ന്യായാധിപര്‍, അവരേത് കോടതികളിലേതായാലും, വ്യക്തിപരമായി സാമൂഹ്യ, ഭരണ രംഗങ്ങളിലെ അഭിപ്രായങ്ങള്‍ പൊതുജന മധ്യത്തില്‍ പ്രകടിപ്പിക്കുന്നത് വിരളമാണല്ലോ; അങ്ങനെ സംഭവിക്കുക എന്നത് ചിന്തിക്കുന്നവരുടെയും സ്വന്തം ജീവിതത്തോടും അന്യന്‍റെ ജീവിതത്തോടും പ്രതിബദ്ധത ഉള്ളവരുടെയും ഒക്കെ ഒരു വലിയ ആഗ്രഹമാണ് അതെങ്കില്‍ കൂടി.
കാലം ഒരു പരീക്ഷണ ഘട്ടത്തിലൂടെയാണ് കടന്നുപോയികൊണ്ടിരിക്കുന്നത് എന്ന് തോന്നിയിട്ടുണ്ട്. ഒരു സാധാരണ മനുഷ്യന് സ്വാതന്ത്ര്യവും, സാമൂഹിക ഇടങ്ങളും ശുഷ്ക്കമായി തീരുന്ന ഒരവസ്ഥ. അവന്‍റെ ജീവിതത്തെ അങ്ങനെയാക്കിത്തീര്‍ക്കുന്ന പൊതു രാഷ്ട്രീയ സമ്പദ് വ്യവസ്ഥ. മുമ്പെങ്ങും ഇല്ലാത്തവിധം അരക്ഷിത ബോധം പൊതുവില്‍ സമൂഹത്തില്‍ പരക്കുന്നു. അഴിമതിക്ക് പലവിധത്തിലും ഭാവത്തിലും പുതിയ ചിറകുകള്‍.
അശരണര്‍ക്ക് എന്നും താങ്ങായ നീതിന്യായ വ്യവസ്ഥയിലും, സ്ഥാപനങ്ങളില്‍ പോലും ഈ ഒരു വികാസത്തിന്‍റെ അനുരണനങ്ങള്‍ നാം ശ്രദ്ധിക്കുന്നു. സത്യസന്ധരുടെ തുറന്നു പറച്ചിലുകള്‍ക്കും, പോരാട്ടങ്ങള്‍ക്കും സമൂഹം കണ്ണും കാതും കൂര്‍പ്പിച്ചിരിക്കുന്നു നമ്മെ ചൂഴുന്ന അന്ധകാരത്തെ നെടുകെ കീറുന്ന നേര്‍ചിന്തയുടെ പ്രകാശം പതിയുന്നതു കാത്തിരിക്കുന്നു.
ജസ്റ്റിസ് കുര്യന്‍ ജോസഫിന് ആമുഖങ്ങള്‍ വേണ്ട. ഇത്രയും കുറിച്ചത് സമൂഹം കാത്തുവയ്ക്കുന്ന സന്ദേഹങ്ങള്‍ക്ക് അദ്ദേഹം പ്രവൃത്തിയാല്‍ മറുപടി നല്‍കുന്നു എന്ന് പരാമര്‍ശിക്കാനാണ്. ചുവടെ അദ്ദേഹം സംസാരിക്കുന്നതും ഒരു തരത്തില്‍ ഈ സന്ദേഹങ്ങള്‍ക്കുള്ള മറുപടിയാണ് - സംഭാഷണത്തിലൂടെ.
എന്‍റെ വീക്ഷണത്തില്‍ സമൂഹത്തില്‍ നീതി ലഭ്യമാകുവാന്‍ വേണ്ടിയാണ് നിയമം ആവശ്യമായിട്ടുള്ളത്. ആ നിയമം നീതി നടപ്പാകാന്‍ ഉപകരിക്കുന്നില്ല എങ്കില്‍ ഒന്നുകില്‍ ആ നിയമം നീതിക്കു വേണ്ടി വ്യാഖ്യാനിക്കപ്പെടേണ്ടതുണ്ട്. അല്ലെങ്കില്‍ ആ നിയമം എന്തിനുവേണ്ടി ഉണ്ടാക്കിയോ ആ ഉദ്ദേശം സാധൂകരിക്കാന്‍തക്കവണ്ണം നീതിക്കു വേണ്ടി വ്യാഖ്യാനിക്കാന്‍ കഴിയുന്ന സംവിധാനം ഉണ്ടാകണം. ഇത് നടപ്പാകുന്നില്ല എങ്കില്‍ നിയമം പൊളിച്ചെഴുതാന്‍ അതുണ്ടാക്കിയവര്‍ക്കു കഴിയണം. അതിനാണ് നമ്മള്‍ ഭേദഗതികള്‍ എന്ന് പറയുന്നത്. നിയമത്തിനു ഭേദഗതികള്‍ വേണ്ടി വരുന്നത് ഏതു ഉദ്ദേശ ലക്ഷ്യത്തോട് കൂടി നിയമം ഉണ്ടാക്കിയോ ആ ലക്ഷ്യം നടപ്പാവാതിരിക്കുമ്പോഴാണല്ലോ. അപ്പോള്‍ നിയമം എന്നത് നീതിക്കു വേണ്ടിത്തന്നെ ഉള്ളതാണെന്ന് വരുന്നു. വരുന്നു എന്നത് അതങ്ങനെത്തന്നെയാണ്. ഏതൊരു നിയമത്തിനു നീതിയെ പ്രാപിക്കാന്‍ തടസ്സം വരുന്നുവോ ആ നിയമം ഒന്നുകില്‍ റദ്ദ് ചെയ്യണം. നിയമ ഭേദഗതി നിയമമുണ്ടാക്കിയവരുടെ പണിയും, നിയമം റദ്ദ് ചെയ്യുന്നത് കോടതിയുടെ പണിയുമാണ്.
