എരിഞ്ഞടങ്ങാത്ത ചിതകള്‍ --- സന്തോഷ് കുമാര്‍

 ദേശീയം


     പുണ്യനദി ഗംഗയില്‍ ഒഴുകി നടക്കുകയാണ് മൃതദേഹങ്ങള്‍. അഴുകിയളിഞ്ഞവയാണെല്ലാം; ചിലത് പാതി വെന്തിട്ടുണ്ട്. അവയില്‍ ചിലത് ബിഹാറിലെ ബക്സര്‍ ഗ്രാമത്തില്‍ വന്നടിഞ്ഞു. മൃതദേഹങ്ങളുടെ എണ്ണം എഴുപതാണെന്ന് ചില കണക്കുകള്‍. 150 എണ്ണമുണ്ടെന്ന് ചില റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ഗാസിപ്പുരിലും ഉന്നാവോയിലുമെല്ലാം കണ്ട മൃതദേഹങ്ങള്‍ കൂടി കണക്കിലെടുത്താല്‍ എണ്ണം 200 കവിയും. എല്ലാം കോവിഡ് വന്നു മരിച്ചവരാണ്. ഉത്തര്‍പ്രദേശിലെ ഗ്രാമങ്ങളില്‍ നിന്ന് ഗംഗയിലേക്ക് ഒഴുകി വന്നതാണവ. അയല്‍ സംസ്ഥാനത്തു നിന്നുള്ള മൃതദേഹങ്ങള്‍ ഒഴുകി അടിയുന്നത് തടയാന്‍ ഗംഗാനദിയില്‍ റാണിഘട്ട് ഭാഗത്ത് വലകള്‍ പിടിപ്പിച്ചതായി ബിഹാര്‍ ജലവിഭവ മന്ത്രി സഞ്ജയ് കുമാര്‍ ഝാ പറയുന്നു. വലയില്‍ കുടുങ്ങിക്കിടക്കുന്നു ചില മൃതദേഹങ്ങള്‍.

     യോഗി ആദിത്യനാഥിന്‍റെ ഉത്തര്‍പ്രദേശില്‍ പൊതുശ്മശാനങ്ങളെല്ലാം കോവിഡ് വന്നു മരിച്ചവരുടെ മൃതദേഹങ്ങള്‍ കൊണ്ടു നിറഞ്ഞുകഴിഞ്ഞു. സ്വന്തമായി വിറകു വാങ്ങി ഉറ്റവരുടെ ദേഹം സംസ്കരിക്കാന്‍ പാവപ്പെട്ട ഗ്രാമീണരുടെ കൈയില്‍ പണമില്ല. മുമ്പൊക്കെ, അഞ്ഞൂറു രൂപയുടെ വിറകുണ്ടെങ്കില്‍ ഗംഗാതീരത്തെ ശ്മശാനങ്ങളില്‍ മൃതദേഹം ദഹിപ്പിക്കാമായിരുന്നു. കോവിഡിന്‍റെ രണ്ടാം തരംഗം ആഞ്ഞടിച്ചപ്പോള്‍ ശവസംസ്കാര ചെലവ് പതിനായിരം രൂപയോളമായി കുതിച്ചുയര്‍ന്നു. പണം കണ്ടെത്താനാകാതെ ചില ഗ്രാമീണര്‍ മൃതദേഹങ്ങള്‍ ഗംഗയിലേക്ക് ഒഴുക്കി വിട്ടു. മറ്റു ചിലര്‍ നദീ തീരത്തെ മണലില്‍ കുഴിച്ചിട്ടു. പേമാരി വന്ന് മണ്ണ് ഇളകിയപ്പോള്‍ അവയും നദിയിലേക്ക് കുത്തിയൊഴുകി.

     ഗംഗയില്‍ മാത്രമല്ല, ഉത്തര്‍പ്രദേശിലെ ഹാമിര്‍പുരില്‍ യമുനാ നദിയിലും മൃതദേഹങ്ങള്‍ ഒഴുകി നടക്കുന്നു. ഇത് ഉത്തര്‍പ്രദേശിലെ മാത്രം സ്ഥിതിയല്ല, ഡല്‍ഹിയിലും ഗുജറാത്തിലും രാജസ്ഥാനിലുമെല്ലാം കോവിഡ് ബാധിച്ചു മരിച്ച മനുഷ്യര്‍ക്ക് മാന്യമായ അന്ത്യയാത്ര ഒരുക്കാന്‍ പോലും കഴിയാതെ വലയുകയാണ് ഉറ്റവര്‍. ആശുപത്രികളില്‍ പ്രാണവായു കാത്തിരിക്കുന്ന രോഗികളുടെ വരി പോലെ ശ്മശാനങ്ങളില്‍ ശവസംസ്കാരം കാത്ത് മൃതദേഹങ്ങളുടെ കാത്തിരിപ്പ് വരികള്‍ നീണ്ടു നീണ്ടു പോകുന്നു.

