കോവിഡാനന്തര വിദ്യാഭ്യാസം - തകര്‍ച്ചയും, സാധ്യതകളും -- പ്രൊഫ. അമൃത് ജി. കുമാര്‍

 ലേഖനം: 
രാവിലെ ഏഴു മണിയോടു കൂടി പ്രധാനപ്പെട്ട റോഡുകളിലൂടെ തലങ്ങും വിലങ്ങും പായുന്ന സ്കൂള്‍ ബസ്സുകളും, ലൈന്‍ ബസ്സിലെ കണ്ടക്ടറുടെയും കിളിയുടെയും പരുഷമായ കുത്തുവാക്കുകള്‍ ചേമ്പിലയിലെ വെള്ളം പോലെ ഒഴുക്കിക്കളഞ്ഞു യാത്രയുടെ ഓരോ നിമിഷവും ആസ്വദിക്കുന്ന വിദ്യാര്‍ത്ഥികളും ഒക്കെ ഓര്‍മയായിട്ട് ഏതാണ്ട് പത്തു മാസത്തോളം ആകുന്നു. സ്കൂള്‍ മണികള്‍ ശബ്ദം മറന്നിട്ടുണ്ടാവുമോ? സ്കൂള്‍ - കോളെജ് കാമ്പസുകള്‍ ശബ്ദത്തിന്‍റെ ശവക്കോട്ടകളായി മാറിയിരിക്കുന്നു. ഇത്തരത്തില്‍ നമ്മുടെ വിദ്യാഭ്യാസത്തെ അടയാളപ്പെടുത്തുന്ന കാഴ്ചകള്‍, ശബ്ദങ്ങള്‍ എന്നിവയെല്ലാം കോവിഡാനന്തര കാലഘട്ടത്തില്‍ എന്തു തരത്തിലുള്ള മാറ്റങ്ങള്‍ക്കാണ് വിധേയമാകാന്‍ പോകുന്നത്?

     വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അറിവിന്‍റെ വാതായനം എന്നതില്‍ നിന്ന് തൊഴിലിന്‍റെ വാതായനം എന്നതിലേക്കുള്ള പരിവര്‍ത്തനം ഇപ്പോള്‍ തന്നെ സംഭവിച്ചു കഴിഞ്ഞിട്ടുണ്ടല്ലോ. ദേശീയ വിദ്യാഭ്യാസ നയം ഇത്തരത്തിലൊരു പരിവര്‍ത്തനത്തിന്‍റെ അനിവാര്യതയെ അടിവരയിടുന്നുണ്ട്. വലിയൊരളവുവരെ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ക്ക് ഒരു രാസത്വരകം എന്ന രീതിയില്‍ മാത്രമായിട്ടാണ് കോവിഡ് മഹാമാരിയെ കാണേണ്ടത്. കോവിഡിനു മുമ്പ് പച്ചപരിഷ്കാരമായി മുദ്രകുത്തപ്പെട്ടിരുന്ന പല കാര്യങ്ങളും കോവിഡാനന്തര വിദ്യാഭ്യാസത്തില്‍ ഒരുപക്ഷെ അനിവാര്യതയായി മാറിയേക്കാം. ഉദാഹരണമായി പഠന സമയങ്ങളില്‍ മൊബൈല്‍ ഫോണിന്‍റെ ഉപയോഗം കോവിഡ് പൂര്‍വ കാലഘട്ടത്തില്‍ അധ്യാപകരെ ചൊടിപ്പിക്കുന്ന കാര്യം ആയിരുന്നുവെങ്കില്‍ കോവിഡ് കാലഘട്ടം ഈ അസ്പര്‍ശ്യതയെ  ഇല്ലാതാക്കിയിരിക്കുന്നു. കോവിഡാനന്തര കാലഘട്ടത്തിലും മൊബൈല്‍ അല്ലെങ്കില്‍ ഡിജിറ്റല്‍ പഠനസഹായികളെ നിഷേധിക്കുക അസാധ്യമായി മാറും.

     അതുപോലെ തന്നെ പരീക്ഷാ സമയങ്ങളില്‍ പുസ്തകം നോക്കി എഴുതുന്നത് കോപ്പി അടിക്കുക എന്ന അനാശാസ്യം ആയി കണക്കാക്കിയിരുന്നതില്‍ നിന്ന് തുറന്ന പരീക്ഷാ സമ്പ്രദായവും മറ്റും വിദ്യാഭ്യാസത്തിന്‍റെ ദൈനംദിന പ്രവൃത്തിയുടെ ഭാഗമായി മാറും. അപ്രതിരോധ്യമായ രീതിയില്‍ ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെ കടന്നുകയറ്റം വിദ്യാഭ്യാസത്തില്‍ കോവിഡാനന്തര കാലഘട്ടത്തില്‍ ഉണ്ടാകും. ഒരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ കോവിഡാനന്തരം വിദ്യാഭ്യാസരംഗം ഒരു ഡിജിറ്റല്‍ കോളനിയായി മാറും. അതുകൊണ്ടു തന്നെ കാര്യങ്ങള്‍ പഠിച്ചിട്ടു വിശകലനം ചെയ്യുക, വിമര്‍ശനാത്മകമായി സമീപിക്കുക തുടങ്ങിയ വൈജ്ഞാനിക ശേഷികളെക്കാള്‍ കൂടുതല്‍ അറിവിനെ ഡിജിറ്റല്‍ ഉപകരണങ്ങളുടെ സഹായത്തോടുകൂടി കണ്ടെത്തുക (ഹീരമശേിഴ സിീംഹലറഴല) എന്നുള്ളത് സുപ്രധാനമായിട്ടുള്ള ഒരു ശേഷിയായി മാറും. ഇത്തരത്തില്‍ സൂക്ഷ്മതലത്തില്‍ ഉള്ള പല മാറ്റങ്ങളും ഉണ്ടാകാന്‍ സാധ്യതയുണ്ട് എങ്കിലും സാമാന്യമായി ഉണ്ടാവാന്‍ സാധ്യതയുള്ള മാറ്റങ്ങളെ നാം മുന്‍കൂട്ടി കാണേണ്ടതുണ്ട്.


