ഭാവനയിലെ സ്ഥലം അഥവാ കടലിന്‍റെ മണം -- പി. എഫ് മാത്യൂസ്





     ജീവിതം തികച്ചും അയഥാര്‍ത്ഥമായാണ് എനിക്കു തോന്നിയിട്ടുള്ളത്. ഞാനെഴുതുന്ന കഥകളാണ് എന്നോടു കൂടുതല്‍ അടുത്തു നില്‍ക്കുന്നത്.


ബോര്‍ഹസ്

     ശോഷിച്ച ഉടല്‍ കറുത്ത പര്‍ദ്ദയാല്‍ മറച്ച്, തിളങ്ങുന്ന മൂക്കുത്തിയും പ്രകാശമുള്ള പുഞ്ചിരിയുമണിഞ്ഞ്, കുട്ടികളെപ്പോലെ സംസാരിക്കുന്ന മാധവിക്കുട്ടിയെ ഓര്‍മ വരുന്നു. ഒരിക്കല്‍ സംവിധായകനായ കെ. പി കുമാരനോടൊപ്പം അവരുടെ വീട്ടില്‍ പോയപ്പോഴാണ് ആദ്യമായി കണ്ടതും മിണ്ടിയതും. അപരിചിത്വം തീരെയില്ല, ഇന്നലെ കണ്ടയാളെ ഇന്നു വീണ്ടും കാണുന്ന ലാഘവം. കണ്ടപാടെ, ആയിടെയുണ്ടായ അസ്വാസ്ഥ്യം നിറഞ്ഞ ഒരനുഭവത്തെക്കുറിച്ചു അവര്‍ പറയാന്‍ തുടങ്ങി. മതം മാറ്റത്തേത്തുടര്‍ന്ന് ധാരാളം ശത്രുക്കളുണ്ടായിരുന്ന സമയമാണ്. ഒരു ഉച്ചസമയത്ത് കാവല്‍ക്കാരന്‍റെ കണ്ണുവെട്ടിച്ച് അവരുടെ ഫ്ളാറ്റിലേക്ക് വെളുത്ത, പരുക്കനായ ഒരു ചെറുപ്പക്കാരന്‍ കയറിവന്നു. ആരാണ് എന്താണ് എന്ന ചോദ്യങ്ങള്‍ക്കൊന്നും മറുപടി പറയാന്‍ മെനക്കെടാതെ അധികാരത്തോടെ അയാള്‍ ഫ്ളാറ്റിലെമ്പാടും നടന്ന്, മുക്കും മൂലയും പരിശോധിക്കാന്‍ തുടങ്ങി. ബഹളമുണ്ടാക്കി ആളെ കൂട്ടുമെന്നു മാധവിക്കുട്ടി പറഞ്ഞപ്പോള്‍ ഒന്നു മയപ്പെട്ടു. ബാബുവെന്നാണ് പേരെന്നും മട്ടാഞ്ചേരിയില്‍ നിന്നാണ് വരുന്നതെന്നുമൊക്കെ അയാള്‍ പറഞ്ഞു. പിന്നെ കുറച്ചുനേരം ഞങ്ങളുടെ സംസാരം മുറിഞ്ഞുപോയി. അതിഥികളെ സല്‍ക്കരിക്കാന്‍ മറന്നുപോയല്ലോ എന്ന വിഷമത്തോടെ ഞങ്ങള്‍ക്ക് കുടിക്കാന്‍ ചായയോ നാരങ്ങാനീരോ എടുക്കാന്‍ മാധവിക്കുട്ടി സഹായിയോടു