ചെറുകഥ
നാരായണന്‍കുട്ടി വളരെ ആലോചിച്ചതിനു ശേഷമാണ് ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചത്.
സാധാരണയായി നാം കേള്‍ക്കാറുള്ള മിക്കവാറും എല്ലാ ആത്മഹത്യാ കേസുകളും എന്തെങ്കിലും പെട്ടെന്നുണ്ടാകുന്ന വിഷമത്തില്‍ നിന്നോ മയക്കുമരുന്നിന് അടിമയായി താന്‍ എന്താണ് ചെയ്യുന്നത് എന്ന് അറിയാതെയോ സംഭവിക്കുന്നതാണ് എന്ന് നമുക്കറിയാം.
എന്നാല്‍ നാരായണന്‍കുട്ടിയുടെ തീരുമാനം ഈ രീതിയില്‍ പൊടുന്നനെ ഉണ്ടായതല്ല.
മിക്ക ആത്മഹത്യാ കേസുകളിലും അവര്‍ മരിക്കേണ്ട ഒരു കാരണവും ഉണ്ടായിരുന്നില്ല എന്ന് കൃത്യമായി അന്വേഷിച്ചാല്‍ നമുക്ക് മനസ്സിലാക്കാം.
എന്നാല്‍ നാരായണന്‍കുട്ടിയുടെ കേസില്‍ അങ്ങനെയല്ല എന്ന് അദ്ദേഹത്തിന്‍റെ കഥ കേള്‍ക്കുമ്പോള്‍... നമുക്ക് മനസ്സിലാകും.
നാരായണന്‍കുട്ടിയുടെ ബയോഡാറ്റയും ജീവചരിത്രവും ചുരുക്കി പറയാം.
പൂഞ്ഞാര്‍ പ്രദേശത്ത് ഒരു അധ്യാപകന്‍റെ ഏകമകനായിരുന്നു നമ്മുടെ നായകന്‍. പഠിത്തത്തിലും കളികളിലും കലോത്സവത്തിലും എല്ലാം മിടുക്കനായിരുന്നു. മിക്കതിലും ഒരു സ്ഥാനം കിട്ടുമായിരുന്നു. പക്ഷെ ഒരിടത്തും ഒന്നാമനും രണ്ടാമനും ആവില്ല. ഒരു ബി -1 ഗ്രേഡ്.
പാലായില്‍ സെന്‍റ് തോമസ് കോളെജില്‍ രാഷ്ട്രീയത്തിലും പ്രേമത്തിലും ഇതേ അനുഭവം ആണ് ഉണ്ടായത്.
രണ്ടു കൊല്ലം നീണ്ടുനിന്ന ഒരു പ്രേമം നടത്തി. അതിരാവിലെ തന്നെ എഴുന്നേറ്റ് നേരത്തെ ഉള്ള ബസ്സില്‍ പാലായിലെത്തി. അല്‍ഫോന്‍സ കോളെജ് പെണ്‍കുട്ടികളില്‍ ഒരു സുന്ദരിയെ തിരഞ്ഞെടുത്ത് അവള്‍ വരുന്ന സമയം നോക്കി രണ്ടുകൊല്ലം കാത്തുനിന്നു പ്രേമിച്ചു.
അവസാനം കോളെജ് ജീവിതം അവസാനിച്ച ദിവസം അവള്‍ പറഞ്ഞു.
മറ്റൊന്നും തോന്നരുത്. നാരായണന്‍കുട്ടിയുടെ കൃത്യനിഷ്ഠ എനിക്ക് എന്നും ഓര്‍മയില്‍ ഉണ്ടാകും.
അവള്‍ ഒരു കാര്യം ചെയ്തു തന്‍റെ വിവാഹ സമയം ക്ഷണക്കത്ത് നാരായണന്‍കുട്ടിക്ക് അയക്കാന്‍ മറന്നില്ല.
കോളെജ് വിട്ടതിനു ശേഷം ഇപ്പോള്‍ നാലു കൊല്ലമായി. അദ്ദേഹം പരീക്ഷിക്കാത്ത പരിപാടികളില്ല. ഐ. എ. എസ് മുതല്‍ ഒരുപാട് പരീക്ഷകളില്‍ ശ്രമിച്ചു. പല ബിസിനസുകളും നോക്കി. രണ്ടു മൂന്നു ചെറിയ ജോലികള്‍ക്ക് കയറി. സിനിമയില്‍ അഭിനയിക്കാന്‍ പോലും ശ്രമിച്ചു. അവസാനം ഒരു കാര്യം മനസ്സിലായി... തനിക്ക് കഴിവുണ്ട്. പരിശ്രമിക്കാന്‍ വാശിയുമുണ്ട്. പക്ഷെ ഭാഗ്യമില്ല.
