ഒരിടത്ത് ഒരിടത്ത് ഒരു സുമംഗല മുത്തശ്ശി -- സിപ്പി പള്ളിപ്പുറം

 സുമംഗല അനുസ്മരണം

     ഒരിടത്ത് ഒരിടത്ത് ഒരു സുമംഗല മുത്തശ്ശിയുണ്ടായിരുന്നു. ഒരിടത്തെന്നു പറഞ്ഞാല്‍ വളരെ അകലെയൊന്നുമല്ല; തൃശൂര്‍ ജില്ലയിലെ ഓട്ടുപാറ ദേശത്തെ ദേശമംഗലം മനയിലാണ് ഈ കഥ മുത്തശ്ശി ജീവിച്ചിരുന്നത്.

     മലയാളത്തിലെ കുഞ്ഞുങ്ങളുടെ മനസ്സില്‍ കഥകളുടെ മാന്ത്രികച്ചെപ്പു തുറന്നു വച്ച സുമംഗല മുത്തശ്ശി കഥ പറച്ചില്‍ നിര്‍ത്തി യാത്രയായി. അര നൂറ്റാണ്ടുകാലം കുഞ്ഞുങ്ങളോടു നിര്‍ത്താതെ കഥ പറഞ്ഞ ഈ മുത്തശ്ശി കുഞ്ഞുങ്ങള്‍ക്കു മാത്രമല്ല; മുതിര്‍ന്നവര്‍ക്കും ഒരുപോലെ പ്രിയങ്കരിയായിരുന്നു. മണ്‍മറഞ്ഞു പോയെങ്കിലും സുമംഗല മുത്തശ്ശിയുടെ കഥകള്‍ എക്കാലത്തും കുഞ്ഞുങ്ങളുടെ ഇളം ചുണ്ടുകളില്‍ മധുരമായി നിറഞ്ഞുനില്‍ക്കും.

     ആദ്യമാദ്യം സ്വന്തം മക്കളോടു മാത്രമാണ് സുമംഗല കഥ പറഞ്ഞിരുന്നത്. പുരാണങ്ങളില്‍ നിന്ന് ചികഞ്ഞെടുത്ത കഥകളും മുത്തശ്ശിക്കഥകളുമെല്ലാം കുറെനാള്‍ കൊണ്ട് തീര്‍ന്നുപോയി. ഇനിയെന്തു ചെയ്യും? അവര്‍ക്ക് വല്ലാത്ത ആവലാതിയായി. അപ്പോള്‍ വീട്ടിലുള്ള പക്ഷികളെയും മൃഗങ്ങളെയും കഥാപാത്രങ്ങളാക്കിയുള്ള രസകരമായ ചില കഥകള്‍ മെനഞ്ഞുണ്ടാക്കാന്‍ തുടങ്ങി. മക്കള്‍ കണ്ണിമ പൂട്ടാതെ അവ കേട്ടിരിക്കുന്നത് ആ അമ്മയെ സന്തോഷചിത്തയാക്കി.

     അപ്പോഴാണ് തന്‍റെ കഥകള്‍ സ്വന്തം മക്കള്‍ മാത്രം കേട്ടാല്‍ പോരെന്ന തോന്നല്‍ സുമംഗലക്കുണ്ടായത്.

     അധികം വൈകാതെ അക്കൂട്ടത്തില്‍പ്പെട്ട څകുറിഞ്ഞിയും കൂട്ടുകാരുംچ എന്നൊരു നീണ്ടകഥ അവര്‍ തിരുവനന്തപുരത്തു നിന്ന് പ്രസിദ്ധപ്പെടുത്തിയിരുന്ന څപൂമ്പാറ്റچ മാസികയ്ക്ക് അയച്ചുകൊടുത്തു.

     പൂമ്പാറ്റയുടെ അന്നത്തെ പത്രാധിപരും ബാലസാഹിത്യ തല്‍പ്പരനുമായ പി. എ വാര്യര്‍ അതീവ പ്രാധാന്യത്തോടെയാണ് څകുറിഞ്ഞിയും കൂട്ടുകാരുംچ തന്‍റെ മാസികയില്‍ ഖണ്ഡശ്ശ പ്രസിദ്ധീകരിക്കാന്‍ തുടങ്ങിയത്. എന്തിനു പറയുന്നു; അതിന്‍റെ ഓരോ അധ്യായവും വായിക്കാന്‍ കേരളത്തിലെ കുട്ടികള്‍ വലിയ ആവേശത്തോടെയാണ് കാത്തിരുന്നത്. സുമംഗലയുടെ ജീവിതത്തിലെ വലിയൊരു വഴിത്തിരിവായിരുന്നു അത്. താന്‍ ഒരു എഴുത്തുകാരിയായി അംഗീകരിക്കപ്പെട്ടിരിക്കുന്നു എന്ന തോന്നല്‍ അതോടെ സുമംഗലയ്ക്കുണ്ടായി. താമസിയാതെ കോട്ടയത്തെ സാഹിത്യപ്രവര്‍ത്തക സഹകരണസംഘം څകുറിഞ്ഞിയും കൂട്ടുകാരുംچ പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ചു.

     എങ്കിലും ഡി സി ബുക്ക്സ് 1978 ല്‍ പ്രസിദ്ധീകരിച്ച څപഞ്ചതന്ത്രംچ പുനരാഖ്യാനത്തോടെയാണ് സുമംഗല മലയാളികളുടെ മനസ്സില്‍ സ്ഥിരപ്രതിഷ്ഠ നേടിയത്. അതിനകം തന്നെ പഞ്ചതന്ത്ര കഥകള്‍ പലരും പുനരാഖ്യാനം ചെയ്തുവെങ്കിലും ഇളം മനസ്സുകളെ ആകര്‍ഷിക്കുന്ന സുമംഗലയുടെ ലളിതസുന്ദരമായ രചനാശൈലി څപഞ്ചതന്ത്രچത്തിന് പ്രചുരപ്രചാരം നേടിക്കൊടുത്തു.

     1934 മെയ് 16 ന് കവിതയും കഥകളി മുദ്രകളും കൈകോര്‍ത്ത് ചുവടുവയ്ക്കുന്ന വെള്ളിനേഴി ഒളപ്പമണ്ണ മനയ്ക്കലാണ് സുമംഗല പിറന്നത്. ഋഗ്വേദത്തിന് ഭാഷ്യമെഴുതിയ മഹാപണ്ഡിതനായ ഒ. എം. സി നമ്പൂതിരിപ്പാടായിരുന്നു പിതാവ്. കുറൂര്‍ മനയ്ക്കലെ ഉമാദേവി അന്തര്‍ജ്ജനം മാതാവും.

     څലീലാനമ്പൂതിരിപ്പാട്چ എന്നതായിരുന്നു യഥാര്‍ത്ഥ പേര്. പില്‍ക്കാലത്ത് സ്വന്തമായി സ്വീകരിച്ച തൂലികാ നാമമാണ് സുമംഗല എന്നത്. കുട്ടിക്കാലം മുതല്‍ തന്നെ കവിതാ പാരായണത്തിലും പുരാണ വായനയിലും കൂടുതല്‍ താല്‍പര്യം പ്രദര്‍ശിപ്പിച്ചിരുന്ന സുമംഗലയ്ക്ക് മുത്തശ്ശിക്കഥകളോടും വലിയ പ്രിയമായിരുന്നു. ഇതെല്ലാം അവരുടെ ബാലസാഹിത്യ രചനയ്ക്ക് കൂടുതല്‍ കരുത്തു പകര്‍ന്നു. കുറിഞ്ഞിയും കൂട്ടുകാരും, മിഠായിപ്പൊതി, നെയ്പായസം, തങ്കക്കിങ്കിണി, കഥകളതിസാദരം, മഞ്ചാടിക്കുരു, മുത്തുസഞ്ചി, കുടമണികള്‍, നടന്നു തീരാത്ത വഴികള്‍, രഹസ്യം, ഒരു കുരങ്ങന്‍ കഥ, കേട്ടകഥകളും കേള്‍ക്കാത്ത കഥകളും എന്നിവയെല്ലാം സുമംഗലയുടെ തൂലികത്തുമ്പില്‍ നിന്ന് ഉതിര്‍ന്നു വീണ മുത്തുകളാണ്.

     ഇവയ്ക്കു പുറമെ ഉണ്ണികള്‍ക്ക് ശ്രീകൃഷ്ണ കഥകള്‍, ഈ കഥ നിങ്ങള്‍ കേട്ടിട്ടുണ്ടോ? തത്ത പറഞ്ഞ കഥകള്‍, ആനന്ദരാമായണം, അത്ഭുതരാമായണം തുടങ്ങിയ പുനരാഖ്യാന കൃതികളും രചിച്ചിട്ടുണ്ട്. അതോടൊപ്പം കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ പ്രയോജനപ്പെടുന്ന രണ്ടു വാള്യങ്ങളുള്ള ഒരു പച്ചമലയാള നിഘണ്ടുവും അവര്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

     പി. നരേന്ദ്രനാഥിനും മാലിക്കിനും ശേഷം മലയാളിക്കുഞ്ഞുങ്ങളുടെ മനസ്സില്‍ ഏറ്റവും കൂടുതല്‍ ഇടം നേടിയ എഴുത്തുകാരി സുമംഗല തന്നെയായിരുന്നു.

     കുഞ്ഞുങ്ങളോട് ഒരു മുത്തശ്ശി എങ്ങനെ കഥ പറഞ്ഞിരുന്നുവോ, അതേ രീതി തന്നെയാണ് സുമംഗല തന്‍റെ ബാലസാഹിത്യ രചനയ്ക്ക് കൂടുതലും അവലംബമാക്കിയത്.

     മനുഷ്യകഥാപാത്രങ്ങളെക്കാള്‍ കൂടുതലായി ജന്തുപാത്രങ്ങള്‍ക്ക് ഇളം മനസ്സില്‍ സ്വാധീനം ചെലുത്താന്‍ കഴിയുമെന്ന് സുമംഗല തിരിച്ചറിഞ്ഞു. ബാലഭാവനകള്‍ക്ക് ചിറകുമുളപ്പിക്കുന്ന കഥാവതരണരീതി, ലളിതകോമള പദാവലി, കുട്ടികളില്‍ ആകാംക്ഷയുണര്‍ത്തുന്ന രചനാതന്ത്രം, സന്മാര്‍ഗമൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കുന്ന പ്രമേയ സ്വീകരണം എന്നിവയെല്ലാമായിരുന്നു സുമംഗലക്കഥകളുടെ പ്രത്യേകതകള്‍.

     ഇത്രയൊക്കെ പറഞ്ഞതുകൊണ്ട് കേവലമൊരു കഥയെഴുത്തുകാരി മാത്രമായിരുന്നു സുമംഗലയെന്ന് ആരും ധരിക്കരുത്. അറുപതുകളുടെ തുടക്കം മുതല്‍ കേരള കലാമണ്ഡലത്തിന്‍റെ പബ്ലിക് റിലേഷന്‍സ് ഓഫീസറായി സേവനം ചെയ്യാനും സുമംഗലയ്ക്ക് ഭാഗ്യം സിദ്ധിച്ചു. അക്കാലത്ത് ഈ മഹതി വളരെ അര്‍പ്പണബുദ്ധിയോടെ ചെയ്ത രണ്ടു കാര്യങ്ങള്‍ മലയാളത്തിനു മറക്കാവുന്നതല്ല. കേരള കലാമണ്ഡലത്തിന്‍റെ സമ്പൂര്‍ണ ചരിത്ര നിര്‍മിതിയായിരുന്നു അതിലൊന്ന്. നീണ്ടകാലത്തെ അന്വേഷണങ്ങളും പഠനങ്ങളും ചര്‍ച്ചകളും നടത്തിയാണ് സുമംഗല ഈ മഹാദൗത്യം പൂര്‍ത്തിയാക്കിയത്.

     മറ്റൊന്ന് ആശ്ചര്യചൂഡാമണി കൂടിയാട്ടത്തിന്‍റെ ക്രമദീപികയും ആട്ടപ്രകാരവും ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയ ഏറ്റവും ശ്രമകരമായ ജോലിയാണ്. ഇതും വളരെ വിജയകരമാംവണ്ണം നിര്‍വഹിക്കാന്‍ അവര്‍ക്കു കഴിഞ്ഞു.

     സാഹിത്യലോകവും ആസ്വാദക ലോകവും നിറഞ്ഞ ആദരവുകളാണ് പല ഘട്ടങ്ങളിലായി ഈ എഴുത്തുകാരിക്ക് സമര്‍പ്പിച്ചത്. ശ്രദ്ധേയമായ നിരവധി അവാര്‍ഡുകളും അംഗീകാരങ്ങളും വിവിധ സന്ദര്‍ഭങ്ങളിലായി അവരെ തേടിയെത്തി. എങ്കിലും തനിക്കുള്ള ഏറ്റവും വലിയ അവാര്‍ഡ് ڇകുട്ടികളുടെ മനസ്സിലെ കഥ മുത്തശ്ശി എന്ന സ്ഥാനڈമാണെന്ന് അവര്‍ ഉറച്ചുവിശ്വസിച്ചിരുന്നു.

