കാലാവസ്ഥ മാറുകയാണ്. ഏറ്റവും കൂടുതല്‍ പ്രത്യാഘാതം അനുഭവിക്കാന്‍ പോകുന്നത് തെക്കു-കിഴക്കന്‍ ഏഷ്യയിലെ രാജ്യങ്ങള്‍ ആണ്. നേപ്പാള്‍, ബംഗ്ലാദേശ്, ഇന്ത്യ, ശ്രീലങ്ക, മ്യാന്‍മാര്‍, പാക്കിസ്ഥാന്‍, മാലി ദ്വീപുകള്‍ തുടങ്ങിയ രാജ്യങ്ങളില്‍ എല്ലാം വലിയ ദുരന്തങ്ങള്‍ ആണ് ഉണ്ടാകാന്‍ പോകുന്നത്. ഭൂമിയുടെ ശരാശരി ചൂട്, പത്തൊമ്പതാം നൂറ്റാണ്ടിലേതിനേക്കാള്‍ 0.9 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നതേയുള്ളൂ. അപ്പോള്‍ തന്നെ ഇതാണ് സ്ഥിതിയെങ്കില്‍, ഈ നൂറ്റാണ്ടിന്‍റെ അവസാനം 2.5 ഡിഗ്രി സെല്‍ഷ്യസ് ഉയരുമെന്ന മുന്നറിയിപ്പിനെ ഭയത്തോടെ മാത്രമേ കാണാന്‍ കഴിയൂ. സൗദി അറേബ്യ പോലെ മുന്‍പ് ചൂട് മാത്രം അനുഭവപ്പെട്ടിരുന്ന സ്ഥലത്ത്, കോരിച്ചൊരിയുന്ന മഴയും, മഴ യഥേഷ്ടം കിട്ടിക്കൊണ്ടിരുന്ന സ്ഥലങ്ങളില്‍ കടുത്ത വരള്‍ച്ചയും അനുഭവപ്പെടുന്നു. മൂന്നാറിലെ കുളിരുള്ള തണുപ്പിന് പകരം പൊഴിയുന്ന മഞ്ഞില്‍, മനുഷ്യരും മരങ്ങളും വിറങ്ങലിച്ചു നില്‍ക്കുകയാണ്. അതെ, കാലാവസ്ഥ മാറുകയാണ്.
പഴയ വീഞ്ഞ്, പുതിയ കുപ്പിയില്‍!
ദുരന്തനിവാരണ അതോറിറ്റി ദുരന്തങ്ങളെ നേരിടാനായി څപുതിയچ ഒരു ഓറഞ്ച് ബുക്ക് പ്രസിദ്ധീകരിച്ചതായി പത്ര റിപ്പോര്‍ട്ടുകള്‍ പറയുന്നു. പൊതുമരാമത്ത്, റവന്യു, പൊലീസ്, അഗ്നിശമനസേന എന്നിങ്ങനെ 19 ലൈന്‍ ഡിപ്പാര്‍ട്മെന്‍റുകള്‍ മഴക്കാലത്തിനു മുന്‍പ് ചെയ്യേണ്ട മുന്നൊരുക്കങ്ങളാണ് ഈ ബുക്കില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുള്ളത്. പക്ഷെ, ഭൂരിഭാഗം നിര്‍ദേശങ്ങളും ഓരോ ഡിപ്പാര്‍ട്മെന്‍റിന്‍റെയും ഇപ്പോള്‍ത്തന്നെ നിലവിലുള്ള ഉത്തരവാദിത്വങ്ങളാണെന്നതാണ് കൗതുകം. ഉദാഹരണമായി, സംസ്ഥാന ഡാം സുരക്ഷാ അതോറിറ്റിയുടെ ഉത്തരവാദിത്വങ്ങളില്‍ പറയുന്നത്, മഴക്കാലത്തിനു മുന്‍പ് നിലവിലുള്ള എല്ലാ ഡാമുകളുടെയും സുരക്ഷ പരിശോധിക്കണം എന്നാണ്! പൊതുമരാമത്തു വകുപ്പ് (പി.ഡബ്ലിയു.ഡി.) യുടെ ചുമതലയാകട്ടെ, മഴക്കാലത്തിനു മുന്‍പ് എല്ലാ പാലങ്ങളുടെയും ഉറപ്പു പരിശോധിക്കുന്ന ഓഡിറ്റ് നടത്തണമെന്നും! ആരോഗ്യ വകുപ്പ്, മഴക്കാല സാംക്രമിക രോഗങ്ങള്‍ തടയാന്‍ നടപടി എടുക്കണമെന്നും, അവശ്യം വേണ്ട മരുന്നുകള്‍ എല്ലാ ആശുപത്രികളിലും സൂക്ഷിക്കണമെന്നും ഓറഞ്ചു ബുക്കില്‍ ഉണ്ട്. മൃഗ സംരക്ഷണ വകുപ്പ് ജന്തുക്കളില്‍ കൂടി പടരുന്ന സാംക്രമിക രോഗങ്ങളെ തടയണമെന്നും, റവന്യു വകുപ്പ്, ദുരന്ത ബാധിതരെ പാര്‍പ്പിക്കാന്‍ ഷെല്‍ട്ടറുകള്‍ നേരത്തെ നോക്കിവെക്കണമെന്നും څപുതിയچ നിര്‍ദേശങ്ങളായാണ് അവതരിപ്പിച്ചിരിക്കുന്നത്. വാസ്തവത്തില്‍, പുതുമ അവകാശപ്പെടാവുന്നത് രാവിലെ 6 മണിക്കും, വൈകിട്ട് 6 മണിക്കും ഇടയില്‍ ഒരു കാരണവശാലും ഡാമുകളില്‍ നിന്ന് വെള്ളം തുറന്നു വിടരുതെന്നും, ഒന്നാമത്തെയും, മൂന്നാമത്തെയും മുന്നറിയിപ്പുകള്‍ (അലര്‍ട്ട്) ക്കിടയില്‍ 24 മണിക്കൂര്‍ സമയം ഉണ്ടായിരിക്കണമെന്നുമുള്ള ചുരുക്കം ചില നിര്‍ദേശങ്ങള്‍ക്ക് മാത്രമാണ്.
ഈ ഓറഞ്ച് ബുക്കിന്‍റെ ഏറ്റവും വലിയ പരിമിതി, വെള്ളപ്പൊക്കത്തിന് മുന്‍പും, ആ സമയത്തും, അതിനു ശേഷവുമൊക്കെ ഓരോ ഡിപ്പാര്‍ട്മെന്‍റും എന്തൊക്കെ ചെയ്യണമെന്ന കര്‍മപരിപാടികള്‍ പറയുമ്പോഴും, അപകട സാധ്യതയുള്ള സ്ഥലത്തു താമസിക്കുന്ന ആളുകള്‍ ഓറഞ്ച്, റെഡ് എന്നിങ്ങനെയുള്ള അലര്‍ട്ടുകളില്‍ എന്താണ് ചെയ്യേണ്ടതെന്ന് അവര്‍ക്കറിവില്ലാതെ പോകുന്നു എന്നതാണ്. എന്ത് മുന്നറിയിപ്പ് കിട്ടിയാലും, അധികാരികളുടെ നിര്‍ദ്ദേശത്തിനു കാത്തിരിക്കേണ്ടി വരിക എന്നത് അത്ര ആശാസ്യമല്ല. മാത്രവുമല്ല, ശാശ്വതവും ദീര്‍ഘകാലാടിസ്ഥാനത്തിലുള്ളതുമായ പരിഹാരമാര്‍ഗങ്ങള്‍ ഈ ബുക്കില്‍ വളരെ കുറവാണെന്നു തന്നെ പറയാം. സര്‍ക്കാരിന് ചെയ്യാവുന്ന ചില കാര്യങ്ങളെപ്പറ്റി മാത്രം ഇവിടെ പറയാം.
വെള്ളപ്പൊക്ക ഭൂപടങ്ങള്‍ (എഹീീറ കിൗിറമശേീി ങമുെ)
ഓരോ ജില്ലയിലെയും താഴ്ന്നതും, വെള്ളം കയറാന്‍ സാധ്യതയുള്ളതുമായ പ്രദേശങ്ങള്‍ അടയാളപ്പെടുത്തിവക്കുക എന്നതാണതില്‍ ഏറ്റവും മുഖ്യം. മുന്‍കാലങ്ങളില്‍ വെള്ളം കയറിയിട്ടുണ്ടോ, ഉണ്ടെങ്കില്‍ എത്ര കയറി, ഓരോ സ്ഥലത്തും പെയ്യുന്ന ശരാശരി മഴയുടെ കണക്കെത്രയാണ്, അണക്കെട്ടു തുറന്നുവിടേണ്ടി വന്നാല്‍ ഉദ്ദേശം എത്ര വെള്ളം ഒഴുകി എങ്ങോട്ടൊക്കെ പോകും എന്നിങ്ങനെ പല കാര്യങ്ങള്‍ ഈ ഭൂപടത്തില്‍ രേഖപ്പെടുത്തിവയ്ക്കണം. വാര്‍ഡടിസ്ഥാനത്തിലുള്ള വിവരങ്ങള്‍ വ്യക്തമായി കാണത്തക്കവിധത്തില്‍ ഉള്ള സ്കെയിലില്‍ വേണം ഇത്തരം മാപ്പുകള്‍ തയ്യാറാക്കാന്‍.