ആവശ്യപ്പെട്ടു. ചായകുടിക്കുന്നതിനിടയില്‍ അതുവരെ പറഞ്ഞുകൊണ്ടിരുന്ന സംഭവം പാടെ മറന്ന് കൊച്ചുവര്‍ത്തമാനങ്ങളിലും വിശേഷങ്ങളിലും മുഴുകി. പിന്നെ പെട്ടെന്ന് ഓര്‍മവന്നപ്പോള്‍, ഗുണ്ടയെപ്പോലെ വീട്ടിലേക്കു കയറിവന്ന ബാബുവിനെ തേടി മട്ടാഞ്ചേരിയിലേക്കു പോയ കാര്യം അവര്‍ പറയാന്‍ തുടങ്ങി. ഇടയ്ക്കു വച്ച് അതും മുറിഞ്ഞു. സംസാരമെല്ലാം തീര്‍ന്ന് ഞങ്ങള്‍ മടങ്ങുന്ന നേരത്ത് യാത്രയാക്കാനായി ഗോവണിയോളം നടന്നുവന്നിട്ട് അവര്‍ പൂര്‍ത്തിയാക്കാതിരുന്ന ആ സംഭവത്തെക്കുറിച്ചു വീണ്ടും വിവരിച്ചു. ബാബു എന്നു പേരുള്ള ആ യുവാവ് മട്ടാഞ്ചേരിയില്‍ കുപ്രസിദ്ധനായ വാടകക്കൊലയാളിയായിരുന്നു, മിക്കവാറും സമയങ്ങളില്‍ ജയിലിലാണ്. പുറത്തിറങ്ങിയാല്‍ പണത്തിനായി കുറ്റകൃത്യങ്ങളിലേര്‍പ്പെടും. കുറെ മനുഷ്യര്‍ അയാളുടെ കൈയാല്‍ മരിച്ചിട്ടുണ്ട്. അതുകേട്ട് ഒരക്ഷരം പറയാനാകാത്ത അവസ്ഥയിലാണ് ഞങ്ങള്‍ മടങ്ങിയത്. രണ്ടോമൂന്നോ ആഴ്ച കഴിഞ്ഞപ്പോള്‍ ഒരു പ്രസിദ്ധീകരണത്തില്‍ ഈ ബാബുവെക്കുറിച്ച് ഞാനൊരു കഥ വായിച്ചു. മാധവിക്കുട്ടി എഴുതിയ ആ കഥയുടെയും അതിലെ നായകന്‍റെയും പേര് വെളുത്തബാബു എന്നായിരുന്നു. ڇഎന്‍റെ അംഗരക്ഷകനായ പൊലീസുകാരനാണ് വെളുത്ത ബാബുവിനെപ്പറ്റി പറഞ്ഞു തന്നത്. മുപ്പതിനായിരം രൂപ കൊടുത്താല്‍ ബാബു ആരെയും കൊന്നുതരുംڈ - കഥ വിവരിക്കുന്ന ഞാന്‍ എന്ന സ്ത്രീകഥാപാത്രം മട്ടാഞ്ചേരിയിലെ ഒരു പുസ്തകക്കച്ചവടക്കാരനോടാണ് ഈ കൊലയാളിയെക്കുറിച്ച് അന്വേഷിക്കുന്നത്. കഥയിലെ സ്ത്രീ മടങ്ങാന്‍ നേരത്ത് പുസ്തകക്കച്ചവടക്കാരന്‍ ചോദിച്ചു. ഏതു ശത്രുവെ വധിക്കാനാണ് നിങ്ങള്‍ വാടകക്കൊലയാളിയെ തേടുന്നത്, ആരാണ് നിങ്ങളുടെ ശത്രു?