     മരിച്ചവരെ സംസ്കരിക്കുന്നതിനുള്ള മതാചാര പ്രകാരമുള്ള ചടങ്ങുകള്‍ ഭൂമി വിട്ടുപോകുന്ന മനുഷ്യനുള്ള മഹത്തായ യാത്രയയപ്പാണ്. അത്യാദരപൂര്‍വം ആ ജീവനെ പറഞ്ഞയക്കാനാണ് സര്‍വമതങ്ങളും പഠിപ്പിക്കുന്നത്. മതവിശ്വാസമില്ലാത്തവര്‍ പോലും തികഞ്ഞ ആദരവോടെയാണ് ശവസംസ്കാരച്ചടങ്ങുകളില്‍ പങ്കെടുക്കുന്നത്. കോവിഡ് മഹാമാരിയില്‍ പകച്ചുനില്‍ക്കുന്ന രാജ്യത്ത് അതുപോലും നിഷേധിക്കപ്പെടുന്നു. പ്രാണവായു കിട്ടാതെ പിടഞ്ഞുവീഴുന്ന മനുഷ്യരുടെ മൃതദേഹങ്ങള്‍ കുന്നുകൂടുന്നു. അതൊന്നു സംസ്കരിക്കാന്‍ ഉറ്റവര്‍ ദിവസം മുഴുവന്‍ വരിനില്‍ക്കുന്നു. എത്രയോ ചരിത്ര പുരുഷന്മാരുടെ ശവകുടീരങ്ങളുടെ നഗരമായ ഡല്‍ഹിയില്‍ ഇപ്പോള്‍ ശവകുടീരങ്ങള്‍ക്ക് ഇടമില്ല. ശ്മശാനങ്ങള്‍ക്ക് ഒഴിവില്ല. ചിതയിലെടുക്കാന്‍ കാത്തുവച്ച മൃതദേഹങ്ങള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണവിടെ.  

     കോവിഡ് ബാധിച്ച് പ്രാണവായുവിനായി കേഴുന്നവരെയും വഹിച്ച് പാഞ്ഞുപോകുന്ന ആംബുലന്‍സുകളുടെ അലര്‍ച്ചയാണ് ഡല്‍ഹിയിലെമ്പാടുമെന്ന് തലസ്ഥാന നഗരിയില്‍ കഴിയുന്നവര്‍ വിലപിക്കുന്നു. മരണനിഴലില്‍ നിന്നു രക്ഷപ്പെടാനെന്നോണം ജീവനും കൈയില്‍ പിടിച്ചുള്ള നെട്ടോട്ടമാണത്. കിടത്താന്‍ ഇടമില്ലാത്തതിനാല്‍ ഒരു ആശുപത്രിയില്‍ നിന്ന് മറ്റൊന്നിലേക്കുള്ള യാത്രക്കൊടുവില്‍, അതേ ആംബുലന്‍സില്‍ത്തന്നെയാവും മിക്കവരുടെയും അന്ത്യയാത്രയും. ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) ഉള്‍പ്പെടെ ലോകോത്തര നിലവാരമുള്ള എത്രയോ ആശുപത്രികളുള്ള നഗരമാണ് ഡല്‍ഹി. ചെറുതും വലുതുമായ ആയിരത്തിലധികം ആശുപത്രികള്‍. ആം ആദ്മി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം സ്ഥാപിച്ച മൊഹല്ല ക്ലിനിക്കുകള്‍ വേറെയും. പക്ഷെ, കോവിഡിന്‍റെ രണ്ടാം തരംഗത്തില്‍ ആദ്യമെ തളര്‍ന്നുവീണത് ഈ ആരോഗ്യ മേഖലയാണ്. 

     ڇനല്ല ചികിത്സ ലഭിച്ചിരുന്നെങ്കില്‍ ഞാന്‍ രക്ഷപ്പെടുമായിരുന്നു,ڈ മരണത്തിന് തൊട്ടുമുമ്പ് രാഹുല്‍ വൊഹ്റയെന്ന 35 കാരന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു. ഏതെങ്കിലും കുഗ്രാമത്തിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലല്ല, ഡല്‍ഹി താഹിര്‍പുരിലെ രാജീവ് ഗാന്ധി സൂപ്പര്‍ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലിരുന്നാണ് യൂട്യൂബ് വ്ളോഗറും നടനുമായ രാഹുല്‍ വൊഹ്റ ഇതെഴുതിയത്. ڇഇനിയൊരു ജന്മമുണ്ടെങ്കില്‍ ഇനിയും നല്ല കാര്യങ്ങള്‍ ചെയ്യും. പക്ഷെ ഇപ്പോള്‍ എല്ലാ ധൈര്യവും ചോര്‍ന്ന് പോയിരിക്കുന്നു.ڈ സംസാരിക്കുന്നതിനിടെ ശ്വാസതടസ്സം വന്ന വൊഹ്റ ഓക്സിജന്‍ മാസ്ക് എടുത്ത് മുഖത്ത് വച്ചെങ്കിലും അതിലൂടെ പ്രാണവായു വരുന്നുണ്ടായിരുന്നില്ല. ഭയപ്പെട്ടതുപോലെത്തന്നെ വൊഹ്റ മരണത്തിന് കീഴടങ്ങി. രാഹുല്‍ വൊഹ്റയുടെ മാത്രമല്ല കോവിഡ് മഹാമാരിയോട് പോരാടുന്ന മുഴുവനാളുകളുടെയും ധൈര്യം ചോര്‍ന്നു പോയിത്തുടങ്ങിയിരിക്കുന്നു.  

