പുതിയ തലമുറയ്ക്ക് ജീവിതാനുഭവങ്ങളുടെ കുറവുണ്ട്
പുതിയ സിനിമകള്‍, പുതിയ സാഹചര്യം എന്നിവയെ എല്ലാം എങ്ങനെ നോക്കിക്കാണുന്നു?
പണ്ട് സിനിമ എടുക്കാന്‍ ആഗ്രഹിച്ചിരുന്നവരെ പ്രചോദിപ്പിച്ചിരുന്നത് സിനിമകള്‍ തന്നെയാണ്. എന്നാല്‍ ഇന്ന് ജീവിതമാണ് അത്തരക്കാരെ പ്രചോദിപ്പിക്കുന്നു എന്നത് പ്രധാനമാണ്. നല്ലതുമാണ്. ഇപ്പോഴത്തെ കുട്ടികള്‍ നല്ല വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. എന്നാല്‍ വായനയുടെയും ജീവിതാനുഭവങ്ങളുടെയും കുറവുണ്ട്. സാങ്കേതികമായി സിനിമ മികച്ചതാവും എങ്കിലും അതും കൂടെ ഇവയിലേക്ക് സന്നിവേശിപ്പിച്ചാല്‍ നല്ല സിനിമകള്‍ ഉണ്ടാകും.
ഇതുവരെ നമ്മളെല്ലാവരും ജീവിച്ചുവന്ന നോര്‍മല്‍ ജീവിതത്തെ ന്യൂ നോര്‍മല്‍ എന്ന തലത്തിലേക്ക് കോവിഡ് മാറ്റിയിരിക്കുന്നു. സിനിമയെ എങ്ങനെ അത് മാറ്റിയിരിക്കുന്നു?
സിനിമ ജീവിതവുമായി ബന്ധപ്പെട്ടതു കൊണ്ട് സിനിമയെ തീര്‍ച്ചയായും ബാധിച്ചു. ഒരു ദുരന്തം വന്നാല്‍ ആളുകള്‍ ആദ്യം ഒഴിവാക്കുക വിനോദമാണല്ലോ. കോവിഡ് കാലത്ത് സിനിമ ജനങ്ങള്‍ കാണാതിരുന്നിട്ടില്ല. ഒരു വഴി അടഞ്ഞാല്‍ മറ്റൊരു വഴി തുറക്കണം എന്ന് പറയും പോലെ ഒടിടി പ്ലാറ്റുഫോമുകള്‍ ഒരു സാധ്യത ആയിരുന്നു. ഇനി ആ സാധ്യത ശക്തമാവുകയേ ഉള്ളൂ. സിനിമ നല്ലതാണെങ്കിലും അല്ലെങ്കിലും പലരും സിനിമ കാണുന്നുണ്ട്. തീയറ്ററുകള്‍ അങ്ങനെയല്ലല്ലോ. പലരും അഭിപ്രായം കേട്ടാണ് തീയറ്ററുകളില്‍ പോയി സിനിമ കാണുന്നത്.
സിനിമയുമായി ബന്ധപ്പെട്ടുള്ള ട്രോളുകള്‍, സമൂഹമാധ്യമരംഗത്തെ പ്രവണതകള്‍...
നമുക്ക് താല്‍പര്യമുള്ളവരെ പൊക്കിക്കൊണ്ടുവരുകയും അല്ലാത്തവരെ അടച്ചാക്ഷേപിക്കുകയും ചെയ്യുന്ന പ്രവണത സമൂഹ മാധ്യമരംഗത്ത് നിലനില്‍ക്കുന്നുണ്ട്. ഇത് നല്ല പ്രവണതയല്ല. ഈ വിമര്‍ശിക്കുന്നവരുടെ ആളുകളുടെ സിനിമയാണെങ്കില്‍ അത് നല്ലത്. അല്ലെങ്കില്‍ ആ പടം ചീത്ത. പക്ഷെ കാലം കടന്നുപോവുമ്പോഴായിരിക്കും ഈ സമൂഹ മാധ്യമരംഗത്തെ അഭിപ്രായ പ്രകടനങ്ങളെല്ലാം കഴിഞ്ഞു ജനങ്ങള്‍ ഒരു സിനിമയുടെ യഥാര്‍ത്ഥ മൂല്യം തിരിച്ചറിയുന്നത്.
