കഥ
കുളിമുറിയില്‍ ഒഴിച്ച കള്ളമൂത്രം പോലെ അടുത്ത കാലത്തായി അവര്‍ക്കിടയില്‍ ഒരു നാറ്റം രൂപപ്പെട്ടു. ഞാനോ നീയോയെന്ന് ചോദിക്കാതെ ഒളിച്ചുകടത്തുന്ന ഇരകളെയുമെടുത്ത് വീടിന്‍റെ ഏതെങ്കിലും മൂലയിലേക്ക് അവര്‍ പതുങ്ങിപോയി ഇരുന്നു.
ڇചില ജീവികള്‍ പരമ്പരാഗതമായി മനുഷ്യസഹവാസത്തിലേക്ക് കുടിയേറി പാര്‍ത്തവരാണ്.ڈ
ഇന്നലെ രാത്രി അടുക്കളയിലും കട്ടിലിന്‍റെ അടിയിലുമൊക്കെ കാറിക്കൂട്ടിയതിന്‍റെ യാതൊരു കുറ്റബോധവുമില്ലാതെ മുറ്റത്തൂടെ നടന്നുവരുന്ന വൃത്തിയില്ലാത്ത കണ്ടന്‍ പൂച്ചയെ നോക്കി വിവേക് പറഞ്ഞു.
അപ്പറഞ്ഞത് തന്നെ ഉദ്ദേശിച്ചാണെന്ന് തെറ്റിദ്ധരിച്ച് താര വല്ലാത്തൊരു നോട്ടം വിവേകിനു നേരെ കൊളുത്തി. കൂട്ടിന് ആരെയോ വിളിച്ചുകൊണ്ട് പൂച്ച മുറ്റത്ത് നിന്ന് കാളി. അത് താരയുടെ പേര് പോലെ വിവേകിന് തോന്നി.
ڇഖട്സ് വേണം.ڈ
വിവേകിന്‍റെ രൂക്ഷമായ നോട്ടത്തെ അങ്ങനെയാണ് താര ഒതുക്കിയത്. നിവര്‍ത്തി വായിച്ചോണ്ടിരുന്ന പത്രത്താള് ക്രമം തെറ്റിച്ച് കൂടാരം പോലെ ടീപ്പോയിലിട്ട് അവള്‍ കനത്തില്‍ എഴുന്നേറ്റ് പോയി. വിവേക് കൂടാരത്തിലേക്ക് വെറുപ്പോടെ നോക്കി. പത്രമെടുത്ത് ഭംഗിയായി മടക്കിവച്ചു. താര എഴുന്നേറ്റുപോയ വഴിയില്‍ പോലും അവളോടുള്ള പുച്ഛങ്ങള്‍ പ്രസരിപ്പിച്ചു. കുറച്ചുനേരം കൂടി അങ്ങനെ നോക്കിയിരിക്കുന്നതിനിടെ പൂച്ച മുറ്റത്ത് നിന്ന് വീണ്ടും കാളി.
ടീപ്പോയിലുള്ള ഫ്ളവര്‍വെയ്സ് എടുത്ത് വിവേക് പൂച്ചയ്ക്കിട്ട് എറിഞ്ഞു. കൊണ്ടില്ല. പൂച്ച പറമ്പത്തോട്ട് വാണംവിട്ടതു പോലെ ഓടി. ഒരിടത്ത് നിന്ന് ക്രൂരമായി തിരിഞ്ഞുനോക്കി. ഫ്ളവര്‍വെയ്സ് പൊട്ടിയത് മിച്ചം.
താര പറഞ്ഞതാണ് ശരി. ഖട്സില്ല. പൂച്ചയെപ്പോയിട്ട് ഒരു ഉറുമ്പിനെപ്പോലും കൊല്ലാനുള്ള ഖട്സ് വിവേകിനില്ല. ആകെ കൊല്ലുന്നത് ഓട്ടുറുമകളെയാണ്. രാത്രി ലൈറ്റിന് ചുറ്റും പാറി വന്ന് ചുമരില്‍ പറ്റി നില്‍ക്കുന്ന കുരിപ്പുകളെ മെഴുകുതിരി കൊണ്ട് കുണ്ടിക്ക് തീകൊളുത്തി കൊന്നൊടുക്കുന്നതില്‍ മാത്രം അയാള്‍ക്ക് യാതൊരു ദാക്ഷിണ്യവുമില്ല. വെളുത്ത ചുമരില്‍ ഓട്ടുറുമകളെ കൊന്നൊടുക്കിയ കരി വിരുന്നുകാര്‍ക്കിടയില്‍ വിവേകിനെയും താരയെയും നോക്കി ഇളിച്ചു.
ڇഇതെന്ത് മ്യൂറല്‍ പെയിന്‍റിംഗാ...ڈ ചുമര് നോക്കി ആരെങ്കിലും പറഞ്ഞാല്‍ വിവേകിന്‍റെ തല താഴും.
