ഒരു ഋതു ഉണ്ടാകുന്നു. അത് അതിന്‍റെ ജനിതകാര്‍ത്ഥത്തിലുള്ള സ്വഭാവങ്ങള്‍ തെളിയിച്ച് പ്രകൃതിയെ വ്യതിയാനപ്പെടുത്തുന്നു. അത് ഒരു താല്‍ക്കാലിക അവസ്ഥയാണ്. ഋതുക്കള്‍ക്ക് ഒരു മടക്കയാത്രയുണ്ട്. പക്ഷെ അത് ശാശ്വതമായ തിരിച്ചുപോക്കുകളല്ല. സമയബന്ധിതമായ ഒരു കര്‍ത്തവ്യനിര്‍വഹണം പോലെ അത് മടങ്ങിയെത്തുന്നു. ആവര്‍ത്തനത്തിന്‍റെ അനന്തമായ വിധിചക്രത്തിലേറി ഒരു ഭ്രമണം പോലെ അത് സഞ്ചരിക്കുന്നു. ഇതേപോലെയാണ് നമ്മുടെ നോവലുകളും. മഹത്തായ ഒരു നോവല്‍ ഒരു ഋതു സ്വഭാവം സൃഷ്ടിച്ച് കടന്നുവരുന്നു. അത്തരം ഒരു നോവല്‍ ഒരു സവിശേഷ സന്ദര്‍ഭത്തിന്‍റെ സൃഷ്ടിയാണ്. അത് ചില അത്ഭുതങ്ങള്‍ സൃഷ്ടിക്കുന്നു. സൗന്ദര്യത്തിന്‍റെ പുതിയ വര്‍ണരാജികള്‍ സൃഷ്ടിക്കുന്നു. കാലത്തിനപ്പുറത്തേക്കു വളരുന്ന ഭാവന സൃഷ്ടിക്കുന്നു. പുതിയ കലയുടെ സൂത്രവാക്യങ്ങള്‍ അതിന്‍റെ അബോധത്തിലെ നക്ഷത്രമായി തിളങ്ങുന്നു. പുതിയ നോവല്‍ രൂപങ്ങള്‍ സൃഷ്ടിക്കുന്നതിലേക്ക് സൗന്ദര്യഭാവന വളരുമ്പോള്‍ ഋതുക്കളെപ്പോലെ താല്‍ക്കാലികമായ വിരാമത്തിന്‍റെ വിധിശയ്യയില്‍ അത് നിദ്രപ്പെടുന്നു. അത് ഒരു നോവലിന്‍റെ അപ്രത്യക്ഷപ്പെടലല്ല. കാലത്തിനുള്ളില്‍ വച്ച് അസ്ഥിരപ്പെടുന്ന അവസ്ഥയുമല്ല അത്. വീണ്ടും ചര്‍ച്ചകളുടെയും, കണ്ടെത്തലുകളുടെയും, സൗന്ദര്യശാസ്ത്രവിചാരങ്ങളുടെയും ഘോഷനിമിഷങ്ങള്‍ സൃഷ്ടിച്ച് ആ നോവലിന്‍റെ പ്രാധാന്യം ആസ്വാദകനിലെത്തുന്നു.
ഒരു പുതിയ നോവല്‍, നോവലിനെ സംബന്ധിക്കുന്ന ഒരു ലക്ഷണം കൊണ്ടുവരുന്നു. അത് നോവല്‍ എന്ന കലാരൂപത്തിന്‍റെ പൊതുലക്ഷണമല്ല. സേതുവിന്‍റെ څപാണ്ഡവപുരംچ എന്ന നോവല്‍ ഒരു ലക്ഷണം സൃഷ്ടിക്കുന്നു. അത് പുതുമ കലര്‍ന്ന ഒരു ലക്ഷണമാണ്. പക്ഷെ അത് څപാണ്ഡവപുരംچ എന്ന നോവലിന്‍റെ മാത്രം ലക്ഷണമാണ്. മേതിലിന്‍റെ څസൂര്യവംശംچ നമ്മുടെ നോവല്‍ സാഹിത്യത്തിലെ ഒരു അത്ഭുതമാണ്. വളരെ വിധ്വംസകമായ രീതിയില്‍, നമ്മുടെ നോവല്‍ സങ്കല്‍പത്തെ څസൂര്യവംശംچ അട്ടിമറിക്കുന്നു. ആരും പരീക്ഷിക്കാത്ത ഒരു ലക്ഷണത്തിന്‍റെ അപൂര്‍വരശ്മികള്‍ ഈ നോവലിനൊരു പ്രഭ ചാര്‍ത്തുന്നു. ഒരു നോവല്‍ ഒരു പുതിയ ലക്ഷണത്തില്‍ പിറവി കൊള്ളുകയാണ്. څസൂര്യവംശچത്തില്‍ എഴുത്തുകാരന്‍ സൃഷ്ടിച്ച അപൂര്‍വ മാതൃകയിലുള്ള ലക്ഷണം ആ നോവലിനു മാത്രം അവകാശപ്പെട്ടതാണ്. څസൂര്യവംശچത്തിന്‍റെയോ, څപാണ്ഡവപുരچത്തിന്‍റെയോ ലക്ഷണങ്ങള്‍കൊണ്ട് നമ്മുടെ നോവലിന്‍റെ പൊതുഇടങ്ങളെ നമുക്കു പരിശോധിക്കാനാകില്ല. നോവലിന് സാര്‍വത്രികമായ ഒരു ലക്ഷണമില്ല എന്നതാണതിനു കാരണം. ഒരു പൊതുലക്ഷണത്തിന്‍റെ വലയത്തിനു പുറത്താണ് ഓരോ നോവലും നിലകൊള്ളുന്നത്. പക്ഷെ ഓരോ നോവലും, ഓരോ ലക്ഷണം സൃഷ്ടിക്കുന്നു. ആ ലക്ഷണം ആ നോവലിനു മാത്രം അവകാശപ്പെട്ടതാണ്. നോവല്‍ ഇന്ന വിധത്തില്‍ വേണമെന്ന അനുശാസനകള്‍ക്ക് പ്രസക്തിയില്ലെന്ന് നമുക്കറിയാം. നോവല്‍ രചനയെ സംബന്ധിച്ച കല്‍പനകളുടെ അധികാരസ്വരം അനാവശ്യമാണെന്ന ധാരണ നോവലിന്‍റെ ശൈശവദശയില്‍ത്തന്നെ ഉടലെടുത്തിരുന്നു. ഒരു എഴുത്തുകാരന്‍ നോവലെഴുതുമ്പോള്‍ ഒരു സ്വതന്ത്രമേഖലയില്‍ അയാള്‍ പ്രവേശിക്കുന്നു. പ്രമേയ സ്വീകരണത്തില്‍, ആവിഷ്ക്കാരത്തില്‍, ഭാവനാവിചാരങ്ങളില്‍ എല്ലാം സ്വതന്ത്രമായ ഒരു തിരഞ്ഞെടുപ്പ് നോവലിന്‍റെ പ്രത്യേകമായ ഘടന എഴുത്തുകാരന് അനുവദിച്ചു നല്‍കുന്നു. നോവല്‍, എഴുത്തുകാരന് സ്വാതന്ത്ര്യത്തിന്‍റെ കലയാണ്. ജീവിതത്തിന്‍റെ ബഹുലമായ പ്രവര്‍ത്തനങ്ങള്‍ നാം ഒരു നോവലില്‍ വായിക്കുന്നു. കഥയും, ഉപകഥകളുമായി നോവല്‍ വികസിക്കുന്നത് ആസ്വാദകന്‍ മനസ്സിലാക്കുന്നു. ജീവിതത്തെ സംബന്ധിക്കുന്ന നിരവധി വിഷയങ്ങള്‍ നോവലില്‍ കടന്നുവരുന്നു. ആസ്വാദകനെ അമ്പരപ്പിക്കുന്ന അതീതഭാവനകള്‍ക്ക് വേദിയായി ചിലപ്പോള്‍ നോവലുകള്‍ മാറുന്നു. യാഥാര്‍ത്ഥ്യത്തില്‍ നിന്നു വിട്ടുനില്‍ക്കുന്ന ഭാവനയുടെ വിചിത്രലോകം ചില നോവലുകള്‍ സൃഷ്ടിക്കുന്നു. കമ്യുവിന്‍റെയും, കാഫ്കയുടെയും, ജെയിംസ് ജോയ്സിന്‍റെയും, മാര്‍ക്കേസിന്‍റെയും നോവലുകളെ യുക്തികൊണ്ട് നമുക്കപഗ്രഥിക്കാനാകില്ല. യാഥാര്‍ത്ഥ്യത്തില്‍ നിന്ന് നോവലെഴുത്തുകാരന്‍റെ ബോധം പിളര്‍ന്നുമാറുകയാണ്. അപ്പോള്‍ യുക്തി തകിടം മറിയുന്നു. യാഥാര്‍ത്ഥ്യം അപ്രത്യക്ഷമാകുന്നു. ഭാവന പുതിയൊരു സ്ഥിതിക്രമത്തിലേക്കു പ്രവേശിക്കുന്നു. ഭാവനയുടെ അനിയന്ത്രിതമായ ഒഴുക്ക് നോവലിലെ സൗന്ദര്യ സംവിധാനത്തിന് അപൂര്‍വ ചാരുതയുള്ള ഇടം നല്‍കുന്നു. നോവല്‍ അത്ഭുതമായും, രഹസ്യമായും, മാന്ത്രികസത്യമായും, അപരസ്വഭാവമായും മാറ്റം ചെയ്യപ്പെടുകയാണ്. നോവല്‍ കള്ളം പറയുന്നു. സാധാരണജീവിതത്തില്‍ നിന്നകന്നു നില്‍ക്കുന്ന കഥാപാത്രങ്ങള്‍ നോവലില്‍ പ്രത്യക്ഷപ്പെടുന്നു. യുക്തിയുടെ വിദൂരബന്ധം പോലുമില്ലാത്ത പ്രമേയങ്ങള്‍ ഉണ്ടാകുന്നു. ഒരു മാന്ത്രികക്കോട്ടപോലെ മാര്‍ക്കേസിനെപ്പോലുള്ള എഴുത്തുകാര്‍ നോവലില്‍ ഒരു സ്വപ്നലോകം തീര്‍ക്കുന്നു. മാന്ത്രികമായ ഒരന്തരീക്ഷം സൃഷ്ടിക്കുന്നു. നോവലിന്‍റെ ഈ സ്ഥിതികളൊക്കെ എഴുത്തുകാര്‍ കല്‍പിച്ചുണ്ടാക്കുന്നതാണ്. സൗന്ദര്യാന്വേഷണത്തിന്‍റെ തീവ്രയത്നം കൂടിയാണത്. മാര്‍ക്കേസിന്‍റെയും, കുന്ദേരയുടെയും ഒക്കെ നോവലിലെ ജീവിതാഖ്യാനം യാഥാര്‍ത്ഥ്യത്തിന്‍റെ എതിരിടങ്ങളാണ് സൃഷ്ടിക്കുന്നതെന്ന് നമുക്കറിയാം. അതുകൊണ്ടാണ് നോവല്‍ കള്ളമാണെന്ന ഒരു ധാരണ വായനയില്‍ രൂപപ്പെടുന്നത്. പക്ഷെ നോവലിലെ കള്ളവും, അയുക്തിയും ആസ്വാദകനെ കബളിപ്പിക്കുന്നു. നോവലിലെ കള്ളത്തെയും, അയുക്തിയേയും അതായിത്തന്നെ കാണുന്നിടത്താണ് പ്രശ്നം. ജീവിതത്തെ സംബന്ധിക്കുന്ന ചില യാഥാര്‍ത്ഥ്യങ്ങള്‍ നോവലിസ്റ്റിന്‍റെ മനസ്സിലേക്കു കടന്നുവരുന്നു. രാഷ്ട്രീയം, അധികാരം, മതം തുടങ്ങിയവ സൃഷ്ടിക്കുന്ന ക്രിയാശ്രേണികളുടെ യാഥാര്‍ത്ഥ്യത്തെയും അയാള്‍ മനസ്സിലാക്കുന്നു. ജീവിതത്തിന്‍റെ നിരവധി ഘടകങ്ങളിലൂടെയുള്ള എഴുത്തുകാരന്‍റെ യാത്രയാണത്. എഴുത്തുകാരന് ആവിഷ്ക്കരിക്കേണ്ടത് യാഥാര്‍ത്ഥ്യത്തെയാണ്. യാഥാര്‍ത്ഥ്യം എഴുത്തുകാരന്‍റെയുള്ളില്‍ തിളച്ചുമറിയുന്നു. യാഥാര്‍ത്ഥ്യത്തിന്‍റെ നീണ്ടനിരകള്‍ പ്രത്യക്ഷപ്പെടുന്നു. പക്ഷെ യാഥാര്‍ത്ഥ്യത്തെ അതേപടി അയാള്‍ നോവലില്‍ പ്രത്യക്ഷപ്പെടുത്തുന്നില്ല. യാഥാര്‍ത്ഥ്യം നോവലില്‍ മറയപ്പെടുന്നു. നോവലിന്‍റെ ആന്തരിക സമൃദ്ധിയില്‍ യാഥാര്‍ത്ഥ്യം ലയിക്കുന്നു. പക്ഷെ യാഥാര്‍ത്ഥ്യം ഉണ്ട്. ആ യാഥാര്‍ത്ഥ്യത്തെത്തന്നെയാണ് നോവലിസ്റ്റ് ആവിഷ്ക്കരിക്കുന്നത്. യാഥാര്‍ത്ഥ്യത്തിന്‍റെ നഗ്നമേനിയെ അയാള്‍ സൗന്ദര്യംകൊണ്ടു മൂടുന്നു. ഒരു സൗന്ദര്യ വിതാനത്തിനുള്ളില്‍ യാഥാര്‍ത്ഥ്യം അദൃശ്യപ്പെടുന്നു. നോവലിസ്റ്റ് മനസ്സില്‍ സൃഷ്ടിച്ച യാഥാര്‍ത്ഥ്യത്തിന്‍റെ സ്വരൂപഘടന രചനയുടെ സമയഘട്ടത്തില്‍ വലിയ അട്ടിമറിക്കു വിധേയമാകുന്നു. യാഥാര്‍ത്ഥ്യം എഴുത്തില്‍ മറ്റൊന്നായി മാറുന്ന അവസ്ഥയാണത്. അങ്ങനെ നോവലില്‍ ഒരു വക്രസ്വഭാവത്തിന്‍റെ ജ്വാലാഫണങ്ങള്‍ ഉയരുന്നു. യാഥാര്‍ത്ഥ്യം അതേപടിയങ്ങ് ആവിഷ്ക്കരിക്കുന്നത് കലാപ്രവര്‍ത്തനത്തെ അലസബോധം കൊണ്ട് വികൃതപ്പെടുത്തുന്ന രചനാകൃത്യമാണെന്നും, രചനയുടെ ഉയര്‍ന്നവിതാനങ്ങള്‍ എത്തിപ്പിടിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് അത്തരം സര്‍ഗപ്രവര്‍ത്തിയുടെ മേഖല നിഷിദ്ധമാണെന്നും പ്രൂസ്റ്റും, ഉംബര്‍ട്ടോ എക്കോയും, മാര്‍ക്കേസും, ജോര്‍ജ് ഓര്‍വെല്ലും, കാഫ്കയും, കമ്യുവും ഒക്കെ മനസ്സിലാക്കിയിരുന്നു. അതുകൊണ്ടാണ് അപൂര്‍വത സൃഷ്ടിക്കുന്ന നോവലുകള്‍ എഴുതാന്‍ അവര്‍ക്കു കഴിഞ്ഞത്.
