ഒരിടത്ത് ഒരിടത്ത് څജാക്ക്چ എന്നു പേരുള്ള ഒരു കൊച്ചു മിടുക്കനുണ്ടായിരുന്നു. അവന്‍റെ അച്ഛന്‍ നല്ലൊരു കൃഷിക്കാരനായിരുന്നു. പക്ഷെ എന്തുചെയ്യാം, അച്ഛന്‍ നേരത്തെ തന്നെ മരിച്ചുപോയി. പിന്നെ പാവപ്പെട്ട അമ്മയുടെ ലാളനയിലാണ് അവന്‍ വളര്‍ന്നത്.
കൊച്ചുകുട്ടിയായിരുന്ന ജാക്കിന് പാടത്തുപോയി ഉഴാനോ കിളയ്ക്കാനോ ഒന്നും അറിഞ്ഞുകൂടായിരുന്നു. അച്ഛന്‍ സമ്പാദിച്ചുവച്ചിരുന്ന പണം കൊണ്ട് അവനും അമ്മയും കുറേനാള്‍ അല്ലലില്ലാതെ കഴിഞ്ഞുകൂടി. പിന്നെ പട്ടിണിയായി.
പട്ടിണികൊണ്ട് തീരെ പൊറുതിമുട്ടിയപ്പോള്‍ അമ്മ പറഞ്ഞു: ڇമോനേ ജാക്ക്, എത്ര ദിവസമാണ് നമ്മളിങ്ങനെ പൊരിഞ്ഞവയറുമായി കഴിയുക? നീ നമ്മുടെ വെളുമ്പിച്ചിപ്പശുവിനെ ചന്തയില്‍ കൊണ്ടുപോയി വില്‍ക്ക്.ڈ
അതുകേട്ടപ്പോള്‍ ജാക്കിന് വല്ലാത്ത സങ്കടം തോന്നി. എങ്കിലും പശുവിനെയും കൊണ്ട് അവന്‍ മനസ്സില്ലാമനസ്സോടെ ചന്തയിലേക്ക് പുറപ്പെട്ടു.
വഴിക്കുവച്ച് ജാക്ക് ഒരു അപ്പൂപ്പനെ കണ്ടുമുട്ടി. വെളുവെളുത്ത താടിമീശയും ചപ്രത്തലമുടിയുമുള്ള ഒരു പാവം അപ്പൂപ്പന്‍! പൊരിവെയിലത്ത് ഒരു വലിയ പശുവിനെയും കെട്ടിവലിച്ചു കൊണ്ടുവരുന്ന ജാക്കിനെ കണ്ടപ്പോള്‍ അപ്പൂപ്പന് എന്തെന്നില്ലാത്ത അലിവുതോന്നി.
ڇമോനേ, ഈ പശുവിനേയും കൊണ്ടെങ്ങോട്ടാ?ڈ - അപ്പൂപ്പന്‍ ചോദിച്ചു.
ڇഞാനതിനെ ചന്തയില്‍ വില്‍ക്കാന്‍ കൊണ്ടുപോവുകയാണ്.ڈ
അതുകേട്ടപ്പോള്‍ പശുവിനെ വാങ്ങിയാലോ എന്ന് അപ്പൂപ്പന്‍ ചിന്തിച്ചു. പക്ഷെ അയാളുടെ കൈയില്‍ ഒരു ചില്ലിക്കാശുപോലും ഉണ്ടായിരുന്നില്ല. അയാള്‍ തന്‍റെ കുപ്പായക്കീശയില്‍ നിന്ന് കുറെ പയര്‍മണികള്‍ പുറത്തെടുത്തു.
ڇഇതാ, ഈ പയര്‍മണികള്‍ കൈയില്‍ വച്ചിട്ട് പശുവിനെ എനിക്കുതന്നോളു. മാന്ത്രികപ്പയര്‍മണികളാണ്. ഇതുകൊണ്ട് നിനക്ക് വല്ല്യ പണക്കാരനാകാം.ڈ
മുഴുമുഴുത്ത ആ പയര്‍മണികള്‍ കണ്ടപ്പോള്‍ ജാക്കിന് വളരെ കൗതുകം തോന്നി. അവന്‍ പയര്‍മണികള്‍ വാങ്ങിയിട്ട് തന്‍റെ വെളുമ്പിച്ചിപ്പശുവിനെ അപ്പൂപ്പനു കൊടുത്തു.
