പലമയുടെ പൊന്നാനിപ്പൂക്കള്‍ കെ.പി രാമനുണ്ണി


     കലകളേയും സാംസ്ക്കാരികോത്സവങ്ങളേയും സവര്‍ണവും അവര്‍ണവുമായി വേര്‍തിരിക്കുന്നവര്‍ ഓര്‍ക്കാതെ പോകുന്ന ഒരു കാര്യമുണ്ട്. അവര്‍ണത്തില്‍ നിന്ന് മാത്രമേ, അതായത് മണ്ണില്‍ നിന്നും പൊടിയില്‍ നിന്നും പണിയെടുക്കലില്‍ നിന്നും മാത്രമേ കലകളുടേയും സാംസ്ക്കാരികോത്സവങ്ങളുടേയും വിത്തുകള്‍ മുളയ്ക്കാറുള്ളു. പിന്നീട് വരേണ്യവര്‍ഗം അവയെല്ലാം പറിച്ചെടുത്ത് കഴുകി വൃത്തിയാക്കി അവരുടേതാക്കി മാറ്റുകയാണ് പതിവ്.
     ഈ പൊതുതത്വത്തിന് വിപരീതമാണ് ഓണമെന്ന സാംസ്ക്കാരികോത്സവത്തിന്‍റെ ഉത്ഭവമെന്ന് പറയാം. സവര്‍ണമായൊരു പ്രത്യയശാസ്ത്രത്തില്‍ പിറവിയെടുത്തതായിരുന്നു പണ്ട് വാമനോത്സവമെന്ന് അറിയപ്പെട്ടിരുന്ന ഓണം. ദേവലോകത്തെ അസൂയപ്പെടുത്തുന്ന തരത്തില്‍ നാടിനെ നാകമാക്കി മാറ്റിയതിന്‍റെ പേരില്‍ മഹാബലി ചക്രവര്‍ത്തിയെ വാമനന്‍ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തിയതിന്‍റെ ആഘോഷമായാണ് വാമനോത്സവം കൊണ്ടാടപ്പെട്ടത്. പിന്നീട് ജനക്ഷേമതല്‍പ്പരനായ പ്രജാപതിയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പിന്‍റെ പൊന്നോണമാക്കി വാമനോത്സവത്തെ കൃഷിക്കാരും കൈവേലക്കാരും കീഴാളരും പുനഃസൃഷ്ടിക്കയായിരുന്നു.
     എന്‍റെ കുട്ടിക്കാലത്ത് ജന്മദേശമായ പൊന്നാനിയില്‍ ജാതിയേയും മതത്തേയും അതിവര്‍ത്തിക്കുന്ന നാടിന്‍റെ പൂത്തുലയലായാണ് ഓണക്കാലം എഴുന്നള്ളിയിരുന്നത്.
     څഉണ്ണ്യേ, നോമ്പും പെരുന്നാളും കഴിഞ്ഞാല്‍ പിന്നെ ഓണായില്യേ.چ
     അല്ലെങ്കില്‍
     څഇക്കുറി പെരുന്നാളും ഓണവും ഒന്നിച്ചാണല്ലോ.چ
     എന്നിങ്ങനെ ഖയ്യൂമിന്‍റെ ബാപ്പ അബ്ദുള്ളാജിയില്‍ നിന്നുള്ള തെര്യപ്പെടുത്തലോടെയായിരിക്കും എ.