താങ്കളെ കവിത എഴുതാന്‍ പ്രേരിപ്പിച്ചത് വായനാനുഭവമാണോ അതോ സ്വാഭാവികമായുണ്ടായ പ്രേരണയോ; താങ്കള്‍ എങ്ങനെയാണ് എഴുത്തിനെ തിരഞ്ഞെടുത്തത്?
വായന, സ്വാഭാവികമായ പ്രേരണ ഇവയൊക്കെ മറികടന്ന് മറ്റൊരു കാര്യവും ഉള്ളതായി ഞാന്‍ വിചാരിക്കുന്നു. ചെറുപ്പം മുതല്‍ക്കേ എന്നെ പിന്തുടര്‍ന്നുവരുന്ന ഏകാന്തതാബോധം കവിതയുടെ കരങ്ങള്‍ പിടിക്കാന്‍ കാരണമായിരിക്കുന്നു. രചനാ പ്രവര്‍ത്തികള്‍ക്ക് അടിസ്ഥാനമായിരിക്കുന്നത് മനസ്സില്‍ കുടികൊണ്ടിരിക്കുന്ന ഒരുതരം അനാഥത്വ ബോധമാണ്. സുഹൃത്തുക്കളോടൊപ്പവും ബന്ധുക്കളോടൊപ്പവും ചേര്‍ന്നിരുന്നപ്പോഴും മനസ്സിനകത്ത് ഉറച്ചുകിടക്കുന്ന ഈ അനാഥത്വബോധത്തിന് ഒരു കൈവഴി ആവശ്യമായി വരുന്നു. അതാണ് രചനകളായി രൂപം കൊള്ളുന്നത്. അനാഥത്വബോധത്തില്‍ നിന്നും അല്‍പമെങ്കിലും മോചനം നേടി വന്ന് ഈ ജീവിതത്തിന്‍റെ സൗന്ദര്യം ദര്‍ശിക്കുവാന്‍ കവിതയാണ് എനിക്ക് തുണയായിരിക്കുന്നത്. എന്‍റെ കവിതകള്‍ എന്‍റെ ആത്മാവിന്‍റെ ശബ്ദമല്ലാതെ മറ്റൊന്നുമല്ല.
ജീവിതത്തിലെ ഒരു അനുഭവം അല്ലെങ്കില്‍ ഒരു സംഭവം മാത്രം പങ്കുവയ്ക്കുന്നത് കവിതയാകുമോ?
പുരുഷാധിപത്യ സമൂഹത്തെ മറികടന്ന് ഒരു സ്ത്രീ തന്‍റെ കൃതികളിലൂടെ തിരിച്ചറിയപ്പെടുന്നു എന്നത് പ്രയാസകരമായ കാര്യമല്ലെ; നിങ്ങളുടെ അനുഭവത്തെക്കുറിച്ച്?
മനുഷി: പുരുഷാധിപത്യ സമൂഹത്തിനകത്തിരുന്നു കൊണ്ട് സ്ത്രീക്ക് രചനകള്‍ നിര്‍വഹിക്കുക എന്നത് വലിയ വെല്ലുവിളി തന്നെയാണ്. കുടുംബത്തിന്‍റെ കെട്ടുറപ്പ്, ഉത്തരവാദിത്തം, കുടുംബബന്ധങ്ങള്‍ ഒക്കെ സ്ത്രീക്ക് വലിയ ഭാരമാണ്. വിവിധ മേഖലകളില്‍ സ്ത്രീകള്‍ കാലുറപ്പിച്ച് നേട്ടങ്ങള്‍ കൈവരിച്ചുകൊണ്ടിരുന്നാലും കൂടി ഈ ഭാരം ഒഴിയുന്നില്ല. കലാ-സാഹിത്യ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ പലതരം തടസ്സങ്ങള്‍ മറികടന്നിട്ടാണ് അവരുടെ സ്ഥാനം ഉറപ്പിക്കുന്നത്, അവര്‍ അംഗീകാരം നേടുന്നത്. എന്നാല്‍ അത് അത്രയ്ക്ക് എളുപ്പമല്ല. സ്ത്രീകളുടെ രചനകള്‍ക്ക് ലഭിക്കുന്ന അംഗീകാരം എന്നത് അവരുടെ സ്വാതന്ത്ര്യ (വിമോചന) ശബ്ദത്തിനായുള്ള അംഗീകാരമാണ്.
