നമ്പി നാരായണന്‍ - സത്യത്തെ പ്രകാശിപ്പിക്കുന്ന ഒരാള്‍


     ഇന്നോളം ഫിനിക്സ് എന്ന പക്ഷി കല്‍പിതകഥകളിലെ അരൂപിയായിരുന്നു. ചാരത്തില്‍ നിന്ന് ഫിനിക്സ് ഉയിര്‍ത്തെഴുന്നേല്‍ക്കുന്നത് പരാജയപ്പെട്ടവന്‍ നടത്തുന്ന വിജയക്കുതിപ്പിന്‍റെ ചരിത്രാതീത വിശേഷണമായിതീര്‍ന്നു. എന്നാല്‍ ഇന്ന് ചാരക്കഥയില്‍ നിന്ന് കനല്‍വച്ച കണ്ണുകളുമായി നമ്പി നാരായണന്‍ എന്ന ശാസ്ത്രജ്ഞന്‍ ഉയിര്‍ത്തെഴുന്നേറ്റത് ഒരു ചരിത്രമായി മാറുകയും ഫിനിക്സിന് ഒരു മുഖമുണ്ടാവുകയും ചെയ്തിരിക്കുന്നു. അസത്യത്തെ അദ്ദേഹം കത്തിച്ചു ചാമ്പലാക്കി. സത്യത്തെ മാണിക്യമായി തലയില്‍ ചൂടി.
     നമ്പി നാരായണന്‍ څമൂല്യശ്രുതിچയോടു സംസാരിക്കുന്നു. ഓരോ ദിവസവും അദ്ദേഹം ആവര്‍ത്തിക്കുന്ന സത്യങ്ങള്‍ക്കു കൂടുതല്‍ പ്രകാശം... മുന്നോട്ടുവെക്കുന്ന ജീവിതാനുഭവങ്ങള്‍ക്ക് തിളയ്ക്കുന്ന വെയിലിന്‍റെ തീക്ഷ്ണത... നഷ്ടബോധങ്ങളുടെ നിശ്വാസങ്ങള്‍ക്ക് ശൂന്യജീവിതത്തിന്‍റെ നിലയ്ക്കാത്ത താളം...
     ബൊമ്മക്കൊലുകള്‍ ഒരുക്കുന്ന നവരാത്രി ദിനങ്ങളുടെ തലേന്നായിരുന്നു അദ്ദേഹത്തെ കണ്ടത്. ഭൂതകാലം എവിടെയോ ഇറക്കി വച്ച് ഒരു കാറ്റൊഴുകുന്ന നിര്‍മമതയോടെ നമ്പി നാരായണന്‍ ചലിക്കുന്നു.
     ڇസുപ്രീം കോടതി വിധി വന്നതില്‍പ്പിന്നെ അലട്ടിയിരുന്ന ശാരീരികാസ്വസ്ഥതകള്‍ കുറെയൊക്കെ വിട്ടുപോയിڈ. അദ്ദേഹം ആശ്വസിച്ചു.
     ~ഒരു പുരുഷായുസിന്‍റെ മുക്കാല്‍ ഭാഗവും ചാരനായി അറിയപ്പെടേണ്ടി വന്ന ശാസ്ത്രജ്ഞന്‍... ചാരനല്ലെന്നു തെളിയിക്കാന്‍ എടുത്ത രണ്ടു വ്യാഴവട്ടക്കാലം സമൂഹത്തില്‍, ആള്‍ക്കൂട്ടങ്ങളുടെ നടുവില്‍ ചരിച്ച ഏകാകി... സ്ഥാപിത താല്‍പര്യങ്ങളുടെ നിഗൂഢമായ കുരുക്കിലും, ക്രൂരതകളിലും കുടുംബവും കരുത്തും ഹോമിക്കപ്പെട്ട മനുഷ്യന്‍... ജീവിതം നല്‍കിയ നെരിപ്പോട് പുകഞ്ഞു തീര്‍ന്നപ്പോള്‍ വെളിവായ തെളിഞ്ഞ ലോകത്തില്‍ ബാക്കി കാലമെങ്കിലും ആരോപണവിധേയനല്ലാതെ, സാധാരണ ജീവിതം സന്തോഷത്തോടെ ജീവിച്ചു തീര്‍ക്കാമെന്ന് ആഗ്രഹിക്കുന്നു നമ്പി നാരായണന്‍.
     ഈ പുതിയ ലോകത്തെക്കുറിച്ചും, ബാക്കിയുള്ള ചില സ്വപ്നങ്ങളെക്കുറിച്ചും നമ്പി നാരായണന്‍ മനസ് തുറന്നു. വര്‍ത്തമാനകാലത്തെക്കുറിച്ചു സംസാരിക്കുമ്പോള്‍ മറന്നുകളയാനാണിഷ്ടമെങ്കിലും കെട്ടഴിച്ചുകളയാനാകാത്ത കറുത്ത ഭൂതകാലത്തെക്കുറിച്ചും അതോടൊപ്പം സംസാരിക്കാതെ വയ്യല്ലോ; അത് കൊണ്ട് ചില പരാമര്‍ശങ്ങളും, കണ്ടെത്തലുകളും, അവിരാമം തുടരുന്ന വ്യവസ്ഥിതികളും പങ്കുവെക്കുന്നു അദ്ദേഹം.
തീച്ചൂളയില്‍ വെന്ത ജീവിതചരിത്രം
     നമ്മുടെ കേരളത്തില്‍ അതിന്‍റെ ശാസ്ത്ര ശാഖയുടെ നെടുംതൂണായ കടഞഛ യെ ബന്ധപ്പെടുത്തി ആര്‍ക്കോ ഒരു ചാരക്കഥ വേണമായിരുന്നു. അത് ആസൂത്രണം ചെയ്തവര്‍ തന്നെയാണ് ആ കഥ യഥാര്‍ത്ഥ സംഭവമെന്ന് വരുത്തിത്തീര്‍ക്കാന്‍ പശ്ചാത്തലങ്ങള്‍ തീര്‍ത്തത്. അതിലെ മുഹൂര്‍ത്തങ്ങള്‍ മെനഞ്ഞത്. അതിന്‍റെ ഇരയാണ് താന്‍. ഒരു ഇല്ലാത്ത കഥ പറഞ്ഞ് ഒരു രാഷ്ട്രത്തെ പറ്റിക്കണമെങ്കിലോ, ജനങ്ങളെ വിശ്വസിപ്പിക്കണമെങ്കിലോ യഥാര്‍ത്ഥ സംഭവങ്ങള്‍ അരങ്ങേറണം. താനടക്കമുള്ളവരുടെ അറസ്റ്റ് അതിനായിരുന്നു. എന്നാല്‍ കഥ അവതരിപ്പിച്ചവര്‍ക്ക് വലിയ അബദ്ധങ്ങള്‍ പറ്റി. ഏതു മേഖലയിലാണോ ചാരപ്രവര്‍ത്തനം നടന്നു എന്നാരോപിച്ചത് അതില്‍ ഐപിഎസ് ചിഹ്നമടക്കം പേറുന്നവര്‍ക്ക് അടിസ്ഥാന ജ്ഞാനം പോലുമില്ലാത്തതുകൊണ്ട് കഥയുണ്ടാക്കാന്‍ നടത്തിയ നാടകമെല്ലാം വിഡ്ഢികളുടേതായി. എന്തിനാണ് അറസ്റ്റ് ചെയ്തത്, അറസ്റ്റിന്‍റെ സാങ്കേതിക വശങ്ങള്‍ ന്യായീകരിക്കത്തക്കതാണോ എന്നൊന്നും ചിന്തിച്ചിരുന്നില്ല ഇവര്‍. എല്ലാം ആര്‍ക്കോ വേണ്ടി ചെയ്തതുപോലെയായി. കടഞഛ റോക്കറ്റിന്‍റെ സ്കെച്ചുകള്‍ കൈമാറാറുണ്ട്; ലാര്‍സണ്‍ ആന്‍ഡ് ട്യൂബ്രോ പോലെയുള്ള കമ്പനികള്‍ക്ക്... അതില്‍ ഒരു രഹസ്യവും അടക്കാന്‍ പറ്റില്ല. രണ്ടക്ഷരം കൂട്ടിവായിക്കാന്‍ അറിയാത്ത മറിയം റഷീദക്കോ ഫൗസിയക്കോ അത് കൈമാറ്റം ചെയ്തിട്ടെന്തു കിട്ടാന്‍? തന്നെയുമല്ല ക്രയോജനിക്ക് എഞ്ചിന്‍റെയോ വികാസ് എഞ്ചിന്‍റെയോ സാങ്കേതിക വിദ്യ വെറും ഒരു രൂപരേഖയില്‍ നിന്ന് ചാരവൃത്തി നടത്താന്‍ പ്രേരിപ്പിക്കുന്ന രാജ്യത്തിന് ലഭിക്കുകയുമില്ല. (ക്രയോജനിക് എഞ്ചിന്‍റെ സാങ്കേതിക വിദ്യ അക്കാലത്ത് ഇന്ത്യ സ്വായത്തമാക്കിയിട്ടില്ല). ഇതും പറഞ്ഞായിരുന്നു അറസ്റ്റ്.