കേരളത്തില്‍ ദുരന്തനിവാരണ അതോറിറ്റി തയ്യാറാക്കിയ ദുരന്തസാധ്യതാ മാപ്പുകള്‍ 1 : 50000 എന്ന സ്കെയിലില്‍ ആണ്. അതായത്, ഭൂമിയിലെ 500 മീറ്റര്‍ സ്ഥലത്തെ വീടുകള്‍, പാലങ്ങള്‍, പാടങ്ങള്‍ എന്നിവ ഭൂപടത്തില്‍ ഒരു സെന്‍റിമീറ്റര്‍ സ്ഥലത്ത് രേഖപ്പെടുത്തണം എന്നര്‍ത്ഥം. അഞ്ഞൂറ് മീറ്റര്‍ സ്ഥലത്തുള്ള എല്ലാ വീടുകളും കടകളും പാലങ്ങളും ഒരു സെന്‍റിമീറ്ററില്‍ ഒതുക്കുക എന്നത് സാദ്ധ്യമല്ലാത്തതുകൊണ്ടു, വളരെ വലിയ കെട്ടിടങ്ങള്‍ മാത്രമെ ഈ സ്കെയിലില്‍ ഉള്ള മാപ്പില്‍ രേഖപ്പെടുത്തുകയുള്ളൂ. ചെറിയ വീടുകള്‍, കൂരകള്‍, പെട്ടിക്കടകള്‍ തുടങ്ങിയവ ഒഴിവാക്കപ്പെടും. വാര്‍ഡടിസ്ഥാനത്തില്‍ എത്ര വീടുകളില്‍ വെള്ളം കയറും, എവിടെയൊക്കെ വെള്ളം കയറും എന്നിങ്ങനെയുള്ള കാര്യങ്ങള്‍ മനസിലാക്കാന്‍ ഈ മാപ്പുകള്‍ ഒട്ടും തന്നെ പര്യാപ്തമല്ല എന്ന് സാരം. എന്തെങ്കിലും രീതിയില്‍ മുന്നൊരുക്കങ്ങള്‍ നടത്തണമെങ്കില്‍ 1:200 അഥവാ, 1:500 എന്ന സ്കെയിലില്‍ ഉള്ള മാപ്പുകള്‍ എങ്കിലും വേണം (ബീഹാറും ഒഡീഷയും മാത്രമാണ് ഇത്തരത്തിലുള്ള വെള്ളപ്പൊക്ക ഭൂപടങ്ങള്‍ തയ്യാറാക്കിയ സംസ്ഥാനങ്ങള്‍). ഇക്കാര്യം ശാസ്ത്രജ്ഞന്മാര്‍ക്ക് അറിവുള്ളതാണെങ്കിലും നിലവിലുള്ള മാപ്പുകള്‍ക്കു പോരായ്മകളില്ല എന്ന് സര്‍ക്കാരിനെ ഏതെങ്കിലും രീതിയില്‍ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
പ്രാദേശിക ദുരന്തനിവാരണ പദ്ധതികള്‍
മഞ്ഞ, ഓറഞ്ച്, ചുവപ്പ് മുന്നറിയിപ്പുകള്‍ കാലാവസ്ഥാനിരീക്ഷണ കേന്ദ്രം പുറപ്പെടുവിക്കുമ്പോള്‍ എന്ത് ചെയ്യണം എന്ന് ജനങ്ങള്‍ക്ക് ഇപ്പോഴും അറിയില്ല. വാട്ടര്‍ അതോറിറ്റിയും, ഇലക്ട്രിസിറ്റി ബോര്‍ഡും, ജലസേചന വകുപ്പും എത്ര അടിയന്തര കര്‍മപദ്ധതി തയ്യാറാക്കിയാലും, തദ്ദേശവാസികള്‍ക്ക് ഓരോ ദുരന്ത സമയത്തും എന്ത് ചെയ്യണം, എന്ത് ചെയ്യരുത്, എങ്ങോട്ട് പോകണം, സുരക്ഷിത സ്ഥാനങ്ങള്‍ എവിടെയാണ് എന്നിങ്ങനെയുള്ള കാര്യങ്ങള്‍ അറിയില്ലെങ്കില്‍ മരണസംഖ്യയും, ആഘാതവും കൂടും. ഓരോ സന്ദര്‍ഭത്തിലും, ഉദ്യോഗസ്ഥര്‍ വന്നു നിര്‍ദേശം നല്‍കിയാല്‍ മാത്രമെ ജനങ്ങള്‍ക്ക് പ്രതികരിക്കാന്‍ പറ്റുന്നുള്ളൂ എന്ന സ്ഥിതിവിശേഷം അത്ര നല്ലതല്ല.