ഇതില്‍ നിന്ന് രക്ഷപ്പെടാന്‍ ഒരു മാര്‍ഗമുണ്ട്... അതും നാരായണന്‍കുട്ടി ആലോചിക്കാതെ ഇരുന്നില്ല. വിവാഹം കഴിക്കുക.
പക്ഷെ എന്തെങ്കിലുമൊരു സ്റ്റാറ്റസ് ഇല്ലാതെ കല്യാണം കഴിക്കുന്നത് കൂടുതല്‍ പ്രോബ്ലംസ് സൃഷ്ടിക്കുകയെ ഉള്ളുവെന്ന പരമസത്യം ഉള്ളത് കാരണം നാരായണന്‍കുട്ടി ആ ഓപ്ഷന്‍ വേണ്ട എന്ന് വച്ചു.
നാരായണന്‍കുട്ടി ഒരു കാര്യം തീര്‍ച്ചപ്പെടുത്തി. തന്‍റെ ജീവിതമോ ബോറായി. പക്ഷെ മരണം അതുപോലെ ആകരുത്. അത് ഒരു സംഭവം ആയിരിക്കണം.
അപ്പോഴാണ് അദ്ദേഹം മോഹന്‍ലാലിന്‍റെ സൂപ്പര്‍ സിനിമ ദൃശ്യം കണ്ടത്. അദ്ദേഹത്തിന് സിനിമ വളരെ പ്രചോദനം നല്‍കി. മരണം പാറമടയില്‍.
ശവം നാലോ അഞ്ചോ ദിവസം കഴിഞ്ഞ് ആരുടേതെന്ന് തിരിച്ചറിയാന്‍ വയ്യാത്ത വിധമേ പൊങ്ങുവാന്‍ പാടുള്ളൂ. അപ്പോഴേക്കും ഇതൊരു കൊലപാതകമാണെന്ന് വാര്‍ത്തകള്‍ വരണം. ചാനല്‍ ചര്‍ച്ച വരണം.
തന്‍റെ അച്ഛനുമമ്മയും ഒന്നും അറിയരുത്...
ഒരു മാസം കഴിഞ്ഞു തന്‍റെ മരണം ഒരു ആത്മഹത്യ ആയിരുന്നു എന്ന് ലോകം മനസ്സിലാക്കണം.
രണ്ടു മാസത്തെ സൂക്ഷ്മമായ പ്ലാനിംഗിനു ശേഷം നാരായണന്‍കുട്ടി അച്ഛനോടും അമ്മയോടും രണ്ടാഴ്ചത്തേക്ക് താന്‍ ഒരു സ്നേഹിതന് സഹായിയായി ഒരു സിനിമ തിരക്കഥ എഴുതാനായി തമിഴ്നാട്ടിലെ ഒരു റിസോര്‍ട്ടില്‍ മൊബൈല്‍ കണക്ഷന്‍ പോലുമില്ലാത്ത ഏകാന്തതയില്‍ ആയിരിക്കുമെന്ന് പറഞ്ഞു വിശ്വസിപ്പിച്ചു.
അവര്‍ക്ക് സന്തോഷമായി ഇപ്പോഴെങ്കിലും ഇവന്‍ നന്നാകാന്‍ പോകുന്നുണ്ടല്ലോ എന്ന് സമാധാനിച്ചു.
അമ്പലത്തില്‍ വഴിപാട് നടത്തി അനുഗ്രഹിച്ചു യാത്ര അയച്ചു.
60 കിലോമീറ്റര്‍ ദൂരെയാണ് സെലക്ട് ചെയ്ത പാറമട. ആ വഴിയില്‍ രാത്രിയില്‍ ഒരു സര്‍വീസ് ബസ് മാത്രമെ പോകാറുള്ളു.
പരിചയമുള്ള ആരും കാണാതിരിക്കാനായി വെളിച്ചം ദുഃഖമാണുണ്ണി തമസ്സല്ലോ സുഖപ്രദം എന്ന കവിതയിലെ പോലെ നാരായണന്‍കുട്ടി രാത്രിയില്‍ രണ്ട് ബസ്സ് മാറിക്കയറി തന്‍റെ നാടിനോട് യാത്ര പറഞ്ഞു.
