കഥ
ജനുവരി പതിനൊന്ന്
പുലര്‍ച്ചെ 5 എ. എം
കര്‍ണാടകത്തിലെ തുമകൂര്‍ ഫോറസ്റ്റ് സ്റ്റേഷന്‍. യൂണിഫോമിന്‍റെ ബട്ടണുകളെല്ലാം അഴിച്ചിട്ട് മരക്കസേരയിലേക്ക് കാലുകള്‍ കയറ്റിവച്ച് തന്‍റെ സീറ്റില്‍ പുറകിലേക്ക് ചാഞ്ഞുകിടന്ന് ഉറങ്ങുകയാണ് ഫോറസ്റ്റ് ഓഫീസര്‍ ബസവരാജ്. മേശയില്‍ കിടക്കുന്ന അയാളുടെ മൊബൈല്‍ ഫോണില്‍ അത്ര പുതിയതല്ലാത്ത ഹിന്ദിപ്പടം ഓടിക്കൊണ്ടിരിക്കുന്നു. ഓഫീസറുടെ കൂര്‍ക്കംവലിയും ഹിന്ദിപ്പടത്തിലെ മാസ് ഡയലോഗും ഇരുന്നുറങ്ങുന്ന ഫോറസ്റ്റ് ഗാര്‍ഡുമാര്‍ക്ക് ശല്യമാകുന്നുണ്ടെന്ന് അവരുടെ മുഖഭാവത്തില്‍ വ്യക്തം.
പെട്ടെന്ന് എല്ലാ ശബ്ദങ്ങള്‍ക്കും മുകളിലായി കുപ്പിചിതറും പോലെ ലാന്‍ഡ് ഫോണ്‍ ശബ്ദിച്ചു. തുടര്‍ച്ചയായി ബെല്ലടിച്ച ഫോണിലേക്ക് നോക്കി രണ്ട് തെറി പറഞ്ഞുകൊണ്ട് ബസവരാജ് ഫോണെടുത്തു. ഫോണിലൂടെ കേട്ട വാര്‍ത്ത അയാളുടെ എല്ലാ ആലസ്യത്തെയും കുടഞ്ഞുകളയുന്നതായിരുന്നു.
ചെറുമഴ പോലെ മഞ്ഞുപൊഴിയുന്ന പുലരിയില്‍ ഫോറസ്റ്റ് ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ ജീപ്പ് ഉള്‍വനത്തിലെ വഴിയിലേക്കിറങ്ങി. നമ്പര്‍ കൊത്തിയിരിക്കുന്ന മരങ്ങളുടെ അടയാളങ്ങള്‍ ഉറപ്പിച്ച് ബസവരാജ് ജീപ്പ് ഓടിച്ചു. തേടിവന്ന അക്കം രേഖപ്പെടുത്തിയ മരത്തിനടുത്ത് ജീപ്പ് നിര്‍ത്തി ബസവരാജും കൂടെയുള്ള ഗാര്‍ഡും പുറത്തേക്കിറങ്ങി. അവര്‍ അടുത്ത തട്ടിലേക്ക് മരങ്ങള്‍പിടിച്ച് സൂക്ഷിച്ചിറങ്ങി. മുന്നോട്ട് നടന്നപ്പോള്‍ രണ്ട് ഫോറസ്റ്റ് വാച്ചര്‍മാരും നായാട്ടിന് കയറിയ ഒരാദിവാസിയുവാവും അവരെ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. ബസവരാജിനെ അവര്‍ ഒരു കിടങ്ങിനടുത്തേക്ക് കൂട്ടിക്കൊണ്ടുപോയി. മണ്ണ് വെട്ടിതാഴ്ത്തിയതുപോലുള്ള കുഴിയില്‍ കത്തിക്കരിഞ്ഞ ഒരു മൃതദേഹം അവര്‍ അയാളെ കാണിച്ചുകൊടുത്തു. പുരുഷന്‍റേതൊ, സ്ത്രീയുടേതൊ എന്ന് തിരിച്ചറിയാന്‍ പറ്റാത്തവിധം കറുത്തമനുഷ്യരൂപം. ജീവിതത്തിലാദ്യമായാണ് ബസവരാജ് ഇത്തരമൊരു കാഴ്ച കാണുന്നത്. അതിന്‍റെ നടുക്കം അയാളുടെ മുഖത്തുണ്ട്. ദിവസവേതനക്കാരായ വാച്ചര്‍മാരെ കണ്ണുപൊട്ടുന്ന ചീത്ത വിളിച്ച് അയാള്‍ മാറിനിന്ന് ഫോണില്‍ ആരെയൊക്കെയോ ബന്ധപ്പെടാന്‍ ശ്രമിച്ചു. റേഞ്ച് കിട്ടാതെ വന്നപ്പോള്‍ അടുത്തുകണ്ട കൂറ്റന്‍മരത്തില്‍ കൈകൊണ്ട് ആഞ്ഞിടിച്ചു. വാച്ചര്‍മാരില്‍ ചെറുപ്പക്കാരനായ സുബ്രഹ്മണ്യം ശബ്ദം താഴ്ത്തി മറ്റുള്ളവരോട് പറഞ്ഞു.
ڇഇതൊരു പെണ്ണിന്‍റെ ഡെഡ് ബോഡിയാ, എനിക്കുറപ്പാ...ڈ
കൂടെ നിന്നവര്‍ സുബ്രഹ്മണ്യത്തെ തെല്ല് ഭയത്തോടെ നോക്കി.
മാര്‍ച്ച് ഇരുപത്തിനാല്
രാത്രി 10 പി. എം
സമയം പാലിച്ച് ഓടിക്കൊണ്ടിരിക്കുന്ന ബാംഗ്ളൂര്‍ കുര്‍ള എക്സ്പ്രസ്സ് ട്രെയിനിന്‍റെ പത്താമത്തെ ബോഗി. ടോയ്ലറ്റില്‍ പോയി മടങ്ങിവന്ന ഹിന്ദിക്കാരിയായ തടിച്ച സ്ത്രീ തന്‍റെ ബാഗ് തുറന്ന് ഒരു പായ്ക്കറ്റ് ബിസ്ക്കറ്റും ഒരു കുപ്പി പഴച്ചാറുമായി വീണ്ടും ടോയ്ലറ്റിന്‍റെ ഭാഗത്തേക്ക് നടന്നു. പുസ്തകപാരായണത്തിലായിരുന്ന അവരുടെ ഭര്‍ത്താവ് നബാരുണ്‍ ഭട്ടാചാര്യ ശരീരമിളക്കിപോകുന്ന തന്‍റെ ഭാര്യയെ കണ്ണടയ്ക്ക് മുകളിലൂടെ ഒന്നുനോക്കി. എട്ടും, പത്തും വയസ്സുള്ള അവരുടെ രണ്ടാണ്‍കുട്ടികള്‍ അതൊന്നും ശ്രദ്ധിക്കാതെ വിരലുകള്‍ കൊണ്ട് ഒരുതരം കളിയിലാണ്.