ആളുകളുടെ അഭിരുചി അനുസരിച്ചു വിനോദ മാധ്യമം എന്ന നിലയില്‍ ഈ പുതിയ കാലത്തും സിനിമ ഉണ്ടാക്കേണ്ടി വരുന്നുണ്ടോ?
അങ്ങനെ ഉണ്ടാക്കിയാല്‍ ഒരിക്കലും നല്ലതല്ല. ആളുകള്‍ ആഗ്രഹം ഒക്കെ പറയും. ഞങ്ങള്‍ക്ക് മോഹന്‍ലാലിന്‍റെ പഴയ സിനിമകള്‍ പോലെ ഉള്ളവ ആണ് ഇഷ്ടം അല്ലെങ്കില്‍ റാംജിറാവ് എന്നിങ്ങനെ. പക്ഷെ അങ്ങനെയായുള്ളവ ഉണ്ടാക്കിയാല്‍ അവര്‍ തന്നെ പറയും അത് പഴഞ്ചനാണെന്ന്.
പ്രേക്ഷകരെ സംബന്ധിച്ചിടത്തോളം നമ്മുടെ സിനിമയെയും കഥയെയും അവര്‍ക്ക് പ്രവചിക്കാന്‍ കഴിയരുത്. അവരുടെ ആ ബ്രില്യന്‍റിനെ നമ്മള്‍ മറികടക്കുമ്പോഴാണ് സിനിമ വിജയിക്കുന്നത്. പ്രേക്ഷകന്‍റെ സിനിമാസ്വാദന നിലവാരം ഓരോ ദിവസം കയറിവരുകയാണ്. അതിനെ സിനിമ മറികടക്കണം.
റാംജിറാവു സ്പീക്കിംഗ് എന്ന സിനിമ ഒരു ട്രെന്‍ഡിന്‍റെ തുടക്കം ആയിരുന്നു. ഓരോ കാലഘട്ടത്തിലും അത്തരം ട്രെന്‍ഡ് ഉണ്ടായിട്ടുണ്ട്. നിലവിലുള്ള സംവിധാനങ്ങളെയും ആസ്വാദന ശൈലികളെയും തീര്‍ത്തും നിരാകരിച്ചു സിനിമ എടുത്തവരാണ് ഭരതന്‍, ഐ വി ശശി എന്നിവരെ പോലുള്ളവര്‍. അതൊരു പൊളിച്ചെഴുത്തായിരുന്നു.
മഹേഷ് നാരായണിന്‍റെ സീ യു സൂണിനെ കുറിച്ച്... അതും ഇത്തരത്തില്‍ പെടുന്ന ഒന്നല്ലേ?
അത് ബ്രില്യന്‍റ് തന്നെയാണ്. കോവിഡ് കാലത്ത് സിനിമാ നിര്‍മാണത്തിന്‍റെ എല്ലാ വഴികളും അടഞ്ഞപ്പോള്‍ ആ സാഹചര്യത്തില്‍ നിന്നുകൊണ്ട് സിനിമ എടുത്തു. അത് പ്രേക്ഷകന്‍ സ്വീകരിക്കുകയും ചെയ്തത് വലിയ കാര്യമാണ്.
മലയാള സിനിമയിലെ സ്ത്രീ പ്രാധിനിദ്ധ്യത്തെ കുറിച്ചൊക്കെ ചര്‍ച്ച ചെയ്യപ്പെടുന്ന കാലമാണല്ലോ. അതേക്കുറിച്ച് എന്താണ് അഭിപ്രായം?
