അതികാലത്തുതന്നെ മേഴ്സി ഹോസ്റ്റലില്‍ നിന്നിറങ്ങി പള്ളിയിലേക്ക് പോകും. ആരെയും കൂട്ടിനു വിളിക്കുകയില്ല. എല്ലാ പെണ്ണുങ്ങളെയും പോലെ വെളുത്ത നെറ്റ് കൊണ്ട് മുഖം പാതി മറച്ചാണ് പോകുന്നത്. പക്ഷെ തിരിച്ചു വരുന്നത് എല്ലാവരെയും പോലെയല്ല. മുഖം മൂടിയിട്ടുണ്ടാവില്ല. പള്ളിയിലെ കോണ്‍ക്രീറ്റ് മുറിയില്‍ നിന്നും സ്വന്തം ക്രിസ്തുവിനെ മോചിപ്പിച്ചു കൊണ്ടുവരുന്ന വരവാണത്. ഇച്ഛാശക്തിയുടെ ഉളിമുന കൊണ്ട് സ്വന്തം ക്രിസ്തുവിനെ കൊത്തിയെടുത്തു കൊണ്ടുവരുന്നതിന്‍റെ നിശ്ചയദാര്‍ഢ്യവും ആത്മവിശ്വാസവും അവളുടെ മുഖത്തുണ്ട്. ഉറങ്ങാന്‍ കിടക്കുമ്പോള്‍ അവള് പറയും, കല്ലേറുകളില്‍ നിന്ന് രക്ഷപ്പെടാന്‍ ഉള്ളില്‍ ഒരു യേശുവുണ്ടാകണം. ഞാന്‍ ഓരോ രാത്രിയിലും യേശുവിനെ ഉള്ളില്‍ വഹിക്കുന്ന ദിവ്യമാതാവാകുന്നു. അത് ഒരു വിശ്വാസിയുടെ വെറും സാക്ഷ്യം പറച്ചിലായിരുന്നില്ല...
യേശു ഒരു പ്രതീകമാണ്. അലിവ് നഷ്ടപ്പെട്ട ലോകത്തിന്‍റെ കല്ലേറും കാത്തിരിക്കുന്ന ഓരോ സ്ത്രീയിലും സദാ ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട ബോധം. സ്വപ്നത്തില്‍ പരിശുദ്ധാത്മാവ് അവളില്‍ നിക്ഷേപിക്കുന്ന ദിവ്യചൈതന്യം. മീഖാ പറയുന്നത് പോലെ അത് പുരുഷന്‍റെ ഇഷ്ടത്താല്‍ സംഭവിച്ചതല്ല. ജഡത്തിന്‍റെയും രക്തത്തിന്‍റെയും ആഗ്രഹവുമല്ല. യേശു ഉള്ളിലുള്ള ഏതൊരു സ്ത്രീയും പ്രബലയായ കന്യകയാണ്. അവള്‍ സകല പുണ്യവാളന്മാരുടെയും മഹാരാജ്ഞിയാണ്. ക്രിസ്തുമസ് പെണ്ണുങ്ങളുടെ ആത്മീയോത്സവമാണ്.