രണ്ട്
നോവല്‍ ഉള്‍പ്പെടെയുള്ള സാഹിത്യരൂപങ്ങളുടെ മിഥ്യാസ്വഭാവം കലര്‍ന്ന മാറ്റത്തെക്കുറിച്ച്, നേര്‍വഴികള്‍ വിട്ട് വിപരീതത്തിന്‍റെ വഴികള്‍ തിരഞ്ഞെടുക്കുന്നതിനെക്കുറിച്ച്, സാഹിത്യത്തിന്‍റെ രൂപഭാവങ്ങളില്‍ അയഥാര്‍ത്ഥം വന്നുനിറയുന്നതിനെക്കുറിച്ച് ചിന്താപരമായ പ്രകാശനവെളിച്ചങ്ങള്‍ ധാരാളമായി ഉണ്ടായിട്ടുണ്ട്. ഒരു കലാസൃഷ്ടി ഒരിക്കലും യഥാര്‍ത്ഥമല്ലെന്ന് സാര്‍ത്ര് പറയുന്നുണ്ട്. ഒരു യഥാര്‍ത്ഥ വസ്തുവിന്‍റെ പകര്‍പ്പായി കലാസൃഷ്ടി മാറുന്നില്ലെന്ന് സാര്‍ത്ര് സിദ്ധാന്തിക്കുന്നു. അയഥാര്‍ത്ഥമായ കല്‍പനയുടെ ലോകത്തിലാണ് സൗന്ദര്യം സ്ഥിതി ചെയ്യുന്നതെന്നു കൂടി സാര്‍ത്ര് പറഞ്ഞുവയ്ക്കുന്നു. എന്നാല്‍ അയഥാര്‍ത്ഥമായ കല്‍പനയുടെ ഈ ലോകമാകട്ടെ ജീവിതത്തിന്‍റെ ഒരംശം തന്നെയാണെന്ന സവിശേഷവും പ്രധാനവുമായ ഒരു നിഗമനത്തിലും സാര്‍ത്രിന്‍റെ ചിന്തകള്‍ ചെന്നെത്തുന്നുണ്ട്. നമ്മുടെ മനസ്സില്‍ ഒരു ബിംബം തെളിയുന്നു. ആ ബിംബത്തില്‍ നാം സൗന്ദര്യം ദര്‍ശിക്കുന്നു. ബിംബത്തിലാണ് സൗന്ദര്യം അടങ്ങിയിട്ടുള്ളതെന്ന വിശ്വാസത്തില്‍ നാം എത്തുന്നു. ബിംബം എന്നത് സൗന്ദര്യം അനുഭവവേദ്യമാകുന്നതിന്‍റെ പ്രാഥമിക അവസ്ഥയാണ്. എന്നാല്‍ ബിംബം എന്നത് യാഥാര്‍ത്ഥ്യമല്ല. അത് സാങ്കല്‍പ്പികമാണ്. ബിംബം സാങ്കല്‍പ്പികമായി രൂപം കൊള്ളുന്നു. ബിംബത്തിനു രൂപം നല്‍കിയ ചിന്ത പക്ഷെ പിറകിലേക്കു വലിയുന്നു. സാങ്കല്‍പ്പികമായ ബിംബത്തിനവിടെ പ്രാമുഖ്യം കിട്ടുന്നു. ഏതൊരു കലാസൃഷ്ടിയും മിഥ്യാസ്വഭാവമുള്ള അവസ്ഥയാണ് സൃഷ്ടിക്കുന്നത്. സാര്‍ത്രിന്‍റെ ചിന്തകള്‍ മിന്നല്‍ പ്രവാഹത്തിലൂടെയെന്നവണ്ണമാണ് സഞ്ചരിക്കുന്നത്. യുക്തികൊണ്ടൊന്നും തെളിയിക്കാന്‍ സാര്‍ത്ര് ശ്രമിക്കുന്നില്ല. ഒരു സ്വതന്ത്രബോധത്തിന്‍റെ തെളിനീരൊഴുക്ക് സൃഷ്ടിച്ചാണ് സാര്‍ത്രിന്‍റെ ചിന്തകള്‍ വളരുന്നത്. അതില്‍ ഒരു വെളിപാടുചിന്തയുടെ സൂക്ഷ്മാര്‍ത്ഥങ്ങള്‍ തെളിഞ്ഞുകിടക്കുന്നു. നോവലില്‍ കടന്നുവരുന്ന പുതിയ ഘടനയിലേക്കാണ് സാര്‍ത്രിന്‍റെ ചിന്തകള്‍ വെളിച്ചം വീശുന്നത്. അതില്‍ പാണ്ഡിത്യത്തിന്‍റെ ഉയരങ്ങളുണ്ടെങ്കിലും, പാണ്ഡിത്യത്തെ മറികടക്കുന്ന സൗന്ദര്യതൃഷ്ണയുടെ മയൂരഭംഗി നമുക്കു കാണാന്‍ കഴിയും. ആത്യന്തികമായി കലയുടെ സൗന്ദര്യാന്വേഷണമായിരുന്നു സാര്‍ത്രിന്‍റെ ലക്ഷ്യം. കല അയഥാര്‍ത്ഥമാകുമ്പോള്‍ പുതിയൊരു സൗന്ദര്യത്തിന്‍റെ ആവിര്‍ഭാവമാണ് സംഭവിക്കുന്നതെന്ന് സാര്‍ത്ര് കണ്ടെത്തുന്നിടത്താണ് സാര്‍ത്രിയന്‍ ചിന്ത പ്രസക്തമാകുന്നത്.