കാലഘട്ടത്തിന്‍റെ മാറ്റം അനുസരിച്ചു നീതിയുടെയും ന്യായത്തിന്‍റെയും അര്‍ത്ഥതലങ്ങള്‍ക്കു മാറ്റം സംഭവിക്കുന്നുവെന്നത് സത്യമാണ്. കാരണം ജീവിതത്തിന്‍റെ കണ്ണാടിയാണ് നിയമം. സമൂഹത്തില്‍ ക്രമം ഉണ്ടാകാനും, അക്രമം ഒഴിവാക്കാനുമാണ് നിയമങ്ങള്‍ ഉണ്ടാക്കുന്നത്. ഒരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ മിക്കവാറും നിയമങ്ങള്‍ അക്രമം ഒഴിവാക്കാനായി ഉണ്ടാക്കിയിട്ടുള്ളതാണ്. ക്രമം ഉണ്ടാക്കാനായിട്ടുള്ള നിയമങ്ങള്‍ അപൂര്‍വമായേ കണ്ടിട്ടുള്ളൂ. അപ്പോള്‍ ഓരോ കാലഘട്ടത്തിലും ജനങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെ കൈകാര്യം ചെയ്യാനായിട്ടാണ് നിയമങ്ങള്‍. അതുകൊണ്ടു തീര്‍ച്ചയായും സമൂഹത്തിലെ ചലനങ്ങള്‍ നിയമത്തിലും, നിയമത്തെ നീതിക്കു വേണ്ടി വ്യാഖ്യാനിക്കുന്ന സംവിധാനങ്ങളിലും പ്രതിഫലിക്കും എന്നുതന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത്. ജനത്തിന്‍റെ ഇംഗിതത്തിനു വേണ്ടിയാണ് നിയമം ഉണ്ടാക്കുന്നത്. പക്ഷെ ജനത്തിന്‍റെ താല്പര്യത്തെ കരുതിയാണ് നിയമത്തെ വ്യാഖ്യാനിക്കേണ്ടത്. ജനങ്ങളുടെ താല്പര്യം എന്നുപറയുന്നത്, അവര്‍ എന്തില്‍ തല്പരരാണോ എന്നുള്ളതല്ല മറിച്ച് ജനങ്ങള്‍ക്ക് ഭരണഘടനാപരമായി എന്ത് താല്പര്യം ഉണ്ടാവണം എന്നതിനെക്കുറിച്ചാണ് കോടതിയുടെ വ്യാഖ്യാനം ഉണ്ടാവേണ്ടത്. ജനങ്ങളുടെ താല്പര്യം പരിഗണിക്കേണ്ടത് നിയമങ്ങള്‍ ഉണ്ടാക്കുന്നവരുടെ ജോലിയാണ്. ഭരണഘടനാപരമായി ജനങ്ങളുടെ താല്പര്യം എപ്രകാരമാവണം എന്ന് നോക്കേണ്ടത് കോടതിയുടെ പണിയും.
