കറുത്തമ്മയെന്നും ചട്ടമ്പിക്കല്ല്യാണിയെന്നും കള്ളിച്ചെല്ലമ്മയെന്നും കൊച്ചുത്രേസ്യയെന്നുമൊക്കെ കേള്‍ക്കുമ്പോള്‍ നമ്മുടെ മനസ്സില്‍ തെളിയുന്നത് ഒരേയൊരു മുഖമാണ് - ഷീല, മലയാളികളുടെ നിത്യഹരിത നായിക. ആദ്യം കറുപ്പും വെളുപ്പും കലര്‍ന്ന തിരശ്ശീലയിലും പിന്നെ വര്‍ണങ്ങള്‍ വിരിയുന്ന സ്ക്രീനിലും മലയാളികളുടെ ഷീലാമ്മയ്ക്ക് ഒരേ സൗന്ദര്യം, ഒരേ സൗകുമാര്യം. സിനിമ എന്ന വലിയ ലോകത്തേക്ക് സ്ത്രീകള്‍ എത്തിനോക്കുന്നതു പോലും തെറ്റായി കരുതിയിരുന്ന കാലത്താണ് തൃശ്ശൂര്‍ കണിമംഗലം സ്വദേശി ആന്‍റണിയുടേയും ഗ്രേസിയുടേയും മകള്‍ ഷീല സെലിന്‍ സിനിമയിലേക്ക് ചുവടുവയ്ക്കുന്നതും മറ്റാര്‍ക്കും സ്വപ്നം പോലും കാണാനാകാത്ത ഉയരങ്ങള്‍ എത്തിപ്പിടിക്കുന്നതും. പതിമൂന്നാം വയസില്‍ വീട്ടുകാരുടെ എതിര്‍പ്പുകളെ പോലും അതിജീവിച്ച് അവര്‍ നാടകരംഗത്തെത്തി. റെയില്‍വേ തൊഴിലാളികള്‍ ഒരുക്കിയ നാടകത്തില്‍ മറ്റൊരാള്‍ക്കു പകരക്കാരിയായിട്ടായിരുന്നു അരങ്ങേറ്റം. സ്റ്റേഷന്‍ മാസ്റ്ററായിരുന്ന അച്ഛന്‍റെ മരണശേഷം അമ്മയും പന്ത്രണ്ടു മക്കളും അടങ്ങുന്ന കുടുംബത്തെ പോറ്റുക എന്ന ഉത്തരവാദിത്വം ഷീലയെ സിനിമയിലേക്ക് എത്തിച്ചു.
അവിടെ നിന്നു ഷീല നടന്നും ഓടിയും കയറിയത് ചരിത്രത്തിലേക്കായിരുന്നു. ചുണ്ടില്‍ നിറഞ്ഞ ചിരിയോടെ സിനിമാ പ്രേമികളുടെ മനം നിറച്ചുകൊണ്ട് മുന്നേറി. നായികമാര്‍ നിരവധി വന്നുപോയപ്പോഴും ഷീലയ്ക്കു പകരംവയ്ക്കാന്‍ ആരും ഉണ്ടായിരുന്നില്ല. അരനൂറ്റാണ്ട് എത്തിനില്‍ക്കുന്ന അഭിനയ യാത്രയ്ക്കിടയില്‍ ഷീല ജീവന്‍ നല്‍കിയത് മലയാള സാഹിത്യത്തിലെ ഏറ്റവും ശക്തമായ സ്ത്രീ കഥാപാത്രങ്ങള്‍ക്കായിരുന്നു. മലയാളത്തിലും തമിഴിലും കന്നഡയിലും തെലുങ്കിലും ഹിന്ദിയിലും ഉര്‍ദുവിലുമായി അഞ്ഞൂറോളം ചിത്രങ്ങള്‍. പുരുഷന്മാര്‍ സിനിമാ ലോകം കൈയടക്കി വച്ചിരുന്നകാലത്ത് മലയാളത്തിലെ ആദ്യ ലേഡി സൂപ്പര്‍ സാറ്റായി മാറിയ ഷീലയുടെ യാത്ര ഇന്ന് എത്തിനില്‍ക്കുന്നത് മലയാള സിനിമയിലെ സമഗ്ര സംഭാവനയ്ക്കുള്ള ജെ.സി ഡാനിയേല്‍ പുരസ്കാരത്തിന്‍റെ നിറവിലാണ്.