കല അയഥാര്‍ത്ഥമാണെന്ന നിലപാടിലേക്ക് ഓസ്ക്കാര്‍ വൈല്‍ഡിനെപ്പോലുള്ളവരും എത്തുന്നുണ്ട്. കല അയഥാര്‍ത്ഥമായിരിക്കണമെന്ന് അദ്ദേഹം ശഠിക്കുക പോലും ചെയ്യുന്നു. സാഹിത്യത്തിലെയും, കലയിലെയും യാഥാര്‍ത്ഥ്യത്തിന്‍റെ വിപരീതങ്ങള്‍ക്ക് അദ്ദേഹം വലിയ പ്രാധാന്യം കല്‍പ്പിക്കുന്നു. യാഥാര്‍ത്ഥ്യം പകര്‍ത്തുന്നത് കലയുടെ ലക്ഷ്യമല്ലെന്ന് അദ്ദേഹം പറയുന്നു. യാഥാര്‍ത്ഥ്യത്തില്‍ നിന്നകന്നു നില്‍ക്കുന്നതാണ് മഹത്തായ കലയുടെ ലക്ഷണമായി അദ്ദേഹം കാണുന്നത്. കല സുന്ദരമാണ്. പക്ഷെ അത് അസത്യത്തെ ആവിഷ്ക്കരിക്കുമ്പോള്‍ മാത്രമാണ് സുന്ദരമാകുന്നതെന്ന് അദ്ദേഹം സിദ്ധാന്തിക്കുന്നു. സാര്‍ത്രിന്‍റെ ചിന്തകള്‍ക്കുള്ള കെട്ടുറപ്പ് വൈല്‍ഡിന്‍റെ ചിന്തകള്‍ക്കില്ല. പക്ഷെ കലയെ അസത്യത്തിന്‍റെ ആവിഷ്കാരം കൊണ്ട് മറ്റൊന്നാക്കി മാറ്റുന്ന ഉയര്‍ന്ന സര്‍ഗപ്രവര്‍ത്തനത്തിന് അദ്ദേഹം വലിയ മൂല്യം കല്‍പ്പിക്കുന്നു. എന്നാല്‍ ശുദ്ധ സൗന്ദര്യവാദത്തിന്‍റെ തറനിലപാടിലേക്ക് വൈല്‍ഡിന്‍റെ ചിന്തകള്‍ കൂപ്പു കുത്തുകയും ചെയ്യുന്നു.
നോവലില്‍ മാത്രമല്ല, കലയുടെ പൊതുമണ്ഡലങ്ങളിലെല്ലാം അവാസ്തവികതയുടെയും, അപരിചിതത്തിന്‍റെയും സൗന്ദര്യമേഖല രൂപം കൊള്ളുന്നതിനെക്കുറിച്ച് ആഴസമൃദ്ധിയുള്ള നിരവധി ചര്‍ച്ചകള്‍ വിശ്വവ്യാപകമായി നടന്നിട്ടുണ്ട്. നോവല്‍ യാഥാര്‍ത്ഥ്യത്തെ തിരസ്ക്കരിക്കുന്ന ഭാവം സൃഷ്ടിച്ചുകൊണ്ട് നമ്മുടെ മുമ്പിലെത്തുന്നു. നോവലിന്‍റെ ശില്‍പഘടനയ്ക്കുള്ളില്‍ കടങ്കഥയുടെ സ്വഭാവമുള്ള അത്ഭുതങ്ങളുടെ നിറച്ചാര്‍ത്തുള്ള കഥാഗതികള്‍ വന്നുനിറയുന്നു. കാഫ്കയുടെ څങലമോീൃുവീശെെچ എന്ന നോവലിലെ കഥാപാത്രം ഒരു പ്രഭാതത്തില്‍ ഷഡ്പദമായി മാറുന്നു. എന്‍ഗുഗി വാതിയോംഗോയുടെ څണശ്വമൃറ ഛള ഠവല ഇൃീംچ എന്ന നോവലില്‍ ഒരു പുസ്തകത്തിന്‍റെ കവറില്‍ ചിത്രീകരിച്ചിട്ടുള്ള മാതിഗാരി എന്ന കഥാപാത്രം പുസ്തകത്തിന്‍റെ കവറില്‍ നിന്നിറങ്ങി വന്നിട്ട് രാജ്യദ്രോഹം പ്രചരിപ്പിക്കുന്നതിനെക്കുറിച്ചു പറയുന്നു. യനസ്കോയുടെ څഠവല ഒലൃാശേچ എന്ന നോവലിലെ കഥാപാത്രം ഉറക്കത്തില്‍ നിന്നുണരുമ്പോള്‍ പൂത്തുലഞ്ഞ ഒരു വൃക്ഷം അയാള്‍ക്കു മുമ്പില്‍ പ്രത്യക്ഷപ്പെടുന്നു. മരിച്ചതിനു ശേഷം ജീവിച്ചുവരുന്ന ജിപ്സിയെ മാര്‍ക്കേസിന്‍റെ څഏകാന്തതയുടെ നൂറു വര്‍ഷങ്ങള്‍چ എന്ന നോവലില്‍ നാം കാണുന്നു. ഇതൊന്നും യാഥാര്‍ത്ഥ്യമല്ലെന്ന് നമുക്കറിയാം. നോവലില്‍ അയുക്തിയും, അവാസ്തവികതയും കലര്‍ന്ന്, നോവല്‍ ഒരു മാന്ത്രിക പ്രഭാവത്തില്‍ എത്തുകയാണ്.
