ഹരിയാനയില്‍ ഒരു പെണ്‍കുട്ടി ജനിച്ചാല്‍ ഗ്രാമീണര്‍ നൂറിലേറെ വൃക്ഷത്തൈകള്‍ നടും. ആഘോഷമാക്കും അവര്‍ ആ ദിവസങ്ങള്‍.
ഇങ്ങനെയൊരു വാര്‍ത്ത വന്ന നാളുകളിലാണ് കേരളത്തില്‍ രണ്ടു പിഞ്ചു പെണ്‍കുട്ടികള്‍ ഹീനമായി കൊലചെയ്യപ്പെട്ടത്. വാളയാറിലെ ആ പെണ്‍കുട്ടികളുടെ നിലവിളിക്കു മുന്നില്‍ നിന്നുകൊണ്ടാണ് മലയാളികള്‍ പലതരത്തില്‍ സ്വയം പുകഴ്ത്തുന്നത് - സാക്ഷരതയുടെ പേരില്‍, മതേതരത്വത്തിന്‍റെ പേരില്‍, വിദ്യാഭ്യാസത്തില്‍ എന്നു വേണ്ട മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് പല കാര്യത്തിലും മാതൃകയാണ് നാം മലയാളികളെന്ന് സ്വയം ധരിച്ചു വശായിക്കൊണ്ടിരിക്കുന്നു. യഥാര്‍ത്ഥത്തില്‍ മലയാളികളുടെ ഈ മുഖംമൂടിയാണ് വാളയാറില്‍ അഴിഞ്ഞുവീണിരിക്കുന്നത്.
നിയമത്തിന്‍റെ എല്ലാ വാതിലുകളും ആ കുട്ടികള്‍ക്കു മുന്നില്‍ അടയുന്നതാണ് നാം കണ്ടത്. മാപ്പര്‍ഹിക്കാത്ത കുറ്റവാളികള്‍ കൃത്യമായ മെയ്വഴക്കത്തോടുകൂടി തങ്ങള്‍ ചെയ്ത കൊടുംക്രൂരതയില്‍ നിന്നും രക്ഷനേടാന്‍ ശ്രമിച്ചു. കേരളം പലപ്പോഴും ഇരകളുടെ അമര്‍ത്തിപ്പിടിച്ച കരച്ചില്‍ കേള്‍ക്കുന്നില്ല. പകരം വേട്ടക്കാരന്‍റെ ചുവടൊച്ചയ്ക്ക് താളം പിടിച്ചുകൊടുക്കും. ദയാരഹിതമായ നിലപാടുകള്‍ സ്വീകരിക്കും. ഒരു വാര്‍ത്തയെ മറ്റൊരു വാര്‍ത്ത തമസ്ക്കരിക്കും. പഴയ വാര്‍ത്തകളുടെ നേര് തേടി മാധ്യമങ്ങളും പൊതുസമൂഹവും പോകാറുമില്ല.
പ്രതികള്‍ ആരാണെന്ന് പൊലീസിനും നിയമപാലകര്‍ക്കും വ്യക്തമാണ്. കുറ്റക്കാര്‍ക്കു വേണ്ടി ആദ്യം ഹാജരായ അഭിഭാഷകന്‍ മാത്രം മതി അത് പുറത്തുകൊണ്ടു വരാന്‍. അയാളെ സംരക്ഷിക്കാനാവാതെ ശിശുക്ഷേമസമിതി ചെയര്‍മാന്‍ സ്ഥാനത്തു നിന്നും നീക്കി എന്നത് കൊണ്ടുമാത്രം പ്രശ്നം അവസാനിക്കുന്നതല്ല. അവിശ്വസനീയമായ രീതിയില്‍ ചൂഷണത്തിനു വിധേയമാക്കിയതുകൊണ്ടാണ് ആ പിഞ്ചോമനകള്‍ മരിച്ചത്. അവരുടെ രക്ഷിതാക്കളുടെ വാക്കുകള്‍ പോലും മുഖവിലയ്ക്കെടുക്കാതെ നടത്തിയ അന്വേഷണങ്ങളെ നാം എന്ത് പറഞ്ഞാണ് വിശേഷിപ്പിക്കേണ്ടത്. ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുതെന്ന് മേനി പറയുന്ന നിയമാവലികള്‍ കേട്ട് രോമാഞ്ചം കൊള്ളുന്നവരാണ് നമ്മള്‍. എന്നാല്‍ ഓരോ ദിവസവും നിരപരാധികള്‍ ശിക്ഷിക്കപ്പെടുന്നതും കുറ്റവാളികള്‍ ഓരോ കടുംകൈകളില്‍ നിന്നും രക്ഷപ്പെടുന്നതുമാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്.