     څനെയ്പായസംچ എന്ന കൃതിക്ക് 1978 ല്‍ കേരളസാമൂഹികക്ഷേമ വകുപ്പിന്‍റെ പുരസ്ക്കാരം ലഭിച്ചു. 1979 ലെ കേരള സാഹിത്യ അക്കാദമി ശ്രീ പത്മനാഭസ്വാമി പുരസ്ക്കാരത്തിന് സുമംഗലയുടെ څമിഠായിപ്പൊതിچ തിരഞ്ഞെടുക്കപ്പെട്ടു. 1996 ല്‍ കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ സമഗ്രസംഭാവനാ അവാര്‍ഡ് സുമംഗലയ്ക്കു ലഭിച്ചു. 2010 ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡിന് സുമംഗലയുടെ څനടന്നുതീരാത്ത വഴികള്‍چ അര്‍ഹത നേടി. 2013 ല്‍ കേന്ദ്ര സാഹിത്യ അക്കാദമിയുടെ ബാലസാഹിത്യ അവാര്‍ഡിനും ഈ വലിയ എഴുത്തുകാരി അര്‍ഹയായി. ഇതിനിടയില്‍ ബാലസാഹിത്യത്തിനുള്ള പത്മാ പുരസ്ക്കാരവും അവരെ തേടിയെത്തി.

     മലയാള ബാലസാഹിത്യത്തിന് അനശ്വര സംഭാവനകള്‍ നല്‍കിയ സുമംഗല മുത്തശ്ശിയെന്ന സാക്ഷാല്‍ ലീലാനമ്പൂതിരിപ്പാട് 2021 ഏപ്രില്‍ 27 ന് കഥപറച്ചില്‍ നിര്‍ത്തി കാലയവനികയ്ക്കുള്ളില്‍ മറഞ്ഞു.

Share:

ചീവീട് -- സി. എസ് സേവ്യര്‍

 കവിതചീവീട്

സി. എസ് സേവ്യര്‍


ആരവങ്ങള്‍ക്കിടയില്‍

പാഞ്ഞുവരുന്നതിന്‍റെ നേര്‍ക്ക്

ആഞ്ഞു ചുഴറ്റിയടിക്കുന്നവര്‍

അറിയുന്നില്ല

നെഞ്ചിലുരയുമ്പോള്‍

സിരകള്‍

മുറിഞ്ഞു പൊട്ടുന്നവന്‍റെ

വേദന.

കുളമ്പില്‍ ലാടമിട്ട്

കുതിരപോലെ കുതിച്ച്

ഓടിപ്പാഞ്ഞ് വലിച്ചെറിയുന്നവര്‍ കേള്‍ക്കുന്നില്ല

മണ്ണിലുരഞ്ഞ്

തുന്നല്‍ പൊട്ടി

മാംസം നുറുങ്ങുന്നവന്‍റെ നിലവിളി.

അനങ്ങാതെ നിന്ന്

ഇടയ്ക്ക് നടന്നും

ചിലപ്പോള്‍ ഓടിയും

വെയിലത്ത്

ഉരുണ്ടും പൊങ്ങിയും വരുന്ന ഭൂഗോളത്തെ കൈപ്പിടിയിലൊതുക്കാന്‍

കൊതിക്കുന്നവരും

കാണുന്നില്ല

കരത്തില്‍ പുരണ്ട മണ്ണില്‍ ചേര്‍ന്നരഞ്ഞ്

വേരറ്റവന്‍റെ

കരച്ചില്‍.

പക്ഷെ

മൈതാനം ശൂന്യമായി

എല്ലാം ഏറ്റുവാങ്ങിയിടത്ത് ചുഴറ്റിയടിച്ചതും

വലിച്ചെറിഞ്ഞതും

പരസ്പരം പ്രണയിച്ചു കിടക്കുമ്പോള്‍

അറിയുന്നുണ്ട്

ഗാലറികളില്‍

ഉച്ചത്തില്‍ കരയാന്‍ മാത്രം വിധിക്കപ്പെട്ട ചീവീടുകളുടെ നൊമ്പരം!

Share:

എരിഞ്ഞടങ്ങാത്ത ചിതകള്‍ --- സന്തോഷ് കുമാര്‍

 ദേശീയം


     പുണ്യനദി ഗംഗയില്‍ ഒഴുകി നടക്കുകയാണ് മൃതദേഹങ്ങള്‍. അഴുകിയളിഞ്ഞവയാണെല്ലാം; ചിലത് പാതി വെന്തിട്ടുണ്ട്. അവയില്‍ ചിലത് ബിഹാറിലെ ബക്സര്‍ ഗ്രാമത്തില്‍ വന്നടിഞ്ഞു. മൃതദേഹങ്ങളുടെ എണ്ണം എഴുപതാണെന്ന് ചില കണക്കുകള്‍. 150 എണ്ണമുണ്ടെന്ന് ചില റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ഗാസിപ്പുരിലും ഉന്നാവോയിലുമെല്ലാം കണ്ട മൃതദേഹങ്ങള്‍ കൂടി കണക്കിലെടുത്താല്‍ എണ്ണം 200 കവിയും. എല്ലാം കോവിഡ് വന്നു മരിച്ചവരാണ്. ഉത്തര്‍പ്രദേശിലെ ഗ്രാമങ്ങളില്‍ നിന്ന് ഗംഗയിലേക്ക് ഒഴുകി വന്നതാണവ. അയല്‍ സംസ്ഥാനത്തു നിന്നുള്ള മൃതദേഹങ്ങള്‍ ഒഴുകി അടിയുന്നത് തടയാന്‍ ഗംഗാനദിയില്‍ റാണിഘട്ട് ഭാഗത്ത് വലകള്‍ പിടിപ്പിച്ചതായി ബിഹാര്‍ ജലവിഭവ മന്ത്രി സഞ്ജയ് കുമാര്‍ ഝാ പറയുന്നു. വലയില്‍ കുടുങ്ങിക്കിടക്കുന്നു ചില മൃതദേഹങ്ങള്‍.

     യോഗി ആദിത്യനാഥിന്‍റെ ഉത്തര്‍പ്രദേശില്‍ പൊതുശ്മശാനങ്ങളെല്ലാം കോവിഡ് വന്നു മരിച്ചവരുടെ മൃതദേഹങ്ങള്‍ കൊണ്ടു നിറഞ്ഞുകഴിഞ്ഞു. സ്വന്തമായി വിറകു വാങ്ങി ഉറ്റവരുടെ ദേഹം സംസ്കരിക്കാന്‍ പാവപ്പെട്ട ഗ്രാമീണരുടെ കൈയില്‍ പണമില്ല. മുമ്പൊക്കെ, അഞ്ഞൂറു രൂപയുടെ വിറകുണ്ടെങ്കില്‍ ഗംഗാതീരത്തെ ശ്മശാനങ്ങളില്‍ മൃതദേഹം ദഹിപ്പിക്കാമായിരുന്നു. കോവിഡിന്‍റെ രണ്ടാം തരംഗം ആഞ്ഞടിച്ചപ്പോള്‍ ശവസംസ്കാര ചെലവ് പതിനായിരം രൂപയോളമായി കുതിച്ചുയര്‍ന്നു. പണം കണ്ടെത്താനാകാതെ ചില ഗ്രാമീണര്‍ മൃതദേഹങ്ങള്‍ ഗംഗയിലേക്ക് ഒഴുക്കി വിട്ടു. മറ്റു ചിലര്‍ നദീ തീരത്തെ മണലില്‍ കുഴിച്ചിട്ടു. പേമാരി വന്ന് മണ്ണ് ഇളകിയപ്പോള്‍ അവയും നദിയിലേക്ക് കുത്തിയൊഴുകി.

     ഗംഗയില്‍ മാത്രമല്ല, ഉത്തര്‍പ്രദേശിലെ ഹാമിര്‍പുരില്‍ യമുനാ നദിയിലും മൃതദേഹങ്ങള്‍ ഒഴുകി നടക്കുന്നു. ഇത് ഉത്തര്‍പ്രദേശിലെ മാത്രം സ്ഥിതിയല്ല, ഡല്‍ഹിയിലും ഗുജറാത്തിലും രാജസ്ഥാനിലുമെല്ലാം കോവിഡ് ബാധിച്ചു മരിച്ച മനുഷ്യര്‍ക്ക് മാന്യമായ അന്ത്യയാത്ര ഒരുക്കാന്‍ പോലും കഴിയാതെ വലയുകയാണ് ഉറ്റവര്‍. ആശുപത്രികളില്‍ പ്രാണവായു കാത്തിരിക്കുന്ന രോഗികളുടെ വരി പോലെ ശ്മശാനങ്ങളില്‍ ശവസംസ്കാരം കാത്ത് മൃതദേഹങ്ങളുടെ കാത്തിരിപ്പ് വരികള്‍ നീണ്ടു നീണ്ടു പോകുന്നു.

     മരിച്ചവരെ സംസ്കരിക്കുന്നതിനുള്ള മതാചാര പ്രകാരമുള്ള ചടങ്ങുകള്‍ ഭൂമി വിട്ടുപോകുന്ന മനുഷ്യനുള്ള മഹത്തായ യാത്രയയപ്പാണ്. അത്യാദരപൂര്‍വം ആ ജീവനെ പറഞ്ഞയക്കാനാണ് സര്‍വമതങ്ങളും പഠിപ്പിക്കുന്നത്. മതവിശ്വാസമില്ലാത്തവര്‍ പോലും തികഞ്ഞ ആദരവോടെയാണ് ശവസംസ്കാരച്ചടങ്ങുകളില്‍ പങ്കെടുക്കുന്നത്. കോവിഡ് മഹാമാരിയില്‍ പകച്ചുനില്‍ക്കുന്ന രാജ്യത്ത് അതുപോലും നിഷേധിക്കപ്പെടുന്നു. പ്രാണവായു കിട്ടാതെ പിടഞ്ഞുവീഴുന്ന മനുഷ്യരുടെ മൃതദേഹങ്ങള്‍ കുന്നുകൂടുന്നു. അതൊന്നു സംസ്കരിക്കാന്‍ ഉറ്റവര്‍ ദിവസം മുഴുവന്‍ വരിനില്‍ക്കുന്നു. എത്രയോ ചരിത്ര പുരുഷന്മാരുടെ ശവകുടീരങ്ങളുടെ നഗരമായ ഡല്‍ഹിയില്‍ ഇപ്പോള്‍ ശവകുടീരങ്ങള്‍ക്ക് ഇടമില്ല. ശ്മശാനങ്ങള്‍ക്ക് ഒഴിവില്ല. ചിതയിലെടുക്കാന്‍ കാത്തുവച്ച മൃതദേഹങ്ങള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണവിടെ.  

     കോവിഡ് ബാധിച്ച് പ്രാണവായുവിനായി കേഴുന്നവരെയും വഹിച്ച് പാഞ്ഞുപോകുന്ന ആംബുലന്‍സുകളുടെ അലര്‍ച്ചയാണ് ഡല്‍ഹിയിലെമ്പാടുമെന്ന് തലസ്ഥാന നഗരിയില്‍ കഴിയുന്നവര്‍ വിലപിക്കുന്നു. മരണനിഴലില്‍ നിന്നു രക്ഷപ്പെടാനെന്നോണം ജീവനും കൈയില്‍ പിടിച്ചുള്ള നെട്ടോട്ടമാണത്. കിടത്താന്‍ ഇടമില്ലാത്തതിനാല്‍ ഒരു ആശുപത്രിയില്‍ നിന്ന് മറ്റൊന്നിലേക്കുള്ള യാത്രക്കൊടുവില്‍, അതേ ആംബുലന്‍സില്‍ത്തന്നെയാവും മിക്കവരുടെയും അന്ത്യയാത്രയും. ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) ഉള്‍പ്പെടെ ലോകോത്തര നിലവാരമുള്ള എത്രയോ ആശുപത്രികളുള്ള നഗരമാണ് ഡല്‍ഹി. ചെറുതും വലുതുമായ ആയിരത്തിലധികം ആശുപത്രികള്‍. ആം ആദ്മി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം സ്ഥാപിച്ച മൊഹല്ല ക്ലിനിക്കുകള്‍ വേറെയും. പക്ഷെ, കോവിഡിന്‍റെ രണ്ടാം തരംഗത്തില്‍ ആദ്യമെ തളര്‍ന്നുവീണത് ഈ ആരോഗ്യ മേഖലയാണ്. 

     ڇനല്ല ചികിത്സ ലഭിച്ചിരുന്നെങ്കില്‍ ഞാന്‍ രക്ഷപ്പെടുമായിരുന്നു,ڈ മരണത്തിന് തൊട്ടുമുമ്പ് രാഹുല്‍ വൊഹ്റയെന്ന 35 കാരന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു. ഏതെങ്കിലും കുഗ്രാമത്തിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലല്ല, ഡല്‍ഹി താഹിര്‍പുരിലെ രാജീവ് ഗാന്ധി സൂപ്പര്‍ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലിരുന്നാണ് യൂട്യൂബ് വ്ളോഗറും നടനുമായ രാഹുല്‍ വൊഹ്റ ഇതെഴുതിയത്. ڇഇനിയൊരു ജന്മമുണ്ടെങ്കില്‍ ഇനിയും നല്ല കാര്യങ്ങള്‍ ചെയ്യും. പക്ഷെ ഇപ്പോള്‍ എല്ലാ ധൈര്യവും ചോര്‍ന്ന് പോയിരിക്കുന്നു.ڈ സംസാരിക്കുന്നതിനിടെ ശ്വാസതടസ്സം വന്ന വൊഹ്റ ഓക്സിജന്‍ മാസ്ക് എടുത്ത് മുഖത്ത് വച്ചെങ്കിലും അതിലൂടെ പ്രാണവായു വരുന്നുണ്ടായിരുന്നില്ല. ഭയപ്പെട്ടതുപോലെത്തന്നെ വൊഹ്റ മരണത്തിന് കീഴടങ്ങി. രാഹുല്‍ വൊഹ്റയുടെ മാത്രമല്ല കോവിഡ് മഹാമാരിയോട് പോരാടുന്ന മുഴുവനാളുകളുടെയും ധൈര്യം ചോര്‍ന്നു പോയിത്തുടങ്ങിയിരിക്കുന്നു.  