നിയമങ്ങള്‍ക്കും വ്യാഖ്യാനങ്ങള്‍ക്കുമപ്പുറം ധാര്‍മികത ഇല്ലേ എന്ന് ചോദിക്കാം. അടിസ്ഥാനപരമായി ധാര്‍മികത എന്നത് വളരെ സങ്കീര്‍ണമായ പ്രശ്നമാണ്. ധാര്‍മികത എപ്പോഴും മനസ്സാക്ഷിയുമായി ബന്ധപ്പെട്ടതാണ്. ഏതു തെറ്റ് ഏതു ശരി എന്നുള്ള ഒരു പൊതുധാരണയെയാണ് നമ്മള്‍ ധാര്‍മികത എന്ന് പറയുന്നത്. ഇപ്പോള്‍ ഈ അടുത്ത കാലത്തായി വളരെ അധികം ചര്‍ച്ച ചെയ്യുന്ന വിഷയമാണ് ഭരണഘടനാ ധാര്‍മികത (ഇീിശെേൗശേേീിമഹ ാീൃമഹശ്യേ). ഭരണഘടനാപരമായ ധാര്‍മികത എന്ന് പറയുന്നത് മനുഷ്യന്‍റെ സ്വാതന്ത്ര്യം, സമത്വം, അന്തസ്സ് എന്നീ മൂന്ന് കാര്യങ്ങളില്‍ അടങ്ങിയിരിക്കുന്നു. പക്ഷെ സമൂഹത്തിന്‍റെ ദൃഷ്ടിയിലുള്ള ധാര്‍മികത എന്നാല്‍ ഈ അന്തസ്സോ, സമത്വമോ, സ്വാതന്ത്ര്യമോ മാത്രമല്ല. അതിനുമപ്പുറം സമൂഹം കാലാകാലങ്ങളായി നിലനിര്‍ത്തി പോന്നിട്ടുള്ള കാഴ്ചപ്പാടുകളും, മതവിശ്വാസങ്ങളുമായി ബന്ധപ്പെട്ട അനുഷ്ഠാനങ്ങളും, ആചാരങ്ങളുമാണ്. ഇത് വളരെയേറെ സങ്കീര്‍ണമാണ്. ഈ പശ്ചാത്തലത്തില്‍ ധാര്‍മികതയെ വ്യാഖ്യാനിക്കുമ്പോള്‍ ഓരോരോ കാലഘട്ടത്തിലെ ചിന്താഗതിക്ക് അനുസൃതമായും, പൗരന് ഭരണഘടന നല്‍കിയിട്ടുള്ള അന്തസ്സും അവകാശങ്ങളും ബന്ധപ്പെട്ടും നിയമം വ്യാഖ്യാനിക്കാന്‍ ന്യായാധിപര്‍ കടപ്പെട്ടിരിക്കുന്നു. അങ്ങനെ അവര്‍ ചെയ്യുമ്പോഴും പൊതുസമൂഹത്തിന്‍റെ കാഴ്ചപ്പാടുകള്‍ എന്തായിരുന്നു എന്നും, ഏതു കാഴ്ചപ്പാടുകളെ കരുതിയാണ് നിയമങ്ങള്‍ ഉണ്ടാക്കിയത് എന്നും കോടതി മനസ്സില്‍വയ്ക്കണം. അത് മനസ്സില്‍വയ്ക്കാതെ കോടതി നിയമം വ്യാഖ്യാനിച്ച് അത് വലിയ വിപത്തിലേക്ക് വഴിതെളിക്കുന്നെങ്കില്‍ അത്തരം വ്യാഖ്യാനം ഒഴിവാക്കുകയുമാണ് വേണ്ടത്. സമൂഹത്തിന്‍റെ സുസ്ഥിരത എപ്പോഴും കോടതിയുടെ മനസ്സിലുണ്ടാവണം എന്ന് സാരം.
ഇന്ത്യയില്‍ മതവും, രാഷ്ട്രീയവും കോടതിയുമായി ഏതെങ്കിലും തരത്തിലുള്ള ആശയ സംഘട്ടനം ഉള്ളതായി എനിക്ക് തോന്നിയിട്ടില്ല. കാരണം ഇത്തരം കാര്യങ്ങളെ കുറിച്ച് വ്യക്തമായ കാഴ്ചപ്പാട് ഇന്ത്യന്‍ ഭരണഘടനയ്ക്കുണ്ട്. ഒരു വിശുദ്ധ വസ്ത്രമാണ് നമ്മുടെ ഭരണഘടന. അതില്‍ എല്ലാ കാഴ്ചപ്പാടുകളെയും സമഗ്രമായി ഉള്‍ക്കൊള്ളാന്‍ ശ്രമിച്ചിട്ടുണ്ട്. ഏതാണ് മതം, ഏതാണ് രാഷ്ട്രീയം, ഏതാണ് കോടതി, എന്താണ് ഭരണത്തിന്‍റെ ഘടന ഇതെല്ലാം നിശ്ചയിച്ചിട്ടുണ്ട്. ഇവയ്ക്കു ഒരതിര്‍ത്തി നിശ്ചയിച്ചിട്ടില്ല എങ്കിലും എഴുതപ്പെടാത്ത അതിര്‍ത്തികള്‍ ഭരണം നിര്‍മിക്കുന്നവര്‍ക്കും, ഭരണം നടപ്പാക്കുന്നവര്‍ക്കും, ഭരണം വ്യാഖ്യാനിക്കുന്നവര്‍ക്കും നിശ്ചയിച്ചിട്ടുണ്ട്. പറയാതെ പറഞ്ഞുപോയിട്ടുള്ള ഈ അതിര്‍ത്തികള്‍ അവരവര്‍ പാലിച്ചാല്‍ ഒരു തരത്തിലുള്ള സംഘട്ടനത്തിനും സാധ്യതയുമില്ല. മാത്രമല്ല സംഘര്‍ഷങ്ങള്‍ വരാതിരിക്കാനുള്ള രവലരസെ മിറ യമഹമിരലെ ഭരണഘടനയില്‍ പറഞ്ഞിട്ടുമുണ്ട്. ഉദാഹരണത്തിന് നിയമനിര്‍മാണ സഭകളില്‍ കോടതി നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ പാടില്ല, നിയമനിര്‍മാണ സഭകളുടെ പരിധിയില്‍ കോടതി കടന്നുകയറാന്‍ പാടില്ല തുടങ്ങിയവ ഈ രവലരസെ മിറ യമഹമിരലെ ല്‍ പെട്ടവയാണ്. അതുപോലെ ഭരണഘടനയുടെ 25-ാം അനുച്ഛേദത്തില്‍ ഏതു മതത്തില്‍ വിശ്വസിക്കുവാനും, വിശ്വസിക്കാതിരിക്കുവാനുമുള്ള അവകാശവും, മതത്തില്‍ വിശ്വസിക്കുന്നു എങ്കില്‍ ആ വിശ്വാസം അനുസരിച്ചു ജീവിക്കാനും, അത് പ്രഘോഷിക്കുവാനും, അത് പ്രചരിപ്പിക്കുവാനും അവകാശമുണ്ട്. പക്ഷെ അപ്രകാരമുള്ള അനുഷ്ഠാനങ്ങളില്‍ ലക്ഷ്മണരേഖകളും പറഞ്ഞിട്ടുണ്ട്. ഇവയൊന്നും, പൊതുക്രമസമാധാനത്തിനും, ധാര്‍മികതയ്ക്കും, ആരോഗ്യത്തിനും, വിരുദ്ധമാവരുത്, മൗലികാവകാശങ്ങളുടെ ധ്വംസനമാവരുത് എന്നിങ്ങനെ.
ഭരണഘടന പോലെ മതം, രാഷ്ട്രീയം, കോടതി എന്നിവയെ ഇത്രത്തോളം സമഗ്രമായി നിര്‍വചിക്കുകയും നിഷ്പക്ഷമായി അഭിസംബോധന ചെയ്യുകയും ചെയ്യുന്ന മറ്റൊരു ഗ്രന്ഥം ഭാരതത്തിലില്ല. കാരണം മനുഷ്യനെ നന്നാക്കുന്ന കാര്യത്തില്‍ മതങ്ങള്‍ക്കുള്ള പങ്ക് വ്യക്തമായിട്ട് അറിയാവുന്ന ഒരു ജനതയാണ് ഭരണഘടന വാര്‍ത്തെടുത്തിരിക്കുന്നത്. അതുകൊണ്ടാണ് അത് മതങ്ങളെ സ്വാഗതം ചെയ്യുന്നതും, മതവിശ്വാസങ്ങളെ അംഗീകരിക്കുകയും, അതിനെ ഒരര്‍ത്ഥത്തില്‍ പ്രോത്സാഹിപ്പിക്കുകയും ചെന്നതും.
നിയമങ്ങള്‍ മാറണം വ്യവസ്ഥിതികള്‍ മാറണം എന്ന് കാലാകാലങ്ങളില്‍ കേള്‍ക്കുന്നത് വെറും മുദ്രാവാക്യങ്ങള്‍ മാത്രമാണ്. കാലത്തിന്‍റെ മാറ്റത്തിന്‍റെ കുളമ്പടി ശ്രവിക്കേണ്ടത് നിയമം ഉണ്ടാക്കുന്നവരാണ്. മാറ്റം വേണമെന്ന് തോന്നിയാല്‍ നിയമങ്ങള്‍ ഉണ്ടാക്കണം. കോടതിയെ നിയമം നിര്‍മിക്കാന്‍ ഏല്‍പ്പിക്കരുത്. അത് ആപത്താണ്. കാരണം കോടതി നിയമിക്കുന്ന ന്യായാധിപര്‍ നിയമം വ്യാഖ്യാനിക്കുന്നവര്‍ ആണ്. അതേ സമയം ജനങ്ങള്‍ തിരഞ്ഞെടുത്തവരാണ് നിയമം ഉണ്ടാക്കുന്നത്. ജനങ്ങള്‍ തിരഞ്ഞെടുത്ത വ്യക്തികളാണ് കാലഘട്ടത്തിനു അനുസൃതമായി വ്യവസ്ഥിതികള്‍ മാറ്റാന്‍ തക്കവണ്ണമുള്ള നിയമങ്ങള്‍ ഉണ്ടാക്കേണ്ടത്. അങ്ങനെ നിര്‍മിക്കപ്പെടുന്ന നിയമങ്ങള്‍ ഭരണഘടനാനുസൃതമാണോ എന്ന് പരിശോധിക്കാന്‍ മാത്രമേ കോടതിക്ക് വിട്ടുകൊടുക്കാവൂ. അല്ലാതെ ജനപ്രതിനിധികള്‍ക്കോ, നിയമനിര്‍മാണ സഭയ്ക്കോ സര്‍ക്കാരിനോ ഏതെങ്കിലും തരത്തില്‍ കൈകാര്യം ചെയ്യാന്‍ സങ്കീര്‍ണത തോന്നുന്ന വിഷയങ്ങള്‍ കോടതിക്ക് വിട്ടുകൊടുത്താല്‍ അപകടമാണ്. ഇത്തരം കൈകഴുകല്‍ നിയമനിര്‍മാണം നടത്തുന്നവര്‍ ചെയ്യുന്നതുകൊണ്ടാണ് ചിലപ്പോഴൊക്കെ ബുദ്ധിമുട്ടുണ്ടാക്കുന്ന വ്യാഖ്യാനങ്ങള്‍ കോടതിയുടെ ഭാഗത്തുനിന്നും വരുന്നത് എന്ന് എനിക്ക് തോന്നിയിട്ടുണ്ട്.
