സ്ത്രീ/സാമൂഹികം
څസ്ത്രീശാക്തീകരണംچ എന്ന സങ്കല്‍പം കേരളത്തില്‍ അലയടിക്കാന്‍ തുടങ്ങിയിട്ട് ഏകദേശം ഇരുപത്തിയഞ്ചു വര്‍ഷത്തോളമാകുന്നു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ സംവരണം, സ്വയം തൊഴിലിലൂടെ സാമ്പത്തിക താന്‍പോരിമ എന്നിവ ഇരുപതാം നൂറ്റാണ്ടിന്‍റെ ലിംഗസമത്വങ്ങളെ പരിഹരിക്കുമെന്ന ശുഭാപ്തിവിശ്വാസം അന്നത്തെ ഇടതുബുദ്ധിജീവികളും, കൂടാതെ ഫെമിനിസ്റ്റുകള്‍ പലരും വിശ്വസിച്ചിരുന്നു. എന്നാല്‍ ഇരുപത്തിയൊന്നാം നൂറ്റാണ്ട് രണ്ടു ദശകങ്ങള്‍ പിന്നിട്ടു കഴിഞ്ഞിട്ടും കേരളത്തില്‍ സ്ത്രീകള്‍ - വിശേഷിച്ചും യുവതികള്‍ തികച്ചും ഹിംസാത്മകമായ സാഹചര്യങ്ങളില്‍ തന്നെയാണ് ജീവിക്കുന്നത്. ഇരുപതാം നൂറ്റാണ്ടിലെ സാമൂഹ്യപരിഷ്ക്കരണ ശ്രമങ്ങള്‍ക്ക് വരേണ്യസമുദായങ്ങളുടെ പിടിയില്‍ നിന്ന് സ്ത്രീകളെ വീണ്ടെടുക്കുക, അവരെ വിമോചിപ്പിക്കുക എന്ന ലക്ഷ്യം കൂടിയുണ്ടായിരുന്നു. എന്നാല്‍ ഇന്ന്, ഇരുപതാം നൂറ്റാണ്ടില്‍ ശക്തിപ്രാപിച്ച ആധുനിക ജാതി-സമുദായങ്ങള്‍ څലൗജിഹാദ്چ പോലുള്ള വ്യാജവ്യവഹാരങ്ങളിലൂടെ തങ്ങളുടെ സ്ത്രീകളെ വരുതിക്കു നിര്‍ത്താന്‍ പണിപ്പെടുന്നു. കുടുംബങ്ങള്‍ അവരുടെ അഭിമാനത്തിന്‍റെ ഭാരം പെണ്‍കുട്ടികളുടെ തലയില്‍ കെട്ടിവയ്ക്കുന്നു; അതിന്‍റെ പേരില്‍ അവരെ കൊലപ്പെടുത്താന്‍, അവരുടെ തിരഞ്ഞെടുപ്പുകളെ ഇല്ലാതാക്കാന്‍, പലപ്പോഴും മടിക്കുന്നില്ല. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ സാമൂഹ്യപരിഷ്ക്കരണ പ്രസ്ഥാനങ്ങള്‍ ചെറുപ്പക്കാരികളുടേതാകേണ്ടത് ഇതിനാലാണ്.