     ڇശത്രു ഞാന്‍ തന്നെ.ڈ അവള്‍ മറുപടി പറഞ്ഞു.

     എവിടെയും ഇല്ലാതിരുന്ന ഒരു കാര്യം ഭാവനയില്‍ നിന്നു സൃഷ്ടിക്കുന്നതിനെ സംബന്ധിച്ച പ്രധാനപ്പെട്ട ചില കാര്യങ്ങള്‍ ഞാന്‍ ആലോചിച്ചു തുടങ്ങിയ കാലമാണത്. കഥ എഴുതുന്നയാളുടെ ജീവിതത്തിലേക്ക് മനസ്സു സൃഷ്ടിച്ച ആ ലോകം അപൂര്‍വമായെങ്കിലും കടന്നുവരാതിരിക്കില്ല. കൂടുതല്‍ കാലം മുഴുകേണ്ടി വരുന്നതിനാല്‍ നോവലിസ്റ്റിന്‍റെ ജീവിതത്തെയാകും ഭാവന കൈയ്യേറുക. അങ്ങനെ സംഭവിച്ചാല്‍ അതു മാരകമായിത്തീര്‍ന്നുവെന്നും വരാം. ഡോണ്‍കിഹോട്ടെയും ഗ്രെഗര്‍ സാംസയും മീശയും അതേപടി ജീവിതത്തിലേക്കു കയറിവന്നാലുള്ള സ്ഥിതിയൊന്ന് ആലോചിച്ചു നോക്കൂ. യാഥാര്‍ത്ഥ്യത്തിനു പകരം നില്‍ക്കാന്‍ കഴിയാത്ത ചില കുറവുകളോടെയാണ് നോവല്‍ എന്ന മാദ്ധ്യമം പിറന്നതു തന്നെ. അതുകൊണ്ടുതന്നെ നോവലില്‍ ഒരു കഥാപാത്രത്തെ രണ്ടു വ്യത്യസ്തമായ മട്ടില്‍ കൊലപ്പെടുത്താം, കൊലപ്പെടുത്താതെയുമിരിക്കാം. ഫിക്ഷന്‍ അല്ലെങ്കില്‍ കഥ അതുമാത്രമായി നിലനില്‍ക്കും. സര്‍ഗാത്മകതയുള്ള വായനക്കാരനാണ് ചിലപ്പോഴെങ്കിലും അതിനെ ജീവിതത്തില്‍ പിടിച്ചു നിര്‍ത്തുന്നത്. ഒരു കഥയെ യഥാര്‍ത്ഥത്തില്‍ നടന്ന കഥ എന്നു വിശേഷിപ്പിച്ചാല്‍ കലയോടും യാഥാര്‍ത്ഥ്യത്തോടും ചെയ്യുന്ന അവഹേളനമാണെന്നു പറഞ്ഞത് വ്ളാഡിമര്‍ നബക്കോവാണ്. എന്നാല്‍ മനഃശ്ശാസ്ത്രഗ്രന്ഥങ്ങളെക്കാള്‍ മനുഷ്യമനസ്സിനെ അറിയുന്നത് നോവലുകളാണെന്നതും പറയേണ്ടതുണ്ട്. മനുഷ്യനെക്കുറിച്ചുള്ള യാതൊന്നും നോവലിന് അന്യവുമല്ല. അതിലെ സ്ഥലകാലങ്ങള്‍ പ്രത്യക്ഷയാഥാര്‍ത്ഥ്യത്തിന്‍റെ പകര്‍പ്പല്ലെന്നും അതൊരു പ്രതീതി മാത്രമാണെന്നും നല്ല വായനക്കാരനറിയാം. എന്നാല്‍ പുറമെ കാണുന്നത്രയ്ക്കു നിരുപദ്രവകാരിയല്ല ഫിക്ഷന്‍ എന്നും പറയാതിരിക്കാനാകില്ല. ഫാഷിസ്റ്റുകള്‍ മാത്രമല്ല ചില ജനാധിപത്യഭരണകൂടങ്ങള്‍ പോലും പുസ്തകങ്ങളെ നിരോധിച്ചിട്ടുള്ളത് ഫിക്ഷന്‍ അവരുടെ സുരക്ഷിതമായ നിലനില്‍പ്പിന് സഹായകമല്ല എന്നു തീര്‍ച്ചയുള്ളതുകൊണ്ടുതന്നെയാണ്. പലപ്പോഴും സാഹിത്യത്തിലൂടെ രൂപപ്പെട്ടുവരുന്ന കഥാലോകം നിലവിലുള്ള മതരാഷ്ട്രീയ സ്ഥാപനങ്ങളെ ചോദ്യം ചെയ്യുക മാത്രമല്ല സ്വാതന്ത്ര്യ പ്രഖ്യാപനം കൂടി നടത്തിയേക്കുമെന്ന് അധികാരത്തില്‍ രമിക്കുന്നവര്‍ക്കറിയാം.