     മറ്റൊരു പ്രധാനപ്പെട്ട വസ്തുത എന്ന് പറയുന്നത് കേരള പൊലീസിന്‍റെ അധികാര പരിധിയില്‍ വരുന്നതോ, അവര്‍ക്കു കേസെടുക്കാന്‍ കഴിയുന്നതോ ആയ സംഭവമല്ല അവര്‍ ഉന്നയിച്ച ചാരക്കേസ്. ഒരു ഐപിഎസ് പൊലീസ് ഓഫീസര്‍ക്ക് അതറിയില്ല എന്നാണോ വിശ്വസിക്കേണ്ടത്?
     എനിക്കൊരു സ്വഭാവമുണ്ട്. കടഞഛ യില്‍ ജോലി ചെയ്യുന്ന കാലത്തെ സങ്കീര്‍ണമായ പല ആശയങ്ങളും ക്രോഡീകരിക്കാന്‍ കഴിയാതെ വരുമ്പോള്‍ എല്ലാം എഴുതിവയ്ക്കും. ചിന്തയുടെയും പ്രവൃത്തിയുടെയും ഒരു ചെറിയ കണിക പോലും, ഒരു അക്ഷരം പോലും വിട്ടുപോവാതെ. ഇത് പിന്നീട് പരിശോധിക്കുമ്പോള്‍ ഏതോ തീര്‍ത്തും അപ്രധാനമായ ഒരിടത്തു അതിനുള്ള ഉത്തരവും കിടക്കുന്നുണ്ടാകും. പൊലീസിന്‍റെ മൂന്നാം മുറകളുടെയും, അതിക്രൂരമായ പീഡനങ്ങളുടെയും കാലം കഴിഞ്ഞ്, ഒന്ന് ചിന്തിക്കാന്‍ മനസ് പാകപ്പെട്ടപ്പോള്‍ ആദ്യം ചെയ്തത് തന്നെ ഗ്രസിച്ച ദുര്‍ന്നിമിത്തങ്ങളെ ഒട്ടൊന്നു മാറി നിന്ന് നോക്കിക്കാണുകയായിരുന്നു. ഒരു സംഭവവും വിടാതെ... ഒരു സംശയത്തെയും മാറ്റിനിര്‍ത്താതെ... ശശികുമാറിന്‍റെ അറസ്റ്റ്, ശര്‍മയുടെ അറസ്റ്റ്, മാലിദ്വീപ് വനിതകളുടെ അറസ്റ്റ്, തന്‍റെ അറസ്റ്റ്... മറുവശത്ത്
കേരള പൊലീസ്, സിബി മാത്യൂസ്, പൊലീസ് സംഘം, വേറൊരു രാഷ്ട്രീയ മണ്ഡലത്തില്‍ അന്നത്തെ മുഖ്യമന്ത്രി കെ.കരുണാകരന് എതിരെ ഉയര്‍ന്നുവന്ന ആരോപണങ്ങളുടെ കൊടുങ്കാറ്റ്, സംഭവങ്ങള്‍ നടന്ന ദിവസങ്ങള്‍, ഹൈക്കോടതിയിലെ കേസ്, കേസ് സിബിഐയ്ക്കു കൈമാറുന്നത്... അതില്‍ നിന്ന് തനിക്കു കിട്ടിയ ഉത്തരങ്ങളും, വെളിപാടുകളുമാണ് ഇന്ന് സത്യമായി വിധിക്കപ്പെട്ടിരിക്കുന്നത്. ഏറ്റവും ബുദ്ധിസാമര്‍ത്ഥ്യമുള്ള നൂറ്റമ്പതു ശാസ്ത്രജ്ഞരടങ്ങുന്ന ഒരു സംഘം പത്തോ പതിനഞ്ചോ വര്‍ഷം ഒരു സംഘമായി ഇരുന്നു രൂപപ്പെടുത്തിയാല്‍ മാത്രം സംഭവിക്കാവുന്ന ഒരു