തന്‍റെ ലക്ഷ്യസ്ഥാനത്തേക്ക് ഉള്ള രാത്രി ബസ് കയറുന്നതിനുമുമ്പ് വെറും സാധാരണ ഒരു കൈലിയും ഷര്‍ട്ടും തോളിലൊരു നിറമുള്ള തോര്‍ത്തും മാത്രമാക്കി വേഷം. ബസ്സില്‍ ആരും അയാളെ ശ്രദ്ധിച്ചില്ല... പക്ഷെ ഒരു അപകടം സംഭവിച്ചു. മൂന്നുമണിയോടെയാണ് ബസ് നാരായണന്‍കുട്ടിയുടെ ആത്മഹത്യ പാറമടയുടെ ഏറ്റവും അടുത്തുള്ള സ്റ്റോപ്പില്‍ എത്തേണ്ടത്. ബസ് കൃത്യമായി എത്തി. പക്ഷെ നാരായണന്‍കുട്ടി നല്ല ഉറക്കമായിരുന്നു. വേറെ ആരും ഇറങ്ങാന്‍ ഇല്ലാത്തതു കാരണം ബസ് അവിടെ നിര്‍ത്താതെ പോയി.
നാരായണന്‍കുട്ടി ഇടയ്ക്ക് ഒന്നു ഞെട്ടിയുണര്‍ന്നു കണ്ടക്ടറോട് ചോദിച്ചപ്പോള്‍ ബസ് നാലഞ്ച് കിലോമീറ്റര്‍ പിന്നിട്ടിരുന്നു... അവിടെ ഒരു ചെറിയ ബസ്റ്റോപ്പില്‍ ഇറങ്ങി. ഇരുട്ടില്‍ വഴിയറിയാതെ തിരികെ അഞ്ചു കിലോമീറ്ററോളം നടക്കണം എന്ന വിഷമത്തില്‍ ഏതായാലും നേരം വെളുക്കട്ടെ എന്ന് തീര്‍ച്ചപ്പെടുത്തി. അവിടെ ഒരു ബെഞ്ചില്‍ കിടന്നുറങ്ങി.
രാവിലെ എഴുന്നേറ്റ് കുറച്ചുദൂരം പോയി കാണും ഒരു വലിയ വീടും പറമ്പും കണ്ടു അവിടെത്തന്നെ കാലും മുഖവും കഴുകി കുറച്ചു വെള്ളം കുടിക്കാം എന്ന് തീര്‍ച്ചപ്പെടുത്തി ഗേറ്റിനടുത്ത് നില്‍ക്കുകയായിരുന്നു. പെട്ടെന്ന് ഒരു ശബ്ദം കേട്ടു, ഗേറ്റിന് അപ്പുറത്ത് പറമ്പില്‍ നിന്ന് ഒരു വലിയമ്മ.
ആരാടാ അവിടെ?
എന്താടാ?
നാരായണന്‍കുട്ടി പാറമടയില്‍ തൊഴില്‍ അന്വേഷിച്ച് അലഞ്ഞു വന്ന നിരക്ഷരനായ ദരിദ്രനായി നന്നായി അഭിനയിച്ചു.
രാവിലെ എഴുന്നേറ്റാല്‍ പല്ലുതേച്ച് മുഖം കഴുകി ഒരു ചായ കുടിക്കണം. അത് കിട്ടിയില്ലെങ്കില്‍ ആകെ ശല്യമാണ്... അത് ഒപ്പിക്കണം. പിന്നെ പാറയിലേക്കുള്ള വഴി ഒന്നുകൂടി കണ്‍ഫോം ചെയ്യണം. അനുകമ്പ നേടുന്ന ദയനീയത വരുത്തി.
പക്ഷെ അത് പശ്ചാത്തലം അറിയാതെ ഡയലോഗ് മെനയുന്ന തിരക്കഥാകൃത്ത് പരിപാടി പോലെ ആയി.
എട്ടു പത്തേക്കര്‍ വിശാലമായ തോട്ടവും പറമ്പും. സാമാന്യം വലിയ പഴയ കെട്ടിടം... കുറച്ച് അകലെയായി ഒരു വലിയ ഷെഡ്ഡും സ്റ്റോറും അതിനടുത്ത് തൊഴുത്തും കോഴികളും.
