പരിസ്ഥിതിയുടെ രാഷ്ട്രീയവും ജീവന്‍റെ നിലനില്‍പ്പും ---- ജോണ്‍ പെരുവന്താനം


ഒരു രാഷ്ട്രത്തിന്‍റെ വികസനം പൂര്‍ണവും പരിഷ്കൃതവുമാകണമെങ്കില്‍ പരിസ്ഥിതിയെ മുഖ്യസ്ഥാനത്ത് നിര്‍ത്തിക്കൊണ്ടുമാത്രമെ സാധ്യമാകൂ എന്ന ബോധ്യത്തിലേക്ക് ലോകജനതയെ കൊണ്ടെത്തിക്കുന്നതില്‍ പരിസ്ഥിതി പ്രവര്‍ത്തകര്‍ക്ക് ഒരു പരിധിവരെ സാധിച്ചുവെന്നതാണ് കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളുടെ പ്രത്യേകത. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ചെറുതും വലുതുമായ പോരാട്ടങ്ങളില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്ന അനേകം കൂട്ടായ്മകളുടെയും വ്യക്തികളുടെയും അക്ഷീണ പരിശ്രമമാണ് ആഗോളതലത്തില്‍ ഈ അവബോധം നിര്‍മിക്കുന്നതിന് കാരണമായി ഇരിക്കുന്നത്. ദേശരാഷ്ട്ര-ഭാഷ-സാംസ്കാരിക വൈരുദ്ധ്യങ്ങളെ ഭേദിച്ചുകൊണ്ടാണ് ജീവന്‍റേയും അതിജീവനത്തിന്‍റേയും നിലനില്‍പ്പിന്‍റേയും അനിവാര്യതകളെ ഒരു പ്രത്യയശാസ്ത്ര മണ്ഡലമായി വികസിപ്പിച്ചെടുക്കുകയും ആഗോള രാഷ്ട്രീയ സമൂഹത്തിന് മുമ്പില്‍ പരിസ്ഥിതി പ്രവര്‍ത്തകര്‍ അത് ചര്‍ച്ചയ്ക്ക് വെയ്ക്കുകയും ചെയ്തത്. വിവിധ രാഷ്ട്രങ്ങളിലെ പ്രബല സമൂഹങ്ങളെ പ്രതിനിധാനം ചെയ്ത് ഉയര്‍ന്നുവന്ന വ്യത്യസ്ത രാഷ്ട്രീയാധികാര സമൂഹങ്ങളുടെ നേതൃത്വത്തില്‍ വികസനത്തെ മുന്‍നിര്‍ത്തി വിവിധങ്ങളായ നടപടികളാണ് സ്വീകരിച്ചുവന്നത്. ഇത് രാഷ്ട്രീയ സമൂഹത്തിന്‍റെ പ്രത്യയശാസ്ത്ര ബോധ്യങ്ങളെ മുന്‍നിര്‍ത്തി രൂപപ്പെടുത്തിയ വികസന നിലപാടുകളെ അടിസ്ഥാനപ്പെടുത്തിയാണ് അവര്‍ നിര്‍വഹിച്ചിരുന്നത്. ഈ ഇടപെടലുകള്‍ അനിയന്ത്രിതമായ വിഭവ ചൂഷണത്തിനും മലിനീകരണത്തിനും ജൈവവൈവിദ്ധ്യ തകര്‍ച്ചക്കും സാധാരണ ജനങ്ങളുടെ ജീവിത പ്രതിസന്ധിക്കും കാരണമായി.
ആഗോളതലത്തില്‍ നടന്ന ഈ പ്രക്രിയകളെയും അതിന്‍റെ രാഷ്ട്രീയ പ്രത്യയ ശാസ്ത്രത്തേയും പ്രശ്നവല്‍ക്കരിച്ചുകൊണ്ടാണ് ലോകപരിസ്ഥിതി ജനത വികസനത്തിന്‍റേയും വിഭവ കര്‍ത്വത്തിന്‍റേയും ജൈവവൈവിദ്ധ്യ സംരക്ഷണത്തിന്‍റേയും ജനങ്ങളുടെ അതിജീവനാവകാശത്തിന്‍റേയും പുത്തന്‍ മൂല്യമണ്ഡലം തുറന്നുവച്ചത്. പരിസ്ഥിതിയെ കേന്ദ്രമാക്കി വിവിധ സമൂഹങ്ങള്‍ ഉന്നയിച്ച മുദ്രാവാക്യങ്ങള്‍ ജൈവവൈവിദ്ധ്യത്തിന്‍റെ സംരക്ഷണവും ആവാസ വ്യവസ്ഥകളുടെ തനിമയെ പുനഃസ്ഥാപിക്കലും മാത്രമായി പരിമിതപ്പെടുത്തിയുള്ളതല്ല എന്ന് വ്യക്തമാണ്. വിഭവ ഉപഭോഗത്തിന്മേലുള്ള ശക്തമായ നിയന്ത്രണവും വിഭവാധികാരത്തിന്മേലുള്ള ജനാധിപത്യവത്കരണവും ചൂഷണോന്മുഖമായ വികസന പ്രത്യയശാസ്ത്രങ്ങളുടെ നിരാസവും അത് ആവശ്യപ്പെടുന്നു. അധികാരത്തിന് പുറത്തുനില്‍ക്കുന്ന ജനസമൂഹങ്ങളുടെ അവകാശങ്ങളെ സ്ഥാപിച്ചെടുക്കുക എന്നതും കേന്ദ്രസ്ഥാനത്ത് നിര്‍ത്തിക്കൊണ്ടാണ് പരിസ്ഥിതിയുടെ രാഷ്ട്രീയ വ്യവഹാര മണ്ഡലത്തെ പരിസ്ഥിതി പ്രവര്‍ത്തകര്‍ വികസിപ്പിച്ചത്. ഇതുകൊണ്ടാണ് ലോകമെമ്പാടുമുള്ള പാര്‍ശ്വവത്കരിക്കപ്പെട്ട അവഗണിത ജനവിഭാഗങ്ങളില്‍ മുഖ്യപങ്കും പരിസ്ഥിതി വിഷയങ്ങളില്‍ ഇടപെടുകയും പോരാട്ടങ്ങളില്‍ ഐക്യപ്പെടുകയും ചെയ്യുന്നത്. അതായത് പരിസ്ഥിതി സംരക്ഷണം മുഴുവന്‍ അധികാര കേന്ദ്രത്തേയും ചൂഷണത്തേയും അത്യാര്‍ത്തിയേയും റദ്ദ് ചെയ്തുകൊണ്ടുള്ള ഒരു ജീവിത വ്യവസ്ഥയെ മുമ്പോട്ട് വെയ്ക്കുന്നു. അത് വ്യക്തികള്‍ ജീവിതത്തില്‍ പകര്‍ത്തേണ്ട ഒരു മൂല്യമണ്ഡലം കൂടിയാണ്.