     രാഹുല്‍ വൊഹ്റയ്ക്ക് നല്ല ആശുപത്രിയില്‍ പ്രവേശനം ലഭിച്ചിരുന്നു, കുറെ നേരമെങ്കിലും ഓക്സിജന്‍ കിട്ടിയിരുന്നു. തലസ്ഥാന നഗരിയില്‍ പ്രാണവായുവിനായി പിടയുന്ന ബഹുഭൂരിപക്ഷമാളുകള്‍ക്കും ഇതു രണ്ടും ഒരു സ്വപ്നം മാത്രമാണിപ്പോള്‍. രോഗികള്‍ നിറഞ്ഞതോടെ തലസ്ഥാനത്തെ ജീവന്‍രക്ഷാ സംവിധാനങ്ങള്‍ പാളി. വെന്‍റിലേറ്ററുകളും, തീവ്രപരിചരണ വിഭാഗങ്ങളും മതിയാകാതെയായി. ഓക്സിജന്‍ സിലിണ്ടറുകള്‍ കിട്ടാതായി. ഉറ്റവര്‍ക്ക് പ്രാണവായു എത്തിക്കാനായി ഓക്സിജന്‍ ഫില്ലിംഗ് കേന്ദ്രങ്ങളില്‍ ജനങ്ങള്‍ തിക്കിത്തിരക്കി. മീററ്റിലെ ആശുപത്രിയിലുള്ള അടുത്ത ബന്ധുവിന് ആരെങ്കിലും ഓക്സിജന്‍ സിലിണ്ടര്‍ എത്തിച്ചുകൊടുക്കണമെന്ന് പ്രശസ്ത ക്രിക്കറ്റ് താരം സുരേഷ് റെയ്നക്ക് യു. പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ടാഗ് ചെയ്ത് ട്വിറ്ററില്‍ എഴുതേണ്ടി വന്നു. യോഗിയല്ല, നടന്‍ സോനു സൂദാണ് റെയ്നയുടെ ബന്ധുവിന് ഓക്സിജന്‍ എത്തിക്കാന്‍ വേണ്ട ഏര്‍പ്പാടു ചെയ്തത്. ഡല്‍ഹിക്ക് സുപരിചിതനായ ഡോക്ടര്‍ പ്രദീപ് ബിജല്‍വാന് ഡല്‍ഹിയിലെ ഒരു ആശുപത്രിയിലും അഭയം കിട്ടിയില്ല. പ്രാണവായു കിട്ടാതെ അദ്ദേഹവും പിടഞ്ഞുവീണു. 

     രാജ്യത്തിന് ശ്വാസം മുട്ടുകയായിരുന്നു. ഇത്രനാള്‍ ശ്വസിച്ച പ്രാണവായു, ചുറ്റും അതേ മട്ടില്‍ ഉണ്ടായിട്ടും അതൊരിറ്റ് വലിച്ചെടുക്കാന്‍ ത്രാണിയില്ലാതെ പിടയുകയായിരുന്നു ജനങ്ങള്‍. തൊട്ടടുത്ത നിമിഷം താന്‍ മരിച്ചുപോയേക്കാമെന്ന നിസ്സഹായവസ്ഥയോടെ, മരണത്തിന്‍റെ കാലൊച്ചകള്‍ കേട്ട് ജീവച്ഛവമായവര്‍. ഓരോ ദിവസവും രോഗബാധയുടെ പുതിയ ഉയരത്തിലേക്ക് പോയ ഈ തരംഗം എപ്പോള്‍ താഴുമെന്ന് കൃത്യമായി പറയാന്‍ കേന്ദ്രസര്‍ക്കാരിനോ ആരോഗ്യമന്ത്രാലയത്തിനോ കഴിഞ്ഞിരുന്നുമില്ല. 