മലയാള സിനിമയുടെ സുവര്‍ണ കാലഘട്ടത്തില്‍ സിനിമയ്ക്കൊപ്പം നടന്ന ഷീല സിനിമാസ്വാദകര്‍ക്കു സമ്മാനിച്ചത് ശക്തമായ സ്ത്രീ കഥാപാത്രങ്ങള്‍ നിറഞ്ഞാടിയ ഒരു യുഗമാണ് - ഷീലായുഗം.
വേഷപ്പകര്‍ച്ചകളുടെ റാണി
താന്‍ ചെയ്യുന്ന കഥാപാത്രങ്ങള്‍ വൈവിധ്യം നിറഞ്ഞതാകണമെന്നു ഷീലയ്ക്കു നിര്‍ബന്ധമായിരുന്നു. ഓരോ കഥാപാത്രവും ആവശ്യപ്പെടുന്ന സംസാര-ശാരീരിക ഭാഷകള്‍ നിലനിര്‍ത്താന്‍ ഷീല പ്രത്യേകം ശ്രദ്ധിച്ചു. കടപ്പുറത്തു ജീവിക്കുന്ന അരയപ്പെണ്ണായും ബംഗ്ലാവില്‍ ജീവിക്കുന്ന കൊച്ചമ്മയായുമൊക്കെ ഞൊടിയിടയില്‍ മാറാന്‍ നിഷ്പ്രയാസം സാധിച്ചു എന്നത് അവരിലെ കലാകാരിയുടെ മികവായിരുന്നു. ഷീലയെ മാത്രം ആശ്രയിച്ച്, അവരില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന എത്രയെത്ര കഥാപാത്രങ്ങള്‍. ഒപ്പം നില്‍ക്കുന്ന നായകന്മാരെപ്പോലും പ്രേക്ഷകന്‍റെ കണ്ണില്‍ നിന്ന് മറയ്ക്കാന്‍ ഷീലയ്ക്കായി. അത്രയേറെ ശക്തമായിരുന്നു അവരുടെ സ്ക്രീന്‍ പ്രസന്‍സ്. വേഷപ്പകര്‍ച്ചകള്‍ ഇത്രയേറെ അനായാസം കൈകാര്യം ചെയ്യുന്ന മറ്റൊരു നടിയെ കണ്ടെത്തുക ഇന്നു അസാധ്യമാകും. വടക്കന്‍പാട്ട് സിനിമകളിലെ ഷീലയെ ഒരിക്കലും കുട്ടിക്കുപ്പായത്തിലോ കള്ളിച്ചെല്ലമ്മയിലോ കാണാന്‍ സാധിക്കില്ല. ഓരോ കഥാപാത്രത്തോടും കലാകാരിക്കുള്ള അര്‍പ്പണമാണ് ഇതിനു പിന്നില്‍ എന്നു തീര്‍ച്ച.
ഷീല ചെയ്യുന്ന കഥാപാത്രങ്ങളില്‍ എവിടേയും ഷീലയെ കാണാന്‍ പറ്റില്ലെന്ന് ആരാധകര്‍ പറയുന്നതാണ് ഏറ്റവും വലിയ സന്തോഷമെന്ന് അവര്‍ പറഞ്ഞിട്ടുണ്ട്. അഭിനയത്തിനു സ്വന്തമായൊരു ശൈലിയുള്ള നടിയാണ് ഷീല എന്നത് അവര്‍ അവിസ്മരണീയമാക്കിയ കഥാപാത്രങ്ങളില്‍ നിന്നുതന്നെ വ്യക്തമാണ്.
നല്ല കഥാപാത്രങ്ങളാണ് നല്ല കലാകാരനെ സൃഷ്ടിക്കുന്നത് എന്നാണ് ഷീലയുടെ അഭിപ്രായം. രണ്ടോ മൂന്നോ സീന്‍ മാത്രം സ്ക്രീനില്‍ വന്നുപോകുന്ന കഥാപാത്രമാണെങ്കില്‍ പോലും അതിനു ശക്തമായ എന്തെങ്കിലും പറയാനോ ചെയ്യാനോ ഉണ്ടാകണം. അതുകൊണ്ടു തന്നെ ഷീല അഭിനയിച്ചതിനേക്കാള്‍ ഏറെ സിനിമകള്‍ ഒഴിവാക്കിയിട്ടുമുണ്ട്.
