സിനിമ അദ്ദേഹത്തിനു മതമായിരുന്നു... മൃണാള്‍ദാ... ജോണ്‍ പോള്‍




     കല്‍ക്കത്തയില്‍ രണ്ടുതവണയായി മൂന്നു നാലു മാസങ്ങള്‍ ഞാന്‍ താമസിച്ചിട്ടുണ്ട്. ആദ്യം പോകുമ്പോള്‍ ഒന്‍പതാം ക്ലാസ്സ് വിദ്യാര്‍ത്ഥിയായിരുന്നു. വീട്ടുകാരുമൊത്തായിരുന്നു യാത്ര. കാഴ്ചകളും അങ്ങനെ തന്നെ. അവര്‍ നയിക്കുന്നു; ഞാന്‍ അണിചേരുന്നു.
     ബിരുദ വിദ്യാര്‍ത്ഥിയായിരിക്കുമ്പോഴായിരുന്നു രണ്ടാമൂഴം.
     മൂത്ത ജ്യേഷ്ഠനും ഭാര്യയും മകളും കല്‍ക്കത്തയിലായിരുന്നു താമസം. ജ്യേഷ്ഠത്തിയും മകളും നാട്ടില്‍ വന്നു മടങ്ങുമ്പോള്‍ കൂട്ടിക്കൊണ്ടുവരാന്‍ വല്ല്യേട്ടന് എത്താന്‍ കഴിഞ്ഞില്ല. ലീവ് പ്രശ്നമായി. അവധിക്കാലത്തിന്‍റെ തുടക്കമായതുകൊണ്ട് അകമ്പടി നിയോഗം എനിയ്ക്കായി. അവധി കഴിഞ്ഞിട്ടു മതി മടക്കം എന്നുള്ളതുകൊണ്ട് ആ സാവകാശമെടുത്ത് കല്‍ക്കത്തയെ കാണാനും മനസ്സിലാക്കുവാനും കഴിഞ്ഞു. രാവിലെ വല്യേട്ടന്‍ ജോലിയ്ക്കു പോകും. പുറകെ ഒറ്റയ്ക്ക് നഗരവേട്ടയ്ക്ക് ഞാനുമിറങ്ങും. കാഴ്ചാംദേഹിയായി കാല്‍നടയായും വാഹന സഞ്ചാരിയായും യഥേഷ്ടം അലഞ്ഞു.
     ദക്കൂറിയാ തടാകത്തിനരികെ റാഷ് ബിഹാരി അവന്യൂവിന്‍റെ ഉപവീഥിയായ ലെയ്ക്ക് ടെറസ്സ് റോഡിലായിരുന്നു വല്യേട്ടന്‍റെ താമസം. തൊട്ടടുത്തുള്ള ലെയ്ക്ക് ടെമ്പിള്‍ റോഡില്‍ താമസിക്കുന്ന ആജാനബാഹുവായ ഒരാള്‍ നടന്ന വഴിയിലെ പതിവു കാഴ്ചയായിരുന്നു. അയഞ്ഞ വെള്ള ജുബ്ബയും പൈജാമയുമാണു വേഷം. ചിലപ്പോള്‍ അതു പാന്‍റും സ്ലാക്ക് ഷര്‍ട്ടുമാകും. ഇടയ്ക്കു മാത്രം ചുണ്ടോടടുപ്പിച്ച പുകയെടുക്കുന്ന പൈപ്പ് സദാ കൈയ്യില്‍. ആരാധനയോടെ ദൂരെ നിന്നും അടുത്തുനിന്നും അദ്ദേഹത്തെ കാണും. ഇന്ത്യന്‍ സിനിമയിലെ അവതാര പ്രത്യക്ഷമായി ലോകം ആഘോഷപൂര്‍വം തോളിലേറ്റിയ സത്യജിത് റേ. ബംഗാളിയ്ക്കു അദ്ദേഹം സ്വന്തം മാജിക് ദായായിരുന്നു!
