പാലൂര്‍: കവിതയില്‍ ജീവിതത്തില്‍ - ദേശമംഗലം രാമകൃഷ്ണന്‍

നിറുത്തട്ടെഞാനെന്‍
മഹാമോഹഭംഗ-
സ്വരം പൊന്നുഷസ്സേ
വരൂ, നിന്നില്‍നിന്നും
കൊളുത്തട്ടെ പത്തല്ല
നൂറല്ല കത്തി-
ജ്വലിക്കുന്ന പന്തങ്ങള്‍,
എന്‍പിന്‍മുറക്കാര്‍-
വരും, ഞാനവര്‍ക്കായ്
വഴിക്കൊക്കെയോരോ
വെറും മണ്‍ചിരാതെങ്കിലും
വെച്ചുപോകാം.
അതാണെന്‍റെ മോഹം
അതാണെന്‍റെ ദാഹം
അതാണെന്‍റെ ജീവന്‍റെ
ശക്തിപ്രവാഹം
(ഉഷസ്സ്: എം.എന്‍ പാലൂര്‍)
     വിദേശികളുടെ അധിനിവേശത്തില്‍ നിന്ന് സ്വാതന്ത്ര്യം കിട്ടിയിട്ടും ഭാരതം ഉണര്‍ന്നിരുന്നില്ല. ജീവിതം അനാഥമായിരുന്നു. ദാരിദ്ര്യവും തൊഴിലില്ലായ്മയും പെരുകിവന്നു. പ്രതീക്ഷകള്‍ അസ്തമിച്ചുകൊണ്ടിരുന്നു. 1960-കളോടെ, ചിന്തിക്കുന്നവരുടെയും സ്വപ്നം കാണുന്നവരുടെയും മുന്നിട്ടിറങ്ങി പ്രവര്‍ത്തിക്കുന്നവരുടെയുമൊക്കെ വൈയക്തികവും സാമൂഹികവുമായ സ്വരങ്ങള്‍ മോഹഭംഗം നിറഞ്ഞതായി. ഈ തകര്‍ച്ചയുടെ ചിഹ്നങ്ങളായിട്ടാണ് കലയിലെയും കവിതയിലെയും രൂപഭാവങ്ങളുടെ ശിഥിലീകരണങ്ങളെ കാണേണ്ടത്. മലയാള കവിതയില്‍ ജീവിതത്തകര്‍ച്ചയുടെ പ്രതിഫലനമായിട്ടാണ് ആധുനികം എന്നു വിശേഷിപ്പിക്കാവുന്ന ഘടനാവിശേഷങ്ങളും ശിഥിലബിംബങ്ങളും വിരുദ്ധവീക്ഷണങ്ങളും കടന്നുവന്നത്.
     ഈ തകര്‍ച്ചകള്‍ക്കിടയിലും, വൈയക്തിക ജീവിതത്തിന്‍റെ അനാഥത്വത്തിനിടയിലും ഭാവിയെ പ്രതീക്ഷയോടെ ഉറ്റുനോക്കുവാനാണ് എം.എന്‍ പാലൂര്‍ എന്ന ആധുനിക കവി ഇഷ്ടപ്പെട്ടത്. ഓത്തു മാത്രം പഠിച്ച ഉണ്ണിനമ്പൂതിരി, ജീവിക്കാനുതകുന്നതൊന്നും പഠിച്ചില്ലെന്ന് വൈകിയാണ് മനസ്സിലാക്കിയത്. കഥകളിയും ഡ്രൈവര്‍ പണിയും പഠിച്ചു. തൃപ്തിയായില്ല. അഭിമാനവും തോന്നിയില്ല. കൃഷി ചെയ്യാനോ ഇരുന്നുണ്ണാനോ നിവൃത്തിയില്ല. ദയാമസൃണമായ ഹൃദയം മാത്രം കൈമുതല്‍. അനീതിക്കെതിരെ അമര്‍ഷം കൊള്ളുന്ന പ്രകൃതം. ഇതാണ് എം.എന്‍ പാലൂര്‍ എന്ന മനുഷ്യന്‍. വൈലോപ്പിള്ളി എഴുതിയ ڇകാളിയും മനുഷ്യനുംڈ എന്ന കവിതയില്‍ പാലൂര്‍ എന്ന വ്യക്തിത്വമാണ് ചിത്രണം ചെയ്തിരിക്കുന്നത്. വൈലോപ്പിള്ളിക്കവിതയിലെ പഞ്ചവര്‍ണക്കിളി പാലൂര്‍ എന്ന മനുഷ്യന്‍റെ പ്രതിഛായയാകുന്നു. ചിറകുകള്‍ കത്രിക്കപ്പെട്ട് എല്ലാവരാലും പീഡിപ്പിക്കപ്പെടുന്ന അത് സര്‍വോപരി മോചനത്തിനു കൊതിക്കുന്നു - എന്തു ദുഃഖം സഹിച്ചും സ്വാതന്ത്ര്യം ശ്വസിക്കാന്‍, വളരാന്‍.
