നിരൂപണം
ലോകം മേനിനടിക്കാനുപയോഗിക്കുന്ന വലുപ്പങ്ങളെയും നേട്ടങ്ങളെയുമെല്ലാം ഉദാസീനതയോടെ, പലപ്പോഴും കടുത്ത പുച്ഛത്തോടെ, ചിലപ്പോള്‍ അതിലേറെ രോഷത്തോടെ നോക്കിക്കാണുന്ന കവിയാണ് കെ. ആര്‍ ടോണി. കൊണ്ടാടപ്പെടുന്ന കാവ്യഭാഷ ഒരുപാട് അസത്യങ്ങളെയും പൊങ്ങച്ചങ്ങളെയും പാതകങ്ങളെയും സ്വര്‍ണപ്പാത്രം കൊണ്ട് മൂടാനാണ് പ്രയോജനപ്പെടുത്തപ്പെടുന്നതെന്ന് കൃത്യമായി അറിയുന്നതിനാല്‍ ടോണി ആ കാവ്യഭാഷയെ സ്പര്‍ശിക്കാന്‍ തന്‍റെ ഭാഷയെ അനുവദിക്കുന്നില്ല. സവര്‍ണന് അവര്‍ണന്‍ തൊട്ടുകൂടായ്മ കല്‍പിക്കുന്നതു പോലുള്ള ഒരു സംഗതിയാണിത്. څകീഴാളര്‍ക്ക് ക്ഷേത്ര പ്രവേശനം അനുവദിച്ചത് വലിയൊരു നേട്ടമല്ലേ, സാമൂഹ്യമുന്നേറ്റത്തിന്‍റെ തിളങ്ങുന്ന അടയാളമല്ലേچ എന്നൊക്കെ പറഞ്ഞവരോട് څആര്‍ക്കു വേണം നിങ്ങളുടെ ക്ഷേത്രം, അവിടെ വന്ന് പ്രാര്‍ത്ഥിക്കാന്‍ വേറെ ആളെ നോക്കണംچ എന്ന് പറഞ്ഞ കീഴാളരില്‍ ചിലരുടെ വീറാണ് ടോണിയുടെ കവിതയുടെ കരുത്ത്. കവിതയുടെ കരുത്ത് എന്ന കേട്ടുപഴകിയ ഈ പറച്ചിലിനു നേരെ څകൊണ്ടുപോയി കൊടുക്ക് അത് മലയാളത്തിലെ സൗന്ദര്യാത്മക കവികള്‍ക്ക്چ എന്ന് ടോണി പ്രതിഷേധിച്ചേക്കാം.
ആശയങ്ങള്‍ക്ക് സ്ഥിരതയില്ല. എന്നാല്‍ കവിതയ്ക്ക് അതുണ്ട് എന്ന് വാദിച്ചുറപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ട് ടോണി (കവിതയും സ്ഥിരതയും - പോരെഴുത്ത്). ഈ വാദത്തിന്‍റെ ശരിയെ കാര്യമായിത്തന്നെ സംശയിക്കുന്ന ആളാണ് ഞാന്‍. ആശയങ്ങള്‍ പലതും അല്‍പായുസ്സ് തന്നെ. പക്ഷെ, ചില ആശയങ്ങള്‍ അവ രൂപം കൊണ്ട് സഹസ്രാബ്ദങ്ങള്‍ കഴിഞ്ഞതിനു ശേഷവും നമ്മോടൊപ്പം ജീവിക്കുന്നുണ്ട്. അവയില്‍ ചിലതിനോട് ആളുകള്‍ കലഹിക്കുന്നു. മറ്റ് ചിലതിനെ തങ്ങളുടെ വാദങ്ങള്‍ സ്ഥാപിച്ചെടുക്കുന്നതിന് കൂട്ടുപിടിക്കുന്നു. അനേകം ഭാഷകളിലായി അനേക ലക്ഷം കവിതകള്‍ ഇതിനകം വിസ്മൃതിയിലായിട്ടുണ്ട്. അവയ്ക്ക് അത്തരമൊരു ദുര്‍വിധിയുണ്ടായത് അവ അല്‍പായുസ്സായ ആശയങ്ങളെ ആശ്രയിച്ചതുകൊണ്ടാണെന്ന് പറയുന്നതിനെക്കാള്‍ പതിന്മടങ്ങ് ശരിയാവുക അവ അവയുടെ കാലത്ത് സജീവമായിരുന്ന ആശയങ്ങള്‍ക്കു നേരെ അപ്പാടെ മുഖംതിരിഞ്ഞു നിന്ന് ആലോചനാരഹിതമായ ഒരു ലോകത്ത് സ്വയം തടവിലിട്ടതുകൊണ്ടാണ് എന്നു പറയുന്നതാവും. ഏത് ആശയവുമായുള്ള കേവലമായ ഐക്യപ്പെടല്‍ കവിതയെ കവിതയല്ലാതാക്കിത്തീര്‍ക്കും. കേവലമായ പ്രസ്താവന എന്ന നിലയ്ക്ക് പോലും അത്തരമൊരു കവിതയ്ക്ക് ആരും പ്രത്യേക പ്രസക്തി കല്‍പിക്കുകയുമില്ല. പക്ഷെ, താന്‍ എഴുതുന്ന കവിതകള്‍ തന്‍റെ കാലത്തെ ഒരാശയവുമായും വിധ്യാത്മകമോ നിഷേധാത്മകമോ സംവാദാത്മകമോ ആയ യാതൊരു ബന്ധവും ബോധത്തിലോ അബോധത്തിലോ പുലര്‍ത്തുകയില്ലെന്ന നിലപാടില്‍ എത്തിച്ചേരാന്‍ കവി എന്ന പേരിന് അര്‍ഹതയുള്ള ആര്‍ക്കും സാധ്യമാവില്ല.
സൗകര്യം സത്യമായിത്തീര്‍ന്ന കാലത്തിന്‍റെ നാഡിഞരമ്പുകള്‍
കെ. ആര്‍ ടോണി ആധുനികോത്തരത എന്ന അവസ്ഥയെ നിര്‍വചിക്കാന്‍ സഹായിക്കുന്ന ആശയങ്ങളെ പല രൂപത്തില്‍, പല ഊന്നലുകളോടെ നിര്‍ലോഭമായി തന്‍റെ കവിതകളില്‍ ഉപയോഗപ്പെടുത്തിയ കവിയാണ്. നമ്മുടെ കാലത്തെ മലയാള കവികളില്‍ ഏറ്റവും ശ്രദ്ധേയനാണ് ഈ കവി എന്ന് വായനയില്‍ വലിയ ജാഗ്രത പുലര്‍ത്തുന്ന പലര്‍ക്കും തോന്നുന്നതും അതുകൊണ്ടു തന്നെയാണ്. ഈ ആശയാവതരണങ്ങള്‍ തന്നെയാണ് ടോണിയുടെ കവിതയെ തന്‍റെ സമകാലികരുടെതില്‍ നിന്ന് വേറിട്ട് നിര്‍ത്തുന്ന ഘടകങ്ങളില്‍ ഏറ്റവും മുന്നിട്ടു നില്‍ക്കുന്നത്. ഇക്കാരണത്താല്‍ ഈ കവിത അസ്ഥിരപ്പെടുമോ, ഭാവുകത്വ പരിണാമത്തിന്‍റെ അടുത്ത ഘട്ടത്തില്‍തന്നെ മലയാളിയുടെ ഗൗരവപൂര്‍ണമായ സാഹിത്യചര്‍ച്ചകളില്‍ അവയ്ക്ക് ഇടം ലഭിക്കാതാവുമോ എന്നൊക്കെയുള്ള സംശയങ്ങള്‍ പ്രസക്തം തന്നെയാണ്. ടോണിയുടെ ചില കവിതകളുടെ കാര്യത്തില്‍ വലിയ താമസമില്ലാതെ തന്നെ കാലഹരണപ്പെടല്‍ സംഭവിക്കും എന്നു തന്നെ ഞാന്‍ കരുതുന്നു. പക്ഷെ, അതൊരു വലിയ പ്രശ്നമാണെന്ന് ഞാന്‍ കരുതുന്നില്ല. ദീര്‍ഘായുസ്സോടെ ജീവിക്കാന്‍ സാധ്യതയുള്ളതല്ല എന്ന ഊഹത്തെ ആശ്രയിച്ച് ഒരു കവിത ഇന്ന് നമുക്ക് തരുന്ന അനുഭവത്തെ നിരാകരിക്കുന്നതില്‍ അര്‍ത്ഥമില്ലല്ലോ.
സര്‍വസാധാരണമായ മനുഷ്യാനുഭവങ്ങള്‍ക്കു പോലും വലിയ അര്‍ത്ഥവ്യത്യാസം വരുത്തിയകാലമാണ് ആധുനികോത്തരതയുടെത്. മനുഷ്യന്‍റെ സാധാരണ പെരുമാറ്റരീതികളും ചേഷ്ടകളും തന്നെ അവ ഇന്നലെ വരെ വളരെ സ്വാഭാവികമായി ഉല്‍പാദിപ്പിച്ചുകൊണ്ടിരുന്ന അര്‍ത്ഥങ്ങള്‍ കൈവിട്ട് പുതിയവ, മിക്കപ്പോഴും നേര്‍വിപരീതമായവ സ്വീകരിച്ചിരിക്കുന്നുവെന്നോ അവ സന്നിഗ്ധതയുടെ വഴുവഴുപ്പുള്ള പ്രതലത്തില്‍ എത്തിച്ചേര്‍ന്നിരിക്കുന്നുവെന്നോ പറയാവുന്ന അവസ്ഥയാണ് നിലവിലുള്ളത്. കൃതിയില്‍ അത് പ്രത്യക്ഷത്തില്‍ ഉദ്ദേശിക്കുന്നതായി ഭാവിക്കുന്ന അര്‍ത്ഥത്തിന്‍റെ വിപരീത സാധ്യതകള്‍ അന്തര്‍നിഹിതമായിരിക്കുന്നതിനെ കുറിച്ചും അനന്തമായി നീട്ടിവയ്ക്കപ്പെടുന്ന അര്‍ത്ഥത്തെ കുറിച്ചും അപനിര്‍മാണം എന്ന പുതിയ സമീപനരീതി അവതരിപ്പിച്ച് ദെറിദ മുന്നോട്ടുവച്ച ആശയങ്ങളെ ആവേശപൂര്‍വം പിന്‍പറ്റുമ്പോള്‍ അവയുടെ പശ്ചാത്തലത്തിലെ അനുഭവലോകത്തില്‍ വന്ന ഈ മാറ്റത്തെ കുറിച്ച് അജ്ഞരായിരിക്കുകയോ അജ്ഞത ഭാവിക്കുകയോ ചെയ്യുകയാണെങ്കില്‍ അത് നിരര്‍ത്ഥമായ ബൗദ്ധിക അഭ്യാസപ്രകടനം മാത്രമെ ആവൂ. വാക്കുകള്‍ക്ക് അര്‍ത്ഥത്തിന്‍റെ തലത്തില്‍ അനാദികാലം മുതല്‍ക്കെ ഉള്ളതായി പറയപ്പെടുന്ന ഒരു സ്വഭാവം ഒരു പ്രത്യേക ചരിത്രഘട്ടത്തില്‍ ഒരാള്‍ പുതുതായെന്ന പോലെ കണ്ടെത്തുകയും ആ കണ്ടെത്തല്‍ ദര്‍ശനത്തിന്‍റെയും സാഹിത്യനിരൂപണത്തിന്‍റെയും മേഖലകളിലെ ഏറ്റവും ശ്രദ്ധേയമായ ഒന്നായി വാഴ്ത്തപ്പെടുകയും ചരിത്രശാസ്ത്രത്തിന്‍റെ മേഖലയില്‍ പോലും അത് വലിയ ഇളക്കങ്ങളുണ്ടാക്കുകയും ചെയ്തത് മൂര്‍ത്തമായ മനുഷ്യാനുഭവങ്ങള്‍ അവയെ പിന്തുണക്കുന്നതുകൊണ്ടു തന്നെയാണ്. അനുഭവ ലോകത്ത് സംഭവിച്ച ഈ അട്ടിമറി എത്ര ലളിതമായാണ് ടോണി ആവിഷ്കരിച്ചിരിക്കുന്നത് എന്ന് നോക്കുക:
ڇനിങ്ങള്‍ പുഞ്ചിരിതൂകാറുണ്ടോ?