ڇഎന്തു ഭക്ഷണവും എങ്ങനെയൊക്കെ കൊടുത്താലും വേണ്ടാത്ത രണ്ടെണ്ണമുണ്ട്... ടോയ്ലറ്റിനടുത്ത് ചെന്ന് നോക്ക് രണ്ട് കുട്ടികള്‍ വിശന്ന് തളര്‍ന്ന് നില്‍ക്കുന്നു... അവരുടെ പിതാവ് ട്രെയിനില്‍ വല്ലതും വില്‍ക്കാന്‍ നടക്കുകയാവും... പോയി കണ്ടു പഠിക്ക്...ڈ തിരികെ വന്ന അവര്‍ കുട്ടികളെ ഉറക്കെ ശകാരിച്ചു.
അമ്മയുടെ ദേഷ്യവും അച്ഛന്‍റെ കണ്ണിറുക്കലും കണ്ട് ഇളയവന് ചിരിപൊട്ടി. ദേഷ്യം കൊണ്ട് അമ്മ അവന്‍റെ തലയ്ക്കൊരു കിഴുക്കുകൊടുത്തു. അടിയേറ്റ പാമ്പിനെപ്പോലെ ഒന്ന് വിറച്ചുകൊണ്ട് ട്രെയിന്‍ ഒരു ഇരുമ്പ് പാലം വേഗത്തില്‍ കടന്നുപോയി.
മാര്‍ച്ച് ഇരുപത്തഞ്ച്
രാവിലെ 6 എ. എം
കരാപ്പുഴ പാലത്തില്‍ ആളുകള്‍ കൂടിയിട്ടുണ്ട്. വാഹനങ്ങള്‍ നിര്‍ത്തി കൈവരിപിടിച്ച് ആളുകള്‍ താഴേക്ക് നോക്കുകയാണ്. പുരുഷാരം ഏറിവരുന്നു. സംഘങ്ങളായി തിരിഞ്ഞ് പല അഭിപ്രായങ്ങളും മനുഷ്യര്‍ പങ്കുവയ്ക്കുന്നു. അവിടേക്ക് ലൈറ്റിട്ട് വേഗത്തിലെത്തിയ നടക്കാവ് സ്റ്റേഷനിലെ പൊലീസ് ജീപ്പില്‍ നിന്നും എസ്. ഐ രഞ്ജിത്തും, രണ്ട് സിവില്‍ പൊലീസ് ഓഫീസര്‍മാരും ചാടിയിറങ്ങി. റോഡിന് നടുവിലായി സ്റ്റാന്‍ഡില്‍വച്ചിരുന്ന ഒന്നുരണ്ട് ടൂവീലറുകളും സൈക്കിളുകളും അവര്‍ ചവിട്ടിമറിച്ചിടുകയും ആളുകളെ വിരട്ടിയോടിക്കുകയും ചെയ്തു. എസ്. ഐ രഞ്ജിത്ത് കൈവരിയില്‍ പിടിച്ച് താഴേക്ക് നോക്കി. പാലത്തിനു നടുക്ക് പില്ലറിനോട് ചേര്‍ന്ന് പോളപ്പായലുകള്‍ തങ്ങിനില്‍ക്കുന്നതിനിടയില്‍, മഞ്ഞസാരിയുടുത്ത ഒരു മൃതദേഹം കമിഴ്ന്ന് പൊന്തിക്കിടക്കുന്നു. അതൊരു സ്ത്രീയുടെ മൃതദേഹമാണെന്ന് ഉറപ്പ് വരുത്തുന്നതിന് സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ പുഷ്പന്‍ ഏന്തി വലിഞ്ഞ് നോക്കുകയാണ്.
ڇസാറേ, തൊപ്പി വെള്ളത്തില്‍ പോകാതെ നോക്കണേ...ڈ
ഒരുവന്‍ വിളിച്ചുപറഞ്ഞത് ആള്‍ക്കൂട്ടത്തില്‍ വലിയ ചിരിയുണ്ടാക്കി. എസ്. ഐ രഞ്ജിത്ത് പുഷ്പനോട് പറഞ്ഞു.
ڇഫയര്‍ഫോഴ്സിനെ വിവരമറിയിച്ച് ബോഡി കയറ്റാനുള്ള ഏര്‍പ്പാടു ചെയ്യണം...ڈ
പുഷ്പന്‍ രഞ്ജിത്ത്സാറിനെ അല്‍പം മാറ്റിനിര്‍ത്തി ഉപദേശം പോലെ പറഞ്ഞു.
ڇസാറേ... ഈ പാലം നമ്മുടെ സ്റ്റേഷന്‍റെ അതിര്‍ത്തിയാ... അപ്പുറം നെടുമ്പ്രം സ്റ്റേഷനാ... ഒരു മണിക്കൂറൊന്ന് വെയ്റ്റ് ചെയ്താ ഇറക്കസമയത്ത് പുലിവാല് ചിലപ്പോ ഒഴിഞ്ഞുപോകും.ڈ
ചാര്‍ജെടുത്തിട്ട് അധികമാകാത്തതുകൊണ്ട് രഞ്ജിത്ത് പുഷ്പന്‍റെ വാക്കുകള്‍ക്ക് അത്യാവശ്യം വില കൊടുക്കാറുണ്ട്. ഗതാഗതതടസ്സം ഉണ്ടാക്കുന്ന രീതിയില്‍ ആളുകള്‍ കൂട്ടംകൂടാതിരിക്കാന്‍ കോണ്‍സ്റ്റബിള്‍ ഷാജിയെ അവിടെ നിര്‍ത്തിയ ശേഷം ചിലരുടെ കഴുത്തില്‍ പിടിച്ച്തള്ളി രഞ്ജിത്തും പുഷ്പനും ജീപ്പില്‍ കയറി. റെയില്‍വെ സ്റ്റേഷന്‍ ഭാഗത്തേക്ക് ജീപ്പ് ഓടിപ്പോയപ്പോള്‍ ആളുകള്‍ കൂട്ടമായി കൂവി ഒച്ചവച്ചു.
