മകള്‍ക്കത് കൗതുകക്കാഴ്ചയായിരുന്നു. പഴയ ഏതോ ഒരു സിനിമ വല്ലാത്ത തെളിച്ചത്തില്‍ കാണുന്നതുപോലെ! അച്ഛന്‍ എത്രയോ നാളുകള്‍ക്കുശേഷം ഒരു പാന്‍റ് ഇടുന്നതും കടും നിറമുള്ള ഉടുപ്പിടുന്നതുമൊക്കെ അവള്‍ ഡൈനിങ് ടേബിളിലിരുന്ന് ചപ്പാത്തിമാവ് കുഴയ്ക്കുന്നതിനിടയില്‍ നോക്കിയിരുന്നു. ആദ്യമായൊരു സിനിമ കാണുവാന്‍ പോകുന്ന കുട്ടിയെപ്പോലെ അച്ഛന്‍ ആഹ്ളാദവാനായിരുന്നു. അച്ഛന്‍റെ വളഞ്ഞുപോയ നട്ടെല്ല് അല്പം നിവര്‍ന്നതായും കവിളില്‍ ഒരു നുള്ള് മാംസത്തിന്‍റെ കനപ്പേറിയതായും അവള്‍ക്ക് തോന്നി. അതുകൊണ്ടുമാത്രം ആ വെളുപ്പാന്‍കാലം ഒരു പക്ഷിപ്പാട്ടുപോലെ മനോഹരവുമായി തോന്നി.
സാധാരണ ഒറ്റയ്ക്കിരുന്ന് ചപ്പാത്തിക്ക് മാവ് കുഴയ്ക്കുന്നതും അത് ഉരുളകളാക്കുന്നതും പിന്നെ അതിനെ പലകയില്‍ വച്ച് പരത്തുന്നതുമൊക്കെ രണ്ടുമണിക്കൂറിലധികം ദൈര്‍ഘ്യമുള്ള ഒരു ബോറന്‍ ചിത്രം കാണുന്നതുപോലെ സാമാന്യം വിരസമായ പണിയായിരുന്നെങ്കിലും അച്ഛനേയും അങ്ങനെ നോക്കിയിരിക്കേ അവള്‍ക്കതൊരു മുഷിപ്പായി തോന്നിയില്ല. അല്ലെങ്കില്‍ തന്നെ എല്ലാ മുഷിപ്പുകളും അതിന്‍റെ ഏകതാനതകള്‍ക്കപ്പുറത്തെ ഏകാന്തതകളിലാണല്ലോ തിരക്കഥകള്‍ എഴുതുന്നത്.
കുട്ടികളുടെ ഉപേക്ഷ. ഭര്‍ത്താവിന്‍റെ മടി. വേലക്കാരിയുടെ മുതലെടുപ്പുകള്‍. അച്ഛന്‍റെ പിടിവാശികള്‍. ഇങ്ങനെ പകുത്തെടുത്തുകൊണ്ടിരുന്ന ഓരോ ഉരുളകളെയും കൈവെള്ളയില്‍ വച്ച് പതംവരുത്തുന്നതിനിടയിലും അവള്‍ അച്ഛനെ സാകൂതം നോക്കി.
അത് ശരിക്കും അച്ഛന്‍റെ കുറഞ്ഞത് പത്ത് വര്‍ഷമെങ്കിലും പഴക്കമുള്ള ഒരു പാന്‍റ് ആയിരുന്നു. ഇനി ഒരിക്കലും എടുക്കേണ്ടിവരില്ലെന്ന് കരുതിയത്. അല്ലെങ്കില്‍ പഴയ ഏതോ ഒരു കാലം പ്രതിശോഭയോടെ മടങ്ങിവരും അന്നേരം ധരിക്കണമെന്നെല്ലാം കരുതി സൂക്ഷിച്ചുവച്ച ഒന്ന്. ഇരുണ്ട തവിട്ടുനിറം. കുറച്ചുപേര്‍ ഇഷ്ടപ്പെടുന്ന സമാന്തരസിനിമകള്‍ പോലെ അങ്ങനെ കുറേ പാന്‍റുകള്‍ അച്ഛനുണ്ടായിരുന്നു. കടുത്ത നിറമുള്ള ഉടുപ്പുകളും. സത്യത്തില്‍ ഏതെങ്കിലും നല്ല ദിനങ്ങളില്‍ മക്കളോ ബന്ധുക്കളോ ഒരു പുതിയ തുണിയെടുത്തുകൊടുത്താല്‍ പോലും അതിനേക്കാള്‍ അയാള്‍ പരിഗണിച്ചിരുന്നത് ആ പഴയ എന്നാല്‍ ഒട്ടും പുതുമ നഷ്ടപ്പെടാത്ത അത്തരം വസ്ത്രങ്ങളായിരുന്നു.
ഇനിയുള്ള വസ്ത്രങ്ങളൊന്നും ഉപേക്ഷിക്കേണ്ടവയല്ലെന്ന് ഒരാള്‍ക്ക് തോന്നിത്തുടങ്ങുമ്പോഴാണ് അയാള്‍ വാര്‍ദ്ധക്യത്തിലേക്ക് കടക്കുന്നതെന്ന് അച്ഛന്‍റെ ഈ മാറ്റം കണ്ടുതുടങ്ങിയ നാള്‍ മുതല്‍ മകള്‍ക്ക് തോന്നാറുമുണ്ട്. എന്തായാലും അത് ധരിച്ചപ്പോള്‍ അച്ഛന്‍ ഒരു അപ്രതീക്ഷിത നീക്കത്തിലൂടെ തന്‍റെ ഏറിയ പത്തുവയസ്സിനെ കീഴ്പ്പോട്ട് മറിച്ചിട്ടതായി അവള്‍ക്ക് തോന്നി.