എന്‍റെ സിനിമകളില്‍ വളരെ ശക്തമായ സ്ത്രീ കഥാപാത്രങ്ങള്‍ ഉണ്ട്. മറ്റു സിനിമകളില്‍ ചിലപ്പോള്‍ അത് വേണ്ടി വരില്ല. അത് ഓരോരുത്തരുടെ ശൈലിയാണ്. പണ്ടും ശക്തരായ സ്ത്രീ കഥാപാത്രങ്ങള്‍ മലയാള സിനിമയില്‍ ഉണ്ടായിരുന്നു. ഓരോ കാലഘട്ടത്തിനനുസരിച്ച് അതിനു മാറ്റം വരുന്നുണ്ട്.
സിനിമ ഒരു കലാരൂപമാണ്. സിനിമയ്ക്ക് സാമൂഹ്യപ്രതിബദ്ധത വേണമെന്ന് ശഠിക്കുന്നത് ശരിയാണോ?
അതില്‍ കാര്യമില്ല. ഒരു സിനിമ കണ്ടു പ്രേക്ഷകന് ഉള്ളില്‍ തോന്നുന്ന വികാരം, അത്രയേ സിനിമ ഉദ്ദേശിക്കുന്നുള്ളൂ. അതില്‍ ഒരു സന്ദേശം ഉണ്ടാകാം, ഉണ്ടാകാതിരിക്കാം.
ഇപ്പോഴത്തെ പുതുതലമുറയുടെ ശക്തമായ സംവേദന മാധ്യമമാണ് ട്രോളുകള്‍. എന്നാല്‍ ഇവര്‍ അതിനായി ഉപയോഗിക്കുന്ന സോഴ്സ് സിദ്ദിഖിന്‍റെയോ അന്നത്തെ മറ്റു സംവിധായകരുടെയോ സിനിമകളിലെ ക്ലിപ്പിംഗുകള്‍ ആണ്...
അത് പോപ്പുലാരിറ്റി കൊണ്ടാണ്. ട്രോളുകള്‍ ആളുകള്‍ സ്വീകരിക്കണം എന്നുണ്ടെങ്കില്‍ വളരെ പോപ്പുലര്‍ ആയ ഒരു കഥാപാത്രത്തെ പ്ലേസ് ചെയ്യണം. ഇന്നത്തെ ന്യൂജെന്‍ സിനിമകളില്‍ അത്തരം കഥാപാത്രങ്ങള്‍ കുറവാണ്.
സിദ്ദിഖിന്‍റെ സിനിമകളുടെ ശക്തി എന്നാല്‍ കോമഡിയാണ്. എന്നാല്‍ അവസാനം എടുത്ത സിനിമകളുടെ ട്രാക്ക് മാറിയതായി തോന്നുന്നു.
ഒരേ തരം സീനുകള്‍ എടുക്കാന്‍ കഴിയില്ല. അതുകൊണ്ടാണ് ട്രാക്ക് ഒന്ന് മാറ്റി പിടിച്ചത്. ചിലതു വിജയം കാണും ചിലത് പരാജയം ആയിരിക്കും. റിസ്ക് എടുക്കുമ്പോള്‍ രണ്ടും സംഭവിക്കാമല്ലോ.സിദ്ദിഖിനെ സംബന്ധിച്ചിടത്തോളം വിമര്‍ശകര്‍ ഇല്ലാത്ത സംവിധായകനാണ് എന്ന് തോന്നുന്നു...