പ്രശസ്തിയുടെ കൊടുമുടിയില്‍ നില്‍ക്കുമ്പോഴും തികച്ചും സാധാരണക്കാരിയായി ജീവിക്കുകയും പെരുമാറുകയും ചെയ്തു. താരജീവിതത്തിന്‍റെ പകിട്ടോ കൗതുകമോ ഒന്നും ഷീലയെ ബാധിച്ചതേയില്ല. സിനിമയില്‍ നില്‍ക്കുന്ന കാലത്തും സിനിമയില്‍ നിന്ന് മാറി നിന്ന കാലത്തും തന്‍റെ സൗഹൃദങ്ങളെ ഒരുപോലെ കാത്തുസൂക്ഷിക്കാന്‍ ഷീലയ്ക്കു സാധിച്ചിരുന്നു. അതോടൊപ്പം തന്നെ തന്‍റെ വ്യക്തിത്വവും കാത്തുസൂക്ഷിക്കാന്‍ ഷീലയ്ക്കു കഴിഞ്ഞിരുന്നുവെന്നു സുഹൃത്തുക്കളില്‍ പലരും പറയുന്നു. ഷീല മലയാള സിനിമയെ പിടിച്ചടക്കിയ കാലത്തുപോലും ഞാനൊരു സാധാരണ പെണ്ണാണ് എന്ന ഭാവത്തിലാണ് പെരുമാറിയിരുന്നതെന്ന് കവിയും ഗാനരചയ്താവുമായ ശ്രീകുമാരന്‍ തമ്പി ഓര്‍ക്കുന്നു.
ഒരു നായകന്‍; നിരവധി ചിത്രങ്ങള്‍
മലയാളികളുടെ മനം കവര്‍ന്ന പ്രണയജോടിയാണ് പ്രേംനസീറും ഷീലയും. ഷീല എന്ന പേരിനൊപ്പം പ്രേംനസീറെന്നു തിരിച്ചും വായിച്ചും പറഞ്ഞുമാണ് മലയാളിക്കു ശീലം. 130 ഓളം ചിത്രങ്ങളിലാണ് ഷീലയും പ്രേംനസീറും ഒന്നിച്ചത്. ഒരു നായകനടനോടൊപ്പം ഏറ്റവും കൂടുതല്‍ ചിത്രങ്ങളില്‍ നായികാ വേഷം അവതരിപ്പിച്ചതിനുള്ള ഗിന്നസ് ലോക റിക്കോര്‍ടിന് ഉടമയാണ് ഷീല. ഇത്രയേറെ സിനിമകളില്‍ ഒന്നിച്ചഭിനയിച്ചിട്ടും പ്രേക്ഷകര്‍ക്ക് ഇവരെ കണ്ടു മതിവന്നില്ല എന്നതിനു കാരണം ഇരുവര്‍ക്കുമിടയില്‍ നിലനിന്നിരുന്ന രസതന്ത്രമാണ്. 1963 ല്‍ എന്‍.എന്‍. പിഷാരടി സംവിധാനം ചെയ്ത നിണമണിഞ്ഞ കാല്‍പാടുകളിലായിരുന്നു ഇരുവരും ആദ്യമായി ഒന്നിച്ചത്. അതിനുശേഷം ഒരു വര്‍ഷം രണ്ടു സിനിമ എന്നതില്‍ നിന്ന് നാലും ആറും പതിനഞ്ചും ഒക്കെയായി. 1970 ല്‍ ഈ ജോടി 17 സിനിമകള്‍ ചെയ്തു എന്നതും റിക്കോര്‍ഡാണ്. പ്രേംനസീര്‍-ഷീല താരജോടികളുടെ കണ്ണപ്പനുണ്ണി, തുമ്പോളോര്‍ച്ച, ഒതേനെന്‍റെ മകന്‍ തുടങ്ങിയ വടക്കന്‍പാട്ടു ചിത്രങ്ങള്‍ അന്നത്തെ ബോക്സ് ഓഫീസിനെ ഇളക്കി മറിച്ചു. ഉദയായുടെ കടത്തനാട്ട് മാക്കമാണ് ഇരുവരും ഒന്നിച്ച നൂറാമത്തെ ചിത്രം. ഗാനരംഗങ്ങളില്‍ ഇരുവര്‍ക്കുമിടയില്‍ ഉണ്ടായിരുന്ന കെമിസ്ട്രിയും ഇണക്കവും ഒന്നും മറ്റൊരു താരജോടിയിലും കണ്ടിട്ടില്ല എന്ന് നിരൂപകര്‍ പോലും വിലയിരുത്തുന്നു. ഇന്നും മറ്റാര്‍ക്കും തകര്‍ക്കാനാകാത്ത റിക്കാര്‍ഡായി പ്രേംനസീര്‍-ഷീല താരജോടി പ്രേക്ഷക മനസ്സില്‍ നിറയുന്നു.
