അവള്‍ രാജാവാകും - --ലൈബീരിയന്‍ ഉത്പത്തി പുസ്തകം
     (ആഫ്രിക്കന്‍ സാഹിത്യത്തിലെ ഏറ്റവും പുതിയ നോവല്‍ അരങ്ങേറ്റങ്ങളില്‍ ഏറെ ശ്രദ്ധേയമായ ഒന്നായ ലൈബീരിയന്‍ അമേരിക്കന്‍ നോവലിസ്റ്റ് വയേതു മൂറിന്‍റെ څഷി വുഡ് ബി കിംഗ്چ എന്ന നോവലിനെ കുറിച്ച്. ആഫ്രിക്കന്‍ കഥാഖ്യാന രീതിയിലെ മാജിക്കല്‍ റിയലിസത്തിന്‍റെ ഉത്തമ മാതൃകയായ ഈ നോവല്‍ ലൈബീരിയയുടെ ഉത്പത്തി ചരിത്രത്തെ കാവ്യാത്മക ഭാഷയില്‍ മിത്തുവല്‍ക്കരിക്കുന്നു.)
      ഫസല്‍ റഹ്മാന്‍
     അമേരിക്കന്‍ ഐക്യനാടുകളില്‍ അടിമത്ത സമ്പ്രദായത്തിനെതിരെയുള്ള വികാരം ശക്തിപ്പെടുകയും ആഫ്രിക്കന്‍ വംശജരുടെ ജനസംഖ്യ വന്‍തോതില്‍ ഉയരുകയും ചെയ്ത സാഹചര്യത്തില്‍ സ്വതന്ത്രമാക്കപ്പെട്ട ആഫ്രിക്കന്‍-അമേരിക്കന്‍ വംശജര്‍ക്കു വേണ്ടി അമേരിക്കന്‍ കോളനൈസേഷന്‍ സൊസൈറ്റിയാണ് ലൈബീരിയ സ്ഥാപിച്ചത് (1821). 1847-ല്‍, ജോസെഫ് ജെങ്കിന്‍സ് റോബര്‍ട്ട്സിന്‍റെ കീഴില്‍, വന്‍കരയിലെ ആദ്യത്തെ സ്വതന്ത്രരാജ്യമായിത്തീര്‍ന്ന ലൈബീരിയയുടെ ചരിത്രം പക്ഷെ ഒരു ഘട്ടത്തിലും അത്രയൊന്നും സമാധാനപൂര്‍ണമായിരുന്നില്ല. അമേരിക്കന്‍ ആഭ്യന്തര യുദ്ധം ശക്തമായ 1962 വരെയും ആ രാജ്യം ലൈബീരിയന്‍ സ്വാതന്ത്ര്യം അംഗീകരിക്കുകയുണ്ടായില്ല. ഇംഗ്ലീഷ് ഔദ്യോഗിക ഭാഷയായിരിക്കുമ്പോഴും ലൈബീരിയന്‍ ജനസംഖ്യയുടെ 95% ഇരുപതിലേറെ ഗോത്രഭാഷകള്‍ സംസാരിക്കുന്ന വിഭാഗങ്ങളാണ്. സ്ഥാപിതമായ കാലം തൊട്ട് 1962 വരെ, സ്വതന്ത്രരാക്കപ്പെട്ടവരോ, സ്വതന്ത്രരായി ജനിച്ചവരോ ആയ 15000 -ത്തില്‍ കൂടുതല്‍ ആഫ്രിക്കന്‍-അമേരിക്കന്‍ കുടിയേറ്റക്കാരും മൂവായിരത്തിലേറെ ആഫ്രോ-കരീബിയന്‍ വംശജരും പുതിയതായി സ്ഥാപിതമായ ദേശത്ത് അധിവസിച്ചപ്പോള്‍ അവര്‍ കൂടെ കൊണ്ടുവന്ന സംസ്കാരങ്ങള്‍ക്ക് ഗോത്ര സമ്പ്രദായങ്ങളുമായി സംഘര്‍ഷം സ്വാഭാവികമായിരുന്നു. പുതുതായി അംഗീകരിക്കപ്പെട്ട ലൈബീരിയന്‍ ഭരണഘടനയും പതാകയും അമേരിക്കന്‍ മാതൃക പിന്തുടര്‍ന്നപ്പോള്‍, 1904 വരെയും ഗോത്രവംശജര്‍ക്ക് ജന്മനാ ലഭ്യമാക്കേണ്ടിയിരുന്ന അവരുടെ പൗരത്വം അംഗീകരിക്കപ്പെട്ടില്ല എന്നതില്‍ യു.എസ് ഭരണകൂടം അമേരിക്കന്‍ ആദിമ ജനതയോട് സ്വീകരിച്ച നിലപാടിന്‍റെ ആവര്‍ത്തനം കാണാം. അധികാരത്തില്‍ പിടിമുറുക്കിയ അമേരിക്കോ-ലൈബീരിയന്‍ ന്യൂനപക്ഷം ക്രിസ്ത്യന്‍ മിഷനറി സ്കൂളുകളും മറ്റുമായി ഗോത്ര വിഭാഗങ്ങള്‍ക്കു മേല്‍ സാംസ്കാരിക മേധാവിത്വവും സ്ഥാപിച്ചെടുത്തു. സ്വാഭാവികമായും ഗോത്രവംശജര്‍, വിശേഷിച്ചും പോരാട്ടവീര്യം കൂടുതലുള്ള ക്രു, ഗ്രെബോ, വായ് തുടങ്ങിയ വിഭാഗങ്ങളില്‍ നിന്ന്, കുടിയേറ്റ സമൂഹങ്ങള്‍ക്കു നേരെ ഒളിയുദ്ധങ്ങള്‍ അരങ്ങേറി. 1980-ല്‍ ആരംഭിച്ച ആഭ്യന്തര സംഘര്‍ഷങ്ങള്‍ പല ഘട്ടങ്ങളായി ഇന്നും തീരാത്ത ദുരിതങ്ങളായി തുടരുന്നു. ജനസംഖ്യയുടെ എട്ടു ശതമാനം പേരെങ്കിലും ഇതിന്‍ ഫലമായി കൊല്ലപ്പെട്ടതായി കണക്കാക്കപ്പെടുമ്പോള്‍ സാമ്പത്തിക രംഗം തൊണ്ണൂറു ശതമാനവും തകര്‍ക്കപ്പെട്ടു. ഇന്ന് ലോകത്തില്‍ ഏറ്റവും കുറഞ്ഞ ആയുര്‍ദൈര്‍ഘ്യമുള്ള രാജ്യങ്ങളില്‍ ഒന്നായ ലൈബീരിയന്‍ ജനസംഖ്യയില്‍ 83 ശതമാനവും ദാരിദ്ര്യരേഖയ്ക്ക് ചുവടെയാണ്.