പല്ലി വാലിട്ടുപോകാറില്ലേ?ڈ
(ഇന്‍ - ഔട്ട്)
ഓരോ പുഞ്ചിരിതൂകലും ആത്മരക്ഷോപായമായി മാറുന്ന, ഓരോ പരിചയക്കാരനും (സുഹൃത്തും) പേടിക്കേണ്ടുന്ന ആളായി മാറുന്ന സ്ഥിതി ആധുനികോത്തരത എന്ന അവസ്ഥ യാഥാര്‍ത്ഥ്യമായിത്തീരുന്നതിനു മുമ്പ് നമ്മുടെ ജീവിതത്തില്‍ ഉണ്ടായിരുന്നില്ല. ഈ അവസ്ഥയെ അതേ പേരുപയോഗിച്ചു തന്നെ വിശകലനം ചെയ്യുകയും ന്യായീകരിക്കുകയുമൊക്കെ ചെയ്യുന്ന ദര്‍ശനം ഫ്രെഡറിക് ജെയിംസണ്‍ വ്യക്തമാക്കിയതുപോലെ പില്‍ക്കാല മുതലാളിത്തത്തിന്‍റെ സാംസ്കാരിക യുക്തിയാണ്. രാഷ്ട്രീയമായ കണിശതയോടെ ഇങ്ങനെ പറയാന്‍ മടിയുള്ളവര്‍ക്ക് സമകാലലോകാവസ്ഥ വസ്തുക്കളുടെ അമിതോല്‍പാദനത്തിലൂടെയും വ്യാപകമായ ഊഹക്കച്ചവടങ്ങളിലൂടെയും മാധ്യമലോകത്തെ അധീശശക്തികള്‍ യാതൊരു തത്വദീക്ഷയുമില്ലാതെ നിര്‍മിച്ച് പുറന്തള്ളുന്ന വ്യാജവാര്‍ത്തകളിലൂടെയും വ്യാജവിവരങ്ങളിലൂടെയുമൊക്കെ ഉല്‍പാദിപ്പിച്ച ഒന്നാണെന്നും യാഥാര്‍ത്ഥ്യത്തെ പ്രതീതിയാഥാര്‍ത്ഥ്യം പിന്‍തള്ളുന്ന ഭൗതികവും സാംസ്കാരികവുമായ സാഹചര്യം ഈ അവസ്ഥയുടെ ഉല്‍പന്നമാണെന്നും മാത്രം പറഞ്ഞ് അവസാനിപ്പിക്കാം.
ڇശരിയായ് വരാം, തെറ്റായിരിക്കാം വ്യാഖ്യാനങ്ങള്‍
വേറിട്ട് സത്യം മാത്രമായ വസ്തുതയില്ലڈ
എന്നും
ڇസത്യം തന്നെ സൗന്ദര്യം
സൗന്ദര്യം തന്നെ സൗകര്യം, അതായത്
സൗകര്യം തന്നെ സത്യംڈ
(തത്ത്വമസി)
എന്നും
ڇഎന്നെത്തന്നെ ഞാന്‍
ഊഹിക്കേണ്ടിയിരിക്കുന്നു!ڈ
(ഊഹം)
എന്നും
എഴുതിയപ്പോള്‍ ലോകമെമ്പാടും മനുഷ്യര്‍ വ്യവഹരിക്കുന്ന എല്ലാ മേഖലകളിലും സത്യത്തെ പല വഴിയില്‍ സന്ദിഗ്ധാവസ്ഥയിലേക്ക് തള്ളിയ ആധുനികോത്തര രാഷ്ട്രീയ സാംസ്കാരികാവസ്ഥയെ കുറിച്ച് തികഞ്ഞ നിര്‍വികാരത ഭാവിച്ച് സംസാരിക്കുകയാണ് ടോണി.
ഡ്രാക്കുളയും കുട്ടിച്ചാത്തനും (കോട്ടയം പുഷ്പനാഥിനു പ്രണാമം) എന്ന കവിതയില്‍ ഇതേ കാര്യം കവി കുറെക്കൂടി നാടകീയമായി സാധിച്ചിട്ടുണ്ട്.
ഈ കവിതയിലെ ഡിറ്റക്ടീവ് മാര്‍ക്സിന്‍ തന്നെ ഡ്രാക്കുള കാസലിലേക്ക് കൊണ്ടുപോവാന്‍ ടാക്സി ഡ്രൈവറോട് പറയുന്നു. എന്നാല്‍ കാര്‍ ചെന്നു നില്‍ക്കുന്നത് ഹോട്ടല്‍ ഡ്രാക്കുള കാസലിന്‍റെ മുന്നിലാണ്. പിറ്റേ ദിവസം കാസില്‍ ബ്രൗണ്‍ എന്നറിയപ്പെടുന്ന യഥാര്‍ത്ഥ ഡ്രാക്കുളകോട്ടയിലേക്ക് എന്നു പറഞ്ഞ് മറ്റൊരു ടാക്സി ഡ്രൈവര്‍ അയാളെ കൊണ്ടുപോവുന്നത് യഥാര്‍ത്ഥം എന്ന് വിശ്വസിക്കപ്പെടുന്ന വ്യാജ ഡ്രാക്കുളകോട്ടയിലേക്കാണ്. പിന്നീട് സംഭവിച്ച കാര്യങ്ങള്‍ കവി പറഞ്ഞുവച്ചിരിക്കുന്നത് ഇങ്ങനെയാണ്:
ڇയഥാര്‍ത്ഥത്തിലുള്ള യഥാര്‍ത്ഥ ഡ്രാക്കുളക്കോട്ട ആര്‍ഗസ്കോട്ട എന്നതാണെന്നു പറഞ്ഞുകേട്ട മിസ്റ്റര്‍ മാര്‍ക്സിന്‍ യഥാര്‍ത്ഥം എന്ത് എന്നും ഇല്ലാത്ത ഒന്നിന്‍റെ വ്യാജന്‍ ഉണ്ടാകുമോ എന്നുമുള്ള വലിയ ദാര്‍ശനിക പ്രശ്നത്തില്‍ ചെന്നുമുട്ടി. അദ്ദേഹം ഹാഫ്-എ-കൊറോണ തുടരെത്തുടരെ വലിക്കുകയും അവയുടെ ഒഴിഞ്ഞ കൂടുകളുടെ മൂട്ടില്‍ ദ്വാരമിടുകയും ചെയ്തുകൊണ്ടിരുന്നു.
ഇതേ സമയം ആയിരക്കണക്കിന് മൈലുകള്‍ക്കിപ്പുറത്ത് ഇങ്ങു കേരളത്തിലും സമാനമായ സംഭവങ്ങള്‍ അരങ്ങേറുന്നുണ്ടായിരുന്നു. തൃശൂരിലെ പെരിങ്ങോട്ടുകര കവലയില്‍ ബസ്സിറങ്ങിയ തമിഴ്നാട്ടുകാരന്‍ ആറുച്ചാമി കുട്ടിച്ചാത്തന്‍റെ അമ്പലം അന്വേഷിച്ചു. മുപ്പത് ചാത്തനമ്പലങ്ങളാണ് അവിടെ ഉണ്ടായിരുന്നത്. മുപ്പതിന്‍റെയും പ്രതിനിധികള്‍ അദ്ദേഹത്തെ പിടികൂടി തങ്ങളുടേതാണ് യഥാര്‍ത്ഥ ചാത്തന്‍ എന്നു പറഞ്ഞു! ആറുച്ചാമി മുപ്പതായി ശകലീകരിക്കപ്പെട്ടു! സമാനമായ സംഭവങ്ങള്‍ ലോകത്ത് മുഴുവന്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു!ڈ
ഇതെങ്ങനെ കവിതയായിത്തീരുമെന്ന്, അലങ്കാരമാണ് കവിത എന്നും ധ്വനിയാണ് കവിതയുടെ ആത്മാവ് എന്നുമൊക്കെ കരുതുന്നവര്‍ ചോദിച്ചേക്കും. ലോകത്തില്‍ യഥാര്‍ത്ഥത്തില്‍ നിലനില്‍ക്കുന്നതും നാനാതരം ഭൗതിക സുഖങ്ങള്‍ക്കും മത്സരങ്ങള്‍ക്കും പുറകെ നിരന്തരം പാഞ്ഞു നടക്കുന്നതുമൂലം ബോധത്തിന്‍റെ ചില മേഖലകളെ ബാധിക്കുന്ന ആന്ധ്യം കാരണം അറിവില്‍ പെടാതെ പോകുന്നതുമായ കാര്യങ്ങള്‍ കാണിച്ചു തരിക അല്ലെങ്കില്‍ അറിയിച്ചു തരിക എന്നത് കവിത ഏറ്റെടുക്കുന്ന ഗംഭീരമായ പ്രവൃത്തികളില്‍ മുന്നില്‍ നില്‍ക്കുന്ന ഒന്നാണെന്നും അതാണ് അല്ലാതെ കാവ്യസൗന്ദര്യത്തെ കുറിച്ച് ആചാര്യന്മാര്‍ കാലാകാലമായി പഠിപ്പിച്ചു പോരുന്ന സംഗതികളല്ല പരമപ്രധാനമെന്നും മറുപടി പറയാം.
നമ്മുടെ കാലത്ത് പക്ഷെ കാര്യങ്ങള്‍ നമ്മുടെ അറിവില്‍ പെടാതെ പോവുകയല്ല, നാം എന്തിനെ തേടി നടക്കുന്നുവോ അതാണെന്ന് തോന്നിക്കുകയും യഥാര്‍ത്ഥത്തില്‍ അതല്ലാതിരിക്കുകയും ചെയ്യുന്ന സംഗതികള്‍ നമ്മെ വന്നു പൊതിയുകയാണ് ചെയ്യുന്നത്. അവയുടെ പെരുപ്പത്തിനടിയില്‍ യാഥാര്‍ത്ഥ്യം അപ്രത്യക്ഷമാവുന്നു. ഇത്തരം അനുഭവങ്ങള്‍ പലകുറി ആവര്‍ത്തിക്കുമ്പോള്‍ യാഥാര്‍ത്ഥ്യം നമ്മുടെ പരിഗണനയില്‍ നിന്നും ഓര്‍മയില്‍ നിന്നു തന്നെയും മാഞ്ഞുപോവുന്നു. പ്രതീതികള്‍ കൊണ്ട് തൃപ്തരാവുന്ന അല്ലെങ്കില്‍ തൃപ്തി ഭാവിക്കാനാവുന്ന മനോനില നാം കൈവരിക്കുന്നു. എല്ലാ സാമൂഹ്യാനുഭവങ്ങളെയും വ്യക്തിഗതാനുഭവങ്ങളെത്തന്നെയും ഈ മനോനിലയോടെ സമീപിക്കുക ശീലമായിത്തീരുന്ന മനുഷ്യര്‍ക്ക് പിന്നെ ഒരു മൂല്യത്തെയും മുറുകെ പിടിക്കേണ്ട കാര്യമല്ല. ഒരാശയത്തെയും നെഞ്ചോട് ചേര്‍ത്തു വയ്ക്കേണ്ടതില്ല. ലോകത്തെവിടെയും പുതിയ കാലത്തെ മനുഷ്യര്‍ ഈ ശൂന്യതയെ അമ്പരപ്പില്ലാതെ സ്വീകരിക്കാന്‍ അവരുടെ പൂര്‍ണമായ അറിവോടും സമ്മതത്തോടും കൂടിയുമല്ലാതെ പരിശീലിപ്പിക്കപ്പെടുന്നുണ്ട്.