     ഒരാള്‍ സാഹിത്യം എഴുതി ജീവിക്കാന്‍ തീരുമാനിക്കുമ്പോള്‍ മറ്റൊരു തരത്തിലുള്ള ജീവിതം തിരഞ്ഞെടുത്തു എന്നാണര്‍ത്ഥം. ഇതേ ആശയം വേറൊരു രീതിയില്‍ പണ്ടേ പറഞ്ഞിട്ടുണ്ട് ഫ്ളൊബേര്‍. മനുഷ്യാസ്തിത്വത്തിന്‍റെ അനേകം തലങ്ങള്‍ കണ്ടെത്തിയത് നോവലാണെന്നതും പുതിയ കണ്ടുപിടിത്തമൊന്നുമല്ല. നോവലിനു മാത്രം ഖനിച്ചെടുക്കാനാകുന്ന ചില സത്യങ്ങളാണ് നോവല്‍ കണ്ടെത്തേണ്ടതെന്ന് കുന്ദേരയ്ക്കും മുമ്പ് ഹെര്‍മന്‍ ബ്രോഹ് പറഞ്ഞുവച്ചിട്ടുണ്ട്. നോവല്‍ എന്ന കലാരൂപത്തില്‍ പ്രവര്‍ത്തിക്കുമ്പോള്‍ വ്യക്തമായിത്തന്നെ അറിയാം പ്രപഞ്ചത്തോളം വലുതായ പ്രതിഭകളായ മോബിഡിക്കുകള്‍ നീന്തിത്തുടിച്ച് കടന്നുപോയ വെള്ളമാണതെന്ന്. പുറമെ നിശ്ചലവും ശാന്തവുമായി തോന്നുമെങ്കിലും അതിന്‍റെ ആഴം അളക്കുവാനും അതില്‍ കൊത്തുവേല ചെയ്യാനും ചെറുമീനുകള്‍ക്ക് അത്ര എളുപ്പമല്ല എന്ന തെളിഞ്ഞ ബോധ്യത്തോടെയാണ് ഇത്തവണയും ഞാന്‍ നോവലെഴുത്തിലേക്ക് ഇറങ്ങിത്തിരിച്ചത്. څകടലിന്‍റെ മണംچ എന്‍റെ നാലാമത്തെ നോവലാണ്. കുറച്ചുകൂടി കൃത്യമായി പറഞ്ഞാല്‍ രണ്ടാമത്തെ നോവല്‍. 1996 ല്‍ څചാവുനിലംچ പുസ്തകമായതിനു ശേഷം പ്രത്യേകിച്ചൊന്നും സംഭവിക്കാത്ത പതിമൂന്നു വര്‍ഷങ്ങള്‍ കടന്നുപോയി. ജീവിക്കണമെങ്കില്‍ ജോലി ചെയ്യാതൊക്കില്ല എന്ന സ്ഥിതിവിശേഷം മൂലം ഫ്ളൊബേറിയന്‍ സങ്കല്‍പ്പത്തിലെ മറ്റൊരു മട്ടിലുള്ള ജീവിതമൊന്നും തിരഞ്ഞെടുക്കാന്‍ കഴിഞ്ഞില്ല. ചാവുനിലത്തിന്‍റെ കെട്ടു തീര്‍ത്തും