څസെന്‍ട്രല്‍ ബറിയല്‍ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍چ - അന്വേഷണത്തെ കുഴിച്ചുമൂടുന്ന കേന്ദ്രം - രാജ്യത്തെ ഏറ്റവും ഉന്നതമായ അന്വേഷണ
ഏജന്‍സിയായ സി.ബി.ഐയെ സുപ്രീം കോടതി വിശേഷിപ്പിച്ചത് ഇങ്ങനെയാണ്.
രാജ്യത്തെ പിടിച്ചുകുലുക്കിയ ഹവാല കേസിന്‍റെ അന്വേഷണം അട്ടിമറിക്കപ്പെട്ടപ്പോള്‍ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് എസ്.പി ബറൂച്ച അന്ന് രോഷത്തോടെ നടത്തിയ ഈ പരാമര്‍ശം ഇപ്പോള്‍ സാര്‍ത്ഥകമാക്കുകയാണോ സി.ബി.ഐ? ജനങ്ങള്‍ ഒരുപടി കൂടി കടന്ന് څസെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇഡിയറ്റ്സ്چ എന്നുകൂടി വിശേഷിപ്പിക്കാനും തുടങ്ങിയിരിക്കുന്നു ഇപ്പോള്‍. സി.ബി.ഐയുടെ ജന്മദിനം 1963 ഏപ്രില്‍ ഒന്നിനായിരുന്നതും അതിനുകാരണമാകാം!
സി.ബി.ഐയെ പരിഷ്ക്കരിക്കണമെന്നും രാഷ്ട്രീയ നേതൃത്വത്തിന്‍റെ പിടിയില്‍ നിന്നും സ്വതന്ത്രമാക്കണമെന്നുമുള്ള രാജ്യത്തെ പരമോന്നത നീതിപീഠത്തിന്‍റെ ശ്രമങ്ങള്‍ക്ക് രണ്ടുപതിറ്റാണ്ടിന്‍റെ പഴക്കമുണ്ട്. 1997 ലെ വിനീത് നാരായന്‍ കേസില്‍ സി.ബി.ഐയുടെ സ്വയംഭരണാവകാശം ഉറപ്പുവരുത്താന്‍ നിരവധി നിര്‍ദ്ദേശങ്ങള്‍ സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിനു നല്‍കി. ആ ശ്രമങ്ങള്‍ പൂര്‍ണമായും പരാജയപ്പെട്ടെന്ന് 2013 ല്‍ സുപ്രീം കോടതിക്ക് ബോധ്യപ്പെട്ടു. څയജമാനന്‍റെ ശബ്ദത്തില്‍ സംസാരിക്കുന്ന കൂട്ടിലടച്ച തത്തയാണെന്ന്چ സുപ്രീം കോടതി സി.ബി.ഐയെ പരിഹസിക്കുകയും ചെയ്തു.
സി.ബി.ഐ യ്ക്ക് സ്വയംഭരണാധികാരം നല്‍കുമെന്ന് യു.പി.എ സര്‍ക്കാരില്‍ നിന്ന് കോടതി ഉറപ്പുവാങ്ങിയെങ്കിലും ഒന്നും സംഭവിച്ചില്ല. കാര്യക്ഷമവും പ്രൊഫഷണലുമായ അന്വേഷണ ഏജന്‍സിയാക്കി സി.ബി.ഐയെ മാറ്റാന്‍ ഒരു സര്‍ക്കാരും ആഗ്രഹിച്ചിരുന്നില്ല എന്നതാണ് വസ്തുത. എല്ലാ വിടുപണികളും കൂട്ടിലടച്ച ആ തത്തയെ കൊണ്ട് ചെയ്യിക്കാന്‍ അധികാരത്തില്‍ വന്ന എല്ലാ സര്‍ക്കാരുകളും ആവോളം ശ്രമിച്ചു.
രാജ്യത്തെ ഏറ്റവും സമുന്നതമായ അഴിമതിവിരുദ്ധ ഏജന്‍സിക്ക് ഒരു നിയമത്തിന്‍റെ പിന്‍ബലം പോലുമില്ല! അതുകൊണ്ടാണ് ഗൊഹാട്ടി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് സി.ബി.ഐ മാര്‍ഗനിര്‍ദേശം ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിച്ചത്. 2007 ലെ څചാര്‍ട്ടര്‍ ഓഫ് ഡ്യൂട്ടീസ്چ വിജ്ഞാപനം ചെയ്തുകൊണ്ടാണ് സി.ബി.ഐയുടെ പ്രവര്‍ത്തനം കേന്ദ്രസര്‍ക്കാര്‍ രൂപപ്പെടുത്തിയത്. അതിന് നിയമത്തിന്‍റെ പിന്‍ബലം ഇല്ലാത്തതിനാല്‍ ഭരണഘടനാവിരുദ്ധമായി കോടതി പ്രഖ്യാപിക്കുകയായിരുന്നു. രാജ്യത്തെ പ്രധാന അന്വേഷണ ഏജന്‍സിയെ അസാധുവാക്കിയ വിധിയില്‍ ഞെട്ടിത്തരിച്ച കേന്ദ്ര സര്‍ക്കാര്‍ ആ വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചു. സുപ്രീം കോടതി താല്ക്കാലികമായി അനുവദിച്ച സ്റ്റേയിലാണ് സി.ബി.ഐ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. څസി.ബി.ഐ നിയമംچ എന്ന പേരില്‍ കരട് ബില്‍ കേന്ദ്ര സര്‍ക്കാര്‍ 2010 ല്‍ ഔദ്യോഗിക വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചുവെങ്കിലും തുടര്‍നടപടികള്‍ ഒന്നുമുണ്ടായില്ല.
അഴിമതിമുക്തമായ ഭാരതമാണ് ലക്ഷ്യമെന്ന് നമ്മുടെ പ്രധാനമന്ത്രിമാര്‍ ആണയിട്ടു പറയുമ്പോഴും അഴിമതിവിരുദ്ധ ഏജന്‍സിയായ സി.ബി.ഐയ്ക്ക് നിയമപദവി നല്‍കാതെ വരിഞ്ഞുമുറുക്കിയാണ് അവര്‍ ഭരണം നടത്തിയത്. ഇന്ത്യയിലെ പൊലീസ് സേനയില്‍ വിപ്ലവാത്മകമായ മാറ്റത്തിന് തുടക്കം കുറിച്ച സുപ്രീം കോടതിയുടെ വിധിയാണ് പ്രകാശ് സിംഗ് കേസിലുണ്ടായത്. നിയമപരമായ പദവി സി.ബി.ഐയ്ക്ക് നല്‍കണമെന്ന് ആ കേസിലെ ഹര്‍ജിക്കാരനായ മുന്‍ ഡി.ജി.പി പ്രകാശ് സിംഗ് ആവശ്യപ്പെടുകയും ചെയ്തു.
കംപ്ട്രോളര്‍ ആന്‍റ് ഓഡിറ്റര്‍ ജനറല്‍ ഓഫ് ഇന്ത്യ (സി.എ.ജി), തിരഞ്ഞെടുപ്പു കമ്മീഷന്‍ എന്നിവര്‍ക്ക് നല്‍കിയതുപോലെ ശക്തമായ څമാതൃനിയമംچ സി.ബി.ഐ ക്കും വേണം. പക്ഷെ സി.ബി.ഐയെ കൂട്ടിലടച്ച ഭരണകര്‍ത്താക്കള്‍ അതുംഅവഗണിച്ചു.