ഈ പരിണതിയെ യാതൊരു തരത്തിലുള്ള ദാര്‍ശനിക നാട്യവുമില്ലാതെ ആവിഷ്കരിക്കാന്‍ സാധിക്കുന്നു എന്നതാണ് ടോണിയുടെ എഴുത്തിന്‍റെ പ്രത്യേകത. നാം ജീവിക്കുന്ന കാലത്തിന്‍റെ കബളിപ്പിക്കുന്ന മാംസളതയില്‍ ആനന്ദം കണ്ടെത്തുകയല്ല, അതിന്‍റെ നാഡിഞരമ്പുകള്‍ നേരിട്ട് തൊട്ടുകാണിക്കുകയാണ് കവി. څവായനക്കാരന്‍ കവിതയില്‍ കണ്ടെത്തുന്നത് ചതിപ്രയോഗമില്ലാത്ത കവിതയുടെ ലാഘവം, ആര്‍ജവം, ചലനാത്മകത എന്നിവ മാത്രംچ എന്ന് ടോണിയുടെ څഅനധികൃതംچ എന്ന കവിതയെ കുറിച്ച് ഡോ. സി. എസ് ബിജു പറഞ്ഞത് അദ്ദേഹത്തിന്‍റെ കവിതകളെക്കുറിച്ച് പൊതുവായി പറയാവുന്നതാണ്.
കാലത്തെ തൊട്ടുകാണിക്കുമ്പോള്‍ നിര്‍മമതയും നിസ്സംഗതയും ഭാവിക്കാന്‍ മിക്കപ്പോഴും ടോണിക്ക് കഴിയാറുണ്ട്. ഈ തന്ത്രം പരാജയപ്പെട്ട് വലിയ വൈകാരികാനുഭവമായി വായനക്കാരെ പൊള്ളിച്ചു കളയുന്ന ചില കവിതകളുണ്ടെങ്കിലും അസാധാരണമായ മിതത്വം വഴി അവയെ അതിവൈകാരികതയിലേക്ക് തള്ളിവിടാതിരിക്കാനുള്ള സര്‍ഗാത്മക സൂക്ഷ്മത അവിടെയും അദ്ദേഹം പുലര്‍ത്തിയിരിക്കുന്നതായി കാണാം. څഹെര്‍ബേറിയംچ എന്ന കവിത മാത്രം ഉദാഹരിക്കാം. നീലത്തിരി എന്ന ചെടിയെപ്പറ്റി പറഞ്ഞാണ് കവിത ആരംഭിക്കുന്നത്. പിന്നെ പത്തുനാല്‍പതു വര്‍ഷം മുമ്പ് ഹെര്‍ബേറിയം ഉണ്ടാക്കാന്‍ വിവിധ തരം ചെടികള്‍ തേടി തന്നോടൊപ്പം നടന്നവള്‍ പിന്നീട് തന്‍റെ ജീവിതസഖിയായിത്തീര്‍ന്ന കാര്യം പറയുന്നു. څഇന്നലെ അവളുടെ പിണ്ഡമടിയന്തിരമായിരുന്നുچ എന്ന വാക്യമാണ് തൊട്ടു പിന്നാലെ വരുന്നത്. ആഖ്യാതാവ് പഴയ ഹെര്‍ബേറിയം എടുത്തു നോക്കുന്നു. പണ്ട് അവളും താനും കൂടി ഹെര്‍ബേറിയം ഉണ്ടാക്കിയതിന്‍റെ ഓര്‍മകളിലൂടെ അയാള്‍ കടന്നുപോവുന്നു.
കവിതയിലെ അവസാനവരികള്‍ ഇങ്ങനെയാണ്:
ڇഹെര്‍ബേറിയം തിരിച്ചു വയ്ക്കുന്നേരം
ഒരില അടര്‍ന്നുവീണു
അത് ഏതു ചെടിയുടേതാണെന്നറിഞ്ഞിട്ട്
എന്തു കാര്യം!ڈ
ഒരു വ്യക്തിയുടെ ജീവിതത്തില്‍ അനിയന്ത്രിതമായ വൈകാരികത്തള്ളിച്ച ഉണ്ടാക്കാവുന്ന നിമിഷങ്ങളെ കുറിച്ച് സംസാരിക്കുന്ന കവിതയാണ് څഹെര്‍ബേറിയംچ. എന്നിട്ടും കവി എത്രമേല്‍ മിതവാക്കായാണ് ആ സന്ദര്‍ഭത്തെ ആവിഷ്കരിച്ചിരിക്കുന്നത്! ഈ മിതത്വം കൈവിടാതിരിക്കുക വഴിയാണ് ടോണിയുടെ വലിയ സാമൂഹ്യവിമര്‍ശനം സാധിക്കുന്ന പല കവിതകളും അസാധാരണമായ ഊര്‍ജം കൈവരിച്ചിരിക്കുന്നത്.
څടോണി എഴുതുന്നതുപോലെ കവിത എഴുതാന്‍ അനുവദിക്കുന്ന ഒന്നല്ല മലയാളത്തില്‍ പൊതുസമ്മതിയുള്ള കാവ്യഭാവുകത്വം. പല കാലങ്ങളിലായി നമ്മുടെ കവികളില്‍ ചിലര്‍ പല പരീക്ഷണങ്ങള്‍ക്കും ശ്രമിച്ചിരുന്നുവെന്നത് വസ്തുതയാണ്. പക്ഷെ, സാഹിത്യം ഉള്‍പ്പെടെ സാംസ്കാരിക വ്യവഹാരത്തിന്‍റെ ഏതാണ്ട് എല്ലാ മേഖലകളിലും നൂറ്റാണ്ടുകളായി ആധിപത്യമുറപ്പിച്ചിരിക്കുന്ന സവര്‍ണഭാവുകത്വത്തെ കുടഞ്ഞെറിയാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. നൂറ്റാണ്ടുകളിലേക്ക് നീളുന്ന അതിവിപുലമായ ജനകീയാംഗീകാരവും ഒരു കവിയുടെ മഹത്വത്തെ ഉറപ്പിക്കുകയില്ലെന്ന് സ്ഥാപിക്കാന്‍ നിരൂപകര്‍ ശ്രമിക്കുന്നുമെന്നതിന് കുഞ്ചന്‍ നമ്പ്യാരോടുള്ള സമീപനം പ്രബലമായൊരു തെളിവാണ്. ആഢ്യഭാവുകത്വം ഇപ്പോഴും അദ്ദേഹത്തിന് ഹാസ്യകവി എന്നതിനപ്പുറത്തുള്ള ഒരു സ്ഥാനമനുവദിക്കുന്നില്ല. ആത്മീയാനുഭവങ്ങളാലോ ധ്വനി സാന്ദ്രതയാലോ അനന്യമായ സൗന്ദര്യാനുഭൂതികളിലേക്ക് വായനക്കാരെ നയിക്കുമെന്ന് നിസ്സംശയം നിര്‍ണയിക്കാവുന്ന അലങ്കാരപ്രയോഗങ്ങളാലോ നിറഞ്ഞ് കനക്കുക എന്നതാണ് ഏതൊരു സാഹിത്യസൃഷ്ടിയുടെയും ഏറ്റവും വലിയ സൗഭാഗ്യമായി സാഹിത്യത്തിലെ അധികാര കേന്ദ്രങ്ങള്‍ ഇന്നും കാണുന്നത്. അരനൂറ്റാണ്ട് മുമ്പ് വരെയും ആഢ്യഭാവുകത്വത്തോട് എതിരിടുന്നതിനുള്ള സംഘടിത ശ്രമങ്ങള്‍ മലയാളത്തിലുണ്ടായിരുന്നു. എന്നാല്‍ ആഭ്യന്തര വൈരുധ്യങ്ങളും ആഢ്യരുടേതില്‍ നിന്ന് വ്യത്യസ്തമെങ്കിലും ഫലത്തില്‍ നേരിയ വ്യത്യാസം മാത്രമുള്ള അധികാരപ്രയോഗത്തോടുള്ള ആഭിമുഖ്യവും കാരണം അത് പതുക്കെപ്പതുക്കെ ദുര്‍ബലമായി. ഇപ്പോഴാണെങ്കില്‍, ഇടതുപക്ഷം പല തലങ്ങളിലും ഉത്സാഹപൂര്‍വം സ്വയം അരാഷ്ട്രീയവല്‍ക്കരിച്ചതു കാരണം സാംസ്കാരിക പ്രതിരോധത്തിനും വിപ്ലവകരമായ പുതുനിര്‍മിതികള്‍ക്കും വേണ്ടിയുള്ള പഴയ ശ്രമങ്ങളുടെ ഓര്‍മ പോലും മൃതപ്രായമായിരിക്കുകയാണ്.
വിരുദ്ധോക്തികള്‍ക്കപ്പുറം
വക്രോക്തിയാണ് കവിതയുടെ ജീവന്‍ എന്ന നിലപാട് ഭാരതീയര്‍ക്ക് പണ്ടേ പരിചിതമാണ്. വിരുദ്ധോക്തികളാണ് കവിതയ്ക്ക് ഏറ്റവും ഉചിതവും അനിവാര്യവുമെന്ന് പറഞ്ഞ ഇംഗ്ലീഷിലെ ക്ലിയാന്ത് ബ്രൂക്സിന്‍റെ കവിതാപഠനങ്ങള്‍ ഇംഗ്ലീഷ് സാഹിത്യനിരൂപണത്തിന്‍റെ ചരിത്രവുമായി അടുത്ത പരിചയമുള്ളവര്‍ക്കെല്ലാം നന്നായി അറിയുകയും ചെയ്യാം. സമകാല മലയാളകവിതയിലെ ഏറ്റവും വലിയ സാന്നിധ്യം വിരുദ്ധോക്തികളാണ്. പല കവിതകളും വളരെ സൗകര്യപ്രദമായ ഒരു രക്ഷാമാര്‍ഗമെന്ന പോലെ വിരുദ്ധോക്തിയെ പ്രയോജനപ്പെടുത്തുന്നത് കാണാം. പെട്ടെന്ന് അവിചാരിതമായി ലഭിക്കുന്ന കൗതുകം കലര്‍ന്ന രസം കാരണം വായനക്കാര്‍ ഈ വിരുദ്ധോക്തി കവിതയില്‍ നിര്‍വഹിക്കുന്ന ധര്‍മമെന്താണ് എന്ന ആലോചനയ്ക്കൊന്നും മിനക്കെടാറില്ല.
പുതുകവികളില്‍ പലര്‍ക്കും ഒരു തന്ത്രപ്രയോഗം മാത്രമായ വിരുദ്ധോക്തി ടോണിയുടെ കവിതകളില്‍ വ്യത്യസ്തമായ അര്‍ത്ഥതലങ്ങള്‍ ആര്‍ജിക്കുന്നത് കണ്ടെത്താന്‍ വലുതായി ക്ലേശിക്കേണ്ടതൊന്നുമില്ല. രൂക്ഷമായ സാമൂഹ്യ പരിഹാസവും സാമൂഹ്യവിമര്‍ശനവും സാധിക്കുന്നതിനു വേണ്ടിത്തന്നെയാണ് ടോണി വിരുദ്ധോക്തികളെ പ്രയോജനപ്പെടുത്തുന്നത്. അവിടം കൊണ്ട് നിര്‍ത്താതെ അവ വലിയ ചില ഓര്‍മപ്പെടുത്തലുകളായും കേട്ടില്ലെന്ന് നടിക്കാനാവാത്ത വിധം മുഴക്കമുള്ള ചോദ്യങ്ങളായും പ്രവര്‍ത്തിക്കുന്നുണ്ട്. ചിരി മാത്രം ലക്ഷ്യമാക്കുന്ന കേവല നര്‍മം അവയുടെ ലക്ഷ്യമേയല്ല.