വി ഹൈസ്ക്കൂള്‍ പഠനകാലത്ത് ഓരോ വര്‍ഷവും ഞാന്‍ ആദ്യമായി ഓണത്തിലേക്കുണരുന്നത്. പിന്നീട് മാത്രമേ അരക്കൊല്ലപ്പരീക്ഷയെക്കുറിച്ചുള്ള അറിയിപ്പും പൂവട്ടി തയ്യാറാക്കിയുള്ള ആശാരിച്ചിയുടെ വരവും സംഭവിക്കയുള്ളു. എങ്ങനെയെങ്കിലും പരീക്ഷ മുടിച്ച് പുസ്തകക്കെട്ട് മൂലക്കിട്ടാല്‍ പിന്നെ അത്തത്തിന്‍റെ പൂപ്പറിക്കലിലേക്കുള്ള എടുത്തുചാട്ടമാണ്. തറവാട്ടു വീട്ടിലെ സഹോദരീസഹോദരന്മാര്‍ക്കൊപ്പം പത്തോടി ഹൗസിലെ അബ്ദുള്ളാജിയുടെ മാപ്ലക്കുട്ടികളും എന്‍റെയൊപ്പം കാടും മേടും കയറിയിറങ്ങും. ആശാരിച്ചിയുണ്ടാക്കിയ പൂവട്ടിയില്‍ മുസ്ലീം-മേനോന്‍ പിഞ്ചുങ്ങളുടെ കൈവിരലുകള്‍ മുക്കുറ്റിപ്പൂവും തുമ്പപ്പൂവും നെല്ലിപ്പൂവും കോളാമ്പിപ്പൂവും വീശിനിറക്കും. വിചിത്രമനോഹരമായ പലമകള്‍ കൊണ്ട് ഞങ്ങളുടെ പൂക്കളങ്ങള്‍ രചിക്കപ്പെടും.
     പുഷ്പസംഭരണത്തിന് മാത്രമല്ല, പുറംപണിക്കാരന്‍ കൃഷ്ണന്‍ പാടത്തു നിന്ന് കളിമണ്ണ് കോരിയെടുത്ത് തൃക്കാക്കരപ്പനെ പിടിക്കുമ്പോഴും ഖയ്യൂമും സക്കീറും ലത്തീഫുമെല്ലാം ആദ്യാവസാനം എന്‍റെ കൂടെയുണ്ടായിരുന്നു. ചെങ്കല്ല് ചോര പോലെ അരച്ചുകൊടുക്കുന്നതും തൃക്കാക്കരപ്പന്‍റെ നെറും തലക്ക് ഓട്ട കുത്താന്‍ ഈര്‍ക്കില്‍ ഇരിഞ്ഞു കൊണ്ടുവരുന്നതും മിക്കപ്പോഴും അവര്‍ തന്നെയാണ്. തടിച്ച് കൊഴുത്ത കുട്ടപ്പന്മാരായി തൃക്കാക്കരപ്പന്മാര്‍ ഒരുങ്ങിക്കഴിഞ്ഞാല്‍ പിന്നെ അവയെ ഉണക്കിയെടുത്ത് ഉമ്മറക്കോലായില്‍ അണിയിച്ചിരുത്തലായി. പണ്ട് സാമൂതിരിപ്പാട് മുസ്ലീം സമുദായാംഗങ്ങള്‍ അഞ്ച് നേരം നിസ്ക്കരിക്കുന്നില്ലേയെന്ന് നിരീക്ഷിച്ചിരുന്ന തരത്തിലാണ് അമ്മയുടെ നേതൃത്വത്തിലുള്ള എന്‍റെ തൃക്കാക്കരപ്പ പൂജ കണ്‍പാര്‍ത്ത് ഖയ്യും ഉമ്മറത്തൂണില്‍ ചാരിനില്‍ക്കുക.
     څതുളസിപ്പൂവ് മൂന്ന് പ്രാവശ്യം ഇട്ടിട്ടില്ല.چ
     څസാമ്പ്രാണി നാല് വട്ടം ഉഴിഞ്ഞുപോയി.چ
     എന്‍റെ അനുഷ്ഠാനങ്ങളിലെ തെറ്റുകുറ്റങ്ങള്‍ അവന്‍ അപ്പപ്പോള്‍ ചൂണ്ടിക്കാട്ടും.
     څഒന്ന് നേരാംവണ്ണം വെപ്രാളമടിക്കാതെ ചെയ്താണ് ഉണ്ണ്യേ. ഖയ്യൂമിനെക്കൊണ്ട് പൂജിപ്പിക്യാ നല്ലത്!چ