മാര്‍ച്ച് ഇരുപത്തഞ്ച്
11 എ. എം
വി. ഐ. പി ഡ്യൂട്ടിക്കായി കോളെജ് റോഡില്‍ നില്‍ക്കുമ്പോഴാണ് നെടുമ്പ്രം സ്റ്റേഷനിലെ പ്രൊബേഷന്‍ എസ്. ഐ സ്റ്റാന്‍ലി പീറ്ററിന്‍റെ സെല്‍ഫോണില്‍ കോള്‍ വരുന്നത്. തെങ്ങ്പാലം ജെട്ടിക്കടുത്ത് ഒരു സ്ത്രീയുടെ മൃതദേഹം അടിഞ്ഞിരിക്കുന്നു. സ്റ്റാന്‍ലി കോര്‍ട്ട് ഡ്യൂട്ടിക്ക് പോയ എസ്. എച്ച്. ഒ യെ വിവരമറിയിച്ചു. മന്ത്രി പാസ് ചെയ്തു കഴിഞ്ഞാലുടന്‍ എ. എസ്. ഐ രാധാകൃഷ്ണനെയും കൂട്ടി സംഭവസ്ഥലത്തേക്ക് ചെല്ലാന്‍ അദ്ദേഹം പറഞ്ഞതും അകമ്പടി ജീപ്പിന്‍റെ സൈറണുകള്‍ മുഴങ്ങി ഫോണ്‍ കട്ടായി.
ജെട്ടിയില്‍ എഴുപതിനടുത്ത് ആളുകള്‍ കൂടിനില്‍ക്കുന്നുണ്ട്. ഇത്തരം ഘട്ടങ്ങളില്‍ പൊലീസിനെ സഹായിക്കാറുള്ള ജോസും, മൈന മണിയും സ്ഥലത്ത് എത്തിയിട്ടുണ്ട്. മരണപ്പെട്ട സ്ത്രീ വിവാഹശേഷം ഏഴുവര്‍ഷം തികഞ്ഞിട്ടില്ലെങ്കില്‍ ആര്‍. ഡി. ഒ യുടെ മേല്‍നോട്ടത്തില്‍ വേണം ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കാന്‍. അല്ലാത്തപക്ഷം എസ്. ഐ മതിയാവും. വ്യക്തതയില്ലാത്തതുകൊണ്ട് സ്റ്റാന്‍ലി ആര്‍. ഡി. ഒ യ്ക്ക് വിവരമറിയിച്ചു. സാമൂഹ്യപ്രവര്‍ത്തകന്‍ പടനിലം ജോര്‍ജ് രണ്ട് ഫൈബര്‍ വള്ളങ്ങള്‍ കൊണ്ടുവന്നു. കാര്യങ്ങള്‍ വേഗത്തിലായി. ജെട്ടി സ്റ്റാന്‍ഡിലെ ഓട്ടോറിക്ഷ തൊഴിലാളികളുടെ സഹായം കൊണ്ട് ഒരു മണിക്കൂറിനുള്ളില്‍ ബോഡി ജെട്ടിയിലടുപ്പിച്ച് സ്ലാബില്‍ കയറ്റി കിടത്തി. ഭയങ്കര സ്മെല്ലുണ്ട്. ആളുകള്‍ ഒഴിഞ്ഞുമാറി.
മൃതദേഹത്തിന് മുപ്പത്തഞ്ച്, നാല്‍പ്പത് വയസ്സിനിടയില്‍ പ്രായം കാണും. എന്തോ തട്ടി ഇടതുകാല്‍ മുട്ടിന് താഴെ മുറിഞ്ഞ് അറ്റുപോയിട്ടുണ്ട്. വലതു കാലില്‍ കൊലുസുണ്ട്. നെറ്റിയില്‍ അടിച്ചതുപോലെ രണ്ട് മുറിവുകള്‍. മുക്കൂത്തിയുണ്ട്, ഇടതുകൈയില്‍ പച്ചകുത്തിയിരിക്കുന്നു... കൈ തിരിച്ചു വച്ച് തുടച്ച് നോക്കിയപ്പോള്‍ അക്ഷരങ്ങള്‍ കന്നടയാണ്.
ڇസര്‍... ഇത്... ശങ്കര്‍ എന്നാണ് കുത്തിയിരിക്കുന്നത്.ڈ
പറഞ്ഞതാരാണെന്നറിയാന്‍ സ്റ്റാന്‍ലി തലയുയര്‍ത്തിനോക്കി. പറഞ്ഞ ഓട്ടോക്കാരന്‍ ചെറുതായി ഒന്നു പരുങ്ങി. ബോഡി എടുക്കാന്‍ തുടങ്ങുമ്പോള്‍ മുതല്‍ ബിജു എന്ന ഓട്ടോക്കാരന്‍ എല്ലാ കാര്യത്തിലും സ്മാര്‍ട്ടായി കൂടെയുണ്ട്. അപ്പോഴേ അയാളില്‍ നോട്ടം വീണതാണ്...
ആര്‍. ഡി. ഒ യും എസ്. ഐ രാജീവ് സാറും ഒരേ സമയത്താണ് വന്നത്. ചന്ദനത്തിരികള്‍ കൂട്ടമായി കത്തിച്ചുവച്ചു. വേഗത്തില്‍ നടപടികള്‍ തുടങ്ങി. ബോഡി കരയ്ക്ക് കയറ്റി കണ്ടതു മുതല്‍ എന്തോ എവിടെയോ വച്ച് മറന്ന ഒരസ്വസ്ഥതയാണ് സ്റ്റാന്‍ലിയുടെ മനസ്സില്‍. പോസ്റ്റുമോര്‍ട്ടത്തിനായി ആംബുലന്‍സിലേക്ക് കയറ്റുമ്പോള്‍ വല്ലാതാവുന്ന സ്റ്റാന്‍ലിയുടെ മുഖം കണ്ട് എ. എസ്. ഐ രാധാകൃഷ്ണന്‍ ചിരിച്ചുകൊണ്ട് പറഞ്ഞു.
ڇആദ്യത്തെ കേസായതുകൊണ്ടാ... എല്ലാം വഴിയെ ശരിയാവും...ڈ
ആത്മഹത്യ, അപകടം, കൊലപാതകം... ഏതാണ് ഈ മരണത്തിന് കാരണം? ഈ സ്ത്രീയെ കാത്തിരിക്കുന്നവര്‍ ആരൊക്കെയാവും? ഈ മരണത്തോടെ അനാഥമായ ജീവിതങ്ങളുണ്ടാവില്ലേ...? പല ചിന്തകളും സ്റ്റാന്‍ലിയുടെ മനസ്സിനെ വീര്‍പ്പുമുട്ടിച്ചു.
നെടുമ്പ്രം സ്റ്റേഷനിലും തൊട്ടടുത്ത സ്റ്റേഷനുകളിലും ക്രൈം കാര്‍ഡില്‍ ഒരിടത്തും കാണാതായ സ്ത്രീകളുടെ ലിസ്റ്റില്‍ മരിച്ച സ്ത്രീയുടേതിന് സമാനതയുള്ള കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ഒന്നിനും ഉത്തരം കൊടുക്കാതെ മൃതദേഹം താലൂക്ക് ഹോസ്പിറ്റലിലെ പോസ്റ്റുമോര്‍ട്ടം ടേബിളില്‍ മരവിച്ച് കിടന്നു.