     രാഹുല്‍ വൊഹ്റയ്ക്ക് നല്ല ആശുപത്രിയില്‍ പ്രവേശനം ലഭിച്ചിരുന്നു, കുറെ നേരമെങ്കിലും ഓക്സിജന്‍ കിട്ടിയിരുന്നു. തലസ്ഥാന നഗരിയില്‍ പ്രാണവായുവിനായി പിടയുന്ന ബഹുഭൂരിപക്ഷമാളുകള്‍ക്കും ഇതു രണ്ടും ഒരു സ്വപ്നം മാത്രമാണിപ്പോള്‍. രോഗികള്‍ നിറഞ്ഞതോടെ തലസ്ഥാനത്തെ ജീവന്‍രക്ഷാ സംവിധാനങ്ങള്‍ പാളി. വെന്‍റിലേറ്ററുകളും, തീവ്രപരിചരണ വിഭാഗങ്ങളും മതിയാകാതെയായി. ഓക്സിജന്‍ സിലിണ്ടറുകള്‍ കിട്ടാതായി. ഉറ്റവര്‍ക്ക് പ്രാണവായു എത്തിക്കാനായി ഓക്സിജന്‍ ഫില്ലിംഗ് കേന്ദ്രങ്ങളില്‍ ജനങ്ങള്‍ തിക്കിത്തിരക്കി. മീററ്റിലെ ആശുപത്രിയിലുള്ള അടുത്ത ബന്ധുവിന് ആരെങ്കിലും ഓക്സിജന്‍ സിലിണ്ടര്‍ എത്തിച്ചുകൊടുക്കണമെന്ന് പ്രശസ്ത ക്രിക്കറ്റ് താരം സുരേഷ് റെയ്നക്ക് യു. പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ടാഗ് ചെയ്ത് ട്വിറ്ററില്‍ എഴുതേണ്ടി വന്നു. യോഗിയല്ല, നടന്‍ സോനു സൂദാണ് റെയ്നയുടെ ബന്ധുവിന് ഓക്സിജന്‍ എത്തിക്കാന്‍ വേണ്ട ഏര്‍പ്പാടു ചെയ്തത്. ഡല്‍ഹിക്ക് സുപരിചിതനായ ഡോക്ടര്‍ പ്രദീപ് ബിജല്‍വാന് ഡല്‍ഹിയിലെ ഒരു ആശുപത്രിയിലും അഭയം കിട്ടിയില്ല. പ്രാണവായു കിട്ടാതെ അദ്ദേഹവും പിടഞ്ഞുവീണു. 

     രാജ്യത്തിന് ശ്വാസം മുട്ടുകയായിരുന്നു. ഇത്രനാള്‍ ശ്വസിച്ച പ്രാണവായു, ചുറ്റും അതേ മട്ടില്‍ ഉണ്ടായിട്ടും അതൊരിറ്റ് വലിച്ചെടുക്കാന്‍ ത്രാണിയില്ലാതെ പിടയുകയായിരുന്നു ജനങ്ങള്‍. തൊട്ടടുത്ത നിമിഷം താന്‍ മരിച്ചുപോയേക്കാമെന്ന നിസ്സഹായവസ്ഥയോടെ, മരണത്തിന്‍റെ കാലൊച്ചകള്‍ കേട്ട് ജീവച്ഛവമായവര്‍. ഓരോ ദിവസവും രോഗബാധയുടെ പുതിയ ഉയരത്തിലേക്ക് പോയ ഈ തരംഗം എപ്പോള്‍ താഴുമെന്ന് കൃത്യമായി പറയാന്‍ കേന്ദ്രസര്‍ക്കാരിനോ ആരോഗ്യമന്ത്രാലയത്തിനോ കഴിഞ്ഞിരുന്നുമില്ല. 

     കേന്ദ്രസര്‍ക്കാരിന്‍റെ അലംഭാവം ഒന്നുമാത്രമാണ് ഇന്ത്യയില്‍ ഈ അവസ്ഥയ്ക്ക് വഴിയൊരുക്കിയതെന്ന് ലോകോത്തര വൈദ്യശാസ്ത്ര പ്രസിദ്ധീകരണമായ څലാന്‍സെറ്റ്چ മുഖപ്രസംഗത്തില്‍ കുറ്റപ്പെടുത്തുന്നു. കോവിഡിന്‍റെ രണ്ടാം തരംഗത്തെക്കുറിച്ചും, മ്യൂട്ടേഷന്‍ വന്ന പുതിയ പതിപ്പിനെക്കുറിച്ചും തുടര്‍ച്ചയായ മുന്നറിയിപ്പ് ലഭിച്ചിട്ടും, കുറച്ചു മാസങ്ങളിലെ കുറഞ്ഞ പോസിറ്റിവിറ്റി നിരക്കുവച്ച് ഇന്ത്യ കോവിഡിനെ നിയന്ത്രണത്തിലാക്കി എന്ന് അവകാശവാദം മുഴക്കുകയാണ് ഭരണ നേതൃത്വം ചെയ്തത്. മുന്നറിയിപ്പുകളെ അവഗണിച്ചു കൊണ്ട് രാജ്യത്തിന്‍റെ നാനാഭാഗങ്ങളില്‍ നിന്നുമുള്ള ലക്ഷക്കണക്കിന് ആളുകള്‍ പങ്കെടുക്കുന്ന മതപരമായ ഉത്സവങ്ങള്‍ക്കും, കോവിഡ് പെരുമാറ്റച്ചട്ടങ്ങള്‍ നഗ്നമായി ലംഘിച്ചുകൊണ്ടുള്ള തിരഞ്ഞെടുപ്പ് റാലികള്‍ക്കും അനുമതി നല്‍കി. സംസ്ഥാന സര്‍ക്കാരുകളുമായി കൂടിയാലോചിക്കാതെ വാക്സിന്‍ നയത്തില്‍ മാറ്റം വരുത്തി, പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ താളം തെറ്റിച്ചു. ഇന്നത്തെ നിലയ്ക്കു പോയാല്‍ ഓഗസ്റ്റ് മാസത്തിനകം ഇന്ത്യയില്‍ കോവിഡ് മരണം പത്തുലക്ഷത്തിലെത്തുമെന്ന് څലാന്‍സെറ്റ്چ മുന്നറിയിപ്പു നല്‍കുന്നു.

     ലാന്‍സെറ്റ് മാത്രമല്ല, ഗാര്‍ഡിയന്‍, വാഷിങ്ടണ്‍ പോസ്റ്റ്, ന്യൂയോര്‍ക്ക് ടൈംസ്, ടൈം, ബി. ബി. സി തുടങ്ങിയ അന്താരാഷ്ട്ര മാധ്യമങ്ങളെല്ലാം ഇന്ത്യയിലെ ഭരണകൂടത്തെ നിശിതമായി വിമര്‍ശിക്കുന്നുണ്ട്. ഈ മഹാമാരിയുടെ ആദ്യ കുതിപ്പിനെക്കുറിച്ച് വിദഗ്ധ സംഘം മുന്നറിയിപ്പ് നല്‍കിയപ്പോള്‍ പുച്ഛിച്ചുതള്ളിയ അന്നത്തെ യു എസ് പ്രസിണ്ടന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ അതേ ഗതികേടാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാത്തിരിക്കുന്നതെന്ന് അവര്‍ പറയുന്നു. څലോകത്തിന്‍റെ ഫാര്‍മസിچയാണ് ഇന്ത്യ എന്ന വീരസ്യത്തോടെ ഇവിടെ ഉല്‍പാദിപ്പിച്ച വാക്സിനുകള്‍ മറ്റു രാജ്യങ്ങളിലേക്ക് കയറ്റിയയച്ച് മേനി നടിക്കാന്‍ ശ്രമിച്ചതിന്‍റെ ഫലമാണ് രാജ്യമിന്ന് അനുഭവിക്കുന്നത്. ലോകമാകെയുള്ള കോവിഡ് രോഗികളുടെ മൂന്നിലൊന്നും ഇന്ത്യയിലാണ്. വാക്സിനാണ് ഇപ്പോള്‍ സാധ്യമായ ഏക പ്രതിരോധം. ഇന്നാട്ടിലെ മുഴുവന്‍ ജനത്തിനും പ്രതിരോധകുത്തിവയ്പ്പ് നല്‍കുകയെന്നത് അതിഭീമമായ പ്രക്രിയയാണ്. അതാകട്ടെ സമ്പൂര്‍ണമായി ഭരണകൂടം നിര്‍വഹിക്കേണ്ട ബാധ്യതയുമാണ്. അതിനാലാണ് രാജ്യം ഇതുവരെയുള്ള സാര്‍വത്രിക പ്രതിരോധകുത്തിവയ്പ്പുകളെല്ലാം സൗജന്യവും നിര്‍ബന്ധിതവുമാക്കിയത്. എന്നാല്‍ കോവിഡ് പ്രതിരോധ വാക്സിന്‍ സാധാരണക്കാര്‍ക്ക് അപ്രാപ്യമാവുംവിധം വിപണിക്ക് വിട്ടുകൊടുക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. 

     ഈ വര്‍ഷം മാര്‍ച്ചില്‍ത്തന്നെ രോഗവ്യാപനം രൂക്ഷമാവുകയാണെന്ന സൂചനകള്‍ വന്നുതുടങ്ങിയിരുന്നു. പക്ഷെ എല്ലാവരുടെയും ശ്രദ്ധ അഞ്ച് സംസ്ഥാന നിയമസഭകളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിലേക്കായപ്പോള്‍ കോവിഡിന്‍റെ കുതിപ്പ് അവഗണിക്കപ്പെട്ടു. അതിനിടയിലാണ് ഉത്തരാഖണ്ഡിലെ ഹരിദ്വാറില്‍ കുംഭമേള വന്നണഞ്ഞത്. പാപങ്ങള്‍ കഴുകിക്കളയുന്ന څഷാഹീ സ്നാനچത്തിനായി 30 ലക്ഷം പേര്‍ ഒഴുകിയെത്തിയപ്പോള്‍ ഗംഗാ തീരം രോഗപ്പകര്‍ച്ചയുടെ ഹോട്ട്സ്പോട്ടായി മാറി. എട്ട് ഘട്ടങ്ങളിലായി പശ്ചിമ ബംഗാളില്‍ തിരഞ്ഞെടുപ്പു നടത്തിയപ്പോള്‍ മമത ബാനര്‍ജിയുടെ നാട്ടില്‍ കേന്ദ്രഭരണ കക്ഷിക്ക് വോട്ടുപിടിക്കാന്‍ പരമാവധി ദിവസങ്ങള്‍ അനുവദിച്ചുകൊടുക്കുകയായിരുന്നു കമ്മീഷന്‍. തിരഞ്ഞെടുപ്പു പ്രചാരണം തുടങ്ങിയതോടെ എല്ലാ നിയന്ത്രണങ്ങളും പൊട്ടിച്ചെറിഞ്ഞ് ജനം തെരുവിലിറങ്ങി. കോവിഡിന്‍റെ രണ്ടാം തരംഗം അതിമാരക വിപത്തായി മാറാന്‍ കാരണം തിരഞ്ഞെടുപ്പു കമ്മീഷന്‍റെ ഭാഗത്തുനിന്നുള്ള വീഴ്ചകളാണെന്നും അവരെ തൂക്കിലേറ്റേണ്ടതാണെന്നും മദ്രാസ് ഹൈക്കോടതി തുറന്നടിച്ചു. കോവിഡിന്‍റെ ആദ്യ വ്യാപനത്തിനുശേഷം സര്‍ക്കാരും ഭരണസംവിധാനവും ജനങ്ങളും അലംഭാവം കാണിച്ചെന്നും അതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്കു വഴിവച്ചതെന്നും ആര്‍. എസ്. എസ് മേധാവി മോഹന്‍ ഭാഗവത് തന്നെ പറഞ്ഞുകഴിഞ്ഞു.

