കൂടിയാട്ടവും ഭാരതീയ രംഗവേദിയും

സംസ്കൃതസാഹിത്യത്തിനെ പൊതുവില്‍ ദൃശ്യകാവ്യമെന്നും ശ്രവ്യകാവ്യമെന്നും രണ്ടായി തരംതിരിച്ചിട്ടുണ്ട്. വായിച്ചു രസിക്കാന്‍ ഉതകുന്നവയാണ് ശ്രവ്യകാവ്യങ്ങള്‍. എന്നാല്‍ രംഗപ്രയോഗാര്‍ഹങ്ങളായ കൃതികളെയാണ് ദൃശ്യകാവ്യങ്ങള്‍ എന്നു പറയുന്നത്. യൂറോപ്യന്‍ പണ്ഡിതര്‍ സംസ്കൃതസാഹിത്യ ലോകത്തേക്ക് കടന്നു വന്നപ്പോള്‍ സംസ്കൃത നാടകങ്ങളെയെല്ലാം അവര്‍ കേവലം ശ്രവ്യസാഹിത്യമെന്ന് ധരിച്ചു. ഇത് ചിലര്‍ക്കെങ്കിലും ഭാരതീയ രംഗവേദിയെക്കുറിച്ച് തെറ്റിദ്ധാരണ ഉണ്ടാവാന്‍ കാരണമായിട്ടുണ്ട്.
     എന്നാല്‍ ദൃശ്യസാഹിത്യത്തിന്‍റെ ചരിത്രമന്വേഷിക്കുമ്പോള്‍ അത് വേദങ്ങളിലെത്തിനില്‍ക്കുന്നു. ഋഗ്വേദത്തിലെ (ആഇ 20001000) ഏതാനും സൂക്തങ്ങളില്‍ അഭിനയകലയുടെ ബീജരൂപം കാണാനാവും. സ്വര്‍ലോക നര്‍ത്തകിയായി വര്‍ണ്ണിക്കപ്പെട്ട ഉഷസ്സും കിതവ സൂക്തവും സംവാദ സൂക്തങ്ങളുമെല്ലാം ചില ഉദാഹരണങ്ങള്‍ മാത്രം. കിതവ സൂക്തത്തില്‍ ഏവരാലും പുച്ഛിക്കപ്പെടുന്ന ചൂതുകളിക്കാരന്‍റെ ഗതികേട് വര്‍ണിച്ചതില്‍ ഏകാഭിനയത്തിന്‍റെ ലക്ഷണങ്ങള്‍ അന്തര്‍ലീനമാണ്. പല കഥാപാത്രങ്ങളുള്ള സംവാദസൂക്തങ്ങളില്‍ ഒന്നായ ഉര്‍വ്വശീപുരൂരവ സംവാദം കാളിദാസന്‍റെ വിക്രമോര്‍വ്വശീയത്തിന് ആധാരമാണ്. സൈന്ധവ നാഗരികതയുടെ (ആഇ 25001700) അവശിഷ്ടങ്ങളിലൊന്നായ നര്‍ത്തകിയുടെ ശില്പവും അക്കാലത്തെ രംഗകലകളുടെ അസ്തിത്വത്തിന് തെളിവാണ് (ഡോ.കെ.ജി.പൗലോസ്, ഭാവശില്‍പം, ഗ്രീന്‍ ബുക്സ്, തൃശൂര്‍-2011, പുറം 15-16). രാമായണമഹാഭാരതാദികളിലും ബൗദ്ധസാഹിത്യത്തിലും വ്യാകരണാദിശാസ്ത്രഗ്രന്ഥങ്ങളിലുമെല്ലാം നാടകവേദിയുടെ സൂചനകള്‍ കാണാം. മനുസ്മൃതി കലകളോട് ആഭിമുഖ്യം കാണിയ്ക്കുന്നില്ലെങ്കിലും അര്‍ത്ഥശാസ്ത്രവും കാമശാസ്ത്രവുമെല്ലാം രംഗാവതരണങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കിയിട്ടുണ്ട്. ആഇ രണ്ടാം നൂറ്റാണ്ടിലെ ഭരതകൃതമായ നാട്യശാസ്ത്രത്തിലെത്തുന്നതോടെ പൂര്‍ണ്ണമായും നാട്യവിഷയം കൈകാര്യം ചെയ്യുന്ന ഗ്രന്ഥങ്ങളുണ്ടായി വരുന്നതായി കാണാം.
