അപ്പിച്ചേച്ചി ഞങ്ങളെ വിട്ടുപോയിട്ട് അമ്പതുവര്‍ഷമായിരിക്കുന്നു. ഏകദേശം പതിനാറ് കൊല്ലക്കാലം ഞാന്‍ ആ സ്നേഹവും കരുതലും ആവോളം അനുഭവിച്ചു. ഒരു പക്ഷെ എന്‍റെ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും അപ്പിച്ചേച്ചിയുടെ സ്നേഹം എനിയ്ക്ക് ഓരോ രീതിയില്‍ തണല്‍ തന്നെയായിരുന്നു എന്ന് ഞാന്‍ തിരിച്ചറിയുന്നു. അത് കുറെക്കാലം എന്നോടൊപ്പം ഉണ്ടാകും എന്ന് ഞാന്‍ വിശ്വസിച്ചു.
അപ്പിച്ചേച്ചിയുടെ അകാല വിയോഗം എനിക്കും കുടുംബത്തിനും ഒരു ഷോക്ക് തന്നെ ആയിരുന്നു. അപ്പിച്ചേച്ചി ഞങ്ങളെ വിട്ടുപോയി എന്ന് വിശ്വസിക്കാനാവാത്ത അവസ്ഥ. അപ്പിച്ചേച്ചിയുടെ മരണം ഇന്നും എനിക്കൊരു സമസ്യയാണ്. ദുരൂഹമാണ്.
അന്നൊക്കെ മിസ് കുമാരി എന്ന നടി, അവരുടെ അഭിനയം, സൗന്ദര്യം എല്ലാം വീടിനു പുറത്തുള്ള കാര്യമായിരുന്നു. വീട്ടില്‍ എല്ലാ വേഷഭൂഷാദികളും അപ്പിച്ചേച്ചി അഴിച്ചുവച്ചു. അതുകൊണ്ട് തന്നെ മിസ്കുമാരി എന്ന നടിയുടെ സാമൂഹിക അസ്തിത്വം എന്നത് എനിക്ക് അജ്ഞാതമാണ്. എന്നെ ആവോളം സ്നേഹിക്കുകയും ലാളിച്ചു വളര്‍ത്തുകയും ചെയ്ത അപ്പിച്ചേച്ചിയെ മാത്രമാണ് എനിക്കേറെ പരിചയം.
സിനിമാ ഷൂട്ടിംഗ് കഴിഞ്ഞ് രാത്രിയില്‍ ഇച്ചാച്ചന് ഒപ്പം വരുന്ന അപ്പിച്ചേച്ചിയെയാണ് പെട്ടെന്ന് ഓര്‍മയില്‍ വരുന്നത്. ഭരണങ്ങാനത്തെ വീട്ടിലെ അടുക്കളയിലാണ് എല്ലാവരും കൂടെ കൂടുന്നത്. ഭക്ഷണം കഴിക്കുന്നതിനേക്കാള്‍ സംസാരിക്കുന്നതിനായിരുന്നു എല്ലാവര്‍ക്കും താല്പര്യം. ഞങ്ങള്‍ കുട്ടികള്‍ കേള്‍വിക്കാരും കാഴ്ചക്കാരുമായി നില്ക്കും. അത്തരം ഒത്തുചേരലിന് സമയപരിധിയൊന്നും ഇല്ലായിരുന്നു.
അപ്പിച്ചേച്ചി ഒരിക്കലും ആരോടും മുഷിഞ്ഞു സംസാരിച്ചു കണ്ടിട്ടില്ല. ആരെപ്പറ്റിയും ഒരു പരാതിയും പറഞ്ഞുകേട്ടിട്ടില്ല. വിഷമങ്ങളൊക്കെ ഉള്ളില്‍ ഒതുക്കുന്ന പ്രകൃതം. ചോദിച്ചാല്‍ ഒഴിഞ്ഞുമാറും. അല്ലെങ്കില്‍ വിഷയം മാറ്റും.