അവനവന്‍ താമസിക്കുന്ന സ്ഥലത്തു എന്തൊക്കെ അപകടം ഉണ്ടാകാമെന്നും, എത്ര തീവ്രത ഉണ്ടാകുമെന്നും മനസ്സിലാക്കുകയാണ് ആദ്യം ചെയ്യേണ്ടത്. അതിനുശേഷം, വിദഗ്ധരുടെ സഹായത്തോടെ, നാട്ടുകാര്‍ തന്നെ ദുരന്തനിവാരണ പ്ലാനുകള്‍ തയ്യാറാക്കണം. ഓരോരോ പ്രദേശത്തും താമസിക്കുന്നവര്‍ ദുരന്തത്തിന് മുന്‍പ്, ദുരന്ത സമയത്ത്, ദുരന്തത്തിന് ശേഷം എന്തൊക്കെ ചെയ്യണം എന്നതാണ് ഈ പ്ലാനുകളില്‍ വിവരിക്കേണ്ടത്. പഞ്ചായത്തുകളുടെ അംഗീകാരം കൂടി നേടിക്കഴിഞ്ഞാല്‍ ഈ പ്ലാനുകള്‍ നടപ്പിലാക്കുന്നതിന് അവരുടെ സഹായവും കിട്ടും. വിദഗ്ധരുടെ സഹായത്തോടെ നാട്ടുകാര്‍ തന്നെ തയ്യാറാക്കുന്നതുകൊണ്ട് പ്രത്യേക പരിശീലനവും വേണ്ടിവരുന്നില്ല എന്ന ഗുണവും ഉണ്ട്. ഇത്തരത്തില്‍ തയ്യാറാക്കുന്ന ദുരന്തനിവാരണ പദ്ധതികളെ തദ്ദേശദുരന്തനിവാരണ പദ്ധതികള്‍, അഥവാ കമ്മ്യൂണിറ്റി ഡിസാസ്റ്റര്‍ പ്രിപ്പേര്‍ഡ്നെസ്സ് പ്ലാനുകള്‍ എന്നാണു പറയുന്നത്. ദുരന്തനിവാരണത്തിന് ഏറ്റവും ഫലപ്രദമായ മാര്‍ഗവും ഇതുതന്നെയാണ്.
വെള്ളപ്പൊക്കത്തെ പ്രതിരോധിക്കുന്ന കെട്ടിട നിര്‍മാണ ചട്ടങ്ങള്‍
ഏറെ കൊട്ടിഘോഷിക്കപ്പെട്ട കേരള പുനര്‍നിര്‍മാണ പദ്ധതികളില്‍ ഒന്നും ഈ പ്രകൃതി ദുരന്തത്തെ പ്രതിരോധിക്കുന്ന കെട്ടിടങ്ങള്‍ ഉണ്ടാക്കുന്ന കാര്യം ചര്‍ച്ചാവിഷയമായി കണ്ടില്ല. ഇത്തരത്തില്‍ ഒരു രൂപകല്‍പ്പന ഉണ്ടാക്കുന്നതിന് സംസ്ഥാനത്തെ ശാസ്ത്രഗവേഷണ സ്ഥാപനങ്ങളോടും, എഞ്ചിനീയറിംഗ് കോളെജുകളോടും സര്‍ക്കാരിന് സഹകരണം ആവശ്യപ്പെടാവുന്നതേയുള്ളൂ.
അവഗണിക്കപ്പെടുന്ന പ്രകൃതിദത്ത ലഘൂകരണ മാര്‍ഗങ്ങള്‍
ഒന്നുകില്‍ മാറ്റിപ്പാര്‍പ്പിക്കുക അല്ലെങ്കില്‍ കോണ്‍ക്രീറ്റ് തടയണ, കോണ്‍ക്രീറ്റ് മതില്‍ തുടങ്ങിയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് വെള്ളപ്പൊക്കത്തെ പ്രതിരോധിക്കുക. ഈ രണ്ടു മാര്‍ഗങ്ങള്‍ അല്ലാതെ വെള്ളം കയറിയിറങ്ങിയ സ്ഥലങ്ങളില്‍ പ്രകൃതിദത്ത ലഘൂകരണ മാര്‍ഗങ്ങള്‍ അവലംബിക്കാനുള്ള സാധ്യത സര്‍ക്കാര്‍ കാര്യമായി പരിഗണിക്കുന്നതായി കാണുന്നില്ല. വെള്ളപ്പൊക്ക ലഘൂകരണ മാര്‍ഗങ്ങളില്‍ ഏറ്റവും ഫലപ്രദമായി ഉപയോഗിക്കാന്‍ പറ്റിയത് ഹരിത വേലികള്‍, കണ്ടല്‍ക്കാടുകള്‍ എന്നിവ വച്ചുപിടിപ്പിക്കലാണ്.
നാല് പതിറ്റാണ്ടുകളായി മുള, ബ്ലാക് പൈന്‍ എന്ന വൃക്ഷം തുടങ്ങിയവ നട്ടുപിടിപ്പിച്ച് ജപ്പാന്‍ അവിടെ ഒരു ഹരിതശൃംഖല തീര്‍ക്കുകയാണ്. څസെന്‍റായ്چ കടല്‍ത്തീരമുള്‍പ്പെടെ 1640 ചതുരശ്ര കിലോമീറ്റര്‍ സ്ഥലത്ത് പ്രാദേശിക സഹകരണത്തോടെ ഹരിത വേലികള്‍ തീര്‍ത്തു കഴിഞ്ഞു. ഇങ്ങനെ നടുന്ന മുളയില്‍ നിന്നും, മരങ്ങളില്‍ നിന്നും ഉല്‍പ്പന്നങ്ങള്‍ നിര്‍മിച്ച് കുറെക്കൂടെ മെച്ചപ്പെട്ട ജീവിതത്തിനു സാഹചര്യം ഒരുക്കുന്നതുകൊണ്ട് തീരദേശനിവാസികളും വലിയ പിന്തുണ കൊടുക്കുന്നുണ്ട്. തമിഴ്നാട്ടിലെ പിച്ചാവരം എന്ന പ്രദേശത്തെ കണ്ടല്‍ക്കാടുകള്‍ 2004 ലെ സുനാമിയില്‍ നിന്ന് പോലും പ്രദേശവാസികളെ രക്ഷപ്പെടുത്തിയ കാര്യവും മറക്കാറായിട്ടില്ല. കേരളത്തില്‍ എഴുപതുകളില്‍ 700 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ കിടന്നിരുന്ന കണ്ടല്‍ക്കാടുകള്‍ ഇന്ന് 6.63 ചതുരശ്രകിലോമീറ്റര്‍ ആയി എന്നതാണ് നമ്മുടെ നേട്ടം!