എന്നെ സംബന്ധിച്ചിടത്തോളം പ്രയാസകരം എന്നത് സാഹിത്യ ചുറ്റുപാടിലുള്ള സംഘരാഷ്ട്രീയം തന്നെയാണ്. ആരുടെ രചന പൊതുസമൂഹത്തില്‍ സംസാരിക്കണം, ആരുടെ രചന അവഗണിച്ച് മൗനം പാലിക്കണം എന്നതില്‍ വലിയ സംഘരാഷ്ട്രീയം പ്രവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നു. അതിനെയൊക്കെ മറികടന്ന്, എന്‍റെ കവിതകള്‍ക്ക് ഞാന്‍ സത്യമായിരിക്കുന്നു. അതാണ് എനിക്കുള്ള അംഗീകാരത്തെ വായനക്കാരുടെ മദ്ധ്യേ സൃഷ്ടിച്ചു നല്‍കുന്നത്. ആര് വായിക്കുന്നു, ആര് കൊണ്ടാടുന്നു, ആര് വിമര്‍ശിക്കുന്നു, ആര് അവഗണിക്കുന്നു എന്നതൊന്നും പ്രശ്നമല്ല.
ലിംഗഭേദമില്ലാത്തതാണ് നല്ല കവിത എന്നതിനോട് യോജിക്കുന്നുണ്ടോ?
മനുഷി: ലിംഗഭേദമറ്റതാണ് നല്ല കവിത എന്നൊന്നും പറയില്ല. എന്നാല്‍, കവിതയെ ലിംഗഭേദങ്ങള്‍ കൊണ്ട് ആഘോഷിക്കുന്നതിനെയും, നിരാകരിക്കുന്നതിനെയും ഞാന്‍ എതിര്‍ക്കുന്നു. എഴുതുമ്പോള്‍ എഴുതുന്ന ആ മാനസീകാവസ്ഥ ലിംഗഭേദമറ്റതായിരിക്കണം. ലിംഗഭേദമറ്റവരായി ഇരുന്ന് എഴുതുമ്പോള്‍ അങ്ങനെയുള്ള ലിംഗ അടയാളത്തെ മറികടന്ന് കവിത എഴുതുവാന്‍ സാധിക്കും. എന്തുകൊണ്ടെന്നാല്‍ കവിത എന്നത് അനുഭവത്തില്‍ നിന്നുമുള്ളതാണ്. അനുഭവത്തിന് സ്ത്രീയെന്നോ പുരുഷനെന്നോ വ്യത്യാസങ്ങളില്ല. ചില അനുഭവങ്ങള്‍ അങ്ങനെ ഉണ്ടായേക്കാം. സിദ്ധാന്തം എന്ന അതിര്‍വരമ്പു വച്ചുകൊണ്ട് കവിത എഴുതുന്നതിനോട് ഞാന്‍ യോജിക്കുന്നില്ല.
കവിത മാത്രമല്ല, പൊതുവായി സാഹിത്യം എന്നത് ജാതി, മത, വര്‍ഗ, ലിംഗ അടയാളങ്ങള്‍ കടന്ന് മനുഷ്യത്വത്തെക്കുറിച്ച് പറയുന്നതായിരിക്കണം. എന്നാല്‍, ഒന്നു ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു. തമിഴ് പുതു സാഹിത്യത്തില്‍ പെണ്ണെഴുത്ത്, ആണെഴുത്ത്, ദലിത് എഴുത്ത്, ട്രാന്‍സ്ജെന്‍റര്‍ എഴുത്ത് എന്നൊക്കെ വേര്‍തിരിച്ച് സാഹിത്യത്തെ ഒറ്റപ്പെടുത്തേണ്ടതില്ല. പുതു സാഹിത്യം, പുതു എഴുത്ത്, പുതുക്കവിത. അത്രതന്നെ.
തമിഴ് പുതുക്കവിതകളില്‍, പുരുഷന്‍റെ രചനകളില്‍ സ്ത്രീയെ എങ്ങനെയാണ് ചിത്രീകരിക്കേണ്ടത് എന്നാണ് വിചാരിക്കുന്നത്?