മാന്ത്രികപ്പയര്‍മണികളുമായി ജാക്ക് വീട്ടിലേക്കോടി. അമ്മ അവനെ കാത്ത് വീട്ടുമുറ്റത്തുതന്നെ നില്‍ക്കുന്നുണ്ടായിരുന്നു. സ്വര്‍ണനാണയങ്ങളുമായി വരുമെന്നു കരുതിയ മകന്‍ കുറെ പയര്‍മണികളുമായി വരുന്നതുകണ്ട് അമ്മയ്ക്ക് വല്ലാതെ ദേഷ്യം വന്നു:
ڇഒരു നല്ല പശുവിനെ കൊടുത്തിട്ട് കൊണ്ടുവന്നിരിക്കുന്നതുകണ്ടില്ലെ? കുറെ പീറപ്പയര്‍മണികള്‍!... ത്ഫൂ!...ڈ
അവന്‍റെ കൈയിലിരുന്ന പയര്‍മണികള്‍ പിടിച്ചുപറിച്ചെടുത്ത് അമ്മ തീരാത്ത കോപത്തോടെ ജനലിനുപുറത്തേക്ക് ഒറ്റയേറ്! ڇഎല്ലാം അവിടെക്കിടന്ന് നശിക്കട്ടെ!ڈ - അമ്മ പ്രാകി.
ജാക്കിന് സങ്കടം സഹിക്കാന്‍ കഴിഞ്ഞില്ല. വിശന്നുപൊരിഞ്ഞ വയറോടെ അന്നു രാത്രി മുഴുവന്‍ അവന്‍ ചുരുണ്ടുകിടന്നു. പിറ്റേന്ന് അതിരാവിലെ ഉണര്‍ന്ന് അവന്‍ ജനലിനു പുറത്തേക്കു നോക്കി:
ڇഹായ്!... ഇതെന്തൊരു കാഴ്ച!ڈ - അവിടെ കണ്ട രംഗം ജാക്കിനെ അത്ഭുതപ്പെടുത്തി. ജനലിനു പുറത്തായി ഒരു തടിയന്‍ പയറുവള്ളി കെട്ടുപിണഞ്ഞ് നിറയെ ഇലകളുമായി മേലോട്ടു വളര്‍ന്നുനില്‍ക്കുന്നു! അവന്‍ വിടര്‍ന്ന കണ്ണുകളോടെ മേലോട്ടുനോക്കി നിന്നു. ഇതിന്‍റെ അറ്റം എവിടെയാണാവോ? വളരെ ശ്രമിച്ചെങ്കിലും ആ പയറുവള്ളിയുടെ അറ്റം കണ്ടെത്താന്‍ അവനു കഴിഞ്ഞില്ല.
څഎന്തുവന്നാലും ഇതിന്‍റെ മുകളറ്റം ഞാന്‍ കണ്ടുപിടിക്കുംچ - ജാക്ക് മനസ്സില്‍ ഉറപ്പിച്ചു. അവന്‍ വള്ളിയില്‍ തൂങ്ങിപ്പിടിച്ച് പയ്യെപ്പയ്യെ മേലോട്ട് കയറാന്‍ തുടങ്ങി. മേലോട്ട് മേലോട്ട് ചെല്ലുന്തോറും ചെടിയുടെ അറ്റം മുകളിലേക്ക് നീണ്ടു നീണ്ടുപോയി.
എന്തിനു പറയുന്നു; വൈകുന്നേരമായപ്പോഴേയ്ക്കും ജാക്ക് മേഘങ്ങള്‍ക്കും അപ്പുറമെത്തി. അപ്പോള്‍ വലിയൊരു മലയുടെ നെറുകയിലാണ് താന്‍ നില്‍ക്കുന്നതെന്ന് അവനു തോന്നി. വിശപ്പും ദാഹവും കൊണ്ട് അവന്‍ വല്ലാതെ തളര്‍ന്നിരുന്നു.