സമയം ഒരുപാട് പിന്നേയും ശേഷിച്ചിരുന്നതിനാല്‍ കണ്ണാടിക്കുമുന്നില്‍ ചെന്നുനിന്ന് അയാള്‍ വളരെ സാവാധാനം മുഖത്ത് പൗഡര്‍ ഇടുകയും ചുളിവുകള്‍ വീണ കണ്‍പോളകളിലെ അധികപ്പരപ്പിനെ തേച്ചൊരുക്കുകയും ചെയ്തു.
അടുത്തിടെ കിട്ടിയ മൂന്ന് ഷര്‍ട്ടുകള്‍ എടുത്ത് അയാള്‍ തിരിച്ചും മറിച്ചും മണത്തുനോക്കി. മരണത്തിന്‍റെ മണമായിരുന്നു അതിലെല്ലാം. മരിച്ചുകിടക്കുമ്പോള്‍ എളുപ്പം അണിയിക്കുവാന്‍ പാകത്തിലുള്ളവ. കത്തിച്ചുകളഞ്ഞാലും നഷ്ടമില്ലാത്ത മുറിക്കയ്യന്‍ ഷര്‍ട്ടുകള്‍. തന്നവര്‍ക്കായി അതെല്ലാം മാറ്റിവച്ച് ഒടുവില്‍ പത്തുപന്ത്രണ്ട് വര്‍ഷം മുന്‍പ് കോയമ്പത്തൂരിലെ ഒരു തെരുവില്‍ നിന്ന് അയാള്‍ തന്നെ വാങ്ങിയ ഫുള്‍കൈ ഷര്‍ട്ടും ധരിച്ചാണ് വളരെ നേരത്തേ ആ യാത്രയ്ക്കുവേണ്ടി തയ്യാറെടുത്തത്.
"അച്ഛാ, തേച്ചൊതുക്കിയ പാന്‍റും ഫുള്‍കൈ ഷര്‍ട്ടുമൊക്കെയിട്ട സിനിമയുടെ കാലം കഴിഞ്ഞു കേട്ടോ, ഇന്ന് സിനിമ വെറും സിമ്പിളാണ്. കൈലിയുടുത്ത് കല്യാണത്തിനും കോളെജിലുമൊക്കെ പോകുന്ന ലോക്കല്‍." അങ്ങനെയൊക്കെ പറഞ്ഞ് അച്ഛനെയൊന്ന് അപ്ഡേഷന്‍ ചെയ്താല്‍ കൊള്ളാമെന്ന് അവള്‍ക്കുണ്ടായിരുന്നെങ്കിലും എണ്‍പത്തിമൂന്ന് വയസ്സിന്‍റെ ഊറ്റവും ഉല്‍സാഹവുമൊക്കെ വെറുതെ നല്ലൊരു പുലര്‍ച്ചയില്‍ കെടുത്തിക്കളയണ്ട എന്നും തോന്നി.
എന്നാല്‍ ഈയിടെയായി അച്ഛന് ആര്‍ക്കും മനസ്സിലാകാത്ത ചില വിചാരങ്ങള്‍ ഉണ്ട്. പത്തുമുപ്പത് വര്‍ഷം രാജ്യത്തെ വിവിധ നഗരങ്ങളില്‍ ജീവിച്ച പരിണിതപ്രജ്ഞനായ തന്നെ മക്കളും കൊച്ചുമക്കളുമൊക്കെ ചേര്‍ന്ന് എന്തൊക്കെയോ പഠിപ്പിക്കുവാന്‍ ശ്രമിക്കുന്നു! എന്തൊരു ലോകമാണിത്!! എല്ലാരും ഒരേ ക്ലാസ്മുറിയിലെ അധ്യാപകര്‍. അതിനെയൊക്കെ നേരിടാനാണ് സംസ്കൃതശ്ലോകങ്ങളും കാവ്യങ്ങളുമൊക്കെ അയാള്‍ പൊടിതട്ടിയെടുത്ത് നീട്ടി ചൊല്ലുന്നത്. മഹാഭാരതത്തില്‍ ഇല്ലാത്ത ഒന്നുമില്ല, എന്ന് ആവര്‍ത്തിക്കുന്നത്. അങ്ങനെ മഹാഭാരതം എടുത്ത അച്ഛനോട് ഈയിടെയായി ആരും ഒന്നും പറയാറില്ല.