കുന്നുകളുടെ സംരക്ഷണം
കമഴ്ത്തി വച്ച തണ്ണീര്‍ക്കുടങ്ങളാണ് കുന്നുകള്‍. മലയിറങ്ങി വരുന്ന മഴ സമതലത്തില്‍ എത്താന്‍ കുറച്ചു സമയം എടുക്കും. വരുന്ന വഴിയിലെ ചെടികളും, മണ്ണും, മരങ്ങളും കുറെയേറെ വെള്ളം വലിച്ചെടുക്കും. അത്രയും കുറച്ചു വെള്ളമേ മലയുടെ അടിവാരത്തില്‍ എത്തുകയുള്ളൂ. അതുകൊണ്ടുതന്നെ വെള്ളപ്പൊക്കത്തിനെ പ്രകൃതിദത്തമായി നിയന്ത്രിക്കാന്‍ ഏറ്റവും ഫലപ്രദമായ മാര്‍ഗം കുന്നുകളെയും മലകളെയും നിലനിര്‍ത്തുക എന്നതാണ്. കുന്നുകള്‍ നിരത്തുമ്പോള്‍ പ്രാദേശിക കാലാവസ്ഥയില്‍ മാറ്റങ്ങള്‍ വരുമെന്നും, രൂക്ഷമായ കുടിവെള്ള ക്ഷാമത്തിനും, മണ്ണൊലിപ്പിനും ഉരുള്‍പൊട്ടലിനും കാരണമാവുന്നുവെന്നും, അവ സംരക്ഷിക്കേണ്ട ചുമതല ഉണ്ടെന്നുമുള്ള തിരിച്ചറിവില്‍ നിന്നാണ് څപൂനയിലെ 350 ഓളം ഗവണ്‍മെന്‍റേതര സംഘടനകളും വിദ്യാഭ്യാസ, ഗവേഷണ സ്ഥാപനങ്ങളും ഐ.ടി മേഖലയിലെയും അല്ലാത്തതുമായ വ്യവസായ കമ്പനികളും ചേര്‍ന്ന് കുന്നുകളെയും പച്ചപ്പുകളെയും സംരക്ഷിക്കാന്‍ څഗ്രീന്‍ പൂനെ മൂവ്മെന്‍റ്چچഎന്ന ഒരു സംരംഭം തുടങ്ങിയത്. 2002 മുതല്‍ വിജയകരമായി പ്രവര്‍ത്തിച്ചുവരുന്ന ഈ സംരംഭം, പങ്കാളിത്ത പരിസ്ഥിതി സംരക്ഷണത്തിന് നല്ല ഒരു ഉദാഹരണമാണ്. കേരളത്തിലോ, പശ്ചിമഘട്ടം സംരക്ഷിക്കണം എന്ന് പറഞ്ഞ മഹാനായ ശാസ്ത്രജ്ഞനെ (ഗാഡ്ഗില്‍) നമ്മള്‍ നിരാകരിച്ചു, പശ്ചിമഘട്ടത്തിലെ അനധികൃത ക്വാറികള്‍ മാത്രം ആയിരത്തി എഴുന്നൂറോളം (1700) വരുമെന്നാണ് കണക്ക്!
ഫ്ളഡ് പ്ലെയിന്‍ സോണിങ്ങും (എഹീീറ ജഹമശി ദീിശിഴ), നിര്‍മാണ നിരോധനവും
മഴക്കാലത്തു നദികള്‍ ഇതുവശങ്ങളിലെയും കരഭാഗത്തു കൂടി പരന്നൊഴുകും. ഈ ഭൂവിഭാഗമാണ് څഫ്ളഡ് പ്ലെയിന്‍چ (എഹീീറ ജഹമശി) എന്നറിയപ്പെടുന്നത്. പരന്നൊഴുകുമ്പോള്‍, നദിയുടെ വേഗത കുറയുകയും, മലയുടെ മുകളില്‍ നിന്നും ഒഴുക്കിക്കൊണ്ടുവരുന്ന എക്കലും, മണലും അവിടെ നിക്ഷേപിക്കപ്പെടുകയും ചെയ്യുന്നു. ഇങ്ങനെ ഉണ്ടാക്കിയെടുക്കുന്ന സമതലങ്ങളാണ് څഫ്ളഡ് പ്ലെയിനുകള്‍چ. ഈ പ്രദേശം നദിക്കു അവകാശപ്പെട്ടതാണ്. ഏറ്റവും ഫലഭൂയിഷ്ഠമായതും ഏറ്റവും കൂടുതല്‍ വെള്ളപ്പൊക്കക്കെടുതികള്‍ അനുഭവിക്കുന്ന പ്രദേശവും ഇതുതന്നെ.