വയേതു മൂര്‍ എഴുതിത്തുടങ്ങുന്നു
     ലൈബീരിയ ഏറ്റവും കടുത്ത ആഭ്യന്തര സംഘര്‍ഷങ്ങളില്‍ പൊറുതിമുട്ടിയ നാളുകള്‍ക്കിടെ 1989-ല്‍ തലസ്ഥാന നഗരമായ മണ്‍റോവിയയില്‍ നിന്ന് അന്ന് നാലു വയസുകാരിയായിരുന്ന വയേതുവിനെയും രണ്ടു സഹോദരിമാരെയും കൂട്ടി മുത്തശ്ശി താമസിക്കുന്ന സിയാറാ ലിയോണ്‍ അതിര്‍ത്തി ഗ്രാമത്തിലേക്ക് അഭയം തേടുകയായിരുന്നു. ലൈബീരിയന്‍ യൂണിവേഴ്സിറ്റിയില്‍ എഞ്ചിനീയറിംഗ് വിഭാഗത്തില്‍ ഡീന്‍ ആയിരുന്നു പിതാവ് അഗസ്റ്റസ് മൂര്‍. കുട്ടികളെ യുദ്ധത്തിന്‍റെ ഭീകരത അറിയിക്കാതെ വളര്‍ത്താന്‍ വേണ്ടി അച്ഛനും മുത്തശ്ശിയും ചേര്‍ന്ന് സൃഷ്ടിച്ച കഥ പറച്ചില്‍ രീതിയിലായിരുന്നു വയേതുവിലെ എഴുത്തുകാരി തന്‍റെ മാജിക്കല്‍ റിയലിസ്റ്റ് ആഖ്യാനരീതി കണ്ടെത്തിയതെന്നു പറയാം. അവരുടെ ആഖ്യാനങ്ങളില്‍ വെടിയൊച്ചകള്‍ څയുദ്ധം ചെയ്യുന്ന ഡ്രാഗണുകള്‍چ ആയപ്പോള്‍ വഴിയോരങ്ങളില്‍ കാണപ്പെട്ട ജഡങ്ങള്‍ څറോഡുവക്കില്‍ ഉറങ്ങുന്ന ആളുകള്‍چ ആയിത്തീര്‍ന്നു. എന്നാല്‍, സമകാലിക സാഹിത്യത്തില്‍ ബെന്‍ ഓക്രി, മിയാ കൂട്ടോ, ഹോസെ എദുവാര്‍ദോ അഗുവാലൂസാ തുടങ്ങിയവരോട് ചേര്‍ത്തു ഏറെ ഉപയോഗിക്കാറുണ്ടെങ്കിലും, څമാജിക്കല്‍ റിയലിസംچ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഘടകങ്ങള്‍ ആഫ്രിക്കന്‍ കഥാഖ്യാന രീതിയില്‍ നേരത്തെ ഉള്ളതാണെന്നും ആ അര്‍ത്ഥത്തില്‍ അത്തരം പദപ്രയോഗം ഒരു പ്രശ്നമാണെന്നും പല ആഫ്രിക്കന്‍ എഴുത്തുകാരും നിരീക്ഷിച്ചിട്ടുള്ളത് പോലെ വയേതുവും കണ്ടെത്തുന്നുണ്ട്. ഏറെ ശ്രമപ്പെട്ടാണ് അവര്‍ കുടുംബത്തെ കണ്ടുപിടിക്കുന്നതും ടെക്സാസില്‍ ഹൂസ്റ്റണില്‍ എത്തിക്കുന്നതും. അവിടെ മുതല്‍ വിദ്യാഭ്യാസത്തോടൊപ്പം, യുദ്ധത്തിന്‍റെ ഭീകര സ്മൃതികള്‍ മറികടക്കാനുള്ള ആവേശത്തില്‍ ധാരാളമായി എഴുതിത്തുടങ്ങുകയായിരുന്നു വയേതു. ڇഎന്‍റെ കുടുംബം 1990-ലെ ലൈബീരിയന്‍ യുദ്ധം അനുഭവിച്ചു, അഞ്ചാം വയസ്സില്‍ ഇവിടെയെത്തുമ്പോള്‍ എനിക്ക് പൊരുത്തപ്പെടാന്‍ ഏറെ സമയമെടുത്തു എന്‍റെ സഹോദരിമാരെക്കാള്‍ കൂടുതല്‍. എന്‍റെ അമ്മ എനിക്ക് പുസ്തകങ്ങള്‍ വാങ്ങിത്തരും, ഞാന്‍ പേടിസ്വപ്നങ്ങള്‍ കാണാതിരിക്കാനായി ഉറങ്ങും മുമ്പ് അതില്‍ നിന്ന് വായിച്ചു തരികയും ചെയ്യും. വായന എന്‍റെ ബാലമനസ്സിനെ മനുഷ്യരിലും ജീവിതത്തിലും സമ്പൂര്‍ണ വിശ്വാസത്തകര്‍ച്ച സംഭവിക്കാതെ രക്ഷിച്ചു. ഒടുവില്‍ എന്‍റെ അമ്മ എന്നോട് നിര്‍ദേശിച്ചു ഞാന്‍ എഴുതിത്തുടങ്ങണം എന്ന്. അങ്ങനെ ഏഴോ എട്ടോ വയസ്സുള്ളപ്പോള്‍ ഞാന്‍ എന്‍റെ ആദ്യ കവിത എഴുതി. എന്‍റെ അമ്മ വായിച്ചു തന്ന ഉറക്ക സമയ കഥകളെ പോലെത്തന്നെ അതെനിക്ക് ശമനം നല്‍കി. ഈ ആദ്യകാല അനുഭവങ്ങള്‍ എന്നോടൊപ്പം നിന്നു. കുട്ടികളുടെ ജീവിതത്തില്‍ സാഹിത്യത്തിന്‍റെയും കലയുടെയും സ്വാധീനത്തെ കുറിച്ച് ഞാനെന്നും ബോധവതിയായിരുന്നു, വിശേഷിച്ചും കടുത്ത അനുഭവങ്ങള്‍ ഉള്ള കുട്ടികള്‍ക്ക്. അന്ന് എനിക്ക് വായിക്കാന്‍ അറിയാമായിരുന്നില്ലെങ്കില്‍ എന്ന് എനിക്ക് ചിന്തിക്കാന്‍ വയ്യ, മറ്റെന്താണ് എന്നെ രക്ഷിക്കുമായിരുന്നത് എന്നെനിക്ക് ഉറപ്പില്ല.