څനിന്‍റെ ഹൃദയത്തിലൂടെ ഒരു വാള്‍ കടന്നുപോകുچമെന്ന പ്രവചനം എല്ലാ സ്ത്രീകളുടെയും നിത്യാനുഭവമാണ്. മിശിഹാ ചുമന്നതിനേക്കാള്‍ എത്ര വലിയ കുരിശാണ് അവരുടെ തോളില്‍! മോപ്പസാങ്ങിന്‍റെ ഒരു കഥയുണ്ട്. യുദ്ധക്കെടുതിയില്‍ നിന്ന് രക്ഷപ്പെടാന്‍ വടക്കന്‍ ഫ്രാന്‍സിലെ റൂവെന്‍ എന്ന സ്ഥലത്ത് നിന്ന് കുറേപ്പേര്‍ നാടുവിടുന്നു. പുരോഹിതരും ഉദ്യോഗസ്ഥരും കന്യാസ്ത്രീകളും അടങ്ങുന്ന ആ സംഘത്തില്‍ ഒരു വേശ്യയും ഉണ്ട്. തടിച്ചിയായ ഇവരെ ബട്ടര്‍ബോള്‍ എന്നാണു കൂടെയുള്ളവര്‍ പരിഹസിക്കുന്നത്. യാത്രികര്‍ തളര്‍ന്നപ്പോള്‍ തന്‍റെ ചെറിയ ബാഗില്‍ കരുതിയിരുന്ന ഭക്ഷണം കൊണ്ട് അവള്‍ അവരെ ഊട്ടി. രാത്രി തങ്ങാന്‍ കയറിയ സത്രത്തിലെ ഉദ്യോഗസ്ഥന്‍ ഈ സ്ത്രീയില്‍ നോട്ടമിടുന്നു. അവള്‍ വഴങ്ങിക്കൊടുക്കുന്നില്ലെങ്കില്‍ സംഘത്തെ വിട്ടയക്കില്ലെന്നയാള്‍ ശഠിച്ചു. അവള്‍ സങ്കടം കൊണ്ട് തകര്‍ന്നു. ആദ്യമൊക്കെ സഹയാത്രികരും ധാര്‍മികരോഷം പ്രകടിപ്പിക്കുന്നുണ്ടെങ്കിലും പതുക്കെ അവരുടെ മട്ട് മാറുന്നു. വേശ്യയല്ലേ? വഴങ്ങിക്കൊടുത്താല്‍ എന്താണ്? ഒടുവില്‍ എല്ലാവര്‍ക്കും വേണ്ടി അവള്‍ ആ കുരിശേല്‍ക്കുന്നു. വിമോചിതരായിക്കഴിഞ്ഞപ്പോള്‍ എല്ലാവരും സദാചാരവാദികളായി. അവള്‍ ക്രൂരമായി അവഗണിക്കപ്പെടുന്നു. അവളുമായി അവര്‍ ആഹാരം പോലും പങ്കുവെക്കുന്നില്ല. അപമാനിതയായി അവള്‍ കരയുന്നു. അവളുടെ സഹനത്തിന്‍റെ വലിയ പാഠം ഉള്‍ക്കൊള്ളാന്‍ അവരുടെയിടയില്‍ ഒരു യേശു ഇല്ലാതെപോയി.
ക്രിസ്തുമസ് രാത്രികളില്‍ ദൈവജ്ജ്വാല പോലെ ചിലര്‍ എന്നില്‍ പടര്‍ന്നു കയറാറുണ്ട്. അവരില്‍ ഇരുപതാം വയസ്സില്‍ മരിച്ചുപോയ എന്‍റെ കൂട്ടുകാരി മേഴ്സിയുണ്ട്. പ്രിയപ്പെട്ട കഥാകൃത്ത് സക്കറിയയുടെ അന്നമ്മട്ടീച്ചറുമുണ്ട്. യേശുവിന്‍റെ വിരലുകളുടെ കാരുണ്യം അറിയണമെങ്കില്‍ സക്കറിയയുടെ സ്ത്രീകളെ അറിയണം. യേശുവിനേറ്റവും പ്രിയപ്പെട്ട അന്നമ്മട്ടീച്ചറുടെയും അമ്മിണിയുടെയും കഥകളാല്‍ ഞാനും ശുദ്ധീകരിക്കപ്പെട്ടു. പല ലോകങ്ങളില്‍ ജീവിച്ച മേഴ്സിയും അന്നമ്മട്ടീച്ചറും അമ്മിണിയും സ്വര്‍ഗത്തിലേക്കുള്ള പാതയില്‍ തമ്മില്‍ കണ്ടുമുട്ടിയിട്ടുണ്ടാകും. അസാധാരണമാംവിധം അലിവുള്ള ആ മനസ്സുകള്‍ക്ക് ഭൂമി