     കളിക്കൂട്ടുകാരനെ പുകഴ്ത്തിപ്പുകഴ്ത്തി അമ്മ എന്നെ ഇകഴ്ത്തും.
     തിരുവോണ ദിവസം എന്‍റെ വീട്ടില്‍ നിന്ന് പത്തോടി ഹൗസിലേക്ക് പകര്‍ച്ച ചെല്ലുന്നതും നോമ്പുകാലത്ത് പത്തിരിയും ഇറച്ചിയും ഇങ്ങോട്ട് കൊണ്ടുവരുന്നതും കര്‍ക്കടകപ്പേമാരി പോലെ വര്‍ഷാവര്‍ഷത്തെ തെറ്റാത്ത കോലാഹലമായിരുന്നു. ഓണമുണ്ണുന്നതിനേക്കാള്‍ വലിയ ജഗപൊകയാണ് ഖയ്യൂമിന്‍റെ വീട്ടിലേക്കുള്ളത് എടുത്ത് വെക്കണ്ടേ, കൊടുത്ത് അയക്കണ്ടേ എന്നിങ്ങനെ ഉച്ചയടുക്കുമ്പോഴേക്ക് അമ്മയില്‍ നിന്നും അടുക്കളക്കാരി ചന്ദ്രമതിയില്‍ നിന്നും ഉയരുന്ന വിളിതെളികള്‍. ടിഫിന്‍ കേരിയറിന്‍റെ അടിക്കള്ളിയില്‍ കോരി നിറക്കുന്ന ചുടുപായസം, രണ്ടാം കള്ളിയില്‍ കട്ടകുത്തിക്കുന്ന പഴം നുറുക്കുകള്‍, മൂന്നാം കള്ളിയില്‍ കൊഴുകൊഴുക്കനെ കാളന്‍, നാലാം കള്ളിയില്‍ എല്ലൊടിച്ച് കിടത്തിയ അവിയല്‍, അഞ്ചാം കള്ളിയില്‍ മുഖത്തിടിച്ച് പപ്പടമാക്കിയ വല്യപ്പടങ്ങള്‍...
     സര്‍വകാര്യസഹായിയായ ഗോപ പത്തോടി ഹൗസിലേക്കുള്ള പകര്‍ച്ചയെത്തിച്ച് കാലിപ്പാത്രവുമായി മടങ്ങി വന്നാല്‍ അമ്മ എപ്പോഴും ചോദിക്കുന്ന ഒരു ചോദ്യമുണ്ട്.
     څആരെയാ കണ്ട്, എന്തേ പറഞ്ഞ്?چ
     څഖയ്യൂമിന്‍റെ ബാപ്പയെ കണ്ടു, ഉമ്മയെക്കണ്ടു.
     എന്തിനാത് ഞങ്ങള്‍ക്കും ഓണല്യേന്ന് ചോദിച്ചു.چ
     എല്ലാ വര്‍ഷവും ഗോപ പറയുന്ന മറുപടിയുമാണിത്.
     അതെ, ഖയ്യൂമിനും വീട്ടുകാര്‍ക്കും ഓണവും പെരുന്നാളും ഉണ്ടാകുമ്പോള്‍ എനിക്കും അമ്മയ്ക്കും ഓണം മാത്രം - ഉണ്ടാകുന്നു. അങ്ങനെ രണ്ടും ഒപ്പം കിട്ടിയതിന്‍റെ നിറവിലും സന്തോഷത്തിലും സംതൃപ്തിയിലുമായിരിക്കണം ഭാരതപ്പുഴ മുറിച്ച് ഇങ്ങോട്ട് കടക്കാന്‍ മുതിര്‍ന്ന മാപ്ലലഹളക്കാരോട് നില്‍ക്കവിടെ എന്ന് പൊന്നാനിത്തങ്ങള്‍ 1921 ല്‍ കല്‍പ്പിച്ചത്.