ചേച്ചിയുടെ മക്കള്‍ എന്നതിനേക്കാള്‍ സ്വന്തം മക്കള്‍ എന്ന രീതിയിലാണ് എന്നോടും എന്‍റെ നാലു സഹോദരങ്ങളോടും അപ്പിച്ചേച്ചി പെരുമാറിയിരുന്നത്. എന്‍റെ ഇളയ സഹോദരന്‍ ബെന്നിയും അപ്പിച്ചേച്ചിയുടെ മൂത്തമകന്‍ ജോണിയും ഒരേ പ്രായക്കാരാണ്. ഷൂട്ടിംഗ് ഇടവേളയില്‍ വരുമ്പോള്‍ ഞങ്ങള്‍ക്കുള്ള ഴശളേ കൈയ്യില്‍ കാണും. ഞാനും എന്‍റെ ചേട്ടന്‍ ബാബുവുമാണ് അപ്പിച്ചേച്ചിയുമായി കൂടുതല്‍ അടുത്തിടപഴകിയിട്ടുള്ളത്. ഞങ്ങള്‍ക്കു രണ്ടുപേര്‍ക്കും പേരിട്ടതും അപ്പിച്ചേച്ചിയാണ്. എന്‍റെ പേരിന് അപ്പിച്ചേച്ചിയുമായി ബന്ധമുണ്ട്. എന്‍റെ ജനന സമയത്ത് അപ്പിച്ചേച്ചി അഭിനയിച്ചിരുന്ന സിനിമയിലെ കഥാപാത്രത്തിന്‍റെ പേരാണ് ഗീത. സ്കൂളില്‍ ചേര്‍ത്തപ്പോള്‍ ഗീതയുടെ കൂടെ കുമാരി ചേര്‍ത്ത് എന്നെ ഗീതാകുമാരിയാക്കി. ഒരു ക്രിസ്ത്യന്‍ കുടുംബത്തില്‍ ജനിച്ച എനിക്ക് ഈ പേര് എങ്ങനെ വന്നു എന്ന് പലരും ചോദിച്ചിട്ടുണ്ട്. ഞങ്ങള്‍ വിദ്യാഭ്യാസം ആരംഭിച്ചതും ഭരണങ്ങാനത്തെ കോണ്‍വെന്‍റ് സ്കൂളില്‍ ആണ്.
എന്‍റെ ഇളയ സഹോദരന്‍ പാപ്പച്ചന്‍റെ അസുഖവുമായി ബന്ധപ്പെട്ട് പലപ്പോഴും എന്‍റെ അമ്മച്ചി തിരുവനന്തപുരത്തിന് പോകാറുണ്ടായിരുന്നു. ചെറിയ കുട്ടിയായിരുന്ന എന്നെയും അപ്പോള്‍ കൂടെ കൊണ്ടുപോകും. താമസം അപ്പിച്ചേച്ചിയുടെ കൂടെയായിരിക്കും. അവിടെ വച്ച് ശ്രീ സത്യന്‍, നസീര്‍, മുത്തയ്യ സര്‍, ബഹദൂര്‍ എന്നിവരെ കണ്ടിട്ടുള്ളതും അവരുടെ സ്നേഹപൂര്‍വമായ പെരുമാറ്റവും ഓര്‍മയുണ്ട്. ശ്രീമതി ആറന്മുള പൊന്നമ്മ, ശാന്തി എന്നിവര്‍ വീട്ടില്‍ വന്നു താമസിച്ചിട്ടുണ്ട്.