വക്രോക്തി എന്നതിനെ അതിന്‍റെ ഏറ്റവും വിപുലമായ അല്ലെങ്കില്‍ സ്ഥൂലമായ അര്‍ത്ഥത്തില്‍ പറച്ചിലിലെ വൈചിത്ര്യമായി പ്രയോഗിച്ച് സംതൃപ്തിയടയുന്ന ആളല്ല ടോണി. ഭാഷയും രൂപഘടനയും ഉള്‍പ്പെടെ കവിതയെ മൊത്തത്തില്‍ത്തന്നെ വലിയ വിരുദ്ധോക്തികളാക്കി മാറ്റുന്ന രീതി ആവര്‍ത്തിച്ച് അവലംബിച്ചിട്ടുള്ള കവിയാണ് അദ്ദേഹം.
ڇകാട്ടില്‍ച്ചരിക്കുമൊരുമാടിനുതുല്യനാം ഞാന്‍
വീട്ടില്‍ജ്ജനിച്ചു തുലയുന്നതിനെന്തു ബന്ധം
- ആട്ടും പുകഴ്ചയുമഭേദമെനിക്കു ബ്രഹ്മം
തീട്ടത്തിലും മരുവുമൂണിലുമെന്ന പോലെ!ڈ
(കുറുക്കങ്കുന്ന്)
ഗഹനമായ എന്തൊക്കെയോ പറയുന്നുവെന്ന പ്രതീതി സൃഷ്ടിക്കാന്‍ ഉതകുംവിധമാണ് ഇവിടെ വാക്കുകള്‍ ഉപയോഗിച്ചിരിക്കുന്നത്. നാം പരിചയിച്ചു പോന്ന തരത്തിലുള്ള ഗഹനത ഇവിടെയില്ല. എന്നാല്‍ ഇതിലെ അനുഭവവും അതില്‍ നിന്ന് വന്നുചേരുന്ന അറിവും അവയുടെ പക്ഷത്തു നിന്ന് നോക്കിയാല്‍ അതീവ ഗഹനമാണ്. ആവര്‍ത്തിച്ചുള്ള പ്രയോഗം കൊണ്ട് ഗാംഭീര്യത്തിന്‍റെ മാനദണ്ഡമായിത്തീരുന്ന വാക്കുകള്‍ക്കും പ്രയോഗങ്ങള്‍ക്കും മൊത്തത്തിലുള്ള ആവിഷ്കാരപ്രകാരത്തിനും ഇടം നല്‍കേണ്ടതില്ലാത്തതെന്ന് പൊതുവെ കരുതപ്പെടുന്ന ജീവിതവും അതിന്‍റേതായ നിലയ്ക്ക് ഗഹനമാണ്. ഈ നിലപാട് തന്‍റെ കവിതകളിലൂടെ പലവട്ടം വെളിപ്പെടുത്തിയതിലൂടെ ടോണി സമകാല മലയാള കവിതയിലെ ഏറ്റവും അര്‍ത്ഥവത്തായ ജനകീയതയുടെ പ്രതിനിധിയായി മാറിക്കഴിഞ്ഞിട്ടുണ്ട്. ഈ ജനകീയതയെ തിരിച്ചറിയാന്‍ താല്‍പര്യവും ശേഷിയുമുള്ള ജനങ്ങളുടെ എണ്ണം തീരെ കുറഞ്ഞുപോയതും നിരൂപകരായി പ്രതിഷ്ഠ നേടിക്കഴിഞ്ഞ എല്ലാവരും ഇപ്പോഴും ഒളിഞ്ഞും തെളിഞ്ഞും ആഢ്യകവിതയുടെ പക്ഷത്തു തന്നെ നില്‍ക്കുന്നവരായതും കവിയുടെ ഭാഗ്യക്കേടാണെന്ന് പറച്ചിലിന്‍റെ ശീലം കൊണ്ട് പറഞ്ഞുപോയേക്കാമെങ്കിലും ഇക്കൂട്ടരുടെ കണ്ണില്‍ പെടാതെ കഴിയാന്‍ സാധിക്കുന്നുവെന്നതില്‍ ടോണിക്ക് ഏറെ ആത്മസംതൃപ്തിക്കുള്ള വകയുണ്ടെന്ന് പറയുന്നതാവും കൂടുതല്‍ ശരി.
താനും തന്‍റെ തലമുറയില്‍പെട്ട ചിലരും യഥാര്‍ത്ഥത്തില്‍ എന്താണ് ചെയ്തത് എന്നതിനെപ്പറ്റി ടോണിക്ക് കൃത്യമായ ധാരണയുണ്ട്. ആധുനികോത്തരതയുടെ സൗന്ദര്യശാസ്ത്രം, സകലമാന വൈവിധ്യങ്ങള്‍ക്കും വൈരുധ്യങ്ങള്‍ക്കും പ്രവേശം നല്‍കുന്ന സമകാല ജീവിതത്തിന്‍റെ വസ്തുസ്ഥിതികഥനത്തിനും അതിന്‍റെ സൂക്ഷ്മതലങ്ങളിലേക്കുള്ള വിചിത്ര മാര്‍ഗങ്ങളിലൂടെയുള്ള സഞ്ചാരത്തിനും തമ്മില്‍ മൂല്യത്തിന്‍റെ തലത്തില്‍ സാരമായ ഭേദം കല്‍പിക്കാത്ത ഒന്നാണ്. څപോസ്റ്റ് മോഡേണിസം ഒരിസമല്ല, ഒരവസ്ഥയാണ്چ എന്ന പ്രസ്താവത്തെ ന്യായീകരിക്കും വിധത്തിലുള്ളതാണ് പല ആധുനികോത്തര രചനകളിലെയും വസ്തുസ്ഥിതിവിവരണത്തിന്‍റെ ഘടന. നിര്‍മമത ഭാവിച്ചുള്ളതും യഥാതഥം എന്ന പ്രതീതിയുളവാക്കുന്നതും എന്നാല്‍ ആവിഷ്ക്കരിക്കേണ്ടുന്ന യാഥാര്‍ത്ഥ്യത്തിനകത്ത് പ്രതീതികള്‍ക്ക് വിലക്കില്ലാത്തതിനാല്‍ യഥാതഥം എന്ന പരികല്‍പനയെത്തന്നെ പരിഹസിക്കുന്നതുമായ വിവരണങ്ങള്‍ക്ക് കൂടുതല്‍ സാധ്യത ലഭിക്കുന്നത് നോവലിലും ചെറുകഥയിലുമൊക്കെയാണ്. ഇക്കാര്യത്തില്‍ കവിത എന്ന മാധ്യമത്തിന് അതിന്‍റെ രൂപം നിര്‍ബന്ധമാക്കിത്തീര്‍ക്കുന്നതായി പൊതുവെ കരുതിപ്പോരുന്ന പരിമിതികളെ അനായാസം മറികടക്കാന്‍ കഴിയുന്നുണ്ട് ടോണിയുടെ രചനകള്‍ക്ക്. ഈയൊരു കാര്യം സാധിക്കുന്നതിനു വേണ്ടി കഥയുടേതില്‍ നിന്ന് നേരിയ വ്യത്യാസം മാത്രമുള്ള ആഖ്യാനം സ്വീകരിക്കുന്നതിന് ടോണി അറച്ചു നില്‍ക്കുന്നതേയില്ല.
ബൃഹദാഖ്യാനങ്ങളിലുള്ള അവിശ്വാസം എന്ന ആധുനികോത്തര ദര്‍ശനത്തിന്‍റെ കേന്ദ്രാശയത്തിന് തീര്‍ച്ചയായും പോസിറ്റീവായ ചില ഫലങ്ങളുണ്ട്. അതിന്‍റെ രാഷ്ട്രീയം ചിലപ്പോള്‍ ചില തലങ്ങളില്‍ പാര്‍ശ്വവല്‍കൃതര്‍ക്ക് അനുകൂലവും വികസനമുദ്രാവാക്യവുമായി പുരോഗതിയിലേക്ക് കുതിക്കുന്നവരുടെ പരിഗണനയിലേ വരാത്ത പല പ്രശ്നങ്ങളിലേക്കും എത്തിച്ചേരുന്നതുമാണ്. താന്‍ ഒരു ആധുനികോത്തരനാണ് എന്ന് അവകാശപ്പെടാന്‍ പ്രത്യേകിച്ചൊരു താല്‍പര്യവും കാണിക്കാതെ തന്നെ ആധുനികോത്തരതയുടെ ദര്‍ശനത്തെയും ആഖ്യാന പരികല്‍പനയെയും വളരെ അര്‍ത്ഥവത്തായ രീതിയില്‍ തന്‍റെ രചനകളില്‍ പ്രയോഗിച്ചിട്ടുള്ള ആളാണ് ടോണി. തന്‍റെ കാലത്ത് തന്നോടൊപ്പം കവിതയെഴുതിക്കൊണ്ടിരിക്കുന്ന പല പുതുതലമുറക്കവികളും വ്യത്യസ്തതയുടെ രാഷ്ട്രീയം മനസ്സിലാക്കാത്തവരാണെന്ന് ടോണി വെട്ടിത്തുറന്ന് പറയുന്നുമുണ്ട്.
പി. കെ സുബൈദയ്ക്കു നല്‍കിയ അഭിമുഖ (പൊട്ടാതെ പുറത്തെടുത്ത മുഴക്കങ്ങള്‍: ഡ്രാക്കുളയും കുട്ടിച്ചാത്തനും)ത്തിലെ ചില ചോദ്യങ്ങള്‍ക്ക് ടോണി നല്‍കിയ മറുപടികളില്‍ രണ്ടെണ്ണം മാത്രം നോക്കിയാല്‍ മതി ഇക്കാര്യം വ്യക്തമാവാന്‍.
څപുതുകവിതയില്‍ ടോണിയടക്കമുള്ളവര്‍ എന്ത് വ്യത്യാസത്തെയാണ് എഴുതിയത്?چ എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ഒന്നാമത്തേത്.