വിട്ടുകഴിഞ്ഞിരുന്നുവെന്നു മാത്രമല്ല. വായനക്കാരും നിരൂപകരും തിരസ്ക്കരിച്ച നോവലായതിനാല്‍ വേറെ ഒഴിയാബാധകളുമുണ്ടായിരുന്നില്ല. നമ്മളില്‍ നിന്ന് ആരും ഒന്നും പ്രതീക്ഷിക്കാത്ത അവസ്ഥയും കൂടിച്ചേര്‍ന്നതാണല്ലോ സ്വാതന്ത്ര്യം. അങ്ങനെയുള്ള സമയത്താണ് څകടലിന്‍റെ മണംچ എന്നു പേരിട്ടിട്ടില്ലാത്ത ഈ നോവല്‍ തുടങ്ങുന്നത്. കടലാസില്‍ ആദ്യ രൂപം വളരെ വേഗത്തില്‍ത്തന്നെ എഴുതാന്‍ കഴിഞ്ഞു. ഒന്നാം കരട് ഒരാള്‍ക്കും വായിക്കാന്‍ കൊടുക്കരുതെന്ന ഗുരുക്കന്മാരുടെ ഉപദേശം തെറ്റിച്ചുകൊണ്ട് ഞാനത് ഒരാള്‍ക്ക് വായിക്കാന്‍ കൊടുത്തു. സത്യസന്ധനായ അയാള്‍ വളരെ ക്രൂരമായിത്തന്നെ ആ നോവലിനെ കീറിമുറിച്ചു മുന്നിലേക്കിട്ടു തന്നിട്ട് പറഞ്ഞു ഇത് ഉപേക്ഷിക്കുകയാണ് ഉത്തമം. എന്നിട്ട് മറ്റൊന്ന് എഴുതാന്‍ ശ്രമിക്കൂ. എന്തുകൊണ്ടാണ് ഞാനത് അന്ധമായി വിശ്വസിച്ചതെന്ന് ഇപ്പോഴും അറിയില്ല. എന്തുകൊണ്ടായാലും അതെനിക്കു ഗുണം ചെയ്തു എന്നു തന്നെയാണ് ഇപ്പോള്‍ തോന്നുന്നത്. അതുകൊണ്ടുമാത്രമാണ് څഇരുട്ടില്‍ ഒരു പുണ്യാളന്‍چ, څഅടിയാളപ്രേതംچ എന്നീ നോവലുകള്‍ എഴുതാന്‍ കഴിഞ്ഞത്. ചാവുനിലത്തിന്‍റെ ഭൂമികയില്‍ നിന്ന് മറ്റൊരു കൃതി എഴുതരുതെന്ന് ചില സ്നേഹിതര്‍ ഉപദേശിച്ചതാണെങ്കിലും അതിനു കാതു കൊടുക്കാതെയാണ് ഈ രണ്ടു നോവലുകളും എഴുതിയത്. അതങ്ങനെ എഴുതിപ്പോയി എന്നേ പറയാനാകൂ. ധാരാളം പണിയെടുത്തു എന്നതു സത്യമാണെങ്കിലും ആ രണ്ടു നോവലുകളും ഒട്ടും ആസൂത്രിതമായിരുന്നില്ല.