     കേന്ദ്രസര്‍ക്കാരിന്‍റെ അലംഭാവം ഒന്നുമാത്രമാണ് ഇന്ത്യയില്‍ ഈ അവസ്ഥയ്ക്ക് വഴിയൊരുക്കിയതെന്ന് ലോകോത്തര വൈദ്യശാസ്ത്ര പ്രസിദ്ധീകരണമായ څലാന്‍സെറ്റ്چ മുഖപ്രസംഗത്തില്‍ കുറ്റപ്പെടുത്തുന്നു. കോവിഡിന്‍റെ രണ്ടാം തരംഗത്തെക്കുറിച്ചും, മ്യൂട്ടേഷന്‍ വന്ന പുതിയ പതിപ്പിനെക്കുറിച്ചും തുടര്‍ച്ചയായ മുന്നറിയിപ്പ് ലഭിച്ചിട്ടും, കുറച്ചു മാസങ്ങളിലെ കുറഞ്ഞ പോസിറ്റിവിറ്റി നിരക്കുവച്ച് ഇന്ത്യ കോവിഡിനെ നിയന്ത്രണത്തിലാക്കി എന്ന് അവകാശവാദം മുഴക്കുകയാണ് ഭരണ നേതൃത്വം ചെയ്തത്. മുന്നറിയിപ്പുകളെ അവഗണിച്ചു കൊണ്ട് രാജ്യത്തിന്‍റെ നാനാഭാഗങ്ങളില്‍ നിന്നുമുള്ള ലക്ഷക്കണക്കിന് ആളുകള്‍ പങ്കെടുക്കുന്ന മതപരമായ ഉത്സവങ്ങള്‍ക്കും, കോവിഡ് പെരുമാറ്റച്ചട്ടങ്ങള്‍ നഗ്നമായി ലംഘിച്ചുകൊണ്ടുള്ള തിരഞ്ഞെടുപ്പ് റാലികള്‍ക്കും അനുമതി നല്‍കി. സംസ്ഥാന സര്‍ക്കാരുകളുമായി കൂടിയാലോചിക്കാതെ വാക്സിന്‍ നയത്തില്‍ മാറ്റം വരുത്തി, പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ താളം തെറ്റിച്ചു. ഇന്നത്തെ നിലയ്ക്കു പോയാല്‍ ഓഗസ്റ്റ് മാസത്തിനകം ഇന്ത്യയില്‍ കോവിഡ് മരണം പത്തുലക്ഷത്തിലെത്തുമെന്ന് څലാന്‍സെറ്റ്چ മുന്നറിയിപ്പു നല്‍കുന്നു.

     ലാന്‍സെറ്റ് മാത്രമല്ല, ഗാര്‍ഡിയന്‍, വാഷിങ്ടണ്‍ പോസ്റ്റ്, ന്യൂയോര്‍ക്ക് ടൈംസ്, ടൈം, ബി. ബി. സി തുടങ്ങിയ അന്താരാഷ്ട്ര മാധ്യമങ്ങളെല്ലാം ഇന്ത്യയിലെ ഭരണകൂടത്തെ നിശിതമായി വിമര്‍ശിക്കുന്നുണ്ട്. ഈ മഹാമാരിയുടെ ആദ്യ കുതിപ്പിനെക്കുറിച്ച് വിദഗ്ധ സംഘം മുന്നറിയിപ്പ് നല്‍കിയപ്പോള്‍ പുച്ഛിച്ചുതള്ളിയ അന്നത്തെ യു എസ് പ്രസിണ്ടന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ അതേ ഗതികേടാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാത്തിരിക്കുന്നതെന്ന് അവര്‍ പറയുന്നു. څലോകത്തിന്‍റെ ഫാര്‍മസിچയാണ് ഇന്ത്യ എന്ന വീരസ്യത്തോടെ ഇവിടെ ഉല്‍പാദിപ്പിച്ച വാക്സിനുകള്‍ മറ്റു രാജ്യങ്ങളിലേക്ക് കയറ്റിയയച്ച് മേനി നടിക്കാന്‍ ശ്രമിച്ചതിന്‍റെ ഫലമാണ് രാജ്യമിന്ന് അനുഭവിക്കുന്നത്. ലോകമാകെയുള്ള കോവിഡ് രോഗികളുടെ മൂന്നിലൊന്നും ഇന്ത്യയിലാണ്. വാക്സിനാണ് ഇപ്പോള്‍ സാധ്യമായ ഏക പ്രതിരോധം. ഇന്നാട്ടിലെ മുഴുവന്‍ ജനത്തിനും പ്രതിരോധകുത്തിവയ്പ്പ് നല്‍കുകയെന്നത് അതിഭീമമായ പ്രക്രിയയാണ്. അതാകട്ടെ സമ്പൂര്‍ണമായി ഭരണകൂടം നിര്‍വഹിക്കേണ്ട ബാധ്യതയുമാണ്. അതിനാലാണ് രാജ്യം ഇതുവരെയുള്ള സാര്‍വത്രിക പ്രതിരോധകുത്തിവയ്പ്പുകളെല്ലാം സൗജന്യവും നിര്‍ബന്ധിതവുമാക്കിയത്. എന്നാല്‍ കോവിഡ് പ്രതിരോധ വാക്സിന്‍ സാധാരണക്കാര്‍ക്ക് അപ്രാപ്യമാവുംവിധം വിപണിക്ക് വിട്ടുകൊടുക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. 

