ഞങ്ങള്‍ ദ്വീപുകാര്‍ക്ക് കര എന്നു പറഞ്ഞാല്‍ മലയാളക്കരയാണ്. അത് കന്യാകുമാരി മുതല്‍ ഗോകര്‍ണം വരെ നീണ്ടതായിരുന്നു. മംഗലാപുരവും ഗുജറാത്തും കാര്‍വാറും കാസര്‍ഗോഡും കണ്ണൂരും കുന്താപ്പുറവും കോഴിക്കോടും കൊച്ചിയും തിരുവനന്തപുരവുമൊക്കെ ചേര്‍ന്ന വന്‍കരയെതന്നെയാണ് ഞങ്ങള്‍ മലയാളക്കരയെന്ന് വിളിക്കുന്നത്. ചുറ്റും ഇരമ്പിയാര്‍ക്കുന്ന അറബിക്കടലിലൂടെ പായകെട്ടിയ ഓടത്തില്‍ ചെന്നണയുന്ന മലയാളക്കര ഞങ്ങള്‍ക്ക് ഒരു സ്വപ്ന ലോകമായിരുന്നു. കാറും ബസ്സും തീവണ്ടിയും ചീറിപ്പായുന്ന കര. കൊടുങ്കാടുകളുള്ള, വന്യ ജീവികളും പാമ്പുകളും പാര്‍ക്കുന്ന വന്‍കര. കര കാണാത്ത എത്രയോ ആളുകള്‍ എന്‍റെ കുട്ടിക്കാലത്ത് ദ്വീപിലുണ്ടായിരുന്നു. അതിലൊരുവനായിരുന്നു ഞാനും.
കര കാണാനും അവിടത്തെ അതൃപ്പങ്ങള്‍ ആസ്വദിക്കാനുമുള്ള ആശ മൂത്ത് മൂത്ത് ഞാന്‍ ഇരിക്കപ്പൊറുതി തരാത്തവിധം പുളയുന്ന കാലമായിരുന്നു അത്. ബാപ്പ എപ്പോള്‍ യാത്രക്കൊരുങ്ങുമ്പോഴും ഞാനും ഒരുങ്ങും. ഒരു സഞ്ചിയില്‍ തുണിയും കുപ്പവും നിറച്ച് യാത്ര ചെയ്യാന്‍ തയ്യാറാവും. എപ്പോഴും എന്നെ കാണാതെ ഒളിച്ചാണ് ബാപ്പ യാത്ര ചെയ്തുകൊണ്ടിരുന്നത്. അത് മനസ്സിലാവുമ്പോള്‍ ഞാന്‍ കുറേ കരയും.
ڇഓനാ ഉരാശ ഇല്ലിയാ. ഇപ്പളെങ്കിലും ഉര്ക്കാ കൂട്ടിക്കോ.ڈ
ഉമ്മാ റേഡിയോ കേട്ടുകൊണ്ടിരുന്ന ബാപ്പാന്‍റെ മുന്നില്‍ കാര്യമവതരിപ്പിച്ചു. റേഡിയോ ട്യൂണ്‍ ചെയ്യുന്നതിന്‍റെ കിരുകിരു ശബ്ദത്തിനിടയിലാണ് ബാപ്പാന്‍റെ സമ്മതം കിട്ടിയത്. സന്തോഷം കൊണ്ട് ഞാന്‍ തുള്ളിച്ചാടി. ആ നിമിഷം മുതല്‍ ബാപ്പയും ഉമ്മയും എന്ത് പറഞ്ഞാലും ഞാനത് അനുസരിക്കാന്‍ തുടങ്ങി.
ബാപ്പാ നാട്ടിലെ ഒരു മുതലാളിയും നേതാവുമായിരുന്നു. നാട്ടിലെ ഒരുപാടാളുകള്‍ ബാപ്പാന്‍റെ കൈയില്‍ കൊപ്പരയും മറ്റു ചരക്കുകളും കരയില്‍ വില്‍ക്കാനായി കയറ്റുമായിരുന്നു. ഇങ്ങനെ സാധനങ്ങള്‍ കേറ്റുന്നവരുടെ അടുത്തേക്ക് പല ആവശ്യങ്ങള്‍ക്കായി ഞാനോടി. കൊപ്പരവേലിയില്‍ ചായ കൊടുക്കാനും തണ്ണി കൊടുക്കാനും ഞാന്‍ ഒരുങ്ങി നിന്നു. ബാപ്പാന്‍റെ സന്തത സഹചാരികളായ ഹാത്തിം കാക്കാനെ വിളിക്കാന്‍ തെക്കിള ചാടിപ്പുരവരെ ഓടി തിരിച്ചെത്തിയാല്‍ അലിയാര്‍ കുഞ്ഞിവായേയും ഉമ്മാമമ്പനേയും വിളിക്കാന്‍ വടക്കോട്ടോടും. അതും കഴിഞ്ഞായിരിക്കും യൂസുഫ് കുഞ്ഞിക്കാക്കാനെ വിളിക്കാന്‍ വീണ്ടും തെക്കോട്ട്.
