സംഭാഷണം എഴുത്തിന്‍റെ അര്‍ത്ഥതലങ്ങള്‍ -- എം.ആര്‍.സിയോടൊത്ത് അല്പനേരം റഷീദ് പാനൂര്‍


     മലയാളത്തിലെ മികച്ച സാഹിത്യസൃഷ്ടികളോടൊപ്പം അരനൂറ്റാണ്ടു കാലത്തിലേറെയായി സഞ്ചരിക്കുന്ന വിമര്‍ശകനാണ് എം.ആര്‍.സി എന്ന പേരിലറിയപ്പെടുന്ന എം.ആര്‍ ചന്ദ്രശേഖരന്‍. വിശ്വസാഹിത്യത്തിലെ ക്ലാസിക്കുകളെ മലയാളികള്‍ക്ക് പരിചയപ്പെടുത്തുന്നതില്‍ എം. കൃഷ്ണന്‍ നായര്‍ ചെയ്ത സേവനം തന്നെയാണ് എം.ആര്‍.സിയും ചെയ്തത്. മാര്‍ക്സിയന്‍ സൗന്ദര്യശാസ്ത്രത്തിന്‍റെ ഊടുവഴികളിലൂടെ സഞ്ചരിക്കുമ്പോഴും കലാസൃഷ്ടികളുടെ ജീവാത്മാവായ സൗന്ദര്യാത്മകതലം കണ്ടെത്തുന്നതില്‍ എം.ആര്‍.സി എന്നും മുന്‍പിലായിരുന്നു. ആഴമില്ലാത്ത സാമൂഹ്യചിത്രങ്ങള്‍ തിരിച്ചും മറിച്ചും നോക്കി ഒരു സാഹിതിക്കും ഏറെക്കാലം നിലനില്‍ക്കാന്‍ കഴിയില്ല എന്ന സത്യം എം.ആര്‍.സിക്കറിയാം. തകഴിയും കേശവദേവും എസ്.കെ പൊറ്റക്കാടും ചെറുകാടും എഴുതിയ അസംഖ്യം ചെറുകഥകളില്‍ നിന്ന് കലയുടെ ജൈവവികാസത്തിനാവശ്യമായ മെറ്റബോളിസം മാനദണ്ഡമാക്കി ഒരു തിരഞ്ഞെടുപ്പ് നടത്തിയാല്‍ മിക്ക കഥകളും പുതുമ അന്വേഷിക്കുന്ന വായനക്കാര്‍ മാറ്റിവയ്ക്കും എന്ന സത്യം അറിയുന്ന സാമൂഹിക വിമര്‍ശകനാണ് എം.ആര്‍.സി. ബഷീറും പൊന്‍കുന്നം വര്‍ക്കിയും ഇന്നും വായിക്കപ്പെടുന്നത് അവരുടെ കലയുടെ തിളക്കം കൊണ്ടാണെന്ന് എം.ആര്‍.സി വിശ്വസിക്കുന്നു. പ്രശസ്ത നോവലിസ്റ്റ് പ്രകാശന്‍ ചുനക്കരയോടൊപ്പം അടുത്തകാലത്ത് ഞാന്‍ എം.ആര്‍.സിയെ കണ്ടു.

* ഇ.എം.എസ് രാഷ്ട്രീയരംഗത്ത് ഒരു ദീപ ഗോപുരം പോലെ ഉയര്‍ന്നു നില്‍ക്കുന്ന ചിന്തകനും, പ്രാക്ടിക്കല്‍ പൊളിറ്റീഷ്യനുമാണ്. പക്ഷേ മാര്‍ക്സിയന്‍ സൗന്ദര്യശാസ്ത്രത്തിന്‍റെ വക്താവായി അദ്ദേഹത്തെ കരുതുന്നത് അദ്ദേഹത്തോട് തന്നെ ചെയ്യുന്ന അനീതിയല്ലേ?
ഇ.എം.എസ് ഒരു മാര്‍ക്സിയന്‍ ഈസ്തെറ്റീഷ്യനാണെന്ന് ആരും പറഞ്ഞില്ലല്ലോ. അദ്ദേഹം സാഹിത്യത്തെകുറിച്ച് കൂടുതലൊന്നും എഴുതിയില്ല. കമിറ്റ്മെന്‍റ് സാഹിത്യമെന്നാല്‍ സമൂഹത്തിന്‍റെ നടുമുറി അതേപോലെ പകര്‍ത്തലാണെന്ന തെറ്റിദ്ധാരണ അദ്ദേഹം 1990 ല്‍ തിരുത്തി. സാമൂഹ്യ ചലനങ്ങള്‍ ചിത്രീകരിക്കാതെയും അത്യുദാത്തമായ കലയും, സാഹിത്യവും ഉണ്ടാകാം എന്ന് അദ്ദേഹം എഴുതിയത് ഓര്‍ക്കുന്നില്ലേ?