എഴുത്തുകാരന്‍റെ മുമ്പില്‍ ജീവിതത്തിന്‍റെ യാഥാര്‍ത്ഥ്യമാണ് ജ്വലിച്ചുനില്‍ക്കുന്നത്. ആ യാഥാര്‍ത്ഥ്യം അയാള്‍ കാണുകയും, അറിയുകയും, അനുഭവിക്കുകയും ചെയ്യുന്നുണ്ട്. പക്ഷെ തന്‍റെ രചനകളില്‍ അയാള്‍ എന്തുകൊണ്ട് യാഥാര്‍ത്ഥ്യത്തെ തിരസ്ക്കരിക്കുന്നു? അയഥാര്‍ത്ഥങ്ങളുടെയും, അയുക്തികളുടെയും ശ്രേണികളെ എന്തുകൊണ്ടയാള്‍ സൃഷ്ടിക്കുന്നു? ജീവിതയാഥാര്‍ത്ഥ്യത്തെ അഭിമുഖീകരിക്കുകയെന്നത് ദുഷ്ക്കരമായി അയാള്‍ക്കനുഭവപ്പെടുന്നുണ്ടോ? തന്‍റെ രചനകളില്‍ യാഥാര്‍ത്ഥ്യത്തെ അയാള്‍ തിരസ്ക്കരിക്കുമ്പോള്‍ ഭീരുത്വം കലര്‍ന്ന ഒരു ഒളിച്ചോട്ടമല്ലേ അയാള്‍ നടത്തുന്നത്? ഇത്തരം സന്ദേഹങ്ങള്‍ കലര്‍ന്ന നിരവധി ചോദ്യങ്ങള്‍ ഒരു പക്ഷെ വായനക്കാരന്‍റെ മനസ്സില്‍ ഉയര്‍ന്നേക്കാം. എന്നാല്‍ എഴുത്തുകാരന്‍ നോവലില്‍ സൃഷ്ടിക്കുന്നതായി നമുക്കനുഭവപ്പെടുന്ന മിഥ്യാലോകം, വെറും മിഥ്യാലോകമല്ല. എഴുത്തുകാരന്‍ സൃഷ്ടിക്കുന്ന അവാസ്തവികത വെറും അവാസ്തവികതയല്ല. അയുക്തിലിനീതമായിക്കിടക്കുന്ന ജീവിതാവസ്ഥകളുടെ നോവലിലെ കഥാനിര്‍വഹണം അത്ര അയുക്തിയുമല്ല. കലയുടെ വര്‍ണപ്രപഞ്ചത്തിനകത്ത് ജീവിതാവസ്ഥകളുടെ നിരനിരയായ സത്യങ്ങള്‍ എഴുത്തുകാരന്‍ ഒളിപ്പിച്ചുവയ്ക്കുന്നു. ജീവിതത്തെ നഗ്നമായി പകര്‍ത്താന്‍ അയാള്‍ ആഗ്രഹിക്കുന്നില്ല. അത് ഉയര്‍ന്ന ഒരു കലാപ്രവര്‍ത്തനമല്ലെന്ന അയാളുടെ ബോധം തന്നെയാണതിനു കാരണം. എഴുത്തുകാരന്‍റെ ബോധത്തിന് ഒരു സ്വപ്നഘടനയുണ്ട്. നോവലില്‍ എഴുത്തുകാരന്‍ ഒരു സ്വപ്നാന്തരീക്ഷം സൃഷ്ടിക്കുന്നു. നോവലിന്‍റെ പ്രമേയത്തിന് ഒരു സ്വപ്നസ്വഭാവം ലഭിക്കുന്നു. ഒരു സ്വപ്നം പോലെ നോവലിലെ കഥാഗതി വളരുന്നു. ഒരു സ്വപ്നാന്തരീക്ഷത്തില്‍ കഥാപാത്രങ്ങള്‍ വിഹരിക്കുന്നു. മാര്‍ക്കേസിന്‍റെ څഏകാന്തതയുടെ നൂറു വര്‍ഷങ്ങള്‍چ എന്ന നോവലിനെ മുന്‍നിര്‍ത്തി നോവല്‍ എന്ന കല സ്വപ്നത്തില്‍ നിന്ന് ഉയിര്‍ക്കൊള്ളുന്നു എന്ന് മിലന്‍ കുന്ദേര പറഞ്ഞതതുകൊണ്ടാണ്. നോവലിന്‍റെ സ്വപ്നസ്വഭാവമാണ്, നോവലിന് മിഥ്യാസ്വഭാവം നല്‍കുന്നത്. അത് യാഥാര്‍ത്ഥ്യത്തില്‍ നിന്നുള്ള ഒളിച്ചോട്ടമല്ല. എഴുത്തുകാരന്‍ സൃഷ്ടിക്കുന്ന അയഥാര്‍ത്ഥ കഥാവസ്തുവിന്‍റെ അന്തര്‍തലത്തില്‍ നേരിന്‍റെ സൂര്യനാണ് കത്തിനില്‍ക്കുന്നത്. മാജിക്കല്‍ റിയലിസം സങ്കേതമായി സ്വീകരിക്കുന്ന നോവലുകളില്‍ യാഥാര്‍ത്ഥ്യം മറഞ്ഞുകിടക്കുന്നതായി നമുക്കനുഭവപ്പെടുന്നു. പക്ഷെ അതില്‍ യാഥാര്‍ത്ഥ്യത്തിന്‍റെ വലിയ മുഴക്കങ്ങളുണ്ട് എന്നതാണു യാഥാര്‍ത്ഥ്യം. അവാസ്തവികതയുടെ ബഹുല സന്ദര്‍ഭങ്ങള്‍ സൃഷ്ടിക്കുന്ന څഏകാന്തതയുടെ നൂറു വര്‍ഷങ്ങള്‍چ എന്ന നോവല്‍ സത്യത്തിന്‍റെ വെളിപാടു പുസ്തകമായി നമുക്കു വ്യാഖ്യാനാത്മക നിലപാട് സ്വീകരിക്കാം. നോവലിന്‍റെ അയഥാര്‍ത്ഥഘടന വലിയ യാഥാര്‍ത്ഥ്യം ആവിഷ്ക്കരിക്കാനുള്ള ഒരു സങ്കേതം മാത്രമാണ്. മിലന്‍ കുന്ദേരയുടെ നോവലുകള്‍ സത്യത്തില്‍ നിന്നകന്നു നില്‍ക്കുന്നതായി നമുക്ക് അനുഭവപ്പെടുന്നു. ഒരു മിഥ്യാസ്വഭാവത്തിന്‍റെ രൂപമാതൃകയാണ് കുന്ദേര നോവലില്‍ സൃഷ്ടിക്കുന്നത്. യാഥാര്‍ത്ഥ്യത്തെ ഒഴിച്ചുനിര്‍ത്തി അവാസ്തവികത ഒരു പ്രബലഘടനയായി നോവലിലാകെ പടരുന്നത് കുന്ദേര സൃഷ്ടിക്കുന്ന സൗന്ദര്യശാസ്ത്രപരമായി വിലയിരുത്തേണ്ട ഒരു സങ്കേതം മാത്രമാണ്. പക്ഷെ കുന്ദേര നോവലില്‍ ആവിഷ്ക്കരിക്കുന്നത് യാഥാര്‍ത്ഥ്യമാണ്. യാഥാര്‍ത്ഥ്യത്തെ ഒഴിച്ചുനിര്‍ത്തുന്നു എന്ന പ്രതീതി ജനിപ്പിച്ചുകൊണ്ട് കുന്ദേര യാഥാര്‍ത്ഥ്യത്തെ ആവിഷ്ക്കരിക്കുന്നു. താന്‍ ജീവിക്കുന്ന ലോകത്തിന്‍റെ യാഥാര്‍ത്ഥ്യത്തില്‍ നിന്ന് കുന്ദേര ഒഴിഞ്ഞുമാറുന്നില്ല. ചരിത്രത്തിന്‍റെ സ്മൃതികള്‍ കുന്ദേരയെ അലട്ടുന്ന വിഷയമാണ്. യാഥാര്‍ത്ഥ്യത്തിന്‍റെ ഒരു ഉപരിതല ലോകം ഗിരിനിരകള്‍ പോലെ കുന്ദേരയുടെ ബോധമനസ്സില്‍ ഉണര്‍ന്നു കിടക്കുന്നു. ലോകത്തിന്‍റെ യാഥാര്‍ത്ഥ്യത്തിലേക്കാണ് കുന്ദേര ആകര്‍ഷിക്കപ്പെട്ടത്. പക്ഷെ കുന്ദേര എഴുതുമ്പോള്‍ അതില്‍ യാഥാര്‍ത്ഥ്യം മറഞ്ഞുകിടക്കുന്നു. അവാസ്തവികമെന്നു തോന്നുന്ന ഒരു ഭാവപ്രപഞ്ചമാണ് അദ്ദേഹത്തിന്‍റെ നോവലുകള്‍ സൃഷ്ടിച്ചത്. രചനാപരമായ ഒരു തന്ത്രം കൊണ്ട് യാഥാര്‍ത്ഥ്യത്തെ മറ്റൊന്നായി ഒരു അപരിചിതഘടനയില്‍ കുന്ദേര അവതരിപ്പിക്കുന്നു. അവാസ്തവികതയുടെ ആ രചനാരീതിയില്‍ പരമമായ യാഥാര്‍ത്ഥ്യം ജ്വലിച്ചുനിന്നു. അവാസ്തവികതയുടെ കഥനരീതിയിലൂടെ യാഥാര്‍ത്ഥ്യത്തെ തന്നെയാണ് കുന്ദേര അവതരിപ്പിച്ചത്.