എല്ലാവരും ഹാജരാണ്:

     സര്‍വകലാശാലകളുടെ ഏറ്റവും പ്രധാനപ്പെട്ട വരുമാന മാര്‍ഗങ്ങളിലൊന്നാണ് നിര്‍ദ്ദിഷ്ട ഹാജര്‍ ഇല്ലാത്ത വിദ്യാര്‍ത്ഥികളുടെ കൈകളില്‍ നിന്നും ഈടാക്കുന്ന കണ്ടോണെഷന്‍ (ഇീിറീിമശേീി) ഫീസ്. രാഷ്ട്രീയ പ്രവര്‍ത്തനം, ശാരീരിക ബുദ്ധിമുട്ടുകള്‍, ജോലി ചെയ്ത് പഠിക്കേണ്ടി വരുന്നവര്‍, വിവാഹം എന്നിങ്ങനെ  പല കാരണങ്ങളാല്‍ ഉന്നതവിദ്യാഭ്യാസ രംഗത്ത് വിദ്യാര്‍ത്ഥികള്‍ക്ക് അറ്റന്‍ഡന്‍സ് കുറവ് ഉണ്ടാവാറുണ്ട്.  എന്നാല്‍ കോവിഡാനന്തര കാലഘട്ടത്തില്‍ ഭൗതികമായ അറ്റന്‍ഡന്‍സിനു ബദലായി ഓണ്‍ലൈന്‍ അറ്റന്‍ഡന്‍സ് എന്ന ആശയം ഒരു ഭരണഘടനാപരമായ അവകാശമായി പോലും വിശദീകരിക്കപ്പെട്ടാല്‍ അത്ഭുതപ്പെടാനില്ല. എല്ലാ അധ്യാപകരും തങ്ങളുടെ റെഗുലര്‍ ക്ലാസ്സ് മുറികളില്‍ ഒരു ഗൂഗിള്‍ മീറ്റ് ആപ്ലിക്കേഷന്‍/മൈക്രോസോഫ്റ്റ് ടീം സ്ഥിരമായി ഓണ്‍ ചെയ്ത് വയ്ക്കേണ്ടത് ഒരു കസ്റ്റമര്‍ കെയര്‍ പ്രാക്ടീസ് ആയി മാറാനുള്ള സാധ്യതയാണ് കാണുന്നത്. സ്ഥാപനങ്ങള്‍ പരസ്യം ചെയ്യാന്‍ പോകുന്ന ഒരു പ്രധാനപ്പെട്ട ഘടകം ആയി ഇതു മാറും. ഭൗതിക അറ്റന്‍ഡന്‍സ് ഇല്ലാത്തതിന്‍റെ പേരില്‍ പരീക്ഷ എഴുതാന്‍ സാധിക്കാത്തത് വിദ്യാഭ്യാസ അവകാശ ലംഘനം ആയി തന്നെ വ്യാഖ്യാനിക്കപ്പെടുന്ന അവസ്ഥയിലേക്ക് കോടതികള്‍ പോലും എത്തിച്ചേരാനുള്ള സാധ്യത നിലനില്‍ക്കുന്നു. ഇത്തരത്തില്‍ സാങ്കേതികവിദ്യ വിദ്യാഭ്യാസത്തിന്‍റെ ഭൗതികവും സാമൂഹികവുമായ തലങ്ങളെ പൂര്‍ണമായും അരികുവല്‍ക്കരിക്കുന്ന ദുരവസ്ഥയിലേക്ക് എത്തിച്ചേര്‍ന്നിട്ടുണ്ട്. 

     ഇതിന് വളരെ പ്രധാനപ്പെട്ട ചില ഗുണങ്ങളുണ്ട് എങ്കില്‍ കൂടിയും ഇതിന്‍റെ ദുരുപയോഗം നമ്മുടെ വിദ്യാഭ്യാസത്തിന്‍റെ ഗുണനിലവാരത്തെ കാര്യമായി സ്വാധീനിക്കുന്ന ഒരു അവസ്ഥ സംജാതമാക്കും. വളരെ ദുര്‍ബലമായ പരീക്ഷാ സമ്പ്രദായവും പരീക്ഷ എഴുതുന്നവര്‍ എല്ലാവരും തന്നെ 70 ശതമാനത്തിലധികം മാര്‍ക്കും വാങ്ങുന്ന കാഴ്ചയാണ് സ്കൂള്‍ തലം മുതല്‍ കോളെജ് തലം വരെ നാമിപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്. അതുകൊണ്ടു തന്നെ പഠനത്തെ മുഖ്യ അജണ്ടയല്ലാതെ കണക്കാക്കുന്ന വലിയ ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് കുറ്റബോധമില്ലാതെ അക്കാദമിക സാഹചര്യങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുന്നതിനുള്ള അവസരം സൃഷ്ടിക്കപ്പെടുന്നു. പ്രൈവറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇത്തരത്തില്‍ വിദ്യാര്‍ത്ഥികളുടെ നിര്‍ബന്ധിത അറ്റന്‍ഡന്‍സ് പരിപൂര്‍ണമായി പ്രോത്സാഹിപ്പിച്ചു കൊള്ളണമെന്നില്ല. കാരണം റെഗുലര്‍ ആയി വിദ്യാര്‍ത്ഥികള്‍ കോളെജുകളില്‍ എത്തിച്ചേരുന്നത് സ്ഥാപനത്തിന്‍റെ ദൈനംദിന ചെലവുകള്‍ വര്‍ദ്ധിപ്പിക്കും എന്നുള്ളത് കൊണ്ട് തന്നെ ഒരു കച്ചവടപരമായ നേട്ടം ഇത്തരത്തില്‍ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കാണാനിടയുണ്ട്. 