* കാറല്‍ മാര്‍ക്സ് തന്‍റെ څഛി ഘശലേൃമൗൃലേچ എന്ന ഗ്രന്ഥത്തില്‍ അദ്ദേഹത്തിന് ഷെയ്ക്സ്പിയറേയും, ഗ്രീക്ക് നാടകകൃത്ത് സോഫോക്ലീസിനേയും, ഈസ്കിലസിനേയും ഇഷ്ടമായിരുന്നു എന്ന് എഴുതിയിട്ടുണ്ട്. ഷെയ്ക്സ്പിയറും ഈസ്കിലസും സാമൂഹ്യപ്രശ്നങ്ങള്‍ കൈകാര്യം ചെയ്തിട്ടില്ല. ടോള്‍സ്റ്റോയി, ടര്‍ജനീവ്, ദസ്തയേവ്സ്കി, പുഷ്ക്കിന്‍, ചെക്കോവ് തുടങ്ങിയ എഴുത്തുകാരുടെ ഇപോക്ക് മേക്കിംഗ് (ഋുീരവ ാമസശിഴ) ആയ കൃതികള്‍ക്കൊന്നും ഡയറക്ട് സോഷ്യല്‍ കമിറ്റ്മെന്‍റ് ഇല്ല എന്ന സത്യവും ഇ.എം.എസിനറിയാം. എന്നിട്ടും മാക്സിംഗോര്‍ക്കിയുടെ കമിറ്റ്മെന്‍റ് സാഹിത്യത്തിനപ്പുറം പോകാന്‍ ഇ.എം.എസിനും പി.ഗോവിന്ദപിള്ളക്കും കഴിഞ്ഞില്ല എന്നത് സത്യമല്ലേ?
ഓരോ കാലഘട്ടത്തിലും സി.പി.ഐ.എം എന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ നിലനില്‍പിനും വളര്‍ച്ചയ്ക്കും ആവശ്യമായ സാഹിത്യ സിദ്ധാന്തങ്ങളാണ് ഇ.എം.എസ് ആവിഷ്കരിച്ചത്. ദസ്തയേവ്സ്കിയുടെ സൈക്കളോജിക്കലായ ഇന്‍സൈറ്റിനെ കുറിച്ച് പൊളിറ്റീഷ്യനായ ഇ.എം.എസിന് എഴുതാന്‍ കഴിയില്ല. പി.ജി യും കലയുടെ മര്‍മം തൊട്ടറിഞ്ഞ നിരൂപകനല്ല.