ڇഅറിയാലോ... പരാതികളും സമ്മര്‍ദ്ദങ്ങളുമുള്ള കേസുകള്‍ക്ക് പുറകെ പോകാന്‍ പോലും നമുക്ക് സമയം തികയുന്നില്ല... പിന്നെ ഇതിന്‍റെയൊക്കെ മേല്‍ വെറുതെ നേരം കളയണോ...?ڈ
റിട്ടയേര്‍ഡാവാന്‍ ഒരു വര്‍ഷം തികച്ചില്ലാത്ത എസ്. ഐ രാജീവ് സാറിന്‍റെ ഭയവും പക്വതയും ഇപ്പഴേ പ്രകടമാണ്.
ڇഅന്യസംസ്ഥാന തൊഴിലാളികളുടെ കൂട്ടത്തില്‍ ആരെങ്കിലുമാകും സാറേ...ڈ
എ. എസ്. ഐ രാധാകൃഷ്ണന്‍ ചായ ഊതിക്കുടിച്ച് സംശയം പോലെ പറഞ്ഞു. രാജീവ്സാര്‍ നരച്ചമീശ തടവി തൊപ്പിയെടുത്ത് തലയില്‍വച്ച് പുറത്തേക്ക് പോയി.
മാര്‍ച്ച് ഇരുപത്തഞ്ച്
രാത്രി 10 പി. എം
പോര്‍ച്ചില്‍ വന്നുനിന്ന ബുള്ളറ്റിന്‍റെ ശബ്ദം കേട്ട് പാറയില്‍ പീറ്റര്‍ വാതില്‍ തുറന്നു. അകത്തേക്കുവന്ന സ്റ്റാന്‍ലിയുടെ കൈയില്‍ പപ്പയ്ക്കുള്ള ക്വാട്ടയുണ്ടായിരുന്നു. പീറ്റര്‍ അത് വാങ്ങി. മേശപ്പുറത്ത് ചിതറിക്കിടക്കുന്ന റിവോള്‍വര്‍ പാര്‍ട്സുകളും ബുക്കുകളും ഒതുക്കി പീറ്റര്‍ ബോട്ടിലവിടെ വച്ചു. വീണ്ടും താന്‍ വരച്ചെടുത്ത റിവോള്‍വറിന്‍റെ രേഖാചിത്രത്തില്‍ ചില കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തി.
സ്റ്റാന്‍ലി കുളികഴിഞ്ഞു വരുമ്പോഴും പപ്പ പണിതുടരുകയാണ്. ഓരോ സമയത്തും അയാള്‍ക്ക് ഓരോന്നിലാണ് കമ്പം. ഹസ്തരേഖ, ജ്യോതിഷം, ക്യാമറ, ഗൂഢവിദ്യ, ആത്മീയത, ചെസ്... അതെല്ലാം വിട്ട് ഇപ്പോള്‍ ദാ തോക്ക്. എല്ലാത്തിന്‍റെയും പീക്കിലെത്തി കഴിയുമ്പോള്‍ കമ്പം തീര്‍ന്ന് ഉപേക്ഷിക്കും; അതാണ് പ്രകൃതം.
ڇഏതു കാര്യവും രസം പോയാല്‍ പിന്നെ തീര്‍ന്നു.ڈ അര്‍നോള്‍ഡ് ഷ്വാസ്നഗറിന്‍റെ മുഖമുള്ള പീറ്റര്‍ ചിരിച്ചുകൊണ്ട് തന്‍റെ വട്ടിനെക്കുറിച്ച് പറയും.
വലിയ കാരംസ് ബോര്‍ഡിന്‍റെ ഇരുവശത്തുമായി അപ്പനും മകനും ഇരുന്നു. മദ്യം പകര്‍ന്ന് ഇരുവരും ചിയേഴ്സ് പറഞ്ഞു. പപ്പവച്ച മീന്‍കറി മകന്‍ തൊട്ടു നക്കി.
ڇനാടന്‍ വരാലാ പുളിപിടിക്കണമെങ്കില്‍ ഒരു ദിവസം കഴിയണം...ڈ
സ്റ്റാന്‍ലി ശരിവച്ചു. പീറ്റര്‍ മീന്‍കറിയിലെ കുടമ്പുളിയെടുത്തു കടിച്ചു. വീണ്ടും മദ്യം പകര്‍ന്ന് കൈയില്‍പിടിച്ചു. ആറു ബ്ലാക്ക്കോയിനുകള്‍ തട്ടി പോക്കറ്റിലാക്കി. ഏഴാമത്തെ കോയിന്‍ ഉന്നംവച്ച ശേഷം പറഞ്ഞു.
ڇആ പെങ്കൊച്ചിനെ വേണ്ടപ്പെട്ടവരാരോ തട്ടിയതാ... നീ താല്‍പര്യം കാണിച്ച് കേസന്വേഷിക്കണം...ڈ
മണിയോര്‍ഡര്‍ പൊക്കിയതിന് പോസ്റ്റ്മാന്‍ ജോലി നഷ്ടപ്പെട്ട, തട്ടിപ്പ് പീറ്ററെന്ന് നാട്ടുകാര്‍ വിളിക്കുന്ന തന്‍റെ പപ്പ തന്നെയാണോ ഇതെന്ന ഭാവത്തില്‍ സ്റ്റാന്‍ലി അയാളെ നോക്കി.
ڇപാലത്തില്‍നിന്ന് താഴേക്ക് നോക്കിനിന്നവരുടെ കൂട്ടത്തില്‍ രാവിലെ ഞാനുമുണ്ടായിരുന്നു. ബോഡി ഒഴുകി പാലം കടക്കുമ്പോഴേ എനിക്ക് തോന്നി... അത് നിന്‍റടുത്തേക്കുള്ള വരവാണെന്ന്...ڈ
പീറ്റര്‍ എഴുന്നേറ്റു വീണ്ടും റിവോള്‍വറിന്‍റെ തീരാത്തപണിയില്‍ മുഴുകി. ഒരു റിവോള്‍വര്‍ നിര്‍മിക്കാനുള്ള ശ്രമത്തിലാണ് അയാള്‍. സ്റ്റാന്‍ലി തന്‍റെ മുറിയില്‍ വന്ന് കിടന്നു. ഉറക്കം വരുന്നില്ല. പലതും ഓര്‍ത്ത് പോവുകയാണ്. ഭര്‍ത്താവിനെയും മകനെയും ഉപേക്ഷിച്ച് ഡ്രൈവര്‍ക്കൊപ്പം ഇറങ്ങിപ്പോയ അമ്മ. വിവാഹം കഴിഞ്ഞ് ആറുമാസം തികയും മുമ്പേ തകര്‍ന്ന തന്‍റെ ദാമ്പത്യം. നാട്ടുകാര്‍ പറയുന്നു പാറയില്‍ വീടിന് ശാപമുണ്ടെന്ന്. ശരിയായിരിക്കും... അഞ്ചേക്കറില്‍ പ്രേതഭവനം പോലെയാണ് ഈ വീട്. ഗെയ്റ്റ് കടന്നുവരുമ്പോഴേ കാട്കയറിയ വഴിയില്‍ ചക്കയും മാങ്ങയുമെല്ലാം ചീഞ്ഞ് ചിതറിക്കിടക്കുന്നു... അസിസ്റ്റന്‍റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറായിരിക്കെ കൈക്കൂലി കേസില്‍ സസ്പെന്‍ഷനിലായ താന്‍ കൂടുതല്‍ കൈക്കൂലിക്ക് വേണ്ടിയാണ് എസ്. ഐ ആയതെന്നാണ് നാട്ടുകാര്‍ പറയുന്നത്. കൈക്കൂലിക്കാരന്‍ അപ്പന്‍റെ കൈക്കൂലിക്കാരനായ മകന്‍.
