മരണവിധം -- ട്രൈബി പുതുവയല്‍

 കഥ




ജനുവരി പതിനൊന്ന്

പുലര്‍ച്ചെ 5 എ. എം

     കര്‍ണാടകത്തിലെ തുമകൂര്‍ ഫോറസ്റ്റ് സ്റ്റേഷന്‍. യൂണിഫോമിന്‍റെ ബട്ടണുകളെല്ലാം അഴിച്ചിട്ട് മരക്കസേരയിലേക്ക് കാലുകള്‍ കയറ്റിവച്ച് തന്‍റെ സീറ്റില്‍ പുറകിലേക്ക് ചാഞ്ഞുകിടന്ന് ഉറങ്ങുകയാണ് ഫോറസ്റ്റ് ഓഫീസര്‍ ബസവരാജ്. മേശയില്‍ കിടക്കുന്ന അയാളുടെ മൊബൈല്‍ ഫോണില്‍ അത്ര പുതിയതല്ലാത്ത ഹിന്ദിപ്പടം ഓടിക്കൊണ്ടിരിക്കുന്നു. ഓഫീസറുടെ കൂര്‍ക്കംവലിയും ഹിന്ദിപ്പടത്തിലെ മാസ് ഡയലോഗും ഇരുന്നുറങ്ങുന്ന ഫോറസ്റ്റ് ഗാര്‍ഡുമാര്‍ക്ക് ശല്യമാകുന്നുണ്ടെന്ന് അവരുടെ മുഖഭാവത്തില്‍ വ്യക്തം.

     പെട്ടെന്ന് എല്ലാ ശബ്ദങ്ങള്‍ക്കും മുകളിലായി കുപ്പിചിതറും പോലെ ലാന്‍ഡ് ഫോണ്‍ ശബ്ദിച്ചു. തുടര്‍ച്ചയായി ബെല്ലടിച്ച ഫോണിലേക്ക് നോക്കി രണ്ട് തെറി പറഞ്ഞുകൊണ്ട് ബസവരാജ് ഫോണെടുത്തു. ഫോണിലൂടെ കേട്ട വാര്‍ത്ത അയാളുടെ എല്ലാ ആലസ്യത്തെയും കുടഞ്ഞുകളയുന്നതായിരുന്നു.

     ചെറുമഴ പോലെ മഞ്ഞുപൊഴിയുന്ന പുലരിയില്‍ ഫോറസ്റ്റ് ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ ജീപ്പ് ഉള്‍വനത്തിലെ വഴിയിലേക്കിറങ്ങി. നമ്പര്‍ കൊത്തിയിരിക്കുന്ന മരങ്ങളുടെ അടയാളങ്ങള്‍ ഉറപ്പിച്ച് ബസവരാജ് ജീപ്പ് ഓടിച്ചു. തേടിവന്ന അക്കം രേഖപ്പെടുത്തിയ മരത്തിനടുത്ത് ജീപ്പ് നിര്‍ത്തി ബസവരാജും കൂടെയുള്ള ഗാര്‍ഡും പുറത്തേക്കിറങ്ങി. അവര്‍ അടുത്ത തട്ടിലേക്ക് മരങ്ങള്‍പിടിച്ച് സൂക്ഷിച്ചിറങ്ങി. മുന്നോട്ട് നടന്നപ്പോള്‍ രണ്ട് ഫോറസ്റ്റ് വാച്ചര്‍മാരും നായാട്ടിന് കയറിയ ഒരാദിവാസിയുവാവും അവരെ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. ബസവരാജിനെ അവര്‍ ഒരു കിടങ്ങിനടുത്തേക്ക് കൂട്ടിക്കൊണ്ടുപോയി. മണ്ണ് വെട്ടിതാഴ്ത്തിയതുപോലുള്ള കുഴിയില്‍ കത്തിക്കരിഞ്ഞ ഒരു മൃതദേഹം അവര്‍ അയാളെ കാണിച്ചുകൊടുത്തു. പുരുഷന്‍റേതൊ, സ്ത്രീയുടേതൊ എന്ന് തിരിച്ചറിയാന്‍ പറ്റാത്തവിധം കറുത്തമനുഷ്യരൂപം. ജീവിതത്തിലാദ്യമായാണ് ബസവരാജ് ഇത്തരമൊരു കാഴ്ച കാണുന്നത്. അതിന്‍റെ നടുക്കം അയാളുടെ മുഖത്തുണ്ട്. ദിവസവേതനക്കാരായ വാച്ചര്‍മാരെ കണ്ണുപൊട്ടുന്ന ചീത്ത വിളിച്ച് അയാള്‍ മാറിനിന്ന് ഫോണില്‍ ആരെയൊക്കെയോ ബന്ധപ്പെടാന്‍ ശ്രമിച്ചു. റേഞ്ച് കിട്ടാതെ വന്നപ്പോള്‍ അടുത്തുകണ്ട കൂറ്റന്‍മരത്തില്‍ കൈകൊണ്ട് ആഞ്ഞിടിച്ചു. വാച്ചര്‍മാരില്‍ ചെറുപ്പക്കാരനായ സുബ്രഹ്മണ്യം ശബ്ദം താഴ്ത്തി മറ്റുള്ളവരോട് പറഞ്ഞു.

     ڇഇതൊരു പെണ്ണിന്‍റെ ഡെഡ് ബോഡിയാ, എനിക്കുറപ്പാ...ڈ

     കൂടെ നിന്നവര്‍ സുബ്രഹ്മണ്യത്തെ തെല്ല് ഭയത്തോടെ നോക്കി.


മാര്‍ച്ച് ഇരുപത്തിനാല്

രാത്രി 10 പി. എം

     സമയം പാലിച്ച് ഓടിക്കൊണ്ടിരിക്കുന്ന ബാംഗ്ളൂര്‍ കുര്‍ള എക്സ്പ്രസ്സ് ട്രെയിനിന്‍റെ പത്താമത്തെ ബോഗി. ടോയ്ലറ്റില്‍ പോയി മടങ്ങിവന്ന ഹിന്ദിക്കാരിയായ തടിച്ച സ്ത്രീ തന്‍റെ ബാഗ് തുറന്ന് ഒരു പായ്ക്കറ്റ് ബിസ്ക്കറ്റും ഒരു കുപ്പി പഴച്ചാറുമായി വീണ്ടും ടോയ്ലറ്റിന്‍റെ ഭാഗത്തേക്ക് നടന്നു. പുസ്തകപാരായണത്തിലായിരുന്ന അവരുടെ ഭര്‍ത്താവ് നബാരുണ്‍ ഭട്ടാചാര്യ ശരീരമിളക്കിപോകുന്ന തന്‍റെ ഭാര്യയെ കണ്ണടയ്ക്ക് മുകളിലൂടെ ഒന്നുനോക്കി. എട്ടും, പത്തും വയസ്സുള്ള അവരുടെ രണ്ടാണ്‍കുട്ടികള്‍ അതൊന്നും ശ്രദ്ധിക്കാതെ വിരലുകള്‍ കൊണ്ട് ഒരുതരം കളിയിലാണ്.

     ڇഎന്തു ഭക്ഷണവും എങ്ങനെയൊക്കെ കൊടുത്താലും വേണ്ടാത്ത രണ്ടെണ്ണമുണ്ട്... ടോയ്ലറ്റിനടുത്ത് ചെന്ന് നോക്ക് രണ്ട് കുട്ടികള്‍ വിശന്ന് തളര്‍ന്ന് നില്‍ക്കുന്നു... അവരുടെ പിതാവ് ട്രെയിനില്‍ വല്ലതും വില്‍ക്കാന്‍ നടക്കുകയാവും... പോയി കണ്ടു പഠിക്ക്...ڈ തിരികെ വന്ന അവര്‍ കുട്ടികളെ ഉറക്കെ ശകാരിച്ചു.

     അമ്മയുടെ ദേഷ്യവും അച്ഛന്‍റെ കണ്ണിറുക്കലും കണ്ട് ഇളയവന് ചിരിപൊട്ടി. ദേഷ്യം കൊണ്ട് അമ്മ അവന്‍റെ തലയ്ക്കൊരു കിഴുക്കുകൊടുത്തു. അടിയേറ്റ പാമ്പിനെപ്പോലെ ഒന്ന് വിറച്ചുകൊണ്ട് ട്രെയിന്‍ ഒരു ഇരുമ്പ് പാലം വേഗത്തില്‍ കടന്നുപോയി.


മാര്‍ച്ച് ഇരുപത്തഞ്ച്

രാവിലെ 6 എ. എം

     കരാപ്പുഴ പാലത്തില്‍ ആളുകള്‍ കൂടിയിട്ടുണ്ട്. വാഹനങ്ങള്‍ നിര്‍ത്തി കൈവരിപിടിച്ച് ആളുകള്‍ താഴേക്ക് നോക്കുകയാണ്. പുരുഷാരം ഏറിവരുന്നു. സംഘങ്ങളായി തിരിഞ്ഞ് പല അഭിപ്രായങ്ങളും മനുഷ്യര്‍ പങ്കുവയ്ക്കുന്നു. അവിടേക്ക് ലൈറ്റിട്ട് വേഗത്തിലെത്തിയ നടക്കാവ് സ്റ്റേഷനിലെ പൊലീസ് ജീപ്പില്‍ നിന്നും എസ്. ഐ രഞ്ജിത്തും, രണ്ട് സിവില്‍ പൊലീസ് ഓഫീസര്‍മാരും ചാടിയിറങ്ങി. റോഡിന് നടുവിലായി സ്റ്റാന്‍ഡില്‍വച്ചിരുന്ന ഒന്നുരണ്ട് ടൂവീലറുകളും സൈക്കിളുകളും അവര്‍ ചവിട്ടിമറിച്ചിടുകയും ആളുകളെ വിരട്ടിയോടിക്കുകയും ചെയ്തു. എസ്. ഐ രഞ്ജിത്ത് കൈവരിയില്‍ പിടിച്ച് താഴേക്ക് നോക്കി. പാലത്തിനു നടുക്ക് പില്ലറിനോട് ചേര്‍ന്ന് പോളപ്പായലുകള്‍ തങ്ങിനില്‍ക്കുന്നതിനിടയില്‍, മഞ്ഞസാരിയുടുത്ത ഒരു മൃതദേഹം കമിഴ്ന്ന് പൊന്തിക്കിടക്കുന്നു. അതൊരു സ്ത്രീയുടെ മൃതദേഹമാണെന്ന് ഉറപ്പ് വരുത്തുന്നതിന് സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ പുഷ്പന്‍ ഏന്തി വലിഞ്ഞ് നോക്കുകയാണ്.

     ڇസാറേ, തൊപ്പി വെള്ളത്തില്‍ പോകാതെ നോക്കണേ...ڈ

     ഒരുവന്‍ വിളിച്ചുപറഞ്ഞത് ആള്‍ക്കൂട്ടത്തില്‍ വലിയ ചിരിയുണ്ടാക്കി. എസ്. ഐ രഞ്ജിത്ത് പുഷ്പനോട് പറഞ്ഞു.

     ڇഫയര്‍ഫോഴ്സിനെ വിവരമറിയിച്ച് ബോഡി കയറ്റാനുള്ള ഏര്‍പ്പാടു ചെയ്യണം...ڈ

     പുഷ്പന്‍ രഞ്ജിത്ത്സാറിനെ അല്‍പം മാറ്റിനിര്‍ത്തി ഉപദേശം പോലെ പറഞ്ഞു.

     ڇസാറേ... ഈ പാലം നമ്മുടെ സ്റ്റേഷന്‍റെ അതിര്‍ത്തിയാ... അപ്പുറം നെടുമ്പ്രം സ്റ്റേഷനാ... ഒരു മണിക്കൂറൊന്ന് വെയ്റ്റ് ചെയ്താ ഇറക്കസമയത്ത് പുലിവാല് ചിലപ്പോ ഒഴിഞ്ഞുപോകും.ڈ

     ചാര്‍ജെടുത്തിട്ട് അധികമാകാത്തതുകൊണ്ട് രഞ്ജിത്ത് പുഷ്പന്‍റെ വാക്കുകള്‍ക്ക് അത്യാവശ്യം വില കൊടുക്കാറുണ്ട്. ഗതാഗതതടസ്സം ഉണ്ടാക്കുന്ന രീതിയില്‍ ആളുകള്‍ കൂട്ടംകൂടാതിരിക്കാന്‍ കോണ്‍സ്റ്റബിള്‍ ഷാജിയെ അവിടെ നിര്‍ത്തിയ ശേഷം ചിലരുടെ കഴുത്തില്‍ പിടിച്ച്തള്ളി രഞ്ജിത്തും പുഷ്പനും ജീപ്പില്‍ കയറി. റെയില്‍വെ സ്റ്റേഷന്‍ ഭാഗത്തേക്ക് ജീപ്പ് ഓടിപ്പോയപ്പോള്‍ ആളുകള്‍ കൂട്ടമായി കൂവി ഒച്ചവച്ചു.


മാര്‍ച്ച് ഇരുപത്തഞ്ച്

11 എ. എം

     വി. ഐ. പി ഡ്യൂട്ടിക്കായി കോളെജ് റോഡില്‍ നില്‍ക്കുമ്പോഴാണ് നെടുമ്പ്രം സ്റ്റേഷനിലെ പ്രൊബേഷന്‍ എസ്. ഐ സ്റ്റാന്‍ലി പീറ്ററിന്‍റെ സെല്‍ഫോണില്‍ കോള്‍ വരുന്നത്. തെങ്ങ്പാലം ജെട്ടിക്കടുത്ത് ഒരു സ്ത്രീയുടെ മൃതദേഹം അടിഞ്ഞിരിക്കുന്നു. സ്റ്റാന്‍ലി കോര്‍ട്ട് ഡ്യൂട്ടിക്ക് പോയ എസ്. എച്ച്. ഒ യെ വിവരമറിയിച്ചു. മന്ത്രി പാസ് ചെയ്തു കഴിഞ്ഞാലുടന്‍ എ. എസ്. ഐ രാധാകൃഷ്ണനെയും കൂട്ടി സംഭവസ്ഥലത്തേക്ക് ചെല്ലാന്‍ അദ്ദേഹം പറഞ്ഞതും അകമ്പടി ജീപ്പിന്‍റെ സൈറണുകള്‍ മുഴങ്ങി ഫോണ്‍ കട്ടായി.

     ജെട്ടിയില്‍ എഴുപതിനടുത്ത് ആളുകള്‍ കൂടിനില്‍ക്കുന്നുണ്ട്. ഇത്തരം ഘട്ടങ്ങളില്‍ പൊലീസിനെ സഹായിക്കാറുള്ള ജോസും, മൈന മണിയും സ്ഥലത്ത് എത്തിയിട്ടുണ്ട്. മരണപ്പെട്ട സ്ത്രീ വിവാഹശേഷം ഏഴുവര്‍ഷം തികഞ്ഞിട്ടില്ലെങ്കില്‍ ആര്‍. ഡി. ഒ യുടെ മേല്‍നോട്ടത്തില്‍ വേണം ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കാന്‍. അല്ലാത്തപക്ഷം എസ്. ഐ മതിയാവും. വ്യക്തതയില്ലാത്തതുകൊണ്ട് സ്റ്റാന്‍ലി ആര്‍. ഡി. ഒ യ്ക്ക് വിവരമറിയിച്ചു. സാമൂഹ്യപ്രവര്‍ത്തകന്‍ പടനിലം ജോര്‍ജ് രണ്ട് ഫൈബര്‍ വള്ളങ്ങള്‍ കൊണ്ടുവന്നു. കാര്യങ്ങള്‍ വേഗത്തിലായി. ജെട്ടി സ്റ്റാന്‍ഡിലെ ഓട്ടോറിക്ഷ തൊഴിലാളികളുടെ സഹായം കൊണ്ട് ഒരു മണിക്കൂറിനുള്ളില്‍ ബോഡി ജെട്ടിയിലടുപ്പിച്ച് സ്ലാബില്‍ കയറ്റി കിടത്തി. ഭയങ്കര സ്മെല്ലുണ്ട്. ആളുകള്‍ ഒഴിഞ്ഞുമാറി.

     മൃതദേഹത്തിന് മുപ്പത്തഞ്ച്, നാല്‍പ്പത് വയസ്സിനിടയില്‍ പ്രായം കാണും. എന്തോ തട്ടി ഇടതുകാല്‍ മുട്ടിന് താഴെ മുറിഞ്ഞ് അറ്റുപോയിട്ടുണ്ട്. വലതു കാലില്‍ കൊലുസുണ്ട്. നെറ്റിയില്‍ അടിച്ചതുപോലെ രണ്ട് മുറിവുകള്‍. മുക്കൂത്തിയുണ്ട്, ഇടതുകൈയില്‍ പച്ചകുത്തിയിരിക്കുന്നു... കൈ തിരിച്ചു വച്ച് തുടച്ച് നോക്കിയപ്പോള്‍ അക്ഷരങ്ങള്‍ കന്നടയാണ്.

     ڇസര്‍... ഇത്... ശങ്കര്‍ എന്നാണ് കുത്തിയിരിക്കുന്നത്.ڈ

     പറഞ്ഞതാരാണെന്നറിയാന്‍ സ്റ്റാന്‍ലി തലയുയര്‍ത്തിനോക്കി. പറഞ്ഞ ഓട്ടോക്കാരന്‍ ചെറുതായി ഒന്നു പരുങ്ങി. ബോഡി എടുക്കാന്‍ തുടങ്ങുമ്പോള്‍ മുതല്‍ ബിജു എന്ന ഓട്ടോക്കാരന്‍ എല്ലാ കാര്യത്തിലും സ്മാര്‍ട്ടായി കൂടെയുണ്ട്. അപ്പോഴേ അയാളില്‍ നോട്ടം വീണതാണ്...

     ആര്‍. ഡി. ഒ യും എസ്. ഐ രാജീവ് സാറും ഒരേ സമയത്താണ് വന്നത്. ചന്ദനത്തിരികള്‍ കൂട്ടമായി കത്തിച്ചുവച്ചു. വേഗത്തില്‍ നടപടികള്‍ തുടങ്ങി. ബോഡി കരയ്ക്ക് കയറ്റി കണ്ടതു മുതല്‍ എന്തോ എവിടെയോ വച്ച് മറന്ന ഒരസ്വസ്ഥതയാണ് സ്റ്റാന്‍ലിയുടെ മനസ്സില്‍. പോസ്റ്റുമോര്‍ട്ടത്തിനായി ആംബുലന്‍സിലേക്ക് കയറ്റുമ്പോള്‍ വല്ലാതാവുന്ന സ്റ്റാന്‍ലിയുടെ മുഖം കണ്ട് എ. എസ്. ഐ രാധാകൃഷ്ണന്‍ ചിരിച്ചുകൊണ്ട് പറഞ്ഞു.

     ڇആദ്യത്തെ കേസായതുകൊണ്ടാ... എല്ലാം വഴിയെ ശരിയാവും...ڈ

     ആത്മഹത്യ, അപകടം, കൊലപാതകം... ഏതാണ് ഈ മരണത്തിന് കാരണം? ഈ സ്ത്രീയെ കാത്തിരിക്കുന്നവര്‍ ആരൊക്കെയാവും? ഈ മരണത്തോടെ അനാഥമായ ജീവിതങ്ങളുണ്ടാവില്ലേ...? പല ചിന്തകളും സ്റ്റാന്‍ലിയുടെ മനസ്സിനെ വീര്‍പ്പുമുട്ടിച്ചു.

     നെടുമ്പ്രം സ്റ്റേഷനിലും തൊട്ടടുത്ത സ്റ്റേഷനുകളിലും ക്രൈം കാര്‍ഡില്‍ ഒരിടത്തും കാണാതായ സ്ത്രീകളുടെ ലിസ്റ്റില്‍ മരിച്ച സ്ത്രീയുടേതിന് സമാനതയുള്ള കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

     ഒന്നിനും ഉത്തരം കൊടുക്കാതെ മൃതദേഹം താലൂക്ക് ഹോസ്പിറ്റലിലെ പോസ്റ്റുമോര്‍ട്ടം ടേബിളില്‍ മരവിച്ച് കിടന്നു.

     ڇഅറിയാലോ... പരാതികളും സമ്മര്‍ദ്ദങ്ങളുമുള്ള കേസുകള്‍ക്ക് പുറകെ പോകാന്‍ പോലും നമുക്ക് സമയം തികയുന്നില്ല... പിന്നെ ഇതിന്‍റെയൊക്കെ മേല്‍ വെറുതെ നേരം കളയണോ...?ڈ

     റിട്ടയേര്‍ഡാവാന്‍ ഒരു വര്‍ഷം തികച്ചില്ലാത്ത എസ്. ഐ രാജീവ് സാറിന്‍റെ ഭയവും പക്വതയും ഇപ്പഴേ പ്രകടമാണ്.

     ڇഅന്യസംസ്ഥാന തൊഴിലാളികളുടെ കൂട്ടത്തില്‍ ആരെങ്കിലുമാകും സാറേ...ڈ

     എ. എസ്. ഐ രാധാകൃഷ്ണന്‍ ചായ ഊതിക്കുടിച്ച് സംശയം പോലെ പറഞ്ഞു. രാജീവ്സാര്‍ നരച്ചമീശ തടവി തൊപ്പിയെടുത്ത് തലയില്‍വച്ച് പുറത്തേക്ക് പോയി.


മാര്‍ച്ച് ഇരുപത്തഞ്ച്

രാത്രി 10 പി. എം

     പോര്‍ച്ചില്‍ വന്നുനിന്ന ബുള്ളറ്റിന്‍റെ ശബ്ദം കേട്ട് പാറയില്‍ പീറ്റര്‍ വാതില്‍ തുറന്നു. അകത്തേക്കുവന്ന സ്റ്റാന്‍ലിയുടെ കൈയില്‍ പപ്പയ്ക്കുള്ള ക്വാട്ടയുണ്ടായിരുന്നു. പീറ്റര്‍ അത് വാങ്ങി. മേശപ്പുറത്ത് ചിതറിക്കിടക്കുന്ന റിവോള്‍വര്‍ പാര്‍ട്സുകളും ബുക്കുകളും ഒതുക്കി പീറ്റര്‍ ബോട്ടിലവിടെ വച്ചു. വീണ്ടും താന്‍ വരച്ചെടുത്ത റിവോള്‍വറിന്‍റെ രേഖാചിത്രത്തില്‍ ചില കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തി.

     സ്റ്റാന്‍ലി കുളികഴിഞ്ഞു വരുമ്പോഴും പപ്പ പണിതുടരുകയാണ്. ഓരോ സമയത്തും അയാള്‍ക്ക് ഓരോന്നിലാണ് കമ്പം. ഹസ്തരേഖ, ജ്യോതിഷം, ക്യാമറ, ഗൂഢവിദ്യ, ആത്മീയത, ചെസ്... അതെല്ലാം വിട്ട് ഇപ്പോള്‍ ദാ തോക്ക്. എല്ലാത്തിന്‍റെയും പീക്കിലെത്തി കഴിയുമ്പോള്‍ കമ്പം തീര്‍ന്ന് ഉപേക്ഷിക്കും; അതാണ് പ്രകൃതം.

     ڇഏതു കാര്യവും രസം പോയാല്‍ പിന്നെ തീര്‍ന്നു.ڈ അര്‍നോള്‍ഡ് ഷ്വാസ്നഗറിന്‍റെ മുഖമുള്ള പീറ്റര്‍ ചിരിച്ചുകൊണ്ട് തന്‍റെ വട്ടിനെക്കുറിച്ച് പറയും.

     വലിയ കാരംസ് ബോര്‍ഡിന്‍റെ ഇരുവശത്തുമായി അപ്പനും മകനും ഇരുന്നു. മദ്യം പകര്‍ന്ന് ഇരുവരും ചിയേഴ്സ് പറഞ്ഞു. പപ്പവച്ച മീന്‍കറി മകന്‍ തൊട്ടു നക്കി.

     ڇനാടന്‍ വരാലാ പുളിപിടിക്കണമെങ്കില്‍ ഒരു ദിവസം കഴിയണം...ڈ

     സ്റ്റാന്‍ലി ശരിവച്ചു. പീറ്റര്‍ മീന്‍കറിയിലെ കുടമ്പുളിയെടുത്തു കടിച്ചു. വീണ്ടും മദ്യം പകര്‍ന്ന് കൈയില്‍പിടിച്ചു. ആറു ബ്ലാക്ക്കോയിനുകള്‍ തട്ടി പോക്കറ്റിലാക്കി. ഏഴാമത്തെ കോയിന്‍ ഉന്നംവച്ച ശേഷം പറഞ്ഞു.

     ڇആ പെങ്കൊച്ചിനെ വേണ്ടപ്പെട്ടവരാരോ തട്ടിയതാ... നീ താല്‍പര്യം കാണിച്ച് കേസന്വേഷിക്കണം...ڈ

     മണിയോര്‍ഡര്‍ പൊക്കിയതിന് പോസ്റ്റ്മാന്‍ ജോലി നഷ്ടപ്പെട്ട, തട്ടിപ്പ് പീറ്ററെന്ന് നാട്ടുകാര്‍ വിളിക്കുന്ന തന്‍റെ പപ്പ തന്നെയാണോ ഇതെന്ന ഭാവത്തില്‍ സ്റ്റാന്‍ലി അയാളെ നോക്കി.

     ڇപാലത്തില്‍നിന്ന് താഴേക്ക് നോക്കിനിന്നവരുടെ കൂട്ടത്തില്‍ രാവിലെ ഞാനുമുണ്ടായിരുന്നു. ബോഡി ഒഴുകി പാലം കടക്കുമ്പോഴേ എനിക്ക് തോന്നി... അത് നിന്‍റടുത്തേക്കുള്ള വരവാണെന്ന്...ڈ

     പീറ്റര്‍ എഴുന്നേറ്റു വീണ്ടും റിവോള്‍വറിന്‍റെ തീരാത്തപണിയില്‍ മുഴുകി. ഒരു റിവോള്‍വര്‍ നിര്‍മിക്കാനുള്ള ശ്രമത്തിലാണ് അയാള്‍. സ്റ്റാന്‍ലി തന്‍റെ മുറിയില്‍ വന്ന് കിടന്നു. ഉറക്കം വരുന്നില്ല. പലതും ഓര്‍ത്ത് പോവുകയാണ്. ഭര്‍ത്താവിനെയും മകനെയും ഉപേക്ഷിച്ച് ഡ്രൈവര്‍ക്കൊപ്പം ഇറങ്ങിപ്പോയ അമ്മ. വിവാഹം കഴിഞ്ഞ് ആറുമാസം തികയും മുമ്പേ തകര്‍ന്ന തന്‍റെ ദാമ്പത്യം. നാട്ടുകാര്‍ പറയുന്നു പാറയില്‍ വീടിന് ശാപമുണ്ടെന്ന്. ശരിയായിരിക്കും... അഞ്ചേക്കറില്‍ പ്രേതഭവനം പോലെയാണ് ഈ വീട്. ഗെയ്റ്റ് കടന്നുവരുമ്പോഴേ കാട്കയറിയ വഴിയില്‍ ചക്കയും മാങ്ങയുമെല്ലാം ചീഞ്ഞ് ചിതറിക്കിടക്കുന്നു... അസിസ്റ്റന്‍റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറായിരിക്കെ കൈക്കൂലി കേസില്‍ സസ്പെന്‍ഷനിലായ താന്‍ കൂടുതല്‍ കൈക്കൂലിക്ക് വേണ്ടിയാണ് എസ്. ഐ ആയതെന്നാണ് നാട്ടുകാര്‍ പറയുന്നത്. കൈക്കൂലിക്കാരന്‍ അപ്പന്‍റെ കൈക്കൂലിക്കാരനായ മകന്‍.


മാര്‍ച്ച് ഇരുപത്താറ്

പകല്‍ 11 എ. എം

     ബുള്ളറ്റ് സ്റ്റാന്‍ഡില്‍ വച്ച് സ്റ്റാന്‍ലി ജെട്ടിയിലേക്ക് കയറി. മഫ്ടിയിലായതുകൊണ്ട് അധികമാരും ശ്രദ്ധിക്കുന്നില്ല. ഇരുവശത്തേക്കും നോക്കി. ജെട്ടിയില്‍ നിന്നാല്‍ എന്‍. എച്ച് പതിനേഴ് കടന്നുപോകുന്ന പാലം കാണാം. നോട്ടത്തില്‍ തോന്നില്ലെങ്കിലും പാലത്തില്‍ നിന്നും നാലു കിലോമീറ്റര്‍ ഇപ്പുറമാണ് ജെട്ടി. കരാപ്പുഴ പാലത്തിന് എട്ടു കിലോമീറ്ററോളം കിഴക്ക് മാറി പുഴ മുറിച്ച് തുരുത്തിലൂടെ കടന്നുപോകുന്ന റെയില്‍പാലമുണ്ട്. ട്രെയിന്‍ തട്ടിയാണ് ആ സ്ത്രീ പുഴയില്‍ വീണതെങ്കില്‍ തുരുത്തിലൂടെ പോകുന്ന പാളത്തില്‍ നിന്നാകാനാണ് സാധ്യത. തെങ്ങ്പാലം ജെട്ടിക്ക് അഞ്ചു കിലോമീറ്ററോളം പടിഞ്ഞാറ് മാറി മറ്റൊരു റെയില്‍പ്പാലമുണ്ട്. അവിടെനിന്നും ബോഡി കിഴക്കോട്ടൊഴുകി വരാന്‍ സാധ്യത കുറവാണ്. ഏറ്റത്തിനാണെങ്കിലും ഇത്രദൂരം വരില്ല. ട്രെയിന്‍ തട്ടിയതാണെങ്കില്‍ ഇടത് കാലിന് മാത്രമായി മുറിവ് സംഭവിക്കുമോ...? സാധാരണ ട്രെയിന്‍ തട്ടിയ കേസുകളില്‍ സാരിയില്‍ കരിയോ, ഗ്രീസോ, കീറലോ മറ്റോ കാണേണ്ടതാണ്. പ്രാഥമിക പരിശോധനയില്‍ അങ്ങനെയൊന്നും ഉണ്ടായില്ല. ചോദ്യങ്ങള്‍ മനസ്സിലിട്ട് വെട്ടിയും തിരുത്തിയും സ്റ്റാന്‍ലി വെള്ളത്തിലേക്ക് നോക്കി നിന്നു. സ്റ്റാന്‍ലിയെ തിരിച്ചറിഞ്ഞ ഓട്ടോക്കാര്‍ ചുറ്റും വന്നുകൂടി. ഡ്രൈവര്‍മാരില്‍ പ്രായം ചെന്ന ശിവദാസന്‍ ചേട്ടന്‍ ചോദിച്ചു.