ڇസഹജമായ സാംസ്കാരിക പൈതൃകത്തിന്‍റെയും ആര്‍ജിതമായ പ്രത്യയശാസ്ത്രങ്ങളുടെയും കൂറ്റന്‍ ആഖ്യാനങ്ങള്‍ ഇതുവരെ കണക്കിലെടുത്തിട്ടില്ലാത്ത പാര്‍ശ്വവല്‍കൃത പ്രമേയങ്ങള്‍ക്ക് അക്കാലത്തെ പുതുകവിതകള്‍ നാവു കൊടുത്തിട്ടുണ്ട്. അതുപോലെ ഈ കൂറ്റന്‍ ആഖ്യാനങ്ങള്‍ക്ക് ഒരു പ്രതിസംസ്കാരം രചിക്കുകയും ചെയ്തിട്ടുണ്ട്. ഇതൊക്കെ വ്യത്യാസമല്ലേ? എന്നാല്‍ ഈ വ്യത്യാസത്തിന്‍റെ രാഷ്ട്രീയം ശരിക്കും മനസ്സിലാക്കാതെ പുതുകവിതയെന്നാല്‍ പുമ്പാറ്റച്ചിറകിനെയും പുല്‍ച്ചാടിയെയുമൊക്കെപ്പറ്റി څസൂക്ഷ്മമായിچ എഴുതുന്നതാണെന്ന് ചിലര്‍ പറയുന്നത് കേള്‍ക്കാറുണ്ട്. അത് സൂക്ഷ്മതയല്ല, നിസ്സാരതയാണ്.ڈ
ഇനി കുമാരനാശാന്‍ കഴിഞ്ഞുള്ള മറ്റു കവികളെ കുറിച്ചുള്ള ടോണിയുടെ ഒരു പൊതുനിരീക്ഷണത്തിലേക്ക് വരാം:
ڇമലയാളിയുടെ സാഹിത്യമനസ്സിന് അതിന്‍റേതായ ഒരു څറഗുലേഷന്‍چ ഉണ്ട്. എല്ലാ സമൂഹത്തിലുമുണ്ട് അവരുടേതായ റഗുലേഷന്‍. കല/സാഹിത്യം ഒരു സമൂഹത്തിന്‍റെ സംസ്കാരത്തിന്‍റെ ഭാഗമായ വഴക്കങ്ങള്‍ക്കും പ്രതീക്ഷകള്‍ക്കും സ്വീകാര്യതകള്‍ക്കും വല്ലാതെ വിരുദ്ധമായാല്‍ അത് അംഗീകരിക്കപ്പെടാന്‍ സാധ്യത വളരെ കുറവാണ്. ഇതിനെയാണ് റഗുലേഷന്‍ എന്നു പറയുന്നത്. നമുക്ക് നമ്മുടെ മുഖ്യധാരാ മേല്‍ക്കോയ്മാ പാരമ്പര്യത്തില്‍ നിന്ന് കിട്ടുന്നതാണ് നമ്മുടെ റഗുലേഷന്‍. വളരെ പെട്ടെന്ന് സര്‍വസ്വീകാര്യത നേടുന്ന കവികള്‍ ഒന്നുകില്‍ നമ്മുടെ റഗുലേഷന് അകത്തുള്ളവരോ അല്ലെങ്കില്‍ വിപണി ബ്രാന്‍ഡ് ഉല്‍പ്പന്നമായി വളര്‍ത്തിക്കൊണ്ടുവരുന്നവരോ അല്ലെങ്കില്‍ റാഡിക്കലിസത്തിന്‍റെ പ്രകട പ്രതിച്ഛായ ഉള്ളവരോ - റാഡിക്കലിസത്തിന് നല്ല മാര്‍ക്കറ്റുണ്ട് - ആയിരിക്കാന്‍ സാധ്യതയുണ്ട്.
വേറിട്ട വഴിയുടെ ചില അടയാളങ്ങള്‍ കൂടി
അലങ്കാര നിര്‍മിതി, ശൈലി, പദങ്ങളുടെ തിരഞ്ഞെടുപ്പ് എന്നിങ്ങനെയുള്ള കാര്യങ്ങളിലെല്ലാം ടോണിയുടെ കവിത പുലര്‍ത്തിപ്പോരുന്ന വ്യത്യാസങ്ങളെപ്പറ്റി അധ്യാപകോചിതമായ ഭാഷയില്‍ ഉപന്യസിക്കാനുള്ള അതിയായ ആഗ്രഹം എന്നെ പിടികൂടാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ആ സാഹസത്തിന് ഞാന്‍ മുതിരുന്നില്ല. എങ്കിലും സമകാല മലയാള കവികളില്‍ എനിക്ക് വളരെ അടുപ്പം തോന്നിയ വളരെ കുറച്ച് കവികളില്‍ ഒരാളായ ടോണി കവിതയുടെ പ്രാഥമിക ഘടകങ്ങളായി കരുതി വരുന്ന സംഗതികളില്‍ മറ്റുള്ളവരില്‍ നിന്ന് എങ്ങനെ വ്യത്യസ്തനായിരിക്കുന്നു എന്ന് ചൂണ്ടിക്കാണിക്കുന്നതില്‍ നിന്ന് പാടേ വിട്ടുനിന്നാല്‍ അത് കവിയോടെന്നതിലേറെ എന്നോട് തന്നെ ചെയ്യുന്ന തെറ്റാകയാല്‍, അല്‍പം ആത്മാനുരാഗത്തിന് വശംവദനായിത്തീര്‍ന്ന് എന്നു തന്നെ പറയാം, ഏതാനും ചില കാര്യങ്ങള്‍ ചൂണ്ടിക്കാണിക്കുകയാണ്.
ആദ്യം അലങ്കാരത്തിന്‍റെ കാര്യത്തിലേക്ക് വരാം. സുഭാഷ് ചന്ദ്രന്‍റെ വാക്കുകള്‍ കടമെടുത്താല്‍ څകവികള്‍ക്ക് ജന്മദുഃഖമായി കിട്ടിയ ചമല്‍ക്കാരങ്ങളെക്കൊണ്ട് പരിക്കേല്‍പിക്കാതെچ (ഫിലോമിന ആന്‍റിക്ക് സ്തുതി - പ്ലമേനമ്മായി)യാണ് ടോണി അനുഭവങ്ങളെ കവിതയിലേക്ക് കൊണ്ടുവരുന്നത്. അലങ്കാരങ്ങള്‍ പക്ഷെ തന്‍റെ കവിതയ്ക്ക് വര്‍ജ്യമാണെന്ന് വിധിച്ചിട്ടുള്ള കവിയല്ല അദ്ദേഹം. കവിതയെ അലങ്കരിക്കുക പ്രാഥമിക ധര്‍മമായതുകൊണ്ടാണ് വ്യത്യസ്ത ലക്ഷണവും സ്വഭാവവുമുള്ള അലങ്കാരങ്ങള്‍ക്ക് ആ പൊതുപേര് കിട്ടിയത്. ടോണിയുടെ അലങ്കാരങ്ങള്‍ പക്ഷെ അവയുടെതില്‍ നിന്നെല്ലാം തികച്ചും ഭിന്നമായ ഒരു ധര്‍മമാണ് ഏറ്റെടുക്കുന്നത്. ഉദാഹരണങ്ങള്‍ ചിലത് ചൂണ്ടിക്കാണിച്ചാല്‍ വിശദീകരണത്തിനു വേണ്ടി ക്ലേശിക്കാതെ തന്നെ കാര്യം വ്യക്തമാക്കാം.
1. ജാഗ്രം എന്ന കവിതയില്‍
മന്ദത മാറ്റാനായി ബോധപൂര്‍വം വഴക്കുണ്ടാക്കാന്‍ പോയി തല്ല് വാങ്ങിയ ആള്‍ തനിക്കുണ്ടായ അനുഭവം വിവരിക്കുന്നത് നോക്കുക:
ڇമിന്നായം പോലെയൊരു പൊന്നീച്ച കണ്ണില്‍പ്പാറി
മന്ദത മാറിതിരിച്ചറിഞ്ഞു യാഥാര്‍ത്ഥ്യങ്ങള്‍
അല്‍പനേരം കൊണ്ടുണ്ടായെനിക്കു മനം മാറ്റം
കന്യതന്‍ ചവിട്ടേല്‍ക്കെ അശോകമരം പോലെ!ڈ
2.
ڇഎന്താകിലും വെയില്മൂക്കുവതിന്നു മുന്‍പേ
ഏതാണ്ടു പാതിയുയരം കയറിക്കഴിഞ്ഞു
അച്ഛന്‍ പറഞ്ഞ പടി കൊച്ചിയിലേക്കു പോകും
ലക്ഷ്യം തികച്ചുമറിയാത്തൊരു കുട്ടിപോലെڈ
(കുറുക്കങ്കുന്ന്)
3.
ڇചിരിക്കും പൂവന്‍കുല കയറില്‍ തൂങ്ങിച്ചത്തു
കിടപ്പാണതും കണ്ട് തെരുവില്‍ നില്‍പാണമ്മ.ڈ
(വിഷു)
അതിനുമപ്പുറം
ആശയങ്ങള്‍ ജീവിതത്തോട് കണ്ണി ചേര്‍ക്കപ്പെടാത്ത ഒരു ലോകത്ത് ജീവിതം കേവല നില്‍പിന്‍റെ ചെറുതും വലുതുമായ ആഹ്ലാദങ്ങളിലും വേദനകളിലും ഒതുങ്ങും. അനുഭവിക്കുന്ന നിമിഷങ്ങളില്‍പ്പോലും അവയില്‍ പലതിനും കനക്കുറവ് അനുഭവപ്പെടും. ഓരോ അനുഭവവും യഥാര്‍ത്ഥത്തില്‍ മറ്റനേകം അനുഭവങ്ങളുമായി കണ്ണി ചേര്‍ക്കപ്പെടുന്നുണ്ട്. അവയുടെ ഫലങ്ങള്‍ പല തലങ്ങളെയും സ്പര്‍ശിക്കുന്നുണ്ട്. എല്ലാ സാമൂഹ്യരാഷ്ട്രീയാനുഭവങ്ങളും ഭൂതകാലത്തിലെ അവയുടെ പൂര്‍വരൂപങ്ങളെ ഓര്‍മിപ്പിക്കുന്നുണ്ട്. ഭാവി അവയുടെ ഉള്ളടക്കത്തിന്‍റെ സ്വഭാവമനുസരിച്ച് അവയെ പിന്തുടരുകയോ അവയില്‍ നിന്ന് വഴിമാറിപ്പോവുകയോ വേണ്ടതുണ്ട്. ഇത്രയുമൊക്കെ അറിയുമ്പോഴേ അവ ആലോചനയുടെയും ഓര്‍മയുടെയും ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുകയുള്ളൂ. ഇത് സംഭവിക്കാതിരിക്കുമ്പോള്‍ ഒരാളുടെ അനുഭവങ്ങള്‍ക്കും ആന്തരിക വ്യക്തിത്വത്തിനും സംഭവിക്കുന്ന ഭാരമില്ലായ്ക ടോണിയുടെ കവിതകളില്‍ ആവര്‍ത്തിച്ച് വന്നെത്തുന്ന വിഷയമാണ്.
ടോണി തന്‍റെ കവിതകളില്‍ ഒരു തത്വജ്ഞാനിയുടെ വേഷം കെട്ടാറില്ലെന്നു മാത്രമല്ല കവിതയില്‍ ജീവിതത്തെകുറിച്ച് വലിയ കാര്യങ്ങള്‍ പറയാന്‍ പൂര്‍വഗാമികളായ കവികള്‍ നടത്തിയ ശ്രമങ്ങളെ അദ്ദേഹം തരം കിട്ടുമ്പോഴെല്ലാം കളിയാക്കാറുമുണ്ട്. ആധുനികതയുടെ എല്ലാ നാട്യങ്ങള്‍ക്കും എതിര്‍ നിന്നുപോരുന്ന ടോണി ആധുനികോത്തരന്‍ എന്ന മുദ്ര ആശിക്കത്തക്ക ഒന്നായി കരുതാന്‍ സാധ്യതയുള്ള ആളല്ല. പക്ഷെ, ആധുനികോത്തരത എന്ന അവസ്ഥ സമകാല മനുഷ്യന്‍ അനുഭവങ്ങളെ സ്വീകരിക്കുന്ന രീതിയില്‍ വരുത്തിത്തീര്‍ത്ത വ്യത്യാസങ്ങളും അതുവഴി അയാളുടെ/അവളുടെ ജീവിത സമീപനത്തില്‍ വന്നു ചേര്‍ന്നു കഴിഞ്ഞ മാറ്റങ്ങളും വിശേഷിച്ചൊന്നും ഭാവിക്കാതെ ആവിഷ്കരിക്കുന്ന കവിയാണ് ടോണി. ആയാസരഹിതമെന്ന മട്ടില്‍ എന്തിനെക്കുറിച്ചും സംസാരിക്കുക എന്നത് സത്തയ്ക്ക് കനക്കുറവ് സംഭവിക്കുന്ന അധുനാതന ജീവിതത്തിന് ഏറ്റവും ഇണങ്ങുന്ന രീതികളിലൊന്നാണ്. ഇങ്ങനെയുള്ള വസ്തുതകളെല്ലാം പരിഗണിച്ചു തന്നെയാണ് കെ. ആര്‍ ടോണിയെ ആധുനികോത്തരതയുടെ കവി എന്ന് നേരത്തെ വിളിച്ചത്. സാമ്പത്തികവും രാഷ്ട്രീയവും സാംസ്കാരികവുമായ കാരണങ്ങളാല്‍ ആധുനികതയുടെ ജീവിതദര്‍ശനവും സാഹിത്യസങ്കല്‍പങ്ങളും കാലഹരണപ്പെട്ടതിനെ തുടര്‍ന്ന് രൂപം കൊണ്ട പുതിയ ആശയലോകങ്ങളുടെയും വൈകാരികവസ്ഥയുടെയും പല അംശങ്ങള്‍ക്കും പല കവികളും അവരുടെ രചനകളില്‍ ഇടം നല്‍കിയിട്ടുണ്ടെങ്കിലും ടോണിയാണ് അനിയന്ത്രിതമായ ആസക്തിയാലെന്ന പോലെ ആധുനികോത്തരതയുടെ അനുഭവലോകങ്ങളിലേക്ക് പിന്നെയും പിന്നെയും പൊയ്ക്കൊണ്ടിരിക്കുകയും അവയ്ക്ക് ഏറ്റവും നന്നായി ഇണങ്ങുന്ന എഴുത്തുരീതികളില്‍ ചിലത് ആവര്‍ത്തിച്ചുപയോഗിക്കുകയും ചെയ്തിട്ടുള്ളത്. എങ്കിലും ടോണിയെ ഒരാധുനികോത്തരനാക്കി ഒതുക്കുകയോ കൊണ്ടാടുകയോ ചെയ്യരുതെന്നു തന്നെയാണ് എന്‍റെ അഭിപ്രായം.