ڇഅതിന് മണ്ണെണ്ണ പസ്റ്റാ... തളിച്ചാ മതി.ڈ വന്നവരുടെ കൈയില്‍ സ്ഥിരമായി ഒരു ഫോര്‍മുല കാണും.
ڇഎന്നാലൊന്നും പോവത്തില്ല. ഈ ചുറ്റുവട്ടത്ത് ഇവിടെ മാത്രമെ ഉള്ളൂ... പുതിയ വീടായിരുന്നിട്ടും എന്താണതിന്‍റെ ഗുട്ടന്‍സ് എന്നറിയില്ല. വലിയ നാണക്കേടാ.ڈ
ڇഅതിന് കാരണമുണ്ട്.ڈ
പറഞ്ഞ ആളുടെ മുഖത്തേക്ക് വിവേകിന്‍റെ കണ്ണുകള്‍ പാറിപ്പറ്റി.
ڇവീടിന് ഉപയോഗിച്ച മരത്തടികളൊക്കെ പുതിയതാണോ...?ڈ
ڇമുഴുവനും അല്ല. പഴയ വീടിന്‍റെ മച്ചൊക്കെ എടുത്തിട്ടുണ്ട്.ڈ
ڇഅതിന്‍റെ ഗന്ധം പോളിഷടിച്ചാലൊന്നും പോകത്തില്ല.ڈ
പരമ്പരാഗതവും സഹവാസവും കുടിയേറിപ്പാര്‍ക്കലുമൊക്കെ അങ്ങനെയാണ് വിവേകിന് ലഭിച്ചത്. ഇഷ്ടമില്ലാത്ത എന്തിന്‍റെ പുറത്തും അയാളത് വിദഗ്ധമായി ഉപയോഗിക്കാന്‍ തുടങ്ങി.
താരയുടെ പണ്ടം പണയം വച്ചും സുഹൃത്തുക്കളോട് കടം വാങ്ങിയും ആദ്യമായി എടുത്ത സിനിമയുടെ ബിജിഎം റിക്കാഡിങ്ങുണ്ട് മകം സ്റ്റുഡിയോയില്‍. താന്‍ റെഡിയായെന്ന സ്റ്റുഡിയോ ഉടമ ഹരിയുടെ മെസേജ് കണ്ടപാടെ വിവേക് ചാടിയെഴുന്നേറ്റ് ബാത്ത് റൂമിലേക്കോടി. ഷവര്‍ തുറന്നു. നേര്‍ത്ത വെള്ളത്തുള്ളികള്‍ മഴപ്പാമ്പുകളെപ്പോലെ ഇഴഞ്ഞു. കുളിര്‍ത്തു.
വെള്ളത്തില്‍ പൊതിര്‍ന്ന സോപ്പില്‍ താരയുടെ മുടി പറ്റിപ്പിടിച്ച് കണ്ടപ്പോള്‍ വിവേകിന് ഞെട്ടം തോന്നി.
കുളി കഴിഞ്ഞ് ബ്രേക്ക്ഫാസ്റ്റിന് വന്നിരിക്കുന്നുവെന്ന് അയാള്‍ പാത്രം കൊണ്ട് ശബ്ദമുണ്ടാക്കി. ഭക്ഷണം കഴിച്ചു പോകേണ്ട സമയമായിട്ടും മുമ്പിലെത്താത്ത ഓരോ നിമിഷവും അയാള്‍ അവളോട് മല്ലിട്ടു.
കാര്‍ സ്റ്റാര്‍ട്ട് ചെയ്യുന്ന ശബ്ദം കേട്ടു. താര ഉമ്മറത്തേക്ക് വന്ന് എത്തിനോക്കി.
സ്റ്റുഡിയോയുടെ വാതില്‍ തുറന്നു.
ഒരു സിഗരറ്റ് വലിക്കാനായി ഓങ്ങി നില്‍ക്കുകയായിരുന്നു ഹരി. വായില്‍ നിന്ന് സിഗരറ്റെടുത്ത് കൈയില്‍ പിടിച്ച് ഹരി മെഡി കീബോര്‍ഡിന് മുന്നിലേക്ക് വിവേകിനെ ആനയിച്ചു.
ڇഇരി.ڈ
നഗരത്തില്‍ നിന്ന് കുറച്ചുമാറി വാടക വീടിന്‍റെ രണ്ടുമുറി സ്റ്റുഡിയോയില്‍ ഉപജീവിക്കുന്നവനാണ് ഹരി. പ്രസവാനന്തരം ഭാര്യ മാറി നില്‍ക്കുന്നതിന്‍റെ ആനന്ദം അവന്‍റെ മുഖത്തുണ്ടെങ്കിലും വീടിന്‍റെ പരിസരത്തില്‍ അതില്ല.
കീബോര്‍ഡിന്‍റെ മേലെ കിടന്ന് ഹരിയുടെ പൂച്ച പുച്ഛത്തോടെ വിവേകിനെ നോക്കി.
ڇഅതിനെയെടുത്തങ്ങ് മാറ്റ്.ڈ
പാവമാണെന്ന് ചിരിച്ചുതള്ളി ഹരി മറ്റെന്തിലോ ധൃതിപ്പെട്ടു.
