര്യങ്ങളും ഡവലപ്പ് ചെയ്തത്. നമ്മുടെ ഭാഷയ്ക്ക് പോലും അവര്‍ ചെയ്ത സംഭാവനകള്‍ വിസ്മരിക്കാന്‍ പാടില്ലാത്തവയാണ്. പീഡിതന്‍റേയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവന്‍റേയും പക്ഷത്ത് നിന്ന് സഭ പിന്നോക്കം പോയിട്ടുണ്ടെങ്കില്‍ പുനര്‍ചിന്തനം നടത്തേണ്ടിയിരിക്കുന്നു എന്നാണ് എനിക്ക് പറയാനുള്ളത്.

* കുടുംബം, ജോലി, എഴുത്ത് ഇവ മൂന്നിനും പരുക്ക് പറ്റാതെ സമാന്തരമായി കൊണ്ടുപോവുക എന്നത് ശ്രമകരമായിരുന്നില്ലേ...?
അതെ. അതില്‍ വിജയിച്ചോ എന്നെനിക്കറിയില്ല. വിജയിച്ചിട്ടുണ്ടെങ്കില്‍ അത് കുടുംബത്തിന്‍റെ മിടുക്കാണ്. എഴുത്തുകാരന്‍റെ ദുരന്തം അയാളെ ആരും മനസിലാക്കുന്നില്ല എന്നതാണ്. എന്നെ സംബന്ധിച്ച് എന്നേക്കാള്‍ നന്നായി എന്‍റെ ഭാര്യയും മക്കളും എന്നെ മനസിലാക്കി എന്നതാണ്. ഞാന്‍ ഹോട്ടല്‍ റൂമുകളിലിരുന്ന് അധികം എഴുതിയിട്ടില്ല. വീട്ടില്‍ ഇരുന്നാണ് എഴുത്ത്. അതിനുള്ള സാഹചര്യം എനിക്കുണ്ട്. എഴുത്തുമായി ബന്ധപ്പെട്ട് പതിമൂന്ന് വര്‍ഷം څലോസ് ഓഫ് പേچ എടുത്ത ആളാണ് ഞാന്‍. എനിക്ക് പെന്‍ഷന്‍ കുറവാണ്. സത്യത്തില്‍ സീരിയല്‍ എഴുതിയ വരുമാനം കൊണ്ടാണ് ഈ വീട് നിര്‍മിച്ചത്. എനിക്കിപ്പോഴും ടെലിവിഷന്‍ സീരിയലുകളോട് ബഹുമാനമാണ്. നല്ല ആശയങ്ങള്‍ പങ്കുവയ്ക്കാവുന്ന ഇടത്തെ പരദൂഷണ കഥകളുടെ വെറുക്കപ്പെട്ട ഇടമാക്കി മാറ്റിയതില്‍ ചാനല്‍ ഉദ്യോഗസ്ഥരും കാരണക്കാരാണ്. അവര്‍ക്ക് റേറ്റിംഗ് ആണ് പ്രധാനം.

* അര്‍ഹിച്ച അംഗീകാരങ്ങള്‍ കിട്ടിയിട്ടില്ല എന്നു തോന്നുന്നുണ്ടോ?
അങ്ങനെയല്ല. 96چലാണ് څചാവുനിലംچ ഇറങ്ങുന്നത്. അന്ന് എന്‍റെ തലമുറയില്‍പ്പെട്ട ആരും തന്നെ അത് വായിച്ചില്ല. മരണം മണക്കുന്ന പുസ്തകമാണ് നല്ലതല്ല എന്നെല്ലാമായിരുന്നു കാരണങ്ങള്‍. 2010 നു ശേഷം ആ നോവലിന്‍റെ തലയിലെഴുത്തു മാറി. സോഷ്യല്‍ മീഡിയകളിലെല്ലാം സജീവമായ ഒരു പുതിയ തലമുറയാണ് അതിനെ പൊക്കിക്കാണ്ടു വന്നത്. ഇപ്പോള്‍ څചാവുനിലംچ നാലാം പതിപ്പ് മുഴുവന്‍ വിറ്റുതീര്‍ന്നു. അടുത്ത പതിപ്പ് ഇറങ്ങാന്‍ പോകുന്നു. അങ്ങനെ മുന്‍കാലങ്ങളില്‍ കുറച്ച് അവഗണനകള്‍ നേരിട്ടിട്ടുണ്ട്.

* എപ്പോഴാണ് എഴുത്ത്?
ടെലിവിഷന്‍ എഴുതുന്ന കാലങ്ങളില്‍ രാത്രിയിലായിരുന്നു എഴുത്ത്. നേരം വെളുത്ത് വരുന്നതൊക്കെ നമുക്ക് കാണാം. ഉറക്കത്തിലേക്ക് എഴുത്തിന്‍റെ ലോകം കടന്നുവന്നിരുന്ന ഒരു കാലഘട്ടമുണ്ടായിരുന്നു. പകല് ജോലി രാത്രി എഴുത്ത് എന്നിങ്ങനെയായിരുന്നു ചാവുനിലത്തിന്‍റെ രചന. ഇപ്പോള്‍ പുലര്‍ച്ചെ മുതല്‍ ഉച്ചയ്ക്ക് ഒരു മണി രണ്ടു മണി വരെയാണ് എഴുത്ത് സമയം.

* കുടുംബത്തെക്കുറിച്ച് പറയാമോ?
ഭാര്യ ശോഭ. ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്തിരുന്നു. ഇപ്പോള്‍ കുട്ടികള്‍ക്ക് വേണ്ടി ജോലി മതിയാക്കി. മുഴുവന്‍ സമയവും കുടുംബകാര്യങ്ങള്‍ നോക്കുന്നു. ഭാര്യയുടെ ഒരു സഹകരണമാണ് എന്‍റെ എഴുത്ത് ജീവിതത്തിനൊരു വലിയ സഹായം. മൂത്തമകന്‍ ഉണ്ണി ഏഷ്യാനെറ്റ് സതേണ്‍ മേഖല മാര്‍ക്കറ്റിംഗ് മാനേജരാണ്. അവന്‍റെ ഭാര്യ ബാംഗ്ളൂരില്‍ ചലച്ചിത്ര നിര്‍മ്മാണ കമ്പനിയില്‍ എച്ച്. ആര്‍ മാനേജരാണ്. രണ്ടാമത്തെ മകന്‍ ആനന്ദ്. കരിക്ക് വെബ് ചാനലിന്‍റെ എഡിറ്ററും ആക്ടറുമാണ്. മൂത്തമകന്‍ ഉണ്ണിയും ആക്ടറാണ്. ഇരുവരും സജീവമാണ്.

* സിനിമയിലും സാഹിത്യത്തിലും ഭാവി പദ്ധതികള്‍ ഒന്ന് പറയാമോ?
സിനിമയില്‍ പലതും ആലോചനയിലുണ്ട്. പറയത്തക്ക പദ്ധതികളായിട്ടില്ല. മരിക്കുന്നതിന് മുമ്പ് മൂന്ന് നോവലുകള്‍ എഴുതി പൂര്‍ത്തീകരിക്കണമെന്ന് ആഗ്രഹമുണ്ട്. ഒന്നിന്‍റെ വര്‍ക്ക് നടന്നുകൊണ്ടിരിക്കുകയാണ്. കൊച്ചി പോലൊരു ലാന്‍ഡ്സ്കേപ്പില്‍ കീഴാളരുടെ കഥ പറയുന്ന ഒന്നാണത്... എല്ലാം നന്നായി വരുമെന്ന് കരുതുന്നു.
ഇരുട്ടും വെളിച്ചവും മാന്ത്രികത സൃഷ്ടിക്കുന്ന മരണത്തിന്‍റേയും ജീവിതത്തിന്‍റേയും ഇടയിലൂടെയുള്ള നൂല്‍പ്പാലത്തിലൂടെ വായനക്കാരനെ നടത്തി ജീവിത സത്യങ്ങള്‍ കണ്ടെത്താന്‍ പ്രേരിപ്പിക്കുന്ന ഈടുറ്റ രചനകള്‍ പി.എഫ് മാത്യൂസാറിന്‍റെ തൂലികയില്‍ നിന്നുണ്ടാവട്ടെയെന്ന് ആശംസിച്ചു.


Share:

സംഭാഷണം എഴുത്തിന്‍റെ അര്‍ത്ഥതലങ്ങള്‍ -- എം.ആര്‍.സിയോടൊത്ത് അല്പനേരം റഷീദ് പാനൂര്‍


     മലയാളത്തിലെ മികച്ച സാഹിത്യസൃഷ്ടികളോടൊപ്പം അരനൂറ്റാണ്ടു കാലത്തിലേറെയായി സഞ്ചരിക്കുന്ന വിമര്‍ശകനാണ് എം.ആര്‍.സി എന്ന പേരിലറിയപ്പെടുന്ന എം.ആര്‍ ചന്ദ്രശേഖരന്‍. വിശ്വസാഹിത്യത്തിലെ ക്ലാസിക്കുകളെ മലയാളികള്‍ക്ക് പരിചയപ്പെടുത്തുന്നതില്‍ എം. കൃഷ്ണന്‍ നായര്‍ ചെയ്ത സേവനം തന്നെയാണ് എം.ആര്‍.സിയും ചെയ്തത്. മാര്‍ക്സിയന്‍ സൗന്ദര്യശാസ്ത്രത്തിന്‍റെ ഊടുവഴികളിലൂടെ സഞ്ചരിക്കുമ്പോഴും കലാസൃഷ്ടികളുടെ ജീവാത്മാവായ സൗന്ദര്യാത്മകതലം കണ്ടെത്തുന്നതില്‍ എം.ആര്‍.സി എന്നും മുന്‍പിലായിരുന്നു. ആഴമില്ലാത്ത സാമൂഹ്യചിത്രങ്ങള്‍ തിരിച്ചും മറിച്ചും നോക്കി ഒരു സാഹിതിക്കും ഏറെക്കാലം നിലനില്‍ക്കാന്‍ കഴിയില്ല എന്ന സത്യം എം.ആര്‍.സിക്കറിയാം. തകഴിയും കേശവദേവും എസ്.കെ പൊറ്റക്കാടും ചെറുകാടും എഴുതിയ അസംഖ്യം ചെറുകഥകളില്‍ നിന്ന് കലയുടെ ജൈവവികാസത്തിനാവശ്യമായ മെറ്റബോളിസം മാനദണ്ഡമാക്കി ഒരു തിരഞ്ഞെടുപ്പ് നടത്തിയാല്‍ മിക്ക കഥകളും പുതുമ അന്വേഷിക്കുന്ന വായനക്കാര്‍ മാറ്റിവയ്ക്കും എന്ന സത്യം അറിയുന്ന സാമൂഹിക വിമര്‍ശകനാണ് എം.ആര്‍.സി. ബഷീറും പൊന്‍കുന്നം വര്‍ക്കിയും ഇന്നും വായിക്കപ്പെടുന്നത് അവരുടെ കലയുടെ തിളക്കം കൊണ്ടാണെന്ന് എം.ആര്‍.സി വിശ്വസിക്കുന്നു. പ്രശസ്ത നോവലിസ്റ്റ് പ്രകാശന്‍ ചുനക്കരയോടൊപ്പം അടുത്തകാലത്ത് ഞാന്‍ എം.ആര്‍.സിയെ കണ്ടു.

* ഇ.എം.എസ് രാഷ്ട്രീയരംഗത്ത് ഒരു ദീപ ഗോപുരം പോലെ ഉയര്‍ന്നു നില്‍ക്കുന്ന ചിന്തകനും, പ്രാക്ടിക്കല്‍ പൊളിറ്റീഷ്യനുമാണ്. പക്ഷേ മാര്‍ക്സിയന്‍ സൗന്ദര്യശാസ്ത്രത്തിന്‍റെ വക്താവായി അദ്ദേഹത്തെ കരുതുന്നത് അദ്ദേഹത്തോട് തന്നെ ചെയ്യുന്ന അനീതിയല്ലേ?
ഇ.എം.എസ് ഒരു മാര്‍ക്സിയന്‍ ഈസ്തെറ്റീഷ്യനാണെന്ന് ആരും പറഞ്ഞില്ലല്ലോ. അദ്ദേഹം സാഹിത്യത്തെകുറിച്ച് കൂടുതലൊന്നും എഴുതിയില്ല. കമിറ്റ്മെന്‍റ് സാഹിത്യമെന്നാല്‍ സമൂഹത്തിന്‍റെ നടുമുറി അതേപോലെ പകര്‍ത്തലാണെന്ന തെറ്റിദ്ധാരണ അദ്ദേഹം 1990 ല്‍ തിരുത്തി. സാമൂഹ്യ ചലനങ്ങള്‍ ചിത്രീകരിക്കാതെയും അത്യുദാത്തമായ കലയും, സാഹിത്യവും ഉണ്ടാകാം എന്ന് അദ്ദേഹം എഴുതിയത് ഓര്‍ക്കുന്നില്ലേ?

* കാറല്‍ മാര്‍ക്സ് തന്‍റെ څഛി ഘശലേൃമൗൃലേچ എന്ന ഗ്രന്ഥത്തില്‍ അദ്ദേഹത്തിന് ഷെയ്ക്സ്പിയറേയും, ഗ്രീക്ക് നാടകകൃത്ത് സോഫോക്ലീസിനേയും, ഈസ്കിലസിനേയും ഇഷ്ടമായിരുന്നു എന്ന് എഴുതിയിട്ടുണ്ട്. ഷെയ്ക്സ്പിയറും ഈസ്കിലസും സാമൂഹ്യപ്രശ്നങ്ങള്‍ കൈകാര്യം ചെയ്തിട്ടില്ല. ടോള്‍സ്റ്റോയി, ടര്‍ജനീവ്, ദസ്തയേവ്സ്കി, പുഷ്ക്കിന്‍, ചെക്കോവ് തുടങ്ങിയ എഴുത്തുകാരുടെ ഇപോക്ക് മേക്കിംഗ് (ഋുീരവ ാമസശിഴ) ആയ കൃതികള്‍ക്കൊന്നും ഡയറക്ട് സോഷ്യല്‍ കമിറ്റ്മെന്‍റ് ഇല്ല എന്ന സത്യവും ഇ.എം.എസിനറിയാം. എന്നിട്ടും മാക്സിംഗോര്‍ക്കിയുടെ കമിറ്റ്മെന്‍റ് സാഹിത്യത്തിനപ്പുറം പോകാന്‍ ഇ.എം.എസിനും പി.ഗോവിന്ദപിള്ളക്കും കഴിഞ്ഞില്ല എന്നത് സത്യമല്ലേ?
ഓരോ കാലഘട്ടത്തിലും സി.പി.ഐ.എം എന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ നിലനില്‍പിനും വളര്‍ച്ചയ്ക്കും ആവശ്യമായ സാഹിത്യ സിദ്ധാന്തങ്ങളാണ് ഇ.എം.എസ് ആവിഷ്കരിച്ചത്. ദസ്തയേവ്സ്കിയുടെ സൈക്കളോജിക്കലായ ഇന്‍സൈറ്റിനെ കുറിച്ച് പൊളിറ്റീഷ്യനായ ഇ.എം.എസിന് എഴുതാന്‍ കഴിയില്ല. പി.ജി യും കലയുടെ മര്‍മം തൊട്ടറിഞ്ഞ നിരൂപകനല്ല.

* റഷ്യയുടെ ചരിത്രത്തില്‍ സ്റ്റാലിന്‍റെ കാലഘട്ടം സാഹിത്യവും കലയും വളര്‍ച്ച മുരടിച്ച് ബോണ്‍സായി മരങ്ങളായി മാറിയെന്ന് താങ്കള്‍ തന്നെ എഴുതിയിട്ടുണ്ടല്ലോ?
മാര്‍ക്സിസ്റ്റ് സിദ്ധാന്തങ്ങളെ കലയുടേയും സാഹിത്യത്തിന്‍റേയും മണ്ഡലങ്ങളിലേക്ക് വ്യാപിപ്പിച്ചപ്പോഴാണ് സോഷ്യലിസ്റ്റ് റിയലിസം എന്ന പ്രസ്ഥാനം റഷ്യയിലുണ്ടായത്. കലാകാരന്‍ സ്റ്റെയ്റ്റിന്‍റെ പരിചാരകനാണെന്നും, സോഷ്യലിസത്തിന് വേണ്ടി വാദിക്കേണ്ടവനാണെന്നും സ്റ്റാലിന്‍ കരുതി. ڇമനുഷ്യാത്മാക്കളുടെ എഞ്ചിനീയര്‍മാരായി സ്റ്റാലിന്‍ കലാകാരന്മാരെ കണ്ടു.ڈ അദ്ദേഹത്തിന്‍റെ ഭരണകാലത്ത് കലാകാരന്മാര്‍ സ്റ്റെയ്റ്റിന് വേണ്ടി മാത്രം എഴുതി. എന്നാല്‍ സ്റ്റാലിന്‍ അന്തരിച്ചതിന് ശേഷം റഷ്യയില്‍ എല്ലാ രംഗത്തും മാറ്റങ്ങളുണ്ടായി. കഥാപാത്രങ്ങളുടെ മാനസികാപഗ്രഥനങ്ങള്‍ നടന്നു. സോഷ്യലിസ്റ്റ് റിയലിസം ക്രിട്ടിക്കല്‍ റിയലിസമായി മാറി. ലെനിന്‍റെയും, സ്റ്റാലിന്‍റെയും രീതികളില്‍ നിന്ന് ഭിന്നമായി സ്വയംശാസനാധികാരം (അൗീിീാ്യേ) വന്നുചേര്‍ന്നു. റഷ്യയിലെ നൂതന സാഹിത്യത്തിന്‍റെ ഉദ്ഘോഷകരായി വാസിലി അക്സനോവ്, ആന്ദ്രേ ബീറ്റോവ് തുടങ്ങിയ എഴുത്തുകാര്‍ കൊണ്ടാടപ്പെടുന്നു.
* മലയാളത്തില്‍ കമിറ്റ്മെന്‍റ് സാഹിത്യത്തെ കലയാക്കി മാറ്റിയവരില്‍ എം. സുകുമാരന്‍ ഇന്നും ഒന്നാം സ്ഥാനത്തില്ലേ? സി.വി രാമനെ മറന്നുകൊണ്ടല്ല ചോദിക്കുന്നത്. എം. സുകുമാരനും സി.പി.ഐ.എം എന്ന രാഷ്ട്രീയ പ്രസ്ഥാനവും ആശയപരമായി പിണങ്ങിയതിനെ കുറിച്ച് താങ്കള്‍ എന്തു പറയുന്നു?
കാല്‍പനിക ലാവണ്യത്തിന്‍റെ മിനുക്കമുള്ള പദങ്ങള്‍ കൊരുത്ത് കഥകള്‍ എഴുതിയ കാലഘട്ടത്തില്‍ മാധവിക്കുട്ടിയും, എം.ടിയും, ടി. പദ്മനാഭനും, എം. സുകുമാരനും, ഒ.വി വിജയനും ജീവിതത്തിന്‍റെ ചിട്ടപ്പെടുത്തിയ നിര്‍വചനങ്ങള്‍ക്ക് പകരം ജീവിതത്തെ ധീരമായി സമീപിച്ചു. ദാര്‍ശനികമായ പുതിയ ഉള്‍ക്കാഴ്ചകള്‍ അവതരിപ്പിച്ച എം. സുകുമാരനെ څശേഷക്രിയچ എഴുതിയപ്പോള്‍ വിമര്‍ശിച്ച് നിശ്ശബ്ദനാക്കിയത് പാര്‍ട്ടിക്കു പറ്റിയ വലിയ തെറ്റാണ്.

