എന്‍റെ നിളേ -- ദേശമംഗലം രാമകൃഷ്ണന്‍



അലറുന്നുണ്ടാരോ
എവിടുന്നോ
നിണമൊഴുകി വരുന്നുണ്ടല്ലോ.
ഒടിഞ്ഞ പാലത്തിന്നടിയില്‍
പച്ച മറഞ്ഞൊരു ജീവന്‍
അനാഥമായൊരു കളിയാട്ടം.

കാണുന്നൂ കവിഗേഹം മുമ്പില്‍
നോക്കുകുത്തിച്ചിരി പോലെ,
ഈ നടയ്ക്കലാരേ കുത്തിവരച്ചൂ
കാട്ടാളക്കോലങ്ങള്‍.
തുള വീണൊരിടയ്ക്കയില്‍
മൗനം നിന്നു കലമ്പുന്നു
അരങ്ങു നിറഞ്ഞു പടര്‍ന്നൂ
മുള്ളുകള്‍ കാട്ടപ്പകളും.
പൊന്നാനിക്കരിക്കുകളില്‍
മൂളി മൂളിയുറുഞ്ചുന്നാരോ,
ഇല്ല ശിങ്കിടികള്‍ക്കിന്നും പെരുമ
ഇല്ല കല്‍പിത ബിരുദങ്ങള്‍.

ശങ്കിച്ചാണാള്‍ക്കാരന്തിയില്‍
ഇവിടെ പടികേറുന്നൂ
കേള്‍ക്കാനേയില്ലൊരു കേളി.
നിളയോരപ്പകലുകള്‍ പോയോ
നിളയോര സ്സന്ധ്യകള്‍ പോയോ
കഥകളിരാവുകളേ
തിരികെ വരിന്‍
എന്‍ കണ്ണു മിഴിപ്പിക്കിന്‍.

ആരാരുടെ ക്രൗര്യത്താല്‍
മുറ്റി വളര്‍ന്നൊരു
മുള്‍ക്കാടായിന്നെന്‍റെ നിളേ
എന്‍റെ നിളേ

ഞാറ്റുവേലപ്പദ-
മേളം കൊണ്ടൊരു കവിഹൃദയം
മേളപ്പദമാടുകകൊണ്ടേ
നീയൊഴുകിയതന്നെന്‍റെ നിളേ
എന്‍റെ നിളേ.

കണ്ണില്ലാത്താകാശം
ഇരുളാഴികള്‍ ചൊരിയുന്നൂ
ചുട്ടി പൊടിഞ്ഞുതിരുന്നൂ.
ആളുകള്‍ ശങ്കിച്ചല്ലോ
പടിവാതിലില്‍ മുട്ടുന്നൂ
ഇല്ല വിളക്കിന്‍വെട്ടം
പടുതിരി കത്തിയണഞ്ഞൂ
കള്ളിമുള്ളു ചവയ്ക്കുന്നൂ നീ
എന്‍റെ നിളേയെന്‍റെ നിളേ...

Share:

ഷെരീഫ് ഈസ: ദ ലവര്‍ ഓഫ് സിനിമ അഭിമുഖം -- സുധി സി.ജെ.

ഷെരീഫ് ഈസ: ദ ലവര്‍ ഓഫ് സിനിമ
അഭിമുഖം സുധി സി.ജെ.

     സംസ്ഥാന ചലച്ചിത്ര പുരസ്കാര വേദിയില്‍ څകാന്തന്‍: ദ ലവര്‍ ഓഫ് കളേഴ്സ്' എന്ന ചിത്രം സമ്മാനിതമാകുമ്പോള്‍ സിനിമയെ പ്രണയിച്ച ഷെരീഫ് ഈസ എന്ന യുവാവിന്‍റെ സമാനതകളില്ലാത്ത പോരാട്ടത്തിനുള്ള അംഗീകാരം കൂടിയായി അത് മാറുന്നു. പ്രളയാനന്തര കേരളത്തില്‍ പരിസ്ഥിതി സംബന്ധിയായ തന്‍റെ ചിത്രത്തിന് പുരസ്കാരം ലഭിച്ചതിന്‍റെ ആഹ്ലാദം പങ്കിടുമ്പോഴും കണ്ണൂര്‍ കൂവേരി സ്വദേശിയായ യുവാവിന് അമിത ആവേശമോ ആഘോഷങ്ങളോ ഇല്ല. ജീവിക്കാന്‍ വേണ്ടി റബ്ബര്‍ ടാപ്പിങ് തൊഴിലാളി, മിമിക്സ് കലാകാരന്‍, നാടക പ്രവര്‍ത്തകന്‍, വെഡ്ഡിങ് വീഡിയോഗ്രാഫര്‍ തുടങ്ങി പല വേഷങ്ങള്‍ കെട്ടിയാടുമ്പോഴും ഷെരീഫിന് എന്നും പ്രണയം സിനിമയോടായിരുന്നു. ജീവിതവും സിനിമയും സമാന്തരമായി കൊണ്ടുപോകുന്ന ഈ കലാകാരന്‍  മുഴുവന്‍ സമയ ചലച്ചിത്ര പ്രവര്‍ത്തകന്‍ അല്ല. അവാര്‍ഡ് നേട്ടമൊന്നും അതുകൊണ്ടു തന്നെ ഷെരീഫിന്‍റെ ജീവിതചര്യകളെ മാറ്റി മറിച്ചിട്ടുമില്ല. 
തളിപ്പറമ്പിലുള്ള സുഹൃത്തിന്‍റെ തയ്യല്‍ കടയിലിരുന്നാണ് ഷെരീഫ് സംസാരിച്ചു തുടങ്ങിയത്. പുലര്‍ച്ചെ ടാപ്പിങ്ങിനിടെ മുറിവേറ്റ തള്ളവിരലില്‍ രക്തം ഉണങ്ങി തുടങ്ങിയിട്ടേയുള്ളൂ. ഇനിയും ഉണങ്ങാത്ത ഒട്ടേറെ മുറിവുകളുടെ ഓര്‍മകളുണ്ട് സംസ്ഥാന പുരസ്കാര വേദി കീഴടക്കിയ ഷെരീഫിന്‍റെ ചലച്ചിത്ര പ്രയാണത്തില്‍. സിനിമയെക്കുറിച്ചും സിനിമയുടെ രാഷ്ട്രീയത്തെക്കുറിച്ചും ഷെരീഫ് വാചാലനായി തുടങ്ങിയപ്പോള്‍ ആ കുടുസുമുറിക്കപ്പുറത്തേക്ക് ലോകം വലുതായി വലുതായി വന്നു...                                   

കാഴ്ചയുടെ ലോകം തുറന്ന ഉത്സവങ്ങളും നാടകങ്ങളും
   
     സിനിമ കുട്ടിക്കാലം മുതലുള്ളൊരു സ്വപ്നമാണ്. തൊണ്ണൂറ് ശതമാനം ആളുകളും സിനിമ സ്വപ്നം കാണുന്നവരല്ലേ. സിനിമയെക്കുറിച്ച് അക്കാദമികമായ പരിജ്ഞാനം ഒന്നും ഇല്ലാത്ത വ്യക്തിയാണ് ഞാന്‍. നാടക പരിശീലനം നടത്തിയിട്ടോ നാടകത്തെക്കുറിച്ചോ സിനിമയെക്കുറിച്ചോ പഠിച്ചിട്ടോ വായിച്ചിട്ടോ അല്ല നാടകവും സിനിമയുമൊക്കെ ചെയ്തത്. കുട്ടിയായിരിക്കുമ്പോള്‍ അച്ഛനൊപ്പം ഉത്സവത്തിന് നാടകം കാണാന്‍ പോകുമായിരുന്നു. നാടകങ്ങള്‍ കാഴ്ചയുടെ ഒരു ലോകം തുറന്നു തന്നു. ആ ഉത്സവകാല ഓര്‍മകളും കാഴ്ചകളുമൊക്കെയാണ് പിന്നീട് നാടകവും സിനിമയുമൊക്കെ ചെയ്യാന്‍ പ്രചോദനമായതും.
     സ്കൂളില്‍ പഠിക്കുന്ന സമയത്തൊക്കെ നാടകങ്ങള്‍ എഴുതി സംവിധാനം ചെയ്യുന്ന പതിവുണ്ടായിരുന്നു. എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ നാടകം എഴുതി സംവിധാനം ചെയ്തിട്ടുണ്ട്. പിന്നീട് സ്കൂള്‍ കലോത്സവങ്ങളിലെ മത്സരങ്ങള്‍ക്കു വേണ്ടി കുട്ടികള്‍ക്കു വേണ്ടിയും വായനശാല വാര്‍ഷികത്തിനു വേണ്ടിയുമൊക്ക നാടകങ്ങള്‍ എഴുതി. സ്കൂള്‍ കലോത്സവത്തിനു വേണ്ടി എഴുതിയ നാടകങ്ങള്‍ക്കൊക്കെ തുടര്‍ച്ചയായി സമ്മാനങ്ങളും ലഭിച്ചിട്ടുണ്ട്. ഇപ്പോഴും നാടകവേദിയില്‍ സജീവമാണ്. പ്ലസ്ടു കഴിഞ്ഞിറങ്ങിയ കാലത്ത് കൂട്ടുകാരുമായി ചേര്‍ന്ന് മിമിക്സ് ട്രൂപ്പൊക്കെ ഉണ്ടാക്കി പരിപാടികള്‍ അവതരിപ്പിക്കാന്‍ തുടങ്ങി. അന്ന് മിമിക്രി ക്ലിക്കായി നില്‍ക്കുന്ന സമയമാണ്. ഡിഗ്രിക്കു ചേര്‍ന്നെങ്കിലും പാതിവഴിയില്‍ പഠനം ഉപേക്ഷിക്കേണ്ടി വന്നു. ഇതിനിടയില്‍ ഞാനൊരു മൂന്നു മാസത്തെ വീഡിയോഗ്രാഫി ആന്‍ഡ് എഡിറ്റിങ് കോഴ്സിനു ചേര്‍ന്നു. സിനിമയോടുള്ള പ്രണയം കൊണ്ടല്ല മറിച്ച് ഉപജീവനത്തിനു വേണ്ടിയാണ് അങ്ങനെയൊരു കോഴ്സ് ചെയ്തത്. അങ്ങനെയാണ് വിവാഹ വീഡിയോഗ്രാഫിയിലേക്ക് തിരിയുന്നത്.

സിനിമകള്‍ രാഷ്ട്രീയബോധം ഉയര്‍ത്തിപ്പിടിക്കണമെന്ന് നിര്‍ബന്ധം
   
     ഹ്രസ്വ ചിത്രങ്ങളിലൂടെയാണ് സിനിമാ സ്വപ്നത്തിലേക്ക് ചുവടുവെക്കുന്നത്. 2013ല്‍ 
ഡല്‍ഹി നിര്‍ഭയ വിഷയത്തെ അടിസ്ഥാനമാക്കി നിര്‍മിച്ച څസെക്ഷന്‍ 376چ ആയിരുന്നു ആദ്യത്തെ ഹ്രസ്വചിത്രം. څബീഫ്' ആയിരുന്നു രണ്ടാമത്തെ ചിത്രം. 2015ല്‍ നിര്‍മിച്ച ചിത്രം ബീഫിന്‍റെ രാഷ്ട്രീയത്തെയാണ് പ്രശ്നവത്ക്കരിച്ചത്. റോഡ് സുരക്ഷാ ബോധവത്ക്കരണ സന്ദേശവുമായി പുറത്തിറങ്ങിയ څറിയര്‍ വ്യൂچ ആയിരുന്നു മൂന്നാമത്തെ ചിത്രം. څറിയര്‍ വ്യൂچ നൂറോളം സ്കൂളുകളില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. എന്‍റെ സിനിമ കാണാന്‍ ചിലപ്പോള്‍ വളരെ കുറച്ച് പ്രേക്ഷകരെ ഉണ്ടാവു. എന്നിരുന്നാലും ഞാന്‍ സംവിധാനം ചെയ്യുന്ന സിനിമകള്‍ സാമൂഹിക-രാഷ്ട്രീയ ബോധം ഉയര്‍ത്തി പ്പിടിക്കണമെന്നു നിര്‍ബന്ധമുണ്ട്.

രോഹിത് വെമുലയില്‍ തുടങ്ങി കാന്തനില്‍ എത്തിച്ചേര്‍ന്ന സിനിമ
   
     രോഹിത് വെമുല ആത്മഹത്യ ചെയ്തപ്പോള്‍ ദളിത് പശ്ചാത്തലത്തിലൊരു പത്തു മിനിറ്റ് ഹ്രസ്വചിത്രം ചെയ്യുന്നതിനെക്കുറിച്ച് ആലോചിച്ചിരുന്നു. ചര്‍ച്ചകള്‍ നടക്കുകയും എന്‍റെ നാട്ടുകാരന്‍ കൂടിയായ പ്രമോദ് കൂവേരി 10 മിനിറ്റ് ഷൂട്ട് ചെയ്യാന്‍ കഴിയുന്ന രീതിയില്‍ തിരക്കഥ എഴുതി പൂര്‍ത്തീകരിക്കുകയും ചെയ്തിരുന്നു. അന്ന് څനന്മമരംچ എന്നായിരുന്നു സിനിമയ്ക്കു പേരിട്ടിരുന്നത്.  അത് പിന്നീട് വിപുലീകരിക്കുകയും ദൈര്‍ഘ്യം 20 മിനിറ്റായി വര്‍ദ്ധിക്കുകയും ചെയ്തു.
     അടുത്ത ഘട്ടമെന്ന നിലയില്‍ സിനിമ ചിത്രീകരിക്കേണ്ട സ്ഥലങ്ങള്‍ തേടി യാത്ര ആരംഭിച്ചു. അങ്ങനെ ലൊക്കേഷന്‍ അന്വേഷിച്ച് വയനാട്ടില്‍ എത്തിയപ്പോള്‍ അവിടുത്തെ ആദിവാസി കോളനികളിലെ ജീവിതങ്ങള്‍ നേരിട്ട് അനുഭവിച്ചറിയാന്‍ ഇടയായി. അവര്‍ അനുഭവിക്കുന്ന പ്രശ്നങ്ങളും വിവേചനങ്ങളുമൊക്കെ മനസ്സിലാക്കി. ആ യാത്ര ആദിവാസി സമൂഹങ്ങള്‍ക്ക് ഇടയില്‍ നിലനില്‍ക്കുന്നതും ക്രമേണ ഇല്ലാതായിക്കൊണ്ടിരിക്കുന്നതുമായ ഭാഷകളെകുറിച്ചും ആചാരങ്ങളെക്കുറിച്ചുമുള്ള പുത്തന്‍ അറിവുകളും സമ്മാനിച്ചു. അവരുടെ ഭാഷയും ആചാരങ്ങളുമൊക്കെ സിനിമയില്‍ ഉള്‍പ്പെടുത്തേണ്ടതുണ്ടെന്ന് തോന്നി. അങ്ങനെ തിരക്കഥ പൊളിച്ചെഴുതി. 20 മിനിറ്റില്‍ പൂര്‍ത്തീകരിക്കാന്‍ നിശ്ചയിച്ച സിനിമയുടെ ദൈര്‍ഘ്യം ഒരു മണിക്കൂറും നാല്‍പത് മിനിറ്റുമായി വര്‍ദ്ധിച്ചു.

നിറങ്ങളെ പ്രണയിക്കുന്ന കാന്തന്‍
   
     ആദിവാസി സമൂഹം നേരിടുന്ന ഏറ്റവും പ്രധാനപ്പെട്ട പ്രശ്നങ്ങളിലൊന്നാണ് നിറത്തിന്‍റെ പേരിലുള്ള വിവേചനം. സ്വന്തം നിറത്തോട് അപകര്‍ഷതാ ബോധം തോന്നുന്ന ഒരു ആദിവാസി ബാലന്‍റെ കഥയാണിത്. മുത്തശ്ശിയുടെ സാന്നിധ്യം അവനെ അത്തരം അപകര്‍ഷതകളെ മറികടക്കാന്‍ സഹായിക്കുന്നു.  പതിയെ അവന്‍ മറ്റു നിറങ്ങളെ പ്രണയിക്കാനും തുടങ്ങുന്നു. മലയാളം കൂടാതെ കേരളത്തില്‍ അറുപതോളം ഭാഷകളുണ്ട്. ഇവയില്‍ പലതിനും ലിപികളില്ല, സംസാര ഭാഷയായി മാത്രം നിലനിന്നു പോകുന്നവയാണ്. ഇതില്‍ പല ഭാഷകളും അന്യം നിന്നുകൊണ്ടിരിക്കുകയാണ്. ആദിവാസി ഭാഷയായ റാവുളയിലാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. റാവുള ഭാഷയില്‍ പുറത്തിറങ്ങുന്ന ആദ്യ ചിത്രമായിരിക്കും ഇത്. അടിയ വിഭാഗത്തെക്കുറിച്ചാണ് സിനിമ, അവര്‍ റാവുളര്‍ എന്നും അറിയപ്പെടാറുണ്ട്.

ദയാബായി, അഭിനയിക്കാനില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞ് മാറിയ വേഷം
   
     സിനിമയുടെ ദൈര്‍ഘ്യം വര്‍ദ്ധിച്ചതോടെയാണ് സ്ത്രീ കഥാപാത്രം രൂപപ്പെടുന്നത്. അതുവരെ ഒരു കുട്ടിയെ കേന്ദ്രകഥാപാത്രമാക്കി സിനിമ ചെയ്യാനായിരുന്നു പദ്ധതി. സ്ത്രീ കഥാപാത്രം രൂപപ്പെട്ടപ്പോള്‍ ആ വേഷം വര്‍ഷങ്ങളായി ആദിവാസികളുടെ അവകാശങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന ദയാബായി തന്നെ ചെയ്താല്‍ നന്നാകുമെന്ന് തോന്നി. അഭിനയിക്കണമെന്ന ആവശ്യവുമായി ദയാബായിയെ സമീപിച്ചപ്പോള്‍ അവര്‍ പറ്റില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറുകയാണ് ചെയ്തത്. നിരന്തരം അവരുമായി ബന്ധപ്പെട്ടുകൊണ്ടിരുന്നു. ഒടുവില്‍ അവര്‍ കഥ കേള്‍ക്കാന്‍ തയ്യാറായി. ഒരു വര്‍ക്കുമായി ബന്ധപ്പെട്ടു
പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഉണ്ടെന്നും തിരക്കഥയുമായി അങ്ങോട്ട് വരാനും ആവശ്യപ്പെട്ടു. അങ്ങനെ ഞാനും തിരക്കഥാകൃത്ത് പ്രമോദും പൂനെയിലെത്തി അവര്‍ക്കു തിരക്കഥ കൈമാറി. സ്ക്രിപ്റ്റ് വായിച്ചു കഴിഞ്ഞപ്പോള്‍ ദയാബായി കരഞ്ഞു. അവര്‍ക്കു കഥ ഒരുപാട് ഇഷ്ടപ്പെടുകയും അങ്ങനെ അവര്‍ ഈ സിനിമയുടെ ഭാഗമായി മാറുകയും ചെയ്തു.

പ്രളയാനന്തരം നടന്ന ഐഎഫ്എഫ്കെയില്‍
നിന്ന് പിന്തള്ളിയപ്പോള്‍ നിരാശ തോന്നി
   
     ഇരുപത്തിനാലാമത് കൊല്‍ക്കത്ത രാജ്യാന്തര ചലച്ചിത്രമേളയില്‍ ഇന്ത്യന്‍ സിനിമാ മത്സര വിഭാഗത്തില്‍ ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു. അതേ സമയം തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്ര മേളയിലേക്ക് സിനിമ തിരഞ്ഞെടുക്കപ്പെട്ടില്ല. പ്രളയം കഴിഞ്ഞ് കേരളത്തില്‍ നടന്ന രാജ്യാന്തര ചലച്ചിത്രമേളയില്‍ പരിസ്ഥിതി സംരക്ഷണത്തിന് പ്രാധാന്യം നല്‍കുന്ന സിനിമയ്ക്ക് ഇടം പിടിക്കാന്‍ കഴിയാതെ പോയതില്‍ ഏറെ നിരാശ തോന്നിയിരുന്നു. അതുകൊണ്ട് തന്നെ സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിന് അയക്കുമ്പോള്‍ സിനിമ പിന്തള്ളപ്പെടുമോ എന്ന ആശങ്ക സ്വാഭാവികമായും ഉണ്ടായിരുന്നു.

അവാര്‍ഡ് നിര്‍ണയത്തിലും ചലച്ചിത്രമേളകളിലും
വീതംവെപ്പുകള്‍ നടക്കുന്നുണ്ട്
   
     കേരളത്തില്‍ രാജ്യാന്തര ചലച്ചിത്രമേളയിലേക്കുള്ള തിരഞ്ഞെടുപ്പിലും അവാര്‍ഡ് നിര്‍ണയത്തിലും എല്ലാം വീതംവെപ്പുകള്‍ നടക്കാറുണ്ട്. സര്‍ക്കാരുകള്‍ മാറി മാറി വരുമ്പോഴും അതിലൊരു മാറ്റം വരുന്നതായി തോന്നാറില്ല. സിനിമാ ആസ്വാദകര്‍ക്ക് വിപണിയില്‍ ലഭ്യമല്ലാത്ത നല്ല സിനിമകള്‍ കാണിച്ചു കൊടുക്കാനാണ് ചലച്ചിത്രമേളകളില്‍ പ്രഥമ പരിഗണന നല്‍കേണ്ടത്. പലപ്പോഴും ഡിവിഡിയായി വിപണിയിലോ ഓണ്‍ലൈനിലോ എളുപ്പത്തില്‍ ലഭിക്കാവുന്ന സിനിമകളാണ് മേളയില്‍ ഇടം പിടിക്കുന്നത്. ലോകമെമ്പാടുമുള്ള ചലച്ചിത്ര മേളകളില്‍ മുന്‍ഗണന നല്‍കുന്നത് റിലീസാകാത്ത സിനിമകള്‍ക്കും സമാന്തര സ്വതന്ത്ര സിനിമകള്‍ക്കുമാണ്. മറ്റു സിനിമകള്‍ കാണാന്‍ നമുക്ക് ഒരുപാട് മാര്‍ഗങ്ങളുണ്ട്. 