ڈ (ഹനാന്‍ ഒസ്മാന്‍ ഉദ്ധരിച്ചത്, ഛസമ്യ അളൃശരമ). ഉപരിപഠനവും അധ്യാപന ജോലിയുമായി ന്യുയോര്‍ക്കില്‍ കഴിയുന്ന യുവ എഴുത്തുകാരി സാഹിത്യത്തിലേക്കോ വായനയിലേക്കോ പ്രവേശനം ലഭ്യമല്ലാത്ത അവികസിത ദേശങ്ങളിലെ കുട്ടികള്‍ക്ക് വേണ്ടിയുള്ള സന്നദ്ധ പ്രസാധക സംരംഭമായ څഛില ങീീൃല ആീീസچ എന്ന പ്രസ്ഥാനത്തിന്‍റെ സ്ഥാപകയുമാണ്. 2018 ല്‍ പുറത്തിറങ്ങിയ څഷി വുഡ് ബി കിംഗ്چ എന്ന വയേതുവിന്‍റെ പ്രഥമ നോവല്‍ ലൈബീരിയന്‍ ചരിത്രത്തിന്‍റെ സൂക്ഷ്മവും തീക്ഷ്ണവുമായ മാജിക്കല്‍ റിയലിസ്റ്റിക് ഫിക്ഷനലൈസേഷന്‍ എന്ന് നിരൂപക പ്രശംസ നേടിയിട്ടുണ്ട്.
പാത്ര സൃഷ്ടിയുടെ വിചിത്ര ഗാംഭീര്യം
     വായ് (ഢമശ) ഗോത്ര പുരാണങ്ങളിലെ ഒരു കൊച്ചുകഥയില്‍ നിന്നാണ് നോവലിന്‍റെ പ്രചോദനമുണ്ടായത് എന്ന് വയേതു മൂര്‍ പറഞ്ഞിട്ടുണ്ട്. അത് തന്‍റെ വളര്‍ത്തു പൂച്ചയോടു നിരന്തരം ക്രൂരത കാട്ടുകയും ഒരു ഘട്ടത്തില്‍ അതിനെ തല്ലിക്കൊല്ലുകയും ചെയ്യുന്ന ഒരു വൃദ്ധയുടെ കഥയാണ്. പൂച്ച ഒരു ദുരാത്മാവായി തിരിച്ചു വരികയും പ്രതികാരം നടത്തുകയും ചെയ്തുവെന്ന കഥ, വളര്‍ത്തുമൃഗങ്ങളോട് കനിവ് കാട്ടണമെന്ന പാഠം പഠിപ്പിക്കാനായി തലമുറകളിലൂടെ കുട്ടികളോട് പറയപ്പെട്ടുവന്നു. വായ് കഥകളില്‍ അപ്രത്യക്ഷരാകുകയോ രൂപം മാറുകയോ ചെയ്യുന്ന കഥാപാത്രങ്ങള്‍ അനിവാര്യമായിരുന്നുവെന്നു വയേതു കണ്ടെത്തിയിരുന്നു. ഇതേ ചുവടുപിടിച്ച്, അപൂര്‍വ സിദ്ധികള്‍/ ശാപങ്ങള്‍ ഉള്ളവരായ ബെസ്സ, ജൂണ്‍ ഡേ, നോര്‍മാന്‍ ആരഗോണ്‍ എന്നീ മൂന്നു കഥാപാത്രങ്ങളെയും ലൈബീരിയയുടെ സ്ഥാപന കഥയില്‍ പരസ്പരം ഇഴകോര്‍ക്കുന്ന അവരുടെ വിധിവിഹിതങ്ങളെയുമാണ് ഷി വുഡ് ബി കിംഗ് പിന്തുടരുന്നത്. ലൈബീരിയന്‍ സ്വദേശിയായ വായ് ഗോത്ര യുവതിയായ ബെസ്സയെ അവളുടെ ചുവപ്പ് നിറമുള്ള നീണ്ടു വളര്‍ന്ന മുടിയുടെ അടയാളത്തില്‍ ദുര്‍മന്ത്രവാദിനി (ംശരേവ) എന്ന് മുദ്രകുത്തി ഗോത്രം ഭ്രഷ്ടു കല്‍പ്പിച്ചതാണ്. അവള്‍ക്ക് വര്‍ഷങ്ങളോളം ശബള വര്‍ണങ്ങളും അജ്ഞാത പ്രകൃതങ്ങളുമുള്ള പ്രാണികളെയും ദുസ്സഹമായ കാലാവസ്ഥയെയും അതിജീവിച്ച് നിഗൂഢ പ്രകൃതമുള്ള വനത്തില്‍ ഒരു ഗുഹയില്‍ കഴിയേണ്ടി വന്നിട്ടുണ്ട്. അഞ്ചു څസീസണുകള്‍چക്ക് ശേഷം ഗോത്രത്തില്‍ തിരിച്ചെത്തുമ്പോള്‍ തനിക്കു മരിക്കാനാവില്ലെന്ന് അവള്‍ മനസ്സിലാക്കിയിരുന്നു. ജൂണ്‍ ഡേ എന്ന കഥാപാത്രം അസാധാരണ ഉടല്‍ക്കരുത്തുള്ള, വെടിയുണ്ടയ്ക്കു പോലും അഭേദ്യമായ ചര്‍മമുള്ള നവയുവാവാണ്. വിര്‍ജീനിയായിലെ എമെഴ്സന്‍ പ്ലാന്‍റേഷനില്‍ നിന്നു രക്ഷപ്പെട്ട അടിമ യുവാവിന്‍റെ ബാല്യസ്മൃതികള്‍ അടിമ ആഖ്യാനങ്ങളില്‍ (ടഹമ്ല ചമൃൃമശ്ലേെ) ഒട്ടും പുതിയതല്ല. പീഡകനായ പിതാവില്‍ നിന്ന് രക്ഷപ്പെട്ട് ഓടിപ്പോരുമ്പോള്‍ മൃതപ്രായയായിരുന്ന അമ്മയെ അയാള്‍ വാരിപ്പിടിച്ചിരുന്നു. അസാമാന്യ സൗന്ദര്യമുണ്ടായിരുന്ന ഡാര്‍ലീന്‍, ഉടമയുടെ ലൈംഗിക അടിമയായി കഴിയുമ്പോഴും അനാഥബാലനെ സ്വന്തം മകനായി