കോടതി വേണ്ടാത്ത കാര്യങ്ങളില്‍ ഇടപെടുമ്പോഴും, ഇടപെട്ട കാര്യങ്ങളില്‍ ജനങ്ങളുടെ പ്രതീക്ഷക്കൊത്തുള്ള വ്യാഖ്യാനങ്ങള്‍ വരാത്തപ്പോഴുമാണ് പലപ്പോഴും കോടതിക്ക് നേരെ വിമര്‍ശനങ്ങള്‍ ഉണ്ടാവുന്നത്. പിന്നെ ജനങ്ങളുടെ പ്രതീക്ഷകള്‍ എല്ലാം മാറ്റി വച്ച് നിയമത്തില്‍ എന്ത് പറയുന്നു എന്നത് വ്യാഖ്യാനിക്കാന്‍ കോടതി പരാജയപ്പെടുമ്പോഴും കോടതിക്ക് നേരെ വിമര്‍ശനങ്ങള്‍ ഉണ്ടാകുന്നു. ഇത് ിലഴമശ്ലേ രൃശശേരശാെ. നീതിക്കു വേണ്ടി നിയമത്തെ വ്യാഖ്യാനിക്കാന്‍ കോടതി പരാജയപ്പെടുമ്പോള്‍ വിമര്‍ശനമുണ്ടാകുന്നു - ഇത് ുീശെശ്ലേ രൃശശേരശാെ ആണ്.
അഴിമതിയുടെയും, സ്ഥാപിത താല്‍പര്യത്തിന്‍റെയും കേന്ദ്രങ്ങളായി കോടതികള്‍ മാറുന്നില്ല എന്ന് വിശ്വസിക്കുവാനാണ് എനിക്ക് ആഗ്രഹം. പക്ഷെ കേരളത്തില്‍ നിന്നും മാറി നിന്നുകൊണ്ട് മറ്റു സംസ്ഥാനങ്ങളെ കുറിച്ച് ചിന്തിക്കുമ്പോള്‍, അവിടെ നിന്ന് കേള്‍ക്കുന്ന കാര്യങ്ങള്‍ വച്ച് നോക്കുമ്പോള്‍ നീതി നിര്‍വഹണ സംവിധാനം അതിന്‍റെ കറയറ്റ സംശുദ്ധി പുലര്‍ത്തുന്നുണ്ടോ എന്ന സംശയം എനിക്കുണ്ട്. പ്രത്യേകിച്ചും ൗയെീൃറശിമലേ ഷൗറശരശമൃ്യ. അവിടെ നല്ലൊരു ശതമാനം ആളുകളുടെ കൈകള്‍ ശുദ്ധമല്ലാത്തതുകൊണ്ട് പലരെയും പിരിച്ചുവിടേണ്ടി വന്നിട്ടുണ്ട്.
സാധാരണ മനുഷ്യന്‍ എന്ന നിലയ്ക്ക് കോടതിയുടെ സംവിധാനങ്ങളെ നോക്കിക്കാണുകയാണെങ്കില്‍ ജനങ്ങളുടെ പ്രതീക്ഷക്കൊത്ത് ഉയരാന്‍ കോടതികള്‍ക്ക് കഴിഞ്ഞിട്ടില്ല എന്നാണ് എനിക്ക് പറയാനുള്ളത്. അത് ന്യായാധിപരുടെ മാത്രം കുഴപ്പം കൊണ്ടുമല്ല. നമ്മുടെ സംവിധാനങ്ങള്‍ കോടതികള്‍ക്ക് കൊടുക്കേണ്ട പ്രാധാന്യം നല്‍കാത്തതുകൊണ്ടോ അല്ലെങ്കില്‍ അതിനുള്ള സൗകര്യം ചെയ്തു കൊടുക്കാത്തതുകൊണ്ടോ ഒക്കെ ആണ്. പിന്നെ ജനങ്ങളുടെ ആവശ്യങ്ങള്‍ക്ക് അനുസരിച്ചുള്ള കോടതികളും ഇല്ല. ജനങ്ങള്‍ക്ക് നീതി ലഭിക്കുവാന്‍ താമസം വരുന്നതും ഇതുകൊണ്ടു കൂടിയാണ്. അതുകൊണ്ടു സാധാരണക്കാരന്‍റെ ദൃഷ്ടിയില്‍ കോടതികള്‍ അതിന്‍റെ പൂര്‍ണമായ തോതില്‍ നീതി നിര്‍വഹിച്ചു എന്ന് പറയാന്‍ ആവില്ല.
അതുകൊണ്ടാണ് കോടതികളോട് ചേര്‍ന്ന് നില്‍ക്കുന്ന മറ്റു സംവിധാനങ്ങളെക്കുറിച്ച് ആലോചിച്ചു തുടങ്ങിയത്. ആര്‍ബിട്രേഷന്‍, മീഡിയേഷന്‍, ലോക് അദാലത്, കണ്‍സിലിയേഷന്‍ മുതലായവ. ഇത് കോടതിക്ക് പുറത്തു ചെയ്യാവുന്ന കാര്യങ്ങളാണ്. ഇവയ്ക്കു പറ്റിയ കേസുകള്‍ ഏതൊക്കെയാണ് എന്ന് കണ്ടുപിടിക്കുക എന്നത് ഒരു ന്യായാധിപന്‍റെ ആറാം ഇന്ദ്രിയം ചെയ്യേണ്ട പണിയാണ്. ഞാനെന്‍റെ ന്യായാധിപ ജീവിതത്തില്‍ ധാരാളം കേസുകള്‍ ഇപ്രകാരം തീര്‍പ്പിനു വിട്ടിട്ടുണ്ട്. അഭിഭാഷകര്‍ വഴിയും മീഡിയേഷന്‍ സെന്‍ററുകള്‍ വഴിയും കോടതി നേരിട്ട് ഇടപെട്ടും പലതും തീര്‍പ്പാക്കിയിട്ടുണ്ട്. എല്ലാ കേസുകളും ഇങ്ങനെ തീര്‍പ്പാക്കാന്‍ പറ്റുന്നവയല്ല. തീര്‍പ്പാക്കാന്‍ പറ്റുന്ന കേസുകള്‍ ഏതൊക്കെയാണെന്ന് കണ്ടുപിടിക്കുക എന്നതാണ് ന്യായാധിപന്‍റെ ഏറ്റവും വലിയ വെല്ലുവിളി.
ഇപ്രകാരം ചെയ്യുക വഴി കേസുകള്‍ തീരുന്നു. തര്‍ക്കങ്ങള്‍ തീരുന്നു. പിന്നീട് കക്ഷികള്‍ കോടതിയില്‍ പോകേണ്ടി വരുന്നില്ല. സമൂഹത്തിനും വ്യക്തികള്‍ക്കുമിടയില്‍ ശാന്തിയും ഉണ്ടാകുന്നു. ഇത്തരം വലിയ തോതിലുള്ള പ്രതിബദ്ധത ന്യായാധിപരുടെ ഭാഗത്തുനിന്നും ഉണ്ടാവണം. അഭിഭാഷകരുടെ ഭാഗത്തുനിന്നും സഹകരണം ഉണ്ടാവണം. ഇപ്രകാരം കോടതിക്ക് പുറത്തുള്ള തീര്‍പ്പാക്കലിന് അഭിഭാഷകര്‍ക്ക് അവര്‍ അര്‍ഹിക്കുന്ന ഫീസ് കിട്ടുന്നില്ല എന്നൊരു പരാതി ഉണ്ട്. അതു ജനത്തിന്‍റെ കാഴ്ചപ്പാട് മാറാത്തതുകൊണ്ടാണ്. ഒരു കേസ് വാദിച്ചു ജയിക്കുന്ന അഭിഭാഷകനു നല്‍കുന്നതിനേക്കാള്‍ കൂടുതല്‍ ഫീസ് കേസുകള്‍ രമ്യമായി പരിഹരിക്കാന്‍ സഹായിക്കുന്ന അഭിഭാഷകന് നല്‍കണം. കാരണം വാദിച്ചു ജയിക്കുന്നതിനേക്കാള്‍ ദുഷ്കരമാണ് അത് രമ്യമായി പരിഹരിക്കാന്‍. സമൂഹം ഈ ഒരു കാഴ്ചപ്പാടിലേക്കു മാറണം.
ജനങ്ങളില്‍ നീതിബോധവും അവകാശങ്ങളെക്കുറിച്ചുള്ള അറിവും വളര്‍ത്താന്‍ കോടതികള്‍ക്ക് ഒരുപാട് കാര്യങ്ങള്‍ ചെയ്യാനാവും. വിധി എഴുതുന്ന ന്യായാധിപന്‍ എഴുതുന്ന ഒരു വിധി വായിച്ചു മനസ്സിലാക്കാന്‍ പാകത്തില്‍ ആണെങ്കില്‍ വളരെ പ്രയോജനകരമാണ് എന്നാണു എന്‍റെ അഭിപ്രായം. വിധി വായിക്കുന്ന ഒരാള്‍ക്ക് കേസിന്‍റെ സ്വഭാവം മനസ്സിലാക്കാനും അതിനെ കോടതി സമീപിച്ച രീതി പിടികിട്ടാനും ഇത് സഹായിക്കും. തര്‍ക്കത്തിലെ നിയമം എന്തായിരുന്നു എന്നും നിയമത്തെ കോടതി എങ്ങനെ വ്യാഖ്യാനം ചെയ്തിരിക്കുന്നു എന്നും മനസ്സിലാകും. നിയമാവബോധമുള്ള ഒരു ജനതയായി ജീവിക്കാന്‍ സന്ദേശം നല്‍കാനും ഇതുകൊണ്ട് സാധിക്കുന്നു. ഓരോ വിധിയും അപ്രകാരമുള്ള ഒരു സന്ദേശമാണ്. ഒരു നിയമബോധനമാണ്. സമൂഹത്തില്‍ ക്രമമുണ്ടാകാന്‍ നിയമബോധത്തോടെ ജീവിക്കാന്‍ ഉത്ബോധിപ്പിക്കാന്‍ കോടതിക്കാവും. തര്‍ക്കം തീര്‍ക്കാനും ശിക്ഷ വിധിക്കാനും മാത്രമുള്ളതല്ല കോടതി. നിയമബോധം വളര്‍ത്താന്‍ കൂടിയുള്ളതാണ്. അത്തരത്തിലുള്ള ഒരു പരിശ്രമം ലീഗല്‍ സര്‍വീസസ് അതോറിറ്റി ഇപ്പോള്‍ നടത്തുന്നുണ്ട്.