ബോളിവുഡിലേക്ക് ക്ഷണിച്ച് ജൂറി ചെയര്‍മാന്‍ കുമാര്‍ സാഹ്നി
   
     സംസ്ഥാന ചലച്ചിത്ര പുരസ്കാര നിര്‍ണയ കമ്മിറ്റിയുടെ ജൂറി ചെയര്‍മാന്‍ കുമാര്‍ സാഹ്നി എന്നെ ഫോണില്‍ വിളിച്ച് സംസാരിച്ചിരുന്നു. ഷെരീഫില്‍ കാലത്തിന്‍റെ പള്‍സ് അറിയുന്നൊരു സംവിധായകനെ ഞാന്‍ കാണുന്നു. നിങ്ങള്‍ക്ക് ബോളിവുഡില്‍ നന്നായി തിളങ്ങാന്‍ കഴിയും. മലയാളത്തിന്‍റെ പരിമിതികള്‍ വിട്ട് അങ്ങോട്ടു വരൂ. താങ്കളെ ഞാന്‍ അങ്ങോട്ട് ക്ഷണിക്കുന്നു. ഇതാണ് ഹ്രസ്വ സംഭാഷണത്തിനിടെ അദ്ദേഹം  എന്നോട് പറഞ്ഞത്. അത് തന്നെ ഏറ്റവും വലിയൊരു അവാര്‍ഡായിട്ടാണ് ഞാന്‍ കാണുന്നത്. മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ശരിയാണെങ്കില്‍ മികച്ച ചിത്രം ഉള്‍പ്പടെ അഞ്ച്  അവാര്‍ഡുകള്‍ څകാന്തന്‍: ദ ലവര്‍ ഓഫ് കളേഴ്സ്چ  നു നല്‍കണമെന്നു ജൂറി ചെയര്‍മാന്‍ നിലപാട് എടുത്തിരുന്നു. മികച്ച ചിത്രം, മികച്ച സംവിധായകന്‍, മികച്ച ഛായാഗ്രാഹകന്‍, മികച്ച സഹനടി, മികച്ച ബാലതാരം എന്നീ വിഭാഗങ്ങളില്‍ അവാര്‍ഡ് നല്‍കണമെന്ന് ജൂറി ചെയര്‍മാന്‍ വാദിച്ചതായും അത് മറ്റ് അംഗങ്ങള്‍ എതിര്‍ത്തുവെന്നും വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. അദ്ദേഹം വിയോജിച്ചു കൊണ്ട് പുറത്തു പോകുകയും ഒടുവില്‍ മികച്ച ചിത്രത്തിനുള്ള പുരസ്കാരം കാന്തന് നല്‍കാന്‍ ജൂറിയിലെ മറ്റ് അംഗങ്ങള്‍ തീരുമാനിക്കുകയുമായിരുന്നു എന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

എന്‍റെ സിനിമ എല്ലാത്തരം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തില്ല

     നികുതിയൊക്കെ പൂര്‍ണമായി ഒഴിവാക്കി കേരള ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍റെ കീഴിലുള്ള തിയറ്ററുകളില്‍ സിനിമ പ്രദര്‍ശിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ജനപ്രതിനിധികള്‍ അറിയിച്ചിട്ടുണ്ട്. എന്‍റെ സിനിമ എല്ലാത്തരം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുന്ന സിനിമയല്ല. അത് വളരെ കുറച്ച് പ്രേക്ഷകരെ മാത്രം തൃപ്തരാക്കുന്ന സിനിമയാണ്. അതുകൊണ്ട് തന്നെ ഇങ്ങനെയൊരു സിനിമ തിയറ്ററിലേക്ക് കൊണ്ടുവരേണ്ടതില്ല എന്നതാണ് എന്‍റെ അഭിപ്രായം.
സിനിമ ചെയ്യുന്നവര്‍ക്ക് മാത്രം സാമൂഹിക-രാഷ്ട്രീയബോധം ഉണ്ടായിട്ട് കാര്യമില്ല. സിനിമ കാണുന്നവര്‍ക്കും കൃത്യമായ രാഷ്ട്രീയ-സാമൂഹിക ബോധം ഉണ്ടാകേണ്ടതുണ്ട്. അങ്ങനെ കൃത്യമായ രാഷ്ട്രീയവും നിലപാടുമുള്ള ആളുകളിലേക്കാണ് സിനിമ എത്തേണ്ടത്. അതിനു തിയറ്റര്‍ റിലീസിങ്ങിനെക്കാള്‍ നല്ലത് ഫിലിം സൊസൈറ്റികളുടെ നേതൃത്വത്തിലുള്ള പ്രദര്‍ശനമാകും.

കടം മേടിച്ചും ക്യാമറയും സ്വര്‍ണവും വിറ്റും
ലോണെടുത്തും പൂര്‍ത്തിയാക്കിയ സിനിമ

     ഒരു ലക്ഷത്തിതൊണ്ണൂറായിരം രൂപ ബജറ്റിലാണ് സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്നത്.
ഷൂട്ടിങ്ങിന്‍റെ ഒരു 30 ശതമാനം പൂര്‍ത്തിയായപ്പോള്‍ തന്നെ കൈയ്യിലുള്ള പൈസയൊക്കെ തീര്‍ന്നിരുന്നു. ഷൂട്ടിങ് പലപ്പോഴും മുടങ്ങി. സിനിമ പൂര്‍ത്തീകരിക്കാന്‍ രണ്ടു വര്‍ഷ കാലത്തോളമെടുത്തു. പലരോടും കടം വാങ്ങിയും ബാങ്കില്‍ നിന്ന് ലോണെടുത്തും എന്‍റെ ക്യാമറ വിറ്റും ഭാര്യയുടെ സ്വര്‍ണം വിറ്റുമൊക്കെയാണ് ഷൂട്ടിങ് പൂര്‍ത്തിയാക്കിയത്.

    ഫണ്ടില്ലാത്തിടത്തോളം കാലം നമുക്ക് പല കാര്യങ്ങളിലും വിട്ടുവീഴ്ചകള്‍ ചെയ്യേണ്ടി വരും. ഏറ്റവും കൂടുതല്‍ ചെലവ് വരുന്നത് പോസ്റ്റ് പ്രൊഡക്ഷനിലാണ്. സൗണ്ട് മിക്സിങ്, സൗണ്ട് ഡിസൈനിങ്, എഡിറ്റിങ്, ഡബ്ബിങ്, പശ്ചാത്തല സംഗീതം തുടങ്ങിയ മേഖലകളിലാണ് നമുക്ക് ഏറ്റവും കൂടുതല്‍ ഫണ്ട് ചെലവഴിക്കേണ്ടി വരുന്നത്. ഫണ്ട് കുറയുമ്പോള്‍ വിട്ടുവീഴ്ചകള്‍ വേണ്ടി വരും. അത് സിനിമയുടെ മൊത്തത്തിലുള്ള ഫലത്തെയും ബാധിക്കും.

ചലച്ചിത്ര അവാര്‍ഡിന് സിനിമ സമര്‍പ്പിക്കാന്‍
പറ്റുമെന്ന് ഒരു പ്രതീക്ഷയും ഇല്ലായിരുന്നു

     ജനുവരി 31 ആയിരുന്നു സിനിമ സംസ്ഥാന അവാര്‍ഡിന് സമര്‍പ്പിക്കേണ്ടിയിരുന്ന അവസാന തീയതി. അവാര്‍ഡിന് സമര്‍പ്പിക്കാനുള്ള പണമില്ലായിരുന്നു. അവസാന നിമിഷം വരെ സിനിമ അവാര്‍ഡിന് അയയ്ക്കാന്‍ കഴിയുമെന്ന് പ്രതീക്ഷയില്ലായിരുന്നു. 30-ാം തീയതിയാണ് സിനിമ സമര്‍പ്പിക്കുന്നത്. പതിനായിരം രൂപ കടം വാങ്ങിയിട്ടാണ് വിധി നിര്‍ണയത്തിന് സിനിമ സമര്‍പ്പിക്കുന്നത്.

കലാമൂല്യമുള്ള സിനിമകള്‍ കാലത്തെ അതിജീവിക്കും

    കോടികള്‍ മുടക്കി ചെയ്യുന്ന ബിഗ് ബജറ്റ് സിനിമകള്‍ വിപണി മാത്രം ലക്ഷ്യം വെച്ചുള്ളവയാണ്.
സമാന്തര സിനിമകള്‍ മുന്നോട്ടുവെക്കുന്ന രാഷ്ട്രീയത്തോട് പിടിച്ചു നില്‍ക്കാന്‍ ഒരിക്കലും അത്തരം സിനിമകള്‍ക്കു കഴിയില്ല. കലാമൂല്യമുള്ള സിനിമകള്‍ തന്നെയാണ് എന്നും കാലത്തെ അതിജീവിക്കുന്നത്. ഒരു കൊമേഴ്സ്യല്‍ സിനിമ പുറത്തിറങ്ങി രണ്ടാഴ്ചയോ രണ്ടു മാസമോ തിയറ്ററില്‍ ഓടുന്ന കാലയളവില്‍ മാത്രമാണ് അത് ചര്‍ച്ച ചെയ്യപ്പെടുന്നത്. അതേ സമയം എത്രയോ പതിറ്റാണ്ടുകള്‍ക്ക് മുമ്പ് പുറത്തിറങ്ങിയ ലോക ക്ലാസിക്കുകള്‍ ഇപ്പോഴും ചര്‍ച്ച ചെയ്യപ്പെടുന്നു. പ്രേക്ഷകരുടെ മനസ്സില്‍ കൂടുതല്‍ കാലം നിലനില്‍ക്കുന്നത് കലാമൂല്യമുള്ള സിനിമകളാണ്.

    അതിന്‍റെ മറുവശത്ത് ആളുകള്‍ തിയറ്ററില്‍ എത്തുന്നത് സിനിമ ആസ്വദിക്കാന്‍ വേണ്ടി തന്നെയാണ്. ഞാന്‍ എല്ലാത്തരം സിനിമകളും കാണുന്ന വ്യക്തിയാണ്. മറ്റെല്ലാ പ്രേക്ഷകരെയും പോലെ ഞാനും 100 രൂപ കൊടുത്ത് ടിക്കറ്റ് എടുത്ത് തിയറ്ററില്‍ കയറുന്നത് രണ്ടു മണിക്കൂര്‍ ഉല്ലസിക്കാന്‍ വേണ്ടിയാണ്. അതുകൊണ്ട് തന്നെ സമാന്തര സിനിമകള്‍ തിയറ്ററില്‍ പ്രദര്‍ശിപ്പിക്കുന്നതിനോട് വ്യക്തിപരമായി എനിക്ക് യോജിപ്പില്ല. ഒരുപാട് ലോകോത്തര സിനിമകളൊന്നും കണ്ടിട്ടുള്ള വ്യക്തിയല്ല ഞാന്‍. 1948 ല്‍ പുറത്തിറങ്ങിയ വിറ്റോറിയോ ഡി സിക്കയുടെ ബൈസിക്കിള്‍ തീവ്സാണ് എന്നെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ചിട്ടുള്ള സിനിമ. മജീദ് മജീദിയുടെ ചില്‍ഡ്രന്‍ ഓഫ് ഹെവന്‍ ഇഷ്ടമാണ്. 

കലാപ്രവര്‍ത്തനം ത്യാഗപൂര്‍ണമായൊരു
കര്‍മ്മമണ്ഡലമാണ്...

     എന്‍റെ ജീവിതാനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ കലാപ്രവര്‍ത്തനവും രാഷ്ട്രീയ പ്രവര്‍ത്തനവും ത്യാഗപൂര്‍ണമായൊരു കര്‍മ്മ മേഖലയാണെന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു. സാമൂഹിക അസമത്വങ്ങളും അനീതികളും അനാചാരങ്ങളും നിലനിന്നിരുന്ന കാലഘഘട്ടത്തില്‍ നിന്ന് ഇന്ന് നമ്മള്‍ ഈ കാണുന്ന സമൂഹത്തെ ഇപ്പോള്‍ കാണുന്ന രീതിയിലേക്ക് എത്തിക്കാന്‍ ഇവിടത്തെ നാടകങ്ങളും സിനിമകളും രാഷ്ട്രീയ പ്രസ്ഥാനങ്ങളും വഹിച്ചിട്ടുള്ള പങ്ക് ചെറുതല്ല. എല്ലാ അനീതികളും അസമത്വങ്ങളും അനാചാരങ്ങളും മാറിയെന്നല്ല, എന്നിരുന്നാലും കലയ്ക്കും കലാകാരനും എല്ലാ കാലത്തും സമൂഹത്തിനു മേല്‍ സ്വാധീനം ചെലുത്താന്‍ കഴിയുന്ന ടൂളായി പ്രവര്‍ത്തിക്കാന്‍ കഴിയും.

Share:

പെണ്ണടയാളം നാടകം -- അജിത്രി കെ.കെ


     സാമൂഹിക ജനാധിപത്യത്തിന്‍റെ ഇടപെടല്‍ സമൂഹത്തില്‍ അത്യാവശ്യമായ ഒരു ഘട്ടത്തിലാണ് മലപ്പുറം പുരോഗമന കലാസാഹിത്യ സംഘം വനിതാ സാഹിതിയുടെ നേതൃത്വത്തില്‍ ഒരു നാടക കളരി സംഘടിപ്പിച്ചത്. അതിന് څപെണ്ണടയാളംچ എന്ന് നാമകരണം ചെയ്തത്.
     ഇന്ത്യന്‍ ഭരണഘടനയില്‍ 15, 16 തുടങ്ങിയ ആര്‍ട്ടിക്കിളുകളിലൊക്കെ സാമൂഹിക നീതിയില്‍ അധിഷ്ഠിതമായിട്ടുള്ള പ്രാതിനിധ്യ ജനാധിപത്യം ഉറപ്പുനല്‍കുന്നുണ്ട്. മൂല്യങ്ങള്‍ തിരിച്ചുപിടിക്കേണ്ട ഘട്ടം വന്നപ്പോള്‍ രാഷ്ട്രീയ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന എഴുത്തുകാര്‍ ഒരുതരം രാഷ്ട്രീയ നേതാക്കളാണെന്ന തെറ്റിദ്ധാരണ പരത്താന്‍ പലര്‍ക്കും കഴിഞ്ഞിട്ടുണ്ട്. څപെണ്‍കനല്‍چ എന്ന പേരില്‍ ഏകദിന ശില്പശാല ശ്രീജ ആറങ്ങോട്ടുകരയുടെ നേതൃത്വത്തില്‍ നടത്തിയപ്പോഴും കാടാമ്പുഴ  നാടക ക്യാമ്പിലും സ്ത്രീകള്‍ എഴുതി സ്ത്രീകള്‍ സംവിധാനം ചെയ്യുന്ന ഒരു നാടകം തന്നെയായിരുന്നു വനിതാ സാഹിതിയുടെ മികച്ച സ്വപ്നം. എന്നാല്‍ ഒരു തുടക്കമെന്ന നിലയില്‍ കരിവള്ളൂര്‍ മുരളി രചനയും കോട്ടക്കല്‍ മുരളി സംവിധാനവും നിര്‍വഹിച്ച ഒരു നാടകത്തിലൂടെ ഇതിലഭിനയിച്ച പത്തു നാരിമാരും തങ്ങളുടെ പ്രതിഭാവിലാസം കൊണ്ട് മറ്റുള്ളവരെ വിസ്മയിപ്പിക്കുകയാണ് ചെയ്തത്. ഇവരാരും തന്നെ മുന്‍കാല നാടക പാരമ്പര്യം ഉള്ളവരല്ല. സത്യഭാമ, ജിഷ എന്നിവര്‍ ഏകപാത്ര നാടക പരിചയം ഉള്ളവരാണ്.
     നാടകത്തിന്‍റെ ഓരോ അടരിലും സ്വതന്ത്രമായ ആശാകിരണങ്ങളുണ്ട്. സ്വാതന്ത്ര്യനിഷേധങ്ങള്‍ക്കെതിരെ ചിലരെങ്കിലും ഉണര്‍ന്നെഴുന്നേല്‍ക്കുന്നതിന്‍റെ സൂചനകളുണ്ട്. സുപ്രീം കോടതി വിധിയുടെ തണലില്‍ ശബരിമലയില്‍ കാലുകുത്തിയ കനകദുര്‍ഗയെ സാക്ഷിയാക്കിയാണ് പ്രസ്തുത നാടകം അരങ്ങേറിയത്. - യുദ്ധം പോലും നമുക്കെതിരെ പെട്ടെന്ന് കടന്നുവരുകയായിരുന്നു.
     നവകേരള സൃഷ്ടിയുടെ ഭാഗമായി നമുക്ക് വലിയ പ്രക്ഷോഭത്തിന് തുടക്കമിടാം. അതുകൊണ്ട് സാധാരണ വീട്ടമ്മമാരും ഉദ്യോഗസ്ഥകളും ധാരാളമായി ഈ രംഗത്തേക്ക് കടന്നുവരട്ടെ... നാം ജീവിക്കുന്ന ലോകത്തിന്‍റെ ആചാര - അനാചാര ഭീകരതയെ ലഘൂകരിച്ചു കാണുന്ന വിഡ്ഢിത്തമാണ് നാം സ്ഥിരം ചെയ്തു കൊണ്ടിരിക്കുന്നത്. പക്ഷേ എന്നിട്ടും നാം പ്രതികരിക്കുന്നു. എഴുതുന്നു. അഭിനയിക്കുന്നു. ജീവിക്കുന്നു.
     നങ്ങേലിയുടെയും പഞ്ചമിയുടെയും റോള്‍ ഇവിടെ തീരുന്നില്ല. ڇവ്യത്യസ്തമായി എന്തെങ്കിലും ചെയ്യാന്‍ വേണ്ടി സര്‍വാത്മനാ ശ്രമിക്കുന്ന ഒരുകൂട്ടം സ്ത്രീകള്‍ പറയാനാകുന്നത് പറയുകയും ചെയ്യാനാകുന്നത് വനിതാ സാഹിതിയുടെ നേതൃത്വത്തില്‍ ചെയ്യുകയും ചെയ്യുന്നു.ڈ
     കുനിയാന്‍ പറയുമ്പോള്‍ ഇഴഞ്ഞു തുടങ്ങുന്ന കലാകാരന്മാര്‍ ഉള്ള നാട്ടില്‍ പ്രതിരോധം എന്നത് വലിയ വാക്കാണ്. നിവര്‍ന്നുനില്‍ക്കാന്‍ നട്ടെല്ലുള്ളവരാണ് എന്ന് നാടക മണ്ഡലത്തില്‍ നിന്ന് ഏതാനും സ്ത്രീകള്‍ തെളിയിച്ചിരിക്കുന്നു. നവോത്ഥാന സന്ദേശമുള്ള ഒരു കഥാബീജം പുതിയ കേരള രാഷ്ട്രീയ പരിസ്ഥിതിയില്‍ ഉരുവം കൊള്ളാനുള്ള ഊര്‍ജം തന്നത് ഇവിടത്തെ പുരോഗമന സാഹിത്യപ്രസ്ഥാനങ്ങളാണ്. ജാതി ശക്തികളൊക്കെ വലിയ അപകടമാണ് ഈ നാടിന് വരുത്തിവയ്ക്കുന്നത് എന്ന് സ്ഥാപിക്കാന്‍ ഈ നാടകത്തിന് കഴിഞ്ഞിട്ടുണ്ട്.
     രണ്ടായിരം രൂപ വീതം സഹൃദയരില്‍ നിന്ന് ബോണ്ടു സ്വീകരിച്ച് ഫണ്ട് കണ്ടെത്തിയാണ് നാടകം തട്ടില്‍ കയറിയത്. വേദികള്‍ കിട്ടുന്ന മുറയ്ക്ക് അത് തിരികെ നല്‍കാനാണ് ധാരണ. വേദികള്‍ ഉണ്ടാവണം. നാടകം ഒരു തിയേറ്റര്‍ വര്‍ക്ഷോപ്പ് എന്ന നിലയില്‍ ഒതുക്കി നിര്‍ത്താതെ ഇതിന്‍റെ പുറകില്‍ അക്ഷീണം പ്രയത്നിച്ച വലിയൊരു കൂട്ടായ്മയുണ്ട്. 
Share:

വിശുദ്ധ നാദബ്രഹ്മം മിഴാവ് --ഈശ്വരന്‍ ഉണ്ണി


     വിവിധ ഭാഷകള്‍ കൊണ്ടും വിവിധ സംസ്കാരങ്ങള്‍ കൊണ്ടും, വിവിധ കലകള്‍ കൊണ്ടും വൈവിദ്ധ്യമായ വാദ്യവിശേഷങ്ങള്‍ കൊണ്ടും വിവിധ മതങ്ങളെ കൊണ്ടും മറ്റു ലോകരാഷ്ട്രങ്ങളില്‍ നിന്ന് വ്യത്യസ്തത പുലര്‍ത്തുന്ന ഭാരതത്തില്‍ കേരളം എല്ലാം കൊണ്ടും സമൃദ്ധമാണ്. വിവിധ ജാതിക്കാര്‍ക്കും, മതസ്ഥര്‍ക്കും അവരവരുടെ പുരാണങ്ങള്‍ക്കനുസൃതമായി വിവിധയിനം കലകളില്‍ വിവിധ വാദ്യഘോഷങ്ങളും കാണാം.
     എന്നാല്‍ څമിഴാവ്چ പോലെ ലോകത്തില്‍വെച്ച് ഏറ്റവും പഴക്കമുള്ളതും, പ്രത്യക്ഷപ്പെട്ടുകണ്ടതുമായ ഒരു വാദ്യവിശേഷം വേറെ ഇല്ലെന്ന് നിസ്തര്‍ക്കം പറയാം.
     വടക്കേ മലബാറില്‍ പ്രസിദ്ധമായ കോട്ടയത്തു തമ്പ്രാക്കന്‍മാരുടെ അധീനതയിലുള്ള څമുഴക്കുന്ന്چ എന്ന സ്ഥലത്ത് മൃണ്‍മയ സ്വരൂപത്തില്‍ ഈ വാദ്യവിശേഷം പ്രത്യക്ഷപ്പെട്ടു. തമ്പുരാന്‍ ഈ സ്ഥലത്ത് ഭഗവതിക്ഷേത്രം പണിയിച്ച് ഭഗവതിയോടൊപ്പം തന്നെ പ്രത്യക്ഷപ്പെട്ട വാദ്യവിശേഷമായ മിഴാവിനെയും ആരാധിച്ചുപോന്നു. അന്നു മുതല്‍ ആ പ്രദേശം څമൃദംഗശൈലംچ څമിഴാക്കുന്ന്چ എന്ന പേരില്‍ അറിയപ്പെട്ടു. ഇന്ന് ആ സ്ഥലം څമൊഴക്കുന്ന്چ എന്ന പേരില്‍ അറിയുന്നു.
     കഥകളിയുടെ പ്രണേതാവായ കോട്ടയത്തുതമ്പുരാന്‍ താന്‍ രചിച്ച കഥകളിയുടെ വന്ദനശ്ലോകത്തില്‍ തന്‍റെ പരദേവതയായ മുഴക്കുന്ന് ഭഗവതിയെ - പോര്‍ക്കലീ - ഭഗവതിയെ വന്ദിക്കുന്നതായി കാണുന്നു. ڇമൃദംഗശൈലനിലയം ശ്രീപോര്‍ക്കലീ മിഷനാംڈ എന്ന കഥകളി പുറപ്പാട് വന്ദന ശ്ലോകത്തിന്‍റെ  മൃദംഗശൈലത്തെ പ്രതിപാദിക്കുന്നു.
     ഉത്തമനായ ഒരു ബ്രാഹ്മണനു ചെയ്യുന്ന ഷോഡശ കര്‍മങ്ങള്‍ അനുഷ്ഠിക്കുന്ന ഏകവാദ്യമാണ് മിഴാവ്. څമൃണ്‍മയ ത്വാല്‍മൃദംഗസ്തുچ എന്ന് ഭരതമുനിയുടെ നാട്യശാസ്ത്രത്തില്‍ പ്രതിപാദിച്ചിട്ടുള്ളതനുസരിച്ച് മിഴാവ് മണ്ണുകൊണ്ടാണ് ഉണ്ടാക്കിയിരുന്നത്. മൃത്തുകൊണ്ടുണ്ടാക്കിയ അംഗം څമൃദംഗംچ.
     കാലക്രമത്തില്‍ സൗകര്യത്തിനുവേണ്ടി ചെമ്പുകൊണ്ട് ഉണ്ടാക്കാന്‍ തുടങ്ങി. څമാടായിക്കാവിچല്‍ വടക്കേ മലബാറില്‍ മണ്ണുകൊണ്ടുള്ള മിഴാവ് ഇപ്പോഴും ഉപയോഗിച്ചുവരുന്നു. തൃശൂര്‍ ജില്ലയിലെ പാഞ്ഞാളില്‍ (യാഗം നടന്ന സ്ഥലം) മണ്ണുകൊണ്ട് മിഴാവുണ്ടായിരുന്നു. അഗ്നിബാധയില്‍ അത് നശിച്ചു.
ആകൃതി
     ആകൃതിയില്‍ രണ്ടുതരം മിഴാവുകള്‍ കാണുന്നു. അണ്ഡാകൃതിയും ഗോളാകൃതിയും. വലുപ്പത്തില്‍ മൂന്നുതരം കാണുന്നു. വലുത്, ഇടത്തരം, ചെറുത്. ഭരതമുനിയുടെ ശാസ്ത്രമനുസരിച്ചും, വാസ്തുനിയമം നോക്കിയും പണിത നാട്യപ്രാസാദങ്ങളിലാണ് സാധാരണ നാടകാവതരണങ്ങള്‍ നടത്തിവന്നിരുന്നത്. ഈ നാട്യപ്രാസാദങ്ങ (ക്ഷേത്രമതില്‍ക്കെട്ടിനകത്ത് പഞ്ചപ്രാസാദങ്ങളിലൊന്ന് ആയ കൂത്തമ്പലം)ങ്ങളെ ഭരതമുനിയുടെ ശാസ്ത്രോക്തി ഹേതുവായി മൂന്നായി തരം തിരിച്ചിരിക്കുന്നു. വികൃഷ്ടം, ചതുരശ്ര, ത്ര്യശ്രം - ഈ വ്യത്യാസത്തിനനുസരിച്ചായിരിക്കണം മിഴാവിന്‍റെ വലുപ്പത്തിനും വ്യത്യാസം വന്നിട്ടുണ്ടാകുക.
     വികൃഷ്ടമായ കൂത്തമ്പലത്തില്‍ വലുതും, ചതുരശ്രത്തില്‍ ഇടത്തരവും, ത്ര്യശ്രത്തില്‍ ചെറുതും ആയ മിഴാവുകള്‍ ഉപയോഗിക്കണം. അല്ലാത്തപക്ഷം ശബ്ദസുഖം ലഭിക്കുകയില്ല.
     മണ്ണുകൊണ്ടോ, ചെമ്പുകൊണ്ടോ കണക്കനുസരിച്ച് മിഴാവ് ഉണ്ടാക്കിക്കഴിഞ്ഞാല്‍ താന്ത്രിക കര്‍മങ്ങള്‍കൊണ്ട് അതിനെ സജീവമാക്കുന്നു. ജാതകര്‍മം, നാമകരണം, അന്നപ്രാശനം, കര്‍ണവേധം ഈവക ക്രിയകള്‍ കഴിഞ്ഞ് ഉപനയനം (പൂണൂലിടല്‍) കഴിക്കുന്നു. ഉപനയനവിധി ഇങ്ങനെ വിവരിക്കുന്നു:
പീഠേന്യസ്യ മൃദംഗമിഷ്ടഗണപോ നന്ദ്യാദിപുണ്യാ ഹകൃല്‍
തല്‍ഭൂതാനിവിശോധ്യ നന്ദിചീതിമല്‍ സ്നാനാന്തവസ്ത്രാവൃതം!
ഹോ മോഷ്ടധ്രുവ സംസ്ക്രിയോയദി തദാ ദത്തോ പവീതാദികം
പ്രാര്‍ച്ച്യാതോഷ്യചരാജയേല്‍ ഗുരുരഥപ്രാവാരകോ വാദയേല്‍!!
     അര്‍ത്ഥം ഇങ്ങനെ വിവരിയ്ക്കുന്നു - സ്നാത്വാനവവസ്ത്രം പരിധായ ഉത്തരീയം കൃത്വാരംഗേ സ്വസ്തികം കൃത്വാവ്രീഹ്യാനിദിഃപീഠം വിരചയ്യ വിഷ്ടരം ന്യസ്യതത്ര മൃദംഗം ന്യസ്യ തല്‍ പശ്ചിമേ സമാ സീനഃ ഗുരു ഗണപതീ സംപൂജ്യ ശൈവംപീഠം സംപൂജ്യ മൃദംഗം സപുണ്യാഹം കൃത്വാശോഷണാനി സുഷിരീകരണാന്ത കൃത്വാ സ്നാനാന്തമുപഹാരാന്‍ ദത്വാ വസ്ത്രേണാ വേഷ്ട്യ പ്രായശ്ചിത്തം നാന്ദീമുഖം ദാനം മുഹൂര്‍ത്തം ച കൃത്വാ നീരാജ്യ ഉപനീതം കൃഷ്ണാജിനം ച നിക്ഷിപ്യ ശേഷമുപഹാരം ദത്വാ ഗന്ധാദ്യൈരലം കൃത്യസംപൂജ്യ നിവേദ്യ പ്രസന്നപൂജാം കൃത്വാ നീരാജ്യ രക്ഷാം കുര്യാല്‍ ഗണപതീം വിസൃജേല്‍ - തദാ നീ മേവ മാര്‍ദ്ദംഗിക - മൃദംഗം പ്രാവൃത്യ താഡയേല്‍!! (ഷോഡശക്രിയയില്‍ ഉപനിഷ്ക്രമണം ഇല്ല).
അര്‍ത്ഥം
     കുളിച്ച് ശുദ്ധനായി കോടിവസ്ത്രം ഉടുത്ത് ഉത്തരീയമിട്ട് രംഗത്തില്‍ സ്വസ്തികം വെച്ച് നെല്ല് മുതലായ ധാന്യങ്ങളെക്കൊണ്ട് പീഠം ഉണ്ടാക്കി വിഷ്ടരം വച്ച് അതില്‍ മൃദംഗം വച്ച് അതിന്‍റെ പടിഞ്ഞാറുവശത്ത് ഇരുന്ന് ഗുരുക്കന്മാര്‍ക്കും, ഗണപതിക്കും പൂജ ചെയ്ത്, ശൈവമായി പീഠം പൂജിച്ച് മിഴാവ് പുണ്യാഹം ചെയ്ത് ശോഷണാദി സുഷിരീകരണം വരെയുള്ള ക്രിയകള്‍ അനുഷ്ഠിച്ച് സ്നാനാന്തമുപഹാരങ്ങളെ കൊടുത്ത് വസ്ത്രം ചുറ്റി പ്രായശ്ചിത്തം, നാന്ദീമുഖം, ദാനം, മുഹൂര്‍ത്തം ഇവ ചെയ്ത് നീരാജനം ചെയ്ത് പൂണുനൂലും കൃഷ്ണാജിനവും ഇട്ട് മറ്റ് ഉപഹാരവും ചെയ്ത് ചന്ദനം മുതലായവ കൊണ്ട് അലങ്കരിച്ച് പൂജിച്ച് നിവേദ്യം കഴിച്ച് പ്രസന്നപൂജ ചെയ്ത് നീരാജനം ഉഴിഞ്ഞ് രക്ഷിക്കുകയും ചെയ്യുന്നു. പിന്നെ ഗണപതി വിസര്‍ജ്ജനം ചെയ്യുന്നു. അപ്പോള്‍ തന്നെ നമ്പ്യാര്‍ മിഴാവില്‍ തോല്‍ കെട്ടി കൊട്ടുകയും ചെയ്യുന്നു.
മിഴാവിന്‍റെ അരങ്ങേറ്റം
     തന്ത്രിയുടെ അരങ്ങേറ്റം കൊണ്ട് (തന്ത്രി ആദ്യം കൊട്ടും; പിന്നീട് നമ്പ്യാര്‍) സജീവ ബ്രഹ്മചാരിയായ മിഴാവ് തന്ത്രിയുടെ കൈയ്യില്‍ നിന്ന് നമ്പ്യാര്‍ ഏറ്റുവാങ്ങി അരങ്ങേറ്റം നടത്തുന്നു.
മിഴാവിന്‍റെ സ്ഥാനം
      യേ നേപ ത്ഥ്യ ഗൃഹദ്വാരേ
ദയാ പൂര്‍വ്വം പ്രകീര്‍ത്തിതേ
തയോര്‍ഭാണ്ഡസ്യ വിന്യാസഃ
മദ്ധ്യേ കാര്യഃപ്രയോക്തിഭിഃ
(നാട്യശാസ്ത്രം 14-2)
     കൂത്തമ്പലത്തിലെ അണിയറയില്‍ നിന്ന് രംഗത്തേക്ക് പ്രവേശിക്കാനും നിഷ്ക്രമിക്കാനും രണ്ട് ദ്വാരങ്ങള്‍ (വാതില്‍) ഉണ്ട്. അവയുടെ മദ്ധ്യഭാഗത്ത് മിഴാവണയില്‍ (മിഴാവിന്‍റെ കൂട് = സ്റ്റാന്‍റ്) മിഴാവ് വയ്ക്കുന്നു. കുലവാഴകള്‍, കുരുത്തോലകള്‍, ഇളനീര്‍ക്കുലകള്‍, അടയ്ക്കാക്കുലകള്‍ ഇവകൊണ്ട് ഭംഗിയായി അലങ്കരിച്ച രംഗത്ത് നിറപറ, അഷ്ടമംഗല്യം തുടങ്ങിയ മംഗളവസ്തുക്കള്‍ വച്ച് കോടിവസ്ത്രം കൊണ്ട് രംഗത്തിലെ തൂണുകള്‍ പൊതിഞ്ഞ്, വിളക്ക്, പീഠം ഇവ പൊതിഞ്ഞ് സമലംകൃതമായ രംഗത്ത്, ചാക്യാരും നമ്പ്യാരും കുളിച്ച് ശുദ്ധരായി ഇണവസ്ത്രങ്ങള്‍ ധരിച്ച് ക്ഷേത്രത്തിലെ ദേവസന്നിധിയില്‍ നിന്ന് മേല്‍ശാന്തിയെക്കൊണ്ടോ, തന്ത്രിയെക്കൊണ്ടോ കൂത്തുവിളക്ക് കൊളുത്തി വാങ്ങിയ ശേഷം രംഗത്തിലെ വിളക്ക് പ്രോജ്വലിപ്പിച്ച് അണിയറയില്‍ ചെന്ന് വിളക്ക് വച്ച് ഗണപതിപൂജ കഴിഞ്ഞ് ഗുരുവന്ദന ചെയ്ത് നമ്പ്യാര്‍ ക്ഷേത്രത്തില്‍ നിന്ന് ഹവിസ്സ് മേടിച്ച് (ദേവന് നിവേദിക്കുന്നതിന് മുമ്പുള്ള ചോറ്) മിഴാവില്‍ നാലുഭാഗങ്ങളിലും മുക്കുകളിലും പശയാക്കി തേച്ച് പശുക്കുട്ടിയുടെ തോല്‍ കുതര്‍ത്തിയത് മിഴാവില്‍ വച്ച് വാറുകൊണ്ട് (കെട്ടാനുള്ള കയര്‍) വരിഞ്ഞ് (പ്രദക്ഷിണാകൃതിയില്‍) കെട്ടി കാറ്റ് കൊണ്ട് ഉണക്കിയ മിഴാവില്‍ മധുരമന്ത്രധ്വനിയായ څഓംچ എന്ന മന്ത്രം പുറപ്പെടുവിക്കുന്ന څനൃത്തുംچ എന്ന് തുടങ്ങുന്ന ആദ്യത്തെ കൈയ്യ് മിഴാവില്‍ വീഴുന്നതോടെ അരങ്ങേറ്റം നടക്കുന്നു.
     നമ്പ്യാര്‍ നാന്ദീസൂത്രധാരനും, ചാക്യാര്‍ സ്ഥാപനാ സൂത്രധാരനുമാകുന്നു. രംഗത്ത് നമ്പ്യാര്‍ വന്ന് (ചാക്യാരുടെ അനുവാദത്തോടെ) നിലവിളക്ക് മൂന്നുതിരി കത്തിക്കുന്നു. (ബ്രഹ്മാ-വിഷ്ണു-മഹേശ്വരി സങ്കല്‍പം). കോടിവസ്ത്രം വിരിച്ച് രംഗത്ത് വലതുവശത്ത് അടിസ്ഥാനം സങ്കല്‍പിക്കുന്നു. താളക്കൂട്ടം വയ്ക്കുന്നു. ഇടതുവശം പീഠം വയ്ക്കുന്നു. ശേഷം മിഴാവണയില്‍ കയറി ഇരുന്ന് ഗണപതി, സരസ്വതി, ഗുരു, നന്ദികേശ്വരന്‍ ഇവരെ സങ്കല്‍പിച്ച് അഭിവാദ്യം ചെയ്ത് മിഴാവൊച്ചപ്പെടുത്തല്‍ ആരംഭിക്കുന്നതോടെ കൂത്തോ, കൂടിയാട്ടമോ, നമ്പ്യാര്‍കൂത്തോ തുടങ്ങിയ അനുബന്ധകലകള്‍ ആരംഭിക്കുന്നു.
څമിഴാവിന്‍റെ ധ്യാനവും ശബ്ദങ്ങളുംچ
     ദേവാലയങ്ങളിലെ പഞ്ചപ്രാസാദങ്ങളിലൊന്നായ നാട്യപ്രാസാദത്തില്‍ കുതപസ്ഥാനത്ത് (വാദ്യസ്ഥാനം) മിഴാവണയില്‍ ഇരുന്ന് ബ്രഹ്മചര്യം അനുഷ്ഠിച്ച് څഓംچകാര മന്ത്രം കൊണ്ട് നാദബ്രഹ്മത്തെ ആരാധിച്ചുകൊണ്ടിരിക്കുന്നു എന്നാണ് ധ്യാനം. പ്രധാനമായി څതچകാരവും څതുچകാരവും ആണ്. ഇവ څതാംچ, څതുംچ എന്നും നീണ്ട ഓംകാരത്തില്‍ പര്യവസാനിക്കുന്നു. സന്ദര്‍ഭാനുസാരേണ വാദകന്‍റെ കഴിവനുസരിച്ച് മറ്റു ശബ്ദങ്ങളും ഉണ്ടാക്കാവുന്നതാണ്.
നിബന്ധന
     അശുദ്ധനായോ ഉത്സാഹമില്ലാതെയോ, ഭക്തി ഇല്ലാതെയോ മിഴാവ് തൊടരുത്. തൊട്ടാല്‍ പുണ്യാഹം വേണം. ക്ഷേത്രത്തിലോ, കൂത്തമ്പലത്തിലോ, വലിയമ്പലത്തിലോ മാത്രമേ മിഴാവ് സൂക്ഷിക്കുവാന്‍ പാടുള്ളൂ. ക്ഷേത്രം അശുദ്ധമായാല്‍ കൂത്തമ്പലവും മിഴാവും ക്ഷേത്രത്തിനോടൊപ്പം പുണ്യാഹം ചെയ്യണം. പശക്ക് ഉപയോഗിക്കുന്ന ഹവിസ്സ് (ചോറ്) ബാക്കി വന്നാല്‍ കാക്കയ്ക്ക് കൊടുക്കണം. അല്ലെങ്കില്‍ വെള്ളത്തില്‍ ഇടണം. ഉപയോഗിക്കാന്‍ പറ്റാതെ വന്ന മിഴാവ് വീണ്ടും ഉപയോഗിക്കരുത്. ഉപയോഗശൂന്യമായാല്‍ (പൊട്ടുകയോ, ഉടയുകയോ ചെയ്താല്‍) അതിനെ സംസ്ക്കരിക്കണം എന്ന് നിയമമുണ്ട്. മിഴാവിന്‍റെ സംസ്ക്കാരവിധികള്‍ തന്ത്രസമുച്ചയത്തില്‍ വിവരിക്കുന്നുണ്ട്.