സംരക്ഷിച്ചു പോന്നതായിരുന്നു. അമ്മയുടെ ചേതനയറ്റ ശരീരം പുഴയുടെ കാരുണ്യത്തിന് വിട്ടുകൊടുത്ത് ഓടിപ്പോകുകയായിരുന്നു അയാള്‍. ന്യൂയോര്‍ക്കിലേക്കുള്ളത് എന്ന ധാരണയില്‍ കേറിപ്പറ്റുന്ന കപ്പലാണ് അയാളെ ആഫ്രിക്കന്‍ തീരത്തടിയിക്കുക. നോര്‍മാന്‍ ആരഗോണ്‍ എന്ന ജമൈക്കയില്‍ നിന്നുള്ള, ഒരു കൊളോണിയല്‍ ബ്രിട്ടീഷുകാരന്‍റെയും മറൂണ്‍ അടിമ സ്ത്രീയുടെയും മകനായി ജനിച്ച മുലാറ്റോ യുവാവിന് മാതാവില്‍ നിന്ന് ലഭിച്ചത് അദൃശ്യനാകാനുള്ള കഴിവാണ്.
     മൂന്നു കഥാപാത്രങ്ങളുടെയും അതിമാനുഷ സിദ്ധികള്‍ യഥാര്‍ത്ഥത്തില്‍ അവരുടെ സാംസ്കാരിക അനുഭവത്തെ പ്രതിഫലിപ്പിക്കുന്ന ശാരീരിക രൂപകങ്ങള്‍ തന്നെയാണ് എന്നു ജയിംസ് റീത്ത് നിരീക്ഷിക്കുന്നു (വേലഴൗമൃറശമി.രീാ). മരൂണുകള്‍ പര്‍വതങ്ങള്‍ക്ക് മേല്‍ തെന്നിപ്പറക്കുകയും പ്രകൃതിയില്‍ കാമുഫ്ളാഷ് ചെയ്യുകയും ചെയ്തുവന്നു. നോര്‍മാന്‍റെ അദൃശ്യതയുടെ ഉത്ഭവം അതാണ്. ജൂണ്‍ ഡേയുടെ അസാധാരണ മെയ്ക്കരുത്ത് ആഫ്രിക്കന്‍ അമേരിക്കന്‍ അതിജീവനത്തിന്‍റെ പ്രതിരൂപമാണെങ്കില്‍ വേദനയറിയുമ്പോഴുമുള്ള ബെസ്സയുടെ അമരത്വം വംശീയാനുഭവത്തിന്‍റെ യാഥാര്‍ത്ഥ്യവുമായി ബന്ധപ്പെട്ടതാണ്. ڇആദ്യമാനവന്‍ ഒരു സബ് സഹാറന്‍ സ്ത്രീയാണെന്ന് പറയപ്പെട്ടിരുന്നു, അതുകൊണ്ട് ഈ വിഭാഗം ആദികാലം മുതല്‍ നിലനിന്നു, അതുകൊണ്ട് പൂര്‍വികരോടുള്ള ബഹുമാന സൂചകമായി അവരുടെ ആത്മാക്കള്‍ ഭൗതിക ശരീരത്തെ അതിജീവിക്കുമെന്നു ചിലര്‍ വിശ്വസിക്കുന്നു, അങ്ങനെ അവര്‍ അമരരാണ് എന്നും. ബെസ്സയുടെ കഴിവ് അതിന്‍റെ തെളിവാണ്.ڈ നോവലിസ്റ്റ് നിരീക്ഷിക്കുന്നു. ബെസ്സയെ പോലെ ശപിക്കപ്പെട്ട മറ്റൊരു സ്ത്രീയെ കുറിച്ച് നോവലില്‍ പരാമര്‍ശമുണ്ട്. ڇലായ് എന്ന തീരദേശ ഗ്രാമത്തില്‍ അതുപോലെ ശപിക്കപ്പെട്ട ഒരൊറ്റ സ്ത്രീയെ മാത്രമെ കണ്ടിരുന്നുള്ളൂ - വയോധികയായ മാ ഫമാതാ. തന്‍റെ നൂറ്റി തൊണ്ണൂറ്റിമൂന്നാം ജന്മദിനത്തില്‍ അവരുടെ കയറ്റുകട്ടില്‍ അവരെ ചന്ദ്രനിലേക്ക് എറിഞ്ഞുകളഞ്ഞ ശേഷം അവര്‍ അതിന്‍റെ മൂലക്കല്‍ ഇരിപ്പാണെന്ന് ആളുകള്‍ പറഞ്ഞു. എന്നാല്‍ ബെസ്സയുടെതുമായി താരതമ്യം ചെയ്യുമ്പോള്‍ ഫമാതാ മുത്തശ്ശിയുടെ ദുര്യോഗം പോലും ഒന്നുമായിരുന്നില്ല; അവളുടെ ശാപം അവള്‍ക്ക് മരിക്കാന്‍ കഴിയില്ല എന്ന് മാത്രമല്ല, മരണം അവളെ പരിഹസിച്ച വിധം കൂടിയായിരുന്നു.ڈ കഥപറച്ചില്‍ ഈ ലോകത്ത് തനിക്കൊരു സ്വന്തമായ ഇടം നല്‍കുന്നുണ്ടെന്ന വയേതു മൂറിന്‍റെ കാഴ്ചപ്പാട് പറയപ്പെടുന്ന കഥകളിലെ അനശ്വരതയെന്ന നോവലിലെ ആശയവുമായി ബന്ധിതമാണ്.
ചരിത്രവും കഥയും
     ഈ മൂന്ന് څസൂപ്പര്‍ ഹീറോچ കഥാപാത്രങ്ങളും അമേരിക്കന്‍ കോളനൈസേഷന്‍ സൊസൈറ്റിയുടെ ദൗത്യത്തിന്‍റെ അന്ത്യനാളുകളിലൊന്നില്‍ ലൈബീരിയന്‍ തീരത്ത് കുറഞ്ഞൊരു നാള്‍ ഒരുമിക്കാന്‍ ഇടയാകുന്നതും ചിതറിപ്പോയ ആഫ്രിക്കന്‍ പ്രവാസികളുടെ ഒരുമിച്ചു കൂടലിനും അതിനിടയില്‍ ആ സമൂഹങ്ങള്‍ നേരിടേണ്ടി വരുന്ന ചതികള്‍ക്കും ക്രൂരതകള്‍ക്കും നേരെ രക്ഷകരാകാന്‍ ഇടയാകുന്നതുമാണ് നോവലിന്‍റെ ഭ്രമാത്മക ഇതിവൃത്തം