ഇന്ത്യയില്‍ പൊതുവെ ഒരു പുതിയ രാഷ്ട്രീയ മത സാമൂഹ്യ വ്യവസ്ഥിതി രൂപം കൊള്ളുന്നതായി എനിക്ക് തോന്നിയിട്ടില്ല. പക്ഷെ അപകടകരമായ രീതിയില്‍ വര്‍ഗീയവത്കരണം സമൂഹത്തില്‍ സംഭവിച്ചു കൊണ്ടിരിക്കുന്നുണ്ട്. അത് വലിയ വിപത്തായി മാറാം. നമ്മുടെ രാഷ്ട്രനേതാക്കളില്‍ പലരും ജീവത്യാഗം ചെയ്തത് മതത്തിനും ജാതിക്കും വര്‍ഗത്തിനും വര്‍ണത്തിനും അതീതമായി ഇന്ത്യന്‍ ജനതയെ മാറ്റാന്‍ വേണ്ടിയായിരുന്നു. മനുഷ്യനെ മനുഷ്യനായി കാണുന്ന ഒരു വ്യവസ്ഥിതിക്ക് വേണ്ടിയായിരുന്നു. ജാതി, മതം, വര്‍ഗം, സ്റ്റാറ്റസ് എന്നിവ നോക്കാതെ മനുഷ്യനെ മനുഷ്യനായ് കാണാന്‍ കഴിയുന്ന ഒരു സമൂഹം വളര്‍ന്നു വരേണ്ടിയിരിക്കുന്നു. ദൗര്‍ഭാഗ്യവശാല്‍ രാഷ്ട്രീയ പാര്‍ട്ടികളും മറ്റും അങ്ങനെ ആരോഗ്യകരമായ ഒരു സമൂഹസൃഷ്ടിക്കായി ഒന്നും ചെയ്യുന്നില്ല എന്നൊരു തോന്നല്‍ എനിക്കുണ്ട്. ഇപ്പോഴും പല തലത്തിലുള്ള തീരുമാനങ്ങളുടെ ഇടയ്ക്കു ഇത്തരം സങ്കുചിത ചിന്തകള്‍ ഇടം പിടിക്കുന്നു. അത് തീര്‍ച്ചയായും രാജ്യത്തിന് ആപത്താണ്. സ്വാതന്ത്ര്യം പ്രാപിച്ചു കാലമേറെ ആയിട്ടും ഇതിനപ്പുറത്തേക്കു ചിന്തിക്കാന്‍ നമ്മുടെ ജനതയ്ക്ക് ആയിട്ടില്ല. പഠിച്ചു കിട്ടുന്ന അറിവ് ജീവിതവുമായി ബന്ധപ്പെടുത്താന്‍ മനുഷ്യന് ആവുന്നില്ല. ചീത്ത വ്യവസ്ഥിതികള്‍ മാറ്റാന്‍ ഉപകരിക്കാത്ത അറിവ് യഥാര്‍ത്ഥ അറിവല്ല എന്നറിയുക. അന്ധകാരം അകറ്റാനുള്ളതായിരിക്കണം യഥാര്‍ത്ഥ അറിവ്. അപ്രകാരം ഉള്ള അറിവല്ല നമ്മുടെ കുട്ടികള്‍ക്ക് പോലും ഇന്ന് ലഭിക്കുന്നത് എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. സ്വന്തമായ നേട്ടങ്ങള്‍ക്കു വേണ്ടിയുള്ളതാണ് അറിവ് എന്ന് പുതിയ തലമുറ വിശ്വസിക്കുന്നു. പുതിയൊരു സമൂഹസൃഷ്ടിക്കായി അതുപയോഗിക്കണം എന്ന് ചിന്തിക്കുവാനോ ചിന്തിപ്പിക്കുവാനോ ഉള്ള ശ്രമങ്ങള്‍ ഇല്ല തന്നെ. അതൊരു പോരായ്മയാണ്.