     ആദ്യ വരവില്‍ കോവിഡ് തികച്ചും അപ്രതീക്ഷിതമായ മഹാമാരിയായിരുന്നു. അക്ഷരാര്‍ത്ഥത്തില്‍ ലോകം പകച്ചുനിന്നു. വിപുലമായ ആരോഗ്യരക്ഷാ സംവിധാനങ്ങളുള്ള വികസിത രാഷ്ട്രങ്ങളില്‍ പോലും ആയിരങ്ങള്‍ മരിച്ചുവീണു. ഇന്ത്യയിലും അതുതന്നെ സംഭവിച്ചു. ശാസ്ത്രീയ മാര്‍ഗങ്ങള്‍ അവലംബിക്കുന്നതിനു പകരം മഹാമാരിയെ നാടകീയതയുടെ അരങ്ങാക്കി മാറ്റുകയാണ് ഇന്ത്യയിലെ ഭരണകൂടം ചെയ്തത്. അന്ന് രോഗത്തേക്കാള്‍ വലിയ ദുരന്തമായി മാറിയത് ഏകപക്ഷീയമായ ലോക്ഡൗണ്‍ പ്രഖ്യാപനമായിരുന്നു. ആദ്യത്തെ സമ്പൂര്‍ണ അടച്ചുപൂട്ടല്‍ കഴിഞ്ഞപ്പോള്‍ ഇന്ത്യയിലെ അസംഘടിത തൊഴില്‍ മേഖലയിലെ 80 ശതമാനം പേരും തൊഴില്‍രഹിതരായെന്നാണ് കണക്ക്. എന്നാല്‍ രണ്ടാം വരവായപ്പോഴേക്കും ഇന്ത്യ ഒഴികെ എല്ലാവരും പാഠം പഠിച്ചിരുന്നു, തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നു. എല്ലാ കണക്കുകളെയും തെറ്റിച്ചുകൊണ്ട് രോഗം പടര്‍ന്നതോടെ രാജ്യത്തെ ആശുപത്രികള്‍ നിറഞ്ഞു കവിഞ്ഞു, രാപകലില്ലാതെ ജോലി ചെയ്ത് ആരോഗ്യ പ്രവര്‍ത്തകര്‍ തളര്‍ന്നു, അവരില്‍ പലര്‍ക്കും രോഗം പിടിച്ചു. ഓക്സിജന്‍ സിലിണ്ടറുകള്‍ക്കു വേണ്ടിയും, ആശുപത്രി കിടക്കകള്‍ക്കു വേണ്ടിയും, മറ്റു അവശ്യസാധനങ്ങള്‍ക്കു വേണ്ടിയുമുള്ള സന്ദേശങ്ങള്‍ കൊണ്ട് സമൂഹമാധ്യമങ്ങള്‍ നിറഞ്ഞു.

     കോവിഡിന്‍റെ രണ്ടാം വ്യാപനത്തില്‍ രാജ്യത്തിന്‍റെ നയവൈകല്യം പ്രകടമായ രണ്ടു സംഭവങ്ങള്‍ മെഡിക്കല്‍ ഓക്സിജന്‍റെ ക്ഷാമവും കോവിഡ് വാക്സിന്‍റെ ദൗര്‍ലഭ്യതയുമായിരുന്നു. ഉത്തരേന്ത്യയിലെ പല പ്രമുഖ ആശുപത്രികളും രോഗികളെ മടക്കിയയച്ചയത് ഓക്സിജന്‍ ക്ഷാമം മൂലമാണ്. പ്രാണവായു ലഭിക്കാതെ കണ്‍മുമ്പില്‍ വച്ച് ഉറ്റവരും ഉടയവരും മരിക്കേണ്ടിവരുന്ന കാഴ്ചയ്ക്ക് സാക്ഷിയായ എത്രയോ പേര്‍ അവരുടെ ദുരനുഭവങ്ങള്‍ പങ്കുവയ്ക്കുകയുണ്ടായി. കഴിഞ്ഞ വര്‍ഷം മഹാമാരിയുടെ ഏറ്റവും ഭീതിദമായ കാലമായിരുന്ന സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ പ്രതിദിന ഓക്സിജന്‍ ആവശ്യകത നാല് മടങ്ങോളം വര്‍ദ്ധിച്ചിട്ടും ഓക്സിജന്‍ ഉല്‍പ്പാദനത്തില്‍ വേണ്ടത്ര വര്‍ദ്ധന വരുത്താനോ വിതരണ സംവിധാനങ്ങള്‍ മെച്ചപ്പെടുത്താനോ ശ്രമിച്ചില്ല. പൊതുമേഖലാ സ്ഥാപനങ്ങളുടെ വില്‍പ്പന ഊര്‍ജിതമാക്കി കോവിഡിനെ സ്വകാര്യവല്‍ക്കരണത്തിന്‍റെ മറയാക്കി മാറ്റുകയായിരുന്നു, കേന്ദ്രസര്‍ക്കാര്‍. ഇന്ത്യയുടെ പൊതുജനാരോഗ്യ സംവിധാനത്തിന്‍റെ ദയനീയാവസ്ഥ കൂടിയാണ് ഈ മഹാമാരിക്കാലം വെളിപ്പെടുത്തിയത്. പൊതുമേഖലയിലെ പൊതുജനാരോഗ്യ സംവിധാനത്തെ തകര്‍ക്കുകയും ആരോഗ്യമേഖല മുഴുവന്‍ സ്വകാര്യ മേഖലയുടെ കീഴിലാക്കുകയും ചെയ്യുന്ന നവഉദാരവല്‍ക്കരണ നയങ്ങളുടെ കൂടി ഭാഗമാണ് ഈ പ്രതിസന്ധി. 

     ഇത്രയൊക്കെയായിട്ടും സത്യസന്ധമായി പ്രശ്നത്തെ സമീപിക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ലെന്നതിന് ഗുജറാത്തില്‍ നിന്നുള്ള വാര്‍ത്തകള്‍ തെളിവാണ്. ഗുജറാത്ത് സംസ്ഥാനത്ത് ഔദ്യോഗികമായി 157 കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്ത ദിവസം അഹമ്മദാബാദിലെ 1,200 ബെഡുകളുള്ള കോവിഡ് ആശുപത്രിയില്‍ നിന്നു മാത്രം നൂറ് മുതല്‍ 125 വരെ മൃതദേഹം പുറത്തേക്കുവിട്ടിരുന്നെന്ന് ഹിന്ദു ദിനപത്രത്തില്‍ മഹേഷ് ലങ്ക എഴുതി. ഗുജറാത്തില്‍ ഈ മാര്‍ച്ച് മുതല്‍ മെയ് വരെയുള്ള കോവിഡ് മരണങ്ങള്‍ സര്‍ക്കാരിന്‍റെ കണക്കില്‍ 4218 ആണ്. പക്ഷെ അതിന് മുമ്പുള്ള വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് ഔദ്യോഗികമായി തന്നെ വിതരണം ചെയ്ത മരണസര്‍ട്ടിഫിക്കറ്റുകളുടെ എണ്ണത്തില്‍ 65,085 ന്‍റെ വര്‍ദ്ധനവുണ്ടെന്ന് څദിവ്യഭാസ്കര്‍چ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. എഴുപത്തിയൊന്ന് ദിവസങ്ങള്‍ക്കുള്ളില്‍ വിതരണം ചെയ്തത് 1.23 ലക്ഷം മരണ സര്‍ട്ടിഫിക്കറ്റുകള്‍. ഒരു വര്‍ഷം മുമ്പുള്ളതിനെക്കാള്‍ 65,085 മരണങ്ങളാണ് ഈ കാലയളവില്‍ മാത്രം അധികമായി ഉണ്ടായിട്ടുള്ളത്. റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കോവിഡ് മരണങ്ങളുടെ പതിനഞ്ച് ഇരട്ടി വരെയാകാം ഗുജറാത്തിന്‍റെ യഥാര്‍ത്ഥ കണക്ക് എന്നാണതിനര്‍ത്ഥം. പക്ഷെ അത് കോവിഡ് മൂലമാണെന്ന് ഗുജറാത്ത് സര്‍ക്കാര്‍ സമ്മതിക്കില്ല. കഴിഞ്ഞ വര്‍ഷം ലോക്ഡൗണ്‍ സമയത്ത് മരണ രജിസ്ട്രേഷന്‍ നടക്കാത്തതുകൊണ്ടാണ് ഈ വ്യത്യാസം എന്നാണ് ഔദ്യോഗിക വിശദീകരണം. ഏറിയും കുറഞ്ഞും മിക്ക സംസ്ഥാനങ്ങളിലും കണക്കിലെ തിരിമറികള്‍ നടക്കുന്നു. 

     പരിമിതികളും പ്രതിസന്ധികളും ധാരാളമുണ്ടെങ്കിലും മികച്ച പൊതുജനാരോഗ്യ സംവിധാനത്തിന്‍റെ ഫലത്തില്‍ കേരളം ഒരളവു വരെ പിടിച്ചു നിന്നു എന്നതാണ് ശ്രദ്ധേയമായ കാര്യം. മറ്റെന്തൊക്കെ കുഴപ്പമുണ്ടെങ്കിലും രോഗം വന്നാല്‍, ചികിത്സ ലഭിക്കും എന്ന പ്രതീക്ഷ കേരളത്തില്‍ ഇപ്പോഴും ബാക്കിയുണ്ട്. ڇഎന്നെ രക്ഷിച്ചത് കേരളമാണ്. ഇവിടത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളെജിലെ പരിചരണമാണ്. നാട്ടിലേക്കു വരുന്നത് വൈകിയിരുന്നെങ്കില്‍ ജീവന്‍പോലും നഷ്ടപ്പെടുമായിരുന്നു.ڈ ഡല്‍ഹിയില്‍ എളമരം കരീം എം പിയുടെ സെക്രട്ടറി പയ്യന്നൂര്‍ സ്വദേശി രാഹുല്‍ ചൂരല്‍ ഫെയ്സ്ബുക്കില്‍ കുറിച്ച വാക്കുകള്‍ ഇതിന്‍റെ തെളിവാണ്. ഡല്‍ഹി ആര്‍. എം. എല്‍ ആശുപത്രിയില്‍ നിന്ന് എയര്‍ ആംബുലന്‍സില്‍ കേരളമണ്ണിലെത്തിയപ്പോള്‍ രാഹുലിന് കിട്ടിയത് രണ്ടാം ജന്മമാണ്. 

     കോവിഡ് ബാധിച്ച് ഡല്‍ഹിയിലെ വീട്ടില്‍ കഴിയവെ രാഹുലിന് ശ്വാസതടസ്സവും തളര്‍ച്ചയും വന്നു. അങ്ങനെ ആര്‍. എം. എല്‍ ആശുപത്രിയിലെത്തി. ഇവിടെ കിടന്നാല്‍ കൂടുതല്‍ ആയുസ്സുണ്ടാവില്ലെന്ന് ആദ്യദിനം തന്നെ വ്യക്തമായിരുന്നു. മുഖ്യമന്ത്രിയും എം. പി മാരും ഉള്‍പ്പെടെ പല നേതാക്കളും ഇടപെട്ടിട്ടും ആരും തിരിഞ്ഞുനോക്കിയില്ല. വേണ്ട ചികിത്സയോ ശ്രദ്ധയോ കിട്ടാത്തതുകൊണ്ട് മൂന്നു പേര്‍ കണ്‍മുമ്പില്‍ മരിച്ചുവീണു. ഒരു വലിയ ഹാളില്‍ നൂറുകണക്കിന് രോഗികള്‍. അവര്‍ പുതപ്പുപോലും ഇല്ലാതെ തണുത്തുവിറക്കുന്നു. എണീക്കാന്‍ വയ്യാതെ സ്വന്തം വിസര്‍ജ്യത്തിനു മേല്‍ രണ്ടു ദിവസത്തോളം കിടക്കേണ്ടി വന്നു. തുടര്‍ന്നാണ് എയര്‍ ആംബുലന്‍സില്‍ നാട്ടിലേക്ക് വന്നത്. ആദ്യം കോഴിക്കോട് ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളെജിലെ ഐ. സി. യുവില്‍. ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും സ്നേഹപൂര്‍വമായ പരിചരണത്തിനൊടുവില്‍ അഞ്ചു ദിവസം കഴിഞ്ഞ് ആരോഗ്യം മെച്ചപ്പെട്ടു. ശ്വാസതടസ്സം മാറി. നെഗറ്റീവായപ്പോള്‍ ഐ. സി. യുവില്‍ നിന്ന് മാറ്റി. സ്വന്തമായൊരു മുറി ലഭിക്കാനാണ് സ്വകാര്യാശുപത്രിയിലേക്ക് മാറിയത്. څകേരളവും ഡല്‍ഹിയും ആരോഗ്യപരിപാലനത്തില്‍ രണ്ടു ധ്രുവങ്ങളിലാണ്. ഇവിടെ സ്വകാര്യ ആശുപത്രിയില്‍ പോലും പ്രതിഫലിക്കുന്നത് കേരളത്തിന്‍റെ ആരോഗ്യ സംസ്കാരമാണ്. ദീനാനുകമ്പയും സഹജീവി സ്നേഹവുമാണ് ആ സംസ്കാരത്തിന്‍റെ മുഖമുദ്രچ രാഹുല്‍ ചൂരല്‍ പറയുന്നു.