     ഈ വര്‍ഷം മാര്‍ച്ചില്‍ത്തന്നെ രോഗവ്യാപനം രൂക്ഷമാവുകയാണെന്ന സൂചനകള്‍ വന്നുതുടങ്ങിയിരുന്നു. പക്ഷെ എല്ലാവരുടെയും ശ്രദ്ധ അഞ്ച് സംസ്ഥാന നിയമസഭകളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിലേക്കായപ്പോള്‍ കോവിഡിന്‍റെ കുതിപ്പ് അവഗണിക്കപ്പെട്ടു. അതിനിടയിലാണ് ഉത്തരാഖണ്ഡിലെ ഹരിദ്വാറില്‍ കുംഭമേള വന്നണഞ്ഞത്. പാപങ്ങള്‍ കഴുകിക്കളയുന്ന څഷാഹീ സ്നാനچത്തിനായി 30 ലക്ഷം പേര്‍ ഒഴുകിയെത്തിയപ്പോള്‍ ഗംഗാ തീരം രോഗപ്പകര്‍ച്ചയുടെ ഹോട്ട്സ്പോട്ടായി മാറി. എട്ട് ഘട്ടങ്ങളിലായി പശ്ചിമ ബംഗാളില്‍ തിരഞ്ഞെടുപ്പു നടത്തിയപ്പോള്‍ മമത ബാനര്‍ജിയുടെ നാട്ടില്‍ കേന്ദ്രഭരണ കക്ഷിക്ക് വോട്ടുപിടിക്കാന്‍ പരമാവധി ദിവസങ്ങള്‍ അനുവദിച്ചുകൊടുക്കുകയായിരുന്നു കമ്മീഷന്‍. തിരഞ്ഞെടുപ്പു പ്രചാരണം തുടങ്ങിയതോടെ എല്ലാ നിയന്ത്രണങ്ങളും പൊട്ടിച്ചെറിഞ്ഞ് ജനം തെരുവിലിറങ്ങി. കോവിഡിന്‍റെ രണ്ടാം തരംഗം അതിമാരക വിപത്തായി മാറാന്‍ കാരണം തിരഞ്ഞെടുപ്പു കമ്മീഷന്‍റെ ഭാഗത്തുനിന്നുള്ള വീഴ്ചകളാണെന്നും അവരെ തൂക്കിലേറ്റേണ്ടതാണെന്നും മദ്രാസ് ഹൈക്കോടതി തുറന്നടിച്ചു. കോവിഡിന്‍റെ ആദ്യ വ്യാപനത്തിനുശേഷം സര്‍ക്കാരും ഭരണസംവിധാനവും ജനങ്ങളും അലംഭാവം കാണിച്ചെന്നും അതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്കു വഴിവച്ചതെന്നും ആര്‍. എസ്. എസ് മേധാവി മോഹന്‍ ഭാഗവത് തന്നെ പറഞ്ഞുകഴിഞ്ഞു.

     ആദ്യ വരവില്‍ കോവിഡ് തികച്ചും അപ്രതീക്ഷിതമായ മഹാമാരിയായിരുന്നു. അക്ഷരാര്‍ത്ഥത്തില്‍ ലോകം പകച്ചുനിന്നു. വിപുലമായ ആരോഗ്യരക്ഷാ സംവിധാനങ്ങളുള്ള വികസിത രാഷ്ട്രങ്ങളില്‍ പോലും ആയിരങ്ങള്‍ മരിച്ചുവീണു. ഇന്ത്യയിലും അതുതന്നെ സംഭവിച്ചു. ശാസ്ത്രീയ മാര്‍ഗങ്ങള്‍ അവലംബിക്കുന്നതിനു പകരം മഹാമാരിയെ നാടകീയതയുടെ അരങ്ങാക്കി മാറ്റുകയാണ് ഇന്ത്യയിലെ ഭരണകൂടം ചെയ്തത്. അന്ന് രോഗത്തേക്കാള്‍ വലിയ ദുരന്തമായി മാറിയത് ഏകപക്ഷീയമായ ലോക്ഡൗണ്‍ പ്രഖ്യാപനമായിരുന്നു. ആദ്യത്തെ സമ്പൂര്‍ണ അടച്ചുപൂട്ടല്‍ കഴിഞ്ഞപ്പോള്‍ ഇന്ത്യയിലെ അസംഘടിത തൊഴില്‍ മേഖലയിലെ 80 ശതമാനം പേരും തൊഴില്‍രഹിതരായെന്നാണ് കണക്ക്. എന്നാല്‍ രണ്ടാം വരവായപ്പോഴേക്കും ഇന്ത്യ ഒഴികെ എല്ലാവരും പാഠം പഠിച്ചിരുന്നു, തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നു. എല്ലാ കണക്കുകളെയും തെറ്റിച്ചുകൊണ്ട് രോഗം പടര്‍ന്നതോടെ രാജ്യത്തെ ആശുപത്രികള്‍ നിറഞ്ഞു കവിഞ്ഞു, രാപകലില്ലാതെ ജോലി ചെയ്ത് ആരോഗ്യ പ്രവര്‍ത്തകര്‍ തളര്‍ന്നു, അവരില്‍ പലര്‍ക്കും രോഗം പിടിച്ചു. ഓക്സിജന്‍ സിലിണ്ടറുകള്‍ക്കു വേണ്ടിയും, ആശുപത്രി കിടക്കകള്‍ക്കു വേണ്ടിയും, മറ്റു അവശ്യസാധനങ്ങള്‍ക്കു വേണ്ടിയുമുള്ള സന്ദേശങ്ങള്‍ കൊണ്ട് സമൂഹമാധ്യമങ്ങള്‍ നിറഞ്ഞു.