* റഷ്യയുടെ ചരിത്രത്തില്‍ സ്റ്റാലിന്‍റെ കാലഘട്ടം സാഹിത്യവും കലയും വളര്‍ച്ച മുരടിച്ച് ബോണ്‍സായി മരങ്ങളായി മാറിയെന്ന് താങ്കള്‍ തന്നെ എഴുതിയിട്ടുണ്ടല്ലോ?
മാര്‍ക്സിസ്റ്റ് സിദ്ധാന്തങ്ങളെ കലയുടേയും സാഹിത്യത്തിന്‍റേയും മണ്ഡലങ്ങളിലേക്ക് വ്യാപിപ്പിച്ചപ്പോഴാണ് സോഷ്യലിസ്റ്റ് റിയലിസം എന്ന പ്രസ്ഥാനം റഷ്യയിലുണ്ടായത്. കലാകാരന്‍ സ്റ്റെയ്റ്റിന്‍റെ പരിചാരകനാണെന്നും, സോഷ്യലിസത്തിന് വേണ്ടി വാദിക്കേണ്ടവനാണെന്നും സ്റ്റാലിന്‍ കരുതി. ڇമനുഷ്യാത്മാക്കളുടെ എഞ്ചിനീയര്‍മാരായി സ്റ്റാലിന്‍ കലാകാരന്മാരെ കണ്ടു.ڈ അദ്ദേഹത്തിന്‍റെ ഭരണകാലത്ത് കലാകാരന്മാര്‍ സ്റ്റെയ്റ്റിന് വേണ്ടി മാത്രം എഴുതി. എന്നാല്‍ സ്റ്റാലിന്‍ അന്തരിച്ചതിന് ശേഷം റഷ്യയില്‍ എല്ലാ രംഗത്തും മാറ്റങ്ങളുണ്ടായി. കഥാപാത്രങ്ങളുടെ മാനസികാപഗ്രഥനങ്ങള്‍ നടന്നു. സോഷ്യലിസ്റ്റ് റിയലിസം ക്രിട്ടിക്കല്‍ റിയലിസമായി മാറി. ലെനിന്‍റെയും, സ്റ്റാലിന്‍റെയും രീതികളില്‍ നിന്ന് ഭിന്നമായി സ്വയംശാസനാധികാരം (അൗീിീാ്യേ) വന്നുചേര്‍ന്നു. റഷ്യയിലെ നൂതന സാഹിത്യത്തിന്‍റെ ഉദ്ഘോഷകരായി വാസിലി അക്സനോവ്, ആന്ദ്രേ ബീറ്റോവ് തുടങ്ങിയ എഴുത്തുകാര്‍ കൊണ്ടാടപ്പെടുന്നു.
* മലയാളത്തില്‍ കമിറ്റ്മെന്‍റ് സാഹിത്യത്തെ കലയാക്കി മാറ്റിയവരില്‍ എം. സുകുമാരന്‍ ഇന്നും ഒന്നാം സ്ഥാനത്തില്ലേ? സി.വി രാമനെ മറന്നുകൊണ്ടല്ല ചോദിക്കുന്നത്. എം. സുകുമാരനും സി.പി.ഐ.എം എന്ന രാഷ്ട്രീയ പ്രസ്ഥാനവും ആശയപരമായി പിണങ്ങിയതിനെ കുറിച്ച് താങ്കള്‍ എന്തു പറയുന്നു?
കാല്‍പനിക ലാവണ്യത്തിന്‍റെ മിനുക്കമുള്ള പദങ്ങള്‍ കൊരുത്ത് കഥകള്‍ എഴുതിയ കാലഘട്ടത്തില്‍ മാധവിക്കുട്ടിയും, എം.ടിയും, ടി. പദ്മനാഭനും, എം. സുകുമാരനും, ഒ.വി വിജയനും ജീവിതത്തിന്‍റെ ചിട്ടപ്പെടുത്തിയ നിര്‍വചനങ്ങള്‍ക്ക് പകരം ജീവിതത്തെ ധീരമായി സമീപിച്ചു. ദാര്‍ശനികമായ പുതിയ ഉള്‍ക്കാഴ്ചകള്‍ അവതരിപ്പിച്ച എം. സുകുമാരനെ څശേഷക്രിയچ എഴുതിയപ്പോള്‍ വിമര്‍ശിച്ച് നിശ്ശബ്ദനാക്കിയത് പാര്‍ട്ടിക്കു പറ്റിയ വലിയ തെറ്റാണ്.