സി.ബി.ഐയുടെ ചരിത്രം
ഇന്ത്യയിലെ സുപ്രധാനമായ അന്വേഷണ ഏജന്‍സിയാണ് സി.ബി.ഐ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍. 1941 ല്‍ സ്ഥാപിതമായ സ്പെഷ്യല്‍ പൊലീസ് എസ്റ്റാബ്ലിഷ്മെന്‍റില്‍ നിന്നാണ് സി.ബി.ഐയുടെ തുടക്കം. കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ച വിജ്ഞാപനത്തിലൂടെ 1963 ഏപ്രില്‍ ഒന്നിനാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്‍ കീഴില്‍ സി.ബി.ഐ നിലവില്‍ വന്നത്.
രണ്ടാം ലോകമഹായുദ്ധത്തിന്‍റെ ആദ്യകാലഘട്ടത്തില്‍, പൊതുപണം ഉദ്യോഗസ്ഥരും മറ്റുള്ളവരും ദുര്‍വിനിയോഗം ചെയ്യുന്നത് വര്‍ദ്ധിക്കുന്നു എന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് അഴിമതിക്കെതിരെയുള്ള ശക്തമായ സംവിധാനം വേണമെന്ന് സര്‍ക്കാര്‍ തീരുമാനിച്ചത്. സ്പെഷ്യല്‍ പൊലീസ് എസ്റ്റാബ്ലിഷ്മെന്‍റ് (എസ്.പി.ഇ) എന്ന സംവിധാനം വാര്‍ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ കീഴില്‍ സി.എ.ജിയുടെ നേതൃത്വത്തില്‍ ആരംഭിച്ചു. കൈക്കൂലിയും അഴിമതിയും അന്വേഷണ വിഷയമാക്കി. 1942 ല്‍ റെയില്‍വേയുടെ പ്രവര്‍ത്തനവും എസ്.പി.ഇയുടെ അധികാര പരിധിയിലേക്കു കൊണ്ടുവന്നു. 1943 ല്‍ പുറപ്പെടുവിച്ച ഓര്‍ഡിനന്‍സിലൂടെ ഒരു പ്രത്യേക പൊലീസ് സേനയും ഇന്ത്യാഗവണ്‍മെന്‍റ് രൂപവല്‍ക്കരിച്ചു. ബ്രിട്ടീഷ് ഇന്ത്യയില്‍ നടക്കുന്ന ചില കുറ്റകൃത്യങ്ങളെ കുറിച്ചന്വേഷിക്കുകയായിരുന്നു ചുമതല.
1946 ല്‍ ഡല്‍ഹി സ്പെഷ്യല്‍ പൊലീസ് എസ്റ്റാബ്ലിഷ്മെന്‍റ് നിയമം (ഡി.എസ്.പി.ഇ) നിലവില്‍ വന്നു. പിന്നീട് സംസ്ഥാനങ്ങളുടെ അനുമതിയോടെ അന്വേഷിക്കാനും ഇന്ത്യന്‍ റെയില്‍വേയും ഉള്‍പ്പെടുത്തികൊണ്ട് അധികാര പരിധി വിപുലീകരിച്ചു. കേന്ദ്രസര്‍ക്കാരിന്‍റെ കീഴിലുള്ള എല്ലാ വകുപ്പുകളെയും പിന്നീട് ഈ അധികാര പരിധിയില്‍ കൊണ്ടുവന്നു. അഴിമതിനിരോധന നിയമപ്രകാരമുള്ള കുറ്റകൃത്യങ്ങള്‍ കൂടാതെ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വ്യത്യസ്ത വകുപ്പുകള്‍ പ്രകാരമുള്ള കുറ്റകൃത്യങ്ങളുടെ അന്വേഷണവും എസ്.പി.ഇ യെ ചുമതലപ്പെടുത്തി.
കേന്ദ്ര പൊലീസ് ഏജന്‍സി രൂപവല്‍ക്കരിക്കേണ്ടതിന്‍റെ ആവശ്യകത കേന്ദ്രസര്‍ക്കാരിന് ബോധ്യപ്പെട്ടു. അഴിമതി മാത്രമല്ല, സാമ്പത്തിക കുറ്റകൃത്യങ്ങള്‍, കടല്‍ക്കൊള്ള, പാസ്പോര്‍ട്ട് തട്ടിപ്പ്, സംഘടിത കുറ്റകൃത്യങ്ങള്‍ എന്നിവകൂടി അന്വേഷിക്കുന്നതിന് പുതിയൊരു സംവിധാനം എന്ന നിലയില്‍ 1963 ഏപ്രില്‍ ഒന്നിന് ഒരു വിജ്ഞാപനത്തിലൂടെ കേന്ദ്രസര്‍ക്കാര്‍ സി.ബി.ഐയ്ക്ക് രൂപം നല്‍കി. 1964 ഫെബ്രുവരി 29 ന് കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ച മറ്റൊരുത്തരവിലൂടെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കുള്ള അന്വേഷണ വിഭാഗവും സി.ബി.ഐ ആരംഭിച്ചു. 1964 സെപ്റ്റംബറില്‍ څഫുഡ് ഒഫന്‍സസ് വിംഗ്چ ആരംഭിച്ചു. 1968 ല്‍ ഇത് ഇക്കണോമിക് ഒഫന്‍സ് വിംഗിലേക്കുലയിപ്പിച്ചു.
സി.ബി.ഐയുടെ വിശ്വാസ്യത വര്‍ദ്ധിച്ചതോടെ മറ്റ് കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട അന്വേഷണങ്ങളും ഏറ്റെടുക്കണമെന്ന മുറവിളി ഉയര്‍ന്നു. കൊലപാതകങ്ങള്‍, തട്ടിക്കൊണ്ടുപോകല്‍, തീവ്രവാദ കുറ്റകൃത്യങ്ങള്‍, ബാങ്ക്-ഇന്‍ഷ്വറന്‍സ് തട്ടിപ്പുകള്‍ എന്നിവയും സി.ബി.ഐ അന്വേഷിക്കാന്‍ തുടങ്ങി. സംസ്ഥാനങ്ങളുടെ അനുമതിയില്ലാതെ തന്നെ ഇതരകുറ്റകൃത്യങ്ങളെ സംബന്ധിച്ചുള്ള അന്വേഷണങ്ങള്‍ ഏറ്റെടുക്കാന്‍ സി.ബി.ഐ ക്ക് അധികാരമുണ്ടെന്ന് സുപ്രീം കോടതി വ്യക്തമാക്കിയതോടെ രാജ്യത്തെ ഹൈക്കോടതികളും സുപ്രീം കോടതിയും ഇത്തരം അന്വേഷണങ്ങള്‍ നടത്താന്‍ സി.ബി.ഐ ക്കു നിര്‍ദ്ദേശം നല്‍കാന്‍ തുടങ്ങി. കൊലപാതകങ്ങള്‍, സ്ത്രീധന മരണങ്ങള്‍, ബലാല്‍സംഗങ്ങള്‍ എന്നിവയും സി.ബി.ഐ അന്വേഷിക്കാന്‍ ആരംഭിച്ചു.