     കോവിഡിന്‍റെ രണ്ടാം വ്യാപനത്തില്‍ രാജ്യത്തിന്‍റെ നയവൈകല്യം പ്രകടമായ രണ്ടു സംഭവങ്ങള്‍ മെഡിക്കല്‍ ഓക്സിജന്‍റെ ക്ഷാമവും കോവിഡ് വാക്സിന്‍റെ ദൗര്‍ലഭ്യതയുമായിരുന്നു. ഉത്തരേന്ത്യയിലെ പല പ്രമുഖ ആശുപത്രികളും രോഗികളെ മടക്കിയയച്ചയത് ഓക്സിജന്‍ ക്ഷാമം മൂലമാണ്. പ്രാണവായു ലഭിക്കാതെ കണ്‍മുമ്പില്‍ വച്ച് ഉറ്റവരും ഉടയവരും മരിക്കേണ്ടിവരുന്ന കാഴ്ചയ്ക്ക് സാക്ഷിയായ എത്രയോ പേര്‍ അവരുടെ ദുരനുഭവങ്ങള്‍ പങ്കുവയ്ക്കുകയുണ്ടായി. കഴിഞ്ഞ വര്‍ഷം മഹാമാരിയുടെ ഏറ്റവും ഭീതിദമായ കാലമായിരുന്ന സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ പ്രതിദിന ഓക്സിജന്‍ ആവശ്യകത നാല് മടങ്ങോളം വര്‍ദ്ധിച്ചിട്ടും ഓക്സിജന്‍ ഉല്‍പ്പാദനത്തില്‍ വേണ്ടത്ര വര്‍ദ്ധന വരുത്താനോ വിതരണ സംവിധാനങ്ങള്‍ മെച്ചപ്പെടുത്താനോ ശ്രമിച്ചില്ല. പൊതുമേഖലാ സ്ഥാപനങ്ങളുടെ വില്‍പ്പന ഊര്‍ജിതമാക്കി കോവിഡിനെ സ്വകാര്യവല്‍ക്കരണത്തിന്‍റെ മറയാക്കി മാറ്റുകയായിരുന്നു, കേന്ദ്രസര്‍ക്കാര്‍. ഇന്ത്യയുടെ പൊതുജനാരോഗ്യ സംവിധാനത്തിന്‍റെ ദയനീയാവസ്ഥ കൂടിയാണ് ഈ മഹാമാരിക്കാലം വെളിപ്പെടുത്തിയത്. പൊതുമേഖലയിലെ പൊതുജനാരോഗ്യ സംവിധാനത്തെ തകര്‍ക്കുകയും ആരോഗ്യമേഖല മുഴുവന്‍ സ്വകാര്യ മേഖലയുടെ കീഴിലാക്കുകയും ചെയ്യുന്ന നവഉദാരവല്‍ക്കരണ നയങ്ങളുടെ കൂടി ഭാഗമാണ് ഈ പ്രതിസന്ധി. 

     ഇത്രയൊക്കെയായിട്ടും സത്യസന്ധമായി പ്രശ്നത്തെ സമീപിക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ലെന്നതിന് ഗുജറാത്തില്‍ നിന്നുള്ള വാര്‍ത്തകള്‍ തെളിവാണ്. ഗുജറാത്ത് സംസ്ഥാനത്ത് ഔദ്യോഗികമായി 157 കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്ത ദിവസം അഹമ്മദാബാദിലെ 1,200 ബെഡുകളുള്ള കോവിഡ് ആശുപത്രിയില്‍ നിന്നു മാത്രം നൂറ് മുതല്‍ 125 വരെ മൃതദേഹം പുറത്തേക്കുവിട്ടിരുന്നെന്ന് ഹിന്ദു ദിനപത്രത്തില്‍ മഹേഷ് ലങ്ക എഴുതി. ഗുജറാത്തില്‍ ഈ മാര്‍ച്ച് മുതല്‍ മെയ് വരെയുള്ള കോവിഡ് മരണങ്ങള്‍ സര്‍ക്കാരിന്‍റെ കണക്കില്‍ 4218 ആണ്. പക്ഷെ അതിന് മുമ്പുള്ള വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് ഔദ്യോഗികമായി തന്നെ വിതരണം ചെയ്ത മരണസര്‍ട്ടിഫിക്കറ്റുകളുടെ എണ്ണത്തില്‍ 65,085 ന്‍റെ വര്‍ദ്ധനവുണ്ടെന്ന് څദിവ്യഭാസ്കര്‍چ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. എഴുപത്തിയൊന്ന് ദിവസങ്ങള്‍ക്കുള്ളില്‍ വിതരണം ചെയ്തത് 1.23 ലക്ഷം മരണ സര്‍ട്ടിഫിക്കറ്റുകള്‍. ഒരു വര്‍ഷം മുമ്പുള്ളതിനെക്കാള്‍ 65,085 മരണങ്ങളാണ് ഈ കാലയളവില്‍ മാത്രം അധികമായി ഉണ്ടായിട്ടുള്ളത്. റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കോവിഡ് മരണങ്ങളുടെ പതിനഞ്ച് ഇരട്ടി വരെയാകാം ഗുജറാത്തിന്‍റെ യഥാര്‍ത്ഥ കണക്ക് എന്നാണതിനര്‍ത്ഥം. പക്ഷെ അത് കോവിഡ് മൂലമാണെന്ന് ഗുജറാത്ത് സര്‍ക്കാര്‍ സമ്മതിക്കില്ല. കഴിഞ്ഞ വര്‍ഷം ലോക്ഡൗണ്‍ സമയത്ത് മരണ രജിസ്ട്രേഷന്‍ നടക്കാത്തതുകൊണ്ടാണ് ഈ വ്യത്യാസം എന്നാണ് ഔദ്യോഗിക വിശദീകരണം. ഏറിയും കുറഞ്ഞും മിക്ക സംസ്ഥാനങ്ങളിലും കണക്കിലെ തിരിമറികള്‍ നടക്കുന്നു. 