കാലത്തെ അതിജീവിച്ച നടി
കാലത്തെ അതിജീവിച്ച നടി എന്ന് ഷീലാമ്മയെ നിസ്സംശയം പറയാം. 1980 ല്‍ സ്ഫോടനം എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തു നിന്ന് താല്‍ക്കാലികമായി വിടവാങ്ങിയ ഷീല ചലച്ചിത്ര ലോകത്തേക്കു മടങ്ങിയെത്തിയത് 2003 ല്‍ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത മനസ്സിനക്കരെ എന്ന സിനിമയിലൂടെയാണ്. ഇരുപത്തിരണ്ടു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഷീല തിരികെ എത്തിയപ്പോഴും ആരും അവരെ മറന്നിരുന്നില്ല. മാത്രമല്ല, ചട്ടയും മുണ്ടും ഉടുത്ത് കൊച്ചുത്രേസ്യയായി ഷീല നിറഞ്ഞാടിയപ്പോള്‍ പുതുതലമുറയും ആ അമ്മാമ്മയെ നെഞ്ചോടുചേര്‍ക്കുകയായിരുന്നു.
ഷീലയെ മനസ്സില്‍ കണ്ടുകൊണ്ടാണ് കൊച്ചുത്രേസ്യ എന്ന കഥാപാത്രത്തിനു രൂപം നല്‍കിയതെന്ന് സിനിമയുടെ സംവിധായകന്‍ സത്യന്‍ അന്തിക്കാട് പറയുന്നു. മലയാളത്തിനൊപ്പം, അതേ വര്‍ഷം തന്നെ പി.വാസു സംവിധാനം ചെയ്ത ചന്ദ്രമുഖിയിലൂടെ തമിഴിലേക്കും ഷീല തിരികെയെത്തി.
സംവിധായികയായ നായിക
ഒരു നടിയെന്ന നിലയില്‍ മലയാള സിനിമയുടെ ജീവശ്വാസമായി മാറിയ കാലത്താണ് ഷീല സംവിധാനം രംഗത്തേക്ക് ചുവടുവയ്ക്കുന്നത്. ഒരു സ്ത്രീ സംവിധായികയാകുന്നു എന്നത് വിദൂരസ്വപ്നങ്ങളില്‍പ്പോലും ഇല്ലാത്ത കാലത്താണിതെന്ന് പ്രത്യേകം ഓര്‍ക്കണം. ഒരു പെണ്ണിനെക്കൊണ്ട് ഇതിനൊക്കെ സാധിക്കുമോ? മറ്റാരെങ്കിലും സംവിധാനം തുടങ്ങിയ വര്‍ത്തമാനങ്ങള്‍ കേട്ടില്ലെന്നും നടിച്ച് ഷീല അത്തരം അടക്കം പറച്ചിലുകളില്‍ നിന്ന് മാറി നിന്നു.
ഈ സംശയങ്ങള്‍ക്കുള്ള മറുപടിയായിരുന്നു 1976 ല്‍ ഷീലയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ യക്ഷഗാനം. മെല്ലി ഇറാനി ക്യാമറ ചെയ്ത ചിത്രത്തില്‍ മധുവായിരുന്നു നായകന്‍.
അതിനുശേഷമാണ് ജയനെ നായകനാക്കി ശിഖരങ്ങള്‍ എന്ന ചിത്രം ഷീല ഒരുക്കുന്നത്. മലയാളത്തിലെ വിജയത്തിനു ശേഷം ജയഭാരതിയെ കേന്ദ്ര കഥാപാത്രമാക്കി തമിഴില്‍ നിനയ്വുകളെ നീങ്കിവിട് എന്ന ടെലിഫിലിമും ഷീല സംവിധാനം ചെയ്തു. പിന്നീട് അഭിനയവും സംവിധാനവും ഒരുമിച്ചു മുന്നോട്ടു കൊണ്ടു പോവുക ബുദ്ധിമുട്ടായതോടെ ഷീല അഭിനയരംഗത്തേക്ക് മടങ്ങി വന്നു.