അങ്ങനെ കൊണ്ടകോലോടത്തില്‍ സാധനങ്ങള്‍ കയറ്റി തുടങ്ങി. ഞങ്ങളുടെ കടപ്പുറത്താണ് ഓടം കെട്ടിയിരിക്കുന്നത്. കരക്കെട്ടു കെട്ടിയ ഓടത്തിലേക്ക് ഫതം വെള്ളത്തിലാണ് സാധനങ്ങള്‍ കേറ്റുന്നത്. കൊപ്പരയും ചിരട്ടയും കുഞ്ഞിക്കിടുവും ഉണക്കമീനും എല്ലാം ഓടത്തില്‍ നിറഞ്ഞപ്പോള്‍ ദെല്ലോളം* ഓടം താഴ്ന്ന് കിടന്നു. ഉമ്മ അലുവ കുളച്ച് വാഴ ഇലയില്‍ പൊതിഞ്ഞു. എന്‍റെ ആദ്യ യാത്ര ഫൊലിവാക്കുന്നല്ലോ എന്ന് ഞാന്‍ ഉള്ളാലെ സന്തോഷിച്ചു.
ആ ദിവസം എത്തി. പാലത്തില്‍ നിന്നാണ് ഓടം പുറപ്പെടുക. മരപ്പലക പാകിയ പാലത്തിലൂടെ കൈയില്‍ എന്‍റെ വസ്ത്രങ്ങള്‍ നിറച്ച സഞ്ചിയുമായി നടക്കുമ്പോള്‍ ഞാന്‍ ഈ ലോകത്തിലൊന്നുമായിരുന്നില്ല. കൊണ്ടകോലോടത്തിലേക്ക് എന്നെ ആരോ എടുത്ത് കയറ്റി. ഞാന്‍ ബാപ്പാന്‍റെ അടുക്കല്‍ ചെത്തിരിക്കുള്ളില്‍ പോയിരുന്നു. ബാപ്പ തന്‍റെ പെട്ടിയും മറ്റും അടുക്കിവെക്കുകയായിരുന്നു.
ڇഇട്ടു ബെന്തതേറ്റീനിയാ...?ڈ
ഉത്തിളിയാറ്റവാന്‍റെ ചോദ്യത്തിന് څഓچ എന്നുത്തരം കൊടുത്തത് അവരുടെ ക്വാ ആയിരുന്നു. ഫാത്തിഹാ വിളിച്ച് ദുആയിരന്നു. ഓടത്തിന്‍റെ കെട്ടഴിക്കാന്‍ നേരം ഹാത്തിം കാക്കായും അലിയാര്‍ കുഞ്ഞിവായും എന്നെ തൂക്കിയെടുത്ത് പാലത്തിലിറങ്ങി കരയിലേക്ക് നടന്നു. ഞാന്‍ കാലിട്ടടിച്ച് നിലവിളിച്ച് കരഞ്ഞുകൊണ്ടിരുന്നു. എത്ര കരഞ്ഞിട്ടും അവരുടെ കൈകളില്‍ നിന്നും ഒന്ന് കുതറി മാറാനോ ഇറങ്ങി ഓടിപ്പോയി ഓടത്തില്‍ കയറാനോ എനിക്കായില്ല. ഓടം അളുവി പുറപ്പെടും വരെ ഞാന്‍ അവരുടെ കൈകളില്‍ കിടന്ന് കരഞ്ഞുകൊണ്ടിരുന്നു. ഇപ്പോഴും ആ നിലവിളി എന്‍റെ ഉള്ളില്‍ മുഴങ്ങിക്കൊണ്ടിരിക്കുന്നു. ഇതിനെയാണല്ലോ ഞങ്ങള്‍ ദ്വീപുകാര്‍ ഏറ്റിയിളിച്ച ഉണ്ടേക്കെട്ട് എന്നു പറയുന്നത്.
* ദെല്ല് - ഓടത്തില്‍ ചരക്ക് കയറ്റുന്നതിന്‍റെ നിയന്ത്രണരേഖ
No comments:
Post a Comment