ഈ സമതലങ്ങള്‍ 10 വര്‍ഷത്തില്‍ ഒരിക്കല്‍ വെള്ളം കയറുന്നവ, 25 വര്‍ഷത്തില്‍ വെള്ളം കയറുന്നവ, അമ്പതു വര്‍ഷത്തിലും, 100 വര്‍ഷത്തിലും വെള്ളപ്പൊക്കം അനുഭവപ്പെടുന്നവ എന്നിങ്ങനെ വേര്‍തിരിച്ചു മേഖലകളായി തരംതിരിക്കേണ്ടതുണ്ട്. ഇരുപത്തിയഞ്ചു വര്‍ഷത്തിലൊരിക്കല്‍ വെള്ളം കയറുന്ന മേഖലകളില്‍ ഒരു കാരണവശാലും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കരുത്.
പക്ഷെ, നമ്മുടെ നദികളുടെ തീരങ്ങളെല്ലാം സ്വകാര്യ വ്യക്തികളും ഭൂമാഫിയകളും കൈയ്യേറിയിരിക്കുകയാണ്. കോടതി ഉള്‍പ്പെടെ സംസ്ഥാന സര്‍ക്കാരിന്‍റെ പല ഔദ്യോഗിക കെട്ടിടങ്ങളും ഇത്തരം പരിസ്ഥിതി ലോല പ്രദേശങ്ങളില്‍ തന്നെയാണ് എന്നതും ഗുരുതരമായ നിയമലംഘനമാണ്. ഫ്ളഡ് പ്ലെയിന്‍ റെഗുലേഷന്‍ ആക്ട് എന്ന 1975 ലെ ഈ കേന്ദ്ര വിജ്ഞാപനമനുസരിച്ചു വെള്ളപ്പൊക്ക സമതലങ്ങള്‍ മേഖലകളായി തരംതിരിച്ചത് ബീഹാര്‍ എന്ന സംസ്ഥാനം മാത്രമാണ്. പക്ഷെ, നിര്‍മാണത്തിന് അവര്‍ നിരോധനം ഏര്‍പ്പെടുത്തിയില്ല! കേരളത്തില്‍, മേഖലകളായി തരംതിരിക്കുകയോ, നിര്‍മാണ നിരോധനം ഏര്‍പ്പെടുത്തുകയോ ചെയ്തിട്ടില്ല.
മഴവെള്ള സംഭരണികളും, മഴക്കുഴികളും നിര്‍ബന്ധമാക്കണം
ഓരോ വീട്ടിലും സ്കൂളിലും ഓഫീസിലും പെയ്യുന്ന മഴയെ സംഭരിച്ചു വയ്ക്കാന്‍ മഴക്കുഴികളും മേല്‍ക്കൂര സംഭരണികളും നിര്‍ബന്ധമാക്കുന്ന നിയമം കൊണ്ടുവരണം. പെയ്യുന്ന മഴയുടെ മൂന്നിലൊന്നു ഇങ്ങനെ ഭൂമിക്കടിയില്‍ സംഭരിക്കാനാകും. ഈ ഭൂഗര്‍ഭജലം നദികളിലേക്കും കിണറുകളിലേക്കും ഒഴുകി നിറഞ്ഞു നമുക്ക് ഉപയോഗിക്കാന്‍ പാകത്തില്‍ വീണ്ടും പ്രത്യക്ഷപ്പെടും. ബാംഗ്ലൂര്‍ നഗരത്തില്‍, എല്ലാ വീടുകള്‍ക്കും മേല്‍ക്കൂരയിലെ മഴവെള്ള സംഭരണം നിര്‍ബന്ധമാക്കിക്കഴിഞ്ഞു. ഇങ്ങനെ ചെയ്യാത്ത വീടുകള്‍ക്ക് വെള്ളത്തിന്‍റെ ബില്ലിന്‍റെ കൂടെ 25% പിഴയും ചുമത്തി! കേരളത്തില്‍, പുതിയ വീടുകള്‍ക്ക് മാത്രമെ ഈ നിയമം ബാധകമാക്കിയിട്ടുള്ളൂ.