ഭോപ്പാലിലെവിടെയോ വച്ച് അയാള്‍ക്കൊപ്പം രണ്ടുവര്‍ഷത്തോളം സഹമുറിയനായി കഴിഞ്ഞിരുന്ന ഒരു പൈനാവുകാരന്‍റെ മകന്‍ ആദ്യമായി സംവിധാനം ചെയ്ത സിനിമ കാണുവാനാണ് അയാളിപ്പോള്‍ പോകുന്നത്. അതുകൊണ്ടുതന്നെ റീവൈന്‍ഡ് ചെയ്യുന്ന ഓര്‍മകളുടെ വല്ലാത്ത ഭാരമുണ്ട് ഈ യാത്രയ്ക്ക്. എല്ലാ അവശതകള്‍ക്കപ്പുറം നില്‍ക്കുന്ന ഉല്‍സാഹമുണ്ട്. പ്രായത്തെ വെല്ലുന്ന ത്രില്ലുണ്ട്!!
സിനിമ കണ്ടതിനുശേഷം അഭിഷേക് എന്ന ആ മുപ്പത്തിയഞ്ചുകാരനേയും അവന്‍റെ അച്ഛന്‍ മനോജ് കുമാറിനേയും അയാള്‍ക്ക് വിശദമായി വിളിക്കേണ്ടതായുണ്ട്. അപ്പോള്‍ അയാള്‍ക്ക് എന്തൊക്കെ പറയാനുണ്ടാകും? ഒരിക്കലും ആ വര്‍ത്തമാനം താന്‍ കണ്ട സിനിമയെക്കുറിച്ചു മാത്രമാകില്ല. അതെന്നേ അയാള്‍ കണ്ടുകഴിഞ്ഞു!! അപ്പോള്‍ പിന്നെ മറ്റൊരു സിനിമ? അങ്ങനെയും സിനിമകള്‍ സംഭവിക്കാമല്ലോ....
തിയേറ്ററില്‍ പോയി അയാള്‍ ഒരു സിനിമകണ്ടിട്ട് കാലം കുറേ ആയിരുന്നു. ഒരു കല്യാണമണ്ഡപത്തിന്‍റെ സാധ്യതപോലുമില്ലാതെ പൂട്ടിപ്പോയ നാലിലധികം സിനിമാകൊട്ടകകള്‍ അയാളുടെ നഗരത്തിലുമുണ്ടായിരുന്നു.
അയാളുടെ മക്കള്‍ ഒരവധിക്കാലത്തും അയാളോട് സിനിമകള്‍ കാണുവാന്‍ തങ്ങളെകൊണ്ടുപോകണമെന്ന് പറഞ്ഞില്ല. അവര്‍ക്ക് സിനിമ കാണുവാന്‍ അച്ഛന്‍റെ അനുവാദം മാത്രം മതിയായിരുന്നു. അച്ഛന്‍ വേണ്ടായിരുന്നു. എന്നാല്‍ അയാള്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ അലഞ്ഞപ്പോഴെല്ലാം സിനിമാതിയേറ്ററുകള്‍ ധാരാളമുള്ള നഗരങ്ങളിലാണ് കഴിഞ്ഞിരുന്നത്. അവിടെ അയാള്‍ മറ്റൊന്നിനും പോകാതെ കഴിയുന്നത്ര സിനിമകള്‍ കണ്ടു. എന്നാല്‍ ചില സിനിമകള്‍ തന്ത്രശാലികളായ അഭിസാരികകളെപ്പോലെയായിരുന്നു. ധനനഷ്ടത്തെക്കുറിച്ച് അയാള്‍ അപ്പോഴൊന്നും ഓര്‍ത്തില്ല. കാരണം സിനിമയുടെ പ്രലോഭനങ്ങളില്‍ നിന്ന് അങ്ങനെ എളുപ്പം മോചിതനാകാന്‍ ആകുമെന്ന് അയാള്‍ക്ക് ഒട്ടും ഉറപ്പില്ലായിരുന്നു.
അക്കാലത്തെപ്പോഴോ ആണ് മനോജ്കുമാര്‍ എന്ന ആ പൈനാവുകാരനെ അയാള്‍ പരിചയപ്പെടുന്നത്. സിനിമയോടുള്ള പ്രണയം തന്നെയായിരുന്നു അതിന്‍റെ പിന്നിലെ ഹേതു. എപ്പോഴോ അവര്‍ ഒരേ ലോഡ്ജിലെ സഹമുറിയന്മാരുമായി. ഒരു സിനിമാ സംവിധായകനാകണമെന്നായിരുന്നു മനോജ്കുമാറിന്‍റെ ഏറ്റവും വലിയ സ്വപ്നം. അതിനുവേണ്ടി കുറച്ചുകാലം മദ്രാസിലും മുംബൈയിലും അലഞ്ഞു. സിനിമ എല്ലാരേം ഒരുപോലെ അനുഗ്രഹിക്കുന്ന ദൈവമൊന്നുമല്ലല്ലോ. അതുകൊണ്ടുതന്നെ വളരെവേഗം അവിടെ നിന്നെല്ലാം അയാള്‍ ബഹിഷ്കൃതനായി. നാട്ടിലെ അപമാനവും വീട്ടുകാരുടെ കുത്തുവാക്കുകളും ഭഗ്നപ്രണയവുമൊക്കെയായപ്പോള്‍ മറ്റൊരു സിനിമാക്കഥപോലെ എല്ലാം ഉപേക്ഷിച്ച് ഭോപ്പാലിലെ ഒരു ചെറിയ കമ്പനിയില്‍ എന്നോ പഠിച്ച ഫാബ്രിക്കേഷന്‍റെ പണി ചെയ്ത് കഴിയുവാന്‍ പുറപ്പെട്ടതായിരുന്നു അയാള്‍. ഒരുതരം ഒളിവു ജീവിതം. ഈ ഒളിവുജീവിതങ്ങള്‍ക്ക് ഒരു പ്രത്യേകതയുണ്ട്, അത് ഉള്ളില്‍ ഒരു സ്വാതന്ത്ര്യത്തെ എപ്പോഴും സ്വപ്നം കണ്ടുകൊണ്ടേയിരിക്കും. അവര്‍ക്കുമുന്നില്‍ എപ്പോഴും പരാജയപ്പെടുത്തിയവരും ഒറ്റിക്കൊടുത്തവരും വഞ്ചിച്ചവരുമെല്ലാം ഉണര്‍വ്വോടെ തിടംവച്ച് നില്‍ക്കും.