ദൗത്യമാണ് പേരിനു പോലും അക്ഷരമറിയാത്ത രണ്ടു മാലി വനിതകള്‍ക്ക് കടത്തി എന്ന് പറയുന്നത്. താനിതു വീണ്ടും വീണ്ടും പറയുന്നത് ഈ സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളത് രാജ്യത്തിന് ഭീഷണിയായി ചാരപ്രവര്‍ത്തനം നടന്നു എന്ന് തെളിയിക്കലായിരുന്നില്ല, മറിച്ച് ചാരപ്രവര്‍ത്തനം നടന്നു എന്നാരോപിച്ചു മറ്റെന്തൊക്കെയോ നേടലായിരുന്നു... അതിനു വേണ്ടി കേരള പൊലീസ് സേനയിലെ ഒരു സംഘം മനപ്പൂര്‍വം പ്രവര്‍ത്തിച്ചു.
സത്യം വെളിവാക്കുക എന്ന ദൗത്യവുമായി
     ചാരക്കേസിന് ശേഷം മനസ്സിലായി തനിക്കു മാത്രം അറിയാവുന്ന ഒരു സത്യവും പേറി നടക്കുന്നതുകൊണ്ടു തനിക്കു പോലും പ്രയോജനമില്ലെന്ന്. നമ്പി നാരായണന്‍ തെറ്റുകാരനല്ലെന്ന് ലോകം വിളിച്ചു പറയണമെന്നായിരുന്നു എന്‍റെ ആഗ്രഹം. അതിന് നീതി തേടിയുള്ള തന്‍റെ യാത്രയില്‍ പല തടസ്സങ്ങളും നേരിട്ടിരുന്നു. അതില്‍ പ്രധാനപ്പെട്ടത് 1998 ല്‍ ചാരക്കേസ് വീണ്ടും അന്വേഷിക്കണം എന്ന ഹര്‍ജി സുപ്രീം കോടതി തള്ളിയത് ആദ്യ അന്വേഷണത്തിലും സിബിഐയുടെ കണ്ടെത്തലുകളിലും തൃപ്തി രേഖപ്പെടുത്തിക്കൊണ്ടായിരുന്നു. എന്നാല്‍ ഇത് വെറും സാങ്കേതിക വശമാണെന്ന പരാമര്‍ശം പല കോണുകളില്‍ നിന്നായി വന്നു. ഇതുമൂലം വീണ്ടും തനിക്ക് പഴയ ആഗ്രഹവുമായി കുറെ അധികം കാലം അലയേണ്ടതായി വന്നു. ഒടുവില്‍ പരമോന്നത കോടതി പറഞ്ഞു മലീഷ്യസ് പ്രോസിക്യൂഷന്‍ (ങമഹശരശീൗെ ുൃീലെരൗശേീി) ആണ് ചാരക്കേസില്‍ നടന്നത് എന്ന്. അഗ്നിശുദ്ധി വരുത്തി സമൂഹത്തില്‍ ജീവിക്കാനുള്ള എന്‍റെ ആഗ്രഹത്തിന്‍റെ പൂര്‍ത്തീകരണമായിരുന്നു സത്യം വെളിവാക്കി കൊണ്ടുള്ള സുപ്രീം കോടതി വിധി.
അന്യന്‍റെ പാപഭാരം ചുമന്നതിന്‍റെ വില
     ഇരുപത്തിനാലു വര്‍ഷം നമ്പി നാരായണന്‍ അന്യന്‍റെ പാപം സ്വയം ചുമന്ന് ഹോമിക്കപ്പെടുകയായിരുന്നു. ജയിലില്‍ നിന്നും പുറത്തുവന്ന് സമൂഹമെന്ന വലിയ കാരാഗൃഹത്തില്‍ അടക്കപ്പെട്ടവന്‍റെ നിരാശയും പേറി നീതിക്കായി അലഞ്ഞു. ഇടയ്ക്കെപ്പൊഴോ മനമിടറി എല്ലാം അവസാനിപ്പിക്കാമെന്നുറച്ച് ഒരു