മനുഷി: പൊതുവായി പുരുഷന്‍ എന്ന ബിംബത്തെ ഉപേക്ഷിച്ചിട്ട് ഒരു പെണ്ണിനെ കവിതയ്ക്കകത്ത് എഴുതുക എന്നത് വെല്ലുവിളിയായ കാര്യമാണെന്നു വിചാരിക്കുന്നു. പുരുഷന്മാര്‍, സ്ത്രികളെക്കുറിച്ച് എഴുതുന്നതില്‍ രണ്ടു കാര്യങ്ങള്‍ ഉണ്ട്. ഒന്ന്, സ്ത്രീവര്‍ഗത്തിന്‍റെ ദുഃഖങ്ങളില്‍ പരിതപിക്കല്‍. മറ്റൊന്ന്, തനിക്ക് അനുകൂലമായ സ്വതന്ത്രസ്ത്രീയെ സൃഷ്ടിക്കല്‍. അവരെ സ്വീകരിക്കുന്ന സ്ത്രീ ലോകത്തെയാണ് ഭൂരിപക്ഷം പുരുഷന്മാരും പറഞ്ഞിരിക്കുന്നത്. അതായത്, പുരുഷന്‍ എന്ന ഇടത്തില്‍ നിന്ന് സ്ത്രീയെ കാണല്‍. അങ്ങനെയുള്ള കവിതകളുടെ പൊള്ളത്തരം വേഗത്തില്‍ പിടിക്കപ്പെടും. ഓരോ പുരുഷന്‍റെ ഉള്ളിലും ഒരു സ്ത്രീ ഉണ്ട് എന്ന് പറയപ്പെടുന്നു. പുരുഷന്മാര്‍, സ്ത്രീകളുടെ ലോകത്തെക്കുറിച്ച് എഴുതുമ്പോള്‍, തന്‍റെയുള്ളിലുള്ള പുരുഷനെ ഉറക്കിക്കിടത്തി, സ്ത്രീയെ ഉണര്‍ത്തുമ്പോള്‍ അതില്‍ അല്‍പം യഥാര്‍ത്ഥ സ്ത്രീ വെളിപ്പെടും.
കവിതയില്‍ താങ്കള്‍ക്ക് ഉപേക്ഷിക്കാനാവാത്ത അംശം എന്താണെന്നാണ് കരുതുന്നത്?
മനുഷി: അങ്ങനെ ഞാന്‍ കരുതുന്നത് സ്നേഹമാണ്. ദ്രോഹത്തെ കടന്നുപോകുന്ന മനഃപക്വതയെ തരുന്ന അപാര സ്നേഹം.
അന്യ സംസ്ഥാനങ്ങളില്‍ കവിത ചൊല്ലുവാന്‍ പോകുമ്പോള്‍ ലഭിക്കുന്ന അനുഭവങ്ങളില്‍ പ്രധാനപ്പെട്ടത് എന്താണ്?
മനുഷി: 2015 ല്‍ ഷില്ലോങ്ങില്‍ നടന്ന സാഹിത്യ അക്കാദമിയുടെ യുവ എഴുത്തുകാരുടെ കൂട്ടായ്മയില്‍ പങ്കെടുത്തുകൊണ്ട് ڇഞാന്‍ എന്തിനാണ് എഴുതുന്നത്?ڈ എന്ന വിഷയത്തെക്കുറിച്ച് സംസാരിക്കുവാന്‍ എന്നെ ക്ഷണിച്ചിരുന്നു. എന്‍റെ ആദ്യത്തെ അന്യസംസ്ഥാന യാത്രയായിരുന്നു അത്. അവിടെ വായിച്ച കവിതകള്‍, ചെറുകഥകള്‍ ഒക്കെ കേട്ടപ്പോള്‍ കവിതയിലും ചെറുകഥയിലും മറ്റു സംസ്ഥാനങ്ങളേക്കാളും നമ്മള്‍ അല്‍പം മുന്നേറിക്കൊണ്ടിരിക്കുന്നു എന്നു മനസ്സിലായി; അഭിമാനകരമായിരുന്നു അത്. എന്നാല്‍ ഇവിടെ നമ്മളില്‍ അങ്ങനെ അഭിമാനിക്കുവാനുള്ള മനസ്സ് കുറവാണെന്നു തോന്നി. നമ്മള്‍ മനസ്സിലാക്കി വച്ചിരിക്കുന്ന അളവിലേക്ക് ലോകസാഹിത്യ പരിചയം, മറ്റു ഭാഷയിലുള്ള യുവ എഴുത്തുകാരില്‍ ഇല്ല. അതേ സമയം, അതിനെക്കുറിച്ച് അവര്‍ക്ക് യാതൊരു മനഃപ്രയാസവും ഇല്ല. അവരുടെ നിലത്തെ, അവരുടെ ജീവിതത്തെ, അവരുടെ സംസ്കാരത്തെ, അവരുടെ രാഷ്ട്രീയത്തെ അവരുടെ ഭാഷയില്‍ ദൃഢമായി എഴുതുന്നു.