ആധുനികോത്തരര്‍ ബൃഹദാഖ്യാനങ്ങളിലുള്ള അവിശ്വാസത്തില്‍ നിന്ന് ആരംഭിക്കുന്നതിനാല്‍ അവര്‍ക്ക് സാര്‍വദേശീയ സൗന്ദര്യഘടകങ്ങളെ അന്വേഷിക്കേണ്ട കാര്യമില്ല. അതിന്‍റെ അര്‍ത്ഥം ആധുനികോത്തരത ലോകത്തിന്‍റെ ഓരോ ഭാഗത്തും ഓരോന്നായിരിക്കും എന്നതാണ്. യൂറോപ്പിലെ ഒരു ആധുനികോത്തര കവി ഉപയോഗിച്ച രചനാ തന്ത്രം ഇവിടത്തെ ഒരു കവി ഉപയോഗിച്ചിട്ടുണ്ടോ, ഉണ്ടെങ്കില്‍ എത്ര ശതമാനം ഉണ്ട് എന്നൊക്കെയുള്ള അന്വേഷണങ്ങള്‍ വലിയൊരളവോളം അസംബന്ധമാണ്... എങ്കില്‍പ്പിന്നെ ആ കവിയെയും ഈ കവിയെയും സൂചിപ്പിക്കാന്‍ ആധുനികോത്തരന്‍ എന്ന പൊതുപദം ഉപയോഗിക്കുന്നതില്‍ എന്താണര്‍ത്ഥം എന്ന ചോദ്യം വരും. രാഷ്ട്രീയദര്‍ശനത്തിന്‍റെയും പ്രയോഗത്തിന്‍റെയും കാര്യത്തിലും സമ്പത്തിന്‍റെ വിനിമയങ്ങളിലും സാധാരണ മനുഷ്യര്‍ക്ക് ഒരവകാശവുമില്ലാതാവുക, എല്ലാ മേഖലകളിലുമുള്ള അതിന്‍റെ പ്രത്യാഘാതങ്ങള്‍ ദൈനംദിന ജീവിതത്തില്‍ അനുഭവിക്കേണ്ടി വരിക, വാര്‍ത്താവിനിമയമാധ്യമങ്ങളാലും സാമൂഹ്യമാധ്യമങ്ങളാലും ലോകത്തെവിടെയുമുള്ള അനുഭവങ്ങളുമായി ഉടനുടന്‍ കണ്ണി ചേര്‍ക്കപ്പെടുക, പല അധികാരകേന്ദ്രങ്ങളും അവയുടെ താല്‍പര്യ സംരക്ഷണാര്‍ത്ഥം പടച്ചുവിടുന്ന ആശയങ്ങളെ അപ്പപ്പോള്‍ ആലോചനാരഹിതമായി കൊണ്ടാടുന്ന മനോനിലയില്‍ എത്തിപ്പെടുക ഈ സംഗതികളെല്ലാം അവര്‍ക്ക് ഏറെക്കുറെ പൊതുവായി ഉണ്ട്. അതല്ലാതെ കവിതയുടെ ലക്ഷ്യത്തെയോ ആവിഷ്കാരത്തിന്‍റെ സൗന്ദര്യത്തെയോ കുറിച്ചുള്ള ഒരു പരികല്‍പനയും അവര്‍ അപ്പാടെ പങ്കുവയ്ക്കുന്നില്ല. ഭൗതിക സാഹചര്യങ്ങളെ രൂപപ്പെടുത്തുന്ന അടിസ്ഥാന ശക്തികളുടെ പ്രവര്‍ത്തനം മനുഷ്യരാശിക്ക് പൊതുവായി ഒരു വൈകാരിക പരിസരവും ധൈഷണിക സാഹചര്യവും ഒരുക്കുന്നതിനാല്‍ ലോകത്തിന്‍റെ ഏത് കോണിലുള്ള എഴുത്തുകാരുടെയും രചനകള്‍ക്ക് സമാനതകള്‍ പലതും ഉണ്ടാവുക സ്വാഭാവികമാണ്; അത്ര മാത്രം.
ഏത് സൗന്ദര്യ സിദ്ധാന്തത്തെയും അതിന്‍റെ അടിസ്ഥാനത്തില്‍ രൂപം കൊള്ളുന്ന പ്രവണതകളെയും അവിശ്വസിക്കുകയും വിപരീത ദിശയിലുള്ള യാഥാര്‍ത്ഥ്യങ്ങള്‍ ചൂണ്ടിക്കാണിക്കുകയും ചെയ്യുന്ന കവിയാണ് ടോണി. ഈ നിഷേധത്തിനു പുറകില്‍ കവി നേരിട്ടനുഭവിച്ചിട്ടുള്ളതും വളരെ അരികെ നിന്ന് നിരീക്ഷിച്ചിട്ടുള്ളതുമായ ക്ഷുദ്രജീവിത യാഥാര്‍ത്ഥ്യങ്ങളുണ്ടാവും. അവയിലൂടെ കടന്നുവന്ന ഒരാള്‍ക്ക് മാത്രം സാധ്യമാവുന്ന സവിശേഷ ചേരുവയിലുള്ള നിര്‍മമത ടോണിയുടെ കവിതകളുടെ മുഖമുദ്രയാണ്. സമകാലജീവിതത്തിന്‍റെ ഹൃദ്സ്പന്ദങ്ങള്‍ തന്നെയായി മാറിയ ഒരുപാട് നിരര്‍ത്ഥകതകള്‍ക്കു നടുവിലാണ് നാമെല്ലാം ജീവിക്കുന്നത്. എന്തുകൊണ്ട് നമ്മുടെ വ്യക്തിജീവിതത്തിന്‍റെയും സാമൂഹ്യജീവിതത്തിന്‍റെയും അസ്തിത്വത്തിന്‍റെ ആധാരമായി അവ മാറി എന്നതിനെ കുറിച്ചുള്ള രാഷ്ട്രീയവിചാരങ്ങളിലേക്കൊന്നും കെ. ആര്‍ ടോണി പ്രവേശിക്കുന്നില്ല. അദ്ദേഹം ഈ അവസ്ഥയെ രൂക്ഷ പരിഹാസം ഉള്‍ച്ചേര്‍ത്ത സവിശേഷമായ നിര്‍മമതയോടെ ആവിഷ്കരിക്കുക മാത്രമെ ചെയ്യുന്നുള്ളൂ. ഈ ആവിഷ്ക്കാരങ്ങള്‍ക്കിടയില്‍ സാധാരണ മട്ടില്‍ പറഞ്ഞു പോകുന്ന ചില കാര്യങ്ങള്‍ പക്ഷെ നമ്മുടെ അധീരതകളുടെയും നിസ്സഹായതയുടെയുമൊക്കെ മര്‍മത്തില്‍ തന്നെ ചെന്നു തൊടുന്നുണ്ട്.
ڇഉന്നം ആയിരം
എടുക്കുമ്പോള്‍ നൂറ്
തൊടുക്കുമ്പോള്‍ പത്ത്
കൊള്ളുമ്പോള്‍ ഒന്നുമില്ലڈ
(മുറുക്കം)
എന്നതുപോലുള്ള പറച്ചിലുകളെ പെട്ടെന്നൊന്നും നമുക്ക് മറവിയിലേക്ക് തള്ളാനാവില്ല.
څഉങ്ങ്چ എന്ന കവിതയില്‍ ഒരു മരക്കവിതയെഴുതണമെന്ന് വളരെക്കാലമായി വിചാരിച്ച് ഒടുവില്‍ ഉങ്ങിനെപ്പറ്റി കവിതയെഴുതിത്തുടങ്ങുന്ന ആളെ നാം കാണുന്നു. ഈ മരത്തിന്‍റെ ആകര്‍ഷണീയതകള്‍ അതിലളിതമായി, അതിലഘുവായി വിവരിച്ച ശേഷം അയാള്‍ കവിത അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്:
ڇഉങ്ങ് ഒരു സംസ്കാരമാണ്
ഉങ്ങിന്‍റെ തായ്ത്തടി നല്ല വണ്ണമുള്ളതാണ്
മുറിച്ചുവിറ്റാല്‍ നല്ല വില കിട്ടും.ڈ
പല ആശയങ്ങളോടും മൂല്യങ്ങളോടും ആധുനികോത്തര കാലത്തെ മനുഷ്യന്‍ പ്രകടിപ്പിക്കുന്ന ആഭിമുഖ്യത്തിന്‍റെയും ആവേശത്തിന്‍റെയും മറുപുറത്തെ ക്ഷുദ്രയാഥാര്‍ത്ഥ്യത്തെ ഇത്രയും അനായാസമായി അനാവരണം ചെയ്ത മറ്റൊരു കവിത കണ്ടെടുക്കാന്‍ ടോണിയുടെ തന്നെ രചനകള്‍ക്കിടയിലൂടെ ഒന്നു കണ്ണോടിച്ചാല്‍ മതി
മാറാട് എന്ന കവിത നോക്കുക:
പൊതുജീവിതത്തിലും ജനമനസ്സിലും വലിയ ചലനങ്ങളുണ്ടാക്കുന്ന രാഷ്ട്രീയവും അല്ലാത്തതുമായ സംഗതികളുടെ നേര്‍ക്ക് ഉടന്‍ പ്രതികരിച്ചു കൊള്ളണം എന്ന് അനുശാസിക്കുന്ന രീതി മുമ്പൊക്കെ ഇവിടത്തെ ഇടതുപക്ഷ രാഷ്ട്രീയക്കാര്‍ അവലംബിച്ചിരുന്നു. അടുത്ത കാലത്തായി അവര്‍ അത് ഉപേക്ഷിക്കുകയും څഎഴുത്ത് തികച്ചും വ്യക്തിപരമായ ഒരു കാര്യമാണ്. എഴുത്തുകാര്‍ക്ക് രാഷ്ട്രീയം ആവശ്യമില്ല. മുമ്പ് ഞങ്ങള്‍ ഇതേ കുറിച്ച് വേണ്ടത്ര ബോധവാന്മാരായിരുന്നില്ലچ എന്ന് കുമ്പസാരിക്കുകയും ബഹുരാഷ്ട്ര മുതലാളിത്തത്തിന്‍റെ താല്‍പര്യാര്‍ത്ഥം സൃഷ്ടിക്കപ്പെട്ടത് എന്ന് അവര്‍ തന്നെ ആക്ഷേപിക്കുന്ന ആധുനികോത്തരതയുടെ ഉല്‍പന്നമായ സാംസ്കാരിക ഉദാസീനതയും (ഉദാരതയും) അരാഷ്ട്രീയതയും ശീലിച്ചുകൊള്ളാന്‍ യുവതലമുറയെ പ്രേരിപ്പിക്കുന്ന നിലപാടിലെത്തുകയും ചെയ്തു. ഈ വാസ്തവങ്ങളെയെല്ലാം തികഞ്ഞ ഉത്തരവാദിത്തത്തോടെ അഭിമുഖീകരിച്ചു കൊണ്ടാണ് ടോണി څമാറാട്چ എഴുതിയിരിക്കുന്നത്.