എന്നിലെ മനുഷ്യനും എന്നിലെ ന്യായാധിപനും ഒരിക്കലും സംഘര്‍ഷത്തില്‍ ഏര്‍പ്പെട്ടിട്ടില്ല. മറിച്ച് എന്നിലെ മനുഷ്യന്‍ എന്നിലെ ന്യായാധിപനെ ഒട്ടേറെ സ്വാധീനിച്ചിട്ടുമുണ്ട്. ഏതു നിയമത്തെയും അതിന്‍റെ മാനുഷികമായ ചട്ടക്കൂടിലൂടെ കാണാനും വ്യാഖ്യാനിക്കാനും കഴിഞ്ഞിട്ടുണ്ട്. കരയുന്ന മനുഷ്യന്‍റെ കണ്ണീരൊപ്പലാണ് നിയമങ്ങളുടെ ആത്യന്തികമായ ധര്‍മം എന്ന് ചിന്തിക്കുന്നത് എന്നിലെ മനുഷ്യനാണ്. നമ്മുടെ ഭരണഘടനപ്രകാരം മനുഷ്യാവകാശങ്ങളെ കുറിച്ചുള്ള അവസാന തീര്‍പ്പു കോടതിയുടേതാണ്. കാരണം ഇത്തരം അവകാശങ്ങളും എത്രമാത്രം ഭരണഘടനാപരമാണ് എന്ന കാര്യത്തില്‍ അവസാന തീര്‍പ്പ് കോടതിയുടേതാണ്. ജനങ്ങള്‍ക്ക്, ജനപ്രതിനിധികള്‍ക്ക് തീര്‍ച്ചയായും നിയമങ്ങള്‍ ഉണ്ടാക്കാം. എന്നാല്‍ അത് എത്രത്തോളം മനുഷ്യത്വപരമാണ് എന്ന കാര്യം കോടതി തീര്‍പ്പാക്കും. പ്രതീക്ഷാ നിര്‍ഭരമാണ് പുതിയ ലോകം. സ്വാമി വിവേകാനന്ദന്‍റെ ഉണര്‍ന്നെണീയ്ക്കാനുള്ള ആഹ്വാനം യുവാക്കള്‍ ചെവിക്കൊള്ളണം. സ്വന്തം മണ്ണിനും സ്വന്തം പെണ്ണിനും അപ്പുറം കടന്നുചെല്ലാനും, നിലകൊള്ളാനും തയ്യാറാകണം. സ്വാര്‍ത്ഥ ചിന്തകള്‍ ഭരിക്കുന്ന സമൂഹത്തിനു പുരോഗതി പ്രാപിക്കാന്‍ ആകുമോ. ചുറ്റുമുള്ള ചെറിയ ലോകത്തില്‍ മാറ്റം വരുത്തുന്ന യുവതലമുറ ഒരു വലിയ ശക്തിയായി മാറിയാല്‍ സമൂഹത്തില്‍ മാറ്റം കൊണ്ടുവരാന്‍ കഴിയും. ലോകത്തെ കുറിച്ചുള്ള കാഴ്ചപ്പാട് മാറ്റാനും ഈ ഉണര്‍ന്നെണീപ്പ് സഹായിക്കും എന്ന് ഞാന്‍ വിശ്വസിക്കുന്നു. ഏകദേശം നാല്‍പതു വര്‍ഷത്തോളം നിയമ മേഖലയില്‍ സേവനം ചെയ്യാന്‍ ദൈവാനുഗ്രഹം ലഭിച്ച ഒരു വ്യക്തിയാണ് ഞാന്‍. 19 വര്‍ഷം ന്യായാധിപനായും സംസ്ഥാനത്തിന്‍റെ അഡ്വക്കേറ്റ് ജനറലായും, ഗവണ്‍മെന്‍റ് പ്ലീഡറായും പ്രവര്‍ത്തിച്ചു. ഈ അനുഭവങ്ങളുടെ വെളിച്ചത്തില്‍ ഈ മേഖലയില്‍ തന്നെ തുടരാന്‍ ഞാനാഗ്രഹിക്കുന്നു. ഇപ്പോള്‍ ഡല്‍ഹിയില്‍ തുടരുന്നതിന്‍റെ ഒരു കാരണം കോടതിക്ക് പുറത്തു തര്‍ക്കപരിഹാരം സാധ്യമാക്കാന്‍ പ്രഫഷണലായി തന്നെ പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത് കൊണ്ടാണ്. ആര്‍ബിട്രേഷന്‍, മീഡിയേഷന്‍, കോണ്‍സിലിയേഷന്‍ എന്നീ മേഖലയില്‍ പ്രത്യേകിച്ചും. ഫീസിനേക്കാള്‍ അപ്പുറത്തു സേവനമായി ഞാന്‍ അതിനെ കാണുന്നു. രാജ്യത്തെ പാവപ്പെട്ടവന് കോടതികള്‍ അപ്രാപ്യമാവാന്‍ പാടില്ല എന്നുള്ള അഭിപ്രായം വച്ച് പുലര്‍ത്തുന്നു. പാവപ്പെട്ടവന് അവന്‍റെ അവകാശ സംരക്ഷണത്തിന് സുപ്രീം കോടതിയില്‍ പ്രാഗല്‍ഭ്യമുള്ള അഭിഭാഷകന്‍റെ സേവനം ലഭ്യമാക്കാനുള്ള പ്രവര്‍ത്തനം ഉണ്ട്. ജനങ്ങള്‍ക്ക് നിയമ ദിശാബോധം ലഭ്യമാക്കാനുള്ള പ്രവര്‍ത്തനം നടക്കുന്നു. ഭോപ്പാലിലുള്ള നാഷണല്‍ ജുഡീഷ്യല്‍ അക്കാദമിയുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്നു. നിയമത്തിന്‍റെ ഏതൊരു മേഖലയില്‍ നിന്നും ലഭിച്ച അറിവ് സമൂഹത്തിനു തിരിച്ചുനല്‍കാന്‍ എക്കാലവും പ്രവര്‍ത്തിക്കാനാണ് ആഗ്രഹിക്കുന്നത്.
No comments:
Post a Comment