1987 ല്‍ രണ്ട് അന്വേഷണ വിഭാഗങ്ങള്‍ സി.ബി.ഐ ആരംഭിച്ചു. ആന്‍റി കറപ്ഷന്‍ ഡിവിഷന്‍, സ്പെഷ്യല്‍ ക്രൈംസ് ഡിവിഷന്‍ എന്നിവ. 1991 ല്‍ കോളിളക്കം സൃഷ്ടിച്ച നിരവധി കേസുകള്‍, പ്രത്യേക അന്വേഷണ സംഘങ്ങള്‍ (എസ്.ഐ.ടി) രൂപവല്‍ക്കരിച്ചുകൊണ്ട് സി.ബി.ഐ ഏറ്റെടുത്തു. രാജീവ്ഗാന്ധി വധക്കേസ്, ബാബ്റി മസ്ജിദ് തകര്‍ത്ത സംഭവം, ബോംബെ ബോംബ് സ്ഫോടനം, ഓഹരി തട്ടിപ്പ് തുടങ്ങിയ നിരവധി കേസുകള്‍ സി.ബി.ഐ അന്വേഷണമാരംഭിച്ചു. വിനീത് നാരായന്‍ കേസില്‍ സുപ്രീം കോടതി വിധിക്കുശേഷം ലീഗല്‍ ഡിവിഷന്‍ പുനഃസംഘടിപ്പിച്ചു. ഡയറക്ടറേറ്റ് ഓഫ് പ്രോസിക്യൂഷന്‍ 2001 ല്‍ നിലവില്‍ വന്നു. ഇതുള്‍പ്പെടെ ഏഴു വിഭാഗങ്ങള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
ഡല്‍ഹി സ്പെഷ്യല്‍ പൊലീസ് എസ്റ്റാബ്ലിഷ്മെന്‍റിലെ പൊലീസ് ഇന്‍സ്പെക്ടര്‍ ജനറല്‍ സി.ബി.ഐയുടെ ഭരണപരമായ ചുമതലയുള്ള ഡയറക്ടറായി മാറി. 2013 ലെ കേന്ദ്ര വിജിലന്‍സ് നിയമപ്രകാരം ഡല്‍ഹി പൊലീസ് എസ്റ്റാബ്ലിഷ്മെന്‍റിന്‍റെ മേല്‍നോട്ടം കേന്ദ്ര സര്‍ക്കാരിന്‍റെ നിയന്ത്രണത്തിലായി.
1988 ലെ അഴിമതിനിരോധന നിയമപ്രകാരമുള്ള സി.ബി.ഐ നടത്തുന്ന അന്വേഷണങ്ങളുടെ മേല്‍നോട്ടം സി.വി.സിയുടെ അധികാരത്തില്‍ കൊണ്ടുവന്നു. സി.വി.സി നിയമപ്രകാരം രണ്ടുവര്‍ഷത്തെ പ്രവര്‍ത്തന കാലാവധി സി.ബി.ഐ ഡയറക്ടര്‍ക്ക് ഉറപ്പുവരുത്തി. സി.ബി.ഐ ഡയറക്ടറെ തിരഞ്ഞെടുക്കാനുള്ള നടപടിക്രമങ്ങളും സി.വി.സി നിയമത്തില്‍ വ്യക്തമാക്കി. ലോക്പാല്‍ നിയമപ്രകാരം സെര്‍ച്ച് കമ്മിറ്റിയേയും നിയമിച്ചു.
ആന്‍റി കറപ്ഷന്‍ ഡിവിഷന്‍, സ്പെഷ്യല്‍ ക്രൈംസ് ഡിവിഷന്‍ എന്നിങ്ങനെയാണ് സി.ബി.ഐയിലെ രണ്ട് അന്വേഷണ വിഭാഗങ്ങള്‍. കൊലപാതകങ്ങള്‍, തട്ടിക്കൊണ്ടുപോകല്‍, ബലാല്‍സംഗം തുടങ്ങിയ പൊതുകുറ്റകൃത്യങ്ങളില്‍ സംസ്ഥാന സര്‍ക്കാരിന്‍റെ ശുപാര്‍ശയോ സുപ്രീം കോടതി, ഹൈക്കോടതി എന്നിവയുടെ നിര്‍ദേശങ്ങളോ ഉണ്ടെങ്കില്‍ മാത്രമേ സി.ബി.ഐ ക്ക് അന്വേഷിക്കാന്‍ കഴിയൂ.
ഇന്‍റര്‍പോളില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത് സി.ബി.ഐയാണ്. പെഴ്സനല്‍ ആന്‍റ് ട്രെയിനിങ് വകുപ്പിനു കീഴിലാണ് ഇപ്പോള്‍ സി.ബി.ഐ പ്രവര്‍ത്തിക്കുന്നത്. പ്രധാനമന്ത്രിക്കാണ് ഈ വകുപ്പിന്‍റെ ചുമതല.
അര്‍ദ്ധരാത്രിയിലെ സി.ബി.ഐ അട്ടിമറി
സി.ബി.ഐയുടെ ഡയറക്ടറായ അലോക് വര്‍മ്മയും സ്പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയവും പരസ്പരം അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ച് കൊമ്പുകോര്‍ത്തപ്പോള്‍ രാജ്യം തരിച്ചിരുന്നു. 2018 ഒക്ടോബര്‍ 23 ന് ഇരുവരെയും പദവിയില്‍ നിന്നും അവധിയില്‍ പോകാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു. റഫാല്‍ ഇടപാടില്‍ വര്‍മ്മ അന്വേഷണത്തിന് മുതിര്‍ന്ന പശ്ചാത്തലത്തിലാണ് കേന്ദ്രസര്‍ക്കാരിന്‍റെ ഈ നടപടിയെന്ന് പ്രതിപക്ഷം ആരോപിച്ചു. കേന്ദ്ര വിജിലന്‍സ് കമ്മീഷണര്‍ നടത്തിയ അന്വേഷണത്തില്‍ വര്‍മ്മയ്ക്കെതിരെ തെളിവുണ്ടെന്നായിരുന്നു കേന്ദ്രസര്‍ക്കാരിന്‍റെ വാദം.
ഡയറക്ടറെ മാറ്റാന്‍ കേന്ദ്രസര്‍ക്കാരിന് അധികാരമില്ലെന്നും തീരുമാനം റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് വര്‍മ്മ സുപ്രീം കോടതിയെ സമീപിച്ചു. ഹര്‍ജി ഭാഗികമായി അനുവദിച്ച കോടതി വര്‍മ്മയെ തിരിച്ചെടുക്കണമെന്ന് നിര്‍ദ്ദേശിച്ചു. ഒരാഴ്ചക്കകം സെലക്ഷന്‍ കമ്മിറ്റി യോഗം ചേര്‍ന്ന് വര്‍മ്മയുടെ നിയമനകാര്യത്തില്‍ അന്തിമമായ തീരുമാനമെടുക്കണമെന്നും കോടതി ഉത്തരവിട്ടു. അതുവരെ നയപരമായ കാര്യങ്ങളില്‍ തീരുമാനങ്ങള്‍ എടുക്കരുതെന്ന് വര്‍മ്മയോട് കോടതി നിര്‍ദ്ദേശിച്ചു.
കോടതി ഉത്തരവിനെ തുടര്‍ന്ന് ജോലിയില്‍ പ്രവേശിച്ച വര്‍മ്മയെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി, സുപ്രീം കോടതി ജഡ്ജി ഏ.കെ സിക്രി, ലോക്സഭയിലെ കോണ്‍ഗ്രസ് പാര്‍ലമെന്‍ററികാര്യ നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ എന്നിവരടങ്ങന്ന ഉന്നതാധികാര സമിതി പിന്നീട് മാറ്റിയത്. ഭൂരിപക്ഷ തീരുമാനത്തില്‍ ഖാര്‍ഗെ ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു.
സി.വി.സിയുടെ റിപ്പോര്‍ട്ടില്‍ വര്‍മ്മയ്ക്കെതിരെ പത്തിലധികം അഴിമതി ആരോപണങ്ങള്‍ ഉള്ളതായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഇത്തരമൊരാള്‍ തലപ്പത്തു തുടരുന്നത് സിബി.ഐയുടെ വിശ്വാസ്യതയെ ബാധിക്കുമെന്ന് ചീഫ് ജസ്റ്റിസിന്‍റെ നോമിനിയായ ജസ്റ്റിസ് സിക്രിയും നിലപാടെടുത്തതോടെയാണ് വര്‍മ്മയ്ക്ക് പുറത്തേക്കുള്ള വഴിയൊരുങ്ങിയത്.