ڇസ്കെല്‍ട്ടന്‍ കണ്ടില്ലേ...? എന്തെങ്കിലും സജഷന്‍?ڈ
വിവേക് തന്‍റെ ഇരിപ്പിടത്തില്‍ സ്വസ്ഥനായി ഇരുന്ന് ഹരിയെ നോക്കി. കൈയിലെ സിഗരറ്റ് വാതിലിനപ്പുറത്തേക്ക് ഹരിയെ പിടിച്ചുവലിച്ചുകൊണ്ടിരുന്നു.
ڇകൊഴപ്പൂല്ല, ഓഫ് ബീറ്റ് സിനിമയല്ലേ... നമ്മള്‍ക്ക് നന്നാക്കാം.ڈ
കമ്പ്യൂട്ടറില്‍ പ്ലേ ബട്ടന് നേരെ കേഴ്സല്‍ കൊണ്ടുവച്ചപ്പോള്‍ പൂച്ച അപരിചിതനെ പോലെ വിവേകിനെ നോക്കി വാലനക്കി.
ڇതീം മ്യൂസിക്കിനെ നമ്മള്‍ക്ക് അവസാനം വരെ ഒറ്റ പാറ്റേണില്‍ കൊണ്ടുപോകാം. നല്ല മെര്‍ജിംഗ് കിട്ടും. അതല്ലേ നല്ലത്.ڈ
ഹരി വാതിലിന്‍റെ പാതിയില്‍ നിന്നു.
ڇഅതാ നല്ലത്. സിംഗ് സൗണ്ടായതു കൊണ്ട് ഡാര്‍ക്ക് ഇടണ്ട. ഒന്നും കേക്കത്തില്ല.ڈ
ڇനീ വലിച്ചിട്ടു വാ...ڈ
ഹരി വാതിലിനപ്പുറത്തേക്ക് രക്ഷപ്പെട്ടു. പൂച്ച എഴുന്നേറ്റ് മൂരിനിവര്‍ന്ന് കീബോര്‍ഡിലൂടെ നടന്നു. സൗണ്ട് ബോക്സില്‍ പുച്ഛം മുഴങ്ങി.
എലിയെ പിടിക്കാത്ത പൂച്ചകളെ ഓമനിച്ചു വളര്‍ത്താന്‍ തുടങ്ങിയതിന് ശേഷമാണ് അത് ഒരു വളര്‍ത്തുമൃഗമായതെന്നാണ് വിവേകിന്‍റെ വാദം. ഒരു വികാരവും ഒരു സ്നേഹവുമില്ലാത്ത, എന്നാല്‍ മനുഷ്യനില്‍ നിന്ന് എല്ലാ പ്രിവിലേജുകളും ആസ്വദിച്ച് അനുഭവിക്കുന്ന വൃത്തികെട്ട ജന്തു.
സ്കൂളില്‍ പഠിക്കുന്ന കാലത്ത് കൂട്ടുകാരന്‍റെ വീട്ടിലെ പൂച്ച പെറ്റത് കൊതിയോടെ വിവേക് കാണാന്‍ പോയിരുന്നു. ഒരു ചൊക്കിപ്പൂച്ചയെ തനിക്ക് തരണമെന്ന് ഏല്‍പ്പിച്ചിരുന്നു. കണ്ണ് കീറിയപാടെ അതിനെയും വാങ്ങി വീട്ടില്‍ കൊണ്ടുവന്ന് അടുപ്പിന് ചുറ്റും മൂന്നുതവണ പൂച്ചയെ വലംചുറ്റി അടുപ്പിന്‍ തിണ്ണയില്‍ തന്നെ ചോറിട്ടു കൊടുത്തു. പൂച്ച ചോറ് മുഴുവന്‍ കഴിച്ചിട്ടുണ്ടെങ്കില്‍ വീടുമായി ഒടുക്കം വരെ മെരുങ്ങുമെന്നാണ് വിശ്വാസം. ഇല്ലെങ്കില്‍ പാതിക്ക് ഇറങ്ങിപ്പോകും. അങ്ങനെ ഇറങ്ങിപ്പോയവയാണ് മറ്റ് വീടുകള്‍ക്ക് ചുറ്റും അലയുന്നത്.
ڇഎ. ആര്‍ റഹ്മാന്‍റെ ഒരു പാറ്റേണുണ്ട്. രംഗ്തെ ബസന്തിയൊക്കെ കണ്ടിട്ടില്ലേ... നമുക്കത് ഫോളോ ചെയ്യാ...ڈ
സിഗരറ്റ് വലിക്കുന്നതിനിടെ കിട്ടിയ ഐഡിയയുമെടുത്ത് ഹരി വന്നു.
ڇടിറ്റോ അടിക്കണ്ട. ചെയ്ഞ്ച് വേണം.ڈ
ڇമലയാളത്തില്‍ ഷാന്‍ റഹ്മാന്‍ നന്നായി ഉപയോഗിച്ചിട്ടുണ്ട്. തട്ടത്തിന്‍ മറയത്ത് പോലെ.ڈ
സ്ക്രീനില്‍ സിനിമ പ്ലേയായി, കീബോര്‍ഡില്‍ ഹരിയുടെ വിരലുകളോടി.