ڇഒരു ദുര്‍മ്മണമേറ്റാന്‍
ചുളിയും മൂക്കാണെനി-
ക്കൊരു ദൂനത കണ്ടാ-
ലുരുകും മിഴികളും
ഒരു സൗഹൃദം തൊട്ടാ-
ലലിയും ഹൃദയവും
ഇരിമ്പായ് ചമയേണ്ടു-
മീയന്ത്രയുഗത്തിങ്കല്‍!ڈ
എന്ന വാങ്മയത്തില്‍ പാലൂര്‍ ഉണ്ട്.
     ഒടുവില്‍ വിമാനത്താവളത്തില്‍ (മുംബൈ) ഒരു ഡ്രൈവറായിത്തീര്‍ന്ന്, മറുനാടന്‍ ജീവിയായി അന്യത്വമേറെ സഹിച്ച്, കഴിഞ്ഞുകൂടുമ്പോഴും പാലൂരിലെ കവി എഴുതിക്കൊണ്ടിരുന്നു:
     ڇഎവിടെയോവെച്ചു വലിയെപ്പേറിയ വലിയ ദുഃഖത്തില്‍ മുഷിഞ്ഞ ഭാണ്ഡവും ചുമന്നേറെച്ചുമലിടിഞ്ഞൊരു മഹാവികൃതരൂപമുണ്ടൊരു څവെറും കവിچ! അവനിതൊക്കെയും വെറും തമാശയാണവഗണനയാണവന്‍റെ കണ്‍കളില്‍. അവനൊരു വെറും څമുഴുപ്പിരിچയനെന്നപഹസിക്കുകിലതും ചിതം വരാ. അവനിരുപതാം ശതകത്തിലിപ്പോള്‍ څഅനാമ്പിچനാക്കുന്നു പ്രധാന ഭക്ഷണം!
(വിമാനത്താവളത്തില്‍ ഒരു കവി)
     മലയാളത്തിലെ ആധുനികകാല കവിതയുടെ അടയാളങ്ങളില്‍ പ്രമുഖമായിരുന്നു പാലൂരിന്‍റെ വേദനാസംഹാരിയായ കാവ്യബിംബം.
     എന്നും മൂല്യനഷ്ടത്തില്‍, സൗന്ദര്യസംസ്കാരനഷ്ടത്തില്‍ വിഷാദം കൊണ്ട് കവിതയെഴുതി, പാലൂര്‍. څപാലൂരിന്‍റെ പാട്ട്چ എന്നൊരു കവിതതന്നെ ദൃഷ്ടാന്തം. അതിനിടയിലും നര്‍മബോധം പുലര്‍ത്താന്‍ മടിക്കുന്നില്ല:
ڇഒന്നു നിവര്‍ന്നു കിടന്നു മരിക്കണ-
മെന്നൊരു മോഹം മാത്രം ശേഷി-
ക്കുന്നൂ, നിനച്ചാലിന്നതിനില്ലൊരു
മാര്‍ഗ്ഗം, മന്നിതുരുണ്ടാണല്ലോ.ڈ
     ഉള്ളിന്‍റെ ഉള്ളിലേയ്ക്ക്, എന്തിന്‍റെയും ഉള്ളിന്‍റെ ഉള്ളിലേയ്ക്ക് ചുഴിഞ്ഞുനോക്കാനുള്ള ത്വരയാണ് പാലൂരിന്‍റെ څവിമാനത്താവളچ കാലഘട്ടത്തിനു ശേഷമുള്ള കവിതകളില്‍ മുന്നിട്ടുനില്‍ക്കുന്നത്.
ڇഒന്നിനും കൊള്ളാതെ
ഭാഷ മറന്നു ഞാന്‍
ഒന്നെന്‍റെയുള്ളി-
ലിറങ്ങി മുങ്ങീടവേ
എങ്ങും മരതക-
പ്പച്ചയാണദ്ഭുതംആ
എങ്ങുനിന്നെത്തീ
മറന്ന വര്‍ണ്ണങ്ങളേڈ
(വര്‍ണ്ണങ്ങള്‍)