     ڇആരാ... എന്താ എന്നൊക്കെ അറിഞ്ഞോ സാറേ...?ڈ

     ڇഇല്ല...ڈ

     കൂട്ടത്തില്‍ ഡ്രൈവര്‍ ബിജുവിനെയാണ് സ്റ്റാന്‍ലി തിരഞ്ഞത്. അയാളെ മാത്രം കാണുന്നില്ല. ചില സംശയങ്ങള്‍ പിടിവള്ളിയാകാറുണ്ട്. ഡ്രൈവേഴ്സിനോട് ബിജുവിനെ കുറിച്ച് ചോദിക്കാന്‍ തുടങ്ങുമ്പോള്‍ സ്റ്റാന്‍ഡിലേക്ക് څരക്ഷകന്‍چ എന്നു പേരുള്ള ഓട്ടോ വന്നു നിന്നു. അതില്‍ നിന്നും ബിജു പുറത്തേക്കിറങ്ങി. സ്റ്റാന്‍ലിയെ കണ്ടതും ബിജുവും ജെട്ടിയിലേക്ക് വന്നു.

     ڇസാറെ, ആളെ തിരിച്ചറിഞ്ഞോ...?ڈ

     ബിജു ആകാംക്ഷയോടെ ചോദിച്ചു. സ്റ്റാന്‍ലി സിഗരറ്റ് കത്തിക്കുക മാത്രം ചെയ്തു.

     ڇഭഗവതി ക്ഷേത്രത്തിനു താഴെ കൊട്ടവഞ്ചിയുപയോഗിച്ച് മീന്‍ പിടിക്കുന്ന കന്നടക്കാരുണ്ട്... അവിടെ അന്വേഷിച്ചാല്‍ എന്തെങ്കിലും ഇത് കിട്ടാന്‍ വഴിയുണ്ട് സാറേ...ڈ

     ബിജു ഒരുപാട് സംസാരിക്കുന്ന ശീലക്കാരനാണ്.

     സ്റ്റാന്‍ലി ബിജുവിനോട് തന്‍റെ ബുള്ളറ്റിന്‍റെ പിന്നില്‍ കയറാന്‍ ആവശ്യപ്പെട്ടു. ഡ്രൈവര്‍മാര്‍ പരസ്പരം നോക്കി. ബിജു ഭയം ഒളിപ്പിച്ച് വെറുതെ ചിരിച്ചു.

     ڇസാറിന് ആ സ്ഥലം കാണിച്ചുകൊടുക്ക് ബിജുവേ... നിന്‍റെ ടേണ്‍ ഇവിടാരും കൊണ്ടോവില്ലാ... പോരെ...ڈ

     ശിവദാസന്‍ ചേട്ടന്‍ ബിജുവിന് ധൈര്യം കൊടുത്തു.

     കുറെക്കാലം ഗള്‍ഫിലായിരുന്നു. തിരിച്ച് വന്നിട്ട് നാലുവര്‍ഷം ആരോഗ്യവകുപ്പില്‍ ഡ്രൈവര്‍ തസ്തികയില്‍ ജോലി ചെയ്തു. പെര്‍മനന്‍റ് ഡ്രൈവര്‍ വന്നപ്പോള്‍ ഓട്ടോയെടുത്തു... ഭാര്യയും ഒരു മകളും അമ്മയും... ബിജു ബുള്ളറ്റിന്‍റെ പിന്നിലിരുന്നു തന്‍റെ ജീവിതം ചെറുതായി വിവരിച്ചു.

     കന്നടക്കാരുണ്ടെന്ന് ബിജു പറഞ്ഞ പുഴയോരം വിജനമാണ്. ഒരേയൊരു കുട്ടവഞ്ചി മാത്രം പാറയില്‍ കമഴ്ത്തി വച്ചിരുന്നു. ബുള്ളറ്റ് സ്റ്റാന്‍ഡില്‍ വച്ചു. പുഴയോരത്തെ ആല്‍ത്തറയ്ക്കടുത്തുള്ള ചായക്കടയിലേക്ക് അവന്‍ നടന്നു.

     ڇഇതിപ്പോ അത്ഭുതമായല്ലോ സാറേ, കഴിഞ്ഞ ശനിയാഴ്ച മഞ്ഞ കൂരി വാങ്ങാന്‍ വന്നപ്പോ നിറയെ കന്നടക്കാരുണ്ടായതാ... എല്ലാം എവിടെപ്പോയി? ഇനിയിപ്പോ...ڈ

     സ്റ്റാന്‍ലിയുടെ തിളക്കമുള്ള നോട്ടം ബിജുവിനെ നിശ്ശബ്ദനാക്കി. ബിജു മിണ്ടാതെ കൂടെ നടക്കുക മാത്രം ചെയ്തു.

     ڇനാല് ദിവസം മുമ്പ് എല്ലാ മാരണങ്ങളും കുറ്റിയും പറിച്ച് സ്ഥലം വിട്ടു... വിളവെടുപ്പായെന്ന് പറഞ്ഞാ പോയത്. എന്തെങ്കിലും കെണിയൊപ്പിച്ചിട്ടാകും. ഇനി ഒരു തിരിവിന് വരും.ڈ

     ആല്‍ത്തറയ്ക്കടുത്ത് ചായക്കട നടത്തുന്ന നാരായണന്‍കുട്ടി സോഡാ സര്‍ബത്ത് കലക്കിക്കൊണ്ട് സ്റ്റാന്‍ലിയോട് വിശദീകരിച്ചു. സ്റ്റാന്‍ലി നാരായണന്‍കുട്ടിയെ പുറത്തേക്ക് വിളിച്ചു. ബിജുവില്‍ നിന്നും അല്‍പം മാറ്റിനിര്‍ത്തി, മരിച്ച സ്ത്രീയുടെ ഫോട്ടോ ഫോണില്‍ കാണിച്ചു.

     ڇഇങ്ങനെ ഒരു സ്ത്രീ സംഘത്തില്‍ ഉണ്ടായിരുന്നതായി ഓര്‍ക്കുന്നുണ്ടോ?ڈ

     നാരായണന്‍കുട്ടി വേഗത്തില്‍ മൊബൈല്‍ സ്ക്രീനില്‍ നിന്നും തലവലിച്ചു.

     ڇഅയ്യോ... ഇതിനെയൊന്നും ഞാന്‍ കണ്ടിട്ടില്ല... എന്നേ വിട്ടേര് സാറേ... തല കറങ്ങുന്നു...ڈ

     നാരായണന്‍കുട്ടി വേഗത്തില്‍ കടയ്ക്കകത്തേക്ക് കയറി പരിഭ്രമത്തോടെ ചില്ലുഗ്ലാസുകള്‍ കഴുകാന്‍ തുടങ്ങി.

     സ്റ്റാന്‍ലിയുടെ അടുത്തേക്ക് വന്ന് ബിജു ശബ്ദം താഴ്ത്തി പറഞ്ഞു.

     ڇഅങ്ങേര് കാഞ്ഞവെള്ളത്തില്‍ ചാടിയ പൂച്ചയാ സാറേ... ആറ് മാസം മുമ്പ് കൊട്ടവഞ്ചിക്കാരുടെ ഒരു കുട്ടി വെള്ളത്തില്‍ പോയി മരിച്ചു. അന്ന് നാരായണന്‍കുട്ടിയേട്ടനെ പൊലീസ് കുറെ കുടഞ്ഞതാ... അതാ പുള്ളിക്ക് പേടി...ڈ

     സ്റ്റാന്‍ലി ആല്‍ത്തറയില്‍ പോയിരുന്ന് ഒരു സിഗരറ്റെടുത്തു. ഒരെണ്ണം ബിജുവിനും നീട്ടി. ബിജു വാങ്ങാതെ കൈകെട്ടി നിന്നു. കുറച്ച് കഴിഞ്ഞപ്പോള്‍ നാരായണന്‍കുട്ടി ഓരോ ചായയുമായി അവര്‍ക്കടുത്തേക്ക് വന്നു. ചായ ഇരുവര്‍ക്കും കൊടുത്തു. സ്റ്റാന്‍ലി ചായഗ്ലാസ് ആല്‍ത്തറയില്‍ വച്ചു.

     ڇഎനിക്ക് രണ്ട് പെണ്‍കുട്ടികളാ സാറേ... സത്യത്തില്‍ പേടിയാ...ڈ

     നാരായണന്‍കുട്ടി പറഞ്ഞപ്പോള്‍ ശരിയാണെന്ന മട്ടില്‍ ബിജു തലയാട്ടി. എന്തോ ഓര്‍ത്തെടുത്തതുപോലെ നാരായണന്‍കുട്ടി വീണ്ടും തുടര്‍ന്നു.

     ڇഒരാഴ്ച മുമ്പ് പി. എച്ച്. സീന്ന് ഒരു സാറ് ഇവിടെയുള്ളവരെയെല്ലാം പേരും വിവരവും കളക്ട് ചെയ്തിരുന്നു... ചിലരുടെ ഫോട്ടോയും എടുത്തു...ڈ

     അന്വേഷിച്ചപ്പോള്‍ ശരിയാണ്. പോളിയോ വാക്സിന്‍ വിതരണവുമായി ബന്ധപ്പെട്ട് ഇക്ബാല്‍ എന്ന ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഇവിടെ വന്ന് വിവരങ്ങള്‍ ശേഖരിച്ചിരുന്നു. കോട്ടയം സ്വദേശിയായ ഇക്ബാല്‍ നാട്ടില്‍ പോയിരിക്കുകയാണ്. മടങ്ങിയെത്തിയാല്‍ ഉടനെ വിവരങ്ങള്‍ കൈമാറാമെന്ന് സമ്മതിച്ചിട്ടുണ്ട്.


മാര്‍ച്ച് 28

പകല്‍

     ڇമുങ്ങിമരണത്തിന്‍റെ സാധ്യതകളാണ് കാണുന്നത്...ڈ

     പൊലീസ് സര്‍ജന്‍ ഡോക്ടര്‍ സുരേന്ദ്രനാഥാണ് ബോഡി പോസ്റ്റ്മോര്‍ട്ടം ചെയ്തത്.

     ڇഅപ്പോ വെള്ളത്തില്‍ വീഴുമ്പോള്‍ ജീവനുണ്ടായിരുന്നു എന്നുറപ്പിക്കാം...ڈ

     സ്റ്റാന്‍ലി കൗതുകത്തോടെ തിരക്കി.

     ഗ്ലൗസ്സുകള്‍ ഊരി വേസ്റ്റ്ബിന്നിലേക്കെറിഞ്ഞ് കൈ വൃത്തിയാക്കി സുരേന്ദ്രനാഥ് ചെയറില്‍ വീഴുന്നതുപോലെ വന്ന് ഒറ്റ ഇരുപ്പിരുന്നു. ഉള്ളില്‍ ഇപ്പോഴും കുട്ടിത്തമുള്ള മനുഷ്യനാണ് അദ്ദേഹമെന്ന് മുഖം കാണുമ്പോള്‍ അറിയാം.

     ڇതലയുടെ പിന്‍ഭാഗത്തായി രണ്ടു ആഴത്തിലുള്ള മുറിവുകള്‍, കഴുത്തില്‍ എന്തോ മുറുക്കിയതുപോലുള്ള പാടുകള്‍...ڈ

     സ്റ്റാന്‍ലിയുടെ മുഖത്തെ ആകാംക്ഷ വര്‍ധിക്കുന്നത് സുരേന്ദ്രനാഥ് കണ്ടു.

     ڇവെള്ളത്തിലേക്ക് ചാടുമ്പോള്‍ പാറകളിലോ, കോണ്‍ക്രീറ്റ് പില്ലറുകളിലോ മറ്റോ അടിച്ച് തലയില്‍ മുറിവുകള്‍ സംഭവിക്കാം... പുഴയിലൂടെ വേഗത്തില്‍ ഒഴുകി വരുമ്പോള്‍ വള്ളിപ്പുല്ലുകള്‍ ചുറ്റിപ്പിടിച്ച കഴുത്തില്‍ ഇത്തരത്തില്‍ പാടുകള്‍ വീഴാം...ڈ

     ڇസ്വയം ചാടുമ്പോഴും, മറ്റൊരാള്‍ തള്ളിവിട്ടാലും, അപകടത്തില്‍ വീണാലും ഇതൊക്കെ സംഭവിക്കും അല്ലേ സര്‍...ڈ

     സ്റ്റാന്‍ലിയുടെ ചോദ്യം കേട്ട് സുരേന്ദ്രനാഥ് ചെറുതായി ചിരിച്ചു.

     ڇആദ്യത്തെ കേസായതുകൊണ്ടാണോ തനിക്കൊരു പ്രത്യേക താല്‍പര്യം?ڈ

     ڇചിലപ്പോള്‍ അതായിരിക്കും...ڈ

     ഇരുവര്‍ക്കും ചായ വന്നു. ഒരിറക്ക് കുടിച്ചിട്ട് സുരേന്ദ്രനാഥ് മേശക്കരുകില്‍ സൂക്ഷിച്ചിരുന്ന പഞ്ചസാര ടിന്നില്‍ നിന്നും ഒരു സ്പൂണ്‍ പഞ്ചസാര കൂടി കപ്പിലിട്ടിളക്കി.

     ڇഎനിക്കിത്തിരി മധുരം കൂടുതല്‍ വേണം... വീട്ടില് സുമയും ഇവിടത്തെ ബേബിചേച്ചിയും അത് സമ്മതിക്കില്ല. പിന്നേ ഇതേ വഴിയുള്ളു...ڈ

     ഡോക്ടറുടെ കുസൃതി കണ്ട് സ്റ്റാന്‍ലിയും ചിരിച്ചു.

     ڇഇടത് കാലിന്‍റെ അറ്റം കട്ടായി പോയത് താന്‍ പറഞ്ഞതുപോലെ ട്രെയിന്‍ തട്ടിയതാകാന്‍ സാധ്യതയുണ്ട്. അല്ലെങ്കില്‍ വെള്ളത്തില്‍ വീണ ശേഷം ബോട്ടുകളുടെ നീളമുള്ള ഷാഫ്ടുള്ള പ്രൊപ്പല്ലറുകള്‍ തട്ടിയിട്ട്...ڇ

     സുരേന്ദ്രനാഥ് പറഞ്ഞതിനു ശേഷം ചില ഫോട്ടോസുകള്‍ എടുത്തുകാണിച്ചു.

     ڇഈ മുറിവ് ജീവനുള്ളപ്പോള്‍ സംഭവിച്ചതാണോ മരിച്ചതിനുശേഷമാണോ സംഭവിച്ചതെന്ന് അറിയാന്‍ കഴിയില്ലേ...?ڈ

     ڇതീര്‍ച്ചയായും... റിപ്പോര്‍ട്ട് എത്രയും വേഗം നല്‍കാം...ڈ

     സ്റ്റാന്‍ലി എഴുന്നേറ്റു... ഡോക്ടര്‍ക്ക് കൈകൊടുത്ത് പുറത്തേക്ക് നടന്നു. മോര്‍ച്ചറിക്ക് മുന്നില്‍ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ രാജന്‍ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു.

     ڇഅണ്‍ഐഡന്‍റിഫൈഡ് ബോഡി ആയതുകൊണ്ട് ഏഴു ദിവസേ ഹോസ്പിറ്റലില്‍ സൂക്ഷിക്കൂ... പിന്നെ പൊതു ശ്മശാനത്തില്‍ മറവു ചെയ്യും.ڈ

     രാജന്‍ പേപ്പറുകള്‍ സ്റ്റാന്‍ലിക്കു കൈമാറി.

     ڇപിന്നീടെന്തെങ്കിലും ആവശ്യം വന്നാല്‍...?ڈ

     ڇപല സ്ഥലത്തും പല രീതിയാണ് - ഇവിടെ കൈയിലൊരു ചരട് കെട്ടി അതിനറ്റത്ത് ഒരു കുപ്പികെട്ടി അകത്ത് ഡീറ്റേലെല്ലാം എഴുതി മൃതദേഹം മറവു ചെയ്യും... എക്സ്ഹ്യൂമേഷന്‍ വേണ്ടി വന്നാല്‍ വീണ്ടും തോണ്ടും...ڈ

     ഒരാംബുലന്‍സ് മറ്റൊരു മൃതദേഹവുമായി മോര്‍ച്ചറിക്ക് മുന്നിലേക്ക് ശബ്ദത്തോടെ വന്നു നിന്നു.


മാര്‍ച്ച് 30

     ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഇക്ബാല്‍ കൈമാറിയ ലിസ്റ്റില്‍ മരിച്ച സ്ത്രീയോട് സമാനതയുള്ള സ്ത്രീയുണ്ട്. എന്നാല്‍ അത് അവരല്ലന്ന് ഇക്ബാല്‍ ഉറപ്പിച്ചു പറയുന്നു. ആ സ്ത്രീക്ക് രണ്ട് ചെറിയ കുട്ടികളാണ്. അവര്‍ക്ക് ചില ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഫോട്ടോയും മറ്റ് ഡീറ്റേല്‍സും അയാള്‍ ലാപ്പില്‍ സൂക്ഷിച്ചിട്ടുണ്ട്. എന്തെങ്കിലും സൂചനകള്‍ ലഭിക്കുകയാണെങ്കില്‍ അറിയിക്കാമെന്ന് സമ്മതിച്ച് ഇക്ബാല്‍ മടങ്ങി.

     മരിച്ച സ്ത്രീ ഈ പ്രദേശങ്ങളിലെവിടെയെങ്കിലും ജീവിച്ചിരുന്നെങ്കില്‍ തീര്‍ച്ചയായും പലചരക്ക് കടകള്‍, ഫോണ്‍ റീചാര്‍ജ് ഷോപ്പ്, ഹോട്ടല്‍, ഹോസ്പിറ്റല്‍ എന്നിവിടങ്ങളില്‍ കയറിയിട്ടുണ്ടാകണം. ആ വഴിക്കായി പിന്നീടുള്ള സ്റ്റാന്‍ലിയുടെ സഞ്ചാരങ്ങള്‍.


ഏപ്രില്‍ 20

     സ്വന്തം നിലയില്‍ കുറെ യാത്രകള്‍ നടത്തിയെങ്കിലും ഒരു സൂചനയും ലഭിക്കാതെ അന്ന് കാവൂരില്‍ നിന്നും തിരികെ സ്റ്റേഷനിലേക്ക് മടങ്ങുമ്പോഴാണ് ചെമ്പ്മുക്ക് ബസ്സ്റ്റോപ്പില്‍ കുറച്ച് നാടോടികള്‍ നില്‍ക്കുന്നത് സ്റ്റാന്‍ലി കണ്ടത്. ബൈക്ക് നിര്‍ത്തി അവര്‍ക്കടുത്തേക്ക് ചെന്നു. ഭയത്താല്‍ അവര്‍ പരസ്പരം നോക്കി കുട്ടികളെ ചേര്‍ത്തുപിടിച്ചു.

     സ്റ്റാന്‍ലിയുടെ കാക്കിനിറമുള്ള പാന്‍റും ലതര്‍ ഷൂസും അവരില്‍ സംശയം ജനിപ്പിച്ചിട്ടുണ്ട്. ഫോണില്‍ മരിച്ച സ്ത്രീയുടെ ഫോട്ടോ എല്ലാവരെയും കാണിച്ചു. പുരുഷന്‍മാരെല്ലാം ഒറ്റ സ്വരത്തില്‍ അറിയില്ലെന്ന് ചാടി പറഞ്ഞു. പ്രതീക്ഷയോടെ സ്റ്റാന്‍ലി സ്ത്രീകളെ നോക്കി. അവരും ഭയത്തോടെ അതാവര്‍ത്തിച്ചു. ഒന്നുകൂടെ ശ്രദ്ധിച്ച് കാണാന്‍ പറഞ്ഞ് കൈയിലെ പച്ചകുത്തിയത് സൂം ചെയ്തു. എന്നിട്ടും അവര്‍ അറിയില്ലെന്ന് ഒരുമിച്ച് പറയുകയും സ്റ്റാന്‍ലിയെ ഒഴിവാക്കാന്‍ വെപ്രാളം കൂട്ടുകയും ചെയ്തു. എല്ലാത്തിനെയും തൂക്കിയെടുത്ത് സ്റ്റേഷനില്‍ കൊണ്ടുപോയി ചതച്ചാലോയെന്ന് ഒരു നിമിഷം സ്റ്റാന്‍ലി ആലോചിച്ചുപോയി.

     വണ്ടി സ്റ്റാര്‍ട്ടാക്കി മടങ്ങാന്‍ തുടങ്ങുമ്പോള്‍ കൂട്ടത്തില്‍ നിന്ന് ഒരു പെണ്‍കുട്ടി വിളിച്ചു.

     څസര്‍...چ

     മുഖത്ത് പ്രസന്നതയുള്ള ചെമ്പന്‍ മുടിയുള്ള ക്ഷീണിച്ച ഒരു പെണ്‍കുട്ടി. ചുവന്ന റിബണും പച്ച പാവാടയും. സ്റ്റാന്‍ലി അവള്‍ക്കടുത്തേക്ക് ചെന്നു. എല്ലാവരെയും നോക്കി. പെണ്‍കുട്ടി പറഞ്ഞു.

     ڇസര്‍ അത് കമലേച്ചിയാണ്... ഞങ്ങള്‍ താമസിക്കുന്നതിന്‍റടുത്ത് കുറച്ച് നാള്‍ ചേച്ചി താമസിച്ചിരുന്നു...ڈ

     കുട്ടിയുടെ അമ്മയടക്കം എല്ലാവരും കുട്ടിയെ ദേഷ്യത്തോടെ നോക്കി ഭയപ്പെടുത്തി.

     ڇമോള്‍ടെ പേരെന്താ...?ڈ സ്റ്റാന്‍ലി തിരക്കി.

     ڇജാനകി...ڈ അവള്‍ ഉറപ്പോടെ പറഞ്ഞു.

     സ്റ്റാന്‍ലി അവള്‍ക്കരുകില്‍ മുട്ടുകുത്തിയിരുന്നു.

     ഒരു നൂറുരൂപ നോട്ടെടുത്ത് അവളുടെ കൈവെള്ളയില്‍ വച്ചുകൊടുത്തു. ഒരിക്കല്‍ കൂടി ഫോണിലെ ഫോട്ടോ കുട്ടിയെ കാണിച്ചു.

     ڇഅതെ ഇത് കമലേച്ചി തന്നെയാ... കൈയിലെ ഈ എഴുത്ത് ഞാന്‍ കണ്ടിട്ടുണ്ട്... ചേച്ചീടെ കുട്ടികള്‍ക്കൊപ്പം ഞാന്‍ കളിച്ചിട്ട്ണ്ട്...ڈ

     സ്റ്റാന്‍ലി എഴുന്നേറ്റ് എല്ലാവരെയും വീണ്ടും നോക്കി. ജാനകിയുടെ അമ്മ ഭയത്തോടെ കൈകൂപ്പി...



തുടരും

Share:

മനുഷ്യര്‍ ജീവിക്കുന്നത് ഫിക്ഷനിലാണ്... - സി. പി ബിജു


 അഭിമുഖം


     ലോകസാഹിത്യത്തില്‍ ലാറ്റിനമേരിക്കന്‍ സാഹിത്യം ഒരു മാന്ത്രിക വിസ്മയമാണല്ലോ ഇന്നും. അതുപോലെ മാന്ത്രികവശ്യ
തയും വിസ്മയസൗന്ദര്യവും ഉള്ളില്‍ തൊടുന്ന വൈകാരികതയും ഒക്കെയുള്ള ഒരു ലാറ്റിന്‍ കോര്‍ണര്‍ മലയാള സാഹിത്യത്തിലുമുണ്ട്. അത് കൊച്ചിയാണ്. കൊച്ചിയില്‍ നിന്നുള്ള എഴുത്തുകാരൊക്കെ ഒരു തരം മാജിക്കല്‍ അനുഭവങ്ങളാണ് എഴുതുന്നത്. വിസ്മയകരമായ സര്‍ഗാവിഷ്കാരങ്ങള്‍. മലയാള സാഹിത്യം ഇതുവരെ ഈ കൊച്ചി അനുഭവത്തെ കാര്യമായി ശ്രദ്ധിച്ചിരുന്നില്ല. എന്നാലിന്ന് പുതിയ വായനക്കാര്‍ ഈ എഴുത്തുകളുടെ മാന്ത്രികത, ഹൃദയത്തില്‍ തൊടുന്ന വൈകാരികത, വിവരണകലയിലെ വിസ്മയസൗന്ദര്യം ഒക്കെ നിറഞ്ഞ മനസ്സോടെ സ്വീകരിക്കുന്നു. പോഞ്ഞിക്കര റാഫിയിലാണ് ഈ കൊച്ചി-ലാറ്റിന്‍ കോര്‍ണറിന്‍റെ തുടക്കം എന്നു തോന്നുന്നു. ഇക്കൂട്ടത്തിലെ ഏറ്റവും ശ്രദ്ധേയനായ എഴുത്തുകാരനാണ് പി. എഫ് മാത്യൂസ്. ജോണി മിറാന്‍ഡ, ജോര്‍ജ് ജോസഫ് കെ, ജോസഫ് വൈറ്റില, ജോണി ആന്‍റണി, ഫ്രാന്‍സിസ് നൊറോണ... തുടങ്ങി എണ്ണത്തില്‍ കുറവെങ്കിലും തികച്ചും വ്യത്യസ്തമായ ഒഴുക്കു സൃഷ്ടിച്ച എഴുത്തുകാര്‍.


ലാറ്റിന്‍ അമേരിക്കന്‍ സാഹിത്യം എന്നാല്‍ നോവല്‍ സാഹിത്യമാണെന്നതു പോലെ കൊച്ചി സാഹിത്യവും നോവലിലാണ് വിസ്മയം സൃഷ്ടിക്കുന്നത്. എന്‍. എസ് മാധവന്‍റെ നോവലും ഇക്കൂട്ടത്തില്‍ പെടും. എങ്ങനെയാണ് ഈ പ്രാദേശികതയ്ക്ക് ഇങ്ങനെയൊരു മാന്ത്രിക വശ്യത കൈവന്നത്?

അങ്ങനെയൊരു കൊച്ചി എഴുത്ത് അല്ലെങ്കില്‍ മലയാളത്തിലൊരു ലാറ്റിന്‍ സാഹിത്യം ഉണ്ട് എന്നും അതിനൊരു സൗന്ദര്യമുണ്ട് എന്നുമൊക്കെ അംഗീകരിക്കപ്പെടുന്നുണ്ട് ഇപ്പോള്‍. അതിന്‍റെ തുടക്കം പോഞ്ഞിക്കര റാഫിക്കും മുമ്പാണ്. വാര്യത്ത് ചോറി പീറ്റര്‍ എന്നൊരു എഴുത്തുകാരനുണ്ടായിരുന്നു. അദ്ദേഹത്തിന്‍റെ څപരിഷ്കാര വിജയംچ എന്ന നോവലാണ് ഈ പ്രദേശത്തെ ജീവിതവും സംസ്കാരവും അവതരിപ്പിച്ച ആദ്യ കൃതി. അത് ഒരു മികച്ച സാഹിത്യ രചനയൊന്നുമല്ല. എന്നാലും കൊച്ചിയുടെ സംസാര ഭാഷയ്ക്കും ലത്തീന്‍ കത്തോലിക്കാ വിഭാഗത്തിന്‍റെ ജീവിതത്തിനും ഒക്കെ മലയാളത്തില്‍ ഒരു വിസിബിലിറ്റി കൊണ്ടു വന്നത് ആ നോവലാണ്. അതിനു ശേഷം എടുത്തു പറയാവുന്ന ഒരാള്‍ റാഫിമാഷാണ്. റാഫിമാഷുടെ ആദ്യകാല രചനകളിലുണ്ടായിരുന്ന ചില സവിശേഷതകളെപ്പറ്റി അയ്യപ്പപ്പണിക്കരാണെന്നു തോന്നുന്നു ഒരിക്കല്‍ ചൂണ്ടിക്കാണിച്ചിരുന്നു. റാഫിമാഷുടെ പാപികള്‍ എന്ന നോവലിനെക്കുറിച്ചാണെന്നാണ് ഓര്‍മ. റാഫിമാഷുടെ എഴുത്തില്‍, ഇപ്പോള്‍ കൊച്ചിയിലെ ഒരു തുരുത്തിന്‍റെ കഥയാണ് പറയുന്നതെങ്കില്‍ ആ തുരുത്തില്‍ ലത്തീന്‍ കത്തോലിക്കാ വിഭാഗത്തില്‍ പെട്ടവര്‍ മാത്രമെ കാണുകയുള്ളൂ. കേരളത്തിലെ ഒരു സാമൂഹിക സാഹചര്യത്തില്‍ ഇങ്ങനെ ഒരു വിഭാഗക്കാര്‍ മാത്രമായുള്ള ഒരു ജീവിതമല്ല ഉള്ളതെന്നായിരുന്നു അയ്യപ്പപ്പണിക്കരുടെ വിമര്‍ശനം. അത് റാഫിമാഷ് അംഗീകരിക്കുകയും ചെയ്തിരുന്നു എന്നാണ് തോന്നുന്നത്.