ڇതീയേറ്ററില്‍ ഓടിയില്ലെങ്കിലും ഫെസ്റ്റിവല്‍ കിട്ടണം.ڈ
ഹരി കവിളിലേക്ക് കയറ്റി ഒരു ചിരി ചിരിച്ചു.
ഇടയ്ക്ക് വിവേകിന്‍റെ ഫോണിലേക്ക് കോള്‍ വന്നു. കുറച്ചുനേരത്തേക്കുള്ള നിര്‍ദ്ദേശങ്ങള്‍ ഒന്നിച്ചു നല്‍കി അയാള്‍ പുറത്തേക്ക് പോയി. പുറത്തിരുന്നാലും സ്ക്രീന്‍ കാണുന്ന വിധത്തില്‍ കസേരയില്‍ ഇരുന്നു.
സിനിമയെന്നു പറഞ്ഞ് കുറച്ചു ദിവസം രാത്രി വിളിച്ചു കിട്ടാത്തതിലെ മുഷിച്ചിലോടെ ശ്രീ ഫോണിന്‍റെ മറുതലയ്ക്കല്‍ മിണ്ടാതിരുന്നു. അവള്‍ മിണ്ടാതിരിക്കുന്ന ഓരോ സമയവും വിവേകിന് ഹൃദയമിടിപ്പേറും. അവളുടെ പ്രിയപ്പെട്ട പമ്മനെ ഇപ്പോള്‍ മടിയിലിരുത്തി തലോടുന്നുണ്ടാവുമെന്ന് അയാള്‍ പേടിച്ചു.
ڇനിന്‍റെ പൂച്ചയെവിടെ?ڈ
ڇപമ്മന്‍.ڈ
പലയാവര്‍ത്തി അവള്‍ പറഞ്ഞതാണ് പൂച്ചയുടെ പേര്. വിവേക് ബോധപൂര്‍വം മറക്കുന്നതും. ഫെയ്സ്ബുക്കില്‍, വാട്സ്ആപ്പില്‍ പൂച്ചയെ കെട്ടിപ്പിടിച്ചുള്ള അവളുടെ ഫോട്ടോയിലേക്ക് നോക്കാന്‍ ത്രാണിയില്ലാതെ അയാള്‍ തന്‍റെ അപ്ഡേഷനു പോലും ഫോണ്‍ ഉപയോഗിക്കുന്നത് പരിമിതപ്പെടുത്തി.
പമ്മന്‍റെ വിശേഷങ്ങള്‍ ചോദിച്ചാല്‍ ശ്രീയുടെ മൂഡ് ശരിയാകുന്നത് വിവേക് പലപ്പോഴും വേദനയോടെ അനുഭവിച്ചിട്ടുണ്ട്.
ڇഅവനിപ്പോ ഒരു പണിയൊപ്പിച്ചു.ڈ
താല്‍പര്യമില്ലാഞ്ഞിട്ടും വിവേക് എന്താണെന്ന് മൂളിക്കൊടുത്തു.
ڇഅപ്പുറത്തെ വീട്ടില്‍ നിന്ന് ഒരു മുഴുത്ത മീന്‍ കടിച്ചുകൊണ്ടുവന്ന് കറുമുറെ തിന്നുന്നു.ڈ
വലിയൊരു കുസൃതി കണ്ടെത്തിയ പോലെ അവള്‍ ചിരിച്ചുകിതച്ചു.
ആവശ്യമില്ലാത്ത ഒരു സീനില്‍ ഹരി ഹാപ്പിമോഡ് സെലക്ട് ചെയ്തത് തിരുത്തിക്കൊണ്ട് വിവേക് ഉള്ളിലേക്ക് ഓടിവന്നു.
ڇഅല്ല, ഇവിടെ ഡാര്‍ക്കാണ്. നായിക ഫോണ്‍ ചെയ്യുന്ന സമയത്ത് ഭര്‍ത്താവ് വന്ന് സംസാരിക്കുമ്പോള്‍ കേട്ടുനില്‍ക്കേണ്ടി വരുന്നത് അവളുടെ ഗതികേടാണ്.ڈ
ഹരി മറ്റൊരു മോഡ് ക്രിയേറ്റിങ്ങിലേക്ക് നീങ്ങി.
വിവേക് ചെവിക്കുപിടിച്ച ഫോണോടെ വീണ്ടും പുറത്തേക്കിറങ്ങി.
ڇഫോണില്‍ സംസാരിക്കുമ്പോള്‍ മറ്റ് പണിയിലേര്‍പ്പെടുന്നത് ഡാര്‍ക്കാണെന്ന് നീയല്ലേ പറയാറ്.ڈ
ڇഅത് ഞാന്‍ ജെസ്റ്റ് കണ്ടപ്പോള്‍ പറഞ്ഞതാ... നീയവന്‍റെ ബാക്കി കുസൃതികള്‍ പറ.ڈ
അവള്‍ ഫോണ്‍ കട്ട് ചെയ്തു.