     ഓണവും റംസാന്‍ നോമ്പും ഒന്നിച്ച് വരുന്ന സന്ദര്‍ഭങ്ങളില്‍ എന്‍റെ അമ്മയ്ക്ക് കടുത്ത വേവലാതിയായിരുന്നു. കാരണം നോമ്പു പിടിച്ചായിരിക്കും ഖയ്യൂമും സക്കീറും ലത്തീഫുമെല്ലാം പൂവറുക്കാനും തൃക്കാക്കരപ്പനെ ഒരുക്കാനും ഞങ്ങളുടെ വീട്ടിലേക്ക് കയറിവരിക. അവരുടെ മുമ്പില്‍ വച്ച് പഴം നുറുക്കോ വറുത്തുപ്പേരിയോ ഞാന്‍ നൊട്ടിനുണഞ്ഞ് മാപ്ലച്ചെക്കന്മാര്‍ വെള്ളമിറക്കിപ്പോയാലോ.
     څഉണ്ണ്യേ, മര്യാദക്ക് ചിറി തുടച്ച് നിന്നാണ്.چ
     അമ്മ ഇടക്കിടെ ഭീഷണിപ്പെടുത്തും.
     ഖയ്യൂമിന്‍റെയും സക്കീറിന്‍റെയും ലത്തീഫിന്‍റെയുമെല്ലാം നോമ്പ് മുറിയുന്നതില്‍ അവരെ കളിക്കാന്‍ വിടുന്ന ഉമ്മ-ബാപ്പമാരേക്കാള്‍ വലിയ ബേജാറ് എന്‍റെ അമ്മയ്ക്കായിരിക്കും.
     അത്തം തൊട്ട് പത്തുദിവസം എന്‍റേയും വല്യമ്മയുടേയും വീടുകളില്‍ മത്സ്യമാംസാദികള്‍ വാങ്ങാറില്ല. എന്നാല്‍ നോമ്പു പ്രമാണിച്ച് പത്തോടി ഹൗസില്‍ നിന്ന് കൊടുത്തയക്കുന്ന പത്തിരിക്കോ ഇറച്ചിക്കോ കോഴിയടക്കോ മുട്ടമാലക്കോ ഞങ്ങള്‍ അശുദ്ധി കല്‍പ്പിക്കാറില്ല. ഉത്രാടമായാലും തിരുവോണമായാലും ഞാന്‍ അതെല്ലാം വെട്ടിവിഴുങ്ങും. പോത്തിറച്ചിയും മൂരിയിറച്ചിയും രാമനുണ്ണിയുടെ വീട്ടില്‍ ഉപയോഗിക്കില്ലെന്ന് അറിയുന്നതു കൊണ്ട് അത്തരം വിഭവങ്ങള്‍ ഖയ്യൂമിന്‍റെ ഉമ്മ അടുക്കുപാത്രത്തില്‍ എടുത്തുവയ്ക്കില്ലെന്ന് മാത്രം.
     ഒരു പൂരാടനാളില്‍ ഖയ്യൂമിന്‍റെ വീട്ടില്‍ നിന്ന് നോമ്പ് പകര്‍ച്ച വലിയൊരു സഞ്ചിയില്‍ കൊടുത്തയച്ചതായിരുന്നു. പാത്രം പിന്നെ വാങ്ങാമെന്ന് പറഞ്ഞ് റുക്കിയ മടങ്ങിപ്പോയതും അടുക്കളയില്‍ നിന്ന് ചന്ദ്രമതിയുടെ ചീറല്‍ കേട്ടു.
     څഅയ്യോ, ഇത് മൂരിയിറച്ചിയാ!چ
     പിന്നെ നിശ്ശബ്ദതയുടെ വിങ്ങല്‍ മാത്രം.
     കുറച്ച് കഴിഞ്ഞതും സാരല്യാ, ഞാന്‍ തെങ്ങിന്‍ തടത്തില്‍ തട്ടിക്കോളാമെന്ന് പറഞ്ഞ് ശാരദ വരുന്ന പെരപ്പ് കേട്ടു.
     څവേണ്ട, ശാരദേ, മനുഷ്യന്മാര്‍ക്ക് തിന്നാനുള്ളത് ഒരിക്കലും വലിച്ചെറിയരുത്. ദാമോദരേട്ടന്‍ എപ്പോഴും പറയാറുള്ളതാ. ഉണ്ണി അത് കഴിച്ചോട്ടെ.چ