അവസാനമായി ഒരു ചോദ്യം കൂടി. തമിഴില്‍ ധാരാളം പ്രണയ കവിതകള്‍ എഴുതിയത് നിങ്ങളാണെന്ന് കരുതുന്നു. പ്രണയത്തോട് ഇത്രയ്ക്കും പ്രണയം തോന്നാന്‍ എന്താണ് കാരണം?
മനുഷി: ഇതിനെ എന്‍റെ കവിതകള്‍ക്കുള്ള അഭിനന്ദനമായും വിമര്‍ശനമായും എടുത്തുകൊള്ളുന്നു. പ്രണയത്തോട് അടങ്ങാത്ത പ്രണയമാണെനിക്ക്. പ്രണയം ആഘോഷിക്കുവാനുള്ള കാരണം അതാണ് ജീവിതത്തിനായുള്ള മോചനം (സ്വാതന്ത്ര്യം) എന്നു ഞാന്‍ വിശ്വസിക്കുന്നതുകൊണ്ടാണ്. നമ്മള്‍ പ്രിയപ്പെട്ടവരാല്‍ സ്നേഹിക്കപ്പെടുന്നു എന്ന ബോധം നമ്മളെ ഇനിയും സുന്ദരമാക്കും. ജീവിതത്തെ കവിതാമയമാക്കും. പ്രണയത്തെക്കുറിച്ച് പാടുക എന്നത് സംഘസാഹിത്യകാലം തൊട്ട് ഇന്നുവരെ തുടര്‍ന്നുകൊണ്ടിരിക്കുന്നു. ഒളവൈ പാടാത്ത പ്രണയത്തെ, ആണ്ടാള്‍ പാടാത്ത പ്രണയത്തെ ഞാന്‍ എഴുതിയിട്ടില്ല. അവരുടെ തുടര്‍ച്ചയായി ഞാന്‍ ഇന്ന് എഴുതിക്കൊണ്ടിരിക്കുന്നു. മാത്രമല്ല, പുരുഷാധിപത്യസമൂഹത്തില്‍ സ്ത്രീക്ക് തന്നെ വെളിപ്പെടുത്തുന്നതിന് തടസ്സങ്ങള്‍ ഉണ്ട്; സ്ത്രീക്ക് തന്‍റെ ജീവിത പങ്കാളിയെ അവളുടെ ഇഷ്ടത്തിനനുസരിച്ച് തിരഞ്ഞെടുക്കുവാനുള്ള അവകാശം നിഷേധിക്കപ്പെടുന്നു. കുടുംബാഭിമാനം എന്നത് സ്ത്രീയുടെ വൈവാഹിക ജീവിതത്തോട് ചേര്‍ന്നു കാണുന്നു. അതിനാല്‍, മാതാപിതാക്കളുടെ ആഗ്രഹങ്ങള്‍ക്ക് എതിരായി സ്ത്രീ (പെണ്‍കുട്ടി) പ്രേമിക്കുമ്പോള്‍ ജാതിയുടെ പേരില്‍, മതത്തിന്‍റെ പേരില്‍ കൊന്ന് ഭീതിയിലാഴ്ത്തപ്പെടുന്നു. ഇത്തരം ചുറ്റുപാടില്‍, സ്ത്രീ തന്‍റെ പ്രണയത്തെ, തന്‍റെ ഹൃദയത്തില്‍ നിന്നും സംസാരിക്കുന്നതും, കലാസാഹിത്യത്തില്‍ അടയാളപ്പെടുത്തുന്നതും ഒരു രാഷ്ട്രീയ പ്രവൃത്തിയായേ ഞാന്‍ കാണുന്നുള്ളൂ. എന്‍റെ കവിതകളില്‍ ഞാന്‍ പറയുന്ന പ്രണയം എന്നത് മനുഷിയുടെ പ്രണയം മാത്രമല്ല, പ്രണയം വെളിപ്പെടുത്തുവാനുള്ള അവകാശത്തെ നിഷേധിക്കപ്പെട്ട എല്ലാ മനുഷിമാരുടെയും ശബ്ദം തന്നെയാണ്. അതിനാല്‍, പ്രണയത്തെ, പ്രണയത്തോട് എഴുതുന്നു. അതിലൂടെ, ജീവിതത്തെ ആഘോഷമാക്കി മാറ്റാന്‍ ശ്രമിക്കുന്നു.
No comments:
Post a Comment