ആ വീട്ടില്‍ അടുക്കള ജോലിക്കാരിയെ കൂടാതെ വീട്ടുജോലിക്കും പറമ്പില്‍ കൃഷിക്കും എല്ലാം കൂടി മൂന്ന് സ്ഥിരം ജോലിക്കാര്‍ ഉണ്ട്. ഗൃഹനാഥന് 70 വയസ്സായി. എഴുന്നേറ്റ് നടക്കാന്‍ വിഷമമാണ്. വലിയമ്മയാണ് വീട്ടുഭരണം മുഴുവന്‍... രണ്ടു മക്കളും അവരുടെ കുടുംബവും എല്ലാം അമേരിക്കയിലാണ്.
വലിയമ്മ നാരായണന്‍കുട്ടിയെ സൂക്ഷിച്ചുനോക്കി എന്നിട്ട് പറമ്പിലേക്ക് തിരിഞ്ഞു ഉറക്കെ വിളിച്ചു പറഞ്ഞു.
കുഞ്ഞച്ചാ എവിടാ, ഒന്നിങ്ങോട്ടു വാ.
അര മിനിറ്റ്. കറുത്ത, കുള്ളനായ ഒരു 50 വയസ്സുകാരന്‍ ഒരു നീണ്ട മുളവടിയുമായി പ്രത്യക്ഷപ്പെട്ടു.
വലിയമ്മ നാരായണന്‍കുട്ടിയെ ചൂണ്ടി പറഞ്ഞു.
ഇവന്‍ ഇവിടെ ജോലിക്ക് വന്നതാ... രണ്ടു മൂന്നു ദിവസം ഇവിടെ നോക്കട്ടെ. ഇവനെ കൂട്ടിക്കൊണ്ടുപോയി എന്തൊക്കെ അറിയാമെന്ന് നോക്കിയിട്ട് വേണ്ട പോലെ ചെയ്യ്.
വലിയമ്മ നാരായണന്‍കുട്ടിയുടെ നേരെ തിരിഞ്ഞു. നീ ഇപ്പോള്‍ തന്നെ പണി തുടങ്ങിക്കോ. എന്താ ചെയ്യേണ്ടതെന്ന് കുഞ്ഞച്ചന്‍ പറഞ്ഞു തരും. ഇവിടെ ആ ഷെഡ്ഡില്‍ കിടക്കാം. തിന്നാനും കുടിക്കാനും അടുക്കളയില്‍ കിട്ടും. നിനക്ക് ഇപ്പം ദിവസം 400 രൂപ വച്ച് തരും. നന്നായി പണിയെടുക്കുന്നു എന്ന് കണ്ടാല്‍ അതിനനുസരിച്ച് ശമ്പളം കൂടും.
നാരായണന്‍കുട്ടിക്ക് മിണ്ടാന്‍ പോലും സമയം കിട്ടിയില്ല. വലിയമ്മ തിരിഞ്ഞു വീട്ടിലേക്ക് പോയി.
കുഞ്ഞച്ചന്‍ വടി ചൂണ്ടി പറഞ്ഞു.
വാ, നമുക്ക് ഒരു ചായ കുടിച്ചിട്ട് തുടങ്ങാം.
നാരായണന്‍കുട്ടിക്ക് അനുസരിക്കുകയല്ലാതെ മറ്റൊരു മാര്‍ഗവും ഇല്ലായിരുന്നു.
അടുത്ത നാല് ദിവസം നാരായണന്‍കുട്ടിയെ സംബന്ധിച്ചിടത്തോളം തന്‍റെ ചുറ്റുപാടും എപ്പോഴും ഉണ്ടായിരുന്ന താന്‍ ഇപ്പോഴും കണ്ടുകൊണ്ടിരിക്കുന്ന പലതും നോക്കിയിരുന്നില്ല എന്ന് മനസ്സിലാക്കിയ ഒരു വല്ലാത്ത അനുഭവമായിരുന്നു.
കൃഷിയെപറ്റിയും വളത്തെപറ്റിയും കാലവര്‍ഷത്തെ പറ്റിയും കന്നുകാലികളെ കുറിച്ചും റബ്ബറിനെ കുറിച്ചും വാഴകളെ കുറിച്ചും എന്നുവേണ്ട കാര്‍ഷിക മേഖലയിലെ നൂറായിരം ചെറുവിത്തുകള്‍ ഒരു ആധുനിക ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് പോലെ നാരായണന്‍കുട്ടിയുടെ ഉള്ളിലേക്ക് കയറി.