     ദശരൂപകം എന്ന ധനഞ്ജയ വിരചിതമായ ഗ്രന്ഥം രംഗകലകളെ പ്രധാനമായും മൂന്നായി തിരിക്കുന്നുണ്ട്. പൂര്‍ണ്ണമായും അഭിനയത്തിന് പ്രാധാന്യം നല്‍കുന്നതാണ് നാട്യം. താളലയാശ്രിതമായ ശരീരചലനങ്ങളാണ് നൃത്തം. അഭിനയവും നൃത്തവും ഇടകലരുന്ന ഭാവപ്രധാനമായ കലയാണ് നൃത്ത്യം. സംസ്കൃതത്തില്‍ രചിക്കുന്ന നാടകാദികളാണ് ഇത്തരം രംഗപ്രയോഗങ്ങള്‍ക്ക് ഉപയോഗിച്ചിരുന്നത്. ഭരതനും അദ്ദേഹത്തിന്‍റെ പിന്തുടര്‍ച്ചക്കാരുമെല്ലാം അക്കാലത്ത് നിലനിന്നിരുന്ന രംഗാവതരണങ്ങളെ ക്രോഡീകരിച്ച് സൈദ്ധാന്തികമായി അവതരിപ്പിക്കുകയാണ് ചെയ്തത്. പല പ്രദേശങ്ങളിലും അതാതു ദേശത്തിന്‍റെ വൈവിധ്യത്തോടെ രംഗകലകള്‍ അവതരിപ്പിച്ചു പോന്നിരുന്നു. ഇപ്രകാരമുള്ള സംസ്കൃതരംഗവേദിയുടെ അവശേഷിക്കുന്ന-സജീവമായ-ഒരേയൊരു കണ്ണിയാണ് കേരളത്തിലെ രംഗകലകളില്‍ പ്രധാനപ്പെട്ട കൂടിയാട്ടം.
     സംസ്കൃത നാടകങ്ങളാണ് കൂടിയാട്ടത്തില്‍ അവതരിപ്പിക്കുന്നത് എന്നതാണ് കൂടിയാട്ടത്തിന് സംസ്കൃതനാടക വേദിയുമായുള്ള ഏറ്റവുമടുത്ത ബന്ധം. അന്വയിച്ചഭിനയിക്കുന്ന രീതിയും കേരളീയ സംസ്കൃതപാരമ്പര്യത്തിന്‍റെ സ്വാധീനത്തിലാണുള്ളത്. പരമ്പരാഗത കൂടിയാട്ട രീതിയില്‍ അരങ്ങത്തുണ്ടായിരുന്ന നാടകങ്ങളെ ഇങ്ങനെ ക്രോഡീകരിക്കാം.
കല്പിതകഥകളെ ആസ്പദമാക്കിയവ
1. പ്രതിജ്ഞാ യൗഗന്ധരായണം
2. സ്വപ്നവാസവദത്തം
3. അവിമാരകം
4. ചാരുദത്തം (നാലും ഭാസകൃതം)
5. നാഗാനന്ദന്‍ (ഹര്‍ഷന്‍)
മഹാഭാരതകഥ
1. ദൂതവാക്യം
2. ദൂതഘടോല്‍ക്കചം
3. കര്‍ണ്ണഭാരം
4. ഊരുഭംഗം
5. പഞ്ചരാത്രം
6. മദ്ധ്യമ വ്യായോഗം (എല്ലാം ഭാസകൃതം)
7. സുഭദ്രാധനഞ്ജയം
8. തപതീസംവരണം (രണ്ടും കുലശേഖരകൃതം)
9. കല്യാണസൗഗന്ധികം (നീലകണ്ഠകവി)
ഭാഗവതകഥ
1. ബാലചരിതം (ഭാസന്‍)
രാമായണകഥ
1. പ്രതിമാനാടകം
2. അഭിഷേക നാടകം (രണ്ടും ഭാസകൃതം)
3. ആശ്ചര്യചൂഡാമണി (ശക്തിഭദ്രന്‍)
പ്രഹസനങ്ങള്‍
1. മത്തവിലാസം (മഹേന്ദ്രവിക്രമന്‍)
2. ഭഗവദ്ജ്ജകം (ബോധായനന്‍)
