കോവിഡ് വ്യാപനം തടയുന്നതിനായുള്ള ലോക് ഡൗണ്‍ സമൂഹത്തില്‍ ഉണ്ടാക്കിയിട്ടുള്ള ദുരിതങ്ങള്‍ ചെറുതല്ല. സമൂഹത്തിന്‍റെ താഴെ തട്ടിലുള്ള, ദിവസേന സ്വന്തം ഉപജീവനത്തിനായി ജോലി ചെയ്യേണ്ടി വരുന്ന ജനസമൂഹത്തിന് ഇത് ഒരു മഹാദുരന്തമാണ്. തൊഴില്‍ മാത്രമല്ല വീടും ഇല്ലാതാകുന്നവര്‍ ഉണ്ട്. അന്യദേശങ്ങളില്‍ പോയി തൊഴിലെടുത്ത് സ്വന്തം കുടുംബത്തെ പോറ്റിയിരുന്നവര്‍ വല്ലാത്ത പ്രതിസന്ധിയിലാകുന്നു. ചെറുകിട ഉത്പാദനങ്ങള്‍, കച്ചവടങ്ങള്‍, ടാക്സി മുതലായ സേവനമേഖലകളില്‍ പണിയെടുക്കുന്നവര്‍ തുടങ്ങി സ്വന്തം ഉത്പന്നങ്ങള്‍ വില്‍ക്കാന്‍ കഴിയാത്ത കര്‍ഷകര്‍ വരെ ദുരിതത്തിലാണ്. നിര്‍മാണമേഖലയുടെ സ്തംഭനം ഒട്ടനവധി ലക്ഷം മനുഷ്യരുടെ ജീവിതത്തെ പ്രതിസന്ധിയിലാക്കുന്നു. നിത്യരോഗികളായവരുടെ കുടുംബത്തിന്‍റെ അവസ്ഥയും ഒട്ടും ഭേദമല്ല. രാജ്യത്തിന്‍റെ മാത്രമല്ല ലോകത്തിന്‍റെ സമ്പദ്വ്യവസ്ഥ കൂപ്പുകുത്തുകയാണ്. പെട്രോള്‍ സംസ്കരിക്കാനുള്ള ക്രൂഡ് എണ്ണയുടെ വില ഭയാനകമാം വിധം താഴുക വഴി ഗള്‍ഫ് മേഖലയിലും പ്രതിസന്ധി രൂക്ഷമാണ്. പക്ഷെ ഏതു ദുരന്തവും നമ്മെ ചില സത്യങ്ങള്‍ ഓര്‍മിപ്പിക്കുന്നുണ്ടാകും. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി കേരളത്തില്‍ പ്രളയം ഉണ്ടായി. എന്താണ് അത് നമുക്ക് നല്‍കിയ പാഠങ്ങള്‍? അത്തരത്തില്‍ ഒരു വിലയിരുത്തലോ ആവശ്യമെങ്കില്‍ ചില തിരുത്തലുകളോ വരുത്താന്‍ നാം തയ്യാറായിട്ടുണ്ടോ എന്ന ചോദ്യം തല്‍ക്കാലം വിടുന്നു. ഈ കോവിഡ് രോഗബാധയും തുടര്‍ന്നുണ്ടായ സ്തംഭനവും നമ്മെ എന്തെങ്കിലും പഠിപ്പിക്കുന്നുവോ? പ്രളയം കേരളത്തിന്‍റെ മാത്രം വിഷയമാണെങ്കില്‍ ഇത് ലോകം മുഴുവനും ബാധിച്ചിരിക്കുന്ന ഒന്നാണ്. അതിന്‍റെ ആഘാതം ഓരോ രാജ്യത്തിനും
നമുക്ക് ഇന്ത്യയെയും കേരളത്തെയും പറ്റി ചിന്തിക്കാം. ഇത്തരമൊരു അടച്ചിടല്‍ വന്നില്ലായിരുന്നു എങ്കില്‍ നാമൊരിക്കലും ചിന്തിക്കുക പോലും ചെയ്യാത്ത കാര്യങ്ങളല്ലേ സംഭവിച്ചത്? വികസനം എന്ന വാക്കു തന്നെ എടുക്കുക. സുഖം, സൗകര്യം, സന്തോഷം, സ്വാദ്, സൗന്ദര്യം തുടങ്ങിയവയെ ആശ്രയിച്ചാണല്ലോ നാം വികസനത്തെ വിലയിരുത്തുന്നത്. അമേരിക്കയും പശ്ചിമയൂറോപ്പുമടക്കമുള്ള രാജ്യങ്ങളെ നാം വികസിതരെന്നും ഇന്ത്യയും ചൈനയും പോലുള്ള രാജ്യങ്ങളെ വികസ്വരര്‍ എന്നുമാണല്ലോ വിളിക്കാറുള്ളത്. അതായത് ഇന്ത്യയും മറ്റും ലക്ഷ്യമാക്കുന്നത് ഒരു വികസിത രാജ്യമാകാനാണ്. അഥവാ അമേരിക്കയെ പോലെ ഒരു രാജ്യമാകാനാണ്. ഈ മഹാമാരിയുടെ മുന്നില്‍ നില്‍ക്കുമ്പോള്‍ അമേരിക്ക നമ്മളെക്കാള്‍ വികസിതരെന്നു ഉറപ്പിച്ചു പറയാന്‍ കഴിയുമോ?