ഇവയെക്കുറിച്ചു മാത്രം സംസാരിച്ചുകൊണ്ടിരുന്ന ഗുരുവിന്‍റെ ആജ്ഞയനുസരിച്ച് ജീവിതത്തില്‍ ആദ്യമായി നാരായണന്‍കുട്ടി തൂമ്പയും കോടാലിയും കുടവും ചൂലും ചെളിയും ചെടികളും പക്ഷികളും പശുക്കളും എല്ലാമായി ഒരു അത്ഭുതകരമായ ആവേശം നല്‍കിയ ലോകത്തിലേക്ക് പ്രവേശിച്ചു...
നാരായണന്‍കുട്ടി ആത്മഹത്യയുടെ കാര്യം മറന്നു.
എന്നും വൈകീട്ട് ആകുമ്പോഴേക്കും ആകെ തളര്‍ന്നു ഒരു കുളി കഴിഞ്ഞ് കിട്ടിയ ഭക്ഷണം കഴിച്ചു കിടക്കുന്നത് മാത്രം അറിയാം.
അഞ്ചാം ദിവസം രാവിലെ കെട്ടിടത്തിലെ സ്വീകരണമുറി വൃത്തിയാക്കല്‍ ആയിരുന്നു ജോലി.
അവിടെ ഫോട്ടോകള്‍ തൂക്കിയിട്ടിരുന്നു. അതില്‍ ഒരു ഫോട്ടോ കണ്ടപ്പോള്‍ നാരായണന്‍കുട്ടി ഞെട്ടിപ്പോയി. തന്‍റെ ബി എസ്സി ഫൈനല്‍ ഇയര്‍ ഗ്രൂപ്പ് ഫോട്ടോ.
നാരായണന്‍കുട്ടിക്ക് ഒരു തീരുമാനം എടുക്കാന്‍ ഒരു നിമിഷം കൂടി വേണ്ടി വന്നില്ല. ദൈവമേ, ഈ വലിയമ്മയുടെ മകന്‍ തന്‍റെ ക്ലാസ്മേറ്റ് ആണ്.
പിന്നെ ഒട്ടും താമസിച്ചില്ല. നാരായണന്‍കുട്ടി ആരോടും യാത്ര പറയാതെ ആരും കാണാത്ത വിധത്തില്‍ റോഡിലെത്തി ആദ്യം കണ്ട ബസ്സില്‍ കയറി. വലിയമ്മ തന്ന ശമ്പളം ആയിരം രൂപ കൈയില്‍ ഉണ്ടായിരുന്നു. സന്ധ്യയോടെ നാരായണന്‍കുട്ടി തന്‍റെ വീട്ടിലെത്തി.
അമ്മ അത്ഭുതത്തോടെ ചോദിച്ചു. തിരക്കഥയെഴുത്ത് പെട്ടെന്ന് തീര്‍ന്നു അല്ലേ? നന്നായി.
നാരായണന്‍കുട്ടി ചിരിച്ചു.
കഥയുടെ അവസാന ഭാഗം മാറ്റേണ്ടി വന്നു. അതുകൊണ്ട് എളുപ്പം തിരിച്ചുവരാന്‍ പറ്റി. അടുത്ത ദിവസം നാരായണന്‍കുട്ടി അമ്മയോടും അച്ഛനോടും പറഞ്ഞു.
ഞാന്‍ കൃഷി തുടങ്ങാന്‍ പോവുകയാണ്.
ഈ സമയം തന്‍റെ പുതിയ ജോലിക്കാരന്‍ കാണാതായതിനെ കുറിച്ച് വലിയമ്മ കുഞ്ഞച്ചനോട് ചോദിച്ചു.
കുഞ്ഞച്ചന്‍ പറഞ്ഞു.
നമ്മളോട് കള്ളം പറഞ്ഞതാ അവന്‍. കോളെജില്‍ പഠിച്ചിട്ടുണ്ട്, എനിക്ക് ആദ്യ ദിവസം തന്നെ മനസ്സിലായി. അവനു ഒരു വിവരവുമില്ല. അത് കണ്ടപ്പോഴെ എനിക്ക് സംശയം തോന്നി അവന്‍ കോളെജില്‍ പഠിച്ചിട്ടുണ്ട് എന്ന്.
No comments:
Post a Comment