കവിത
ചീവീട്
സി. എസ് സേവ്യര്‍
ആരവങ്ങള്‍ക്കിടയില്‍
പാഞ്ഞുവരുന്നതിന്‍റെ നേര്‍ക്ക്
ആഞ്ഞു ചുഴറ്റിയടിക്കുന്നവര്‍
അറിയുന്നില്ല
നെഞ്ചിലുരയുമ്പോള്‍
സിരകള്‍
മുറിഞ്ഞു പൊട്ടുന്നവന്‍റെ
വേദന.
കുളമ്പില്‍ ലാടമിട്ട്
കുതിരപോലെ കുതിച്ച്
ഓടിപ്പാഞ്ഞ് വലിച്ചെറിയുന്നവര്‍ കേള്‍ക്കുന്നില്ല
മണ്ണിലുരഞ്ഞ്
തുന്നല്‍ പൊട്ടി
മാംസം നുറുങ്ങുന്നവന്‍റെ നിലവിളി.
അനങ്ങാതെ നിന്ന്
ഇടയ്ക്ക് നടന്നും
ചിലപ്പോള്‍ ഓടിയും
വെയിലത്ത്
ഉരുണ്ടും പൊങ്ങിയും വരുന്ന ഭൂഗോളത്തെ കൈപ്പിടിയിലൊതുക്കാന്‍
കൊതിക്കുന്നവരും
കാണുന്നില്ല
കരത്തില്‍ പുരണ്ട മണ്ണില്‍ ചേര്‍ന്നരഞ്ഞ്
വേരറ്റവന്‍റെ
കരച്ചില്‍.
പക്ഷെ
മൈതാനം ശൂന്യമായി
എല്ലാം ഏറ്റുവാങ്ങിയിടത്ത് ചുഴറ്റിയടിച്ചതും
വലിച്ചെറിഞ്ഞതും
പരസ്പരം പ്രണയിച്ചു കിടക്കുമ്പോള്‍
അറിയുന്നുണ്ട്
ഗാലറികളില്‍
ഉച്ചത്തില്‍ കരയാന്‍ മാത്രം വിധിക്കപ്പെട്ട ചീവീടുകളുടെ നൊമ്പരം!
No comments:
Post a Comment