പറയുന്ന കഥയെക്കാള്‍ കഥ പറയുന്ന രീതിയില്‍ കൊണ്ടുവന്ന മാറ്റങ്ങളും പരീക്ഷണങ്ങളുമാണ് പോഞ്ഞിക്കര റാഫിയുടെ വലിയ പ്രത്യേകത എന്ന് തോന്നുന്നു. അതെ. സ്വര്‍ഗദൂതന്‍ എന്ന കൃതി നോക്കൂ. അത് നറേറ്റീവിന്‍റെ ഒരു അത്ഭുതമാണല്ലോ. അണ്ഡകടാഹം തകര്‍ക്കുന്ന നാടകീയതകളൊന്നും അതിലില്ല. സാഹിത്യം എന്നത് ഭാഷയില്‍ ചെയ്യുന്ന ഒരു കലാസൃഷ്ടിയാണ്. വിവരണ കലയുടെ സൗന്ദര്യം അവതരിപ്പിക്കാനും അനുഭവിപ്പിക്കാനും പ്രത്യേകം ശ്രദ്ധിച്ചയാളാണ് പോഞ്ഞിക്കര റാഫി.

ലോകസാഹിത്യത്തില്‍ ഫ്ളോബേറും പ്രൂസ്റ്റുമൊക്കെ വലിയ മഹത്വത്തോടെ നില്‍ക്കുന്നത് വിവരണകലയുടെ സൗന്ദര്യം കൊണ്ടാണല്ലോ. മലയാളത്തില്‍ പക്ഷെ, സാഹിത്യത്തില്‍ അങ്ങനെ വിവരണകലയുടെ സൗന്ദര്യത്തിന് വലിയ ശ്രദ്ധ നല്‍കുന്ന എഴുത്തുകാര്‍ ഉണ്ടായിട്ടില്ല. ഉള്ളടക്കത്തിന് സാഹിത്യത്തിനുള്ളിലെ څകഥچയ്ക്ക് മാത്രം പ്രാധാന്യം നല്‍കുന്നവരാണ് നമ്മുടെ വായനക്കാരും. നമ്മുടെ വലിയ എഴുത്തുകാരെ എടുത്താല്‍ത്തന്നെ, അവരുടെ നോവലുകളെക്കുറിച്ച് പറയുന്നത് അതിലെ പ്ലോട്ടിന്‍റെ മഹത്വത്തെപ്പറ്റിയാണല്ലോ. വലിയ നാടകീയതയൊക്കെയുള്ള ഒരു അരിസ്റ്റോട്ടലിയന്‍ ഡ്രാമാ സ്ട്രക്ചറാണ് നമ്മുടെ എഴുത്തുകാരില്‍ ബഹുഭൂരിപക്ഷത്തിനുമുള്ളത്. വായനക്കാര്‍ പ്രാധാന്യം നല്‍കിയിരുന്നതും അതിനാണ്.


പറയുന്ന കഥയെക്കാള്‍, അത് വായനക്കാരെ വന്നുതൊടുന്ന അനുഭവമായി അവതരിപ്പിക്കുന്നു എന്നതാണ് പി. എഫ് മാത്യൂസിന്‍റെ നോവലുകളുടെ സവിശേഷതയായി തോന്നിയിട്ടുള്ളത്. സിനിമകളിലും വലിയ ട്വിസ്റ്റുകളുള്ള കഥ എന്നതിനെക്കാള്‍ അത് പ്രേക്ഷകരെ സ്പര്‍ശിക്കുന്ന അനുഭവമായി വരുന്നു... ആഖ്യാനത്തിലെ ഈ സവിശേഷത കൈവരുന്നത് എങ്ങനെയാണ്?

അത് അങ്ങനെ മനഃപൂര്‍വം വിചാരിച്ച് വരുത്തുന്നതോ ചെയ്യുന്നതോ അല്ല. എഴുതുമ്പോള്‍ അതിന്‍റെ ഉള്ളടക്കം അതിലെ ട്വിസ്റ്റുകള്‍ എന്നിവയ്ക്കുമുപരിയായി വിവരണത്തില്‍ ശ്രദ്ധിക്കുന്നതാണ് എന്‍റെ രീതി. ചാവുനിലം ഒരു നോണ്‍ ലീനിയര്‍ നറേഷനാണ്. അത് അങ്ങനെയാവണം എന്ന് കരുതി ചെയ്തതല്ല. ഇത് നോണ്‍ലീനിയറാണ് എന്ന് എനിക്കും അറിയില്ലായിരുന്നു. ആദ്യ ഡ്രാഫ്റ്റ് പൂര്‍ത്തിയായിക്കഴിഞ്ഞപ്പോഴാണ് ഇത് ആകെ തകിടം മറിഞ്ഞു കിടക്കുകയാണല്ലോ എന്ന് എനിക്ക് മനസ്സിലാകുന്നത്. അത് വായിച്ച ചില സുഹൃത്തുക്കളും പറഞ്ഞു - ഇതിന്‍റെയൊരു സ്ട്രക്ചര്‍ ആകെ കുഴഞ്ഞു മറിഞ്ഞു കിടക്കുകയാണ് എന്ന്. എനിക്കും ടെന്‍ഷനായി ആകെ. മലയാളത്തില്‍ ആദ്യമായാണ് നോണ്‍ലീനിയര്‍ ആയി ഇത്തരമൊരു നോവല്‍ നറേഷന്‍ വരുന്നത് എന്ന് ചില സുഹൃത്തുക്കള്‍ ചൂണ്ടിക്കാട്ടിയപ്പോഴാണ് ഞാനും അത് തിരിച്ചറിഞ്ഞത്. പല തവണ അതിന്‍റെ ഡ്രാഫ്റ്റില്‍ തിരുത്തലുകള്‍ വരുത്തിയിട്ടുണ്ട്. ഓരോ തവണയും ഡ്രാഫ്റ്റില്‍ തിരുത്തലുകള്‍ വരുത്തുമ്പോള്‍ അതിലെ ചരിത്രപരത കൃത്യമായിത്തന്നെ വരണം എന്ന് കരുതി നോട്ടുകള്‍ എഴുതി ശരിപ്പെടുത്തിയാണ് അത് പൂര്‍ത്തിയാക്കിയത്. ഒരു കഥ പറയുക എന്നതോ രാഷ്ട്രീയം അവതരിപ്പിക്കുക എന്നതോ ഒന്നുമായിരുന്നില്ല അതെഴുതുമ്പോള്‍ ലക്ഷ്യം. എനിക്ക് പരിചയമുള്ള ജീവിത സംസ്കാര സാഹചര്യങ്ങളില്‍ നിന്നുള്ള ഒരു നോവല്‍ എഴുതുക എന്നത് മാത്രമായിരുന്നു. അത് എഴുതുന്ന സമയത്ത് ഒന്നു രണ്ടു തവണ പോഞ്ഞിക്കരയില്‍ പോയി റാഫി മാഷെ കണ്ടിട്ടുണ്ട്. കാപ്പിരി മുത്തപ്പനെക്കുറിച്ച് കൂടുതല്‍ എന്തെങ്കിലും വിവരങ്ങള്‍ അദ്ദേഹത്തില്‍ നിന്ന് കിട്ടുമോ എന്നറിയാനാണ് പോയിരുന്നത്. അദ്ദേഹം പക്ഷെ, അതിനെക്കുറിച്ച് കാര്യമായി ഗവേഷണം നടത്തി ചരിത്രവും വസ്തുതയുമൊക്കെ അന്വേഷിക്കുന്നതിനാണ് പ്രാധാന്യം നല്‍കിയിരുന്നത്. പുള്ളിയുടെ നോവല്‍, കഥകള്‍ എന്നിവയെക്കാള്‍ പ്രാധാന്യത്തോടെ റാഫി മാഷ് കണ്ടിരുന്നത് പഠനഗ്രന്ഥങ്ങളെയും അത്തരത്തിലുള്ള രചനകളെയുമൊക്കെയാണെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. മിത്തിനെ യുക്തിവല്‍ക്കരിക്കുന്നതിന്‍റെയൊരു പ്രശ്നം റാഫിമാഷിന്‍റെ څഓരാ പ്രൊ നോബിസിچല്‍ ഉണ്ടെന്ന് എനിക്കു തോന്നിയിട്ടുണ്ട്. കാപ്പിരി മുത്തപ്പനും അതുമായി ബന്ധപ്പെട്ട വിശ്വാസങ്ങളിലും അനുഭവങ്ങളിലും കഥകളിലുമൊക്കെയാണ് അന്നുമിന്നും എനിക്ക് താല്‍പര്യം. മനുഷ്യര്‍ ജീവിക്കുന്നത് അത്തരം ഫിക്ഷനുകളിലാണെന്നാണ് എനിക്ക് തോന്നുന്നത്.


കാപ്പിരി മുത്തപ്പന്‍റെ പ്രേതത്തെ കണ്ടിട്ടുണ്ടോ?

കാപ്പിരി മുത്തപ്പനുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ തേടിയാണ് റാഫിമാഷെ കാണാന്‍ പോയതെങ്കിലും എനിക്ക് വേണ്ടത് അദ്ദേഹത്തിന്‍റെയടുത്തു നിന്ന് കിട്ടിയില്ല. എനിക്ക് വേണ്ടത് കിട്ടിയത് ഞങ്ങളുടെ കുടുംബത്തിലെ തന്നെ കാരണവന്മാരില്‍ നിന്നാണ്. അമ്മയുടെ അമ്മ, അമ്മൂമ്മേടെ ചേച്ചി, അവരുടെ മക്കള്‍ അങ്ങനെയൊക്കെ. കൊച്ചിയിലുണ്ടായിരുന്ന സായിപ്പന്മാരുടെ ബട്ലറായിട്ടൊക്കെ ഒരുപാടു കാലം ജോലി ചെയ്തിട്ടുള്ളയാളാണ് അമ്മൂമ്മയുടെ ചേച്ചി. കൊച്ചീലെ വല്യമ്മച്ചി എന്നാണ് ഞങ്ങള് പറയുക. കൊച്ചീലെ വല്യമ്മച്ചീടെ മകന്‍ ഒരാളുണ്ട്. ഞങ്ങളുടെയൊരു കസിന്‍-കുഞ്ഞപ്പന്‍ ചേട്ടന്‍. പുള്ളി ആക്ടറാണ്. കുഞ്ഞപ്പന്‍ ചേട്ടന്‍ ഓരോ കഥകള് പറയും. പുള്ളി ഒരു ദിവസം നടന്നു വരുമ്പം ഒരാളെ കണ്ടു. ആറാറര അടി ഉയരമുള്ള ഒരാള്‍ തൊപ്പിയൊക്കെ വച്ച് ചുരുട്ട് വലിച്ച് അങ്ങനെ. അത്തരം നാട്ടുകഥകളില്‍ ഫിക്ഷന്‍റെ വലിയൊരു മാന്ത്രികശക്തിയുണ്ട്. അതിയാഥാര്‍ത്ഥ്യങ്ങളും അനുഭവസത്യങ്ങളുമൊക്കെയായ അത്തരം കഥകളിലൂടെയാണ് കാപ്പിരി മുത്തപ്പനെ ഞാന്‍ കണ്ടിട്ടുള്ളത്.


ഇത്തരം കഥകളിലേക്കും എഴുത്തിലേക്കും വന്നത് എങ്ങനെയാണ്?

എഴുത്തുകാരനാവുന്നതിനെപ്പറ്റിയൊന്നും ചിന്തിക്കാവുന്നതായിരുന്നില്ല ഞങ്ങളുടെ ചെറുപ്പം. എറണാകുളത്ത് പലയിടങ്ങളിലായിട്ടാണ് ഞങ്ങള്‍ ജീവിച്ചത്. ഇന്നുവരെ എറണാകുളത്തിന്‍റെ ഈ ചെറുവട്ടത്തിനു പുറത്ത് അങ്ങനെ പോയി ജീവിച്ചിട്ടില്ല. കോമ്പാറമുക്കിനടുത്ത് തണ്ടാശ്ശേരിപ്പറമ്പ് എന്ന ഇടത്തായിരുന്നു ഞങ്ങളുടെ വീട്. ഇപ്പോഴത്തെ സരിത സവിത തീയറ്ററുകളുടെ പിന്നില്‍ ഒരു ഉള്‍ഗ്രാമമായിരുന്നു കോമ്പാറമുക്ക്. മത്സ്യത്തൊഴിലാളികളുടെ കോളനിക്കു നടുവിലായിരുന്നു ഞങ്ങള്‍. അന്ന് ആളുകള്‍ വാലക്കോളനിയെന്നാണ് പറഞ്ഞിരുന്നത്. അവിടെയുള്ള ഏക ക്രിസ്ത്യന്‍ കുടുംബമായിരുന്നു ഞങ്ങളുടേത്. അന്ന് ഇപ്പോഴത്തേതുപോലെയല്ലല്ലോ. മിക്ക വീടുകളില്‍ നിന്നും സന്ധ്യയായാല്‍ വഴക്കും തെറിവിളികളുമൊക്കെ ഉയരാന്‍ തുടങ്ങും. വീട്ടില്‍ ഞങ്ങള്‍ ലുത്തീനിയ ചൊല്ലുന്നത് ഇങ്ങനെ അയല്‍വീടുകളില്‍ നിന്നുള്ള തെറിവിളികളിലും ഉച്ചത്തിലുള്ള വഴക്കുകളിലും കലരും. വല്ലാത്ത വൈകാരികതയോടെയുള്ളതും ഒരു തരത്തിലുള്ള ഫോര്‍മാലിറ്റികളുമില്ലാത്തതുമായ ഒരുതരം പരുക്കന്‍ ജീവിതമാണത്. അതാണ് കണ്ടുവളരുന്നത്. പിന്നീട് ഞങ്ങള്‍ പലയിടങ്ങളിലേക്കും വീട് മാറിയിട്ടുണ്ട്. ഒരു 40-50 വര്‍ഷം മുമ്പു വരെ എറണാകുളത്തെ സാധാരണക്കാരുടെ ജീവിതം ഇങ്ങനെയുള്ളതായിരുന്നു. പള്ളിയുമായി ബന്ധപ്പെട്ട ആചാരങ്ങളും കാര്യങ്ങളുമൊക്കെ വളരെ നിഷ്ഠയോടെ ആചരിക്കുന്നതായിരുന്നു അക്കാലത്ത് ലത്തീന്‍ ക്രിസ്ത്യന്‍ വീടുകളിലെ പൊതുരീതി. ഞങ്ങളുടെ വീട്ടിലും അതൊക്കെയുണ്ടായിരുന്നു. പുസ്തകവായന പോലുള്ള കാര്യങ്ങളൊന്നും വീട്ടില്‍ അനുവദിച്ചിരുന്നില്ല. എട്ടാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ കലൂര്‍ സഹൃദയ, വിജ്ഞാന വായനശാലകളില്‍ പോകുമായിരുന്നു. അവിടെ നിന്ന് പുസ്തകങ്ങള്‍ എടുക്കാനും അപ്പന്‍ അറിയാതെ വായിക്കാനും തുടങ്ങി. അങ്ങനെയാണ് വായനയുടെ ലോകത്തേക്ക് വന്നത്.


ആദ്യകാലത്തെ വായനയില്‍ വലിയ സ്വാധീനം ചെലുത്തിയ പുസ്തകങ്ങളും എഴുത്തുകാരും ആരൊക്കെയാണ്?

എടുത്തു പറയാവുന്ന വിധത്തിലൊരു സ്വാധീനമായത് അരവിന്ദന്‍റെ ചെറിയ ലോകവും വലിയ മനുഷ്യരും ആണ്. അത് കാര്യമായ സ്വാധീനം ചെലുത്തിയിട്ടുണ്ട് അക്കാലത്ത്. അതിന്‍റെ അവതരണരീതി ഞാനറിയാതെ തന്നെ എന്നില്‍ വലിയ സ്വാധീനം ചെലുത്തി. അക്കാലത്ത് തന്നെ ദസ്തയേവ്സ്കിയെ കാര്യമായി വായിക്കുമായിരുന്നു. പിന്നീട് പലപ്പോഴും പല മാസ്റ്റേഴ്സിനെയൊക്കെ വായിക്കുകയും ഇഷ്ടങ്ങള്‍ മാറി മാറി വരികയും ചെയ്യുമ്പോഴും ദസ്തയേവ്സ്കിയുടെ വലിയൊരു സ്വാധീനം അങ്ങനെ നില്‍ക്കുന്നു എന്ന് തോന്നാറുണ്ട്.


സ്കൂളിലും കോളെജിലും പഠിച്ചത് എവിടെയാണ്?

സ്കൂളില്‍ പഠിച്ചത് എറണാകുളത്ത് ഡോണ്‍ബോസ്കോയിലും സെന്‍റ് അഗസ്റ്റിന്‍സിലുമായിരുന്നു. അന്ന് ക്ലാസ്സിലെ മിക്ക കുട്ടികളെയും പോലെയോ അതിലുമധികമോ ഇന്‍ഫീരിയര്‍ ആയ ഒരാളായിരുന്നു ഞാന്‍. കുറച്ചൊക്കെ വരയ്ക്കുകയും എഴുതുകയും ചെയ്യുന്നയാളാണ് ഞാന്‍ എന്ന് മനസ്സിലാക്കി പ്രോത്സാഹിപ്പിച്ചത് സ്കൂളിലെ ആന്‍റണി മാഷ് ആയിരുന്നു. മാഷ് എന്നെക്കൊണ്ട് പാട്ടുപാടിക്കുക പോലും ചെയ്തിട്ടുണ്ട്! സ്കൂളില്‍ വച്ചു തന്നെ ചെറിയൊരു നാടകമൊക്കെ എഴുതിയിട്ടുണ്ട്.

സ്കൂള്‍ കഴിഞ്ഞ് സെന്‍റ് ആല്‍ബര്‍ട്സില്‍ ബി. എ എക്കണോമിക്സിന് ചേര്‍ന്നു. കോളെജിലെത്തിയതോടെ വായന കൂടുതല്‍ വളര്‍ന്നു. അവിടെ വച്ചാണ് ജൂഡുമായി (ജൂഡ് അട്ടിപ്പേറ്റി) സൗഹൃദത്തിലാകുന്നത്. ധാരാളം സിനിമകള്‍ കാണുകയും സിനിമകളെക്കുറിച്ച് സംസാരിക്കുകയും ഒക്കെ ചെയ്യുമായിരുന്നു. കോളെജില്‍ വച്ച് ഞങ്ങള്‍ ചെറിയൊരു സിനിമ പിടിച്ചിട്ടുമുണ്ട് - കീപ് ദ സിറ്റി ക്ലീന്‍ എന്ന പേരില്‍. അക്കാലത്തൊക്കെ ജൂഡിന്‍റെ വീട്ടിലായിരുന്നു ഞാന്‍ കൂടുതല്‍ സമയം കഴിഞ്ഞിരുന്നതെന്ന് പറയാം. വിക്ടര്‍ ലീനസുമായി നല്ല സൗഹൃദത്തില്‍ വരുന്നതും അക്കാലത്താണ്.


മലയാള സാഹിത്യത്തിന്‍റെ പതിവു ചിട്ടകളില്‍ നിന്ന് മാറി നടക്കുന്ന ഒരാളായിരുന്നില്ലേ വിക്ടര്‍ ലീനസ്?

ഗൗരവമായി സയന്‍സ് പഠിച്ചയാളായിരുന്നു വിക്ടര്‍. അങ്ങനെയൊരു ശാസ്ത്രീയ ബോധവും ലോകബോധവും വിക്ടര്‍ ലീനസിന് ഉണ്ടായിരുന്നു. പ്ലോട്ട് വികസിപ്പിക്കുന്ന രീതിയായിരുന്നില്ല വിക്ടറിന് എഴുത്ത്. ബോട്ടില്‍ നിന്ന് കായലിലേക്ക് എടുത്തിട്ട ശവം അഴുകാന്‍ തുടങ്ങുമ്പോള്‍ അതിലെ കോശങ്ങള്‍ വിഘടിക്കാന്‍ തുടങ്ങുന്നതിനെക്കുറിച്ചൊക്കെയുള്ള ചില വിവരണങ്ങള്‍ വിക്ടര്‍ എഴുതിയിട്ടുണ്ട്. അത്തരത്തിലൊക്കെയുള്ള സാഹിത്യമെഴുത്ത് മലയാളത്തിന് ഒരു തരത്തിലും പരിചയമുള്ളതായിരുന്നില്ല.

കഥകള്‍ സമാഹരിച്ച് പുസ്തകമാക്കണമെന്ന് അക്കാലത്ത് വിക്ടറിന് വലിയ ആഗ്രഹമുണ്ടായിരുന്നു. വിക്ടറിന് വളരെ പ്രിയപ്പെട്ട കാമുകിയെ കാണിക്കാന്‍ വേണ്ടി കഷ്ടപ്പെട്ടാണ് അദ്ദേഹം കുറച്ചു കഥകള്‍ ചേര്‍ത്ത് ഒരു പുസ്തകം ഒരുക്കിയത്. വിക്ടറിന്‍റെ എഴുത്തിന്‍റെ ഒറിജിനാലിറ്റിയും വ്യത്യസ്തതയും മനസ്സിലാക്കാനോ അംഗീകരിക്കാനോ കഴിയുന്ന നിരൂപകരൊന്നും അക്കാലത്ത് ഉണ്ടായിരുന്നില്ല.


വിക്ടര്‍ ലീനസുമായുള്ള അടുപ്പം എഴുത്തിനെ സ്വാധീനിച്ചത് എങ്ങനെയാണ്?

കൃത്യമായ സ്ട്രക്ചര്‍ ഇല്ലാതെ എഴുതുന്ന ഒരു രീതി അന്നെനിക്കുണ്ടായിരുന്നു. ആസാമിനു പുറകില്‍ സുഭാഷ് പാര്‍ക്കിലെ കുരങ്ങന്‍ എന്നൊരു കഥ എഴുതിയിരുന്നു അന്ന്. ആകെ ശിഥിലമായ ഒരു നറേഷനാണ്. വായനക്കാര്‍ എങ്ങനെ ഇതിനെ കാണും എന്നത് ഒരു പ്രശ്നമല്ലാത്ത എഴുത്താണ്. അത്തരം എഴുത്തു രീതിയെക്കുറിച്ച് വിക്ടര്‍ ലീനസ് പറഞ്ഞിരുന്നു - മാത്യൂസേ നിനക്ക് ഈ രീതി മാറ്റേണ്ടി വരും. വായനക്കാരെ അവഗണിച്ച് എഴുത്തിന് അധികകാലം പിടിച്ചു നില്‍ക്കാന്‍ പറ്റില്ല എന്ന്. വായനക്കാരുടെ അവഗണന ശരിക്കും അനുഭവിച്ചയാളായിരുന്നു വിക്ടര്‍.


വായനക്കാരുടെ അവഗണന കാര്യമായി അറിഞ്ഞ എഴുത്തുകാരനാണ് പി. എഫ് മാത്യൂസ്...

1996 ല്‍ പ്രസിദ്ധീകരിച്ച ചാവുനിലം എന്ന നോവല്‍ മലയാളത്തിലെ വായനാസമൂഹം സ്വീകരിക്കുന്നത് ഏതാണ്ട് 20 വര്‍ഷം കഴിഞ്ഞിട്ടാണ്. അത്രയും കാലം പൊതുവെ ആരും അത് പരിഗണിച്ചിരുന്നില്ല. അങ്ങനെയാകുമ്പോള്‍ നമുക്ക് കൂടുതല്‍ കാര്യമായി എഴുതാനുള്ള ഒരു തോന്നല്‍ ഇല്ലാതാകും. നോവലും കഥകളും എഴുതുന്നതിന്‍റെ വലിയൊരു സന്തോഷമുണ്ട്. അത് അത്രയും ഇഷ്ടമുള്ളതു കൊണ്ടാണ് പ്രസിദ്ധീകരിക്കാനല്ലാതെ തന്നെ പലതും ഞാന്‍ എഴുതിയത്. എഴുതിയത് വീണ്ടും വീണ്ടും പുതുക്കിക്കൊണ്ടിരുന്നത്.

വായനക്കാര്‍ക്ക് പൊതുവെ ഇത്തരം എഴുത്തിനോട് വലിയ താല്‍പര്യം ഇല്ലല്ലോ എന്ന് തോന്നിയ വലിയൊരു കാലഘട്ടമുണ്ട്. ആ സമയത്താണ് ഞാന്‍ കുറച്ച് സീരിയലുകള്‍ക്കും മറ്റും സ്ക്രിപ്റ്റ് എഴുതിയത്. അത് എനിക്ക് പല നിലയ്ക്കും സഹായമായിട്ടുമുണ്ട്.


ആദ്യം അച്ചടിച്ചു വന്ന രചന ഏതാണ്?

എന്‍റെ കഥകള്‍ അച്ചടിയിലേക്ക് ബലമായി എടുത്ത് അച്ചടിയില്‍ കൊണ്ടുവന്നത് ജോര്‍ജ് ജോസഫ് കെ യാണ്. നേരത്തെ പറഞ്ഞ ആസാമിനു പുറകില്‍ സുഭാഷ്പാര്‍ക്കിലെ കുരങ്ങന്‍ എന്ന കഥ എന്‍റെ പക്കല്‍ നിന്ന് ബലമായി എടുത്തു കൊണ്ടുപോയി വി. പി ശിവകുമാര്‍ സാറിനെ കാണിച്ചത് ജോര്‍ജ് ജോസഫാണ്. അത് സംക്രമണത്തില്‍ അച്ചടിച്ചു വന്നു. ജോര്‍ജ് ജോസഫ് അന്ന് സാധ്യമായ എല്ലാ സാഹിത്യ ക്യാമ്പിലും പോകും. ഞാന്‍ ഒരു ക്യാമ്പിലും പോയിട്ടില്ല. അവന് അന്നത്തെ ഒരുപാട് എഴുത്തുകാരുമായും നിരൂപകരുമായും ഒക്കെ വലിയ സൗഹൃദമുണ്ടായിരുന്നു. അന്നും ഇന്നും അത്തരം സൗഹൃദങ്ങളുടെ കാര്യത്തിലൊക്കെ ഞാന്‍ കുറച്ച് പിറകോട്ടാണ്. ഞായറാഴ്ച മഴ പെയ്യുകയായിരുന്നു എന്ന കഥ എന്‍റെ മേശയില്‍ നിന്ന് എന്നോടു പറയാതെ എടുത്തുകൊണ്ടു പോയി കലാകൗമുദിയില്‍ കൊടുത്തത് ജോര്‍ജ് ജോസഫാണ്. ഈ രണ്ട് എഴുത്തുകളാണ് ആദ്യം അച്ചടിയില്‍ വന്നത്.


മിഖായേലിന്‍റെ സന്തതികള്‍ എന്ന ടെലിവിഷന്‍ സീരിയല്‍ മലയാളത്തിലെ സീരിയലുകളുടെ ചരിത്രത്തില്‍ തന്നെ വല്യ പ്രാധാന്യമുള്ളതാണ്. അതിന്‍റെ എഴുത്തിലേക്ക് വന്നത് എങ്ങനെയാണ്?

കോളെജില്‍ പഠിക്കുമ്പോള്‍ തന്നെ ജൂഡുമായി വലിയ കൂട്ട് ഉണ്ടായിരുന്നു. ഇപ്പോഴുമുണ്ട്. സിനിമകള്‍ ഞങ്ങള്‍ക്ക് വലിയ ഇഷ്ടമായിരുന്നു. എന്‍റെ അപ്പനും വളരെയധികം സിനിമ - ഇംഗ്ലീഷ് സിനിമകള്‍ - കാണുന്ന ആളായിരുന്നു, അന്ന് ഞങ്ങള്‍ക്ക് അതറിയില്ലായിരുന്നെങ്കിലും. ജൂഡുമായി അന്നു തന്നെ സിനിമാക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമായിരുന്നു. അങ്ങനെയാണ് മിഖായേലിന്‍റെ സന്തതികള്‍ ചെയ്യാന്‍ തീരുമാനിക്കുന്നത്. എനിക്ക് പരിചയമുള്ള ചിലയാളുകളുടെ ജീവിതത്തിലെ ചില സന്ദര്‍ഭങ്ങള്‍ മിഖായേലിന്‍റെ സന്തതികള്‍ എഴുതുമ്പോള്‍ പ്രേരണയോ സ്വാധീനമോ ആയിട്ടുണ്ട്.


ഏറെക്കാലം പത്രപ്രവര്‍ത്തകനായിരുന്നല്ലോ. ആ അനുഭവങ്ങള്‍ എന്തൊക്കെയാണ്?