മിഴാവിന്‍റെ സംസ്ക്കാരവിധി
     കേട്ടുവന്ന മിഴാവിനെ പുണ്യാഹം ചെയ്ത് ശംഖുകൊണ്ട് സപ്തശുദ്ധി വരുത്തി ഒരേടത്ത് കീറി തീ ഇടുക തുടങ്ങി പരിധിയോളം ചെന്നാല്‍ തെക്കേപ്പുറത്ത് പീഠം വിരിച്ച് അതിന്മേല്‍ കലശം പൂജിച്ച് മൂടി രക്ഷിച്ചേല്‍പ്പൂ! പിന്നെ പരിധി തുടങ്ങി ഇദ്ധ്മത്തോളം ചെന്നാല്‍ ശൈവത്തുങ്കല്‍ ചൊല്ലിയ പോലെ പീഠം നന്ദികേശ്വരനെ പ്രണവം കൊണ്ട് ഉപചാരം. ശൈവം പ്രണവോപചാരാംഗ എട്ടുരു കഴിവോളം സാമാന്യം പിന്നെ ചതുര്‍ദ്രവ്യം. പിന്നെ പഞ്ചതത്വം കൊണ്ട് സംഹാരക്രമേണ ആജ്യാഹുതി ചെയ്ത് സ്പിഷ്ട കൃത്യാദിഹോമം മുടിച്ച് സംപാതം കലശത്തിങ്കലാക്കി അഗ്നിയും കലശത്തിലുദ്വിസിച്ച് കലശത്തിനു പൂജിച്ച് നിവേദിച്ച്, പൂജ മുടിച്ച് അഗ്നിക്ക് നുറുങ്ങിട്ട് വീശിക്കളയൂ. ഉടഞ്ഞ കൂത്തു മിഴാവ് അരങ്ങത്തുവെച്ച് പത്മമാത്രം പീഠം പൂജിച്ച് നന്ദികേശ്വരനെ ആവാഹിച്ച് പഞ്ചതത്വം കൊണ്ട് സംഹാരവ്യാപകം ചെയ്ത് ജീവകലശം പൂജിച്ച് ജീവോച്ഛ്വാസം ചെയ്ത് മുഖമണ്ഡപത്തില്‍ താന്‍ ദേവപീഠം പൂജിച്ച് ജീവകലശം അവിടെ ആടിയേപ്പൂ. പിന്നെ ദേവന് ഒരവിധാനം പൂജിച്ച് പൂജ മുടിച്ചാല്‍ അരങ്ങത്തു ചെന്ന് നിര്‍മാല്യമായ മിഴാവ് കൊണ്ടുപോയി കൂത്തമ്പലത്തിന്‍റെ പുറത്തുചെന്ന് കുഴിയുടെ അരികത്തിരുന്ന് കുഴിയാന്‍ ചണ്ഡേശ്വരനെ ആവാഹിച്ച് ചണ്ഡേശ്വരമന്ത്രം കൊണ്ട് മിഴാവ് ആ കുഴിയില്‍ പോട്ട്. മേലേ മണ്ണിട്ട് മൂടി രക്ഷിച്ചേപ്പൂ! ഇങ്ങനെ മണ്ണുകൊണ്ടുള്ള മിഴാവെങ്കില്‍. ചെമ്പുകൊണ്ടുള്ള മിഴാവെങ്കില്‍ ജീവോദ്വാസന കഴിഞ്ഞാല്‍ ഉരുക്കിക്കൊള്ളൂ! പിന്നെ അതുകൊണ്ട് വീണ്ടും മിഴാവുണ്ടാക്കിയാല്‍ ഉപനയിച്ച് മാര്‍ദ്ദംഗികനെകൊണ്ട് തോല്‍ പുതപ്പിച്ച് കൊട്ടിച്ച് രക്ഷിച്ചേപ്പൂ. പിന്നെ ചാക്കിയാരെക്കൊണ്ടോ, നങ്ങിയാരെക്കൊണ്ടോ കൂത്ത് നടത്തിക്കേണം. ഇതാണ് നിയമം.
ഘനശ്ലക്ഷണ: സുപക്വശ്ച
സ്നോകവശ്രോമവോദരഃ
പാണിദ്യാം വാദ്യതെതജ്ഞൈ
ചര്‍മ്മാനദ്ധാനനോഘടഃ
     സംഗീതരത്നാകരത്തില്‍ ഘടവാദ്യത്തെപറ്റി ഇങ്ങനെയാണ് പറയുന്നത് എന്ന് ഊഹിക്കാം. കണ്ണശ്ശരാമായണത്തില്‍ കിഷ്ക്കിന്ധാകാണ്ഡത്തില്‍ വര്‍ഷവര്‍ണനയില്‍ ڇഇടയാകിന മിഴാവൊലിയാലുടനേവര്‍ക്കും പരിതാപം കളവാന്‍ڈ എന്ന് മിഴാവിനെ പരാമര്‍ശിക്കുന്നുണ്ട്. ബാണയുദ്ധം പ്രബന്ധത്തില്‍ (ചമ്പുകാവ്യം) ശിവന്‍ തന്‍റെ താണ്ഡവസമയത്ത് മിഴാവ് വളരെ ഭംഗിയായി വാദിച്ചതിന് ബാണാസുരനില്‍ സന്തുഷ്ടഹൃദയനാകിന ഭഗവാന്‍ പ്രസാദിച്ച് വരമായിക്കൊടുത്തവയത്രെ ആയിരം കൈകള്‍! അദ്ദേഹത്തിന്‍റെ ആയിരം കൈകള്‍ - യേവാദ്യേന തവ പ്രസാദമതുലം നൃത്തെപുരാ
പൂരയ... ഇത് ചിലപ്പതികാരത്തിലും പ്രതിപാദിച്ചിട്ടുണ്ട്.
     ചിലപ്പതികാരത്തില്‍ മിഴാവിന് څമുഴچ എന്നും څകുടമുഴچ എന്നും പറഞ്ഞു കാണുന്നു. നര്‍ത്തകിയായ മാധവിയുടെ അരങ്ങേറ്റത്തിന് ഈ വാദ്യം ഉപയോഗിച്ചിരുന്നതായി പറയുന്നു. څതന്നുമൈچ എന്ന് പറഞ്ഞിട്ടുള്ളത് മദ്ദളം പോലുള്ള വാദ്യത്തെയാണ്. അതിനോടുകൂടി ഈ മിഴാവും വായിച്ചിരുന്നു. ദേവേന്ദ്രന്‍റെ ഇന്ദ്രോത്സവത്തില്‍ എഴുന്നള്ളത്ത് ഘോഷത്തില്‍ څമുഴവ് കണ്ട് ഇയലാത് മുടിക്കരും വീതിയുംچ എന്ന് വര്‍ണിച്ചിരിക്കുന്നു. രാജവീഥികളില്‍ മാത്രമല്ല ചെറിയ ഇടവഴികളിലും ഇതിന്‍റെ (മിഴാവിന്‍റെ) ശബ്ദം മുഴങ്ങിക്കൊണ്ടിരുന്നതായി പറയുന്നു. കോവിലനും കര്‍ണകിയും കൂടി ഓരോ നാടുകള്‍ സന്ദര്‍ശിച്ചുകൊണ്ട് പുഹാരില്‍ നിന്ന് മധുരയ്ക്ക് പോകുന്നവഴിക്ക് ഓരോരോ കാഴ്ചകള്‍ കാണുന്ന കൂട്ടത്തില്‍ അവിടെ കൊയ്ത്തും മെതിയും നടക്കുന്നതായും ആ പ്രവൃത്തിക്ക് ഉത്സാഹം കൊടുക്കുവാന്‍ മിഴാവ് ഉപയോഗിക്കുന്നത് കേട്ട് സഞ്ചരിച്ചതായും പറയുന്നു.
     കോവിലന്‍ കര്‍ണകിയെ പുറത്തിരുത്തി ചിലമ്പ് വില്ക്കാന്‍ മധുരാപട്ടണത്തില്‍ ചെന്ന അവസരത്തില്‍ അവിടത്തെ പട്ടാളക്കാര്‍ മാര്‍ച്ച് ചെയ്യുന്നതോടൊപ്പം മിഴാവ് ഒരു വാദ്യമായി ഉപയോഗിച്ചിരുന്നതായും കണ്ടു. څവാളോര എടുത്ത് നാളണിമുഴവവുംچ എന്നും പ്രസ്താവിച്ചു കാണുന്നുണ്ട്.
     ബറോഡയില്‍ സൂതകൃത്യം നിര്‍വഹിക്കുന്ന ഒരു ബ്രാഹ്മണ സമുദായത്തില്‍പെട്ടവര്‍ പുരാണകഥകള്‍ പറയുന്നതിന് ഒപ്പം ഈ മിഴാവും ഉപയോഗിച്ചതായി കാണുന്നു. ഈ വാദ്യത്തിന് څമാണ്چ എന്നും, ഇത് ഉപയോഗിക്കുന്നവര്‍ څമാണഭട്ടന്‍چ എന്നും പറയുന്നു. (എന്നാല്‍ ഈ വാദ്യത്തില്‍ മോതിരങ്ങളിട്ട കൈയ്യുകൊണ്ടാണ് കൊട്ടുന്നത്). ഈ പ്രസ്താവനകള്‍ കൊണ്ട് ഭാരതത്തിലാകമാനം നൃത്തനൃത്യാദികളില്‍ പ്രധാന വാദ്യമായി മിഴാവ് ഉപയോഗിച്ചിരുന്നു എന്നും പ്രാമാണ്യം കൊണ്ടും പ്രാചീനതകൊണ്ടും പ്രഥമസ്ഥാനം അര്‍ഹിക്കുന്ന വാദ്യവിശേഷം തന്നെയാണ് മിഴാവ് എന്നും കാണാം.
     പതാക, മുദ്രാഖ്യം, കടകം, മുഷ്ടി തുടങ്ങിയ ഇരുപത്തിനാലു മുദ്രകള്‍. ശൃംഗാരം, ഹാസ്യം, കരുണം, ബീഭത്സം, ഭയാനകം തുടങ്ങി നവരസങ്ങള്‍ ചെമ്പ, അടന്ത, ധ്രുവം, ഏകം, ത്രിപുട ലക്ഷ്മീ തുടങ്ങിയ ഏഴുതാളങ്ങള്‍. ഭവഭൂതി, ശക്തിഭദ്രന്‍, കാളിദാസന്‍, ശ്രീഹര്‍ഷന്‍ തുടങ്ങിയ മഹാകവികളുടെ നാടകങ്ങള്‍, ആംഗികം, സാത്വികം, വാചികം, ആഹാര്യം എന്നീ ചതുര്‍വ്വിധാഭിനയ സമ്പ്രദായങ്ങള്‍. പ്രാകൃതം, സംസ്കൃതം, മലയാളം എന്നീ ഭാഷകള്‍. ചാക്യാര്‍, നമ്പ്യാര്‍, നങ്ങ്യാര്‍ എന്നീ ജാതിക്കാര്‍ മാത്രം അടുത്തകാലം വരെ ഈശ്വരോപാസനയായി നടത്തിക്കൊണ്ടിരുന്നതും ഇപ്പോള്‍ നടത്തിവരുന്നതും 2000 ത്തില്‍ മുപ്പത്തിരണ്ട് ലോകരാജ്യങ്ങളില്‍വെച്ച് ഏറ്റവും ശ്രേഷ്ഠകലയായി യുനസ്കോയാല്‍ അംഗീകരിക്കപ്പെട്ടതും 1965 ല്‍ ഗുരുനാഥനും, യശഃശരീരനും, നാട്യകലാസാര്‍വ്വഭൗമനുമായ പൈങ്കുളം രാമച്ചാക്ക്യാരാശാനാല്‍ ക്ഷേത്രമതില്‍ക്കെട്ടില്‍ നിന്ന് പുറത്തുകൊണ്ടുവന്നതുമായ ഈ വിശിഷ്ട കലാരൂപത്തെ കേരളകലാമണ്ഡലത്തില്‍ പാഠ്യ വിഷയമാക്കിയതോടെ മഹാകവി വള്ളത്തോളിന്‍റെ സ്വപ്നം സാക്ഷാല്‍ക്കരിക്കപ്പെടുകയും, അന്യജാതി മതസ്ഥര്‍ക്കു കൂടി കാണാനും ആസ്വദിക്കാനും പഠിക്കാനും പ്രാപ്തമായതുമായ വിശ്വോത്തര കലാരൂപങ്ങളില്‍ പ്രഥമസ്ഥാനം വഹിക്കുന്നതും ഏറ്റവും പഴക്കം ചെന്നതുമായ കൂടിയാട്ടത്തിലെ പ്രധാന വാദ്യമാണ് മിഴാവ്.
     1972 ല്‍ നമ്പ്യാരല്ലാത്ത നമ്പ്യാരായി കേരള കലാമണ്ഡലത്തില്‍ ആദ്യത്തെ അന്യജാതിക്കാരനായ എനിക്ക് മിഴാവ് പഠിക്കാന്‍ ഭാഗ്യമുണ്ടാക്കിയത് ഗുരുവര്യരായ പൈങ്കുളം ആശാനും, പത്മശ്രീ നാരായണന്‍ നമ്പ്യാരാശാനും ആണ്.
     തികച്ചും ഗുരുകുല സമ്പ്രദായമായിരുന്ന ഈ കലാരൂപത്തെ സ്ഥാപനവല്‍ക്കരിച്ച് അടിത്തറപാകുന്ന സന്ദര്‍ഭത്തിലായിരുന്നു ഞാന്‍ പഠിക്കാന്‍ ചേര്‍ന്നത്. അതുവരെ വെറും വാദകന്‍. അടിയന്തരത്തിന് ക്ഷേത്രത്തില്‍ വന്ന് അടിയന്തരം നടത്തും. ചിട്ടകള്‍ അതായിരുന്നു. അത് ഭംഗിയാക്കി താളം, അഭിനയം, മുദ്രകളുടെ വടിവ്, വൃത്തി, അഭ്യാസബലം, സാധകം. നാടകാവബോധം, സംസ്കൃതവ്യുല്‍പത്തി, രംഗപരിചയം തുടങ്ങിയവ കേരളകലാമണ്ഡലത്തിലൂടെയാണ് സാധിച്ചത് എന്നതില്‍ തര്‍ക്കമില്ല. അതിനുശേഷ മാണ് മറ്റുള്ള സ്ഥാപനങ്ങള്‍ സ്ഥാപനവല്‍ക്കരിക്കപ്പെട്ടത്. മാണി ഗുരുകുലം, അമ്മന്നൂര്‍ ഗുരുകുലം, പൈങ്കുളം ഗുരുകുലം, പൊതി ഗുരുകുലം തുടങ്ങിയവ ഉണ്ടായിരുന്നു. എന്നിരുന്നാലും ഇവരുടെ അശ്രാന്തപരിശ്രമത്തിലൂടെയാണ് ഇന്നു കാണുന്ന സൗന്ദര്യം കൂടിയാട്ടത്തിനു ലഭിച്ചത്. മിഴാവിനെപ്പറ്റി പറയുമ്പോള്‍ കൂടിയാട്ടം, നങ്ങ്യാര്‍കൂത്ത് ചൊടലകൂത്ത്, വിരിഞ്ഞികൂത്ത്, ബ്രഹ്മചാരികൂത്ത്, പറക്കുംകൂത്ത്, അംഗുലീയാങ്കകൂത്ത്, മത്തവിലാസംകൂത്ത്, മന്ത്രാങ്കംകൂത്ത് ഇതുകളും ചാക്യാര്‍കൂത്ത്, പാഠകം തുടങ്ങിയവയെക്കുറിച്ചും വിവരിക്കാതെ വയ്യ. ഇതെല്ലാം കൂടിയാട്ടത്തിലെ സഹോദര കലകളെന്ന് വിശേഷിപ്പിച്ച് തല്‍ക്കാലം നിര്‍ത്താം.
മിഴാവിന്‍റെ അഭ്യാസക്രമം
     ഗുരുനാഥന്‍ മുഖേന ഗണപതി, സരസ്വതി, ഗുരു നന്ദികേശ്വരന്‍ ഇവരെ ധ്യാനിച്ചു ദക്ഷിണ നല്‍കി ആദ്യം മിഴാവൊച്ചപ്പെടുത്തല്‍ എന്ന ക്രിയ ഗുരു ചെയ്യിക്കുന്നു. (കൈപിടിച്ചു കൊട്ടിക്കുന്നു). പിന്നീട് തക്കിട്ട, ധിക്കത്തക, തരികിട, തക്കിടകിട തകിതരികിടകിടതകി എന്നീ څപാടക്കയ്യുകള്‍چ കൊട്ടിക്കുന്നു. ആദ്യം മരത്തിലും പിന്നീട് മരം കൊണ്ടുണ്ടാക്കിയ അഭ്യാസക്കുറ്റിയിലും കൊട്ടിപരിശീലിപ്പിക്കുന്നു. പിന്നീട് അരങ്ങേറ്റ ക്രിയകള്‍ - څശോഷ്ഠിچ, څഅരങ്ങുതളിچ څവായിക്കുകچ, څമറയില്‍ക്രിയچ, څനിത്യക്രിയچ (അഥവ സൂത്രധാരന്‍ പുറപ്പാട്), څവിദൂഷകക്രിയچ, څമത്തവിലാസം ക്രിയകള്‍چ, څമന്ത്രാങ്കംക്രിയകള്‍چ, څഅംഗുലിയാങ്കംക്രിയകള്‍چ, څഅംഗുലിയാങ്കം തമിഴ് രാമായണംچ, څസംക്ഷേപംچ തുടങ്ങിയവയും. ഏകതാളം, ത്രിപുടതാളം, മുറുകിയ ത്രിപുടതാളം, ലക്ഷ്മീതാളം, ധ്രുവതാളം, ചെമ്പതാളം, അടന്തതാളം തുടങ്ങിയ താളങ്ങള്‍. താളം പിടിച്ച്  കൊട്ടിച്ച് പുരുഷ - സ്ത്രീ വേഷ കളരികളില്‍ വേഷക്കാര്‍ കാണിക്കുന്നതിനനുസരിച്ച് ആട്ടപ്രകാരം, ക്രമദീപിക തുടങ്ങിയവയും ഗുരു ഉപദേശവും അനുസരിച്ച് മുദ്രയ്ക്കും ഭാവത്തിനും, ആട്ടത്തിനും കൊട്ടി ചൊല്ലിയാട്ടത്തിന് പരിശീലിപ്പിക്കുന്നു. അഞ്ചെട്ടു വര്‍ഷം നല്ല ഗുരുവിന്‍റെ കീഴില്‍ നന്നായി പഠിക്കുകയാണെങ്കില്‍ സാമാന്യം ശബ്ദവിന്യാസങ്ങള്‍, മനോധര്‍മ്മ പ്രയോഗങ്ങള്‍ തുടങ്ങിയവ കൊണ്ട് څസാമാജികാശ്രയോരസഃچ എന്ന ഭരതമുനിയുടെ നാട്യശാസ്ത്ര നിര്‍ദ്ദേശം ഫലവത്താക്കാം.
     ഗുരുഭക്തി, ഈശ്വരാധീനം, കഠിനപ്രയത്നം, ഉത്സാഹം, സംസ്കൃത കാവ്യനാടകാദികളിലെ പരിജ്ഞാനം, രംഗാവതരണത്തിലൂടെയുള്ള അഭ്യാസപാടവം ഇവകൊണ്ട് നിത്യാഭ്യാസം ചെയ്യുന്ന കലാകാരന് കീര്‍ത്തി ലഭിക്കാന്‍ വളരെ ഉപകാരമാകും എന്നത് നിസ്തര്‍ക്കം പറയാം.
     ചിത്തവും, വിത്തവും; ജീവിതത്തിലെ ബാല്യം, കൗമാരം, യൗവ്വനം, വാര്‍ദ്ധക്യം ഇവയും സര്‍വവും ചലിച്ചുകൊണ്ടിരിക്കുന്നു. എന്നിരുന്നാലും യാവനൊരുവന് അവന്‍റെ സ്വപ്രയത്നത്തിലൂടെ ചെയ്യുന്ന സല്‍കര്‍മം കൊണ്ടുണ്ടായ സല്‍കീര്‍ത്തി എന്നും ജീവിക്കുന്നു.
     സിദ്ധരൂപം, അമരകോശം, ബാലപ്രബോധനം, ക്രിയകള്‍, തര്‍ക്കം, വ്യാകരണം, വാക്യവൃത്തി തുടങ്ങിയവ ഹൃദിസ്ഥമാക്കുന്നതോടൊപ്പം പഞ്ചമഹാകാവ്യങ്ങളിലും മനഃപാഠമാക്കുമ്പോഴുണ്ടാകുന്ന څഭാവനچ കലകള്‍ക്ക് കൂടുതല്‍ ഉപകാരമാകും.
     നാട്യാചാര്യവിദൂഷകരത്നം പത്മശ്രീ ഡോ. മാണി മാധവച്ചാക്യാര്‍, പത്മഭൂഷണ്‍ ഗുരു അമ്മന്നൂര്‍  മാധവച്ചാക്യാര്‍, സര്‍വോപരി നാട്യകലാ സാര്‍വഭൗമന്‍ പൈങ്കുളം രാമച്ചാക്യാര്‍, പാണിവാദതിലകന്‍ പത്മശ്രീ നാരായണന്‍ നമ്പ്യാര്‍, പത്മശ്രീ മൂഴിക്കുളം കൊച്ചുക്കുട്ടച്ചാക്യാര്‍ സര്‍വശ്രീ കിടങ്ങൂര്‍ രാമച്ചാക്യാര്‍ തുടങ്ങിയ മഹാഗുരുക്കളുടെ കഠിനപ്രയത്നത്താല്‍ ലോകശ്രദ്ധ പിടിച്ചുപറ്റിയ കൂടിയാട്ടവും അതിലെ ഇതരകലകളും കലാമണ്ഡലത്തിലൂടെ സംപുഷ്ടമായി എന്നു പറയുന്നതില്‍ തെറ്റില്ല. ഇവരെല്ലാവരും കലാമണ്ഡലവുമായി അടുത്തബന്ധം പുലര്‍ത്തിപ്പോന്നവരാണ്.
     യുനസ്കോ ഏറ്റെടുത്ത ശേഷം കേരളത്തിലുടനീളം ഗുരുകുലങ്ങള്‍ സ്ഥാപനവല്‍കരിക്കപ്പെട്ടു എന്നതൊഴിച്ചാല്‍ കൂടിയാട്ടത്തിന് ഇന്നും വേണ്ട പുരോഗതി എത്തിയിട്ടില്ല എന്നതാണ് സത്യം. സങ്കുചിതത്വവും, പെരുന്തച്ചന്‍ പ്രഭാവവും, ജാതിസ്പര്‍ദ്ധയും തഴച്ചു വളരാന്‍ കൂടുതല്‍ അവസരങ്ങളുണ്ടായതല്ലാതെ വളരാനോ, വളര്‍ത്താനോ, സംഘാടകരോ, ആസ്വാദകരോ ഇതുവരേയും വേണ്ടവിധത്തില്‍ ഈ വിശിഷ്ടകലാരൂപത്തെ മനസ്സിലാക്കി സാര്‍ത്ഥകമാക്കിത്തീര്‍ക്കാന്‍ ഉദ്യമിച്ചിട്ടും സാധിക്കാതെ പോയി എന്നുള്ളതില്‍ നമുക്ക് കേരളീയര്‍ക്ക് ഒരുമിച്ച് ദുഃഖിക്കാം എന്നല്ലാതെ എന്തു ചെയ്യാന്‍ സാധിക്കും? څകോ വിധിം രോദ്ധുമീഷ്ടേ!چ
     മിഴാവുകളരിയില്‍ ഗുരുനാഥന്‍ പത്മശ്രീ നാരായണന്‍ നമ്പ്യാരാശാന്‍ റിട്ടയര്‍ ചെയ്തുപോയ ശേഷം എന്നില്‍ അധ്യാപനം നിക്ഷിപ്തമായപ്പോള്‍ ഞാന്‍ മറുവാദ്യങ്ങളുമായി സംയോജിച്ച് മിഴാവിന്‍റെ ശബ്ദ സൗകുമാര്യത്തിന് വ്യത്യസ്തത വരുത്താന്‍ പല പരീക്ഷണങ്ങളും ചെയ്തു. മിഴാവിന്‍ കേളി, മിഴാവ് മദ്ദളതായമ്പക, മിഴാവ് ഇടയ്ക്കതായമ്പക, മിഴാവ് തിമിലതായമ്പക, മിഴാവ് ചെണ്ടതായമ്പക, മിഴാവില്‍ പഞ്ചവാദ്യം, മിഴാവില്‍ പഞ്ചാരിമേളം (മിഴാവൊലി എന്ന പേരില്‍ കൂടിയാട്ടത്തിനുപയോഗിക്കുന്ന താളങ്ങളുപയോഗിച്ച് ഒമ്പത് മിഴാവുകളുപയോഗിച്ച് വാദ്യപ്രയോഗം) ഇതെല്ലാം ആദ്യമായി കലാലോകത്തിന് ഞാന്‍ ചെയ്ത സംഭാവനയാണ് എന്നതില്‍ എനിക്ക് അഭിമാനവുമുണ്ട്.
     ഇന്നു കാണുന്ന മിഴാവു കലാകാരിലധികം പേരും, മുഴുവനും എന്‍റെ ശിഷ്യരാണ് എന്നതിലും ഞാന്‍ കൃതാര്‍ത്ഥനാണ്. പാഠകം, കൂത്ത് ഇവകളെപറ്റി എഴുതാന്‍ ധാരാളം വകയുണ്ടെങ്കിലും ഇവ ആസ്വദിക്കുന്നവരും, പ്രയോഗിക്കുന്നവരും വിരളമായിക്കൊണ്ടിരിക്കുന്നു എന്നതിലും ദുഃഖിക്കുന്നു.
     മനഃപാഠമാക്കിത്തീര്‍ക്കുന്ന വിദ്യാഭ്യാസ സമ്പ്രദായവും, ഗുരുവിന്‍റെ കാര്‍ക്കശ്യ സമ്പ്രദായവും, ശിഷ്യരുടെ കലാസ്വാദകവൈദഗ്ധ്യവും, ഉത്സാഹവും കുറഞ്ഞുകൊണ്ടിരിക്കുന്ന ഇക്കാലത്ത് കുഞ്ചന്‍നമ്പ്യാര്‍ പറഞ്ഞ - ഭംമഹാശ്ചര്യം - മാത്രമായിത്തീരുന്നതിനാലും അദ്ധ്യയനവും, അധ്യാപനവും എങ്ങനെ സാര്‍ത്ഥകമാക്കാം!! നന്നാകും എന്ന് നമുക്ക് പ്രത്യാശിക്കാം. വരും! നല്ലകാലം വരാതിരിക്കുമോ! പ്രതീക്ഷ മാത്രമാശ്രയം!
കരകൃതമപരാധം
ക്ഷന്തുമര്‍ഹന്തിസന്തഃ!
ശുഭമസ്തു!
     
Share:

ഭൂതസഞ്ചാരങ്ങളുടെ ഇരുണ്ടഭൂപടങ്ങള്‍ ഈ വര്‍ഷത്തെ ഓസ്കാര്‍ പുരസ്കാരം നേടിയ 'ഗ്രീന്‍ബുക്ക്' എന്ന ചലച്ചിത്രത്തെപ്പറ്റി.

ഭൂതസഞ്ചാരങ്ങളുടെ ഇരുണ്ടഭൂപടങ്ങള്‍ 
ഈ വര്‍ഷത്തെ ഓസ്കാര്‍ പുരസ്കാരം നേടിയ  'ഗ്രീന്‍ബുക്ക്' എന്ന ചലച്ചിത്രത്തെപ്പറ്റി.