അതോ അവരുടേതല്ല നാം ലക്ഷ്യമാക്കേണ്ട വികസനം എന്നെങ്കിലും നമുക്കു തിരിച്ചറിയാന്‍ കഴിയുമോ? 1908 ല്‍ മഹാത്മാഗാന്ധി എഴുതിയ പുസ്തകമാണ് ഹിന്ദ് സ്വരാജ്. അതില്‍ തീവണ്ടിയുടെ കണ്ടുപിടുത്തം മാനവരാശിക്ക് ഗുണകരമല്ല, അത് വഴി നമ്മുടെ യാത്രാവേഗം കൂടുന്നില്ലേ എന്ന ചോദ്യത്തിന് ഗാന്ധിജി പറയുന്ന മറുപടി ഇങ്ങനെയാണ്. തീവണ്ടി നമ്മുടെ വേഗത കൂട്ടും എന്നത് ശരിതന്നെ. പക്ഷേ ഒരു രോഗാണു ഉണ്ടായാല്‍ അതിവേഗത്തില്‍ അത് പടര്‍ത്താനും തീവണ്ടി വഴിവയ്ക്കും എന്നാണ്. വേഗത കൂട്ടുന്നത് ഇപ്പോഴും നല്ലതാണ് എന്നതാണല്ലോ നമ്മുടെ വികസന സങ്കല്‍പം. പക്ഷെ കോവിഡ് ബാധ ഉണ്ടായപ്പോള്‍ ആദ്യം നാം കുറച്ചതു നമ്മുടെ ചലനവേഗതയാണ്. വിമാനവും കപ്പലും തീവണ്ടിയും മെട്രോയും അതിവേഗ തീവണ്ടിയുമെല്ലാം സ്വിച്ചിട്ട പോലെ നിന്നു. ഇപ്പോള്‍ നമ്മള്‍ വേഗതയുടെ ആരാധകരല്ലാതായി. അതും വളരെ പെട്ടെന്ന് തന്നെ. ഇത് വേഗതയുടെ കാര്യത്തില്‍ മാത്രമല്ല നമുക്ക് വളരെയേറെ സൗകര്യമാണെന്നു കരുതിയ പലതും ഉപേക്ഷിക്കാന്‍, താല്‍ക്കാലികമായെങ്കിലും നാം തയ്യാറായി. ഭക്ഷണം, വസ്ത്രം തുടങ്ങി വിനോദങ്ങളില്‍ വരെ നാം നിലപാട് മാറ്റി. നാളിതുവരെ കമ്പോളമാണ് നമ്മുടെ ആവശ്യങ്ങള്‍ നിയന്ത്രിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ നമ്മുടെ നിലനില്‍പ് തന്നെ ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നു.