     ഇവയില്‍ ഭാസകൃതങ്ങളെന്നു പ്രസിദ്ധമായവ എല്ലാം രചിച്ചത് ഭാസന്‍ തന്നെയാണോ എന്ന വിഷയത്തില്‍ ഇപ്പോഴും പണ്ഡിതര്‍ക്കു ഭിന്നാഭിപ്രായങ്ങളുണ്ട്. കേരളീയ നാടകകൃത്തുക്കളായ ശക്തിഭദ്രന്‍, കുലശേഖരവര്‍മ്മന്‍, നീലകണ്ഠന്‍ എന്നിവരുടെ നാടകങ്ങള്‍ക്ക് കൂടിയാട്ട വേദിയില്‍ അര്‍ഹിക്കുന്ന സ്ഥാനമുണ്ട്. രാമായണനാടകങ്ങള്‍ മൂന്നിനും പ്രത്യേക പരിഗണന ലഭിച്ചിരുന്നു. കാലക്രമേണ ഇവയില്‍ പലതും പൂര്‍ണ്ണമായോ ഭാഗികമായോ അരങ്ങത്തുനിന്ന് അപ്രത്യക്ഷമായി. ശേഷിക്കുന്നവയെ നിലനിര്‍ത്താനും അപ്രത്യക്ഷമായവയെ തിരിച്ചുകൊണ്ടു വരാനും രംഗപ്രയോഗത്തിലില്ലാത്തവയെ അരങ്ങിലവതരിപ്പിക്കുന്നതിനും പുതിയ കാലത്തെ കൂടിയാട്ട പ്രയോക്താക്കള്‍ ബദ്ധശ്രദ്ധരാണ്.
     അന്ധമായി നാട്യശാസ്ത്രനിയമങ്ങളെ അനുകരിച്ച് സിദ്ധാന്തവല്‍ക്കരിക്കാനുള്ള പ്രവണത ഇപ്പോള്‍ കലാലോകത്ത് കാണുന്നുണ്ട്. അല്ലാതെതന്നെ ഭാരതീയ രംഗകലകള്‍ക്കെല്ലാം നാട്യശാസ്ത്രത്തിന്‍റെ സ്വാധീനം പ്രത്യക്ഷമായോ പരോക്ഷമായോ ഏറിയും കുറഞ്ഞും ഉള്ളതായി കാണാം. കൂടിയാട്ടത്തിന്‍റെ കാര്യത്തിലും അപ്രകാരം തന്നെ നാട്യശാസ്ത്രത്തില്‍ നിഷ്കര്‍ഷിച്ചിരിക്കുന്ന പല ഘടകങ്ങളുമായും സാമ്യവൈജാത്യങ്ങള്‍ കാണാന്‍ കഴിയുന്നതാണ്.
     ചതുര്‍വിധാഭിനയം, രസങ്ങള്‍, ചാരീവിധാനങ്ങള്‍, ഹസ്തമുദ്രകളുടെ ഉപയോഗം എന്നിവയിലൊക്കെ കൂടിയാട്ടത്തില്‍ നാട്യശാസ്ത്രത്തിന്‍റെ സ്വാധീനം കാണാവുന്നതാണ്. څഹസ്തലക്ഷണ ദീപികچ എന്ന കേരളീയ ഗ്രന്ഥത്തെ ആസ്പദമാക്കിയാണ് കൂടിയാട്ടത്തിലെ മുദ്രാവിനിയോഗം. നാട്യധര്‍മ്മി, ലോകധര്‍മ്മി എന്നിങ്ങനെ രണ്ടുവിധം അഭിനയരീതികളില്‍ നാട്യധര്‍മ്മി എന്ന ശൈലീകൃതമായ അഭിനയരീതിയാണ് കൂടിയാട്ടത്തില്‍ പരക്കെ കാണാവുന്നത്. വിദൂഷകനുള്‍പ്പെടെയുള്ള ചുരുക്കം ചില വേഷങ്ങള്‍ മാത്രമാണ് ലോകധര്‍മ്മിക്കനുസരിച്ച് അഭിനയിക്കുന്നത്. വാചികാഭിനയം (ഭാഷണങ്ങള്‍) പോലും നാട്യധര്‍മ്മീകൃതമായാണ് അവതരിപ്പിക്കുന്നത്. ഇങ്ങനെ കൂടിയാട്ടത്തില്‍ പല വിഷയങ്ങളിലും നാട്യശാസ്ത്ര സ്വാധീനം കാണാവുന്നതാണ്.
     ഇതോടൊപ്പം തന്നെ പ്രാദേശികമായ വിവിധ ഘടകങ്ങളും കൂടിയാട്ടത്തില്‍ ധാരാളമായുണ്ട്. വിദൂഷകന്‍ നാടകത്തില്‍ നിബന്ധിച്ച പ്രകാരം പ്രാകൃതഭാഷയിലുള്ള വാക്യങ്ങള്‍ ചൊല്ലുകയും അതിന്‍റെ സംസ്കൃതച്ഛായ പറഞ്ഞ് ദേശഭാഷയായ മലയാളത്തില്‍ അത് വിശദീകരിക്കുകയും ചെയ്യുന്നു. താന്‍ പറഞ്ഞതു കൂടാതെ താന്‍ കേള്‍ക്കുന്ന മറ്റു കഥാപാത്രങ്ങളുടെ സംഭാഷണവും ഇങ്ങനെ വിദൂഷകന്‍ മലയാളത്തില്‍ വിശദമായി ആഖ്യാനിക്കുന്നുണ്ട്. ഇതുകൊണ്ടുതന്നെ കൂടിയാട്ടം ആസ്വദിക്കാന്‍ പരിശീലിക്കുന്നതിന് വിദൂഷകനുള്ള കൂടിയാട്ടങ്ങളാണ് മലയാളികളെ സംബന്ധിച്ചിടത്തോളം അനുയോജ്യം. ഇത്തരത്തിലുള്ള വിദൂഷകന്‍റെ ആഖ്യാനത്തിലൂടെ പ്രതിശ്ലോകങ്ങളും ഭാഷാശ്ലോകങ്ങളും കൊണ്ട് സമ്പുഷ്ടമായ ശ്ലോകശാഖ മലയാള സാഹിത്യത്തിനുണ്ട്. പ്രതിശ്ലോകത്തിനുദാഹരണം ഇവിടെ കാണിക്കാം. സുഭദ്രാധനഞ്ജയത്തില്‍ അര്‍ജുനന്‍ സുഭദ്രയെ വര്‍ണിക്കുന്ന ഒരു ശ്ലോകമിങ്ങനെയാണ്:
സൗന്ദര്യം സുകുമാരതാ കാന്തിര്‍ മനോഹാരിതാ
ശ്രീമത്താ മഹിമേതി സര്‍ഗവിഭവാന്‍ നിശ്ശേഷനാരീഗുണാന്‍
ഏതസ്യാമുപയുജ്യ ദുര്‍വ്വിധതയാ ദീന: പരാമാത്മഭൂ:
സ്രഷ്ടും വാഞ്ഛതി ചേല്‍ കരോഉപുനരപ്യത്രൈവ ഭിക്ഷാടനം.
ഈ ശ്ലോകത്തിന് പ്രതിശ്ലോകമായി വിദൂഷകന്‍ തന്‍റെ പ്രിയയായ ചക്കിലെ ഇങ്ങനെ വര്‍ണിക്കുന്നു.
വാനാറ്റം കവര്‍നാറ്റമീറ പൊടിയും ഭാവം കൊടുംക്രൂരമാം
വാക്കും നോക്കുമിതാദി സര്‍ഗവിഭവാന്‍ നിശ്ശേഷചക്കീഗുണാന്‍.
ഏതസ്യാമുപയുജ്യ പദ്മജനഹോ ശക്ക്യംന ചക്ക്യന്തരം
സൃഷ്ടിപ്പാനതു വേണമെങ്കിലിഹ വന്നെല്ലാമിരന്നീടണം.
ഇത്തരം സന്ദര്‍ഭോചിതങ്ങളും സരസങ്ങളുമായ നിരവധി പ്രതിശ്ലോകങ്ങളും ഭാഷാശ്ലോകങ്ങളും കൂടിയാട്ടത്തിന്‍റെ രംഗപാഠസാഹിത്യത്തിലുണ്ട്.
     പ്രാദേശികഭാഷ പറയാന്‍ വിദൂഷകനെ നാട്യശാസ്ത്രം അനുവദിക്കുന്നുണ്ടെങ്കിലും ഇത്തരം വ്യാഖ്യാനങ്ങള്‍ അതിന്‍റെ ഒരു വിപുലനമായി കണക്കാക്കാം. ഇതിനുപുറമെ വിദൂഷകന്‍റെ വേഷവിധാനവും അരങ്ങണിവുമെല്ലാം പ്രാദേശികഘടകങ്ങള്‍ ഉള്‍ക്കൊണ്ടതാണ്. ശൂര്‍പ്പണഖയുടെ അവയവച്ഛേദനം കഴിഞ്ഞശേഷം അരങ്ങത്തുവരുന്ന നിണം (ചോരയില്‍ കുളിച്ച ശൂര്‍പ്പണഖ) മുടിയേറ്റ് മുതലായ പ്രാദേശിക കലകളില്‍ നിന്നും ഗുരുതിയില്‍ നിന്നുമെല്ലാം സ്വാധീനമുള്‍ക്കൊണ്ടതാണ്. ഇത്തരം രംഗങ്ങള്‍ നാട്യശാസ്ത്രം അനുവദിക്കുന്നില്ല തന്നെ. ദിവസങ്ങളോളം നീണ്ടുനില്‍ക്കുന്ന അഭിനയരീതിയും നാട്യശാസ്ത്രത്തില്‍ നിന്നും വ്യത്യസ്തമാണ്.