സി.ബി.ഐ ഡയറക്ടര്‍ സ്ഥാനം നഷ്ടപ്പെട്ട വര്‍മ്മയെ ഫയര്‍ സര്‍വ്വീസ് മേധാവിയായി നിയമിച്ചു. നിര്‍ബന്ധിത അവധിയില്‍ പ്രവേശിച്ച വര്‍മ്മ സുപ്രീം കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് വീണ്ടും സ്ഥാനമേറ്റ് 48 മണിക്കൂര്‍ തികയുന്നതിനു മുമ്പാണ് വീണ്ടും പുറത്താക്കപ്പെട്ടത്. ഇതില്‍ പ്രതിഷേധിച്ച് അലോക് വര്‍മ്മ രാജിവച്ചു. സി.ബി.ഐയുടെ സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടേണ്ടതാണെന്നും സ്ഥാപനത്തിന്‍റെ വിശ്വാസ്യത കാത്തുസൂക്ഷിക്കാന്‍ ശ്രമിച്ചതിന് പുറത്താക്കിയത് സ്വാഭാവിക നീതിയുടെ ലംഘനമാണെന്നും വര്‍മ്മ പറഞ്ഞു.
സി.ബി.ഐയുടെ വിശ്വാസ്യത സംരക്ഷിക്കാനുള്ള സുവര്‍ണാവസരം രാജ്യത്തെ പരമോന്നത കോടതി നഷ്ടപ്പെടുത്തി എന്നുതന്നെ പറയേണ്ടിവരും. ഉപാധികളില്ലാതെ തന്നെ ഡയറക്ടര്‍ സ്ഥാനം തിരിച്ചു നല്‍കാത്ത കോടതി നടപടി പരക്കെ വിമര്‍ശിക്കപ്പെട്ടു. കേന്ദ്രസര്‍ക്കാരിന് കോടതി നല്‍കിയ കനത്ത പ്രഹരത്തിന്‍റെ കാഠിന്യം കുറയ്ക്കുകയാണ് ഈ നടപടിയിലൂടെ ഉണ്ടായത്. അര്‍ദ്ധരാത്രിയിലെ ആഭിചാരത്തിന് ഉന്നതാധികാര സമിതിയിലൂടെ തുല്യം ചാര്‍ത്താനുള്ള അവസരം കേന്ദ്രസര്‍ക്കാരിന് നല്‍കി. ഇതിലൂടെ ഒരു കൈകൊണ്ട് നല്‍കിയ വരം മറുകൈകൊണ്ട് എടുത്തുമാറ്റുകയാണ് കോടതി ചെയ്തത്.
സമിതിക്കാണ് സ്ഥലംമാറ്റം നടത്താന്‍ അധികാരമെന്ന സുപ്രീം കോടതിയുടെ കണ്ടെത്തലോടെ കേന്ദ്രസര്‍ക്കാരിന്‍റെ തെറ്റായ തീരുമാനം തിരുത്തുകയായിരുന്നു. പക്ഷേ, തിരിച്ചുവന്ന വര്‍മ്മയുടെ അധികാരത്തിന് ഉപാധികള്‍ വച്ച നടപടിയെ എങ്ങനെ ന്യായീകരിക്കാനാകും?
സി.ബി.ഐയുടെ സ്വതന്ത്ര സ്വഭാവം ഉറപ്പുവരുത്താനാണ് ഡയറക്ടറെ രണ്ടുവര്‍ഷകാലാവധി തികയാതെ മാറ്റരുതെന്ന വ്യവസ്ഥ എഴുതിവച്ചത്. ടി.പി.സെന്‍കുമാറിനെ സംസ്ഥാന പൊലീസ് മേധാവി എന്ന പദവിയില്‍ നിന്നും മാറ്റാനുള്ള കേരളത്തിലെ ഇടതുസര്‍ക്കാരിന്‍റെ തീരുമാനം സുപ്രീം കോടതി റദ്ദാക്കിയതും ദേശീയതലത്തില്‍തന്നെ ശ്രദ്ധിക്കപ്പെട്ട വിധിയായിരുന്നു.
സി.ബി.ഐ എന്ന മഹത്തായ സ്ഥാപനത്തിന്‍റെ സ്ഥാപനപരമായ ആര്‍ജവം (കിശെേൗശേേീിമഹ കിലേൃഴൃശ്യേ) നഷ്ടമായി. അഴിമതിവിരുദ്ധ ഏജന്‍സി എന്ന നിലയില്‍ തീരാക്കളങ്കം വരുത്തുന്ന നടപടിയാണ് കേന്ദ്രസര്‍ക്കാര്‍ അലോക് വര്‍മയുടെ കാര്യത്തില്‍ സ്വീകരിച്ചത്.
സി.ബി.ഐ: വിവാദത്തിന്‍റെ നാള്‍വഴികള്‍
1. ഏപ്രില്‍ 2016: ഗുജറാത്ത് കേഡറിലെ ഐ.പി.എസ് ഓഫീസറായ രാകേഷ് അസ്താനയെ സി.
ബി.ഐ അസി.ഡയറക്ടറായി കേന്ദ്രസര്‍ക്കാര്‍ നിയമിച്ചു.
2. ഡിസംബര്‍ 3: അനില്‍ സിന്‍ഹ വിരമിച്ചതോടെ അസ്താന സി.ബി.ഐ ഡയറക്ടറായി സ്ഥാനമേ
റ്റു.
3. ജനുവരി 14, 2017: അലോക് വര്‍മ്മയെ രണ്ടുവര്‍ഷത്തെ കാലാവധിയില്‍ സി.ബി.ഐ ഡയറക്ടറായി നിയമിച്ചു.
4. ഒക്ടോബര്‍ 22: അസ്താനയെ സി.ബി.ഐ സ്പെഷ്യല്‍ ഡയറക്ടറായി നിയമിച്ചു.
5. നവംബര്‍ 2: അസ്താനയുടെ നിയമനം ചോദ്യം ചെയ്ത് څകോമണ്‍ കോസ്چ എന്ന സംഘടനയ്ക്കു വേണ്ടി അഡ്വ. പ്രശാന്ത് ഭൂഷണ്‍ സുപ്രീം കോടതിയെ സമീപിക്കുന്നു.
6. നവംബര്‍ 28: സുപ്രീം കോടതി പ്രശാന്ത് ഭൂഷന്‍റെ ഹര്‍ജി തള്ളി.
7. ജൂലൈ 12, 2018: അലോക് വര്‍മ്മ വിദേശത്തായിരിക്കെ കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ (സി.വി.സി) വിളിച്ചു ചേര്‍ത്ത യോഗത്തില്‍ അസ്താനയ്ക്ക് പങ്കെടുക്കാന്‍ അധികാരമില്ലെന്ന് സി.ബി.ഐ.
8. ആഗസ്റ്റ് 24: അലോക് വര്‍മ്മയ്ക്കെതിരെ അസ്താന കേന്ദ്ര കാബിനറ്റ് സെക്രട്ടറിക്ക് പരാതി നല്‍കി. വിഷയം കാബിനറ്റ് സെക്രട്ടറി സി.വി.സി ക്ക് കൈമാറി.
9. സെപ്റ്റംബര്‍ 21: അസ്താന ആറ് അഴിമതി കേസുകള്‍ നേരിടുന്നതായി സി.ബി.ഐ, സി.വി.സി യെ അറിയിച്ചു.
10. ഒക്ടോബര്‍ 15: അസ്താന ഉള്‍പ്പെടെ മൂന്നു പേര്‍ക്കെതിരെ കൈക്കൂലി വാങ്ങിയതിന് സി.ബി.ഐ കേസെടുത്തു.