ടൈപ്പ്റൈറ്റിങ്ങും ഷോര്‍ട്ട്ഹാന്‍റും വശമാക്കി അതുകൊണ്ട് ജീവിക്കാന്‍ ഭാരതത്തിന്‍റെ മഹാനഗരങ്ങളിലേക്ക് വണ്ടികയറിയ ഒരു ക്ലര്‍ക്കിനൊപ്പം കഴിഞ്ഞ മൂന്നുവര്‍ഷം ആ പൈനാവുകാരന്‍ എന്തുകൊണ്ടോ മറന്നില്ല. പോരാഞ്ഞ്, യാതൊരു വാര്‍ത്താവിനിമയ സംവിധാനങ്ങളുമില്ലാതിരുന്ന അക്കാലത്തും നല്ല വടിവൊത്ത അക്ഷരത്തില്‍ അയാളുടെ ജീവിതത്തില്‍ ഉണ്ടായിക്കൊണ്ടിരുന്ന കൊടുങ്കാറ്റുകളെ സ്നേഹിതനെ അറിയിക്കുവാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു.
അങ്ങനെയാണ് അയാള്‍ കര്‍ണ്ണാടകയില്‍ വച്ച് ഒരു രാഷ്ട്രീയക്കാരന്‍റെ വിശ്വസ്തനായ ബിനാമിയായി മാറിയതായും നാട്ടില്‍ പോയി കുറേ കൃഷിഭൂമിയൊക്കെ വാങ്ങി കൂര്‍ഗില്‍ നിന്ന് ഒരു സുന്ദരിയെ കെട്ടി ഒരിക്കല്‍ തോല്‍പ്പിച്ചവരോടെല്ലാം ഒരു പ്രതിനായകന്‍റെ അവസരോചിതമായ നീക്കങ്ങളിലൂടെ പ്രതികാരം ചെയ്ത് സ്വസ്ഥമായ ഒരു ജീവിതം ആരംഭിച്ചതുമെല്ലാം അറിയുന്നത്. പിന്നീട് അയാള്‍ക്ക് സ്ഥിരമായി ഒരു മേല്‍വിലാസം ഉണ്ടായിരുന്നു.
ഒത്തുകഴിഞ്ഞ നാളുകളിലൊന്നില്‍ രാജ്യം മുഴുവന്‍ വൈഡ് റിലീസ് ചെയ്ത ഒരു മോശം പടത്തിന്‍റെ രണ്ടാം ഷോ കണ്ട് നിരാശരായി മടങ്ങുമ്പോഴാണ് തന്‍റെ ഭാഷയിലെ ഒരു സാഹിത്യകാരന്‍ വളരെ മനോഹരമായി എഴുതിയ സിനിമാ സാധ്യതയുള്ള ഒരു കഥ അയാള്‍ മനോജ്കുമാറിനോട് പറയുന്നത്. ജോലിയുടെ ഭാഗമായി ഇന്ത്യയുടെ വിവിധ സ്റ്റേഷനുകളില്‍ ഒരു സ്റ്റേഷന്‍മാസ്റ്ററായി ജോലിചെയ്തിരുന്ന ഒരു കഥാകാരനായിരുന്നു അയാള്‍. കഥകള്‍ മാത്രം എഴുതിയ ഒരാള്‍. ആ കഥകളില്‍ ജീവിതം മാത്രം എഴുതിയിരുന്ന ഒരാള്‍. അക്കാലത്ത് അങ്ങനെയുള്ള കുറച്ചേറെ കഥകള്‍ തന്‍റെ സാഹിത്യത്തില്‍ ഉണ്ടായെങ്കിലും ഈ കഥ എന്നെങ്കിലും ഒരു സിനിമ ചെയ്യുകയാണെങ്കില്‍ പരിഗണിക്കണമെന്ന് അയാള്‍ സുഹൃത്തിനെ പലപ്പോഴും ഓര്‍മിപ്പിച്ചുകൊണ്ടേയിരുന്നു.