     പരിമിതികളും പ്രതിസന്ധികളും ധാരാളമുണ്ടെങ്കിലും മികച്ച പൊതുജനാരോഗ്യ സംവിധാനത്തിന്‍റെ ഫലത്തില്‍ കേരളം ഒരളവു വരെ പിടിച്ചു നിന്നു എന്നതാണ് ശ്രദ്ധേയമായ കാര്യം. മറ്റെന്തൊക്കെ കുഴപ്പമുണ്ടെങ്കിലും രോഗം വന്നാല്‍, ചികിത്സ ലഭിക്കും എന്ന പ്രതീക്ഷ കേരളത്തില്‍ ഇപ്പോഴും ബാക്കിയുണ്ട്. ڇഎന്നെ രക്ഷിച്ചത് കേരളമാണ്. ഇവിടത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളെജിലെ പരിചരണമാണ്. നാട്ടിലേക്കു വരുന്നത് വൈകിയിരുന്നെങ്കില്‍ ജീവന്‍പോലും നഷ്ടപ്പെടുമായിരുന്നു.ڈ ഡല്‍ഹിയില്‍ എളമരം കരീം എം പിയുടെ സെക്രട്ടറി പയ്യന്നൂര്‍ സ്വദേശി രാഹുല്‍ ചൂരല്‍ ഫെയ്സ്ബുക്കില്‍ കുറിച്ച വാക്കുകള്‍ ഇതിന്‍റെ തെളിവാണ്. ഡല്‍ഹി ആര്‍. എം. എല്‍ ആശുപത്രിയില്‍ നിന്ന് എയര്‍ ആംബുലന്‍സില്‍ കേരളമണ്ണിലെത്തിയപ്പോള്‍ രാഹുലിന് കിട്ടിയത് രണ്ടാം ജന്മമാണ്. 

     കോവിഡ് ബാധിച്ച് ഡല്‍ഹിയിലെ വീട്ടില്‍ കഴിയവെ രാഹുലിന് ശ്വാസതടസ്സവും തളര്‍ച്ചയും വന്നു. അങ്ങനെ ആര്‍. എം. എല്‍ ആശുപത്രിയിലെത്തി. ഇവിടെ കിടന്നാല്‍ കൂടുതല്‍ ആയുസ്സുണ്ടാവില്ലെന്ന് ആദ്യദിനം തന്നെ വ്യക്തമായിരുന്നു. മുഖ്യമന്ത്രിയും എം. പി മാരും ഉള്‍പ്പെടെ പല നേതാക്കളും ഇടപെട്ടിട്ടും ആരും തിരിഞ്ഞുനോക്കിയില്ല. വേണ്ട ചികിത്സയോ ശ്രദ്ധയോ കിട്ടാത്തതുകൊണ്ട് മൂന്നു പേര്‍ കണ്‍മുമ്പില്‍ മരിച്ചുവീണു. ഒരു വലിയ ഹാളില്‍ നൂറുകണക്കിന് രോഗികള്‍. അവര്‍ പുതപ്പുപോലും ഇല്ലാതെ തണുത്തുവിറക്കുന്നു. എണീക്കാന്‍ വയ്യാതെ സ്വന്തം വിസര്‍ജ്യത്തിനു മേല്‍ രണ്ടു ദിവസത്തോളം കിടക്കേണ്ടി വന്നു. തുടര്‍ന്നാണ് എയര്‍ ആംബുലന്‍സില്‍ നാട്ടിലേക്ക് വന്നത്. ആദ്യം കോഴിക്കോട് ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളെജിലെ ഐ. സി. യുവില്‍. ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും സ്നേഹപൂര്‍വമായ പരിചരണത്തിനൊടുവില്‍ അഞ്ചു ദിവസം കഴിഞ്ഞ് ആരോഗ്യം മെച്ചപ്പെട്ടു. ശ്വാസതടസ്സം മാറി. നെഗറ്റീവായപ്പോള്‍ ഐ. സി. യുവില്‍ നിന്ന് മാറ്റി. സ്വന്തമായൊരു മുറി ലഭിക്കാനാണ് സ്വകാര്യാശുപത്രിയിലേക്ക് മാറിയത്. څകേരളവും ഡല്‍ഹിയും ആരോഗ്യപരിപാലനത്തില്‍ രണ്ടു ധ്രുവങ്ങളിലാണ്. ഇവിടെ സ്വകാര്യ ആശുപത്രിയില്‍ പോലും പ്രതിഫലിക്കുന്നത് കേരളത്തിന്‍റെ ആരോഗ്യ സംസ്കാരമാണ്. ദീനാനുകമ്പയും സഹജീവി സ്നേഹവുമാണ് ആ സംസ്കാരത്തിന്‍റെ മുഖമുദ്രچ രാഹുല്‍ ചൂരല്‍ പറയുന്നു.