     ജോലി എടുത്തുകൊണ്ട് പഠിക്കുക എന്ന ആശയം കാണാമറയത്ത് ഇരുന്നുകൊണ്ട് ഒരു ശക്തമായ തൊഴില്‍ വിപണി നമ്മുടെ മുമ്പിലേക്ക് വച്ചുനീട്ടുന്നു. ഇത്തരത്തില്‍ ഒരു വിഭാഗം യുവജനതയെ (സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന) പഠിച്ചുകൊണ്ട് ജോലി എടുക്കുന്നതിന് ലഭ്യമാകുന്നത് വഴി തൊഴില്‍ വിപണിയിലെ തൊഴിലാളികളുടെ അധിക ലഭ്യതയും ആരിലൊക്കെയോ ലാഭ പ്രതീക്ഷകള്‍ ഉണര്‍ത്തുന്നുണ്ട്.

     ട്രാജഡി ഓഫ് കോമണ്‍സിന്‍റെ ഏറ്റവും വലിയ ഉദാഹരണമായി ഭാവിയില്‍ ഇത്തരം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മാറാനുള്ള സാധ്യതയാണ് കാണുന്നത്. എല്ലാ വിദ്യാര്‍ത്ഥികളും ചിന്തിക്കുക ഞാന്‍ സ്ഥിരമായി കോളെജില്‍ പോയിട്ട് എന്താ കാര്യം മറ്റുള്ളവര്‍ ആരും വരുന്നില്ലല്ലോ എന്നുള്ളതാണ്. ഞാന്‍ മാത്രം പോയിട്ടെന്താ മറ്റുള്ളവര്‍ ആരും വരില്ല എന്നുള്ളതുകൊണ്ട് ഞാനും പോകേണ്ട ആവശ്യമില്ല എന്നുള്ളതിലേക്ക് വിദ്യാര്‍ത്ഥികള്‍ എത്തിച്ചേരും. ഇത് വിദ്യാഭ്യാസത്തെ വിദ്യാര്‍ത്ഥികളുടെ സെക്കന്‍ഡറി പരിഗണന മാത്രം ആവശ്യമുള്ള ഒരു പ്രവര്‍ത്തിയാക്കി ചുരുക്കും. 

     വിദ്യാഭ്യാസത്തെ ആസ്വാദ്യകരമായ ഒരു സാമൂഹ്യ പ്രക്രിയ ആക്കി മാറ്റുകയല്ലാതെ ഈ വെല്ലുവിളിയെ നേരിടാന്‍ വലിയ ബുദ്ധിമുട്ടായിരിക്കും. കാരണം സാമൂഹ്യ ബന്ധങ്ങളും സാമൂഹ്യ ഇടപെടലുകളും പോലെ ഒരു മനുഷ്യനെ ഒരു സമ്പ്രദായത്തില്‍ കൊരുത്തിടാന്‍ പറ്റിയ വേറെ മാര്‍ഗങ്ങള്‍ ഒന്നും തന്നെ ഇല്ല. നിശ്ശബ്ദതയാണ് ഒരു ഗുണനിലവാരമുള്ള ക്ലാസ്സ് മുറിയുടെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷത എന്നതില്‍ നിന്ന് സാമൂഹികതയുടെ ആസ്വാദ്യത വിദ്യാഭ്യാസ ഗുണനിലവാരത്തെ ഏറ്റവും പ്രധാനപ്പെട്ട സൂചികയായി മാറേണ്ടതുണ്ട്. അതുകൊണ്ടു തന്നെ ചുരുങ്ങിപ്പോകുന്ന വ്യക്തി എന്നതില്‍ നിന്നും വളരുന്ന സമൂഹമെന്ന ആശയത്തെ ഊന്നിക്കൊണ്ടുള്ള ഒരു തത്ത്വചിന്ത കോവിഡാനന്തര കാലഘട്ടത്തില്‍  പൊതുസമൂഹത്തില്‍ ശക്തിപ്പെടുത്തേണ്ട വിത്തുകള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നാണ് വിതയ്ക്കപ്പെടേണ്ടത്.


ടീച്ചിങ് എക്സിക്യൂട്ടീവുകള്‍:

     ഉന്നത വിദ്യാഭ്യാസരംഗത്ത് നടപ്പാക്കപ്പെട്ടു കൊണ്ടിരിക്കുന്ന ചോയ്സ് ബേസ്ഡ് ക്രെഡിറ്റ് ആന്‍റ് സെമസ്റ്റര്‍ അതിന്‍റെ യഥാര്‍ത്ഥ അര്‍ത്ഥത്തില്‍ നടപ്പാക്കുകയാണെങ്കില്‍ ഓരോ വര്‍ഷവും അധ്യാപകര്‍ക്ക് കോഴ്സുകളുടെ സിലബസ് (പുതിയ അക്കാദമിക ഭാഷയില്‍ കോഴ്സ് എന്നാല്‍ പഴയ ഭാഷയില്‍ പേപ്പര്‍ എന്നാണ് അര്‍ത്ഥം. ഉദാഹരണമായി എം. എ ഇക്കണോമിക്സ് പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മൈക്രോ ഇക്കണോമിക്സ് എന്നുപറയുന്ന പേപ്പര്‍ ഒരു കോഴ്സ് ആണ്. എം. എ ഒരു പ്രോഗ്രാം എന്നും അറിയപ്പെടും) നിര്‍വഹിക്കുന്നതിനും പുതിയ കോഴ്സുകള്‍ ആവിഷ്കരിക്കുന്നതിനും ഉള്ള സ്വാതന്ത്ര്യം ഉണ്ട്. സോഫ്റ്റ് കോഴ്സുകള്‍ നല്‍കി ഒരു കോളെജിലെ തന്നെ അല്ലെങ്കില്‍ സര്‍വകലാശാലയിലെ തന്നെ മറ്റു വിഭാഗങ്ങളില്‍ നിന്നു കൂടി അധ്യാപകര്‍ക്ക് വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കുവാന്‍ സാധിക്കും. ഇതു മാത്രവുമല്ല മൂക്ക് (ങഛഛഇ) കോഴ്സുകളിലൂടെ അധ്യാപകര്‍ രാജ്യമെമ്പാടും നിന്നും വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കാന്‍ ഉള്ള സാധ്യതകള്‍ തുറന്നിടപ്പെടുകയാണ് കോവിഡാനന്തര കാലഘട്ടത്തില്‍ സൃഷ്ടിക്കപ്പെടുന്നത്. അതുകൊണ്ടു തന്നെ ഏറ്റവും അധികം വിദ്യാര്‍ത്ഥികള്‍ എന്‍റോള്‍ ചെയ്യപ്പെട്ട കോഴ്സുകള്‍ ഉള്ള അധ്യാപകന്‍ ഏറ്റവും വിലയേറിയ അധ്യാപകനായി അറിയപ്പെടും. അതായത് വലിയ ഒരു അളവു വരെ അധ്യാപക നൈപുണ്യവും, അറിവിന്‍റെ ആഴവും ഒന്നും ആയിരിക്കുകയില്ല മറിച്ച് അധ്യാപകര്‍ മുന്നോട്ടു വയ്ക്കുന്ന കോഴ്സിന്‍റെ വിപണി സാധ്യത വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കുന്നതിനുള്ള വലിയ ഘടകമായി മാറും. ഇതോടൊപ്പം തന്നെ വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കുന്നതിനുള്ള പ്രധാനപ്പെട്ട മറ്റൊരു ഘടകമായി മാറുന്നത് ഈ അധ്യാപകര്‍ പഠിപ്പിക്കുന്ന സ്ഥാപനങ്ങളുടെ പേരും വിശ്വാസ്യതയും ആണ്. അത്തരത്തിലുള്ള പേരും വിശ്വാസ്യതയും ആര്‍ജിച്ചെടുക്കുന്നതിനു വേണ്ടി സ്ഥാപനങ്ങള്‍ ആശ്രയിക്കുക അക്രെഡിറ്റിങ് ഏജന്‍സികളെയാണ്. പുതിയ ദേശീയ വിദ്യാഭ്യാസ നയം അക്രെഡിറ്റേഷന്‍ എന്നുള്ള ആശയത്തെ ദ്വിതല മത്സരമായി തുറന്നിടുകയാണ് ചെയ്യുന്നത്. അതായത് അക്രെഡിറ്റേഷന്‍ നേടിയെടുക്കുന്നതിനു വേണ്ടി സ്ഥാപനങ്ങള്‍ മത്സരിക്കുമ്പോള്‍ തന്നെ അക്രെഡിറ്റ് ചെയ്യുന്ന സ്ഥാപനങ്ങളും പരസ്പരം മത്സരിക്കുന്ന അവസ്ഥയിലേക്ക് എത്തിച്ചേരും. ഇത്തരത്തില്‍ തീര്‍ത്തും മത്സരാത്മകമായും വാണിജ്യാടിസ്ഥാനത്തിലും സ്ഥാപനങ്ങള്‍ നേടിയെടുക്കുന്ന പേരും പ്രശസ്തിയും അധ്യാപകരുടെ കോഴ്സുകളിലേക്ക് വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കുന്നതിനുള്ള പ്രധാനപ്പെട്ട ഒരു ഉപാധിയായി മാറും. ഓണ്‍ലൈന്‍ കോഴ്സുകളിലും മറ്റും എന്‍റോള്‍ ചെയ്യപ്പെടുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ വലിയ പരിധിയൊന്നും നിശ്ചയിക്കേണ്ട കാര്യം ഇല്ലാത്തതിനാലും അവയ്ക്ക് റെഗുലര്‍ കോഴ്സുകള്‍ക്ക് തത്തുല്യമായ മൂല്യം അംഗീകരിക്കപ്പെടുന്നതിനാലും നമ്മുടെ സാധാരണ കോളെജുകളും മറ്റും വലിയ അസ്തിത്വ പ്രതിസന്ധിയാണ് നേരിടുവാന്‍ പോകുന്നത്. 

     ഇതിനൊക്കെയുള്ള പ്രതികരണം ഒരു സാധാരണ കോളെജില്‍ നിന്നും കോളെജിലെ മാനേജ്മെന്‍റുകളില്‍ നിന്നും മറ്റും ഉണ്ടാവുക ഒരു ബിസിനസ് മാതൃക പൂര്‍ണമായും പിന്തുടരുക എന്നുള്ളതായിരിക്കും. അതായത് കൂടുതല്‍ വിദ്യാര്‍ത്ഥികളെ തങ്ങളുടെ അധ്യാപകര്‍ മുന്നോട്ടുവയ്ക്കുന്ന കോഴ്സുകളില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനു വേണ്ടി ഉള്ള തന്ത്രങ്ങള്‍ കോളെജിന്‍റെ നിലനില്‍പ്പിന്‍റെ ഭാഗമായി മാറും. വിക്ടോറിയന്‍ കാലഘട്ടത്തില്‍ അധ്യാപകരുടെ ശമ്പളം നിശ്ചയിച്ചിരുന്നത് അവരുടെ ക്ലാസ്സുകളില്‍ ഉണ്ടായിരുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണത്തിന് ആനുപാതികമായി ആയിരുന്നു. 