     ഉള്ളില്‍ ഉറങ്ങിക്കിടക്കുന്ന ഇതിഹാസത്തിന്‍റെ ധ്വനികള്‍ക്കു കാതോര്‍ത്ത് അവയുടെ ഭാവവ്യാഖ്യാനം കവിതാ രൂപത്തില്‍ ആവിഷ്കരിക്കുക - അങ്ങനെയൊരു വിതാനത്തിലേയ്ക്കാണ് പില്‍കാല പാലൂര്‍ ഉയര്‍ന്നുവന്നത് അഥവാ ഇറങ്ങി നിന്നത്. കവികാലം, ഗൃദ്ധ്യഗോമായു സംവാദം... ഇങ്ങനെയുള്ള കവിതകള്‍ പാലൂരിന്‍റെ മഹാബാരത ഹൃദയജ്ഞാനം വെളിപ്പെടുത്തുന്നു. ڇപ്രസ് ബട്ടനില്ലാത്ത സന്ധ്യകളില്‍, പൊട്ടിത്തെറിക്കുന്ന മധ്യാഹ്നങ്ങളില്‍, ഭിന്നിപ്പിക്കുന്ന മോണിങ്ങുകളില്‍, ഏകാന്തരാവുകളില്‍ പ്രപഞ്ചത്തെക്കുറിച്ചും മനുഷ്യനെക്കുറിച്ചും പാരമ്പര്യങ്ങളെക്കുറിച്ചും പൈതൃക സംസ്കാരങ്ങളെക്കുറിച്ചും ഞാനോര്‍ത്തു പോവുകയാണ്. എനിക്കു ദുഃഖം തോന്നുന്നു.ڈ (څവായനക്കാരോട്چ, പേടിത്തൊണ്ടന്‍ - കവിതാസമാഹാരം, 1962).
     നഷ്ടമൂല്യവിഷാദം നിറഞ്ഞതായിരുന്നു ആ കവിയുടെ ജീവിതം; ആ കനക ദുഃഖത്തിന്‍റെ കാന്തിയാണ് പാലൂര്‍ കവിത. മനുഷ്യന്‍ കുനിഞ്ഞു പോകരുത്; കനിവോടെ, കനവോടെ എഴുന്ന് ഉയര്‍ന്നു നില്‍ക്കണം - അതാണ് പാലൂരിന്‍റെ ധീരമായ ആദര്‍ശം:
ڇനിവര്‍ന്നു നില്‍ക്കാത്തോര്‍
വളഞ്ഞുപോമെന്നു
നചികേന്തസ്സിന്‍റെ കഥ പറയുന്നു!ڈ
(പേടിസ്വപ്നം 24.8.98)
     സുഹൃത്തും ആചാര്യനും നല്ല മനുഷ്യനുമായ പാലൂരിന് പ്രണാമം, 1962 ല്‍ അദ്ദേഹം എഴുതിയ ചില വരികള്‍ കൂടി ഓര്‍ത്തുകൊണ്ട്:
ڇമരണത്തിനെക്കാള്‍ അഭികാമ്യമാണ് ജീവിതമെന്ന് ഞാന്‍ കരുതുന്നു. എന്തെന്നാല്‍ ജീവിതം ദുഃഖമാണെന്നു മനസ്സിലാക്കാനുള്ള അഹന്ത എനിക്കുണ്ടായിരിക്കുന്നു. മരണത്തെക്കുറിച്ചൊരു പിടിയുമില്ലല്ലോ.....ڈ

Share:

No comments:

Post a Comment

മൂല്യസൃതി മാസിക വരിക്കാരാവുക

SUBSCRIBE ONLINE

SUBSCRIBE ONLINE
1 year - 360/- 2 Years - 720/- ,3 Years- 1080/-

Moolyasruthi Cover

Moolyasruthi Cover
JULY 2024

MOOLYASRUTHI MAGAZINE

CHAVARA INSTITUTE

CHAVARA INSTITUTE
ADMISSION STARTED

ADVERTISE HERE

ADVERTISE HERE
Ph : 0484 4863404

Chavara Matrimony

Chavara Matrimony

Popular Posts

Search This Site

Recent Posts