വാളയാര്‍ സംഭവം നമ്മുടെ നിയമസംവിധാനങ്ങള്‍ക്കു നേരേ വിരല്‍ചൂണ്ടുകയാണ്. സമൂഹത്തിലും അധികാരത്തിലും സ്വാധീനമില്ലാത്ത മനുഷ്യര്‍ക്ക് മുന്നില്‍ നീതിയും അനുബന്ധ സംവിധാനങ്ങളും യാതൊരു ദാക്ഷിണ്യവും കാണിക്കില്ല എന്ന സത്യം വെളിപ്പെടുകയാണ്. പലതരം സ്വാധീനങ്ങളിലൂടെ കുറ്റവാളികള്‍ക്ക് രക്ഷപ്പെടാന്‍ പഴുതു നല്‍കുന്നതാവരുത് നമ്മുടെ നിയമ സംവിധാനങ്ങള്‍. അങ്ങനെ സംഭവിച്ചതിന്‍റെ പൊള്ളലാണ് നാം വാളയാറിലെ പെണ്‍കുഞ്ഞുങ്ങളുടെ വിലാപത്തില്‍ കേള്‍ക്കുന്നതും.
കാണേണ്ടത് കാണാതിരിക്കുക, ചെയ്യേണ്ടത് വേണ്ട സമയത്ത് ചെയ്യാതിരിക്കുക - ഇതൊക്കെ ഒരു പരിഷ്കൃത സമൂഹത്തിന്‍റെ ലക്ഷണങ്ങളല്ല. പൊലീസിനും കോടതിക്കുമൊക്കെ ഒരു ജനാധിപത്യ സമൂഹത്തില്‍ ചില മാനുഷികമായ കടമകള്‍ നിര്‍വഹിക്കാനുണ്ട്. അതു ചെയ്യാതെ വരുമ്പോള്‍ സാധാരണക്കാരായ മനുഷ്യരാണ് ഇരുണ്ടപാതയില്‍ നിസ്സഹായരാകുന്നത്.
തെളിവുകളാണ് കോടതിക്കു വേണ്ടത്. പൊലീസിന് അതു കണ്ടെത്താനുള്ള ധാര്‍മികമായ ഉത്തരവാദിത്വവും. എന്നാല്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടുപോകുന്ന മനുഷ്യര്‍ക്കു വേണ്ടി നിലനില്‍ക്കണമെന്ന് പൊലീസിനെ ഓര്‍മപ്പെടുത്താന്‍ ഭരണകൂടങ്ങള്‍ക്ക് കഴിയുന്നില്ല. പലപ്പോഴും പലവിധ സ്വാധീനങ്ങളില്‍ അകപ്പെടുന്ന അധികാര കേന്ദ്രങ്ങള്‍ സ്വയമറിഞ്ഞും അറിയാതെയും വേട്ടമൃഗങ്ങളെ സംരക്ഷിക്കുന്നവരായി മാറും. അതു തന്നെയാണ് വാളയാറില്‍ നാം കണ്ടത്. തക്ക സമയത്ത് വേണ്ടതൊന്നും ചെയ്യാന്‍ സാധിക്കാത്ത നാം പിന്നീട് മുതലക്കണ്ണീര്‍ പൊഴിക്കും. പെണ്‍കുട്ടികള്‍ക്കു വേണ്ടി, സ്ത്രീജീവിതത്തിനു വേണ്ടി സുരക്ഷയൊരുക്കുന്ന ഒരു സാമൂഹ്യാന്തരീക്ഷം പുലരുന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നു പറയുന്നവരില്‍ പലരും അതു ഹൃദയത്തില്‍ തൊട്ടല്ല പറയുന്നത്. അങ്ങനെ സംഭവിച്ചിരുന്നെങ്കില്‍ രണ്ടു പെണ്‍കുട്ടികള്‍ വാളയാറില്‍ ഭയാനകമാംവിധം കൊല്ലപ്പെടുമായിരുന്നില്ല.