11. ഒക്ടോബര്‍ 23: അസ്താനയുടെ നിയമനത്തില്‍ തല്‍സ്ഥിതി തുടരാന്‍ ഡല്‍ഹി ഹൈക്കോടതി ഉത്തരവിട്ടു. അര്‍ദ്ധരാത്രി വര്‍മ്മയെ ചുമതലയില്‍ നിന്നും ഒഴിവാക്കി താല്‍ക്കാലിക സി.ബി.ഐ മേധാവിയായി എം.നാഗേശ്വര്‍ റാവുവിനെ നിയമിച്ചു.
12. ഒക്ടോബര്‍ 24: സര്‍ക്കാര്‍ നടപടിക്കെതിരെ വര്‍മ്മ സുപ്രീം കോടതിയെ സമീപിച്ചു.
13. ഒക്ടോബര്‍ 25: അസ്താന ഉള്‍പ്പെടെയുള്ള സി.ബി.ഐ ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് څകോമണ്‍ കോസ്چ സുപ്രീം കോടതിയെ സമീപിച്ചു.
14. ഒക്ടോബര്‍ 26: വര്‍മ്മയ്ക്കെതിരായ പരാതികളുടെ അന്വേഷണം രണ്ടാഴ്ചക്കകം പൂര്‍ത്തിയാക്കാന്‍ സുപ്രീം കോടതി സി.വി.സിയ്ക്ക് നിര്‍ദേശം നല്‍കി. സുപ്രധാനമായ തീരുമാനമെടുക്കുന്നതില്‍ നിന്ന് പുതിയ ഡയറക്ടര്‍ നാഗേശ്വര റാവുവിനെ സുപ്രീം കോടതി വിലക്കി.
15. നവംബര്‍ 12: സി.വി.സി മുദ്രവച്ച കവറില്‍ അന്വേഷണ റിപ്പോര്‍ട്ട് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചു.
16. നവംബര്‍ 29: സി.ബി.ഐ ഡയറക്ടറായുള്ള തന്‍റെ രണ്ടു വര്‍ഷ സേവന കാലാവധിയില്‍ മാറ്റം വരുത്താന്‍ കേന്ദ്ര സര്‍ക്കാരിനാവില്ലെന്ന് വര്‍മ്മ സുപ്രീം കോടതിയില്‍ ബോധിപ്പിച്ചു.
17. ഡിസംബര്‍ 6: രണ്ട് ഉന്നത ഉദ്യോഗസ്ഥര്‍ തമ്മിലുള്ള പോരാട്ടം സി.ബി.ഐയ്ക്ക് കളങ്കമുണ്ടാക്കിയെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു.
18. ജനുവരി 8, 2019: വര്‍മ്മയെ നിര്‍ബന്ധിത അവധിയില്‍ പറഞ്ഞയച്ച കേന്ദ്ര നടപടി സുപ്രീം കോടതി റദ്ദാക്കി.
19. ജനുവരി 10: വര്‍മ്മ സി.ബി.ഐ ഡയറക്ടറായി ചുമതലയേറ്റു.
20. ഇടക്കാല ഡയറക്ടര്‍ നാഗേശ്വര റാവു പുറപ്പെടുവിച്ച പത്ത് ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റം റദ്ദാക്കി. അഞ്ചുപേരെ സ്ഥലം മാറ്റി.
21. ജനുവരി 9: കോടതിയുടെ നിര്‍ദേശപ്രകാരം വര്‍മ്മയ്ക്കെതിരായ സി.വി.സി റിപ്പോര്‍ട്ട് പരിഗണിക്കാന്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ഉന്നതാധികാര സമിതിയോഗം ചേര്‍ന്നു.
22. ജനുവരി 10: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതാധികാര സമിതിയോഗത്തിന്‍റെ ഭൂരിപക്ഷ തീരുമാനപ്രകാരം അലോക് വര്‍മ്മയെ സി.ബി.ഐ ഡയറക്ടര്‍ സ്ഥാനത്തു നിന്നും നീക്കം ചെയ്തു. താല്ക്കാലിക ഡയറക്ടറായി നാഗേശ്വര റാവുവിനെ നിയമിച്ചു.
23. ജനുവരി 11: സുപ്രീം കോടതി നിര്‍ദേശപ്രകാരം സി.ബി.ഐ ഡയറക്ടര്‍ പദവിയില്‍ തിരിച്ചെത്തി 24 മണിക്കൂറിനകം ആ പദവിയില്‍ നിന്നും മാറ്റുകയും ഫയര്‍ സര്‍വീസസ് ആന്‍റ് ഹോം ഗാര്‍ഡ് ഡയറക്ടര്‍ ജനറലായി മാറ്റി നിയമിക്കുകയും ചെയ്ത നടപടിയില്‍ പ്രതിഷേധിച്ച് രാജിവയ്ക്കാന്‍ വര്‍മ്മ തീരുമാനിച്ചു. അസ്താനയുടെ കോഴക്കേസ് അന്വേഷിക്കാന്‍ ഡല്‍ഹി ഹൈക്കോടതി ഉത്തരവിട്ടു.
2 ജി കേസ്: അന്വേഷണത്തില്‍ നിന്നും ഡയറക്ടറെ കോടതി മാറ്റി
സി.ബി.ഐയുടെ വിശ്വാസ്യത പാടെ തകര്‍ത്ത കേസാണ് 2 ജി സ്പെക്ട്രം. ഡയറക്ടറായ രഞ്ജിത്ത് സിന്‍ഹയെ അന്വേഷണ ചുമതലയില്‍ നിന്നും നീക്കിയ അസാധാരണമായ നടപടി സുപ്രീം കോടതിക്ക് സ്വീകരിക്കേണ്ടി വന്നു. സര്‍വീസില്‍ നിന്നു വിരമിക്കാന്‍ 12 ദിവസം ബാക്കി നില്‍ക്കെയായിരുന്നു ഈ ഉത്തരവ്. കേസിലെ ചിലരെ രക്ഷിക്കാന്‍ ഡയറക്ടര്‍ ശ്രമിച്ചുവെന്ന ആരോപണത്തില്‍ കഴമ്പുണ്ടെന്നുവിലയിരുത്തിയാണ് ചീഫ് ജസ്റ്റിസ് ദത്തുവിന്‍റെ നേതൃത്വത്തിലുള്ള സുപ്രീം കോടതി ബെഞ്ച് ഈ ഉത്തരവിട്ടത്.