     ഇതിനെല്ലാം പുറമെ കൂടിയാട്ടത്തിന്‍റെ അതിപ്രധാനമായ സവിശേഷതകള്‍ നിര്‍വ്വഹണാഭിനയവും പകര്‍ന്നാട്ടവുമാണ്. ഒരു പ്രധാന കഥാപാത്രം അരങ്ങില്‍ വന്നു കഴിഞ്ഞാല്‍ ആ കഥാപാത്രത്തിന്‍റെ രംഗപ്രവേശം വരെയുള്ള പൂര്‍വകഥ അഭിനയിക്കലാണ് നിര്‍വ്വഹണം. ഉദാഹരണമായി സുഭദ്രാധനഞ്ജയം നാടകത്തിലെ നായകനായ അര്‍ജുനന്‍ അരങ്ങത്തുവന്നാല്‍ പ്രത്യേക തരത്തിലുള്ള മറവില്‍ ക്രിയ എന്ന നൃത്തത്തിനുശേഷം ആ കഥാപാത്രത്തിന്‍റെ ആദ്യത്തെ വാചികം അഭിനയിക്കും. അമ്മയേയും സഹോദരന്മാരെയും പാഞ്ചാലിയേയും കാണാനുള്ള ത്വരയാണ് അഭിനയവിഷയം. അതിനു ശേഷം നിത്യക്രിയ എന്ന നൃത്തത്തോടെ അന്നത്തെ അഭിനയം അവസാനിപ്പിക്കുന്നു. പിറ്റേന്ന്, തലേന്ന് അരങ്ങില്‍ വന്ന അതേ ഭാവത്തില്‍ നിന്ന് څഈ അവസ്ഥ ഒക്കെയും എങ്ങനെچ എന്ന് പിന്നോട്ട് പ്രശ്നരൂപത്തില്‍ അവതരിപ്പിക്കുന്നു. തുടര്‍ന്ന് സംക്ഷേപ രൂപത്തില്‍ കഥയുടെ ആദ്യഭാഗം അവതരിപ്പിച്ച ശേഷം, ആദ്യം ചോദിച്ച ചോദ്യങ്ങള്‍ക്കെല്ലാം സമാധാനം വിശദമായി അഭിനയിക്കുന്നു. കൂടിയാട്ടത്തില്‍ ശ്ലോകം ചൊല്ലി അഭിനയിക്കുകയാണെങ്കില്‍, നിര്‍വ്വഹണത്തില്‍ വിസ്തരിച്ച് അഭിനയിച്ച ശേഷം താളം പിടിക്കുന്ന കലാകാരി (പണ്ടത്തെ രീതിയില്‍ നങ്ങ്യാരമ്മ) ചൊല്ലുന്ന ശ്ലോകത്തിനനുസരിച്ച് കൈ മുദ്ര കാട്ടുന്നു. നാടകത്തില്‍ നിന്നുള്ള വിപുലനമായതുകൊണ്ട് കഥാപാത്രത്തിന്‍റെ വേഷം ധരിച്ച നടന്‍/നടി നേരിട്ട് ശ്ലോകം ചൊല്ലുന്നില്ല. ഇവിടെ ബ്രാഹ്മണന്‍റെ പശുക്കളെ രക്ഷിക്കാന്‍ പോയി സത്യഭംഗം നേരിട്ട് തീര്‍ത്ഥയാത്രയ്ക്കു പുറപ്പെട്ട കഥ ചുരുക്കിയഭിനയിച്ച ശേഷം തീര്‍ത്ഥയാത്ര പോയതു മുതല്‍ സുഭദ്രയില്‍ അനുരാഗം തോന്നുന്നതുവരെയുള്ള കഥ വിസ്തരിച്ചഭിനയിക്കുന്നു. ഈ നിര്‍വ്വഹണം അവസാനിച്ച ശേഷം നാടകഭാഗവുമായി അഭിനയത്തെ ബന്ധിപ്പിക്കുന്നു. വിദൂഷകന്‍റെ നിര്‍വ്വഹണം പുരുഷാര്‍ത്ഥകൂത്ത് എന്ന പേരില്‍ പ്രസിദ്ധമാണ്. തന്‍റെ ഗ്രാമത്തില്‍ നിന്ന് തന്നെ രാജസേവയ്ക്കായി മറ്റു ബ്രാഹ്മണര്‍ പറഞ്ഞയക്കുന്നതായാണ് വിദൂഷകന്‍ ആഖ്യാനിക്കുന്നത്. ധര്‍മ്മാര്‍ത്ഥകാമമോക്ഷങ്ങള്‍ എന്നിവയ്ക്കുപകരം വിനോദം, വഞ്ചനം, അശനം, രാജസേവ എന്നിവയെയാണ് വിദൂഷകന്‍ പുരുഷാര്‍ത്ഥങ്ങളായി അവതരിപ്പിക്കുന്നത്. മേല്‍ സൂചിപ്പിച്ച നാടകത്തിലാണെങ്കില്‍ ഇവയ്ക്കുശേഷം, അങ്ങനെ ഗ്രാമീണരുടെ നിര്‍ദേശമനുസരിച്ച് താന്‍ യോഗ്യനായ ധര്‍മ്മപുത്രരാജാവിന്‍റെ നര്‍മ്മ സചിവനാവാന്‍ പുറപ്പെടുകയും അദ്ദേഹത്തിന്‍റെ നിര്‍ദേശാനുസരണം അര്‍ജുനന്‍റെ തോഴരായിത്തീരുകയും ചെയ്തു എന്നുപറഞ്ഞ് കഥാബന്ധം വരുത്തുന്നു. ഇതില്‍ നിന്നും വ്യത്യസ്തമാണ് ചാക്യാര്‍കൂത്ത് എന്ന് പൊതുവില്‍ അറിയപ്പെടുന്ന പ്രബന്ധക്കൂത്ത്. ഇത് സ്വതന്ത്രമായ വാചികാഖ്യാനമാണ്. കേരളത്തിന്‍റെ സ്ത്രീനാട്യകല എന്ന് അറിയപ്പെടുന്ന നങ്ങ്യാര്‍കൂത്ത് ഇതേ നാടകത്തിലെ രണ്ടാമങ്കത്തില്‍ സുഭദ്രയുടെ തോഴിയായ കല്പലതിക എന്ന കഥാപാത്രത്തിന്‍റെ നിര്‍വ്വഹണമാണ്. കൂടിയാട്ടത്തില്‍ നിര്‍വ്വഹണാഭിനയത്തിന് ഏറെ പ്രാധാന്യമുണ്ട്. പുതിയ കാലത്തിന്‍റെ തിരക്കുകള്‍ക്കനുസരിച്ച് അവതരണദൈര്‍ഘ്യം കുറയ്ക്കുന്നതിന്‍റെ ഭാഗമായി നിര്‍വ്വഹണം ഒഴിവാക്കിയുള്ള അവതരണങ്ങള്‍ ധാരാളമായി വരുന്നുണ്ട്. പക്ഷേ, ഈ ഏകപാത്രാഭിനയം അഭിനേതാവിനെ സംബന്ധിച്ചിടത്തോളം വളരെയേറെ പ്രാധാന്യമര്‍ഹിക്കുന്നുണ്ട്.
     ഒരു കഥാപാത്രം മറ്റു കഥാപാത്രങ്ങളായി പകര്‍ന്നാടുന്നതാണ് പകര്‍ന്നാട്ടം. ഒരുദാഹരണത്തിലൂടെ വിശദീകരിക്കാം. കല്യാണസൗഗന്ധിക വ്യായോഗത്തില്‍ ഭീമന്‍ കാണുന്ന ഒരു കാഴ്ചയുണ്ട്. ഒരാനയുടെ പിന്‍കാല്‍ പെരുമ്പാമ്പ് വിഴുങ്ങുകയും, മസ്തകത്തിലേക്ക് ചാടിവീണ സിംഹം മസ്തകം പിളര്‍ന്ന് ചോര കുടിക്കുകയും ചെയ്യുന്നു. ഇവിടെ ഭീമന്‍ കെട്ടുന്ന നടന്‍ ആനയായും പെരുമ്പാമ്പായും സിംഹമായുമെല്ലാം പകര്‍ന്നാടി കാണികളെ വിസ്മയിപ്പിക്കുന്നു. പകര്‍ന്നാട്ടത്തിന്‍റെ സൗന്ദര്യം കണ്ടുതന്നെ അനുഭവിക്കേണ്ടതാണ്.
     1949 മുതല്‍ യശശ്ശരീരനായ പൈങ്കുളം രാമചാക്യരുടേയും മാണി മാധവചാക്യാരുടേയും പ്രവര്‍ത്തനഫലമായി കൂടിയാട്ടം കൂത്തമ്പലത്തില്‍ നിന്നു പുറത്തുകടക്കുകയും തുടര്‍ന്ന് പരിശീലനം സ്ഥാപനവല്‍കൃതമാവുകയും ചെയ്തു. ആഹാര്യ പരിഷ്കരണത്തില്‍ പൈങ്കുളം രാമചാക്യാര്‍ക്ക് നിസ്തുലമായ പങ്കുണ്ട്. പദ്മഭൂഷണ്‍ അമ്മന്നൂര്‍ മാധവചാക്യാരുടെ ശ്രദ്ധ പതിഞ്ഞത് അഭിനയത്തിന്‍റെ സൗന്ദര്യാംശത്തിലേക്കും.