     അതുകൊണ്ടുതന്നെ അധ്യാപകര്‍ തങ്ങളുടെ ക്ലാസ്സിലേക്ക് വിദ്യാര്‍ത്ഥികളെ പരമാവധി ആകര്‍ഷിക്കുന്നതിന് വേണ്ടിയുള്ള എല്ലാവിധ തന്ത്രങ്ങളും ആവിഷ്കരിച്ചു. ഇതില്‍ കാണാന്‍ സാധിച്ചത് യഥാര്‍ത്ഥത്തില്‍ അറിവും വിവേകവും ഉള്ള അധ്യാപകര്‍ക്ക് ആയിരുന്നില്ല കൂടുതല്‍ വിദ്യാര്‍ത്ഥികളെ ലഭിച്ചിരുന്നത് എന്നുള്ളതാണ്. മറിച്ച് ആകര്‍ഷകമായ പെരുമാറ്റം, കൂടുതല്‍ മാര്‍ക്കും ഗ്രേഡും ലഭിക്കുന്നതിനുള്ള സാധ്യത, തമാശകളിലൂടെയും ആകര്‍ഷകമായ ബോധന രീതികളിലൂടെയുമൊക്കെ വിദ്യാര്‍ത്ഥികളെ ഒരു അധ്യാപകന്‍ ക്ലാസ്സിലേക്ക് ആകര്‍ഷിക്കുന്നതിന് കാരണമായി. എന്നാല്‍ ഇത്തരം ക്ലാസ്സുകള്‍ ആഴത്തിലുള്ള പഠനബോധന പ്രവര്‍ത്തനങ്ങളെ ക്ലാസ്സ് മുറിക്കു പുറത്തു നിര്‍ത്തി. കോവിഡാനന്തര കാലഘട്ടത്തില്‍ മേല്‍പ്പറഞ്ഞ എല്ലാവിധ സാധ്യതകളും ക്ലാസ്സ് മുറികളില്‍ പരീക്ഷിക്കപ്പെടും എന്നുള്ള കാര്യത്തില്‍ സംശയമില്ല. അതോടൊപ്പം തന്നെ ഏറ്റവും നിര്‍ണായകമായി മാറാന്‍ സാധ്യതയുള്ള ഒരു കാര്യമാണ് വിദ്യാര്‍ത്ഥികളുടെ തൊഴില്‍ സാധ്യതകള്‍ക്ക് സൗകര്യപ്രദമായ കോഴ്സുകള്‍ നല്‍കുക എന്നുള്ളത്. അതായത് ഓരോ അധ്യാപകന്‍റെയും താല്‍പര്യം വിപണിയില്‍ ലഭ്യമാകുന്ന തൊഴില്‍ സാധ്യതകളുടെ അടിസ്ഥാനത്തില്‍ നിര്‍ണയിക്കപ്പെടുന്ന ഒന്നായി മാറുന്നു. ഇത്തരത്തില്‍ വിപണിയില്‍ നിര്‍മിക്കപ്പെടുന്ന താല്‍പര്യങ്ങളുടെ ഓര്‍ഡര്‍ എടുത്തുകൊണ്ട് തൊഴില്‍ വിപണിക്ക് ഡെലിവറി ചെയ്യുന്ന മധ്യവര്‍ഗം ആയി അധ്യാപകര്‍ രൂപാന്തരപ്പെടുന്നത് ചുരുങ്ങിയ കാലങ്ങള്‍ക്കുള്ളില്‍ തന്നെ നമുക്ക് കാണാന്‍ സാധിക്കും.

     തങ്ങളുടെ കോഴ്സുകളുടെ ഉത്തരവാദിത്വം തങ്ങള്‍ക്കു തന്നെ എന്നുള്ളതുകൊണ്ട് തന്നെ ഓരോ വര്‍ഷവും കോഴ്സുകള്‍ മാറിമറിഞ്ഞു കൊണ്ടേയിരിക്കും. അധ്യാപകരുടെ ഇന്‍സൈറ്റിനെക്കാളും താല്‍പര്യങ്ങളെക്കാളും വിപണിയില്‍ താല്‍പര്യങ്ങളുള്ള കോഴ്സുകള്‍ കൂടുതലായി കുമിഞ്ഞുകൂടും. അധ്യാപകര്‍ ടീച്ചിങ് എക്സിക്യൂട്ടീവ് എന്ന നിലയിലേക്ക് തങ്ങളുടെ കോഴ്സുകളെ കൂടുതല്‍ അഡ്വൈസ് ചെയ്യുന്നതിനും ആള്‍ക്കാരെ ആകര്‍ഷിക്കുന്നതിനും വേണ്ടിയുള്ള ശ്രമങ്ങളിലേക്ക് ഇടപെടേണ്ടതായി വരും. വായനയെക്കാളും, തയ്യാറെടുപ്പിനെക്കാളും കൂടുതല്‍ തങ്ങളുടെ കോഴ്സിനെ മാര്‍ക്കറ്റ് ചെയ്യുക എന്നുള്ളത് അധ്യാപകരുടെ ഹോംവര്‍ക്കായും ഹാര്‍ഡ് വര്‍ക്കായും മാറും. 