     കൊച്ചിയുടെ എഴുത്തുകാരന്‍, മരണവും ഇരുട്ടുമുള്ള കൃതികള്‍ എഴുതുന്നവന്‍ തുടങ്ങിയ വിശേഷണങ്ങള്‍ വളരെ അനായാസം ചാര്‍ത്തിക്കിട്ടിയെങ്കിലും അത്തരം നിഷ്ക്കളങ്കമായ വിലയിരുത്തലുകളെ ഗൗരവത്തിലെടുത്തിട്ടില്ല. എനിക്ക് എന്‍റേതായ ശൈലിയുണ്ടെന്നു തന്നെ എനിക്കു തോന്നിയിട്ടില്ല. ആരോ പറഞ്ഞതുപോലെ ഓരോ പുസ്തകവും അതിന്‍റെ ശൈലി കണ്ടെത്തുകയാണ്. ഒരു കൃതി വായിക്കുന്നയാള്‍ അതിന്‍റെ എഴുത്തുകാരനെ ഓര്‍ക്കാതിരിക്കുക തന്നെ വേണം. ഒരിക്കലും സ്വന്തം ജീവിതാനുഭവമെഴുതുന്നയാളാകാന്‍ എനിക്കു താല്‍പര്യം തോന്നിയിട്ടില്ല. എഴുതുന്നവ സ്വന്തം കണ്ടെത്തലുകളൊന്നുമല്ല. മുന്നേ കടന്നുപോയ എത്രയൊ പേരുടെ ചുമടും പേറിയാണ് നടപ്പ്. എഴുതാന്‍ പഠിച്ചതു തന്നെ മുന്നേ പോയവരെ കണ്ടിട്ടാണ്. എഴുതപ്പെടുന്ന വാക്കുകളൊന്നും ഞാനല്ലെന്നും അറിയാം. ഈ നിമിഷത്തെ എഴുതുമ്പോള്‍ അത് അനന്തകാലത്തേക്കുള്ളതാകണമെന്നുമില്ല. അടുത്ത നിമിഷം എല്ലാം മാറിമറിയാം. യാഥാര്‍ത്ഥ്യമല്ല അയഥാര്‍ത്ഥ്യമാണ് ഒരു നോവലിലെ ലോകവും സത്തയും എന്നൊക്കെയാണ് ഇപ്പോഴത്തെ തോന്നല്‍. ഓസിപ് മാന്‍റല്‍സ്റ്റാമും അന്ന അഖ്മത്തോവയും ചേര്‍ന്ന് മരിച്ചുപോയ കവികളുടെ കവിതകളിലൂടെ സഞ്ചരിച്ച് അവര്‍ ജീവിച്ച കാലവും സ്ഥലവും സൃഷ്ടിച്ചിട്ടുള്ളതായി വായിച്ചിട്ടുണ്ട്. മുന്നേ കടന്നുപോയ കവികളുമായി ഒരു സംഭാഷണത്തിനുള്ള ശ്രമം നടത്തുകയാണവര്‍ ചെയ്തിരുന്നത്. ഇപ്പോഴില്ലാത്ത സ്ഥലത്തിലൂടെയും മനുഷ്യരിലൂടെയുമുള്ള ഇത്തരം യാത്രകള്‍ കൂടിയാണ് സാഹിത്യം. ഇതാണ് ഞാന്‍, ഇതാണെന്‍റെ ശൈലി എന്നു പ്രദര്‍ശിപ്പിക്കുന്ന പുസ്തകങ്ങള്‍ക്ക് എന്തോ കാര്യമായ കുറവുണ്ടെന്ന് എപ്പോഴും തോന്നിയിട്ടുണ്ട്. അവനവനെ അങ്ങനെ പരിമിതപ്പെടുത്തുന്നതിനോട് തീരെ താല്‍പര്യമില്ല എന്നതാണ് അതിനു പിന്നിലെ ആലോചന. څകടലിന്‍റെ മണംچ വായിക്കുന്ന ഒരാള്‍ അത്രയെങ്കിലും സമ്മതിച്ചു തരുമെന്നാണ് ഞാന്‍ കരുതുന്നത്. ഞാന്‍ വളരെയേറെ ആസ്വദിച്ച ഒരു ലോകമായിരുന്നു ആ നോവലിന്‍റേത്. പലപ്പോഴും എഴുത്തുമേശ വിട്ടുപോരാന്‍ പോലും എനിക്ക് മടിയായിരുന്നു. എഴുതപ്പെട്ട നോവലുകള്‍ക്കുള്ളിലും സിനിമകള്‍ക്കുള്ളിലും ജീവിക്കാനാഗ്രഹിക്കുന്ന രണ്ടു കഥാപാത്രങ്ങളോട് തീവ്രമായ മാനസികാടുപ്പം തന്നെ എനിക്കുണ്ടായി. അതിലൊരു കഥാപാത്രം ഒരടയാളവുമില്ലാതെ അപ്രത്യക്ഷമാകുകയാണ് ചെയ്യുന്നത്. അയാള്‍ ഏതു നോവലിലേക്കായിരിക്കും ഓടി രക്ഷപ്പെട്ടിരിക്കുക എന്ന് അയാളെ വല്ലാതെ സ്നേഹിച്ചുപോയ സഫിയ ആലോചിക്കുന്നുണ്ട്.

