ഈ സ്നേഹവിശ്വാസങ്ങളില്‍ അഭിലാഷ് ടോമി കടലും കടക്കുന്നു

നിങ്ങള്‍ വിചാരിച്ചേക്കാം ഞാനൊരു ധൈര്യശാലിയാണെന്ന്. എന്നാല്‍ ഞാന്‍ ആഗ്രഹിക്കുന്നത് സ്വാതന്ത്ര്യമാണ്. ഏകാന്തതയുടെ സ്വാതന്ത്ര്യം.ڈ അഭിലാഷ് ടോമി.
     ഒരച്ഛന്‍ മകനനുവദിച്ചു നല്‍കിയ ജീവിതത്തെക്കുറിച്ചു കൂടിയാകാം അഭിലാഷ് ടോമി പറഞ്ഞത്. സ്വാതന്ത്ര്യം മോഹിച്ച ഒരു ബാലന് ജീവിതത്തില്‍ അത് തേടാനും, അനുഭവിക്കാനും സമ്മതം നല്‍കിയ ഒരു പിതാവായിരുന്നു റിട്ടയേര്‍ഡ് ലെഫ്റ്റനന്‍റ് കമാണ്ടര്‍ ടോമി. എഞ്ചിനീയറിങ്ങും, മെഡിസിനും ഉപേക്ഷിച്ച് നാവികസേനയില്‍ ചേരാന്‍ മകന് എല്ലാ പിന്തുണയും നല്‍കിയ പിതാവ്. ഏകാന്തമായ കടലും, അപാരതയിലൂടെ തനിച്ചുള്ള യാത്രയുമാണ് സ്വാതന്ത്ര്യം എന്നതുകൊണ്ട് മകന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമായപ്പോള്‍ മനസ്സുകൊണ്ട് ഒപ്പം പോയ പിതാവ്. പ്രാര്‍ത്ഥന ആ മകനുവേണ്ടിയാക്കിയ പിതാവ്.
     സ്വന്തം ജന്മഗേഹം പോലെയായിരുന്നു അഭിലാഷ് ടോമി കരയില്‍ നിന്നും കടലിലേക്ക് പോയിരുന്നത്. സാധാരണ മനുഷ്യര്‍ക്ക് കരയാണ് ജീവിതത്തെ ഉറപ്പിച്ചിരുന്നതെങ്കില്‍ അഭിലാഷിനു നേരെ തിരിച്ചായിരുന്നു. ഒരു മഴയോ കാറ്റോ ഉത്ഭവ ബിന്ദുവിലേക്കു ഉള്‍വലിയും പോലെ അഭിലാഷ് എന്നും കടലിന്‍റെ ഏകാന്തതയിലേക്ക് മടങ്ങിച്ചെന്നു. ലോകത്തിനു അതെന്നും ഒരു മലയാളിയുടെ നേട്ടത്തിന്‍റെ വാര്‍ത്തകൂടിയായിരുന്നു. ലോകം ഒറ്റയ്ക്ക്, യാനയാത്രയുടെ ഇടവേളകളോ, ഇളവേല്‍ക്കലുകളോ ഇല്ലാതെ ചുറ്റിസഞ്ചരിച്ചുവന്ന, ലോക സഞ്ചാര ചരിത്രത്തില്‍ തലയെടുപ്പോടെ ഇടം പിടിച്ച ആദ്യ മലയാളി.
     എനിക്ക് അറിയാം, അവന്‍റെ സ്വാതന്ത്ര്യത്തില്‍ അടങ്ങിയിരിക്കുന്ന അപകടം... അവന്‍റെ യാത്രകളുടെ വെല്ലുവിളികള്‍... എന്നാല്‍ ഞാന്‍ ഇന്നും വിശ്വസിക്കുന്നത് സ്വന്തം വഴി വെട്ടിത്തെളിക്കുന്നതില്‍ അവന്‍ കാണിക്കുന്ന ആത്മവിശ്വാസത്തിലാണ്... അഭിലാഷ് ടോമി ഗോള്‍ഡന്‍ ഗ്ലോബ് മത്സരത്തിനിടെ അപകടം പറ്റി കിടക്കവേ മൂല്യശ്രുതിക്കനുവദിച്ച അഭിമുഖത്തിനിടെ ടോമി പറഞ്ഞു.
     അഭിലാഷ് ടോമിക്ക് അപകടം പറ്റി എന്നറിഞ്ഞ ദിവസം മുതല്‍ രക്ഷപ്പെടുത്തിയ ദിവസം വരെ മകന്‍റെ ജീവിതത്തെ ഒരു പിതാവ് നല്‍കിയ സ്വാതന്ത്ര്യത്തിന്‍റെ വെളിച്ചത്തില്‍ പുനര്‍നിര്‍വചിക്കാന്‍ നാവികസേനയില്‍ ലെഫ്റ്റനന്‍റ് കമാന്‍ഡര്‍ ആയിരുന്ന ടോമി ശ്രമിച്ചില്ല. ڇകാരണം ഞാന്‍ അവന്‍റെ കര്‍മ മണ്ഡലത്തിന്‍റെ നല്ല വശങ്ങള്‍ മാത്രമേ ചിന്തിക്കാന്‍ ആഗ്രഹിച്ചിരുന്നുള്ളൂ... അതിനു ഒട്ടേറെ ദുരന്ത സാധ്യതകള്‍ ഉണ്ടെങ്കില്‍ കൂടി.ڈ