മാനവരാശിയുടെ ജീവന്‍റെ നിലനില്‍പ്പിന്‍റെ അടിസ്ഥാന ഘടകങ്ങളെ നിര്‍ണയിക്കുന്ന ധര്‍മമാണ് വിശാല അര്‍ത്ഥത്തില്‍ വനങ്ങള്‍ നിര്‍വഹിക്കുന്നത്. നമ്മുടെ ഭക്ഷ്യസുരക്ഷയ്ക്കും ജലസുരക്ഷയ്ക്കും കാലാവസ്ഥ സുരക്ഷയ്ക്കും വേണ്ടി വനസുരക്ഷ ഉറപ്പു വരുത്തേണ്ടതുണ്ട്. ആഗോളതാപനം ദുരന്ത ഭീഷണി ഉയര്‍ത്തുന്ന ഈ കാലഘട്ടത്തില്‍ കാലാവസ്ഥ വ്യതിയാനത്തില്‍ നിന്നും ദുരന്തങ്ങളില്‍ നിന്നും മരുവത്കരണത്തില്‍ നിന്നും ഭക്ഷ്യക്ഷാമത്തില്‍ നിന്നും ജലക്ഷാമത്തില്‍ നിന്നും ലോകത്തെ രക്ഷിക്കുവാന്‍ വനവിസ്തൃതി വര്‍ദ്ധിപ്പിക്കുക മാത്രമേ മാര്‍ഗമുള്ളൂ. ഇന്ന് നാം ഉപയോഗിച്ചുകൊണ്ടിരിക്കുന്ന കാര്‍ഷിക വിളകളുടെ വിത്തിനങ്ങള്‍ ഏതെങ്കിലും കാരണവശാല്‍ നഷ്ടപ്പെട്ടുപോയാല്‍ നമുക്ക് വീണ്ടും ആശ്രയിക്കാവുന്നത് അവയുടെയൊക്കെ പൂര്‍വ ജനുസ്സുകള്‍ സ്ഥിതിചെയ്യുന്ന വനങ്ങളെ മാത്രമാണ്. ജീവസാന്ദ്രമായ ഭൂമുഖത്ത് കരകളിലെ കാട് എന്ന് നാം വിളിക്കുന്ന സസ്യ സമൂഹങ്ങള്‍ക്ക് മനുഷ്യനെക്കാളും വളരെ പഴക്കമുള്ള പരിണാമ പാരമ്പര്യമുണ്ട്. നിബിഡതയും വൈവിദ്ധ്യവും സസ്യങ്ങള്‍ക്ക് മുന്‍തൂക്കവുമുള്ള ജീവസമൂഹങ്ങളെയാണ് പൊതുവെ കാട് എന്ന വാക്കുകൊണ്ട് നാം വര്‍ണിക്കുന്നതെങ്കില്‍ 3500 - 4000 ലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ഭൂമുഖത്ത് അതീവ വിസ്തൃതിയില്‍ കാടുകള്‍ ഉണ്ടായിരുന്നു. ഈ കാടുകളില്‍ ഉള്‍ക്കൊണ്ട ഊര്‍ജ്ജവും ജൈവകാര്‍ബണും നൈട്രജനും കാരണമാണ് ഭൂമിയില്‍ സംഭവിച്ച ജൈവമണ്ഡലത്തിലെ മാറ്റങ്ങള്‍ ഒക്കെയും. ജീവികളുടെ ലോകത്ത് സംഭവിച്ച എല്ലാ പരിണാമ വികാസങ്ങളും കാടുകളുടെ വളര്‍ച്ച മൂലമുണ്ടായതാണ്. പുഷ്പിക്കുന്ന സസ്യങ്ങളുടെ ഉത്ഭവത്തോടെ സസ്യവൈവിദ്ധ്യം വളരെയേറെ വര്‍ദ്ധിക്കുകയും ജീവിവംശങ്ങളുടെ പരിണാമ മാറ്റങ്ങള്‍ക്ക് ഏറെ വേഗത കൂടുകയും ചെയ്തു. പുല്ലുകള്‍ ഭൂമിയില്‍ പ്രത്യക്ഷപ്പെട്ടതും സസ്യഭുക്കുകളായ സസ്തനികളുടെ വിസ്ഫോടനകരമായ പരിണാമ വളര്‍ച്ചയും പരസ്പരം ആശ്രിതമാണ്. ജീവശാസ്ത്രമോ, പരിസ്ഥിതി ശാസ്ത്രമോ ജന്മം കൊടുത്തൊരു വാക്കല്ല കാട്. കാടിനെ തിരിച്ചറിയാന്‍ മനുഷ്യന്‍റെ കാഴ്ചപ്പാട് പ്രധാനമാണ്. കാടെന്ന നിര്‍വചനത്തില്‍പെടാന്‍ സസ്യസമൂഹത്തില്‍ നിബിഡത വളരെ പ്രധാനപ്പെട്ട ഘടകമാണ്. പെരുപ്പമാണ് നിബിഡത സൃഷ്ടിക്കുന്നത്. പെരുപ്പമാണ് പ്രകൃതിയുടെ രീതി. ഇതാണ് കാടിന്‍റെ ആവിര്‍ഭാവം. സസ്യങ്ങളുടെ നിബിഡത കൊണ്ട് ആ സമൂഹത്തിലെ എണ്ണിയാല്‍ തീരാത്ത ജീവഘടകങ്ങളുടെ പരസ്പര പൂരക ബന്ധങ്ങളുടെ ശക്തികൊണ്ട് ജൈവമണ്ഡലത്തിലെ മിക്കവാറും എല്ലാ രാസപ്രവര്‍ത്തനങ്ങളേയും സ്വാധീനിച്ച് നിയന്ത്രിച്ചിരുന്ന ആയിരക്കണക്കിന് ലക്ഷം വര്‍ഷങ്ങളുടെ പരിണാമ ചരിത്രമുള്ള കാടുകളെയാണ് മനുഷ്യന്‍ ചുരുങ്ങിയ കാലംകൊണ്ട് ഭൂമുഖത്ത് നിന്ന് ഏതാണ്ട് തുടച്ചുനീക്കിയത്. കോടിക്കണക്കിന് വര്‍ഷങ്ങള്‍കൊണ്ട് പ്രകൃതി രൂപപ്പെടുത്തിയ പ്രകൃതിയുടെ തിരുശേഷിപ്പുകളായ പര്‍വതങ്ങളും മലനിരകളും വനങ്ങളും നീരുറവുകളും ജല ശ്രോതസ്സുകളും നശിപ്പിക്കുന്ന പ്രകൃതിയെ കൊള്ളയടിക്കല്‍ എന്ന വികസന വീഷണം ഭൂമിയിലെ ഒരു ശതമാനം മാത്രം വരുന്ന സമ്പന്നരെ മാത്രം സഹായിക്കാനാണ്.
സ്ഥലത്തിന്‍റെയും കാലത്തിന്‍റെയും അനന്തതിയില്‍ സൂര്യനെന്ന ചെറിയ നക്ഷത്രത്തെ ചുറ്റി 455 കോടി വര്‍ഷങ്ങളായി കറങ്ങിക്കൊണ്ടിരിക്കുകയാണ് ഭൂമിയെന്ന അത്ഭുത ഗ്രഹം; പ്രപഞ്ചത്തിലെ ജീവന്‍റെ അറിയപ്പെടുന്ന ഏകഗോളം. മഞ്ഞുപാടങ്ങളെന്നറിയപ്പെടുന്ന ഗ്ളേസിയറുകള്‍, ചൂടുനീരുറവകളായ ഗെയ്സറുകള്‍, മേഘങ്ങള്‍, വേലിയേറ്റങ്ങള്‍, ഗ്രഹണം, ജലമണ്ഡലം, ഭൂഖണ്ഡങ്ങള്‍ തുടങ്ങിയ ഭൂമിയിലെ വൈവിദ്ധ്യങ്ങളാല്‍ അനന്തമല്ലെങ്കിലും അജ്ഞാതമായ ഭൂമി മനുഷ്യന്‍റെ തീരാത്ത അത്ഭുതങ്ങളില്‍ ഒന്നാണ്.
കോടി കോടി ജീവജാലങ്ങള്‍, കൂറ്റന്‍ പര്‍വതങ്ങള്‍, എണ്ണമറ്റ പുഴകള്‍, കരകാണാകടലുകള്‍, ഇരുണ്ട വനങ്ങള്‍, മേഘങ്ങളും മഴയും ഇടിമിന്നലും നക്ഷത്രങ്ങളും നിലാവും, എല്ലാമെല്ലാം അവനെ ആലോചിപ്പിച്ചുകൊണ്ടേയിരുന്നു. അനാദികാലം മുതല്‍ അവയുടെ രഹസ്യങ്ങളിലേക്ക് മനുഷ്യന്‍ തുടങ്ങിയ അന്വേഷണ സഞ്ചാരം ഇപ്പോഴും തുടരുന്നു.
ഈ അന്വേഷണയാത്രയില്‍ വെളിപ്പെട്ട കാര്യങ്ങളെക്കാളേറെ ഇരുളിലാണ് എന്നത് നമ്മുടെ കാല്‍ക്കീഴില്‍ കറങ്ങുന്ന ഈ ഗോളത്തെക്കുറിച്ചുള്ള അത്ഭുതത്തിന്‍റെ തരംഗദൈര്‍ഘ്യം കൂട്ടുന്നു. ഭൂമിയുടെ പല പ്രതിഭാസങ്ങള്‍ക്കും ഇന്നും പൂര്‍ണമായ ഉത്തരമില്ല. ഒരു സുനാമി വരുമ്പോള്‍, ഭൂകമ്പം വരുമ്പോള്‍, അഗ്നിപര്‍വതം പൊട്ടിയൊലിക്കുമ്പോള്‍, അമ്ലമഴ പെയ്യുമ്പോള്‍, അതിവര്‍ഷവും അല്‍പ്പവര്‍ഷവും വരുമ്പോള്‍, കൊടും വരള്‍ച്ചയ്ക്കു പുറമെ വന്‍ വെള്ളപ്പൊക്കം വന്നു കയറുമ്പോള്‍ നാം അഹങ്കരിച്ചിരുന്ന അറിവുകള്‍ പലപ്പോഴും മതിയാവുന്നില്ല. അപൂര്‍ണതയുടെ ആനന്ദം ആസ്വദിച്ചുകൊണ്ട് മനുഷ്യപ്രതിഭ അന്വേഷണം തുടരുന്നു. ജലഗ്രഹമായ ഭൂമിയില്‍ 70 ശതമാനവും ജലമാണെങ്കിലും മനുഷ്യന് ഉപയോഗിക്കാന്‍ കഴിയുന്ന ശുദ്ധജലം മൂന്നു ശതമാനം മാത്രമാണ്. ഇതില്‍ രണ്ടു ശതമാനം ധ്രുവ പ്രദേശങ്ങളില്‍ മഞ്ഞുപാളികളായി സ്ഥിതിചെയ്യുകയാണ്. മനുഷ്യന്‍ ഉപയോഗിക്കുന്ന ഒരു ശതമാനം ശുദ്ധജലം കാടുകളുടെ സംഭാവനയാണ്. കാടുകളില്‍ നിന്ന് ഉത്ഭവിക്കുന്ന നദികളാണ് അത് നമുക്ക് നല്‍കുന്നത്.
ആഗോള താപനം സൃഷ്ടിക്കുന്ന കാലാവസ്ഥ വ്യതിയാനത്തിന്‍റെ ഭാഗമായുണ്ടാകുന്ന പ്രതിഭാസങ്ങളുമായി ബന്ധപ്പെട്ടാണ് മണ്‍സൂണിന്‍റെ സ്വഭാവത്തിലുണ്ടായിരിക്കുന്ന ഇപ്പോഴത്തെ മാറ്റം. പസഫിക് സമുദ്രത്തിലെ പെറു തീരങ്ങളില്‍ രൂപപ്പെടുന്ന എല്‍നിനോ പ്രവാഹമാണ് മണ്‍സൂണിന്‍റെ മാറ്റത്തിന് ഒരു കാരണമായി കരുതുന്നത്. മഴയുടെ സ്വഭാവമാറ്റം നേരിട്ടുള്ള നമ്മുടെ നിയന്ത്രണങ്ങള്‍ക്കും എത്രയോ അകലെയാണ്. കേരളം പൂര്‍ണമായി പശ്ചിമഘട്ട