* എഴുപതുകളില്‍ യൂറോപ്യന്‍ അസ്തിത്വവാദം കേരളക്കരയില്‍ എത്തി. നെയിലിസവും (ചശവശഹശാെ), കമ്യുവിന്‍റെ څസിസിഫസ് പുരാണچവും (ങ്യവേ ീള ടശശെുവൗെ), സാര്‍ത്രിന്‍റെ ദര്‍ശനവും, കാഫ്കയുടെ കത്തിമുനയിലൂടെ തെന്നി നീങ്ങുന്ന ജീവിതവും കേരളത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടു. എഴുപതുകളും, എണ്‍പതുകളും, തൊണ്ണൂറുകളും മലയാള സാഹിത്യത്തെ അടക്കി ഭരിച്ചത് ഒ.വി വിജയനും, ആനന്ദും, കാക്കനാടനും, സേതുവും, പുനത്തില്‍ കുഞ്ഞബ്ദുള്ളയും, എം. മുകന്ദനും, സക്കറിയയും, ടി.ആറുമൊക്കെയായിരുന്നില്ലേ?
ആധുനികതയുടെ വരവ് മലയാള ചെറുകഥ, നോവല്‍, കവിതാ സാഹിത്യത്തെ സമ്പന്നമാക്കി. പക്ഷെ ആധുനികതയുടെ പേരില്‍ ധാരാളം കള്ളനാണയങ്ങളും രംഗത്തുവന്നു. ഒ.വി വിജയന്‍റെ څഖസാക്കിന്‍റെ ഇതിഹാസംچ, ആനന്ദിന്‍റെ څആള്‍ക്കൂട്ടംچ, കാക്കനാടന്‍റെ څഉഷ്ണമേഖലچ, എം. മുകുന്ദന്‍റെ څമയ്യഴി പുഴയുടെ തീരങ്ങളില്‍چ, പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ څസ്മാരകശിലകള്‍چ, സേതുവിന്‍റെ څപാണ്ഡവപുരംچ തുടങ്ങിയ നോവലുകള്‍ ക്രാഫ്റ്റിലും, നറേഷനിലും മികച്ചതാണ്. പക്ഷെ അസ്തിത്വ ദുഃഖവും, കാഫ്കാസ്ക് ശൈലിയും, അന്യതാബോധവും (അഹശലിമശേീി) ഇന്ത്യന്‍ സാഹചര്യവുമായി കണക്ട് ചെയ്യാന്‍ എം. മുകുന്ദനും, കാക്കനാടനും പല കൃതികളിലും കഴിഞ്ഞില്ല. ഒ.വി വിജയനും ആനന്ദും ആധുനികതയുടെ ദര്‍ശനം കുറെയൊക്കെ സ്വാംശീകരിച്ചവരാണ്. പുനത്തില്‍ ആധുനികതയെ പ്രാദേശികമായ മിത്തുകള്‍ ഉപയോഗിച്ച് കാവ്യാത്മകമാക്കി. സേതു ഒരേ സമയം മാജിക്കല്‍ റിയലിസവും ദുരന്ത ദര്‍ശനവും പരീക്ഷിച്ചു. പക്ഷേ څആള്‍ക്കൂട്ടംچ എന്ന മഹത്തായ നോവലില്‍ നിന്ന് څമരണ സര്‍ട്ടിഫിക്കറ്റിچല്‍ എത്തുമ്പോള്‍ ആനന്ദിന് ചിന്തിക്കാന്‍ കാഫ്കയുടെ ദര്‍ശനം വേണ്ടിവരുന്നു. എം. മുകുന്ദനും കാക്കനാടനും സെക്സും, വയലന്‍സും, ലഹരിവസ്തുക്കളും കുത്തിനിറച്ച നാലാംതരം നോവലുകളും, കഥകളും എഴുതിയിട്ടുണ്ട്. കാക്കനാടന്‍റെ څകോഴിچ കാഫ്കയുടെ څമെറ്റമോര്‍ഫോസിസ്چ എന്ന കഥയെ ഒരു സറ്റയറാക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ടതല്ലേ?

* ആധുനിക കവികളായ കെ. അയ്യപ്പപ്പണിക്കര്‍, വിഷ്ണുനാരായണന്‍ നമ്പൂതിരി, ആറ്റൂര്‍, കടമ്മനിട്ട, സച്ചിദാനന്ദന്‍, ചുള്ളിക്കാട്, ആര്‍. രാമചന്ദ്രന്‍, ഡി. വിനയചന്ദ്രന്‍ തുടങ്ങിയവരില്‍ താങ്കളെ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ചത് ആരാണ്?
തീര്‍ച്ചയായും കടമ്മനിട്ട തന്നെ. നവീന കവിതകളില്‍ കാണുന്ന ദുര്‍ഗ്രഹത കടമ്മനിട്ടയിലില്ല. സാമൂഹ്യ ചലനങ്ങള്‍ ഒപ്പിയെടുക്കുന്ന കടമ്മനിട്ട കവിതകള്‍ താളാത്മകമാണ്. ഭാഷയുടെ പുതിയ റിഥവും, മിത്തുകളുടെ നവ വ്യാഖ്യാനവും കടമ്മനിട്ട കവിതയിലുണ്ട്. വായിക്കുന്തോറും പുതിയ അര്‍ത്ഥതലങ്ങള്‍ ഇതള്‍ വിടര്‍ത്തുന്ന മഹത്തായ കവിതയാണ് കടമ്മനിട്ടയുടേത്.

* ആറ്റൂര്‍, എന്‍.എന്‍ കക്കാട് തുടങ്ങിയ കവികള്‍ ഇന്ത്യയുടെ മാറിമാറി വരുന്ന ഭാവങ്ങളെ ആവിഷ്കരിക്കുന്നതില്‍ മുന്‍പിലല്ലേ?
ആറ്റൂരും അയ്യപ്പപ്പണിക്കരും വിഷ്ണുനാരായണന്‍ നമ്പൂതിരിയും ധൈഷണികമായി മുന്‍പിലാണ്. നോവലിസ്റ്റ് ആനന്ദ് ധൈഷണികതയുടെ ആള്‍രൂപമാണ്. കലയില്‍ ധൈഷണികതയ്ക്ക് സ്ഥാനമില്ല. ചങ്ങമ്പുഴ മികച്ച കവിയാണ്. വികാരം കണ്‍വേ ചെയ്യുന്നതില്‍ അദ്ദേഹം വിജയിക്കുന്നു. പക്ഷെ വികാരം പകര്‍ന്ന് നല്‍കുന്നതില്‍ അയ്യപ്പപ്പണിക്കരും, സച്ചിദാനന്ദനും വേണ്ടത്ര വിജയിച്ചില്ല എന്നാണ് എന്‍റെ അഭിപ്രായം.