* എഴുപതുകളില്‍ യൂറോപ്യന്‍ അസ്തിത്വവാദം കേരളക്കരയില്‍ എത്തി. നെയിലിസവും (ചശവശഹശാെ), കമ്യുവിന്‍റെ څസിസിഫസ് പുരാണچവും (ങ്യവേ ീള ടശശെുവൗെ), സാര്‍ത്രിന്‍റെ ദര്‍ശനവും, കാഫ്കയുടെ കത്തിമുനയിലൂടെ തെന്നി നീങ്ങുന്ന ജീവിതവും കേരളത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടു. എഴുപതുകളും, എണ്‍പതുകളും, തൊണ്ണൂറുകളും മലയാള സാഹിത്യത്തെ അടക്കി ഭരിച്ചത് ഒ.വി വിജയനും, ആനന്ദും, കാക്കനാടനും, സേതുവും, പുനത്തില്‍ കുഞ്ഞബ്ദുള്ളയും, എം. മുകന്ദനും, സക്കറിയയും, ടി.ആറുമൊക്കെയായിരുന്നില്ലേ?
ആധുനികതയുടെ വരവ് മലയാള ചെറുകഥ, നോവല്‍, കവിതാ സാഹിത്യത്തെ സമ്പന്നമാക്കി. പക്ഷെ ആധുനികതയുടെ പേരില്‍ ധാരാളം കള്ളനാണയങ്ങളും രംഗത്തുവന്നു. ഒ.വി വിജയന്‍റെ څഖസാക്കിന്‍റെ ഇതിഹാസംچ, ആനന്ദിന്‍റെ څആള്‍ക്കൂട്ടംچ, കാക്കനാടന്‍റെ څഉഷ്ണമേഖലچ, എം. മുകുന്ദന്‍റെ څമയ്യഴി പുഴയുടെ തീരങ്ങളില്‍چ, പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ څസ്മാരകശിലകള്‍چ, സേതുവിന്‍റെ څപാണ്ഡവപുരംچ തുടങ്ങിയ നോവലുകള്‍ ക്രാഫ്റ്റിലും, നറേഷനിലും മികച്ചതാണ്. പക്ഷെ അസ്തിത്വ ദുഃഖവും, കാഫ്കാസ്ക് ശൈലിയും, അന്യതാബോധവും (അഹശലിമശേീി) ഇന്ത്യന്‍ സാഹചര്യവുമായി കണക്ട് ചെയ്യാന്‍ എം. മുകുന്ദനും, കാക്കനാടനും പല കൃതികളിലും കഴിഞ്ഞില്ല. ഒ.വി വിജയനും ആനന്ദും ആധുനികതയുടെ ദര്‍ശനം കുറെയൊക്കെ സ്വാംശീകരിച്ചവരാണ്. പുനത്തില്‍ ആധുനികതയെ പ്രാദേശികമായ മിത്തുകള്‍ ഉപയോഗിച്ച് കാവ്യാത്മകമാക്കി. സേതു ഒരേ സമയം മാജിക്കല്‍ റിയലിസവും ദുരന്ത ദര്‍ശനവും പരീക്ഷിച്ചു. പക്ഷേ څആള്‍ക്കൂട്ടംچ എന്ന മഹത്തായ നോവലില്‍ നിന്ന് څമരണ സര്‍ട്ടിഫിക്കറ്റിچല്‍ എത്തുമ്പോള്‍ ആനന്ദിന് ചിന്തിക്കാന്‍ കാഫ്കയുടെ ദര്‍ശനം വേണ്ടിവരുന്നു. എം. മുകുന്ദനും കാക്കനാടനും സെക്സും, വയലന്‍സും, ലഹരിവസ്തുക്കളും കുത്തിനിറച്ച നാലാംതരം നോവലുകളും, കഥകളും എഴുതിയിട്ടുണ്ട്. കാക്കനാടന്‍റെ څകോഴിچ കാഫ്കയുടെ څമെറ്റമോര്‍ഫോസിസ്چ എന്ന കഥയെ ഒരു സറ്റയറാക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ടതല്ലേ?

* ആധുനിക കവികളായ കെ. അയ്യപ്പപ്പണിക്കര്‍, വിഷ്ണുനാരായണന്‍ നമ്പൂതിരി, ആറ്റൂര്‍, കടമ്മനിട്ട, സച്ചിദാനന്ദന്‍, ചുള്ളിക്കാട്, ആര്‍. രാമചന്ദ്രന്‍, ഡി. വിനയചന്ദ്രന്‍ തുടങ്ങിയവരില്‍ താങ്കളെ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ചത് ആരാണ്?
തീര്‍ച്ചയായും കടമ്മനിട്ട തന്നെ. നവീന കവിതകളില്‍ കാണുന്ന ദുര്‍ഗ്രഹത കടമ്മനിട്ടയിലില്ല. സാമൂഹ്യ ചലനങ്ങള്‍ ഒപ്പിയെടുക്കുന്ന കടമ്മനിട്ട കവിതകള്‍ താളാത്മകമാണ്. ഭാഷയുടെ പുതിയ റിഥവും, മിത്തുകളുടെ നവ വ്യാഖ്യാനവും കടമ്മനിട്ട കവിതയിലുണ്ട്. വായിക്കുന്തോറും പുതിയ അര്‍ത്ഥതലങ്ങള്‍ ഇതള്‍ വിടര്‍ത്തുന്ന മഹത്തായ കവിതയാണ് കടമ്മനിട്ടയുടേത്.