അഭിഭാഷകനോട് വില്‍പത്രം തയ്യാറാക്കാനാവശ്യപ്പെട്ടു. ഇതറിഞ്ഞ മകള്‍ തന്നോട് പറഞ്ഞ വാക്കുകളാണ് പിന്നീടുള്ള പോരാട്ടങ്ങള്‍ക്ക് കരുത്തു പകര്‍ന്നത്. ڇഅച്ഛന്‍ ജീവിതം അവസാനിപ്പിച്ചാല്‍ പിന്നെ ഞങ്ങള്‍ ചാരന്‍റെ മക്കളായി ജീവിച്ചു മരിക്കേണ്ടി വരും. അത് മാത്രമല്ല വരാനിരിക്കുന്ന തലമുറകളെ പോലും ഈ അപമാനം വേട്ടയാടും.ڈ
     പലയിടത്തു നിന്നും കടം വാങ്ങിയാണ് കേസ് നടത്തിയത്. 24 വര്‍ഷം കേസ് നടത്തി. സുപ്രീം കോടതിയിലെ കേസിനു വരുന്ന ചെലവുകള്‍ ഊഹിക്കാവുന്നതേയുള്ളൂ. കടങ്ങളെല്ലാം തിരിച്ചു കൊടുക്കണം. സുപ്രീം കോടതിയുടെ പരമാധികാരം ഉപയോഗിച്ച് പരിപൂര്‍ണ നീതി ഉറപ്പാക്കുന്നതിനായി (ആര്‍ട്ടിക്കിള്‍ 142) വിധിന്യായത്തില്‍ പറഞ്ഞ് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ധനസഹായം അതിനായി ഉപയോഗിക്കും.
കഴിഞ്ഞ കാലം ചാരം മൂടട്ടെ
     എനിക്ക് മതിയായി. ഒരു മനുഷ്യന്‍ എന്തെല്ലാം പരീക്ഷണങ്ങളിലൂടെ കടന്നുപോവാമോ അതെല്ലാം കാലം പൂര്‍ത്തിയാക്കി ഒരു വൃത്തത്തിനപ്പുറം എന്നെ കൊണ്ടുവന്നു നിര്‍ത്തിയിരിക്കുന്നു. പുറന്തള്ളപ്പെട്ട ജീവിതം, ദുരിതമയമായ ജീവിതം, അപമാനിതനായ ജീവിതം, തീവ്ര വേദനകള്‍ സഹിച്ച ജീവിതം. ഇതില്‍ കൂടുതല്‍ ഒന്നുമില്ല അനുഭവിക്കാന്‍. പിന്നെ കേസുകള്‍... അറസ്റ്റ് ചെയ്തു റിമാന്‍ഡിലാക്കിയ കേസ്, ജാമ്യക്കേസ്, ചാരക്കേസ്, ഡിഫമേഷന്‍ കേസ്, ഹൈക്കോടതിയിലെയും സുപ്രീം കോടതിയിലെയും തുടരന്വേഷണ കേസുകള്‍... ഒന്നും ഓര്‍മിക്കാന്‍ ആഗ്രഹിക്കുന്നില്ല. ഈശ്വരനാണ് താങ്ങി നിര്‍ത്തിയത്.
ഏകാകിയുടെ വിങ്ങല്‍
     24 വര്‍ഷവും ദുരന്തങ്ങള്‍ തനിയെ നേരിട്ടു. നീതിക്കുവേണ്ടി ഏകനായ് അലഞ്ഞു. പൊലീസിനെതിരെ, അദൃശ്യരായ ശത്രുക്കള്‍ക്കെതിരെ നടത്തിയ പോരാട്ടവും തനിയെ. അവയില്‍ നിന്നെല്ലാം ഊതിക്കാച്ചിയ അനുഭവങ്ങള്‍ ലഭിച്ചു. അതില്‍ പ്രധാനപ്പെട്ടതാണ് സാഹചര്യങ്ങളെക്കുറിച്ചുള്ള വ്യക്തവും, കൃത്യവുമായ തിരിച്ചറിവുകള്‍. ഉദാഹരണത്തിന് നിങ്ങള്‍ക്കൊരു പ്രശ്നമുണ്ടെങ്കില്‍ അത് പരിഹരിക്കാന്‍ നിങ്ങളെക്കാള്‍ മിടുക്കനായ മറ്റൊരാളില്ല. അത് ശാരീരിക അവശതകളായാലും, മാനസികവും വൈകാരികവുമായ പ്രശ്നങ്ങളായാലും. ജീവിതത്തില്‍ നേരിട്ട അപമാനത്തിനും നഷ്ടങ്ങള്‍ക്കും കണക്കുകള്‍ കൊണ്ട് മറുപടി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല, കാരണം ദൈവം നിശ്ചയിച്ച എന്‍റെ ജീവിതയാത്ര മറ്റൊന്നായിരിക്കണം. ഇന്ന് കടഞഛ യുടെ തലപ്പത്തിരിക്കുന്ന പല ചെയര്‍മാന്‍മാരെക്കാളും അറിയപ്പെടുന്ന ആളാണ് നമ്പി നാരായണന്‍... എന്തൊരു വിധിവൈപരീത്യം... പിന്നെ കുടുംബം, അത് നഷ്ടപ്പെട്ടതിനു തുല്യമായിരുന്നു ഇക്കാലമത്രയും ജീവിതം. ഒരു നല്ല ഭര്‍ത്താവാകാന്‍ പറ്റിയില്ല. ശാസ്ത്രത്തെയും കടഞഛ യെയും അത്രമേല്‍ സ്നേഹിച്ചിരുന്നു... ആ സ്നേഹം കൊണ്ടുതന്നെ പിന്നീടുള്ള ദുരന്തങ്ങളും എത്തി... ഇതിനിടയില്‍ മക്കളുടെ വളര്‍ച്ച, അച്ഛനായിരിക്കുമ്പോള്‍ വേണ്ട ആത്മഹര്‍ഷം ഒന്നും അനുഭവിക്കാനോ നല്‍കാനോ കഴിഞ്ഞില്ല... തന്‍റെ ചെറുപ്പകാലത്ത് തന്നെ അച്ഛന്‍ മരിച്ചതു കൊണ്ട് കുടുംബത്തിന്‍റെ ചുമതല മുഴുവന്‍ തലയിലേറ്റേണ്ടി വന്നിരുന്നു. രോഗിയായ അമ്മ, സഹോദരിമാരുടെ വിവാഹം, തന്‍റെ പഠിത്തം... കഷ്ടപ്പാടുകള്‍ക്കിടയിലും പ്രിന്‍സ്ടണ്‍ സര്‍വകലാശാലയില്‍ പോയി പഠനം... അതൊന്നും തന്നെ സംബന്ധിച്ചിടത്തോളം സങ്കടകരമായ അവസ്ഥകളേ ആയിരുന്നില്ല... സംതൃപ്തിയോടെ ഉത്തരവാദിത്വങ്ങള്‍ നിറവേറ്റിയിരുന്നു. ചാരക്കേസ് എന്നെ തകര്‍ത്തു. സ്വന്തം കുടുംബത്തിന്‍റെ കാര്യം ഓര്‍ക്കുമ്പോള്‍ ഏറെ ദുഃഖമുണ്ട്.
വിശ്വാസത്തിന്‍റെ പിന്തുണ
     കേസ് ജയിക്കുമെന്നുള്ള പരിപൂര്‍ണ വിശ്വാസം ഉണ്ടായിരുന്നു. കാലങ്ങള്‍ കഴിയവേ വീട്ടുകാരടക്കം കേസിന്‍റെ പരിസമാപ്തിയില്‍ സംശയം പ്രകടിപ്പിച്ചിരുന്നുവെങ്കിലും. ലോകത്തില്‍ ഒരാളും താന്‍ അഴിമതിക്കാരനാണ്, ചാരനാണ്, കള്ളനാണ് എന്നൊന്നും പറയരുത്... അതിനുവേണ്ടിയായിരുന്നു തീപ്പാടങ്ങള്‍ താണ്ടി ഇന്നിവിടെ എത്തിയത്. ആ പറഞ്ഞ പേരുകളിലൊന്നും ഇനി നമ്പി നാരായണന്‍ അറിയപ്പെടില്ല എന്ന് വിചാരിക്കുമ്പോള്‍ വലിയ സമാധാനം. ദൈവം തന്നതാണത്... എന്‍റെ വിശ്വാസം മാത്രമല്ല ഇത്. പലരും തന്നെ ഇന്ന് സമീപിക്കുന്നു തിരഞ്ഞെടുപ്പില്‍ മത്സരിക്കണം എന്ന് പറഞ്ഞുകൊണ്ട്. മത്സരിച്ചാല്‍ നല്ല മനുഷ്യനായതുകൊണ്ടു ഞാന്‍ ജയിക്കുമായിരിക്കും... ആ ഉദ്യമത്തിന് ഒരിക്കലും ഒരുങ്ങില്ല. എങ്കിലും സമൂഹമധ്യത്തില്‍ കറയില്ലാത്തവനായി എന്നതിന്‍റെ തെളിവല്ലേ അത്?
അവകാശങ്ങളുടെ പുതിയ ചരിത്രത്തിന്‍റെ നാന്ദി
     നിയമകാര്യ കമ്മീഷന്‍റെ 277-ാമത് റിപ്പോര്‍ട്ട് പ്രകാരം നമ്പി നാരായണന്‍റെ നിയമ പോരാട്ടവും തുടര്‍ന്ന് നല്‍കപ്പെട്ട നഷ്ടപരിഹാരങ്ങളും പുതിയൊരു നിയമ രൂപീകരണത്തിന് വഴി വച്ചു. ഇീിശെേൗശേേീിമഹ ഹശമയശഹശ്യേ എന്നാണു കമ്മീഷന്‍ അതിനെ വിശേഷിപ്പിച്ചിരിക്കുന്നത്. തന്നെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് നിരത്തിയ ന്യായീകരണങ്ങളെല്ലാം തള്ളിക്കൊണ്ടായിരുന്നു സുപ്രീം കോടതി തനിക്ക് അനുകൂലമായ അനുമാനങ്ങളില്‍ എത്തിയതും വിധി പ്രസ്താവിച്ചതും. ഇനി ഇത്തരം മാനദണ്ഡങ്ങള്‍ വച്ച് നിരപരാധികളെ അറസ്റ്റ് ചെയ്യാനും ക്രൂശിക്കാനും നിയമപാലകര്‍ക്കാവില്ല.
സ്വപ്നങ്ങള്‍ അന്ന്... സ്വപ്നങ്ങള്‍ ഇന്ന്...
     സാമ്പത്തികമായി സ്വന്തം കാലില്‍ നില്‍ക്കുന്ന ഐഎസ്ആര്‍ഒ എന്നത് അന്നത്തെ സ്വപ്നമായിരുന്നു. ക്രയോജനിക് എഞ്ചിനുകളുടെ നിര്‍മാണത്തില്‍ ഏറെ ശ്രദ്ധ പതിപ്പിച്ചത് അതുകൊണ്ടായിരുന്നു. താന്‍ കടഞഛ യില്‍ ഉണ്ടായിരുന്നുവെങ്കില്‍ ക്രയോജനിക് സാങ്കേതിക വിദ്യ 2000 ത്തില്‍ തന്നെ വികസിപ്പിക്കാന്‍ കഴിയുമായിരുന്നു എന്ന് തോന്നിയിട്ടുണ്ട്. 2014 ല്‍ ആണ് ഐഎസ്ആര്‍ഒ യ്ക്ക് അത് സാധിച്ചത്. അതിനര്‍ത്ഥം പല അവസരങ്ങളിലായി 3 ലക്ഷം കോടിയുടെ ബിസിനസ് നടത്താന്‍ പത്തു വര്‍ഷം താമസിച്ചു എന്നാണ്. ഈ കേസ് കെട്ടിച്ചമച്ച ശക്തികളുടെയും ലക്ഷ്യം അത് തന്നെ ആയിരിക്കണം.