     ഇങ്ങനെയുള്ള കേരളത്തില്‍പ്പോലും എല്ലാം ഭദ്രമല്ല. രോഗികളുടെ എണ്ണവും മരണവും ഇവിടെയും കൂടുക തന്നെയാണ്. ആശുപത്രികള്‍ ഏതാണ്ട് നിറഞ്ഞുകഴിഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പുവേളയില്‍ നിയന്ത്രണങ്ങള്‍ അയച്ചുവിട്ടതിന്‍റെ ഫലമാണ് കേരളം അഭിമുഖീകരിക്കുന്നത്. യഥാസമയം ശരിയായ തീരുമാനങ്ങള്‍ എടുക്കാതിരുന്നതാണ് ലോകമെങ്ങും കോവിഡ് ദുരന്തം രൂക്ഷമാകാന്‍ കാരണമായതെന്ന് ഇന്‍ഡിപെന്‍ഡന്‍റ് പാനല്‍ ഫോര്‍ പാന്‍ഡമിക് പ്രിപേര്‍ഡ്നസ് ആന്‍ഡ് റെസ്പോണ്‍സ് (ഐ പി പി പി ആര്‍) എന്ന ആഗോളസമിതി ചൂണ്ടിക്കാണിച്ചിട്ടുണ്ട്. തെറ്റായ തീരുമാനങ്ങളുടെ പരമ്പരയാണ് ലോകമെങ്ങുമായി 33 ലക്ഷം ആളുകള്‍ മരണപ്പെടാന്‍ കാരണമായതും ആഗോള സമ്പദ്വ്യവസ്ഥയെ തകര്‍ത്തുകളഞ്ഞതും. ശാസ്ത്രനിഷേധികളായ നേതാക്കള്‍ ആരോഗ്യ സംവിധാനത്തില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം ഇല്ലാതാക്കിയെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ശക്തമായ നേതൃത്വവും കൃത്യമായ ആസൂത്രണവും ഉണ്ടായിരുന്നെങ്കില്‍ ചുറ്റുമുള്ള ഭീകരമായ കാഴ്ചകള്‍ പലതും തടയാന്‍ കഴിയുമായിരുന്നു എന്ന് ഉറപ്പാണ്. ഒന്നും രണ്ടും തരംഗങ്ങള്‍ക്കു പിന്നാലെ മൂന്നാം തരംഗം കൂടി വരാന്‍ സാധ്യതയുണ്ട് എന്നതുകൊണ്ട്, ഇപ്പോഴത്തെ പ്രതിസന്ധികളെ നേരിടുന്നതിനൊപ്പം ഭാവിയിലേക്കുള്ള തയ്യാറെടുപ്പുകള്‍ കൂടി നടത്തേണ്ടതുണ്ട്. ഇന്നത്തെ നിലയ്ക്ക് ഒട്ടും എളുപ്പമല്ല അത്. എങ്കിലും പ്രതീക്ഷ കൈവിടാതെ പിടിച്ചുനില്‍ക്കാം.

Share:

No comments:

Post a Comment

മൂല്യസൃതി മാസിക വരിക്കാരാവുക

SUBSCRIBE ONLINE

SUBSCRIBE ONLINE
1 year - 240/- 2 Years - 480/- ,3 Years- 720/-

Moolyasruthi Cover

Moolyasruthi Cover
JUNE 2021

MOOLYASRUTHI MAGAZINE

CHAVARA INSTITUTE

CHAVARA INSTITUTE
ADMISSION STARTED

ADVERTISE HERE

ADVERTISE HERE
Ph : 0484 4863404

Chavara Matrimony

Chavara Matrimony

Popular Posts

Search This Site

Recent Posts