* ആറ്റൂര്‍, എന്‍.എന്‍ കക്കാട് തുടങ്ങിയ കവികള്‍ ഇന്ത്യയുടെ മാറിമാറി വരുന്ന ഭാവങ്ങളെ ആവിഷ്കരിക്കുന്നതില്‍ മുന്‍പിലല്ലേ?
ആറ്റൂരും അയ്യപ്പപ്പണിക്കരും വിഷ്ണുനാരായണന്‍ നമ്പൂതിരിയും ധൈഷണികമായി മുന്‍പിലാണ്. നോവലിസ്റ്റ് ആനന്ദ് ധൈഷണികതയുടെ ആള്‍രൂപമാണ്. കലയില്‍ ധൈഷണികതയ്ക്ക് സ്ഥാനമില്ല. ചങ്ങമ്പുഴ മികച്ച കവിയാണ്. വികാരം കണ്‍വേ ചെയ്യുന്നതില്‍ അദ്ദേഹം വിജയിക്കുന്നു. പക്ഷെ വികാരം പകര്‍ന്ന് നല്‍കുന്നതില്‍ അയ്യപ്പപ്പണിക്കരും, സച്ചിദാനന്ദനും വേണ്ടത്ര വിജയിച്ചില്ല എന്നാണ് എന്‍റെ അഭിപ്രായം.

* മുദ്രവാക്യ സമാനമായ കവിതകളും, ദരിദ്രഗാഥകളും എഴുതിയ കെ.പി.ജിയേയും, ഡി.എന്‍. പൊറ്റക്കാടിനേയും ഒരു കാലത്ത് ഇടതുപക്ഷ ബുദ്ധിജീവികള്‍ കൊണ്ടുനടന്നില്ലേ?
ശരിയാണ്, ബഷീറിനെപ്പോലുള്ള വലിയ എഴുത്തുകാര്‍ക്ക് ഇടതുപക്ഷ ക്യാമ്പില്‍ ഇടം നല്‍കിയില്ല. ഒ.വി വിജയനെപ്പോലെ കമിറ്റ്മെന്‍റ് കഥകളും, ആധുനിക കഥകളും, യൂണിവേഴ്സല്‍ അപ്പീലുള്ള കാര്‍ട്ടൂണുകളും വരച്ച് അടിയന്തരാവസ്ഥയെപ്പോലും നേരിട്ട ഒരെഴുത്തുകാരനെ തള്ളിക്കളഞ്ഞതും ചെറുകാടിനെയും, കെ.പി.ജിയെയും പോലുള്ളവരെ ഉയര്‍ത്തിക്കാട്ടിയതും ഇടതുപക്ഷത്തിന്‍റെ ഭാഗത്തുള്ള തെറ്റ് തന്നെയാണ്.

* ڇഡീ-മിസ്റ്റിഫിക്കേഷന്‍ڈ നടത്തി പുതിയ കാലഘട്ടത്തെ വ്യാഖ്യാനിക്കാന്‍ ടോള്‍സ്റ്റോയിയും, ഖലീല്‍ ജിബ്രാനും, കസാന്‍ദ്സാക്കീസും, ഏലിയാസ് കനേറ്റിയും ബൈബിളും ഖുര്‍ആനും ഭാരതീയ ഇതിഹാസ ഗ്രന്ഥങ്ങളും ഉപയോഗിച്ചിട്ടുണ്ട്. പക്ഷേ ഇന്ന് എം.ടി ഭീമനെ ഡീ-മിസ്റ്റിഫൈ ചെയ്യുമ്പോഴും, പി.കെ ബാലകൃഷ്ണന്‍ കര്‍ണനെ ഡീ-മിസ്റ്റിഫൈ ചെയ്ത കാലത്തും പ്രശ്നങ്ങള്‍ ഇല്ലായിരുന്നു. പക്ഷെ ഇന്ന് ഇന്ത്യയില്‍ അന്തരീക്ഷം ഏറെ മാറിയില്ലേ?
ശരിയാണ്, ഫാസിസത്തിന്‍റെ ഇരുണ്ടകാലം വന്നിരിക്കുകയാണ്. കമ്യൂണിസ്റ്റ് രാജ്യങ്ങളിലും, ചില ഇസ്ലാമിക് രാജ്യങ്ങളിലും കലയും സാഹിത്യവും ഭരണകൂടത്തിന്‍റെ റ്റ്യൂണിനനുസരിച്ച് ഡാന്‍സ് ചെയ്യുന്നു എന്ന തരത്തിലാകുന്നത് അപകടമാണ്.