څസെന്‍റര്‍ ഫോര്‍ പബ്ലിക് ഇന്‍ററസ്റ്റ് ലിറ്റിഗേഷന്‍چ എന്ന സംഘടന സമര്‍പ്പിച്ച പൊതുതാല്പര്യ ഹര്‍ജിയിലാണ് സിന്‍ഹയ്ക്കെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചത്. അന്വേഷണം നേരിടുന്ന റിലയന്‍സിന്‍റെ പ്രതിനിധികള്‍ സിന്‍ഹയെ വീട്ടില്‍ ചെന്ന് കണ്ടിരുന്നതായി ഹര്‍ജിയില്‍ ആരോപിച്ചു. അതിനു തെളിവായി സിന്‍ഹയുടെ വീട്ടിലെ സന്ദര്‍ശക ഡയറി തന്നെ അഭിഭാഷകനായ പ്രശാന്ത്ഭൂഷണ്‍ കോടതിയില്‍ ഹാജരാക്കി. സി.ബി.ഐ ഡയറക്ടറുടെ ഔദ്യോഗിക വസതിയില്‍ എത്തിയവരില്‍ ഏറെയും അദ്ദേഹം അന്വേഷിക്കുന്ന കേസിലെ പ്രതികളാകാന്‍ ഇടയുള്ളവരായിരുന്നു എന്ന വിചിത്രമായ വസ്തുതയാണ് പ്രശാന്ത് ഭൂഷണ്‍ തെളിവുസഹിതം സുപ്രീം കോടതിയെ ബോധ്യപ്പെടുത്തിയത്. അതിന് രഞ്ജിത്ത് സിന്‍ഹയ്ക്ക് മറുപടി ഒന്നേ ഉണ്ടായിരുന്നുള്ളൂ; څഅതിഥി ദേവോ ഭവ: എന്നതാണ് ഭാരതീയ സങ്കല്പം.چ
കാലിത്തീറ്റ കുംഭകോണ കേസ് ദുര്‍ബലമാക്കിയതിന് നേരത്തെ സിന്‍ഹയെ അന്വേഷണ ചുമതലയില്‍ നിന്നും ഒഴിവാക്കിയിരുന്നു. 2 ജി സ്പെക്ട്രം കേസിലും സിന്‍ഹ ഇതു തുടര്‍ന്നുവെന്നാണ് സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ആനന്ദ് ഗ്രോവര്‍ കോടതിയില്‍ ബോധിപ്പിച്ചത്. 2 ജി കേസ് ദുര്‍ബലപ്പെടുത്താന്‍ തുരപ്പനെലിയെപ്പോലെയാണ് സിന്‍ഹ പ്രവര്‍ത്തിച്ചതെന്നും അദ്ദേഹം ആരോപിച്ചിരുന്നു. സിന്‍ഹയുടെ നിലപാടുകള്‍ അംഗീകരിക്കുകയാണെങ്കില്‍ 2 ജി കേസ് ഇല്ലാതാവുമെന്നും ഗ്രോവര്‍ കോടതിയെ അറിയിച്ചു.
സി.ബി.ഐയ്ക്ക് ആന്ധ്രയില്‍ വിലക്ക്
സംസ്ഥാനത്തിനകത്തുള്ള കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പരിശോധനകളും റെയ്ഡുകളും നടത്താന്‍ സി.ബി.ഐയ്ക്ക് എല്ലാ സംസ്ഥാനങ്ങളും പൊതുവില്‍ അനുമതി നല്‍കിയിട്ടുള്ളതാണ്. അതിനാല്‍ ഓരോ കേസിനു മുന്‍പും സി.ബി.ഐ സംസ്ഥാന സര്‍ക്കാരില്‍ നിന്നും അനുമതി തേടാറില്ല. ഈ അനുമതിയാണ് ആന്ധ്രപ്രദേശ് സര്‍ക്കാര്‍ പിന്‍വലിച്ചത്. മുന്‍പ് ഛത്തീസ്ഗഡ് സര്‍ക്കാര്‍ ഇത്തരമൊരു വിലക്ക് ഏര്‍പ്പെടുത്തിയപ്പോള്‍ സി.ബി.ഐ അതിനെ കോടതിയില്‍ ചോദ്യം ചെയ്തിരുന്നു. എന്നാല്‍, സംസ്ഥാനത്തിനു പുറത്തു രജിസ്റ്റര്‍ ചെയ്ത കേസാണെങ്കില്‍ സംസ്ഥാന സര്‍ക്കാരിന്‍റെ അനുമതി ആവശ്യമില്ലെന്നാണ് ഡല്‍ഹി ഹൈക്കോടതിയുടെ വിധി. ഇതിനെ സംബന്ധിച്ച് സുപ്രീം കോടതിയിലും കേസ് നിലവിലുണ്ട്.
സി.ബി.ഐയിലുണ്ടായ അഴിമതി ആരോപണം മൂലം അതിന്‍റെ വിശ്വാസ്യത തകര്‍ന്നതാണ് ഇത്തരമൊരു തീരുമാനമെടുക്കാന്‍ കാരണമെന്നാണ് സര്‍ക്കാര്‍ നിലപാട്. സംസ്ഥാന സര്‍ക്കാരിന്‍റെ മുന്‍കൂര്‍ അനുമതിയില്ലാതെ സി.ബി.ഐ ഉദ്യോഗസ്ഥര്‍ സംസ്ഥാനത്ത് പ്രവേശിക്കുകയോ കേസന്വേഷണം നടത്തുകയോ ചെയ്യരുതെന്നാണ് സര്‍ക്കാര്‍ ഉത്തരവ്. ആന്ധ്രപ്രദേശിന്‍റെ അധികാര പരിധിയില്‍ നടക്കുന്ന കേസുകള്‍ക്ക് സി.ബി.ഐയ്ക്ക് ഇനി ഇടപെടാനാവില്ല. സി.ബി.ഐയ്ക്കു പകരം ആന്ധ്രപ്രദേശ് ആന്‍റി കറപ്ഷന്‍ ബ്യൂറോ (എ.സി.ബി) യായിരിക്കും റെയ്ഡുകളും മറ്റും നടത്തുക. സംസ്ഥാനത്തെ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളിലും പരിശോധന നടത്താന്‍ സര്‍ക്കാര്‍ എ.സി.ബിക്ക് അനുവാദം നല്‍കിയിട്ടുണ്ട്.
തിരക്കിട്ട തീരുമാനങ്ങള്‍, കീഴ്മേല്‍മറിഞ്ഞ് സി.ബി.ഐ
മൂന്നുകോടി രൂപ കൈക്കൂലി വാങ്ങിയെന്ന കേസില്‍ സി.ബി.ഐ മുന്‍ സ്പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയ്ക്കെതിരെയുള്ള എഫ്.ഐ.ആര്‍ റദ്ദാക്കാന്‍ ഡല്‍ഹി ഹൈക്കോടതി വിസമ്മതിച്ചു. അന്വേഷണം തുടരാമെന്നാണ് കോടതി വിധിച്ചത്.
ഒരാഴ്ചക്കുള്ളില്‍ ഉന്നതാധികാരസമിതി ചേര്‍ന്നാല്‍ മതിയെന്നാണ് സുപ്രീം കോടതി ഡിസംബര്‍ 8 ന് നിര്‍ദ്ദേശിച്ചത്. എന്നാല്‍ തിരക്കിട്ട് 9 നു തന്നെ സമിതി യോഗംചേരുകയും 10 ന് ഭൂരിപക്ഷ തീരുമാനപ്രകാരം വര്‍മ്മയെ പുറത്താക്കാന്‍ തീരുമാനിക്കുകയും ചെയ്തു.
ഹൈക്കോടതി വിധി അസ്താനയ്ക്കും പ്രതികൂലമാകുമെന്ന സാധ്യത മുന്നില്‍ കണ്ടാണ് അടിയന്തരമായി ഉന്നതാധികാരസമിതിയോഗം പ്രധാനമന്ത്രി വിളിച്ചുചേര്‍ത്തതെന്ന് ആരോപണമുണ്ട്.
അലോക് വര്‍മ്മയ്ക്ക് ആദ്യം ക്ലീന്‍ ചിറ്റ്
അലോക് വര്‍മ്മയ്ക്കെതിരെ പ്രധാനമന്ത്രി അദ്ധ്യക്ഷനായ ഉന്നതാധികാരസമിതിയുടെ തീരുമാനത്തിനെതിരെ ജസ്റ്റിസ് പട്നായ്ക്ക് രംഗത്തുവന്നു. വര്‍മ്മയ്ക്കെതിരെ സി.വി.സി നടത്തിയ അന്വേഷണത്തിന് സുപ്രീം കോടതിയുടെ നിര്‍ദേശാനുസരണം മേല്‍നോട്ടം വഹിച്ചത് ജസ്റ്റിസ് പട്നായ്ക്കാണ്.