രൂപപ്പെടുത്തുന്നത്. ചമ്മട്ടിയടിയേല്‍ക്കുന്ന കുട്ടികള്‍, മരണത്തിന്‍റെ വക്കില്‍ വരെ എത്തിക്കുന്ന തരം പീഡനങ്ങള്‍ ഏറ്റുവാങ്ങുന്ന പുരുഷന്മാര്‍, ഉടമകളും കങ്കാണിമാരും രാപ്പകല്‍ ഭേദമന്യേ വേട്ടയാടുന്ന അടിമസ്ത്രീകള്‍ - ഒലോദേ എക്വിവാനോയുടെ കഥ (ഠവല കിലേൃലശെേിഴ ചമൃൃമശ്ലേ മിറ വേല ഹശളല ീള ഛഹമൗറമവ ഋൂൗശമിീ, 1789) മുതല്‍ څദി അണ്ടര്‍ഗ്രൗണ്ട് റെയില്‍റോഡ്چ (2016-കോള്‍സണ്‍ വൈറ്റ്ഹെഡ്), څവാഷിംഗ്ടണ്‍ ബ്ലാക്ക്چ (2018-എസി എദുഗ്യാന്‍) തുടങ്ങിയ ഏറ്റവും പുതിയ കൃതികള്‍ വരെ നീളുന്ന ചിരപരിചിതമായ څഅടിമ ആഖ്യാനچ ഘടകങ്ങള്‍ തന്നെയാണിവ. എന്നാല്‍, വയേതു മൂറിന്‍റെ നോവല്‍ ഈ പതിവു ചേരുവകള്‍ക്കപ്പുറം പോകുന്നുവെന്നു വ്യക്തമാണ്. ജൂണ്‍ ഡേയുടെ മാതാവ് ഒരു പെണ്‍കുട്ടിയെ ചമ്മട്ടിയടിയില്‍ നിന്ന് രക്ഷിക്കാനുള്ള ശ്രമത്തിനിടെ തലക്കടിയേറ്റു വര്‍ഷങ്ങള്‍ക്കു മുമ്പേ മരിച്ചുപോയ ഒരു സ്ത്രീയാണ്; അതവര്‍ക്കറിയില്ലെന്നു മാത്രം. താന്‍ പോകുന്ന വഴിയില്‍ ڇഎല്ലാ കണ്ണുകളും... കുട്ടികളുടെത് പോലും, ഞാന്‍ കടന്നു പോകുന്നത് അവഗണിച്ചുڈ, കാരണം താന്‍ വേണ്ടത്ര വേഗത്തില്‍ ഇടപെട്ടില്ല എന്ന ദേഷ്യമായിരുന്നു അവര്‍ക്ക്; അല്ലാതെ അവര്‍ക്ക് അവളെ കാണാന്‍ കഴിയാത്തതുകൊണ്ടല്ല. ഒടുവില്‍ സ്വന്തം കുഴിമാടത്തിന്‍റെ കല്ലില്‍ തട്ടി വീഴുമ്പോഴാണ് അവള്‍ക്ക് കാര്യം ബോധ്യമാകുന്നത്. അപ്പോഴാകട്ടെ അവള്‍ അത്ഭുതപ്പെടുന്നത്, څഅടിമത്ത ജീവിതത്തിനും മരണത്തിനുമിടയിലെ വ്യത്യാസം തിരിച്ചറിയാനാകാത്ത ഏകയാള്‍ താന്‍ മാത്രമാണോچ എന്നാണ്. പെട്ടെന്നുണ്ടാവുന്ന ആഘാതത്തില്‍ തനിക്കെന്താണ് സംഭവിച്ചത് എന്നറിയാന്‍ കഴിയാതെ മരിച്ചു പോകുന്ന ആളുകളുടെ ആത്മാക്കള്‍ സ്ഥലകാല ബോധമില്ലാതെ അവിടെത്തന്നെ നില്‍ക്കുമെന്നും താന്‍ മരണപ്പെട്ടു എന്ന സത്യം തിരിച്ചറിയാതെ പെരുമാറും എന്നുമുള്ള ആശയം ആഫ്രിക്കന്‍ കഥകളില്‍ നിരന്തരം കടന്നു വരുന്നുണ്ട്. ക്രിസ് അബനിയുടെ څസോംഗ് ഫോര്‍ നൈറ്റ്چ എന്ന നോവലില്‍ ഇതേ ആശയം പരമപ്രധാനമാണ്.
     എന്നാല്‍, അടിമ ജീവിതത്തിന്‍റെ ശൈഥില്യങ്ങള്‍ ചിത്രീകരിക്കുന്നതിനപ്പുറം സാധ്യതകളുടെ കഥ പറയുകയെന്ന നോവലിസ്റ്റിന്‍റെ ലക്ഷ്യം അസാധാരണ സിദ്ധികളുള്ള മിത്തിക് കഥാപാത്രങ്ങളെ സൃഷ്ടിക്കുകയും അവരെ ഒരുമിപ്പിക്കുകയും ചെയ്യുന്നതില്‍ വ്യക്തമാണ്. അമരത്വമുള്ള ബെസ്സയും അജയ്യനായ ജൂണ്‍ ഡേയും അദൃശ്യനാവുന്ന നോര്‍മാനും ആഖ്യാനത്തിന്‍റെ ഒരു ആരത്തില്‍ സന്ധിക്കുന്നത് നീണ്ടുനില്‍ക്കുന്നില്ലെങ്കിലും രണ്ടു യുവാക്കളും ഒരു വേള ഒരുമിച്ച് നിന്ന് നിയമവിരുദ്ധ അടിമവ്യാപാരം തുടരുന്ന ഫ്രഞ്ച് കൊളോണിയല്‍ കച്ചവടക്കാരെയും ഇതര ഗോത്ര കങ്കാണിമാരെയും നേരിടുകയും ലൈബീരിയന്‍ തീരത്ത് ജാഗ്രത പുലര്‍ത്തുകയും ചെയ്യുന്നത് ഏറെ പേരെ രക്ഷിക്കുന്നുണ്ട്. ഇരുവരും ഒരുമിക്കുന്ന സംഘര്‍ഷ-സംഘട്ടന രംഗങ്ങള്‍ വായനയുടെ അതീവ ആകര്‍ഷണീയമായ ഭാഗങ്ങളാണ് നോവലില്‍ നിര്‍മിക്കുന്നത്. നോര്‍മാന്‍റെ څഅദൃശ്യ കരങ്ങള്‍چ കടന്നുകയറ്റക്കാരുടെ തോക്കുകള്‍ തട്ടിത്തെറിപ്പിക്കുന്നതും ജൂണ്‍ അസാമാന്യ കരുത്തില്‍ കൂട്ടിപ്പിണച്ച വിരലുകളും ഉയര്‍ന്നു താഴുന്ന നെഞ്ചും കൊണ്ട് അവരെ നിലം പരിശാക്കുന്നതും വെടിയുണ്ടകള്‍ അയാളില്‍ തട്ടിത്തെറിച്ചു പോകുന്നതും അടിമകളായി പിടിക്കപ്പെട്ടവര്‍ വിമോചിതരാകുന്നതും ഒരു ആക്ഷന്‍ ചിത്രത്തിലേത് പോലെ അയഥാര്‍ത്ഥമായി അനുഭവപ്പെടാം. ഇതേ സമയം ബെസ്സ മറ്റൊരു സാമൂഹിക മാറ്റത്തെ അടയാളപ്പെടുത്തുന്നു. പുതിയ ഭരണത്തില്‍ പ്രമുഖനായിത്തീരുന്ന ജെറാള്‍ഡ് ടബ്മന്‍റെ പ്രണയ വിവാഹത്തിലൂടെ ഉന്നത സമൂഹ ശ്രേണിയിലേക്കും തന്‍റെ അമരത്വവും څദുര്‍മന്ത്രവാദിനിچ നിയോഗവും മാത്രമല്ല, ഗോത്ര ഭാഷ അടയാളപ്പെടുത്തുന്ന പരമ്പരാഗത വിശ്വാസ ക്രമങ്ങള്‍ക്കു ചേരാത്ത ക്രിസ്തീയ ക്രമങ്ങളിലേക്കും ഇംഗ്ലീഷ് മൊഴിയിലേക്കും അവള്‍ ചുവടു മാറുന്നു. നോര്‍മാന്‍റെ അദൃശ്യത്വ സിദ്ധിയെയും പാഗന്‍ എന്ന നിലയില്‍ തള്ളിപ്പറയുന്ന ബെസ്സയില്‍ പക്ഷെ ഈ മാറ്റങ്ങളെല്ലാം ഉപരിപ്ലവമാണെന്ന് നോവലന്ത്യവും സഫുവയോടുള്ള അവളുടെ ഒരിക്കലും വിസ്മരിക്കപ്പെടാത്ത പ്രണയവും സാക്ഷ്യപ്പെടുത്തുന്നുണ്ട്. മേയ്സിയില്‍ ഒരു സഹോദരിതുല്യയായ കൂട്ടുകാരിയെ കണ്ടെത്തുമ്പോഴും മിസ്സിസ് മാര്‍ലീനെ പോലുള്ള څപുതുപ്പണക്കാരായچ സൊസൈറ്റി ലേഡികള്‍ അവളോട് ഗോത്ര വംശക്കാരിയെന്ന അവഗണനയും വെറുപ്പും മറച്ചുവയ്ക്കുന്നുമില്ല. തന്നെ വേട്ടയാടുകയും ഭ്രഷ്ടു കല്‍പ്പിക്കുകയും ചെയ്ത ഗോത്രത്തില്‍ അന്യയായിരുന്നത് പോലെ, അതേ ഗോത്രത്തിലെ അംഗം എന്ന പേരില്‍ പുതിയ ഇടത്തിലും അന്യയായിത്തീരുക എന്നതാണ് അവള്‍ നേരിടുന്ന വൈരുദ്ധ്യം. അധികാരം ദുഷിപ്പിക്കുന്നതിന്‍റെ പ്രാക്തന രൂപമായി ജെറാള്‍ഡ് ഗോത്ര വംശജര്‍ക്ക് നേരെയുള്ള അനധികൃത കൈയേറ്റങ്ങളെ അവഗണിച്ചു തുടങ്ങുമ്പോള്‍ തന്‍റെ ഇടം ഏതാണെന്ന് ബെസ്സ അര്‍ത്ഥശങ്കക്കിടമില്ലാത്ത വിധം തിരിച്ചറിയുന്നുണ്ട്. കഴുവേറ്റാന്‍ വിധിക്കപ്പെടുന്ന വായ് ഗോത്ര പോരാളികളില്‍ സഫുവയെ തിരഞ്ഞെത്തുന്ന ബെസ്സ, അയാളുടെ കൗമാരക്കാരനായ മകനെയാണ് പോരാളികളുടെ രാജകുമാരനായി തടവറയില്‍ കണ്ടെത്തുക. ഏതാണ്ടൊരു മുള്‍മുന ത്രില്ലര്‍ സ്വഭാവമുള്ള ആഖ്യാന ഭാഗത്ത് ഏറെ പണിപ്പെട്ടാണ് പയ്യനില്‍ നിന്ന് ഫ്രഞ്ച് അനധികൃത അടിമ വ്യാപാരം സംബന്ധിച്ച വിവരങ്ങള്‍ ബെസ്സ മനസ്സിലാക്കുക. ജെറാള്‍ഡ് ഉള്‍പ്പെടെ അധികൃതര്‍ തമസ്കരിക്കാന്‍ ശ്രമിക്കുന്ന ഈ തിരിച്ചറിവാണ് അവളെ തന്‍റെ അന്തിമ നിയോഗത്തിലേക്ക് നയിക്കുക. ڇഅയാളുടെ (ജെറാള്‍ഡ്) മുഖവും ഈ കിടക്കയും ഈ ആടുന്ന കസേരയും അയാളുടെ വീടും അയാളുടെ ദൈവവും അവളുടെ കണ്ണുകളില്‍ നിന്ന് തുളുമ്പി, ബെസ്സ അയാളുടെ മുഖത്തേക്ക് അലറി.ڈ പിന്നീടുണ്ടാവുന്നത് അവള്‍ സ്വയം പൊളിച്ചെഴുതുകയും കണ്ടെത്തുകയും ചെയ്യുന്ന അതിയാഥാര്‍ത്ഥ്യത്തിന്‍റെ പ്രയോഗങ്ങളാണ്. അവളുടെ പോരാട്ടവും അന്തിമ സമര്‍പ്പണവും അങ്ങനെ വിളിക്കാനുള്ള യോഗ്യത അവള്‍ക്കു നല്‍കുന്നുണ്ടെങ്കിലും ബെസ്സ സ്ത്രീയാണ് എന്നത് അവളെ ഒരു രാജാവെന്നു വിളിക്കുന്നതിന് തടസ്സമായി നില്‍ക്കുന്നു എന്നതാണ് പുസ്തകത്തിന്‍റെ തലക്കെട്ടിലെ ഐറണി. പുസ്തകം അതിസൂക്ഷ്മമായി ആവിഷ്കരിക്കുന്ന സ്ത്രീപക്ഷ നിലപാടിന്‍റെ ഏറ്റവും മൂര്‍ത്ത രൂപവും അതില്‍ ലീനമാണ്.