* പി.കെ ബാലകൃഷ്ണന്‍ മികച്ച നോവലിസ്റ്റ്, നിരൂപകന്‍, ചരിത്രകാരന്‍ തുടങ്ങിയ അനേകം തലങ്ങളില്‍ ്ലൃമെശേഹല ആയ വ്യക്തിയായിരുന്നു. പക്ഷെ അദ്ദേഹത്തിന് അര്‍ഹിക്കുന്ന അംഗീകാരം ജീവിക്കുന്ന കാലത്തും മരണശേഷവും കിട്ടിയില്ല എന്നത് സത്യമല്ലേ?
പി.കെ ബാലകൃഷ്ണന്‍ എല്ലുറപ്പുള്ള വ്യക്തിയും സ്വന്തം നിലപാടുകളില്‍ വിട്ടുവീഴ്ചയില്ലാത്ത എഴുത്തുകാരനുമാണ്. څഇനി ഞാന്‍ ഉറങ്ങട്ടെچയെന്ന നോവല്‍ എം.ടി യുടെ രണ്ടാമൂഴത്തെക്കാള്‍ മികച്ചതാണ്. അദ്ദേഹത്തെ തേടി അവാര്‍ഡുകള്‍ എത്തിയില്ല എന്ന് പറഞ്ഞു കൂടാ. വയലാര്‍ അവാര്‍ഡ് കിട്ടിയിട്ടുണ്ട്. പക്ഷെ അദ്ദേഹം കാണിച്ച ബുദ്ധിപരമായ സത്യസന്ധത അനിതരസാധാരണമാണ്. അവാര്‍ഡുകള്‍ ഒരു പ്രശ്നമേയല്ല. വൈക്കം മുഹമ്മദ് ബഷീറിന് സംസ്ഥാനത്തെ എഴുത്തുകാര്‍ക്ക് സാഹിത്യ അക്കാദമി നല്‍കുന്ന പുരസ്കാരം പോലും കിട്ടിയില്ല. പക്ഷെ അദ്ദേഹമിന്നും ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്ന എഴുത്തുകാരനാണ്.

* നവീന നിരൂപകരായ കെ.പി അപ്പന്‍, വി.രാജകൃഷ്ണന്‍, ആഷാ മേനോന്‍, നരേന്ദ്രപ്രസാദ് തുടങ്ങിയവരുടെ ഭാഷ കൃത്രിമമാണെന്ന് അഴീക്കോടും എസ്. ഗുപ്തന്‍ നായരും പറയുന്നു. പക്ഷെ എം.കെ സാനുവിന് ഈ അഭിപ്രായമില്ല. കെ.പി അപ്പനും വി. രാജകൃഷ്ണനും മലയാളത്തിലെ മികച്ച നിരൂപകരായിട്ടാണ് എം.കെ സാനു കാണുന്നത്. താങ്കളുടെ അഭിപ്രായത്തില്‍ നവീന നിരൂപകരുടെ ഭാഷയില്‍ പുതുമയുണ്ടോ?
കെ.പി അപ്പന്‍റേയും, വി. രാജകൃഷ്ണന്‍റേയും ഭാഷയില്‍ കൃത്രിമമൊന്നും ഞാന്‍ കണ്ടില്ല. പക്ഷെ ഇവര്‍ പരീക്ഷണ നോവലുകള്‍ക്കും, അസ്തിത്വത്തിന്‍റെ ഉദ്വിഗ്നത അടയാളപ്പെടുത്തുന്ന കഥകള്‍ക്കും വലിയ പ്രാധാന്യം നല്‍കുന്നു. ആഷാ മേനോന്‍റെ നിരൂപണ രീതി കുറച്ചൊക്കെ കണ്‍ഫ്യൂഷന്‍ ഉണ്ടാക്കിയിരുന്നു. പക്ഷെ ഇന്ന് അത്രയും ദുര്‍ഗ്രഹതയില്ല.

* ഇന്നത്തെ നിരൂപകരില്‍ എം.കെ ഹരികുമാര്‍, പി.കെ രാജശേഖരന്‍, സജയ് കെ.വി, വി.സി ശ്രീജന്‍ തുടങ്ങിയവരുടെ കൃതികള്‍ ശ്രദ്ധിക്കാറുണ്ടോ?
വി.സി ശ്രീജന്‍, എം.കെ ഹരികുമാര്‍ തുടങ്ങിയ നിരൂപകര്‍ നല്ല ഇന്‍സൈറ്റുള്ളവരാണ്.