     നോവല്‍, സിനിമ അല്ലെങ്കില്‍ ഒരു കലാരൂപം ജീവിതത്തിലേതുപോലെ സമാന്തരമായ ഒരു സ്ഥലവും കാലവും മനുഷ്യര്‍ക്കു നല്‍കുന്നുണ്ടെന്ന ചിന്തയിലാണ് കഥാപാത്രങ്ങളും എഴുത്തുകാരനും ജീവിക്കുന്നത്. ഭാവനയാല്‍ സൃഷ്ടിക്കപ്പെടുന്ന ലോകത്തില്‍ മനുഷ്യനു താമസിക്കാന്‍ ഒരിടം ഉണ്ടാകുമ്പോഴാണ് നല്ല കലാസ്വാദകന്‍ അതില്‍ ജീവിക്കാനാഗ്രഹിക്കുന്നത്. څകടലിന്‍റെ മണംچ എന്നു പേരിട്ട ഈ നോവലില്‍ യഥാര്‍ത്ഥത്തില്‍ കടല്‍ ഇല്ല. ഇതിലെ ചില കഥാപാത്രങ്ങള്‍ അന്തരീക്ഷത്തില്‍ കടലു മണക്കുന്നുണ്ട്. കടല്‍ ഇല്ലാത്ത ഒരു നഗരത്തില്‍ അതിന്‍റെ മണം അനുഭവപ്പെടുമ്പോള്‍ വായനക്കാരനോടൊപ്പം കഥാപാത്രങ്ങളും തങ്ങളുടെ ഭാവനയിലെ പ്രപഞ്ചത്തിലേക്കു പ്രവേശിക്കുകയാണ്. കടല്‍ മറ്റൊരു ജീവിത സാദ്ധ്യതയാണ്. മനുഷ്യന്‍റെ മാലിന്യങ്ങളത്രയും അടിഞ്ഞുകൂടുന്ന അതിന്‍റെ അടിത്തട്ടില്‍ നിന്നാണ് ആ ഗന്ധം ഉയര്‍ന്ന് കരയിലേക്ക് വരുന്നത് എന്ന് നോവലിന്‍റെ കരട് വായിച്ച എന്‍റെ ഒരു സ്നേഹിതന്‍ പറഞ്ഞു. കര അനുവദിക്കാത്ത പുതിയൊരു ജീവിത സാധ്യത കടല്‍ വാഗ്ദാനം ചെയ്യുന്നുണ്ടെന്നത് ഒരു വസ്തുതയാണ്. മറ്റൊരു മട്ടിലുള്ള ജീവിതം സാധ്യമാണെന്ന് കടലിനടിയിലെ പ്രപഞ്ചം മനുഷ്യനെ ഓര്‍മിപ്പിക്കുന്നുമുണ്ട്. മരണത്തിനു തൊട്ടുമുമ്പ് മിക്കവാറും മനുഷ്യന്‍ ആലോചിക്കാനിടയുള്ള ഒരു കാര്യമാണ്, പുതിയൊരു ജീവിത സാധ്യത കൂടി ഉണ്ടായിരുന്നെങ്കില്‍ എന്ന്. അത് അസാധ്യമാണെന്നു തോന്നിയതിനാലാകും മഹത്തായ ചില നോവലുകളുടെ അന്ത്യരംഗം മാറ്റി എഴുതുന്ന ഒരു കഥാപാത്രത്തെ ഇറ്റാലിയന്‍ എഴുത്തുകാരനായ ജാനി ചെല്ലാത്തി സൃഷ്ടിച്ചത്. ജാനി ചെല്ലാത്തിയുടെ ഒരു ചെറുകഥയിലെ* നായകന്‍ പുസ്തകങ്ങളില്‍ മാത്രം ജീവിക്കുന്ന, പന്ത്രണ്ടു ഭാഷയറിയാവുന്ന ഒരു പണ്ഡിതനാണ്. അവസാനകാലത്ത് തന്‍റെ പുസ്തകശേഖരത്തില്‍ നിന്ന് ആഹാരം കഴിക്കാന്‍ പോലും പുറത്തിറങ്ങാതെ അയാള്‍ വലിയൊരു കര്‍മത്തില്‍ മുഴുകിയിരിക്കുകയായിരുന്നു. മഹത്തായ നോവലുകളുടെ ദുരന്ത പര്യവസായിയായ അന്ത്യരംഗം ഏതാനും വാക്കുകള്‍ കൊണ്ടു മാറ്റി എഴുതി ശുഭപര്യവസായിയാക്കുന്ന ജോലിയായിരുന്നു അത്. ഒരു റഷ്യന്‍ നോവലിന്‍റെ ദുരന്തപര്യവസായിയായ രംഗം വെറും മൂന്നു വാക്കുകള്‍കൊണ്ടു മാറ്റി എഴുതിക്കൊണ്ടിരിക്കുമ്പോഴാണ് അയാള്‍ മരിച്ചത്. അതായിരുന്നു അയാളുടെ മാസ്റ്റര്‍പീസ്.