മലനിരകളുടെ സംരക്ഷണത്തിലുള്ള ഭൂഭാഗമാണെന്ന് നമ്മള്‍ അറിയണം. നമ്മുടെ മഴയും പുഴകളും അന്നവും സ്വാസ്ഥ്യവും ഔഷധവുമെല്ലാം ഈ മലനിരകളുമായി ബന്ധപ്പെട്ടാണ് നില്‍ക്കുന്നതെന്ന് നമ്മള്‍ തിരിച്ചറിയണം. നാം ഓരോരുത്തരുടേയും തൃഷ്ണകള്‍ പൂര്‍ത്തീകരിക്കുന്ന അതിവേഗ വികസനത്തിന്‍റെ പല ഘടകങ്ങളും ഈ കാലാവസ്ഥ മാറ്റത്തിന് കാരണമായിതീരുന്നു. അത്തരം ആസക്തികളെ എങ്ങനെ വിവേകബുദ്ധിയോടെ പിടിച്ചുകെട്ടാമെന്ന് നാമെല്ലാവരും ചിന്തിക്കേണ്ട കാലമാണിത്. കേരളത്തിലെ ഭരണചക്രം തിരിക്കുന്നവര്‍ ഈവിധമുള്ള ആലോചനകള്‍ക്ക് പ്രാപ്തി കാണിക്കുന്നില്ല എന്നതാണ് ദുരന്തങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നത്. വികസനാന്ധതയ്ക്ക് രാഷ്ട്രീയഭേദങ്ങളില്ല.
പ്രകൃതിയെ ശത്രുതാപരമായി കൈകാര്യം ചെയ്ത് സമ്പത്തു സമാഹരിക്കുന്നതിന്‍റെ ഫലമായി സംജാതമായിട്ടുള്ള ആഗോള താപനത്തേയും കാലാവസ്ഥാ വ്യതിയാനത്തേയും സംബന്ധിച്ച് നിരവധി പഠനങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ആഗോളതാപനം പോലുള്ള കെടുതികള്‍ മനുഷ്യര്‍ക്ക് സുവ്യക്തമാക്കുന്ന ചില വസ്തുതകള്‍ ഉണ്ട്. ഒരു മനുഷ്യജീവിയുടെ പ്രവൃത്തി പോലും മുഴുവന്‍ പ്രകൃതിയേയും ബാധിക്കുന്നു എന്നതാണ് അതില്‍ ഒന്ന്. മറ്റൊന്ന്, പ്രകൃതിയില്‍ ഉണ്ടാകുന്ന ചെറിയ മാറ്റങ്ങള്‍ക്കുപോലും മുഴുവന്‍ മനുഷ്യരാശിയിലുള്ള സ്വാധീനശേഷിയാണ്. ഇവ രണ്ടും മനുഷ്യന്‍റെ പ്രകൃതിയുമായുള്ള നാഭീനാള ബന്ധമാണ് സൂചിപ്പിക്കുന്നത്. എന്നാല്‍ പ്രകൃതിയെ മുടിക്കുന്ന, അപരനെ ചൂഷണം ചെയ്യുന്ന മാര്‍ഗമാണ് മനുഷ്യന്‍ പിന്തുടരുന്നത്. ജീവനെ സംബന്ധിച്ചുള്ള ഈ അകലമാണ് വ്യക്തിപരമായും സാമൂഹികമായും പാരിസ്ഥിതികമായും എല്ലാം നാം അനുഭവിക്കുന്ന വൈരുദ്ധ്യങ്ങളുടെ ഉറവിടം. കേരളം ഇന്ന് നേരിടുന്ന അതീവ ഗുരുതരമായ പാരിസ്ഥിതികപ്രശ്നങ്ങളുടെ കേന്ദ്രബിന്ദു പശ്ചിമഘട്ട പ്രദേശങ്ങളിലെ ആവാസ വ്യവസ്ഥയ്ക്കുണ്ടായിരിക്കുന്ന നാശനഷ്ടങ്ങളാണ്. കേരളത്തില്‍ ഉണ്ടായ പ്രളയ ദുരന്തം അണക്കെട്ടുകള്‍ തുറന്നുവിട്ടപ്പോള്‍ സംഭവിച്ചതാണ്. ഉറങ്ങിക്കിടന്ന ജനങ്ങളുടെ മീതെ അണക്കെട്ട് തുറന്ന് ദുരന്തമുണ്ടാക്കിയത് അജ്ഞതയുടേയും അഹങ്കാരത്തിന്‍റേയും ആര്‍ത്തിയുടേയും ഫലമായാണ്.
മനുഷ്യരുള്‍പ്പെടെ എല്ലാ ജീവജാലങ്ങളുടെയും അന്നദാതാക്കള്‍ സസ്യങ്ങളാണ്. എല്ലാ ജീവജാലങ്ങളുടെയും ഊര്‍ജ്ജസ്രോതസ്സായിട്ടുള്ള കാര്‍ബോഹൈഡ്രേറ്റ് പ്രകൃത്യാ നിര്‍മിക്കാന്‍ കഴിയുന്നത് സസ്യങ്ങള്‍ക്ക് മാത്രമാണ്. ജീവവളര്‍ച്ച സാധ്യമാക്കുന്ന പ്രോട്ടീന്‍, കൊഴുപ്പ്, വിറ്റാമിന്‍ എന്നീ പോഷക ഘടകങ്ങള്‍ ഉല്പാദിപ്പിക്കുന്നതും സസ്യങ്ങളാണ്. സസ്യവേരുകളുമായുള്ള സഹജീവനത്തിലൂടെ മണ്ണിന്‍റെ ഘടനയും, സസ്യപോഷകമൂലകങ്ങളുടെയും വെള്ളത്തിന്‍റെയും സ്വഭാവികമായ ലഭ്യതയും മെച്ചപ്പെടുത്തി ആത്യന്തികമായി വിള ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുന്നു. ആരോഗ്യമുള്ള മണ്ണ് കാലാവസ്ഥാവ്യതിയാനത്തെ തടസ്സപ്പെടുത്തുകയും കാര്‍ബണികാംശത്തിനെ നിലനിര്‍ത്തുകയും അഭിവൃദ്ധിപ്പെടുത്തുകയും ചെയ്യുന്നു.