നിഷേധിച്ച ആനന്ദം അവിടെ ലഭിച്ചിട്ടുണ്ടാകും. ഇവരെന്‍റെ അടുത്തുവരുന്ന രാത്രികളില്‍ അരുവി തന്‍റെ കടലിനെ തേടുന്നത് പോലെ ഇവരെ കേള്‍ക്കാന്‍ എന്‍റെയുള്ളില്‍ ഒരു പക്ഷി ചിറകു കുടയും. ദൈവത്തിനു പ്രിയപ്പെട്ട കന്യകമാര്‍ എന്‍റെ കാതില്‍ അടക്കാനാകാത്ത ആഹ്ലാദത്തോടെ പറയും, ڇആദിയില്‍ ദൈവം നമ്മളെ പോലെ തന്നെ പെണ്ണായിരുന്നു. താളചലനങ്ങളിലെ അത്ഭുതപ്പെടുത്തുന്ന ആലക്തികത, ചുമതലകളിലുള്ള സഹജാവബോധം, ആത്മീയതയിലുള്ള ആഭിമുഖ്യം ഒക്കെ നമ്മുടേത് തന്നെ. എപ്പോഴും പ്രണയത്തിന്‍റെയും കാരുണ്യത്തിന്‍റെയും രഹസ്യമായ ഒരിടം സൂക്ഷിക്കുവാനും ശരീരത്തിന്‍റെ പ്രകമ്പനങ്ങള്‍ നിലനിര്‍ത്താനും അവനു കഴിയുന്നു. നമ്മുടെ ദൈവത്തെ ആരോ നമ്മില്‍ നിന്ന് തട്ടിയെടുത്തു.ڈ
ക്രിസ്തുവിനു മുന്‍പ് മെഡിറ്ററേനിയന്‍-മധ്യപൂര്‍വ സംസ്കാരങ്ങളില്‍ ആത്മീയമായ ആശയവിനിമയത്തിന്‍റെ ഒരു രീതിയായിരുന്നു പെരുമ്പറകൊട്ടല്‍ (റൃൗാാശിഴ). പരിസ്ഥിതിയുമായി ഇണങ്ങിനിന്നുകൊണ്ട് പ്രബുദ്ധതയും ആത്മജ്ഞാനവും നേടാനുള്ള വഴിയായിരുന്നു ഇത്. അന്നൊക്കെ സ്ത്രീകളായിരുന്നത്രേ ഇത് ചെയ്തുപോന്നത്. ചരിത്രത്തില്‍ മറ്റുപലതും എന്നതുപോലെ പ്രബുദ്ധമായ ആത്മീയതയുടെ വഴികളിലേക്ക് സഞ്ചരിക്കാനുള്ള ആന്തരികതാളവും പെണ്ണില്‍ നിന്ന് പിടിച്ചെടുക്കപ്പെട്ടു. പക്ഷെ കൊടുങ്കാറ്റിനൊപ്പവും സമുദ്രത്തിനൊപ്പവും മുഴങ്ങാനുള്ള പെണ്ണിന്‍റെ കഴിവിനെയും അവളുടെ അഗാധമായ ആന്തരികതാളങ്ങളുടെ മാറ്റൊലിയെയും ആര്‍ക്കും തടഞ്ഞു നിര്‍ത്താനായില്ല. കന്യകാമാതാവും മഗ്ദലനയിലെ മറിയവും ആലപിക്കുന്ന ഹര്‍ഷഗീതങ്ങള്‍ കേള്‍ക്കുന്നില്ലേ? പ്രണയംകൊണ്ട് പ്രചോദിപ്പിക്കുവാനുള്ള അവളുടെ സിദ്ധി കവികള്‍ വാഴ്ത്തുന്ന മറ്റെല്ലാ സ്ത്രീഗുണങ്ങളെക്കാളും മേലെയാണ്. അലിവിന്‍റെയും അറിവിന്‍റെയും പാഠം അവളുടെ നാവിലുണ്ട്. അവളുടെ വാക്കുകളിലെ കത്തിജ്ജ്വലിക്കുന്ന അഗ്നിയേയും കുതറിച്ചാടുന്ന വെള്ളച്ചാട്ടത്തേയും ഭയപ്പെടരുത്. നിങ്ങള്‍ തേടിനടക്കുന്ന രക്ഷകന്‍ അവളുടെയുള്ളിലാണ്. څഅവന്‍ പറയുന്നത് നിങ്ങള്‍ ചെയ്യുകچ എന്ന പരിശുദ്ധമറിയത്തിന്‍റെ വാക്കുകള്‍ക്ക് വല്ലാത്തൊരു കരുത്തുണ്ട്.
No comments:
Post a Comment