ഒരേ സമയം പ്രണയത്തെയും വിരഹത്തെയും തീവ്രതയോടെ അനുഭവപ്പെടുത്തുന്ന അപൂര്‍വം ചില സംഗീതോപകരണങ്ങളില്‍ ഒന്നാണ് വയലിന്‍. 2018 ഒക്ടോബര്‍ രണ്ടിനു പക്ഷേ ആ വയലിനില്‍ നിന്ന് ഉയര്‍ന്നു കേട്ടത് ഏറ്റവും വിഷാദമായൊരു രാഗമായിരുന്നു. വാഹനാപകടത്തില്‍പ്പെട്ടു ചികിത്സയിലായിരുന്ന ബാലഭാസ്ക്കറിന്‍റെ ഹൃദയതാളം എന്നന്നേക്കുമായി നിലച്ചപ്പോള്‍ വലിഞ്ഞുമുറുകിയ വയലിന്‍ തന്ത്രികള്‍ പോലെ അദ്ദേഹത്തെയും സംഗീതത്തെയും സ്നേഹിച്ചവരുടെ ഹൃദയങ്ങളും പിടഞ്ഞു.
څബാലഭാസ്ക്കര്‍چچ(ഉദയസൂര്യന്‍); അകാലത്തില്‍ അസ്തമിച്ച വയലിന്‍ മാന്ത്രികന് ഇതിലും ഉചിതമായ മറ്റെന്തു പേരാണ് ഇണങ്ങുക. ഉദയസൂര്യനെ പോലെ ജ്വലിച്ചു നില്‍ക്കുമ്പോഴും ബാല്യത്തിന്‍റെ നിഷ്കളങ്കത തുളുമ്പുന്ന നറുപുഞ്ചിരി ചുണ്ടില്‍ ഒളിപ്പിക്കാനും കഴിഞ്ഞിരുന്നു ബാലഭാസ്ക്കറിന്. 40 വര്‍ഷം മാത്രം ആയുസുള്ള ഒരുവന്‍ കഴിഞ്ഞ കാല്‍നൂറ്റാണ്ടോളം സംഗീതത്തിലൂടെ ആസ്വാദകരോട് നിരന്തരം സംവദിച്ചുകൊണ്ടിരുന്നു എന്നത് തന്നെ ബാലഭാസ്ക്കറിന്‍റെ സംഗീതയാത്രയെ അവിശ്വസനീയമായൊരു അനുഭവമാക്കി മാറ്റുന്നു. പന്ത്രണ്ടാം വയസ്സില്‍ ആദ്യ കച്ചേരി. പതിനേഴാം വയസ്സില്‍ څമംഗല്യ പല്ലക്കിچലൂടെ മലയാളത്തിലെ ഏറ്റവും പ്രായംകുറഞ്ഞ ചലച്ചിത്ര സംഗീത സംവിധായകനായി അരങ്ങേറ്റം. യൂണിവേഴ്സിറ്റി കോളെജിലെ പഠനകാലത്ത് കൂട്ടുകാര്‍ക്കൊപ്പം ആരംഭിച്ച കണ്‍ഫ്യൂഷന്‍ എന്ന മ്യൂസിക് ബാന്‍ഡ് കേരളത്തിലെ തന്നെ ആദ്യത്തെ കലാലയ മ്യൂസിക് ബാന്‍ഡായി ചരിത്രത്തില്‍ ഇടം കണ്ടെത്തി. څകോണ്‍സണ്‍ഡ്രേറ്റഡ് ഇന്‍ ടു ഫ്യൂഷന്‍چچഎന്നതിന്‍റെ ചുരുക്കപ്പേരായി ബാന്‍റിന് څകണ്‍ഫ്യൂഷന്‍چچഎന്ന പേരു നല്‍കിയതും ബാലു തന്നെ. ഇലക്ട്രിക്ക് വയലിനെ ആദ്യമായി മലയാളികള്‍ക്ക് പരിചയപ്പെടുത്തിയതും ബാലഭാസ്ക്കറാണ്. പാശ്ചാത്യ, പൗരസ്ത്യ സംഗീതധാരകളെ കൂട്ടിയിണക്കിയ മ്യൂസിക്കല്‍ ഫ്യൂഷനിലൂടെ ആസ്വാദകര്‍ക്ക് മുന്നില്‍ അദ്ദേഹം സംഗീതത്തിന്‍റെ പുതിയ വാതായനങ്ങള്‍ തുറന്നിട്ടു. ഒരു തലമുറയുടെ യൂത്ത് ഐക്കണായും റോള്‍ മോഡലായും ബാലഭാസ്ക്കര്‍ മാറിയത് വയലിനില്‍ വിരലുകള്‍ ഓടിക്കുന്ന വേഗത്തിലായിരുന്നു.