അത് ശരിയല്ല. ഇപ്പോള്‍ ഈ അഭിമുഖത്തിന്‍റെ താഴെ പോലും അത്തരക്കാരുണ്ടാകും. ഞാന്‍ സമൂഹമാധ്യമങ്ങളില്‍ ഇല്ല, അത് ശ്രദ്ധിക്കാറില്ല... വാട്സ്ആപ്പ് പോലും എനിക്കില്ല. എനിക്ക് അതിനൊന്നും സമയം കളയാനില്ല. ആ സമയം ഞാന്‍ പുസ്തകങ്ങള്‍ വായിക്കും. യുവ തലമുറ ഒരുപാട് സമയം സമൂഹ മാധ്യമങ്ങളില്‍ വെറുതെ വിമര്‍ശിക്കാനും, ആള് കളിക്കാനും, നെഗറ്റീവ് ആയ കാര്യങ്ങള്‍ പ്രചരിപ്പിക്കാനുമായി കളയുന്നു. അത് നല്ലതല്ല എന്നാണ് എന്‍റെ അഭിപ്രായം. പോസിറ്റീവ് ചിന്താഗതിക്ക് ഒരു വളര്‍ച്ചയുണ്ട്. ഒരു പരിചയവും ഇല്ലാത്തവരെ തെറി പറയുന്നവര്‍ ജനിതക തകരാറ് ഉള്ളവരാണ്. വളരെ നിശ്ശബ്ദരായി ഇരിക്കുന്നവരാണ് ഇപ്പോഴും കോണ്‍സ്ട്രക്റ്റീവ് ആയി ചിന്തിക്കുന്നത്.
നടന്‍, സംവിധായകന്‍, എഴുത്തുകാരന്‍ എന്നീ നിലകളിലെല്ലാം
സിദ്ദിഖ് ഒരു കംപ്ലീറ്റ് ഫിലിം മേക്കര്‍ ആണ്. ഇതില്‍ ഏറ്റവും വെല്ലുവിളി നിറഞ്ഞതു ഏതു റോള്‍ ആണ്?
എഴുത്തുകാരന്‍ ആണ് വെല്ലുവിളി നിറഞ്ഞത്. കാരണം എഴുത്തില്‍ നമ്മള്‍ തനിച്ചാണ്. ആരും സഹായിക്കാനില്ല. എഴുത്തിന് വായന വേണം, യാത്ര വേണം. അനുഭവം വേണം. വയസ്സേറുമ്പോള്‍ ചിന്തക്ക് മൂര്‍ച്ചകൂടുമല്ലോ. എന്നാല്‍ ഇവിടെ അമ്പതു വയസ്സ് കഴിഞ്ഞവര്‍ വീട്ടില്‍ ഇരിക്കണം എന്ന വിമര്‍ശനാത്മകമായ നിലപാടാണ് മലയാളിക്ക് ഉള്ളത്.
തമാശയുടെതായ ഒരു കുടുംബ, സാമൂഹ്യ പശ്ചാത്തലം ഉണ്ടായിരുന്നു അല്ലെ?
എന്‍റെ വാപ്പയുടെ തമാശകള്‍ ഉദാഹരണം. വളരെ ആഴത്തിലുള്ള തമാശകള്‍ വാപ്പ പറയുമായിരുന്നു. ചിലപ്പോള്‍ കേള്‍ക്കുമ്പോള്‍ തന്നെ നമുക്ക് അത് മനസ്സിലാകണം എന്നില്ല. അടുത്തറിയുന്നവര്‍ക്ക് മാത്രമെ അത് ചിലപ്പോള്‍ മനസ്സിലാകുകയുള്ളൂ. ചില തമാശകള്‍ പറയരുത് എന്ന് തോന്നിയിട്ടുണ്ട്. എന്‍റെ വീട്ടില്‍ എല്ലാവരും കൂടിയാല്‍ ഒരു ചിരി ലോകം ആണ്. ഫലിതമാണ് ഒരു പ്രസിദ്ധീകരണത്തില്‍ ഞാന്‍ ശ്രദ്ധിക്കുന്നത്. അതുപോലെ ലാലിന്‍റെ പിതാവും നല്ലവണ്ണം തമാശ പറയുന്ന ആളായിരുന്നു. പിന്നെ കലാഭവനില്‍ എത്തിയപ്പോള്‍ അതൊരു സംഘമായി. സൈനുദ്ദീനായിരുന്നു അക്കാലത്തു ഞങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും കൂടുതല്‍ തമാശ പറഞ്ഞിരുന്നത്. എവിടെ നിന്ന് ഈ തമാശയെല്ലാം വരുന്നു എന്ന് ചിന്തിച്ചിട്ടുണ്ട്. സിനിമയില്‍ സൈനുദ്ദീന്‍റെ ടാലെന്‍റ് ഉപയോഗിക്കപ്പെട്ടില്ല. തമാശയുടെ കാര്യത്തില്‍ സൈനുദ്ദീന്‍ ഒരു ജീനിയസ് ആയിരുന്നു.