1979 മുതല്‍ 86 വരെ ഏഴെട്ടു കൊല്ലം കൊച്ചിയിലെ കേരള ടൈംസില്‍ ഉണ്ടായിരുന്നു. ചെറിയൊരു പത്രസ്ഥാപനമായിരുന്നു അത്. എഡിറ്റോറിയല്‍ വിഭാഗത്തിലും റിപ്പോര്‍ട്ടിങ്ങിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. സഭയുടെ പ്രസിദ്ധീകരണമായിരുന്നു കേരള ടൈംസ്. അക്കാലത്ത് കൊച്ചിയില്‍ ഒരുവിധം പ്രചാരമുള്ള പത്രവുമായിരുന്നു. ജോലി ഉണ്ടെന്നേയുള്ളൂ. കാര്യമായി ശമ്പളമൊന്നും ഉണ്ടായിരുന്നില്ല. വൈപ്പിന്‍ മദ്യദുരന്തം കേരള ടൈംസിനു വേണ്ടി റിപ്പോര്‍ട്ട് ചെയ്തത് ഞാനാണ്. അന്നൊരിക്കല്‍ ആലപ്പുഴ ജില്ലയില്‍ നിന്നുള്ള പ്രാദേശിക ലേഖകന്‍ കരുണാകരന്‍ ചേട്ടന്‍ ഒരു ദിവസം പുലര്‍ച്ചെ ഫോണ്‍ വിളിച്ചു. പത്രം അച്ചടി കഴിയാറായ സമയത്താണ്. അടിയന്തരമായി ഒരു വാര്‍ത്ത കൂടി ചേര്‍ക്കണം എന്നു പറയാനാണ്. മാവേലിക്കരയ്ക്കടുത്ത് വയലില്‍ ഒരു കാറ് കത്തുന്നു. അതിനുള്ളില്‍ ഒരാളുണ്ടെന്നും ആളില്ലെന്നും പറയുന്നുണ്ട്. എങ്ങനെയാണ് കാര്‍ വയലിലെത്തി തീ പിടിച്ചത് എന്നറിയില്ല... എന്നൊക്കെയാണ് വാര്‍ത്ത. അത് എഴുതിയെടുത്തു. അന്ന് അച്ചുകള്‍ നിരത്തി കെട്ടിയൊരുക്കിയാണ് പേജ് സെറ്റ് ചെയ്ത് അച്ചടിക്കുന്നത്. അച്ചുകള്‍ കെട്ടിയൊരുക്കിയുണ്ടാക്കിയ പേജ് അഴിച്ച് പുതിയ വാര്‍ത്തയുടെ അച്ചുകള്‍ നിരത്തി കെട്ടി പേജുണ്ടാക്കി അച്ചടിക്കല്‍ അത്ര പെട്ടെന്ന് നടക്കുന്ന കാര്യമല്ല. പത്രത്തിന്‍റെ പിന്നിലെ പേജില്‍ ഒറ്റക്കോളത്തില്‍ ചെറിയൊരു വാര്‍ത്തയായി തിരുവല്ലയിലെ വയലില്‍ കാറ് കത്തുന്ന വാര്‍ത്ത കൊടുത്തു. പിറ്റേന്ന് കേരളത്തിലെ മറ്റൊരു പത്രത്തിലും ആ വാര്‍ത്ത ഉണ്ടായിരുന്നില്ല. കരുണാകരന്‍ ചേട്ടന്‍റെ എക്സ്ക്ലൂസീവ് ആയിരുന്നു അത്. പക്ഷെ, അത് തീരെ പ്രാധാന്യമില്ലാതെ ചെറുതായി കൊടുത്തതിന് പിന്നീട് എപ്പോഴും കരുണാകരന്‍ ചേട്ടന്‍ പരാതി പറയുമായിരുന്നു. സുകുമാരക്കുറുപ്പും കൂട്ടരും കൂടി നടത്തിയ ആള്‍മാറാട്ട കൊലപാതകത്തിന്‍റെ വാര്‍ത്തയായിരുന്നു അത്.

അക്കാലത്ത് ഒരു ദിവസം കാലഹരണപ്പെട്ട മനുഷ്യര്‍ എന്ന പേരില്‍ ഒരു മുഴുപ്പേജ് ഫീച്ചര്‍ എഴുതി. ഞാന്‍ തന്നെ എഴുതി, ഞാന്‍ തന്നെ പേജ് സെറ്റ് ചെയ്ത്, ഞാന്‍ തന്നെ പേജ് പരിശോധിച്ച് അച്ചടിക്കാന്‍ വിടുകയാണ്. പിറ്റേന്ന് പത്രം അച്ചടിച്ചു വന്നതോടെ ആകെ പ്രശ്നമായി. സാര്‍ത്ര്, കാഫ്ക, കാമു തുടങ്ങിയവരെയൊക്കെ വായിച്ച് ജീവിതത്തെയാകെ എന്നല്ല, സകല കാര്യങ്ങളെയും നെഗറ്റീവ് ആയി കാണുന്ന ഒരുതരം ചെകുത്താന്‍ കാഴ്ചയായിരുന്നു ആ ലേഖനത്തില്‍. പള്ളിവക പത്രത്തില്‍ ഇങ്ങനെ അടിമുടി നെഗറ്റീവായ ഒരു ഫീച്ചര്‍ വന്നത് പത്രത്തിലെ മുതിര്‍ന്നയാളുകള്‍ക്കോ അച്ചനോ ഒന്നും ഉള്‍ക്കൊള്ളാനേ കഴിഞ്ഞില്ല. ആകെ പ്രശ്നമായി.

പിന്നീട് ഇതേപോലെ കലാകൗമുദിയില്‍ ഞായറാഴ്ച മഴ പെയ്യുകയായിരുന്നു എന്ന കഥ വന്നപ്പോഴും കേരളടൈംസില്‍ സഭയുമായി ബന്ധപ്പെട്ട മുതിര്‍ന്നയാളുകള്‍ക്ക് ഉള്‍ക്കൊള്ളാനേ കഴിഞ്ഞിരുന്നില്ല. അങ്ങനെയുള്ള പ്രശ്നങ്ങളൊക്കെ ഒരു വശത്ത്. ജോലിയല്ലാതെ കൂലിയില്ല എന്ന പ്രശ്നം മറുവശത്ത്. എന്നിട്ടും ഏഴെട്ടു കൊല്ലം കേരളടൈംസില്‍ ജോലി ചെയ്തു. അതല്ലാതെ മറ്റൊന്നും ചെയ്യാനില്ലായിരുന്നു എന്നതാണ് വലിയ പ്രശ്നമായിരുന്നത്.


അക്കാലത്തെ മറ്റ് സൗഹൃദങ്ങളും അനുഭവങ്ങളും ഒക്കെയോ?

ഇപ്പറഞ്ഞ പ്രശ്നങ്ങളൊക്കെയുള്ളപ്പോഴും കേരള ടൈംസിലെ പത്രപ്രവര്‍ത്തന ജീവിതം അങ്ങേയറ്റം ആസ്വാദ്യകരമായിരുന്നു. ശരിക്കും കളര്‍ഫുള്ളായ ജീവിതം. ഒന്നാമത് നമുക്ക് ചെയ്യാന്‍ ഒരു പണിയുണ്ടായിരുന്നു എന്നതു തന്നെ. പിന്നെ ശമ്പളം കിട്ടിയിട്ട് പുലര്‍ത്താന്‍ കുടുംബമൊന്നും അന്ന് ഉണ്ടായിരുന്നില്ലല്ലോ. ഡിഗ്രി പൂര്‍ത്തിയാക്കുന്നതിനു മുമ്പു തന്നെ കേരള ടൈംസില്‍ ജോലി ചെയ്യാന്‍ തുടങ്ങിയതാണ്. മറ്റ് പ്രാരബ്ധങ്ങളൊന്നുമുണ്ടായിരുന്നില്ല. പകല്‍ ജൂഡിന്‍റെയും മറ്റ് സുഹൃത്തുക്കളുടെയും കൂടെ ചര്‍ച്ചകളുമായി ചെലവഴിക്കാം. വായിക്കാന്‍ അത്യാവശ്യം സമയം കിട്ടും. പാതിരാത്രിയോ പുലര്‍ച്ചെയോ ജോലി കഴിഞ്ഞ് കത്തൃക്കടവില്‍ അന്ന് ഞങ്ങള്‍ താമസിച്ചിരുന്ന വീട്ടിലേക്ക് നടന്നു പോകും. ഇടയ്ക്കൊക്കെ കത്തൃക്കടവിലെ സെമിത്തേരിയില്‍ നിന്ന് ഇറങ്ങി നടന്നു പോകുന്ന പ്രേതങ്ങളെ കാണാറുണ്ട്.


പ്രേതങ്ങളോടുള്ള സൗഹൃദവും മരണം വിവരിക്കാനുള്ള ആഭിമുഖ്യവുമൊക്കെ അന്നേ തുടങ്ങിയതാണ് അല്ലേ? പക്ഷെ, നമ്മള്‍ നേരത്തേ പറഞ്ഞ കൊച്ചി എഴുത്തുകാരിലെല്ലാം തന്നെ മരണത്തിന്‍റെ തീവ്രവൈകാരികതയാര്‍ന്ന വിവരണങ്ങള്‍ കാണാം. എന്തുകൊണ്ടാണ് കൊച്ചിസാഹിത്യം ഇത്രയും മരണഭരിതമായി അനുഭവപ്പെടുന്നത്?

കൊച്ചിയിലെ ക്രിസ്ത്യാനികള്‍ക്ക് പ്രത്യേകിച്ച് ലത്തീന്‍ ക്രിസ്ത്യന്‍ വിഭാഗങ്ങളില്‍ മരണം വലിയൊരു څഇവന്‍റ്چ ആണ്. തമിഴ്നാട്ടിലൊക്കെ ചിലേടങ്ങളില്‍ കാണാറുള്ളതു പോലെ ശവമടക്കും അതുമായി ബന്ധപ്പെട്ട കാര്യങ്ങളും വലിയൊരു സംഭവമായിട്ടാണ് ചെയ്യുക. ഒരാള്‍ മരിക്കാന്‍ കിടക്കുമ്പോള്‍തന്നെ ചെവിട്ടോര്‍മ കൊടുക്കും. ഈശോ മറിയം യൗസേപ്പേ ഈ ആത്മാവിന് കൂട്ടായിരിക്കണേ... എന്ന പ്രാര്‍ത്ഥന മരിക്കാന്‍ കിടക്കുന്ന ആളെക്കൊണ്ട് ഏറ്റു ചൊല്ലിക്കുന്നതാണ് ചെവിട്ടോര്‍മ.


ഈ. മ. യൗ. തിരക്കഥാ പുസ്തകത്തിന്‍റെ ആമുഖത്തിന്‍റെ തലക്കെട്ട് ചെവിട്ടോര്‍മ എന്നാണ്. ജോര്‍ജ് ജോസഫ് കെ. യുടെ ഒരു നോവലെറ്റുണ്ട് അതേ പേരില്‍...

അതെ. ചെവിട്ടോര്‍മ കൊച്ചിയിലുള്ളവര്‍ക്ക് ഒരു വലിയ സംഭവമാണ്. അത് മരണവീട്ടിലെ ഒരു ചടങ്ങു മാത്രമാണ്. മരണം എന്ന ഇവന്‍റിലെ ആദ്യത്തെ ചടങ്ങുകളിലൊന്ന്. കണ്ണോക്കാണ് പ്രധാനപ്പെട്ട ഒന്ന്. ഒരാള്‍ മരിച്ചു കിടക്കുമ്പോള്‍ ബന്ധുക്കളൊക്കെ ചുറ്റും ഇരുന്ന് ഉറക്കെ വിളിച്ചു പറഞ്ഞ് നെഞ്ചത്തടിച്ച് നിലവിളിക്കും. മരിച്ചയാളുമായി ബന്ധപ്പെട്ട് ഓര്‍മയിലുള്ള എല്ലാ കാര്യങ്ങളും ഉറക്കെ വിളിച്ചു പറഞ്ഞ് അലമുറയിട്ടാണ് കണ്ണോക്ക്. ബാന്‍റ് മേളമൊക്കെ നടത്താന്‍ കാശില്ലാത്തതു കൊണ്ട് അതിനു പകരമായിട്ടാണെന്നു തോന്നുന്നു ഈ നെഞ്ചത്തടിയും നിലവിളിയും. എന്‍റെയൊരു വല്യപ്പനുണ്ടായിരുന്നു. അവരൊക്കെ എന്നെ കുഞ്ഞുമോനേ എന്നാണ് വിളിച്ചിരുന്നത്. വല്യപ്പന്‍ വയ്യാതെ കിടന്നപ്പോള്‍ വീട്ടുകാരൊക്കെ മാറി മാറി ചെല്ലും. ഞാന്‍ പക്ഷ, വല്യപ്പനെ കാണാന്‍ അങ്ങനെ പോയിട്ടില്ല. വല്യപ്പന്‍ മരിച്ചിടത്തേക്ക് ഞാന്‍ ചെന്നു. എന്‍റെ തല കണ്ടതും വല്യമ്മ നെഞ്ചത്തടിച്ച് ഉറക്കെ നിലവിളിക്കാന്‍ തുടങ്ങി - ദേ! അപ്പാ... കുഞ്ഞുമോന്‍ വന്നേക്കണപ്പാ... ജീവിച്ചിരുന്നപ്പം തിരിഞ്ഞു നോക്കാത്ത മകനാണപ്പാ... ഇങ്ങനെ മരിച്ചു പോയ ആളുമായി ബന്ധപ്പെട്ട് പറയാവുന്നതും ഓര്‍ക്കാവുന്നതുമായ എല്ലാ കാര്യങ്ങളും ഉറക്കെ വിളിച്ചു പറഞ്ഞാണ് കണ്ണോക്ക്. അതുകൊണ്ടു വലിയൊരു ഗുണമുണ്ട്. ദുഃഖവും സങ്കടവുമൊക്കെ മനസ്സിലങ്ങനെ കെട്ടിക്കിടന്ന് ആളുകളെ തളര്‍ത്തില്ല. ഒരുതരം വികാരവിമലീകരണമാണ്. കഥാര്‍സിസ് എന്നൊക്കെ പറയുന്നതു പോലുള്ള ഒരു ശുദ്ധീകരണം. മരണവീട്ടിലെ ചടങ്ങുകളും ശവസംസ്കാരവും കഴിയുന്നതോടെ ആളുകള്‍ക്ക് അതേപോലെ തന്നെ മറ്റു കാര്യങ്ങളും പറയാന്‍ കഴിയുന്നു. മരണച്ചടങ്ങു കഴിയുന്നതോടെ ആളുകള്‍ അതില്‍ നിന്ന് അങ്ങു ഫ്രീ ആകും.


ഈ. മ. യൗ. സിനിമ കാണുമ്പോള്‍ ഒരു മരണവീട്ടില്‍ ചെന്നു നില്‍ക്കുന്ന ഫീല്‍ കിട്ടും. സിനിമ വലിയ ആശയങ്ങളോ പ്രമേയങ്ങളോ കൈകാര്യം ചെയ്യുന്നു എന്നതിനെക്കാള്‍ ഇങ്ങനെ ഒരനുഭവമായി സിനിമയും നോവലുമൊക്കെ മാറുന്നത് മലയാളത്തില്‍ അത്ര സാധാരണമല്ലാത്ത ഒന്നാണ്. സിനിമയിലും നോവലുകളിലും ട്വിസ്റ്റുകളെയും പരിണാമഗുപ്തിയെയുംകാള്‍ അനുഭവ പരതയ്ക്ക് പ്രാധാന്യം കൊടുത്തുള്ള രചനാ രീതിയിലേക്ക് എത്തിയത് എങ്ങനെയാണ്?

സാഹിത്യം എന്നു പറയുന്നത് നറേറ്റീവാണ്. എന്‍റെ കാഴ്ചപ്പാടില്‍ സാഹിത്യം അതാണ്. ഭാഷയാണ് എഴുത്തുകാരന്‍റെ കലാവസ്തു. ഭാഷയില്‍ ആവിഷ്കാരം നടത്തുന്ന കലയാണ് സാഹിത്യം. വലിയ സംഭവങ്ങളുള്ള പ്ലോട്ടുകള്‍ പറഞ്ഞു വയ്ക്കുന്നതിനെക്കാള്‍ അനുഭവങ്ങളുടെ കലാപരമായ വിവരണത്തോടാണ് എന്നും എനിക്ക് താല്‍പര്യം തോന്നിയിട്ടുള്ളത്. അത് സിനിമയിലായാലും അങ്ങനെ തന്നെയാണ് എന്‍റെ കാഴ്ചപ്പാട്. എന്‍റെ രീതികള്‍ ഇങ്ങനെയാണ്. അത്രയേ ഉള്ളൂ.


ദസ്തയേവ്സ്കിയെപ്പോലുള്ള മഹാന്മാരായ എഴുത്തുകാരുടെയൊക്കെ സ്വാധീനം ഏതു തരത്തിലാണ് രചനകളെ സ്വാധീനിച്ചിട്ടുള്ളത് എന്ന് ആലോചിച്ചിട്ടുണ്ടോ?

നമ്മള്‍ പരിചയപ്പെടുകയും ഇടപെടുകയും ഒക്കെ ചെയ്യുന്ന ആളുകളും ജീവിതസാഹചര്യങ്ങളും വായിക്കുന്ന പുസ്തകങ്ങളും ഒക്കെ നമ്മെ പല തരത്തില്‍ സ്വാധീനിക്കുന്നുണ്ടാവും. നമ്മളെ ഫോം ചെയ്യുന്നത് അത്തരം പരിചയങ്ങളും വായനയും ഒക്കെയാണ്. നമ്മള്‍ എന്ന വ്യക്തിയാണ് അങ്ങനെ രൂപപ്പെടുന്നത്. അങ്ങനെ രൂപപ്പെടുന്ന നമ്മളാണ് എഴുതുന്നത്. അതല്ലാതെ നമ്മള്‍ എഴുതുന്നതില്‍ ആ സ്വാധീനം വരണമെന്നില്ല. ഫിക്ഷന്‍ എന്നത് പൂര്‍ണമായും നമ്മുടെ ഭാവനയിലുള്ള കാര്യങ്ങളാണ് എന്നാണ് എന്‍റെ തോന്നല്‍. ആന്‍റണ്‍ ചെക്കോവ് എനിക്ക് ഇഷ്ടമുള്ള എഴുത്തുകാരനാണ്. വളരെ വൈകിയാണ് ഞാന്‍ ചെക്കോവിന്‍റെ പ്രാധാന്യം തിരിച്ചറിയുന്നത്. ചെക്കോവിന്‍റെ കഥകളൊക്കെ വിവര്‍ത്തനം ചെയ്തു വരുമ്പോള്‍ അതിലെ പ്ലോട്ടിന് മാത്രമാണ് മിക്ക വിവര്‍ത്തകരും പ്രാധാന്യം നല്‍കിയിരുന്നത്. അത്തരം പ്ലോട്ടിനും ട്വിസ്റ്റുകള്‍ക്കുമപ്പുറം സാഹിത്യത്തിന്‍റെ ഒരനുഭവലോകം ചെക്കോവ് തരുന്നുണ്ട്.


പക്ഷെ, നമ്മുടെയാളുകള്‍, വായനക്കാര്‍ ഇഷ്ടപ്പെടുന്നത് പരിണാമഗുപ്തിയും സംഭവങ്ങളും നിറഞ്ഞ സാഹിത്യരചനകളാണ്. പി. എഫ് മാത്യൂസ് ഉള്‍പ്പെടെ പല എഴുത്തുകാരും നീണ്ടകാലം അവഗണിക്കപ്പെട്ടു കിടന്നതിന് ഒരു കാരണം നമ്മുടെ വായനാസമൂഹത്തിന്‍റെ ഈ താല്‍പര്യങ്ങളാണെന്നു തോന്നുന്നു...

ആളുകള്‍ ഇഷ്ടപ്പെട്ട് സെറ്റില്‍ ചെയ്യുന്ന എഴുത്തുകാരനാകണമെന്ന് എനിക്ക് ഒരിക്കലും തോന്നിയിട്ടില്ല. പുസ്തകത്തിന്‍റെ കൂടുതല്‍ പതിപ്പുകള്‍ വരുന്നതും കൂടുതലാളുകള്‍ വായിക്കുന്നതും ഒക്കെ നല്ല കാര്യം. പക്ഷെ, അതാണ് ഏറ്റവും വലിയ കാര്യം എന്ന് എനിക്ക് തോന്നുന്നില്ല. എഴുത്ത് തരുന്ന വലിയൊരു സന്തോഷമുണ്ട്. ആ സന്തോഷം കൊണ്ടാണ് അതിനു വേണ്ടിയാണ് ഞാന്‍ എഴുതുന്നത്. അതാണ് എഴുത്തിനു പിന്നിലെ ഒന്നാമത്തെ കാരണം. നല്ല വായനക്കാരും നല്ല വായനകളും ഉണ്ടാകുന്നത് അതിനു ശേഷമാണ്. നല്ല വായനയും വായനക്കാരും ഉണ്ടായില്ലെങ്കില്‍ സാഹിത്യം ഇല്ലല്ലോ. വായനക്കാരുടെ താല്‍പര്യം ഇതായിരിക്കും എന്ന് കരുതി അതിനു വേണ്ടി എഴുതുന്ന പോപ്പുലിസ്റ്റ് എഴുത്തു രീതിയോട് എനിക്ക് താല്‍പര്യം തോന്നിയിട്ടില്ല. അങ്ങനെയുള്ള നിരവധി എഴുത്തുകാര്‍ ഇപ്പോള്‍ നമുക്കുണ്ടല്ലോ. അത് മോശമാണെന്നല്ല, എന്‍റെ രീതി അതല്ല.


ഇപ്പോള്‍ ഉള്ള ഏറ്റവും പുതിയ കഥയെഴുത്തുകാരും നോവലിസ്റ്റുകളും ഒക്കെ ഏറ്റവും കൂടുതല്‍ അടുപ്പം പുലര്‍ത്തുന്ന എഴുത്തുകാരിലൊരാളാണ് പി. എഫ്. മാത്യൂസ്. പകുതിയോ അതില്‍ താഴെയോ മാത്രം പ്രായമുള്ള എഴുത്തുകാര്‍ പോലും ഒപ്പമുള്ള ഒരാളെ പോലെ - ബഹുമാനത്തെക്കാളധികം സൗഹൃദത്തോടെ - ഇടപെടുന്നത് കാണാറുണ്ട്. പുതിയ തലമുറയോട് ഇത്രയും സ്വതന്ത്രമായി ഇടപെടാനാവുന്നത് എങ്ങനെയാണ്?

അതില്‍ പ്രശ്നങ്ങളൊന്നും തോന്നിയിട്ടില്ല. എപ്പോഴും അങ്ങനെയായിരിക്കുന്നതായിരുന്നു എന്‍റെ രീതി. അല്ലാതെ മനഃപൂര്‍വം അവരോട് ചെന്ന് കൂടുന്നതല്ല. എല്ലാ കാലത്തും എനിക്ക് എന്‍റെ പ്രായക്കാരോടോ മുതിര്‍ന്നവരോടോ ഉള്ളതിനെക്കാള്‍ ഫ്രീ ആയി ഇടപെടാന്‍ പറ്റിയിട്ടുള്ളത് പുതിയവരോടാണ്. ഒരു പത്തു മുപ്പത്തഞ്ചു കൊല്ലം മുമ്പ് ഞങ്ങളുടെ പ്രായത്തിലുള്ള എറണാകുളത്തെ എഴുത്തുകാര്‍ ജോര്‍ജ് ജോസഫിന്‍റെ വീടിന്‍റെ വരാന്തയില്‍ ഒത്തു കൂടുന്ന പതിവുണ്ടായിരുന്നു. എഴുതിയ കഥകള്‍ വായിക്കുക, ചര്‍ച്ച ചെയ്യുക തുടങ്ങിയവയൊക്കെയായി കൂടും. എനിക്ക് പക്ഷെ, അതില്‍ കൂടാന്‍ കഴിഞ്ഞിരുന്നില്ല. അവര്‍ പലപ്പോഴും വിളിക്കാറുണ്ട്. എല്ലാവരും നല്ല കൂട്ടുകാരുമാണ്. എന്നാല്‍ അത്തരത്തിലുള്ള കൂട്ടായ്മകളില്‍ നിന്ന് വിട്ടുനില്‍ക്കുന്നതാണ് അന്നുമിന്നും എന്‍റെ രീതി.

എന്നാല്‍, പുതിയ ആളുകളുമായി വളരെയെളുപ്പത്തില്‍ എനിക്ക് ഒന്നിച്ച് ഇടപഴകാനും നില്‍ക്കാനും കഴിയാറുണ്ട്. സിനിമയിലായാലും അത് സാധിക്കുന്നുണ്ട്. എന്‍റെ പ്രായത്തിലൊക്കെയുള്ളവരെക്കാള്‍ പുതിയ ആളുകളുമായി എളുപ്പത്തില്‍ ഒത്തു പ്രവര്‍ത്തിക്കാന്‍ കഴിയുന്നുണ്ട്. ലിജോയെ പോലെയൊക്കെയുള്ളവരോട് ചേര്‍ന്നു പ്രവര്‍ത്തിക്കുമ്പോള്‍ കുറച്ചുകൂടി അനായാസം ഇടപഴകാന്‍ കഴിയാറുണ്ട്.


മലയാളത്തിലെ ഏറ്റവും പ്രിയപ്പെട്ട എഴുത്തുകാരന്‍ ആരാണ്?

അങ്ങനെ ഞാന്‍ ചിന്തിച്ചിട്ടില്ല... നമുക്ക് മലയാളത്തില്‍ ഒരു മേജര്‍ റൈറ്റര്‍ ഉണ്ടായിട്ടില്ല എന്നാണ് എനിക്ക് തോന്നുന്നത്. അങ്ങനെ പറയാവുന്ന ഒരാള്‍, ഒരുപാടു വിട്ടുവീഴ്ചകളോടെയാണെങ്കിലും എനിക്ക് കൂടുതല്‍ താല്‍പര്യം തോന്നിയിട്ടുള്ള വലിയ എഴുത്തുകാരന്‍ ബഷീറാണ്. കഥകള്‍ എഴുതിയിരുന്ന എന്‍. എസ് മാധവനെയും എനിക്ക് ഇഷ്ടമാണ്. അടുത്തിടെ എഴുതുന്ന കഥകള്‍ അത്ര മികച്ചവയായി തോന്നിയിട്ടില്ല. പക്ഷെ, മാധവന്‍റെ മുമ്പത്തെ കഥകള്‍ വളരെ മികച്ചവയാണ്.

മലയാളത്തിലെ ഏറ്റവും മികച്ച നോവല്‍ ഏതാണ്?

അതും ഇപ്പറഞ്ഞതു പോലെയാണ്. നമ്മള്‍ വായിച്ച് ഒപ്പം കൊണ്ടു നടക്കുന്ന പല വലിയ നോവലുകളുടെയും കൂടെ നിര്‍ത്താവുന്ന കൃതികള്‍ മലയാളത്തില്‍ ഉണ്ടായിട്ടുണ്ടെന്ന് തോന്നിയിട്ടില്ല. മലയാളത്തില്‍ ഞാന്‍ ആവര്‍ത്തിച്ചു വായിച്ചിട്ടുള്ള നോവല്‍ ഖസാക്കിന്‍റെ ഇതിഹാസം തന്നെയാണ്. ഇനിയും വായിക്കാവുന്നതും. ഭാഷയിലുള്ള ക്രിയേറ്റീവ് വര്‍ക്കാണ് നോവല്‍ എന്ന് മലയാളത്തെ പഠിപ്പിച്ചത് ഖസാക്കാണ്.


മലയാളത്തിലെ ഏറ്റവും നല്ല സംവിധായകനും സിനിമയും ഏതാണ്?

സിനിമയുടെ ക്രാഫ്റ്റ് ഉള്ള മികച്ച സംവിധായകന്‍ എന്ന് തോന്നിയിട്ടുള്ളത് അടൂര്‍ ഗോപാലകൃഷ്ണനാണ്. എലിപ്പത്തായം പോലൊരു സിനിമ പിന്നെ ചെയ്തിട്ടില്ലെങ്കിലും.


പുതിയ സംവിധായകര്‍ പലരും വളരെ പ്രതീക്ഷ തരുന്നവരല്ലേ?

സിനിമ നന്നാകാത്ത രാജ്യമാണ് നമ്മുടേത് എന്നെനിക്ക് തോന്നിയിട്ടുണ്ട്. കഥ അറിയാന്‍ വേണ്ടി സിനിമ കാണുന്നതാണ് നമ്മുടെ രീതി. വലിയ സാഹിത്യഭംഗിയുള്ള ഡയലോഗുകളൊക്കെയാണ് സിനിമയുടെ മികവായി കൊണ്ടാടപ്പെടാറുള്ളത്. മികവുള്ള ദൃശ്യങ്ങളും കാഴ്ചയുടെ അനുഭവവുമൊന്നും ആര്‍ക്കും വേണ്ട. സിനിമയോട് വളരെക്കൂടുതല്‍ ഡെഡിക്കേഷന്‍ ഉള്ള ചെറിയൊരു വിഭാഗം ആളുകളെങ്കിലും ഇപ്പോള്‍ ഉണ്ട്. സംവിധായകരും അഭിനേതാക്കളും ഒക്കെ. തീര്‍ച്ചയായും അവര്‍ പ്രതീക്ഷയാണ്.