ഫ്യൂഷന്‍ സംഗീതം പോലെ സമ്മിശ്രമായ സ്വാഭവ സവിശേഷതകളുള്ള വ്യക്തിത്വത്തിന് ഉടമയായിരുന്നു ബാലഭാസ്ക്കര്‍. വയലിനുമായി വേദിയില്‍ അവതരണത്തിന് എത്തിയാല്‍ ബാലു ഒരു കൊച്ചുകുട്ടിയാകും. നിഷ്കളങ്കമായ നിറചിരിയോടെ വയലിന്‍വാദനത്തില്‍ സ്വയം ലയിച്ചു ചേരും. പ്രാക്ടീസിന്‍റെ കാര്യത്തില്‍ എല്ലാകാലത്തും ബാലഭാസ്ക്കര്‍ കാര്‍ക്കശ്യക്കാരനായിരുന്നു. പ്രശസ്തിയുടെ കൊടുമുടികള്‍ കീഴടക്കി നില്‍ക്കുമ്പോഴും എല്ലാ ദിവസവും മൂന്നോ നാലോ മണിക്കൂറുകള്‍ സാധകം ചെയ്യാന്‍ അദ്ദേഹം സമയം കണ്ടെത്തിയിരുന്നു. സംഗീത സംവിധായകനും ഗായകനുമായ ഇഷാന്‍ ഉള്‍പ്പടെയുള്ള തന്‍റെ ശിഷ്യഗണങ്ങളോട് ഒരു കൂട്ടുകാരനെ പോലെ, മുതിര്‍ന്ന സഹോദരനെ പോലെ അടുത്ത് ഇടപഴകുമ്പോഴും പ്രാക്ടീസിന്‍റെ കാര്യത്തില്‍ അദ്ദേഹം ഒരിക്കലും വിട്ടുവീഴ്ച ചെയ്തിരുന്നില്ല. സമയം കിട്ടുമ്പോഴൊക്കെ അമ്മാവനും ഗുരുവുമായ ബി. ശശികുമാറിന്‍റെ അടുത്ത് എത്തും. അദ്ദേഹത്തോടൊപ്പം വയലിന്‍ വാദനത്തില്‍ മുഴുകും. പാശ്ചാത്യ, പൗരസ്ത്യ സംഗീതങ്ങളെ സമന്വയിപ്പിച്ച് വയലിന്‍ ഫ്യൂഷനിലൂടെ ജനപ്രിയ സംഗീതത്തിന്‍റെ അലകള്‍ ഉയര്‍ത്തുമ്പോഴും തന്‍റെ അടിസ്ഥാനശിലയായ ശാസ്ത്രീയ സംഗീതത്തെ അദ്ദേഹം എല്ലാകാലവും മുറുകെ പിടിച്ചിരുന്നു. സ്റ്റേജ് ഷോകളുടെ തിരക്കുകള്‍ക്കിടയിലും അമ്മാവനൊപ്പവും തനിച്ചും വയലിന്‍ കച്ചേരികള്‍ അവതരിപ്പിക്കാനും അദ്ദേഹം സമയം കണ്ടെത്തിയിരുന്നു.