ഇതിനിടയില്‍ എവിടെനിന്നോ വെള്ളിച്ചിറകുകളുള്ള ഒരു മാലാഖ അവിടെ പറന്നെത്തി. മാലാഖ പറഞ്ഞു: ڇജാക്ക്, അതാ അങ്ങകലെ ഒരു കോട്ട കണ്ടോ! ഭയങ്കരനായ ഒരു രാക്ഷസനാണ് അവിടെ താമസിക്കുന്നത്. നിന്നെപ്പോലുള്ള മനുഷ്യക്കുഞ്ഞുങ്ങളെ കണ്ടാല്‍ അവന്‍ അപ്പാടെ വിഴുങ്ങും. അതല്ല; നിനക്ക് ധീരമായ ഒരു മനസ്സുണ്ടെങ്കില്‍ അവനെ തോല്‍പ്പിക്കാന്‍ കഴിയും. തോല്‍പ്പിച്ചാല്‍ അവന്‍റെ പൊന്നും രത്നക്കൂമ്പാരവുമെല്ലാം നിനക്ക് സ്വന്തമാകും. ഇനിമേല്‍ വലിയ ധനികനായി ജീവിക്കാം.ڈ
പയ്യനാണെങ്കിലും ജാക്ക് നല്ല ധൈര്യമുള്ളവനായിരുന്നു. അവന്‍ പറഞ്ഞു: ڇമാലാഖേ, രാക്ഷസക്കോട്ടയിലേക്കു പോകാന്‍ ഞാന്‍ തയ്യാറാണ്. മാലാഖയുടെ അനുഗ്രഹം എനിക്കുണ്ടാകണം.ڈ
മാലാഖ മനസ്സുതുറന്ന് ജാക്കിനെ അനുഗ്രഹിച്ചു. അവന്‍ നേരെ രാക്ഷസക്കോട്ടയിലേക്കു ചെന്നു. ചങ്ങലകൊണ്ടു ബന്ധിച്ച കോട്ടയുടെ കൂറ്റന്‍ വാതിലില്‍ ജാക്ക് ഉറക്കെ മുട്ടി: ڇടക്!... ടക്!... ടക്!...ڈ
ശബ്ദം കേട്ട് അവിടത്തെ രാക്ഷസിയമ്മ വലിയ ജനലിലൂടെ പുറത്തേക്ക് തലയെത്തിച്ചു നോക്കി: ڇആരാണ് വാതിലില്‍ മുട്ടുന്നത്?ڈ - അവര്‍ ചോദിച്ചു.
ڇഇതു ഞാനാണ്; ജാക്ക്!... കൊച്ചു ജാക്ക്!ڈ - അവന്‍ അറിയിച്ചു.
രാക്ഷസിയമ്മ അവനെ കണ്ടു; ഒരു കൊച്ചുപയ്യന്‍! വിശന്നിട്ടു വന്നതാകുമെന്ന് രാക്ഷസിയമ്മ വിചാരിച്ചു. അവര്‍ക്ക് അവനോട് അലിവുതോന്നി. ഒരു പാത്രം നിറയെ കാട്ടുപഴങ്ങളെടുത്ത് അവര്‍ അവന് തിന്നാന്‍ കൊടുത്തു. അതു തിന്നുകൊണ്ടു നില്‍ക്കെ അവര്‍ പറഞ്ഞു: ڇഎന്‍റെ ഭര്‍ത്താവായ രാക്ഷസന്‍ വരാറായിട്ടുണ്ട്. നിന്നെക്കണ്ടാല്‍ ഒറ്റപ്പിടിത്തത്തിന് വായിലാക്കും. നീ വേഗം ദാ, ഇവിടേയ്ക്ക് ഒളിച്ചോڈ - രാക്ഷസിയമ്മ അകത്തിരുന്ന ഒരു പഴക്കൂടയ്ക്കുള്ളില്‍ ജാക്കിനെ ഒളിപ്പിച്ചു.