ശിവകുമാര്‍ ആര്‍. പി
     ഡോ. ഡോണാള്‍ഡ് ഷേര്‍ളി എന്ന കറുത്തവര്‍ഗക്കാരനായ ക്ലാസിക്കല്‍  ജാസ് പിയാനിസ്റ്റ് 1956-ല്‍ ബിര്‍മിംഗ്ഹാമിലെ മുനിസിപ്പല്‍ ഹാളില്‍ വെളുത്തവര്‍ഗക്കാരുടെ സദസ്സിനു മുന്നില്‍ സംഗീതം അവതരിപ്പിക്കുമ്പോള്‍ അതു പൂര്‍ത്തിയാക്കാന്‍ അനുവദിക്കാതെ കുറച്ചാളുകള്‍ വന്ന് അയാളെ മര്‍ദ്ദിച്ച് ഇറക്കി വിട്ടിരുന്നു. വെളുത്തവന്‍റെ സ്ഥാപനവത്കൃതമായ ആഭിജാത്യത്തെ വെല്ലുവിളിക്കാനായി അടിമവര്‍ഗത്തില്‍നിന്നു ഒരാള്‍ വരുന്നത് അവരില്‍ ഭൂരിപക്ഷത്തിനും സഹിക്കാന്‍ കഴിയുന്ന കാര്യമായിരുന്നില്ല. അമേരിക്കയില്‍ അടിമത്തം ഔദ്യോഗികമായി അവസാനിച്ചതിനു ശേഷവും 'ജിം ക്രോ' (ജെമ്പ് ജിംക്രോ ലാ)  എന്ന് പേരുള്ള അതിശക്തമായ വിവേചന നിയമം കര്‍ക്കശമായി പരിപാലിക്കപ്പെടുന്ന കാലമായിരുന്നു അത്. അതനുസരിച്ച് കറുത്തവര്‍ഗക്കാര്‍ക്ക് പണം ഉണ്ടെങ്കില്‍പോലും വെള്ളക്കാരുടെ സ്ഥാപനങ്ങളില്‍ ചെന്നു കയറാന്‍ പറ്റില്ലായിരുന്നു.  വെള്ളം കുടിക്കാനും ശൗചാലയങ്ങള്‍ ഉപയോഗിക്കാനും ഹോട്ടലില്‍ താമസിക്കാനും റെസ്റ്റോറന്‍റുകളില്‍നിന്ന് ഭക്ഷണം കഴിക്കാനും വിലക്കുണ്ടായിരുന്നു.  സണ്‍ഡൗണ്‍ ടൗണ്‍, സണ്‍സെറ്റ് ടൗണ്‍, ഗ്രേ ടൗണ്‍ എന്നെല്ലാം അറിയപ്പെട്ടിരുന്ന ചില മുനിസിപ്പാലിറ്റികള്‍ അതുവഴിയുള്ള കറുത്തവരുടെ സഞ്ചാരസ്വാതന്ത്ര്യത്തെപ്പോലും വിലക്കിയിരുന്നു. കറുത്തവര്‍ഗക്കാരോടുള്ള അയിത്തവും വിവേചനവും ചൂഷണവും അതിശക്തമായി നിലനില്‍ക്കുമ്പോള്‍തന്നെ  കറുത്തവരും കുടിയേറ്റക്കാരുമായ അമേരിക്കന്‍ പൗരന്മാരുടെ ആഭ്യന്തരാവകാശങ്ങള്‍ക്കായുള്ള മുറവിളി കൂടുതല്‍ രൂക്ഷമായിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയ കാലാവസ്ഥയായിരുന്നു  കോളിളക്കങ്ങളോടെ പുറത്ത്.
     അഞ്ച് വര്‍ഷങ്ങള്‍ക്കു ശേഷം അമേരിക്കയുടെ തെക്കന്‍ ഉള്‍ഭാഗത്തുള്ള ബിര്‍മിംഗ്ഹാമില്‍ വീണ്ടും തന്‍റെ പിയാനോ സംഗീതം അവതരിപ്പിക്കാന്‍ ഡോ. ഷേര്‍ളി വരുന്ന കഥയാണ്, 2018-ല്‍ മികച്ച സിനിമയ്ക്കും, മികച്ച തിരക്കഥയ്ക്കും, മികച്ച സഹനടനുമുള്ള ഓസ്കാര്‍ പുരസ്കാരങ്ങള്‍ കരസ്ഥമാക്കിയ 'ഗ്രീന്‍ ബുക്ക്چ പറയുന്നത്. ഈ നൂറ്റാണ്ടിന്‍റെ മധ്യത്തില്‍  അമേരിക്കയിലൂടെയുള്ള കറുത്തവര്‍ഗക്കാരുടെ യാത്രാ ദുരിതത്തെ ലഘൂകരിക്കണമെന്ന ഉദ്ദേശ്യത്തോടെ അവര്‍ക്കായി സംവരണം ചെയ്യപ്പെട്ടിട്ടുള്ള ഹോട്ടലുകളുടെയും ഭക്ഷണശാലകളുടെയും നിരത്തുകളുടെയും വിവരണം അടങ്ങിയ പുസ്തകമാണ് വിക്ടര്‍ ഹ്യൂഗോ ഗ്രീന്‍ രചിച്ച 'ഗ്രീന്‍ ബുക്ക്چ. 1936-ല്‍ പ്രസിദ്ധീകരിച്ച ഈ പുസ്തകത്തിന്‍റെ ശരിയായ പേര് 'ദ നീഗ്രോ മോട്ടോറിസ്റ്റ് ഗ്രീന്‍ ബുക്ക്چ എന്നാണ്.  വമ്പിച്ച ബഹളത്തെയും പ്രക്ഷോഭത്തെയും നേതൃനിരയിലുള്ള മനുഷ്യരുടെ പ്രവര്‍ത്തനങ്ങളെയും തുടര്‍ന്ന് വര്‍ണവിവേചനം നിശ്ശേഷം ഇല്ലാതാക്കുന്നതിനുള്ള സിവില്‍ റൈറ്റ് ആക്ട്,  പ്രസിഡന്‍റ ് ലിന്‍ഡന്‍ ജോണ്‍സണ്‍ 1964-ല്‍ ഒപ്പിടുന്നതുവരെ 'ഗ്രീന്‍ ബുക്കിچന്‍റെ പ്രസക്തി നിലനിന്നിരുന്നു. വര്‍ഷംതോറും പുതുക്കി പ്രസിദ്ധീകരിച്ചുകൊണ്ടിരുന്ന അതിന്‍റെ 1963 വരെയുള്ള ഡിജിറ്റല്‍ പതിപ്പുകള്‍ ഇപ്പോള്‍ ഇന്‍റര്‍നെറ്റില്‍ ലഭ്യമാണ്.  കറുത്തവര്‍ഗക്കാരന്‍ യാത്ര ചെയ്യുന്ന വാഹനം ഏതു സമയത്തും വെള്ളക്കാരനായ പൊലീസുകാരനാല്‍, ട്രാഫിക് നിയമം ലംഘിച്ചതിന്‍റെ പേരിലല്ലാതെതന്നെ  തടയപ്പെടാം എന്നതായിരുന്നു അവസ്ഥ. ഉണആ (ഉൃശ്ശിഴ ണവശഹല ആഹമരസ) എന്ന് അറിയപ്പെട്ടിരുന്ന വ്യവസ്ഥയെ കുറച്ചെങ്കിലും അതിജീവിക്കാന്‍ സഹായിക്കുക എന്നതായിരുന്നു ഗ്രീന്‍ ബുക്കിന്‍റെ ദൗത്യം. ഡോ. ഷേര്‍ളിയെന്ന മികച്ച കലാകാരന്‍റെ (വൈറ്റ്ഹൗസില്‍ അദ്ദേഹം സംഗീതപരിപാടി അവതരിപ്പിച്ചിട്ടുണ്ട്) ജീവിതാവസ്ഥയെ പ്രതീകവത്കരിക്കുന്നു ചലച്ചിത്രത്തില്‍ ഈ പുസ്തകം. അതിലൂടെ അമേരിക്കയിലെ മൂന്നാമത്തെ ഏറ്റവും വലിയ വംശീയവിഭാഗമായ ആഫ്രിക്കന്‍-അമേരിക്കന്‍ (വെളുത്ത അമേരിക്കക്കാരും, ഹിസ്പാനിക്-ലാറ്റിനമേരിക്കക്കാരുമാണ് ആദ്യത്തെ രണ്ട് ഗ്രൂപ്പുകള്‍) സമൂഹത്തിന്‍റെ ഈ നൂറ്റാണ്ടിന്‍റെ മധ്യത്തിലുമുള്ള വിവേചനപരവും അപമാനകരവുമായ ജീവിതത്തിലേക്കുള്ള തിരിഞ്ഞു നോട്ടമാണ് സംവിധായകന്‍ പീറ്റര്‍ ഫാരെല്ലി സാധ്യമാക്കുന്നത്. 
സംസ്കാരത്തിന്‍റെ നിറം
     ഒബാമാനന്തരകാലം അമേരിക്കയുടെ ജനപ്രിയ സാംസ്കാരികതയ്ക്ക് നല്‍കിയ വലിയ സംഭാവനകളിലൊന്ന് ഒരുപക്ഷേ ഇത്തരത്തിലുള്ള തിരിഞ്ഞുനോട്ടങ്ങളുടേതാണെന്നും വാദിക്കാവുന്നതാണ്. കറുത്ത മനുഷ്യരുടെ ജീവിതാഖ്യാനങ്ങള്‍ക്ക് സവിശേഷമായ ശ്രദ്ധ ചലച്ചിത്രങ്ങള്‍ നല്‍കി. ജീവചരിത്ര ചലച്ചിത്രങ്ങളോടുള്ള ആഭിമുഖ്യത്തിനും യഥാര്‍ത്ഥസംഭവങ്ങളെ ആസ്പദമാക്കിയുള്ള ആവിഷ്കാരങ്ങള്‍ക്കും ഒപ്പം കുടിയേറ്റ ജനതയുടെയും ഇതര വംശീയസമൂഹജീവിതങ്ങളുടെയും കാഴ്ചകള്‍ക്ക് ചലച്ചിത്രങ്ങളില്‍ ഏറ്റുപറച്ചില്‍ സ്വഭാവത്തോടെയുള്ള സാക്ഷാത്കാരങ്ങള്‍ കൂടുതലായി ലഭിക്കുകയും ചെയ്തു. മൂണ്‍ ലൈറ്റ്, ഗെറ്റ് ഔട്ട്, ബ്ലാക് പാന്തര്‍, ബ്ലാക് ക്ലാന്‍സ് മാന്‍, ദ ഹെയ്റ്റ് യു ഗിവ് തുടങ്ങിയവ സമീപകാലത്തെ ഉദാഹരണങ്ങള്‍. പീറ്റര്‍ ഫാരെല്ലിയുടെ ഉള്ളടക്ക പരിചരണരീതി യഥാതഥമാണ്. എടുത്തു പറയത്തക്ക പ്രത്യേകതകളൊന്നും ഇല്ലാത്ത ഈ സിനിമയ്ക്ക് ഓസ്കാര്‍ ലഭിച്ചതില്‍ അസ്വാരസ്യം ആളുകള്‍ പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. സ്വഭാവപരിവര്‍ത്തനത്തിനുള്ള ഉപാധിയെന്ന നിലയില്‍ അമേരിക്കയുടെ വടക്കന്‍ പ്രദേശത്തുനിന്ന് തെക്കന്‍ ഉള്‍നാട്ടിലേക്കുള്ള കാര്‍ യാത്രയെ രൂപകമാക്കുന്ന ഒരു സാധാരണ 'കാലഘട്ട' സിനിമയാണ് ബാഹ്യഘടനയില്‍ ഗ്രീന്‍ ബുക്ക്. യാത്രയിലൂടെ വരുന്ന സ്വഭാവമാറ്റം  ചലച്ചിത്രങ്ങള്‍ക്ക് പ്രിയപ്പെട്ട പ്രമേയമാണ്. സ്വന്തം കുടുംബബന്ധങ്ങള്‍ വിച്ഛേദിക്കുകയും വെള്ളക്കാരന്‍റെ അഭിജാതമായ ജീവിതം അനുകരിച്ച് ഒറ്റപ്പെട്ട് കഴിയുകയും ചെയ്യുന്ന ഡോ. ഡോണാള്‍ഡ് ഷേര്‍ളിയുടെ കാഴ്ചപ്പാടില്‍ യാത്ര വരുത്തുന്ന മാറ്റം ചലച്ചിത്രത്തിലെ പ്രധാന വസ്തുതയാണ്. അയാളൊരു മൂന്നാം ലോകത്താണ് കഴിയുന്നത്. നൂറ്റാണ്ടുകള്‍ നീണ്ടുനിന്ന അടിമജീവിതം നയിക്കുകയും അക്ഷരാഭ്യാസമില്ലാതെ കൃഷിക്കാരും ഖനിത്തൊഴിലാളികളുമായി അപരിഷ്കൃതജീവിതം നയിച്ചുവരികയും ചെയ്യുന്ന സ്വന്തം വര്‍ഗക്കാരെ കൂടെ കൂട്ടാന്‍ അയാള്‍ക്ക് കഴിയുന്നില്ല. വടക്കന്‍ കരോലിനയിലേക്കുള്ള യാത്രയ്ക്കിടയില്‍ കീറി പറിഞ്ഞ വസ്ത്രം ധരിച്ച കര്‍ഷകരായ പാവപ്പെട്ട മനുഷ്യര്‍ അയാളെയും അയാള്‍ തിരിച്ചും നോക്കി നില്‍ക്കുന്ന ഒരു ദൃശ്യം സിനിമയിലുണ്ട്. അയാളപ്പോള്‍ വെള്ളക്കാരന്‍ ഡ്രൈവറായുള്ള കാറില്‍ വിലപിടിപ്പുള്ള വേഷവിതാനങ്ങളുമായി അവര്‍ക്ക് സ്വപ്നം കാണാന്‍പോലും പറ്റാത്ത ലോകത്തിലാണ്. ആ നിലക്ക് അയാള്‍ തീരെ കറുത്തവര്‍ഗക്കാരനല്ല. ആ ഭാവം അയാളുടെ മുഖത്തുണ്ട്. എന്നാല്‍ സംഗീത പരിപാടിക്ക് മുന്‍പോ ശേഷമോ വെളുത്തമനുഷ്യരുടെ ശുചിമുറി അയാള്‍ക്ക് ഉപയോഗിക്കാന്‍ പറ്റില്ല. അവര്‍ ആഹാരം കഴിക്കുന്ന ഹാളില്‍ അയാള്‍ക്ക് പ്രവേശനമില്ല. ഇഷ്ടപ്പെട്ട വസ്ത്രം കടയില്‍നിന്ന് എടുത്ത് ഇട്ടു നോക്കാന്‍ പറ്റില്ല. അയാളുടെ ഡ്രൈവര്‍ക്കും സംഘാംഗങ്ങള്‍ക്കും ലഭിക്കുന്ന സൗകര്യംഅയാള്‍ക്ക് ലഭിക്കില്ല. യാത്രയ്ക്കിടയില്‍ വെള്ളക്കാരാലോ പൊലീസുകാരാലോ അയാള്‍ ഏതു സമയവും കൈയേറ്റം ചെയ്യപ്പെടാനുള്ള സാധ്യത വളരെയാണ്. പരിപാടിക്ക് തയ്യാറെടുക്കാന്‍ സംഘാടകര്‍ നല്‍കുന്നത് സ്റ്റോര്‍മുറികളും മറ്റുമാണ്. ആ നിലയ്ക്ക് കാഴ്ചയില്‍ ഉയര്‍ന്നിരിക്കുന്നുവെങ്കിലും താഴേക്കിടയിലുള്ളതാണ് അയാളുടെ ജീവിതം. സമ്പന്നനും അഭ്യസ്തവിദ്യനും പല ഭാഷകള്‍ സംസാരിക്കുന്നവനും പ്രതിഭാശാലിയുമാണെങ്കിലും സംഗീതപരിപാടി കഴിഞ്ഞാല്‍ അയാള്‍ പോകേണ്ടത് കറുത്തവര്‍ഗക്കാരായ പാവപ്പെട്ട മനുഷ്യര്‍ക്കുമാത്രമായുള്ള തൊഴുത്തുപോലെയുള്ള വാസസ്ഥലങ്ങളിലാണ്. അവിടെ കോട്ടും സ്യൂട്ടുമണിഞ്ഞിരുന്ന് വിലകൂടിയ മദ്യം ഉപയോഗിക്കുന്ന ആ മനുഷ്യന്‍ പരിസരവുമായി ചേര്‍ച്ചയില്ലാത്ത ഒരു കോമാളിയാണ്. ഡോ. ഡോണ്‍ ഷേര്‍ളിയുടെ ഈ സ്വത്വപ്രതിസന്ധിയാണ് 'ഗ്രീന്‍ബുക്കി'ലെ ആന്തരികസംഘര്‍ഷത്തെ കനപ്പെടുത്തുന്നത്.  കേവലമായ ഒരു മുദ്രാവാക്യമല്ല അത്.
     ന്യൂയോര്‍ക്കില്‍നിന്നു തുടങ്ങി ബിര്‍മിംഗ്ഹാമില്‍ അവസാനിക്കുന്ന കാര്‍യാത്ര യഥാര്‍ത്ഥത്തില്‍ മാറ്റി മറിക്കുന്നത്, ഡോ. ഷേര്‍ളിയെന്ന സംഗീതജ്ഞനെ മാത്രമല്ല, അമേരിക്കയില്‍ അരികു ജീവിതം നയിക്കുന്ന കുടിയേറ്റക്കാരുടെ പ്രതിനിധിയാണെങ്കിലും വര്‍ണവിവേചനത്തില്‍ വീണ്ടുവിചാരമില്ലാതെ വെളുത്ത അമേരിക്കന്‍ മനസ് സ്വാംശീകരിച്ച മറ്റൊരു വ്യക്തിയെയുമാണ്. ടോണി ലിപ് എന്നു വിളിപ്പേരുള്ള മുഠാളനും തീറ്റിപ്രിയനും ഇറ്റാലിയന്‍ വേരുകളുള്ളയാളുമായ  ഫ്രാങ്ക് ടോണി വെല്ലലോംഗയെ. ഇയാളാണ് ചലച്ചിത്രത്തിന്‍റെ ആഖ്യാനത്തിലെ വീക്ഷണസ്ഥാനം. യൂറോപ്യന്‍ അമേരിക്കന്‍ വംശീയസംഘത്തില്‍ നാലാം സ്ഥാനമാണ് ഇറ്റലിയില്‍നിന്ന് കുടിയേറിയവര്‍ക്കുള്ളത്. അക്രമത്തോടുള്ള ആഭിമുഖ്യവും  എടുത്തടിച്ചതുപോലെയുള്ള  പെരുമാറ്റവും കാരണം അമേരിക്കന്‍ സമൂഹത്തിനിടയില്‍ നല്ല സ്ഥാനമല്ല ഈ വിഭാഗത്തിനുമുണ്ടായിരുന്നത്. 100 വര്‍ഷം മുന്‍പ് ന്യൂയോര്‍ക്ക് ടൈംസ് 'അവര്‍ നീഗ്രോകളേക്കാള്‍, പോളണ്ടുകാരേക്കാള്‍ മോശക്കാരാണെന്ന്' എഴുതിപ്പിടിപ്പിച്ചത് ഇവരെപ്പറ്റിയാണ്. ടോണി ലിപ് ജോലി ചെയ്യുന്ന കോപാകബാന എന്ന നിശാക്ലബ് പുനരുദ്ധാരണത്തിനായി അടച്ചിടുകയും കുടുംബം പുലര്‍ത്താന്‍ മറ്റൊരു ജോലി ആവശ്യമായി വരികയും ചെയ്ത സമയത്താണ്, ഡോ. ഷേര്‍ളിയുടെ സംഗീത പര്യടനത്തിന് അകമ്പടി സേവിക്കാനും ഡ്രൈവറാകാനും ഉള്ള അവസരം അയാളെ തേടി വരുന്നത്. വീട്ടില്‍ ജോലിയ്ക്കായി വന്ന രണ്ട് കറുത്ത പണിക്കാര്‍ കുടിച്ച ഗ്ലാസുകള്‍ ചവറ്റുകുട്ടയില്‍ ഇടുന്ന ആരംഭദൃശ്യങ്ങളില്‍ ഒന്നില്‍നിന്നുതന്നെ അയാളുടെ കറുത്തവര്‍ഗക്കാരോടുള്ള മനോഭാവം സിനിമയില്‍ വ്യക്തമാക്കിയിട്ടുണ്ട്.  തൃപ്തിയുണ്ടായിട്ടല്ല, മറിച്ച് വാഗ്ദാനം ചെയ്യുന്ന പ്രതിഫലത്തുകയുടെ വലിപ്പമാണയാളെ, തന്നെ പരിചരിക്കുകകൂടിവേണം എന്ന നിര്‍ദ്ദേശത്തെ പൂര്‍ണമായും തള്ളിക്കളഞ്ഞിട്ട് ഡോ.ഷേര്‍ളിയുടെ ഡ്രൈവര്‍ ജോലി ഏറ്റെടുപ്പിക്കുന്നത്. എന്നാല്‍ മറ്റൊന്നുള്ളത് സാഹചര്യസമ്മര്‍ദ്ദങ്ങളെ കൈകാര്യം ചെയ്യാന്‍ അയാള്‍ക്ക് പ്രത്യേകമായ വൈദഗ്ധ്യം ഉണ്ടെന്നതാണ്. അക്കാര്യം ഷേര്‍ളി പ്രത്യേകമായി മനസിലാക്കിയിട്ടുണ്ട്. പിന്നീടുള്ള യാത്രയില്‍ ആ ധാരണ ശരിയാണെന്ന് ടോണി തെളിയിക്കുകയും ചെയ്യുന്നു. കാറിന്‍റെ ഡിക്കിയില്‍ കറുത്തവര്‍ഗക്കാരനായ താത്കാലിക യജമാനന്‍റെ  സാധനങ്ങള്‍ എടുത്തുവയ്ക്കാന്‍പോലും തയ്യാറാകാത്തവിധത്തില്‍ അഹങ്കാരിയായിരുന്നു തുടക്കത്തില്‍ അയാള്‍. രാജ്യത്തിന്‍റെ രാഷ്ട്രീയ- സാംസ്കാരിക ചരിത്രങ്ങളുടെ സന്ധിഘട്ടത്തില്‍ വെളുത്ത അമേരിക്കയുടെ മേലാളത്തത്തിനു കീഴെയുള്ള ഇതര വംശീയവിഭാഗങ്ങളുടെപോലും അപമാനങ്ങളേറ്റു കഴിയേണ്ടി വരുന്ന ഗതികേടിനെ മുന്‍നിര്‍ത്തിയാണ് കറുത്തവനായ ഷേര്‍ളിയുടെ അനുഭവങ്ങള്‍ക്ക് ചിത്രത്തില്‍ മുന്‍തൂക്കം കിട്ടുന്നത്. 
വംശീയതയുടെ വൈരുദ്ധ്യങ്ങള്‍
അമേരിക്കന്‍ സമൂഹത്തിന്‍റെ വ്യത്യസ്തതലങ്ങളില്‍നിന്നു വരുന്ന ഈ മനുഷ്യര്‍, പ്രകടമായ വൈരുദ്ധ്യങ്ങളുടെ അരങ്ങുകള്‍കൂടിയാണ്. ന്യൂയോര്‍ക്കില്‍നിന്ന് തുടങ്ങുന്ന യാത്ര പരിണമിപ്പിക്കുന്നത് വ്യക്തികളുടെ ബാഹ്യവും ആന്തരികവുമായ പ്രകൃതങ്ങളെ മാത്രമല്ല, ഇടപഴകലിന്‍റെയും ഒറ്റപ്പെടുത്തലിന്‍റെയും രാഷ്ട്രീയത്തെക്കൂടിയാണ്.  യാത്ര ആരംഭിക്കുമ്പോള്‍ ടോണി, ഡോ. ഷേര്‍ളിയുടെ ഡ്രൈവറാണ്. ക്രിസ്മസ് തലേന്ന് യാത്ര ടോണിയുടെ വീട്ടിലെത്തി അവസാനിക്കുമ്പോള്‍ വണ്ടിയോടിക്കുന്നത് ഡോ.ഷേര്‍ളിയാണ്. പിന്നിലെ സീറ്റില്‍ തളര്‍ന്നുറങ്ങുന്ന  ടോണിയെ ക്രിസ്മസ്ത്തലേന്ന് വീട്ടിലെത്തിച്ചുകൊള്ളാമെന്ന് അയാളുടെ ഭാര്യക്ക് കൊടുത്ത വാക്ക് പാലിക്കാനയാള്‍ കാറിന്‍റെ ഡ്രൈവിങ് ഏറ്റെടുക്കുന്നു. മാന്യവും അന്തസ്സുള്ളതുമായ പെരുമാറ്റവും ആശയപ്രകാശന രീതികളും ടോണി വെല്ലലോംഗ ശീലിക്കുന്നു. അയാളുടെ ഭാര്യ, ഡോളോറെസ് വെല്ലലോംഗയ്ക്കുള്ള കത്തുകളിലെ ആശയവും ഭാഷയും ഷേര്‍ളി പരിഷ്കരിക്കുന്നു.  'അക്രമംകൊണ്ട് ഒരിക്കലും ഒരാള്‍ക്ക് ജയിക്കാന്‍ പറ്റില്ലെന്നും അന്തസ്സിനാണ് നിലനില്‍പ്പുള്ളതെന്നും അതുകൊണ്ടുമാത്രമേ ജീവിതജയം കൈവരൂ' എന്നുമാണ് അയാളുടെ വിശ്വാസം. പെരുമാറ്റത്തിലുടനീളം 'അന്തസ്സ്, മാന്യത' തുടങ്ങിയ ഉപരിവര്‍ഗമൂല്യങ്ങള്‍ക്ക് അയാള്‍ നല്‍കുന്ന പ്രാധാന്യം ചലച്ചിത്രത്തില്‍ വ്യക്തമാണ്. സിംഹാസനം എന്ന് ടോണി പരിഹസിക്കുന്ന ഇരിപ്പിടത്തിലാണ് വീട്ടില്‍ അയാളുടെ ഇരിപ്പ്. വസ്ത്രധാരണത്തിന്‍റെയും ശരീരനിലകളുടെയും ഭക്ഷണരീതികളുടെയും പ്രത്യേകതകളും വെള്ളക്കാരുടെ ആചാരമര്യാദകളെ അനുകരിക്കുന്നത്, നൂറ്റാണ്ടുകളായി അടിമകളായിരിക്കുകയും രാവും പകലും അപമാനത്തിനിരയാവുകയും ചെയ്യുന്ന ഒരു വര്‍ഗത്തിന്‍റെ അപകര്‍ഷത്തെ താണ്ടാന്‍ അയാള്‍ക്കുള്ള ഏകമാര്‍ഗമാണ് ഇതെല്ലാം. ചുറ്റുമുള്ള അഭിജാതവര്‍ഗത്തിന്‍റെ രീതികള്‍ അനുകരിക്കുകയും സ്വാംശീകരിക്കുകയും ചെയ്ത് അടിച്ചേല്‍പ്പിക്കപ്പെട്ട അധമബോധത്തെ അകറ്റാനുള്ള വ്യക്തികളുടെ ശ്രമത്തിന് ചരിത്രത്തില്‍ വേറെയും ഉദാഹരണങ്ങളുണ്ട്. 
     വെളുത്ത അമേരിക്കന്‍ സദസ്സിന് ഡോ. ഡോണാള്‍ഡ് ഷേര്‍ളി എന്ന കറുത്ത വര്‍ഗക്കാരനെ സ്വീകാര്യനാക്കുന്നത് ക്ലാസിക്കല്‍ പിയാനിസ്റ്റ് എന്ന പദവിയാകുന്നു. തങ്ങള്‍ പരിഷ്കൃതരാണെന്ന് ബോധ്യപ്പെടുത്താന്‍ അവര്‍ വേണ്ടിയുള്ള നാട്യം മാത്രമാണത്. സംഗീതപരിപാടിക്കു മുന്‍പും ശേഷവും അമേരിക്കന്‍ സമൂഹത്തിന് അയാള്‍ തൊടാനും കൂടെയിരുത്താനും പാടില്ലാത്ത 'കറമ്പനാണ്'. പരിഷ്കൃത വെള്ളക്കാരസമൂഹത്തിന്‍റെ ഇരട്ടത്താപ്പ് ഷേര്‍ളി മനസിലാക്കാതിരിക്കുന്നില്ല. എന്നാല്‍ സാമൂഹിക അപകര്‍ഷങ്ങളെ ആട്ടിയോടിക്കാനുള്ള കച്ചിത്തുരുമ്പാണ് അയാള്‍ക്ക് സംഗീതം.  അതുകൊണ്ട് അതിന്‍റെ ദുര്‍ബലതപോലും അയാള്‍ക്ക് പ്രധാനമാണ്. സ്വന്തം വര്‍ഗത്തിനും അന്യവര്‍ഗത്തിനും ഇടയില്‍ ഗതിയില്ലാതെ ഉഴറുന്നതിനു പകരം, സ്വന്തം മനസ്സാക്ഷിക്ക് യോജിച്ച രീതിയില്‍ കാര്യങ്ങള്‍ ചെയ്ത് മനസ്സുഖം നേടാമെന്ന് അയാളെ ടോണി ലിപ്, അപരിഷ്കൃതവും ആരെയും കൂസാത്തതുമായ പെരുമാറ്റ രീതികള്‍കൊണ്ട് പഠിപ്പിക്കുന്നു. ഷേര്‍ളിയിലും ടോണിയിലുമുള്ള വൈരുദ്ധ്യം മുഴുവന്‍ അവരവര്‍ പ്രതിനിധീകരിക്കുന്ന വര്‍ഗങ്ങളുടെയുമാണെന്ന വിവക്ഷകളിലാണ് കഥാപാത്രങ്ങളുടെ കാതല്‍. അവിടെയാണ് നിക് വെല്ലലോംഗയും (യഥാര്‍ത്ഥ ജീവിതത്തില്‍ ടോണി വെല്ലലോംഗയുടെ മകനാണ് നിക്)  ബ്രിയാന്‍ ഹെയ്സ് ക്യൂറിയും പീറ്റര്‍ ഫാരെല്ലിയും ചേര്‍ന്നു തയ്യാറാക്കിയ തിരക്കഥ അതിന്‍റെ ശക്തി തെളിയിക്കുന്നത്. കുടുംബസ്നേഹം, സഹോദരസംഘങ്ങളിലെ പങ്കാളിത്തം, റോമന്‍ കാത്തലിക് മതവിശ്വാസത്തിലുള്ള നിഷ്ഠ, കായിക താത്പര്യങ്ങള്‍ തുടങ്ങിയവ ഇറ്റാലിയന്‍ അമേരിക്കക്കാരുടെ  പ്രത്യേകതകളായി സിനിമയില്‍ ടോണിയുടെ വീടിന്‍റെ പശ്ചാത്തലത്തിലുള്ള പല ദൃശ്യങ്ങളിലൂടെ സൂചിപ്പിച്ചിട്ടുണ്ട്. മറുവശത്ത് സാമൂഹികവും കുടുംബപരവുമായ ഒറ്റപ്പെടല്‍, സമ്പന്നമായ കലാപാരമ്പര്യവും ശേഷികളും, ധാര്‍മികവും ഉപചാരപരവുമായ കുഴമറിച്ചില്‍ തുടങ്ങിയ കാര്യങ്ങളില്‍ ആഫ്രിക്കന്‍ അമേരിക്കന്‍ സമൂഹം അനുഭവിക്കുന്ന പ്രതിസന്ധികളെ ഷേര്‍ളിയും പ്രതിനിധീകരിക്കുന്നു.
' ഏകാകികളായി കഴിയുന്നവരുടെ ലോകം'
വ്യക്തിബന്ധങ്ങള്‍ മുഴുവന്‍ താറുമാറായി കിടക്കുന്ന ഷേര്‍ളിയുടെ ഏകാന്തമായ ജീവിതത്തെ
ലാക്കാക്കി 'ആദ്യത്തെ ചുവടു വയ്ക്കാന്‍ ഭയന്ന് കഴിയുന്ന ഏകാകികളായ മനുഷ്യരാണ് ലോകം മുഴുവന്‍' എന്ന ഒരു തത്ത്വശകലം ടോണി പങ്കുവയ്ക്കുന്നുണ്ട്. ഭാര്യ അയാളെ ഉപേക്ഷിച്ചുപോയി. സഹോദരന്‍ തന്‍റെയത്ര പരിഷ്കൃതനല്ലെന്ന കാരണത്താല്‍ അയാളില്‍നിന്നും അകന്നു കഴിയുന്നു.  അതേ കാരണത്താല്‍ പാവപ്പെട്ടവരും നിരക്ഷരരുമായ കറുത്തവരോട് താദാത്മ്യപ്പെടാനും അയാള്‍ പ്രയാസം അനുഭവിക്കുന്നു. അമേരിക്കയില്‍ മാനുഷികമായ പ്രവൃത്തിയല്ലാതിരുന്ന സ്വവര്‍ഗസ്നേഹവും അയാളുടെ
ലൈംഗികജീവിതത്തിന്‍റെ പ്രകാശനത്തെ പ്രശ്നത്തിലാക്കുന്നു. അയാള്‍ക്ക് വേണ്ടത്ര കറുത്തവനോ