സാമൂഹ്യപരിഷ്ക്കരണ പ്രസ്ഥാനങ്ങളുടെ ഊക്കില്‍ തകര്‍ന്നുവീണ പരമ്പരാഗത ജാതി സമൂഹം പുനര്‍ജനിക്കുന്ന കാഴ്ചയല്ല നമ്മുടെ മുന്നില്‍. മറിച്ച്, ആധുനിക കേരളത്തിന്‍റെ ലിംഗവ്യവസ്ഥ സൃഷ്ടിച്ച അനീതികളുടെ ദുഷ്ഫലങ്ങളാണ് ഇവ. പരമ്പരാഗത ജാതി സമൂഹത്തിന്‍റെ കെട്ടുപാടുകള്‍ (ഒരു പരിധി വരെയെങ്കിലും) അയഞ്ഞെങ്കിലും സ്ത്രീകള്‍ തൊഴിലിടങ്ങളിലേക്കല്ല, ആധുനിക ഗൃഹങ്ങളിലേക്കാണ് ആനയിക്കപ്പെട്ടത്. ഒറ്റയടിക്ക് പൊതുരംഗവും തൊഴിലിടവും സ്വന്തം കാലില്‍ നില്‍ക്കാനുള്ള അവസരവുമാണ് സ്ത്രീകള്‍ക്ക് നിഷേധിക്കപ്പെട്ടത്. കേരളത്തില്‍ സ്ത്രീകള്‍ ഏറ്റവുമധികം തൊഴിലെടുത്തിരുന്ന കാര്‍ഷികരംഗം ഇരുപതാം നൂറ്റാണ്ടിന്‍റെ അവസാനദശകങ്ങളില്‍ ക്ഷയിച്ചു. കശുവണ്ടി-കയര്‍ മുതലായ പരമ്പരാഗത വ്യവസായങ്ങളുടെ കഥയും മറിച്ചായിരുന്നില്ല (1950 കളില്‍ ഏഷ്യയിലെ ഏറ്റവും വലിയ സ്ത്രീ തൊഴിലാളി കൂട്ടായ്മയായിരുന്നു നമ്മുടെ ഇടത് കശുവണ്ടി തൊഴിലാളി യൂണിയന്‍). തൊഴില്‍ നഷ്ടപ്പെട്ട സ്ത്രീകളധികവും ഗാര്‍ഹിക തൊഴിലിലേക്കു കടക്കാനാണ് ശ്രമിച്ചത്. കുറഞ്ഞ കൂലിയും സാമൂഹ്യമാന്യതയും മാത്രമുള്ള തൊഴിലുകളിലേക്ക്. തൊഴില്‍രംഗത്തു നിന്നു സ്ത്രീകള്‍ പിന്മാറിയതില്‍ ഇവിടത്തെ തൊഴിലാളി സംഘാടന സംസ്കാരത്തിനും കാര്യമായ പങ്കുണ്ടായിരുന്നു. തൊഴിലാളികളായ സ്ത്രീകളെ പൂര്‍ണതൊഴിലാളികളായല്ല കുടുംബത്തിനു വേണ്ടി څരണ്ടാം വരുമാനംچ തേടുന്ന വീട്ടമ്മമാരായിട്ടാണ് ഇവിടത്തെ തൊഴിലാളി പ്രസ്ഥാനങ്ങള്‍ കണ്ടത്. അതുകൊണ്ട് തന്നെ അംഗത്വത്തിലും സമരരംഗത്തും വളരെയധികം സ്ത്രീകളുണ്ടായിട്ടു പോലും നേതൃത്വത്തിലേക്ക് വളരെ കുറച്ചു സ്ത്രീകള്‍ മാത്രമെ ഉയര്‍ന്നുള്ളൂ.