* കഴിഞ്ഞ കാല്‍ നൂറ്റാണ്ടുകാലമായി ലാറ്റിനമേരിക്കന്‍ മാജിക്കല്‍ റിയലിസം മലയാളത്തില്‍ ചര്‍ച്ച ചെയ്യുന്നു. 1987 ല്‍ എം. കൃഷ്ണന്‍ നായര്‍ څമാജിക്കല്‍ റിയലിസംچ എന്ന പേരില്‍ ഒരു പുസ്തകം തന്നെ എഴുതി. കേരളത്തിലെ പു.ക.സ ബുദ്ധിജീവികള്‍ ലാറ്റിനമേരിക്കന്‍ കൃതികളെ വാഴ്ത്തുന്നതിന്‍റെ യുക്തിയെന്താണ്? പ്രചരണ സാഹിത്യം മാര്‍കേസും, ബോര്‍ഹസും, അസ്റ്റൂറിയാസും, നെരൂദയും നടത്തിയിട്ടില്ല. പക്ഷെ കമ്മ്യൂണിസ്റ്റ് ലോകത്ത് മാര്‍കേസും മറ്റും ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നതിന്‍റെ പൊരുള്‍ എന്താണ്?
സേതുവിന്‍റെ څപാണ്ഡവപുരംچ എന്ന നോവലിന്‍റെ രീതി തന്നെയാണിതു പിന്തുടരുന്നത്. ഇത്തരം കൃതികള്‍ വായനക്കാരുടെ അഭിരുചിയില്‍ മാറ്റം വരുത്തിയിട്ടുണ്ട്. ചൂഷണത്തിന്‍റെ കഥ പറയുമ്പോഴും മാര്‍കേസ് പ്രചരണത്തിന്‍റെ വഴി തേടാതെ മിത്തുകളെ പുനര്‍വ്യാഖ്യാനം ചെയ്ത് ഫാന്‍റസിയുടെ അറ്റം കാണാത്ത ലോകങ്ങളാണ് സൃഷ്ടിക്കുന്നത്. സോഷ്യോളജിക്കലായി ചിന്തിക്കുന്ന കമ്യൂണിസ്റ്റുകള്‍ക്ക് ഇതിലെന്ത് കാര്യം എന്ന് ഞാനും ചിന്തിച്ചിട്ടുണ്ട്.

* യോഗാത്മകമായ കാവ്യങ്ങള്‍ പ്രത്യേകിച്ച് ടാഗോറിന്‍റെ څഗീതാഞ്ജലിچ, ഖലില്‍ ജിബ്രാന്‍റെ څപ്രവാചകന്‍چ, മുഹമ്മദ് ഇക്ബാലിന്‍റെ څടലരൃലേ ീള വേല ടലഹളچ (ആത്മാവിന്‍റെ രഹസ്യം) തുടങ്ങിയവ സാമൂഹ്യമാറ്റത്തിന് ആക്കം കൂട്ടുമെന്ന് താങ്കള്‍ കരുതുന്നുണ്ടോ?
തീര്‍ച്ചയായും, ശ്രീ അരബിന്ദോ, ടാഗോര്‍ തുടങ്ങിയവര്‍ സ്പിരിച്വാലിറ്റിയെ വലിയ സാമൂഹ്യമാറ്റത്തിന്‍റെ ചാലകശക്തിയായി ഉപയോഗിച്ചവരാണ്. മനുഷ്യമനസ്സിനെ സ്വാധീനിക്കാന്‍ യോഗാത്മക കാവ്യങ്ങള്‍ക്ക് നിഷ്പ്രയാസം കഴിയും.
Share:

No comments:

Post a Comment

മൂല്യസൃതി മാസിക വരിക്കാരാവുക

SUBSCRIBE ONLINE

SUBSCRIBE ONLINE
1 year - 360/- 2 Years - 720/- ,3 Years- 1080/-

Moolyasruthi Cover

Moolyasruthi Cover
JULY 2024

MOOLYASRUTHI MAGAZINE

CHAVARA INSTITUTE

CHAVARA INSTITUTE
ADMISSION STARTED

ADVERTISE HERE

ADVERTISE HERE
Ph : 0484 4863404

Chavara Matrimony

Chavara Matrimony

Popular Posts

Search This Site

Recent Posts