ڇഭാര്യ ഫോണ്‍ ചെയ്യുമ്പോള്‍ ഭര്‍ത്താവ് വന്ന് ഷൗട്ട് ചെയ്യുന്ന ഷോവനിസമൊക്കെ വര്‍ക്കൗട്ടാകുമോ സര്‍? അതും ഇക്കാലത്ത്.ڈ
ആ സീനില്‍ കൃത്യമായ മോഡ് ഇടാനാവാതെ കുഴയുകയാണ് ഹരി.
ڇതീര്‍ച്ചയായും.ڈ
തന്‍റെ സിനിമയെ കുറിച്ചുള്ള ആദ്യത്തെ വിമര്‍ശനത്തില്‍ സന്തോഷം പൂണ്ട് വിവേക് കസേര കുറച്ചുകൂടി അടുത്തേക്ക് വലിച്ചിട്ടു.
ڇതൊഴില്‍രഹിതനായ ഭര്‍ത്താവ്. വില്ലേജോഫീസറായ നായിക ഒഫീഷ്യല്‍ കോള്‍ ചെയ്യുമ്പോള്‍ പറയുന്നതെന്താണെന്ന് നോക്ക്. ഏതോനെയാടീ കൂത്തിച്ചീ നീ വിളിക്കുന്നതെന്ന്. അത് കേട്ടപ്പോള്‍ അവളുടെ പരുങ്ങല്‍ കണ്ടോ. അതിന് കാരണമുണ്ട്.ڈ
ڇഎന്താ കാരണം.ڈ
ڇആ... എനിക്ക് തോന്നി. സിനിമയുടെ സ്കെല്‍ട്ടന്‍ കണ്ടാലൊന്നും നിനക്ക് മനസ്സിലാവില്ല.ڈ
കീബോര്‍ഡില്‍ നിന്ന് വിരലുകളെടുത്ത് ഹരി താടിക്ക് കൈകൊടുത്ത് വിവേകിനെ തിരിഞ്ഞുനോക്കി.
ڇനിലയില്‍ താണ കലക്ടറായാലും വീട്ടിലെ നായര് തല്ലും മോനേ...ڈ
രാത്രി മടങ്ങാന്നേരം ശ്രീയുടെ അഞ്ചാമത്തെ കോള്‍ കാറിന്‍റെ ബ്ലൂടൂത്തിലിട്ട് വിവേക് അറ്റന്‍റ് ചെയ്തു. പന്ത്രണ്ട് മണിയായിട്ടും ഉറങ്ങാത്ത കാത്തിരിപ്പില്‍ ഏകാന്തമായ ഒരിടത്ത് ഒറ്റക്ക് പെയ്യുന്ന മഴ പോലെ വിവേക് നനഞ്ഞു. അവളുടെ കുളിരൊച്ചയുടെ കണങ്കാലില്‍ പമ്മന്‍ പതുങ്ങിപ്പതുങ്ങി വന്ന് ഇക്കിളിപ്പെടുത്തുന്നതായി അവളറിയിച്ചപ്പോള്‍ മഴ തോര്‍ന്നു.
വിവേക് ഫോണ്‍ കട്ട് ചെയ്തു.
കാര്‍ വീട്ടിലേക്ക് കയറ്റി. ചെടികള്‍ക്കിടയില്‍ കണ്ണുളിയന്മാര്‍ വിവേകിനെ നോക്കിപേടിപ്പിച്ചു. അകത്തേക്ക് കയറാന്‍ പഴുതു കിട്ടാതെ പൂച്ചകള്‍ മുറ്റത്തൂടെ പരക്കം പാഞ്ഞു.
കോളിംഗ് ബെല്ലിന്‍റെ തുമ്പത്ത് താര ഉറക്കച്ചടവോടെ വാതില്‍ തുറന്നുവച്ച് പോയി കിടന്നു. കുളി കഴിഞ്ഞ് ഊണുകഴിക്കാനായപ്പോള്‍ എഴുന്നേറ്റ് വന്ന് വിളമ്പി കിടന്നു. കഴിച്ചു കഴിയാറായപ്പോള്‍ വെള്ളം തരാനായി എഴുന്നേറ്റ് വന്നുകിടന്നു. പാത്രം എടുത്തുവയ്ക്കുകയോ കഴുകിവയ്ക്കുകയോ ചെയ്യാനായി അവള്‍ വീണ്ടും എഴുന്നേറ്റു വന്നു കിടന്നു. നാലു തവണത്തെ എഴുന്നേറ്റവും കിടത്തവും നശിപ്പിച്ച സ്വാസ്ഥ്യത്തില്‍ ഉറക്കത്തെ കാത്തിരുന്ന് വിവേക് ഉമ്മറത്ത് ചാരുകസേരയിലിരുന്ന് ശ്രീ അയച്ച വാട്സ്ആപ്പ് ഫോട്ടോകളില്‍ മുഖം കുനിച്ചു. അവളുടെ മാറില്‍ സുഖിച്ചുറങ്ങുന്ന പമ്മനെ കണ്ടപ്പോള്‍ വിവേകിന്‍റെ ഞരമ്പുപൊട്ടി. വിറപിടിച്ച വിരലുകള്‍ കൊണ്ട് അയാള്‍ തോന്നിയതൊക്കെ ടൈപ്പ് ചെയ്തയച്ചു. അവള്‍ കാണുന്നതിന് മുന്നേ ഡിലീറ്റ് ചെയ്തു.