     ഗോള്‍ഡന്‍ ഗ്ലോബ് മത്സരത്തിന്‍റെ സംഘാടകരില്‍ ഒരാളാണ് ഫ്രാന്‍സില്‍ നിന്നും തന്നെ വിളിച്ച് അഭിലാഷ് അപകടത്തിലാണെന്ന് പറയുന്നത്. അപകടത്തിന്‍റെ സ്വഭാവമോ, അതിന്‍റെ വ്യാപ്തിയോ ഒന്നും അപ്പോള്‍ അറിയാന്‍ കഴിഞ്ഞില്ല. ഒരു കാര്യം മാത്രം അറിയാമായിരുന്നു. അഭിലാഷിന് എഴുന്നേല്‍ക്കാനും നടക്കാനും കഴിയുമെങ്കില്‍ അവന്‍ ഏതെങ്കിലും തീരം അണയുമെന്ന്.
     ڇഓടി അടുത്തു ചെല്ലാനുള്ള ദൂരത്തിലോ, കരയിലോ ആയിരുന്നില്ലല്ലോ അവന്‍. പെര്‍ത്തില്‍ നിന്നും 3200 കിലോമീറ്റര്‍ അകലെ കടല്‍ സംഹാരതാണ്ഡവമാടിയ ഇന്ത്യന്‍ മഹാസമുദ്രത്തിന്‍റെ ദക്ഷിണാന്തര്‍ ഭാഗത്ത് 10 മീറ്റര്‍ നീളമുള്ള തുരിയാ പായ്കപ്പല്‍ തകര്‍ന്നിരുന്നു. മണിക്കൂറില്‍ 150 കിലോമീറ്റര്‍ വേഗതയില്‍ അടിച്ച കൊടുങ്കാറ്റ് തിരമാലകളെ 50 അടി ഉയരത്തില്‍ പൊക്കി തുരിയയെ 360 ഡിഗ്രിയില്‍ രണ്ടു പ്രാവശ്യം ചുഴറ്റി എറിഞ്ഞിരുന്നു. കപ്പലിന്‍റെ പാമരം ഒടിഞ്ഞു വീണു നട്ടെല്ലിന് സാരമായ പരിക്കേറ്റു അനങ്ങാനാവാതെ കിടക്കുകയായിരുന്നു അഭിലാഷ് ടോമി എന്ന ധീര നാവികന്‍. പിന്നീട് മാതാവ് വത്സമ്മയ്ക്കും തനിക്കും ആകെ ചെയ്യാനുണ്ടായിരുന്നത് ദൈവത്തെ വിളിക്കുക എന്ന കര്‍മമായിരുന്നു. പ്രാര്‍ത്ഥന അതിന്‍റെ പരമപ്രകാശം വെളിവാക്കി തന്ന ദിനങ്ങളായിരുന്നു പിന്നീടെന്നു അദ്ദേഹം ഓര്‍ത്തു. നാല് ദിവസത്തോളം അഭിലാഷ് അനങ്ങാന്‍ വയ്യാതെ തകര്‍ന്ന കപ്പലില്‍ കിടന്നു. ഒസീരിസ് എന്ന മീന്‍പിടിത്ത കപ്പല്‍ ഡീക്കമ്മീഷന്‍ ചെയ്യാനുള്ള അവസാന യാത്രയില്‍ അഭിലാഷിന്‍റെ രക്ഷാദൗത്യം ഏറ്റെടുത്തുവെങ്കിലും അഭിലാഷിന് പരിക്കുപറ്റി കിടക്കുന്ന പ്രദേശത്തു കടല്‍ വീണ്ടും പ്രക്ഷുബ്ധമായത് തങ്ങളെ ആശങ്കയിലാഴ്ത്തിയതായി ടോമി പറഞ്ഞു. പക്ഷെ എന്തുകൊണ്ടോ കടല്‍ ശാന്തമായെന്നും അഭിലാഷിനെ രക്ഷിച്ചെന്നും പ്രാര്‍ത്ഥനയ്ക്കിടയില്‍ അറിഞ്ഞു...ڈ ഒസീരിസിന്‍റെ അവസാന യാത്രയും ഒരു ജീവന്‍രക്ഷാ ദൗത്യമായി മാറി.
     പഴയ കാലത്തെ കടല്‍ സഞ്ചാരത്തിന്‍റെ അതേ മാതൃകയില്‍ ആണ് ഗോള്‍ഡന്‍ ഗ്ലോബ് മത്സരം വിഭാവനം ചെയ്തിരിക്കുന്നത്. 1968 ല്‍ റോബിന്‍ നോക്സ് ജോണ്‍സറ്റന്‍ എന്ന ബ്രിട്ടീഷ് നാവികന്‍ ഗോള്‍ഡന്‍ ഗ്ലോബ് മത്സരം ജയിച്ചു, ഒറ്റയ്ക്ക് നിര്‍ത്താതെ കടല്‍ യാത്ര ചെയ്തു ലോകം ചുറ്റുന്ന ആദ്യത്തെ സഞ്ചാരിയായി. ഈ യാത്രയുടെ ഓര്‍മക്കായാണ് ഗോള്‍ഡന്‍ ഗ്ലോബ് മത്സരം സംഘടിപ്പിക്കുന്നത്. 1968 നു ശേഷം കണ്ടുപിടിച്ച ഒരു ആധുനിക ഉപകരണവും ഈ യാത്രയില്‍ ഉപയോഗിക്കാന്‍ പാടില്ല എന്നതാണ് നിയമം.
   