മനോജ്കുമാറിലെ സാഹസികനായ സിനിമാക്കാരന്‍ പിന്നെ പുനര്‍ജ്ജനിച്ചത് സ്വന്തം മകനിലൂടെയായിരുന്നു. വൈകി വിവാഹം കഴിക്കുകയും അതിലും വൈകി കുഞ്ഞുങ്ങള്‍ പിറക്കുകയും ആവിശ്യത്തിലേറെ പണം വന്ന് കുമിയുകയുമൊക്കെ ചെയ്തെങ്കിലും ആ പഴയ കഥയും സിനിമയുമെല്ലാം അയാളുടെ മനസ്സില്‍ ശേഷിച്ചിരുന്നു. അങ്ങനെയാണ് മനോജ്കുമാര്‍ മകനെ സിനിമ പഠിക്കാന്‍ പൂനെയില്‍ അയച്ചത്. അവന്‍ മികച്ച നിലയില്‍ പഠനം പൂര്‍ത്തിയാക്കുകയും ചില ഇന്‍സ്റ്റിറ്റ്യൂട്ട് ചിത്രങ്ങളില്‍ സഹകരിക്കുകയും ചെയ്തു. അപ്പോഴേക്കും മകന്‍ ചെയ്യേണ്ട ആദ്യ സിനിമയുടെ തിരക്കഥ അയാള്‍ തയ്യാറാക്കിയിരുന്നു. ചങ്ങാതി പറഞ്ഞ ആ വര്‍ക്ക്ഷോപ്പ് മെക്കാനിക്കിന്‍റെ കഥ. പുതിയ കാലത്തിനിണങ്ങുന്നവിധം കഥയിലും കഥാസന്ദര്‍ഭങ്ങളിലും ചില മാറ്റങ്ങള്‍ വേണമെന്ന് പറഞ്ഞതല്ലാതെ മകന് മറ്റ് അഭിപ്രായങ്ങളൊന്നുമില്ലായിരുന്നു. അങ്ങനെ പുറത്തിറങ്ങിയ ചിത്രം കുറച്ചധികം ശ്രമങ്ങള്‍ക്കൊടുവില്‍ തിയേറ്ററുകളില്‍ എത്തിച്ചപ്പോഴാണ് മനോജ്കുമാര്‍ പഴയ ചങ്ങാതിയെ ആഹ്ളാദപൂര്‍വം വിളിച്ച് കാര്യങ്ങളെല്ലാം പറഞ്ഞത്.
പതിനൊന്ന് മണിക്ക് ആരംഭിക്കുന്ന ഒരേയൊരു പ്രദര്‍ശനമാണ് ആ സിനിമക്ക് ഉണ്ടായിരുന്നത്. ഒന്‍പതര കഴിഞ്ഞപ്പോഴേ അവിടെ എത്തിയ അയാളെ കണ്ടപ്പോള്‍ സെക്യൂരിറ്റിക്കാരന് ചിരിവന്നു. പുറപ്പെടുന്നതിനുമുന്‍പ് തനിക്കേറെ പ്രിയപ്പെട്ട ആ കഥ അയാള്‍ ഏറെക്കാലത്തിനുശേഷം വീണ്ടും ഒരിക്കല്‍ക്കൂടി എടുത്ത് വായിച്ചിരുന്നു. അന്നേരം അയാളെ അതിശയപ്പെടുത്തിക്കൊണ്ട് ചില വാക്കുകള്‍ തെളിയാതെയും മനസ്സിലാകാതെയും മുഴച്ചുനിന്നു. ഒരുവേള ഈ കഥ തന്നെയാണോ അന്നുതാന്‍ ഏറെ ഇഷ്ടത്തോടെ സ്നേഹിതനോട് പറഞ്ഞതെന്ന് സംശയിക്കുകയും ചെയ്തു. ദേശീയപാതയും കടന്ന് ഒരു ഓട്ടോറിക്ഷയില്‍ പോകുമ്പോള്‍ അവിടെയൊരിടത്തും പണ്ടൊരു സിനിമാ കൊട്ടക ഉണ്ടായിരുന്നതായി അയാള്‍ക്ക് ഓര്‍ക്കാനായില്ല.
ചെന്ന് കയറുമ്പോള്‍ ഒരിക്കലും അതൊരു സിനിമാതിയേറ്ററാണെന്ന് അയാള്‍ക്ക് തോന്നിയില്ല. ഒരു തുണിക്കടയും കുട്ടികളുടെ കളിപ്പാട്ടങ്ങള്‍ വില്‍ക്കുന്ന ഒരു വലിയ ഷോപ്പും പിന്നെ എണ്ണയിലും നെയ്യിലും വറുത്തുകോരിയ മാംസങ്ങളുടെ ഗന്ധങ്ങള്‍ ഉരുണ്ടുകളിക്കുന്ന കമാനഭംഗിയുള്ള ഒരു തീറ്റപ്പുരയുമൊക്കെ ആ തിയേറ്ററിന്‍റെ ഇടം വലം ഉണ്ടായിരുന്നു.
സിനിമയെന്നാല്‍ അത് ഒരുവേള തീറ്റയാണെന്നും വസ്ത്രമാണെന്നും ചിലപ്പോള്‍ ഒരു കളിപ്പാട്ടമാണെന്നുമെല്ലാം വിചാരിക്കുന്ന പുതിയ കാലത്തിനുമുന്നില്‍ അയാള്‍ റീല്‍പൊട്ടിയ ഒരു പഴയ ചിത്രം പോലെ നിന്നു.
"ഏത് സിനിമക്കാണ്?" വളരെ ഗൗരവത്തോടെ കാവല്‍ക്കാരന്‍ അയാളോട് ചോദിച്ചു.
സിനിമയുടെ പേര് കേട്ടതും അയാളുടെ മുഖത്ത് ഒരു പുച്ഛരസം പൂത്തു.