സ്വന്തമായി തൊഴിലെടുത്തു ജീവിക്കാനുള്ള അവസരങ്ങള്‍ നിഷേധിക്കപ്പെട്ടതോടെ സ്ത്രീകളുടെ ജീവിതമാര്‍ഗം അധികവും വിവാഹമാണെന്നു വന്നു. നല്ല വരുമാനവും വിദ്യാഭ്യാസവുമുള്ള സജാതീയനായ ഭര്‍ത്താവിനെ നേടിയെടുക്കുക എന്നത് ഒട്ടുമിക്ക സമുദായക്കാരികളുടെയും ജീവിതലക്ഷ്യമായതോടെ, സ്വാഭാവികമായും څസ്ത്രീധനംچ - സ്ത്രീകള്‍ക്ക് വിവാഹാവസരത്തില്‍ നല്‍കിയിരുന്ന സമ്മാനങ്ങള്‍ - څവരവിലچയായി (വരനു കൊടുക്കുന്ന വില). കുടുംബസ്വത്തില്‍ സ്ത്രീയുടെ ഓഹരി തന്നെയും څവരവിലچയുടെ ഭാഗമായി എണ്ണപ്പെട്ടു. മാത്രമല്ല, സ്ത്രീകളും കുട്ടികളും ഉത്പാദനപരമായ അദ്ധ്വാനത്തിലേര്‍പ്പെടാത്ത ആധുനിക അണുകുടുംബം ചെലവേറിയ സ്ഥാപനമായിരുന്നു, സ്ത്രീയുടെ കുടുംബഓഹരി നിര്‍ബന്ധമായും മുതല്‍മുടക്കേണ്ടത്, വിവാഹശേഷം മാത്രം കുടുംബസ്വത്ത് സ്ത്രീകളുടെ പേരില്‍ ആക്കുന്ന പതിവ്, അതിന്‍റെ നിയന്ത്രണം ഭര്‍ത്താവിന്‍റെയോ കുടുംബക്കാരുടെയോ കൈയില്‍ വരുന്ന രീതി ഇവയെല്ലാം കൂടിച്ചേര്‍ന്ന് വിവാഹമെന്നാല്‍ സ്വത്തും പണവും സ്ത്രീയുടെ കുടുംബത്തില്‍ നിന്ന് പുരുഷന്‍റെ കുടുംബത്തിലേക്ക് ഒഴുകുന്ന അവസരമായി. ഇന്ന് കേരളത്തില്‍ ചില ഒറ്റപ്പെട്ട ആദിവാസി സമൂഹങ്ങളിലൊഴിച്ച് മറ്റെല്ലാ സമുദായങ്ങളും വരവിലയെ മാനിക്കുന്നു. സ്ത്രീ എത്ര വിദ്യാഭ്യാസമോ വരുമാനമോ നേടിയാലും വരവില എന്ന കുടുക്കില്‍ പെടുക തന്നെ ചെയ്യും. ഇത് സ്ത്രീകളുടെ څഘടനാപരമായ വിലയില്ലായ്മچ എന്ന അവസ്ഥയ്ക്കു കാരണമാകുന്നു.
څഘടനാപരമായ വിലയില്ലായ്മچ ഏറ്റവുമധികം ബാധിക്കുന്നത് യുവതികളെയാണ്. വിവാഹം ഇന്ന് സാമൂഹിക ആവശ്യമാണ്. എന്നാല്‍ പ്രജനനത്തിന് പഴയ പ്രാധാന്യം ഇന്നുണ്ടെന്ന് പറയാനാവില്ല. ജാതി-സമുദായങ്ങള്‍ ഇന്ന് ലോകത്തിന്‍റെ പല ഭാഗങ്ങളിലായി ചിതറിക്കിടക്കുന്നു. ഗാര്‍ഹിക അധ്വാനം തന്നെയും ഇന്ന് ഭാര്യയെക്കൂടാതെ നിര്‍വഹിക്കപ്പെടുന്ന വിപണി സാഹചര്യങ്ങളാണ് സൃഷ്ടിക്കപ്പെടുന്നത്. ചെറുപ്പക്കാരികളെ ഇത് എത്ര ഗുരുതരമായ മാനസിക സമ്മര്‍ദ്ദത്തിലാണ് അകപ്പെടുത്തുന്നതെന്ന് പറയേണ്ടതില്ല. സമീപകാലത്ത് സ്ത്രീകളെ തൊഴിലിടങ്ങളിലേക്ക് ആകര്‍ഷിക്കപ്പെടേണ്ടതിന്‍റെ ആവശ്യകതയെ കേരള സര്‍ക്കാരും ആസൂത്രണബോര്‍ഡും ഊന്നിപ്പറയുന്നു. സംസ്ഥാനവികസനത്തെയാണ് ഈ അധികാരികള്‍ ലക്ഷ്യമാക്കുന്നതെങ്കിലും മലയാളി സ്ത്രീകളെ സംബന്ധിച്ചിടത്തോളം തൊഴില്‍രംഗത്തേക്കു പ്രവേശിക്കുന്നത് പൂര്‍ണപൗരത്വത്തിലേക്കുള്ള അനിവാര്യമായ ചവിട്ടുപടിയാണ്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ സാമൂഹ്യപരിഷ്ക്കരണ പ്രസ്ഥാനങ്ങള്‍ ഉണ്ടായിവരാനുള്ള അടിസ്ഥാന വ്യവസ്ഥയാണ് സ്ത്രീകളുടെ തൊഴില്‍ പ്രവേശം.
