സുമംഗല അനുസ്മരണം
ഒരിടത്ത് ഒരിടത്ത് ഒരു സുമംഗല മുത്തശ്ശിയുണ്ടായിരുന്നു. ഒരിടത്തെന്നു പറഞ്ഞാല്‍ വളരെ അകലെയൊന്നുമല്ല; തൃശൂര്‍ ജില്ലയിലെ ഓട്ടുപാറ ദേശത്തെ ദേശമംഗലം മനയിലാണ് ഈ കഥ മുത്തശ്ശി ജീവിച്ചിരുന്നത്.
മലയാളത്തിലെ കുഞ്ഞുങ്ങളുടെ മനസ്സില്‍ കഥകളുടെ മാന്ത്രികച്ചെപ്പു തുറന്നു വച്ച സുമംഗല മുത്തശ്ശി കഥ പറച്ചില്‍ നിര്‍ത്തി യാത്രയായി. അര നൂറ്റാണ്ടുകാലം കുഞ്ഞുങ്ങളോടു നിര്‍ത്താതെ കഥ പറഞ്ഞ ഈ മുത്തശ്ശി കുഞ്ഞുങ്ങള്‍ക്കു മാത്രമല്ല; മുതിര്‍ന്നവര്‍ക്കും ഒരുപോലെ പ്രിയങ്കരിയായിരുന്നു. മണ്‍മറഞ്ഞു പോയെങ്കിലും സുമംഗല മുത്തശ്ശിയുടെ കഥകള്‍ എക്കാലത്തും കുഞ്ഞുങ്ങളുടെ ഇളം ചുണ്ടുകളില്‍ മധുരമായി നിറഞ്ഞുനില്‍ക്കും.
ആദ്യമാദ്യം സ്വന്തം മക്കളോടു മാത്രമാണ് സുമംഗല കഥ പറഞ്ഞിരുന്നത്. പുരാണങ്ങളില്‍ നിന്ന് ചികഞ്ഞെടുത്ത കഥകളും മുത്തശ്ശിക്കഥകളുമെല്ലാം കുറെനാള്‍ കൊണ്ട് തീര്‍ന്നുപോയി. ഇനിയെന്തു ചെയ്യും? അവര്‍ക്ക് വല്ലാത്ത ആവലാതിയായി. അപ്പോള്‍ വീട്ടിലുള്ള പക്ഷികളെയും മൃഗങ്ങളെയും കഥാപാത്രങ്ങളാക്കിയുള്ള രസകരമായ ചില കഥകള്‍ മെനഞ്ഞുണ്ടാക്കാന്‍ തുടങ്ങി. മക്കള്‍ കണ്ണിമ പൂട്ടാതെ അവ കേട്ടിരിക്കുന്നത് ആ അമ്മയെ സന്തോഷചിത്തയാക്കി.
അപ്പോഴാണ് തന്‍റെ കഥകള്‍ സ്വന്തം മക്കള്‍ മാത്രം കേട്ടാല്‍ പോരെന്ന തോന്നല്‍ സുമംഗലക്കുണ്ടായത്.
അധികം വൈകാതെ അക്കൂട്ടത്തില്‍പ്പെട്ട څകുറിഞ്ഞിയും കൂട്ടുകാരുംچ എന്നൊരു നീണ്ടകഥ അവര്‍ തിരുവനന്തപുരത്തു നിന്ന് പ്രസിദ്ധപ്പെടുത്തിയിരുന്ന څപൂമ്പാറ്റچ മാസികയ്ക്ക് അയച്ചുകൊടുത്തു.
പൂമ്പാറ്റയുടെ അന്നത്തെ പത്രാധിപരും ബാലസാഹിത്യ തല്‍പ്പരനുമായ പി. എ വാര്യര്‍ അതീവ പ്രാധാന്യത്തോടെയാണ് څകുറിഞ്ഞിയും കൂട്ടുകാരുംچ തന്‍റെ മാസികയില്‍ ഖണ്ഡശ്ശ പ്രസിദ്ധീകരിക്കാന്‍ തുടങ്ങിയത്. എന്തിനു പറയുന്നു; അതിന്‍റെ ഓരോ അധ്യായവും വായിക്കാന്‍ കേരളത്തിലെ കുട്ടികള്‍ വലിയ ആവേശത്തോടെയാണ് കാത്തിരുന്നത്. സുമംഗലയുടെ ജീവിതത്തിലെ വലിയൊരു വഴിത്തിരിവായിരുന്നു അത്. താന്‍ ഒരു എഴുത്തുകാരിയായി അംഗീകരിക്കപ്പെട്ടിരിക്കുന്നു എന്ന തോന്നല്‍ അതോടെ സുമംഗലയ്ക്കുണ്ടായി. താമസിയാതെ കോട്ടയത്തെ സാഹിത്യപ്രവര്‍ത്തക സഹകരണസംഘം څകുറിഞ്ഞിയും കൂട്ടുകാരുംچ പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ചു.