     ചൗരംഗി മൈതാനം ചരിത്രം സൃഷ്ടിക്കുകയും തിരുത്തുകയും ചെയ്ത ഒരുപാട് യോഗങ്ങള്‍ക്ക് വേദിയായിട്ടുണ്ട്. ഞാനവിടെയുള്ളപ്പോഴാണ് മെയ്ദിന മഹായോഗം നടന്നത്. എസ്പ്ലനേഡിന്‍റെ ഓരത്തുനിന്നും ഞാന്‍ റോഡു കുറുകെ കടന്നു അവിടെയുള്ള വലിയ കൂട്ടത്തിന്‍റെ പിന്‍നിരയില്‍ ചേര്‍ന്ന് നിന്ന് ദൂരെയുള്ള വേദിയിലേയ്ക്ക് കണ്ണയച്ചു.
     അയഞ്ഞ ജുബ്ബയും പാരമ്പര്യ വഴക്കത്തില്‍ ഉടുത്ത ധോത്തിയുമായി ഒരാള്‍ അത്യാവേഗപൂര്‍വം ജുബ്ബയുടെ കൈകള്‍ തെറുത്തുകയറ്റി ഉറച്ച കൈയ്യാംഗങ്ങളോടെ പ്രസംഗിക്കുന്നു. ബംഗാളിയിലാണ്. പക്ഷെ ആ ശബ്ദത്തിലെ എരിവു വീര്യം കൗതുകത്തോടെ കേട്ടു നില്‍ക്കാന്‍ തോന്നി. അടുത്തുണ്ടായിരുന്ന ചിലര്‍ പരസ്പരം ബംഗാളിയില്‍ സംസാരിക്കുന്നതിനിടയില്‍ നിന്ന് പ്രാസംഗികന്‍റെ പേരു പിടിച്ചെടുത്തു. മൃണാള്‍ ദാ; ചലച്ചിത്രകാരനായ മൃണാള്‍ സെന്‍!
     മാജിക് ദായെക്കുറിച്ച് പറയുമ്പോള്‍ ആദരപൂര്‍ണമാണ് ബംഗാളിയുടെ പരാമര്‍ശമെങ്കില്‍ വളരെ അടുപ്പമുള്ള സഹോദരസ്ഥാനീയനോ സഖാവോ ആയ ഒരാളെക്കുറിച്ചു പറയുമ്പോഴുള്ള അവകാശ സ്വാതന്ത്ര്യത്തിന്‍റെ ഇഴയടുപ്പത്തോടെയാണ് മൃണാള്‍ ദായെക്കുറിച്ചുള്ള പരാമര്‍ശം. രണ്ടും ആദരപൂര്‍ണമായിരിക്കേ തന്നെ രണ്ടു ശ്രേണിയിലൂടെയാണ്.
     ബംഗാളി സിനിമയിലെ മഹാത്രയത്തിലെ മൂന്നാമനായ ഋത്വിക് ഘട്ടക്കി (ഋത്വിക് ദാ) നെക്കുറിച്ചു പരാമര്‍ശിക്കുമ്പോള്‍ ഈ ആദരശ്രേണിയ്ക്ക് ഒരു ചോരയടുപ്പത്തിന്‍റെ ഊഷ്മളത കൂടി അതില്‍ ചേര്‍ന്നുവരാറുണ്ട്.
     ഋത്വിക് ദായെ കാണാന്‍ കഴിഞ്ഞിട്ടില്ല; കേള്‍ക്കുക മാത്രമേ ചെയ്തിട്ടുള്ളൂ അദ്ദേഹത്തെക്കുറിച്ച്.
     ബംഗ നാടിന്‍റെ മണ്ണില്‍ കലാപവും വിഭജനവും ചോര വീഴ്ത്തിയപ്പോള്‍ ആ മണ്ണില്‍ പുതഞ്ഞു പിടഞ്ഞ മനുഷ്യരുടെ ജീവിതം സിനിമയിലേയ്ക്കാവാഹിച്ചുകൊണ്ട് തങ്ങള്‍ക്കു വേണ്ടി ധാര്‍ഷ്ട്യപൂര്‍വം കലാപക്കൊടി ഉയര്‍ത്തിയ പോരാളിയാണ് ബംഗാളിയ്ക്കു അദ്ദേഹം. നഗരത്തിന്‍റെയും ഗ്രാമാന്തരങ്ങളുടെയും അലരുകളിലെ മനുഷ്യരുടെ മനസ്സിലെ ചിന്തേരിട്ട സംഘര്‍ഷങ്ങളെ വ്യാകരണ ശുദ്ധിയോടെ ചലച്ചിത്ര രൂപകങ്ങളിലേയ്ക്കാവാഹിച്ച ചലച്ചിത്ര പ്രഭുവാണ് സത്യജിത് റേ. അവര്‍ക്ക് മൃണാള്‍ സെന്‍ പക്ഷെ അവരില്‍ ഒരാളാണ്. വേറിട്ടൊരാളല്ല. അവരുടെ കുതിപ്പും കിതപ്പും അതേ ഊഷ്മാവില്‍ സ്വയം പേറി അവരുടെ ജീവിതത്തിലേയ്ക്കു ക്യാമറക്കണ്ണു ചേര്‍ത്തുപിടിച്ച് അവര്‍ക്കൊപ്പം അമര്‍ഷത്തിന്‍റെ മുദ്രാവാക്യം മുഴക്കുന്നു മൃണാള്‍ ദാ!
     എപ്പോഴും ദ്രുതപാദങ്ങളോടെയേ മൃണാള്‍ ദായെ കണ്ടിട്ടുള്ളൂ. ബീഡിപ്പുക വൃത്തങ്ങള്‍ ഉതിര്‍ത്തുകൊണ്ട് പൊടുന്നനെ കടന്നുവരികയും വീറോടെ സംവദിക്കുകയും പ്രത്യക്ഷപ്പെട്ട അതേ വേഗതയില്‍ ആള്‍ക്കൂട്ടത്തിലലിഞ്ഞ് മറയുകയും ചെയ്യുന്ന പ്രകൃതം.
     പലകുറി കണ്ടിട്ടുണ്ട് സത്യജിത് റേയേയും മൃണാള്‍ സെന്നിനെയും, പലയിടങ്ങളിലായി, ആ ദിനങ്ങളില്‍ ഓരോരുത്തരേയും എത്ര തവണ കണ്ടു എന്നതിന്‍റെ കണക്ക് തെല്ലഭിമാനത്തോടെ മനസ്സില്‍ കുറിച്ചിട്ടത് ഇപ്പോഴുമുണ്ട് ഓര്‍മ്മയില്‍.
     സത്യജിത് റേ 38, മൃണാള്‍ സെന്‍ 27. മാജിക് ദാ മുന്നിലായത് സമീപവാസിയായതുകൊണ്ടുള്ള അധിക സന്ദര്‍ഭ സാദ്ധ്യതകളുടെ ആനുകൂല്യത്തിലാണ്!
     നാട്ടിലെത്തി ബിരുദാനന്തരബിരുദം നേടി ബാങ്ക് ജീവനക്കാരനായിരുന്ന നാളിലായിരുന്നു എന്‍റെ ചലച്ചിത്രപ്രവേശം. അന്തരാഷ്ട്ര ചലച്ചിത്രമേളയില്‍ അതിഥിയായെത്തിയപ്പോഴാണ് മൃണാള്‍സെന്നിനെ പിന്നീട് കാണുന്നത്.
     ഒരു ഗോവണിപ്പടി; അതോ റാമ്പോ, കൃത്യമായോര്‍ക്കുന്നില്ല; ഇറങ്ങി വരുന്നു. ഞാന്‍ പടികയറി മുകളിലേയ്ക്ക്. ഇടസന്ധിയില്‍ മുഖാമുഖം. 2-ാം തവണ നേരില്‍ കണ്ട ഒരാളെ 28-ാമത് തവണ മുന്നില്‍ കാണുകയല്ലേ. ആ പരിചിതത്വത്തിന്‍റെ അടുപ്പം തോന്നി. ഞാന്‍ അദ്ദേഹത്തെ അഭിവാദ്യം ചെയ്തു:
     ڇഏീീറ ാീൃിശിഴ ങൃശിമഹറമ!ڈ