ചാവുനിലം, അടിയാളപ്രേതം, ഇരുട്ടില്‍ ഒരു പുണ്യാളന്‍ - ഈ മൂന്നു നോവലുകളും ഒരു വലിയ നോവലിന്‍റെ മൂന്നു ഭാഗങ്ങളാണ് എന്ന് തോന്നിയിട്ടുണ്ട്. അങ്ങനെ പ്ലാന്‍ ചെയ്ത് എഴുതിയതാണോ?

ഒട്ടേറെക്കാലം കൂടെ കൊണ്ടു നടന്ന് പല തവണ ഡ്രാഫ്റ്റ് മാറ്റിയെഴുതി മിനുക്കി ഒരുക്കിയതാണ് ചാവുനിലം. അതൊരു കണ്ണോക്കാണ് എന്നും ഇത്ര നെഗറ്റീവായ നോവലൊക്കെ ആര് വായിക്കാനാണ് എന്നുമാണ് പല സുഹൃത്തുക്കളും പറഞ്ഞത്. പത്തിരുപതു കൊല്ലം അത് അങ്ങനെ കിടന്നെങ്കിലും പുതിയ വായനക്കാരുടെ ഒരു തലമുറ വന്നതോടെ അത് നല്ലതുപോലെ ശ്രദ്ധിക്കപ്പെട്ടു. അങ്ങനെ അത് കൂടുതല്‍ വായിക്കപ്പെട്ടു തുടങ്ങിയ കാലത്താണ് 2015 ല്‍ ഇരുട്ടില്‍ ഒരു പുണ്യാളന്‍ എഴുതുന്നത്. അതിന്‍റെ ഒരു ശിഖരത്തില്‍ നിന്നു പൊട്ടിമുളച്ചതാണ് അടിയാളപ്രേതം.


ഇപ്പോള്‍ പ്രസിദ്ധീകരിച്ചു കൊണ്ടിരിക്കുന്ന കടലിന്‍റെ മണവും കൊച്ചിയുടെ പശ്ചാത്തലത്തിലുള്ള നോവലാണല്ലോ? മുന്‍നോവലുകളുടെ തുടര്‍ച്ച തന്നെയാണോ ഇതും?

കടലിന്‍റെ മണം മുന്‍ നോവലുകളുടെ തുടര്‍ച്ചയല്ല. കൊച്ചി പോലെ കടലിനോടു ചേര്‍ന്നുള്ള ഒരു നഗരത്തില്‍ നടക്കുന്നതാണ് എന്നേയുള്ളൂ.


Share:

ഇതാ, കാവ്യാനുഭൂതികളെ കല്ലെറിയുന്ന ഒരു കവി! - എന്‍. പ്രഭാകരന്‍

 നിരൂപണം




     ലോകം മേനിനടിക്കാനുപയോഗിക്കുന്ന വലുപ്പങ്ങളെയും നേട്ടങ്ങളെയുമെല്ലാം ഉദാസീനതയോടെ, പലപ്പോഴും കടുത്ത പുച്ഛത്തോടെ, ചിലപ്പോള്‍ അതിലേറെ രോഷത്തോടെ നോക്കിക്കാണുന്ന കവിയാണ് കെ. ആര്‍ ടോണി. കൊണ്ടാടപ്പെടുന്ന കാവ്യഭാഷ ഒരുപാട് അസത്യങ്ങളെയും പൊങ്ങച്ചങ്ങളെയും പാതകങ്ങളെയും സ്വര്‍ണപ്പാത്രം കൊണ്ട് മൂടാനാണ് പ്രയോജനപ്പെടുത്തപ്പെടുന്നതെന്ന് കൃത്യമായി അറിയുന്നതിനാല്‍ ടോണി ആ കാവ്യഭാഷയെ സ്പര്‍ശിക്കാന്‍ തന്‍റെ ഭാഷയെ അനുവദിക്കുന്നില്ല. സവര്‍ണന് അവര്‍ണന്‍ തൊട്ടുകൂടായ്മ കല്‍പിക്കുന്നതു പോലുള്ള ഒരു സംഗതിയാണിത്. څകീഴാളര്‍ക്ക് ക്ഷേത്ര പ്രവേശനം അനുവദിച്ചത് വലിയൊരു നേട്ടമല്ലേ, സാമൂഹ്യമുന്നേറ്റത്തിന്‍റെ തിളങ്ങുന്ന അടയാളമല്ലേچ എന്നൊക്കെ പറഞ്ഞവരോട് څആര്‍ക്കു വേണം നിങ്ങളുടെ ക്ഷേത്രം, അവിടെ വന്ന് പ്രാര്‍ത്ഥിക്കാന്‍ വേറെ ആളെ നോക്കണംچ എന്ന് പറഞ്ഞ കീഴാളരില്‍ ചിലരുടെ വീറാണ് ടോണിയുടെ കവിതയുടെ കരുത്ത്. കവിതയുടെ കരുത്ത് എന്ന കേട്ടുപഴകിയ ഈ പറച്ചിലിനു നേരെ څകൊണ്ടുപോയി കൊടുക്ക് അത് മലയാളത്തിലെ സൗന്ദര്യാത്മക കവികള്‍ക്ക്چ എന്ന് ടോണി പ്രതിഷേധിച്ചേക്കാം.

     ആശയങ്ങള്‍ക്ക് സ്ഥിരതയില്ല. എന്നാല്‍ കവിതയ്ക്ക് അതുണ്ട് എന്ന് വാദിച്ചുറപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ട് ടോണി (കവിതയും സ്ഥിരതയും - പോരെഴുത്ത്). ഈ വാദത്തിന്‍റെ ശരിയെ കാര്യമായിത്തന്നെ സംശയിക്കുന്ന ആളാണ് ഞാന്‍. ആശയങ്ങള്‍ പലതും അല്‍പായുസ്സ് തന്നെ. പക്ഷെ, ചില ആശയങ്ങള്‍ അവ രൂപം കൊണ്ട് സഹസ്രാബ്ദങ്ങള്‍ കഴിഞ്ഞതിനു ശേഷവും നമ്മോടൊപ്പം ജീവിക്കുന്നുണ്ട്. അവയില്‍ ചിലതിനോട് ആളുകള്‍ കലഹിക്കുന്നു. മറ്റ് ചിലതിനെ തങ്ങളുടെ വാദങ്ങള്‍ സ്ഥാപിച്ചെടുക്കുന്നതിന് കൂട്ടുപിടിക്കുന്നു. അനേകം ഭാഷകളിലായി അനേക ലക്ഷം കവിതകള്‍ ഇതിനകം വിസ്മൃതിയിലായിട്ടുണ്ട്. അവയ്ക്ക് അത്തരമൊരു ദുര്‍വിധിയുണ്ടായത് അവ അല്‍പായുസ്സായ ആശയങ്ങളെ ആശ്രയിച്ചതുകൊണ്ടാണെന്ന് പറയുന്നതിനെക്കാള്‍ പതിന്മടങ്ങ് ശരിയാവുക അവ അവയുടെ കാലത്ത് സജീവമായിരുന്ന ആശയങ്ങള്‍ക്കു നേരെ അപ്പാടെ മുഖംതിരിഞ്ഞു നിന്ന് ആലോചനാരഹിതമായ ഒരു ലോകത്ത് സ്വയം തടവിലിട്ടതുകൊണ്ടാണ് എന്നു പറയുന്നതാവും. ഏത് ആശയവുമായുള്ള കേവലമായ ഐക്യപ്പെടല്‍ കവിതയെ കവിതയല്ലാതാക്കിത്തീര്‍ക്കും. കേവലമായ പ്രസ്താവന എന്ന നിലയ്ക്ക് പോലും അത്തരമൊരു കവിതയ്ക്ക് ആരും പ്രത്യേക പ്രസക്തി കല്‍പിക്കുകയുമില്ല. പക്ഷെ, താന്‍ എഴുതുന്ന കവിതകള്‍ തന്‍റെ കാലത്തെ ഒരാശയവുമായും വിധ്യാത്മകമോ നിഷേധാത്മകമോ സംവാദാത്മകമോ ആയ യാതൊരു ബന്ധവും ബോധത്തിലോ അബോധത്തിലോ പുലര്‍ത്തുകയില്ലെന്ന നിലപാടില്‍ എത്തിച്ചേരാന്‍ കവി എന്ന പേരിന് അര്‍ഹതയുള്ള ആര്‍ക്കും സാധ്യമാവില്ല.

സൗകര്യം സത്യമായിത്തീര്‍ന്ന കാലത്തിന്‍റെ നാഡിഞരമ്പുകള്‍

     കെ. ആര്‍ ടോണി ആധുനികോത്തരത എന്ന അവസ്ഥയെ നിര്‍വചിക്കാന്‍ സഹായിക്കുന്ന ആശയങ്ങളെ പല രൂപത്തില്‍, പല ഊന്നലുകളോടെ നിര്‍ലോഭമായി തന്‍റെ കവിതകളില്‍ ഉപയോഗപ്പെടുത്തിയ കവിയാണ്. നമ്മുടെ കാലത്തെ മലയാള കവികളില്‍ ഏറ്റവും ശ്രദ്ധേയനാണ് ഈ കവി എന്ന് വായനയില്‍ വലിയ ജാഗ്രത പുലര്‍ത്തുന്ന പലര്‍ക്കും തോന്നുന്നതും അതുകൊണ്ടു തന്നെയാണ്. ഈ ആശയാവതരണങ്ങള്‍ തന്നെയാണ് ടോണിയുടെ കവിതയെ തന്‍റെ സമകാലികരുടെതില്‍ നിന്ന് വേറിട്ട് നിര്‍ത്തുന്ന ഘടകങ്ങളില്‍ ഏറ്റവും മുന്നിട്ടു നില്‍ക്കുന്നത്. ഇക്കാരണത്താല്‍ ഈ കവിത അസ്ഥിരപ്പെടുമോ, ഭാവുകത്വ പരിണാമത്തിന്‍റെ അടുത്ത ഘട്ടത്തില്‍തന്നെ മലയാളിയുടെ ഗൗരവപൂര്‍ണമായ സാഹിത്യചര്‍ച്ചകളില്‍ അവയ്ക്ക് ഇടം ലഭിക്കാതാവുമോ എന്നൊക്കെയുള്ള സംശയങ്ങള്‍ പ്രസക്തം തന്നെയാണ്. ടോണിയുടെ ചില കവിതകളുടെ കാര്യത്തില്‍ വലിയ താമസമില്ലാതെ തന്നെ കാലഹരണപ്പെടല്‍ സംഭവിക്കും എന്നു തന്നെ ഞാന്‍ കരുതുന്നു. പക്ഷെ, അതൊരു വലിയ പ്രശ്നമാണെന്ന് ഞാന്‍ കരുതുന്നില്ല. ദീര്‍ഘായുസ്സോടെ ജീവിക്കാന്‍ സാധ്യതയുള്ളതല്ല എന്ന ഊഹത്തെ ആശ്രയിച്ച് ഒരു കവിത ഇന്ന് നമുക്ക് തരുന്ന അനുഭവത്തെ നിരാകരിക്കുന്നതില്‍ അര്‍ത്ഥമില്ലല്ലോ.

     സര്‍വസാധാരണമായ മനുഷ്യാനുഭവങ്ങള്‍ക്കു പോലും വലിയ അര്‍ത്ഥവ്യത്യാസം വരുത്തിയകാലമാണ് ആധുനികോത്തരതയുടെത്. മനുഷ്യന്‍റെ സാധാരണ പെരുമാറ്റരീതികളും ചേഷ്ടകളും തന്നെ അവ ഇന്നലെ വരെ വളരെ സ്വാഭാവികമായി ഉല്‍പാദിപ്പിച്ചുകൊണ്ടിരുന്ന അര്‍ത്ഥങ്ങള്‍ കൈവിട്ട് പുതിയവ, മിക്കപ്പോഴും നേര്‍വിപരീതമായവ സ്വീകരിച്ചിരിക്കുന്നുവെന്നോ അവ സന്നിഗ്ധതയുടെ വഴുവഴുപ്പുള്ള പ്രതലത്തില്‍ എത്തിച്ചേര്‍ന്നിരിക്കുന്നുവെന്നോ പറയാവുന്ന അവസ്ഥയാണ് നിലവിലുള്ളത്. കൃതിയില്‍ അത് പ്രത്യക്ഷത്തില്‍ ഉദ്ദേശിക്കുന്നതായി ഭാവിക്കുന്ന അര്‍ത്ഥത്തിന്‍റെ വിപരീത സാധ്യതകള്‍ അന്തര്‍നിഹിതമായിരിക്കുന്നതിനെ കുറിച്ചും അനന്തമായി നീട്ടിവയ്ക്കപ്പെടുന്ന അര്‍ത്ഥത്തെ കുറിച്ചും അപനിര്‍മാണം എന്ന പുതിയ സമീപനരീതി അവതരിപ്പിച്ച് ദെറിദ മുന്നോട്ടുവച്ച ആശയങ്ങളെ ആവേശപൂര്‍വം പിന്‍പറ്റുമ്പോള്‍ അവയുടെ പശ്ചാത്തലത്തിലെ അനുഭവലോകത്തില്‍ വന്ന ഈ മാറ്റത്തെ കുറിച്ച് അജ്ഞരായിരിക്കുകയോ അജ്ഞത ഭാവിക്കുകയോ ചെയ്യുകയാണെങ്കില്‍ അത് നിരര്‍ത്ഥമായ ബൗദ്ധിക അഭ്യാസപ്രകടനം മാത്രമെ ആവൂ. വാക്കുകള്‍ക്ക് അര്‍ത്ഥത്തിന്‍റെ തലത്തില്‍ അനാദികാലം മുതല്‍ക്കെ ഉള്ളതായി പറയപ്പെടുന്ന ഒരു സ്വഭാവം ഒരു പ്രത്യേക ചരിത്രഘട്ടത്തില്‍ ഒരാള്‍ പുതുതായെന്ന പോലെ കണ്ടെത്തുകയും ആ കണ്ടെത്തല്‍ ദര്‍ശനത്തിന്‍റെയും സാഹിത്യനിരൂപണത്തിന്‍റെയും മേഖലകളിലെ ഏറ്റവും ശ്രദ്ധേയമായ ഒന്നായി വാഴ്ത്തപ്പെടുകയും ചരിത്രശാസ്ത്രത്തിന്‍റെ മേഖലയില്‍ പോലും അത് വലിയ ഇളക്കങ്ങളുണ്ടാക്കുകയും ചെയ്തത് മൂര്‍ത്തമായ മനുഷ്യാനുഭവങ്ങള്‍ അവയെ പിന്തുണക്കുന്നതുകൊണ്ടു തന്നെയാണ്. അനുഭവ ലോകത്ത് സംഭവിച്ച ഈ അട്ടിമറി എത്ര ലളിതമായാണ് ടോണി ആവിഷ്കരിച്ചിരിക്കുന്നത് എന്ന് നോക്കുക:

     ڇനിങ്ങള്‍ പുഞ്ചിരിതൂകാറുണ്ടോ?

     പല്ലി വാലിട്ടുപോകാറില്ലേ?ڈ

     (ഇന്‍ - ഔട്ട്)

     ഓരോ പുഞ്ചിരിതൂകലും ആത്മരക്ഷോപായമായി മാറുന്ന, ഓരോ പരിചയക്കാരനും (സുഹൃത്തും) പേടിക്കേണ്ടുന്ന ആളായി മാറുന്ന സ്ഥിതി ആധുനികോത്തരത എന്ന അവസ്ഥ യാഥാര്‍ത്ഥ്യമായിത്തീരുന്നതിനു മുമ്പ് നമ്മുടെ ജീവിതത്തില്‍ ഉണ്ടായിരുന്നില്ല. ഈ അവസ്ഥയെ അതേ പേരുപയോഗിച്ചു തന്നെ വിശകലനം ചെയ്യുകയും ന്യായീകരിക്കുകയുമൊക്കെ ചെയ്യുന്ന ദര്‍ശനം ഫ്രെഡറിക് ജെയിംസണ്‍ വ്യക്തമാക്കിയതുപോലെ പില്‍ക്കാല മുതലാളിത്തത്തിന്‍റെ സാംസ്കാരിക യുക്തിയാണ്. രാഷ്ട്രീയമായ കണിശതയോടെ ഇങ്ങനെ പറയാന്‍ മടിയുള്ളവര്‍ക്ക് സമകാലലോകാവസ്ഥ വസ്തുക്കളുടെ അമിതോല്‍പാദനത്തിലൂടെയും വ്യാപകമായ ഊഹക്കച്ചവടങ്ങളിലൂടെയും മാധ്യമലോകത്തെ അധീശശക്തികള്‍ യാതൊരു തത്വദീക്ഷയുമില്ലാതെ നിര്‍മിച്ച് പുറന്തള്ളുന്ന വ്യാജവാര്‍ത്തകളിലൂടെയും വ്യാജവിവരങ്ങളിലൂടെയുമൊക്കെ ഉല്‍പാദിപ്പിച്ച ഒന്നാണെന്നും യാഥാര്‍ത്ഥ്യത്തെ പ്രതീതിയാഥാര്‍ത്ഥ്യം പിന്‍തള്ളുന്ന ഭൗതികവും സാംസ്കാരികവുമായ സാഹചര്യം ഈ അവസ്ഥയുടെ ഉല്‍പന്നമാണെന്നും മാത്രം പറഞ്ഞ് അവസാനിപ്പിക്കാം.

     ڇശരിയായ് വരാം, തെറ്റായിരിക്കാം വ്യാഖ്യാനങ്ങള്‍

     വേറിട്ട് സത്യം മാത്രമായ വസ്തുതയില്ലڈ

     എന്നും

     ڇസത്യം തന്നെ സൗന്ദര്യം

     സൗന്ദര്യം തന്നെ സൗകര്യം, അതായത്

     സൗകര്യം തന്നെ സത്യംڈ

     (തത്ത്വമസി)

     എന്നും

ڇഎന്നെത്തന്നെ ഞാന്‍

ഊഹിക്കേണ്ടിയിരിക്കുന്നു!ڈ

(ഊഹം)

     എന്നും

     എഴുതിയപ്പോള്‍ ലോകമെമ്പാടും മനുഷ്യര്‍ വ്യവഹരിക്കുന്ന എല്ലാ മേഖലകളിലും സത്യത്തെ പല വഴിയില്‍ സന്ദിഗ്ധാവസ്ഥയിലേക്ക് തള്ളിയ ആധുനികോത്തര രാഷ്ട്രീയ സാംസ്കാരികാവസ്ഥയെ കുറിച്ച് തികഞ്ഞ നിര്‍വികാരത ഭാവിച്ച് സംസാരിക്കുകയാണ് ടോണി.

     ഡ്രാക്കുളയും കുട്ടിച്ചാത്തനും (കോട്ടയം പുഷ്പനാഥിനു പ്രണാമം) എന്ന കവിതയില്‍ ഇതേ കാര്യം കവി കുറെക്കൂടി നാടകീയമായി സാധിച്ചിട്ടുണ്ട്.

     ഈ കവിതയിലെ ഡിറ്റക്ടീവ് മാര്‍ക്സിന്‍ തന്നെ ഡ്രാക്കുള കാസലിലേക്ക് കൊണ്ടുപോവാന്‍ ടാക്സി ഡ്രൈവറോട് പറയുന്നു. എന്നാല്‍ കാര്‍ ചെന്നു നില്‍ക്കുന്നത് ഹോട്ടല്‍ ഡ്രാക്കുള കാസലിന്‍റെ മുന്നിലാണ്. പിറ്റേ ദിവസം കാസില്‍ ബ്രൗണ്‍ എന്നറിയപ്പെടുന്ന യഥാര്‍ത്ഥ ഡ്രാക്കുളകോട്ടയിലേക്ക് എന്നു പറഞ്ഞ് മറ്റൊരു ടാക്സി ഡ്രൈവര്‍ അയാളെ കൊണ്ടുപോവുന്നത് യഥാര്‍ത്ഥം എന്ന് വിശ്വസിക്കപ്പെടുന്ന വ്യാജ ഡ്രാക്കുളകോട്ടയിലേക്കാണ്. പിന്നീട് സംഭവിച്ച കാര്യങ്ങള്‍ കവി പറഞ്ഞുവച്ചിരിക്കുന്നത് ഇങ്ങനെയാണ്:

     ڇയഥാര്‍ത്ഥത്തിലുള്ള യഥാര്‍ത്ഥ ഡ്രാക്കുളക്കോട്ട ആര്‍ഗസ്കോട്ട എന്നതാണെന്നു പറഞ്ഞുകേട്ട മിസ്റ്റര്‍ മാര്‍ക്സിന്‍ യഥാര്‍ത്ഥം എന്ത് എന്നും ഇല്ലാത്ത ഒന്നിന്‍റെ വ്യാജന്‍ ഉണ്ടാകുമോ എന്നുമുള്ള വലിയ ദാര്‍ശനിക പ്രശ്നത്തില്‍ ചെന്നുമുട്ടി. അദ്ദേഹം ഹാഫ്-എ-കൊറോണ തുടരെത്തുടരെ വലിക്കുകയും അവയുടെ ഒഴിഞ്ഞ കൂടുകളുടെ മൂട്ടില്‍ ദ്വാരമിടുകയും ചെയ്തുകൊണ്ടിരുന്നു.

     ഇതേ സമയം ആയിരക്കണക്കിന് മൈലുകള്‍ക്കിപ്പുറത്ത് ഇങ്ങു കേരളത്തിലും സമാനമായ സംഭവങ്ങള്‍ അരങ്ങേറുന്നുണ്ടായിരുന്നു. തൃശൂരിലെ പെരിങ്ങോട്ടുകര കവലയില്‍ ബസ്സിറങ്ങിയ തമിഴ്നാട്ടുകാരന്‍ ആറുച്ചാമി കുട്ടിച്ചാത്തന്‍റെ അമ്പലം അന്വേഷിച്ചു. മുപ്പത് ചാത്തനമ്പലങ്ങളാണ് അവിടെ ഉണ്ടായിരുന്നത്. മുപ്പതിന്‍റെയും പ്രതിനിധികള്‍ അദ്ദേഹത്തെ പിടികൂടി തങ്ങളുടേതാണ് യഥാര്‍ത്ഥ ചാത്തന്‍ എന്നു പറഞ്ഞു! ആറുച്ചാമി മുപ്പതായി ശകലീകരിക്കപ്പെട്ടു! സമാനമായ സംഭവങ്ങള്‍ ലോകത്ത് മുഴുവന്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു!ڈ

     ഇതെങ്ങനെ കവിതയായിത്തീരുമെന്ന്, അലങ്കാരമാണ് കവിത എന്നും ധ്വനിയാണ് കവിതയുടെ ആത്മാവ് എന്നുമൊക്കെ കരുതുന്നവര്‍ ചോദിച്ചേക്കും. ലോകത്തില്‍ യഥാര്‍ത്ഥത്തില്‍ നിലനില്‍ക്കുന്നതും നാനാതരം ഭൗതിക സുഖങ്ങള്‍ക്കും മത്സരങ്ങള്‍ക്കും പുറകെ നിരന്തരം പാഞ്ഞു നടക്കുന്നതുമൂലം ബോധത്തിന്‍റെ ചില മേഖലകളെ ബാധിക്കുന്ന ആന്ധ്യം കാരണം അറിവില്‍ പെടാതെ പോകുന്നതുമായ കാര്യങ്ങള്‍ കാണിച്ചു തരിക അല്ലെങ്കില്‍ അറിയിച്ചു തരിക എന്നത് കവിത ഏറ്റെടുക്കുന്ന ഗംഭീരമായ പ്രവൃത്തികളില്‍ മുന്നില്‍ നില്‍ക്കുന്ന ഒന്നാണെന്നും അതാണ് അല്ലാതെ കാവ്യസൗന്ദര്യത്തെ കുറിച്ച് ആചാര്യന്മാര്‍ കാലാകാലമായി പഠിപ്പിച്ചു പോരുന്ന സംഗതികളല്ല പരമപ്രധാനമെന്നും മറുപടി പറയാം. 

     നമ്മുടെ കാലത്ത് പക്ഷെ കാര്യങ്ങള്‍ നമ്മുടെ അറിവില്‍ പെടാതെ പോവുകയല്ല, നാം എന്തിനെ തേടി നടക്കുന്നുവോ അതാണെന്ന് തോന്നിക്കുകയും യഥാര്‍ത്ഥത്തില്‍ അതല്ലാതിരിക്കുകയും ചെയ്യുന്ന സംഗതികള്‍ നമ്മെ വന്നു പൊതിയുകയാണ് ചെയ്യുന്നത്. അവയുടെ പെരുപ്പത്തിനടിയില്‍ യാഥാര്‍ത്ഥ്യം അപ്രത്യക്ഷമാവുന്നു. ഇത്തരം അനുഭവങ്ങള്‍ പലകുറി ആവര്‍ത്തിക്കുമ്പോള്‍ യാഥാര്‍ത്ഥ്യം നമ്മുടെ പരിഗണനയില്‍ നിന്നും ഓര്‍മയില്‍ നിന്നു തന്നെയും മാഞ്ഞുപോവുന്നു. പ്രതീതികള്‍ കൊണ്ട് തൃപ്തരാവുന്ന അല്ലെങ്കില്‍ തൃപ്തി ഭാവിക്കാനാവുന്ന മനോനില നാം കൈവരിക്കുന്നു. എല്ലാ സാമൂഹ്യാനുഭവങ്ങളെയും വ്യക്തിഗതാനുഭവങ്ങളെത്തന്നെയും ഈ മനോനിലയോടെ സമീപിക്കുക ശീലമായിത്തീരുന്ന മനുഷ്യര്‍ക്ക് പിന്നെ ഒരു മൂല്യത്തെയും മുറുകെ പിടിക്കേണ്ട കാര്യമല്ല. ഒരാശയത്തെയും നെഞ്ചോട് ചേര്‍ത്തു വയ്ക്കേണ്ടതില്ല. ലോകത്തെവിടെയും പുതിയ കാലത്തെ മനുഷ്യര്‍ ഈ ശൂന്യതയെ അമ്പരപ്പില്ലാതെ സ്വീകരിക്കാന്‍ അവരുടെ പൂര്‍ണമായ അറിവോടും സമ്മതത്തോടും കൂടിയുമല്ലാതെ പരിശീലിപ്പിക്കപ്പെടുന്നുണ്ട്.

     ഈ പരിണതിയെ യാതൊരു തരത്തിലുള്ള ദാര്‍ശനിക നാട്യവുമില്ലാതെ ആവിഷ്കരിക്കാന്‍ സാധിക്കുന്നു എന്നതാണ് ടോണിയുടെ എഴുത്തിന്‍റെ പ്രത്യേകത. നാം ജീവിക്കുന്ന കാലത്തിന്‍റെ കബളിപ്പിക്കുന്ന മാംസളതയില്‍ ആനന്ദം കണ്ടെത്തുകയല്ല, അതിന്‍റെ നാഡിഞരമ്പുകള്‍ നേരിട്ട് തൊട്ടുകാണിക്കുകയാണ് കവി. څവായനക്കാരന്‍ കവിതയില്‍ കണ്ടെത്തുന്നത് ചതിപ്രയോഗമില്ലാത്ത കവിതയുടെ ലാഘവം, ആര്‍ജവം, ചലനാത്മകത എന്നിവ മാത്രംچ എന്ന് ടോണിയുടെ څഅനധികൃതംچ എന്ന കവിതയെ കുറിച്ച് ഡോ. സി. എസ് ബിജു പറഞ്ഞത് അദ്ദേഹത്തിന്‍റെ കവിതകളെക്കുറിച്ച് പൊതുവായി പറയാവുന്നതാണ്.

     കാലത്തെ തൊട്ടുകാണിക്കുമ്പോള്‍ നിര്‍മമതയും നിസ്സംഗതയും ഭാവിക്കാന്‍ മിക്കപ്പോഴും ടോണിക്ക് കഴിയാറുണ്ട്. ഈ തന്ത്രം പരാജയപ്പെട്ട് വലിയ വൈകാരികാനുഭവമായി വായനക്കാരെ പൊള്ളിച്ചു കളയുന്ന ചില കവിതകളുണ്ടെങ്കിലും അസാധാരണമായ മിതത്വം വഴി അവയെ അതിവൈകാരികതയിലേക്ക് തള്ളിവിടാതിരിക്കാനുള്ള സര്‍ഗാത്മക സൂക്ഷ്മത അവിടെയും അദ്ദേഹം പുലര്‍ത്തിയിരിക്കുന്നതായി കാണാം. څഹെര്‍ബേറിയംچ എന്ന കവിത മാത്രം ഉദാഹരിക്കാം. നീലത്തിരി എന്ന ചെടിയെപ്പറ്റി പറഞ്ഞാണ് കവിത ആരംഭിക്കുന്നത്. പിന്നെ പത്തുനാല്‍പതു വര്‍ഷം മുമ്പ് ഹെര്‍ബേറിയം ഉണ്ടാക്കാന്‍ വിവിധ തരം ചെടികള്‍ തേടി തന്നോടൊപ്പം നടന്നവള്‍ പിന്നീട് തന്‍റെ ജീവിതസഖിയായിത്തീര്‍ന്ന കാര്യം പറയുന്നു. څഇന്നലെ അവളുടെ പിണ്ഡമടിയന്തിരമായിരുന്നുچ എന്ന വാക്യമാണ് തൊട്ടു പിന്നാലെ വരുന്നത്. ആഖ്യാതാവ് പഴയ ഹെര്‍ബേറിയം എടുത്തു നോക്കുന്നു. പണ്ട് അവളും താനും കൂടി ഹെര്‍ബേറിയം ഉണ്ടാക്കിയതിന്‍റെ ഓര്‍മകളിലൂടെ അയാള്‍ കടന്നുപോവുന്നു.