മാര്‍ച്ച് ഇരുപത്താറ്
പകല്‍ 11 എ. എം
ബുള്ളറ്റ് സ്റ്റാന്‍ഡില്‍ വച്ച് സ്റ്റാന്‍ലി ജെട്ടിയിലേക്ക് കയറി. മഫ്ടിയിലായതുകൊണ്ട് അധികമാരും ശ്രദ്ധിക്കുന്നില്ല. ഇരുവശത്തേക്കും നോക്കി. ജെട്ടിയില്‍ നിന്നാല്‍ എന്‍. എച്ച് പതിനേഴ് കടന്നുപോകുന്ന പാലം കാണാം. നോട്ടത്തില്‍ തോന്നില്ലെങ്കിലും പാലത്തില്‍ നിന്നും നാലു കിലോമീറ്റര്‍ ഇപ്പുറമാണ് ജെട്ടി. കരാപ്പുഴ പാലത്തിന് എട്ടു കിലോമീറ്ററോളം കിഴക്ക് മാറി പുഴ മുറിച്ച് തുരുത്തിലൂടെ കടന്നുപോകുന്ന റെയില്‍പാലമുണ്ട്. ട്രെയിന്‍ തട്ടിയാണ് ആ സ്ത്രീ പുഴയില്‍ വീണതെങ്കില്‍ തുരുത്തിലൂടെ പോകുന്ന പാളത്തില്‍ നിന്നാകാനാണ് സാധ്യത. തെങ്ങ്പാലം ജെട്ടിക്ക് അഞ്ചു കിലോമീറ്ററോളം പടിഞ്ഞാറ് മാറി മറ്റൊരു റെയില്‍പ്പാലമുണ്ട്. അവിടെനിന്നും ബോഡി കിഴക്കോട്ടൊഴുകി വരാന്‍ സാധ്യത കുറവാണ്. ഏറ്റത്തിനാണെങ്കിലും ഇത്രദൂരം വരില്ല. ട്രെയിന്‍ തട്ടിയതാണെങ്കില്‍ ഇടത് കാലിന് മാത്രമായി മുറിവ് സംഭവിക്കുമോ...? സാധാരണ ട്രെയിന്‍ തട്ടിയ കേസുകളില്‍ സാരിയില്‍ കരിയോ, ഗ്രീസോ, കീറലോ മറ്റോ കാണേണ്ടതാണ്. പ്രാഥമിക പരിശോധനയില്‍ അങ്ങനെയൊന്നും ഉണ്ടായില്ല. ചോദ്യങ്ങള്‍ മനസ്സിലിട്ട് വെട്ടിയും തിരുത്തിയും സ്റ്റാന്‍ലി വെള്ളത്തിലേക്ക് നോക്കി നിന്നു. സ്റ്റാന്‍ലിയെ തിരിച്ചറിഞ്ഞ ഓട്ടോക്കാര്‍ ചുറ്റും വന്നുകൂടി. ഡ്രൈവര്‍മാരില്‍ പ്രായം ചെന്ന ശിവദാസന്‍ ചേട്ടന്‍ ചോദിച്ചു.
ڇആരാ... എന്താ എന്നൊക്കെ അറിഞ്ഞോ സാറേ...?ڈ
ڇഇല്ല...ڈ
കൂട്ടത്തില്‍ ഡ്രൈവര്‍ ബിജുവിനെയാണ് സ്റ്റാന്‍ലി തിരഞ്ഞത്. അയാളെ മാത്രം കാണുന്നില്ല. ചില സംശയങ്ങള്‍ പിടിവള്ളിയാകാറുണ്ട്. ഡ്രൈവേഴ്സിനോട് ബിജുവിനെ കുറിച്ച് ചോദിക്കാന്‍ തുടങ്ങുമ്പോള്‍ സ്റ്റാന്‍ഡിലേക്ക് څരക്ഷകന്‍چ എന്നു പേരുള്ള ഓട്ടോ വന്നു നിന്നു. അതില്‍ നിന്നും ബിജു പുറത്തേക്കിറങ്ങി. സ്റ്റാന്‍ലിയെ കണ്ടതും ബിജുവും ജെട്ടിയിലേക്ക് വന്നു.
ڇസാറെ, ആളെ തിരിച്ചറിഞ്ഞോ...?ڈ
ബിജു ആകാംക്ഷയോടെ ചോദിച്ചു. സ്റ്റാന്‍ലി സിഗരറ്റ് കത്തിക്കുക മാത്രം ചെയ്തു.
ڇഭഗവതി ക്ഷേത്രത്തിനു താഴെ കൊട്ടവഞ്ചിയുപയോഗിച്ച് മീന്‍ പിടിക്കുന്ന കന്നടക്കാരുണ്ട്... അവിടെ അന്വേഷിച്ചാല്‍ എന്തെങ്കിലും ഇത് കിട്ടാന്‍ വഴിയുണ്ട് സാറേ...ڈ
ബിജു ഒരുപാട് സംസാരിക്കുന്ന ശീലക്കാരനാണ്.
സ്റ്റാന്‍ലി ബിജുവിനോട് തന്‍റെ ബുള്ളറ്റിന്‍റെ പിന്നില്‍ കയറാന്‍ ആവശ്യപ്പെട്ടു. ഡ്രൈവര്‍മാര്‍ പരസ്പരം നോക്കി. ബിജു ഭയം ഒളിപ്പിച്ച് വെറുതെ ചിരിച്ചു.
ڇസാറിന് ആ സ്ഥലം കാണിച്ചുകൊടുക്ക് ബിജുവേ... നിന്‍റെ ടേണ്‍ ഇവിടാരും കൊണ്ടോവില്ലാ... പോരെ...ڈ
ശിവദാസന്‍ ചേട്ടന്‍ ബിജുവിന് ധൈര്യം കൊടുത്തു.