ഭദ്ര പി.കെ.എം
കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയിലെ സാഹിത്യ വിഭാഗത്തില്‍ ഗവേഷക. കൂടിയാട്ടവും നാട്യശാസ്ത്രവും കേരളീയ രംഗകലകളും വാദ്യകലകളുമാണ് ഐച്ഛിക വിഷയം.

അമ്മന്നൂര്‍ രജനീഷ് ചാക്യാര്‍
പദ്മഭൂഷണ്‍ അമ്മന്നൂര്‍ മാധവ ചാക്യാരുടെ ശിഷ്യന്‍. അമ്മന്നൂര്‍ ചാച്ചു ചാക്യാര്‍ സ്മാരക ഗുരുകുലത്തിലെ കലാകാരന്‍. കലാമണ്ഡലത്തില്‍ കൂടിയാട്ട വിഭാഗത്തില്‍ ഗവേഷണം ചെയ്യുന്നു. ഇന്ത്യയ്ക്കകത്തും പുറത്തുമായി നിരവധി വേദികളില്‍ കൂടിയാട്ടവും പ്രബന്ധങ്ങളും അവതരിപ്പിച്ചിട്ടുണ്ട്.

Share:

No comments:

Post a Comment

മൂല്യസൃതി മാസിക വരിക്കാരാവുക

SUBSCRIBE ONLINE

SUBSCRIBE ONLINE
1 year - 240/- 2 Years - 480/- ,3 Years- 720/-

Moolyasruthi Cover

Moolyasruthi Cover
JUNE 2021

MOOLYASRUTHI MAGAZINE

CHAVARA INSTITUTE

CHAVARA INSTITUTE
ADMISSION STARTED

ADVERTISE HERE

ADVERTISE HERE
Ph : 0484 4863404

Chavara Matrimony

Chavara Matrimony

Popular Posts

Search This Site

Recent Posts