     വിപണിക്കു വേണ്ട കോഴ്സുകള്‍ നെയ്തെടുക്കുന്ന നെയ്ത്തുകാര്‍ എന്ന അവസ്ഥയില്‍ നിന്നും അധ്യാപകര്‍ സ്വയം വിടുതല്‍ നേടുകയും സാമൂഹിക പ്രതിബദ്ധമായ കാഴ്ചപ്പാടുകളിലൂടെ സമൂഹത്തിനും സമ്പദ്വ്യവസ്ഥക്കും പുരോഗമനപരമായ രൂപങ്ങള്‍ തീര്‍ക്കുന്നതിനുള്ള കൂട്ടായ്മകളില്‍ പങ്കാളിയാകുന്നതു വഴിയാണ് ഇത്തരം മാറ്റങ്ങളോട് അധ്യാപകര്‍ പ്രതികരിക്കേണ്ടത്. തങ്ങളെ ചൂഴ്ന്നുനില്‍ക്കുന്ന അന്യവല്‍ക്കരണത്തിന്‍റെ ചരടുകളെ പൊട്ടിച്ചെറിയുന്നതിന് വിമര്‍ശനാത്മകതയില്‍ ഊന്നിയ പഠനബോധന സംസ്ക്കാരം അധ്യാപക വിദ്യാഭ്യാസത്തിന്‍റെ ഭാഗമായി മാറേണ്ടതുണ്ട്.


പരീക്ഷാ വ്യവസായശാലകള്‍:

     വിദ്യാഭ്യാസ ലക്ഷ്യങ്ങളെക്കാള്‍ ഉപരി നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളെ നയിച്ചുകൊണ്ടിരിക്കുന്നത് പരീക്ഷാ ലക്ഷ്യങ്ങളാണ്. വിദ്യാഭ്യാസ മേഖലയില്‍ പരീക്ഷ എന്ന ഘടകം പുലര്‍ത്തുന്ന അപ്രമാദിത്വം വളരെ വ്യക്തമാണ്. അതുകൊണ്ടു തന്നെ പരീക്ഷയെ സംബന്ധിക്കുന്ന ഒരു സമ്പദ്വ്യവസ്ഥ വിദ്യാഭ്യാസത്തോട് അനുബന്ധിച്ച് രൂപപ്പെട്ടു വന്നിട്ടുണ്ട്. പൊതുഖജനാവില്‍ നിന്ന് വിദ്യാഭ്യാസത്തിന് ചെലവാക്കുന്ന തുകയെക്കാള്‍ കൂടുതല്‍ സ്വകാര്യവ്യക്തികള്‍ മൊത്തത്തില്‍ പരീക്ഷയ്ക്ക് വേണ്ടി ചെലവാക്കുന്നുണ്ട്. പരീക്ഷയില്‍ ഉയര്‍ന്ന റാങ്ക് വാങ്ങുന്നതിനു വേണ്ടി സഹായിക്കുന്ന പഠനസഹായികള്‍, ലേണിങ് ആപ്പുകള്‍, ട്യൂഷന്‍ ക്ലാസ്സുകള്‍, കോച്ചിങ് ക്ലാസ്സുകള്‍ എന്നിവയ്ക്കു വേണ്ടി ചെലവാക്കുന്ന മൊത്തം തുക ഗവണ്‍മെന്‍റിന്‍റെ വിദ്യാഭ്യാസ ബജറ്റിനെക്കാള്‍ കൂടുതലാണ് എന്നുള്ളത് പച്ചയായ യാഥാര്‍ത്ഥ്യമാണ്. പരീക്ഷയെ സഹായിക്കുന്ന ഇത്തരത്തിലുള്ള ഒരു വ്യവസായം നിലനില്‍ക്കുന്നു എന്ന  യാഥാര്‍ത്ഥ്യം നിലനില്‍ക്കുമ്പോള്‍ തന്നെ പരീക്ഷ എന്ന ആശയം തന്നെ ഒരു പുതു വ്യവസായമായി മാറുന്ന കാഴ്ചയാണ് കോവിഡാനന്തര കാലഘട്ടത്തിന്‍റെ സംഭാവന. പരീക്ഷ വ്യവസായം ഇപ്പോള്‍ തന്നെ നിലനില്‍ക്കുന്നുണ്ട്. ഇതിനുള്ള ഏറ്റവും നല്ല ഉദാഹരണമാണ് സി ബി എസ് ഇ രാജ്യത്തുടനീളം നടത്തിയിരുന്ന നീറ്റ്, യു ജി സി തുടങ്ങിയ പരീക്ഷകള്‍. നമ്മുടെ സി ബി എസ് ഇ സ്കൂള്‍ അധ്യാപകര്‍ക്ക് ബോധനം എന്നതു പോലെ തന്നെ ഇത്തരത്തിലുള്ള പരീക്ഷകള്‍ നടത്തിക്കുന്നതിലും പ്രാഗത്ഭ്യം ഉള്ളവരാണ്. മിക്കവാറും എല്ലാ ശനി, ഞായര്‍ ദിവസങ്ങളിലും ഇത്തരത്തിലുള്ള പ്രവേശന പരീക്ഷകളും, അതുപോലെ തന്നെ ജോലിക്ക് ആള്‍ക്കാരെ തിരഞ്ഞെടുക്കുന്ന പരീക്ഷകളും നടത്തേണ്ട ചുമതല സി ബി എസ് ഇ സ്കൂളുകള്‍ക്ക് ഉണ്ടാവാറുണ്ട്. ഇത് വലിയൊരു സാമ്പത്തിക സ്രോതസ്സ് ആണ് എന്നുള്ളത് കൊണ്ട് തന്നെ സ്കൂളുകളും അധ്യാപകരും ഇതിനെ സഹര്‍ഷം സ്വാഗതം ചെയ്യുകയാണ് പതിവ്. 