അധികം വൈകാതെ ഉറക്കെ അലറിക്കൊണ്ട് രാക്ഷസന്‍ അവിടേയ്ക്ക് കടന്നു വന്നു: ڇഫീഫോ!... ഫീ ഫോ!... ഫീഫോ ഫും!...ڈ
അപ്പോള്‍ എവിടെന്നോ ഒരു മനുഷ്യക്കുഞ്ഞിന്‍റെ മണം വരുന്നതായി രാക്ഷസനു തോന്നി. അയാള്‍ ചോദിച്ചു: ڇഹായ്!... ഏതോ മനുഷ്യന്‍റെ മണം! എനിക്കവനെ തിന്നണം. എവിടെ അവന്‍?ڈ
കുറേനേരം മണപ്പിച്ചു നടന്നെങ്കിലും രാക്ഷസന് ആരെയും കണ്ടെത്താനായില്ല. വിശപ്പുമൂത്ത രാക്ഷസന്‍ അവിടെ രാക്ഷസിയമ്മ വേവിച്ചുവച്ചിരുന്ന കാട്ടുപോത്തിറച്ചിയും കാട്ടുകിഴങ്ങുകളും മൂക്കറ്റം വെട്ടിവിഴുങ്ങി.
പെരുവയര്‍ നിറഞ്ഞതോടെ രാക്ഷസന്‍ അയാളുടെ മുറിയില്‍ കയറിക്കിടന്ന് څഖുര്‍ര്‍ര്‍!... ഖുര്‍ര്‍ര്‍!...چ എന്ന് കൂര്‍ക്കം വലിക്കാന്‍ തുടങ്ങി.
څഇതുതന്നെ നല്ല തക്കം!چ എന്നു മനസ്സിലാക്കി ജാക്ക് പഴക്കൂടയില്‍ നിന്ന് പുറത്തിറങ്ങി.
കാലൊച്ച കേള്‍പ്പിക്കാതെ അവന്‍ രാക്ഷസന്‍റെ സ്വര്‍ണക്കലവറയിലേക്ക് കയറി. ഒരു വലിയ സഞ്ചി നിറയെ സ്വര്‍ണവും രത്നങ്ങളും വാരിയെടുത്ത് തോളില്‍ തൂക്കി. പിന്നെ ജനലിലൂടെ പുറത്തുകടന്ന് പയര്‍വള്ളിയുടെ തലയ്ക്കലെത്തി. വള്ളിയിലൂടെ അവന്‍ څശര്‍ര്‍ര്‍!...چ എന്ന് താഴോട്ട് ഊര്‍ന്നിറങ്ങി.
വീട്ടിലെത്തിയ ജാക്ക് അമ്മയോട് പറഞ്ഞു: ڇഅമ്മേ, പയറുചെടി നമ്മെ രക്ഷിച്ചു!... ഇതാ നോക്കൂ, ഈ സഞ്ചി നിറയെ വിലപിടിച്ച പൊന്നും രത്നവുമാണ്! നമുക്ക് എക്കാലത്തും ജീവിക്കാനുള്ള വക ഇതിലുണ്ട്!ڈ
അതുകേട്ട് അമ്മ ആനന്ദത്തോടെ ജാക്കിനെ കെട്ടിപ്പുണര്‍ന്നു. എങ്കിലും അവന്‍റെ ചിന്ത മറ്റൊന്നിനെക്കുറിച്ചായിരുന്നു. അതെന്താണെന്നൊ? രാക്ഷസന് നിത്യവും പൊന്മുട്ടയിടുന്ന ഒരു മാന്ത്രികക്കോഴിയും മധുരമായി പാട്ടുപാടുന്ന ഒരു സ്വര്‍ണവാനമ്പാടിയും ഉണ്ടെന്ന് രാക്ഷസിയമ്മ അവനോട് നേരത്തെ പറഞ്ഞിരുന്നു. അവയെക്കൂടി കൈക്കലാക്കണമെന്ന മോഹമായിരുന്നു ജാക്കിന്‍റെ മനസ്സില്‍. അതിനായി അവന്‍ കൊതിയോടെ കാത്തിരുന്നു.