വേണ്ടത്ര വെളുത്തവനോ വേണ്ടത്ര മനുഷ്യന്‍ തന്നെയോ ആകാന്‍ കഴിയുന്നില്ലെന്നൊരു പ്രതിസന്ധിയുണ്ട്. അതയാള്‍ സ്വയം വരുത്തിവച്ചതല്ല. സമൂഹം ഏല്‍പ്പിച്ചതാണ്. അതിനിടയില്‍പ്പെട്ടു കുഴങ്ങുന്ന ഏകാന്തമായൊരു നിലവിളിയാണ് സിനിമയിലെ ഡോ. ഡോണ്‍ ഷേര്‍ളി എന്ന കഥാപാത്രത്തിന്‍റെ യഥാര്‍ത്ഥ പശ്ചാത്തലം.
     വര്‍ഷങ്ങള്‍ക്കു മുന്‍പ് വെളുത്തവരുടെ സദസ്സില്‍ അവരുടെ സംഗീതം അവതരിപ്പിക്കാന്‍ വന്ന കറുത്തവര്‍ഗക്കാരനെ വംശീയ വെറികൊണ്ടാണ് ഒരു കൂട്ടം മര്‍ദ്ദിച്ച് ഇറക്കി വിട്ടതെങ്കില്‍ ആ ചരിത്രം 1962-ല്‍ ആവര്‍ത്തിക്കുന്നത് സ്വന്തം ഇഷ്ടപ്രകാരം കലാകാരന്‍ ഇറങ്ങി പോകുന്നിടത്താണ്. അവിടത്തെ റെസ്റ്റൊറന്‍റില്‍ നാലുപേര്‍ക്കൊപ്പമിരുന്ന് ആഹാരം കഴിക്കാന്‍ അനുവദിക്കാതിരുന്നതിന്‍റെ പേരില്‍ ബിര്‍മിംഗ്ഹാമിലെ പരിപാടി ഡോ. ഷേര്‍ളി വേണ്ടെന്നു വയ്ക്കുന്നു. അതിനു ടോണിയുടെ പിന്തുണയുമുണ്ട്. അതാണവരുടെ ചേര്‍ച്ചയുടെ അങ്ങേയറ്റത്തെ ബിന്ദു. കറുത്തവര്‍ഗക്കാരന്‍റെ ഡ്രൈവറായിരിക്കുക എന്ന അപമാനകരമായ പ്രവൃത്തി (മേരിവില്ലിയിലെ പൊലീസുകാരന്‍ ഏതാണ്ട് ഇതേകാര്യം പറഞ്ഞ് അപഹസിച്ചതിനാലാണ് ടോണി അയാളെ തല്ലുന്നത്) കൂടുതല്‍ പണം കിട്ടുന്ന പണി നല്‍കാമെന്ന് അയാളുടെ ഇറ്റാലിയന്‍ കൂട്ടുകാര്‍ വഴിക്കുവച്ച് വാഗ്ദാനം ചെയ്തിട്ടും തുടരാന്‍ തന്നെയായിരുന്നു ടോണിയുടെ തീരുമാനം. യാത്രയ്ക്കിടയില്‍ ടോണി പലയിടത്തുവച്ചും  ഷേര്‍ളിയെ രക്ഷിക്കുന്നു. ബാറിലെ അക്രമികളായ വെള്ളക്കാരില്‍നിന്ന്, മറ്റൊരു ബാറിനു വെളിയില്‍ കൊള്ളയടിക്കാരായ കറുത്തവരില്‍നിന്ന്, 'പ്രകൃതിവിരുദ്ധ ലൈംഗികത'യ്ക്ക് പിടിയിലായപ്പോള്‍ പൊലീസില്‍നിന്ന്.  ഇഷ്ടമുള്ള ഭക്ഷണം ഉപചാരങ്ങളൊന്നും കൂടാതെ രസിച്ചു കഴിക്കാന്‍ ടോണിയാണ് ഷേര്‍ളിയെ പഠിപ്പിക്കുന്നതെങ്കില്‍ അന്തസ്സായി കത്തെഴുതാനെന്നപോലെ വെറുതേ താഴെ കിടക്കുന്ന കല്ലെടുക്കുന്നതും മോഷണമാണെന്ന ഉപചാരവൃത്തി ഷേര്‍ളി തിരിച്ചും പഠിപ്പിക്കുന്നു. അയാളുടെ സംഗീതവൈദഗ്ധ്യത്തിലും ഉന്നതരായ ആളുകളുമായുള്ള പിടിപാടിലും ടോണി ലിപിനു ബഹുമാനമുണ്ട്. രാജ്യത്തെ അറ്റോര്‍ണി ജനറലായ റോബര്‍ട്ട് കെന്നഡി നേരിട്ടിടപെട്ടാണവരെ മേരിവില്ലിയിലെ ലോക്കപ്പില്‍നിന്നും മോചിപ്പിക്കുന്നത്. നേരത്തേ പറഞ്ഞതുപോലെ സാഹചര്യങ്ങളുടെ സമ്മര്‍ദ്ദത്തെ കൈകാര്യം ചെയ്യാന്‍ പ്രത്യേക വൈദഗ്ധ്യം ഉണ്ടെന്ന പ്രസ്താവത്തെ ടോണിയും അന്തസ്സും മാന്യതയുമാണ് ആത്യന്തികമായി വിജയിക്കുക എന്ന സ്വന്തം വാക്കുകളെ ഷേര്‍ളിയും അവരവരുടെ പ്രവൃത്തികളിലൂടെ തെളിയിക്കുകയാണ് ചെയ്യുന്നത് എന്നര്‍ത്ഥം.
     ടോണിയെന്ന നിശാക്ലബ് കാവല്‍ക്കാരനും ഷേര്‍ളിയെന്ന സംഗീതജ്ഞനും എട്ട് ആഴ്ചകള്‍ക്കു മുന്‍പുള്ള അവരവരുടെ ജീവിതത്തിലേക്കാണ്, യാത്ര കഴിഞ്ഞ് മടങ്ങിപ്പോകാനുള്ളത്. എന്നാല്‍  മടങ്ങിപ്പോകുന്നത് പഴയ ആളുകളായല്ലെന്ന സൂചനയോടെയാണ് സിനിമ അവസാനിക്കുന്നത്. ക്ഷണം ആദ്യം നിരസിക്കുന്നുവെങ്കിലും ഷേര്‍ളി, ഒരു ഷാമ്പെയിന്‍ കുപ്പിയുമായി ടോണിയുടെ വീട്ടിലെ കുടുംബകൂടിച്ചേരലിന് എത്തുന്നതില്‍ കാവ്യാത്മകമായ ഒരു അവസാനമാണുള്ളത്. സിനിമയുടെ തുടക്കത്തില്‍ അതേ വീട്ടില്‍, അതേ സൗഹൃദസംഘത്തിന്‍റെ മുന്നില്‍ വച്ചാണ് ടോണി വീട്ടില്‍ പണിക്കുവന്നവര്‍ കുടിച്ച ഗ്ലാസുകളെടുത്ത് കുപ്പയിലിടുന്നത്. 'ഞാന്‍ സ്വീകാര്യനല്ലാത്ത വെള്ളക്കാരുടെ താവളങ്ങളിലേക്കൊന്നും (വൈറ്റ് എസ്റ്റാബ്ലിഷ്മെന്‍റ്) ഇനിയില്ലെന്നാണ്' ബിര്‍മിംഗ്ഹാമിലെ പരിപാടി ഉപേക്ഷിച്ചശേഷം  ഷേര്‍ളി ടോണിയെ കാറില്‍വച്ച് അറിയിക്കുന്നത്. അതില്‍ ഉറച്ചുനില്‍ക്കാനുള്ള തീരുമാനം  വീട്ടിലേക്ക് ഉള്ള ക്ഷണം ആദ്യം നിരസിച്ചതിന്‍റെ പിന്നിലുണ്ടാവണം. കത്തിയും ഫോര്‍ക്കും പ്ലേറ്റുമില്ലാതെ പൊരിച്ച കോഴിയെ കൈകൊണ്ട് തിന്ന് എല്ല് കാറിനു പുറത്തേക്ക് വലിച്ചെറിയുന്ന തരം സ്വാതന്ത്ര്യം അയാളുടെ മാറ്റത്തിന്‍റെ ആദ്യചുവടുവയ്പായിരുന്നെങ്കില്‍ (വാസ്തവവിരുദ്ധമാണെന്ന് ഷേര്‍ളിയുടെ കുടുംബാംഗങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നുവെങ്കിലും പ്ലേറ്റും ഫോര്‍ക്കുമൊന്നുമില്ലാതെ വെറുംകൈകൊണ്ട് ചിക്കന്‍ ഫ്രൈ തിന്നാന്‍ ഷേര്‍ളി തയ്യാറാവുന്നത് 'ഗ്രീന്‍ബുക്കി'ലെ മോട്ടീഫ് ആണെന്ന് കരുതുന്ന നിരൂപകരുണ്ട്) ഒറ്റപ്പെടല്‍ അവസാനിപ്പിക്കാന്‍ അയാളെടുക്കുന്ന തീരുമാനം അയാളുടെ വ്യക്തിഗതമായ മാറ്റത്തിന്‍റെ അഭിലഷണീയമായ തുടര്‍ച്ചയാണ്.  കറുത്തവരുടെ ബാറില്‍ അവര്‍ക്കായി പിയാനോ വായിച്ചശേഷം വര്‍ഷത്തിലൊരു പ്രാവശ്യമെങ്കിലും സൗജന്യമായി തന്‍റെ വര്‍ഗക്കാര്‍ക്കായി ഇനി താന്‍ സംഗീതപരിപാടി അവതരിപ്പിക്കണം എന്ന ആഗ്രഹപ്രകടനത്തിലൂടെ അതുവരെ ആന്തരികമായി വെള്ളക്കാരനാവാന്‍ വെറുതേ ശ്രമിച്ചുകൊണ്ടിരുന്ന മനുഷ്യന്‍ താനുള്‍പ്പെട്ട വിഭാഗത്തോടുള്ള കടപ്പാടിനെയും തിരിച്ചറിയുന്നു.
കഥയും യാഥാര്‍ത്ഥ്യവും
     വിഗോ മോര്‍ട്ടെന്‍സെനാണ് ടോണി വെല്ലലോംഗായി അഭിനയിച്ചത്. മഹെര്‍ഷാലാ അലി ഡോ. ഡോണാള്‍ഡ് ഷേര്‍ളിയും ലിന്‍ഡാ കാര്‍ഡെല്ലിനി ടോണിയുടെ ഭാര്യ ഡോളോറെസുമായി.  ഓസ്കാറിന്‍റെ സാധ്യതാപട്ടികയില്‍ ഏറെക്കുറെ താഴെയായിരുന്ന 'ഗ്രീന്‍ബുക്കിന്‍റെ' പുരസ്കാരലബ്ധി കുറച്ചുപേരെയെങ്കിലും അത്ഭുതപ്പെടുത്തിയതില്‍ അസ്വാഭാവികതയില്ല. ഓസ്കാറിനു മുന്‍പ് ഗോള്‍ഡെന്‍ ഗ്ലോബ് പുരസ്കാരം നേടിയിരുന്ന 'ഗ്രീന്‍ബുക്കിന്'  എതിരെയുള്ള വിവാദങ്ങളില്‍ പ്രധാനപ്പെട്ടത്, അമേരിക്കയുടെ വര്‍ണവിവേചനഭൂതകാലത്തെപ്പറ്റിയുള്ള പരാമര്‍ശങ്ങളിലെ കൃത്യതയില്ലായ്മയാണ്. ജീവിച്ചിരുന്ന മനുഷ്യരെയും നടന്ന സംഭവങ്ങളെയുംപറ്റിയുള്ള ചിത്രങ്ങളുടെ കാര്യത്തില്‍ അവ സ്വാഭാവികമാണ്. 1962- ലെ യാത്രയ്ക്കു ശേഷം ടോണിയും ഷേര്‍ളിയും തങ്ങളുടെ സൗഹൃദം തുടര്‍ന്നിരുന്നു. വീണ്ടും അവര്‍ യാത്രയും ചെയ്തിരുന്നു. ഇവരെ രണ്ടുപേരെയും പ്രത്യേകിച്ചും ഷേര്‍ളിയുടെ കുടുംബാംഗങ്ങളുമായി വിശേഷിച്ചും ചര്‍ച്ചകള്‍ നടത്തിയതിനുശേഷമാണ് തിരക്കഥ തയാറാക്കിയതെന്നുള്ളതുകൊണ്ട് സിനിമയില്‍ കാണുന്നതെല്ലാം വസ്തുനിഷ്ഠയാഥാര്‍ത്ഥ്യങ്ങള്‍ മാത്രമാണെന്നാണ് നിക് വെല്ലലോംഗയുടെ അഭിപ്രായം. ഡോ.ഷേര്‍ളിയ്ക്ക് മൂന്ന് സഹോദരന്മാരുണ്ടായിരുന്നെന്നും അവര്‍ മൂന്നുപേരും ഉയര്‍ന്ന പഠിപ്പുള്ളവരും വിവിധഭാഷകള്‍ സംസാരിക്കുന്നവരും പലതരത്തില്‍ കഴിവുള്ളവരുമായിരുന്നു എന്നും ടോണിയുമായുള്ള കാര്‍ യാത്ര സമയത്ത് ഷേര്‍ളി അവരുമായി സാധാരണ നിലയില്‍ ബന്ധം പുലര്‍ത്തിയിരുന്നെന്നും ഒരു കുടുംബാംഗത്തെ ഉദ്ധരിച്ച് ഗബ്രിയേല്‍ ബ്രൂണി 'എസ്ക്യുറില്‍' എഴുതുന്നു. അന്നത്തെ സണ്‍ ഡൗണ്‍ ടൗണുകളെക്കുറിച്ചുള്ള സിനിമയിലെ ചില പൊരുത്തക്കേടുകള്‍ 'ഗാര്‍ഡിയന്‍' ലേഖനത്തില്‍ ടോം മക്കാര്‍ത്തിയും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഒരേ വര്‍ഷമാണ് സുഹൃത്തുക്കളായ  ടോണിയുടെയും ഷേര്‍ളിയുടെയും മരിച്ചത്.  2013 -ല്‍. ഗ്രീന്‍ബുക്കിന്‍റെ സംവിധായകന്‍ പീറ്റര്‍ ഫാരെല്ലിക്ക്  'മൂവി 43' എന്ന സിനിമയ്ക്ക് ആ വര്‍ഷം ഏറ്റവും മോശം സംവിധായകനുള്ള സമാന്തര അവാര്‍ഡായ ഗോള്‍ഡന്‍ റാസ്പ്ബെറി ലഭിച്ചിരുന്നു. അഞ്ച് വര്‍ഷങ്ങള്‍ക്കു ശേഷം മികച്ച സിനിമയ്ക്കുള്ള ഓസ്കാര്‍ അദ്ദേഹത്തിന്‍റെ 'ഗ്രീന്‍ബുക്കിനു' ലഭിക്കുന്നു. ഏതാണ്ട് ഇതേ അഞ്ചു വര്‍ഷത്തെ കാലാവധിയാണ് ബിര്‍മിംഗ്ഹാമിലെ അഭിജാതസദസ്സില്‍ പിയാനോ വായനയ്ക്കെത്തിയ ആദ്യത്തെ കറുത്തവര്‍ഗക്കാരന്‍റെ ഇറക്കിവിടലിനും ഇറങ്ങിപ്പോക്കിനും ഇടയിലുമുള്ളത്. ആകസ്മികസംഭവങ്ങളുടെ തുകയാണല്ലോ ജീവിതം. അതുപോലെതന്നെ കലകളും.






Share:

എന്‍റെ കഥാപാത്രങ്ങള്‍ സമൂഹത്തോടു സംസാരിക്കുന്നു: നിമിഷ -- ഹര്‍ഷ സരസ്വതി


     എന്തെങ്കിലും നേടിയെടുക്കണമെന്ന് ഒരാള്‍ പൂര്‍ണ മനസോടെ ആഗ്രഹിച്ചാല്‍, ആ ആഗ്രഹം സഫലീകരിക്കുന്നതിനായി ലോകം മുഴുവന്‍ അയാളുടെ സഹായത്തിനെത്തും. ലോകപ്രശസ്ത എഴുത്തുകാരന്‍ പൗലോ കൊയ്ലോയുടെ പ്രസിദ്ധമായ നോവല്‍ ആല്‍കെമിസ്റ്റിലെ വാചകമാണിത്.
     ഒരുപാടു പേര്‍ക്ക് പ്രചോദനം നല്‍കുന്ന ഈ വാക്കുകള്‍ ചിലരുടെയെങ്കിലും ജീവിതത്തില്‍ അര്‍ത്ഥവത്തായിട്ടുണ്ട്. അതിലൊരാളാണ് ഈ വര്‍ഷത്തെ മികച്ച നടിക്കുള്ള കേരള സംസ്ഥാന പുരസ്കാരം നേടിയ നിമിഷ സജയന്‍.
     ഓര്‍മവച്ച കാലം മുതല്‍ സിനിമാനടിയാകണം എന്നു സ്വപ്നം കാണുകയും വലുതായപ്പോള്‍ ആ സ്വപ്നത്തെ കൈയെത്തി പിടിക്കുകയും ചെയ്ത നടിയാണ് നിമിഷ. ആഗ്രഹിച്ചതു നേടിയെടുക്കാന്‍ കാണിച്ച ആത്മാര്‍ത്ഥതയും കഠിനപ്രയത്നവുമാണ് ഈ ഇരുപത്തൊന്നുകാരിയെ മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിന് അര്‍ഹയാക്കിയത്. മുംബൈയില്‍ വളര്‍ന്ന്, മലയാള സിനിമയിലൂടെ നമ്മുടെ സ്വന്തം വീട്ടിലെക്കുട്ടിയായി മാറിയ നിമിഷയുടെ വിശേഷങ്ങളിലേക്ക്.
കഴിഞ്ഞ വര്‍ഷം പ്രതീക്ഷിച്ച അവാര്‍ഡ്
     ഫഹദ് ഫാസിലിനും സുരാജ് വെഞ്ഞാറമ്മൂടിനും ഒപ്പം നിന്നിട്ടും ആ പുതുമുഖ നായികയെ മലയാളികള്‍ ശ്രദ്ധിച്ചു. പിന്നീട് അവള്‍ മുംബൈ മലയാളിയാണെന്നു പറഞ്ഞപ്പോള്‍ എല്ലാവരും അതിശയത്തോടെ പറഞ്ഞു. څശോ കണ്ടാല്‍ നല്ല ഒന്നാന്തരം നാട്ടിന്‍പുറത്തുകാരി മലയാളിക്കൊച്ച്.چ ഞാനും തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന കന്നി ചിത്രത്തിലെ ശ്രീജയുമായി ഒരു ബന്ധവുമില്ല. ഒന്നുകൂടി വ്യക്തമായി പറഞ്ഞാല്‍ എന്‍റെ നേരെ വിപരീതമാണ് ശ്രീജ. ശ്രീജ വളരെ പക്വതയുള്ള പെണ്‍കുട്ടിയാണ്. പക്ഷേ ഞാന്‍ അങ്ങനയേ അല്ല. ശ്രീജയായി എന്നെ സ്ക്രീനില്‍ കണ്ടപ്പോള്‍ ഞാന്‍ തന്നെ അതിശയിച്ചുപോയി. തൊണ്ടിമുതലിലെ ശ്രീജയാകാന്‍ എന്നെ ഏറ്റവുമധികം സഹായിച്ചത് ചിത്രത്തിന്‍റെ സംവിധായകന്‍ കൂടിയായ ദിലീഷേട്ടനാണ്. വളര്‍ന്നതൊക്കെ മുംബൈയില്‍ ആയതുകൊണ്ട് എനിക്ക് ഇവിടത്തെ ജീവിതത്തെക്കുറിച്ച് വലിയ ധാരണയുണ്ടായിരുന്നില്ല. സാധാരണ മനുഷ്യരേയും ഓരോ സംഭവങ്ങളോടും അവര്‍ പ്രതികരിക്കുന്ന രീതിയുമൊക്കെ കണ്ടു മനസിലാക്കാന്‍ ചേട്ടന്‍ പറഞ്ഞു. ഇങ്ങനെ ഓരോ കുഞ്ഞു കുഞ്ഞു കാര്യങ്ങളും പറഞ്ഞു തന്ന് അവരൊക്കെ കൂടെ നിന്നതുകൊണ്ടാണ് എനിക്ക് വളരെ എളുപ്പത്തില്‍ ശ്രീജയായി മാറാന്‍ സാധിച്ചത്. തൊണ്ടിമുതലും ദൃക്സാക്ഷിയും കണ്ട ഒരുപാടു പേര് എന്നെ വിളിച്ചു പറഞ്ഞിരുന്നു ഇതിന് എന്തായാലും അവാര്‍ഡ് കിട്ടും എന്ന്. കേള്‍ക്കുമ്പോള്‍ സന്തോഷം തോന്നിയിരുന്നെങ്കിലും അവാര്‍ഡ് കിട്ടും എന്നു ഞാന്‍ പ്രതീക്ഷിച്ചതേയില്ല. എന്നെ സംബന്ധിച്ചിടത്തോളം തൊണ്ടിമുതലിലെ ശ്രീജയെ എല്ലാവര്‍ക്കും അത്രയേറെ ഇഷ്ടമാണല്ലോ എന്നോര്‍ത്താണ് ഞാന്‍ സന്തോഷിച്ചതും. തുടക്കക്കാരി എന്ന നിലയില്‍ ആദ്യത്തെ സിനിമയില്‍ തന്നെ അങ്ങനെ ഒരു നല്ല വാക്ക് കേള്‍ക്കുക എന്നതു വളരെ വലിയൊരു കാര്യമല്ലേ. കഴിഞ്ഞ വര്‍ഷം തൊണ്ടിമുതലും ഈടയുമുണ്ടായിരുന്നു. വളരെ ബോള്‍ഡ് ആയ കഥാപാത്രമാണ് ഈടയിലും ചെയ്തത്. ഈ രണ്ടു സിനിമയും പരിഗണിച്ച് പറഞ്ഞവരുമുണ്ട്.
ഇഷ്ടം നല്ല സിനിമകളോടാണ്
     ഈ വര്‍ഷത്തെ മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് എനിക്കാണെന്ന് അറിഞ്ഞപ്പോള്‍, എല്ലാവരേയും പോലെ എനിക്കും പറഞ്ഞറിയിക്കാന്‍ പറ്റാത്തത്ര സന്തോഷം തോന്നിയിരുന്നു. ആ ദിവസങ്ങളില്‍ വീട്ടില്‍ ഫോണ്‍ വിളികളുടെ ബഹളമായിരുന്നു. പക്ഷേ ആഘോഷങ്ങളെല്ലാം കഴിഞ്ഞ് വെറുതേ ഇരുന്ന് ചിന്തിച്ചപ്പോള്‍ എനിക്കുതോന്നിയത് കിട്ടിയ പുരസ്കാരങ്ങളെക്കുറിച്ച് ചിന്തിച്ച് സമയം കളയാന്‍ പാടില്ലെന്നാണ്. അവാര്‍ഡ് കിട്ടി, ആഘോഷം കഴിഞ്ഞു. ഇനി അതുതന്നെ ഓര്‍ത്തിരുന്ന് മറ്റ് പ്രോജക്ടുകളില്‍ ഉഴപ്പരുതെന്ന് അമ്മ പറഞ്ഞു. അതു ശരിയാണെന്നാണ് എന്‍റേയും അഭിപ്രായം. ഞാന്‍ ഇപ്പോള്‍ പുതിയ സിനിമകള്‍ക്കായുള്ള ഒരുക്കത്തിലാണ്. അവാര്‍ഡ് എന്നതിലുപരി എനിക്കിഷ്ടം നല്ല സിനിമകളാണ്; നല്ല കഥാപാത്രങ്ങളാണ്. കിട്ടുന്ന കഥാപാത്രങ്ങളെ മികച്ച രീതിയില്‍ അവതരിപ്പിച്ചാലല്ലേ ഇനിയും അംഗീകരിക്കപ്പെടൂ. ഇപ്പോള്‍ അവാര്‍ഡ് നേടിത്തന്ന ഹന്നയും ജാനുവും എനിക്ക് എത്ര പ്രിയപ്പെട്ടവരാണോ അത്ര തന്നെ പ്രിയപ്പെട്ടതാണ് ഇനി ചെയ്യാന്‍ പോകുന്ന കഥാപാത്രങ്ങളും. കണ്ണൂരില്‍ ലാല്‍ ജോസിന്‍റെ പുതിയ ചിത്രത്തിന്‍റെ സെറ്റിലിരുന്ന് നിമിഷ പറഞ്ഞു.
കഥാപാത്രങ്ങളുടെ വെല്ലുവിളി എനിക്കിഷ്ടമാണ്
     വളരെക്കുറച്ചു സിനിമകളിലെ അഭിനയിച്ചിട്ടുള്ളൂ എങ്കില്‍പ്പോലും നിമിഷയുടെ കഥാപാത്രങ്ങളെല്ലാം പ്രേക്ഷകരുടെ മനസില്‍ നിറഞ്ഞുനില്‍ക്കുന്നവയാണ്. ശ്രീജയും ഐശ്വര്യയും ഹന്നയും ജാനുവുമൊക്കെ നമുക്കിടയില്‍ തന്നെയുള്ളവരാണ്. അതെക്കുറിച്ച് എന്തു പറയുന്നു? ഞാന്‍ അങ്ങനെ അധികം കഥയൊന്നും കേട്ടിട്ടില്ല. ഒരുപാട് പേരൊന്നും എന്നോടു കഥ പറയാന്‍ വന്നിട്ടുമില്ല. കുറച്ചു സിനിമകളാണ് എന്നെത്തേടി വന്നിട്ടുള്ളത്. ഈശ്വരന്‍ എന്‍റെ പ്രാര്‍ത്ഥന കേട്ടതാവണം, അഭിനയിച്ച സിനിമകളിലെല്ലാം നല്ല കഥാപാത്രങ്ങള്‍ കിട്ടി. മാത്രമല്ല വന്നതൊക്കെയും നല്ല സംവിധായകരുടെ സിനിമകളായിരുന്നു. എന്നെ സംബന്ധിച്ച് നല്ല സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിക്കുമ്പോള്‍, ഒരു നടി എന്ന നിലയില്‍ എനിക്ക് ഒരുപാടു കാര്യങ്ങള്‍ പഠിക്കാനും സാധിക്കും. കഥാപാത്രത്തിന്‍റെയോ സംഭാഷണത്തിന്‍റെയോ നീളം എന്നെ സ്വാധീനിക്കാറില്ല. അഞ്ചോ പത്തോ മിനിറ്റു മാത്രം സ്ക്രീനില്‍ വന്നുപോകുന്ന വേഷമാണെങ്കിലും നടി എന്ന നിലയില്‍ എനിക്കവിടെ എന്തെങ്കിലും രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കണം. ഞാന്‍ ചെയ്യുന്ന കഥാപാത്രങ്ങള്‍ക്ക് എന്‍റെ ബെസ്റ്റ് കൊടുക്കാന്‍ ഞാന്‍ ശ്രമിക്കാറുണ്ട്.
     കഥ കേള്‍ക്കുമ്പോള്‍ എന്‍റെ കഥാപാത്രം എന്നെ വെല്ലുവിളിക്കുന്നു എന്നു തോന്നണം. സാധാരണ എല്ലാവര്‍ക്കും പറ്റുന്ന ഒരു കാര്യം നമ്മള്‍ ചെയ്യുന്നതില്‍ വലിയ കൗതുകമൊന്നും ഇല്ലല്ലോ. പെര്‍ഫോം ചെയ്യാനുള്ള സ്പേസ് എനിക്ക് നിര്‍ബന്ധമാണ്. സിനിമ കണ്ട് തിയറ്ററില്‍ നിന്നു പുറത്തുവന്നു കഴിഞ്ഞാലും പ്രേക്ഷകന്‍റെ മനസില്‍ തങ്ങിനില്‍ക്കുന്ന, അല്ലെങ്കില്‍ അവരെ വേട്ടയാടുന്ന തരം കഥാപാത്രങ്ങളോടാണ് എനിക്കു കൂടുതല്‍ ഇഷ്ടം.
സിനിമ-ചെറുപ്പം മുതല്‍ കണ്ട സ്വപ്നം
     څതീരെ ചെറിയ കുട്ടിയായിരിക്കുമ്പോള്‍ തുടങ്ങിയതാണ് എന്‍റെ സിനിമാ മോഹം. എങ്ങനെയാണ്, എന്തുകൊണ്ടാണ് എന്നൊന്നും എനിക്ക് ഇപ്പോഴും അറിയില്ല, വീട്ടില്‍ ആര്‍ക്കും തന്നെ സിനിമാ പശ്ചാത്തലമില്ല. പക്ഷേ അന്നും ഇന്നും സിനിമ എനിക്കെന്‍റെ ജീവനാണ്. ആദ്യമൊക്കെ ഞാന്‍ ഈ സിനിമാ കമ്പം പറയുമ്പോള്‍ മമ്മിയും പപ്പയുമൊക്കെ അതിനെ കുട്ടിക്കളിയായി മാത്രമേ കണ്ടിരുന്നുള്ളൂ.چ ആശിച്ചതൊക്കെ നേടിയെടുത്ത ഒരു കുട്ടിയുടെ കൗതുകത്തോടെ നിമിഷ സംസാരം തുടര്‍ന്നു.
     കുട്ടിക്കാലത്തെ അഭിനയ മോഹത്തെക്കുറിച്ചു പറയുമ്പോള്‍ വളരെ രസകരമായ ചില സംഭവങ്ങളുണ്ട്. അച്ഛന്‍ സജയന്‍ മുംബൈയില്‍ എഞ്ചിനീയറാണ്. ഞാന്‍ വളര്‍ന്നതൊക്കെ അവിടെയാണ്. എന്‍റെയീ ബഹളം കണ്ടിട്ട് അമ്മ എന്നെയും കൂട്ടി അന്ധേരിയില്‍ ഓഡീഷന് പോകുമായിരുന്നു. നാലാം ക്ലാസിലോ അഞ്ചാം ക്ലാസിലോ പഠിക്കുമ്പോഴാണ് സംഭവം. അന്നു ഞാന്‍ ബോയ് കട്ട് ഒക്കെ ചെയ്ത്, ടോം ബോയ് സ്റ്റൈലിലാണ് നടക്കുന്നത്. പെണ്‍കുട്ടികള്‍ക്കു വേണ്ടിയാകും ഓഡീഷന്‍ നടത്തുന്നത്. എന്നെ കാണാന്‍ ടോം ബോയ് പോലെ ആയതുകൊണ്ടു തന്നെ അവര്‍ ടാറ്റാ പറഞ്ഞു വീട്ടിലേക്ക് അയക്കും. അതൊക്കെ നല്ല രസമുള്ള ദിവസങ്ങളായിരുന്നു. ഒരല്പം മുതിര്‍ന്നപ്പോള്‍ പിന്നെ ഓഡീഷനു പോകുന്ന പതിവു ഞാന്‍ നിര്‍ത്തി. നിര്‍ത്തി എന്നു പറയുമ്പോള്‍ ഉപേക്ഷിച്ചതല്ല. ഹൈസ്കൂള്‍ ആയപ്പോഴേക്കും പഠിത്തത്തില്‍ കൂടുതല്‍ ശ്രദ്ധിച്ചു. അതുകൊണ്ടു പിന്നെ മുംബൈയില്‍ അവസരങ്ങള്‍ തേടി നടന്നില്ല.
കേരളത്തിലെ പെണ്‍കുട്ടികള്‍ ബോള്‍ഡാണ്
     സത്യം പറഞ്ഞാല്‍ മുംബൈയില്‍ ആയിരുന്നപ്പോഴും എന്‍റെ ആഗ്രഹം മലയാളത്തില്‍ അഭിനയിക്കണം എന്നായിരുന്നു. അവിടത്തെ ഓഡീഷനുകള്‍ക്ക് അയയ്ക്കുന്നതിനു പകരം, ഞാന്‍ മലയാളത്തില്‍ കാസ്റ്റിംഗ് കോള്‍ വരുന്നതു നോക്കിയിരിക്കുമായിരുന്നു. തൊണ്ടിമുതലില്‍ തനി നാടന്‍ ലുക്കായിരുന്നു. സിനിമ കണ്ടുകഴിഞ്ഞ് പലരും എന്നോടു പറയാറുണ്ട് എന്‍റെ മോളെപ്പോലെ തോന്നി, അനിയത്തിക്കുട്ടിയെപ്പോലെ തോന്നി എന്നൊക്കെ. ഒരു പരിധിവരെ ഇതിനൊക്കെ എന്നെ സഹായിച്ചത് എന്‍റെ ലുക്കാണ്. സ്വന്തം വീട്ടിലെ കുട്ടി ഇമേജാണ് ഈ ലുക്ക് എനിക്കു നേടിത്തന്നത്. അതേസമയം ഇതിനെ ഒരുപാട് വിമര്‍ശിച്ചവരുമുണ്ട്. വളരെ മോശമായി കമന്‍റിട്ടവരും കളിയാക്കിയവരുമുണ്ട്. പക്ഷേ അത്തരം നെഗറ്റീവുകള്‍ക്ക് വേണ്ടി നീക്കി വയ്ക്കാന്‍ എനിക്കു സമയമില്ല. എന്നെ കാണാന്‍ ഇങ്ങനെയാണ്. അതിന്‍റെ നല്ല വശം മാത്രമേ ഞാന്‍ നോക്കുന്നുള്ളൂ. പിന്നെ എന്‍റെ കഥാപാത്രങ്ങള്‍ ഡ്രസ്സിംഗിലോ മേക്കപ്പിലോ മോഡേണ്‍ അല്ലെങ്കിലും അവരെല്ലാം ഭയങ്കര ബോള്‍ഡാണ്. കേരളത്തിലെ പെണ്‍കുട്ടികള്‍ ഭൂരിഭാഗവും അങ്ങനെതന്നെയല്ലേ? അവര്‍ ഡ്രസ്സിംഗില്‍ ഭയങ്കര മോഡേണൊന്നും ആവില്ല. മറിച്ച് ബോള്‍ഡ് ആകേണ്ട സാഹചര്യങ്ങളില്‍ അവര്‍ ഭയങ്കര ബോള്‍ഡാണ്.
അഭിനയപഠനവും അഭിനയവും
     മിക്ക മലയാളം സിനിമകളുടേയും കാസ്റ്റിംഗ് കോള്‍ വരുന്നത് കൊച്ചിയില്‍ നിന്നായിരിക്കും. മുംബൈയില്‍ നിന്ന് എപ്പോഴും ഇവിടേക്കു വരുന്നത് കുറച്ചു ബുദ്ധിമുട്ടായിരുന്നു. അങ്ങനെയാണ് കൊച്ചിയിലേക്ക് മാറണം എന്നു തീരുമാനിച്ചത്. എന്തായാലും കൊച്ചിയിലേക്ക് വരണം. എങ്കില്‍ പിന്നെ എന്തെങ്കിലും കോഴ്സ് കൂടി ചെയ്യാം എന്നൊക്കെ ഓര്‍ത്ത് ഇരിക്കുമ്പോഴാണ് നിയോ ഫിലിം സ്കൂളിലെ കോഴ്സുകളെക്കുറിച്ച് അറിഞ്ഞത്. അങ്ങനെ അവിടെ ചേര്‍ന്നു. അഭിനയത്തോടു ഭയങ്കര പാഷന്‍ ഒക്കെ ആണെങ്കിലും ചില കൊച്ചു കൊച്ചു ചമ്മലുകളൊക്കെ എല്ലാവര്‍ക്കും ഉണ്ടാകും. അതൊക്കെ മാറാന്‍ നിയോയിലെ പരിശീലനം എന്നെ സഹായിച്ചു. ടെക്നിക്കല്‍ വശവും മനസിലാക്കാന്‍ സാധിച്ചു. പക്ഷേ ഇവിടെ നിന്നു പുറത്തിറങ്ങി ഇന്‍ഡസ്ട്രിയിലേക്ക് കടന്നപ്പോഴാണ് ക്ലാസില്‍ നമ്മള്‍ പഠിക്കുന്നതിനേക്കാള്‍ വളരെ വിശാലമാണ് യഥാര്‍ത്ഥ അഭിനയം എന്നു മനസിലായത്. നിയോയില്‍ വളരെ പ്രഫഷണല്‍ ആയിട്ടാണ് പഠിപ്പിക്കുന്നത്. പക്ഷേ ഒരു സിനിമയുടെ സെറ്റിലേക്ക് വരുമ്പോള്‍ കാര്യങ്ങള്‍ വളരെ വ്യത്യസ്തമാണെന്നു മനസിലായി. തീര്‍ത്തും പ്രഫഷണലായി സിനിമയെ എങ്ങനെയാണ് സമീപിക്കേണ്ടത് എന്നു ഞാന്‍ പഠിച്ചത് സിനിമയിലെത്തിയതിനു ശേഷമാണ്.
അമ്മ തന്ന ഡെഡ്ലൈന്‍
     മുംബൈയില്‍ നിന്ന് കൊച്ചിയിലേക്കു തിരിക്കും മുമ്പ് അമ്മ ബിന്ദു നിമിഷയോട് ഒരേയൊരു കാര്യം മാത്രമാണ് പറഞ്ഞിരുന്നത്. څഒന്നുകില്‍ മൂന്നു മാസത്തിനുള്ളില്‍ ആഗ്രഹിച്ചത് നേടിയെടുക്കുക. അല്ലെങ്കില്‍ അടുത്ത വണ്ടിക്ക് തിരികെ മുംബൈയിലെത്തുക.چ വീട്ടില്‍ നിന്ന് തലകുലുക്കി സമ്മതം അറിയിച്ച് വണ്ടി കയറിയപ്പോഴും മൂന്നു മാസത്തിനുള്ളില്‍ കാര്യങ്ങളൊക്കെ ഉഷാറാകും എന്നു പ്രതീക്ഷിച്ചതേയില്ല. പക്ഷേ ആഗ്രഹിച്ചതുപോലെ തന്നെ മൂന്നുമാസം തികയാന്‍ ദിവസങ്ങള്‍ ബാക്കിയുള്ളപ്പോള്‍ തൊണ്ടിമുതലും ദൃക്സാക്ഷിയിലും അവസരം കിട്ടി. ആ വിശേഷം ആദ്യം വിളിച്ചു പറഞ്ഞതും അമ്മയോടാണ്. അമ്മ തന്ന ഡെഡ്ലൈനില്‍ സിനിമ കിട്ടിയത് എന്‍റെ ഭാഗ്യം. അല്ലായിരുന്നെങ്കിലും തിരികെ മുംബൈയ്ക്ക് പോകാന്‍ എനിക്ക് പ്ലാനില്ലായിരുന്നു. അത് അമ്മയ്ക്കും നന്നായി അറിയാം. ഭയങ്കര രസമുള്ള നിമിഷങ്ങളാണ് അതൊക്കെ.
സിനിമയിലേക്ക് എത്തുക അത്ര എളുപ്പമായിരുന്നില്ല
     സിനിമയിലേക്കുള്ള വഴികള്‍ എളുപ്പമായിരുന്നോ എന്ന ചോദ്യത്തിന് നിമിഷ വളരെ പെട്ടെന്നുതന്നെ മറുപടി പറഞ്ഞു - അല്ല. എന്നെ സംബന്ധിച്ച് ഏതൊരു പെണ്‍കുട്ടിയും നേരിട്ടേക്കാവുന്ന പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല. സിനിമയിലേക്ക് എത്തുന്നതിനായി കൊച്ചിയിലേക്ക് മാറണം എന്നു പറഞ്ഞപ്പോള്‍ പോലും വീട്ടുകാര്‍ എന്നെ എതിര്‍ത്തില്ല. പാലാരിവട്ടത്തുവച്ചായിരുന്നു തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന സിനിമയുടെ ഓഡീഷന്‍. മിക്കവാറും ഓഡീഷനു പോകുമ്പോള്‍ സിങ്ക് സൗണ്ട് ആണ് എന്നെ ചതിക്കാറ്. മുംബൈയില്‍ ആയിരുന്നതുകൊണ്ട് എന്‍റെ മലയാളത്തിനു കുറച്ചു പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. അതുകാരണം റിജക്ട് ആകും. തൊണ്ടിമുതലും ദൃക്സാക്ഷിയും സിങ്ക് സൗണ്ട് ആയിരുന്നെങ്കിലും എന്‍റെ ഭാഗം മാത്രം ഡബ് ചെയ്തു. ദിലീഷേട്ടന്‍ ആ ഒരു തീരുമാനത്തിലെത്തിയില്ലായിരുന്നെങ്കില്‍ എനിക്ക് ശ്രീജയെ നഷ്ടപ്പെടുമായിരുന്നു. സിനിമയിലേക്ക് എന്നെ സെലക്ട് ചെയ്തു എന്നു പറഞ്ഞപ്പോള്‍ സത്യം പറഞ്ഞാല്‍ എന്തു ചെയ്യണമെന്ന് എനിക്കറിയില്ലായിരുന്നു. ആദ്യത്തെ സിനിമ തന്നെ ഇത്രയും നല്ലൊരു ടീമിന്‍റെ കൂടെ കിട്ടുക എന്നു പറഞ്ഞാല്‍ അതൊരു വലിയ കാര്യമല്ലേ? നിമിഷ ചോദിക്കുന്നു.
ബി ഓപ്ഷന്‍ ഇല്ലായിരുന്നു
     ചെറിയ കുട്ടികളോടു വലുതാകുമ്പോള്‍ ആരാകണം എന്നു ചോദിച്ചാല്‍ എനിക്ക് സിനിമാ നടന്‍ അല്ലെങ്കില്‍ നടിയാകണം എന്നു പറയാത്ത കുട്ടികള്‍ ചുരുക്കമായിരിക്കും. ഇതില്‍ പലരുടേയും അഭിപ്രായം വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും മാറിക്കൊണ്ടേയിരിക്കും. എന്നാല്‍ ചെറുപ്പം മുതല്‍ പറയുന്ന ഉത്തരത്തില്‍ നിമിഷ ഉറച്ചു നില്‍ക്കുന്നത് മാതാപിതാക്കള്‍ക്ക് കൗതുകമായി. ഒരിക്കല്‍പ്പോലും ഉള്ളിലെ ആഗ്രഹം മാറരുത് എന്ന് നിര്‍ബന്ധമുണ്ടായിരുന്നതുകൊണ്ട് സിനിമയല്ലാതെ രണ്ടാമതായി ഒരു ഓപ്ഷനെക്കുറിച്ച് ചിന്തിച്ചിട്ടേയില്ലെന്ന് നിമിഷ പറയുന്നു.