ചൈനയിലെ സ്പോഞ്ച് സിറ്റികള്‍
ചൈനയില്‍ 2050 ഓടെ 30 സിറ്റികള്‍ പെയ്യുന്ന മഴ മുഴുവനും വലിച്ചെടുത്തു സംഭരിക്കാന്‍ പറ്റുന്ന രീതിയില്‍ സജ്ജമാകും. മേല്‍ക്കൂരയില്‍ ചെടികള്‍ വച്ചുപിടിപ്പിച്ചും, റോഡുകളും പാലങ്ങളും സ്പോഞ്ച് പോല മഴ വലിച്ചെടുക്കുന്ന രീതിയില്‍ രൂപകല്‍പന ചെയ്തും വെള്ളപ്പൊക്കത്തെ വരുതിയിലാക്കാന്‍ ചൈന തയ്യാറാവുകയാണ്. നമ്മുടെ നഗര കാര്യാലയങ്ങള്‍ക്കും, പഞ്ചായത്തുകള്‍ക്കും ഈ മാതൃക പിന്തുടരാവുന്നതേ ഉള്ളൂ.
പകരം ഉപജീവന മാര്‍ഗം (അഹലേൃിമശ്ലേ ഘശ്ലഹശവീീറ)
മഴയും കാറ്റും വരുമ്പോള്‍, കടലില്‍ മത്സ്യ ബന്ധനത്തിനു പോകരുത് എന്ന ഒരു സ്ഥിരം മുന്നറിയിപ്പ് നല്‍കി ഉത്തരവാദിത്വം അവസാനിപ്പിക്കുന്നതാണ് പതിവ് ശൈലി. 8 ലക്ഷത്തോളം ആളുകള്‍ കടലിനെ മാത്രം ആശ്രയിച്ചു കഴിയുന്നവരാണ്. ഒരു ദിവസം കടലില്‍ പോയില്ലെങ്കില്‍ അവരുടെ അന്നമാണ് മുട്ടുന്നത്. അതുപോലെ തന്നെയാണ് കര്‍ഷകരും. കൂണ്‍ കൃഷി, മത്സ്യവും കാര്‍ഷിക വിഭവങ്ങളും കൊണ്ടുള്ള മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ എന്നിവ പരീക്ഷിക്കാവുന്ന മാതൃകകളാണ്. തീരദേശവാസികള്‍ക്കും, കൃഷിക്കാര്‍ക്കും പകരം അതിജീവന മാര്‍ഗങ്ങള്‍ കണ്ടുപിടിക്കാനും, അതില്‍ പരിശീലനം നല്‍കാനും ഇനിയും താമസിച്ചുകൂടാ.
സമഗ്ര ദുരന്തനിവാരണ പോളിസി
ഇരുപതില്‍പ്പരം ദുരന്തങ്ങള്‍ സംഭവിക്കാന്‍ സാധ്യതയുള്ള സംസ്ഥാനമാണ് കേരളം. കടല്‍ത്തീരത്തു താമസിക്കുന്നവരും, കൃഷിക്കാരും, സ്വന്തമായി പാര്‍പ്പിടമില്ലാത്തവരും, ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരുമാണ് ദുരന്തങ്ങളില്‍ ഏറ്റവും വലിയ ആഘാതം അനുഭവിക്കുന്നത്. ദുരന്തസാധ്യതാ മേഖലകളില്‍ താമസിക്കുന്നവര്‍ക്കു ഒരു ഇന്‍ഷുറന്‍സ് പോളിസി ഏര്‍പ്പെടുത്തിയാല്‍, വലിയൊരളവു വരെ സഹായകമാകും. കുറഞ്ഞ വരുമാനമുള്ളവര്‍ക്കു കുറഞ്ഞ പ്രീമിയവും, പണക്കാര്‍ക്ക് ഉയര്‍ന്ന പ്രീമിയവും നിശ്ചയിച്ചുകൊണ്ടുള്ള ഒരു ഇന്‍ഷുറന്‍സ് പോളിസിയുടെ കരട് രൂപം വര്‍ഷങ്ങള്‍ക്ക് മുന്‍പ് റവന്യു ഡിപ്പാര്‍ട്മെന്‍റിന് സമര്‍പ്പിച്ചിരുന്നു. അത് പിന്നീട് വെളിച്ചം കണ്ടിട്ടില്ല.
തദ്ദേശീയ കര്‍മ സേനകള്‍
ഒരു ദുരന്തം ഉണ്ടാകുമ്പോള്‍, പൊലീസും അഗ്നിശമന സേനയും എത്തുന്നതിനു മുന്‍പ് അവിടെ എത്തുന്നത് അന്നാട്ടിലെ ജനങ്ങളാണ്. ഒരു ശാസ്ത്രീയ പരിശീലനവും ഇല്ലാതെയാണ് ഇവര്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. അപകട സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവരില്‍ നിന്നും തിരഞ്ഞെടുത്ത ആളുകള്‍ക്ക് രക്ഷാപ്രവര്‍ത്തനം, പ്രഥമശുശ്രൂഷ എന്നിവയില്‍ ശാസ്ത്രീയ പരിശീലനം കൊടുത്തു സജ്ജമാക്കി നിര്‍ത്താന്‍ സര്‍ക്കാര്‍ നടപടിയെടുത്താല്‍, ഒരുപാട് ജീവന്‍ രക്ഷിക്കാന്‍ പറ്റും.