എങ്കിലും ഡി സി ബുക്ക്സ് 1978 ല്‍ പ്രസിദ്ധീകരിച്ച څപഞ്ചതന്ത്രംچ പുനരാഖ്യാനത്തോടെയാണ് സുമംഗല മലയാളികളുടെ മനസ്സില്‍ സ്ഥിരപ്രതിഷ്ഠ നേടിയത്. അതിനകം തന്നെ പഞ്ചതന്ത്ര കഥകള്‍ പലരും പുനരാഖ്യാനം ചെയ്തുവെങ്കിലും ഇളം മനസ്സുകളെ ആകര്‍ഷിക്കുന്ന സുമംഗലയുടെ ലളിതസുന്ദരമായ രചനാശൈലി څപഞ്ചതന്ത്രچത്തിന് പ്രചുരപ്രചാരം നേടിക്കൊടുത്തു.
1934 മെയ് 16 ന് കവിതയും കഥകളി മുദ്രകളും കൈകോര്‍ത്ത് ചുവടുവയ്ക്കുന്ന വെള്ളിനേഴി ഒളപ്പമണ്ണ മനയ്ക്കലാണ് സുമംഗല പിറന്നത്. ഋഗ്വേദത്തിന് ഭാഷ്യമെഴുതിയ മഹാപണ്ഡിതനായ ഒ. എം. സി നമ്പൂതിരിപ്പാടായിരുന്നു പിതാവ്. കുറൂര്‍ മനയ്ക്കലെ ഉമാദേവി അന്തര്‍ജ്ജനം മാതാവും.
څലീലാനമ്പൂതിരിപ്പാട്چ എന്നതായിരുന്നു യഥാര്‍ത്ഥ പേര്. പില്‍ക്കാലത്ത് സ്വന്തമായി സ്വീകരിച്ച തൂലികാ നാമമാണ് സുമംഗല എന്നത്. കുട്ടിക്കാലം മുതല്‍ തന്നെ കവിതാ പാരായണത്തിലും പുരാണ വായനയിലും കൂടുതല്‍ താല്‍പര്യം പ്രദര്‍ശിപ്പിച്ചിരുന്ന സുമംഗലയ്ക്ക് മുത്തശ്ശിക്കഥകളോടും വലിയ പ്രിയമായിരുന്നു. ഇതെല്ലാം അവരുടെ ബാലസാഹിത്യ രചനയ്ക്ക് കൂടുതല്‍ കരുത്തു പകര്‍ന്നു. കുറിഞ്ഞിയും കൂട്ടുകാരും, മിഠായിപ്പൊതി, നെയ്പായസം, തങ്കക്കിങ്കിണി, കഥകളതിസാദരം, മഞ്ചാടിക്കുരു, മുത്തുസഞ്ചി, കുടമണികള്‍, നടന്നു തീരാത്ത വഴികള്‍, രഹസ്യം, ഒരു കുരങ്ങന്‍ കഥ, കേട്ടകഥകളും കേള്‍ക്കാത്ത കഥകളും എന്നിവയെല്ലാം സുമംഗലയുടെ തൂലികത്തുമ്പില്‍ നിന്ന് ഉതിര്‍ന്നു വീണ മുത്തുകളാണ്.
ഇവയ്ക്കു പുറമെ ഉണ്ണികള്‍ക്ക് ശ്രീകൃഷ്ണ കഥകള്‍, ഈ കഥ നിങ്ങള്‍ കേട്ടിട്ടുണ്ടോ? തത്ത പറഞ്ഞ കഥകള്‍, ആനന്ദരാമായണം, അത്ഭുതരാമായണം തുടങ്ങിയ പുനരാഖ്യാന കൃതികളും രചിച്ചിട്ടുണ്ട്. അതോടൊപ്പം കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ പ്രയോജനപ്പെടുന്ന രണ്ടു വാള്യങ്ങളുള്ള ഒരു പച്ചമലയാള നിഘണ്ടുവും അവര്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പി. നരേന്ദ്രനാഥിനും മാലിക്കിനും ശേഷം മലയാളിക്കുഞ്ഞുങ്ങളുടെ മനസ്സില്‍ ഏറ്റവും കൂടുതല്‍ ഇടം നേടിയ എഴുത്തുകാരി സുമംഗല തന്നെയായിരുന്നു.
കുഞ്ഞുങ്ങളോട് ഒരു മുത്തശ്ശി എങ്ങനെ കഥ പറഞ്ഞിരുന്നുവോ, അതേ രീതി തന്നെയാണ് സുമംഗല തന്‍റെ ബാലസാഹിത്യ രചനയ്ക്ക് കൂടുതലും അവലംബമാക്കിയത്.