     څസ്കൂള്‍ കാലഘട്ടം കഴിയുമ്പോഴേക്കും നമുക്ക് ഒരു ഐഡിയ ഉണ്ടായിരിക്കുമല്ലോ, എന്താണ് എന്‍റെ ഭാവി, ഏതാണ് എനിക്ക് പറ്റുന്ന മേഖല എന്നൊക്കെ. അപ്പോഴാണ് സിനിമയാണെന്‍റെ വഴി എന്നു ഞാന്‍ ഉറപ്പിച്ചത്. കൃത്യം ഓഫീസ് സമയം സെറ്റ് ചെയ്തു ജോലി ചെയ്യാന്‍ എനിക്കു പറ്റില്ല. അതിനോടെനിക്ക് താത്പര്യവുമില്ല. എനിക്ക് ക്രിയേറ്റീവായി എന്തെങ്കിലും ചെയ്യാനുള്ള സ്പേസ് ആണ് വേണ്ടത്. അതിന് ഏറ്റവും ഉചിതം സിനിമയാണെന്ന് തോന്നി. സിനിമയോടുള്ള ഇഷ്ടം കുറഞ്ഞു പോകരുതെന്ന് എനിക്ക് നിര്‍ബന്ധമുണ്ടായിരുന്നു. അതുകൊണ്ടു തന്നെ കരിയറിന്‍റെ കാര്യത്തില്‍ ഞാന്‍ ഒരു ബി ഓപ്ഷന്‍ വച്ചിട്ടില്ല. ബി ഓപ്ഷന്‍ ഉണ്ടായിരുന്നെങ്കില്‍ ഞാന്‍ ഇവിടെ എത്തില്ലായിരുന്നു. ഞാന്‍ തിരഞ്ഞെടുത്ത വഴിയില്‍ നിന്നെന്നെ മാറ്റി നടത്താതെ, എന്നെ വിശ്വസിച്ച് ഒപ്പം നിന്ന കുടുംബമാണ് എന്‍റെ ഭാഗ്യം.چ
ജാനു എന്നെ വിട്ടുപോകാന്‍ സമയമെടുത്തു
     څതുടക്കത്തില്‍ പറഞ്ഞതുപോലെ നല്ല സംവിധായകര്‍ക്കൊപ്പം സിനിമ ചെയ്യണം എന്നതാണ് എന്‍റെ ലക്ഷ്യം. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സംവിധായകരില്‍ ഒരാളാണ് സനല്‍ കുമാര്‍ ശശിധരന്‍. അദ്ദേഹത്തിന്‍റെ സിനിമകളെല്ലാം ഞാന്‍ മുമ്പ് കണ്ടിട്ടുണ്ട്. സെക്സി ദുര്‍ഗയുടെ സ്ക്രീനിംഗ് സമയത്താണ് ഞങ്ങള്‍ നേരിട്ടു കാണുന്നത്. അന്നേ എനിക്ക് സനലേട്ടനൊപ്പം സിനിമ ചെയ്യണം എന്നാഗ്രഹമുണ്ടായിരുന്നു. സ്വതന്ത്ര സിനിമകളുടെ ഭാഗമാകാന്‍ എനിക്കിഷ്ടമാണ്. വളരെ ചെറിയ രീതിയില്‍, കുറഞ്ഞ ചെലവില്‍ ജനിക്കുന്ന അത്തരം ചിത്രങ്ങള്‍ക്കു പറയാന്‍ ഒരുപാടു കാര്യങ്ങളുണ്ട്. ഇപ്പോള്‍ അത്തരം ചിത്രങ്ങള്‍ അംഗീകരിക്കപ്പെടാറുണ്ട് എന്നത് സന്തോഷമുള്ള കാര്യമാണ്. ഈ വര്‍ഷത്തെ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളില്‍ നാലെണ്ണമാണ് څചോലچ സ്വന്തമാക്കിയിട്ടുള്ളത്. ചോലയെക്കുറിച്ച് ചേട്ടന്‍ പറഞ്ഞപ്പോള്‍ തന്നെ ഞാന്‍ ചെയ്യാന്‍ തയ്യാറായിരുന്നു. ചോലയിലെ ജാനകി (ജാനു) എട്ടാം ക്ലാസില്‍ പഠിക്കുന്ന കുട്ടിയാണ്. ആ ചെറിയ പ്രായത്തില്‍ അവള്‍ക്കു നേരിടേണ്ടിവരുന്ന ഒരു പ്രശ്നവും അത് അവളിലുണ്ടാക്കുന്ന മാനസിക ആഘാതവും അതില്‍ നിന്ന് അവള്‍ പുറത്തു കടക്കുന്നതുമൊക്കെയാണ് ചോല പറയുന്നത്. ഇതുവരെ ഞാന്‍ ചെയ്ത കഥാപാത്രങ്ങള്‍ അത്യാവശ്യം മുതിര്‍ന്നതാണ്. പക്ഷേ ചോലയിലെ ജാനുവിന് വെറും പതിമൂന്നോ പതിനാലോ വയസേയുള്ളൂ. ഒരിക്കലും അവള്‍ ഒരു സംഭവത്തെ കാണുന്നതും നേരിടുന്നതും മുതിര്‍ന്ന ഒരാളുടെ പക്വതയോടെ ആവില്ല. അവിടെ ഒരു കൗമാരക്കാരി നേരിടുന്ന ഭയവും ആശങ്കയും എടുത്തുചാട്ടവും ഒക്കെയുണ്ടാവുക സ്വാഭാവികമാണ്. വിവിധ തരത്തിലുള്ള വികാരങ്ങളുടെ ഒരു റോളര്‍ കോസ്റ്റര്‍ റൈഡ് തന്നെ അവളുടെ ജീവിതത്തില്‍ സംഭവിക്കുന്നുണ്ട്. പ്രവചനാതീതമാണ് അവളുടെ തീരുമാനങ്ങളെല്ലാം. ഇന്നത്തെ കൗമാരക്കാരായ പെണ്‍കുട്ടികളെ ജാനു പ്രതിനിധാനം ചെയ്യുന്നുണ്ട് എന്നെനിക്കു തോന്നിയിരുന്നു. പലപ്പോഴും അഭിനയിക്കുന്നതിനിടയില്‍ എനിക്കുതന്നെ ജാനുവിനെ മനസിലാക്കാന്‍ സാധിക്കുന്നില്ലായിരുന്നു. അവള്‍ എന്നെ വിട്ടുപോകുന്നില്ലെന്നു തോന്നി. ജാനുവിനെപ്പോലെ ഒരു കുട്ടി എവിടെയെങ്കിലും ഉണ്ടാകുമോ എന്നോര്‍ത്ത് ഞാന്‍ ഒരുപാടു കരഞ്ഞു. സീന്‍ കട്ട് പറഞ്ഞിട്ടും എനിക്ക് കരച്ചിലടക്കാന്‍ പറ്റാതെ വന്നിട്ടുണ്ട്. ജാനുവിനെപോലുള്ള കുട്ടികള്‍ ഉണ്ടാകരുതേ എന്നായിരുന്നു അപ്പോഴും പ്രാര്‍ത്ഥിച്ചത്.
പപ്പയുടേയും അമ്മയുടേയും ചിരിയാണ് അനുഗ്രഹം
     നിമിഷയുടെ സ്വപ്നങ്ങള്‍ക്കൊക്കെ കുട പിടിച്ച് കൂടെ നിന്നത് അച്ഛന്‍ സജയനും അമ്മ ബിന്ദുവുമാണ്. സ്വന്തം സന്തോഷങ്ങള്‍ കണ്ടെത്താന്‍ കഴിയുന്നിടത്ത് ഉറച്ചുനില്‍ക്കണം എന്നു പറഞ്ഞാണ് അവര്‍ നിമിഷയേയും ചേച്ചി മിത്തുവിനേയും വളര്‍ത്തിയത്. څതൊണ്ടിമുതലും ദൃക്സാക്ഷിچയും കാണാന്‍ ഞങ്ങള്‍ നാലുപേരും ഒരുമിച്ചാണ് തിയറ്ററില്‍ പോയത്. സ്ക്രീനില്‍ څഇന്‍ട്രൊഡ്യൂസിംഗ് നിമിഷ സജയന്‍چ എന്ന് എഴുതി കാണിച്ചപ്പോള്‍ ഞാന്‍ നോക്കിയത് അമ്മയേയും പപ്പയേയും ചേച്ചിയേയുമാണ്. അന്ന് അവരുടെ മുഖത്തു കണ്ട ആ ചിരിയാണ് എനിക്കു കിട്ടിയ ഏറ്റവും വലിയ അനുഗ്രഹം. നിമിഷ പറഞ്ഞു. څപപ്പ എപ്പോഴും പറയാറുണ്ട് നീ എത്ര വലിയ നടിയായാലും ഞങ്ങള്‍ക്ക് നീ ഞങ്ങളുടെ നിമിഷ തന്നെയാണെന്ന്. അതെപ്പോഴും എന്‍റെ മനസിലുണ്ട്. അതുകൊണ്ടുതന്നെ വലിയ വലിയ അംഗീകാരങ്ങള്‍ കിട്ടുമ്പോഴും ഞാന്‍ ആ സന്തോഷത്തില്‍ മതിമറന്നു നടക്കാറില്ല. ഒരു ലൊക്കേഷനില്‍ നിന്ന് തിരികെ എത്തിക്കഴിഞ്ഞാല്‍ ഞാന്‍ ഞാനാണ്. കുടുംബത്തിനൊപ്പവും സുഹൃത്തുക്കള്‍ക്കൊപ്പവും ഉള്ളപ്പോള്‍ എനിക്ക് ഞാനായിരിക്കാനാണിഷ്ടം. ഇതില്‍ നിന്ന് ഒട്ടും മാറാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഞാന്‍ കാരണം എന്‍റെ ചുറ്റുമുള്ളവര്‍ സന്തോഷിക്കുന്നതാണ് എനിക്കേറ്റവും പ്രിയപ്പെട്ട നിമിഷങ്ങള്‍.چ
രണ്ട് മത്സരാര്‍ത്ഥികള്‍ ഒരുമിച്ചിരുന്ന്
വിധിപ്രഖ്യാപനം കണ്ടത്
     ഈ വര്‍ഷത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകളുടെ പ്രഖ്യാപനം നടക്കുമ്പോള്‍ മികച്ച നടിയുടെ പട്ടികയില്‍ പേരുള്ള രണ്ടുപേര് ഒരുമിച്ചുണ്ടായിരുന്നു. അനു സിത്താരയും നിമിഷയും. അവര്‍ ഒന്നിച്ചിരുന്ന് ടിവിയില്‍ അവാര്‍ഡ് പ്രഖ്യാപനം കാണുന്നതും മികച്ച നടിയായി നിമിഷയുടെ പേരു പ്രഖ്യാപിച്ചപ്പോള്‍ രണ്ടുപേരും കെട്ടിപ്പിടിക്കുന്നതും അഭിനന്ദിക്കുന്നതും സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആയിരുന്നു. ഔപചാരികതയുടെ പേരില്‍ മാത്രമായിരുന്നില്ല അത്.
     څകൂടെ പിറന്നില്ലെങ്കിലും കൂടപ്പിറപ്പായി മാറുന്ന ചില സൗഹൃദങ്ങള്‍ നമുക്കെല്ലാവര്‍ക്കും കാണുമല്ലോ. അതുതന്നെയാണ് ഞാനും അനു ചേച്ചിയും തമ്മിലുള്ളതും. ഞങ്ങളെ അടുത്തറിയുന്നവര്‍ എന്നെയും ചേച്ചിയേയും ഇരട്ടക്കുട്ടികള്‍ എന്നാണ് വിളിക്കുന്നത്. അവരേയും തെറ്റു പറയാന്‍ പറ്റില്ല. കാരണം കൊച്ചിയിലുള്ളപ്പോള്‍ ഞങ്ങള്‍ രണ്ടുപേരും ഒരുമിച്ചുണ്ടാവും. കുപ്രസിദ്ധ പയ്യന്‍ എന്ന സിനിമയുടെ സെറ്റിലാണ് ഞങ്ങള്‍ പരിചയപ്പെടുന്നത്. പക്ഷേ അന്ന് ഇത്രയ്ക്ക് അടുപ്പമില്ലായിരുന്നു. എപ്പോഴും വിളിക്കുന്ന പതിവുമില്ല. ഷൂട്ട് ഒക്കെ ഉള്ളപ്പോഴുള്ള തിരക്ക് നമുക്ക് അറിയാമല്ലോ. കുപ്രസിദ്ധ പയ്യനൊക്കെ കഴിഞ്ഞ് അടുത്ത സിനിമയുടെ ലൊക്കേഷനിലിരുന്നപ്പോള്‍ എനിക്ക് ചേച്ചിയെ ഓര്‍മ വന്നു. അമ്മയോടു പറഞ്ഞപ്പോള്‍ എന്നാല്‍ വിളിച്ച് സംസാരിക്കൂ എന്നായി അമ്മ. അവിടെ തുടങ്ങിയതാണ് ഞങ്ങളുടെ കൂട്ട്.
     അവാര്‍ഡ് പ്രഖ്യാപനത്തിന്‍റെ തലേദിവസമാണ് ഫൈനല്‍ ലിസ്റ്റില്‍ എന്‍റെ പേരും ഉണ്ടെന്നു അറിയുന്നത്. അപ്പോള്‍ തന്നെ അനുചേച്ചിയെ വിളിച്ചു. ചേച്ചി എന്‍റെ വീട്ടിലേക്ക് വന്നു. അങ്ങനെ ഞങ്ങള്‍ രണ്ടുപേരും ഒരുമിച്ചിരുന്നാണ് അവാര്‍ഡ് പ്രഖ്യാപനം കണ്ടത്. ആര്‍ക്ക് അവാര്‍ഡ് കിട്ടിയാലും രണ്ടുപേര്‍ക്കും സന്തോഷമാകും. മികച്ച നടിക്കുള്ള അവാര്‍ഡിനായി എന്‍റെ പേര് പ്രഖ്യാപിച്ചപ്പോള്‍ ഏറ്റവുമധികം സന്തോഷിച്ചത് അനു ചേച്ചിയാണ്. ആദ്യം സുഹൃത്തുക്കളായിരുന്നെങ്കില്‍ ഇപ്പോള്‍ അനു ചേച്ചി എനിക്കെന്‍റെ സ്വന്തം ചേച്ചിയാണ്.چ
സിനിമ എന്‍റെ രണ്ടാം കുടുംബം
     എന്‍റെ പപ്പയും അമ്മയും ചേച്ചിയും എനിക്ക് എത്ര പ്രിയപ്പെട്ടവരാണോ അത്രത്തോളം പ്രിയപ്പെട്ടവര്‍ എനിക്ക് സിനിമയിലുമുണ്ട്. വേണുവച്ഛനും (നെടുമുടി വേണു), സിദ്ദിഖ് ഇക്കയും (സിദ്ദിഖ്), കുട്ടനച്ഛനുമൊക്കെ (വിജയ രാഘവന്‍) ഉള്ളപ്പോള്‍ ഞാന്‍ വളരെ കംഫര്‍ട്ടബിളാണ്. ഒരു മകളെപ്പോലെയാണ് ഇവര്‍ മൂന്നുപേരും എന്നെ കാണുന്നതും. സംസ്ഥാന അവാര്‍ഡ് കിട്ടിയപ്പോള്‍ വേണുവച്ഛന് ഒരുപാട് സന്തോഷമായി. അദ്ദേഹം വാര്‍ത്ത കണ്ടപ്പോള്‍ തന്നെ എന്നെ വിളിച്ചു. സ്ഥലത്തില്ലാത്തതുകൊണ്ട് എന്നെ നേരില്‍ വന്ന് കാണാന്‍ പറ്റാത്തതില്‍ ഭയങ്കര വിഷമത്തിലായിരുന്നു. കുട്ടനച്ഛനും അങ്ങനെയാണ്. എന്‍റെ ഓരോ നേട്ടങ്ങളിലും എന്‍റെ സ്വന്തം കുടുംബത്തിലുള്ളവര്‍ എത്രത്തോളം സന്തോഷിക്കുന്നോ അത്രതന്നെ അവരും സന്തോഷിക്കുന്നുണ്ട്. കുപ്രസിദ്ധ പയ്യന്‍റെ ഷൂട്ടിന്‍റെ സമയത്ത് വേണുവച്ഛനും സിദ്ദിഖ് ഇക്കയും ആദ്യത്തെ ടേക്കില്‍ തന്നെ സീന്‍ ഓക്കെ ആക്കും. എനിക്ക് അതിനു സാധിക്കാതെ വരുമ്പോള്‍ ഞാന്‍ ടെന്‍സ്ഡ് ആകും. അപ്പോള്‍ രണ്ടു പേരും എന്‍റെയടുത്തു വന്ന് എന്നെ സമാധാനിപ്പിക്കും. നമുക്ക് മാത്രമായി സീന്‍ ഒന്നു ചെയ്തു നോക്കിയാലോ എന്നൊക്കെ ചോദിക്കും. സ്വന്തം സമയവും സൗകര്യവും മാത്രം നോക്കാതെ എന്നെക്കൂടി മെച്ചപ്പെടുത്താനാണ് അവര്‍ ശ്രമിക്കുന്നത്. അതൊക്കെ എനിക്ക് വലിയ സന്തോഷം തന്നു. എനിക്കുവേണ്ടി അവരൊക്കെ ഒരുപാട് അഡ്ജസ്റ്റ് ചെയ്തിട്ടുണ്ട്.
     ചേച്ചിമാരില്‍ ഗീതു ചേച്ചി (ഗീതു മോഹന്‍ദാസ്) നല്ല സപ്പോര്‍ട്ടാണ്. സിനിമകളൊക്കെ കണ്ടാലുടന്‍ ചേച്ചി വിളിക്കും. പിന്നെ ചേച്ചിയുടെ ഏറ്റവും വലിയ പ്ലസ് എന്താണെന്നുവച്ചാല്‍ എന്‍റെ അഭിനയത്തിലെ നല്ലതു മാത്രമല്ല തെറ്റുകളും, ആ തെറ്റുകളെ എങ്ങനെയാണ് ഒഴിവാക്കേണ്ടതെന്നും ചേച്ചി പറഞ്ഞു മനസിലാക്കിത്തരും. പോസിറ്റീവ് മാത്രം പറയാതെ ശ്രദ്ധിക്കേണ്ട കാര്യങ്ങളും പറഞ്ഞു തരുന്നത് എനിക്ക് വലിയ ഇഷ്ടമാണ്. ദിലീഷേട്ടനും രാജീവേട്ടനും ശരിക്കും എന്‍റെ ഏട്ടന്മാരാണ്. എനിക്ക് എന്തെങ്കിലും ഒരു പ്രശ്നമുണ്ടായാല്‍ അവര്‍ രണ്ടുപേരും എന്‍റെ ഒപ്പമുണ്ടാകും എന്ന് എനിക്കുറപ്പാണ്. സിനിമയിലേക്ക് ദിലീഷേട്ടന്‍ എന്നെ ഇന്‍ട്രൊഡ്യൂസ് ചെയ്തു. രാജീവേട്ടന്‍ പിച്ചവയ്ക്കാന്‍ കൈപിടിച്ചു. അതുപോലെ തന്നെ അവാര്‍ഡ് കിട്ടിയപ്പോള്‍ ലളിതാമ്മ (കെ.പി.എ.സി ലളിത) വിളിച്ചു. ഞങ്ങള്‍ ഒരുമിച്ച് സിനിമകള്‍ ചെയ്തിട്ടില്ലെങ്കിലും എന്‍റെ സിനിമകളൊക്കെ കാണാറുണ്ട്, നന്നായി ചെയ്യണം എന്നൊക്കെ പറഞ്ഞു.
കന്മദത്തിലെ ഭാനുവും തലയിണമന്ത്രത്തിലെ കാഞ്ചനയും
     കുട്ടിക്കാലം മുതല്‍ അഭിനയമോഹം കൊണ്ടുനടന്ന ആള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട നടി ആരാണെന്ന് ചോദിച്ചു തീരുന്നതിനു മുമ്പു തന്നെ നിമിഷ മറുപടി പറഞ്ഞു, മഞ്ജു ചേച്ചിയും ഉര്‍വശി ചേച്ചിയും. അവരുടെ സിനിമകളെല്ലാം എനിക്ക് ഒരുപാട് ഇഷ്ടമാണ്. ഇപ്പോഴും ടിവിയില്‍ ഇവരുടെ സിനിമയുണ്ടെങ്കില്‍ ഞാനിരുന്നു കാണാറുണ്ട്. മഞ്ജു ചേച്ചിയുടെ കന്മദത്തിലെ ഭാനുവും കണ്ണെഴുതി പൊട്ടുതൊട്ടിലെ ഭദ്രയുമൊക്കെ എത്ര ബോള്‍ഡാണ്. ഈ രണ്ടു കഥാപാത്രങ്ങളും സാധാരണക്കാരായ പെണ്ണുങ്ങളാണ്. പക്ഷേ അവരുടെ ഉള്ളിലെ കരുത്താണ് നമ്മള്‍ മനസിലാക്കേണ്ടത്. മറിച്ച് തലയിണമന്ത്രത്തിലെ ഉര്‍വശി ചേച്ചിയുടെ കഥാപാത്രമായ കാഞ്ചനയാണെങ്കില്‍ വേറൊരുതരം സ്ത്രീയാണ്. കുറച്ച് കുശുമ്പും കുന്നായ്മയും ഒക്കെയുള്ള എന്നാല്‍ വളരെ ശുദ്ധയായ ഒരു സ്ത്രീ. ഇവരു രണ്ടു പേരും ഒരേ തരത്തിലുള്ള കഥാപാത്രങ്ങള്‍ അധികം ചെയ്തിട്ടില്ല. ഒന്നില്‍ നിന്ന് ഒന്നിലേക്ക് വേറിട്ടു നില്‍ക്കുന്ന കുറേ സ്ത്രീകളെയാണ് അവര്‍ നമുക്ക് പരിചയപ്പെടുത്തി തന്നത്. ഇങ്ങനെ പുതിയൊരാളായി സ്വയം കാണാനാണ് എനിക്കുമിഷ്ടം. പല സാഹചര്യങ്ങളില്‍ ജീവിക്കുന്ന, പല സ്വഭാവങ്ങളുള്ള, പലതരം കഥാപാത്രങ്ങള്‍.
എന്‍റെ കഥാപാത്രങ്ങള്‍ സമൂഹത്തോടു സംസാരിക്കുന്നു
     ഒരു സിനിമ ചെയ്യുന്നതിനു മുമ്പ് അത് സമൂഹത്തിനു എന്തു നല്‍കും എന്നു ഞാന്‍ ചിന്തിക്കാറുണ്ട്. ഞാന്‍ ഇതുവരെ ചെയ്ത കഥാപാത്രങ്ങളെല്ലാം സാമൂഹികമായും രാഷ്ട്രീയമായും പ്രസക്തിയുള്ളവയാണ്.
     ഞാന്‍ മാത്രമാവില്ല, എല്ലാ കലാകാരന്മാരും ആഗ്രഹിക്കുന്നത് അവരുടെ കഴിവുകളിലൂടെ സമൂഹത്തിന് എന്തെങ്കിലുമൊരു സന്ദേശം നല്‍കണം എന്നുതന്നെയാവും. തുറന്നടിച്ച് അഭിപ്രായങ്ങള്‍ പറയാന്‍ മടിയുള്ളവരാണ് നമ്മളില്‍ ഭൂരിപക്ഷം പേരും. ഒരു കലാകാരനെ സംബന്ധിച്ച് അവന്‍ അല്ലെങ്കില്‍ അവള്‍ക്ക് തന്‍റെ അഭിപ്രായങ്ങള്‍ തുറന്നു പറയാന്‍ കിട്ടുന്ന മാധ്യമം അവന്‍/അവള്‍ പ്രവര്‍ത്തിക്കുന്ന കലാരംഗമാണ്. എന്‍റെ ആദ്യ സിനിമ മുതല്‍ ഏറ്റവും അടുത്തു ചെയ്ത ചോല വരെ ഞാന്‍ ചെയ്ത കഥാപാത്രങ്ങള്‍ പ്രത്യക്ഷത്തിലല്ലെങ്കിലും പരോക്ഷമായി പറയുന്ന ഒരുപാടു കാര്യങ്ങളുണ്ട്. അവയെല്ലാം ഞാന്‍ ഉള്‍പ്പെടുന്ന സമൂഹത്തിലെ നിരവധി പേര്‍ പറയാന്‍ ആഗ്രഹിക്കുന്നവയാണ്. അങ്ങനെ നോക്കുമ്പോള്‍ എന്‍റെ കഥാപാത്രങ്ങള്‍ സമൂഹത്തോടു സംസാരിക്കുന്നുണ്ട് എന്നു വേണമെങ്കില്‍ പറയാം.
സംവിധാനവും പരീക്ഷിക്കണം
     സിനിമ എന്നതാണ് എന്‍റെ പാഷന്‍. അതിനെ അഭിനയമെന്നോ, സംവിധാനമെന്നോ, കാമറയെന്നോ എഡിറ്റ് എന്നോ ഒന്നും വേര്‍തിരിച്ചു പറയാനാവില്ല. ആദ്യം അവസരം കിട്ടിയത് അഭിനയിക്കാനായിരുന്നു. അതിനുവേണ്ടിയാണ് ഞാന്‍ പരിശ്രമിച്ചതും. പക്ഷേ എനിക്ക് ഏറ്റവുമിഷ്ടം സംവിധാനമാണ്. സൗമ്യ ചേച്ചിയുടെ മാംഗല്യം തന്തുനാനേനയുടെ പ്രീപ്രൊഡക്ഷനും പോസ്റ്റ് പ്രൊഡക്ഷനും നടക്കുമ്പോള്‍ ഞാനും അവര്‍ക്കൊപ്പം കൂടിയിരുന്നു. സൗമ്യ ചേച്ചിക്കറിയാം എനിക്ക് ഇഷ്ടമാണെന്ന്. മധു ചേട്ടന്‍ സെറ്റില്‍ ക്ലാപ്പ് ഒക്കെ ചെയ്യിച്ചിരുന്നു.
     അഭിനയിക്കുമ്പോള്‍ നമ്മള്‍ നമ്മുടെ കഥാപാത്രം മാത്രമായിരിക്കും. പക്ഷേ സംവിധായകര്‍ അങ്ങനെയല്ലല്ലോ. അവര്‍ എല്ലാ കഥാപാത്രവുമാകും. ഒരു കഥാപാത്രം കരഞ്ഞാല്‍ അവരും കരയും. വേറൊരു കഥാപാത്രം ചിരിച്ചാല്‍ അവരും ചിരിക്കും. സംവിധായകരെ സംബന്ധിച്ച് ക്രിയേറ്റീവ് സ്പേസ് കുറച്ചു കൂടുതല്‍ കിട്ടുമല്ലോ. സംവിധാനം ഇഷ്ടമാണെന്നേയുള്ളൂ. എന്തായാലും ഉടനെ ഒന്നും ഉണ്ടാവില്ല.

Share:
മൂല്യസൃതി മാസിക വരിക്കാരാവുക

SUBSCRIBE ONLINE

SUBSCRIBE ONLINE
1 year - 360/- 2 Years - 720/- ,3 Years- 1080/-

Moolyasruthi Cover

Moolyasruthi Cover
JULY 2024

MOOLYASRUTHI MAGAZINE

CHAVARA INSTITUTE

CHAVARA INSTITUTE
ADMISSION STARTED

ADVERTISE HERE

ADVERTISE HERE
Ph : 0484 4863404

Chavara Matrimony

Chavara Matrimony

Popular Posts

Search This Site

Recent Posts