ഒരു ജീവിക്ക് വംശനാശ ഭീഷണി കൂടാതെ ഭൂമുഖത്ത് നിലനില്‍ക്കുവാന്‍ ഏതാണ്ട് അമ്പതിനായിരം ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണമുള്ള ഒരു ഹോം റേഞ്ച് ആവാസവ്യവസ്ഥ ഉണ്ടായിരിക്കണമെന്നാണ് അന്തര്‍ദ്ദേശീയ ശാസ്ത്ര മാനദണ്ഡം. 33 ദശലക്ഷത്തിലധികം വരുന്ന ജൈവരാശിയുടെ പാരസ്പര്യത്തിലെ ഒരു കണ്ണി മാത്രമാണ് മനുഷ്യന്‍. മനുഷ്യന് മുമ്പ് ജന്മം കൊണ്ടവയാണ് ഈ ഭൂമിയിലെ മുഴുവന്‍ ജന്തുജീവജാതികളും സസ്യലതാദികളും. ആഹാരം തേടുന്നതില്‍ തുടങ്ങി നാഗരിക സംസ്കാരത്തിന്‍റെ മുന്നോട്ടുള്ള പ്രയാണത്തിന്‍റെ ഓരോ ഘട്ടത്തിലും കാടുകളെ നശിപ്പിക്കുകയായിരുന്നു നാം. ആധുനിക ലോകത്തെ മുഴുവന്‍ പ്രതികൂലമായി ബാധിക്കുന്ന പരിസ്ഥിതി മലിനീകരണവും ചുറ്റുപാടുകളെ മാറ്റിമറിക്കാന്‍ നാം ശ്രമിക്കുന്നതിന്‍റെ ഒഴിവാക്കാനാവാത്ത ദുരന്തഭീഷണിയുമാണ് ആഗോളതാപനവും കാലാവസ്ഥവ്യതിയാനവും.
ഓരോ പ്രദേശത്തും ലഭ്യമായ സൗരോര്‍ജ്ജം, ആര്‍ദ്രത, ഭൂമിയുടെ ഉപരിതലത്തിലെ മണ്ണിന്‍റെ ധാതുലവണസ്വഭാവം ഇവയാണ് മുഖ്യമായും അവിടത്തെ ജീവസമൂഹങ്ങള്‍ എന്തായിരിക്കണമെന്ന് നിശ്ചയിക്കുന്ന നിര്‍ജീവഘടകങ്ങള്‍. ഭൂമിയുടെ ഉപരിതലത്തിലെ സസ്യനിബിഡമായ സ്ഥലത്ത് മണ്ണിലെത്തുന്ന സൗരോര്‍ജ്ജത്തെയും അവിടെ അന്തരീക്ഷത്തില്‍ വാതകരൂപത്തിലും മണ്ണില്‍ ഖരരൂപത്തിലും എത്ര ആര്‍ദ്രത നിലനില്‍ക്കുന്നുവെന്നും വെള്ളവും,  ഊര്‍ജ്ജവും എത്രവേഗം ചലിച്ചുകൊണ്ടിരിക്കണമെന്നും തീരുമാനിക്കുന്നത് കാടാണ്. ഊര്‍ജ്ജത്തിന്‍റെ അളവും ജല ലഭ്യതയുമാണ് ഭൂമുഖത്തെ എല്ലാ ചാക്രിക പ്രവര്‍ത്തനങ്ങളുടെയും അടിസ്ഥാനം. ഈ ചാക്രികതകളുടെ സന്തുലിതാവസ്ഥയിലേ ജീവപരിണാമ തുടര്‍ച്ച നിലനില്‍ക്കുകയുള്ളൂ. കേരളം ഭൂമദ്ധ്യരേഖയില്‍ നിന്നും 10 ഡിഗ്രിയില്‍ സ്ഥിതി ചെയ്യുന്ന സ്ഥലമായതുകൊണ്ട് ഇവിടെ ഊര്‍ജ്ജ ലഭ്യത വളരെ കൂടുതലാണ്. അത് ഏറ്റുവാങ്ങി ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ച് കാലാവസ്ഥയെ നിയന്ത്രിക്കുവാന്‍ മഴക്കാടുകള്‍ക്കേ കഴിയൂ. ഒരു ജീവിക്കുപോലും വംശനാശഭീഷണി കൂടാതെ നിലനില്‍ക്കുവാനുള്ള ഭൂവിസ്തൃതിയില്ലാത്ത കേരളത്തില്‍ നാലായിരത്തിലധികം ജന്തു സസ്യ ജീവജാതികള്‍ തിങ്ങി നിറഞ്ഞ് നില്‍ക്കുന്ന അത്യപൂര്‍വമായ ജൈവവൈവിദ്ധ്യസമൃദ്ധിയുള്ള ഒരു ജീന്‍ പൂളാണ് പശ്ചിമഘട്ടം. പശ്ചിമഘട്ടം കേവലം കുറെ മലനിരകളുടെ കൂട്ടമല്ല. ഭൂമദ്ധ്യരേഖയോട് അടുത്തു കിടക്കുന്ന മേഖലയായതുകൊണ്ട്, മണ്‍സൂണ്‍ വാതങ്ങളുടെ ഗതിമാര്‍ഗത്തില്‍ നിലകൊള്ളുന്നതുകൊണ്ടും, അനന്തമായ സസ്യജാലവൈവിധ്യം കൊണ്ടും, അവയില്‍ നിന്നുരുത്തിരിഞ്ഞ സൂക്ഷ്മ കാലാവസ്ഥ വൈവിദ്ധ്യം കൊണ്ടും, ആവാസ വ്യവസ്ഥയുടെ സങ്കീര്‍ണതകള്‍കൊണ്ടും ആഗോള കാലാവസ്ഥ സന്തുലനത്തില്‍ത്തന്നെ അദ്വിതീയസ്ഥാനമാണ് പശ്ചിമഘട്ടത്തിനും നമ്മുടെ സഹ്യപര്‍വത നിരകള്‍ക്കുള്ളത്. കേരളീയരെ സംബന്ധിച്ചിടത്തോളം പശ്ചിമഘട്ടത്തില്‍ നിന്നുല്‍ഭവിക്കുന്ന നൂറുകണക്കിന് ചെറുപ്രവാഹങ്ങളാണ് നമ്മുടെ ദാഹത്തെ ശമിപ്പിക്കുന്നതും അതു വഴി നമ്മെ നിലനിര്‍ത്തുന്നതും. ഈ സത്യം വിസ്മരിച്ചുകൊണ്ട് നമുക്ക് ഇനി അധികദൂരം പോകാനാവില്ല. ഇവിടെ തര്‍ക്കമില്ലാത്ത ഒരു വസ്തുതയുണ്ട്. മനുഷ്യനിര്‍മിതമായ പലകാരണങ്ങളാല്‍ പശ്ചിമഘട്ടം ഇന്ന് നാശത്തിന്‍റെ വക്കിലാണ്. കാലങ്ങളായി നടക്കുന്ന ആക്രമണോത്സുകമായ വനംകയ്യേറ്റങ്ങളും, വനനശീകരണവും ഈ മേഖലയെ തകര്‍ത്തുകൊണ്ടിരിക്കുന്നു. കാട്ടുതീ, വന്‍കിട ഏകവിളത്തോട്ടങ്ങള്‍, ടൂറിസം അധിനിവേശങ്ങള്‍, അണക്കെട്ടുകള്‍, പാറമടകള്‍, ഇതരഖനനങ്ങള്‍, തലങ്ങുംവിലങ്ങുമുള്ള റോഡുകള്‍, രാസകേന്ദ്രീകൃതമായ കൃഷിരീതികള്‍... ഇങ്ങനെ പോകുന്നു പശ്ചിമഘട്ടത്തിന്‍റെ നാശത്തിന് കളമൊരുക്കുന്ന പ്രവര്‍ത്തനങ്ങള്‍. ഈ കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമുന്നയിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല.
കാടുകളുടെ നാശം ഊര്‍ജ്ജപ്രവാഹത്തിന്‍റെ താളം തെറ്റിക്കും. ഈ താളം തെറ്റലുകള്‍ നാം ഏറ്റവും വ്യക്തമായി അറിയുന്നത് ജലചംക്രമണത്തില്‍ വരുന്ന മാറ്റങ്ങളിലൂടെയാണ്. പശ്ചിമഘട്ടത്തിലെ അന്തരീക്ഷ ആര്‍ദ്രത വളരെ വേഗം കുറയുകയാണ്. ഉണങ്ങിയ വായു മണ്ണിനെ ഉണക്കുന്നു. സസ്യസമൂഹങ്ങളില്‍ നിന്ന് വെള്ളം ബാഷ്പീകരിച്ച്  നഷ്ടപ്പെടുന്നതിന് വേഗത കൂടുന്നു. പാലക്കാട്, ഇടുക്കി, വയനാട് തുടങ്ങിയ സ്ഥലങ്ങളില്‍ മുമ്പ് ആറായിരം മില്ലിമീറ്റര്‍ വരെ മഴ ലഭിച്ചിരുന്നു. ഇന്ന് മഴയുടെ അളവ് കുറഞ്ഞ് ഈ പ്രദേശങ്ങള്‍ മരുഭൂമിയായിക്കൊണ്ടിരിക്കുന്നു.
വന്‍കരകളുടെ കടലിനോട് ചേരുന്ന പടിഞ്ഞാറന്‍ അതിരുകള്‍ കൂടുതല്‍ ചൂടുപിടിക്കുന്ന പ്രദേശങ്ങള്‍ ആയതുകൊണ്ട് ഏറ്റവും നിശിതമായ മരുവത്കരണം അവിടെയായിരിക്കും അനുഭവപ്പെടുക. ആഫ്രിക്കയിലെ നമീബിയന്‍ മരുഭൂമി ഭാവിയില്‍ കേരളം എന്താകുമെന്നതിന്‍റെ ഒരു ചൂണ്ടുപലകയാണ്. മണ്‍സൂണ്‍ വായുപ്രവാഹം കാരണം മഴകിട്ടുന്നതുകൊണ്ടാണ് കേരളം പച്ചപിടിച്ചു നില്‍ക്കുന്നത്. ഭൗമാന്തരീക്ഷത്തിലെ മാറുന്ന വായുപ്രവാഹങ്ങളും കടല്‍ ഒഴുക്കുകളും മണ്‍സൂണ്‍ കാലവര്‍ഷത്തെ എങ്ങനെ ബാധിക്കുമെന്ന് വ്യക്തമായി പറയാന്‍ ആവില്ല.
കാലത്തിന്‍റെ അങ്ങേത്തലയ്ക്കലെന്നോ ഉരുത്തിരിഞ്ഞ ഇതിന്‍റെ പൂര്‍ണതയില്‍ നിന്ന് നമുക്ക് കൂടുതലൊന്നും എടുത്തുമാറ്റാനോ കൂട്ടിച്ചേര്‍ക്കാനോ ആവില്ല. അതിന് ശ്രമിച്ചാല്‍ കാട് കാടല്ലാതാകും. ഇന്ന് മനുഷ്യ പ്രവൃത്തികള്‍ കാരണം മരുവത്കരണവും അതിവൃഷ്ടിയും ധ്രുവങ്ങളിലെ മഞ്ഞുരുകലും എല്ലാം വലിയ പാരിസ്ഥിതിക തകര്‍ച്ചയുടെ തെളിവുകളാണ്.  വനനശീകരണം ഈ തകര്‍ച്ചയുടെ ശക്തി വര്‍ദ്ധിപ്പിക്കുന്നു. ആഗോളതാപനം, കാലാവസ്ഥാ വ്യതിയാനം ഇവയുടെ അടിസ്ഥാനകാരണം കാര്‍ബണ്‍ ഡൈ ഓക്സൈഡാണ്. ഫോസില്‍ ഇന്ധനജ്വലനം, വനനശീകരണം, ആധുനികവല്‍ക്കരണം എന്നിവയിലൂടെ ടണ്‍ കണക്കിന് കാര്‍ബണ്‍ ഡൈ ഓക്സൈഡ് അന്തരീക്ഷത്തില്‍ എത്തുന്നു. പെട്രോളിയം ഉല്‍പന്നങ്ങള്‍, കല്‍ക്കരി തുടങ്ങിയ ഫോസില്‍ ഉല്‍പ്പന്നങ്ങള്‍ എന്നിവയില്‍ നിന്നും 600 കോടി ടണ്‍ കാര്‍ബണ്‍ അന്തരീക്ഷത്തില്‍ കലരുന്നു. വനനശീകരണം വഴിയുള്ള സംഭാവന 150 കോടി ടണ്‍ ആണ്. വ്യവസായവല്‍ക്കരണവും വാഹനങ്ങള്‍ പെരുകിയതുമൂലവും അന്തരീക്ഷത്തില്‍ കാല്‍നൂറ്റാണ്ടിനെ അപേക്ഷിച്ച് രണ്ട് മടങ്ങ് കാര്‍ബണ്‍ മലിനീകരണത്തിന് ഇടയാക്കിയിട്ടുണ്ട്. ഇതില്‍ അവികസിത രാജ്യമായ ഇന്ത്യയ്ക്കും ചെറുതല്ലാതെ പങ്കുണ്ട്. ആഗോള താപനത്തിന്‍റെ തോത് കുറയ്ക്കുന്നതില്‍ വൃക്ഷങ്ങള്‍ക്കുള്ള പങ്ക് വിലമതിക്കാവുന്നതിനുമപ്പുറത്താണ്. ഈ സാഹചര്യത്തില്‍ എന്തിന്‍റെ പേരിലുള്ള വനനശീകരണമാണെങ്കിലും പ്രോത്സാഹിപ്പിക്കുവാന്‍ കഴിയുകയില്ല. കഴിഞ്ഞ നൂറ്റാണ്ടില്‍ ഭൂമിയില്‍ 5000 കോടി ഹെക്ടര്‍ വനമുണ്ടായിരുന്നത് ഇപ്പോള്‍ 2000 കോടിയാണ്.
നാം അധിവസിക്കുന്ന ഭൂമിയുടെ ആയുസ് ഏറിയാല്‍ മുപ്പത് മുപ്പത്തഞ്ച് വര്‍ഷത്തേക്കു കൂടിയേ ഉണ്ടാവാന്‍ സാദ്ധ്യതയുള്ളൂ എന്ന ആശങ്കയിലാണ് ശാസ്ത്രലോകം. മുപ്പതോ മുപ്പത്തഞ്ചോ വര്‍ഷം കഴിയുമ്പോള്‍ നാം ജീവിച്ചിരിക്കുന്ന ഭൂമി മനുഷ്യനും ജന്തു ജീവജാതികള്‍ക്കും ജീവന്‍ നിലനിര്‍ത്താന്‍ കഴിയാത്ത ഒരു ആവാസ വ്യവസ്ഥയായി രൂപാന്തരപ്പെട്ടേക്കാം. ജീവന്‍റെ നിലനില്‍പ്പിന് ഏറ്റവും അനിവാര്യമായ പ്രാണവായു എന്ന ഓക്സിജന്‍ നാള്‍ക്കുനാള്‍ ക്ഷയിച്ചുകൊണ്ടിരിക്കുകയാണ്. ജീവന്‍റെ നിലനില്‍പ്പിന് കടുത്ത ഭീഷണി ഉയര്‍ത്തിക്കൊണ്ട് കാര്‍ബണ്‍ ഡൈ ഓക്സൈഡിന്‍റെ അളവ് ഓരോ നിമിഷം ചെല്ലുന്തോറും ക്രമാതീതമായി വര്‍ദ്ധിച്ച് വരുകയാണ്. മുപ്പത് - മുപ്പത്തഞ്ച് വര്‍ഷം കഴിയുമ്പോഴേക്കും മനുഷ്യനും ജന്തു ജീവജാതികള്‍ക്കും ശ്വസിക്കാന്‍ പ്രാണവായു കിട്ടാതെ ആസ്ത്മ വലിച്ച് പിടഞ്ഞു വീണു മരിക്കുന്ന ദുരന്തമായിരിക്കും നമ്മെ കാത്തിരിക്കുന്നത്. നൂറ് വര്‍ഷങ്ങള്‍ക്കു മുമ്പ് നമ്മുടെ അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈ ഓക്സൈഡിന്‍റെ അളവ് 250 ജജങ ആയിരുന്നെങ്കില്‍ ഇന്നത് 390 ജജങ ആയി വര്‍ദ്ധിച്ചിരിക്കുന്നു. നമ്മുടെ അന്തരീക്ഷ വായുവില്‍ പത്ത് ലക്ഷം പാര്‍ട്ടിക്കിള്‍ എടുത്താല്‍ അതില്‍ 390 പാര്‍ട്ടിക്കിള്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡാണ്. ഓരോ വര്‍ഷം ചെല്ലുന്തോറും 400, 450, 500, 550, 600 ഇങ്ങനെ കാര്‍ബണ്‍ ഡൈ ഓക്സൈഡിന്‍റെ അളവ് ഭാവിയില്‍ വര്‍ദ്ധിച്ച് വന്നേക്കും. കാര്‍ബണ്‍ ഡൈ ഓക്സൈഡിന്‍റെ അളവ് 600 കടക്കുമ്പോഴേക്കും മനുഷ്യനും ജന്തുജീവജാതികള്‍ക്കും ഓക്സിജന്‍ കിട്ടാതെ ആസ്ത്മ വലിച്ച് തുടങ്ങും. കാര്‍ബണ്‍ ഡൈ ഓക്സൈഡിന്‍റെ വര്‍ദ്ധനവ് മൂലം ഇന്നു തന്നെ ആഗോള താപനവും കാലാവസ്ഥ വ്യതിയാനവും ഇതുമൂലമുള്ള നൂറുകണക്കിന് പാരിസ്ഥിതിക പ്രത്യാഘാതങ്ങളും നാം അനുഭവിച്ച് തുടങ്ങിക്കഴിഞ്ഞു. മഴയുടെ അളവിലെ കുറവ്, മഴയിലെ വിതരണ ക്രമത്തിലെ അസന്തുലിതാവസ്ഥ, അതിവൃഷ്ടിയും അനാവൃഷ്ടിയും, വര്‍ദ്ധിച്ചുവരുന്ന ചുഴലിക്കൊടുങ്കാറ്റുകളും മേഘസ്ഫോടനങ്ങളും മനുഷ്യനും ജന്തു ജീവജാതികള്‍ക്കും അതിജീവനത്തിനുള്ള അവസരം പോലും ഇല്ലാത്ത കനത്ത നാശം ഏല്‍പ്പിക്കുന്നു. കടല്‍ ജലത്തിലും ശുദ്ധജല ശ്രോതസുകളായ പുഴകളിലെ ജലത്തിലും മലിനീകരണം മൂലം ഓക്സിജന്‍റെ അളവ് താഴ്ന്നതിനെ തുടര്‍ന്ന് മത്സ്യമുള്‍പ്പെടെയുള്ള ജലജീവികളുടെ വംശനാശം അപരിഹാര്യമായ നഷ്ടമാണ് മാനവരാശിക്ക് ഉണ്ടാക്കുക. നമ്മുടെ തന്നെ വംശനാശത്തിന്‍റെ തുടക്കം കൂടിയാണ് ഇത്. എന്തുകൊണ്ടാണ് കാര്‍ബണ്‍ ഡൈ ഓക്സൈഡ് ക്രമാതീതമായി വര്‍ദ്ധിക്കുന്നതെന്ന് എല്ലാവര്‍ക്കും അറിയാം. നമ്മുടെ വികസന വീക്ഷണവുമായി ബന്ധപ്പെട്ട്, ജീവിത ശൈലിയുമായി ബന്ധപ്പെട്ട്, ആഢംബരവും ആര്‍ഭാടവും ധൂര്‍ത്തും ധാരാളിത്തവും ആര്‍ത്തിയും അധികാരത്വരയും, എല്ലാത്തിനേയും വെട്ടിപ്പിടിക്കുവാനും കീഴ്പ്പെടുത്തുവാനും നമ്മെ പ്രേരിപ്പിക്കുന്നു.
സൂര്യപ്രകാശം ജീവനുവേണ്ട ഊര്‍ജ്ജമാക്കി മാറ്റാന്‍ കഴിവുള്ള സസ്യങ്ങള്‍ തൊട്ട് അവയെ ഭക്ഷിക്കുന്ന ജീവികളും ഈ ജീവികളെ വേട്ടയാടുന്ന പരഭോജികളും ഭക്ഷ്യയോഗ്യമായ എല്ലാം ആഹരിക്കുന്ന മനുഷ്യനെ പോലുള്ള സര്‍വഭുക്കുകളും ഒരു പരസ്പര ശൃംഖലയിലാണ് നിലനില്‍ക്കുന്നത്. പ്രകൃതി നിയമങ്ങളും പരിസ്ഥിതി നിയമങ്ങളും തെറ്റിക്കുന്ന മനുഷ്യന്‍ എന്ന ജീവജാതിയുടെ ആവിര്‍ഭാവത്തോടെയാണ് പ്രകൃതിയുടെ സന്തുലിതാവസ്ഥയ്ക്ക് കോട്ടം തട്ടിത്തുടങ്ങിയത്. നൈസര്‍ഗിക ചുറ്റുപാടുകളില്‍ ഒരൊറ്റ ജീവിയും ക്രമാതീതമായി പെരുകി മറ്റു ജീവികള്‍ക്കും ആവാസവ്യവസ്ഥയ്ക്കും ദോഷം വരുത്തില്ല. ഒരൊറ്റ ജീവിയും അവയുടെ ആവശ്യങ്ങള്‍ വര്‍ദ്ധിപ്പിച്ച് ജീവാഭയ വിഭവങ്ങളെ ഉന്മൂലനാശം ചെയ്യില്ല. ഒരു വന്യസസ്യഭുക്ക് അതിന്‍റെ ആഹാരം തിന്നുതീര്‍ത്ത് മരുഭൂമികള്‍ ഉണ്ടാക്കില്ല. ഒരു പരഭോജിയും തന്‍റെ വിശപ്പ് ശമിപ്പിക്കാനല്ലാതെ കൊല്ലില്ല. അതാണ് പ്രകൃതി നിയമം. മനുഷ്യന്‍ മാത്രം ഇത് അനുസരിക്കാന്‍ തയ്യാറല്ല. ജനസംഖ്യാ പെരുപ്പമാണ് വനവും ലോകവും നേരിടുന്ന മുഖ്യ ഭീഷണി. നാളെ ശുദ്ധജലവും പ്രാണവായുവും ഒരു കിട്ടാക്കനിയായിരിക്കും; ഇതായിരിക്കും നമ്മെ അലട്ടുന്ന മുഖ്യ ആശങ്ക. ഒരു ദിവസം ഒരു മനുഷ്യന് കഴിക്കാന്‍ കഴിയുന്ന പരമാവധി ഭക്ഷണം ഏകദേശം 3 കിലോഗ്രാമാണ്. എന്നാല്‍ ജീവന്‍ നിലനിര്‍ത്തുവാന്‍ ഏകദേശം 18 കിലോഗ്രാം പ്രാണവായുവെങ്കിലും വേണ്ടിവരും. ഇത്രയും ഓക്സിജന്‍ ഉല്‍പ്പാദിപ്പിക്കുവാന്‍ 14 മരങ്ങള്‍ എങ്കിലും വേണ്ടിവരും. നമ്മുടെ ജീവന്‍റെ നിലനില്‍പ്പ് പ്രകൃതിയിലെ ഓരോ സസ്യങ്ങളുമായിട്ട് ബന്ധപ്പെട്ടിരിക്കുന്നതിനാല്‍ മുഴുവന്‍ സസ്യജാലങ്ങളെയും കാത്തുസൂക്ഷിക്കുന്നതിനുള്ള ഹരിതബോധത്തിലേക്ക് ഓരോ മനുഷ്യനും ചുവട് വെക്കേണ്ടതാണ്.    
Share:

No comments:

Post a Comment

മൂല്യസൃതി മാസിക വരിക്കാരാവുക

SUBSCRIBE ONLINE

SUBSCRIBE ONLINE
1 year - 360/- 2 Years - 720/- ,3 Years- 1080/-

Moolyasruthi Cover

Moolyasruthi Cover
JULY 2024

MOOLYASRUTHI MAGAZINE

CHAVARA INSTITUTE

CHAVARA INSTITUTE
ADMISSION STARTED

ADVERTISE HERE

ADVERTISE HERE
Ph : 0484 4863404

Chavara Matrimony

Chavara Matrimony

Popular Posts

Search This Site

Recent Posts