"ആ പടം കളിക്കുന്നകാര്യം പ്രയാസമാണ്. രണ്ടുദിവസമായി പതിനഞ്ചു പേര്‍ തികച്ചില്ലാത്തതിനാല്‍ അത് പ്രദര്‍ശിപ്പിക്കുന്നില്ല. ഇന്നും അതിനാണ് സാധ്യത കൂടുതല്‍. ഇതൊരു മള്‍ട്ടിപ്ലക്സ് തിയേറ്ററാണെന്ന് അറിയാമല്ലോ....പന്ത്രണ്ട് പേരെങ്കിലും മിനിമം വേണം അമ്മാവാ, എങ്കിലേ പ്രദര്‍ശനം നടത്താനാകൂ..."
അന്നേരം കാറിലും ബൈക്കിലുമൊക്കെയായി കുറേ ചെറുപ്പക്കാരും അവരുടെ കുടുംബവും അവിടേക്ക് കയറിവന്നു. പടിക്കെട്ടുകള്‍ക്ക് കീഴെയുള്ള ഒരു ഉരുണ്ട തൂണിന് മറവില്‍ നിന്ന് അയാള്‍ അവരെ എണ്ണി.
"നോക്കൂ, ഇപ്പോള്‍ തന്നെ പതിനഞ്ചിലധികം പേരായില്ലേ... പിന്നെ എന്തുകൊണ്ട്..?" സെക്യൂരിറ്റിക്കാരന്‍ ഷോപ്പിങ് മാളിലേക്ക് കയറിപ്പോകുന്ന ഒരു പെണ്‍കുട്ടിയുടെ ബാഗും കുടയും വാങ്ങി ടോക്കണ്‍ കൊടുക്കുന്നതിനിടയില്‍ അലസമായി പറഞ്ഞു: "അതേ, ഇവര്‍ നിങ്ങള്‍ പറയുന്ന ചിത്രം കാണാന്‍ വന്നവരല്ല, നേരത്തേ പറഞ്ഞല്ലോ, ഇവിടെ മൂന്ന് തിയേറ്ററുകള്‍ ഉണ്ട്. ഇവരൊക്കെ അവിടെ ഓടുന്ന ചിത്രങ്ങള്‍ കാണാന്‍ വന്നവരാണ്..."
അന്നേരം അയാള്‍ക്ക് തന്‍റെ തോളില്‍ ആരോ മുറുകെ പിടിക്കുന്നതായി തോന്നി. അതൊരു കഷ്ടി ഇരുപത് വയസ്സുമാത്രം വരുന്ന ഒരു കൗമാരക്കാരനായിരുന്നു. മുടിയൊക്കെ നീട്ടിവളര്‍ത്തിയ, അയഞ്ഞ വസ്ത്രങ്ങളൊക്കെ ധരിച്ച, ആവശ്യത്തിലേറെ ചിരിക്കുന്ന....
ڇഅമ്മാവന് എത് പടം കാണണം?ڈ
അവന്‍ സാമാന്യമര്യാദയോടെ ചോദിച്ചു.
അയാള്‍ക്ക് അതിനകം ദേഷ്യം വന്നിരുന്നു. തോളിലെ കൈ തട്ടിമാറ്റിക്കൊണ്ട് പിന്‍തിരിഞ്ഞ് നടക്കുവാന്‍ തുടങ്ങവെ മറ്റൊരു ചെറുപ്പക്കാരന്‍കൂടി അന്നേരം അവിടേക്ക് ഓടിവന്നു.
ڇഅപ്പാപ്പാ പിണങ്ങാതെ, അപ്പാപ്പന്‍ കാണാന്‍ വന്ന ആ സിനിമ ഇനി ലോകത്തൊരിടത്തും കാണിക്കില്ല. എന്തായാലും ഇത്രയും ദൂരം മിനക്കെട്ട് വന്നില്ലേ, വാ...നമുക്ക് കരാട്ടെ മാസ്റ്റര്‍ കാണാം. നമ്മളിപ്പോള്‍ പതിനഞ്ച് പേരുണ്ട്. ഒരാള്‍ കൂടിയായാല്‍ ഷോ നടത്താമെന്ന് ഇവര്‍ സമ്മതിച്ചിട്ടുണ്ട്.ڈ
മൂന്നാമതൊരു ചെറുപ്പക്കാരന്‍ ഇതൊക്കെ നോക്കിക്കൊണ്ട് അല്‍പം മാറിനില്‍പ്പുണ്ടായിരുന്നു. അവന്‍ അവര്‍ക്കിടയിലേക്ക് പാഞ്ഞുകയറിവന്ന് അയാളെ മറ്റൊരു വിചിന്തനത്തിനും അനുവദിക്കാതെ ഉന്തിയും തള്ളിയും മുന്‍പോട്ട് കൊണ്ടുപോയി.
അപ്പൂപ്പന്‍ എവിടെപ്പോയി എന്നു ചോദിച്ചുകൊണ്ട് ഒരു അവധി ദിവസത്തിന്‍റെ ആലസ്യത്തോടെ എണീറ്റുവന്ന മക്കളോട് ഉമ അച്ഛന്‍റെ വിശേഷങ്ങള്‍ അതിന്‍റെ രസച്ചരട് ഒരിടത്തും പൊട്ടിപ്പോകാതെ പറഞ്ഞുകൊടുത്തു.