* മുദ്രവാക്യ സമാനമായ കവിതകളും, ദരിദ്രഗാഥകളും എഴുതിയ കെ.പി.ജിയേയും, ഡി.എന്‍. പൊറ്റക്കാടിനേയും ഒരു കാലത്ത് ഇടതുപക്ഷ ബുദ്ധിജീവികള്‍ കൊണ്ടുനടന്നില്ലേ?
ശരിയാണ്, ബഷീറിനെപ്പോലുള്ള വലിയ എഴുത്തുകാര്‍ക്ക് ഇടതുപക്ഷ ക്യാമ്പില്‍ ഇടം നല്‍കിയില്ല. ഒ.വി വിജയനെപ്പോലെ കമിറ്റ്മെന്‍റ് കഥകളും, ആധുനിക കഥകളും, യൂണിവേഴ്സല്‍ അപ്പീലുള്ള കാര്‍ട്ടൂണുകളും വരച്ച് അടിയന്തരാവസ്ഥയെപ്പോലും നേരിട്ട ഒരെഴുത്തുകാരനെ തള്ളിക്കളഞ്ഞതും ചെറുകാടിനെയും, കെ.പി.ജിയെയും പോലുള്ളവരെ ഉയര്‍ത്തിക്കാട്ടിയതും ഇടതുപക്ഷത്തിന്‍റെ ഭാഗത്തുള്ള തെറ്റ് തന്നെയാണ്.

* ڇഡീ-മിസ്റ്റിഫിക്കേഷന്‍ڈ നടത്തി പുതിയ കാലഘട്ടത്തെ വ്യാഖ്യാനിക്കാന്‍ ടോള്‍സ്റ്റോയിയും, ഖലീല്‍ ജിബ്രാനും, കസാന്‍ദ്സാക്കീസും, ഏലിയാസ് കനേറ്റിയും ബൈബിളും ഖുര്‍ആനും ഭാരതീയ ഇതിഹാസ ഗ്രന്ഥങ്ങളും ഉപയോഗിച്ചിട്ടുണ്ട്. പക്ഷേ ഇന്ന് എം.ടി ഭീമനെ ഡീ-മിസ്റ്റിഫൈ ചെയ്യുമ്പോഴും, പി.കെ ബാലകൃഷ്ണന്‍ കര്‍ണനെ ഡീ-മിസ്റ്റിഫൈ ചെയ്ത കാലത്തും പ്രശ്നങ്ങള്‍ ഇല്ലായിരുന്നു. പക്ഷെ ഇന്ന് ഇന്ത്യയില്‍ അന്തരീക്ഷം ഏറെ മാറിയില്ലേ?
ശരിയാണ്, ഫാസിസത്തിന്‍റെ ഇരുണ്ടകാലം വന്നിരിക്കുകയാണ്. കമ്യൂണിസ്റ്റ് രാജ്യങ്ങളിലും, ചില ഇസ്ലാമിക് രാജ്യങ്ങളിലും കലയും സാഹിത്യവും ഭരണകൂടത്തിന്‍റെ റ്റ്യൂണിനനുസരിച്ച് ഡാന്‍സ് ചെയ്യുന്നു എന്ന തരത്തിലാകുന്നത് അപകടമാണ്.

* പി.കെ ബാലകൃഷ്ണന്‍ മികച്ച നോവലിസ്റ്റ്, നിരൂപകന്‍, ചരിത്രകാരന്‍ തുടങ്ങിയ അനേകം തലങ്ങളില്‍ ്ലൃമെശേഹല ആയ വ്യക്തിയായിരുന്നു. പക്ഷെ അദ്ദേഹത്തിന് അര്‍ഹിക്കുന്ന അംഗീകാരം ജീവിക്കുന്ന കാലത്തും മരണശേഷവും കിട്ടിയില്ല എന്നത് സത്യമല്ലേ?
പി.കെ ബാലകൃഷ്ണന്‍ എല്ലുറപ്പുള്ള വ്യക്തിയും സ്വന്തം നിലപാടുകളില്‍ വിട്ടുവീഴ്ചയില്ലാത്ത എഴുത്തുകാരനുമാണ്. څഇനി ഞാന്‍ ഉറങ്ങട്ടെچയെന്ന നോവല്‍ എം.ടി യുടെ രണ്ടാമൂഴത്തെക്കാള്‍ മികച്ചതാണ്. അദ്ദേഹത്തെ തേടി അവാര്‍ഡുകള്‍ എത്തിയില്ല എന്ന് പറഞ്ഞു കൂടാ. വയലാര്‍ അവാര്‍ഡ് കിട്ടിയിട്ടുണ്ട്. പക്ഷെ അദ്ദേഹം കാണിച്ച ബുദ്ധിപരമായ സത്യസന്ധത അനിതരസാധാരണമാണ്. അവാര്‍ഡുകള്‍ ഒരു പ്രശ്നമേയല്ല. വൈക്കം മുഹമ്മദ് ബഷീറിന് സംസ്ഥാനത്തെ എഴുത്തുകാര്‍ക്ക് സാഹിത്യ അക്കാദമി നല്‍കുന്ന പുരസ്കാരം പോലും കിട്ടിയില്ല. പക്ഷെ അദ്ദേഹമിന്നും ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്ന എഴുത്തുകാരനാണ്.

* നവീന നിരൂപകരായ കെ.പി അപ്പന്‍, വി.രാജകൃഷ്ണന്‍, ആഷാ മേനോന്‍, നരേന്ദ്രപ്രസാദ് തുടങ്ങിയവരുടെ ഭാഷ കൃത്രിമമാണെന്ന് അഴീക്കോടും എസ്. ഗുപ്തന്‍ നായരും പറയുന്നു. പക്ഷെ എം.കെ സാനുവിന് ഈ അഭിപ്രായമില്ല. കെ.പി അപ്പനും വി. രാജകൃഷ്ണനും മലയാളത്തിലെ മികച്ച നിരൂപകരായിട്ടാണ് എം.കെ സാനു കാണുന്നത്. താങ്കളുടെ അഭിപ്രായത്തില്‍ നവീന നിരൂപകരുടെ ഭാഷയില്‍ പുതുമയുണ്ടോ?
കെ.പി അപ്പന്‍റേയും, വി. രാജകൃഷ്ണന്‍റേയും ഭാഷയില്‍ കൃത്രിമമൊന്നും ഞാന്‍ കണ്ടില്ല. പക്ഷെ ഇവര്‍ പരീക്ഷണ നോവലുകള്‍ക്കും, അസ്തിത്വത്തിന്‍റെ ഉദ്വിഗ്നത അടയാളപ്പെടുത്തുന്ന കഥകള്‍ക്കും വലിയ പ്രാധാന്യം നല്‍കുന്നു. ആഷാ മേനോന്‍റെ നിരൂപണ രീതി കുറച്ചൊക്കെ കണ്‍ഫ്യൂഷന്‍ ഉണ്ടാക്കിയിരുന്നു. പക്ഷെ ഇന്ന് അത്രയും ദുര്‍ഗ്രഹതയില്ല.

* ഇന്നത്തെ നിരൂപകരില്‍ എം.കെ ഹരികുമാര്‍, പി.കെ രാജശേഖരന്‍, സജയ് കെ.വി, വി.സി ശ്രീജന്‍ തുടങ്ങിയവരുടെ കൃതികള്‍ ശ്രദ്ധിക്കാറുണ്ടോ?
വി.സി ശ്രീജന്‍, എം.കെ ഹരികുമാര്‍ തുടങ്ങിയ നിരൂപകര്‍ നല്ല ഇന്‍സൈറ്റുള്ളവരാണ്.

* കഴിഞ്ഞ കാല്‍ നൂറ്റാണ്ടുകാലമായി ലാറ്റിനമേരിക്കന്‍ മാജിക്കല്‍ റിയലിസം മലയാളത്തില്‍ ചര്‍ച്ച ചെയ്യുന്നു. 1987 ല്‍ എം. കൃഷ്ണന്‍ നായര്‍ څമാജിക്കല്‍ റിയലിസംچ എന്ന പേരില്‍ ഒരു പുസ്തകം തന്നെ എഴുതി. കേരളത്തിലെ പു.ക.സ ബുദ്ധിജീവികള്‍ ലാറ്റിനമേരിക്കന്‍ കൃതികളെ വാഴ്ത്തുന്നതിന്‍റെ യുക്തിയെന്താണ്? പ്രചരണ സാഹിത്യം മാര്‍കേസും, ബോര്‍ഹസും, അസ്റ്റൂറിയാസും, നെരൂദയും നടത്തിയിട്ടില്ല. പക്ഷെ കമ്മ്യൂണിസ്റ്റ് ലോകത്ത് മാര്‍കേസും മറ്റും ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നതിന്‍റെ പൊരുള്‍ എന്താണ്?
സേതുവിന്‍റെ څപാണ്ഡവപുരംچ എന്ന നോവലിന്‍റെ രീതി തന്നെയാണിതു പിന്തുടരുന്നത്. ഇത്തരം കൃതികള്‍ വായനക്കാരുടെ അഭിരുചിയില്‍ മാറ്റം വരുത്തിയിട്ടുണ്ട്. ചൂഷണത്തിന്‍റെ കഥ പറയുമ്പോഴും മാര്‍കേസ് പ്രചരണത്തിന്‍റെ വഴി തേടാതെ മിത്തുകളെ പുനര്‍വ്യാഖ്യാനം ചെയ്ത് ഫാന്‍റസിയുടെ അറ്റം കാണാത്ത ലോകങ്ങളാണ് സൃഷ്ടിക്കുന്നത്. സോഷ്യോളജിക്കലായി ചിന്തിക്കുന്ന കമ്യൂണിസ്റ്റുകള്‍ക്ക് ഇതിലെന്ത് കാര്യം എന്ന് ഞാനും ചിന്തിച്ചിട്ടുണ്ട്.