ഒരു ദിവസം ജാക്ക് പയറുചെടിയുടെ കടയ്ക്കലെത്തി. വള്ളിയില്‍ തൂങ്ങി അവന്‍ څഛട്ടെന്ന്چ മേലോട്ട് കയറി. ഒട്ടും താമസിയാതെ അവന്‍ രാക്ഷസക്കോട്ടയിലെത്തി. അപ്പോള്‍ അവിടെ ആരുമുണ്ടായിരുന്നില്ല. തിടുക്കത്തില്‍ മാന്ത്രിക്കോഴിയേയുമെടുത്ത് അവന്‍ താഴേയ്ക്കിറങ്ങി. കഷ്ടമേ കഷ്ടം! താഴെ എത്തിയപ്പോഴാണ് വാനമ്പാടിയെ എടുത്തില്ലെന്ന കാര്യം അവന് ഓര്‍മവന്നത്. അവന് വലിയ നിരാശതോന്നി. എന്തുവന്നാലും സ്വര്‍ണവാനമ്പാടിയെക്കൂടി തന്‍റെ കൈപ്പിടിയിലൊതുക്കണമെന്ന് ഓരോ നിമിഷവും അവന്‍റെ മനസ്സ് വിളിച്ചു പറഞ്ഞുകൊണ്ടിരുന്നു.
പിറ്റേന്ന് വൈകുന്നേരം തന്നെ ജാക്ക് വീണ്ടും രാക്ഷസക്കോട്ടയിലേക്കു തിരിച്ചു. അപ്പോള്‍ രാക്ഷസന്‍ ഉണര്‍ന്നുകിടക്കുകയായിരുന്നു. ജാക്ക് ഓടിച്ചെന്ന് ഒറ്റപ്പിടിത്തത്തിന് സ്വര്‍ണവാനമ്പാടിയെ കൈയിലൊതുക്കി. അപ്പോള്‍ വാനമ്പാടി ഉറക്കെ പറഞ്ഞു: ڇയജമാനാ, എന്‍റെ പൊന്നു യജമാനാ, ഇതാ ആരോ എന്നെ പിടികൂടിയിരിക്കുന്നു!ڈ
ഇതുകേട്ട ഉടനെ രാക്ഷസന്‍ ചാടിയെഴുന്നേറ്റ് പുറത്തേക്കുവന്നു. വാനമ്പാടിയെയും കൈയിലൊതുക്കി ഓടിയകലുന്ന ജാക്കിനെയാണ് രാക്ഷസന്‍ കണ്ടത്. അയാള്‍ څധടുപടുچവെന്ന് ജാക്കിന്‍റെ പിന്നാലെ പാഞ്ഞു. അവന്‍ വേഗത്തില്‍ ഓടി രാക്ഷസന്‍റെ കൈയില്‍പ്പെടാതെ പയറുവള്ളിയ്ക്കരികിലെത്തി. പെട്ടെന്ന് വള്ളിയിലൂടെ അവന്‍ താഴേയ്ക്ക് ഊര്‍ന്നിറങ്ങി.
കോപംപൂണ്ട രാക്ഷസന്‍ ഉറക്കെ അലറിക്കൊണ്ട് വള്ളിയിലൂടെ താഴോട്ടിറങ്ങാന്‍ തുടങ്ങി. രാക്ഷസന്‍റെ ഭാരം കൊണ്ട് പയറുവള്ളി ആടിയുലഞ്ഞു.
ഇതെല്ലാം കണ്ട് താഴെ നിന്ന ജാക്ക് ഉറക്കെ വിളിച്ചു പറഞ്ഞു: ڇഅമ്മേ, നമ്മുടെ മൂര്‍ച്ചയുള്ള മഴുവും കൊണ്ട് ഓടിവരൂ; വേഗമാവട്ടെ.ڈ
പറഞ്ഞുതീരേണ്ട താമസം ജാക്കിന്‍റെ അമ്മ മഴുവുമായി ഓടിയെത്തി. ജാക്ക് വേഗം പയറുവള്ളിയുടെ കടയ്ക്കല്‍ ആഞ്ഞുവെട്ടി. څപ്ധും!...چ ചക്കവെട്ടിയതുപോലെ വള്ളിയോടൊപ്പം രാക്ഷസന്‍ നിലത്തുതലതല്ലിവീണു! അതോടെ ആ ഭയങ്കരന്‍റെ കഥയും കഴിഞ്ഞു!
പിന്നെ ജാക്കിനും അമ്മയ്ക്കും ഒരു ബുദ്ധിമുട്ടും ഉണ്ടായില്ല. സമ്പന്നനായ ജാക്ക് ഒരു രാജകുമാരിയെ വിവാഹം ചെയ്ത് സുഖമായി ജീവിച്ചു.
No comments:
Post a Comment