സംഗീതത്തിലും പ്രണയത്തിലും സാഹസികനായിരുന്നു ബാലഭാസ്ക്കര്‍. മാര്‍ ഇവാനിയോസ് കോളെജിലെ പ്രീഡിഗ്രി പഠനകാലത്ത് ബാലഭാസ്ക്കറിന്‍റെയും കൂട്ടുകാരുടെയും ലോകം സംഗീതമായിരുന്നു. ഈ കാലഘട്ടത്തില്‍ പലരും ڇവയലിനിസ്റ്റോ?ڈ, ڇസംഗീതം കൊണ്ടൊക്കെ ജീവിക്കാന്‍ പറ്റുമോ?ڈ എന്നൊക്കെ നിരന്തരം പരിഹസിക്കുമായിരുന്നു. കമ്പോസിങ്ങിലേക്ക് തിരിയാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചതും ഇത്തരം ചോദ്യശരങ്ങളായിരുന്നു. സംഗീതം കൊണ്ടു ജീവിക്കണം, ജീവിച്ചു കാണിച്ചു കൊടുക്കണം എന്നത് അദ്ദേഹത്തിന്‍റെ വാശിയായി മാറി. ആ വാശി അദ്ദേഹത്തിന്‍റെ ജീവിതത്തില്‍ വഴിത്തിരിവായി. ഒട്ടേറെ യുവ സംഗീതജ്ഞര്‍ക്ക് പ്രചോദനമാകാനും അനന്തമായ സാധ്യതകള്‍ തുറന്നു കൊടുക്കാനും അദ്ദേഹത്തിന്‍റെ സംഗീത ജീവിതത്തിനായി. ബിഗ് ബാന്‍ഡ് എന്ന സംഗീത ബാന്‍ഡിലൂടെ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി, കലാമണ്ഡലം ഹൈദരാലി, ശിവമണി, സ്റ്റീഫന്‍ ദേവസി തുടങ്ങി സംഗീത ലോകത്തെ അതികായകന്‍മാര്‍ക്കൊപ്പം ബാലഭാസ്ക്കര്‍ ഫ്യൂഷനില്‍ മാന്ത്രികത തീര്‍ത്തു. തന്‍റെ സംഗീതത്തെ സ്വയം നവീകരിക്കുകയും അതിനെ നിരന്തരം പരീക്ഷണ വിധേയമാക്കുകയും ചെയ്തുകൊണ്ടിരുന്നു. څമഹാപ്രതിഭچ, څവയലിന്‍ മാന്ത്രികന്‍چچ എന്നീ പദപ്രയോഗങ്ങള്‍ പലപ്പോഴും അദ്ദേഹത്തെ അലോസരപ്പെടുത്തിയിരുന്നു. സംഗീതത്തില്‍ ഇനിയും ഏറെ ദൂരം മുന്നോട്ട് പോകാനുണ്ടെന്ന് അദ്ദേഹം സ്വയം ഓര്‍മപ്പെടുത്തിക്കൊണ്ടിരുന്നു. څബാലലീലچچഎന്ന ബാന്‍ഡിലൂടെ സംഗീത ലോകത്ത് പുത്തന്‍ വിസ്മയങ്ങള്‍ തീര്‍ക്കാന്‍ തയ്യാറെടുക്കുമ്പോഴാണ് അപൂര്‍ണമായൊരു ഗാനം പോലെ ആ വയലിന്‍ നാദം നിലക്കുന്നത്.
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളെജിലെ ബിരുദാനന്തര ബിരുദ പഠനകാലത്താണ് പ്രിയപത്നി ലക്ഷ്മിയുമായി പ്രണയത്തിലാകുന്നത്. ബന്ധത്തെ വീട്ടുകാര്‍ എതിര്‍ത്തതോടെ വിവാഹമല്ലാതെ ഇരുവരുടെയും മുന്നില്‍ മറ്റു വഴികളുണ്ടായിരുന്നില്ല. വിദ്യാര്‍ഥികളായ ബാലഭാസ്ക്കറും ലക്ഷ്മിയും സുഹൃത്തുകളുടെയും ട്യൂഷന്‍ അധ്യാപകന്‍ വിജയമോഹന്‍റെയും പിന്തുണയോടെ വിവാഹിതരാകുമ്പോള്‍ ഇരുവര്‍ക്കും ജോലിയോ പഠന സര്‍ട്ടിഫിക്കറ്റ് പോലുമൊ ഉണ്ടായിരുന്നില്ല. പ്രണയം തന്നെയാണ് എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് മുന്നോട്ട് പോകാന്‍ ഇരുവര്‍ക്കും കരുത്തേകിയത്.
ബാലുവിന്‍റെ സംഗീത ജീവിതത്തിലെ കയറ്റിറക്കങ്ങളിലും വികാര വേലിയേറ്റയിറക്കങ്ങളിലും തണലായി ഐശ്വര്യ څലക്ഷ്മിയായിچچഎന്നും പ്രിയ പത്നി കൂടെയുണ്ടായിരുന്നു. പതിനാറ് വര്‍ഷത്തെ ദാമ്പത്യത്തിനു ശേഷമുണ്ടായ മകള്‍ തേജസ്വിനി ബാലയെയാണ് മരണം ആദ്യം തട്ടിയെടുത്തത്. മകളുടെ കിളിക്കൊഞ്ചലുകളും ബാലുവിന്‍റെ സംഗീതവും നിലച്ച څഹിരണ്‍മയ്چയിലേക്കാണ് ലക്ഷ്മിക്ക് ഇനി തിരിച്ചു നടക്കേണ്ടത്. ബാലുവിന്‍റെയും തേജസ്വിനിയുടെയും മരിക്കാത്ത ഓര്‍മകള്‍ മുന്നോട്ടുള്ള യാത്രയില്‍ ലക്ഷ്മിക്ക് കരുത്തേകുമെന്നു പ്രത്യാശിക്കാം.
No comments:
Post a Comment