ڇഅല്പം വൈകിപ്പോയി
എങ്കിലും എഴുതാതിരിക്കാനാവില്ല
മാറാടിനെപ്പറ്റിڈ
എന്നാരംഭിക്കുന്ന കവിത മാറാട് എന്ന അനുഭവത്തെക്കുറിച്ച് അതിവൈകാരികത ഭാവിച്ച് ചിലത് പറഞ്ഞുവച്ചതിനു ശേഷം അവസാനിക്കുന്നത് ഇങ്ങനെയാണ്:
ڇഎന്തായാലും
മാറാട് മറക്കാന്‍ വയ്യാത്ത അനുഭവമായി,
മറക്കാന്‍ പാടില്ലാത്ത അനുഭവം
മാറാട് എവിടെയാണ്?
- ഞാന്‍ മറന്നുപോയി!ڈ
അന്യരുടെ അനുഭവങ്ങളെ സുരക്ഷിതമായ അകലത്തില്‍ നിന്നുമാത്രം കണ്ട് അതിലെ ദുരന്തങ്ങളെപ്പോലും സൗന്ദര്യാനുഭവങ്ങളാക്കി മാറ്റുകയോ, മറ്റു ചിലപ്പോള്‍ ആ ദുരന്ത ജീവിതങ്ങള്‍ക്കു മേല്‍ ആയിരം തുള്ളികളുടെ കനമുള്ളതെന്ന് ഭാവിക്കുന്ന ഒരൊറ്റ തുള്ളി കണ്ണീര്‍വാര്‍ത്ത് മഹാനായ മനുഷ്യസ്നേഹിയായി കൊണ്ടാടപ്പെടാനുള്ള വക നേടുകയോ ചെയ്യുന്ന കാല്‍പനികരായ എഴുത്തുകാരും അവരെക്കുറിച്ച് സംസാരിക്കെ ഹര്‍ഷപുളകിതരാവുന്ന വായനക്കാരും മലയാളത്തിലുണ്ട്. പുരോഗമനസാഹിത്യ പ്രസ്ഥാനം പരിക്ഷീണമായി കാല്‍പനികതയ്ക്ക് നമ്മുടെ സാഹിത്യത്തില്‍ പുതുജീവന്‍ വന്നതു മുതല്‍ക്കാണ് ഇത്തരക്കാര്‍ക്ക് വിപണിമൂല്യം കൂടിയത്. ഇവരെ തിരിച്ചറിയാനുള്ള വകതിരിവില്ലാത്തതുകൊണ്ടോ തിരിച്ചറിഞ്ഞാലും ചില ഉപചാര മര്യാദകളാലും അതിലേറെ കാപട്യത്താലും അവരെക്കുറിച്ച് മൗനം പാലിക്കുന്നതാണ് കൂടുതല്‍ ലാഭകരം എന്നു കരുതുന്നതിനാലോ എന്നറിയില്ല, അവര്‍ നമ്മുടെ ഭാവുകത്വത്തെ ജീര്‍ണമാക്കുന്നതിനെ കുറിച്ച് ആരും ഉറക്കെ ചിന്തിക്കുന്നതായി കാണുന്നില്ല.
മനസ്സിനു മേല്‍ തല്‍ക്കാലത്തേക്ക് സൗകര്യപൂര്‍വം സ്വയം കെട്ടിവയ്ക്കുന്ന കാരുണ്യത്തോടെ മറ്റുള്ളവരുടെ ജീവിതദൈന്യതകളുടെ ചിത്രീകരണം സാധിക്കുന്നതിലൂടെ പരമ്പരാഗത സഹൃദയരുടെ കാഴ്ചയില്‍ പളുങ്കുമണി പോലെ മനോഹരമായിത്തീരുന്ന കാരുണ്യം സൃഷ്ടിച്ചെടുക്കുന്ന രീതിയെ വളരെ അനായാസമായി പരിഹസിച്ചു വിടുന്ന കവിതയാണ് ടോണിയുടെ څകാഴ്ചچ. ഏഴാം മാളിക മുകളിലെ സ്വന്തം മുറിയുടെ ജനാലയില്‍ക്കൂടി നോക്കിയാണ് കവിതയിലെ ആഖ്യാതാവ് അകലക്കാഴ്ചകള്‍ കാണുന്നത്.
അയാള്‍ക്ക് പറയാനുള്ളത് ഇതാണ്:
ڇപാറക്കെട്ടുകളും ചെമ്മണ്‍വഴികളും
പറന്നു പോകുന്ന കിളികളും
വരച്ചുവച്ചതു പോലുള്ള വയലേലകളും
അവിടെ പണിയെടുക്കുന്ന കറുത്ത മനുഷ്യരും
എത്ര മനോഹരമാണ്
ഇവിടെയിരുന്ന് നോക്കുമ്പോള്‍.ڈ
ഇത്തരത്തിലുള്ള നിരലംകൃതമായ നേര്‍പ്രസ്താവങ്ങള്‍ എസ്. ജോസഫിന്‍റെ കവിതകളിലും ഇടം നേടാറുണ്ട്. അവിടെ പക്ഷെ, ദരിദ്രമായ ഗ്രാമജീവിത പരിസരങ്ങളില്‍ പരിചയിച്ചു പഴകിയ പാവം തോന്നിക്കുന്ന ചില വാക്കുകള്‍ കൊണ്ടോ ചില സൂചനകള്‍ കൊണ്ടോ മസൃണമായ ഒരു ഭാവാന്തരീക്ഷം സൃഷ്ടിക്കാന്‍ ജോസഫ് ശ്രദ്ധിക്കാറുണ്ട്. ടോണിക്ക് അത്തരം ശ്രദ്ധകളൊന്നുമില്ല. സത്യത്തിലേക്ക് വിരല്‍ചൂണ്ടിക്കൊണ്ടുള്ള പരുക്കന്‍ നില്‍പ്പിനപ്പുറം ഒന്നും തനിക്ക് ചെയ്യാനില്ലെന്ന മട്ടാണ് മിക്കപ്പോഴും ഈ കവിക്ക്.
ഭ്രാന്തവല്‍കൃത ലോകത്തിനെതിരെ
ചുറ്റുപാടുകളെ കുറിച്ചുള്ള തിരിച്ചറിവുകളുടെ മുനകളെല്ലാം ഒടിച്ചു കളഞ്ഞ് മിനുസപ്പെടുത്തി പൊതുസമ്മതിയുള്ള ധാരണകളുമായി പൊരുത്തപ്പെടുത്തി ഒരുതരം നിര്‍വികാരതയും നിസ്സംഗതയും കൈവരിക്കുന്നതിനെയാണ് പൊതുവെ എല്ലാവരും സമനില കൈവരിക്കലായി കണക്കാക്കുന്നത്. ഇത് വാസ്തവത്തില്‍ സ്വബോധത്തെ ഭ്രാന്തവല്‍ക്കരിക്കലാണ്. ഈ ഭ്രാന്തവല്‍ക്കരണത്തിന്‍റെ യുക്തിയെ പൊളിച്ചടുക്കുന്ന പണിയില്‍ പ്രത്യേകമായ താല്‍പര്യം പുലര്‍ത്തിപ്പോരുന്ന കവിയാണ് കെ. ആര്‍ ടോണി.
ഭ്രാന്ത് എന്ന അവസ്ഥയെ നിരുത്തരവാദപരമായി വാഴ്ത്തിപ്പാടുന്ന രീതി ആധുനികതയുടെ കാലത്ത് പ്രബലമായിരുന്നു. സാമാന്യബോധത്തിലും സാമാന്യയുക്തിയിലും ഉള്‍ച്ചേര്‍ന്നിരിക്കുന്ന നെറികേടുകള്‍ക്കെതിരെയുള്ള പ്രതികരണമായിട്ടാണ് അത് വന്നതെങ്കിലും പിന്നീട് അതില്‍ ഒരുതരം ബുദ്ധിശൂന്യതയും കാപട്യം തന്നെയും ഇടകലര്‍ന്നു. ടോണി ഭ്രാന്തിനെ ആഘോഷിക്കുകയല്ല, നമ്മുടെ ബോധത്തെ ഭ്രാന്തവല്‍ക്കരിക്കുന്നതിലെ നെറികേടും പരിഹാസ്യതയും ആയാസരഹിതമായി വെളിപ്പെടുത്തുകയാണ് ചെയ്യുന്നത്.
ഭ്രാന്ത് എന്ന വാക്കുകൊണ്ട് നാം സൂചിപ്പിച്ചു പോരുന്ന യാഥാര്‍ത്ഥ്യം വാസ്തവത്തില്‍ പലതാണ്. മസ്തിഷ്കത്തിനകത്ത് സംഭവിക്കുന്ന രാസപരവും അല്ലാത്തതുമായ സൂക്ഷ്മവ്യതിയാനങ്ങള്‍ സൃഷ്ടിക്കുന്ന അസന്തുലിതാവസ്ഥ കാരണം വ്യക്തിയുടെ ബോധത്തിന് സംഭവിക്കുന്നതും വ്യക്തിക്കും മറ്റുള്ളവര്‍ക്കും څഇരട്ടിയാര്‍ത്തി വരുത്തുچന്നതുമായ അവസ്ഥ മുതല്‍ വളരെ പ്രകടമായിത്തന്നെ പരിഹാസ്യമായി തോന്നുന്ന സ്വഭാവ വിലക്ഷണതകള്‍ വരെയുള്ള പലതിനെയും ഭ്രാന്ത് എന്ന വാക്ക് കൊണ്ട് നാം അര്‍ത്ഥമാക്കാറുണ്ട്. മനോവിശ്ലേഷണം വഴി അഴിക്കാവുന്ന കുരുക്കുകള്‍ മുതല്‍ ഇലക്ട്രോ കണ്‍വള്‍സീവ് തെറാപ്പിയും പലതരം മരുന്നുകളുടെ പ്രയോഗവുമെല്ലാം പരാജയപ്പെടുന്ന ദാര്‍ഢ്യം വരെ പലതും ഭ്രാന്തില്‍ ഉള്‍പ്പെടും. ഇതിനെല്ലാം പുറത്താണ് സാധാരണ മനുഷ്യര്‍ പല ഭയങ്ങളെയും സൗകര്യങ്ങളെയും മുന്‍നിര്‍ത്തി അതിജീവന തന്ത്രത്തിന്‍റെ ഭാഗമായി കൈക്കൊള്ളുന്നതും മറ്റൊരു കോണില്‍ നിന്നു നോക്കിയാല്‍ ഭ്രാന്തിന് വളരെ അരികെയെന്ന് തോന്നുന്നതുമായ നടപടികളും പെരുമാറ്റരീതികളും. ഇവ തുറന്നുകാട്ടുക എന്നത് പലതുകൊണ്ടും പ്രധാനപ്പെട്ട പ്രവൃത്തിയാണ്. കെ. ആര്‍ ടോണിയുടെ കവിത അതിന്‍റെ സ്വാഭാവിക ധര്‍മമെന്ന പോലെ ഏറ്റെടുത്തിരിക്കുന്ന പ്രവൃത്തികളില്‍ പരമപ്രധാനമാണ് ഇത്. നാട്യങ്ങളേതുമില്ലാത്തതു കൊണ്ടും കവിയുടെ സാമൂഹ്യപ്രതിബദ്ധതയുമായി ബന്ധപ്പെട്ട് നാം കേട്ടുപഴകിയ ഉള്ളടക്കത്തിന്‍റെ ചേരുവയുമായി പൊരുത്തപ്പെടാത്തതുകൊണ്ടും ഇതിന്‍റെ പ്രാധാന്യം പലരും പെട്ടെന്ന് തിരിച്ചറിയണമെന്നില്ല.