     മുന്‍പ് സൂചിപ്പിച്ചതു പോലെ കോവിഡ് ഈ വ്യവസായത്തിന് ഒരു രാസത്വരകമായി മാറുകയാണ്. ഓണ്‍ലൈന്‍ കോഴ്സുകളും ങഛഛഇ പ്രോഗ്രാമുകളും വ്യാപകമാകുന്നതോടു കൂടി ഡിജിറ്റല്‍ ആയിട്ടുള്ള പ്രൊക്റ്റേര്‍ഡ് (ജൃീരീൃലേറ) പരീക്ഷകള്‍ക്ക് ആവശ്യം പതിന്മടങ്ങ് വര്‍ദ്ധിക്കും. നൂറു കമ്പ്യൂട്ടറുകള്‍ വാങ്ങിവച്ചാല്‍ എല്ലാ മാസവും ചുരുങ്ങിയത് ശരാശരി അഞ്ച് പരീക്ഷ വച്ചെങ്കിലും നടത്തി നല്ല ഒരു തുക നേടിയെടുക്കുന്നതിന് സ്ഥാപനങ്ങള്‍ക്ക് സാധിക്കും. 

     ലൈബ്രറികളും കളിസ്ഥലങ്ങളും മറ്റുമാണ് ഒരു വിദ്യാഭ്യാസ സ്ഥാപനത്തെ പൊതുജനങ്ങള്‍ക്കിടയില്‍ അടയാളപ്പെടുത്തുന്ന പ്രധാനപ്പെട്ട ഘടകങ്ങള്‍. ഇതില്‍ നിന്നും മാറി പരീക്ഷാനടത്തിപ്പ് കേന്ദ്രങ്ങളായി വിദ്യാഭ്യാസ സ്ഥാപനങ്ങളെ കാണുന്ന പൊതു കാഴ്ചപ്പാട് അക്കാദമികതയെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ആഢംബരമാക്കി മാറ്റും. അക്കാദമികത തിരിച്ചു പിടിച്ചു കൊണ്ട് മാത്രമെ ഇത്തരത്തിലുള്ള അപകടങ്ങളില്‍ നിന്നും നമുക്ക് രക്ഷപ്പെടാന്‍ സാധിക്കുകയുള്ളൂ. കാമ്പസുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും സമൂഹം നേരിടുന്ന വിവിധ തരത്തിലുള്ള പ്രശ്നങ്ങളെ ശാസ്ത്രത്തിന്‍റെയും മാനവികതയുടെയും കാഴ്ചപ്പാടുകളിലൂടെ ചര്‍ച്ച ചെയ്യുന്ന പ്രധാന വേദികളായി പൊതുസമൂഹത്തിന് അനുഭവവേദ്യമാകുന്ന അവസ്ഥ കോവിഡാനന്തര കാലഘട്ടത്തില്‍ വിദ്യാഭ്യാസത്തെ തിരിച്ചുപിടിക്കുന്നതിനുള്ള പ്രതിരോധ പ്രവര്‍ത്തനമായി മാറ്റേണ്ടതുണ്ട്. 


രണ്ടുതരം വിദ്യാര്‍ത്ഥികള്‍: 

     റെഗുലര്‍ ആയിട്ടുള്ള കോളെജ് പഠനം പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ വരുന്ന വലിയ വിഭാഗം വിദ്യാര്‍ത്ഥികള്‍ ആശ്രയിച്ചിരുന്നത് പാരലല്‍ കോളെജുകളെയും വിദൂര വിദ്യാഭ്യാസ സ്ഥാപനങ്ങളെയും ആണ്. എന്നാല്‍ മൂക്ക് കോഴ്സുകളുടെ വ്യാപനവും അറ്റന്‍ഡന്‍സ് സംബന്ധിയായ നിര്‍ബന്ധങ്ങളും ഇല്ലാതാകുന്നതോടു കൂടി റെഗുലര്‍ ആയി പഠിക്കുക എന്നുള്ളത് തൊഴില്‍ വിപണിയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നതിനുള്ള ഡിസൈറബിള്‍ (റലശെൃമയഹല) ക്വാളിഫിക്കേഷന്‍ ആയി മാറാനുള്ള സാധ്യതയുണ്ട്. അതുകൊണ്ടു തന്നെ റെഗുലര്‍ ആയി വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ എത്തി പഠിക്കുന്ന വിദ്യാര്‍ത്ഥികളില്‍ നിന്ന് കൂടുതല്‍ ഫീസ് അടക്കം വാങ്ങുന്ന രീതിയില്‍ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഗവണ്‍മെന്‍റ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ തന്നെയുള്ള സ്വകാര്യ കോഴ്സുകളും മാറാം. ചുരുക്കം പറഞ്ഞാല്‍ എല്ലാ ദിവസവും കോളെജില്‍ പോയി പഠിക്കുക എന്നുള്ളത് ഒരു ആഢംബരമായി വരുംകാലങ്ങളില്‍ കണക്കാക്കപ്പെടാം. സാമ്പത്തികവും ശാരീരികവും അടക്കമുള്ള മറ്റു പല കാരണങ്ങളാലും കോളെജുകളില്‍ റെഗുലര്‍ ആയി പഠിക്കാന്‍ എത്താന്‍ പറ്റാത്ത വിദ്യാര്‍ത്ഥികള്‍ ഈ പ്രിവിലേജ് സൊസൈറ്റിയുടെ പുറത്തായി പോകും. ഫലത്തില്‍ സാമ്പത്തികമായ അതിര്‍വരമ്പുകളിലൂടെ വിദ്യാര്‍ത്ഥികള്‍ രണ്ടായി തിരിക്കപ്പെടാം. ഒരു വിഭാഗം സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഒന്നും തന്നെ ഇല്ലാതെ സ്കൂളുകളിലും കോളെജുകളിലും റെഗുലര്‍ ആയി പഠിച്ച് ബിരുദങ്ങള്‍ നേടുന്നവരും മറ്റൊരു വിഭാഗം സാമ്പത്തികമായ ബുദ്ധിമുട്ടുകള്‍ മൂലം ജോലികള്‍ക്കും മറ്റും പോകേണ്ടതിനാല്‍ ങഛഛഇ വഴിയും ഇനി അഥവാ റെഗുലര്‍ കോളെജുകളില്‍ എന്‍റോള്‍ ചെയ്തിട്ടുണ്ടെങ്കില്‍ത്തന്നെ കൂടുതലും ഓണ്‍ലൈന്‍ സാധ്യതകളിലൂടെയും പഠന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ എന്നിങ്ങനെ. സാമൂഹികവും സാമ്പത്തികവുമായ അതിര്‍വരമ്പുകളെ  ഇല്ലാതാക്കുന്നതില്‍ ഒരു വലിയ പങ്ക് നമ്മുടെ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വഹിച്ചിട്ടുണ്ട് എന്ന കാര്യത്തില്‍ സംശയമില്ല. വ്യത്യസ്തതകളുള്ള വിഭാഗങ്ങളെ ഒരു പൊതുഇടത്തില്‍ സാമൂഹികമായി ഇടപഴകുന്നതിന് സഹായിക്കുന്നത് വഴിയാണ് വലിയൊരളവുവരെ ഇത് സാധിച്ചിട്ടുള്ളത്. ഇത്തരത്തിലുള്ള പൊതുഇടങ്ങള്‍ എന്നുള്ള സങ്കല്‍പം നിര്‍ബന്ധമല്ലാതാവുക എന്നുള്ളത് ഭാവി സമൂഹത്തെ സംബന്ധിക്കുന്ന അപായ സൂചനകള്‍ നല്‍കുന്നുണ്ട്.