     ഇങ്ങനെയുള്ള കേരളത്തില്‍പ്പോലും എല്ലാം ഭദ്രമല്ല. രോഗികളുടെ എണ്ണവും മരണവും ഇവിടെയും കൂടുക തന്നെയാണ്. ആശുപത്രികള്‍ ഏതാണ്ട് നിറഞ്ഞുകഴിഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പുവേളയില്‍ നിയന്ത്രണങ്ങള്‍ അയച്ചുവിട്ടതിന്‍റെ ഫലമാണ് കേരളം അഭിമുഖീകരിക്കുന്നത്. യഥാസമയം ശരിയായ തീരുമാനങ്ങള്‍ എടുക്കാതിരുന്നതാണ് ലോകമെങ്ങും കോവിഡ് ദുരന്തം രൂക്ഷമാകാന്‍ കാരണമായതെന്ന് ഇന്‍ഡിപെന്‍ഡന്‍റ് പാനല്‍ ഫോര്‍ പാന്‍ഡമിക് പ്രിപേര്‍ഡ്നസ് ആന്‍ഡ് റെസ്പോണ്‍സ് (ഐ പി പി പി ആര്‍) എന്ന ആഗോളസമിതി ചൂണ്ടിക്കാണിച്ചിട്ടുണ്ട്. തെറ്റായ തീരുമാനങ്ങളുടെ പരമ്പരയാണ് ലോകമെങ്ങുമായി 33 ലക്ഷം ആളുകള്‍ മരണപ്പെടാന്‍ കാരണമായതും ആഗോള സമ്പദ്വ്യവസ്ഥയെ തകര്‍ത്തുകളഞ്ഞതും. ശാസ്ത്രനിഷേധികളായ നേതാക്കള്‍ ആരോഗ്യ സംവിധാനത്തില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം ഇല്ലാതാക്കിയെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ശക്തമായ നേതൃത്വവും കൃത്യമായ ആസൂത്രണവും ഉണ്ടായിരുന്നെങ്കില്‍ ചുറ്റുമുള്ള ഭീകരമായ കാഴ്ചകള്‍ പലതും തടയാന്‍ കഴിയുമായിരുന്നു എന്ന് ഉറപ്പാണ്. ഒന്നും രണ്ടും തരംഗങ്ങള്‍ക്കു പിന്നാലെ മൂന്നാം തരംഗം കൂടി വരാന്‍ സാധ്യതയുണ്ട് എന്നതുകൊണ്ട്, ഇപ്പോഴത്തെ പ്രതിസന്ധികളെ നേരിടുന്നതിനൊപ്പം ഭാവിയിലേക്കുള്ള തയ്യാറെടുപ്പുകള്‍ കൂടി നടത്തേണ്ടതുണ്ട്. ഇന്നത്തെ നിലയ്ക്ക് ഒട്ടും എളുപ്പമല്ല അത്. എങ്കിലും പ്രതീക്ഷ കൈവിടാതെ പിടിച്ചുനില്‍ക്കാം.

Share:

ഈ നേട്ടം മഹാത്മാ അയ്യങ്കാളിക്ക് സമര്‍പ്പിക്കുന്നു -- ആദി

 അഭിമുഖം
     സംഘടിതവും ശക്തവുമായ ഒരു ക്വീര്‍ (ഘഏആഠകഝ+) ധാര കേരളത്തില്‍ ഇന്ന് സജീവമാണ്. കേരളത്തിലെ ക്വീര്‍ രാഷ്ട്രീയത്തിനുള്ളിലെ പ്രധാനപ്പെട്ട ശബ്ദമാണ് ചിഞ്ചു അശ്വതി രാജപ്പന്‍റേത്. ദളിത് ക്വീര്‍ എന്നാണ് ചിഞ്ചു സ്വന്തം ഐഡന്‍റിറ്റിയെ വിശേഷിപ്പിക്കുന്നത്. ജാതിയും ലിംഗതന്മയും ലൈംഗികതയും തമ്മിലുള്ള പരസ്പര ബന്ധത്തെ കുറിച്ചും, സവിശേഷമായി ഇന്‍റര്‍സെക്സ് മനുഷ്യരുടെ അവകാശങ്ങളെ കുറിച്ചുമാണ് ചിഞ്ചു നിരന്തരം സംസാരിക്കുന്നത്. 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ എറണാകുളം മണ്ഡലത്തില്‍ നിന്നും ക്വീര്‍ - അംബേദ്കറിറ്റ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി ചിഞ്ചു മത്സരിക്കുകയും 494 വോട്ടുകള്‍ നേടുകയും ചെയ്തിരുന്നു. ഇന്ത്യയില്‍ തന്നെ ലോക്സഭാ തിരഞ്ഞെടുപ്പിനെ നേരിട്ട ആദ്യത്തെ ഇന്‍റര്‍സെക്സ് വ്യക്തി കൂടിയാണ് ചിഞ്ചു. 2017 മുതല്‍ കേരള ട്രാന്‍സ്ജെന്‍ഡര്‍ ജസ്റ്റിസ് ബോര്‍ഡിലെ അംഗമാണ്. 2021 ല്‍ ഔട്ട്ലുക്ക് മാഗസിന്‍ പുറത്തിറക്കിയ ഇന്ത്യയെ പുനര്‍നിര്‍മിക്കുന്ന അമ്പത് ദളിതരുടെ പട്ടികയില്‍ ചിഞ്ചുവും ഇടം നേടിയിട്ടുണ്ട്.


ഔട്ട്ലുക്ക് മാഗസിന്‍ പുറത്തിറക്കിയ ഇന്ത്യയെ പുനര്‍നിര്‍മിക്കുന്ന 50 ദളിതരുടെ പട്ടികയില്‍ കാഞ്ച എലൈയ്യക്കും പാ രഞ്ജിത്തിനും ഹിമ ദാസിനുമൊക്കെ ഒപ്പം ചിഞ്ചുവുമുണ്ട്. ഈ അംഗീകാരത്തെ എങ്ങനെ നോക്കിക്കാണുന്നു?

ഔട്ട്ലുക്ക് മാഗസിന്‍ പുറത്തിറക്കിയ പട്ടികയില്‍ ഇന്ത്യയെ സ്വാധീനിച്ച 50 ദളിതരില്‍ ഒരാളാകാന്‍ എനിക്ക് കഴിഞ്ഞുവെന്നത് വലിയ അംഗീകാരമാണ്. ഇത് എനിക്ക് വലിയ ഒരു തിരിച്ചറിവ് കൂടിയാണ്. ഞാന്‍ ഒട്ടും പ്രതീക്ഷിച്ച സംഗതിയൊന്നുമല്ല ഇത്. ഫേസ്ബുക്കില്‍ ഒരു സുഹൃത്ത് എന്നെ ടാഗ് ചെയ്യുമ്പോഴാണ് ആ അമ്പത് പേരില്‍ എന്നെയും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് ഞാന്‍ അറിയുന്നത്. മഹാത്മ അയ്യങ്കാളി വിഭാവനം ചെയ്ത 10 ബി. എ ക്കാരില്‍ ഒരാളാകണമെന്നായിരുന്നു എന്‍റെ ആഗ്രഹം. ആ ആഗ്രഹം സാധിച്ചു. ഈ അംഗീകാരം ഞാന്‍ സമര്‍പ്പിക്കുന്നത് മഹാത്മ അയ്യങ്കാളിക്കും കേരളത്തിലെ ക്വീര്‍ മുന്നേറ്റത്തിനുമാണ്. ക്വീര്‍-ദളിത് മുന്നേറ്റങ്ങളില്‍ നിന്ന് കിട്ടിയ ദൃശ്യതയിലൂടെയാണ് ഈ അംഗീകാരം എന്നെ തേടി വന്നിട്ടുള്ളത്. എന്‍റെ രാഷ്ട്രീയ സ്വത്വ രൂപീകരണത്തില്‍ എന്നെ സഹായിച്ചിട്ടുള്ള, ദളിത് രാഷ്ട്രീയത്തിലും ക്വീര്‍ രാഷ്ട്രീയത്തിലും മുന്നേ ഇടപെട്ടിട്ടുള്ള, എനിക്ക് പഠിക്കാന്‍ അവസരം നല്‍കിയിട്ടുള്ള ഒരുപാട് പേര്‍ക്കാണ് ഞാന്‍ ഈ അംഗീകാരം സമര്‍പ്പിക്കുന്നത്. ഇന്ത്യയിലെ 50 ദളിതരില്‍ ഒരാളാകുകയെന്നത് ഒരു ചെറിയ കാര്യമല്ല. ഇതിനു വേണ്ടി എന്‍റെ കൂടെ നിന്നിട്ടുള്ള എല്ലാവരുടെയും സന്തോഷത്തില്‍ ഞാന്‍ പങ്കുചേരുന്നുണ്ട്.


പൊളിറ്റിക്കല്‍ ഐഡന്‍റിറ്റിയെ രൂപപ്പെടുത്തുന്നതില്‍ ക്വീര്‍ മുന്നേറ്റങ്ങള്‍ സഹായിച്ചിട്ടുണ്ടെന്നാണ് ചിഞ്ചു പറയുന്നത്. വളരെയധികം പിന്നാക്കാവസ്ഥയിലുള്ള ദളിത്-ബഹുജന്‍ മനുഷ്യര്‍ക്ക് ഇത്തരം ഇടങ്ങളിലേക്കുള്ള പ്രവേശനം ഒട്ടും എളുപ്പമല്ലല്ലോ. ചിഞ്ചു എങ്ങനെയാണ് ഈ മേഖലയിലേക്ക് കടന്നുവരുന്നത്? 

ജീവിതത്തില്‍ വളരെ വൈകി ക്വീര്‍ ഐഡന്‍റിറ്റി തിരിച്ചറിഞ്ഞ ഒരാളാണ് ഞാന്‍. ഇവിടെ പല തരത്തിലുള്ള ജെന്‍ഡര്‍-സെക്ഷ്വല്‍ വൈവിധ്യങ്ങളുണ്ട്, ഇതില്‍ എന്‍റെ ശാരീരികാവസ്ഥ ഇന്‍റര്‍സെക്സാണ്, ജെന്‍ഡര്‍ ട്രാന്‍സ് ജെന്‍ഡറാണ്, സെക്ഷ്വാലിറ്റി ക്വീറാണ് എന്നൊക്കെ ഇരുപത്തിയൊന്നാമത്തെ വയസ്സിലാണ് ഞാന്‍ തിരിച്ചറിയുന്നത്. എനിക്ക് വിദ്യാഭ്യാസമുള്ളത് കൊണ്ടാണ് എനിക്കെന്‍റെ ഐഡന്‍റിറ്റി തിരിച്ചറിയാന്‍ സാധിച്ചത്. ഞാന്‍ ഒരുപാട് പുസ്തകങ്ങള്‍ വായിക്കുകയും സിനിമകള്‍ കാണുകയും ഒരുപാട് ആളുകളോട് സംസാരിക്കുകയും ചെയ്തതിന്‍റെ ഭാഗമായാണ് അത്ര വൈകിയാണെങ്കിലും എനിക്ക് എന്‍റെ ഐഡന്‍റിറ്റി തിരിച്ചറിയാന്‍ പറ്റിയത്. അതുകൊണ്ട് പൊതുസമൂഹത്തോട് ഇതേപ്പറ്റി സംസാരിക്കേണ്ടത് എന്‍റെ ഉത്തരവാദിത്തമായാണ് ഞാന്‍ മനസ്സിലാക്കുന്നത്. കാരണം എനിക്ക് മുമ്പും കുറെ ഇന്‍റര്‍സെക്സ് ആളുകള്‍ സ്വയം എന്താണെന്ന് അറിയാതെ ജനിച്ച്, ജീവിച്ച്, മരിച്ച് പോയിട്ടുണ്ട്.

ഒരുപാട് ആളുകള്‍ ഇപ്പോഴും ഇന്‍റര്‍സെക്സായി ജീവിക്കുന്നുണ്ട്. ഇനിയും ഒരുപാട് ഇന്‍റര്‍സെക്സ് കുഞ്ഞുങ്ങള്‍ ജനിക്കാനിരിക്കുന്നുണ്ട്. ഇവര്‍ക്കൊക്കെ വേണ്ടിയാണ് ഞാന്‍ സംസാരിക്കുന്നത്. എന്നെ സഹായിച്ച ഒരുപാട് വ്യക്തികളും സംഘടനകളുമുണ്ട്. എനിക്ക് ആദ്യം എടുത്തു പറയാനുള്ളത് സഹയാത്രികയുടെ ഇടപെടലുകളാണ്. സഹയാത്രിക ലിംഗഭേദത്തെയും ലൈംഗികതയെയും മുന്‍നിര്‍ത്തി വര്‍ക്ക്ഷോപ്പുകളൊക്കെ സംഘടിപ്പിക്കാറുണ്ട്. ഒരു ദിവസം എന്‍റെ ഒരു ബന്ധുവും കവിയുമായ സതി അങ്കമാലി സഹയാത്രികയുടെ ജെന്‍ഡര്‍ ട്രെയിനിങ് വര്‍ക്ക്ഷോപ്പ് കഴിഞ്ഞു വന്ന് ڇചിഞ്ചു, എങ്ങനെയാണ് സ്വയം മനസ്സിലാക്കുന്നത്ڈ എന്ന് എന്നോട് ചോദിച്ചു. ഇതെന്‍റെ ജീവിതം മാറ്റിമറിച്ച ഒരു ചോദ്യമാണ്. ഞാനെന്‍റെ ഐഡന്‍റിറ്റിയെ കുറിച്ച് മനസ്സിലാക്കാന്‍ ശ്രമിക്കുന്നത് ഇങ്ങനെയൊരു ചോദ്യത്തിന്‍റെ ബലത്തിലാണ്. പി. ജി പഠനത്തിന് ശേഷം ഞാന്‍ സഹയാത്രികയില്‍ പ്രോഗ്രാം കോ-ഓര്‍ഡിനേറ്ററായി ജോലി ചെയ്തു. സഹയാത്രികയില്‍ വര്‍ക്ക് ചെയ്യുന്ന സമയം ക്വീര്‍ വിഷയങ്ങളെ കുറിച്ച് ക്യാമ്പസുകളിലും മറ്റുമായി നിരന്തരം ഞാന്‍ സംസാരിച്ചു. ആ സമയത്താണ് കേരള ട്രാന്‍സ്ജെന്‍ഡര്‍ ജസ്റ്റിസ് ബോര്‍ഡിലേക്ക് എന്നെ തിരഞ്ഞെടുത്തത്. സഹയാത്രികയുടെ ഇടപെടലാണ് എന്‍റെ പൊളിറ്റിക്കല്‍ ഐഡന്‍റിറ്റി രൂപപ്പെടുന്നതില്‍ ഏറ്റവുമധികം സഹായിച്ചിട്ടുള്ളത്. ഇന്ത്യന്‍ ദളിത് ഫെഡറേഷന്‍, ഉഒഞങ തുടങ്ങിയ സംഘടനകളുടെ പ്രവര്‍ത്തനങ്ങളുടെ ഭാഗമാകാന്‍ ചെറുപ്പം മുതലേ എനിക്ക് സാധിച്ചിട്ടുണ്ട്. ഇത് അംബേദ്കറുടെ ചിന്തകളിലേക്കും ദളിത് രാഷ്ട്രീയത്തിലേക്കും എത്തിപ്പെടാന്‍ എന്നെ സഹായിച്ചു. 