രാഷ്ട്രീയത്തിന്‍റെ സാംസ്കാരിക രൂപാന്തരങ്ങള്‍
     അടിമത്ത സമ്പ്രദായത്തെ എതിര്‍ക്കുമ്പോഴും അമേരിക്കന്‍ ജീവിതത്തിന്‍റെയും സാംസ്കാരിക-സാമ്പത്തിക നേട്ടങ്ങളുടെയും ഉടമകളായിത്തീര്‍ന്ന, ഭരണ സ്വാധീനമുള്ള ന്യൂനപക്ഷം സ്വയമൊരു വരേണ്യ വര്‍ഗമായി പരിണമിച്ചതും നിയമരഹിതമായും രഹസ്യമായും തുടര്‍ന്നുവന്ന അടിമവ്യാപാരം പോലുള്ള നെറികേടുകള്‍ക്കെതിരെ കണ്ണടക്കുന്നതും അതിനെതിരെ മുന്നറിയിപ്പ് നല്‍കാന്‍ ശ്രമിക്കുന്നവരെ അവഗണിക്കുന്നതും ചരിത്രപരമായ വസ്തുതകള്‍ തന്നെയായിരുന്നു. ഗോത്ര സംഘര്‍ഷങ്ങളില്‍ കീഴ്പ്പെടുത്തപ്പെടുന്നവരെ അടിമകളാക്കി വിറ്റു കൊളോണിയല്‍ യജമാനന്മാരുടെ പ്രിയവും നേട്ടങ്ങളും സ്വന്തമാക്കുകയെന്ന ഗോത്ര മുഖ്യരുടെ രീതി ഒരു ദൂഷിതവലയമായി വളര്‍ന്നത്, അത്തരം സംഘര്‍ഷങ്ങളെ പൊലിപ്പിക്കുന്നത് അടിമ വ്യാപാരത്തിന് നേട്ടമായിത്തീരുന്ന അവസ്ഥയുണ്ടാക്കി. സ്വാതന്ത്ര്യം നേടിയ ഒരു ആഫ്രിക്കന്‍ അമേരിക്കന്‍ സ്ത്രീ ഗോത്ര വംശജരെ ഉപയോഗിച്ച് പുതിയ ദേശത്തു കൃഷിയിലൂടെ അഭിവൃദ്ധിപ്പെടുമ്പോള്‍ മഹാമനസ്കതയോടെ നടത്തുന്ന പ്രഖ്യാപനം ക്രൂരമായ ഈ സാംസ്കാരിക രൂപാന്തരത്തെ സൂചിപ്പിക്കുന്നു: ڇഞാന്‍ എന്‍റെ വീട്ടില്‍ വീട്ടുവേലക്കാരികളെയോ പയ്യന്മാരെയോ നിര്‍ത്തുന്നില്ല, കാരണം അത് അമേരിക്കയെ വല്ലാതെ ഓര്‍മിപ്പിക്കുന്നു.ڈ സ്വതന്ത്രരാക്കപ്പെട്ട അമേരിക്കന്‍ കുടിയേറ്റക്കാര്‍ ലൈബീരിയയില്‍ ശരിക്കും അധിനിവേശക്കാരുടെ സ്വഭാവം ആര്‍ജിക്കുകയായിരുന്നു. അവരുടെ രമ്യഹര്‍മ്യങ്ങള്‍ നാട്ടുകാരുടെ ഗ്രാമങ്ങളില്‍ മുഴച്ചുനിന്നു. മേയ്സി നിരീക്ഷിക്കുന്നത് പോലെ: ڇഅവരില്‍ ചിലര്‍ നാം അവരില്‍ പെട്ടവരാണ് എന്ന് തന്നെ കരുതുന്നില്ല. അവരില്‍ ചിലര്‍ കരുതുന്നത് അവര്‍ നമ്മെക്കാള്‍ മിടുക്കരാണെന്നും ഇവിടെയുള്ളവരെക്കാള്‍ ഭരിക്കാന്‍ യോഗ്യരാണ് എന്നുമാണ്.ڈ നോവലില്‍ ഉടനീളമുള്ള, എന്നാല്‍ അപൂര്‍വം അവസരങ്ങളില്‍ മാത്രം സ്വയം വെളിപ്പെടുത്തുന്ന ഒരദൃശ്യ ആഖ്യാതാവായി വര്‍ത്തിക്കുന്ന ജൂണ്‍ ഡേയുടെ അമ്മ ഉന്നയിക്കുന്നതും ഇതേ ചോദ്യമാണ്: ڇഇപ്പോള്‍ നിങ്ങള്‍ക്ക് നിങ്ങളുടെ ശക്തി അറിയാമെന്നിരിക്കെ, അതുകൊണ്ട് നിങ്ങള്‍ എന്തു ചെയ്യും?ڈ പോസ്റ്റ് കൊളോണിയല്‍ കാലത്തെ ആഫ്രിക്കന്‍ സാഹിത്യം ഈ ചോദ്യം നിരന്തരം ഉന്നയിക്കുന്നുണ്ട് എന്ന് കാണാം. ചരിത്രത്തിന്‍റെയും സ്വാഭാവികതയുടെയും നിയമങ്ങളെ നീതിയോടടുപ്പിക്കുകയെന്ന നിലയിലാണ് വയേതു മൂറിന്‍റെ മാജിക്കല്‍ റിയലിസം പ്രവര്‍ത്തിക്കുന്നതെന്നും ഇക്കാര്യത്തില്‍ ആലഹീ്ലറ (ഠീിശ ങീൃൃശീിെ), ഠവല ഡിറലൃഴൃീൗിറ ഞമശഹൃീമറ (ഇീഹീിെ ണവശലേവലമറ) എന്നിവയോടാണ് പുസ്തകത്തിനു അടുപ്പമെന്നും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട് (ടമൃമ ഇീഹഹശിെ, വേലഴൗമൃറശമി.