കുറെക്കാലം ഗള്‍ഫിലായിരുന്നു. തിരിച്ച് വന്നിട്ട് നാലുവര്‍ഷം ആരോഗ്യവകുപ്പില്‍ ഡ്രൈവര്‍ തസ്തികയില്‍ ജോലി ചെയ്തു. പെര്‍മനന്‍റ് ഡ്രൈവര്‍ വന്നപ്പോള്‍ ഓട്ടോയെടുത്തു... ഭാര്യയും ഒരു മകളും അമ്മയും... ബിജു ബുള്ളറ്റിന്‍റെ പിന്നിലിരുന്നു തന്‍റെ ജീവിതം ചെറുതായി വിവരിച്ചു.
കന്നടക്കാരുണ്ടെന്ന് ബിജു പറഞ്ഞ പുഴയോരം വിജനമാണ്. ഒരേയൊരു കുട്ടവഞ്ചി മാത്രം പാറയില്‍ കമഴ്ത്തി വച്ചിരുന്നു. ബുള്ളറ്റ് സ്റ്റാന്‍ഡില്‍ വച്ചു. പുഴയോരത്തെ ആല്‍ത്തറയ്ക്കടുത്തുള്ള ചായക്കടയിലേക്ക് അവന്‍ നടന്നു.
ڇഇതിപ്പോ അത്ഭുതമായല്ലോ സാറേ, കഴിഞ്ഞ ശനിയാഴ്ച മഞ്ഞ കൂരി വാങ്ങാന്‍ വന്നപ്പോ നിറയെ കന്നടക്കാരുണ്ടായതാ... എല്ലാം എവിടെപ്പോയി? ഇനിയിപ്പോ...ڈ
സ്റ്റാന്‍ലിയുടെ തിളക്കമുള്ള നോട്ടം ബിജുവിനെ നിശ്ശബ്ദനാക്കി. ബിജു മിണ്ടാതെ കൂടെ നടക്കുക മാത്രം ചെയ്തു.
ڇനാല് ദിവസം മുമ്പ് എല്ലാ മാരണങ്ങളും കുറ്റിയും പറിച്ച് സ്ഥലം വിട്ടു... വിളവെടുപ്പായെന്ന് പറഞ്ഞാ പോയത്. എന്തെങ്കിലും കെണിയൊപ്പിച്ചിട്ടാകും. ഇനി ഒരു തിരിവിന് വരും.ڈ
ആല്‍ത്തറയ്ക്കടുത്ത് ചായക്കട നടത്തുന്ന നാരായണന്‍കുട്ടി സോഡാ സര്‍ബത്ത് കലക്കിക്കൊണ്ട് സ്റ്റാന്‍ലിയോട് വിശദീകരിച്ചു. സ്റ്റാന്‍ലി നാരായണന്‍കുട്ടിയെ പുറത്തേക്ക് വിളിച്ചു. ബിജുവില്‍ നിന്നും അല്‍പം മാറ്റിനിര്‍ത്തി, മരിച്ച സ്ത്രീയുടെ ഫോട്ടോ ഫോണില്‍ കാണിച്ചു.
ڇഇങ്ങനെ ഒരു സ്ത്രീ സംഘത്തില്‍ ഉണ്ടായിരുന്നതായി ഓര്‍ക്കുന്നുണ്ടോ?ڈ
നാരായണന്‍കുട്ടി വേഗത്തില്‍ മൊബൈല്‍ സ്ക്രീനില്‍ നിന്നും തലവലിച്ചു.
ڇഅയ്യോ... ഇതിനെയൊന്നും ഞാന്‍ കണ്ടിട്ടില്ല... എന്നേ വിട്ടേര് സാറേ... തല കറങ്ങുന്നു...ڈ
നാരായണന്‍കുട്ടി വേഗത്തില്‍ കടയ്ക്കകത്തേക്ക് കയറി പരിഭ്രമത്തോടെ ചില്ലുഗ്ലാസുകള്‍ കഴുകാന്‍ തുടങ്ങി.
സ്റ്റാന്‍ലിയുടെ അടുത്തേക്ക് വന്ന് ബിജു ശബ്ദം താഴ്ത്തി പറഞ്ഞു.
ڇഅങ്ങേര് കാഞ്ഞവെള്ളത്തില്‍ ചാടിയ പൂച്ചയാ സാറേ... ആറ് മാസം മുമ്പ് കൊട്ടവഞ്ചിക്കാരുടെ ഒരു കുട്ടി വെള്ളത്തില്‍ പോയി മരിച്ചു. അന്ന് നാരായണന്‍കുട്ടിയേട്ടനെ പൊലീസ് കുറെ കുടഞ്ഞതാ... അതാ പുള്ളിക്ക് പേടി...ڈ
സ്റ്റാന്‍ലി ആല്‍ത്തറയില്‍ പോയിരുന്ന് ഒരു സിഗരറ്റെടുത്തു. ഒരെണ്ണം ബിജുവിനും നീട്ടി. ബിജു വാങ്ങാതെ കൈകെട്ടി നിന്നു. കുറച്ച് കഴിഞ്ഞപ്പോള്‍ നാരായണന്‍കുട്ടി ഓരോ ചായയുമായി അവര്‍ക്കടുത്തേക്ക് വന്നു. ചായ ഇരുവര്‍ക്കും കൊടുത്തു. സ്റ്റാന്‍ലി ചായഗ്ലാസ് ആല്‍ത്തറയില്‍ വച്ചു.
ڇഎനിക്ക് രണ്ട് പെണ്‍കുട്ടികളാ സാറേ... സത്യത്തില്‍ പേടിയാ...ڈ
നാരായണന്‍കുട്ടി പറഞ്ഞപ്പോള്‍ ശരിയാണെന്ന മട്ടില്‍ ബിജു തലയാട്ടി. എന്തോ ഓര്‍ത്തെടുത്തതുപോലെ നാരായണന്‍കുട്ടി വീണ്ടും തുടര്‍ന്നു.
ڇഒരാഴ്ച മുമ്പ് പി. എച്ച്. സീന്ന് ഒരു സാറ് ഇവിടെയുള്ളവരെയെല്ലാം പേരും വിവരവും കളക്ട് ചെയ്തിരുന്നു... ചിലരുടെ ഫോട്ടോയും എടുത്തു...ڈ
അന്വേഷിച്ചപ്പോള്‍ ശരിയാണ്. പോളിയോ വാക്സിന്‍ വിതരണവുമായി ബന്ധപ്പെട്ട് ഇക്ബാല്‍ എന്ന ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഇവിടെ വന്ന് വിവരങ്ങള്‍ ശേഖരിച്ചിരുന്നു. കോട്ടയം സ്വദേശിയായ ഇക്ബാല്‍ നാട്ടില്‍ പോയിരിക്കുകയാണ്. മടങ്ങിയെത്തിയാല്‍ ഉടനെ വിവരങ്ങള്‍ കൈമാറാമെന്ന് സമ്മതിച്ചിട്ടുണ്ട്.
