ആദ്യം നാണംകുണുങ്ങി ഉമ്മറത്ത് വന്ന് എന്തോ പിറുപിറുത്തും പിന്നെ രൗദ്രഭാവം പൂണ്ട് ഇരമ്പിയാര്‍ത്ത് അകത്തേയ്ക്ക് കയറിയും വെള്ളം ഞങ്ങളെ പരിഭ്രാന്തരാക്കി. അടുത്ത വീട്ടിലെ മുകള്‍നിലയില്‍ കുടുങ്ങി വെള്ളവും ഭക്ഷണവുമില്ലാതെ കഴിയുമ്പോള്‍ സഹായത്തിനു ഞാന്‍ പലരേയും ഫോണില്‍ ബന്ധപ്പെട്ടിരുന്നു. അവരൊക്കെയും സൗമനസ്യത്തോടെ ചങ്ങലക്കണ്ണികള്‍ പോലെ പെരുകിയ ഫോണ്‍ നമ്പറുകള്‍ കണ്ട് ഞാന്‍ അന്ധാളിച്ചു. ഭൂമി മാത്രമല്ല, നമ്മുടെ സര്‍ക്കാര്‍ സംവിധാനങ്ങളും ഉരുണ്ടതാണെന്ന് അപ്പോഴാണ് എനിക്കു മനസ്സിലായത്. ചുറ്റിത്തിരിഞ്ഞ് ഞാന്‍ തുടങ്ങിയിടത്തു തന്നെ എത്തിച്ചേര്‍ന്നു.
സഹായസംവിധാനവുമായി ബന്ധപ്പെടുന്നവരൊക്കെ ഒരു കാര്യം മറന്നു, പ്രളയത്തില്‍ മുങ്ങിപ്പോയ ഒരു നാട്ടില്‍ വൈദ്യുതി വിതരണം ഉണ്ടാവുകയില്ലെന്ന്. സുരക്ഷിതരായ അവര്‍ക്ക് അത് ഓര്‍ക്കേണ്ട കാര്യവുമില്ല. വൈദ്യുതിയില്ലാഞ്ഞ്, കൂട്ടത്തിലുണ്ടായിരുന്നവരുടെ സ്മാര്‍ട് ഫോണുകള്‍ ആദ്യം നിശ്ശബ്ദമായി. ബൈബിളില്‍ മണവാളനെ കാത്തിരുന്ന എട്ട് കന്യകമാരുടെ കഥ പൊടുന്നനെ എനിക്ക് ഓര്‍മകിട്ടി. ക്ഷേമാന്വേഷകരെ ഞാന്‍ നിഷ്ക്കരുണം തള്ളിപ്പുറത്താക്കി. എങ്കിലും എന്‍റെ ഫോണും വൈകാതെ നിശ്ശബ്ദമായി. രക്ഷപ്പെട്ട് അനുജത്തിയുടെ വീട്ടിലെത്തിച്ചേര്‍ന്നപ്പോഴും എന്‍റെ തലയ്ക്കകത്ത് ഫോണിന്‍റെ റിംഗ്ടോണ്‍ നിരന്തരം മുഴങ്ങിക്കൊണ്ടിരുന്നു. അതെന്‍റെ സമനില തെറ്റിക്കുമെന്നായപ്പോള്‍ ഞാന്‍ റിംഗ്ടോണ്‍ മാറ്റി. കൂനിന്മേല്‍ കുരുപോലെ, മഞ്ഞുകട്ടയോളം തണുത്ത പ്രളയജലം എന്‍റെ ആരോഗ്യം തകര്‍ത്തു. എനിക്ക് രണ്ട് ആശുപത്രികളില്‍ ചികിത്സ തേടേണ്ടിവന്നു.
പ്രളയം കനക്കവെ ബന്ധപ്പെട്ട മന്ത്രി ചാനലുകളുടെ മൈക്കിന് മുന്നില്‍ നിന്ന് പലതും പറഞ്ഞു; അസുഖകരമായതുപോലും. ഈ ജനത ഇതൊക്കെ അര്‍ഹിക്കുന്നുണ്ടോയെന്ന് ഞാന്‍ അമര്‍ഷം കൊണ്ടു. എങ്കിലും മഴ കനത്തപ്പോള്‍, പ്രകൃതിയുടെ നാഡിമിടിപ്പ് മറ്റാരെക്കാളും ഗ്രാമീണനായ മന്ത്രിക്ക് മനസ്സിലാവും എന്ന് തന്നെ ഞാന്‍ വിശ്വസിച്ചു. എട്ടു കോടിക്ക് വൈദ്യുതി വില്‍ക്കാനാവുമെന്ന്. അമിത ആത്മവിശ്വാസം പ്രകടിപ്പിച്ച അദ്ദേഹത്തിന്‍റെ ആഗ്രഹത്തിന് മേല്‍ പ്രളയം നൂറിരട്ടി നാശനഷ്ടങ്ങളുമാണ് വിതച്ചത്. കേരളം ഒറ്റക്കെട്ടായി പ്രളയത്തെ നേരിട്ടു എന്നൊക്കെ നമ്മള്‍ മേനി നടിച്ചെങ്കിലും വൈകാതെ എല്ലാം പഴയ ചാലില്‍ത്തന്നെ വന്നുവീണു എന്നതാണ് സത്യം.
പ്രളയത്തിന്‍റെ കെടുതി അനുഭവിച്ചവരില്‍ നിന്ന് പോലും സര്‍ക്കാര്‍ ഒരു മാസത്തെ ശമ്പളവും പെന്‍ഷനും പിടിച്ചെടുക്കാന്‍ തീരുമാനിച്ചപ്പോള്‍ ഇടിവെട്ടിയവനെ പാമ്പ് കടിച്ചതുപോലെയായി. എതിര്‍പ്പ് മൂലം സര്‍ക്കാര്‍ അതില്‍നിന്ന് പിന്‍വാങ്ങിയെങ്കിലും അധികാരം എപ്പോഴും ജനങ്ങള്‍ക്കെതിരെ പ്രയോഗിക്കാനുള്ളതാണെന്നും അതിന് ഇടത് - വലത് ഭേദമില്ലെന്നുമുള്ള പാഠം ഉറച്ച് കിട്ടി. സര്‍ക്കാര്‍ തന്ന പതിനായിരം രൂപ വീട് കഴുകി വൃത്തിയാക്കാന്‍ പോലും തികഞ്ഞിരുന്നില്ല. ജനം ഇപ്പോഴും പ്രളയക്കെടുതിയില്‍ തന്നെയാണ്. പൊടിഞ്ഞുപോവുന്ന മരയുരുപ്പടികള്‍, തുരുമ്പിച്ച് തകരുന്ന ഇലക്ട്രിക് ഉപകരണങ്ങള്‍...
കണ്ണും മൂക്കുമില്ലാത്ത വികസന പ്രവര്‍ത്തനങ്ങള്‍ മൂലം പ്രകൃതിദുരന്തങ്ങള്‍ ആവര്‍ത്തിക്കും. മാറി മാറി വരുന്ന ഭരണകൂടങ്ങള്‍ ജനദ്രോഹ നടപടികള്‍ തുടരുകയും ചെയ്യും.
No comments:
Post a Comment