വലിയ റോഡുകള്‍, വാഹനങ്ങള്‍, കൂറ്റന്‍ കെട്ടിടങ്ങള്‍, മാളുകള്‍ തുടങ്ങിയവയൊന്നും അനിവാര്യതയല്ലാതായിരിക്കുന്നു. അനേക ലക്ഷങ്ങള്‍ ചെലവഴിച്ചു നാം നടത്തിയിരുന്ന ആഘോഷങ്ങള്‍ നിലച്ചു പോയിരിക്കുന്നു. ആചാരങ്ങള്‍, വിശ്വാസങ്ങള്‍ തുടങ്ങിയ പലതും നാം ഉപേക്ഷിക്കാന്‍ തയ്യാറായി. ലോകം ആഗോളതാപനം തുടങ്ങിയ നിരവധി പാരിസ്ഥിതിക ദുരന്തങ്ങളുടെ മുനമ്പിലാണെന്ന മുന്നറിയിപ്പുകളൊക്കെ തള്ളിക്കളഞ്ഞ നമുക്ക് ആ വിനാശങ്ങള്‍ക്കു കാരണമായ പലതും ഉപേക്ഷിക്കാന്‍ വലിയ പ്രയാസമില്ലാതായി. അതിനര്‍ത്ഥം ഒന്നേയുള്ളു. തന്നെ ബാധിക്കുന്ന വിഷയമാണെങ്കില്‍ അതില്‍ എത്ര വലിയ ത്യാഗത്തിനും നമ്മള്‍ തയ്യാറാകും. പക്ഷെ അത് സമൂഹത്തിനോ വരും തലമുറകള്‍ക്കോ വേണ്ടിയെങ്കില്‍ ഒരു വിട്ടുവീഴ്ചക്കും നാം തയ്യാറാകില്ല. അത്രത്തോളമാണ് നമ്മുടെ സ്വാര്‍ത്ഥത. വാഹനങ്ങള്‍ നിലക്കുകയും മനുഷ്യര്‍ വീട്ടിനുള്ളിലേക്ക് വലിയുകയും ചെയ്ത കുറച്ചു ദിവസങ്ങള്‍ക്കകം തന്നെ നമുക്ക് ചുറ്റും പ്രകടമായ മാറ്റങ്ങള്‍ കാണാന്‍ തുടങ്ങിയിരിക്കുന്നു. നമുക്ക് ചുറ്റുമുള്ള വായുവും അന്തരീക്ഷവും തെളിഞ്ഞിരിക്കുന്നു. മഹാനഗരങ്ങളില്‍ ജീവന്‍ നിലനിര്‍ത്താന്‍ ഏറ്റവും അനിവാര്യമായ പ്രാണവായു ലഭ്യമായിരിക്കുന്നു. മാലിന്യങ്ങള്‍ വളരെ കുറഞ്ഞിരിക്കുന്നു. ലോകത്തിലെ തന്നെ ഏറ്റവും മലിനമായ നഗരങ്ങളാണ് ഇന്ത്യയുടെ തലസ്ഥാനമായ ദില്ലി അടക്കമുള്ള പല നഗരങ്ങളും. അവിടത്തെ പ്രഭാതങ്ങളും സന്ധ്യകളും ഇന്ന് സുന്ദരമായിരിക്കുന്നു. അവിടെ മനുഷ്യര്‍ക്കിപ്പോള്‍ ആകാശവും നക്ഷത്രങ്ങളും കാണാം.
ഇതുപോലെ തന്നെ ജലാശയങ്ങളും. അവിടെ എത്തിച്ചേര്‍ന്നിരുന്ന മാലിന്യങ്ങള്‍ (ഗതാഗതം, ഊര്‍ജോല്‍പാദനം, വ്യവസായങ്ങള്‍ മുതലായവയില്‍ നിന്നുള്ളവ) കാര്യമായി കുറഞ്ഞിരിക്കുന്നു. ഹോട്ടലുകളും വലിയ ആഘോഷ കേന്ദ്രങ്ങളും അടച്ചതോടെ നഗരമാലിന്യങ്ങളില്‍ കാര്യമായ കുറവുണ്ടായിരിക്കുന്നു. കരയിലും വെള്ളത്തിലും വായുവിലും നമുക്കിതുവരെ കാണാന്‍ കഴിയാതിരുന്ന സസ്യങ്ങളും ജീവികളും പക്ഷികളും പൂമ്പാറ്റകളും മത്സ്യങ്ങളും തവളകളും തുടങ്ങി മണ്ണിരകള്‍ വരെ ഇടം പിടിച്ചിരിക്കുന്നു. നമ്മുടെ ദേശീയ പാതകളിലൂടെ, നഗരങ്ങളിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലൂടെ എല്ലാം വന്യമൃഗങ്ങള്‍ സ്വൈരവിഹാരം നടത്തുന്നു. അതിനര്‍ത്ഥം ഇത്രനാളും ഇവര്‍ക്ക് കൂടി അവകാശപ്പെട്ട ഇടങ്ങള്‍ നമ്മള്‍ കൈയേറിയിരിക്കുകയായിരുന്നു എന്നാണല്ലോ.