* യോഗാത്മകമായ കാവ്യങ്ങള്‍ പ്രത്യേകിച്ച് ടാഗോറിന്‍റെ څഗീതാഞ്ജലിچ, ഖലില്‍ ജിബ്രാന്‍റെ څപ്രവാചകന്‍چ, മുഹമ്മദ് ഇക്ബാലിന്‍റെ څടലരൃലേ ീള വേല ടലഹളچ (ആത്മാവിന്‍റെ രഹസ്യം) തുടങ്ങിയവ സാമൂഹ്യമാറ്റത്തിന് ആക്കം കൂട്ടുമെന്ന് താങ്കള്‍ കരുതുന്നുണ്ടോ?
തീര്‍ച്ചയായും, ശ്രീ അരബിന്ദോ, ടാഗോര്‍ തുടങ്ങിയവര്‍ സ്പിരിച്വാലിറ്റിയെ വലിയ സാമൂഹ്യമാറ്റത്തിന്‍റെ ചാലകശക്തിയായി ഉപയോഗിച്ചവരാണ്. മനുഷ്യമനസ്സിനെ സ്വാധീനിക്കാന്‍ യോഗാത്മക കാവ്യങ്ങള്‍ക്ക് നിഷ്പ്രയാസം കഴിയും.
Share:

ലോകസാഹിത്യം -- ചരിത്രം നിഷേധിക്കപ്പെട്ട ഒരു സമൂഹത്തിന്‍റെ നോവല്‍ കാഴ്ചകള്‍



2019 ലെ മാന്‍ ബുക്കര്‍ അന്തര്‍ദേശീയ പുരസ്കാരം നേടിയ ഒമാന്‍ എഴുത്തുകാരി ജോഖ അല്‍ഹാര്‍ത്തിയുടെ څഇലഹലശെേമഹ ആീറശലെچ എന്ന നോവലിന്‍റെ വായന.
വൈക്കം മുരളി
     2019 ലെ സാഹിത്യത്തിനുള്ള മാന്‍ ബുക്കര്‍ അന്തര്‍ദേശീയ പുരസ്കാരത്തിന്‍റെ പരിഗണനക്കായി തിരഞ്ഞെടുക്കപ്പെട്ട നോവലുകളുടെ ഹൃസ്വപട്ടിക പുറത്ത് വന്നതു മുതല്‍ അവസാന വിജയി ആരായിരിക്കുമെന്ന ആകാംക്ഷ ലോകമെമ്പാടുമുള്ള വായനക്കാരുടെ ചിന്തകളെ അലട്ടിക്കൊണ്ടിരുന്നു. തൊട്ടു മുമ്പുള്ള വര്‍ഷം ഇറങ്ങിയ ലോകസാഹിത്യത്തില്‍ നിന്നുള്ള ഇംഗ്ലീഷ് പരിഭാഷകളെയാണിതിനു വേണ്ടി പരിഗണിക്കുന്നത്. പുരസ്കാര തുകയായ അന്‍പതിനായിരം പൗണ്ടിന്‍റെ പകുതിഭാഗം പുരസ്കാര രചന പരിഭാഷപ്പെടുത്തിയ വ്യക്തിക്കായിരിക്കുമെന്നത് ഈ പുരസ്കാരത്തിന്‍റെ എടുത്ത് പറയാവുന്ന സവിശേഷതയാണ്. 2016 മുതലാണ് ഇത്തരത്തിലുള്ള ഒരു തീരുമാനം പുരസ്കാര സമിതി കൈക്കൊണ്ടത്. (2019) രണ്ടായിരത്തിപത്തൊന്‍പതോടെ മാല്‍ഗ്രൂപ്പ് ഈ പുരസ്കാര സ്പോണ്‍സര്‍ഷിപ്പില്‍ നിന്നും പിന്‍വാങ്ങുകയാണ്. അടുത്ത വര്‍ഷം മുതല്‍ ഇത് അന്തര്‍ദേശീയ ബുക്കര്‍ സമ്മാനം എന്ന പേരിലാവും അറിയപ്പെടുക.
     കഴിഞ്ഞവര്‍ഷം മാന്‍ ബുക്കര്‍ അന്തര്‍ദേശീയ പുരസ്കാരം ലഭിച്ചത് പോളിഷ് എഴുത്തുകാരിയായ ഓള്‍ഗ ടോകാര്‍സൂക്കിന്‍റെ പലായനങ്ങള്‍ (എഹശഴവേെ) എന്ന നോവലിനാണ്. 2019 ലെ ഹൃസ്വപട്ടികയില്‍ ഒമാന്‍ അറബിക് എഴുത്തുകാരി ജോഖ അല്‍ഹാര്‍ത്തിയുടെ (ഖീസവമ അഹവമൃവേശ) ആകാശ ചാരികള്‍ (ഇലഹലശെേമഹ ആീറശലെ) എന്ന രചനയും ഫ്രഞ്ച് എഴുത്തുകാരിയായ ആനി എര്‍നോക്സിന്‍റെ (അിിശല ഋൃിമൗഃ) വര്‍ഷങ്ങള്‍ (ഠവല ഥലമൃെ) എന്ന രചനയും ജര്‍മന്‍ എഴുത്തുകാരി മാരിയോണ്‍ പോഷ്മാനിന്‍റെ (ങമൃശീി ജീരെവാമിി) പൈന്‍ ദ്വീപുകളും (ഠവല ജശില കഹെമിറെ) ഓള്‍ഗ ടോകാര്‍സൂക്കിന്‍റെ (പോളണ്ട്) ഡ്രൈവ് യുവര്‍ പ്ലോ ഓവര്‍ ദി ബോണ്‍സ് ഓഫ് ദി ഡഡ് (ഉൃശ്ല ഥീൗൃ ജഹീം ീ്ലൃ വേല ആീിലെ ീള വേല ഉലമറ), കൊളംബിയന്‍ എഴുത്തുകാരന്‍ ഹുവാല്‍ ഗബ്രിയേല്‍ വാസ്ക്വസിന്‍റെ അവശിഷ്ടങ്ങളുടെ രൂപങ്ങളും (ഠവല ടവമുല ീള വേല ഞൗശിെ) അവസാനത്തെതായി ചിലിയിലെ എഴുത്തുകാരി ആലിയ ട്രാബൂക്കൊ സെറാനിന്‍റെ (അഹശമ ഠൃമയൗരരീ ദലൃമി) പരിശേഷം (ഠവല ഞലാമശിറലൃ) എന്ന ചെറുകഥാ സമാഹാരവും ഉള്‍പ്പെട്ടിരുന്നു. ഇവരില്‍ കൊളംബിയയിലെ ഹുവാല്‍ ഗബ്രിയേല്‍ വാസ്ക്വസൊഴിച്ചാല്‍ ബാക്കിയെല്ലാവരും തന്നെ സ്ത്രീകളായ എഴുത്തുകാരാണെന്നുള്ളത് ശ്രദ്ധേയമായ ഒരു യാഥാര്‍ത്ഥ്യമാണ്.
     പക്ഷെ 2019 മെയ് 21-ാം തീയതി പുരസ്കാരത്തിന്‍റെ അവസാന തീരുമാനം പുറത്ത് വന്നപ്പോള്‍ അത് ലഭിച്ചത് ഒമാനീസ് എഴുത്തുകാരിയായ ജോഖ അല്‍ഹാര്‍ത്തിയുടെ ആകാശചാരികള്‍ (ഇലഹലശെേമഹ ആീറശലെ) എന്ന നോവലിനാണ്. ഈ നോവല്‍ അറബിക് ഭാഷയില്‍ നിന്ന് ഇംഗ്ലീഷിലേക്കു പരിഭാഷപ്പെടുത്തിയത് ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയിലെ സമകാലീന അറബ് ലോകം പഠനകേന്ദ്രം മേധാവിയായ മര്‍ലിന്‍ ബൂത്താണ് (ങമൃശഹ്യി ആീീവേ). ആദ്യമായിട്ടാണ് ഒരു അറബ് സാഹിത്യകൃതിക്ക് ഈ പുരസ്കാരം ലഭിക്കുന്നതെന്നതും പ്രത്യേകം എടുത്തു പറയേണ്ട ഒന്നാണ്.
     അല്‍ഹാര്‍ത്തി പത്തോളം പുസ്തകങ്ങളുടെ രചയിതാവാണ്. ഇതില്‍ ഷോര്‍ട്ട് ഫിക്ഷന്‍ സമാഹാരങ്ങളും രണ്ട് കുട്ടികളുടെ പുസ്തകങ്ങളും മൂന്നു നോവലുകളും ഉള്‍പ്പെടും. ഇംഗ്ലീഷ് ഭാഷയില്‍ മികവുള്ള ഇവര്‍ എഡിന്‍ബറൊ സര്‍വകലാശാലയില്‍ നിന്നും ക്ലാസിക് അറബ് കവിതയില്‍ പി എച്ച് ഡിയും നേടിയിട്ടുണ്ട്. ഇപ്പോളിവര്‍ മസ്ക്കറ്റിലെ സുല്‍ത്താന്‍ ക്വാബൂസ് സര്‍വകലാശാലയില്‍ പഠിപ്പിക്കുന്നു. ഇവരുടെ കഥകളടക്കമുള്ള രചനകള്‍ നിരവധി വിദേശഭാഷകളിലേക്കു പരിഭാഷപ്പെടുത്തിയിട്ടുണ്ട്.
     അടിമക്കച്ചവടമെന്ന പരമ്പരാഗത വ്യവസായത്തില്‍ നിന്നും എണ്ണ നിര്‍മാണത്തിലേക്കുള്ള ഒമാന്‍റെ രൂപാന്തരത്വത്തിനുള്ളില്‍ ഒരു കുടുംബകഥയുടെ വികസിത രൂപമാണീ നോവലെന്ന് പുരസ്കാരത്തിന്‍റെ വിധികര്‍ത്താക്കള്‍ വിലയിരുത്തുന്നുണ്ട്. അങ്ങനെയിത് അറബ് ഭാഷയില്‍ രചിക്കപ്പെട്ട, മാന്‍ ബുക്കര്‍ അന്തര്‍ദേശീയ പുരസ്കാരം നേടുന്ന ആദ്യ നോവലായി മാറി.
     ബ്രിട്ടനില്‍ പ്രസിദ്ധീകരിക്കപ്പെടുന്ന ഇംഗ്ലീഷിലേക്കു പരിഭാഷപ്പെടുത്തിയ ഏറ്റവും മികച്ച രചനക്കാണീ പുരസ്കാരം നല്‍കുക. ഹൃസ്വപട്ടികയില്‍ വന്നിട്ടുള്ള മറ്റ് നോവലുകള്‍ വായിച്ചിട്ടുള്ള സാഹിത്യാസ്വാദകരില്‍ പലര്‍ക്കും ഈ വിധികര്‍ത്താക്കളോട് യോജിക്കാനാവാത്ത സാഹചര്യവുമുണ്ടായിട്ടുണ്ട്.
     ജൂറി ചെയര്‍മാനായ ബെറ്റാനിഹ്യൂസിന് ആകാശചാരികളെപ്പറ്റി മികച്ച അഭിപ്രായമാണുള്ളത്. വളരെ ധന്യമായ രീതിയില്‍ വിലയിരുത്തപ്പെടുന്ന ഒരു സമൂഹത്തിന്‍റെ നിഗൂഢതകളെയാണ് ഈ നോവല്‍ അനാവരണം ചെയ്യുന്നതെന്നും വിധികര്‍ത്താക്കള്‍ അവകാശപ്പെടുന്നുണ്ട്.
     2010 ല്‍ അല്‍ഹാര്‍ത്തിയുടെ നോവല്‍ ചന്ദ്രന്‍റെ സ്ത്രീകള്‍ (ഘമറശലെ ീള വേല ങീീി) എന്ന പേരിലാണ് അറബ് ഭാഷയില്‍ പുറത്ത് വന്നത്. 1880 മുതല്‍ ഇന്നത്തെ ഈ കാലം വരെയുള്ള ഒരു ഒമാനി കുടുംബത്തിന്‍റെ കഥയാണിതില്‍ പ്രമേയമാക്കിയിരിക്കുന്നത്.
     ഇതിലെ ഓരോ കഥാപാത്രവും അത് സ്ത്രീയോ പുരുഷകഥാപാത്രമൊ ആവട്ടെ അവര്‍ അടിമയാക്കപ്പെട്ടവരൊ സ്വതന്ത്രരൊ ആയവരാണ്. അവരോരോരുത്തരും ഒരു സത്യം തിരിച്ചറിയുന്നുമുണ്ട്. തങ്ങള്‍ സ്വയം ചരിത്രത്തിന്‍റെ കെണിയില്‍പ്പെട്ടവരാണ്. ഒമാന്‍ എന്ന ഭൂമികക്കു തന്നെ അവര്‍ക്കു ചുറ്റുമായുള്ള ഇത്തരം മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്.