     കര്‍ശനമായിരുന്നു അമ്മ അപ്പോള്‍ നടത്തിയ ഇടപെടല്‍. അങ്ങനെ കാളക്കറിയിലൂടെ ആയിത്തീര്‍ന്നു അക്കൊല്ലത്തെ എന്‍റെ ഉത്രാടപ്പാച്ചില്‍.
     ഞങ്ങളുടെ നാട്ടിലെ ഓണത്തിലും ഓണാഘോഷത്തിലും മുസ്ലീംങ്ങളുടെ മാത്രമല്ല സകല ജാതിക്കാരുടേയും മതക്കാരുടേയും പൂര്‍ണ പങ്കാളിത്തമുണ്ടായിരുന്നു. ഓണത്തിനുള്ള കാഴ്ചക്കുലകളുമായി പുഷ്പ്പോത്തെ വല്യമ്മയുടെ വീട്ടില്‍ ആദ്യമായി എത്തിയിരുന്നത് കുടിയാനായ പൗലോസായിരുന്നു. പൗലോസിന് ഓണക്കോടി കിട്ടിയതിന് ശേഷമേ വല്യമ്മയുടെ വര്‍ക്കത്തുള്ള കൈയില്‍ നിന്ന് സ്വന്തം മക്കള്‍ക്ക് പോലും ഒരു കഷ്ണം ശീട്ടിത്തുണി ലഭിക്കയുള്ളു. അത്തം തൊട്ട മുതല്‍ കരുവാന്‍ പിച്ചാങ്കത്തി കാഴ്ചവയ്ക്കാനും കരുവാത്തി അമ്മി കൊത്താനും പണിക്കത്ത്യാര്‍ ആണ്ട് ഫലം കുറിക്കാനും എത്തിച്ചേരും. ഫ്യൂഡല്‍ ബന്ധാവശിഷ്ടങ്ങള്‍ ഇത്തരം ആഘോഷക്കൂട്ടായ്മയില്‍ കണ്ടെത്താമെങ്കിലും അന്നൊരു കൂട്ടായ്മയുണ്ടായിരുന്നു എന്നത് സത്യമാണ്. ഇന്നത്തെ പോലെ ആള്‍ക്കൂട്ടത്തിനിടയിലും ഒറ്റക്കുള്ള അവസ്ഥയായിരുന്നില്ല.
     എന്‍റെ ബാല്യകാല ഓണസ്മരണകളില്‍ ഏറ്റവുമധികം തിളങ്ങി നിന്നിരുന്ന മറ്റൊരു കക്ഷി ചെറുമക്കളായ താമിയും കാളിയുമായിരുന്നു. ഞങ്ങളുടെ വീടിന്‍റെ പടിഞ്ഞാറെ വയലിലുള്ള തറയിലാണ് മക്കളൊന്നുമില്ലാതെ അവര്‍ ജീവിച്ചിരുന്നത്. കള്ളു കുടിച്ച് കുടിലില്‍ ചെന്നാല്‍ കാളിയോടുള്ള താമിയുടെ ഉച്ചത്തിലുള്ള സ്വകാര്യം പറച്ചില്‍ ചുറ്റുവട്ടത്തെ കുട്ടികളുടെ രാത്രിത്തമാശയായിരുന്നു. ആളുയരത്തില്‍ മുള്ളുവേലി കെട്ടുക, ആകാശമരങ്ങള്‍ വെട്ടുക, തെങ്ങ് കമ്പി വലിച്ച് കുരുക്കി നിര്‍ത്തുക തുടങ്ങി വിശേഷവൈദഗ്ദ്ധ്യം ആവശ്യമുള്ള പണികള്‍ ആവശ്യമായാല്‍ അമ്മ താമിയെ വളപ്പിലേക്ക് വിളിപ്പിക്കും. കൂടാതെ ഓണത്തിന് കാഴ്ച വസ്തുക്കളുമായി താമിയും കാളിയും പടി കടന്ന് വരും. കായക്കുലയുടേയും വെള്ളരിക്കയുടേയും കൂട്ടത്തില്‍ സ്വന്തം കൈ കൊണ്ടുണ്ടാക്കിയ പലതരം കളിസാമാനങ്ങള്‍ താമി എനിക്ക് വേണ്ടി കരുതി വച്ചിരിക്കും. വാകമരത്തിന്‍റെ നേരിയ ചീളുകളാല്‍ പണിഞ്ഞ് കളറടിച്ച കുതിരകള്‍, രഥങ്ങള്‍, റിക്ഷകള്‍...