     കവിതയിലെ അവസാനവരികള്‍ ഇങ്ങനെയാണ്:

     ڇഹെര്‍ബേറിയം തിരിച്ചു വയ്ക്കുന്നേരം

     ഒരില അടര്‍ന്നുവീണു

     അത് ഏതു ചെടിയുടേതാണെന്നറിഞ്ഞിട്ട്

     എന്തു കാര്യം!ڈ

     ഒരു വ്യക്തിയുടെ ജീവിതത്തില്‍ അനിയന്ത്രിതമായ വൈകാരികത്തള്ളിച്ച ഉണ്ടാക്കാവുന്ന നിമിഷങ്ങളെ കുറിച്ച് സംസാരിക്കുന്ന കവിതയാണ് څഹെര്‍ബേറിയംچ. എന്നിട്ടും കവി എത്രമേല്‍ മിതവാക്കായാണ് ആ സന്ദര്‍ഭത്തെ ആവിഷ്കരിച്ചിരിക്കുന്നത്! ഈ മിതത്വം കൈവിടാതിരിക്കുക വഴിയാണ് ടോണിയുടെ വലിയ സാമൂഹ്യവിമര്‍ശനം സാധിക്കുന്ന പല കവിതകളും അസാധാരണമായ ഊര്‍ജം കൈവരിച്ചിരിക്കുന്നത്.

     څടോണി എഴുതുന്നതുപോലെ കവിത എഴുതാന്‍ അനുവദിക്കുന്ന ഒന്നല്ല മലയാളത്തില്‍ പൊതുസമ്മതിയുള്ള കാവ്യഭാവുകത്വം. പല കാലങ്ങളിലായി നമ്മുടെ കവികളില്‍ ചിലര്‍ പല പരീക്ഷണങ്ങള്‍ക്കും ശ്രമിച്ചിരുന്നുവെന്നത് വസ്തുതയാണ്. പക്ഷെ, സാഹിത്യം ഉള്‍പ്പെടെ സാംസ്കാരിക വ്യവഹാരത്തിന്‍റെ ഏതാണ്ട് എല്ലാ മേഖലകളിലും നൂറ്റാണ്ടുകളായി ആധിപത്യമുറപ്പിച്ചിരിക്കുന്ന സവര്‍ണഭാവുകത്വത്തെ കുടഞ്ഞെറിയാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. നൂറ്റാണ്ടുകളിലേക്ക് നീളുന്ന അതിവിപുലമായ ജനകീയാംഗീകാരവും ഒരു കവിയുടെ മഹത്വത്തെ ഉറപ്പിക്കുകയില്ലെന്ന് സ്ഥാപിക്കാന്‍ നിരൂപകര്‍ ശ്രമിക്കുന്നുമെന്നതിന് കുഞ്ചന്‍ നമ്പ്യാരോടുള്ള സമീപനം പ്രബലമായൊരു തെളിവാണ്. ആഢ്യഭാവുകത്വം ഇപ്പോഴും അദ്ദേഹത്തിന് ഹാസ്യകവി എന്നതിനപ്പുറത്തുള്ള ഒരു സ്ഥാനമനുവദിക്കുന്നില്ല. ആത്മീയാനുഭവങ്ങളാലോ ധ്വനി സാന്ദ്രതയാലോ അനന്യമായ സൗന്ദര്യാനുഭൂതികളിലേക്ക് വായനക്കാരെ നയിക്കുമെന്ന് നിസ്സംശയം നിര്‍ണയിക്കാവുന്ന അലങ്കാരപ്രയോഗങ്ങളാലോ നിറഞ്ഞ് കനക്കുക എന്നതാണ് ഏതൊരു സാഹിത്യസൃഷ്ടിയുടെയും ഏറ്റവും വലിയ സൗഭാഗ്യമായി സാഹിത്യത്തിലെ അധികാര കേന്ദ്രങ്ങള്‍ ഇന്നും കാണുന്നത്. അരനൂറ്റാണ്ട് മുമ്പ് വരെയും ആഢ്യഭാവുകത്വത്തോട് എതിരിടുന്നതിനുള്ള സംഘടിത ശ്രമങ്ങള്‍ മലയാളത്തിലുണ്ടായിരുന്നു. എന്നാല്‍ ആഭ്യന്തര വൈരുധ്യങ്ങളും ആഢ്യരുടേതില്‍ നിന്ന് വ്യത്യസ്തമെങ്കിലും ഫലത്തില്‍ നേരിയ വ്യത്യാസം മാത്രമുള്ള അധികാരപ്രയോഗത്തോടുള്ള ആഭിമുഖ്യവും കാരണം അത് പതുക്കെപ്പതുക്കെ ദുര്‍ബലമായി. ഇപ്പോഴാണെങ്കില്‍, ഇടതുപക്ഷം പല തലങ്ങളിലും ഉത്സാഹപൂര്‍വം സ്വയം അരാഷ്ട്രീയവല്‍ക്കരിച്ചതു കാരണം സാംസ്കാരിക പ്രതിരോധത്തിനും വിപ്ലവകരമായ പുതുനിര്‍മിതികള്‍ക്കും വേണ്ടിയുള്ള പഴയ ശ്രമങ്ങളുടെ ഓര്‍മ പോലും മൃതപ്രായമായിരിക്കുകയാണ്.

വിരുദ്ധോക്തികള്‍ക്കപ്പുറം

     വക്രോക്തിയാണ് കവിതയുടെ ജീവന്‍ എന്ന നിലപാട് ഭാരതീയര്‍ക്ക് പണ്ടേ പരിചിതമാണ്. വിരുദ്ധോക്തികളാണ് കവിതയ്ക്ക് ഏറ്റവും ഉചിതവും അനിവാര്യവുമെന്ന് പറഞ്ഞ ഇംഗ്ലീഷിലെ ക്ലിയാന്ത് ബ്രൂക്സിന്‍റെ കവിതാപഠനങ്ങള്‍ ഇംഗ്ലീഷ് സാഹിത്യനിരൂപണത്തിന്‍റെ ചരിത്രവുമായി അടുത്ത പരിചയമുള്ളവര്‍ക്കെല്ലാം നന്നായി അറിയുകയും ചെയ്യാം. സമകാല മലയാളകവിതയിലെ ഏറ്റവും വലിയ സാന്നിധ്യം വിരുദ്ധോക്തികളാണ്. പല കവിതകളും വളരെ സൗകര്യപ്രദമായ ഒരു രക്ഷാമാര്‍ഗമെന്ന പോലെ വിരുദ്ധോക്തിയെ പ്രയോജനപ്പെടുത്തുന്നത് കാണാം. പെട്ടെന്ന് അവിചാരിതമായി ലഭിക്കുന്ന കൗതുകം കലര്‍ന്ന രസം കാരണം വായനക്കാര്‍ ഈ വിരുദ്ധോക്തി കവിതയില്‍ നിര്‍വഹിക്കുന്ന ധര്‍മമെന്താണ് എന്ന ആലോചനയ്ക്കൊന്നും മിനക്കെടാറില്ല.

     പുതുകവികളില്‍ പലര്‍ക്കും ഒരു തന്ത്രപ്രയോഗം മാത്രമായ വിരുദ്ധോക്തി ടോണിയുടെ കവിതകളില്‍ വ്യത്യസ്തമായ അര്‍ത്ഥതലങ്ങള്‍ ആര്‍ജിക്കുന്നത് കണ്ടെത്താന്‍ വലുതായി ക്ലേശിക്കേണ്ടതൊന്നുമില്ല. രൂക്ഷമായ സാമൂഹ്യ പരിഹാസവും സാമൂഹ്യവിമര്‍ശനവും സാധിക്കുന്നതിനു വേണ്ടിത്തന്നെയാണ് ടോണി വിരുദ്ധോക്തികളെ പ്രയോജനപ്പെടുത്തുന്നത്. അവിടം കൊണ്ട് നിര്‍ത്താതെ അവ വലിയ ചില ഓര്‍മപ്പെടുത്തലുകളായും കേട്ടില്ലെന്ന് നടിക്കാനാവാത്ത വിധം മുഴക്കമുള്ള ചോദ്യങ്ങളായും പ്രവര്‍ത്തിക്കുന്നുണ്ട്. ചിരി മാത്രം ലക്ഷ്യമാക്കുന്ന കേവല നര്‍മം അവയുടെ ലക്ഷ്യമേയല്ല.

     വക്രോക്തി എന്നതിനെ അതിന്‍റെ ഏറ്റവും വിപുലമായ അല്ലെങ്കില്‍ സ്ഥൂലമായ അര്‍ത്ഥത്തില്‍ പറച്ചിലിലെ വൈചിത്ര്യമായി പ്രയോഗിച്ച് സംതൃപ്തിയടയുന്ന ആളല്ല ടോണി. ഭാഷയും രൂപഘടനയും ഉള്‍പ്പെടെ കവിതയെ മൊത്തത്തില്‍ത്തന്നെ വലിയ വിരുദ്ധോക്തികളാക്കി മാറ്റുന്ന രീതി ആവര്‍ത്തിച്ച് അവലംബിച്ചിട്ടുള്ള കവിയാണ് അദ്ദേഹം.

     ڇകാട്ടില്‍ച്ചരിക്കുമൊരുമാടിനുതുല്യനാം ഞാന്‍

     വീട്ടില്‍ജ്ജനിച്ചു തുലയുന്നതിനെന്തു ബന്ധം

     - ആട്ടും പുകഴ്ചയുമഭേദമെനിക്കു ബ്രഹ്മം

     തീട്ടത്തിലും മരുവുമൂണിലുമെന്ന പോലെ!ڈ

     (കുറുക്കങ്കുന്ന്)

     ഗഹനമായ എന്തൊക്കെയോ പറയുന്നുവെന്ന പ്രതീതി സൃഷ്ടിക്കാന്‍ ഉതകുംവിധമാണ് ഇവിടെ വാക്കുകള്‍ ഉപയോഗിച്ചിരിക്കുന്നത്. നാം പരിചയിച്ചു പോന്ന തരത്തിലുള്ള ഗഹനത ഇവിടെയില്ല. എന്നാല്‍ ഇതിലെ അനുഭവവും അതില്‍ നിന്ന് വന്നുചേരുന്ന അറിവും അവയുടെ പക്ഷത്തു നിന്ന് നോക്കിയാല്‍ അതീവ ഗഹനമാണ്. ആവര്‍ത്തിച്ചുള്ള പ്രയോഗം കൊണ്ട് ഗാംഭീര്യത്തിന്‍റെ മാനദണ്ഡമായിത്തീരുന്ന വാക്കുകള്‍ക്കും പ്രയോഗങ്ങള്‍ക്കും മൊത്തത്തിലുള്ള ആവിഷ്കാരപ്രകാരത്തിനും ഇടം നല്‍കേണ്ടതില്ലാത്തതെന്ന് പൊതുവെ കരുതപ്പെടുന്ന ജീവിതവും അതിന്‍റേതായ നിലയ്ക്ക് ഗഹനമാണ്. ഈ നിലപാട് തന്‍റെ കവിതകളിലൂടെ പലവട്ടം വെളിപ്പെടുത്തിയതിലൂടെ ടോണി സമകാല മലയാള കവിതയിലെ ഏറ്റവും അര്‍ത്ഥവത്തായ ജനകീയതയുടെ പ്രതിനിധിയായി മാറിക്കഴിഞ്ഞിട്ടുണ്ട്. ഈ ജനകീയതയെ തിരിച്ചറിയാന്‍ താല്‍പര്യവും ശേഷിയുമുള്ള ജനങ്ങളുടെ എണ്ണം തീരെ കുറഞ്ഞുപോയതും നിരൂപകരായി പ്രതിഷ്ഠ നേടിക്കഴിഞ്ഞ എല്ലാവരും ഇപ്പോഴും ഒളിഞ്ഞും തെളിഞ്ഞും ആഢ്യകവിതയുടെ പക്ഷത്തു തന്നെ നില്‍ക്കുന്നവരായതും കവിയുടെ ഭാഗ്യക്കേടാണെന്ന് പറച്ചിലിന്‍റെ ശീലം കൊണ്ട് പറഞ്ഞുപോയേക്കാമെങ്കിലും ഇക്കൂട്ടരുടെ കണ്ണില്‍ പെടാതെ കഴിയാന്‍ സാധിക്കുന്നുവെന്നതില്‍ ടോണിക്ക് ഏറെ ആത്മസംതൃപ്തിക്കുള്ള വകയുണ്ടെന്ന് പറയുന്നതാവും കൂടുതല്‍ ശരി.

     താനും തന്‍റെ തലമുറയില്‍പെട്ട ചിലരും യഥാര്‍ത്ഥത്തില്‍ എന്താണ് ചെയ്തത് എന്നതിനെപ്പറ്റി ടോണിക്ക് കൃത്യമായ ധാരണയുണ്ട്. ആധുനികോത്തരതയുടെ സൗന്ദര്യശാസ്ത്രം, സകലമാന വൈവിധ്യങ്ങള്‍ക്കും വൈരുധ്യങ്ങള്‍ക്കും പ്രവേശം നല്‍കുന്ന സമകാല ജീവിതത്തിന്‍റെ വസ്തുസ്ഥിതികഥനത്തിനും അതിന്‍റെ സൂക്ഷ്മതലങ്ങളിലേക്കുള്ള വിചിത്ര മാര്‍ഗങ്ങളിലൂടെയുള്ള സഞ്ചാരത്തിനും തമ്മില്‍ മൂല്യത്തിന്‍റെ തലത്തില്‍ സാരമായ ഭേദം കല്‍പിക്കാത്ത ഒന്നാണ്. څപോസ്റ്റ് മോഡേണിസം ഒരിസമല്ല, ഒരവസ്ഥയാണ്چ എന്ന പ്രസ്താവത്തെ ന്യായീകരിക്കും വിധത്തിലുള്ളതാണ് പല ആധുനികോത്തര രചനകളിലെയും വസ്തുസ്ഥിതിവിവരണത്തിന്‍റെ ഘടന. നിര്‍മമത ഭാവിച്ചുള്ളതും യഥാതഥം എന്ന പ്രതീതിയുളവാക്കുന്നതും എന്നാല്‍ ആവിഷ്ക്കരിക്കേണ്ടുന്ന യാഥാര്‍ത്ഥ്യത്തിനകത്ത് പ്രതീതികള്‍ക്ക് വിലക്കില്ലാത്തതിനാല്‍ യഥാതഥം എന്ന പരികല്‍പനയെത്തന്നെ പരിഹസിക്കുന്നതുമായ വിവരണങ്ങള്‍ക്ക് കൂടുതല്‍ സാധ്യത ലഭിക്കുന്നത് നോവലിലും ചെറുകഥയിലുമൊക്കെയാണ്. ഇക്കാര്യത്തില്‍ കവിത എന്ന മാധ്യമത്തിന് അതിന്‍റെ രൂപം നിര്‍ബന്ധമാക്കിത്തീര്‍ക്കുന്നതായി പൊതുവെ കരുതിപ്പോരുന്ന പരിമിതികളെ അനായാസം മറികടക്കാന്‍ കഴിയുന്നുണ്ട് ടോണിയുടെ രചനകള്‍ക്ക്. ഈയൊരു കാര്യം സാധിക്കുന്നതിനു വേണ്ടി കഥയുടേതില്‍ നിന്ന് നേരിയ വ്യത്യാസം മാത്രമുള്ള ആഖ്യാനം സ്വീകരിക്കുന്നതിന് ടോണി അറച്ചു നില്‍ക്കുന്നതേയില്ല.

     ബൃഹദാഖ്യാനങ്ങളിലുള്ള അവിശ്വാസം എന്ന ആധുനികോത്തര ദര്‍ശനത്തിന്‍റെ കേന്ദ്രാശയത്തിന് തീര്‍ച്ചയായും പോസിറ്റീവായ ചില ഫലങ്ങളുണ്ട്. അതിന്‍റെ രാഷ്ട്രീയം ചിലപ്പോള്‍ ചില തലങ്ങളില്‍ പാര്‍ശ്വവല്‍കൃതര്‍ക്ക് അനുകൂലവും വികസനമുദ്രാവാക്യവുമായി പുരോഗതിയിലേക്ക് കുതിക്കുന്നവരുടെ പരിഗണനയിലേ വരാത്ത പല പ്രശ്നങ്ങളിലേക്കും എത്തിച്ചേരുന്നതുമാണ്. താന്‍ ഒരു ആധുനികോത്തരനാണ് എന്ന് അവകാശപ്പെടാന്‍ പ്രത്യേകിച്ചൊരു താല്‍പര്യവും കാണിക്കാതെ തന്നെ ആധുനികോത്തരതയുടെ ദര്‍ശനത്തെയും ആഖ്യാന പരികല്‍പനയെയും വളരെ അര്‍ത്ഥവത്തായ രീതിയില്‍ തന്‍റെ രചനകളില്‍ പ്രയോഗിച്ചിട്ടുള്ള ആളാണ് ടോണി. തന്‍റെ കാലത്ത് തന്നോടൊപ്പം കവിതയെഴുതിക്കൊണ്ടിരിക്കുന്ന പല പുതുതലമുറക്കവികളും വ്യത്യസ്തതയുടെ രാഷ്ട്രീയം മനസ്സിലാക്കാത്തവരാണെന്ന് ടോണി വെട്ടിത്തുറന്ന് പറയുന്നുമുണ്ട്.

     പി. കെ സുബൈദയ്ക്കു നല്‍കിയ അഭിമുഖ (പൊട്ടാതെ പുറത്തെടുത്ത മുഴക്കങ്ങള്‍: ഡ്രാക്കുളയും കുട്ടിച്ചാത്തനും)ത്തിലെ ചില ചോദ്യങ്ങള്‍ക്ക് ടോണി നല്‍കിയ മറുപടികളില്‍ രണ്ടെണ്ണം മാത്രം നോക്കിയാല്‍ മതി ഇക്കാര്യം വ്യക്തമാവാന്‍.

     څപുതുകവിതയില്‍ ടോണിയടക്കമുള്ളവര്‍ എന്ത് വ്യത്യാസത്തെയാണ് എഴുതിയത്?چ എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ഒന്നാമത്തേത്.

     ڇസഹജമായ സാംസ്കാരിക പൈതൃകത്തിന്‍റെയും ആര്‍ജിതമായ പ്രത്യയശാസ്ത്രങ്ങളുടെയും കൂറ്റന്‍ ആഖ്യാനങ്ങള്‍ ഇതുവരെ കണക്കിലെടുത്തിട്ടില്ലാത്ത പാര്‍ശ്വവല്‍കൃത പ്രമേയങ്ങള്‍ക്ക് അക്കാലത്തെ പുതുകവിതകള്‍ നാവു കൊടുത്തിട്ടുണ്ട്. അതുപോലെ ഈ കൂറ്റന്‍ ആഖ്യാനങ്ങള്‍ക്ക് ഒരു പ്രതിസംസ്കാരം രചിക്കുകയും ചെയ്തിട്ടുണ്ട്. ഇതൊക്കെ വ്യത്യാസമല്ലേ? എന്നാല്‍ ഈ വ്യത്യാസത്തിന്‍റെ രാഷ്ട്രീയം ശരിക്കും മനസ്സിലാക്കാതെ പുതുകവിതയെന്നാല്‍ പുമ്പാറ്റച്ചിറകിനെയും പുല്‍ച്ചാടിയെയുമൊക്കെപ്പറ്റി څസൂക്ഷ്മമായിچ എഴുതുന്നതാണെന്ന് ചിലര്‍ പറയുന്നത് കേള്‍ക്കാറുണ്ട്. അത് സൂക്ഷ്മതയല്ല, നിസ്സാരതയാണ്.ڈ

     ഇനി കുമാരനാശാന്‍ കഴിഞ്ഞുള്ള മറ്റു കവികളെ കുറിച്ചുള്ള ടോണിയുടെ ഒരു പൊതുനിരീക്ഷണത്തിലേക്ക് വരാം:

     ڇമലയാളിയുടെ സാഹിത്യമനസ്സിന് അതിന്‍റേതായ ഒരു څറഗുലേഷന്‍چ ഉണ്ട്. എല്ലാ സമൂഹത്തിലുമുണ്ട് അവരുടേതായ റഗുലേഷന്‍. കല/സാഹിത്യം ഒരു സമൂഹത്തിന്‍റെ സംസ്കാരത്തിന്‍റെ ഭാഗമായ വഴക്കങ്ങള്‍ക്കും പ്രതീക്ഷകള്‍ക്കും സ്വീകാര്യതകള്‍ക്കും വല്ലാതെ വിരുദ്ധമായാല്‍ അത് അംഗീകരിക്കപ്പെടാന്‍ സാധ്യത വളരെ കുറവാണ്. ഇതിനെയാണ് റഗുലേഷന്‍ എന്നു പറയുന്നത്. നമുക്ക് നമ്മുടെ മുഖ്യധാരാ മേല്‍ക്കോയ്മാ പാരമ്പര്യത്തില്‍ നിന്ന് കിട്ടുന്നതാണ് നമ്മുടെ റഗുലേഷന്‍. വളരെ പെട്ടെന്ന് സര്‍വസ്വീകാര്യത നേടുന്ന കവികള്‍ ഒന്നുകില്‍ നമ്മുടെ റഗുലേഷന് അകത്തുള്ളവരോ അല്ലെങ്കില്‍ വിപണി ബ്രാന്‍ഡ് ഉല്‍പ്പന്നമായി വളര്‍ത്തിക്കൊണ്ടുവരുന്നവരോ അല്ലെങ്കില്‍ റാഡിക്കലിസത്തിന്‍റെ പ്രകട പ്രതിച്ഛായ ഉള്ളവരോ - റാഡിക്കലിസത്തിന് നല്ല മാര്‍ക്കറ്റുണ്ട് - ആയിരിക്കാന്‍ സാധ്യതയുണ്ട്.

വേറിട്ട വഴിയുടെ ചില അടയാളങ്ങള്‍ കൂടി

     അലങ്കാര നിര്‍മിതി, ശൈലി, പദങ്ങളുടെ തിരഞ്ഞെടുപ്പ് എന്നിങ്ങനെയുള്ള കാര്യങ്ങളിലെല്ലാം ടോണിയുടെ കവിത പുലര്‍ത്തിപ്പോരുന്ന വ്യത്യാസങ്ങളെപ്പറ്റി അധ്യാപകോചിതമായ ഭാഷയില്‍ ഉപന്യസിക്കാനുള്ള അതിയായ ആഗ്രഹം എന്നെ പിടികൂടാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ആ സാഹസത്തിന് ഞാന്‍ മുതിരുന്നില്ല. എങ്കിലും സമകാല മലയാള കവികളില്‍ എനിക്ക് വളരെ അടുപ്പം തോന്നിയ വളരെ കുറച്ച് കവികളില്‍ ഒരാളായ ടോണി കവിതയുടെ പ്രാഥമിക ഘടകങ്ങളായി കരുതി വരുന്ന സംഗതികളില്‍ മറ്റുള്ളവരില്‍ നിന്ന് എങ്ങനെ വ്യത്യസ്തനായിരിക്കുന്നു എന്ന് ചൂണ്ടിക്കാണിക്കുന്നതില്‍ നിന്ന് പാടേ വിട്ടുനിന്നാല്‍ അത് കവിയോടെന്നതിലേറെ എന്നോട് തന്നെ ചെയ്യുന്ന തെറ്റാകയാല്‍, അല്‍പം ആത്മാനുരാഗത്തിന് വശംവദനായിത്തീര്‍ന്ന് എന്നു തന്നെ പറയാം, ഏതാനും ചില കാര്യങ്ങള്‍ ചൂണ്ടിക്കാണിക്കുകയാണ്.

     ആദ്യം അലങ്കാരത്തിന്‍റെ കാര്യത്തിലേക്ക് വരാം. സുഭാഷ് ചന്ദ്രന്‍റെ വാക്കുകള്‍ കടമെടുത്താല്‍ څകവികള്‍ക്ക് ജന്മദുഃഖമായി കിട്ടിയ ചമല്‍ക്കാരങ്ങളെക്കൊണ്ട് പരിക്കേല്‍പിക്കാതെچ (ഫിലോമിന ആന്‍റിക്ക് സ്തുതി - പ്ലമേനമ്മായി)യാണ് ടോണി അനുഭവങ്ങളെ കവിതയിലേക്ക് കൊണ്ടുവരുന്നത്. അലങ്കാരങ്ങള്‍ പക്ഷെ തന്‍റെ കവിതയ്ക്ക് വര്‍ജ്യമാണെന്ന് വിധിച്ചിട്ടുള്ള കവിയല്ല അദ്ദേഹം. കവിതയെ അലങ്കരിക്കുക പ്രാഥമിക ധര്‍മമായതുകൊണ്ടാണ് വ്യത്യസ്ത ലക്ഷണവും സ്വഭാവവുമുള്ള അലങ്കാരങ്ങള്‍ക്ക് ആ പൊതുപേര് കിട്ടിയത്. ടോണിയുടെ അലങ്കാരങ്ങള്‍ പക്ഷെ അവയുടെതില്‍ നിന്നെല്ലാം തികച്ചും ഭിന്നമായ ഒരു ധര്‍മമാണ് ഏറ്റെടുക്കുന്നത്. ഉദാഹരണങ്ങള്‍ ചിലത് ചൂണ്ടിക്കാണിച്ചാല്‍ വിശദീകരണത്തിനു വേണ്ടി ക്ലേശിക്കാതെ തന്നെ കാര്യം വ്യക്തമാക്കാം.


1.  ജാഗ്രം എന്ന കവിതയില്‍

    മന്ദത മാറ്റാനായി ബോധപൂര്‍വം വഴക്കുണ്ടാക്കാന്‍ പോയി തല്ല് വാങ്ങിയ ആള്‍ തനിക്കുണ്ടായ അനുഭവം വിവരിക്കുന്നത് നോക്കുക:

ڇമിന്നായം പോലെയൊരു പൊന്നീച്ച കണ്ണില്‍പ്പാറി

മന്ദത മാറിതിരിച്ചറിഞ്ഞു യാഥാര്‍ത്ഥ്യങ്ങള്‍

അല്‍പനേരം കൊണ്ടുണ്ടായെനിക്കു മനം മാറ്റം

കന്യതന്‍ ചവിട്ടേല്‍ക്കെ അശോകമരം പോലെ!ڈ

2.

ڇഎന്താകിലും വെയില്മൂക്കുവതിന്നു മുന്‍പേ

ഏതാണ്ടു പാതിയുയരം കയറിക്കഴിഞ്ഞു

      അച്ഛന്‍ പറഞ്ഞ പടി കൊച്ചിയിലേക്കു പോകും

ലക്ഷ്യം തികച്ചുമറിയാത്തൊരു കുട്ടിപോലെڈ

(കുറുക്കങ്കുന്ന്)

3.

ڇചിരിക്കും പൂവന്‍കുല കയറില്‍ തൂങ്ങിച്ചത്തു

കിടപ്പാണതും കണ്ട് തെരുവില്‍ നില്‍പാണമ്മ.ڈ

(വിഷു)


അതിനുമപ്പുറം

     ആശയങ്ങള്‍ ജീവിതത്തോട് കണ്ണി ചേര്‍ക്കപ്പെടാത്ത ഒരു ലോകത്ത് ജീവിതം കേവല നില്‍പിന്‍റെ ചെറുതും വലുതുമായ ആഹ്ലാദങ്ങളിലും വേദനകളിലും ഒതുങ്ങും. അനുഭവിക്കുന്ന നിമിഷങ്ങളില്‍പ്പോലും അവയില്‍ പലതിനും കനക്കുറവ് അനുഭവപ്പെടും. ഓരോ അനുഭവവും യഥാര്‍ത്ഥത്തില്‍ മറ്റനേകം അനുഭവങ്ങളുമായി കണ്ണി ചേര്‍ക്കപ്പെടുന്നുണ്ട്. അവയുടെ ഫലങ്ങള്‍ പല തലങ്ങളെയും സ്പര്‍ശിക്കുന്നുണ്ട്. എല്ലാ സാമൂഹ്യരാഷ്ട്രീയാനുഭവങ്ങളും ഭൂതകാലത്തിലെ അവയുടെ പൂര്‍വരൂപങ്ങളെ ഓര്‍മിപ്പിക്കുന്നുണ്ട്. ഭാവി അവയുടെ ഉള്ളടക്കത്തിന്‍റെ സ്വഭാവമനുസരിച്ച് അവയെ പിന്തുടരുകയോ അവയില്‍ നിന്ന് വഴിമാറിപ്പോവുകയോ വേണ്ടതുണ്ട്. ഇത്രയുമൊക്കെ അറിയുമ്പോഴേ അവ ആലോചനയുടെയും ഓര്‍മയുടെയും ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുകയുള്ളൂ. ഇത് സംഭവിക്കാതിരിക്കുമ്പോള്‍ ഒരാളുടെ അനുഭവങ്ങള്‍ക്കും ആന്തരിക വ്യക്തിത്വത്തിനും സംഭവിക്കുന്ന ഭാരമില്ലായ്ക ടോണിയുടെ കവിതകളില്‍ ആവര്‍ത്തിച്ച് വന്നെത്തുന്ന വിഷയമാണ്.