തന്‍റെ ഇഷ്ടങ്ങളുടെ സ്വാതന്ത്ര്യത്തില്‍പ്പെട്ട ഒന്നാണ് നീയും എന്ന് തിരിച്ചൊരു മെസേജ് വായിക്കാന്‍ ശക്തിയില്ലാതെ, മറ്റൊരു രീതിയിലും പ്രതികാരം ചെയ്യാനാവാതെ അയാള്‍ എഴുന്നേറ്റ് മുറിയിലേക്ക് പോയി താരയോട് ചേര്‍ന്നുകിടന്നു. ഉറങ്ങിയ അവളുടെ ഉടലിലേക്ക് ടൈപ്പ് ചെയ്തയച്ചു.
നടപ്പുശീലം കെട്ട പാതയോരം പോലെ താരയുടെ ശരീരത്തിലെ വിവിധ വഴികള്‍ കാടുമൂടി അടഞ്ഞുകിടക്കുന്നു.
കാമസുഗന്ധിയായ ഇണയെ പ്രാപിക്കാന്‍ പൂച്ചകള്‍ മുറ്റത്ത് യുദ്ധം ആരംഭിച്ചു. പൂച്ചകള്‍ ഇഷ്ടപ്പെട്ട ഇണയെ നേടുന്നതുവരെ യുദ്ധം ചെയ്യും. അതിനിടെ മുറിവേല്‍ക്കുന്നതല്ല, പിന്മാറുന്നതാണ് തോല്‍വിയെന്ന് തിരിച്ചറിഞ്ഞവര്‍ പുലരുവോളം നിര്‍ത്താതെ അലറിക്കൊണ്ടിരിക്കുന്നത് കേട്ട് വിവേകിന്‍റെ ഉറക്കം കെട്ടു.
രാവിലെ അരമതിലില്‍ പാതിയുറക്കത്തില്‍ ചടഞ്ഞുകൂനിയിരിക്കുന്ന അവനെ കണ്ടപ്പോള്‍ വിവേകിന്‍റെ പത്രവായനയും കൂടെയുള്ള ചായയും മുടങ്ങി. ആഹാരം പോലും തേടാതെ അടുത്ത അവസരത്തിലേക്കുള്ള തപസ്സാണവന്‍റെ. വികാരങ്ങളെ ഉള്ളിലൊതുക്കി വച്ച്, ജാഗ്രതയുള്ള കണ്ണുകള്‍ ഇടയ്ക്കിടെ വീട്ടിനുള്ളിലേക്ക് നുഴഞ്ഞുകയറ്റി അവന്‍ ഇരിപ്പ് തുടര്‍ന്നു.
ശ്രീയോട് നല്ല രീതിയില്‍ സംസാരിച്ചിട്ട് നാളുകളായെന്ന് വിവേക് ഓര്‍ത്തെടുത്തു. പുതുക്കിക്കൊണ്ടിരിക്കാത്ത സ്വപ്നങ്ങള്‍ എളുപ്പം ജപ്തി ചെയ്യപ്പെടുമെന്ന് അയാള്‍ പേടിച്ചു.
ഫോണില്‍ ശ്രീയുടെ വോയിസ് മെസേജ് നിറഞ്ഞുകിടക്കുന്നു. ചെവിയോട് ചേര്‍ത്തുവച്ചപ്പോള്‍ ധൃതിപിടിച്ചുള്ള അവളുടെ പറച്ചില്‍ കേട്ടു.
ڇപമ്മനെ രാവിലെ വണ്ടിയിടിച്ചു. സീരിയസ്സാണ്.ڈ
കൂറ്റനൊരു ലോറി റോഡിലൂടെ ഇരമ്പി പാഞ്ഞിട്ടും അരമതിലിലെ പൂച്ച അനങ്ങിയില്ല.
നല്ല ഒരു മനുഷ്യനെ എളുപ്പം മോശപ്പെട്ടവനാക്കുന്ന നിയമമാണ് പ്രേമമെന്ന് തിരിച്ചറിഞ്ഞിട്ടും അതിലൊട്ടും ആകുലപ്പെടാതെ വിവേക് സ്റ്റുഡിയോയിലേക്ക് പോയി.
ഉച്ചയായിട്ടും രാവിലത്തെ മെസേജിന് ഒരു മറുപടിയും കിട്ടാതെ വിവേകിനെ വിളിച്ച് ശ്രീ പ്രകോപിതയായി.