എങ്കിലും ഘടനാപരമായ വിലയില്ലായ്മ സൃഷ്ടിക്കുന്ന മനോഘടനയെ പരിഹരിക്കാന്‍ തൊഴിലോ സ്വതന്ത്ര വരുമാനമോ മാത്രം പോര എന്നും തിരിച്ചറിയേണ്ടതുണ്ട്. സാമ്പത്തിക സ്വാതന്ത്ര്യം കൈവരിച്ചാലും സാമുദായികാഭിമാനത്തിന്‍റെ വാഹകര്‍ മുഖ്യമായും സ്ത്രീകളാണെന്ന ധാരണ ശക്തമായിരിക്കെ څഘടനാപരമായ വിലയില്ലായ്മچയെ അവര്‍ സ്വന്തം മനസ്സുകള്‍ക്കുള്ളില്‍ കൊണ്ടുനടക്കാനാണിട. വരേണ്യ ജാതി-സമുദായങ്ങളായ സ്ത്രീകളെ സംബന്ധിച്ചിടത്തോളം അവയ്ക്കുള്ളിലെ രണ്ടാംകിട പൗരത്വത്തിനു പകരം ലഭിക്കുന്നത് അവര്‍ണസമുദായങ്ങള്‍ക്കു മേലുള്ള ജാത്യാഭിമാനമാണ്. ഈ ജാത്യാഭിമാനത്തിന് അവര്‍ കല്‍പ്പിക്കുന്ന വില എത്രയധികമാണെന്ന് നമ്മെ ബോദ്ധ്യപ്പെടുത്തിയ സംഭവമായിരുന്നു ശബരിമല ക്ഷേത്രത്തിലെ സ്ത്രീ പ്രവേശത്തെച്ചൊല്ലി നടന്ന ശൂദ്രലഹള. അപ്പോള്‍ വന്‍തോതിലുള്ള തൊഴില്‍ പ്രവേശത്തെക്കൂടാതെ നവസവര്‍ണതയ്ക്കെതിരെയുള്ള പോരാട്ടവും സ്ത്രീകളെ സംബന്ധിച്ചിടത്തോളം പുതിയ സാമൂഹ്യപരിഷ്ക്കരണ പ്രസ്ഥാനങ്ങളുടെ ഉദയത്തിനാവശ്യമായ വ്യവസ്ഥയാണെന്ന് വ്യക്തം. അഥവാ, ഇരുപതാം നൂറ്റാണ്ടില്‍ ബലം പ്രാപിച്ച പുതിയ ജാതി-സമുദായ ശക്തികള്‍ക്കെതിരെ ഉയരുന്ന ജാതിവിരുദ്ധ ശബ്ദങ്ങളുമായി കൈകോര്‍ക്കാതെ കേരളത്തിലെ സ്ത്രീകള്‍ക്ക് ഹിംസാരഹിതമായ ലോകത്തിലേക്ക് കടക്കാന്‍ കഴിയില്ലെന്ന വസ്തുത ഇന്ന് പൂര്‍വാധികം പ്രകടമാണ്. ഇരുപത്തിയൊന്നാം നൂറ്റാണ്ട് മലയാളി സ്ത്രീകള്‍ക്കു മുന്നില്‍ തുറക്കുന്ന ഏറ്റവും സുപ്രധാനമായ രാഷ്ട്രീയ ഉള്‍ക്കാഴ്ച ഇതത്രെ.








No comments:
Post a Comment