മാര്‍ച്ച് 28
പകല്‍
ڇമുങ്ങിമരണത്തിന്‍റെ സാധ്യതകളാണ് കാണുന്നത്...ڈ
പൊലീസ് സര്‍ജന്‍ ഡോക്ടര്‍ സുരേന്ദ്രനാഥാണ് ബോഡി പോസ്റ്റ്മോര്‍ട്ടം ചെയ്തത്.
ڇഅപ്പോ വെള്ളത്തില്‍ വീഴുമ്പോള്‍ ജീവനുണ്ടായിരുന്നു എന്നുറപ്പിക്കാം...ڈ
സ്റ്റാന്‍ലി കൗതുകത്തോടെ തിരക്കി.
ഗ്ലൗസ്സുകള്‍ ഊരി വേസ്റ്റ്ബിന്നിലേക്കെറിഞ്ഞ് കൈ വൃത്തിയാക്കി സുരേന്ദ്രനാഥ് ചെയറില്‍ വീഴുന്നതുപോലെ വന്ന് ഒറ്റ ഇരുപ്പിരുന്നു. ഉള്ളില്‍ ഇപ്പോഴും കുട്ടിത്തമുള്ള മനുഷ്യനാണ് അദ്ദേഹമെന്ന് മുഖം കാണുമ്പോള്‍ അറിയാം.
ڇതലയുടെ പിന്‍ഭാഗത്തായി രണ്ടു ആഴത്തിലുള്ള മുറിവുകള്‍, കഴുത്തില്‍ എന്തോ മുറുക്കിയതുപോലുള്ള പാടുകള്‍...ڈ
സ്റ്റാന്‍ലിയുടെ മുഖത്തെ ആകാംക്ഷ വര്‍ധിക്കുന്നത് സുരേന്ദ്രനാഥ് കണ്ടു.
ڇവെള്ളത്തിലേക്ക് ചാടുമ്പോള്‍ പാറകളിലോ, കോണ്‍ക്രീറ്റ് പില്ലറുകളിലോ മറ്റോ അടിച്ച് തലയില്‍ മുറിവുകള്‍ സംഭവിക്കാം... പുഴയിലൂടെ വേഗത്തില്‍ ഒഴുകി വരുമ്പോള്‍ വള്ളിപ്പുല്ലുകള്‍ ചുറ്റിപ്പിടിച്ച കഴുത്തില്‍ ഇത്തരത്തില്‍ പാടുകള്‍ വീഴാം...ڈ
ڇസ്വയം ചാടുമ്പോഴും, മറ്റൊരാള്‍ തള്ളിവിട്ടാലും, അപകടത്തില്‍ വീണാലും ഇതൊക്കെ സംഭവിക്കും അല്ലേ സര്‍...ڈ
സ്റ്റാന്‍ലിയുടെ ചോദ്യം കേട്ട് സുരേന്ദ്രനാഥ് ചെറുതായി ചിരിച്ചു.
ڇആദ്യത്തെ കേസായതുകൊണ്ടാണോ തനിക്കൊരു പ്രത്യേക താല്‍പര്യം?ڈ
ڇചിലപ്പോള്‍ അതായിരിക്കും...ڈ
ഇരുവര്‍ക്കും ചായ വന്നു. ഒരിറക്ക് കുടിച്ചിട്ട് സുരേന്ദ്രനാഥ് മേശക്കരുകില്‍ സൂക്ഷിച്ചിരുന്ന പഞ്ചസാര ടിന്നില്‍ നിന്നും ഒരു സ്പൂണ്‍ പഞ്ചസാര കൂടി കപ്പിലിട്ടിളക്കി.
ڇഎനിക്കിത്തിരി മധുരം കൂടുതല്‍ വേണം... വീട്ടില് സുമയും ഇവിടത്തെ ബേബിചേച്ചിയും അത് സമ്മതിക്കില്ല. പിന്നേ ഇതേ വഴിയുള്ളു...ڈ
ഡോക്ടറുടെ കുസൃതി കണ്ട് സ്റ്റാന്‍ലിയും ചിരിച്ചു.
ڇഇടത് കാലിന്‍റെ അറ്റം കട്ടായി പോയത് താന്‍ പറഞ്ഞതുപോലെ ട്രെയിന്‍ തട്ടിയതാകാന്‍ സാധ്യതയുണ്ട്. അല്ലെങ്കില്‍ വെള്ളത്തില്‍ വീണ ശേഷം ബോട്ടുകളുടെ നീളമുള്ള ഷാഫ്ടുള്ള പ്രൊപ്പല്ലറുകള്‍ തട്ടിയിട്ട്...ڇ
സുരേന്ദ്രനാഥ് പറഞ്ഞതിനു ശേഷം ചില ഫോട്ടോസുകള്‍ എടുത്തുകാണിച്ചു.
ڇഈ മുറിവ് ജീവനുള്ളപ്പോള്‍ സംഭവിച്ചതാണോ മരിച്ചതിനുശേഷമാണോ സംഭവിച്ചതെന്ന് അറിയാന്‍ കഴിയില്ലേ...?ڈ
ڇതീര്‍ച്ചയായും... റിപ്പോര്‍ട്ട് എത്രയും വേഗം നല്‍കാം...ڈ
സ്റ്റാന്‍ലി എഴുന്നേറ്റു... ഡോക്ടര്‍ക്ക് കൈകൊടുത്ത് പുറത്തേക്ക് നടന്നു. മോര്‍ച്ചറിക്ക് മുന്നില്‍ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ രാജന്‍ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു.
ڇഅണ്‍ഐഡന്‍റിഫൈഡ് ബോഡി ആയതുകൊണ്ട് ഏഴു ദിവസേ ഹോസ്പിറ്റലില്‍ സൂക്ഷിക്കൂ... പിന്നെ പൊതു ശ്മശാനത്തില്‍ മറവു ചെയ്യും.ڈ
രാജന്‍ പേപ്പറുകള്‍ സ്റ്റാന്‍ലിക്കു കൈമാറി.
ڇപിന്നീടെന്തെങ്കിലും ആവശ്യം വന്നാല്‍...?ڈ
ڇപല സ്ഥലത്തും പല രീതിയാണ് - ഇവിടെ കൈയിലൊരു ചരട് കെട്ടി അതിനറ്റത്ത് ഒരു കുപ്പികെട്ടി അകത്ത് ഡീറ്റേലെല്ലാം എഴുതി മൃതദേഹം മറവു ചെയ്യും... എക്സ്ഹ്യൂമേഷന്‍ വേണ്ടി വന്നാല്‍ വീണ്ടും തോണ്ടും...ڈ
ഒരാംബുലന്‍സ് മറ്റൊരു മൃതദേഹവുമായി മോര്‍ച്ചറിക്ക് മുന്നിലേക്ക് ശബ്ദത്തോടെ വന്നു നിന്നു.