സി.വി.സി നടപടികളെക്കുറിച്ച് ജസ്റ്റിസ് പട്നായ്ക്ക് സുപ്രീം കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ട് ഉന്നതാധികാരസമിതി കണക്കിലെടുത്തില്ലെന്ന ആരോപണവും ഉയര്‍ന്നു. സമിതി ചേരാതെയാണ് ആദ്യം
ഡയറക്ടറെ മാറ്റിയത്. ഈ നടപടി തെറ്റിയെന്ന് സുപ്രീം കോടതി പറയുകയും ചെയ്തു. അതിനുശേഷം സുപ്രീം കോടതി നിര്‍ദേശപ്രകാരം യോഗം ചേര്‍ന്നപ്പോഴും സി.വി.സി യുടെ റിപ്പോര്‍ട്ട് മാത്രമാണ് പരിഗണിച്ചത് എന്ന വിമര്‍ശനവും ഉയര്‍ന്നു.
കേസുമായി ബന്ധപ്പെട്ട് അസ്താനയുടേതായി സി.വി.സി നല്‍കിയ മൊഴി തന്‍റെ സാന്നിധ്യത്തിലല്ല ഒപ്പുവച്ചതെന്നും സി.വി.സി കോടതിക്കു നല്‍കിയ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ തന്‍റേതല്ലെന്നും കോടതിയെ അറിയിച്ചിരുന്നുവെന്നും ജസ്റ്റിസ് പട്നായ്ക്ക് പറയുന്നു.
ചുരുക്കത്തില്‍, സി.ബി.ഐ ഢെ. സി.ബി.ഐ എന്ന കേസുമായി ഡല്‍ഹിയില്‍ നടന്ന അന്തര്‍ നാടകങ്ങള്‍ രാജ്യത്തിന് തീരാക്കളങ്കമായി. അതിലെ കഥാപാത്രങ്ങളായി രാജ്യത്തെ ഉന്നതനീതിപീഠത്തിലെ സമുന്നതരായ ന്യായാധിപരും പ്രധാനമന്ത്രിയും ഉള്‍പ്പെടുകയും വര്‍മ്മയുടെ രാജിയോടെ ആ അസംബന്ധ നാടകം ദുരന്തപര്യവസാനിയാകുകയും ചെയ്തു.
സുതാര്യതയില്ലാത്ത സി.ബി.ഐ
2011 ജൂണ്‍ 9 ന് കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവിലൂടെ സി.ബി.ഐ, എന്‍.ഐ.എ തുടങ്ങിയ അന്വേഷണ ഏജന്‍സികളെ വിവരാവകാശനിയമത്തിന്‍റെ പരിധിയില്‍ നിന്നും ഒഴിവാക്കി. അഴിമതിയും മനുഷ്യാവകാശലംഘനവുമായി ബന്ധപ്പെട്ട വിവരം മാത്രമേ ഇനി ഇവര്‍ നല്‍കേണ്ടതുള്ളൂ എന്നാണ് തീരുമാനം. 2005 ല്‍ പാര്‍ലമെന്‍റ് പാസാക്കിയ നിയമത്തിന്‍റെ പരിധിയില്‍ സി.ബി.ഐയും ഉള്‍പ്പെടുന്നുണ്ട്. രഹസ്യാന്വേഷണ സുരക്ഷാ ഏജന്‍സികള്‍ മാത്രമാണ് ആര്‍.ടി.ഐ നിയമത്തിന്‍റെ പരിധിയില്‍ നിന്നും ഒഴിവായിരുന്നുള്ളൂ. ഐ.ബിയെ ഭാഗികമായി ഒഴിവാക്കിയത് രഹസ്യാന്വേഷണ ഏജന്‍സി എന്ന പേരിലാണ്. പൊലീസിനെ പോലെ അന്വേഷണ ഏജന്‍സിയായ സി.ബി.ഐ, എന്‍.ഐ.എ എന്നിവരെ ഒഴിവാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിയെ ഈ ലേഖകന്‍ കേരള ഹൈക്കോടതിയില്‍ ചോദ്യം ചെയ്തിരുന്നു. തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ട്രാന്‍സ്ഫര്‍ ഹര്‍ജിയെത്തുടര്‍ന്ന് രാജ്യത്തെ ഇതര ഹൈക്കോടതിയിലെ ഹര്‍ജികള്‍ എല്ലാം സുപ്രീം കോടതിയിലേക്ക് വിളിച്ചുവരുത്തി. ഈ ഹര്‍ജി ഇപ്പോഴും സുപ്രീം കോടതിയുടെ പരിഗണനയിലാണ്.
ഐ.ബി ഢെ. സി.ബി.ഐ
കേന്ദ്രസര്‍ക്കാരിന്‍റെ സുപ്രധാനമായ രണ്ടു വിഭാഗങ്ങളാണ് ഇന്‍റലിജന്‍സ് ബ്യൂറോ (ഐ.ബി)യും സി.ബി.ഐയും. അലോക് വര്‍മ്മ സി.ബി.ഐ ഡയറക്ടറായിരിക്കെ ഡല്‍ഹിയിലെ അദ്ദേഹത്തിന്‍റെ ഔദ്യോഗിക വസതിയുടെ മുന്നില്‍ നിന്നും നാല് ഐ.ബി ഉദ്യോഗസ്ഥരെ സി.ബി.ഐ ഉദ്യോഗസ്ഥര്‍ څകസ്റ്റഡിچയിലെടുത്തത് വാര്‍ത്തയായി. സി.ബി.ഐ ഡയറക്ടറുടെ നീക്കങ്ങളറിയാനാണ് കേന്ദ്രസര്‍ക്കാര്‍ ഈ ചാരന്മാരെ അയച്ചതെന്ന് പിന്നീട് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഐ.ബി ഉദ്യോഗസ്ഥരെ കോളറിനുപിടിച്ച് തൂക്കിയെടുത്ത് സി.ബി.ഐ കൊണ്ടുപോകുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി. څസാധാരണ പരിശോധനچയെന്ന് ഐ.ബി സംഭവത്തെക്കുറിച്ച് പ്രതികരിച്ചെങ്കിലും ഐ.ബിയുടെ യഥാര്‍ത്ഥ പണിയേതെന്ന ആരോപണം ശരിവയ്ക്കുന്നതായി ഈ നാണംകെട്ട നടപടി.
വിവാദങ്ങളുടെ കളിത്തോഴന്‍
കോളിളക്കം സൃഷ്ടിച്ചതും ദേശീയപ്രാധാന്യവുമുള്ള കേസുകളാണ് സാധാരണയായി സി.ബി.ഐ അന്വേഷിക്കുന്നത്. സംസ്ഥാന പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും പിന്നീട് കേന്ദ്രസര്‍ക്കാരിന്‍റെയോ കോടതിയുടെയോ ഉത്തരവ് പ്രകാരം തുടര്‍ അന്വേഷണം സി.ബി.ഐ ഏറ്റെടുക്കുകയുമാണ് സാധാരണ സംഭവിക്കുന്നത്. നിരവധി കുംഭകോണങ്ങളുടെ അന്വേഷണം അട്ടിമറിക്കപ്പെട്ടതില്‍ സി.ബി.ഐയ്ക്ക് ഏറെ പഴി കേള്‍ക്കേണ്ടി വന്നിട്ടുണ്ട്. മുന്‍ പ്രധാനമന്ത്രി പി.വി നരസിംഹറാവു, ജയലളിത, ലാലുപ്രസാദ് യാദവ്, മായാവതി, മുലായം സിംഗ് യാദവ് എന്നിവര്‍ക്കെതിരെയുള്ള കേസുകള്‍ ഇഴഞ്ഞുനീങ്ങുകയും അവസാനം പ്രതികളെ വെറുതെ വിടുന്നതിലേക്ക് നയിക്കുകയും ചെയ്തതില്‍ സി.ബി.ഐയുടെ പങ്ക് ചെറുതല്ല. രാഷ്ട്രീയ പ്രതിയോഗികളെ ഒതുക്കുന്നതിന് സി.ബി.ഐയെ ചട്ടുകമാക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ പലപ്പോഴും ചെയ്തിട്ടുള്ളത്.