     അടുത്ത ക്ഷണം എന്‍റെ അബദ്ധ ചെയ്തിയെക്കുറിച്ചോര്‍ത്തു ഇളിഭ്യനായി വിരല്‍ കുടഞ്ഞു. ഇരുപത്തിയേഴുതവണ ഞാന്‍ കണ്ടിട്ടുണ്ട്. ശരിയാണ്. പക്ഷെ അദ്ദേഹം എന്നെക്കാണുന്നത് ഇതാദ്യമായല്ലേ?
     പക്ഷെ മൃണാള്‍ സെന്‍ എന്നെ അമ്പരിപ്പിച്ചു കളഞ്ഞു! ഒരു ചിരകാല സുഹൃത്തിനോടെന്ന പോലെ എന്‍റെ ചുമലില്‍ വാത്സല്യപൂര്‍വം തലോടിക്കൊണ്ട് അദ്ദേഹം ചോദിച്ചു...
     ڇഋിഷീ്യശിഴ വേല എലെേ...?ڈ
     അതെയെന്ന് ഉത്തരം പറയാം. പറഞ്ഞില്ല. പറയാനായില്ല. അദ്ദേഹത്തെ നോക്കി വെറുതെ ഒന്നു ചിരിച്ചു. തുടര്‍ന്നുള്ള പടികള്‍ തിടുക്കത്തിലിറങ്ങി അദ്ദേഹം കടന്നു പോയി.
     പിന്നീട് പല മേളകളിലും പലപ്പോഴും കണ്ടു. കെ.ജി ജോര്‍ജ്ജാണ് പരിചയപ്പെടുത്തിയത്. അതുകഴിഞ്ഞ് രണ്ടുവര്‍ഷം പിന്നിട്ട് കണ്ടപ്പോഴും കൃത്യമായി പേരോര്‍ത്തെടുത്തു അദ്ദേഹം ചുമലില്‍ തട്ടി.
     ڇഹായ്! ജോണ്‍...ڈ
     എനിയ്ക്കുറപ്പായി ബംഗാളിയ്ക്കു മാത്രമല്ല ഏതു ചലച്ചിത്ര പൗരനും മൃണാള്‍ സെന്‍ അവരിലൊരാളാണ്, സ്വന്തം ഒരാള്‍!
     കെ.ജി ജോര്‍ജ്ജ് ചെയര്‍മാനും ഞാന്‍ ജനറല്‍ സെക്രട്ടറിയുമായി മലയാളത്തിലെ ചലച്ചിത്ര സാങ്കേതിക കലാകാരന്മാരുടെ കൂട്ടായ്മ, മാക്ട, സജീവമായിരുന്ന നാളുകളില്‍ ഫെസ്റ്റിവല്‍ അങ്കണത്തില്‍ ഞങ്ങള്‍ക്കൊരു കൗണ്ടറുണ്ടാകും. ആ വഴി കടന്നുപോകുമ്പോഴൊക്കെ മൃണാള്‍ ദാ അവിടെ ഞങ്ങളോടൊപ്പം വന്നിരിക്കും. ആരുടെയെങ്കിലും പോക്കറ്റില്‍ നിന്ന് ബീഡിയെടുത്തു ചുണ്ടില്‍ തിരുകി കൊളുത്തി വലിയ്ക്കും... സിനിമയുടെ വിശേഷങ്ങള്‍ പങ്കിടും. അനുഭവങ്ങള്‍ പറയും. പറ്റിപ്പോയ അമളികളും വിചിത്രങ്ങളായ അനുഭവങ്ങളും നിരത്തും. (അക്കൂട്ടത്തിലുണ്ടായിരുന്ന പവി എന്ന പവിത്രന്‍ അന്ന് രാത്രി അതുവരെ ഒരു താളും എഴുതി കളങ്കപ്പെടുത്തിയിട്ടില്ലാത്ത തന്‍റെ ഡയറിയില്‍ ആഹ്ലാദോന്മത്തനായി മൃണാള്‍ സെന്നിനോടൊപ്പം ഒരു ബീഡിയുടെ പുക പങ്കിട്ട പുകള്‍ പെരുമ രേഖപ്പെടുത്തി!) മാക്ടയുടെ കൗണ്ടറില്‍ ദിവസവും രാവിലെ പതിനൊന്ന് മണിയാകുമ്പോള്‍ രാധാകൃഷ്ണന്‍ ചേട്ടന്‍ (സംഗീത സംവിധായകന്‍ എം.