നാം ഒന്നില്‍ നിന്നും പാഠം പഠിക്കുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഒരു സംഭവം വാര്‍ത്തയില്‍ നിറഞ്ഞുനില്‍ക്കുമ്പോള്‍ മാത്രം അതിനോടു പ്രതികരിക്കുന്നതാവരുത് നമ്മുടെ രാഷ്ട്രീയം. നിരന്തരമായ ജാഗ്രതയുള്ളതാവണം നമ്മുടെ സാമൂഹ്യ മനഃസാക്ഷി. കക്ഷി രാഷ്ട്രീയത്തിന്‍റെ അതിരുകള്‍ മറികടന്ന് നാം സാധാരണക്കാരായ മനുഷ്യരുടെ വേദനകളിലേക്കു വേണം കടന്നുചെല്ലാന്‍. സ്വാതന്ത്ര്യം നേടി അറുപതിലേറെ വര്‍ഷം കഴിഞ്ഞിട്ടും നാം എത്തിനില്‍ക്കുന്ന സാമൂഹ്യാന്തരീക്ഷം ഒട്ടും പ്രതീക്ഷാനിര്‍ഭരമല്ല എന്നതും മറക്കേണ്ടതില്ല.
നീതി നിര്‍വഹണ സംവിധാനം എന്താണ് വാളയാറിലെ പെണ്‍കുഞ്ഞുങ്ങളോടു ചെയ്തത്? ആദ്യം തന്നെ രണ്ടു പെണ്‍കുട്ടികളും ആത്മഹത്യ ചെയ്തതാണെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമം നടന്നു. ദീര്‍ഘനാളായി പ്രതികള്‍ ആ പെണ്‍കുഞ്ഞുങ്ങളെ ശാരീരികമായി പീഡിപ്പിച്ചിട്ടുണ്ടാവണം. പതിമൂന്ന് വയസുള്ള ഒരു കുട്ടിയുടെ സമ്മതപ്രകാരമാണ് (ഉഭയസമ്മത പ്രകാരമെന്ന് നിയമഭാഷ) ലൈംഗിക ബന്ധമുണ്ടായതെന്ന കുറ്റപത്രത്തിലെ വാദം യഥാര്‍ത്ഥത്തില്‍ കുറ്റവാളികളെ ശിക്ഷിക്കാന്‍ പര്യാപ്തമാണ്. പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുഞ്ഞിന്‍റെ സമ്മതമുണ്ടെങ്കില്‍ ലൈംഗികബന്ധമാവാം എന്ന് ആരാണ് ഈ മഹാമതികളായ നിയമപാലകരെ പഠിപ്പിച്ചത്. എഫ്.ഐ.ആറിലും മറ്റും ഇതുപോലുള്ള ഭോഷത്തങ്ങള്‍ എഴുതിപ്പിടിപ്പിച്ച സാറന്മാരെ സസ്പെന്‍ഡ് ചെയ്തതുകൊണ്ടുമാത്രം പരിഹരിക്കാവുന്ന പ്രശ്നമല്ല ഇത്. കുട്ടികളുടെ അമ്മ തന്നെ പറഞ്ഞ നേരുകള്‍ക്ക് യാതൊരു വിലയും നല്‍കാതെയാണ് നീതിപാലക ഏമാന്മാര്‍ മുന്നോട്ടുപോയത്. ഇവരെയൊക്കെ എന്തു പറഞ്ഞാണ് വിശേഷിപ്പിക്കേണ്ടത്. വാളയാറിലെ പെണ്‍മക്കളുടെ അപരിഹാര്യമായ വേദനയ്ക്കും കണ്ണീരിനും ഇവര്‍ എന്ത് പ്രായ്ശ്ചിത്തമാണ് ചെയ്യാന്‍ പോകുന്നത്.