മനുഷ്യകഥാപാത്രങ്ങളെക്കാള്‍ കൂടുതലായി ജന്തുപാത്രങ്ങള്‍ക്ക് ഇളം മനസ്സില്‍ സ്വാധീനം ചെലുത്താന്‍ കഴിയുമെന്ന് സുമംഗല തിരിച്ചറിഞ്ഞു. ബാലഭാവനകള്‍ക്ക് ചിറകുമുളപ്പിക്കുന്ന കഥാവതരണരീതി, ലളിതകോമള പദാവലി, കുട്ടികളില്‍ ആകാംക്ഷയുണര്‍ത്തുന്ന രചനാതന്ത്രം, സന്മാര്‍ഗമൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കുന്ന പ്രമേയ സ്വീകരണം എന്നിവയെല്ലാമായിരുന്നു സുമംഗലക്കഥകളുടെ പ്രത്യേകതകള്‍.
ഇത്രയൊക്കെ പറഞ്ഞതുകൊണ്ട് കേവലമൊരു കഥയെഴുത്തുകാരി മാത്രമായിരുന്നു സുമംഗലയെന്ന് ആരും ധരിക്കരുത്. അറുപതുകളുടെ തുടക്കം മുതല്‍ കേരള കലാമണ്ഡലത്തിന്‍റെ പബ്ലിക് റിലേഷന്‍സ് ഓഫീസറായി സേവനം ചെയ്യാനും സുമംഗലയ്ക്ക് ഭാഗ്യം സിദ്ധിച്ചു. അക്കാലത്ത് ഈ മഹതി വളരെ അര്‍പ്പണബുദ്ധിയോടെ ചെയ്ത രണ്ടു കാര്യങ്ങള്‍ മലയാളത്തിനു മറക്കാവുന്നതല്ല. കേരള കലാമണ്ഡലത്തിന്‍റെ സമ്പൂര്‍ണ ചരിത്ര നിര്‍മിതിയായിരുന്നു അതിലൊന്ന്. നീണ്ടകാലത്തെ അന്വേഷണങ്ങളും പഠനങ്ങളും ചര്‍ച്ചകളും നടത്തിയാണ് സുമംഗല ഈ മഹാദൗത്യം പൂര്‍ത്തിയാക്കിയത്.
മറ്റൊന്ന് ആശ്ചര്യചൂഡാമണി കൂടിയാട്ടത്തിന്‍റെ ക്രമദീപികയും ആട്ടപ്രകാരവും ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയ ഏറ്റവും ശ്രമകരമായ ജോലിയാണ്. ഇതും വളരെ വിജയകരമാംവണ്ണം നിര്‍വഹിക്കാന്‍ അവര്‍ക്കു കഴിഞ്ഞു.
സാഹിത്യലോകവും ആസ്വാദക ലോകവും നിറഞ്ഞ ആദരവുകളാണ് പല ഘട്ടങ്ങളിലായി ഈ എഴുത്തുകാരിക്ക് സമര്‍പ്പിച്ചത്. ശ്രദ്ധേയമായ നിരവധി അവാര്‍ഡുകളും അംഗീകാരങ്ങളും വിവിധ സന്ദര്‍ഭങ്ങളിലായി അവരെ തേടിയെത്തി. എങ്കിലും തനിക്കുള്ള ഏറ്റവും വലിയ അവാര്‍ഡ് ڇകുട്ടികളുടെ മനസ്സിലെ കഥ മുത്തശ്ശി എന്ന സ്ഥാനڈമാണെന്ന് അവര്‍ ഉറച്ചുവിശ്വസിച്ചിരുന്നു.
څനെയ്പായസംچ എന്ന കൃതിക്ക് 1978 ല്‍ കേരളസാമൂഹികക്ഷേമ വകുപ്പിന്‍റെ പുരസ്ക്കാരം ലഭിച്ചു. 1979 ലെ കേരള സാഹിത്യ അക്കാദമി ശ്രീ പത്മനാഭസ്വാമി പുരസ്ക്കാരത്തിന് സുമംഗലയുടെ څമിഠായിപ്പൊതിچ തിരഞ്ഞെടുക്കപ്പെട്ടു. 1996 ല്‍ കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ സമഗ്രസംഭാവനാ അവാര്‍ഡ് സുമംഗലയ്ക്കു ലഭിച്ചു. 2010 ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡിന് സുമംഗലയുടെ څനടന്നുതീരാത്ത വഴികള്‍چ അര്‍ഹത നേടി. 2013 ല്‍ കേന്ദ്ര സാഹിത്യ അക്കാദമിയുടെ ബാലസാഹിത്യ അവാര്‍ഡിനും ഈ വലിയ എഴുത്തുകാരി അര്‍ഹയായി. ഇതിനിടയില്‍ ബാലസാഹിത്യത്തിനുള്ള പത്മാ പുരസ്ക്കാരവും അവരെ തേടിയെത്തി.
മലയാള ബാലസാഹിത്യത്തിന് അനശ്വര സംഭാവനകള്‍ നല്‍കിയ സുമംഗല മുത്തശ്ശിയെന്ന സാക്ഷാല്‍ ലീലാനമ്പൂതിരിപ്പാട് 2021 ഏപ്രില്‍ 27 ന് കഥപറച്ചില്‍ നിര്‍ത്തി കാലയവനികയ്ക്കുള്ളില്‍ മറഞ്ഞു.
No comments:
Post a Comment