മത്സരത്തിന്‍റെ വ്യവസ്ഥകളിലൊന്നും ടോമിക്ക് ആശങ്കകളില്ലായിരുന്നു. കാരണം അഭിലാഷിന്‍റെ ജീവിതത്തെയും രീതികളെയും അദ്ദേഹത്തിന് നന്നായി അറിയാമായിരുന്നു. നിത്യജീവിതത്തില്‍ അഭിലാഷ് കൂടുതല്‍ സൗകര്യങ്ങള്‍ ഉപയോഗിക്കുകയോ, ആവശ്യങ്ങള്‍ ഉന്നയിക്കുകയോ ചെയ്തിരുന്ന വ്യക്തിയല്ല. എന്നാല്‍ ആന്തരികമായ ശക്തി വേണ്ടുവോളം ഉണ്ട് താനും. ഈ തിരിച്ചറിവ് പിതാവിന് ഉള്ളതുകൊണ്ടാണ്, കപ്പല്‍ അപകടത്തില്‍ പെട്ടു എന്നറിഞ്ഞപ്പോള്‍, പരിക്കൊന്നും പറ്റിയിട്ടില്ലെങ്കില്‍ ടോമി അപകടത്തെ അതിജീവിക്കും എന്ന് ഉറച്ചു വിശ്വസിക്കാന്‍ അദ്ദേഹത്തിന് പ്രേരണ നല്‍കിയത്. എന്നാല്‍ അഭിലാഷ് ഈ ധാരണയുടെ അല്പം കൂടി ഉയര്‍ന്ന തലം പിതാവിനു കാട്ടിക്കൊടുക്കുന്നു. ڇഅപകടം നടന്നു കഴിഞ്ഞതിനു ശേഷമുള്ള 70 മണിക്കൂര്‍ താന്‍ ചിന്തകളെ അകറ്റി നിര്‍ത്തിയതായി അഭിലാഷ് പറഞ്ഞത് എന്നെ അത്ഭുതപ്പെടുത്തി.ڈ ടോമി പറഞ്ഞു.
     തൂരിയാ എന്നാണു അഭിലാഷ് ടോമിയുടെ യാനത്തിന്‍റെ പേര്. നിര്‍വാണാവസ്ഥയ്ക്കു തൊട്ടുമുന്‍പ് മനസ് പരിപൂര്‍ണമായ ഉണര്‍വില്‍ എത്തിച്ചേരുന്നു. ബോധത്തിന്‍റെ നാലാമത്തെ അവസ്ഥ എന്നാണാ വാക്കിനര്‍ത്ഥം. അഭിലാഷിന്‍റെ ഭാര്യ ഊര്‍മിമാലയാണ് ആ പേര് നിര്‍ദേശിച്ചത്. യാത്രയില്‍ അഭിലാഷ് ഈ അവസ്ഥയില്‍ എത്തിച്ചേര്‍ന്നേക്കാം എന്നവര്‍ വിശ്വസിച്ചു. ടോമിയും വത്സമ്മയും അത് തന്നെ വിശ്വസിക്കുന്നു. കാരണം അനങ്ങാനാവാതെ നാല് ദിവസത്തോളം ഇന്ത്യന്‍ മഹാസമുദ്രത്തിന്‍റെ ഏറ്റവും വന്യവും ഏകാന്തവുമായ കോണില്‍ കിടക്കുമ്പോഴും അഭിലാഷ് ടോമി നിരാശനോ നിസ്സഹായനോ ആയിരുന്നില്ല. അഭിലാഷ് ടോമിയുടെ മാതാപിതാക്കള്‍ക്ക് മകനെ കുറിച്ചുള്ള ആത്മവിശ്വാസത്തിന്‍റെ ഒരു നേര്‍ചിത്രമാണത്.
Share:

No comments:

Post a Comment

മൂല്യസൃതി മാസിക വരിക്കാരാവുക

SUBSCRIBE ONLINE

SUBSCRIBE ONLINE
1 year - 240/- 2 Years - 480/- ,3 Years- 720/-

Moolyasruthi Cover

Moolyasruthi Cover
JUNE 2021

MOOLYASRUTHI MAGAZINE

CHAVARA INSTITUTE

CHAVARA INSTITUTE
ADMISSION STARTED

ADVERTISE HERE

ADVERTISE HERE
Ph : 0484 4863404

Chavara Matrimony

Chavara Matrimony

Popular Posts

Search This Site

Recent Posts