     ടോണി തന്‍റെ കവിതകളില്‍ ഒരു തത്വജ്ഞാനിയുടെ വേഷം കെട്ടാറില്ലെന്നു മാത്രമല്ല കവിതയില്‍ ജീവിതത്തെകുറിച്ച് വലിയ കാര്യങ്ങള്‍ പറയാന്‍ പൂര്‍വഗാമികളായ കവികള്‍ നടത്തിയ ശ്രമങ്ങളെ അദ്ദേഹം തരം കിട്ടുമ്പോഴെല്ലാം കളിയാക്കാറുമുണ്ട്. ആധുനികതയുടെ എല്ലാ നാട്യങ്ങള്‍ക്കും എതിര്‍ നിന്നുപോരുന്ന ടോണി ആധുനികോത്തരന്‍ എന്ന മുദ്ര ആശിക്കത്തക്ക ഒന്നായി കരുതാന്‍ സാധ്യതയുള്ള ആളല്ല. പക്ഷെ, ആധുനികോത്തരത എന്ന അവസ്ഥ സമകാല മനുഷ്യന്‍ അനുഭവങ്ങളെ സ്വീകരിക്കുന്ന രീതിയില്‍ വരുത്തിത്തീര്‍ത്ത വ്യത്യാസങ്ങളും അതുവഴി അയാളുടെ/അവളുടെ ജീവിത സമീപനത്തില്‍ വന്നു ചേര്‍ന്നു കഴിഞ്ഞ മാറ്റങ്ങളും വിശേഷിച്ചൊന്നും ഭാവിക്കാതെ ആവിഷ്കരിക്കുന്ന കവിയാണ് ടോണി. ആയാസരഹിതമെന്ന മട്ടില്‍ എന്തിനെക്കുറിച്ചും സംസാരിക്കുക എന്നത് സത്തയ്ക്ക് കനക്കുറവ് സംഭവിക്കുന്ന അധുനാതന ജീവിതത്തിന് ഏറ്റവും ഇണങ്ങുന്ന രീതികളിലൊന്നാണ്. ഇങ്ങനെയുള്ള വസ്തുതകളെല്ലാം പരിഗണിച്ചു തന്നെയാണ് കെ. ആര്‍ ടോണിയെ ആധുനികോത്തരതയുടെ കവി എന്ന് നേരത്തെ വിളിച്ചത്. സാമ്പത്തികവും രാഷ്ട്രീയവും സാംസ്കാരികവുമായ കാരണങ്ങളാല്‍ ആധുനികതയുടെ ജീവിതദര്‍ശനവും സാഹിത്യസങ്കല്‍പങ്ങളും കാലഹരണപ്പെട്ടതിനെ തുടര്‍ന്ന് രൂപം കൊണ്ട പുതിയ ആശയലോകങ്ങളുടെയും വൈകാരികവസ്ഥയുടെയും പല അംശങ്ങള്‍ക്കും പല കവികളും അവരുടെ രചനകളില്‍ ഇടം നല്‍കിയിട്ടുണ്ടെങ്കിലും ടോണിയാണ് അനിയന്ത്രിതമായ ആസക്തിയാലെന്ന പോലെ ആധുനികോത്തരതയുടെ അനുഭവലോകങ്ങളിലേക്ക് പിന്നെയും പിന്നെയും പൊയ്ക്കൊണ്ടിരിക്കുകയും അവയ്ക്ക് ഏറ്റവും നന്നായി ഇണങ്ങുന്ന എഴുത്തുരീതികളില്‍ ചിലത് ആവര്‍ത്തിച്ചുപയോഗിക്കുകയും ചെയ്തിട്ടുള്ളത്. എങ്കിലും ടോണിയെ ഒരാധുനികോത്തരനാക്കി ഒതുക്കുകയോ കൊണ്ടാടുകയോ ചെയ്യരുതെന്നു തന്നെയാണ് എന്‍റെ അഭിപ്രായം.

     ആധുനികോത്തരര്‍ ബൃഹദാഖ്യാനങ്ങളിലുള്ള അവിശ്വാസത്തില്‍ നിന്ന് ആരംഭിക്കുന്നതിനാല്‍ അവര്‍ക്ക് സാര്‍വദേശീയ സൗന്ദര്യഘടകങ്ങളെ അന്വേഷിക്കേണ്ട കാര്യമില്ല. അതിന്‍റെ അര്‍ത്ഥം ആധുനികോത്തരത ലോകത്തിന്‍റെ ഓരോ ഭാഗത്തും ഓരോന്നായിരിക്കും എന്നതാണ്. യൂറോപ്പിലെ ഒരു ആധുനികോത്തര കവി ഉപയോഗിച്ച രചനാ തന്ത്രം ഇവിടത്തെ ഒരു കവി ഉപയോഗിച്ചിട്ടുണ്ടോ, ഉണ്ടെങ്കില്‍ എത്ര ശതമാനം ഉണ്ട് എന്നൊക്കെയുള്ള അന്വേഷണങ്ങള്‍ വലിയൊരളവോളം അസംബന്ധമാണ്... എങ്കില്‍പ്പിന്നെ ആ കവിയെയും ഈ കവിയെയും സൂചിപ്പിക്കാന്‍ ആധുനികോത്തരന്‍ എന്ന പൊതുപദം ഉപയോഗിക്കുന്നതില്‍ എന്താണര്‍ത്ഥം എന്ന ചോദ്യം വരും. രാഷ്ട്രീയദര്‍ശനത്തിന്‍റെയും പ്രയോഗത്തിന്‍റെയും കാര്യത്തിലും സമ്പത്തിന്‍റെ വിനിമയങ്ങളിലും സാധാരണ മനുഷ്യര്‍ക്ക് ഒരവകാശവുമില്ലാതാവുക, എല്ലാ മേഖലകളിലുമുള്ള അതിന്‍റെ പ്രത്യാഘാതങ്ങള്‍ ദൈനംദിന ജീവിതത്തില്‍ അനുഭവിക്കേണ്ടി വരിക, വാര്‍ത്താവിനിമയമാധ്യമങ്ങളാലും സാമൂഹ്യമാധ്യമങ്ങളാലും ലോകത്തെവിടെയുമുള്ള അനുഭവങ്ങളുമായി ഉടനുടന്‍ കണ്ണി ചേര്‍ക്കപ്പെടുക, പല അധികാരകേന്ദ്രങ്ങളും അവയുടെ താല്‍പര്യ സംരക്ഷണാര്‍ത്ഥം പടച്ചുവിടുന്ന ആശയങ്ങളെ അപ്പപ്പോള്‍ ആലോചനാരഹിതമായി കൊണ്ടാടുന്ന മനോനിലയില്‍ എത്തിപ്പെടുക ഈ സംഗതികളെല്ലാം അവര്‍ക്ക് ഏറെക്കുറെ പൊതുവായി ഉണ്ട്. അതല്ലാതെ കവിതയുടെ ലക്ഷ്യത്തെയോ ആവിഷ്കാരത്തിന്‍റെ സൗന്ദര്യത്തെയോ കുറിച്ചുള്ള ഒരു പരികല്‍പനയും അവര്‍ അപ്പാടെ പങ്കുവയ്ക്കുന്നില്ല. ഭൗതിക സാഹചര്യങ്ങളെ രൂപപ്പെടുത്തുന്ന അടിസ്ഥാന ശക്തികളുടെ പ്രവര്‍ത്തനം മനുഷ്യരാശിക്ക് പൊതുവായി ഒരു വൈകാരിക പരിസരവും ധൈഷണിക സാഹചര്യവും ഒരുക്കുന്നതിനാല്‍ ലോകത്തിന്‍റെ ഏത് കോണിലുള്ള എഴുത്തുകാരുടെയും രചനകള്‍ക്ക് സമാനതകള്‍ പലതും ഉണ്ടാവുക സ്വാഭാവികമാണ്; അത്ര മാത്രം.

     ഏത് സൗന്ദര്യ സിദ്ധാന്തത്തെയും അതിന്‍റെ അടിസ്ഥാനത്തില്‍ രൂപം കൊള്ളുന്ന പ്രവണതകളെയും അവിശ്വസിക്കുകയും വിപരീത ദിശയിലുള്ള യാഥാര്‍ത്ഥ്യങ്ങള്‍ ചൂണ്ടിക്കാണിക്കുകയും ചെയ്യുന്ന കവിയാണ് ടോണി. ഈ നിഷേധത്തിനു പുറകില്‍ കവി നേരിട്ടനുഭവിച്ചിട്ടുള്ളതും വളരെ അരികെ നിന്ന് നിരീക്ഷിച്ചിട്ടുള്ളതുമായ ക്ഷുദ്രജീവിത യാഥാര്‍ത്ഥ്യങ്ങളുണ്ടാവും. അവയിലൂടെ കടന്നുവന്ന ഒരാള്‍ക്ക് മാത്രം സാധ്യമാവുന്ന സവിശേഷ ചേരുവയിലുള്ള നിര്‍മമത ടോണിയുടെ കവിതകളുടെ മുഖമുദ്രയാണ്. സമകാലജീവിതത്തിന്‍റെ ഹൃദ്സ്പന്ദങ്ങള്‍ തന്നെയായി മാറിയ ഒരുപാട് നിരര്‍ത്ഥകതകള്‍ക്കു നടുവിലാണ് നാമെല്ലാം ജീവിക്കുന്നത്. എന്തുകൊണ്ട് നമ്മുടെ വ്യക്തിജീവിതത്തിന്‍റെയും സാമൂഹ്യജീവിതത്തിന്‍റെയും അസ്തിത്വത്തിന്‍റെ ആധാരമായി അവ മാറി എന്നതിനെ കുറിച്ചുള്ള രാഷ്ട്രീയവിചാരങ്ങളിലേക്കൊന്നും കെ. ആര്‍ ടോണി പ്രവേശിക്കുന്നില്ല. അദ്ദേഹം ഈ അവസ്ഥയെ രൂക്ഷ പരിഹാസം ഉള്‍ച്ചേര്‍ത്ത സവിശേഷമായ നിര്‍മമതയോടെ ആവിഷ്കരിക്കുക മാത്രമെ ചെയ്യുന്നുള്ളൂ. ഈ ആവിഷ്ക്കാരങ്ങള്‍ക്കിടയില്‍ സാധാരണ മട്ടില്‍ പറഞ്ഞു പോകുന്ന ചില കാര്യങ്ങള്‍ പക്ഷെ നമ്മുടെ അധീരതകളുടെയും നിസ്സഹായതയുടെയുമൊക്കെ മര്‍മത്തില്‍ തന്നെ ചെന്നു തൊടുന്നുണ്ട്.

ڇഉന്നം ആയിരം

എടുക്കുമ്പോള്‍ നൂറ്

തൊടുക്കുമ്പോള്‍ പത്ത്

കൊള്ളുമ്പോള്‍ ഒന്നുമില്ലڈ

(മുറുക്കം)

     എന്നതുപോലുള്ള പറച്ചിലുകളെ പെട്ടെന്നൊന്നും നമുക്ക് മറവിയിലേക്ക് തള്ളാനാവില്ല.

     څഉങ്ങ്چ എന്ന കവിതയില്‍ ഒരു മരക്കവിതയെഴുതണമെന്ന് വളരെക്കാലമായി വിചാരിച്ച് ഒടുവില്‍ ഉങ്ങിനെപ്പറ്റി കവിതയെഴുതിത്തുടങ്ങുന്ന ആളെ നാം കാണുന്നു. ഈ മരത്തിന്‍റെ ആകര്‍ഷണീയതകള്‍ അതിലളിതമായി, അതിലഘുവായി വിവരിച്ച ശേഷം അയാള്‍ കവിത അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്:

ڇഉങ്ങ് ഒരു സംസ്കാരമാണ്

ഉങ്ങിന്‍റെ തായ്ത്തടി നല്ല വണ്ണമുള്ളതാണ്

മുറിച്ചുവിറ്റാല്‍ നല്ല വില കിട്ടും.ڈ

     പല ആശയങ്ങളോടും മൂല്യങ്ങളോടും ആധുനികോത്തര കാലത്തെ മനുഷ്യന്‍ പ്രകടിപ്പിക്കുന്ന ആഭിമുഖ്യത്തിന്‍റെയും ആവേശത്തിന്‍റെയും മറുപുറത്തെ ക്ഷുദ്രയാഥാര്‍ത്ഥ്യത്തെ ഇത്രയും അനായാസമായി അനാവരണം ചെയ്ത മറ്റൊരു കവിത കണ്ടെടുക്കാന്‍ ടോണിയുടെ തന്നെ രചനകള്‍ക്കിടയിലൂടെ ഒന്നു കണ്ണോടിച്ചാല്‍ മതി

     മാറാട് എന്ന കവിത നോക്കുക:

     പൊതുജീവിതത്തിലും ജനമനസ്സിലും വലിയ ചലനങ്ങളുണ്ടാക്കുന്ന രാഷ്ട്രീയവും അല്ലാത്തതുമായ സംഗതികളുടെ നേര്‍ക്ക് ഉടന്‍ പ്രതികരിച്ചു കൊള്ളണം എന്ന് അനുശാസിക്കുന്ന രീതി മുമ്പൊക്കെ ഇവിടത്തെ ഇടതുപക്ഷ രാഷ്ട്രീയക്കാര്‍ അവലംബിച്ചിരുന്നു. അടുത്ത കാലത്തായി അവര്‍ അത് ഉപേക്ഷിക്കുകയും څഎഴുത്ത് തികച്ചും വ്യക്തിപരമായ ഒരു കാര്യമാണ്. എഴുത്തുകാര്‍ക്ക് രാഷ്ട്രീയം ആവശ്യമില്ല. മുമ്പ് ഞങ്ങള്‍ ഇതേ കുറിച്ച് വേണ്ടത്ര ബോധവാന്മാരായിരുന്നില്ലچ എന്ന് കുമ്പസാരിക്കുകയും ബഹുരാഷ്ട്ര മുതലാളിത്തത്തിന്‍റെ താല്‍പര്യാര്‍ത്ഥം സൃഷ്ടിക്കപ്പെട്ടത് എന്ന് അവര്‍ തന്നെ ആക്ഷേപിക്കുന്ന ആധുനികോത്തരതയുടെ ഉല്‍പന്നമായ സാംസ്കാരിക ഉദാസീനതയും (ഉദാരതയും) അരാഷ്ട്രീയതയും ശീലിച്ചുകൊള്ളാന്‍ യുവതലമുറയെ പ്രേരിപ്പിക്കുന്ന നിലപാടിലെത്തുകയും ചെയ്തു. ഈ വാസ്തവങ്ങളെയെല്ലാം തികഞ്ഞ ഉത്തരവാദിത്തത്തോടെ അഭിമുഖീകരിച്ചു കൊണ്ടാണ് ടോണി څമാറാട്چ എഴുതിയിരിക്കുന്നത്.

ڇഅല്പം വൈകിപ്പോയി

എങ്കിലും എഴുതാതിരിക്കാനാവില്ല

മാറാടിനെപ്പറ്റിڈ

     എന്നാരംഭിക്കുന്ന കവിത മാറാട് എന്ന അനുഭവത്തെക്കുറിച്ച് അതിവൈകാരികത ഭാവിച്ച് ചിലത് പറഞ്ഞുവച്ചതിനു ശേഷം അവസാനിക്കുന്നത് ഇങ്ങനെയാണ്:

ڇഎന്തായാലും

മാറാട് മറക്കാന്‍ വയ്യാത്ത അനുഭവമായി,

മറക്കാന്‍ പാടില്ലാത്ത അനുഭവം

മാറാട് എവിടെയാണ്?

- ഞാന്‍ മറന്നുപോയി!ڈ

     അന്യരുടെ അനുഭവങ്ങളെ സുരക്ഷിതമായ അകലത്തില്‍ നിന്നുമാത്രം കണ്ട് അതിലെ ദുരന്തങ്ങളെപ്പോലും സൗന്ദര്യാനുഭവങ്ങളാക്കി മാറ്റുകയോ, മറ്റു ചിലപ്പോള്‍ ആ ദുരന്ത ജീവിതങ്ങള്‍ക്കു മേല്‍ ആയിരം തുള്ളികളുടെ കനമുള്ളതെന്ന് ഭാവിക്കുന്ന ഒരൊറ്റ തുള്ളി കണ്ണീര്‍വാര്‍ത്ത് മഹാനായ മനുഷ്യസ്നേഹിയായി കൊണ്ടാടപ്പെടാനുള്ള വക നേടുകയോ ചെയ്യുന്ന കാല്‍പനികരായ എഴുത്തുകാരും അവരെക്കുറിച്ച് സംസാരിക്കെ ഹര്‍ഷപുളകിതരാവുന്ന വായനക്കാരും മലയാളത്തിലുണ്ട്. പുരോഗമനസാഹിത്യ പ്രസ്ഥാനം പരിക്ഷീണമായി കാല്‍പനികതയ്ക്ക് നമ്മുടെ സാഹിത്യത്തില്‍ പുതുജീവന്‍ വന്നതു മുതല്‍ക്കാണ് ഇത്തരക്കാര്‍ക്ക് വിപണിമൂല്യം കൂടിയത്. ഇവരെ തിരിച്ചറിയാനുള്ള വകതിരിവില്ലാത്തതുകൊണ്ടോ തിരിച്ചറിഞ്ഞാലും ചില ഉപചാര മര്യാദകളാലും അതിലേറെ കാപട്യത്താലും അവരെക്കുറിച്ച് മൗനം പാലിക്കുന്നതാണ് കൂടുതല്‍ ലാഭകരം എന്നു കരുതുന്നതിനാലോ എന്നറിയില്ല, അവര്‍ നമ്മുടെ ഭാവുകത്വത്തെ ജീര്‍ണമാക്കുന്നതിനെ കുറിച്ച് ആരും ഉറക്കെ ചിന്തിക്കുന്നതായി കാണുന്നില്ല.

     മനസ്സിനു മേല്‍ തല്‍ക്കാലത്തേക്ക് സൗകര്യപൂര്‍വം സ്വയം കെട്ടിവയ്ക്കുന്ന കാരുണ്യത്തോടെ മറ്റുള്ളവരുടെ ജീവിതദൈന്യതകളുടെ ചിത്രീകരണം സാധിക്കുന്നതിലൂടെ പരമ്പരാഗത സഹൃദയരുടെ കാഴ്ചയില്‍ പളുങ്കുമണി പോലെ മനോഹരമായിത്തീരുന്ന കാരുണ്യം സൃഷ്ടിച്ചെടുക്കുന്ന രീതിയെ വളരെ അനായാസമായി പരിഹസിച്ചു വിടുന്ന കവിതയാണ് ടോണിയുടെ څകാഴ്ചچ. ഏഴാം മാളിക മുകളിലെ സ്വന്തം മുറിയുടെ ജനാലയില്‍ക്കൂടി നോക്കിയാണ് കവിതയിലെ ആഖ്യാതാവ് അകലക്കാഴ്ചകള്‍ കാണുന്നത്.

     അയാള്‍ക്ക് പറയാനുള്ളത് ഇതാണ്:

      ڇപാറക്കെട്ടുകളും ചെമ്മണ്‍വഴികളും

പറന്നു പോകുന്ന കിളികളും

വരച്ചുവച്ചതു പോലുള്ള വയലേലകളും

അവിടെ പണിയെടുക്കുന്ന കറുത്ത മനുഷ്യരും

എത്ര മനോഹരമാണ്

ഇവിടെയിരുന്ന് നോക്കുമ്പോള്‍.ڈ

     ഇത്തരത്തിലുള്ള നിരലംകൃതമായ നേര്‍പ്രസ്താവങ്ങള്‍ എസ്. ജോസഫിന്‍റെ കവിതകളിലും ഇടം നേടാറുണ്ട്. അവിടെ പക്ഷെ, ദരിദ്രമായ ഗ്രാമജീവിത പരിസരങ്ങളില്‍ പരിചയിച്ചു പഴകിയ പാവം തോന്നിക്കുന്ന ചില വാക്കുകള്‍ കൊണ്ടോ ചില സൂചനകള്‍ കൊണ്ടോ മസൃണമായ ഒരു ഭാവാന്തരീക്ഷം സൃഷ്ടിക്കാന്‍ ജോസഫ് ശ്രദ്ധിക്കാറുണ്ട്. ടോണിക്ക് അത്തരം ശ്രദ്ധകളൊന്നുമില്ല. സത്യത്തിലേക്ക് വിരല്‍ചൂണ്ടിക്കൊണ്ടുള്ള പരുക്കന്‍ നില്‍പ്പിനപ്പുറം ഒന്നും തനിക്ക് ചെയ്യാനില്ലെന്ന മട്ടാണ് മിക്കപ്പോഴും ഈ കവിക്ക്.

ഭ്രാന്തവല്‍കൃത ലോകത്തിനെതിരെ

     ചുറ്റുപാടുകളെ കുറിച്ചുള്ള തിരിച്ചറിവുകളുടെ മുനകളെല്ലാം ഒടിച്ചു കളഞ്ഞ് മിനുസപ്പെടുത്തി പൊതുസമ്മതിയുള്ള ധാരണകളുമായി പൊരുത്തപ്പെടുത്തി ഒരുതരം നിര്‍വികാരതയും നിസ്സംഗതയും കൈവരിക്കുന്നതിനെയാണ് പൊതുവെ എല്ലാവരും സമനില കൈവരിക്കലായി കണക്കാക്കുന്നത്. ഇത് വാസ്തവത്തില്‍ സ്വബോധത്തെ ഭ്രാന്തവല്‍ക്കരിക്കലാണ്. ഈ ഭ്രാന്തവല്‍ക്കരണത്തിന്‍റെ യുക്തിയെ പൊളിച്ചടുക്കുന്ന പണിയില്‍ പ്രത്യേകമായ താല്‍പര്യം പുലര്‍ത്തിപ്പോരുന്ന കവിയാണ് കെ. ആര്‍ ടോണി.

     ഭ്രാന്ത് എന്ന അവസ്ഥയെ നിരുത്തരവാദപരമായി വാഴ്ത്തിപ്പാടുന്ന രീതി ആധുനികതയുടെ കാലത്ത്  പ്രബലമായിരുന്നു. സാമാന്യബോധത്തിലും സാമാന്യയുക്തിയിലും ഉള്‍ച്ചേര്‍ന്നിരിക്കുന്ന നെറികേടുകള്‍ക്കെതിരെയുള്ള പ്രതികരണമായിട്ടാണ് അത് വന്നതെങ്കിലും പിന്നീട് അതില്‍ ഒരുതരം ബുദ്ധിശൂന്യതയും കാപട്യം തന്നെയും ഇടകലര്‍ന്നു. ടോണി ഭ്രാന്തിനെ ആഘോഷിക്കുകയല്ല, നമ്മുടെ ബോധത്തെ ഭ്രാന്തവല്‍ക്കരിക്കുന്നതിലെ നെറികേടും പരിഹാസ്യതയും ആയാസരഹിതമായി വെളിപ്പെടുത്തുകയാണ് ചെയ്യുന്നത്.

     ഭ്രാന്ത് എന്ന വാക്കുകൊണ്ട് നാം സൂചിപ്പിച്ചു പോരുന്ന യാഥാര്‍ത്ഥ്യം വാസ്തവത്തില്‍ പലതാണ്. മസ്തിഷ്കത്തിനകത്ത് സംഭവിക്കുന്ന രാസപരവും അല്ലാത്തതുമായ സൂക്ഷ്മവ്യതിയാനങ്ങള്‍ സൃഷ്ടിക്കുന്ന അസന്തുലിതാവസ്ഥ കാരണം വ്യക്തിയുടെ ബോധത്തിന് സംഭവിക്കുന്നതും വ്യക്തിക്കും മറ്റുള്ളവര്‍ക്കും څഇരട്ടിയാര്‍ത്തി വരുത്തുچന്നതുമായ അവസ്ഥ മുതല്‍ വളരെ പ്രകടമായിത്തന്നെ പരിഹാസ്യമായി തോന്നുന്ന സ്വഭാവ വിലക്ഷണതകള്‍ വരെയുള്ള പലതിനെയും ഭ്രാന്ത് എന്ന വാക്ക് കൊണ്ട് നാം അര്‍ത്ഥമാക്കാറുണ്ട്. മനോവിശ്ലേഷണം വഴി അഴിക്കാവുന്ന കുരുക്കുകള്‍ മുതല്‍ ഇലക്ട്രോ കണ്‍വള്‍സീവ് തെറാപ്പിയും പലതരം മരുന്നുകളുടെ പ്രയോഗവുമെല്ലാം പരാജയപ്പെടുന്ന ദാര്‍ഢ്യം വരെ പലതും ഭ്രാന്തില്‍ ഉള്‍പ്പെടും. ഇതിനെല്ലാം പുറത്താണ് സാധാരണ മനുഷ്യര്‍ പല ഭയങ്ങളെയും സൗകര്യങ്ങളെയും മുന്‍നിര്‍ത്തി അതിജീവന തന്ത്രത്തിന്‍റെ ഭാഗമായി കൈക്കൊള്ളുന്നതും മറ്റൊരു കോണില്‍ നിന്നു നോക്കിയാല്‍ ഭ്രാന്തിന് വളരെ അരികെയെന്ന് തോന്നുന്നതുമായ നടപടികളും പെരുമാറ്റരീതികളും. ഇവ തുറന്നുകാട്ടുക എന്നത് പലതുകൊണ്ടും പ്രധാനപ്പെട്ട പ്രവൃത്തിയാണ്. കെ. ആര്‍ ടോണിയുടെ കവിത അതിന്‍റെ സ്വാഭാവിക ധര്‍മമെന്ന പോലെ ഏറ്റെടുത്തിരിക്കുന്ന പ്രവൃത്തികളില്‍ പരമപ്രധാനമാണ് ഇത്. നാട്യങ്ങളേതുമില്ലാത്തതു കൊണ്ടും കവിയുടെ സാമൂഹ്യപ്രതിബദ്ധതയുമായി ബന്ധപ്പെട്ട് നാം കേട്ടുപഴകിയ ഉള്ളടക്കത്തിന്‍റെ ചേരുവയുമായി പൊരുത്തപ്പെടാത്തതുകൊണ്ടും ഇതിന്‍റെ പ്രാധാന്യം പലരും പെട്ടെന്ന് തിരിച്ചറിയണമെന്നില്ല.

     കവികളില്‍ മഹാഭൂരിപക്ഷവും ഉക്തിവൈചിത്ര്യത്തിന്‍റെ ഏതെങ്കിലുമൊരു സാധ്യത ഉപയോഗിച്ചോ ദാര്‍ശനികത ഭാവിച്ചോ, സാഹസികമായ ഒരു പ്രവൃത്തിയിലേക്കും സ്വയം എടുത്തെറിയേണ്ടതില്ലാത്ത ഗണത്തില്‍പെട്ട സൂക്ഷ്മ രാഷ്ട്രീയത്തിന്‍റെ ആളായി നടിച്ചോ, കടുത്ത സാമൂഹ്യ യാഥാര്‍ത്ഥ്യങ്ങളെ അഭിമുഖീകരിക്കുന്നതില്‍ നിന്ന് സുരക്ഷിതമായ അകലത്തിലേക്ക് പിന്‍വാങ്ങുകയാണ് ചെയ്യാറുള്ളത്. സാഹിത്യ ഗണങ്ങളില്‍ പെടുന്ന രചനകളിലൂടെയൊന്നും നിര്‍മിച്ചെടുക്കാന്‍ പറ്റാത്ത സൗന്ദര്യാനുഭവങ്ങളെ ജനിപ്പിക്കലാണ് കവിതയുടെ ധര്‍മമെന്നും അത് പദങ്ങളുടെ അസാധാരണ വിന്യാസങ്ങളിലൂടെയും സാധാരണ കാഴ്ചകളുടെ തന്നെ അപരിചിതവല്‍ക്കരണത്തിലൂടെയും അതിനൂതനമായ ബിംബങ്ങളുടെ നിര്‍മിതിയിലൂടെയുമൊക്കെ സാധിക്കേണ്ടതാണെന്നും കരുതുന്നവരാണ് വായനക്കാരിലെ ആഢ്യവിഭാഗം. ജനിച്ച വര്‍ഗവും കക്ഷിരാഷ്ട്രീയ ബന്ധവും കൊണ്ട് ഈ വിഭാഗത്തില്‍ പെടാനിടയില്ലെന്ന് പഴയകാല ധാരണകള്‍ വച്ച് ഉറപ്പിക്കാവുന്നവര്‍ പോലും ആഢ്യവിഭാഗത്തിന്‍റെ അഭിരുചികള്‍ പങ്കുവയ്ക്കുന്നവരാണിന്ന്. കേരളത്തിന്‍റെ രാഷ്ട്രീയാബോധത്തിലും സാംസ്കാരിക സങ്കല്‍പങ്ങളിലും അത്രയധികം മാറ്റങ്ങളാണ് കഴിഞ്ഞ മൂന്നുനാല് ദശകക്കാലത്തിനുള്ളില്‍ സംഭവിച്ചത്. ആശയങ്ങളും അനുഭൂതികളും ശ്വാസമടക്കിപ്പിടിച്ചതു പോലെയോ സര്‍ക്കസ് അഭ്യാസികളുടെ ചലനങ്ങള്‍ ഫ്രീസ് ചെയ്യപ്പെട്ടതു പോലെയോ നിലകൊള്ളുന്നതാണ് കവിതയെ സംബന്ധിച്ചിടത്തോളം ഏറ്റവും അഭികാമ്യമായ അവസ്ഥ എന്ന് കരുതുന്നവരാണ് തങ്ങളെന്നു തോന്നിപ്പിക്കും വിധത്തിലാണ് പല കവിതാ പ്രണയികളും അഭിപ്രായം പറഞ്ഞു കേള്‍ക്കാറുള്ളത്. കവിത വരേണ്യമായ ഒരു സാഹിത്യരൂപത്തിന്‍റെ പരിവേഷവുമായി മറ്റ് നീചസാഹിത്യരൂപങ്ങളില്‍ നിന്ന് മാറി നില്‍ക്കണമെന്നാണ് മിക്ക കവികളെയും പോലെ വ്യത്യസ്തമായ വാക്കുകളില്‍ അവരും വാദിച്ചുപോരുന്നത്.