     ഇപ്പോള്‍ താന്‍ ചില സ്വപ്നങ്ങളുടെ പിറകെയാണ്. സ്വന്തമായി യാത്രാവിമാനങ്ങള്‍ നിര്‍മിക്കാന്‍ നമ്മുടെ രാജ്യത്തിന് കഴിഞ്ഞിട്ടില്ല. ഒന്നോ രണ്ടോ വര്‍ഷം നീളുന്ന പ്രോജക്ടുകള്‍ ലഭിച്ചാല്‍ വളരെ എളുപ്പത്തില്‍ ചെയ്യാന്‍ കഴിയും എന്ന് വിശ്വസിക്കുന്നു. ഐഎസ്ആര്‍ഒ യുടെ പിഎസ്എല്‍വിയില്‍ താന്‍ ചെയ്ത സാങ്കേതികവിദ്യ വിജയകരമായി പ്രയോഗിക്കാമെങ്കില്‍ ഇത് തീര്‍ത്തും എളുപ്പമാണ്. കുടുംബത്തോടൊപ്പം ഇനിയുള്ള കാലം സമാധാനമായി കഴിയണം എന്നുള്ളതാണ് മറ്റൊരു സ്വപ്നം.
ഇരകളാക്കപ്പെടുന്നവരോട്...
     തെറ്റ് ചെയ്തിട്ടില്ല എന്ന വിശ്വാസത്തിന് അമാനുഷിക ശക്തിയുണ്ട്. തങ്ങളുടെ നേര്‍ക്ക് നീളുന്ന കരങ്ങളെ മനസുകൊണ്ടു പിന്തുടരുക. അപകടം മണക്കാനുള്ള കഴിവ് ആര്‍ജിക്കുക. ജയിലില്‍ തന്നെ അതീവ സുരക്ഷാ സെല്ലില്‍ ആണ് പാര്‍പ്പിച്ചിരുന്നത്. എഴുന്നേറ്റു നടക്കാന്‍ പോലും പ്രാപ്തിയില്ലായിരുന്നു. അവിടെ വച്ച് പരിചയപ്പെട്ട തടവുകാരില്‍ 40 ശതമാനവും നിരപരാധികളായിരുന്നു. ശിക്ഷ വിധിക്കുന്നതുവരെയെ ഒരാള്‍ കള്ളം പറയൂ... അത് കഴിഞ്ഞാല്‍ കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ ഉണ്ടെന്നും ഇല്ലെങ്കില്‍ ഇല്ല എന്നും പറയും.
ചില കരുണാര്‍ദ്രമായ, മറക്കാനാകാത്ത മുഖങ്ങള്‍...
     പല മുഖങ്ങളും ഇനി ഒരിക്കലും കാണരുതെന്ന് ആശിക്കുന്നവയാണ്. കാണാനാഗ്രഹിക്കുന്ന സ്നേഹത്തിന്‍റെ മുഖങ്ങളും ഉണ്ട്. അതില്‍ പ്രധാനപ്പെട്ടത് രണ്ടും ജയിലുമായി ബന്ധപ്പെട്ടതാണ്. ഒന്ന് അസിസ്റ്റന്‍റ് ജയിലര്‍ ശിവാനന്ദന്‍, മറ്റൊന്ന് കോണ്‍സ്റ്റബിള്‍ അനില്‍... ഈ രണ്ടു പേരെയും കാണാന്‍ ആഗ്രഹമുണ്ട്... കണ്ടുമുട്ടും എന്ന് കരുതുന്നു.
Share:

No comments:

Post a Comment

മൂല്യസൃതി മാസിക വരിക്കാരാവുക

SUBSCRIBE ONLINE

SUBSCRIBE ONLINE
1 year - 240/- 2 Years - 480/- ,3 Years- 720/-

Moolyasruthi Cover

Moolyasruthi Cover
JUNE 2021

MOOLYASRUTHI MAGAZINE

CHAVARA INSTITUTE

CHAVARA INSTITUTE
ADMISSION STARTED

ADVERTISE HERE

ADVERTISE HERE
Ph : 0484 4863404

Chavara Matrimony

Chavara Matrimony

Popular Posts

Search This Site

Recent Posts