     ഓരോന്നും സഞ്ചിയില്‍ നിന്ന് പെറുക്കിത്തരുമ്പോള്‍ താമി തന്‍റെ അമിതപ്രഭയുള്ള മേല്‍വരിപ്പല്ലുകളാല്‍ നിര്‍ത്താതെ ചിരിച്ചുകൊണ്ടിരിക്കും. ആ ചിരിക്കൊപ്പം നിരുപാധികമായൊരു സ്നേഹത്തിന്‍റെ ഊര്‍ജവും എന്നിലേക്ക് പ്രസരിച്ച് കയറും.
     ഏയ്, ഏയ്, തമ്പ്രാന്‍ കുട്ടിയെ ഇങ്ങനെ തൊടണ്ടാന്നും.
     തൊട്ടും പിടിച്ചും കളിസാമാനങ്ങള്‍ എനിക്ക് തന്നുകൊണ്ടിരിക്കുന്ന താമിയോട് കള്ളച്ചിരിയോടെ കാളി കയര്‍ക്കും. എന്നാല്‍ ആ പരുപരുത്ത വിരല്‍സ്പര്‍ശത്തെ, പായല്‍ക്കുളത്തിന്‍റെ പച്ചവീറുള്ള ഗന്ധത്തെ എനിക്ക് കാളിയുടെ ബ്ലൗസിടാത്ത കരിംമുലകള്‍ പോലെത്തന്നെ ഇഷ്ടമായിരുന്നു.
     പിന്നീട് ഗോഡ് ഓഫ് സ്മോള്‍ തിങ്സില്‍ വച്ച് വെളുത്തയെ കണ്ടുമുട്ടിയപ്പോള്‍ ഞാന്‍ പൊട്ടിത്തരിച്ച പോയത് താമിയെപ്രതിയുള്ള ഓര്‍മകള്‍ കൊണ്ടാണ്. കാളിതാമിമാരുടെ മണ്‍പശിമയോടുള്ള പ്രേമാതിരേകം തന്നെയായിരുന്നു ജീവിതത്തിന്‍റെ പുസ്തകം എന്ന നോവല്‍ രചിക്കുമ്പോള്‍ എന്നെ കീഴാളജീവിതത്തില്‍ സ്വര്‍ഗം കണ്ടെത്തിച്ചതും.
     ഇത്രയും പറഞ്ഞതു കൊണ്ട് മാനുഷരെല്ലാം ഒന്നു പോലായ ഓണമായിരുന്നു പൊന്നാനിയുടേതെന്ന് വിചാരിക്കരുത്. പക്ഷെ മനുഷ്യന്മാര്‍ പരസ്പരം കണ്ടാല്‍ അറിഞ്ഞിരുന്നു, തീര്‍ച്ച.

Share:

No comments:

Post a Comment

മൂല്യസൃതി മാസിക വരിക്കാരാവുക

SUBSCRIBE ONLINE

SUBSCRIBE ONLINE
1 year - 360/- 2 Years - 720/- ,3 Years- 1080/-

Moolyasruthi Cover

Moolyasruthi Cover
JULY 2024

MOOLYASRUTHI MAGAZINE

CHAVARA INSTITUTE

CHAVARA INSTITUTE
ADMISSION STARTED

ADVERTISE HERE

ADVERTISE HERE
Ph : 0484 4863404

Chavara Matrimony

Chavara Matrimony

Popular Posts

Search This Site

Recent Posts