ڇഎന്‍റെ സങ്കടത്തില്‍ നിനക്ക് ഒരു റോളും ഇല്ലേ?ڈ
നായിക വീടിറങ്ങി നടന്നുപോകുന്ന ലോംഗ് ഷോട്ട്. അതുകണ്ട് ഞെട്ടിനില്‍ക്കുന്ന ഭര്‍ത്താവ്. മോഡ് ചേര്‍ക്കാന്‍ മറന്നുകൊണ്ട് വിഷമിച്ചിരിക്കുകയായിരുന്നു ഹരി.
ڇഞെട്ടുമ്പോള്‍ അമിട്ടുപൊട്ടുന്ന സാധനൊന്നും ഇട്ടേക്കല്ലേ,ڈ വിവേക് അട്ടഹസിച്ചു.
ശ്രീയുടെ വോയ്സ് വന്നു.
ڇഎനിക്കിവനെ കണ്ടുനില്‍ക്കാനാവുന്നില്ല. കാലിലൂടെ ടയര്‍ കറങ്ങിയിറങ്ങിയിട്ടുണ്ട്. അതും വലിച്ചോണ്ടു പോകുമ്പോള്‍ അവന്‍ എന്നെയൊരു നോട്ടം നോക്കി.ڈ
മൊബൈലില്‍ കണ്ണുകള്‍ പുറത്തേക്ക് തള്ളിയുള്ള ഞെട്ടലിന്‍റെ സിമ്പല്‍ ഇടേണ്ട പണിയെ ഉണ്ടായിരുന്നുള്ളൂ. രാവിലെ അത് ചെയ്യാത്തതിലുള്ള കച്ചറ വിവേകിനെ ബാധിച്ചു. പകരമായി പറയേണ്ട അനവധി വാക്കുകള്‍ക്കും സമയങ്ങള്‍ക്കും ഇടയില്‍പ്പെട്ട് വിവേക് കുറെനേരം നിശബ്ദമായപ്പോള്‍ ശ്രീ ഫോണ്‍ കട്ട് ചെയ്തു.
ഉച്ചയൂണിന് ഹരിയോടൊത്ത് പുറത്തിറങ്ങിയപ്പോള്‍ ശ്രീ വീണ്ടും വിളിച്ചു.
ڇവാട്സ്ആപ്പില്‍ ഒരു പ്രിസ്ക്രിപ്ഷന്‍ അയച്ചിട്ടുണ്ട്. മരുന്ന് ഇവിടെ കിട്ടാത്തതുകൊണ്ടാ. അവിടന്ന് വാങ്ങി ഒരു ബസ്സിന് കൊടുത്തുവിടാമോ.ڈ
അതെങ്കിലും ചെയ്തേക്കാമെന്ന് വിവേകിന് തോന്നി.
മുഖത്തെ മ്ലാനത കണ്ട് എന്തുപറ്റിയെന്ന് ഹരി ചോദിച്ചു. ഒരു സുഹൃത്ത് ഹോസ്പിറ്റലിലുണ്ട് മരുന്ന് വാങ്ങി കൊടുത്തുവിടണമെന്ന് പറഞ്ഞപ്പോള്‍ ഹരിയുടെ മുഖത്തേക്കും ആതുരത പകര്‍ന്നു.
കാര്‍ നിര്‍ത്തി അവന്‍ കാണാത്ത വിധത്തില്‍ വെറ്ററിനറി മെഡിക്കല്‍ ഷോപ്പിലേക്ക് കയറി സര്‍ജിക്കല്‍ പിന്നും ആവശ്യപ്പെട്ട മരുന്നുകളും വാങ്ങി വരുന്നതിനിടെ വളംകടയില്‍ കയറി കുറച്ച് ഫ്യൂരഡാനും വാങ്ങി.
ഫ്യൂരഡാന്‍ പൊതിഞ്ഞുതന്ന പയ്യന്‍ അനാവശ്യമായി തന്നെ നോക്കുന്നതെന്തിനെന്ന് വിവേക് ഓര്‍ത്തു.
മരുന്ന് ബസ്സിന് കൊടുത്തുവിട്ട് കാറില്‍ ഉച്ചക്ക് സ്ഥിരമായി കഴിക്കുന്ന ഹോട്ടലിലേക്ക് പോയി.
കീശയില്‍ ഫ്യൂരഡാന്‍ പൊതി മുഴച്ചു നിന്നു.
പമ്മന്‍റെ ദുരന്തവും ആരോഗ്യത്തിലേക്കുള്ള തിരിച്ചുവരവിനും എടുക്കുന്ന കാലയളവു വരെ ശ്രീയുടെ മാനസികാവസ്ഥ ഏതുവിധമായിരിക്കുമെന്നും അതിനെ എങ്ങനെ ഫോളോ ചെയ്യണമെന്നും വിചാരിച്ച് വിവേകിന് ചോറിറങ്ങിയില്ല. പച്ചച്ചോറില്‍ കൈകുത്തിയിരിക്കുന്നത് കണ്ട് ഹരി ചോദിച്ചു.