     വിദ്യാഭ്യാസ മേഖലയെ സംബന്ധിച്ചിടത്തോളം കോവിഡ് ഒരു ബിസിനസ് വൈറസ് ആയിരുന്നോ  എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കാരണം നിലനിന്നിരുന്ന വ്യാവസായിക താല്‍പര്യങ്ങളെ കൂടുതല്‍ ത്വരിതപ്പെടുത്തുകയും നിയമാനുസൃതമാക്കുകയും ചെയ്യുകയാണ് വിദ്യാഭ്യാസത്തില്‍ കോവിഡ് കാലഘട്ടം ഉണ്ടാക്കുന്ന ഒരു പ്രധാനപ്പെട്ട മാറ്റം. ഇത് സാധ്യമാകുന്നത് സ്വാതന്ത്ര്യം, സ്വയംപര്യാപ്തത തുടങ്ങിയ അവിതര്‍ക്കിതമായ ആശയങ്ങളെ വ്യാവസായികമായ രീതിയില്‍ പുനര്‍നിര്‍വചനം ചെയ്തുകൊണ്ടാണ്. അത് വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും മുന്നില്‍ മുമ്പോട്ട് വയ്ക്കുന്നത് സ്വാതന്ത്ര്യത്തിന്‍റെ വലിയ ഒരു ലോകമാണ്. വിദ്യാര്‍ത്ഥികള്‍ക്ക് തങ്ങളുടെ സൗകര്യങ്ങള്‍ അനുസരിച്ച് ക്ലാസ്സുകള്‍ അറ്റന്‍ഡ് ചെയ്യുന്നതിനും പരീക്ഷ എഴുതുന്നതിനും മറ്റുമുള്ള സൗകര്യവും അധ്യാപകര്‍ക്ക് തങ്ങളുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പുതിയ കോഴ്സുകള്‍ വിഭാവനം ചെയ്യുന്നതിനും അവതരിപ്പിക്കുന്നതിനും മറ്റുമുള്ള സൗകര്യങ്ങളും ഇതിന്‍റെ ഭാഗമായി ഉണ്ടാവും. ഈ സ്വാതന്ത്ര്യം മത്സരാത്മകതയെ അതിനുള്ള വിലയായി ആവശ്യപ്പെടും. പൂര്‍ണമായും സ്വതന്ത്രമായ ഒരു വിദ്യാഭ്യാസ പ്രക്രിയ ആസ്വദിക്കുവാനുള്ള അവസരം ലഭ്യമാക്കുക വഴി തങ്ങളുടെ പ്രവര്‍ത്തിയുടെ മുഴുവന്‍ ഉത്തരവാദിത്വവും അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും സ്വയം ഏറ്റെടുക്കേണ്ടതായി വരും. ഇതിലൂടെ പരസ്പരം മത്സരിക്കുന്ന അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും ഒരു സമൂഹമാണ് ഉരുത്തിരിഞ്ഞു വരുന്നത്. സ്വാതന്ത്ര്യം എന്ന ആശയത്തിന് ഒരു പുത്തന്‍ അര്‍ത്ഥമാണ് വിദ്യാഭ്യാസ ലോകത്ത് കോവിഡാനന്തര കാലഘട്ടം വിനിമയം ചെയ്യുന്നത്. ഈ സ്വാതന്ത്ര്യം പേടിപ്പെടുത്തുന്നതാണ്!

     

     


Share:

No comments:

Post a Comment

മൂല്യസൃതി മാസിക വരിക്കാരാവുക

SUBSCRIBE ONLINE

SUBSCRIBE ONLINE
1 year - 240/- 2 Years - 480/- ,3 Years- 720/-

Moolyasruthi Cover

Moolyasruthi Cover
JUNE 2021

MOOLYASRUTHI MAGAZINE

CHAVARA INSTITUTE

CHAVARA INSTITUTE
ADMISSION STARTED

ADVERTISE HERE

ADVERTISE HERE
Ph : 0484 4863404

Chavara Matrimony

Chavara Matrimony

Popular Posts

Search This Site

Recent Posts