സിദ്ദിഖ് എന്ന മനുഷ്യന്‍റെ ജീവിതത്തില്‍ ആബേലച്ചന്‍റെ സ്വാധീനം എത്രത്തോളം ഉണ്ടായിരുന്നു?
കലാഭവനില്‍ നിന്നും വൈകീട്ട് ആബേലച്ചന്‍ ഒരു കുടയും പിടിച്ചു നടന്നു പോകുന്ന ഒരു ദൃശ്യം ഇപ്പോഴും മനസ്സിലുണ്ട്. ഞാന്‍ അത്ഭുതത്തോടെ അദ്ദേഹത്തെ നോക്കിനില്‍ക്കുമായിരുന്നു. കാരണം കലാഭവന്‍ പോലെ ഒരു വലിയ പ്രസ്ഥാനം രൂപപ്പെടുത്തിയ ആളായിരുന്നുവല്ലോ. ഞങ്ങള്‍ വൈകീട്ട് കുറച്ചുപേര്‍ പന്ത് കളിക്കാറുണ്ടായിരുന്നു. ആബേലച്ചന്‍ അതുവഴി നടന്നുപോവുമ്പോള്‍ ഈ പിള്ളേരെല്ലാം കൂവും. അദ്ദേഹം നടന്നു മറഞ്ഞു കഴിഞ്ഞാല്‍ ഈ പിള്ളേര്‍ തിരിച്ചു വന്നു പന്ത് കളി തുടരും. എനിക്ക് ഇവര്‍ എന്തിനാണ് കൂവുന്നത് എന്ന് മനസ്സിലായില്ല. പിന്നീട് ആബേലച്ചനെ പരിചയപ്പെട്ടപ്പോള്‍ ഒരു ദിവസം ഞാനിതു അദ്ദേഹത്തോട് ചോദിച്ചു. റോമില്‍ അച്ചന്‍ പട്ടത്തിനു പഠിക്കുന്നവര്‍ക്ക് ക്ഷമാശീലം വരാന്‍ വേണ്ടി ആളുകളെ പൈസ കൊടുത്ത് അവരെ നിന്ദിക്കുകയും, ഉപദ്രവിക്കുകയും ചെയ്യുന്ന ഒരേര്‍പ്പാടുണ്ട്. അത്തരം കാര്യങ്ങള്‍ എനിക്ക് ഇപ്പോള്‍ ഫ്രീ ആയി ലഭിക്കുകയല്ലേ എന്ന് അച്ചന്‍ പറഞ്ഞ മറുപടി എന്‍റെ ജീവിതത്തിലെ വലിയൊരു പാഠമാണ്. ഒരിക്കല്‍ പോലും അച്ചന്‍ വഴിമാറി നടന്നിട്ടില്ല. എന്നാല്‍ പിള്ളേര്‍ കൂകല്‍ നിര്‍ത്തി.
അച്ചനെ പരിചയപ്പെട്ടത് എന്‍റെ ജീവിതത്തിലെ വഴിത്തിരിവായിരുന്നു. ലാല്‍ ആണ് എന്നെ കലാഭവനിലേക്ക് കൂട്ടിക്കൊണ്ട് പോയത്. ലാലിന്‍റെ പിതാവ് കലാഭവനില്‍ തബലിസ്റ്റ് ആയിരുന്നു. അവിടെ പോയത് കലാജീവിതത്തിലെ തുടക്കമായിരുന്നു.
No comments:
Post a Comment