കവികളില്‍ മഹാഭൂരിപക്ഷവും ഉക്തിവൈചിത്ര്യത്തിന്‍റെ ഏതെങ്കിലുമൊരു സാധ്യത ഉപയോഗിച്ചോ ദാര്‍ശനികത ഭാവിച്ചോ, സാഹസികമായ ഒരു പ്രവൃത്തിയിലേക്കും സ്വയം എടുത്തെറിയേണ്ടതില്ലാത്ത ഗണത്തില്‍പെട്ട സൂക്ഷ്മ രാഷ്ട്രീയത്തിന്‍റെ ആളായി നടിച്ചോ, കടുത്ത സാമൂഹ്യ യാഥാര്‍ത്ഥ്യങ്ങളെ അഭിമുഖീകരിക്കുന്നതില്‍ നിന്ന് സുരക്ഷിതമായ അകലത്തിലേക്ക് പിന്‍വാങ്ങുകയാണ് ചെയ്യാറുള്ളത്. സാഹിത്യ ഗണങ്ങളില്‍ പെടുന്ന രചനകളിലൂടെയൊന്നും നിര്‍മിച്ചെടുക്കാന്‍ പറ്റാത്ത സൗന്ദര്യാനുഭവങ്ങളെ ജനിപ്പിക്കലാണ് കവിതയുടെ ധര്‍മമെന്നും അത് പദങ്ങളുടെ അസാധാരണ വിന്യാസങ്ങളിലൂടെയും സാധാരണ കാഴ്ചകളുടെ തന്നെ അപരിചിതവല്‍ക്കരണത്തിലൂടെയും അതിനൂതനമായ ബിംബങ്ങളുടെ നിര്‍മിതിയിലൂടെയുമൊക്കെ സാധിക്കേണ്ടതാണെന്നും കരുതുന്നവരാണ് വായനക്കാരിലെ ആഢ്യവിഭാഗം. ജനിച്ച വര്‍ഗവും കക്ഷിരാഷ്ട്രീയ ബന്ധവും കൊണ്ട് ഈ വിഭാഗത്തില്‍ പെടാനിടയില്ലെന്ന് പഴയകാല ധാരണകള്‍ വച്ച് ഉറപ്പിക്കാവുന്നവര്‍ പോലും ആഢ്യവിഭാഗത്തിന്‍റെ അഭിരുചികള്‍ പങ്കുവയ്ക്കുന്നവരാണിന്ന്. കേരളത്തിന്‍റെ രാഷ്ട്രീയാബോധത്തിലും സാംസ്കാരിക സങ്കല്‍പങ്ങളിലും അത്രയധികം മാറ്റങ്ങളാണ് കഴിഞ്ഞ മൂന്നുനാല് ദശകക്കാലത്തിനുള്ളില്‍ സംഭവിച്ചത്. ആശയങ്ങളും അനുഭൂതികളും ശ്വാസമടക്കിപ്പിടിച്ചതു പോലെയോ സര്‍ക്കസ് അഭ്യാസികളുടെ ചലനങ്ങള്‍ ഫ്രീസ് ചെയ്യപ്പെട്ടതു പോലെയോ നിലകൊള്ളുന്നതാണ് കവിതയെ സംബന്ധിച്ചിടത്തോളം ഏറ്റവും അഭികാമ്യമായ അവസ്ഥ എന്ന് കരുതുന്നവരാണ് തങ്ങളെന്നു തോന്നിപ്പിക്കും വിധത്തിലാണ് പല കവിതാ പ്രണയികളും അഭിപ്രായം പറഞ്ഞു കേള്‍ക്കാറുള്ളത്. കവിത വരേണ്യമായ ഒരു സാഹിത്യരൂപത്തിന്‍റെ പരിവേഷവുമായി മറ്റ് നീചസാഹിത്യരൂപങ്ങളില്‍ നിന്ന് മാറി നില്‍ക്കണമെന്നാണ് മിക്ക കവികളെയും പോലെ വ്യത്യസ്തമായ വാക്കുകളില്‍ അവരും വാദിച്ചുപോരുന്നത്.
മലയാളത്തിലെ സാഹിത്യവായനയ്ക്കു മേല്‍ ചുരുങ്ങിയ ഒരു കാലയളവിലൊഴിച്ച് (ഈ കാലയളവ് 1930 കളുടെ അവസാനം തൊട്ട് അമ്പതുകളുടെ മധ്യം വരെയാണെന്ന് പറയാം) മറ്റെല്ലായ്പ്പോഴും മേല്‍ക്കൈ നിലനിര്‍ത്തിയിരുന്ന വരേണ്യഭാവുകത്വത്തിന്‍റെ അടിവേരുകള്‍ തിരഞ്ഞു പോയാല്‍ എത്തിച്ചേരുക ആധ്യാത്മിക അനുഭൂതിയാണ് സാഹിത്യം പ്രദാനം ചെയ്യേണ്ടുന്ന പരമ പ്രധാനമായ സംഗതി എന്ന പ്രാചീനമായ തെറ്റിദ്ധാരണയിലാണ്. ഈ ആധ്യാത്മിക അനുഭൂതിയുടെ പ്രത്യയശാസ്ത്രം പ്രദീപന്‍ പാമ്പിരിക്കുന്ന് ചൂണ്ടിക്കാണിച്ചിട്ടുള്ളതു പോലെ څഭൗതികതയെ തിരസ്കരിക്കുന്ന ധ്യാനാത്മകതയുടെയും വൈയക്തികതയുടെയും ആണ്. പ്രായോഗിക ജീവിതജ്ഞാനത്തെയും സാമൂഹിക ജീവിതത്തെയും അപരമാക്കി നിര്‍ത്തിയാണ് ഈ മുഖ്യധാര വികസിപ്പിക്കപ്പെട്ടത്.چ ധദലിത് സൗന്ദര്യശാസ്ത്രം (2011) പേജ് - 11പ. ആധുനികതയുടെ കാലത്ത് കാമു, കാഫ്ക, സാമുവല്‍ ബക്കറ്റ്, അയനസ്കോ, റില്‍ക്കെ, റിംബോ തുടങ്ങിയവരെപ്പറ്റിയെല്ലാം വാചാലരായപ്പോഴും ഈ ധാരയുമായുള്ള ബന്ധം നിലനിര്‍ത്തിക്കൊണ്ടു പോന്നു നമ്മുടെ നിരൂപകര്‍. പുറമെ സ്ഫോടനാത്മകമായ ഒരു നൂതനഭാവുകത്വത്തിന്‍റെ പ്രതിനിധികളായി ഭാവിക്കുന്നതില്‍ അന്ന് അവര്‍ വിജയിച്ചുവെങ്കിലും യാഥാസ്ഥികതയുമായി അകമേ അവര്‍ സൂക്ഷിച്ചു പോന്ന ആത്മബന്ധത്തെ കുറിച്ച് ഇന്ന് നമുക്ക് കൃത്യമായി അറിയാം. അത്രയുമല്ല അവരുടെ ധാരണകള്‍ക്കും നിലപാടുകള്‍ക്കും തുടര്‍ച്ച സൂക്ഷിക്കാനുള്ള വെമ്പല്‍ ഏറ്റവും പുതിയ ചില കവികളില്‍പ്പോലും ശക്തമായി നിലനില്‍ക്കുന്നുണ്ടെന്നതിനെ കുറിച്ചും നമുക്ക് സംശയമില്ല.
ആത്മീയാനുഭൂതിയുമായുള്ള പരസ്യമോ രഹസ്യമോ ആയ എല്ലാ ബന്ധങ്ങള്‍ക്കുമെതിരായ നെഞ്ചുവിരിച്ചുള്ള നില്‍പാണ് ടോണിയുടേത്.
ڇആത്മാവിനേക്കാള്‍ പരമാര്‍ത്ഥമായുള്ള -
തുപ്പുമാവാണെന്നറിക സഹോദരാڈ (അന്ധകാണ്ഡം)
എന്നുള്ള വരികള്‍ ആ ചങ്കുറപ്പിന്‍റെ പച്ച മലയാളത്തിലുള്ള ഒരു പ്രഖ്യാപനം മാത്രം. അനുഭവനിഷ്ഠമായ അറിവിനെ ഓരത്തേക്ക് തള്ളിമാറ്റി എന്തിനും ഏതിനും മേല്‍ ആധികാരികത ഭാവിക്കാനായുന്ന ആശയങ്ങളെയും, കവിതയുടെ സൗന്ദര്യത്തെയും കവിത ജന്മം നല്‍കേണ്ട അനുഭൂതികളെയും കുറിച്ച് സാഹിത്യത്തിന്‍റെ സ്വയം പ്രഖ്യാപിത അധികാരികള്‍ പ്രചരിപ്പിച്ചു വരുന്ന പരമ്പരാഗതവും അല്ലാത്തതെന്ന് നടിക്കുന്നതുമായ എല്ലാ പരികല്‍പനകളെയും, സങ്കോചത്തിന്‍റെ നേരിയ സൂചന പോലുമില്ലാതെ തട്ടിയെറിഞ്ഞ് മുന്നേറാനുള്ള ആര്‍ജവത്തിന്‍റെ തെളിഞ്ഞ അടയാളങ്ങള്‍ ടോണിയുടെ ഏത് കവിതയിലും കാണാം.
ഈ കവിതകളുടെ സ്വഭാവം څപ്രതികവിതچ എന്ന പ്രയോഗം കൊണ്ട് വളരെ കൃത്യമായും സംഗ്രഹീതമായും സൂചിപ്പിച്ചു കളയാമെന്നത് വ്യാമോഹം മാത്രമാണ്. കവിതയില്‍ പ്രാമുഖ്യം പുലര്‍ത്തിപ്പോരുന്ന ഏതെങ്കിലും രീതിക്കോ രീതികള്‍ക്കോ പാരഡി തീര്‍ക്കുകയല്ല ടോണി ചെയ്തു പോന്നിട്ടുള്ളത്. ഈ മാധ്യമവുമായി ബന്ധപ്പെട്ട പല തെറ്റിദ്ധാരണകളുടെയും സമ്പൂര്‍ണ നിരാകരണം ഒരു ദൗത്യമായി ഏറ്റെടുത്തതുപോലെയാണ് ടോണിയുടെ ഒട്ടുവളരെ കവിതകളുടെയും നില്‍പ്.
ലോകത്തിലെ മറ്റ് പല ഭാഷകളിലും ഈയൊരു നിലപാട് സ്വീകരിച്ചിട്ടുള്ള പല കവികളും ഉണ്ടാവാം. മലയാളികള്‍ക്ക് ഈ ഗണത്തില്‍പെടുന്ന കവികളില്‍ ഏറെ പരിചയമുള്ളത് ചിലിയന്‍ കവിയായ നിക്കോനാര്‍ പാറയെയാണ്. څഘലേ വേല യശൃറെ ശെിഴ ാമി മേഹസെچ എന്നു പറഞ്ഞ പാറ.
(തുടരും)
No comments:
Post a Comment