     മാറ്റങ്ങളുടെ അതിരുകള്‍ക്കുള്ളില്‍ നിന്ന് വലിച്ചെടുക്കപ്പെട്ടവരാണ് ഇതിലെ ഓരോ കഥാപാത്രങ്ങളും. അറബ് ഭാഷയും സംസ്കാരവും അവര്‍ക്കിതിനു വേണ്ടിയുള്ള വഴികള്‍ കണ്ടെത്തികൊടുക്കുന്നു. പാശ്ചാത്യ ലോകത്തിന് ഇനിയും ശരിക്കുമറിയാത്ത സാംസ്കാരിക പാരമ്പര്യം അവകാശപ്പെടാവുന്ന ഒരു ജനതയുടെ പ്രതിനിധികളൊ പ്രതീകങ്ങളൊ ഒക്കെയായി കടന്നുവരുന്ന ഇതിലെ കഥാപാത്രങ്ങള്‍ക്ക് അവരുടെതായ ലോകത്തിന്‍റെ ചുരുളുകള്‍ അഴിക്കാനുമുണ്ട്. ഒമാനിലെ ഒരു ഗ്രാമമായ അല്‍-അവാഫിയിലാണ് നോവലിലെ കഥ അരങ്ങേറുന്നതായി നോവലിസ്റ്റ് വിഭാവനം ചെയ്തിരിക്കുന്നത്.
     അവിടെ നാം മൂന്നു സഹോദരിമാരെ കണ്ടുമുട്ടുകയാണ്. മൂത്തവളായ മയ്യാ... ഒരു ഹൃദയ സംഘട്ടനത്തിനുശേഷം അബ്ദുള്ളയെ വിവാഹം ചെയ്യുവാന്‍ തയ്യാറാകുന്നു. രണ്ടാമത്തെ സഹോദരി അസ്മ വിവാഹബന്ധത്തിലേര്‍പ്പെടുന്നത് ഒരു ദൗത്യത്തിന്‍റെ അവബോധത്തിനുള്ളില്‍ നിന്നുകൊണ്ടാണ്. മൂന്നാമത്തെ സഹോദരിയായ ഖാവ്ലക്ക് ഇക്കാര്യത്തില്‍ അവളുടെതായ നിലപാടുകളുണ്ട്. സ്വന്തം പ്രിയനു വേണ്ടി; അയാള്‍ കാനഡയിലേക്ക് കുടിയേറി പാര്‍ത്തിരിക്കെയുള്ള കാത്തിരിപ്പിനുള്ളില്‍ അവള്‍ വിവാഹാലോചനകള്‍ വരുന്നതെല്ലാം നിരാകരിക്കുകയും ചെയ്യുന്നു. ഈ മൂന്നു സ്ത്രീകളും അവരുടെ കുടുംബവും നേരിട്ടു കൊണ്ടിരിക്കുന്നത് അടിമത്വത്തിന്‍റെ പീഡനങ്ങള്‍ വിട്ട് വികാസത്തിന്‍റെ പാതയിലേക്കുവരുന്ന ഒമാന്‍ ഭൂമികയുടെ സാമൂഹിക പശ്ചാത്തലത്തെയാണ്. അധിനിവേശകാലത്തിന്‍റെ സങ്കീര്‍ണതകള്‍ക്കുള്ളില്‍ നിന്നും മോചനം കാംക്ഷിക്കുന്ന ഒരു നാടിന്‍റെ എല്ലാ സങ്കീര്‍ണതകളും അവര്‍ തിരിച്ചറിയുന്നുമുണ്ട്.
     ഇവരിലൂടെ നോവലിസ്റ്റായ അല്‍ഹാര്‍ത്തി ഒരു വ്യാപാരി കുടുംബത്തിന്‍റെ ഭാഗധേയങ്ങളെയാണ് ചിത്രീകരിക്കുവാന്‍ ശ്രമിക്കുന്നത്. ശരിക്കും അസ്വസ്ഥമായ ഒരു ഭൂതകാലത്തിന്‍റെ പിടിയിലമര്‍ന്നിരിക്കുന്ന കഥാപാത്രങ്ങളുടെ മാനസികവ്യാപാരങ്ങളിലൂടെ പുതിയ കാലത്തിന്‍റെ മാറ്റങ്ങളെ ഉള്‍ക്കൊള്ളുവാന്‍ അവര്‍ ശ്രമിക്കുന്നതിന്‍റെ പശ്ചാത്തലവും ചിത്രീകരിക്കപ്പെടുന്നുണ്ട്. മൂന്നു തലമുറകളിലൂടെയാണ് നോവലിന്‍റെ കഥ വികസിതമാകുന്നത്. അവരുടെ ശബ്ദങ്ങളിലൂടെ ഒമാന്‍ ഭൂമികയുടെ ഒരു മരുഭൂമിവംശത്തിന്‍റെയും അല്‍ അവാഫി ഗ്രാമത്തിന്‍റെയും മസ്ക്കറ്റ് നഗരത്തിന്‍റെ ആധുനിക വികസിതമുഖത്തിലൂടെ പുതിയ കാലത്തെയും അടയാളപ്പെടുത്തുന്നു. മാറ്റങ്ങളുടെ അതിരുകളില്‍ തങ്ങുന്ന കഥാപാത്രങ്ങള്‍ അവരുടെ ജീവിതസമസ്യകളുടെ ജാലകങ്ങള്‍ തുറന്നുതരുമ്പോള്‍ വായനക്കാര്‍ക്കു അവയോടൊക്കെ ശരിക്കും പൊരുത്തപ്പെട്ടു പോകുവാനും കഴിയും.
     ഓരോ അദ്ധ്യായങ്ങളും മാറിമാറി വരുന്ന കഥാപാത്രങ്ങളുടെ ശബ്ദങ്ങളിലൂടെയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പാശ്ചാത്യസാഹിത്യത്തില്‍ ഈയൊരവതരണരീതി വളരെ സമര്‍ത്ഥമായി പലരും ഉപയോഗിച്ചിട്ടുള്ളതാണ്. തെക്കെ ആഫ്രിക്കന്‍ നോവലിസ്റ്റായ ആന്ദ്രെ ബ്രിങ്കിന്‍റെ (അിറൃല ആൃശിസ) ശബ്ദങ്ങളുടെ കണ്ണികള്‍ (ഇവമശി ീള ഢീശരലെ) എന്ന മികച്ച നോവല്‍ വളരെകാലം മുമ്പ് ഈ ലേഖകന്‍ വായിച്ചിട്ടുള്ളത് ഇവിടെ ഓര്‍ത്തുപോകുന്നു. അല്‍ഹാര്‍ത്തിയുടെ ആഖ്യാനത്തില്‍ അതുകൊണ്ട് പുതുമ അവകാശപ്പെടാനില്ലെങ്കിലും ലാളിത്യമാര്‍ന്ന ഭാഷയിലൂടെ അവര്‍ കാര്യങ്ങള്‍ മികവോടെ അവതരിപ്പിക്കുന്നുണ്ട്. ഒമാന്‍ ഗ്രാമീണാന്തരീക്ഷത്തിന്‍റെ നൈര്‍മല്യവും കഥാപാത്രങ്ങളുടെ ജീവിതാവിഷ്ക്കാരത്തിലെ ശക്തിയും നോവലിനെ ഒരു പരിധിവരെ പുതിയ ഒരു മാനത്തിലേക്കുയര്‍ത്തിയെടുക്കുന്നുണ്ട്. വികസിതമായി കൊണ്ടിരിക്കുന്ന ബാഹ്യപ്രപഞ്ചവുമായി ഒത്തുചേര്‍ന്നു പോകുവാനുള്ള അവരുടെ നീക്കങ്ങള്‍ അനിശ്ചിതമായി കാണുന്ന ഒരു സ്വതന്ത്രലോകത്തിലേക്കുള്ള അവരുടെ സംയമനത്തിന്‍റെ പ്രതീകമായും കാണേണ്ടിയിരിക്കുന്നു.
     മയ്യായുടെ ഭര്‍ത്താവായ അബ്ദുള്ളയുടെ ശബ്ദത്തിലൂടെയാണ് നോവലിന്‍റെ ഒരു ഭാഗം വികസിതമാകുന്നത്. പിതാവായ സുലൈമാനില്‍ നിന്നും അയാള്‍ക്കു നേരിടേണ്ടിവരുന്ന യാതനകളുടെ കഥകള്‍ ഒമാനില്‍ അന്നു നിലവിലുണ്ടായിരുന്ന അടിമവേലയുടെ ദുരന്തങ്ങളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.
     അറബ് ഭാഷയുടെയും സംസ്കാരത്തിന്‍റെയും അന്നുവരെ നിലവിലുണ്ടായിരുന്ന അത്രക്കൊന്നും സ്വതന്ത്രമല്ലാത്ത ഒരു പാരമ്പര്യത്തിന്‍റെ ശക്തമായ നിഷേധങ്ങള്‍ക്കും പ്രതിരോധത്തിനുമൊക്കെയാണ് ഈ നോവലിലൂടെ അവര്‍ തയ്യാറാകുന്നതെന്ന് ആകാശചാരികള്‍ നമ്മെ ഒരിക്കല്‍ കൂടി ബോദ്ധ്യപ്പെടുത്തുന്നുണ്ട്: ലോകസാഹിത്യത്തിലേക്കുള്ള ഒരു പുതിയ ശബ്ദമായിട്ടവര്‍ കടന്നുവരുന്നതിന്‍റെ നിയോഗങ്ങളും ഇവിടെ കൂടുതല്‍ ദീപ്തമാകുന്നുണ്ട്. ഇംഗ്ലീഷ് ഭാഷയിലും നല്ല പരിജ്ഞാനമുള്ള അല്‍ഹാര്‍ത്തിക്ക് തന്‍റെ നോവല്‍ എത്തിച്ചേരേണ്ട വായനാ സമൂഹത്തെക്കുറിച്ച് നല്ല ബോദ്ധ്യവുമുണ്ട്.
     അറബ് എഴുത്തുകാരികള്‍ ശരിക്കും തങ്ങളുടെ രചനകളുമായി മുന്നോട്ടു വരുന്നത് ഇരുപതാം നൂറ്റാണ്ടിന്‍റെ രണ്ടാം പകുതിയിലാണ്.
     ആകെ വികസിതമായി മാറി നില്‍ക്കുന്ന ഇന്നത്തെ ഗള്‍ഫ് ഭൂമികകള്‍ക്ക് ഇതിനെക്കാളൊക്കെ വിഭിന്നമായ ഗൃഹാതുരത്വം തുടിക്കുന്ന ലളിതമായ ഒരു ഭൂതകാലമാണുണ്ടായിരുന്നത്. സമൂഹത്തില്‍ വന്ന മാറ്റങ്ങളെ വിശകലനം ചെയ്തുകൊണ്ടുള്ള ഒരാഖ്യാന രീതിയാണ് അല്‍ഹാര്‍ത്തി ഇതിലുപയോഗിച്ചിരിക്കുന്നത്. ഭൂതകാലത്തെ ഒരു രീതിയിലും കാല്പനികമായ പരിവേഷം കൊടുത്തുകൊണ്ട് ചിത്രീകരിക്കുവാന്‍ അല്‍ഹാര്‍ത്തി ശ്രമിക്കുന്നുമില്ല. ഇതിനുപകരമായി സംഭവിച്ച മാറ്റങ്ങളെ ശരിക്കും ബോധപൂര്‍വം സ്വാംശീകരിച്ചു കൊണ്ടുള്ള ഒരു ചിത്രീകരണമായിരുന്നു അവരുടെ ലക്ഷ്യം. നോവലിലെ കഥാപാത്രങ്ങള്‍ ജീവിക്കുന്ന ഗ്രാമാന്തരീക്ഷത്തില്‍ ഇതെങ്ങനെയാണ് സ്വാധീനിച്ചിരുന്നതെന്നും അവര്‍ അറിയുന്നുണ്ട്. ഓരോ കഥാപാത്രങ്ങളിലും ഏതു രീതിയിലാണിതിന്‍റെ സ്പര്‍ശം അനുഭവിച്ചതെന്നുള്ളതും പ്രത്യേകം വിശകലനം ചെയ്യപ്പെടുന്നുണ്ട്.