രീാ). ക്രിസ്തുമതം അധിനിവേശത്തിന്‍റെയും പുതിയ ദേശരാഷ്ട്രപ്പിറവിയുടെയും സാംസ്കാരിക, വിശ്വാസ മുഖമായി മാറിയപ്പോള്‍ പരമ്പരാഗത വിശ്വാസക്രമങ്ങള്‍ എങ്ങനെയാണ് അതിജീവിച്ചതെന്ന പ്രശ്നത്തെ ഒരു കഥാപാത്രം വിവരിക്കുന്നത് ശ്രദ്ധേയമാണ്: പുതിയ ദൈവം വന്നപ്പോള്‍ നാട്ടുകാര്‍ അതിനെ സ്വീകരിച്ചു എന്നത് ശരിയാണ്, ڇഎന്നാല്‍ ദൈവം വന്ന വീട് അപ്പോഴും പൂര്‍വികരുടെ വീടായിരുന്നു. ഒരു സന്ദര്‍ശകന്‍ വരുമ്പോള്‍ നിങ്ങള്‍ വീട് ഉപേക്ഷിച്ചു പോകുമോ?ڈ ദേശീയ സ്വത്വങ്ങള്‍ സാംസ്കാരിക വൈവിധ്യങ്ങളെ മുക്കിക്കളയും എന്നത് ദേശനിര്‍മിതിയുടെ വെല്ലുവിളിയാണ്. അതേ സമയം, ഗോത്ര സംഘര്‍ഷങ്ങളും വിഭജനവും ദേശനിര്‍മിതിക്ക് എതിര്‍ചാലകമാണ് എന്നും അത് ഒരുമയുടെ സന്ദേശത്തെ തുരങ്കം വയ്ക്കും എന്നുമുള്ള ആശയവും നോവലില്‍ ശക്തമാണ്. ഒരു ഘട്ടത്തില്‍ ബെസ്സ തന്നെയും തന്‍റെ ഫാമില്‍ ജോലി ചെയ്യുന്ന ഗോത്ര വര്‍ഗ തൊഴിലാളികളോട് പറയുന്നുണ്ട്: ڇബസ്സയോ ക്പെല്ലയോ വായിയോ എന്‍റെ ഫാമില്‍ വേണ്ട... നമ്മള്‍ ഇവിടെ ലൈബീരിയക്കാര്‍ ആണ്.ڈ
     ആഫ്രിക്കന്‍-അമേരിക്കന്‍ വംശജര്‍ക്കുള്ള കുടിയേറ്റ കോളനിയുടെ ഉത്പത്തിപുസ്തകം എന്നതിനപ്പുറവും ലൈബീരിയന്‍ ചരിത്രത്തിന്‍റെ സൂക്ഷ്മാംശങ്ങളെ ആവാഹിക്കുന്ന വലിയ ക്യാന്‍വാസിലുള്ള കൃതിയാണ് ഷി വുഡ് ബി കിംഗ്. ആദ്യകാല ആഫ്രിക്കന്‍ അമേരിക്കന്‍ കുടിയേറ്റക്കാരുടെ ആദര്‍ശ നിഷ്ഠയുടെ പരിധികളും പരിമിതികളും അവര്‍ സ്വദേശി വിഭാഗങ്ങളോടു പെരുമാറിയ രീതികളിലൂടെ നോവലിസ്റ്റ് പരിശോധിക്കുന്നു. പ്രണയം, കുടുംബത്തിന്‍റെ പ്രതീക്ഷകള്‍ വിട്ടുപോകുന്നതിന്‍റെ പ്രതിസന്ധികള്‍, ശരിയുടെ പക്ഷം പിടിക്കുന്നതിന്‍റെ സംഘര്‍ഷങ്ങള്‍ തുടങ്ങിയ രൂപത്തില്‍ കഥാഗതികളെ സാര്‍വലൗകിക വിഷയങ്ങളുടെ തലത്തിലേക്ക് നോവല്‍ ഉയര്‍ത്തുന്നു. സുരക്ഷിത ഇടത്തിലിരുന്ന് യുദ്ധത്തെ കുറിച്ചും ദാരിദ്ര്യത്തെ കുറിച്ചും മഹാമനസ്കതയോടെ എഴുതുന്ന രീതിയല്ല വയേതുവിന്‍റെത് എന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ലൈബീരിയയുടെ കഥകള്‍ അധികമാരും പറഞ്ഞിട്ടില്ലാത്തതുകൊണ്ട് തന്നെ പോലുള്ള പുതിയ എഴുത്തുകാര്‍ക്ക് ഒട്ടേറെ പറയാന്‍ കഴിയുമെന്ന് ലൈബീരിയന്‍-ഡച്ച് നോവലിസ്റ്റ് വാംബ ഷരീഫ് (ഢമായമ ടവലൃശള: ആീൗിറ ീേ ടലരൃലര്യ, ഘമിറ ീള ങ്യ എമവേലൃെ) നിരീക്ഷിക്കുന്നു. നാടിന്‍റെ കഥയിലേക്ക് പുതുതായി താല്‍പര്യമുണര്‍ത്തുകയെന്ന ദൗത്യത്തില്‍ ചിമമാന്‍ഡാ അദീചി നൈജീരിയയ്ക്കു വേണ്ടി എന്താണോ ചെയ്തത് അതാണ് ലൈബീരിയയ്ക്കു വേണ്ടി വയേതു ചെയ്യുന്നത് എന്ന് നിരീക്ഷിക്കപ്പെടുന്നു.
Share:

No comments:

Post a Comment

മൂല്യസൃതി മാസിക വരിക്കാരാവുക

SUBSCRIBE ONLINE

SUBSCRIBE ONLINE
1 year - 240/- 2 Years - 480/- ,3 Years- 720/-

Moolyasruthi Cover

Moolyasruthi Cover
JUNE 2021

MOOLYASRUTHI MAGAZINE

CHAVARA INSTITUTE

CHAVARA INSTITUTE
ADMISSION STARTED

ADVERTISE HERE

ADVERTISE HERE
Ph : 0484 4863404

Chavara Matrimony

Chavara Matrimony

Popular Posts

Search This Site

Recent Posts