മാര്‍ച്ച് 30
ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഇക്ബാല്‍ കൈമാറിയ ലിസ്റ്റില്‍ മരിച്ച സ്ത്രീയോട് സമാനതയുള്ള സ്ത്രീയുണ്ട്. എന്നാല്‍ അത് അവരല്ലന്ന് ഇക്ബാല്‍ ഉറപ്പിച്ചു പറയുന്നു. ആ സ്ത്രീക്ക് രണ്ട് ചെറിയ കുട്ടികളാണ്. അവര്‍ക്ക് ചില ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഫോട്ടോയും മറ്റ് ഡീറ്റേല്‍സും അയാള്‍ ലാപ്പില്‍ സൂക്ഷിച്ചിട്ടുണ്ട്. എന്തെങ്കിലും സൂചനകള്‍ ലഭിക്കുകയാണെങ്കില്‍ അറിയിക്കാമെന്ന് സമ്മതിച്ച് ഇക്ബാല്‍ മടങ്ങി.
മരിച്ച സ്ത്രീ ഈ പ്രദേശങ്ങളിലെവിടെയെങ്കിലും ജീവിച്ചിരുന്നെങ്കില്‍ തീര്‍ച്ചയായും പലചരക്ക് കടകള്‍, ഫോണ്‍ റീചാര്‍ജ് ഷോപ്പ്, ഹോട്ടല്‍, ഹോസ്പിറ്റല്‍ എന്നിവിടങ്ങളില്‍ കയറിയിട്ടുണ്ടാകണം. ആ വഴിക്കായി പിന്നീടുള്ള സ്റ്റാന്‍ലിയുടെ സഞ്ചാരങ്ങള്‍.
ഏപ്രില്‍ 20
സ്വന്തം നിലയില്‍ കുറെ യാത്രകള്‍ നടത്തിയെങ്കിലും ഒരു സൂചനയും ലഭിക്കാതെ അന്ന് കാവൂരില്‍ നിന്നും തിരികെ സ്റ്റേഷനിലേക്ക് മടങ്ങുമ്പോഴാണ് ചെമ്പ്മുക്ക് ബസ്സ്റ്റോപ്പില്‍ കുറച്ച് നാടോടികള്‍ നില്‍ക്കുന്നത് സ്റ്റാന്‍ലി കണ്ടത്. ബൈക്ക് നിര്‍ത്തി അവര്‍ക്കടുത്തേക്ക് ചെന്നു. ഭയത്താല്‍ അവര്‍ പരസ്പരം നോക്കി കുട്ടികളെ ചേര്‍ത്തുപിടിച്ചു.
സ്റ്റാന്‍ലിയുടെ കാക്കിനിറമുള്ള പാന്‍റും ലതര്‍ ഷൂസും അവരില്‍ സംശയം ജനിപ്പിച്ചിട്ടുണ്ട്. ഫോണില്‍ മരിച്ച സ്ത്രീയുടെ ഫോട്ടോ എല്ലാവരെയും കാണിച്ചു. പുരുഷന്‍മാരെല്ലാം ഒറ്റ സ്വരത്തില്‍ അറിയില്ലെന്ന് ചാടി പറഞ്ഞു. പ്രതീക്ഷയോടെ സ്റ്റാന്‍ലി സ്ത്രീകളെ നോക്കി. അവരും ഭയത്തോടെ അതാവര്‍ത്തിച്ചു. ഒന്നുകൂടെ ശ്രദ്ധിച്ച് കാണാന്‍ പറഞ്ഞ് കൈയിലെ പച്ചകുത്തിയത് സൂം ചെയ്തു. എന്നിട്ടും അവര്‍ അറിയില്ലെന്ന് ഒരുമിച്ച് പറയുകയും സ്റ്റാന്‍ലിയെ ഒഴിവാക്കാന്‍ വെപ്രാളം കൂട്ടുകയും ചെയ്തു. എല്ലാത്തിനെയും തൂക്കിയെടുത്ത് സ്റ്റേഷനില്‍ കൊണ്ടുപോയി ചതച്ചാലോയെന്ന് ഒരു നിമിഷം സ്റ്റാന്‍ലി ആലോചിച്ചുപോയി.
വണ്ടി സ്റ്റാര്‍ട്ടാക്കി മടങ്ങാന്‍ തുടങ്ങുമ്പോള്‍ കൂട്ടത്തില്‍ നിന്ന് ഒരു പെണ്‍കുട്ടി വിളിച്ചു.
څസര്‍...چ
മുഖത്ത് പ്രസന്നതയുള്ള ചെമ്പന്‍ മുടിയുള്ള ക്ഷീണിച്ച ഒരു പെണ്‍കുട്ടി. ചുവന്ന റിബണും പച്ച പാവാടയും. സ്റ്റാന്‍ലി അവള്‍ക്കടുത്തേക്ക് ചെന്നു. എല്ലാവരെയും നോക്കി. പെണ്‍കുട്ടി പറഞ്ഞു.
ڇസര്‍ അത് കമലേച്ചിയാണ്... ഞങ്ങള്‍ താമസിക്കുന്നതിന്‍റടുത്ത് കുറച്ച് നാള്‍ ചേച്ചി താമസിച്ചിരുന്നു...ڈ
കുട്ടിയുടെ അമ്മയടക്കം എല്ലാവരും കുട്ടിയെ ദേഷ്യത്തോടെ നോക്കി ഭയപ്പെടുത്തി.
ڇമോള്‍ടെ പേരെന്താ...?ڈ സ്റ്റാന്‍ലി തിരക്കി.
ڇജാനകി...ڈ അവള്‍ ഉറപ്പോടെ പറഞ്ഞു.
സ്റ്റാന്‍ലി അവള്‍ക്കരുകില്‍ മുട്ടുകുത്തിയിരുന്നു.
ഒരു നൂറുരൂപ നോട്ടെടുത്ത് അവളുടെ കൈവെള്ളയില്‍ വച്ചുകൊടുത്തു. ഒരിക്കല്‍ കൂടി ഫോണിലെ ഫോട്ടോ കുട്ടിയെ കാണിച്ചു.
ڇഅതെ ഇത് കമലേച്ചി തന്നെയാ... കൈയിലെ ഈ എഴുത്ത് ഞാന്‍ കണ്ടിട്ടുണ്ട്... ചേച്ചീടെ കുട്ടികള്‍ക്കൊപ്പം ഞാന്‍ കളിച്ചിട്ട്ണ്ട്...ڈ
സ്റ്റാന്‍ലി എഴുന്നേറ്റ് എല്ലാവരെയും വീണ്ടും നോക്കി. ജാനകിയുടെ അമ്മ ഭയത്തോടെ കൈകൂപ്പി...
തുടരും
No comments:
Post a Comment