ഈ ഭൂമി മനുഷ്യന് മാത്രം അവകാശപ്പെട്ടതല്ല എന്ന പ്രാഥമിക സത്യം നാം എങ്ങനെ മറന്നു പോയി? മനുഷ്യന്‍ മാത്രമായി ഈ ഭൂമിയില്‍ നിലനില്‍ക്കാന്‍ കഴിയില്ലെന്ന ശാസ്ത്രസത്യം നമുക്കറിയാത്തതല്ലല്ലോ. പക്ഷെ അതൊക്കെ എളുപ്പം മറന്നു കൊണ്ട് നാം സുഖമെന്നും സൗകര്യമെന്നും ലാഭമെന്നും കരുതുന്ന രീതിയില്‍ വാരിക്കോരി ധൂര്‍ത്തടിച്ചു എന്നും നമ്മള്‍ അറിഞ്ഞില്ല. അത്തരം ചോദ്യങ്ങള്‍ ചോദിക്കുന്നവര്‍ വികസനവിരുദ്ധര്‍ മാത്രമല്ല രാജ്യദ്രോഹികള്‍ കൂടിയാകുന്നു. കൈയില്‍ കൂടുതല്‍ പണം ഉള്ളവര്‍ക്ക് കൂടുതല്‍ വിഭവങ്ങള്‍ ഉപയോഗിക്കാന്‍ അവകാശമുണ്ടെന്ന യുക്തി തന്നെ എത്രമാത്രം അസംബന്ധമാണ് എന്ന് ഇപ്പോള്‍ മനസ്സിലാക്കേണ്ടതില്ലേ? ഇന്ത്യക്കാരന്‍റെ ശരാശരി വിഭവവിനിയോഗത്തിന്‍റെ പല മടങ്ങു വിനിയോഗം നടത്തുന്നവര്‍ ഒരു സൂക്ഷ്മ വൈറസിന്‍റെ മുന്നില്‍ തളര്‍ന്നു നിന്നതു നാം കണ്ടതാണ്. ഈ വൈറസ് ബാധിച്ചത് നഗരങ്ങളെയാണ്, നഗരകേന്ദ്രീകൃത വ്യവസ്ഥയെയാണ്. കുറച്ചു മനുഷ്യര്‍ക്ക് വിഭവങ്ങളുടെ വലിയൊരു പങ്കും നല്‍കുന്നതാണ് നഗരവ്യവസ്ഥ. നഗരങ്ങള്‍ ഒന്നും സൃഷ്ടിക്കുന്നില്ല. മറിച്ചു ഗ്രാമങ്ങള്‍ ഉണ്ടാക്കുന്നവയെ രൂപഭേദം വരുത്തിയും അല്ലാതെയും ഉപയോഗിക്കുന്നു. അതിനായി അവര്‍ ഊര്‍ജവും ജലവും ധാതുക്കളും എന്തിനു ശുദ്ധവായു പോലും കൂടിയ തോതില്‍ ഉപയോഗിക്കുന്നു. നമുക്ക് പഴയ ചില മുന്നറിയിപ്പുകള്‍ പൊടി തട്ടി എടുക്കാന്‍ സമയമായി. ഒന്നര നൂറ്റാണ്ട് മുമ്പാണ് സിയാറ്റില്‍ ഗോത്രമൂപ്പന്‍ അമേരിക്കന്‍ പ്രസിഡന്‍റിനോട് ചില മുന്നറിയിപ്പുകള്‍ നല്‍കിയത്. മുമ്പ് സൂചിപ്പിച്ച ഗാന്ധിജിയുടെ ഹിന്ദ് സ്വരാജ് വീണ്ടും വായിക്കാന്‍ ശ്രമിക്കണം. ഗാന്ധിജിയുടെ സാമ്പത്തിക വിദഗ്ധന്‍ എന്നറിയപ്പെടുന്ന ജെ. സി കുമരപ്പ മുന്നോട്ടു വച്ച നിലനില്‍പ്പിന്‍റെ സമ്പദ് വ്യവസ്ഥ ഇപ്പോള്‍ വായിക്കപ്പെടേണ്ടതല്ലേ? ഇവയൊക്കെ കേവല യാന്ത്രിക വായന നടത്തിയാല്‍ പോരാ. നാളിതുവരെയുള്ള ശാസ്ത്രവിജ്ഞാനങ്ങളും അനുഭവങ്ങളും മുന്നില്‍ വച്ച് കൊണ്ട് മനുഷ്യരാശിയുടെ അഥവാ (ബഹുമാന്യ പോപ്പ് തിരുമേനിയുടെ ചാക്രികലേഖനത്തില്‍ പറയുന്നത് പോലെ) നമ്മുടെ ഒരേയൊരു വാസഗൃഹമായ ഭൂമിയുടെ നിലനില്‍പ് സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ തുടങ്ങാന്‍ സമയമായില്ലേ? മറിച്ച് ഇതും മറ്റൊരു കടമ്പ മാത്രം എന്ന രീതിയില്‍ പഴയ ദിശയില്‍ തന്നെ മുന്നോട്ടു പോയാല്‍ വരുംകാലം നമുക്ക് പ്രതീക്ഷിക്കാന്‍ പോലുമാകില്ല.
സി. ആര്‍ നീലകണ്ഠന്‍
No comments:
Post a Comment