     ഒമാനില്‍ സംഭവിച്ച മാറ്റങ്ങളെ ചിത്രീകരിക്കുന്നതിനൊപ്പം ഇത് സ്നേഹത്തെക്കുറിച്ചും കാപട്യത്തെക്കുറിച്ചും അധികാരാസക്തിയെക്കുറിച്ചും ലൈംഗികതയെക്കുറിച്ചും വ്യക്തിഗതമായ ദുഃഖത്തെക്കുറിച്ചുമെല്ലാം വായനക്കാരുമായി സംവേദിക്കുവാന്‍ തയ്യാറാകുന്നുണ്ട്.
     പക്ഷെ അന്നവിടെ നിലനിന്നിരുന്ന അടിമവേല ഒമാന്‍റെ മാത്രം ഒരു ദുരന്തമായി അല്‍ഹാര്‍ത്തി കാണുന്നില്ല. അത് മാനുഷിക ചരിത്രത്തിന്‍റെ ഒരു ഭാഗമായി നിലനിന്നിരുന്നത് ചരിത്രം നമ്മെ ബോദ്ധ്യപ്പെടുത്തുന്നുണ്ട്. അറബിക് സാഹിത്യത്തിനു കൈവന്ന ഒരു വിജയമാണീ പുരസ്കാരം പങ്കുവച്ചുതന്നതെന്ന് അല്‍ഹാര്‍ത്തി ഓര്‍ക്കുന്നുമുണ്ട്.
     ഭൂതകാലത്തിലെയും വര്‍ത്തമാനകാലത്തിലെയും സംഭവങ്ങളെ ഈ നോവല്‍ കഥാപാത്രങ്ങളുടെ ശബ്ദങ്ങളിലൂടെ കോര്‍ത്തിണക്കി അവതരിപ്പിക്കുന്നത് ഉദാത്തമായ ഒരനുഭവമായി മാറുന്നു. ഇതുവരെ ഒരു സാഹിത്യരചനക്ക് വഴങ്ങാത്ത സമൂഹവും കഥാപാത്രങ്ങളും ഈ നോവലിലൂടെ പുറത്തേക്കു വരുമ്പോള്‍ കൗതുകത്തോടെ അതിനെക്കുറിച്ചറിയുവാനാണ് പുരസ്കാര സമിതി തയ്യാറായത്.
     സാമൂഹികമായ മാറ്റങ്ങളെ നോവല്‍ ആഖ്യാന വലയത്തിലേക്കു കൊണ്ടുവരുവാന്‍ അല്‍ഹാര്‍ത്തി കാണിച്ച മികവാണീ നോവല്‍ എന്നു പറയുന്നതാവും ശരി. അവര്‍ എഴുതിയ ഗ്രാമാന്തരീക്ഷത്തിലെ കഥാപാത്രങ്ങള്‍ക്കിത് ഏതൊക്കെ രീതിയില്‍ നിര്‍ണായകമായിയെന്നതും പ്രാധാന്യമര്‍ഹിക്കുന്നു. ഒമാന്‍ ഭൂമികയുടെ മതപരവും സാംസ്കാരികവുമായ അവസ്ഥകളെ ശരിക്കുമുപയോഗിക്കുവാനുമവര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. അമാനുഷിക ശക്തിയായ രൂപങ്ങളെക്കുറിച്ചും അല്ലെങ്കില്‍ ജിന്നുകളെക്കുറിച്ചുള്ള സൂചനകളെ നോവലിസ്റ്റ് വളരെ ഭംഗിയായി അതില്‍ ഉപയോഗിച്ചിട്ടുണ്ട്. ഒമാനില്‍ വളരെ കഴിവുള്ള ഒരുകൂട്ടം എഴുത്തുകാരുണ്ടെന്ന് ലോകം ഇതുവഴി അറിയട്ടെയെന്നാണ് അല്‍ഹാര്‍ത്തി പ്രാര്‍ത്ഥിക്കുന്നത്. അവര്‍ ഇതിന്‍റെ ഉദാത്തമായ സൃഷ്ടിക്കു വേണ്ടിയും കലയ്ക്കുവേണ്ടിയും ജീവിക്കുകയാണ്.
     മൂന്നു സഹോദരിമാരെ കൂടാതെ അവരുടെ വൈവിദ്ധ്യമാര്‍ന്ന ജീവിതസാഹചര്യങ്ങളെ ആവരണം ചെയ്തു നില്‍ക്കുന്ന ഒരു വലിയ കൂട്ടം കഥാപാത്രങ്ങള്‍ നോവലിനെ മികവുള്ള ഒന്നാക്കി മാറ്റുന്നു. നോവലിന്‍റെ ആദ്യം കൊടുത്തിട്ടുള്ള കഥാപാത്രങ്ങളുടെ കുടുംബഘടനയെക്കുറിച്ചുള്ള രേഖകള്‍ തിരിച്ചറിയുക. എല്ലാത്തിനുമുപരി ഒമാന്‍ ഭൂമികയുടെ കാലങ്ങളിലൂടെ സംഭവിച്ച മാറ്റങ്ങളുടെ അലിഗറിയായി അതിനെ കാണേണ്ടിയിരിക്കുന്നു. ചരിത്രപരമായ തീവ്രതയും ഏറ്റവും ആധുനികമായ സാഹിത്യഘടനാരൂപവും നോവലിനെ ഏറെ ശ്രദ്ധേയമാക്കി മാറ്റുന്നു.
     മയ്യ ഒരിക്കലും കുടുംബാവസ്ഥകള്‍ക്കെതിരെ വെല്ലുവിളിയുയര്‍ത്താന്‍ ആഗ്രഹിക്കുന്നില്ല. അതെ സമയം അസ്മ അന്വേഷിക്കുന്നത് വിദ്യാഭ്യാസപരമായ സമ്പന്നതയാണ്. അതുകൊണ്ട് തന്നെ അവള്‍ ഒരു ചിത്രകാരനെ സ്വീകരിക്കാന്‍ തയ്യാറാവുന്നു. ചെറുപ്പകാലം തൊട്ട് അടുത്തറിയാവുന്ന അവളെ സ്വീകരിക്കുവാന്‍ തയ്യാറാവുന്ന ഒരു കാമുകനു വേണ്ടി കാത്തിരിക്കുന്ന ഖാവ്ലയും വായനക്കാരെ അത്രപെട്ടെന്നൊന്നും വിട്ടുപോവില്ല. നോവലിന്‍റെ അവസാനഭാഗത്ത് ചന്ദ്രനെക്കുറിച്ചുള്ള സൂചനയുണ്ട്. ചന്ദ്രന്‍ ആകാശസീമയില്‍ ഉയരത്തിലും താഴേക്കുമിടയിലാണ് ചലിക്കുന്നത്. പ്രൗഢിക്കും സൃഷ്ടിയുടെ ചേറിനുമിടയിലൂടെയുള്ള ഒരു പ്രവാഹമാണിത്. എല്ലാ ആകാശചാരികള്‍ക്കുമിടയിലും താഴെയുള്ള ലോകത്തോട് ഏറ്റവും അടുത്തുള്ളത് ചന്ദ്രനാണ്. അതുകൊണ്ട് തന്നെ എല്ലാ കാര്യങ്ങള്‍ക്കും ഇതൊരു വഴികാട്ടിയായി മാറുന്നു. മറ്റൊന്നില്‍ നിന്ന് ചന്ദ്രന്‍ അകന്നുപോകുമ്പോള്‍ അത് ശക്തിയുടെ വൃത്തത്തെ ദുര്‍ബലമാക്കുന്നു. ചന്ദ്രന്‍റെ വെളിച്ചം മെര്‍ക്കുറിയെ സമീപിക്കുമ്പോള്‍ കൂടുതല്‍ കരുത്താര്‍ജിക്കുന്നു. അങ്ങനെയിത് ഏറ്റവും മികച്ച ഒരവസ്ഥയായി മാറുന്നു. പക്ഷെ ചാന്ദ്രവെളിച്ചം ദുര്‍ബലമാണെങ്കില്‍ (അത് ശനിയുമായി ഏറ്റുമുട്ടുമ്പോള്‍ അല്ലെങ്കില്‍ അതിനോട് ചേര്‍ന്ന് സഞ്ചരിക്കുകയാണെങ്കില്‍) പിന്നീടുണ്ടാവുക എല്ലാ ലോകങ്ങള്‍ക്കും താങ്ങാനാവുന്നതിലുമപ്പുറത്താണ്. അസ്മയും ചന്ദ്രനും എന്ന അദ്ധ്യായത്തിലാണിത് കടന്നുവരുന്നത്.
     നോവല്‍ വായിച്ചുതീരുമ്പോള്‍ മറ്റൊരു ദുഃഖം വായനക്കാരെ കൂടുതല്‍ വേദനിപ്പിക്കും. പുരസ്കാര സമിതി ഒഴിവാക്കിയ മറ്റു നാലു നോവലുകളില്‍ ഈ ലേഖകന്‍ വായിച്ച രണ്ടു നോവലുകള്‍ (ഹുവാല്‍ ഗബ്രിയേല്‍ വാസ്ക്വസിന്‍റെ ഷേപ്പ് ഓഫ് ദി റൂയിന്‍സും ഫ്രഞ്ച് എഴുത്തുകാരി ആനി എര്‍നോക്സിന്‍റെ വര്‍ഷങ്ങളും) ഇതില്‍ നിന്നൊക്കെ എത്രയൊ മികച്ചതാണെന്ന തിരിച്ചറിവ് അടക്കാന്‍ കഴിയുന്നില്ല.
     
Share:
മൂല്യസൃതി മാസിക വരിക്കാരാവുക

SUBSCRIBE ONLINE

SUBSCRIBE ONLINE
1 year - 360/- 2 Years - 720/- ,3 Years- 1080/-

Moolyasruthi Cover

Moolyasruthi Cover
JULY 2024

MOOLYASRUTHI MAGAZINE

CHAVARA INSTITUTE

CHAVARA INSTITUTE
ADMISSION STARTED

ADVERTISE HERE

ADVERTISE HERE
Ph : 0484 4863404

Chavara Matrimony

Chavara Matrimony

Popular Posts

Search This Site

Recent Posts