നോവലില്‍ നാം അഭിമുഖീകരിക്കുന്ന അവാസ്തവികത ഒരു മായക്കാഴ്ച പോലെയാണ്. അതു നമ്മെ കബളിപ്പിക്കുന്നു. അര്‍ത്ഥങ്ങളുടെ ആഴസ്ഥലികള്‍ക്കു മേല്‍ ഉയര്‍ന്നുവരുന്ന യാഥാര്‍ത്ഥ്യങ്ങളാണ് മിഥ്യാസ്വഭാവത്തിന്‍റെ വ്യാജസ്വഭാവം സൃഷ്ടിച്ച് രൂപപ്പെടുന്ന നോവലുകള്‍ നമുക്ക് കാഴ്ചവയ്ക്കുന്നത്. പക്ഷെ ഇത്തരം നോവലുകളുടെ ഘടന അത്ര ലളിതമല്ല. നോവലിന്‍റെ പ്രത്യക്ഷഭാവങ്ങളില്‍ അര്‍ത്ഥവും, യാഥാര്‍ത്ഥ്യവും മറഞ്ഞുകിടക്കുന്നു. നോവലിനെ ജ്ഞാനപരമായി ഉള്‍ക്കൊള്ളുന്നതിന് അതു തടസ്സമാകുന്നു. പക്ഷെ ഒരു സാധാരണവായനയിലാണ് ഇത്തരം വിഷമസന്ധികള്‍ വായനക്കാരന്‍ അഭിമുഖീകരിക്കുന്നത്. സംസ്കാരത്തിന്‍റെ ചലനഭരിതമായ ഒരു അവസ്ഥയാണ് ആസ്വാദനം. ഉയര്‍ന്ന ആസ്വാദന സംസ്കാരം ആര്‍ജ്ജിച്ച വായനക്കാരിലേക്കാണ് ഇത്തരം നോവലുകള്‍ കടന്നുചെല്ലുന്നത്. സാധാരണ വായനക്കാരന്‍ നോവലിന്‍റെ പ്രത്യക്ഷങ്ങളില്‍ മാത്രം അഭിരമിക്കുന്നു. നോവല്‍ സൃഷ്ടിക്കുന്ന ജ്ഞാനത്തിന്‍റെ ഉദയങ്ങള്‍ അവര്‍ കാണുന്നില്ല. നോവലിലെ അര്‍ത്ഥങ്ങളുടെ രഹസ്യസ്വഭാവം അവര്‍ അറിയുന്നില്ല. നോവലിലെ മിഥ്യാഭാവങ്ങള്‍ കലാപരവും, സൗന്ദര്യപരവുമായ സങ്കേതത്തിന്‍റെ രൂപമാതൃകയാണെന്ന അറിവിലേക്കും അവരെത്തുന്നില്ല.
നോവല്‍ മിഥ്യാസ്വഭാവം പ്രകടിപ്പിക്കുന്ന കലയായി രൂപപ്പെടുമ്പോള്‍, അയഥാര്‍ത്ഥങ്ങളും അയുക്തികളും ഒരു പ്രവാഹം പോലെ നോവലില്‍ കടന്നുവരുമ്പോള്‍ നൂതനമായ ഒരു സൃഷ്ടി പ്രക്രിയയില്‍ നോവല്‍ എന്ന കലാരൂപം സ്നാനപ്പെടുകയാണു ചെയ്യുന്നത്. സാഹിത്യത്തിലെ റിയലിസത്തിനെതിരായ കലാപം കൂടി ഇത്തരം നോവലുകളില്‍ നമുക്കു ദര്‍ശിക്കാം. നോവല്‍ ജീവിതാവിഷ്ക്കാരമാണെന്ന് നമുക്കറിയാം. പക്ഷെ ജീവിതത്തെ അതേപടിയങ്ങ് ആവിഷ്ക്കരിക്കുമ്പോള്‍ അത് കലാശൂന്യമായ അവസ്ഥ സൃഷ്ടിക്കുമെന്നു മനസ്സിലാക്കുന്ന നോവലെഴുത്തുകാരന്‍ ജീവിതത്തെ മറ്റൊന്നാക്കി ആവിഷ്ക്കരിക്കുകയാണു ചെയ്യുന്നത്. അത് വായനക്കാരന്‍റെ പരിചിതലോകത്തിലെ ജീവിതമല്ല. ഒരു കെട്ടുകഥ പോലെ നോവലില്‍ ജീവിതം നിറയുന്നു. അത് വാസ്തവികതയ്ക്ക് വെളിയില്‍ നില്‍ക്കുന്ന ജീവിതമായി മാറുന്നു. വായനക്കാരനു മുമ്പില്‍ നോവലും, നോവലിലെ ജീവിതവും അസത്യമായി മാറുകയാണ്. എന്നാല്‍ ഇത് എഴുത്തുകാരന്‍ ഭാവന കൊണ്ടു നടത്തുന്ന ഒരു പ്രവര്‍ത്തനമാണ്. ഉയര്‍ന്ന ഒരു കലാബോധത്തിന്‍റെയും സൗന്ദര്യബോധത്തിന്‍റെയും സൃഷ്ടിയുമാണത്. ഈ ലേഖനത്തില്‍ പല തവണ ചൂണ്ടിക്കാണിച്ചതുപോലെ എഴുത്തുകാരന്‍ ആവിഷ്ക്കരിക്കുന്നത് യാഥാര്‍ത്ഥ്യത്തെയാണ്. അത് പരമമായ യാഥാര്‍ത്ഥ്യമാണ്. അത് ജീവിതത്തിന്‍റെ ആഴങ്ങളില്‍ സന്ധിച്ചുകിടക്കുന്ന യാഥാര്‍ത്ഥ്യമാണ്. യാഥാര്‍ത്ഥ്യത്തിനു രൂപമാറ്റം കൊടുക്കുന്നു. യാഥാര്‍ത്ഥ്യത്തിന് അപരസ്വഭാവം നല്‍കുന്നു. യാഥാര്‍ത്ഥ്യത്തിന് രഹസ്യസ്വഭാവം കൊടുക്കുന്നു. അപ്പോള്‍ നോവല്‍ ഒരു മാന്ത്രികപേടകം പോലെ രൂപം കൊള്ളുന്നു. ആ പേടകത്തിനുള്ളില്‍ നോവലിന്‍റെ യാഥാര്‍ത്ഥ്യം മറഞ്ഞുകിടക്കുന്നു. അതു കണ്ടെത്തുകയെന്നതാണ് വായനയിലെ പ്രധാന കടമ.
No comments:
Post a Comment