ڇഅപ്പൂപ്പന്‍റെ കൂട്ടുകാരന്‍റെ മകന്‍ ചെയ്ത സിനിമയുടെ പേരെന്താ അമ്മേ?ڈ മൂത്ത കുട്ടി ചോദിച്ചു.
ڇഓ...എനിക്കറിയില്ല. അതൊക്കെ ആരും കാണുന്ന സിനിമകളൊന്നുമല്ല കുട്ടീ, അല്ലെങ്കില്‍ത്തന്നെ ഒരുവിധം നല്ല സിനിമകള്‍പോലും ആരും കാണുന്നില്ല. പിന്നെയാണ്....ڈ
അന്നേരം അവര്‍ പലകയില്‍ വച്ച് പരത്തിയ മാവിനെ ഫ്രൈയിങ് പാനില്‍ വച്ച് ചുട്ടെടുക്കുകയായിരുന്നു.
അന്നേരം പത്തുവയസ്സുള്ള രണ്ടാമത്തെ മകന്‍ 'ഹൊ...ഇനിയിപ്പോള്‍ ഈ സിനിമയെക്കുറിച്ചുള്ള അപ്പൂപ്പന്‍റെ തള്ള് കേള്‍ക്കേണ്ടിവരുമല്ലോ... ഭഗവാനേ....' എന്ന് പറഞ്ഞ് കസേരയിലേക്ക് മറിഞ്ഞു, താനൊരു നല്ല നടനാണെന്ന വിശ്വാസത്തോടെ.
ڇനിങ്ങളുടെ അപ്പൂപ്പന്‍ പണ്ട് ഈ സിനിമാ സംവിധായകന്‍റെ അച്ഛനോട് പറഞ്ഞുകൊടുത്ത ഒരു കഥയാണിത്. അതൊക്കെ ഒത്തിരി വര്‍ഷങ്ങള്‍ക്ക് മുന്‍പ്. അന്നവര്‍ ഒരുമിച്ച് ഭോപ്പാലിലോ കല്‍ക്കത്തയിലോ ഒക്കെ കഴിഞ്ഞിരുന്നു. ഏതോ ഒരു സ്റ്റേഷന്‍മാസ്റ്റര്‍ എഴുതിയ ഒരു മോട്ടോര്‍മെക്കാനിക്കിന്‍റെ കഥ. ഈ ചിത്രം അയാള്‍ സംവിധാനം ചെയ്യാനിരുന്നതാണ്. അന്നത് നടന്നില്ല. ഇന്ന് അയാളുടെ മകന്‍ അത് ചെയ്തിരിക്കുന്നു.ڈ
ڇഈ അപ്പൂപ്പന് വേറെ വേലയൊന്നുമില്ലേ... ഇന്നത്തെക്കാലത്ത് എന്ത് മോട്ടാര്‍മെക്കാനിക്ക്? ആര്‍ക്കുവേണം ചെളിയും ഗ്രീസും എണ്ണയുമൊക്കെ പുരണ്ട മെക്കാനിക്കിന്‍റെ കഥ? വേറെ പണിയില്ല, തിയേറ്റര്‍ മെനക്കെടുത്താന്‍....ڈ
ڇഇതൊന്നും നിങ്ങളുടെ അപ്പൂപ്പന്‍ കേള്‍ക്കണ്ട. ഒരുകാലത്ത് ലോകസിനിമയുടെ കാസറ്റുകള്‍ തേടിപ്പിടിച്ച് നടന്ന ഒരാളുടെ സ്വപ്നമാണ് ഈ സിനിമ. വി. സി. ആര്‍ എന്ന ഒരു ഉപകരണവും അതില്‍ ഇടുന്ന കുറേ കാസറ്റുകളുമായിരുന്നു അയാളുടെ ലോകം. ഞങ്ങളെ അതില്‍ കുറേ സിനിമകള്‍ കാണിക്കുവാന്‍ അച്ഛന്‍ ശ്രമിച്ചിട്ടുണ്ട്. ലോക സിനിമകളാണെന്ന് പറഞ്ഞ് ചിലതൊക്കെ.. ഏതോ റെയില്‍പ്പാലത്തിനരികില്‍ നിന്ന് വള്ളിനിക്കര്‍ ഇട്ട ഒരു കുട്ടി തീവണ്ടി നോക്കുന്ന ഒരു ബ്ലാക്ക് ആന്‍റ് വൈറ്റ് ചിത്രം. എന്തോ, ഞങ്ങള്‍ക്കാര്‍ക്കും അതൊന്നും ഇഷ്ടമായില്ല. കുറേ കറുപ്പും വെളുപ്പും. പിന്ന കാത്തുനില്‍പ്പുകളും. അച്ഛനും ആ ചങ്ങാതിയും ഏതോ വലിയ നഗരത്തില്‍ നിന്നും അവര്‍ക്ക് ഉണ്ടായിരുന്ന ചെറിയ വരുമാനത്തില്‍ നിന്നും വാങ്ങിയ ഒരു ഉപകരണമായിരുന്നു ആ വി.സി.ആറും കാസറ്റുകളുമൊക്കെ. കുറേക്കാലം അച്ഛനത് സൂക്ഷിച്ചുവച്ചിരുന്നു. ഓടിക്കാതിരുന്നാല്‍ അറച്ചുപോകുന്ന റിബ്ബണുകളാണ് ആ കാസറ്റുകളില്‍ ഉണ്ടായിരുന്നത്. അതിന്‍റെ ഹെഡ് എന്ന ഭാഗത്ത് വളരെ ശ്രദ്ധയോടെ സ്പിരിറ്റിന്‍റെ കുപ്പിയില്‍ പഞ്ഞിമുക്കി അച്ഛന്‍ തുടച്ചിരുന്നതൊക്കെ ഞാന്‍ ഓര്‍ക്കുന്നു.ڈ
ڇസിനിമയെ നശിപ്പിക്കാന്‍ ഓരോരുത്തന്മാര്‍ ഇറങ്ങിക്കൊള്ളും. കുറേ ദാരിദ്ര്യവാസികളുടെ കഥയും കൊണ്ട്...ڈ
എല്ലാം കേട്ടുകൊണ്ടിരുന്ന അവരുടെ ഭര്‍ത്താവ് കട്ടന്‍ചായ കുടിച്ച ഗ്ലാസ് തട്ടിമറിച്ചിട്ടുകൊണ്ട് ധൃതിയില്‍ കക്കൂസിലേക്ക് ഓടിക്കയറുന്നതിനിടയില്‍ എല്ലാം റദ്ദുചെയ്ത് തോല്‍പ്പിച്ചവനെപ്പോലെ പറഞ്ഞു.