ഹോങ്കോങ്ങിലെ പ്രളയ ജലവാഹിനികള്‍
ഹോങ്കോങ്ങ് നഗരത്തില്‍, പ്രളയജലം വഹിച്ചുകൊണ്ട് പോകാന്‍ പ്രത്യേകം ജലവാഹിനികള്‍ ഉണ്ട്. ഈ ഓടകളിലൂടെ ഒഴുകിപ്പോകുന്ന വെള്ളം, ഭൂമിക്കടിയിലെ വലിയ സംഭരണികളില്‍ ശേഖരിച്ചുവയ്ക്കും. മൊത്തം ജല ആവശ്യങ്ങളുടെ 18% ഈ ജലം പുനഃചംക്രമണം നടത്തിയാണ് എടുക്കുന്നത്. നമ്മുടെ നാട്ടില്‍, പ്രത്യേകം ഓടകള്‍ കെട്ടുന്നതിന് സ്ഥല പരിമിതി ഉണ്ട്. നിലവിലുള്ള ഓടകളുടെ അടിഭാഗത്തെ കോണ്‍ക്രീറ്റ് പൊളിച്ചു കളഞ്ഞു വെള്ളം ഭൂമിക്കടിയിലേക്ക് താഴ്ന്നു പോകുന്ന രീതിയില്‍ മാറ്റം വരുത്തിയാല്‍ വെള്ളപ്പൊക്കത്തിന്‍റെ കാഠിന്യം വലിയൊരളവുവരെ കുറയ്ക്കാനാകും.
ദുരന്തനിവാരണം പാഠപുസ്തകങ്ങളിലൂടെ
ഓരോ പ്രദേശത്തെയും ജനങ്ങളെ പരിശീലിപ്പിക്കുന്നതിലും എത്രയോ ഭേദമാണ് സ്കൂള്‍ തലത്തില്‍ കുട്ടികളെ ദുരന്തങ്ങള്‍ കൈകാര്യം ചെയ്യാന്‍ പഠിപ്പിക്കുന്നത്. ഇപ്പോള്‍, സി.ബി.എസ്.ഇ ക്ലാസ്സുകളില്‍ ദുരന്തനിവാരണം ഒരു പാഠ്യവിഷയമായുണ്ട്. ഭൂകമ്പം, ചുഴലിക്കാറ്റ്, വെള്ളപ്പൊക്കം എന്നിങ്ങനെ ഓരോ ദുരന്തസമയത്തും എന്ത് ചെയ്യാം, എന്ത് ചെയ്തുകൂടാ എന്നിങ്ങനെയുള്ള കാര്യങ്ങള്‍ സ്റ്റേറ്റ് സിലബസിലും കൂടി ഉള്‍പ്പെടുത്തിയാല്‍ അടുത്ത തലമുറ ദുരന്തങ്ങളെ നേരിടാന്‍ ശേഷിയുള്ളവരായി വളരും.
വലിയ വീടുകളും ടൈല്‍സിട്ട മുറ്റങ്ങളും നിരോധിക്കാന്‍ നിയമം വേണം
ഒന്നില്‍ കൂടുതല്‍ വീടുകള്‍ വയ്ക്കുന്ന സംസ്കാരം കേരളത്തില്‍ ഒരു രോഗം പോലെ പടര്‍ന്നു പിടിച്ചിരിക്കുകയാണ്. അതും, മുറ്റം നിറഞ്ഞുനില്‍ക്കുന്ന വലിയ വീടുകള്‍! കോണ്‍ക്രീറ്റ് അടിത്തറ പാകിയ സ്ഥലത്തു കൂടി മഴവെള്ളം ഭൂമിക്കടിയിലേക്ക് ഇറങ്ങില്ല. ടൈല്‍സിനിടയില്‍ കൂടിയും വെള്ളം താഴേക്ക് പോകില്ല. ഈ മഴവെള്ളം മുഴുവന്‍ റോഡിലേക്കും, താഴ്ന്ന പ്രദേശങ്ങളിലേക്കും, വെള്ളപ്പൊക്കത്തിന്‍റെ രൂപത്തില്‍ കയറിവരും. 2016 ലെ സംസ്ഥാന ദുരന്തനിവാരണ പ്ലാനില്‍ പറയുന്നത് കേരളത്തിലെ 14.8 ശതമാനം ഭൂവിഭാഗവും വെള്ളപ്പൊക്ക ഭീഷണിയില്‍ ആണെന്നാണ്.
മലയും, പാറകളും ഇല്ലാതാകുന്നത് വെള്ളപ്പൊക്കം സൃഷ്ടിക്കുന്നതില്‍ എത്ര പങ്കുവഹിക്കുന്നുണ്ടെന്ന് അറിയാത്ത പൊതുജനങ്ങളും, മുതലാളിമാരും, ഭരണാധികാരികളും ഉള്ളിടത്തോളം കാലം, വെള്ളപ്പൊക്കങ്ങള്‍ വന്നുകൊണ്ടേയിരിക്കും.
No comments:
Post a Comment