     മലയാളത്തിലെ സാഹിത്യവായനയ്ക്കു മേല്‍ ചുരുങ്ങിയ ഒരു കാലയളവിലൊഴിച്ച് (ഈ കാലയളവ് 1930 കളുടെ അവസാനം തൊട്ട് അമ്പതുകളുടെ മധ്യം വരെയാണെന്ന് പറയാം) മറ്റെല്ലായ്പ്പോഴും മേല്‍ക്കൈ നിലനിര്‍ത്തിയിരുന്ന വരേണ്യഭാവുകത്വത്തിന്‍റെ അടിവേരുകള്‍ തിരഞ്ഞു പോയാല്‍ എത്തിച്ചേരുക ആധ്യാത്മിക അനുഭൂതിയാണ് സാഹിത്യം പ്രദാനം ചെയ്യേണ്ടുന്ന പരമ പ്രധാനമായ സംഗതി എന്ന പ്രാചീനമായ തെറ്റിദ്ധാരണയിലാണ്. ഈ ആധ്യാത്മിക അനുഭൂതിയുടെ പ്രത്യയശാസ്ത്രം പ്രദീപന്‍ പാമ്പിരിക്കുന്ന് ചൂണ്ടിക്കാണിച്ചിട്ടുള്ളതു പോലെ څഭൗതികതയെ തിരസ്കരിക്കുന്ന ധ്യാനാത്മകതയുടെയും വൈയക്തികതയുടെയും ആണ്. പ്രായോഗിക ജീവിതജ്ഞാനത്തെയും സാമൂഹിക ജീവിതത്തെയും അപരമാക്കി നിര്‍ത്തിയാണ് ഈ മുഖ്യധാര വികസിപ്പിക്കപ്പെട്ടത്.چ ധദലിത് സൗന്ദര്യശാസ്ത്രം (2011) പേജ് - 11പ. ആധുനികതയുടെ കാലത്ത് കാമു, കാഫ്ക, സാമുവല്‍ ബക്കറ്റ്, അയനസ്കോ, റില്‍ക്കെ, റിംബോ തുടങ്ങിയവരെപ്പറ്റിയെല്ലാം വാചാലരായപ്പോഴും ഈ ധാരയുമായുള്ള ബന്ധം നിലനിര്‍ത്തിക്കൊണ്ടു പോന്നു നമ്മുടെ നിരൂപകര്‍. പുറമെ സ്ഫോടനാത്മകമായ ഒരു നൂതനഭാവുകത്വത്തിന്‍റെ പ്രതിനിധികളായി ഭാവിക്കുന്നതില്‍ അന്ന് അവര്‍ വിജയിച്ചുവെങ്കിലും യാഥാസ്ഥികതയുമായി അകമേ അവര്‍ സൂക്ഷിച്ചു പോന്ന ആത്മബന്ധത്തെ കുറിച്ച് ഇന്ന് നമുക്ക് കൃത്യമായി അറിയാം. അത്രയുമല്ല അവരുടെ ധാരണകള്‍ക്കും നിലപാടുകള്‍ക്കും തുടര്‍ച്ച സൂക്ഷിക്കാനുള്ള വെമ്പല്‍ ഏറ്റവും പുതിയ ചില കവികളില്‍പ്പോലും ശക്തമായി നിലനില്‍ക്കുന്നുണ്ടെന്നതിനെ കുറിച്ചും നമുക്ക് സംശയമില്ല.

     ആത്മീയാനുഭൂതിയുമായുള്ള പരസ്യമോ രഹസ്യമോ ആയ എല്ലാ ബന്ധങ്ങള്‍ക്കുമെതിരായ നെഞ്ചുവിരിച്ചുള്ള നില്‍പാണ് ടോണിയുടേത്.

ڇആത്മാവിനേക്കാള്‍ പരമാര്‍ത്ഥമായുള്ള -

തുപ്പുമാവാണെന്നറിക സഹോദരാڈ (അന്ധകാണ്ഡം)

     എന്നുള്ള വരികള്‍ ആ ചങ്കുറപ്പിന്‍റെ പച്ച മലയാളത്തിലുള്ള ഒരു പ്രഖ്യാപനം മാത്രം. അനുഭവനിഷ്ഠമായ അറിവിനെ ഓരത്തേക്ക് തള്ളിമാറ്റി എന്തിനും ഏതിനും മേല്‍ ആധികാരികത ഭാവിക്കാനായുന്ന ആശയങ്ങളെയും, കവിതയുടെ സൗന്ദര്യത്തെയും കവിത ജന്മം നല്‍കേണ്ട അനുഭൂതികളെയും കുറിച്ച് സാഹിത്യത്തിന്‍റെ സ്വയം പ്രഖ്യാപിത അധികാരികള്‍ പ്രചരിപ്പിച്ചു വരുന്ന പരമ്പരാഗതവും അല്ലാത്തതെന്ന് നടിക്കുന്നതുമായ എല്ലാ പരികല്‍പനകളെയും, സങ്കോചത്തിന്‍റെ നേരിയ സൂചന പോലുമില്ലാതെ തട്ടിയെറിഞ്ഞ് മുന്നേറാനുള്ള ആര്‍ജവത്തിന്‍റെ തെളിഞ്ഞ അടയാളങ്ങള്‍ ടോണിയുടെ ഏത് കവിതയിലും കാണാം.

     ഈ കവിതകളുടെ സ്വഭാവം څപ്രതികവിതچ എന്ന പ്രയോഗം കൊണ്ട് വളരെ കൃത്യമായും സംഗ്രഹീതമായും സൂചിപ്പിച്ചു കളയാമെന്നത് വ്യാമോഹം മാത്രമാണ്. കവിതയില്‍ പ്രാമുഖ്യം പുലര്‍ത്തിപ്പോരുന്ന ഏതെങ്കിലും രീതിക്കോ രീതികള്‍ക്കോ പാരഡി തീര്‍ക്കുകയല്ല ടോണി ചെയ്തു പോന്നിട്ടുള്ളത്. ഈ മാധ്യമവുമായി ബന്ധപ്പെട്ട പല തെറ്റിദ്ധാരണകളുടെയും സമ്പൂര്‍ണ നിരാകരണം ഒരു ദൗത്യമായി ഏറ്റെടുത്തതുപോലെയാണ് ടോണിയുടെ ഒട്ടുവളരെ കവിതകളുടെയും നില്‍പ്. 

     ലോകത്തിലെ മറ്റ് പല ഭാഷകളിലും ഈയൊരു നിലപാട് സ്വീകരിച്ചിട്ടുള്ള പല കവികളും ഉണ്ടാവാം. മലയാളികള്‍ക്ക് ഈ ഗണത്തില്‍പെടുന്ന കവികളില്‍ ഏറെ പരിചയമുള്ളത് ചിലിയന്‍ കവിയായ നിക്കോനാര്‍ പാറയെയാണ്. څഘലേ വേല യശൃറെ ശെിഴ  ാമി മേഹസെچ എന്നു പറഞ്ഞ പാറ.



(തുടരും)

Share:

ഒരു ആത്മഹത്യയുടെ ദാരുണമായ അന്ത്യം - കെ. എല്‍ മോഹനവര്‍മ്മ

 ചെറുകഥ


     നാരായണന്‍കുട്ടി വളരെ ആലോചിച്ചതിനു ശേഷമാണ് ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചത്.

     സാധാരണയായി നാം കേള്‍ക്കാറുള്ള മിക്കവാറും എല്ലാ ആത്മഹത്യാ കേസുകളും എന്തെങ്കിലും പെട്ടെന്നുണ്ടാകുന്ന വിഷമത്തില്‍ നിന്നോ മയക്കുമരുന്നിന് അടിമയായി താന്‍ എന്താണ് ചെയ്യുന്നത് എന്ന് അറിയാതെയോ സംഭവിക്കുന്നതാണ് എന്ന് നമുക്കറിയാം.

     എന്നാല്‍ നാരായണന്‍കുട്ടിയുടെ തീരുമാനം ഈ രീതിയില്‍ പൊടുന്നനെ ഉണ്ടായതല്ല.

     മിക്ക ആത്മഹത്യാ കേസുകളിലും അവര്‍ മരിക്കേണ്ട ഒരു കാരണവും ഉണ്ടായിരുന്നില്ല എന്ന് കൃത്യമായി അന്വേഷിച്ചാല്‍ നമുക്ക് മനസ്സിലാക്കാം.

     എന്നാല്‍ നാരായണന്‍കുട്ടിയുടെ കേസില്‍ അങ്ങനെയല്ല എന്ന് അദ്ദേഹത്തിന്‍റെ കഥ കേള്‍ക്കുമ്പോള്‍... നമുക്ക് മനസ്സിലാകും.

     നാരായണന്‍കുട്ടിയുടെ ബയോഡാറ്റയും ജീവചരിത്രവും ചുരുക്കി പറയാം.

     പൂഞ്ഞാര്‍ പ്രദേശത്ത് ഒരു അധ്യാപകന്‍റെ ഏകമകനായിരുന്നു നമ്മുടെ നായകന്‍. പഠിത്തത്തിലും കളികളിലും കലോത്സവത്തിലും എല്ലാം മിടുക്കനായിരുന്നു. മിക്കതിലും ഒരു സ്ഥാനം കിട്ടുമായിരുന്നു. പക്ഷെ ഒരിടത്തും ഒന്നാമനും രണ്ടാമനും ആവില്ല. ഒരു ബി -1 ഗ്രേഡ്.

     പാലായില്‍ സെന്‍റ് തോമസ് കോളെജില്‍ രാഷ്ട്രീയത്തിലും പ്രേമത്തിലും ഇതേ അനുഭവം ആണ് ഉണ്ടായത്.

     രണ്ടു കൊല്ലം നീണ്ടുനിന്ന ഒരു പ്രേമം നടത്തി. അതിരാവിലെ തന്നെ എഴുന്നേറ്റ് നേരത്തെ ഉള്ള ബസ്സില്‍ പാലായിലെത്തി. അല്‍ഫോന്‍സ കോളെജ് പെണ്‍കുട്ടികളില്‍ ഒരു സുന്ദരിയെ തിരഞ്ഞെടുത്ത് അവള്‍ വരുന്ന സമയം നോക്കി രണ്ടുകൊല്ലം കാത്തുനിന്നു പ്രേമിച്ചു.

     അവസാനം കോളെജ് ജീവിതം അവസാനിച്ച ദിവസം അവള്‍ പറഞ്ഞു.

     മറ്റൊന്നും തോന്നരുത്. നാരായണന്‍കുട്ടിയുടെ കൃത്യനിഷ്ഠ എനിക്ക് എന്നും ഓര്‍മയില്‍ ഉണ്ടാകും.

     അവള്‍ ഒരു കാര്യം ചെയ്തു തന്‍റെ വിവാഹ സമയം ക്ഷണക്കത്ത് നാരായണന്‍കുട്ടിക്ക് അയക്കാന്‍ മറന്നില്ല.

     കോളെജ് വിട്ടതിനു ശേഷം ഇപ്പോള്‍ നാലു കൊല്ലമായി. അദ്ദേഹം പരീക്ഷിക്കാത്ത പരിപാടികളില്ല. ഐ. എ. എസ് മുതല്‍ ഒരുപാട് പരീക്ഷകളില്‍ ശ്രമിച്ചു. പല ബിസിനസുകളും നോക്കി. രണ്ടു മൂന്നു ചെറിയ ജോലികള്‍ക്ക് കയറി. സിനിമയില്‍ അഭിനയിക്കാന്‍ പോലും ശ്രമിച്ചു. അവസാനം ഒരു കാര്യം മനസ്സിലായി... തനിക്ക് കഴിവുണ്ട്. പരിശ്രമിക്കാന്‍ വാശിയുമുണ്ട്. പക്ഷെ ഭാഗ്യമില്ല.

     ഇതില്‍ നിന്ന് രക്ഷപ്പെടാന്‍ ഒരു മാര്‍ഗമുണ്ട്... അതും നാരായണന്‍കുട്ടി ആലോചിക്കാതെ ഇരുന്നില്ല. വിവാഹം കഴിക്കുക.

     പക്ഷെ എന്തെങ്കിലുമൊരു സ്റ്റാറ്റസ് ഇല്ലാതെ കല്യാണം കഴിക്കുന്നത് കൂടുതല്‍ പ്രോബ്ലംസ് സൃഷ്ടിക്കുകയെ ഉള്ളുവെന്ന പരമസത്യം ഉള്ളത് കാരണം നാരായണന്‍കുട്ടി ആ ഓപ്ഷന്‍ വേണ്ട എന്ന് വച്ചു.

     നാരായണന്‍കുട്ടി ഒരു കാര്യം തീര്‍ച്ചപ്പെടുത്തി. തന്‍റെ ജീവിതമോ ബോറായി. പക്ഷെ മരണം അതുപോലെ ആകരുത്. അത് ഒരു സംഭവം ആയിരിക്കണം.

     അപ്പോഴാണ് അദ്ദേഹം മോഹന്‍ലാലിന്‍റെ സൂപ്പര്‍ സിനിമ ദൃശ്യം കണ്ടത്. അദ്ദേഹത്തിന് സിനിമ വളരെ പ്രചോദനം നല്‍കി. മരണം പാറമടയില്‍.

     ശവം നാലോ അഞ്ചോ ദിവസം കഴിഞ്ഞ് ആരുടേതെന്ന് തിരിച്ചറിയാന്‍ വയ്യാത്ത വിധമേ പൊങ്ങുവാന്‍ പാടുള്ളൂ. അപ്പോഴേക്കും ഇതൊരു കൊലപാതകമാണെന്ന് വാര്‍ത്തകള്‍ വരണം. ചാനല്‍ ചര്‍ച്ച വരണം.

     തന്‍റെ അച്ഛനുമമ്മയും ഒന്നും അറിയരുത്...

     ഒരു മാസം കഴിഞ്ഞു തന്‍റെ മരണം ഒരു ആത്മഹത്യ ആയിരുന്നു എന്ന് ലോകം മനസ്സിലാക്കണം.

     രണ്ടു മാസത്തെ സൂക്ഷ്മമായ പ്ലാനിംഗിനു ശേഷം നാരായണന്‍കുട്ടി അച്ഛനോടും അമ്മയോടും രണ്ടാഴ്ചത്തേക്ക് താന്‍ ഒരു സ്നേഹിതന് സഹായിയായി ഒരു സിനിമ തിരക്കഥ എഴുതാനായി തമിഴ്നാട്ടിലെ ഒരു റിസോര്‍ട്ടില്‍ മൊബൈല്‍ കണക്ഷന്‍ പോലുമില്ലാത്ത ഏകാന്തതയില്‍ ആയിരിക്കുമെന്ന് പറഞ്ഞു വിശ്വസിപ്പിച്ചു.

     അവര്‍ക്ക് സന്തോഷമായി ഇപ്പോഴെങ്കിലും ഇവന്‍ നന്നാകാന്‍ പോകുന്നുണ്ടല്ലോ എന്ന് സമാധാനിച്ചു.

     അമ്പലത്തില്‍ വഴിപാട് നടത്തി അനുഗ്രഹിച്ചു യാത്ര അയച്ചു.

     60 കിലോമീറ്റര്‍ ദൂരെയാണ് സെലക്ട് ചെയ്ത പാറമട. ആ വഴിയില്‍ രാത്രിയില്‍ ഒരു സര്‍വീസ് ബസ് മാത്രമെ പോകാറുള്ളു.

     പരിചയമുള്ള ആരും കാണാതിരിക്കാനായി വെളിച്ചം ദുഃഖമാണുണ്ണി തമസ്സല്ലോ സുഖപ്രദം എന്ന കവിതയിലെ പോലെ നാരായണന്‍കുട്ടി രാത്രിയില്‍ രണ്ട് ബസ്സ് മാറിക്കയറി തന്‍റെ നാടിനോട് യാത്ര പറഞ്ഞു.

     തന്‍റെ ലക്ഷ്യസ്ഥാനത്തേക്ക് ഉള്ള രാത്രി ബസ് കയറുന്നതിനുമുമ്പ് വെറും സാധാരണ ഒരു കൈലിയും ഷര്‍ട്ടും തോളിലൊരു നിറമുള്ള തോര്‍ത്തും മാത്രമാക്കി വേഷം. ബസ്സില്‍ ആരും അയാളെ ശ്രദ്ധിച്ചില്ല... പക്ഷെ ഒരു അപകടം സംഭവിച്ചു. മൂന്നുമണിയോടെയാണ് ബസ് നാരായണന്‍കുട്ടിയുടെ ആത്മഹത്യ പാറമടയുടെ ഏറ്റവും അടുത്തുള്ള സ്റ്റോപ്പില്‍ എത്തേണ്ടത്. ബസ് കൃത്യമായി എത്തി. പക്ഷെ നാരായണന്‍കുട്ടി നല്ല ഉറക്കമായിരുന്നു. വേറെ ആരും ഇറങ്ങാന്‍ ഇല്ലാത്തതു കാരണം ബസ് അവിടെ നിര്‍ത്താതെ പോയി. 

     നാരായണന്‍കുട്ടി ഇടയ്ക്ക് ഒന്നു ഞെട്ടിയുണര്‍ന്നു കണ്ടക്ടറോട് ചോദിച്ചപ്പോള്‍ ബസ് നാലഞ്ച് കിലോമീറ്റര്‍ പിന്നിട്ടിരുന്നു... അവിടെ ഒരു ചെറിയ ബസ്റ്റോപ്പില്‍ ഇറങ്ങി. ഇരുട്ടില്‍ വഴിയറിയാതെ തിരികെ അഞ്ചു കിലോമീറ്ററോളം നടക്കണം എന്ന വിഷമത്തില്‍ ഏതായാലും നേരം വെളുക്കട്ടെ എന്ന് തീര്‍ച്ചപ്പെടുത്തി. അവിടെ ഒരു ബെഞ്ചില്‍ കിടന്നുറങ്ങി.

     രാവിലെ എഴുന്നേറ്റ് കുറച്ചുദൂരം പോയി കാണും ഒരു വലിയ വീടും പറമ്പും കണ്ടു അവിടെത്തന്നെ കാലും മുഖവും കഴുകി കുറച്ചു വെള്ളം കുടിക്കാം എന്ന് തീര്‍ച്ചപ്പെടുത്തി ഗേറ്റിനടുത്ത് നില്‍ക്കുകയായിരുന്നു. പെട്ടെന്ന് ഒരു ശബ്ദം കേട്ടു, ഗേറ്റിന് അപ്പുറത്ത് പറമ്പില്‍ നിന്ന് ഒരു വലിയമ്മ. 

     ആരാടാ അവിടെ?

     എന്താടാ?

     നാരായണന്‍കുട്ടി പാറമടയില്‍ തൊഴില്‍ അന്വേഷിച്ച് അലഞ്ഞു വന്ന നിരക്ഷരനായ ദരിദ്രനായി നന്നായി അഭിനയിച്ചു. 

     രാവിലെ എഴുന്നേറ്റാല്‍ പല്ലുതേച്ച് മുഖം കഴുകി ഒരു ചായ കുടിക്കണം. അത് കിട്ടിയില്ലെങ്കില്‍ ആകെ ശല്യമാണ്... അത് ഒപ്പിക്കണം. പിന്നെ പാറയിലേക്കുള്ള വഴി ഒന്നുകൂടി കണ്‍ഫോം ചെയ്യണം. അനുകമ്പ നേടുന്ന ദയനീയത വരുത്തി.

     പക്ഷെ അത് പശ്ചാത്തലം അറിയാതെ ഡയലോഗ് മെനയുന്ന തിരക്കഥാകൃത്ത് പരിപാടി പോലെ ആയി.

     എട്ടു പത്തേക്കര്‍ വിശാലമായ തോട്ടവും പറമ്പും. സാമാന്യം വലിയ പഴയ കെട്ടിടം... കുറച്ച് അകലെയായി ഒരു വലിയ ഷെഡ്ഡും സ്റ്റോറും അതിനടുത്ത് തൊഴുത്തും കോഴികളും.

     ആ വീട്ടില്‍ അടുക്കള ജോലിക്കാരിയെ കൂടാതെ വീട്ടുജോലിക്കും പറമ്പില്‍ കൃഷിക്കും എല്ലാം കൂടി മൂന്ന് സ്ഥിരം ജോലിക്കാര്‍ ഉണ്ട്. ഗൃഹനാഥന് 70 വയസ്സായി. എഴുന്നേറ്റ് നടക്കാന്‍ വിഷമമാണ്. വലിയമ്മയാണ് വീട്ടുഭരണം മുഴുവന്‍... രണ്ടു മക്കളും അവരുടെ കുടുംബവും എല്ലാം അമേരിക്കയിലാണ്.

     വലിയമ്മ നാരായണന്‍കുട്ടിയെ സൂക്ഷിച്ചുനോക്കി എന്നിട്ട് പറമ്പിലേക്ക് തിരിഞ്ഞു ഉറക്കെ വിളിച്ചു പറഞ്ഞു.

     കുഞ്ഞച്ചാ എവിടാ, ഒന്നിങ്ങോട്ടു വാ.

     അര മിനിറ്റ്. കറുത്ത, കുള്ളനായ ഒരു 50 വയസ്സുകാരന്‍ ഒരു നീണ്ട മുളവടിയുമായി പ്രത്യക്ഷപ്പെട്ടു.

     വലിയമ്മ നാരായണന്‍കുട്ടിയെ ചൂണ്ടി പറഞ്ഞു.

     ഇവന്‍ ഇവിടെ ജോലിക്ക് വന്നതാ... രണ്ടു മൂന്നു ദിവസം ഇവിടെ നോക്കട്ടെ. ഇവനെ കൂട്ടിക്കൊണ്ടുപോയി എന്തൊക്കെ അറിയാമെന്ന് നോക്കിയിട്ട് വേണ്ട പോലെ ചെയ്യ്.

     വലിയമ്മ നാരായണന്‍കുട്ടിയുടെ നേരെ തിരിഞ്ഞു. നീ ഇപ്പോള്‍ തന്നെ പണി തുടങ്ങിക്കോ. എന്താ ചെയ്യേണ്ടതെന്ന് കുഞ്ഞച്ചന്‍ പറഞ്ഞു തരും. ഇവിടെ ആ ഷെഡ്ഡില്‍ കിടക്കാം. തിന്നാനും കുടിക്കാനും അടുക്കളയില്‍ കിട്ടും. നിനക്ക് ഇപ്പം ദിവസം 400 രൂപ വച്ച് തരും. നന്നായി പണിയെടുക്കുന്നു എന്ന് കണ്ടാല്‍ അതിനനുസരിച്ച് ശമ്പളം കൂടും.

     നാരായണന്‍കുട്ടിക്ക് മിണ്ടാന്‍ പോലും സമയം കിട്ടിയില്ല. വലിയമ്മ തിരിഞ്ഞു വീട്ടിലേക്ക് പോയി.

     കുഞ്ഞച്ചന്‍ വടി ചൂണ്ടി പറഞ്ഞു.

     വാ, നമുക്ക് ഒരു ചായ കുടിച്ചിട്ട് തുടങ്ങാം.

     നാരായണന്‍കുട്ടിക്ക് അനുസരിക്കുകയല്ലാതെ മറ്റൊരു മാര്‍ഗവും ഇല്ലായിരുന്നു.

     അടുത്ത നാല് ദിവസം നാരായണന്‍കുട്ടിയെ സംബന്ധിച്ചിടത്തോളം തന്‍റെ ചുറ്റുപാടും എപ്പോഴും ഉണ്ടായിരുന്ന താന്‍ ഇപ്പോഴും കണ്ടുകൊണ്ടിരിക്കുന്ന പലതും നോക്കിയിരുന്നില്ല എന്ന് മനസ്സിലാക്കിയ ഒരു വല്ലാത്ത അനുഭവമായിരുന്നു.

     കൃഷിയെപറ്റിയും വളത്തെപറ്റിയും കാലവര്‍ഷത്തെ പറ്റിയും കന്നുകാലികളെ കുറിച്ചും റബ്ബറിനെ കുറിച്ചും വാഴകളെ കുറിച്ചും എന്നുവേണ്ട കാര്‍ഷിക മേഖലയിലെ നൂറായിരം ചെറുവിത്തുകള്‍ ഒരു ആധുനിക ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് പോലെ നാരായണന്‍കുട്ടിയുടെ ഉള്ളിലേക്ക് കയറി.

     ഇവയെക്കുറിച്ചു മാത്രം സംസാരിച്ചുകൊണ്ടിരുന്ന ഗുരുവിന്‍റെ ആജ്ഞയനുസരിച്ച് ജീവിതത്തില്‍ ആദ്യമായി നാരായണന്‍കുട്ടി തൂമ്പയും കോടാലിയും കുടവും ചൂലും ചെളിയും ചെടികളും പക്ഷികളും പശുക്കളും എല്ലാമായി ഒരു അത്ഭുതകരമായ ആവേശം നല്‍കിയ ലോകത്തിലേക്ക് പ്രവേശിച്ചു...

     നാരായണന്‍കുട്ടി ആത്മഹത്യയുടെ കാര്യം മറന്നു.

     എന്നും വൈകീട്ട് ആകുമ്പോഴേക്കും ആകെ തളര്‍ന്നു ഒരു കുളി കഴിഞ്ഞ് കിട്ടിയ ഭക്ഷണം കഴിച്ചു കിടക്കുന്നത് മാത്രം അറിയാം.

     അഞ്ചാം ദിവസം രാവിലെ കെട്ടിടത്തിലെ സ്വീകരണമുറി വൃത്തിയാക്കല്‍ ആയിരുന്നു ജോലി.

     അവിടെ ഫോട്ടോകള്‍ തൂക്കിയിട്ടിരുന്നു. അതില്‍ ഒരു ഫോട്ടോ കണ്ടപ്പോള്‍ നാരായണന്‍കുട്ടി ഞെട്ടിപ്പോയി. തന്‍റെ ബി എസ്സി ഫൈനല്‍ ഇയര്‍ ഗ്രൂപ്പ് ഫോട്ടോ.

     നാരായണന്‍കുട്ടിക്ക് ഒരു തീരുമാനം എടുക്കാന്‍ ഒരു നിമിഷം കൂടി വേണ്ടി വന്നില്ല. ദൈവമേ, ഈ വലിയമ്മയുടെ മകന്‍ തന്‍റെ ക്ലാസ്മേറ്റ് ആണ്.

     പിന്നെ ഒട്ടും താമസിച്ചില്ല. നാരായണന്‍കുട്ടി ആരോടും യാത്ര പറയാതെ ആരും കാണാത്ത വിധത്തില്‍ റോഡിലെത്തി ആദ്യം കണ്ട ബസ്സില്‍ കയറി. വലിയമ്മ തന്ന ശമ്പളം ആയിരം രൂപ കൈയില്‍ ഉണ്ടായിരുന്നു. സന്ധ്യയോടെ നാരായണന്‍കുട്ടി തന്‍റെ വീട്ടിലെത്തി.

     അമ്മ അത്ഭുതത്തോടെ ചോദിച്ചു. തിരക്കഥയെഴുത്ത് പെട്ടെന്ന് തീര്‍ന്നു അല്ലേ? നന്നായി. 

     നാരായണന്‍കുട്ടി ചിരിച്ചു.

     കഥയുടെ അവസാന ഭാഗം മാറ്റേണ്ടി വന്നു. അതുകൊണ്ട് എളുപ്പം തിരിച്ചുവരാന്‍ പറ്റി. അടുത്ത ദിവസം നാരായണന്‍കുട്ടി അമ്മയോടും അച്ഛനോടും പറഞ്ഞു.

     ഞാന്‍ കൃഷി തുടങ്ങാന്‍ പോവുകയാണ്.

     ഈ സമയം തന്‍റെ പുതിയ ജോലിക്കാരന്‍ കാണാതായതിനെ കുറിച്ച് വലിയമ്മ കുഞ്ഞച്ചനോട് ചോദിച്ചു.

     കുഞ്ഞച്ചന്‍ പറഞ്ഞു.

     നമ്മളോട് കള്ളം പറഞ്ഞതാ അവന്‍. കോളെജില്‍ പഠിച്ചിട്ടുണ്ട്, എനിക്ക് ആദ്യ ദിവസം തന്നെ മനസ്സിലായി. അവനു ഒരു വിവരവുമില്ല. അത് കണ്ടപ്പോഴെ എനിക്ക് സംശയം തോന്നി അവന്‍ കോളെജില്‍ പഠിച്ചിട്ടുണ്ട് എന്ന്.

Share:
മൂല്യസൃതി മാസിക വരിക്കാരാവുക

SUBSCRIBE ONLINE

SUBSCRIBE ONLINE
1 year - 240/- 2 Years - 480/- ,3 Years- 720/-

Moolyasruthi Cover

Moolyasruthi Cover
JUNE 2021

MOOLYASRUTHI MAGAZINE

CHAVARA INSTITUTE

CHAVARA INSTITUTE
ADMISSION STARTED

ADVERTISE HERE

ADVERTISE HERE
Ph : 0484 4863404

Chavara Matrimony

Chavara Matrimony

Popular Posts

Search This Site

Recent Posts