2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പ് ചിഞ്ചുവിനെ സംബന്ധിച്ചിടത്തോളം വളരെ നിര്‍ണായകമായിരുന്നു. അന്ന് ചിഞ്ചു 494 വോട്ടുകള്‍ നേടി...

അതെ. കുറച്ച് സുഹൃത്തുക്കളുടെ ആവശ്യ പ്രകാരമാണ് ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഞാന്‍ മത്സരിക്കുന്നത്. രാഷ്ട്രീയ അധികാരമാണ് ഏറ്റവും വലിയ അധികാരമെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. ഇലക്ഷന് മത്സരിക്കുന്ന സമയത്ത് ഒരു റപ്രസെന്‍റേഷന്‍ എന്ന തരത്തിലാണ് ഞാന്‍ ഉദ്ദേശിച്ചിരുന്നത്. മറ്റുള്ള വ്യക്തികളെ പോലെ ഞാന്‍ പ്രിതിനിധാനം ചെയ്യുന്ന സമൂഹത്തിനും ഒരു പൊതുതിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാനുള്ള എല്ലാ കഴിവും അവകാശവും ഉണ്ടെന്ന് സ്ഥാപിക്കാനുള്ള ഒരു ചെറിയ ശ്രമമായിരുന്നു അത്. എനിക്ക് കിട്ടിയ 494 വോട്ടുകള്‍ അതിന്‍റെ തെളിവാണ്. എന്‍റെ രാഷ്ട്രീയത്തെ അംഗീകരിക്കുന്ന 494 പേര്‍ ഉണ്ടെന്ന തിരിച്ചറിവ് വലിയ ഒരു അനുഭവമായിരുന്നു. 


തിരഞ്ഞെടുപ്പില്‍ ചിഞ്ചുവിന്‍റെ ചിഹ്നം ലാപ്ടോപ്പായിരുന്നു. ഇങ്ങനെ ഒരു ചിഹ്നം സ്വീകരിച്ചത് വളരെ ബോധപൂര്‍വമായാണോ? 

എന്‍റെ ചിഹ്നം ലാപ്ടോപ്പായിരുന്നു. അത് ഞാന്‍ സ്വയം തിരഞ്ഞെടുത്ത ചിഹ്നമാണ്. അറിവ് അധികാരമാണ്. വിദ്യാഭ്യാസം ലഭിക്കുകയെന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ഈ നൂറ്റാണ്ടില്‍ ലാപ്ടോപ്പ് വലിയൊരു വിപ്ലവത്തിന്‍റെ ചിഹ്നമാണ്. ഇന്‍റര്‍നെറ്റിന്‍റെ വലിയ തോതിലുള്ള വ്യാപനം ഇവിടെ വലിയ മാറ്റങ്ങളാണുണ്ടാക്കിയത്. ഈ മാറ്റം സാധാരണക്കാരിലേക്കെത്തേണ്ടതുണ്ട്. ഇവിടെയൊരു വിപ്ലവം സാധ്യമായിട്ടുണ്ടെങ്കില്‍ അത് കമ്പ്യൂട്ടറിന്‍റെ വരവോട് കൂടിയാണ്. അറിവിന്‍റെയും വിപ്ലവത്തിന്‍റെയുമൊക്കെ അടയാളമായാണ് ലാപ്ടോപ്പ് ഞാന്‍ തിരഞ്ഞെടുത്തത്. 


ട്രാന്‍സ്ജെന്‍ഡര്‍ പോളിസിയൊക്കെ നിലനില്‍ക്കുന്ന സംസ്ഥാനമാണ് കേരളം. എന്നിട്ടും മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍ നിന്ന് കടുത്ത അവഗണനയാണ് ക്വീര്‍ മനുഷ്യര്‍ നേരിടുന്നത്. ഇതിനോടുള്ള ഒരു പ്രതിഷേധമെന്ന നിലയില്‍ ചിഞ്ചുവിന്‍റെ സ്ഥാനാര്‍ത്ഥിത്വത്തെ അടയാളപ്പെടുത്താമെന്ന് തോന്നുന്നു... 

കേരളത്തിന്‍റെ കഴിഞ്ഞ ഇരുപത് വര്‍ഷത്തിന്‍റെ ചരിത്രത്തില്‍ ക്വീര്‍ രാഷ്ട്രീയ ധാരയുടെ സജീവമായ ഇടപെടലുകളുണ്ട്. ക്വീര്‍ പ്രൈഡ് പരേഡുകളുടെയും ചര്‍ച്ചകളുടെയും അവകാശ സമരങ്ങളുടെയും വലിയ ഒരു ചരിത്രം നമ്മള്‍ക്കുണ്ട്. ഇതിന്‍റെയൊക്കെ ചുവട് പിടിച്ചാണ് ഒരു പോളിസി നിലവില്‍ വരുന്നത്. വളരെ സ്വാഭാവികമായി ഒരു സുപ്രഭാതത്തില്‍ അവതരിപ്പിക്കപ്പെടുന്നതല്ല ട്രാന്‍സ്ജെന്‍ഡര്‍ പോളിസി. അതിന് പിന്നില്‍ കുറെയധികം ക്വീര്‍ മനുഷ്യരുടെ പരിശ്രമങ്ങളുണ്ട്. പോളിസി വന്നതിന് ശേഷം ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ഒരു പരിധി വരെ ദൃശ്യതയുണ്ടായിട്ടുണ്ട്. ഗവണ്‍മെന്‍റ് തലത്തിലുള്ള സഹായങ്ങള്‍ ലഭിക്കുന്നുണ്ട്. ഇതുകൊണ്ട് മാത്രം പൂര്‍ണമായ ഒരു സ്വീകാര്യത, സാമൂഹികാംഗീകാരം ക്വീര്‍ വ്യക്തികള്‍ക്ക് കിട്ടിയെന്ന് പറയാന്‍ സാധിക്കില്ല. ഇതിനാലാണ് തിരഞ്ഞെടുപ്പിന് ഞാന്‍ അത്തരം ആവശ്യങ്ങളെ മുന്നോട്ട് വച്ചത്. പോളിസിയുണ്ടായത് കൊണ്ടു മാത്രം ഇവിടെ വലിയ ഒരു മാറ്റമുണ്ടായെന്ന് പറയാന്‍ എനിക്ക് സാധിക്കില്ല. അതിന് പിന്നില്‍ ക്വീര്‍ രാഷ്ട്രീയത്തിന്‍റെ ഒരു ഇരുപത് വര്‍ഷത്തെ  ചരിത്രം തന്നെ പറയാനുണ്ട്. ഇപ്പോഴും മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ക്വീര്‍ വ്യക്തികളെ അംഗീകരിക്കാന്‍ ബുദ്ധിമുട്ടുകളുണ്ട്. ഇപ്പോഴും രാഷ്ട്രീയാധികാരികള്‍ സംസാരിക്കുമ്പോള്‍ څനപുംസകംچ എന്നൊക്കെ ഉപയോഗിക്കുന്നുണ്ട്. څനീയൊരു ട്രാന്‍സ്ജെന്‍ഡറിനെ പോലെ പെരുമാറുന്നെچന്നാണ് ആളുകള്‍ ഇപ്പോള്‍ പറയുന്നത്. څട്രാന്‍സ്ജെന്‍ഡര്‍چ എന്ന പദം ജനകീയമാകാന്‍ ഗവണ്മെന്‍റ് തലത്തിലുള്ള ഇടപെടലുകളും ട്രാന്‍സ്ജെന്‍ഡര്‍ പോളിസിയും സഹായിച്ചിട്ടുണ്ടെങ്കിലും രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കുള്ളിലെ വ്യക്തികള്‍ എത്രത്തോളം പരിഷ്കരിക്കപ്പെട്ടിട്ടുണ്ട് എന്നത് നമ്മള്‍ പരിശോധിക്കേണ്ട കാര്യമാണ്. ഈ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മഞ്ചേരിയില്‍ നിന്ന് ഒരു ട്രാന്‍സ്ജെന്‍ഡര്‍ സുഹൃത്ത് മത്സരിക്കുകയുണ്ടായി. പക്ഷെ, അവര്‍ മത്സരിക്കാന്‍ ഉദ്ദേശിച്ച രാഷ്ട്രീയ പാര്‍ട്ടി തന്നെ അവരെ ദുരുപയോഗം ചെയ്യുകയും ഉപദ്രവിക്കുകയും ചെയ്യുകയാണുണ്ടായത്.


ക്വീര്‍ വിഷയങ്ങളില്‍ നിരന്തരം ഇടപെടുന്ന ചെറുതും വലുതുമായ നിരവധി സംഘടനകള്‍ ഇപ്പോള്‍ കേരളത്തിലുണ്ട്. സംഘടനകളുടെ പ്രവര്‍ത്തനങ്ങളെ എങ്ങനെ വിലയിരുത്തുന്നു?

സമാന മനസ്ക്കരായ, സമാന സ്വത്വബോധമുള്ള ക്വീര്‍ സുഹൃത്തുക്കളുടെ കൂടെയാണ് ഞാന്‍ ആദ്യകാലം ചെലവഴിച്ചിരുന്നത്. ചഏഛ കളും ഇആഛ കളും എല്ലാം ഈ ജീവിതത്തെ കുറെക്കൂടി എളുപ്പമാക്കാനേറെ സഹായിച്ചിട്ടുണ്ട്. സംഘടനകളുടെ പ്രവര്‍ത്തനങ്ങളില്‍ പൂര്‍ണമായ സംതൃപ്തി എനിക്കുണ്ട്. കേരളത്തില്‍ സഹയാത്രികയ്ക്ക് പുറമെ ക്വീറള, ക്വീറിഥം തുടങ്ങി പല സംഘടനകളും പ്രവര്‍ത്തിക്കുന്നുണ്ട്. ആളുകള്‍ക്ക് കൂടുതല്‍ ദൃശ്യത കിട്ടാനും നമ്മളോടൊപ്പം കൂടുതല്‍ പേരുണ്ടെന്ന തോന്നലുണ്ടാക്കാനും ഈ ഇആഛ കളും ചഏഛ കളും സഹായിച്ചിട്ടുണ്ട്.


ചിഞ്ചു ഒരു ഇന്‍റര്‍സെക്സ് വ്യക്തിയാണ്. ഇത് ഘഏആഠകഝ+ നുള്ളില്‍ വലിയ ദൃശ്യതയൊന്നും ലഭിക്കാത്ത ഒരു വിഭാഗമാണ്. ഇന്‍റര്‍സെക്സ് വ്യക്തികളെ കുറിച്ച് പല തരത്തിലുള്ള തെറ്റിദ്ധാരണകളും മുന്‍വിധികളും പൊതുസമൂഹത്തിനുണ്ട്. എങ്ങനെയാണ് ഇന്‍റര്‍സെക്സ് വ്യക്തികള്‍ക്ക് വേണ്ടി ഒരു സപ്പോര്‍ട്ട് സിസ്റ്റം രൂപപ്പെടുത്തിയെടുക്കാന്‍ പറ്റുക?