ജി രാധാകൃഷ്ണന്‍) വീട്ടില്‍ നിന്നും പച്ചമുളകും ഇഞ്ചിയും ചതച്ചിട്ട് കറിവേപ്പിലയും നാരകത്തിനിലയും ഞരടിയിട്ട് ഒന്നാം തരം സംഭാരം നാലഞ്ചു കുപ്പിയില്‍ പകര്‍ന്നു ഒരു സഞ്ചിയിലാക്കി കൊണ്ടുവരും. എല്ലാവരും കുപ്പിയില്‍ നിന്നു നേരിട്ടു കവിളിലേയ്ക്കു പകര്‍ന്ന് അതിന്‍റെ സ്നേഹരുചി നുകരും. ഒരു ദിവസം ഈ സമയത്ത് മൃണാള്‍ ദാ വന്നു. ഞങ്ങളോടൊപ്പം അദ്ദേഹവും രുചി ചേര്‍ന്നു. څഅതിഹൃദ്യം രുചിچ എന്ന ഭാവത്തില്‍ ഒരു ചിരി ആ മുഖത്തു പടര്‍ന്നപ്പോള്‍ രാധാകൃഷ്ണന്‍ ചേട്ടന്‍റെ കണ്ണുകളില്‍ കച്ചേരിയില്‍ ചെമ്പൈ വൈദ്യനാഥ ഭാഗവതരെ തുല്യമാക്കിയാലുള്ള അഭിമാനം മിനുങ്ങി.
     പവിത്രനാണ് രാധാകൃഷ്ണന്‍ ചേട്ടനെ പരിചയപ്പെടുത്തിയത്.
     ڇഎം.ജി രാധാകൃഷ്ണന്‍, ഗ്രേറ്റ് കമ്പോസര്‍!ڈ
     രാധാകൃഷ്ണന്‍ എന്നു മൃണാള്‍ ദാ കേട്ടു. ഇനീഷ്യല്‍ വ്യക്തമായില്ല.
     കൂടെയുണ്ടായിരുന്ന സംവിധായകന്‍ ജി.എസ് വിജയന്‍ ഇനീഷ്യല്‍ ദൃഷ്ടാന്ത പൂര്‍ണരൂപം സഹിതം വ്യക്തമാക്കി.
     ڇഎം.ജി... മോര് ഗിവിംഗ്... രാധാകൃഷ്ണന്‍.ڈ
     ഞങ്ങളെല്ലാവരും ചിരിച്ചു. ചിരിയുടെ പൊരുള്‍ മനസ്സിലായപ്പോള്‍ ഏറ്റവും ഉച്ചത്തില്‍ മുഴങ്ങിയത് മൃണാള്‍ ചിരിയായിരുന്നു!
     അതിനു മുന്‍പ് മാക്ടയ്ക്കു ഒരൗപചാരിക ഉല്‍ഘാടനം വേണമെന്ന ആലോചന വന്നപ്പോള്‍ ഏകകണ്ടേന ഉയര്‍ന്നുവന്നത് മൃണാള്‍ സെന്നിന്‍റെ പേരായിരുന്നു. ഉദ്ദേശിച്ച സമയം അദ്ദേഹത്തിന് അസൗകര്യമായി. പിന്നെ അങ്ങനെയൊരു ഉല്‍ഘാടനം വേണ്ടെന്നുവയ്ക്കുകയായിരുന്നു.
     മൃണാള്‍ സെന്നിന്‍റെ ചിത്രങ്ങളില്‍ പാതിയെങ്കിലും കാണാനവസരം കിട്ടിയിട്ടുണ്ട്. ഓര്‍മയില്‍ കൃത്യതയോടെ തെളിഞ്ഞു നില്‍ക്കുന്നത് ഭുവന്‍ ഷോമാണ്. ആ ചിത്രത്തിലെ ഉത്പല്‍ദത്തിന്‍റെ അഭിനയം ഭരത്ഗോപിയ്ക്കു ഏറെ ഇഷ്ടമായിരുന്നു. ചിത്രാരംഭത്തിലൊരു കമന്‍ററിയുണ്ട് ഘനഗംഭീരമായ ശബ്ദം. ടൈറ്റില്‍ കാര്‍ഡില്‍ ശബ്ദ ദാതാവിന്‍റെ പേരു വായിച്ചതോര്‍ക്കുന്നു: അമിതാഭ് ബച്ചന്‍! അന്നു പ്രശസ്ത കവി ഹരിവംശറായ് ബച്ചന്‍റെ മകന്‍ എന്നതായിരുന്നു ചങ്ങാതിയുടെ വിലാസം. ആദ്യ ചിത്രമായ څസാത് ഹിന്ദുസ്ഥാനിچ (ഈ ചിത്രത്തില്‍ നമ്മുടെ മധുവിനായിരുന്നു മുഖ്യവേഷങ്ങളില്‍ ഒന്ന്) അന്ന് അങ്ങനെ ജനശ്രദ്ധയിലെത്തിയിട്ടില്ല.
     അദ്ദേഹത്തിന്‍റെ ചില ചിത്രങ്ങളോടു വിയോജിപ്പു തോന്നിയിട്ടുണ്ട്. അവ ശബ്ദായമാനമായതും പ്രകടനാത്മകമായനുഭവപ്പെട്ടതും അംഗീകരിക്കുവാന്‍ കഴിഞ്ഞിട്ടുമില്ല. പക്ഷെ ആത്യന്തികമായ സത്യം അദ്ദേഹത്തിന്‍റെ ചിത്രങ്ങളിലെല്ലാം അദ്ദേഹമുണ്ടായിരുന്നു എന്നതാണ്. അവയിലെ പ്രകാശന സ്ഥായി ശ്രുതി ചേര്‍ന്നതു മൃണാള്‍ ദായുടെ പ്രകാശന പ്രകൃതവുമായാണ്. സ്വാഭാവികം; അനിവാര്യം.
     ഇടതുപക്ഷ സഹയാത്രികനായിരുന്നു മൃണാള്‍ ദാ. പ്രക്ഷോഭകാരിയായിരുന്നു. കലാപശ്രുതിയിലായിരുന്നു മന്ത്രണം പോലും. ആ വീറും സ്ഥായിയും ആ ചിത്രങ്ങളും പേറിയിരുന്നു.
     യോജിക്കുകയും വിയോജിക്കുകയും നമ്മുടെ സ്വാതന്ത്ര്യം; അവകാശം. പക്ഷെ, മൃണാള്‍ സെന്നിന് തന്നെത്തന്നെ മിനുക്കിയെടുത്ത ആ ചിത്രങ്ങളില്‍ നിവേശിക്കുവാനാകുമായിരുന്നില്ല. കാരണം, ചലച്ചിത്രം, മൃണാള്‍ സെന്നിനു തൊഴിലായിരുന്നില്ല; കലാപ്രവര്‍ത്തനം മാത്രമായിരുന്നില്ല. സിനിമയായിരുന്നു അദ്ദേഹത്തിനു മതം!
Share:

No comments:

Post a Comment

മൂല്യസൃതി മാസിക വരിക്കാരാവുക

SUBSCRIBE ONLINE

SUBSCRIBE ONLINE
1 year - 360/- 2 Years - 720/- ,3 Years- 1080/-

Moolyasruthi Cover

Moolyasruthi Cover
JULY 2024

MOOLYASRUTHI MAGAZINE

CHAVARA INSTITUTE

CHAVARA INSTITUTE
ADMISSION STARTED

ADVERTISE HERE

ADVERTISE HERE
Ph : 0484 4863404

Chavara Matrimony

Chavara Matrimony

Popular Posts

Search This Site

Recent Posts