     څകടലിന്‍റെ മണംچ എന്ന നോവലിന്‍റെ ലോകം എന്‍റെ മനസ്സിനോട് കൂടുതല്‍ അടുത്തുനില്‍ക്കുന്നുവെന്ന തോന്നലാണ് ഈ വരികള്‍ എഴുതിപ്പിച്ചത് എന്ന് ഒരുവട്ടം കൂടി പറയട്ടെ. ജാനി ചെല്ലാത്തിയുടെ വായനക്കാരനെപ്പോലെ എഴുത്തുകാരനും ഒരു തിരുത്തിനു മുതിരുന്നുണ്ട്. അസംഖ്യം സാധ്യതകള്‍ കണ്ടെത്തുന്ന വായനക്കാരനെ സ്വപ്നം കാണാത്ത പുസ്തകങ്ങളൊന്നും എഴുതപ്പെട്ടിട്ടുണ്ടാകില്ല. എഴുതിത്തീര്‍ന്ന നോവലില്‍ വായനക്കാരനുള്ള സ്വാതന്ത്ര്യം എഴുത്തുകാരനില്ലെന്ന ഉത്തമബോധ്യവുമുണ്ട് എനിക്ക്. നല്ല സെന്‍സിബിലിറ്റിയുള്ള വായനക്കാരന്‍ എഴുത്തുകാരനോളം പ്രതിഭയുള്ളവനാണെന്ന കാര്യത്തില്‍ സംശയമേയില്ല. അയാള്‍ മാത്രമായിരിക്കും ആ നോവലിന്‍റെ സ്ഥലകാലങ്ങളില്‍ ജീവിക്കുന്നത്. അയാള്‍ക്കു വേണ്ടിയായിരിക്കും ഒരു നോവലിസ്റ്റ് എഴുതുന്നതും. അതൊക്കെ ഓര്‍മിച്ചുകൊണ്ടാണ് څഇരുട്ടില്‍ ഒരു പുണ്യാളന്‍چ എന്ന നോവലിന്‍റെ പിന്‍കുറിപ്പില്‍ സമാനഹൃദയര്‍ക്കു വേണ്ടിയുള്ള രഹസ്യകോഡാണ് സാഹിത്യമെന്ന് ഞാനെഴുതിയത്. ഒരു കാര്യം തീര്‍ച്ച നോവലെഴുത്ത് ഏറെ കഷ്ടത നിറഞ്ഞ തീവ്രയജ്ഞമാണ്. സമ്പത്തും പ്രശസ്തിയും നേടിത്തരാത്ത, കഷ്ടപ്പാടു നിറഞ്ഞ ഈ കര്‍മത്തില്‍ ഒരെഴുത്തുകാരന്‍ എന്തുകൊണ്ട് മുഴുകുന്നു എന്നു സ്വയം ചോദിച്ചുകൊണ്ട് പ്രഗത്ഭ നോവലിസ്റ്റ് ഹവിയര്‍ മറിയാസ് പറയുന്നുണ്ട്, ഭാവനയില്‍ സൃഷ്ടിച്ച ആ ലോകത്തുള്ള ജീവിതം ആസ്വദിക്കുന്നതുകൊണ്ടുമാത്രമാണ് താന്‍ എഴുതുന്നതെന്ന്. അതോടൊപ്പം താന്‍ സൃഷ്ടിച്ച ലോകത്തു തന്നെപ്പോലെ ജീവിക്കാന്‍ കഴിയുന്ന മനസ്സടുപ്പമുള്ള വായനക്കാരന്‍റെ സഹവാസവും എന്നുകൂടി ഞാന്‍ കൂട്ടിച്ചേര്‍ക്കുന്നു.



* ഏശമിിശ ഇലഹഹമശേ യുടെ അ ടരവീഹമൃെ കറലമ ീള ഒമുു്യ ഋിറശിഴെ

Share:

No comments:

Post a Comment

മൂല്യസൃതി മാസിക വരിക്കാരാവുക

SUBSCRIBE ONLINE

SUBSCRIBE ONLINE
1 year - 240/- 2 Years - 480/- ,3 Years- 720/-

Moolyasruthi Cover

Moolyasruthi Cover
JUNE 2021

MOOLYASRUTHI MAGAZINE

CHAVARA INSTITUTE

CHAVARA INSTITUTE
ADMISSION STARTED

ADVERTISE HERE

ADVERTISE HERE
Ph : 0484 4863404

Chavara Matrimony

Chavara Matrimony

Popular Posts

Search This Site

Recent Posts