പുരസ്കാര നിറവില്‍
മികച്ച നടിക്കുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ ആദ്യ പുരസ്കാരം നേടിയ നടിയാണ് ഷീല. 1969 ല്‍ കള്ളിച്ചെല്ലമ്മ എന്ന ചിത്രത്തിലെ അഭിനയമാണ് ഷീലയ്ക്ക് ഈ പുരസ്കാരം നേടികൊടുത്തത്.1971ല്‍ ശരശയ്യ, ഒരു പെണ്ണിന്‍റെ കഥ, ഉമ്മാച്ചു എന്നീ ചിത്രങ്ങളിലെ അഭിനയത്തിനു രണ്ടാം തവണയും 1976 ല്‍ അനുഭവം എന്ന ചിത്രത്തിലെ അഭിനയത്തിനു മൂന്നാം തവണയും ഷീല മികച്ച നടിയായി. പിന്നീട് ഒരു നീണ്ട ഇടവേളയ്ക്കു ശേഷം 2004 ല്‍ അകലെ എന്ന ചിത്രത്തിലെ മാര്‍ഗരറ്റ് എന്ന കഥാപാത്രത്തിലൂടെ മികച്ച രണ്ടാമത്തെ നടിക്കുള്ള സംസ്ഥാന അവാര്‍ഡും ഷീലയെ തേടിയെത്തി. ഇതേ ചിത്രത്തിലെ അഭിനയത്തിന് മികച്ച സ്വഭാവ നടിക്കുള്ള ദേശീയ പുരസ്ക്കാരവും ഷീല കരസ്ഥമാക്കി.
ഇപ്പോള്‍ ഒടുവിലായി കിട്ടിയ ജെ.സി ഡാനിയേല്‍ പുരസ്ക്കാരമാണ് പട്ടികയില്‍ ഏറ്റവും പുതിയത്. പുരസ്ക്കാരമെത്താന്‍ അല്പം വൈകിയില്ലേയെന്ന ചോദ്യം പല ഭാഗങ്ങളില്‍ നിന്നെത്തിയെങ്കിലും ഷീലയ്ക്ക് പറയാനുണ്ടായിരുന്നത് ഒരേയൊരു ഉത്തരമാണ് - ഒന്നും വൈകിയിട്ടില്ല, എല്ലാത്തിനും അതിന്‍റേതായ സമയമുണ്ട്. മറുപടിക്കു ഭംഗികൂട്ടാനെന്നോണം ഷീലാമ്മ ഒരു ചിരിയും ചിരിക്കും. കഴിഞ്ഞ 57 വര്‍ഷമായി മലയാളികള്‍ ആരാധിക്കുന്ന അതേ ചിരി.
അഭിനയത്തിന്‍റെ തിരക്കുകളില്‍ നിന്നൊഴിഞ്ഞ് ക്യാമറയുടെ മുന്നില്‍ നിന്ന് വീണ്ടും പിന്നിലേക്കു നടക്കുകയാണ് മലയാളികളുടെ സ്വന്തം ഷീലാമ്മ. വര്‍ഷങ്ങള്‍ക്കു മുന്‍പ് അഴിച്ചു വച്ച സംവിധായികയുടെ കുപ്പായം വീണ്ടും അണിയാന്‍. ഉടന്‍ തന്നെ ചിത്രീകരണം ആരംഭിക്കുന്ന സിനിമയുടെ തിരക്കഥ നിര്‍വഹിച്ചിരിക്കുന്നതും ഷീലയാണ്. അതേ സമയം ഇനി മുന്നോട്ടും അഭിനയിച്ചുകൊണ്ടേ ഇരിക്കണം എന്നതു തന്നെയാണ് തന്‍റെ ആഗ്രഹമെന്നും മനസ്സുകൊണ്ട് എന്നും താന്‍ ചലച്ചിത്ര രംഗത്തു സജീവമായി തുടരും എന്നും ഷീല പറയുന്നു.
No comments:
Post a Comment