ചെറുപ്പക്കാരുടെ സമ്മര്‍ദത്തിനുവഴങ്ങി കരാട്ടെ മാസ്റ്റര്‍ എന്ന ആ ചിത്രം കണ്ടതില്‍ അയാള്‍ ഏറെ വ്യസനിക്കുമെന്നാണ് എല്ലാരും കരുതിയത്. പക്ഷേ, അയാള്‍ ഒന്നും പറഞ്ഞില്ല. പോരാത്തതിന് അയാളെ നിര്‍ബന്ധപൂര്‍വം തിയേറ്ററിലേക്ക് വിളിച്ചുകയറ്റിയ ചെറുപ്പക്കാരിലൊരാളുടെ വാഹനത്തില്‍ വീട്ടുപടിക്കല്‍ വന്നിറങ്ങുകയും ചെയ്തു. സിനിമ കാണുന്നതിനിടയില്‍ അവരിലാരോ വാങ്ങിക്കൊടുത്ത പോപ് കോണിന്‍റെ ഒരു കവറും അയാള്‍ കൈയില്‍ കരുതിയിരുന്നു. സിനിമ എങ്ങനെ ഉണ്ടായിരുന്നു എന്ന് ആരും ചോദിക്കാത്തതില്‍ അയാള്‍ക്ക് ആശ്വാസം തോന്നി. എന്നാല്‍ പഴയ ചങ്ങാതി വിളിക്കുമ്പോള്‍ എന്തുപറയണം എന്ന കാര്യത്തില്‍ അയാള്‍ക്ക് ആശങ്ക ഉണ്ടായിരുന്നില്ല. സ്നേഹിതനെ വിളിച്ച് അയാള്‍ സിനിമയെക്കുറിച്ച് വാചാലനായി. ടൈറ്റില്‍ കാര്‍ഡ് മുതല്‍ അവസാനത്തെ സീന്‍ വരെയുള്ള ഓരോ ഫ്രെയിമും കണ്‍മുന്നിലെന്നവണ്ണം പറഞ്ഞു. ഇത്രയും കാലം കാത്തിരുന്നത് വിഫലമായില്ലെന്ന് പറഞ്ഞപ്പോള്‍ അങ്ങേത്തലയ്ക്കല്‍ നിന്നും ഉയര്‍ന്ന ഒരു നെടുനിശ്വാസം അവര്‍ക്കിടയിലെ ദൂരത്തെ ഒരു ടൈറ്റ് ഷോട്ടിലെന്നപോലെ മായ്ച്ച് കളഞ്ഞു. ഫോണ്‍ വച്ചുകഴിഞ്ഞപ്പോള്‍ അയാള്‍ വല്ലാതെ തളര്‍ന്നുപോയിരുന്നു. കിതപ്പും ഉഷ്ണവും മാറുന്നതുവരെ ഫാനിന്‍റെ കീഴിലിരുന്നു. പിന്നെ സാവധാനം വലിയൊരു കരുതലോടെ ആ പാന്‍റും ഉടുപ്പും മടക്കിയെടുത്ത് അലമാരിക്കുള്ളില്‍ വച്ചു. പുറത്തിറങ്ങിയാല്‍ പതിവുള്ള കുളിയൊന്നുമില്ലാതെ കട്ടിലില്‍ കയറി നെടുനീളത്തില്‍ കിടന്നു. പതിവിലധികം വിശപ്പുണ്ടായിരുന്നിട്ടും ഒന്നും കഴിച്ചില്ല. ഫാബ്രിക്കേഷന്‍ എന്ന ആ ചിത്രം അയാളുടെ മനസ്സില്‍ അന്നേരം നിറഞ്ഞ സദസ്സില്‍ സെക്കന്‍റ് ഷോ കളിക്കാന്‍ തുടങ്ങിയിരുന്നു.
*********
No comments:
Post a Comment