ഇന്‍റര്‍സെക്സ് ഐഡന്‍റിറ്റിയെ പറ്റി പല തെറ്റിധാരണകളുമുണ്ട്. ആണും പെണ്ണും കെട്ട, വില കുറഞ്ഞ മനുഷ്യരായാണ് ഇന്‍റര്‍സെക്സ് മനുഷ്യരെ പരിചരിക്കുന്നത്. ആദ്യ കാലങ്ങളില്‍ ഇന്‍റര്‍സെക്സ് മനുഷ്യരെ ഭിന്നലിംഗമെന്നാണ് സൂചിപ്പിച്ചിരുന്നത്. തൊണ്ണൂറുകളിലാണ് ഭിന്നലിംഗം എന്ന വാക്കിന്‍റെ ഉപയോഗം ആരംഭിക്കുന്നത്. ആണ്‍-പെണ്‍ ലിംഗാവസ്ഥകളില്‍ നിന്ന് വ്യത്യസ്തമായി ജനിക്കുന്ന ആളുകളെ സൂചിപ്പിക്കുന്ന പദമായാണ് ഈ വാക്ക് പ്രയോഗത്തിലുണ്ടായിരുന്നത്. പിന്നീട്, ട്രാന്‍സ്ജെന്‍ഡര്‍ രാഷ്ട്രീയം ശക്തമായപ്പോള്‍ ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളെ ഭിന്നലിംഗം എന്ന് വിളിക്കാന്‍ തുടങ്ങി. ട്രാന്‍സ്ജെന്‍ഡര്‍ എന്നത് ഭിന്നലിംഗമല്ല. ട്രാന്‍സ്ജെന്‍ഡര്‍ എന്ന പദത്തിന് സമമായ ഒരു മലയാള പദം നമുക്കില്ല. ഗവണ്മെന്‍റ് തലത്തിലുള്ള ഇടപെടലുകള്‍ വഴി ഈയിടെ ഭിന്നലിംഗം എന്ന വാക്ക് നിരോധിക്കുകയുണ്ടായി. ഭിന്നലിംഗം എന്ന വാക്കിന്‍റെ നിരോധനം ഭിന്നമായ ലിംഗാവസ്ഥകളില്‍ ജനിക്കുന്ന ഇന്‍റര്‍സെക്സ് മനുഷ്യരെ അദൃശ്യതയിലേക്ക് തള്ളിവിടുകയാണ് ചെയ്തത്. ഇന്‍റര്‍സെക്സ് മനുഷ്യര്‍ വളരെ സവിശേഷവും സങ്കീര്‍ണവുമായ ശാരീരിക-മാനസിക അവസ്ഥകളിലൂടെയാണ് കടന്നുപോകുന്നത്. ഇവര്‍ക്ക് കൃത്യമായ ശ്രദ്ധയും സ്നേഹവും പരിഗണനയും ലഭിക്കേണ്ടതുണ്ട്. ജീവിച്ചിരിക്കാനുള്ള അവകാശം എല്ലാ മനുഷ്യര്‍ക്കുമുണ്ട്. ഇന്‍റര്‍സെക്സായ ഒരു കുട്ടിക്ക് വെളിച്ചം കാണാന്‍ പോലും കഴിയുന്നില്ല. ഗര്‍ഭാവസ്ഥയില്‍ സ്കാനിംഗ് വഴി ഒരു കുട്ടി ഇന്‍റര്‍സെക്സാണെന്ന് അറിയുകയാണെങ്കില്‍ ആ കുട്ടിയെ അബോര്‍ഷന്‍ ചെയ്തുകളയുന്ന പ്രവണത നമ്മുടെ നാട്ടിലുണ്ട്. ഇന്‍റര്‍സെക്സായി ജനിച്ചാല്‍ തന്നെ കുട്ടിയെ സര്‍ജറി ചെയ്യുന്ന സ്ഥിതിയുണ്ട്. ഈ സര്‍ജറി മൂലം ജീവിതകാലം മുഴുവന്‍ പ്രശ്നം നേരിടുന്ന ഇന്‍റര്‍സെക്സ് മനുഷ്യരുണ്ട്. ഇങ്ങനെ വളരെ സങ്കീര്‍ണമായ പ്രശ്നങ്ങള്‍ അനുഭവിക്കുന്ന ഒരു വിഭാഗമാണ് ഇന്‍റര്‍സെക്സ് സമൂഹം. ഇവര്‍ക്ക് കൃത്യമായ ഒരു സപ്പോര്‍ട്ട് മെക്കാനിസം ഇവിടെ ഉണ്ടാക്കിയെടുക്കേണ്ടതുണ്ട്. ഇതില്‍ ഡോക്ടര്‍മാരുടെയും മാനസികാരോഗ്യ വിദഗ്ധരുടെയും അഭിഭാഷകരുടെയും സഹായം ആവശ്യമായിട്ടുണ്ട്. ഇങ്ങനെ ഒരു കൂട്ടം ആളുകള്‍ പരിശ്രമിച്ചാല്‍ മാത്രം ഉണ്ടാക്കിയെടുക്കാവുന്ന ഒരു സപ്പോര്‍ട്ട് സിസ്റ്റമാണ് ഇന്‍റര്‍സെക്സ് മനുഷ്യര്‍ക്ക് വേണ്ടത്.


ട്രാന്‍സ്ജെന്‍ഡര്‍ കവിയായ വിജയരാജമല്ലികയുടെ കവിതകള്‍ നിലനില്‍ക്കുന്ന ഭാഷ എത്രത്തോളം പരിമിതമാണെന്ന് വെളിപ്പെടുത്തുന്നുണ്ട്. പുതിയ പദങ്ങള്‍ കണ്ടെടുക്കുന്നതിന്‍റെയും പഴയ പദങ്ങളെ പുതിയ രീതിയില്‍ ഉപയോഗിക്കുന്നതിന്‍റെയുമൊക്കെ വലിയ ഒരു ചരിത്രം ക്വീര്‍ വ്യവഹാരങ്ങള്‍ക്കുള്ളിലുണ്ട്. ഇതിന്‍റെ തുടര്‍ച്ചയിലല്ലേ ചിഞ്ചു സ്വന്തം ഐഡന്‍റിറ്റിയെ വിശേഷിപ്പിക്കാന്‍ څമിശ്രലിംഗംچ എന്ന പുതിയ ഒരു പദം രൂപപ്പെടുത്തിയെടുക്കുന്നതിനെ വിശദീകരിക്കേണ്ടത്.

തീര്‍ച്ചയായും. ഒരുപാട് വര്‍ഷത്തെ സംസാരത്തിന്‍റെയും എഴുത്തിന്‍റെയും വായനയുടെയും ഫലമായാണ് څമിശ്രലിംഗംچ എന്ന വാക്ക് ഞാന്‍ ഉപയോഗിക്കാന്‍ തുടങ്ങിയത്. ഇന്‍റര്‍സെക്സ് എന്ന് ഉപയോഗിക്കുമ്പോള്‍ പലര്‍ക്കും അത് മനസ്സിലാകാത്ത അവസ്ഥയുണ്ട്. ഇന്‍റര്‍സെക്സ് എന്ന വാക്ക് ഒരു പുതിയ അനുഭവമാണ് ആളുകള്‍ക്ക് നല്‍ക്കുന്നത്. അപ്പോള്‍ അതിനെ കുറെക്കൂടി ലളിതമായി മലയാളീകരിക്കേണ്ടതുണ്ട്. മുമ്പ് ഉഭയലിംഗം എന്ന വാക്കാണ് ഇന്‍റര്‍സെക്സ് എന്ന അര്‍ത്ഥത്തില്‍ ഉപയോഗിച്ചിരുന്നത്. ഇത് പല ആശയക്കുഴപ്പങ്ങളുമുണ്ടാക്കുന്നുണ്ട്. സാധാരണക്കാര്‍ക്ക് എളുപ്പത്തില്‍ മനസ്സിലാകുകയും ഈ ആശയത്തെ ഉള്‍ക്കൊള്ളുകയും ചെയ്യുന്ന ഒരു വാക്കാണ് വേണ്ടത്. എല്ലാ ഇന്‍റര്‍സെക്സ് വ്യക്തികളും മിശ്രലിംഗാവസ്ഥയില്‍ ജനിക്കുന്നവരാകണമെന്നില്ല. ഹോര്‍മോണല്‍ വ്യതിയാനവും ക്രോമസോം വ്യതിയാനവുമൊക്കെ ഇന്‍റര്‍സെക്സ് അവസ്ഥയ്ക്ക് കാരണമാകാം. എങ്കിലും ഇന്‍റര്‍സെക്സ് എന്നതിനെ കൃത്യമായി ഉള്‍ക്കൊള്ളുന്ന ഒരു മലയാളപദം മിശ്രലിംഗം എന്നതാണെന്നാണ് എനിക്ക് തോന്നുന്നത്. മല്ലിക ചേച്ചി പല സ്ഥലങ്ങളിലും ഈ പദം ഉപയോഗിക്കുകയും മിശ്രലിംഗക്കാരായ കുട്ടികള്‍ക്കു വേണ്ടി ഒരു താരാട്ടുപാട്ട് എഴുതുകയും ചെയ്തിരുന്നു. ഇതിലൂടെ ഈ പദം കൂടുതല്‍ ജനകീയമാകുകയാണ് ചെയ്യുന്നത്. പിന്നെ ഈ പദം ചില സ്വാതന്ത്ര്യമൊക്കെ നമുക്ക് അനുവദിച്ചുതരുന്നുണ്ട്. സ്വയം വിശദീകരിക്കാനും നിര്‍വചിക്കാനും സ്വന്തമായ ഒരു ഭാഷ രൂപപ്പെടുത്തിയെടുക്കുകയെന്നത് പ്രധാനപ്പെട്ട കാര്യമാണല്ലോ. 


കേരള ക്വീര്‍ പ്രൈഡിന്‍റെ സംഘാടക നിരയില്‍ ചിഞ്ചു സജീവമാണ്. 2010 ലാണ് കേരളം ആദ്യമായി ക്വീര്‍ പ്രൈഡ് ആഘോഷിച്ചത്. കോവിഡിന് മുന്നേ 2019 ല്‍ എറണാകുളത്ത് വച്ച് പ്രൈഡ് നടന്നു. ഈ ഒമ്പത് വര്‍ഷങ്ങളില്‍ ക്വീര്‍ പ്രൈഡിന്‍റെ സ്വഭാവത്തിലും ആളുകളുടെ മനോഭാവത്തിലും വന്ന മാറ്റങ്ങള്‍?

ക്വീര്‍ പ്രൈഡ് വളരെ സ്വതന്ത്രമായി നിലനില്‍ക്കുന്ന, സംഘടനാ സ്വഭാവമില്ലാത്ത ഒരു കൂട്ടമാണ്. പ്രൈഡിന്‍റെ സമയമാകുമ്പോള്‍ ഒരുപാട് ക്വീര്‍ ആളുകള്‍ ഒരുമിച്ചു വരുകയും കാര്യങ്ങള്‍ പ്ലാന്‍ ചെയ്യുകയും ചെയ്യുന്ന രീതിയാണുള്ളത്. 2016 മുതലാണ് ഞാന്‍ ക്വീര്‍ പ്രൈഡില്‍ പങ്കെടുത്തു തുടങ്ങുന്നത്. പ്രൈഡ് വളരെ വലിയ ദൃശ്യതയാണ് ക്വീര്‍ മനുഷ്യര്‍ക്ക് നല്‍കിയത്. മുഖ്യധാര മാധ്യമങ്ങള്‍ക്ക് അവഗണിക്കാന്‍ പറ്റാത്ത വിധത്തില്‍ ഈ കൂട്ടങ്ങള്‍ മാറിക്കഴിഞ്ഞിട്ടുണ്ട്. ആദ്യകാലങ്ങളില്‍ ക്വീര്‍ വ്യക്തികള്‍ മാസ്ക് ഉപയോഗിച്ച് മുഖം മറച്ചാണ് പ്രൈഡ് പരേഡുകളില്‍ പങ്കെടുത്തിരുന്നത്. 2019 ല്‍ പത്തു വര്‍ഷം പിന്നിടുമ്പോള്‍ ആത്മാഭിമാനത്തോടെ പ്രൈഡില്‍ പങ്കെടുക്കുന്ന ഒരുപാട് മനുഷ്യരെ നമുക്ക് കാണാന്‍ സാധിച്ചിട്ടുണ്ട്. പിന്നെ, വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വലിയ സ്വാധീനമുണ്ടാക്കിയെടുക്കാന്‍ നമുക്ക് പറ്റിയിട്ടുണ്ട്. ആദ്യ കാലങ്ങളില്‍ പ്രൈഡ് എല്ലാവരും ഒത്തുചേരുന്നു, റാലി നടത്തുന്നു, സന്തോഷിക്കുന്നു, പിരിയുന്നു എന്ന മട്ടിലായിരുന്നു. പിന്നീട്, സെമിനാറുകളും കവിയരങ്ങുമൊക്കെയായി ക്വീര്‍ പ്രൈഡ് വിപുലപ്പെടുന്നുണ്ട്. കൂടുതല്‍ ആളുകളെ പങ്കെടുപ്പിക്കാനും ചര്‍ച്ചകളുടെ ഭാഗമാക്കാനും നമുക്ക് സാധിച്ചിട്ടുണ്ട്. ഒരു ആഘോഷ പരിപാടി എന്നതില്‍ നിന്ന് മാറി ആളുകളെ ബോധവല്‍ക്കരിക്കുന്ന തരത്തില്‍, അക്കാദമിക്കായ ചര്‍ച്ചകളുണ്ടാക്കുന്ന തരത്തില്‍ കേരള ക്വീര്‍ പ്രൈഡ് മാറുന്നുണ്ട്. ഇതിനെ പ്രൈഡിന്‍റെ പൊതുസ്വഭാവത്തില്‍ വന്ന പ്രധാനപ്പെട്ട മാറ്റമായാണ് ഞാന്‍ കാണുന്നത്. 


ഏതെങ്കിലും ഒരു ക്വീര്‍ പ്രൈഡ് ഓര്‍മ പങ്കുവയ്ക്കാമോ?