2016 ല്‍ സി.ബി.ഐ രജിസ്റ്റര്‍ ചെയ്ത ബൊഫോഴ്സ് ആയുധ ഇടപാടിന്‍റെ അന്വേഷണചരിത്രം പരിശോധിച്ചാല്‍ സി.ബി.ഐയുടെ നിസ്സഹായത ബോദ്ധ്യമാകും. ഇറ്റാലിയന്‍ ബിസിനസുകാരനായ ഒക്ടോവിയോ ക്വത്റോച്ചിക്കെതിരെയുള്ള څറെഡ് കോര്‍ണര്‍چ നോട്ടീസ് പിന്‍വലിക്കാന്‍ സി.ബി.ഐ തന്നെയാണ് ഇന്‍റര്‍പോളിനോട് ആവശ്യപ്പെട്ടത്.
ഹവാല തട്ടിപ്പ്
1991 ല്‍ കാശ്മീര്‍ തീവ്രവാദികളെ അറസ്റ്റു ചെയ്തപ്പോഴാണ് ഹവാല തട്ടിപ്പിന്‍റെ ഭീകരരൂപം പുറത്തുവന്നത്. നിരവധി ദേശീയ രാഷ്ട്രീയ നേതാക്കള്‍ക്ക് ഇതില്‍ പങ്കുണ്ടെന്ന് തെളിവ് ലഭിച്ചു. എന്നിട്ടും സി.ബി.ഐ അന്വേഷണം ഫലപ്രദമായില്ല. പ്രത്യേക കോടതി എല്ലാവരേയും കുറ്റവിമുക്തരാക്കി. 1997 ല്‍ വിനീത് നാരായണന്‍ കേസില്‍ അന്നത്തെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജെ.എസ് വര്‍മ്മ അദ്ധ്യക്ഷനായ ബെഞ്ച് സി.ബി.ഐ യുടെ പ്രവര്‍ത്തനത്തെ അതിരൂക്ഷമായി വിമര്‍ശിക്കുകയും അതിന്‍റെ സ്വാതന്ത്ര്യം ഉറപ്പുവരുത്തുന്നതിനായി 24 ഇന മാര്‍ഗനിര്‍ദേശം പുറപ്പെടുവിക്കുകയും ചെയ്തു. രണ്ടു പതിറ്റാണ്ട് കഴിഞ്ഞ ഈ ഘട്ടത്തില്‍ നാം തിരിഞ്ഞുനോക്കുമ്പോള്‍ തുടര്‍ന്ന് കേന്ദ്രത്തില്‍ അധികാരത്തില്‍ വന്ന എല്ലാ സര്‍ക്കാരുകളും ഈ മാര്‍ഗനിര്‍ദേശങ്ങളെ പൂര്‍ണമായും അവഗണിക്കുകയാണ് ചെയ്തതെന്ന് ബോദ്ധ്യമാകും. സി.വി.സിയെ സി.ബി.ഐയുടെ മേല്‍നോട്ട ചുമതല ഏല്‍പ്പിച്ചത് ഐ.എ.എസ്, ഐ.പി.എസ് പേരിനു മാത്രമേ ഉപകരിച്ചുള്ളൂ.
ചുരുക്കത്തില്‍ കേന്ദ്രസര്‍ക്കാരിന്‍റെ വകുപ്പുകളില്‍ ഒന്നായി സി.ബി.ഐയും എന്‍.ഐ.എയും മാറി.
വേണം സി.ബി.ഐയ്ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യം
അഴിമതി കേസുകള്‍ അന്വേഷിക്കാന്‍ സി.ബി.ഐയ്ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യം (എൗിരശേീിമഹ അൗീിീാ്യേ) നല്‍കണം. മതിയായ സാമ്പത്തിക - ഭരണസ്വാതന്ത്ര്യവും അധികാരവും നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാവണം. ഡയറക്ടര്‍ ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ക്ക് മൂന്നു വര്‍ഷത്തെ സേവനകാലമെങ്കിലും സി.ബി.ഐയില്‍ നിയമം മൂലം ഉറപ്പുവരുത്തണം. ഗവണ്‍മെന്‍റ് സെക്രട്ടറിയുടെ അധികാരം ഡയറക്ടര്‍ക്ക് നല്‍കിക്കൊണ്ട് കേന്ദ്രമന്ത്രാലയം വഴിയല്ലാതെ നേരിട്ട് സര്‍ക്കാരിനോടും മന്ത്രിയോടും റിപ്പോര്‍ട്ട് ചെയ്യാന്‍ കഴിയണം. ബജറ്റില്‍ തന്നെ സി.ബി.ഐയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വിഹിതം പ്രഖ്യാപിക്കണം. ഭരണഘടനാപദവിതന്നെ സി.ബി.ഐയ്ക്കു നല്‍കണമെന്ന ആവശ്യവും പരിഗണിക്കേണ്ടതാണ്.
സി.ബി.ഐയ്ക്ക് പ്രത്യേക നിയമം വേണമെന്ന ആവശ്യം 2010 ല്‍ പ്രസിദ്ധീകരിച്ച കരടുനിയമത്തില്‍ ഒതുക്കി. എട്ടുവര്‍ഷം പൂര്‍ത്തിയായിട്ടും ആ ബില്‍ നിയമമാക്കാനുള്ള രാഷ്ട്രീയമായ ഇച്ഛാശക്തി കേന്ദ്രഭരണത്തിലെത്തിയ ഒരു രാഷ്ട്രീയ കക്ഷിക്കും ഉണ്ടായില്ല.
നിലവിലുള്ള എന്‍.ഡി.എ സര്‍ക്കാര്‍ ഒരു പടികൂടി കടന്ന്, 1988 ല്‍ നിലവില്‍ വന്ന അഴിമതി നിരോധനനിയമം ഭേദഗതി ചെയ്തത് പൂര്‍ണമായും അപ്രസക്തമാക്കി മാറ്റി. 2018 ല്‍ നടപ്പിലാക്കിയ ഈ ഭേദഗതി മൂലം മന്ത്രിമാര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരെ പ്രാഥമിക അന്വേഷണം പോലും അസാദ്ധ്യമായി. അതിന് സി.ബി.ഐയ്ക്കും വിജിലന്‍സിനും മുന്‍കൂര്‍ അനുമതി വേണമെന്ന് നിയമം ഭേദഗതി ചെയ്തു. څഅധികാര ദുര്‍വിനിയോഗംچ എന്ന കുറ്റം ചാര്‍ത്തല്‍ പുതിയ നിയമത്തില്‍ അപ്രസക്തമായി. നിലവിലുള്ള വ്യവസ്ഥകള്‍ പോലും ഇല്ലാതാക്കി, വെള്ള ചേര്‍ത്ത പുതിയ നിയമം അവതരിപ്പിച്ച ഒരു സര്‍ക്കാര്‍ ലോക്പാല്‍ നിയമമോ വിസില്‍ ബ്ലോവേഴ്സ് സംരക്ഷണനിയമമോ ഫലപ്രദമായി നടപ്പിലാക്കുമെന്ന് കരുതാനാവില്ല. ചുരുക്കത്തില്‍ അഴിമതിയുടെ നീരാളിപ്പിടിത്തത്തില്‍ നിന്നും ഇന്ത്യയിലെ ജനങ്ങള്‍ക്ക് സമീപകാലത്തൊന്നും മോചനമുണ്ടാകില്ല എന്ന കാര്യം ഉറപ്പായി.
No comments:
Post a Comment