മുഖ്യമന്ത്രിയുടെ നിലപാടുകള്‍ വാളയാര്‍ കേസിന് പ്രത്യാശ നല്‍കുന്ന വഴിത്തിരിവായിട്ടുണ്ട്. പുതിയ പ്രോസിക്യൂട്ടറെ വയ്ക്കുന്നതിനും അപ്പീല്‍ നല്‍കാനുമൊക്കെയുള്ള തീരുമാനം യഥാര്‍ത്ഥ കുറ്റവാളികളിലേക്ക് ശിക്ഷയെത്താന്‍ പ്രേരണയാകുമെന്ന് കരുതാം.
ദേശീയ ബാലാവകാശ കമ്മീഷനും ദേശീയ പട്ടികജാതി കമ്മീഷനും വാളയാര്‍ പ്രശ്നത്തില്‍ ഇടപെട്ടിട്ടുണ്ട്. അതുകൊണ്ടു മാത്രമായില്ല. കേസ് എവിടെ എങ്ങനെയാണ് അട്ടിമറിക്കപ്പെട്ടതെന്ന് വ്യക്തമാകേണ്ടതുണ്ട്. അതിന് ഭാരിച്ച ശ്രമമൊന്നും ആവശ്യമില്ല. പച്ചവെള്ളം പോലെ വ്യക്തമാണ് വാളയാര്‍ പെണ്‍കുട്ടികളെ പീഡിപ്പിച്ചു കൊലപ്പെടുത്തിയതാരെന്ന്. കുറ്റം ചെയ്തവര്‍ മാത്രമല്ല അതിനെ സംരക്ഷിക്കാന്‍ ശ്രമിച്ചവരും നിയമത്തിനു മുന്നിലെത്തേണ്ടതുണ്ട്.
ദളിത് പിന്നോക്ക വിഭാഗങ്ങളുടെയും ആദിവാസി സമൂഹത്തിന്‍റെയുമൊക്കെ സാമൂഹ്യജീവിതം ഇന്നും മറ്റുള്ളവര്‍ക്കൊപ്പമല്ല. അവര്‍ പല കാരണങ്ങളാല്‍ അരികിലേക്ക് നീക്കി നിര്‍ത്തപ്പെട്ടുകൊണ്ടിരിക്കുന്നു. ഈ അന്തരീക്ഷമാണ് പലപ്പോഴും ഇതുപോലുള്ള ചൂഷണത്തിന് കാരണം. ആത്മാര്‍ത്ഥമായ ശ്രമങ്ങളിലൂടെ ഇവരുടെ ജീവിതത്തിലേക്ക് വെളിച്ചമെത്തിക്കാനാണ് നാം ശ്രമിക്കേണ്ടത്.
വാളയാറിലെ പെണ്‍കുട്ടികളെ പീഡിപ്പിച്ചു കൊലപ്പെടുത്തിയവരെ നിയമത്തിനു മുന്നിലെത്തിച്ചുവേണം നമ്മുടെ നിയമ സംവിധാനങ്ങള്‍ നഷ്ടപ്പെട്ട വിശ്വാസ്യത വീണ്ടെടുക്കാന്‍.
No comments:
Post a Comment