ڇഏതാ സുഹൃത്ത്? സീരിയസ്സാണോ...?ڈ
ڇലേശം.ڈ
ڇഎങ്കില്‍ ബസ്സിന് കൊടുത്തുവിടാതെ കാറിന് കൊണ്ടുപോയി കൊടുക്കാരുന്നു.ڈ
അങ്ങനെ ചെയ്യുമെന്ന് ശ്രീ കരുതിയിട്ടുണ്ടാകുമോ? ഉണ്ടെങ്കില്‍ ബസ്സിന് കൊടുത്തുവിട്ടത് തന്‍റെ ഉള്ളിലിരിപ്പാണെന്ന് അവള്‍ എപ്പോഴെങ്കിലും വിമര്‍ശിക്കും.
ഉച്ചക്ക് ശേഷം സ്റ്റുഡിയോയിലേക്ക് പോകാതെ വിവേക് വീട്ടിലേക്ക് തിരിച്ചു. അരമതിലില്‍ ആരുമില്ല. അടുക്കളയില്‍ കയറി പഴയൊരു പാത്രം തിരയുന്നതിനിടെ ശബ്ദം കേട്ട് താര എത്തിനോക്കി. ഉടന്‍ തിരിച്ചുപോയി.
ഫ്യൂരഡാന്‍റെ മൂല മുറിച്ചു. മൂക്കിലേക്ക് ഗന്ധം ഇരച്ചുകയറി. ചോറില്‍ മീങ്കറി ഒഴിച്ച് കുഴച്ച് വിവേക് അരമതിലിന് മുകളില്‍ കൊണ്ടുവച്ച് ഉമ്മറത്തെ പത്രത്താളുകള്‍ക്കിടയില്‍ പതുങ്ങിയിരുന്നു.
രാത്രിയില്‍ ശ്രീ തളര്‍ന്നുതളര്‍ന്നു വന്ന് കഥ പറഞ്ഞു. രാവിലെ പമ്മനെ അടുത്തുള്ള വെറ്ററിനറി ഹോസ്പിറ്റലിലേക്ക് എടുത്തോടിയതും ഓപ്പറേഷനായി ജില്ലാ വെറ്ററിനറി ഹോസ്പിറ്റലിലേക്ക് പോയതും കണ്ടുനില്‍ക്കാനാവാതെ കുഴഞ്ഞുവീണതുമൊക്കെ ഏറെ സമയമെടുത്ത് അവള്‍ പറഞ്ഞ് പൂര്‍ത്തിയാക്കി.
ڇസമയത്തിന് മരുന്നെത്തിച്ചത് നന്നായി. നീ ഇല്ലായിരുന്നെങ്കില്‍...ڈ
വിവേകിന്‍റെ മനസ്സ് കുളിര്‍ത്തു
അവന്‍ ശ്രീയെ നെഞ്ചിലേക്ക് ചേര്‍ത്തുപിടിച്ച് ആശ്വസിപ്പിച്ചു.
നമ്മളെ പമ്മന് ഒന്നും സംഭവിക്കില്ല.
അരമതിലില്‍ ഒരുക്കിയ ഭക്ഷണം കഴിച്ച്, താഴേക്ക് കുഴഞ്ഞുവീണ്, ചുമരിലും മരത്തിലുമിടിച്ച്, എവിടെയെങ്കിലും പോയി ഛര്‍ദ്ദിച്ചുമരിക്കുന്ന പൂച്ചകളെ സ്വപ്നം കണ്ട് വിവേക് സമാധാനത്തോടെ ഉറങ്ങി.
അടുക്കളയില്‍ പാത്രങ്ങളുടെ ഒരു ശബ്ദവും കേള്‍ക്കാതെ വിവേക് വൈകി എഴുന്നേറ്റു. ടോയ്ലറ്റില്‍ പോയി വരുമ്പോഴേക്കും കൂടാരം തീര്‍ക്കാത്ത പത്രമെടുത്ത് നിവര്‍ത്തി. കൂടെ കിട്ടാത്ത ചായയിലേക്ക് വിവേക് തിരിഞ്ഞുനോക്കി.
വാട്സ്ആപ്പില്‍ ശ്രീ അയച്ച മെസേജും ഇമേജും വന്നുകിടക്കുന്നു.
ڇപമ്മന്‍ പോയി.ڈ
കരഞ്ഞുകലങ്ങിയ അവളുടെ മുഖവും.
നോക്കിനോക്കി നില്‍ക്കെ വിവേക് വലിയൊരു കുഴിയിലേക്ക് വീഴുന്നു.
ശ്രീ അയച്ച സെല്‍ഫിയിലേക്ക് വിവേക് നോക്കി.
താന്‍ മരിച്ചുകഴിഞ്ഞാല്‍ ഇത്രയും കരഞ്ഞുവീര്‍ക്കാന്‍ സാധ്യതയില്ലാത്ത അവളുടെ കണ്ണുകളോട് വിവേകിന് വെറുപ്പ് തോന്നി.
വിവേക് അരമതിലിലേക്ക് നോക്കി. ഇന്നലെ വച്ച ഭക്ഷണം അതുപോലെ ഇരിക്കുന്നു.