കല്യാണം എറണാകുളത്തു വച്ചായിരുന്നു. പള്ളിമുറ്റം നിറയെ ആള്‍ക്കാര്‍. പള്ളിക്കകത്തു കടക്കാന്‍ ബുദ്ധിമുട്ടി. പള്ളിയുടെ ഉള്ളിലും അതേ അനുഭവം. അവസാനം അള്‍ത്താരയില്‍ ആണ് ഞങ്ങളൊക്കെ നിന്നതും ചടങ്ങുകള്‍ നടത്തിയതും. ആ സമയത്ത് ശ്രീ നസീര്‍ പള്ളിക്കുള്ളില്‍ വന്നു നിന്നത് ഓര്‍ക്കുന്നു. മറ്റു ചടങ്ങുകള്‍ ടൗണ്‍ഹാളില്‍ വച്ചായിരുന്നു. രാത്രിയില്‍ ബോള്‍ഗാട്ടി പാലസില്‍ വച്ച് റിസപ്ഷന്‍ നടന്നു. അവധിക്കാലങ്ങളില്‍ എന്നെയും ബാബുവിനെയും അമ്മാവന്‍ ചാണ്ടിക്കുഞ്ഞിന്‍റെ മകള്‍ സൂസിയെയുമൊക്കെ വീട്ടിലേക്ക് കൊണ്ടുപോകുമായിരുന്നു. സ്കൂള്‍ തുറക്കാറാകുമ്പോഴാണ് തിരികെ കൊണ്ടുവിടുന്നത്.
ഞാന്‍ പ്രീഡിഗ്രിക്കു പഠിക്കുമ്പോള്‍ എന്നെ കാണാന്‍ അല്‍ഫോന്‍സാ കോളെജില്‍ എല്ലാവരും കൂടെ വന്നിട്ടുണ്ട്. പരീക്ഷ കഴിഞ്ഞുള്ള വെക്കേഷന്‍ സമയത്ത് തയ്യല്‍ പഠിക്കുന്ന എന്‍റെയടുത്ത് വന്നു. അവിടെ വച്ചാണ് അപ്പിച്ചേച്ചിയെ അവസാനമായി ഞാന്‍ കാണുന്നത്. അന്നൊരു ശനിയാഴ്ചയായിരുന്നു. څഎശൃെേ ഇഹമൈ കിട്ടില്ലേ. ഞാന്‍ പ്രാര്‍ത്ഥിക്കാംچچഎന്നു പറഞ്ഞുപോയ ആളിനെ പിന്നീട് രണ്ടു ദിവസം കഴിഞ്ഞ് തിങ്കളാഴ്ച കാണുന്നത് ജീവനില്ലാതെയാണ്. അപ്പിച്ചേച്ചിയുടെ പ്രാര്‍ത്ഥന കൊണ്ടാകാം പിന്നീടുള്ള എല്ലാ പരീക്ഷകള്‍ക്കും എനിക്ക് ളശൃെേ രഹമൈ കിട്ടി.
ഞങ്ങളുടെ കുടുംബത്തില്‍ ഞാന്‍ കാണുന്ന ആദ്യത്തെ മരണമായിരുന്നു അത്. അത് താങ്ങാന്‍ പറ്റിയില്ല. ഇപ്പോഴും അപ്പിച്ചേച്ചിയെപ്പറ്റി ഓര്‍ക്കുമ്പോള്‍ തളര്‍ച്ചയും വേദനയുമാണ്.
എന്‍റെ ഏറ്റവും പ്രിയപ്പെട്ട മാതൃസഹോദരിയായിരുന്നു അപ്പിച്ചേച്ചി എന്ന് ഞാന്‍ വിളിക്കുന്ന മിസ് കുമാരി. അമ്മച്ചിയെന്നും, അപ്പിച്ചേച്ചി എന്നും എനിക്ക് വ്യത്യാസവുമില്ലായിരുന്നു. കുടുംബത്തെ അത്രമേല്‍ സ്നേഹിച്ചും ബന്ധുക്കളെയും അടുപ്പമുള്ളവരെയും കനിവിന്‍റെ കരങ്ങളാല്‍ ചേര്‍ത്ത് നിര്‍ത്തിയും അപ്പിച്ചേച്ചി ഞങ്ങളുടെയെല്ലാം അതുല്യ സ്നേഹഭാജനമായി മാറി. എന്നും അപ്പിച്ചേച്ചി ഓര്‍മയിലെത്തുന്നതും, മരണമില്ലാതെ മനസ്സില്‍ തങ്ങുന്നതും അതുകൊണ്ടു കൂടിയാണെന്ന് ഞാന്‍ വിശ്വസിക്കുന്നു.
No comments:
Post a Comment