ഞാന്‍ എറണാകുളത്ത് പി. ജി ക്ക് പഠിക്കുമ്പോള്‍ തിരുവനന്തപുരത്ത് വച്ചാണ് ക്വീര്‍ പ്രൈഡ് നടക്കുന്നത്. അന്ന് പ്രൈഡില്‍ നേരിട്ട് പങ്കെടുക്കാനോ, തിരുവനന്തപുരം വരെ യാത്ര ചെയ്യാനോ ഉള്ള ധൈര്യമൊന്നും എനിക്കില്ലായിരുന്നു. തിരുവനന്തപുരത്ത് നടക്കുന്ന പ്രൈഡിനോട് അനുബന്ധിച്ച് കുറച്ച് ആളുകള്‍ എറണാകുളത്ത് റെയിന്‍ബോ വാക്ക് സംഘടിപ്പിച്ചിരുന്നു. ഞാന്‍ ആ പ്രോഗ്രാമില്‍ പങ്കെടുത്തിരുന്നു. ഞാന്‍ അവിടെ ചെല്ലുമ്പോള്‍ എല്ലാവരും പോസ്റ്ററുകളൊക്കെ എഴുതുകയാണ്. അതില്‍ ഒരു പോസ്റ്റര്‍ എനിക്ക് വളരെ ഇഷ്ടമായി. ആണും പെണ്ണും പ്രേമിക്കുന്നത് പോലെ ആണും ആണും പെണ്ണും പെണ്ണും പ്രേമിക്കട്ടെ - അതും കൈയില്‍ പിടിച്ച് ഞാന്‍ തെരുവുകളിലൂടെ നടന്നു. ഈ ചിത്രം മാതൃഭൂമിയില്‍ അച്ചടിച്ചുവരികയും ഫേസ്ബുക്കിലൊക്കെ വൈറലാകുകയും ചെയ്തു. ഇത് കണ്ട് എന്‍റെ ക്ലാസ്സ് മേറ്റ്സ് എന്നെ കളിയാക്കുകയും എന്നെ മിസ് ജെന്‍ഡര്‍ ചെയ്ത് സംസാരിക്കുകയുമൊക്കെ ചെയ്തു. എന്‍റെ ആദ്യത്തെ പ്രൈഡ് ഓര്‍മ അതാണ്. അങ്ങനെ നേരിട്ട് പങ്കെടുക്കാത്ത ഒരു പ്രൈഡ് എന്നെ ജീവിതത്തില്‍ വല്ലാതെ സ്വാധീനിച്ചിട്ടുണ്ട്. ആ വര്‍ഷം തൊട്ട് ക്വീറായിരിക്കുന്നതിലുള്ള അഭിമാനം ഞാന്‍ അനുഭവിക്കുന്നുണ്ടായിരുന്നു. 


ക്വീര്‍ വ്യവഹാരങ്ങള്‍ക്കുള്ളില്‍ ജാതിയെ ചുറ്റിപ്പറ്റിയുള്ള ചര്‍ച്ചകളുണ്ടാകുന്നുണ്ടോ?

ക്വീര്‍ രാഷ്ട്രീയത്തിനകത്ത് ജാതി കൃത്യമായി അഡ്രസ്സ് ചെയ്യാന്‍ പലപ്പോഴും സാധിക്കുന്നില്ല. നമ്മള്‍ څദളിത് ക്വീര്‍چ എന്ന് സ്വയം വിശേഷിപ്പിക്കുമ്പോള്‍ ڇഎന്തിനാണ് നീ ജാതി പറയുന്നത്ڈ എന്നാണ് ചിലര്‍ ചോദിക്കുന്നത്. കേരളത്തിന്‍റെ സാഹചര്യത്തിലെങ്കിലും ജാതി പ്രവര്‍ത്തിക്കുന്നത് വളരെ പരോക്ഷമായാണ്. നമ്മളെ ഒറ്റപ്പെടുത്തിയും നിറത്തിന്‍റെ പേരിലൊക്കെ കളിയാക്കിയും ഇതിനുള്ളില്‍ തന്നെ ജാതി വിവേചനങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. കുറച്ച് കാലം മുന്നേ വരെ ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ പേര് മാറ്റുമ്പോള്‍ ജാതി വാല്‍ ചേര്‍ക്കുന്ന പതിവുണ്ടായിരുന്നു. നമ്മളുടെ ഇടപെടല്‍ മൂലം ഈ പ്രവണത കുറഞ്ഞിട്ടുണ്ട്. ജാതിയെ പാടെ തൂത്തുകളയാന്‍ ഒന്നും പറ്റിയില്ലെങ്കിലും ജാതിവാല്‍ ചേര്‍ക്കുന്നതൊരു മോശം പരിപാടിയാണെന്ന് ആളുകള്‍ക്ക് മനസ്സിലായി തുടങ്ങിയിട്ടുണ്ട്. ഇതൊരു മാറ്റമായാണ് ഞാന്‍ മനസ്സിലാക്കുന്നത്. 


ജാതിയും ലൈംഗികതയും ലിംഗതന്മയുമൊക്കെ തമ്മിലുള്ള പരസ്പര ബന്ധങ്ങളെ തിരിച്ചറിയുന്ന വിധത്തില്‍ ഇന്‍റര്‍സെഷണലായ ഒരു കാഴ്ച ചിഞ്ചു രൂപപ്പെടുത്തിയെടുക്കുന്നത് എങ്ങനെയാണ്?

ഇന്‍റര്‍സെഷണലായ രാഷ്ട്രീയമാണ് പറയേണ്ടതെന്ന് ഞാന്‍ മനസ്സിലാക്കുന്നത് ഒരു ദളിതനായതിനാലാണ്, ഒരു ക്വീറായതിനാലാണ്. പുരുഷാധിപത്യത്തിന്‍റെ ചിന്താപദ്ധതികളുടെയും ബ്രാഹ്മണിക് മൂല്യങ്ങളുടെയും ഇരകളാണ് നമ്മളെന്ന് ഞാന്‍ തിരിച്ചറിയുന്നു. നമുക്ക് നേരിടേണ്ടത് ഈ ചിന്താധാരകളെയാണ്. എന്തിനെയാണോ നമ്മള്‍ നേരിടുന്നതെന്ന് മനസ്സിലാക്കിക്കഴിഞ്ഞാല്‍ ഇന്‍റര്‍സെഷണലായിരിക്കാനേ നമുക്ക് കഴിയൂ. 


ഇന്ത്യന്‍ സാഹചര്യത്തില്‍ ഹിന്ദുത്വ വലതു പക്ഷത്തിന് വളരെ എളുപ്പത്തില്‍ ഏറ്റെടുക്കാവുന്ന മട്ടിലാണ് ക്വീര്‍ മുന്നേറ്റങ്ങളുടെ പോക്ക്. ഈ വിമര്‍ശനത്തോട് എങ്ങനെ പ്രതികരിക്കുന്നു? 

ക്വീര്‍ രാഷ്ട്രീയത്തെ ഹിന്ദുത്വത്തില്‍ നിന്ന് വേര്‍തിരിച്ചെടുക്കേണ്ടത് ശ്രമകരമായ പണിയാണ്. അത് ചെയ്യേണ്ടത് നമ്മുടെ കൂട്ടായ ഉത്തരവാദിത്തവുമാണ്. ഹിന്ദുത്വത്തോട് ചേര്‍ത്തുവച്ച് ഇതിനെ വായിക്കാന്‍ വളരെ എളുപ്പമുണ്ട്. അതായത്, ട്രാന്‍സ്ജെന്‍ഡര്‍ സമൂഹം തന്നെ പല സംസ്ഥാനങ്ങളിലും വിശ്വാസത്തിന്‍റെ ഭാഗമായാണ് നിലനില്‍ക്കുന്നത്. ഇതുകൊണ്ടാണ് രാമായണം, മഹാഭാരതം പോലുള്ള ടെക്സ്റ്റുകളോട് ചേര്‍ത്തുകെട്ടി അമാനുഷികരായി ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളെ സ്ഥാനപ്പെടുത്താന്‍ ശ്രമങ്ങളുണ്ടാകുന്നത്. ഇത് വളരെ വ്യാജമായ ഒരു സംഗതിയാണ്. ഹിന്ദുത്വയുടെ ഈ തന്ത്രങ്ങളില്‍ നിന്ന് ക്വീര്‍ രാഷ്ട്രീയത്തെ വേര്‍തിരിച്ചെടുക്കേണ്ടത് നമ്മള്‍ ദളിത് ക്വീര്‍-മുസ്ലീം ക്വീര്‍ മനുഷ്യര്‍ ഒരുമിച്ചിരുന്ന് ചെയ്യേണ്ട പണിയാണ്. പലപ്പോഴും നമ്മള്‍ വ്യക്തികളായാണ് നിലനില്‍ക്കുന്നത്. കൃത്യമായി സംഘടിച്ച് ഇതിന് നേരെ നമ്മള്‍ തിരിയേണ്ടതുണ്ട്. പല സംഘടനകളും ചെയ്യാന്‍ മടിക്കുന്ന പണിയാണ് ഇത്. ജാതിക്കെതിരെയും ഹിന്ദുത്വക്കെതിരെയും നിലപാടെടുക്കേണ്ടതിന് നമ്മള്‍ ഇനിയും സംഘടിക്കേണ്ടതുണ്ടെന്നാണ് ഞാന്‍ കരുതുന്നത്. 


നിലവില്‍ ചിഞ്ചു കാലടി സംസ്കൃത സര്‍വകലാശാലയില്‍ തീയറ്റര്‍ വിഭാഗം വിദ്യാര്‍ത്ഥിയാണ്. എങ്ങനെയാണ് ക്യാമ്പസ് അനുഭവം? ഒരു തീയറ്റര്‍ വിദ്യാര്‍ത്ഥി എന്ന നിലയില്‍ ഏത് വിധത്തിലാണ് ക്വീര്‍ വിഷയങ്ങളില്‍ നമുക്ക് ഈ മാധ്യമത്തെ ഉപയോഗപ്പെടുത്താനാകുക? 

~ഒരു യൂണിവേഴ്സിറ്റി അന്തരീക്ഷത്തിലാണ് ഞാന്‍ എന്‍റെ രണ്ടാമത്തെ പി. ജി ചെയ്തത്. തീയറ്റര്‍ പഠിക്കുമ്പോള്‍ ഞാന്‍ ഉദ്ദേശിച്ച കാര്യം ഒരു ദൃശ്യഭാഷ പഠിച്ചെടുക്കുകയെന്നുള്ളതാണ്. ഇതുവരെ പറഞ്ഞതില്‍ നിന്ന് വ്യത്യസ്തമായ ഒരു ഭാഷ എനിക്ക് വേണ്ടിയിരുന്നു. പ്രസംഗിച്ചും മറ്റുമൊക്കെ മടുത്തു എനിക്ക്. അതില്‍ നിന്ന് വ്യത്യസ്തമായി കുറെക്കൂടി എളുപ്പത്തില്‍ ആളുകളോട് സംവദിക്കാവുന്ന ഒരു മാധ്യമമായാണ് ഞാന്‍ ഈ ദൃശ്യഭാഷയെ പരിഗണിക്കുന്നത്.

യൂണിവേഴ്സിറ്റി അന്തരീക്ഷം ഏറെക്കുറെ എനിക്ക് അനുകൂലമായിരുന്നു. പിന്നെ ഇപ്പോള്‍ പണ്ടത്തെ ഒരു സാഹചര്യമേയല്ലല്ലോ. നമ്മളുടെ കൂടെ പഠിക്കുന്ന വിദ്യാര്‍ത്ഥികളൊക്കെയും വളരെ മുന്നോട്ട് പോയിട്ടുണ്ട്. എന്‍റെ ചിന്തകളെ മനസ്സിലാക്കുന്ന കൂട്ടുകാരോടൊപ്പം പഠിക്കാന്‍ കഴിഞ്ഞതില്‍ വളരെ സന്തോഷമുണ്ട്. മാത്രമല്ല, തീയറ്റര്‍ ഡിപ്പാര്‍ട്ടുമെന്‍റായതിനാലും ആദ്യമായി തീയറ്റര്‍ പഠിക്കാന്‍ വരുന്ന ഒരു ട്രാന്‍സ്ജെന്‍ഡര്‍ വിദ്യാര്‍ത്ഥിയെന്ന നിലയിലും എനിക്ക് വളരെയധികം സ്വീകാര്യത ലഭിച്ചിട്ടുണ്ട്. അതിനാല്‍ തന്നെ അവിടെ അതിജീവിക്കാന്‍ എനിക്ക് എളുപ്പമുണ്ടായിരുന്നു. കൂടുതല്‍ അറിയാനും പഠിക്കാനും തന്നെയാണ് ഈ കാലഘട്ടം ചെലവഴിച്ചത്. 


ഭാവിപരിപാടികള്‍ എന്തെല്ലാമാണ്?

ഹയര്‍ സ്റ്റഡീസ് തന്നെയാണ് നോക്കുന്നത്. ജെ. ആര്‍. എഫ് എഴുതി വാങ്ങണം. പി. എച്ച്. ഡി ചെയ്യണമെന്നുണ്ട്. ക്വീര്‍ തീയറ്റര്‍ ഗവേഷണം ചെയ്യണമെന്നാണ് ഞാന്‍ വിചാരിക്കുന്നത്. പ്രായോഗിക രാഷ്ട്രീയത്തില്‍ ഇടപെടണമെന്നുണ്ട്. വിദ്യാര്‍ത്ഥികളുമായി ചേര്‍ന്ന് ഞാന്‍ പ്രതിനിധാനം ചെയ്യുന്ന കമ്യൂണിറ്റിക്ക് കുറെക്കൂടി ദൃശ്യതയുണ്ടാക്കിയെടുക്കാന്‍ സാധിക്കുമെന്നാണ് ഞാന്‍ കരുതുന്നത്. 

Share:
മൂല്യസൃതി മാസിക വരിക്കാരാവുക

SUBSCRIBE ONLINE

SUBSCRIBE ONLINE
1 year - 240/- 2 Years - 480/- ,3 Years- 720/-

Moolyasruthi Cover

Moolyasruthi Cover
JUNE 2021

MOOLYASRUTHI MAGAZINE

CHAVARA INSTITUTE

CHAVARA INSTITUTE
ADMISSION STARTED

ADVERTISE HERE

ADVERTISE HERE
Ph : 0484 4863404

Chavara Matrimony

Chavara Matrimony

Popular Posts

Search This Site

Recent Posts